ഡിറ്റക്ടീവ് അരുൺ 12
എല്ലാ വായനക്കാർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
മാസങ്ങൾക്ക് ശേഷമാണ് ഒരു ഭാഗം പോസ്റ്റ് ചെയ്യുന്നത്. ഫോണിൻ്റെ ഡിസ്പ്ലേ പൊട്ടിയത് കൊണ്ട് typing ശരിയാവുന്നില്ല. പുതിയ ഫോൺ വാങ്ങാൻ പണം കൂട്ടിവെക്കാൻ തുടങ്ങിയപ്പോഴേക്കും കൊറോണയും വന്നു. അങ്ങനെ കയ്യിലിരുന്ന പൈസ തീർന്നു. ഈ കാരണങ്ങൾ കൊണ്ടാണ് കഥ ഇത്രയും ലേറ്റ് ആയത് സദയം ക്ഷമിക്കുക.
ഡിറ്റക്ടീവ് അരുൺ അദ്ധ്യായം 12

“എന്നിട്ട് അയാൾ എന്താ മറുപടി പറഞ്ഞത്.?” അരുൺ ആകാംഷയോടെ അലിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“സാറിങ്ങനെ ബേജാർ ആകാതെ. എല്ലാം വിശദമായി തന്നെ ഞാൻ പറയുന്നുണ്ട്.” അലി അരുണിന്റെ മുഖത്തുള്ള ആകാംഷ മനസ്സിലാക്കിക്കൊണ്ട് പറഞ്ഞു.
അരുണിന്റെ നോട്ടം അലിയുടെ മിഴികളിൽ ഉറച്ചു. അവനും അലിയുടെ വാക്കുകൾക്കായി കാതോർത്തിരിക്കാൻ തുടങ്ങി.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
“അവനെ ഞാൻ കണ്ടത് ഈ പരിസരത്ത് ഒക്കെ വെച്ച് തന്നെയാണ്. രണ്ടുമൂന്നു തവണ അവനെ കണ്ടിട്ടുമുണ്ട്.” അയാൾ ഒന്ന് ആലോചിച്ചശേഷം മറുപടി നൽകി.
“അവസാനമായി കണ്ടത് എന്നാണെന്ന് ഓർമ്മയുണ്ടോ.?” അലി വീണ്ടും ചോദിച്ചു.
“അല്ല.. നീ എന്തിനാ അവനെ തിരിയുന്നത്. നിന്നെ ഞാൻ ഇവിടെയെങ്ങും മുമ്പ് കണ്ടിട്ടില്ലല്ലോ.?” അലിയുടെ ചോദ്യത്തിന് അയാളൊരു മറുചോദ്യമാണ് ചോദിച്ചത്.
“അയാൾ എന്റെ ഏട്ടന്റെ കൈയിൽനിന്ന് കുറച്ചു പണം കടം വാങ്ങിയിരുന്നു. പണം തിരിച്ചു തരാം എന്ന് പറഞ്ഞ സമയവും കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ആളെ വിളിച്ചിട്ട് കിട്ടുന്നില്ല. ഈ പരിസരത്ത് എവിടെയോ ആണ് വീട് എന്നായിരുന്നു അയാൾ അന്ന് ഞങ്ങളോട് പറഞ്ഞത്.” കടക്കാരനിൽ നിന്നും ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നത് കൊണ്ട് അതിനുള്ള ഉത്തരവും അവൻ നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരുന്നു.
“അത് ശരി. അങ്ങനെയാണല്ലേ കാര്യങ്ങൾ. അയാൾ ഇവിടെയുള്ള ആളൊന്നുമല്ല. പക്ഷേ അപൂർവ്വമായി ഇതുവഴി ഒക്കെ പോകാറുണ്ട്.” അയാൾ വിശദീകരിച്ചു.
“അപ്പോൾ ചേട്ടന് അയാളെ അവസാനമായി കണ്ടത് എന്നാണെന്ന് ഓർമ്മയില്ല അല്ലേ.?” അലി തന്റെ ചോദ്യം വീണ്ടും ആവർത്തിച്ചു.
“നിക്ക്.. ഒന്ന് ആലോചിക്കട്ടെ.” അയാൾ മറുപടി നൽകി. വലതുകൈ ചെവിക്കു മുകളിലായി അമർത്തി മുടിയിഴകൾ വിരലുകളിൽ കൊരുത്ത് വലിച്ചു കൊണ്ട് ആലോചനയിൽ മുഴുകി.
“ആ… ഓർമ്മ വന്നു. ദാ.. ആ വീട്ടിലെ കുട്ടിയെ കാണാതായ ദിവസം അവൻ ഒരു ബൈക്കിൽ അവിടെ ഇരിക്കുന്നത് കണ്ടിരുന്നു.” സംഭാഷണത്തിന്റെ തുടക്കത്തിൽ പ്രേമചന്ദ്രന്റെ വീടിനുനേരെ ചൂണ്ടിയും.
“അത് കഴിഞ്ഞിട്ട് ഇപ്പോൾ കുറെ ദിവസം ആയില്ലേ.?”
“ആ കുറേ ദിവസം കഴിഞ്ഞു ഏതാണ്ട് രണ്ടാഴ്ച.” അയാൾ ബാക്കി ഇരുപത് രൂപയും അലിയുടെ കയ്യിൽ നിന്ന് വാങ്ങിയ ചിത്രവും അവന് തിരികെ നൽകിക്കൊണ്ട് പറഞ്ഞു.
അലി അത് വാങ്ങിക്കൊണ്ട് പ്രേമചന്ദ്രന്റെ വീട് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
“അതേയ്…. അയാൾ ആ വീട്ടിലും വന്നിട്ടുണ്ട്. കുറേ ദിവസം മുമ്പ് കുറേ കൂട്ടുകാരോടൊപ്പം ആ വീട്ടിൽ നിന്ന് ഇറങ്ങി, അയാൾ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.”
“എന്ത്.” അലി കടക്കാരന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു. കടക്കാരൻ ചൂണ്ടിയത് അവന്റെ പിന്നിൽനിന്ന് ആയതുകൊണ്ട് അവനത് കണ്ടിരുന്നില്ല.
“കുറേ ദിവസം മുമ്പ് രശ്മിയുടെ വീട്ടിൽ നിന്നും ആ പയ്യൻ ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടിരുന്നു.” അയാൾ ഒന്നുകൂടി പറഞ്ഞു.
“ഓക്കേ താങ്ക്സ്. ഇനി ആ വീട്ടിൽ പോയി ഒന്ന് ചോദിച്ചു നോക്കട്ടെ. എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല.” അലി കടക്കാരന് നന്ദി പറഞ്ഞു കൊണ്ട് പ്രേമചന്ദ്രന്റെ വീട് ലക്ഷ്യമാക്കി നടന്നു. അരുൺ തന്നോട് ദേഷ്യപ്പെട്ട് നിന്റെ സങ്കടം അവനിൽ നിന്നും പാടെ വിട്ടു ഒഴിഞ്ഞിരുന്നു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
“അപ്പോൾ നിന്നെ ആക്രമിക്കാൻ ശ്രമിച്ച വ്യക്തി ഈ വീട്ടിലും മുമ്പൊരിക്കൽ വന്നിട്ടുണ്ട് എന്നാണോ നീ പറഞ്ഞു വരുന്നത്.” അലി പറഞ്ഞത് മുഴുവനും ശ്രദ്ധിച്ചു കേട്ട അരുൺ ചോദിച്ചു.
“അതുമാത്രമല്ല സർ. ആ വ്യക്തിക്ക് രശ്മിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊരു പങ്കുണ്ടെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.” അലി വാചാലനായി.
“എങ്കിൽ നീ വരച്ച ചിത്രം ഇങ്ങ് എടുക്ക്. നമുക്ക് അത് പ്രേമചന്ദ്രനെ ഒന്ന് കാണിച്ചു നോക്കാം. ഒരുപക്ഷേ അയാൾക്കും പരിചയം ഉണ്ടാവാം.”
“ശരി സാർ.” അവൻ പോക്കറ്റിൽ നിന്ന് താൻ വരച്ച ആ ചിത്രവും ഫിൽറ്ററിന്റെ പേക്കറ്റും ബാക്കി കിട്ടിയ ഇരുപത് രൂപയും എടുത്ത് അരുണിന് നൽകിക്കൊണ്ട് പറഞ്ഞു.
അരുൺ അതെല്ലാം വാങ്ങി. ഫിൽറ്ററും പൈസയും പോക്കറ്റിലിട്ട് ശേഷം അയാൾ ആ കടലാസ് നിവർത്തി ആ ചിത്രത്തിലേക്ക് മിഴികൾ നട്ടു.
“എവിടെയോ കണ്ടത് പോലെ ഉണ്ട്. പക്ഷേ അത് അവിടെ വച്ചാണ് എന്ന് മനസ്സിലാകുന്നില്ല.” അരുണ് ചിത്രത്തിലേക്ക് കുറച്ചുനേരം സൂക്ഷിച്ചു നോക്കിയ ശേഷം മറുപടി പറഞ്ഞു. അവൻ അത് മടക്കി പോക്കറ്റിൽ ഇട്ടുകൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റു.
“അല്ല. നീ അയാളോട് സംസാരിച്ചിരുന്ന സമയത്ത് നിന്നെയും അയാളുടെയും സംഭാഷണങ്ങളെ നീ റെക്കോർഡ് ചെയ്തിരുന്നോ.?” അരുൺ ചോദിച്ചു.
“അതിനുള്ള ഉപകരണങ്ങൾ ഒന്നും എന്റെ കയ്യിൽ ഇല്ല സാറേ.?”
“നിനക്ക് മൊബൈൽ ഫോണില്ലേ.? ഒട്ടുമിക്ക മൊബൈൽ ഫോണുകളിലും ഇപ്പോൾ വോയിസ് റെക്കോർഡ് എന്നൊരു ഓപ്ഷൻ ഉണ്ട്.”
“ഫോൺ തന്നെ ഇല്ല സർ.”
“ഓക്കേ. എങ്കിൽ നമുക്ക് അകത്തേക്ക് ഇരിക്കാം.” അരുൺ എഴുന്നേറ്റ് ഡൈനിംഗ് ഹാളിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.
അരുൺ താൻ മുമ്പ് ഇരുന്ന കസേരയിൽ തന്നെയാണ് ഇത്തവണയും ഇരുന്നത്. അലി മറ്റൊരു കസേര അതിനടുത്തേക്ക് വലിച്ചിട്ട് അരുണിന് അരികിൽ ഇരുന്നു.
“അലി. ഞാനും പ്രേമചന്ദ്രനും സംസാരിക്കുന്നതിനിടയിൽ കയറി നീ ഒന്നും മിണ്ടരുത്.” തന്റെ അരികിൽ അലി ഇരുന്നപ്പോൾ അരുൺ അവന് ഒരു താക്കീത് കൊടുത്തു. “ഇല്ല സർ.”
“ഒരു പക്ഷേ, എന്റെയും പ്രേമചന്ദ്രന്റെയും സംസാരം കേൾക്കുമ്പോൾ നിനക്ക് പല കാര്യങ്ങളും പറയാനുണ്ടാവും. അതെല്ലാം ഇവിടെ നിന്ന് ഇറങ്ങിയതിന് ശേഷം എന്നോട് സ്വകാര്യമായി പറഞ്ഞാൽ മതി. ഇനി അതല്ല അത്യാവശ്യമാണെങ്കിൽ നീ എനിക്ക് എന്തെങ്കിലും ഒരു സൂചന തന്നാൽ മതി. അപ്പോൾ നമുക്ക് അതിൽ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കാം.”
“ശരി സാർ.” അലി അതും തലകുലുക്കി സമ്മതിച്ചു കൊടുത്തു.
നിമിഷങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. പ്രേമചന്ദ്രൻ ഒരു ട്രെയിൻ മൂന്നുകപ്പ് ചായയുമായിയുമായി ഹാളിലേക്ക് കടന്നുവന്നു. അരുണിന് നേരെയാണ് അയാൾ ആദ്യമായി ട്രേ നീട്ടിയത്. അവൻ അതിൽ നിന്നും ഒരു കപ്പ് ചായ എടുത്തു.
പ്രേമചന്ദ്രൻ ട്രേ അലിക്ക് നേരെ നീട്ടിയപ്പോൾ അവനും അതിൽനിന്ന് ഒരു കപ്പ് ചായ എടുത്തു. ബാക്കി വന്ന ഒരു കപ്പ് ചായ കയ്യിലെടുത്ത ശേഷം പ്രേമചന്ദ്രൻ അവർക്കെതിരെ താൻ മുമ്പ് ഇരുന്നിരുന്ന കസേരയിൽ അയാൾ വീണ്ടും ഇരിപ്പുറപ്പിച്ചു.
“സർ ഈ കേസുമായി ബന്ധപ്പെട്ട് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്. ഇയാളെ പരിചയം ഉണ്ടോ എന്ന് ഒന്ന് നോക്കൂ.” അരുൺ അലി നൽകിയ ചിത്രം പ്രേമചന്ദ്രനെ കാണിച്ചുകൊണ്ട് ചോദിച്ചു.
“എവിടെ നോക്കട്ടെ.” അയാള് ചിത്രം വാങ്ങി കൊണ്ടു പറഞ്ഞു. ശേഷം അയാളുടെ മിഴികൾ ആ ചിത്രം അരിച്ചുപെറുക്കി.
“ഇവനെ എനിക്കറിയാം.” അതിനുശേഷം അയാൾ പറഞ്ഞു.
“ഇവനെ നിങ്ങൾ എവിടെ വെച്ചാണ് കണ്ടത്.” ആകാംക്ഷയോടെ അരുൺ ചോദിച്ചു.
“ഇവനെ ഇവിടെ വച്ച് തന്നെയാണ് കണ്ടത്. സൂര്യന്റെ കൂടെ ഒന്ന് രണ്ട് തവണ വന്നിട്ടുണ്ട്.
“സൂര്യനോ.?” അരുൺ ഞെട്ടലോടെ ചോദിച്ചു.
“അതെ.” പ്രേമചന്ദ്രൻ വീണ്ടും പറഞ്ഞു.
അപ്പോൾ സൂര്യനും ഇതിൽ ബന്ധമുണ്ടോ. അതോ ഇവൻ മാത്രമോ.? അപ്പോൾ ഗോകുലിന്റെ ഊഹങ്ങൾ എല്ലാം ശരിയായിരുന്നു. അരുണിന്റെ മനസ്സിൽ പലവിധ ചിന്തകൾ അടിഞ്ഞുകൂടി.
“ഇവന്റെ പേര്, അഡ്രസ്സ് അങ്ങനെ എന്തെങ്കിലും അറിയുമോ.” അരുൺ വീണ്ടും ചോദിച്ചു.
“ഇല്ല. വേണമെങ്കിൽ സൂര്യനെ വിളിച്ചു അന്വേഷിക്കാം.” അയാൾ മറുപടി നൽകി.
“വേണ്ട. സൂര്യനെ വിളിക്കണ്ട. ഒരുപക്ഷേ സൂര്യൻ ഇതിനു പുറകിൽ ഉണ്ടെങ്കിൽ അത് നമുക്ക് വലിയ തലവേദനയുണ്ടാക്കും.”
“പിന്നെ എന്ത് ചെയ്യാനാണ് നിങ്ങളുടെ പ്ലാൻ.”
“ഒന്ന് സൂര്യനെ പിന്തുടർന്നു നോക്കാം. നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ഒരു ബന്ധം സൂര്യനും ഇവനും തമ്മിൽ ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമായി.”
“എന്തുതന്നെയായാലും വേണ്ടില്ല. എനിക്ക് എന്റെ മോളെ എത്രയും പെട്ടെന്ന് കിട്ടിയാൽ മതി.”
“രശ്മി ജീവനോടെ ഉണ്ടെന്ന രഹസ്യം നന്ദൻ മേനോൻ മനസ്സിലാക്കിയെന്ന് അതിന് പിന്നിലുള്ളവർ മനസ്സിലാക്കിയതുകൊണ്ടാണ് അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ലാത്തത്. അതുപോലെ ആ കൂട്ടത്തിൽ ഒരാളെ ഞാൻ തിരിച്ചറിഞ്ഞു എന്ന കാര്യം അവർ മനസ്സിലാക്കിയാൽ ഒരുപക്ഷേ ഞാനും നാളെ ഉണ്ടാകാനിടയില്ല. സൊ ഇനിയുള്ള നമ്മുടെ നീക്കങ്ങളെല്ലാം വളരെ രഹസ്യമായി തന്നെ വേണം.” അരുൺ കാര്യത്തിന്റെ ഗൗരവം പ്രേമചന്ദ്രൻ മനസ്സിലാക്കാനായി പറഞ്ഞു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
നന്ദൻ മേനോന്റെ മരണത്തെക്കുറിച്ചുള്ള തന്റെ നിഗമനങ്ങളും, സാക്ഷിമൊഴികളും അന്വേഷണ റിപ്പോർട്ടും എഴുതിത്തയ്യാറാക്കിയ ഫയലുമായി എസ് ഐ സ്വാമിനാഥൻ സി ഐ ശേഖറിന്റെ ഓഫീസിലേക്ക് നടന്നു.
“സർ.” ഓഫീസിൽ തന്നെ ഔദ്യോഗിക കസേരയിൽ അലസമായി ഇരിക്കുന്ന ശേഖറിന്റെ ശ്രദ്ധ കിട്ടാനായി സ്വാമിനാഥൻ മുരടനക്കി.
എസ് കമിൻ. സി ഐ ശേഖരൻ കസേരയിൽ നേരെ ഇരുന്നുകൊണ്ട് പറഞ്ഞു സ്വാമിനാഥൻ അകത്തുകയറി അറ്റൻഷനായി അയാൾക്ക് ഒരു സല്യൂട്ട് കൊടുത്തു.
ഉം..” സിഐ ശേഖരൻ ചോദ്യഭാവത്തിൽ സ്വാമിനാഥനെയും അയാളെ കയ്യിലിരിക്കുന്ന ഫയലും മാറി മാറി നോക്കി.
“സർ. ഇത് ഇന്നലെ ലോഡ്ജ് മുറിയിൽ വെച്ച് കണ്ടെത്തിയ നന്ദൻ മേനോന്റെ മരണത്തെക്കുറിച്ചുള്ള എന്റെ അന്വേഷണ റിപ്പോർട്ട് ആണിത്.” സ്വാമിനാഥൻ ഫയൽ സിഐ ശേഖരന്റെ മേശപ്പുറത്ത് വെച്ച് കൊണ്ട് പറഞ്ഞു.
“അതിന്.” അയാൾ വീണ്ടും സ്വാമിനാഥനെ നോക്കിക്കൊണ്ട് ചോദിച്ചു.
“സർ അയാളുടെ മരണം ഒരു ആത്മഹത്യ അല്ലെന്നും അതൊരു കൊലപാതകമാണെന്നും ഉള്ളതിന്റെ വ്യക്തമായ തെളിവുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അത് സാറിന് എന്റെ ഈ അന്വേഷണ റിപ്പോർട്ട് വായിച്ചാൽ മനസ്സിലാകും. അതുകൊണ്ടു തന്നെ ഈ കേസിന്റെ ഇനിയുള്ള അന്വേഷണ ചുമതല എനിക്ക് തന്നെ തരണമെന്ന് അഭ്യർത്ഥിക്കുന്നു.” സ്വാമിനാഥൻ തന്റെ ആവശ്യം ഉന്നയിച്ചു.
“ഞാൻ ഇതൊന്ന് പരിശോധിക്കട്ടെ. അതിനു ശേഷം പറയാം തുടരന്വേഷണം വേണോ വേണ്ടയോ എന്ന്.”
“സർ.”
“എന്നാൽ സ്വാമിനാഥൻ പൊയ്ക്കോളൂ. ഞാൻ ഇതൊന്ന് പഠിച്ചതിനു ശേഷം വിളിക്കാം.”
“സർ. പെട്ടെന്നു തന്നെ ഇതിന്മേൽ അന്വേഷണം നടത്തിയെങ്കിലേ നമുക്ക് യഥാർത്ഥ പ്രതികളെ പിടിക്കാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ ഒരുപക്ഷേ അവർ രക്ഷപ്പെടാനുള്ള സാധ്യത ഉണ്ട്.”
“അത് ഞാൻ നോക്കിക്കോളാം താൻ എന്റെ അധികാരത്തിൽ കൈ കടത്താൻ നിൽക്കണ്ട.” ഗൗരവ സ്വരത്തിൽ അയാൾ പറഞ്ഞു.
“ശരി സാർ.” അയാൾ വീണ്ടും സിഐ ശേഖരന് സല്യൂട്ട് നൽകിക്കൊണ്ട് ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങി.
സ്വാമിനാഥൻ പോയെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് സിഐ ശേഖരൻ ആ അന്വേഷണ റിപ്പോർട്ട് മറിച്ചു നോക്കാൻ തുടങ്ങിയത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അയാൾ അത് വായിച്ചു തീർത്തു.
ഈ കേസിനെ കുറിച്ചുള്ള ചില കാര്യങ്ങൾ അറിയാൻ ആയിരുന്നല്ലോ സൂര്യൻ ഇന്നലെ തന്നെ വിളിച്ചിരുന്നത് എന്നയാൾക്ക് അപ്പോഴാണ് ഓർമ വന്നത്. ഏതായാലും അവനെ വിളിച്ചു ഒന്ന് കാര്യം തിരക്കാം. അയാൾ കരുതി.
അയാൾ വേഗം സ്റ്റേഷനിലെ ലാൻഡ് ഫോണിൽ സൂര്യന്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ. സൂര്യനല്ലേ.” മറുഭാഗത്ത് ഫോണെടുത്ത ഉടൻ സിഐ ശേഖരൻ ചോദിച്ചു.
“അതെ.” സൂര്യനെ മറുപടിയും വന്നു.
“ഹലോ സൂര്യൻ. ഞാൻ സിഐ ശേഖരൻ ആണ്.”അയാൾ സ്വയം പരിചയപ്പെടുത്തി.
“എന്താണ് സർ.? കാര്യം പറയൂ.” ഉദ്യോഗത്തോടെ സൂര്യൻ ചോദിച്ചു.
“എന്റെ കീഴിലുള്ള, എസ് ഐ സ്വാമിനാഥൻ ആണ് നന്ദൻ മേനോന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.”
“അതിന്.?” അയാൾ പറഞ്ഞു തുടങ്ങിയത് പൂർത്തിയാക്കാൻ സമ്മതിക്കാതെ സൂര്യൻ ഇടയിൽ കയറി.
“അതൊരു കൊലപാതകം ആണെന്നാണ് അയാളുടെ കണ്ടെത്തൽ. നിങ്ങൾ ഇന്നലെ വിളിച്ച് മരണപ്പെട്ടയാളുടെ ലോഡ്ജിൽ നിന്ന് കിട്ടിയ സാധനങ്ങൾ കുറിച്ച് ചോദിച്ചതു കൊണ്ടാണ് ഈയൊരു കാര്യം എനിക്ക് ഓർമ്മ വന്നത്. ഇതിൽ നിനക്കെന്തെങ്കിലും പങ്കുണ്ടെങ്കിൽ രക്ഷപ്പെടാനുള്ള ഒരു സാധ്യത ഞാനായിട്ട് കളയുന്നത്.?” അതിനു വേണ്ടിയാണ് ഞാൻ വിളിച്ചത്.”
“അയാളുടെ അന്വേഷണ റിപ്പോർട്ട് നിങ്ങൾ ശ്രദ്ധിച്ചോ.?”
“യെസ്. രശ്മി എന്ന പെൺകുട്ടിയെ കാണാതായ കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഡിറ്റക്റ്റീവ് ആണ് മരണപ്പെട്ടത് എന്നും ആ മരണത്തിന് പിന്നിൽ ആ കുട്ടിയെ കൊണ്ടു പോയവരാണ് എന്നുമാണ് അയാളുടെ കണ്ടെത്തലുകൾ.”
“അല്പം കുഴപ്പം പിടിച്ച പ്രശ്നമാണല്ലോ സാറേ.?”
“എനിക്കും അങ്ങനെ തോന്നി. അതുകൊണ്ടാണ് ഞാൻ വിളിച്ചത്.”
“ഇപ്പോൾ എന്ത് ചെയ്യാൻ പറ്റും സർ.”
“കേസന്വേഷണത്തിന്റെ ചുമതല അയാളിൽനിന്നും എന്നിലേക്കോ അല്ലെങ്കിൽ എസ് ഐ സത്യനാഥനിലേക്കോ മാറ്റണം. എസ് ഐ സ്വാമിനാഥനും എസ് ഐ ഷാഹുൽഹമീദും പണത്തിന്റെ വരുതിയിൽ നിൽക്കുന്നവരല്ല.”
“ഓക്കേ ഞാൻ വേണ്ടത് ചെയ്യാം.” സൂര്യൻ സി ഐ ശേഖരന്റെ ഫോൺ കോൾ കട്ട് ചെയ്തു.
സ്വാമിനാഥന്റെ അന്വേഷണ റിപ്പോർട്ട് സി ഐ ശേഖരൻ പറഞ്ഞത് പോലെയാണെങ്കിൽ അത് പ്രശ്നമാണെന്ന് അവന് മനസിലായി. ഇനി എസ് ഐ ശേഖരൻ പണത്തിന് വേണ്ടി കളിക്കുകയാണോ.? അവന്റെ മനസ്സിൽ പലവിധ ചിന്തകൾ ഉടലെടുത്തു.
ആരെയാണ് വിളിക്കേണ്ടത് എന്നാലോചിച്ചപ്പോഴാണ് അവന്റെ മനസ്സിൽ എസ് പി ചന്ദ്രദാസിന്റെ മുഖം തെളിഞ്ഞത്.
അവൻ വേഗം എസ് പി ചന്ദ്ര ദാസിന്റെ നമ്പർ ഫോണിലെ കോണ്ടാക്ടിൽ നിന്ന് തിരഞ്ഞെടുത്തു. അവൻ വേഗം ആ നമ്പർ ഡയൽ ചെയ്തു.
“ഹലോ ആരാണ്.” ചന്ദ്ര ദാസിന്റെ ഗൗരവം നിറഞ്ഞ സ്വരം അവന്റെ കാതിലേക്കെത്തി.
“ഹലോ സാർ. ഞാൻ സൂര്യനാണ്.” സൂര്യൻ സ്വയം ഒന്ന് പരിചയപ്പെടുത്തി.
“പറയൂ സൂര്യൻ എന്താ വിശേഷിച്ച്.?” ആളെ തിരിച്ചറിഞ്ഞ എസ് പി ചന്ദ്രദാസ് സൗമ്യ ഭാവത്തിൽ ചോദിച്ചു.
“സർ. ഞാനിപ്പോൾ ചെറിയൊരു പ്രശ്നത്തിലാണ്. ഇപ്പോൾ എന്നെ സഹായിക്കാൻ സാറിനു മാത്രമേ കഴിയൂ.”
“ഞാനെന്താ ചെയ്യേണ്ടത്.? പറയൂ സൂര്യൻ.”
“സർ. എന്റെ ഒരു പേഴ്സണൽ ഈ ഇഷ്യുവുമായി ബന്ധപ്പെട്ട്. നന്ദൻ മേനോൻ എന്ന ഒരാളെ എനിക്ക് തീർക്കേണ്ടി വന്നു. സാറിന്റെ ഡിപ്പാർട്ട്മെന്റിലേ സ്വാമിനാഥൻ എന്ന എസ് ഐ ആണ് ആ കേസ് അന്വേഷിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോലും ആത്മഹത്യയാണെന്ന് പറഞ്ഞ ആ കേസ് ഒരു കൊലപാതകമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു. ഇനി ആ കേസ് അദ്ദേഹം അന്വേഷിച്ചാൽ അതിന് പിന്നിലുള്ള എന്നെ അയാൾ നിയമത്തിന് മുന്നിൽ കൊണ്ടുവരും. അതുകൊണ്ട് സാർ അദ്ദേഹത്തെ ആ കേസിലെ അന്വേഷണ ചുമതലയിൽ നിന്ന് നിന്ന് മാറ്റണം.” സൂര്യൻ ഒറ്റശ്വാസത്തിൽ തന്നെ ആവശ്യമുന്നയിച്ചു.
“ഇത്തിരി റിസ്കി മേറ്റർ ആണല്ലേ സൂര്യാ.”
“അതെ സർ.”
“ശരി. വൈകുന്നേരം കാണേണ്ട പോലെ ഒന്ന് കാണണം. അറിയാമല്ലോ.”
“അറിയാം സാർ. പിന്നെ ഈ പറഞ്ഞതത്രയും സി ഐ ശേഖരൻ എന്റെ കയ്യിൽ നിന്ന് പണം വാങ്ങാനായി കെട്ടിച്ചമച്ചതാണെന്നും എനിക്ക് സംശയമുണ്ട്. അതുകൊണ്ട് സർ അതുകൂടി ഒന്ന് അന്വേഷിക്കണം.”
“സി ഐ ശേഖരൻ എന്ത് കെട്ടിച്ചമചെന്നാണ് നീ പറയുന്നത്.”
“എസ് സ്വാമിനാഥന്റെ അന്വേഷണ റിപ്പോർട്ടിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്.”
“ശരി. ഞാൻ ഉടൻ തന്നെ സി ഐ ശേഖരനെ വിളിക്കുന്നുണ്ട്. നീ ഫോൺ വെച്ചോ. വൈകിട്ട് നേരിൽ കാണാം.”
“താങ്ക്യൂ സർ.” സൂര്യൻ സന്തോഷത്തോടെ അയാൾക്ക് നന്ദി പറഞ്ഞു.
സൂര്യൻ ഫോൺ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ചന്ദ്ര ദാസ് ആലോചനയിൽ മുഴുകി. ചെയ്യുന്നത് തെറ്റാണ്. പുറം ലോകമറിഞ്ഞാൽ ചിലപ്പോൾ തൊപ്പി തന്നെ തെറിച്ചേക്കും. എങ്കിലും തനിക്കത് ചെയ്ത് കൊടുക്കാതിരിക്കാൻ കഴിയില്ല. അത്രക്ക് കടപ്പാടുണ്ട് അവന്റെ അച്ഛനോട്.
അയാൾ ലാന്റ് ഫോണിൽ നിന്നും സി ഐ ശേഖരന്റെ സ്റ്റേഷനിലെ നമ്പർ ഡയൽ ചെയ്തു.
ഹലോ.” അൽപ സമയത്തിനകം തന്നെ സി ഐ ശേഖറിന്റെ ശബ്ദം അയാളുടെ കാതുകളിലേക്കെത്തി.
“ശേഖർ ഞാൻ എസ് പി ചന്ദ്രദാസാണ്.”
“എന്താ സാർ പ്രത്യേഗിച്ച്.”
“കുറച്ചുമുമ്പ് സൂര്യൻ എന്നെ വിളിച്ചിരുന്നു.”
“ഞാൻ അവനെയും വിളിച്ചിരുന്നു സർ.”
“ഉവ്വ്. അവൻ പറഞ്ഞിരുന്നു. താൻ അവനെ വിളിച്ച് പറഞ്ഞ കാര്യങ്ങൾ സത്യമാണോ.?”
“അതേ സാർ.”
“എങ്കിൽ ഒരു കാര്യം ചെയ്യൂ. എത്രയും പെട്ടന്ന് തന്നെ എസ് ഐ സ്വാമിനാഥൻ തയ്യാറാക്കിയ ആ അന്വേഷണ റിപ്പോർട്ട് എനിക്ക് കിട്ടണം. ഉടൻ പുറപ്പെട്ടോളൂ.”
“ശരി സാർ. ഇപ്പോൾ തന്നെ പുറപ്പെടാം.” ശേഖരൻ ആ കോൾ കട്ട് ചെയ്തു.
അയാൾ മേശപ്പുറത്തിരുന്ന ഫയലുമെടുത്ത് പുറത്തിറങ്ങി. ഒരു പോലീസ് ഡ്രൈവറെ തിരഞ്ഞപ്പോഴാണ് കോൺസ്റ്റബിൾ രാമൻ പോലീസ് ജീപ്പിന് സമീപത്തായി നിൽക്കുന്നത് കണ്ടത്.
“എടോ വണ്ടിയെടുക്ക്.” ശേഖരൻ അയാളോട് അജ്ഞാത സ്വരത്തിൽ പറഞ്ഞു.
“എങ്ങോട്ടാണ് സാർ.” അയാൾ വിനയത്തോടെ ചോദിച്ചു.
“സ്ഥലം പറഞ്ഞാലേ താൻ വണ്ടിയെടുക്കൂ…?” കോപത്തോടെ ശേഖരൻ ചോദിച്ചു.
“അല്ല സാർ.” അയാൾ ജീപ്പിലേക്ക് കയറി അത് സ്റ്റാർട്ട് ചെയ്തു. അയാളുടെ മനസ്സിൽ സി ഐ ശേഖരനോട് ഈർഷ്യ തോന്നി.
കോൺസ്റ്റബിൾ രാമൻ ജീപ്പ് സ്റ്റാർട്ട് ചെയ്തപ്പോൾ ശേഖരൻ വന്ന് കോ-ഡ്രൈവിങ്ങ് സീറ്റിൽ കയറി.
“എങ്ങോട്ടാണ് സാർ.” തന്റെ മനസ്സിലെ ഈർഷ്യ ഉള്ളിലൊതുക്കിക്കൊണ്ട് രാമൻ വീണ്ടും ശേഖരനോട് ചോദിച്ചു.
“നേരെ വിട്.”
“എങ്ങോട്ടാണെന്ന് പറഞ്ഞാൽ മര്യാദക്ക് വണ്ടിയോടിക്കാമായിരുന്നു.” ജീപ്പ് മുന്നോട്ടെടുത്ത് കൊണ്ട് രാമൻ പറഞ്ഞു.
“എസ് പി ഓഫീസിലേക്ക്.” സി ഐ ശേഖരൻ പറഞ്ഞു.
രാമൻ ഗിയർ ചെയ്ഞ്ച് ചെയ്ത് ആക്സിലേറ്ററിൽ കാലമർത്തി. ജീപ്പ് ഒരു മുരൾച്ചയോടെ മുമ്പോട്ട് കുതിച്ചു.
യാത്രയുടെ പകുതി ദൂരം പിന്നിട്ടപ്പോഴാണ് കോൺസ്റ്റബിൾ രാമന്റെ ഫോൺ ബെല്ലടിച്ചത്. അയാൾ സി ഐ ശേഖരനെ ഒന്ന് നോക്കിയ ശേഷം വണ്ടി റോഡ് സൈഡിലായി ഒതുക്കി.
“ആരാടോ.?” ഫോൺ ബെല്ലടിക്കുന്നത് കേട്ട് ജീപ്പ് സൈഡാക്കി നിർത്തിയ രാമനോട് ശേഖരൻ ചോദിച്ചു.
“നോക്കട്ടെ സാർ.” അയാൾ പോക്കറ്റിൽ നിന്നും ഫോണെടുത്ത് കൊണ്ട് പറഞ്ഞു.
അയാൾ ഫോണിന്റെ നോക്കിയപ്പോൾ സ്വാമിനാഥന്റെ നമ്പറാണ് ഡിസ്പ്ലേയിൽ തെളിഞ്ഞത്. അയാൾ ശേഖരന്റെ മുഖത്തേക്ക് നോക്കി.
“സ്വാമിനാഥൻ സാറാണ് വിളിക്കുന്നത്. എടുക്കട്ടെ സാർ.” അയാൾ ചോദിച്ചു.
“കണ്ട അലവലാതികളോട് സംസാരിച്ചിരിക്കാൻ തൽകാലം സമയമില്ല. താൻ വേഗം വണ്ടിയെടുക്ക്. എത്രയും പെട്ടന്ന് എസ് പി ഓഫീസിലെത്താനുള്ളതാ.” അയാൾ കർക്കശമായ സ്വരത്തിൽ പറഞ്ഞു.
“അത്.. സാർ…” രാമൻ എന്തോ പറയാനാഞ്ഞു.
“കൂടുതൽ വിശദീകരണമൊന്നും വേണ്ട വണ്ടിയെടുക്ക്.” അയാൾ ആഞ്ജാപിച്ചു.
അത് കേട്ട രാമൻ ഫോൺ സൈലന്റാക്കിയ ശേഷം അത് പോക്കറ്റിലിട്ട് മുറുമുറുപ്പോടെ ജീപ്പ് വീണ്ടും സ്റ്റാർട്ട് ചെയ്തു.
എസ് പിയുടെ ഓഫീസിൽ എത്തുന്നത് വരെ രാമൻ ആ ഫോൺ അറ്റന്റ് ചെയ്തില്ല. അയാൾക്കും സി ഐ ശേഖരനെ പേടിയായിരുന്നു.
എസ് പി ചന്ദ്ര ദാസിന്റെ ഓഫീസിനു മുന്നിലായി രാമൻ വണ്ടി സൈഡാക്കി. ജീപ്പ് നിർത്തിയ ഉടൻ തന്നെ സി ഐ ശേഖരൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി എസ് പിയുടെ മുറി ലക്ഷ്യമാക്കി നടന്നു. രാമൻ ഇനി സ്വാമിനാഥനെ ആയിരിക്കും വിളിക്കുക എന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.
തന്റെ മുകളിൽ റാങ്കുള്ള ഒരു ഉദ്യോഗസ്ഥൻ വരുന്നത് കണ്ട, എൻക്വയറിയിൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾ സി ഐ ശേഖരൻ മുന്നിൽ അറ്റൻഷനായി സല്യൂട്ട് ചെയ്തു.
“എസ്പി സാറിനോട് സി ഐ ശേഖരൻ വന്നിട്ടുണ്ടെന്ന് പറയൂ.” അവിടെ ഉണ്ടായിരുന്ന മറ്റൊരു കോൺസ്റ്റബിളിനോടായി അയാൾ പറഞ്ഞു.
“ശരി സർ. സർ രണ്ടുമിനിറ്റ് ഇരുന്നോളൂ.” അയാൾ വിസിറ്റേഴ്സിന് ഇരിക്കാനുള്ള കസേരയുടെ നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
സി ഐ ശേഖരൻ അയാൾ ചൂണ്ടി കാണിച്ച കസേരകളിലൊന്നിൽ ഇരിപ്പുറപ്പിച്ചു. കോൺസ്റ്റബിൾ എസ്പിയുടെ ഓഫീസിലേക്ക് കയറി പോയി.
“സാറിനോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.” രണ്ടുമിനിറ്റുകൾക്ക് ശേഷം തിരികെ വന്ന അയാൾ സിഐ ശേഖരനോടായി പറഞ്ഞു.
അയാൾ ഒന്ന് തലകുലുക്കിയ ശേഷം എസ്പിയുടെ ഓഫീസിലേക്ക് കയറി. തന്റെ കയ്യിലുണ്ടായിരുന്ന ഫയൽ കക്ഷത്തിലൊതുക്കി എസ് പി ചന്ദ്രദാസിനു മുന്നിൽ അറ്റൻഷനായി അയാൾ സല്യൂട്ട് ചെയ്തു.
“ഇരിക്ക് ശേഖരാ.” അയാളെ പ്രതീക്ഷിച്ചെന്നോണമിരുന്ന ചന്ദ്രദാസ് പറഞ്ഞു.
കക്ഷത്തിലൊതുക്കിയ ഫയൽ എസ് പിയുടെ മേശപ്പുറത്ത് വെച്ച ശേഷം അയാൾക്കെതിരെയുള്ള കസാരയിൽ സി ഐ ശേഖരൻ ഇരുന്നു.
“ഇതാണോ നിങ്ങൾ സൂര്യനോട് പറഞ്ഞ, എസ് ഐ സ്വാമിനാഥൻ തയ്യാറാക്കിയ, നന്ദൻ മേനോന്റെ കേസ് അന്വേഷണ റിപ്പോർട്ട്.” സി ഐ ശേഖരൻ മേശപ്പുറത്ത് വെച്ച ഫയലിന് നേർക്ക് ചൂണ്ടിക്കൊണ്ട് ചന്ദ്രദാസ് ചോദിച്ചു. അയാൾ നേരെ കാര്യത്തിലേക്ക് കടന്നു.
“അതേ സാർ.” അയാൾ മറുപടി നൽകി.
“ഇത് താൻ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് അല്ലല്ലോ.?” സംശയത്തോടെ അയാൾ ചോദിച്ചു.
“അല്ല സാർ. എന്താ സാറിന് ഞാൻ പറഞ്ഞത് വിശ്വാസമില്ലാത്തത് പോലെ.?”
“എനിക്കല്ലല്ലോ വിശ്വാസം വേണ്ടത് സൂര്യനല്ലേ അവനതില്ല. അതാണ് പ്രശ്നം.” അയാൾ വിശദീകരിച്ചു.
“സാർ. ഞാൻ കാശിനു വേണ്ടി ഇത്തിരിയൊക്കെ ചെറ്റത്തരം കാണിക്കാറുണ്ട് എന്നുള്ളത് നേര് തന്നെ. ഇതിൽ ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല.” സൂര്യനോടുള്ള അമർഷം അയാളുടെ വാക്കുകളിൽ നിറഞ്ഞിരുന്നു.
“അങ്ങനെയെങ്കിൽ നിനക്ക് നല്ലത്. ഞാൻ ഈ ഫയലൊന്ന് പഠിക്കട്ടെ.” ചന്ദ്രദാസ് മേശപ്പുറത്തിരുന്ന ഫയൽ എടുത്ത് കൊണ്ട് പറഞ്ഞു.
“ശരി സാർ. ഞാൻ പുറത്തേക്ക് മാറി നിൽകണോ.?”
“വേണ്ടെടോ. താനവിടെ ഇരുന്നാൽ മതി.” ചന്ദ്രദാസ് ആ ഫയൽ മറിച്ചു നോക്കാൻ ആരംഭിച്ചു കൊണ്ട് പറഞ്ഞു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
സി ഐ ശേഖരൻ എസ് പിയുടെ ഓഫീസിൽ പോയ ഉടൻ തന്നെ കോൺസ്റ്റബിൾ രാമൻ ഫോണെടുത്ത് സ്വാമിനാഥന്റെ നമ്പർ ഡയൽ ചെയ്തു. എന്തോ പ്രധാന കാര്യത്തിനല്ലാതെ അയാൾ വിളക്കില്ലെന്ന് രാമന് ഉറപ്പുണ്ടായിരുന്നു.
“ഹലോ.” സ്വാമിനാഥൻ ഫോണെടുത്തപ്പോൾ രാമൻ പറഞ്ഞു.
“എന്താ രാമേട്ടാ ഫോണ്ടെടുക്കാതിരുന്നത്.” ഉത്കണ്ഠയോടെയുള്ള സ്വാമിനാഥന്റ ശബ്ദം അയാളുടെ കാതിലേക്കെത്തി.
“ഞാൻ ജീപ്പ് ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു സാർ.” അയാൾ മറുപടി പറഞ്ഞു.
“വണ്ടി ഒന്ന് സൈഡാക്കിക്കൂടായിരുന്നോ.?” സ്വാമിനാഥൻ വീണ്ടും ചോദിച്ചു.
“വണ്ടി ഒരു വട്ടം ഫോണെടുക്കാനായി സൈഡാക്കിയിരുന്നു. പക്ഷേ ഫോണെടുക്കാൻ ശേഖരൻ സാറ് സമ്മദിച്ചില്ല.”
“നിങ്ങൾ എവിടേക്കാണ് പോയത്.”
“ഞങ്ങളിപ്പോൾ എസ് പി ഓഫീസിലാണ് സാർ.”
“അവിടെ എന്താ കാര്യം.?”
“അറിയില്ല സാർ. പാേരുന്ന വഴിയെല്ലാം സി ഐ സാറ് അൽപം ദേഷ്യത്തിലായിരുന്നു.”
“നന്ദൻ മേനോന്റെ മരണവുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ അന്വേഷണ റിപ്പോർട്ടുമായാണ് അയാൾ പോയത്. അത് എന്തിനാണെന്ന് അറിയാനായിരുന്നു ഞാൻ നിങ്ങളെ വിളിച്ചത്.”
“സി ഐ സാറിന്റെ കയ്യിൽ ഒരു ഫയൽ ഞാനും കണ്ടിരുന്നു. കൂടുതൽ ഡീറ്റെയ്ൽസ് ഒന്നും പറഞ്ഞില്ല.”
“ഉം… കൂടുതൽ എന്തെങ്കിലും അറിയുകയാണെങ്കിൽ വിളിക്കണേ രാമേട്ടാ.”
“വിളിക്കാം സാർ.” അയാൾ ഫോൺ കട്ട് ചെയ്ത് ആലോചനയിൽ മുഴുകി.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
“അപ്പോൾ സംഗതി കുറച്ച് കുഴപ്പം പിടിച്ച കേസാണല്ലേ.?” ശേഖരൻ കൊണ്ട് വന്ന സ്വാമിനാഥന്റെ അന്വേഷണ റിപ്പോർട്ട് വായിച്ചതിനു ശേഷം ചന്ദ്രദാസ് സിഐ ശേഖരനോട് ചോദിച്ചു.
“കുറച്ചല്ല സാർ. കുറച്ച് കൂടുതൽ കുഴപ്പം പിടിച്ച കേസാണ്.” ശേഖരൻ വിശദീകരിച്ചു.
“അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയാൽ പിന്നെ ഈ പ്രശ്നമൊന്നുമുണ്ടാവില്ലെന്നാണോ നിങ്ങൾ പറയുന്നത്.?”
“അതേ സാർ. നമ്മുടെ വരുതിക്ക് നിർത്താൻ പറ്റുന്ന ഒരാളാണ് കേസ് അന്വേഷിക്കുന്നതെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന രീതിയിലുള്ള അന്വേഷണ റിപ്പോർട്ടാണ് ലഭിക്കുക.”
“ഓകെ. ഞാൻ ഒന്ന് ആലോചിക്കട്ടെ.”
“ശരി സാർ.”
“നിങ്ങൾ മടങ്ങിക്കോളൂ. ഞാനൊരു തീരുമാനമെടുത്ത ശേഷം വിവരങ്ങൾ അറിയിക്കാം.”
“സാർ ഈ ഫയൽ ഇവിടെ വെക്കേണ്ടതായിട്ടുണ്ടോ.?” സി ഐ ശേഖരൻ ഒരു സംശയത്തോടെ ചോദിച്ചു.
“വേണ്ട. നിങ്ങൾ കൊണ്ട് പോയിക്കോളൂ.”
“ശരി സാർ.” അയാൾ അറ്റൻഷനായി എസ് പി ചന്ദ്രദാസിന് സല്യൂട്ട് ചെയ്ത ശേഷം ഫയലുമെടുത്ത് പുറത്തേക്കിറങ്ങി.
സി ഐ ശേഖരൻ പുറത്തേക്കിറങ്ങിയ ഉടൻ തന്നെ ചന്ദ്രദാസ് ലാന്റ് ഫോണിൽ സൂര്യന്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ സാർ. എന്തായി കാര്യങ്ങൾ.?” ആ ഫോൺ കോൾ കാത്തിരുന്നെന്ന പോലെ മറുഭാഗത്ത് കോൾ അറ്റന്റ് ചെയ്ത സൂര്യന്റെ ആകാംഷയോടെയുള്ള ശബ്ദം അയാളുടെ കാതുകളിലേക്കെത്തി.
“സൂര്യാ. സി ഐ ശേഖരൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിയിക്കുന്നൊരു അന്വേഷണ റിപ്പോർട്ടുമായാണ് അയാൾ വന്നത്. നീ ഒന്ന് കരുതിയിരിക്കണം.”
“ഞാനെന്തിന് കരുതണം സാർ. ഇത് വരെയും എനിക്കെതിരെയുള്ള ഒരു തെളിവ് പോലും പോലീസിന് ലഭിച്ചിട്ടില്ല.”
“നീ പറഞ്ഞത് ശരിയാണ്. നന്ദൻ മേനോന്റെ മരണം ആത്മഹത്യയല്ല മറിച്ച് അതൊരു കൊലപാതകമാണെന്ന് മാത്രമേ ആ റിപ്പോർട്ട് ശരിവെക്കുന്നുള്ളു. എങ്കിലും നിനക്കാ മരണത്തിൽ വല്ല പങ്കു മുണ്ടെങ്കിൽ കേസ് എങ്ങനെയും ഒതുക്കി തീർക്കുന്നതാണ് നല്ലത്.”
“ഞാനെന്താ ചെയ്യേണ്ടതെന്ന് സാറ് പറഞ്ഞാൽ മതി.”
“തൽകാലം ഇപ്പോൾ ആ കേസ് അന്വേഷിക്കുന്ന എസ് ഐയെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കാം. പകരം നമ്മുടെ സൈഡ് നിൽക്കുന്ന ഒരാളെ ആ കേസ് ഏൽപ്പിക്കാം.”
“അതാണ് സാർ വേണ്ടത്.”
“അതിന് കുറച്ച് ചിലവുകളുണ്ട്.”
“അതിനെന്താ സാർ നമുക്ക് വേണ്ടത് ചെയ്യാം. സാറൊന്ന് പറഞ്ഞാൽ മതി.”
“എങ്കിൽ വൈകിട്ട് നമുക്കൊന്ന് നേരിൽ കാണാം ”
“ഷുവർ സാർ.”
“എങ്കിൽ ഞാൻ സംഭവം നടക്കുന്ന സ്റ്റേഷനിലേക്ക് പോവട്ടെ. സ്വാമിനാഥന്റെ കയ്യിൽ നിന്ന് അന്വേഷണം സത്യനാഥന്നെ ഏൽപ്പിക്കണം.”
“ശരി സാർ. ഞാൻ സാറിനെ കൂടുതൽ ശല്യം ചെയ്യുന്നില്ല.” സൂര്യൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ടു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
അരുണും അലിയും പ്രേമചന്ദ്രന്റെ വീട്ടിൽ നിന്ന് പോയത് അലി സിഗരറ്റ് വാങ്ങാൻ പോയ കടയിലേക്കായിരുന്നു. അവിടെ നിന്ന് അയാൾ പറഞ്ഞ കാര്യങ്ങളത്രയും അരുൺ തന്റെ ഫോണിൽ അയാളറിയാതെ റെക്കോർഡ് ചെയ്തു.
അവിടെ നിന്നും പിന്നീടവർ പോയത് അരുണിന്റെ വീട്ടിലേക്കായിരുന്നു. അലി വരച്ച് നൽകിയ ചിത്രം പ്രേമ ചന്ദ്രനും കടക്കാരനും തിരിച്ചറിഞ്ഞതോടെ അലിയോടുള്ള അരുണിന്റെ മതിപ്പ് വർദ്ധിച്ചിരുന്നു.
“ഇനി നമുക്ക് കാണേണ്ടത് ചെട്ടിയൻ സന്തോഷിനെയാണ് അല്ലേ സാർ.” കേസിന്റെ അടുത്ത ചുവട് എന്താവണമെന്ന ചർച്ചക്കിടെയായിരുന്നു അലിയുടെ അഭിപ്രായം.
“നമുക്കിനി അവനെ കാണേണ്ട കാര്യമൊന്നുമില്ല. രശ്മിയുടെ അദ്ധ്യാപകന്റെ മൊഴിയും കൂട്ടുകാരികളുടെ മൊഴിയും തമ്മിലുള്ള വ്യത്യാസവും, അതിൽ ഏതാണ് സത്യമെന്നറിയുവാനുമാണ് അവനെ കാണേണ്ടത്. രശ്മി ജീവനോടെയുണ്ടെന്ന് അറിഞ്ഞ സ്ഥിതിക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.”
“സാർ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അത് ശരിയാണ്. പക്ഷേ അതിൽ കൂടുതലെന്തെങ്കിലും അയാൾക്ക് പറയാനുണ്ടെങ്കിലോ.?” അലി മറ്റൊരു ചോദ്യം ചോദിച്ചു.
“എങ്കിൽ നമുക്ക് അയാളെ ഒന്ന് കാണാം.”
“നമുക്ക് വേണ്ട സാർ. ഞാൻ പോവാം. പലചരക്ക് കടക്കാരൻ രാജനെ സാറും ഗോകുലും കണ്ടപ്പോൾ അയാളെ കൊലപ്പെടുത്തി. സാറ് ആ പയ്യനെ കണ്ട് കഴിഞ്ഞാൽ ഒരു പക്ഷേ ഇവിടെയും അത് തന്നെയായിരിക്കും സംഭവിക്കുക. വെറുതേ ആ പയ്യനെ കൂടെ കൊലക്ക് കൊടുക്കേണ്ടല്ലോ.?”
“നീ പറഞ്ഞതിലും കാര്യമുണ്ട്. എങ്കിൽ ഞാൻ സൂര്യന്റെ പിന്നാലെ പോവാം. നീ വരച്ച ചിത്രത്തിലുള്ളവനെ സൂര്യന്റെ കൂടെ കണ്ടെന്നല്ലേ പ്രേമചന്ദ്രൻ പറഞ്ഞത്.”
“ഒരു പക്ഷേ സൂര്യൻ പ്രതി ആവണമെന്നില്ല.”
“അത് ശരിയാണ് എങ്കിലും സൂര്യൻ അവനെ പ്രേമ ചന്ദ്രന്റെ വീട്ടിൽ കൊണ്ടുവന്നു എങ്കിൽ അവരിനിയും കണ്ട് മുട്ടാൻ ഉള്ള സാധ്യതയുണ്ട്.”
“സാധ്യതയുണ്ട്. പക്ഷേ അതിനെ ബലപ്പെടുത്തുന്ന തെളിവുകളോ സൂചനകളോ നമുക്കിത് വരെ ലഭിച്ചിട്ടില്ല.”
“അത് ശരിയാണ്. പക്ഷേ തൽക്കാലം നമ്മുടെ മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല.”
“എങ്കിൽ ഞാൻ സന്തോഷിനെ കാണാൻ പോയാലോ.?”
“പോയിട്ട് വാ.”
“ശരി സാർ.” അവൻ പ്രേമ ചന്ദ്രന്റെ വീട്ടിൽ നിന്ന് വന്ന വേഷത്തിലായിരുന്നതിനാൽ പിന്നെ വസ്ത്രം മാറാൻ ഒരുങ്ങിയില്ല. അവൻ നേരെ പുറത്തേക്ക് നടന്നു.
“അലീ, ബസ്സിന് പോവാനുള്ള പൈസയുണ്ടോ നിന്റെ കയ്യിൽ.” അരുൺ ഓർത്തെടുത്താണ് ചോദിച്ചത്.
“ഒരു നൂറ് രൂപ കൂടി കയ്യിലുണ്ട് സാർ.”
“ഇന്നാ ഇത് കൂടി വെച്ചോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിലോ.?” അരുൺ താൻ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് പോക്കറ്റിൽ നിന്ന് രണ്ട് നൂറിന്റെ നോട്ടുകൾ എടുത്ത് അലിയുടെ അടുത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു.
അപ്പോഴാണ് അരുണിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ബെല്ലടിച്ചത്. അവൻ പണം അലിക്ക് കൈമാറിയ ശേഷം ഫോണെടുത്ത് നമ്പർ നോക്കി. പരിചയമില്ലാത്ത നമ്പർ ആണ്.
“ഹലോ.” അവൻ കോൾ അറ്റന്റ് ചെയ്തു.
“അയ്യാ. കമലേഷ് പേശ്റേൻ.” മറുവശത്ത് നിന്നുള്ള ശബ്ദം അരുണിന്റെ കാതിലേക്കെത്തി.
അരുണിന് ആളെ മനസ്സിലായി. പൊള്ളാച്ചിയിലെ ഷൺമുഖന്റെ കാര്യസ്ഥൻ. അരുൺ അലിയുടെ മുഖത്തേക്ക് നോക്കിശേഷം അവനോട് അവിടെ നിൽക്കാൻ ആംഗ്യം കാണിച്ച ശേഷം ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു.
“എന്നാ കമലേഷ്. എന്ന പ്രച്നം. ശൊല്ലുങ്കോ.?” അരുൺ തനിക്കറിയാവുന്ന തമിഴിൽ സംസാരിച്ചു.
“സാർ. നീങ്ക മലയാളത്തിലേ ശൊല്ലുങ്കോ. എനക്ക് മലയാളം തെരിയും.”
“എന്നാൽ വിളിച്ച കാര്യം പറയൂ കമലേഷ്.”
“സാർ. ഉങ്കളെ ഷൺമുഖൻ അയ്യാ പാക്കണംന്ന് ശൊന്നാച്ച്. നീങ്ക ഇങ്കെ വരുവീങ്കളാ.”
“സോറി കമലേഷ്. ഇപ്പോൾ ഞാനൊരു കേസുമായി ബന്ധപ്പെട്ട് അൽപം തിരക്കിലാണ്. രണ്ട് ദിവസം കഴിയും ഞാൻ ഫ്രീയാവാൻ അത് കഴിഞ്ഞ് വന്നാൽ മതിയോ.?”
“സാർ ഞാൻ അയ്യാവുക്ക് കൊടുക്കിറേൻ. അയ്യാ പേശണംന്ന് ശൊന്നാച്ച്.”
“ശരി.”അവൻ ഫോൺ കൊടുക്കാനുള്ള സമ്മതം നൽകി.
തുടർന്ന് കമലേഷ് ഫോൺ ഷൺമുഖന് കൈമാറുന്നതിന്റെ ശബ്ദവും അവന്റെ കാതിലേക്കെത്തി.
“ഹലോ അരുൺ.” ഷൺമുഖന്റെ ആഢ്യത്വം നിറഞ്ഞ ശബ്ദം അവന്റെ കാതിലേക്കെത്തി.
“ശൊല്ലുങ്കൊ അയ്യാ. അയ്യാവുക്ക് എന്നെ പാക്കണംന്ന് കമലേഷ് ശൊന്നാച്ച്. എന്നാ അയ്യാ പ്രച്നം.?” അരുൺ ചോദിച്ചു.
“എൻ മകളെ കാണാമൽ പോയി ചില നാട്കലാക്കി വിട്ടനാ. അത് താൻ എന്നെ തൊന്തരവ് ചെയ്യും പ്രച്ചനൈ.” [എൻ്റെ മകളെ കാണാതായിട്ട് കുറച്ച് ദിവസമായി. അതാണ് എന്നെ അലട്ടുന്ന പ്രശ്നം.] വ്യസനത്തോടെയായിരുന്നു ഷൺമുഖൻ അത് പറഞ്ഞത്.
” എനക്കും കമലേഷ് തകവൽ കൊടുത്താർ.” [കമലേഷ് പറഞ്ഞ് ഞാനും വിവരമറിഞ്ഞിരുന്നു.] പൊള്ളാച്ചിൽ വെച്ച് കമ ലേഷിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ സ്മരിച്ചു കൊണ്ട് അരുൺ പറഞ്ഞു.
“കമലേഷ് എന്നോട് അതെയും ശൊന്നാർ.” [എന്നോട് കമലേഷ് അതും പറഞ്ഞു.]
“ഇപ്പോത് എന്നെെ പാർപ്പത് ആ വ ശുമാ.?” [ഇപ്പോൾ എന്നെ കാണേണ്ട അത്യാവശ്യമുണ്ടോ.?] കമലേഷ് അത് പറയുമെന്ന് അറിയാവുന്നതിനാൽ അരുൺ നേരെ വിഷയത്തിലേക്ക് കടന്നു.
“ആമാ. നീങ്കൾ തേടുവത് കാണാമൽ പോയ പൊണ്ണ് വളക്ക് എന്ന് കമലേഷ് കുറിനാർ. അപ്പോത് എനക്ക് എൻ മകളെ നിനൈവിൽ വരുകിറേൻ. എന്നവേ ഉങ്കള്ക്ക് ഉദവി ശെയ്യാൻ നാൻ മുടിവ് ശെയ്തേൻ.” [നിങ്ങൾ അന്വേഷിക്കുന്നതും ഒരു കുട്ടിയെ കാണാതായ കേസ് ആണെന്ന് കമലേഷ് പറഞ്ഞു. ആ സമയത്ത് എനിക്കെൻ്റെ മകളെ ഓർമ്മ വന്നു. അത് കൊണ്ട് നിങ്ങളെ സഹായിക്കാൻ ഞാൻ തീരുമാനമെടുത്തു.]
“അന്ത ലാറിയെ അങ്കെ കൊണ്ട് വന്തവർകളെ പുടിക്ക മുടിഞ്ചാൽ നന്രാക ഇരിക്കും.” [ആ ലോറി അവിടെ കൊണ്ടുവന്നവരെ കണ്ടെത്താൻ കഴിഞ്ഞാൽ അത് വളരെ നന്നായിരിക്കും.] പ്രതീക്ഷയോടെ അരുൺ പറഞ്ഞു.
“അന്ത ലാറിയെ എരണാകുളത്ത്ക്ക് ശേർന്ത ഒരുവർ കൊണ്ട് വന്താർ. അതിനാൽ താൻ നേരാകെ വരും എന്ര് കുറപ്പടുകിറത്.” [ആ ലോറി കൊണ്ട് വന്നത് എരണാകുളത്ത് തന്നെ ഉള്ള ഒരാളാണ്. അത് കൊണ്ടാണ് നേരിൽ വരാമെന്ന് പറഞ്ഞത്.]
“അപ്പടിയാനാൽ നിങ്കൾ ഇപ്പോതേ എരണാകുളത്തിക്ക് പുറപ്പെടുവത് താൻ നല്ലത്.?” [എങ്കിൽ നിങ്ങൾ ഇപ്പോൾ തന്നെ അവിടെ നിന്ന് എരണാകുളത്തേക്ക് പുറപ്പെടുന്നതാവും നല്ലത്.] അരുൺ അൽപം ആവേശത്തിലാണത് പറഞ്ഞത്.
“നാങ്കൾ വരുകിറോം. അതെയ് ശൊല്ല അഴൈത്തേൻ.” [ഞങ്ങൾ വരികയാണ്. അത് പറയാനാണ് ഞാൻ വിളിച്ചത്.]
“ഇന്ത ഉദവിക്ക് മിക്ക നന്ട്രി.” [ഈ ഉപകാരത്തിന് വളരെ നന്ദി.] അരുൺ ഷൺമുഖന് നന്ദി പറഞ്ഞ ശേഷം കോൾ കട്ട് ചെയ്തു. തൻ്റെ ആദ്യ കേസ് അതിന്റെ പര്യവസാനത്തിലേക്കടുത്തെന്നവൻ്റെ മനസ്സ് പറഞ്ഞു.
തുടരും……..
ഇത്ര ചെറിയ ഒരു ഭാഗമായിരുന്നില്ല ഞാൻ പോസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചത്. ബാക്കി എവിടെ എന്ന് ചോദിച്ചു കൊണ്ടുള്ള ചിലരുടെ ഡീഗ്രേഡിങ് കൊണ്ടാണ് പോസ്റ്റ് ചെയ്യുന്നത്. മുമ്പ് എഴുതി വെച്ച ഭാഗത്തിൽ നിന്ന് ചെറിയൊരു ട്വിസ്റ്റ് ഉണ്ടെന്ന് തോന്നിയത് വരെയുള്ള ഭാഗമാണ് പോസ്റ്റ് ചെയ്യുന്നത്.
എഴുതിയ ഭാഗത്തിനുള്ള കമൻ്റും റേറ്റിങ്ങും തരേണ്ടതിന് പകരം നേരം വൈകി എന്ന് പറഞ്ഞ് കൊണ്ടുള്ള ഡീഗ്രേഡിങ് അൺ സഹിക്കബിൾ.
അപ്പോ പറഞ്ഞതെന്താണെന്ന് വെച്ചാൽ നിങ്ങളുടെ സപ്പോർട്ടും കമൻ്റും തരിക. വല്ലാതെ വെറുപ്പിച്ചാൽ ………….
ബാക്കി പറയാത്തത് എന്താണെന്ന് വെച്ചാൽ അപ്പോൾ തോന്നുന്ന മാനസികാവസ്ഥയിൽ എന്താണോ തോന്നുന്നത് അതായിരിക്കും ചെയ്യുക. ഇത് ഭീഷണിയൊന്നുമല്ല ട്ടോ. ഡിഗ്രേഡിങ് കൊണ്ടുള്ള സങ്കടം കൊണ്ടാണ്.
ബാക്കി എഴുതാൻ ആരുടെയെങ്കിലും ഫോൺ കിട്ടണം. അനിയൻ്റെ ഫോണും കിട്ടുന്നില്ല. അവൻ full time Pubg കളിയിലാണ്. അത് കൊണ്ട് കാത്തിരിക്കുക. പ്രാർത്ഥിക്കുക. എത്രയും പെട്ടന്ന് കൊറോണയും ലോക് ഡൗണും അവസാനിക്കാൻ. എന്നാലേ പണിക്ക് പോവാൻ കഴിയൂ.
മനസ്സ് നിറക്കുന്ന റിവ്യൂകളാണ് എഴുത്തുകാരുടെ ഊർജ്ജം.
Comments:
No comments!
Please sign up or log in to post a comment!