സ്നേഹതീരം
കഴുത്തോളം വെള്ളം.. ആരോ ശക്തമായി താഴേക്ക് വലിച്ചിടുന്നു. തൊണ്ടയിലൂടെ കാറി ചുമച്ചു കൊണ്ട് താഴേക്കിറങ്ങുന്ന വെള്ളം… കൈകാലിട്ടടിക്കുമ്പോൾ
അരികിലെ ചെങ്കൽ ഭിത്തികളിൽ തട്ടി പതഞ്ഞു പൊന്തുന്ന നുര… ഭിത്തിയിൽ കോറിവരഞ്ഞ കൈകളിൽ ചുവന്ന
– ചെങ്കൽച്ചായം…!
ഒരു ശ്വാസത്തിന്റെ തീവ്രമായ നീറ്റലിൽ ഞെട്ടി
പിണഞ്ഞുണർന്നു പോയി… സ്വപ്നം….
എന്തേയിങ്ങനെ ഒന്ന്?? ഇപ്പോഴും തൊണ്ട കാറി ഇരുമ്പുചൊയ
ഉണ്ടോ.. വല്ലാത്തൊരു നീറ്റലും..!
ഇന്നാണ് ജനുവരി മൂന്ന്.. ഇന്നലെ രാത്രി കണ്ണടക്കാനേ സാധിച്ചില്ലായിരുന്നു.. ഉറങ്ങിയതെപ്പോഴായിരുന്നു. ആ സ്വപ്നം.
എപ്പോഴായിരുന്നു മിഴിയിൽ വന്നു പോയത്..?
മൂന്ന്……. ഒറ്റസംഖ്യ..!
വിഭജിക്കുമ്പോൾ തനിച്ചു മാറിനിൽക്കേണ്ട ഒരാത്മാവ് എപ്പോഴും മൂന്നിലുണ്ട്. രണ്ട് പേർ
കൈ കോർത്തു പിടിക്കുമ്പോൾ ഒറ്റക്കാവുന്ന ഒന്ന്…
ഇന്നാണ് എന്റെ അതിഥി എന്നെ തിരഞ്ഞു വരുന്ന ദിവസം..
കാത്തിരുന്നിരുന്നോ ഞാൻ..?
ഉണ്ടാവില്ല. കരക്ക് പിടിച്ചിട്ട മീനിന്റെ പോലെയായിരുന്നു
ഹൃദയം..
പിടഞ്ഞുച്ചാടി, ഒരിറ്റു ജലകണികക്കായി വേപഥു
പൂണ്ട്, പതിയെ പതിയെ യാഥാർത്ഥ്യം അറിഞ്ഞറിഞ്ഞ് ഇടക്കൊരു ഞെട്ടലിൽ ഉണർന്ന് തുള്ളി പിന്നെയും നിശ്ചലമായി
മരണത്തെ ആഗ്രഹിച്ച് നിശബ്ദമായൊരു ഹൃദയം…
സുന്ദരിയാണോ അവൾ.. നിന്നോട് നിർത്താതെ
സംസാരിച്ചിരിക്കാറുണ്ടോ അവൾ… നിങ്ങൾ ഒരുമിച്ച്
ലക്ഷ്യമില്ലാത്ത യാത്രകൾ പോവാറുണ്ടോ..? അവളുടെ കൈവിരലുകളെ ചുംബിക്കാറുണ്ടോ നീ… പെട്ടെന്ന്
പിണങ്ങുകയും എളുപ്പത്തിൽ ഇണങ്ങുകയും ചെയ്യുമോ
അവളും…. ഇനിയുമുണ്ട് ചോദ്യങ്ങൾ.. പക്ഷേ ഇനിയും ചോദ്യമുണ്ടാക്കി സ്വയമെരിയാൻ വയ്യ എനിക്ക്…!
ഇന്നൊരുക്കി മുന്നിൽ നിരത്തിയതെല്ലാം നിനക്ക്
പ്രിയപ്പെട്ടവയായിരുന്നു.
” നന്ദു… ഇത് അതിഥി മേനോൻ.. വിവാഹമാണ് ഫെബ്രുവരി
നാലിന്.. ആദ്യത്തെ ക്ഷണം നിനക്ക് തന്നെയാണ് ”
ഒന്നും പറഞ്ഞില്ലേ ഞാൻ .. ഓർമ്മയില്ല… കണ്ണുകൾ അവളിൽ
തന്നെയായിരുന്നു..
ഇന്നത്തെ എന്റെ അതിഥി…
അവൾ ചിരിച്ചിരുന്നു എന്നെ നോക്കിയിടക്കിടക്ക്… പക്ഷേ
മിഴിയിൽ ഒരു പിടച്ചിലുണ്ടായിരുന്നോ..?
എന്തേ അവൾക്ക് എന്നെ പേടിയാണോ..?
അവളുടെത് മാത്രമാവാൻ പോവുന്ന സാമ്രാജ്യത്തെ അടക്കി
വാണിരുന്നവൾ ആയിരുന്നല്ലോ ഞാൻ….
പിന്നീട് എന്തേ എനിക്ക് മുന്നോട്ട് നടക്കാനുള്ള ഊർജം ചോർന്നു തുടങ്ങിയേ.
കാരണമൊന്നുമില്ലാത്ത പ്രണയ നഷ്ടം ആർക്കായിരിക്കാം ഉണ്ടാവുക?
സ്വന്തമായാൽ ഈ പ്രാന്തമായ ആഗ്രഹം നഷ്ടമായാലോ
എന്ന പേടി… കാരണമുണ്ടാക്കി അകന്നപ്പോൾ ഓർത്തില്ല.
യാത്ര പറഞ്ഞിറങ്ങുമ്പോഴും ആ മിഴിയിലെ പിടച്ചിൽ ഞാനറിഞ്ഞിരുന്നു.. ചിരിച്ച് കൈ വീശി അകന്നകന്നു പോവുന്ന രണ്ട് പേർ.. വിഭജനത്തിനൊടുവിൽ ഒറ്റയായവൾ ഞാൻ.. ഇനി എനിക്കൊന്നു പെയ്യണം.. ഒരു കടലായി മാറണം ഇന്നു മാത്രം… അതിനു ശേഷം ഈ ആഴം ഉള്ളിലൊളിപ്പിക്കണം….
ഒരു ക്യാംപസ് മുഴുവൻ ആഘോഷിച്ച പ്രണയം… ഞാനും അവനും…! പ്രണയമായിരുന്നു ചിരിക്കുമ്പോൾ ചെറുതാവുന്ന ആ കണ്ണുകളോട്.. വാ തോരാതെ സംസാരിച്ചിരുന്ന വൈകുന്നേരങ്ങളിലെ വാക്കുകളേക്കാൾ എനിക്കോർമ നിന്റെ കണ്ണുകളാണല്ലോ.. പിന്നെ എന്തേ എനിക്ക് ഒക്കെ വേണ്ടെന്നു തോന്നിയേ… കാരണങ്ങളില്ലാത്ത പ്രണയ നഷ്ടത്തിന്റെ വേദനക്കും പ്രത്യേക സുഖമാ.. ഒരുപാടൊരുപാട് അവൻ എന്നോട് കെഞ്ചിയിരുന്നല്ലോ പോവരുത് എന്നു പറഞ്ഞു കൊണ്ട്..!
ഇന്നും ചിലപ്പോൾ തോറ്റു പോവുന്ന സന്ദർഭങ്ങളിൽ വിജയഭേരി മുഴക്കാൻ ഞാനെന്റെ മനസിനോട് ആവശ്യപ്പെടാറ് ആ നിമിഷങ്ങളെ ഓർത്തു പിടിച്ച് കൊണ്ടാ…
അതെ… അവൻ അല്ല ഞാനാണല്ലോ തള്ളി കളഞ്ഞെ… എന്റെ ആദ്യത്തെ വിജയം.. ഞാൻ തിരസ്കരിച്ചവൻ.. ഞാൻ ചതിച്ചവൻ.. ഞാൻ ആയിരുന്നു ജയിച്ചവൾ.. നിന്നെ ജയിച്ചവൾ…
പക്ഷേ ………. തോറ്റു പോയ പോലെ തോന്നുന്നു… നീ അവളെ കൂട്ടി എന്റെ മുന്നിലേക്ക് വന്നപ്പോൾ അപ്രതീക്ഷിതമായതല്ലെന്ന് വരുത്തി തീർക്കാൻ ഞാൻ പാടുപെട്ടിരുന്നു.. കണ്ണിലെ നിഴൽ നീ കാണാതെയിരിക്കാൻ മറ തേടി നടന്നിരുന്നു ഞാൻ….
സാമ്രാജ്യത്തിൽ നിന്നും ഇറങ്ങി വന്ന റാണി… ഒരു നിമിഷം കൊണ്ട് അനാഥയും ദരിദ്രയും യാചകയും ആയി മാറിയവൾ… ഇനി എന്ത് എന്ന ചോദ്യത്തിനൊടുവിൽ ഈ ദിവസവും തീർന്നിരിക്കുന്നു…
നീയില്ലായ്മകളാണ് വരും ദിവസങ്ങളെല്ലാം തന്നെ.
ഓർമകളുടെ നീറ്റൽ കുറയുമെന്നും പതിയെ പതിയെ നിന്നെ കണ്ടാൽ പോലും തിരിച്ചറിയാത്ത വിധം എന്റെ ഓർമകൾ ഉള്ളിലൊളിപ്പിച്ച് ആഴത്തിൽ മാഞ്ഞു പോവുമെന്നും വിശ്വസിച്ച് ഞാനിവിടെ തന്നെയുണ്ട്…
എന്നാലും എന്റെ ഇന്നത്തെ അതിഥിയോട് എനിക്ക് നിറഞ്ഞ സ്നേഹം മാത്രം…!
“”ചില നിമിഷങ്ങൾ നല്ലതായിരിന്നു എന്ന് തിരിച്ചറിയുന്നത് അത് ഒരു ഓർമ്മയായി തീരുമ്പോഴാണ്…””
ഒരു ദേഷ്യത്തിന് മൂന്നോ നാലോ മിനിറ്റ് ആയുസ്സേ ഉള്ളൂ. പക്ഷെ ആ കുറഞ്ഞ സമയം കൊണ്ട് പറഞ്ഞു പോകുന്ന ചില വാക്കുകൾക്ക് ചെയ്തു കൂട്ടുന്ന ചില അബദ്ധങ്ങൾക്ക്, എടുക്കുന്ന തീരുമാനങ്ങൾക്ക് ഒരയുസ്സിന്റെ വലുപ്പമുണ്ടായി എന്നുവരാം…
ഓരോ നഷ്ടവും ഓരോ തിരിച്ചറിവാണ് വൈകി മാത്രം നാം മനസ്സിലാക്കാറുള്ള ജീവിത യാഥാർഥ്യം……!
written by Angel………
(a spiritual being in some religions who is believed to be a messenger of God, usually represented as having a human form with wings)
Comments:
No comments!
Please sign up or log in to post a comment!