അനുപല്ലവി 11
അനു എഴുന്നേറ്റു പല്ലവിയുടെ അടുത്തേക് നീങ്ങുന്നത് നിറഞ്ഞു നിന്ന കണ്ണുകളിൽ അവൾ അവ്യക്തമായി കണ്ടു.. അവൾ അവനിൽ നിന്നും പിന്നിലോട്ടു നീങ്ങി കൊണ്ടിരുന്നു… ഇതെല്ലാം കണ്ടു പൃഥ്‌വി സ്തബ്ധനായി നിന്ന് പോയി..
(തുടർന്നു വായിക്കുക )
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“ഹേയ് ചിന്നു “
“എന്ത് പറ്റി നിനക്ക് “
പല്ലവിയുടെ കയ്യിൽ നിന്നും എന്തോ വീണുടയുന്ന ശബ്ദം കേട്ടാണ് ഞാൻ പല്ലവിയുടെ അടുത്തേക് ചെന്നത്.. നിലത്തു വീണു കിടക്കുന്ന ട്രേ ഞാൻ കണ്ടു… അവളുടെ വിശ്വാസങ്ങളുടെ തകർച്ച പോലെ തറയിൽ ചിതറി കിടക്കുന്ന കത്രികകളും ട്വീസേഴ്സും..
തറയിൽ നിന്ന് ലിസ്റ്റെർ ബാൻഡേജ് സിസെറും, ഡ്രസിങ് സിസെറും അഡ്സൺ ഫോസെപ്‌സും ബാൻഡേജ് കോട്ടണും എല്ലാം ഞാൻ എടുത്തു ട്രെയിൽ എടുത്തു ടേബിളിലേക് വെച്ചു
ഞാൻ അവളുടെ അടുത്തേക് നടക്കുമ്പോൾ അവൾ മെല്ലെ പുറകോട്ടു നീങ്ങുന്നത് കണ്ടു ആ കണ്ണുകൾ നിറഞ്ഞിരുന്നു…
പൃഥ്‌വി പറഞ്ഞത് കേട്ടിട്ടാവാം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നതെന്നു എനിക്ക് മനസ്സിലായി…
“എടോ താൻ ഒരു നേഴ്സ് അല്ലേ ഇത്ര സില്ലി ആണൊ… വന്നേ.. “അവളുടെ രണ്ടു തോളുകളിലും പിടിച്ചു അവളുടെ കണ്ണുകളിലേക്കു നോക്കുമ്പോളേക്കും അവ നിറഞ്ഞു തുളുമ്പിയിരുന്നു
ചിന്നുവിന്റെ കയ്യും പിടിച്ചു ഞാൻ ടേബിളിനു അരികിലേക്കു നടന്നു…
പ്രിത്വിയുടെ മുഖം കണ്ടപ്പോൾ അവൻ പറഞ്ഞു വന്നതു അബദ്ധം ആയി എന്ന ഭാവം കണ്ടു..
ഞാൻ കണ്ണടച്ച് കാണിച്ചു…ഒന്നും സാരമില്ല എന്ന അർത്ഥത്തിൽ.. അതിനു ശേഷം അവന്റെ അരികിൽ ഉണ്ടായിരുന്ന ചെയർ വലിച്ചു നീക്കിയിട്ടു പല്ലവിയോടും ഇരിക്കാൻ ആവശ്യപ്പെട്ടു…
“പൃഥ്‌വി ബാക്കി പറ….നീയെന്തിനാ അവിടെ പോയത്…”
” അവർ വിളിച്ചിട്ട് തന്നെയാണ് പോയതു..”
“എന്തിനു.. “
“നമ്മൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ മാത്രമേ അവർ എടുത്തു വെച്ചിരിക്കുന്ന സെമെൻ അവർ യൂസ് ചെയ്യൂ.. പിന്നെ സെമെൻ നമ്മൾ കൊടുത്താൽ ആറുമാസം കൂടുമ്പോ റൂറ്റീൻ ടെസ്റ്റ് ഉണ്ടാവും…സെമെൻ കൊടുത്തവർക് വല്ല രോഗങ്ങളും ഉണ്ടോ എന്നറിയാൻ പക്ഷെ സാധാരണ ഗതിയിൽ അതൊന്നും നടക്കാറില്ല…
വർഷങ്ങൾ കൂടിയാണ് ഈയിടെ പ്രതീഷ് എന്നെ വിളിച്ചത്.. അതു കൊണ്ടാണ് ഞാൻ പോയത്.. പിന്നെ ഇനി ആ സെമെൻ യൂസ് ചെയ്യേണ്ട എന്നു റിക്വസ്റ്റ് ചെയ്യാൻ കൂടി ആണ് ഞാൻ പോയത് .. “
“പക്ഷെ അവരുമായുള്ള എഗ്രിമെന്റ് പ്രകാരം നമുക്ക് അത് പറയാൻ അവകാശം ഇല്ലല്ലോ.. “ഞാൻ സംശയത്തോടെ ചോദിച്ചു.
“ഇല്ല.. ”
“അത് കൊണ്ടാണ് ഫോണിൽ പറഞ്ഞാൽ ശെരി ആവില്ല എന്നു വിചാരിച്ചു ഞാൻ നേരിട്ട് പോയത്.
“ഞാൻ അവൻ പറയുന്നത് ശ്രദ്ധയോടെ കേട്ടു കൊണ്ടിരുന്നു…”
“എന്നിട്ട്.. “
“എന്നിട്ടെന്താ.. ഞാൻ അവിടെ പോയി നമ്മുടെ പ്രതീഷിനെയും രഘുവിനെയും നിനക്ക് ഓർമയില്ലേ… “
“ങ്ങാ.. രഘു കാരണം ആണല്ലോ നീ ഇങ്ങനൊരു സാഹസത്തിനു മുതിർന്നത്.. എന്നെ കൊണ്ട് ചാടിച്ചതും.. “
“എടാ അത് പിന്നെ… നിന്റെ പേരുണ്ടെന്നല്ലേ അല്ലേ ഉള്ളു സാധനം എന്റെ അല്ലേ… “
പല്ലവി ഇതെല്ലാം കേട്ടു ഒന്നും മനസ്സിലാവാത്ത പോലെ എന്നെ നോക്കി..
“ചിന്നു ഇതെല്ലാം ഇവൻ ഒപ്പിച്ച പണിയാ..
ഇവന്റെ ബാർ മേറ്റ്സ് ആയിരുന്നു ഈ രഘു.. എന്നെ നോക്കിയ പല്ലവിയോടായി ഞാൻ പറഞ്ഞു “
“ബാർ മെറ്റോ…” പല്ലവി കൗതുകത്തോടെ ചോദിച്ചു..
“ഹ്മ്മ്..അതും ഒരു സംഭവമാണ്.. ഞാൻ ഇരുന്ന കസേര മുന്നോട്ടു നീക്കി ടേബിളിനടുത്തേക് ഇട്ട് രണ്ടു കയ്യും ടേബിളിലേക് വെച്ചു പല്ലവിയോടായി പറയാൻ തുടങ്ങി..
“ദേ ഇവന്റേം ഡോണയുടെയും കൊടുമ്പിരി കൊണ്ട പ്രേമം…മിക്കവാറും രണ്ടും തമ്മിൽ എന്തെങ്കിലും പറഞ്ഞു അടി കൂടും… ഇപ്പോളും അതിനു മാറ്റം ഒന്നും വന്നിട്ടില്ല… ങ്ങാ അടി കൂടി കഴിഞ്ഞാൽ അതിന്റെ ദേഷ്യത്തിന് ബാറിൽ പോയി രണ്ടെണ്ണം അടിക്കും.. ഇവന് കൂട്ട് പോവാൻ ഞങ്ങൾ രണ്ടു പേരും.. ഞാനും മെർവിനും.. അവിടെ നിന്ന് കിട്ടിയ കമ്പനി ആണ് രഘുവും പ്രതീഷും. രഘു സി എം ഒ യും പ്രതീഷ് ഒരു ഡോക്ടറും ആയിരുന്നു രണ്ടുപേരും ചേർന്നാണ് ആ BFC എന്ന ക്ലിനിക് നടത്തിയിരുന്നത് “
“എന്നിട്ട് ഉണ്ണിയേട്ടൻ കുടിക്കുവോ…? “
“ആന കാര്യതിനെടേലാ അവളുടെ ചേന കാര്യം…” എനിക്ക് ദേഷ്യം വന്നു…
“ഹ ഹ.. ഇപ്പോ മനസ്സിലായോ മോനെ അനു.. എന്തിനാ പെൺപിള്ളേരും ആയിട്ട് ഒടക് ഉണ്ടാക്കുന്നെ എന്നു.. ഈ സൈസ് ആണ് എല്ലാം…. നമ്മള് കാര്യായിട്ട് എന്തേലും പറയുമ്പോ.. അതിനിടെൽ ഇങ്ങനെ ഓരോ കുനിഷ്ടു ചോദ്യം കൊണ്ട് വരും.. “
“ഓഹ്.. “ചുണ്ടു ഒരു വശത്തേക്കു കൊട്ടി അവൾ എന്നോട് പരിഭവം കാട്ടി..
ഞാൻ പറഞ്ഞതിന്റെ ബാക്കിയായി പൃഥ്‌വി തുടർന്നു
“ഇവൻ പറഞ്ഞത് സത്യം ആണ് പല്ലവി.. ഞാൻ ബാറിൽ ഇവന്മാരെ വിളിച്ചു കൊണ്ട് പോകുമായിരുന്നു വേറൊന്നും കൊണ്ടല്ല അവിടെ കൊടുക്കാൻ ക്യാഷ് വേണ്ടേ…. എന്റെ കയ്യിൽ അതുണ്ടായിരുന്നില്ല അതുണ്ടായിരുന്നത് പാലാക്കാരൻ അച്ചായനായ തോമാച്ചന്റെ ഒരെ ഒരു മകൻ മെർവിന്റെ കയ്യിലാണ്.. പിന്നെ തിരിച്ചു റൂമിലേക്കു വരുമ്പോൾ വണ്ടി ഓടിക്കാൻ ബോധം ഉള്ള ഒരാള് വേണ്ടേ അത് ഇവൻ ആണ്.. ഞങ്ങൾ രണ്ടാൾ കഴിക്കുമ്പോളും ഇവൻ കഴിക്കാറുണ്ടായിരുന്നില്ല…”
ഞാൻ നന്ദി സൂചകമായി അവനെ നോക്കി.
പല്ലവിയും എന്നെ വല്ലാതൊന്നു ഇരുത്തി നോക്കി..
പക്ഷെ എന്റെ ആശ്വാസത്തിന് കണ്ണ് ചിമ്മി തുറക്കുന്ന നിമിഷത്തിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു..
“അവനുള്ളത് ഞങ്ങൾ മേടിക്കും എന്നിട്ട് റൂമിൽ പോയിരുന്നു കൂടും… “
“നീ അതൊക്കെ ഇവിടെ പറയേണ്ട ആവശ്യം എന്താ പൊറിഞ്ചു..” എനിക്ക് ദേഷ്യം വന്നു..
“അയ്യെടാ അങ്ങനെ നീ മാത്രം അങ്ങനെ പുണ്യവാളൻ ആവണ്ടട്ടോ.. “അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ങ്ങാ നീ ബാക്കി പറ.. “
“നിനക്ക് ഓർമ്മയുണ്ടോ നമ്മൾ ഫെർട്ടിലിറ്റി സെന്ററിൽ പോയ ദിവസം.. “
എന്റെ ഓര്മയിലേക് ആ ദിവസങ്ങൾ കടന്നു വന്നു… ബേബി ഫെർട്ടിലിറ്റി സെന്ററിൽ നിന്നും രഘു വന്നു ക്ലാസ്സിൽ ഒരു സെമിനാർ എടുത്ത ദിവസം…രഘു വിന്റെ ഒരുപാടു നാളത്തെ നിർബന്ധതിന് വഴങ്ങി ആണ് കോളേജിൽ ഒരു സെമിനാർ അവധരിച്പ്പിക്കാൻ വഴി ഉണ്ടാക്കി കൊടുത്തത്… അവൻ എടുത്തത് സെമെൻ ഡൊനേഷനെ കുറിചുള്ള ഒരു സെമിനാർ ആയിരുന്നു . **** ***** ***** ***** ***** ****** ****** ****** രഘു വിന്റെ നല്ല സെമിനാർ ആയിരുന്നല്ലേ അനു.. നൈറ്റ് ക്യാന്റീനിൽ ഇരിക്കുമ്പോൾ ആയിരുന്നു പൊറിഞ്ചു ചോദിച്ചത്..
“നീ ആരോടാ പൊറിഞ്ചു ചോദിക്കുന്നെ മെർവിനോടാണോ.. ” ഞാൻ ചോദിച്ചു
അവൻ എന്റെ തോളിൽ ചാരി കിടന്നു നല്ല ഉറക്കം ആയിരുന്നു..
“പിന്നല്ലാതെ പീഡിയാട്രിക്സ് പീരിയഡ് തന്നെ എനിക്ക് ഉറക്കം വരുന്ന പീരിയഡ് ആണ്…വല്ല രാവിലെയും എടുക്കാൻ ഉള്ളതിന് പണ്ട് പ്ലസ്ടു വിനായിരുന്നേൽ ഉച്ച കഴിഞ്ഞു കെമിസ്ട്രി ഇപ്പോ പീഡിയാട്രിക്സ് ഇതൊക്കെ ഉറങ്ങാനുള്ള പീരിയഡ് ആണ് മക്കളെ ” മെർവിന് പറഞ്ഞു
“ആഹാ അതെന്നു മുതൽ.. ” ഞാൻ പരിഹാസത്തോടെ ചോദിച്ചു
“ആ കോന്തൻ തോമസ് പഠിപ്പിക്കാൻ തുടങ്ങിയത് മുതൽ.. ” അവൻ മറുപടി പറഞ്ഞു
“ഹ ഹ അത് ശെരിയാ പണ്ട് ആനി ഡോക്ടർ ക്ലാസ്സ് എടുത്തോണ്ടിരുന്നപ്പോൾ ഇവനെന്തൊരു ശുഷ്‌കാന്തി ആയിരുന്നു “
“അത് ഉദ്ദേശം വേറെ അല്ലാരുന്നോ പൊറിഞ്ചു “
“ആനി ഡോക്ടർ ക്ലാസ്സ് എടുത്തോണ്ടിരുന്നപ്പോൾ നിനക്ക് ഓർമ്മയുണ്ടോ അനു.. ഇവൻ ചോദിച്ച സംശയങ്ങൾ “
“ഏതു “
“നിയോനാറ്റോളജി ചാപ്റ്റർ എടുത്തോണ്ടിരുന്നപ്പോ ഇവൻ ബ്രേസ്റ് ഫീഡിങ്ങിനെ കുറിച്ച് ചോദിച്ച സംശയം.”
“ഹാ ഓർമയുണ്ട് ടെക്‌നിക്‌സ് ഓഫ് ഫീഡിങ് എന്തൊക്കെ ആണെന്ന് കാണിച്ചു തരുവോ എന്നല്ലേ… “
“ഹ ഹ അത് കൊണ്ടെന്താ പിറ്റേ ദിവസം ഇവൻ ക്ലാസ്സ് എടുക്കേണ്ടി വന്നില്ലേ “
മെർവിന്റെ ക്ലാസ്സ് ഓർത്തു ചിരിച്ചു കൊണ്ടാണ് ഞങ്ങൾ റൂമിലേക്കു വന്നതു.
ഞാനും പ്രിത്വിയും ഒരു റൂമിലും മെർവിൻ മറ്റൊരു റൂമിലും ആണ്.. പക്ഷെ രാത്രി മിക്കവാറും രണ്ടു ബെഡും അടുപ്പിച്ചിട്ടു മെർവിനും കൂടെ വന്നു കിടക്കും..
രാത്രി കിടക്കുമ്പോൾ ആണ് പൃഥ്‌വി വീണ്ടും ആ അഭിപ്രായം എടുത്തിട്ടത്.. ഞാൻ മെല്ലെ ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു .. മെർവിൻ അവൻറെ ഏതോ പുതിയ ലൈനുമായി കുറുകി കൊണ്ടിരുന്നു..
“എടാ അനു.. “
“ഹ്മ്മ്.. “അനു മൂളി..
“എടാ… പൃഥ്‌വി വീണ്ടും എന്നെ കുലുക്കി വിളിച്ചു..
“ങ്ങാ പറയെടാ.. “
“നമുക്കും സെമെൻ ഡോണറ്റ് ചെയ്താലോ… “
“നിനക്കെന്താ വട്ടാണോ…”
“നിനക്ക് അറിയാഞ്ഞിട്ടാ ഹൈ പ്രൊഫഷൻ സെമെന് നല്ല ഡിമാൻഡ് ആണെന്ന രഘു പറഞ്ഞത്… “
“അതുമല്ല.. എനിക്ക് കുറച്ചു കാശിനു ആവശ്യം ഉണ്ട്… “
“നിനക്കിപ്പോ എന്തിനാ കാശിന്റെ ആവശ്യം.. “
“സെമസ്റ്റർ ഫീ അടച്ചല്ലോ… “
“എടാ ഡോണയുടെ ബര്ത്ഡേ വരുന്നുണ്ട്.. അവൾക് എന്തേലും ഗിഫ്റ്റ് മേടിച്ചു കൊടുക്കണം… “
“ഹ്മ്മ് കൊമ്പത്തു കേറി പിടിക്കുമ്പോ ഓർക്കണം.. ഇങ്ങനെ ഗിഫ്റ്റ് ഒക്കെ കൊടുക്കേണ്ടി വരുമെന്ന്.. ” ഫോണിൽ കുറുകി കൊണ്ടിരുന്ന മെർവിൻ അത് കട്ടാക്കി കൊണ്ട് പറഞ്ഞു..
“നീ പോടാ നാറി… ആഴചയിൽ ആഴ്ചയിൽ ഉടുപ്പ് മാറുന്ന പോലെ ലൈൻ മാറ്റുന്ന തെണ്ടി എന്നെ ഉപദേശിക്കാൻ വരേണ്ട.. “
“ങ്ങാ നിങ്ങൾ എന്തേലും ചെയ് …” അവൻ അതും പറഞ്ഞു തിരിഞ്ഞു കിടന്നു
“രഘു എത്ര തരാം എന്നു പറഞ്ഞു.. “അനു പ്രിത്വിയോട് ചോദിച്ചു
“അതൊക്കെ സെറ്റ് ആക്കിയിട്ടുണ്ട് നമ്മൾ രണ്ടാളും കൊടുക്കുക ആണെങ്കിൽ നാൽപതു തരും… “
“എടാ കൊടുക്കുന്നതിനല്ല പക്ഷെ നമ്മൾ അറിയാതെ നമ്മുടെ കുട്ടി എവിടേലും ഒക്കെ ജീവിക്കുക എന്നു പറഞ്ഞാൽ.. എന്തോ.. എനിക്കതു ഉൾകൊള്ളാൻ ആവുന്നില്ല.. “
“പക്ഷെ അനു എത്രയോ കുട്ടികൾ ഇല്ലാത്തവർക്ക് അതൊരു ആശ്വാസം അല്ലേ.. ഒരു അച്ഛനും അമ്മയും എങ്കിലും നമ്മൾ കാരണം സന്തോഷപെടുമെങ്കിൽ.. ഒരുപക്ഷെ നമ്മുടെ ആ കുട്ടി ആയിരിക്കില്ലേ ഏറ്റവും കൂടുതൽ സ്നേഹം അനുഭവിച്ചു വളരുക. നീയെന്താ അതൊർക്കാതെ…”
“എന്തായാലും ഞാനില്ല… ” ഞാൻ പറഞ്ഞു.
“ഓക്കേ.. നീ എന്റെ കൂടെ വന്നാൽ മതി ഞാൻ എന്തായാലും കൊടുക്കാൻ തീരുമാനിച്ചു….” അവൻ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു
അവൻ പറഞ്ഞതൊക്കെ ചിന്തിച്ചു കൊണ്ട് കിടന്നു ഞാൻ എപ്പോളോ ഉറങ്ങി…
“ഇവിടുന്നെങ്ങനാടാ സെമെൻ എടുക്കുന്നെ.. ” പിറ്റേ ദിവസം ഫെർട്ടിലിറ്റി സെന്ററിന്റെ റിസപ്‌ഷനിൽ ഇരിക്കുമ്പോ ഞാൻ അവനോടു ചോദിച്ചു.
“ആ.. എനിക്കറീല്ല… നോക്കാം. “
“Mr.പൃഥ്‌വി… “ഒരു കിളിനാദം കേട്ടാണ് നോക്കിയത്..
ഒരു സുന്ദരിയായ പെൺകുട്ടി.. അവൾ വൈറ്റ് ഷർട്ടും ബ്ലാക് ഓവർ കോട്ടും ധരിച്ചിരുന്നു.മുട്ടിനു മുകളിൽ നിക്കുന്ന സ്കിൻ ടൈറ്റ് സ്‌കേർട്ടിന് താഴേക്കു കൊഴുത്ത കാൽ വണ്ണകളെ മൂടുന്ന ശരീരത്തിന്റെ നിറമുള്ള സ്റ്റോക്കിങ്സും ധരിച്ചിരുന്നു..കോട്ടിനു മുകളിലെ ചെറിയ നെയിം ബോര്ഡിലെ അക്ഷരങ്ങളെ ഞാൻ വായിച്ചു “ശിശിര “
പ്രിത്വിയുടെ കണ്ണുകളും അവളുടെ ദേഹത്തായിരുന്നു..
“മെർവിന് വരാത്തത് നന്നായി “പൃഥ്‌വി പറഞ്ഞു
“അത് ശെരിയാ വന്നിരുന്നേൽ ആ കോഴി പിന്നെ ഇവിടുന്നു ഇറങ്ങില്ലായിരുന്നു ” ഞാനും പ്രതിവചിച്ചു.
“നിങ്ങളെ രഘു സർ വിളിക്കുന്നുണ്ട്.. ” അവൾ പറഞ്ഞു
ഞങ്ങൾ സിഎംഒ എന്നെഴുതിയ ബോർഡ് വെച്ച മുറിയുടെ ഡോർ തുറന്നു ഉള്ളിലേക്കു ചെന്നു..
അവിടെ രഘു ഇരുപ്പുണ്ടായിരിന്നു..
“ഹായ് ഗുഡ് മോർണിംഗ് ഡോക്ടർസ്….”
“ഗുഡ് മോർണിംഗ്.. “ഞങ്ങളും തിരിച്ചു അഭിവാദ്യം ചെയ്തു..
“ഡോക്ടര് ആയിട്ടില്ല മാഷേ…സപ്പ്ളി ഒക്കെ എഴുതിയെടുക്കണ്ടേ..” ഞാൻ പറഞ്ഞു
“എന്നായാലും ആവുമല്ലോ… “ചിരിച്ചു കൊണ്ട് രഘു പറഞ്ഞു..
“എന്താ രണ്ടാളും ഡോനെറ്റ് ചെയ്യാൻ തീരുമാനിച്ചോ…”
“ഉവ്വ് രഘു.. “ഞാൻ ഇല്ല എന്നു പറയാൻ തുടങ്ങുന്നതിനു മുന്നേ അവൻ പറഞ്ഞിരുന്നു..
ഞാൻ ദേഷ്യത്തോടെ പ്രിത്വിയുടെ മുഖത്തേക് നോക്കി.. അവൻ ചിരിയോടെ കണ്ണിറുക്കി കാണിച്ചു..
“സീ.. പൃഥ്‌വി.. അനു.. നിങ്ങളുടെ കയ്യിൽ നിന്ന് ഞങ്ങൾ ഇതു സ്വീകരിച്ചാലും ഇതൊരിക്കലും സ്‌പേർമ് സ്വീകരിക്കുന്ന ആൾക്കോ മറ്റാർക്കുമെങ്കിലുമോ വെളിപ്പെടുത്തില്ല നിങ്ങളുടെ പേര് പോലും ഇവിടെ നോട്ട് ചെയ്യില്ല പകരം ഒരു കോഡ് ആയിരിക്കും.. “
“രഘു ഒരു ഫോം ഫിൽ ചെയ്യാനായി മുന്പിലേക് എടുത്തു വെച്ചു.. ഇതു നിങ്ങളെ കുറിച്ചുള്ള കുറച്ചു ഡീറ്റെയിൽസ് ഫിൽ ചെയ്യാനാണ് അഡ്രസ് ഞങ്ങളുടെ കയ്യിൽ വെക്കും എങ്കിലും അതൊരിക്കലും പുറത്ത് പോവില്ല പോയാൽ അത് ഞങ്ങളുടെ ഈ ഫെർട്ടിലിറ്റി സെന്ററിനെ തന്നെ ബാധിക്കും….ഈ ഫോമിൽ ഫിൽ ചെയ്യേണ്ടത്.. നിങ്ങളുടെ, ഹെയർ കളർ, ഐ കളർ, ഹൈട്, വെയിറ്റ്, കോംപ്ലെക്‌ഷൻ, തുടങ്ങിയ കാര്യങ്ങൾ ആണ്..” ” പിന്നെ ഒരു ബോഡി ടെസ്റ്റും ബ്ലഡ് ടെസ്റ്റും ഉണ്ട് അതിവിടുന്നു തന്നെ ചെയ്യും.. “
“ഈ സെമെൻ എങ്ങനെ എടുക്കും.. പൃഥ്‌വി സംശയം ചോദിച്ചു… “
“പ്രിത്വിക് അറിയില്ലേ.. “ചെറിയ ഒരു ചിരിയോടെ രഘു ചോദിച്ചു..
“രഘു അത്… “
“എടോ.. പുറത്ത് റൂം ഉണ്ട് ഇവിടുന്നു ഒരു 100ml ബോട്ടിൽ തരും… മാസ്റ്റർബേത് ചെയ്തു സെമെൻ കലക്ട ചെയ്താ മതി.. അല്ലെങ്കിൽ ആ ബോട്ടിൽ വീട്ടിൽ കൊണ്ട് പോയി കലക്ട ചെയ്തു വൺ അവറിൽ ഇവിടെ എത്തിച്ചാൽ മതി “
“ബാക്കി ഫോര്മാലിറ്റീസ് എല്ലാം ശിശിര ഹെല്പ് ചെയ്യും.. “
“ഏതു മാസ്റ്റർബേത് ചെയ്യാൻ ആ കുട്ടി സഹായിക്കുവോ? ചിരിച്ചു കൊണ്ട് പൃഥ്‌വി അന്വേഷിച്ചു… “
“മോനെ ഇതു ഫെർട്ടിലിറ്റി സെന്റർ ആണ് ഫ&&&%$ങ് സെന്റർ അല്ല..” രഘുവും ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..
പൃഥ്‌വി ചമ്മിയ മുഖത്തോടെ ഡോർ തുറന്നു പുറത്ത് വന്നു..
“എടാ പട്ടി ഞാൻ നിന്റെ കൂടെ വന്നു എന്നെ ഉള്ളു.. അല്ലാതെ ഞാൻ ഡോണെറ്റ് ചെയ്യാൻ ഒന്നും പോകുന്നില്ല…” പുറത്തേക് ഇറങ്ങുമ്പോൾ ഞാൻ പ്രിത്വിയോട് ദേഷ്യത്തിൽ പറഞ്ഞു
“എടാ നീ പേടിക്കണ്ട അതിനൊക്കെ വഴി ഉണ്ട് നീ കൂടെ നിന്നാൽ മതി.. “
രഘു പറഞ്ഞത് അനുസരിച്ചു ഞങ്ങൾ ശിശിരയെ പോയി കണ്ടു… ടെസ്റ്റുകൾ എല്ലാം പെട്ടെന്ന് തന്നെ കഴിഞ്ഞു വാ വട്ടമുള്ള രണ്ടു ബോട്ടിൽ എടുത്തു തന്നിട്ട് അവൾ സെമെൻ കളക്ട ചെയ്തു കൊണ്ട് വരാൻ പറഞ്ഞു…കൂടെ കയ്യും പെനിസും ക്ലീൻ ചെയ്യാൻ ഒരു ലിക്വിഡും .
“സർ സോപ്പ് ഒന്നും ഉപയോഗിക്കരുത് ഇതിട് തന്നെ ക്ലീൻ ചെയ്തിട്ട് കല്ലെക്ട ചെയ്യണം.. പിന്നെ നിങ്ങൾ ഇപ്പോ തന്നെ തരാൻ അല്ലേ.. വീട്ടിൽ പോയിട്ട് അല്ലല്ലോ.. “
“ഹേയ് അല്ല ഞാൻ ഇപ്പൊ തന്നെ തരാം ശിശിരയെ വല്ലാതൊന്നു നോക്കി പൃഥ്‌വി പറഞ്ഞു.. “
അവൻറെ കോഴി നോട്ടം കണ്ടു ഞാൻ അവൻറെ കയ്യിൽ പിടിച്ചമർത്തി..
പക്ഷെ ശിശിര ഇതത്രെ കണ്ടതാ എന്ന മട്ടിൽ ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു ” വീട്ടിൽ പോയി കളക്ട ചെയ്യുവാണേൽ വൺ അവറിൽ ഇവിടെ എത്തിക്കണം.. പിന്നെ ഫ്രിഡ്ജിൽ ഒന്നും വെക്കരുത്. കൊണ്ട് വരുമ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ തന്നെ ഇടണം.. “
“അതെന്തിനാ..? ” പ്രിത്വിക്ക് വീണ്ടും സംശയം.
“ബോഡി ടെംപെറേച്ചറിൽ തന്നെ മെയിന്റൈൻ ചെയ്യാൻ ആണ്.. “അവൾ മറുപടി പറഞ്ഞു
“ഓക്കേ.. ഓകെ. “
വീണ്ടും സംശയിച്ചു നിൽക്കുന്ന ഞങ്ങളെ കണ്ട ശിശിര വീണ്ടും തിരക്കി..
“എന്താ സർ ഇനിയ്യും വല്ല ഡൗട്ടും.. “
“ഇതെങ്ങനാ കൃത്യായിട്ട് ഇതിൽ തന്നെ… ഒഴിക്കുക.. “അവൻ എന്നെ തോണ്ടി ചോദിച്ചു…
ഞാൻ കൈ മലർത്തി…
“അല്ല.. ഇതിൽ എങ്ങനെ.. ” സംശയത്തോടെ അവൻ ശിശിര യോട് ചോദിച്ചു…
“ഓഹ്.. അങ്ങനെ.. “അവൾ മനസ്സിലായി എന്ന മട്ടിൽ ചിരിച്ചു കൊണ്ട് തല കുലുക്കി
“സർ എന്നാൽ ഞങ്ങൾ ഒരു കോണ്ടം തരാം അതിൽ കളക്ട ചെയ്തു ഇതിലേക്കു മാറ്റിയാൽ മതി.. “
“ഒക്കെ.. ഏതാ ഫ്ലേവർ… ” പൃഥ്‌വി എടുത്തടിച്ചു ചോദിച്ചു
“ഹ്ഹാ ഹാ..” അതിനു മറുപടിയായി അവൾ ചിരി പിടിച്ചു നിർത്താൻ ആവാതെ ചിരിച്ചു..
“സർ ഇതു സെമെൻ കളക്ട ചെയ്യാനാണ്.. അല്ലാതെ… ” ബാക്കി പറയാതെ അവൾ അർത്ഥഗർഭമായ് നോക്കുക മാത്രം ചെയ്തു
അവൻറെ ചമ്മിയ മുഖത്തേക് നോക്കിയ എനിക്കും ചിരി വന്നു
അവൻറെ കൂടെ പോയല്ലോ എന്നായിരുന്നു എന്റെ ചിന്ത..
അവൻ ചമ്മലോടെ ആണെങ്കിലും കോണ്ടവും വാങ്ങി…
“സാറിന് വേണോ” അവൾ എന്നെ നോക്കി ചോദിച്ചു
“വേണ്ട.. “ഞാൻ മറുപടി പറഞ്ഞു..
കോഡ് നമ്പർ എഴുതി സ്റ്റിക്കർ ഒട്ടിച്ച രണ്ടു ബോട്ടിലുമായി ഞങ്ങൾ ആ വാഷ്‌റൂമിലേക് നടന്നു..
നടക്കുന്നതിനിടയിൽ തന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്ന കുപ്പി അവൻറെ കയ്യിലേക് കൈ മാറിയിരുന്നു..
“നീ തന്നെ കൊടുത്ത മതി.. “ഞാൻ കുപ്പി അവൻറെ കയ്യിൽ കൊടുത്തോണ്ടു പറഞ്ഞു..
‘അല്ല എങ്ങനെ എടുക്കും നീ ഇവിടുന്നു.. “
“അതിനല്ലേ മോനെ കഷ്ടപ്പെട്ട് ഒപ്പിച്ച 1ജിബി ക്ലിപ്പിങ്‌സ്..” അവൻ പോക്കറ്റിൽ നിന്നും അവൻറെ N73 നോക്കിയ ഫോൺ എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു.
“ഹോ അപ്പോ തുനിഞ്ഞിറങ്ങിയേക്കുവാ അല്ലേ.. “ഞാൻ ചോദിച്ചു
“കാമുകിക് വേണ്ടി ജീവൻ വേണേലും പണയം വെക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. ഇതു കുറച്ചു കൂടുതൽ ആയിപ്പോയി.. “
“ഇതിനെന്താ കുഴപ്പം കാമുകിക് ഗിഫ്റ്റ് വാങ്ങാൻ എന്റെ ജീവൻ തന്നെയല്ലേ കൊടുക്കുന്നെ.. ഓരോ ബീജവും ഓരോ ജീവനാണ്.. വിയർപ്പിനെകാൾ വില ഉണ്ടതിനു… ” ഒരു തത്വജ്ഞാനിയെ പോലെ അവൻ പറഞ്ഞു
“ഹ്മ്മ് മോന് പോയി എന്നാന്നു വെച്ചാൽ ചെയ് ഞാൻ ഈ റൂമിൽ ഉണ്ടാകും.. കഴിയുമ്പോൾ വിളിച്ചാൽ മതി.. പുറത്ത് നിന്നിട്ടു അവർക്ക് സംശയം തോന്നേണ്ട.. “
“എന്നിട്ട് സർ തന്നെ രണ്ടു ബോട്ടലിലും സെമെൻ കളക്ട ചെയ്തു അവർക്ക് കൊടുത്തോ “
പല്ലവിയുടെ ചോദ്യം ആണ് എന്നെ ഓർമയിൽ നിന്നും ഉണർത്തിയത്…അപ്പോളേക്കും പൃഥ്‌വി പല്ലവിയോട് കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു.
“ഹ്മ്മ് ഞാൻ തന്നെ കൊടുത്തു…” പൃഥ്‌വി പറഞ്ഞു..
എന്താടാ ചിരിക്കൂന്നേ ഞാൻ ചിരിക്കുന്നത് കണ്ടു പൃഥ്‌വി ചോദിച്ചു..
“ഒന്നുമില്ല അന്നത്തെ സംഭവങ്ങൾ ഒക്കെ ഓർത്തതാ.. ഞാൻ “
കാമുകിക് ഗിഫ്റ്റ് വാങ്ങാൻ ആയിട്ടു ചെയ്ത സാഹസം ആണെന്ന് പല്ലവിയോട് പറഞ്ഞില്ല എന്നു തുടർന്നുള്ള സംഭാഷണത്തിൽ നിന്നും ബോധ്യമായി..
“പിന്നീട് നീ എങ്ങനാ അറിഞ്ഞേ… എന്റെ പേരിൽ നീ കൊടുത്ത സ്പെർമ് യൂസ് ചെയ്തു എന്നു. ” ഞാൻ വീണ്ടും സംശയത്തോടെ അവനോടു ചോദിച്ചു.
“ഞാൻ രഘുവിനെയും പ്രതീഷിനെയും കാണണം എന്നു വിചാരിച്ചാണ് പോയത് രഘുവിനോട് റിക്വസ്റ്റ് ചെയ്താൽ കാര്യം നടക്കും എന്നും എനിക്ക് ഉറപ്പായിരുന്നു.. പക്ഷെ.. അവിടെ ചെന്നപ്പോൾ ആണ് അറിഞ്ഞത് രഘു കുറച്ചു നാളുകൾക്കു മുൻപ് മരിച്ചു പോയ കാര്യം.. “
“ഓഹ്.. “എന്റെ മനസ്സിൽ രഘുവിന്റെ ചിരിക്കുന്ന മുഖം നോവ് പടർത്തി…
“രഘുവും അവൻറെ ഭാര്യയും മകളും ഒരാക്സിഡന്റിൽ മരിച്ചു..” പൃഥ്‌വി തുടർന്നു പറഞ്ഞു..
“കുട്ടികൾ ഉണ്ടാകാതിരുന്ന രഘുവാണു നിന്റെ പേരിൽ ഉണ്ടായിരുന്ന എന്റെ സ്‌പേർമ് യൂസ് ചെയ്തത്… പ്രതീഷ് പറയുന്നതിനിടയിൽ അറിയാതെ പറഞ്ഞ കാര്യം ആണിത്… ” “പക്ഷെ അത് കേട്ട എനിക്ക് പിന്നെ അവിടെ നിക്കാൻ തോന്നിയില്ല… എന്തായാലും അത് എന്റെ ജീവൻ തന്നെ അല്ലായിരുന്നോ അങ്ങനെ പോലും കുട്ടികൾ എനിക്കുണ്ടാവരുത് എന്നായിരിക്കണം ഈശ്വരന്റെ കണക്കു കൂട്ടൽ…” പറയുന്നതിനിടയിൽ പ്രിത്വിയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു… ഒരു കുഞ്ഞിനായി അവൻ അത്രക്കും മോഹിക്കുന്നെണ്ടെന്നു അവൻറെ നിറഞ്ഞ കണ്ണുകൾ എന്നോട് പറയുന്നുണ്ടായിരുന്നു…
തുളുമ്പി നിന്ന കണ്ണുകളിൽ നിന്നും രണ്ടു തുള്ളി ടേബിളിൽ വീണപ്പോൾ ആണ് ഞാൻ എണീറ്റു ചെന്നു അവൻറെ തോളിൽ പിടിച്ചത്….
ഹേയ് പൃഥ്‌വി സാരമില്ല എല്ലാം ദൈവ നിശ്ചയം എന്നു സമാധാനിക്കാം.. നിനക്ക് സ്നേഹിക്കാൻ ഒരു കുഞ്ഞിനെ ദൈവം തരും.. നീ ഇങ്ങനെ സില്ലി ആവല്ലേ…ഞാനല്ലേ പറയുന്നേ… കുറച്ചു കാത്തിരിക്കൂ.. ഞാൻ ഡോണയുടെ റിപോർട്ടുകൾ ഒന്നു നോക്കട്ടെ… ഞാൻ അവൻറെ തോളത്തു തട്ടി കൊണ്ട് പറഞ്ഞു….
“ഹ്മ്മ്.. “അവൻ എന്റെ കൈകൾ കൂട്ടി പിടിച്ചു…
“ശെരി ഡാ.. നീ നോക്ക് എന്തെങ്കിലും സ്കോപ്പ് ഉണ്ടെങ്കിൽ പറയു ” ഞാൻ പോട്ടെ..
“ഹ്മ്മ്.. നീ അവിടിരിക്കുന്ന ആളെ സമാധാനിപ്പിക് ഞാൻ പറയുന്നത് കേട്ടു തെറ്റി ധരിച്ചു പോയതാ ആള്.. ” റൂമിൽ നിന്ന് പുറത്തിറങ്ങാൻ പോയ പ്രിത്വി തിരിഞ്ഞു നിന്ന് പറഞ്ഞു..
“ഹേയ് എനിക്ക് തെറ്റി ധാരണ ഒന്നുമില്ല ” ചമ്മലോടെ അവൾ പറഞ്ഞു..
ഞാൻ പല്ലവിയെ നോക്കിയപ്പോളേക്കും അവൾ മുഖം താഴ്ത്തിയിരുന്നു..
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ ഉച്ചക്ക് ശേഷം ഗൈനക് OP ഉണ്ടായിരുന്നില്ല.. പോസ്റ്റ് ഡെലിവറി വാർഡിൽ ഒന്നു റൗണ്ട്സിനു പോകണമായിരുന്നു എനിക്ക്.. കൂടെ പല്ലവിയും ഉണ്ടായിരുന്നു…
ജനറൽ വാർഡിൽ പൊതുവെ ആള് കുറവായിരുന്നു മിക്കവരും റൂം തന്നെ ആയിരുന്നു സെലക്ട് ചെയ്തിരുന്നത്..
ഡെലിവറി കഴിഞ്ഞു കിടക്കുന്ന എല്ലാവരുടെയും അടുത്തെത്തി അവരോടൊക്കെ വേണ്ട നിർദ്ദേശങ്ങളും നൽകി… മിക്കവരും ഓരോ ഗിഫ്റ്റുകൾ തരാൻ ശ്രമിച്ചെങ്കിലും എല്ലാം സ്നേഹത്തോടെ നിരസിച്ചു അവർ സന്തോഷത്തോടെ തന്ന മധുരം മാത്രം അവരെ വിഷമിപിയ്ക്കേണ്ട എന്നു കരുതി സ്വീകരിച്ചു..
റൗണ്ടസ് കഴിയുമ്പോളേക്കും നാലു മണി ആയിരുന്നു… തിരിച്ചു എന്റെ റൂമിലേക്കു നടക്കുമ്പോൾ ആണ് ഒരു റൂമിൽ നിന്നും ഉച്ചത്തിലുള്ള സംസാരം കേട്ടത്..
“”അതെന്താ ഒച്ച കേൾക്കുന്നത് ‘” ഞാൻ പല്ലവിയോട് ചോദിച്ചു.
“അറിയില്ല ഉണ്ണിയേട്ടാ ” അവൾ മറുപടി പറഞ്ഞു..
“വാ നോക്കാം.. ” ഞങ്ങൾ ശബ്ദം കേട്ട മുറിയിലെക് വേഗത്തിൽ നടന്നു
ഞങ്ങൾ നടന്നു വന്നു കൊണ്ടിരുന്ന കോറിഡോറിനു സൈഡിൽ ഉള്ള റൂമിൽ നിന്നായിരുന്നു ശബ്ദം..
” നിങ്ങൾ ഈ മരുന്നൊക്കെ വെറുതെ എഴുതുന്നതല്ലേ പൈസ പിടുങ്ങാൻ അല്ലാതെ അസുഖം ഭേദമാക്കാൻ ഒന്നും അല്ലല്ലോ ” ആരുടെയോ ഉച്ചത്തിലുള്ള ശബ്ദം കേട്ടു.
“അയ്യോ.. പ്രഭാകരൻ അമ്മാവന്റെ ശബ്ദം ആണല്ലോ അത്.. ” പല്ലവി പറഞ്ഞു.
ദത്തനെ റൂമിലേക്കു മാറ്റുന്നത് അറിഞ്ഞിരുന്നെങ്കിലും ഞങ്ങൾ കാണാൻ പോയിരുന്നില്ല.. പല്ലവിയുടെ അച്ഛൻ വിശ്വൻ ഇടക് രണ്ടു പ്രാവശ്യം വന്നു പോയിരുന്നെങ്കിലും പല്ലവിയെ കണ്ടിരുന്നില്ല..
പാതി അടഞ്ഞു കിടന്ന വാതിൽ തുറന്നു ഞാൻ ഉള്ളിലേക്കു കയറി.. പിന്നിലായി വന്ന പല്ലവിക് മുറിയിലേക്കു കയറാൻ മടി ആയിരുന്നു.. എങ്കിലും അവൾ കയറി വന്നു എന്റെ പുറകിലായി നിന്നു..
മുറിയിൽ ഉണ്ടായിരുന്നത് ഡോക്ടർ പ്രകാശും സിസ്റ്റർ ശ്രുതിയും ആയിരുന്നു..
പല്ലവിയെ കണ്ടു കൊണ്ട് ശ്രുതി പല്ലവിയുടെ അടുത്തേക് നടന്നു..
ഞാൻ പ്രകാശ് ഡോക്ടറോട് ചോദിച്ചു..
“എന്താ ഡോക്ടർ എന്താ പ്രശ്നം “
“ഡോക്ടർ നിങ്ങൾ ഇവിടെ കൊണ്ട് വന്ന ആക്‌സിഡന്റ് കേസ് അല്ലേ ഇതു… പ്രശ്നം ഇയാളുടെ അച്ഛൻ ആണ് “
“എന്താണ് പ്രശ്നം mr.പ്രഭാകരൻ.. “ഞാൻ അയാളോട് ചോദിച്ചു..
“ഓഹ് അത് ചോദിക്കാൻ നീയാരാ ഈ ഹോസ്പിറ്റലിന്റെ MD ആണൊ.. “
അയാളുടെ ചോദ്യം കേട്ടു ഞാൻ തെല്ലു പതറി പോയെങ്കിലും അയാളോട് സമാധാനത്തോടെ സംസാരിക്കാൻ തീരുമാനിച്ചു. ഹോസ്പിറ്റലിൽ ഒരു ഇഷ്യൂ ഉണ്ടാകേണ്ട എന്നു വിചാരിച്ചു മാത്രം..
“സീ.. ഇവിടെ മറ്റു രോഗികളും അവരുടെ ബന്ധുക്കളും ഒക്കെ ഉള്ളതാണ് നിങ്ങൾ കാര്യമില്ലാതെ ബഹളം വെച്ചാൽ അത് മറ്റുള്ളവർക്ക് കൂടി ബുദ്ധി മുട്ടാണ്.. “
“എന്താ അമ്മാവാ പ്രശ്നം… “പല്ലവിയും എന്താ പ്രശ്നം എന്നറിയാൻ അയാളോട് ചോദിച്ചു..
“നിന്നെ ആരെങ്കിലും ഇങ്ങോട്ട് വിളിച്ചോ..” അയാൾ ദേഷ്യത്തിൽ തന്നെ പല്ലവിയോട് ചോദിച്ചു
പല്ലവിയോട് ദേഷ്യ പെട്ടത് അടുത്ത് തന്നെ നിന്ന രാധക് ഇഷ്ടപ്പെട്ടു പല്ലവിക് അതിനു മറുപടി പറയാൻ നാവ് തരിച്ചെങ്കിലും വേണ്ടാ എന്നു വെച്ചു.. അനുവിന്റെ പുറകിലേക്ക് നീങ്ങി നിന്നു
പ്രഭാകരൻ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“അനു നമ്മൾ എഴുതി കൊടുക്കുന്ന മരുന്നുകൾ അയാൾക് വിശ്വാസം അല്ലത്രേ അതൊന്നും അയാൾ വാങ്ങില്ല എന്നു.. ” പ്രകാശ് ഡോക്ടർ ആണ് അത് പറഞ്ഞത്
“ഓഹ് അത്രേ ഉള്ളോ…”ഞാൻ അത് നിസ്സാര മാക്കി പുച്ഛത്തോടെ തന്നെയാണു പറഞ്ഞത്.
“ഓഹ് അവനോടു ഇത്രയ്ക്കു അങ്ങ് മുട്ടി ഉരുമ്മി നിക്കാൻ അവൻ ആരാടി നിന്റെ ” അനുവിന്റെ അടുത്തേക് നിന്ന പല്ലവിയോട് പ്രഭാകരൻ ചോദിച്ചു..
“താൻ എന്ത് വൃത്തികേട് ആടോ പറയുന്നേ.. “പ്രകാശ് അത് കേട്ടു ദേഷ്യത്തോടെ പ്രഭാകരനോട് പറഞ്ഞു
“ഓഹ് ഞാൻ പറയുമ്പോ വൃത്തികേട് നിങ്ങള് ഡോക്ടർ മാരും നഴ്സു മാരും കൂടെ എന്തൊക്കെ വൃത്തികേടുകളാ കാണിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാൻ പാടില്ലാത്തതു ആണല്ലോ.. “
“ശേ.. എന്തൊരു സംസ്‍കാരം ഇല്ലാത്ത ആളാടോ താൻ.. “
ഇതെല്ലാം കേട്ടു കിടന്ന ദത്തൻ പ്രഭാകരനെ തടയാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നെങ്കിലും പ്രഭാകരൻ അതൊന്നും കാണുന്നുണ്ടായിരുന്നില്ല..
പ്രഭാകരന്റെ ലക്ഷ്യം അനു തന്നെ ആയിരുന്നു.. കാരണം അയാൾ അവിടുള്ള ദിവസങ്ങളിൽ അനുവും പല്ലവിയും തമ്മിലുള്ള അടുപ്പം കാണുന്നുണ്ടായിരുന്നു…. പല്ലവിയുടെ മുൻപിൽ വെച്ചു അനുവിനെ പേടിപ്പിക്കാനും പറ്റിയാൽ രണ്ടെണ്ണം കൊടുക്കാനും ആയിരുന്നു പ്രഭാകരന്റെ പ്ലാൻ.. അവർ നടന്നു വരുന്നത് കണ്ടു കൊണ്ട് തന്നെയാണ് ഈ പ്രശ്നം പ്രഭാകരൻ ഉണ്ടാക്കിയത്..
അപ്പോളേക്കും ശബ്ദം കേട്ടു പ്രിത്വിയും അവിടേക്കു എത്തിയിരുന്നു..
“എന്താ അനു എന്താ പ്രശ്നം.. “
“ചെറിയ പ്രശ്നമേ ഉള്ളു പൃഥ്‌വി.. ഒന്നു ഇയാൾക്ക് ഇവിടെ നമ്മൾ കൊടുക്കുന്ന മരുന്നിൽ വിശ്വാസം ഇല്ല.. രണ്ടു ഇയാൾ ബഹളം വെച്ചത് ചോദിക്കാൻ വന്ന ഞാൻ ഈ ഹോസ്പിറ്റലിന്റെ MD ആണൊ എന്നു.. മൂന്നു ഈ പല്ലവി എന്നെ തൊട്ടുരുമ്മി നില്കാൻ എന്താ ബന്ധം എന്നു അത് പറയുമ്പോൾ ഞാൻ എന്റെ വലം കൈ കൊണ്ട് പല്ലവിയെ എന്നിലേക്കു ചേർത്തു പിടിച്ചിരുന്നു “
അത് കണ്ട പ്രഭാകരന്റെയും രാധയുടെയും മുഖം വിളറി വെളുത്തു.. അയാളുടെ മുഖത്തേക് ദേഷ്യം ഇരച്ചെത്തി… ദത്തൻ ഇതൊക്കെ കണ്ടു നിർവികാരനായി കിടന്നു..
“ടാ.. “പ്രഭാകരൻ അലറി കൊണ്ട് വന്നു പല്ലവിയെ കയ്യിൽ പിടിച്ചു മാറ്റി നിർത്തി..
“കുടുംബത്തിൽ പിറന്ന പെൺപിള്ളേരോട് തോന്നിയ വാസം കാണിക്കുന്നോ.. “
അയാൾ എന്റെ നേരേ നടന്നടുത്തു..
“ഹാ ഹ ഹ..” പൃഥ്‌വി ഇതൊക്കെ കണ്ടു പൊട്ടി ചിരിച്ചു.. എന്നിട്ട് തിരിച്ചു പോയി ഡോർ കുറ്റി ഇട്ടിട്ടു വന്നു..
“ഇവൻ ആരാന്നു നിങ്ങടെ മോനോട് ഒന്നു ചോദിച്ച മതിയരുന്നല്ലോ… പിന്നെ നിങ്ങൾ ഇപ്പൊ പിടിച്ചു മാറ്റിയ പല്ലവി അത് ഇവൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണാണ് എന്നാണ് ഞങ്ങളുടെ അറിവ് അല്ലടാ ” എന്റെ തോളത്തു തട്ടികൊണ്ട് പൃഥ്‌വി പറഞ്ഞു.
ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.. ശ്രുതിക് നേരത്തെ സൂചന കിട്ടിയിരുന്നത് കൊണ്ട് അത്ഭുതം ഒന്നുമില്ലായിരുന്നു.. പ്രകാശ് മാത്രം കേട്ടത് വിശ്വസിക്കാമോ എന്ന സംശയത്തിൽ നിന്നു.
“ടാ.. “പ്രഭാകരൻ എന്റെ നേരേ കയ്യും ചുരുട്ടി വരുന്ന കണ്ടു.. അത് കണ്ടു ഡോക്ടർ പ്രകാശും പല്ലവിയുമൊക്കെ പേടിച്ചു..
പ്രകാശ് പെട്ടെന്ന് മുന്നോട്ട് വരാൻ തുടങ്ങിയപ്പോ പൃഥ്‌വി തടഞ്ഞു..
“അയാൾ ചോദിച്ചു മേടിക്കുന്നതു മേടിച്ചോട്ടെ.. നമ്മൾ മാറി നിന്നാൽ മതി.. “
പ്രകാശ് അത്ഭുതത്തോടെ പ്രിത്വിയെ നോക്കി അവൻ കണ്ടോ എന്ന അർത്ഥത്തിൽ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു..
അപ്പോളേക്കും പ്രഭാകരൻ ഷിർട്ടിന്റെ കയ്യും തെറുത്തു കേറ്റി എന്റെ അടുത്ത് എത്തിയിരുന്നു…
“അമ്മാവാ വേണ്ട.. “പല്ലവി പേടിച്ചു മുന്പോട്ട് ചെന്നു അയാളുടെ കയ്യിൽ പിടിച്ചു..അയാൾ അവളുടെ കൈ തട്ടി മാറ്റി..ആ ആയത്തിൽ അവൾ തെറിച്ചു നിലത്തേക് വീണു.. ഞാൻ അവളുടെ കൈ പിടിച്ചു എണീപ്പിക്കാൻ നോക്കുമ്പോളേക്കും പ്രഭാകരന്റെ കൈ എന്റെ കോളറിന് പിടിത്തം ഇട്ടിരുന്നു..
“കയ്യെടുക്കേടോ.. “എന്റെ ശബ്ദം ഉറച്ചതായിരുന്നു..
“എടുത്തില്ലെങ്കിൽ.. “പ്രഭാകരൻ കട്ടായം പറഞ്ഞു
ഞാൻ അയാളുടെ കൈ തട്ടി മാറ്റി പല്ലവിയെ പിടിച്ചെഴുന്നേല്പിച്ചു എന്റെ പുറകിലേക്ക് മാറ്റി നിർത്തി അവൾ അപ്പോളും പേടിച്ചു നോക്കുന്നുണ്ടായിരുന്നു..
“എന്റെ ചെറുക്കന് പറഞ്ഞുറപ്പിച്ച പെണ്ണ് തന്നെ വേണമല്ലേ നിനക്ക് കെട്ടാൻ.. “
അയാളുടെ കൈ എന്റെ കഴുത്തിനു കുത്തി പിടിച്ചിരുന്നു..
പ്രകാശ് മുന്പോട്ടു വന്നെങ്കിലും പൃഥ്‌വി തടഞ്ഞു.. പല്ലവിയും ദയനീയമായി പ്രിത്വിയെ നോക്കി…
“സർ…ഒന്ന് പിടിച്ചു മാറ്റു “പ്രിത്വിയെ നോക്കി പല്ലവി പറഞ്ഞു
അവൻ പക്ഷെ ചിരിച്ചു കൊണ്ട് നിന്നു..
“എന്റെ കഴുത്തിൽ നിന്ന് കയ്യെടുക്കു…” ഞാൻ പ്രഭാകരനോട് പറഞ്ഞു
അയാൾ അപ്പോളേക്കും എന്നെ ഉന്തി ഭിത്തിയോട് ചേർത്തിരുന്നു..
“നീ വെറുതെ കളിക്കാൻ നിക്കണ്ട നരന്ത് ചെക്കാ.. പ്രഭാകരന്റെ കയ്യുടെ ചൂട് നീയറിയും.. “
എന്റെ കഴുത്തു ചെറുതായി വേദനിച്ചു തുടങ്ങിയിരുന്നു..
എന്റെ കഴുത്തിലൂടെ ഇട്ടിരുന്ന സ്റ്റെത് ഊരി പ്രിത്വിയുടെ കയ്യിലേക് ഇട്ട് കൊടുത്തു..
എന്റെ കഴുത്തിനു മുറുക്കിയിരുന്ന പ്രഭാകരന്റെ കണം കൈയിൽ എന്റെ ഇടം കൈ അമർന്നു.. അയാളുടെ കണം കയ്യിലെ ഞരമ്പുകളുടെ ഇടയിലേക്ക് എന്റെ തള്ള വിരൽ അമർത്തി.. അയാളുടെ പിടി എന്റെ കഴുത്തിൽ നിന്നും മെല്ലെ വിട്ടു.. പിന്നെ അതൊരു വേദനയായി അയാളുടെ കണ്ണുകളിൽ ഞാൻ അറിഞ്ഞു.. അയാളുടെ കൈ ഇടത്തേക്ക് തിരിച്ചതും ചെവിക്കല്ല് തീർത്തു ഒരെണ്ണം കൊടുത്തു.. പ്രഭാകരൻ അടുത്ത കൈ വീശിയെങ്കിലും അതും എന്റെ കൈക്കുള്ളിൽ ഒതുങ്ങി.. രണ്ടു കയ്യും രണ്ടു വശത്തേക്കു തിരിച്ചപ്പോൾ അയാൾ വേദന കൊണ്ട് പിന്നോട്ട് ആഞ്ഞു പുളഞ്ഞു.. അതെ ആയത്തിൽ തന്നെ അയാളെ ഞാൻ പിന്നോട്ട് തള്ളി.. തറയിലേക് അയാൾ മലർന്നടിച്ചു വീണു..
അയാൾ പിന്നെയും വീര്യത്തോടെ എന്നെ അടിക്കാനായി ചാടി എണീറ്റു അപ്പോളേക്കും എന്റെ വീശിയ കാൽ അയാളുടെ നെഞ്ചിൽ പതിഞ്ഞിരുന്നു വീണ്ടും തറയിലേക് വീഴാൻ പോയ അയാളുടെ നെഞ്ചും കൂടു നോക്കി എന്റെ ചുരുട്ടിയ കൈ തലം പതിഞ്ഞിരുന്നു.
നിലത്തേക് ചുരുണ്ട അയാളെ ഞാൻ വലിച്ചു പൊക്കി.. ചെവികല്ലിനു ഒരെണ്ണം കൂടെ കൊടുത്തു… “ഇതു നിങ്ങൾ ഇരന്നു വാങ്ങിയതാണ് ” ഞാൻ ദേഷ്യത്തോടെ അയാളോട് പറഞ്ഞു അപ്പോളെക്കും പൃഥ്‌വി വന്നു എന്നെ പിടിച്ചു
“എടാ മതി ബാക്കി പോലീസുകാർ കൊടുത്തോളും.. ഞാൻ SP യെ വിളിച്ചു പറയാം ഡോക്ടർസിനെ ആക്രമിക്കാൻ ശ്രമിച്ചു.. സിസ്റ്റർമാരോട് അപമര്യാദയായി പെരുമാറി.. ഹോസ്പിറ്റലിനുണ്ടാക്കിയ നാശ നഷ്ടം വേറെയും.. എല്ലാം ചേർത്തു കുറച്ചു ദിവസം ജയിലിൽ പോയി കിടക്കട്ടെ.. “
“അയ്യോ സാറെ പോലീസിനെ ഒന്നും വിളിക്കേണ്ട… ഞാൻ കാലു പിടിക്കാം” കരഞ്ഞു കൊണ്ട് രാധ പ്രിത്വിയുടെ അടുത്തേക് വന്നു..
പ്രഭാകരന് നേരേ നിക്കാൻ ആവാതെ അവിടുണ്ടായിരുന്ന കസേരയിലേക് ഇരുന്നു.. ഞാൻ അയാളുടെ അടുത്തേക് നടന്നു.. ആ മുഖം പിടിച്ചു മുകളിലേക്കു ഉയർത്തി.. ആ കണ്ണുകളിൽ നോക്കി ചോദിച്ചു..
“തനിക്കു എന്നെ അറിയാമോഡോ… എന്നെ അറിയില്ലെങ്കിലും എന്റെ അച്ഛനെ താൻ മറന്നു കാണില്ല… സഖാവ് കൃഷ്ണനെ തനിക്കു അങ്ങനെ മറക്കാൻ പറ്റുവൊ.. ” അയാളുടെ കണ്ണുകളിൽ പേടിയുടെ തിളക്കം ഞാൻ കണ്ടു.. “ഇപ്പൊ മനസ്സിലായോ തനിക്കു പല്ലവി എന്റെ പെണ്ണായതു എങ്ങനെ എന്നു.. തന്റെ മോനെ കിടത്തിയ പോലെ തന്നെ കിടത്താൻ എനിക്കറിയാഞ്ഞിട്ടല്ല.. ഇനിയും തല്ലിയാൽ താൻ ചത്തു പോകും അത് കൊണ്ടാ … “
ഞാൻ ദത്തന്റെ അടുത്തേക് നീങ്ങി.. ആ മുഖത്തു ഇതെല്ലാം സംഭവിച്ചിട്ടും ഒരു നിർവികാരത ആയിരുന്നു…
“നിങ്ങൾക്കു ഇവിടുത്തെ ചികിത്സയിൽ വിശ്വാസം ഉണ്ടെങ്കിൽ നിക്കാം അല്ലെങ്കിൽ ഡിസ്ചാർജ് വാങ്ങി പോകാം.. വേണോ ” ഞാൻ ദത്തനെ നോക്കി ചോദിച്ചു..
വേണ്ടാ എന്ന അർത്ഥത്തിൽ അവൻ തലയാട്ടി..
പ്രഭാകരൻ ഒന്നും മിണ്ടാതെ കസേരയിൽ തല കുനിച്ചു തന്നെ ഇരുന്നു.. അയാളുടെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയൊരു അപമാനം ആയിരുന്നു നിമിഷങ്ങൾക്ക് മുൻപ് നടന്നത്…
“അനു എല്ലാ അഭ്യാസവും കയ്യിൽ ഉണ്ടല്ലേ മുറിയിൽ നിന്നും പുറത്തേക് നടക്കുമ്പോൾ പ്രകാശ് ചോദിച്ചു “
“ഇങ്ങനെയുള്ള ഐറ്റംസിന്റെ അടുത്ത് പിടിച്ചു നിക്കണേൽ ഇതൊക്കെ വേണം ഡോക്ടറെ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
“ഇവൻ പിടിച്ചു മാറ്റിയിട്ടാ അല്ലേൽ രണ്ടെണ്ണം കൂടെ കൊടുത്തേനെ അയാൾക് ഞാൻ “
“എന്നിട്ട് വേണം അയാൾ ചാവാൻ… ഞാൻ എന്തായാലും കേസ് കൊടുക്കുന്നില്ല sp യോട് ഒന്ന് സൂചിപ്പിച്ചിടാം.. വിഷം ഉള്ള ഇനം ആണേ ഇനി നമ്മുടെ പേരിൽ എങ്ങാനും കേസ് കൊടുത്തു നമുക്ക് പണി ആകണ്ട ” പൃഥ്‌വി പറഞ്ഞു.
“എടാ എന്നാൽ പിന്നെ നാളെ കാണാം.. ” ഞാൻ പ്രിത്വിയോടും പ്രകാശിനോടും യാത്ര പറഞ്ഞു പല്ലവിയെയും കൂട്ടി പുറത്തേക് നടന്നു..
പുറതേക് പോകാൻ കോറിഡോറി ലൂടെ നടക്കുമ്പോൾ ആണ് പിന്നിൽ നിന്നും മീര ഡോക്ടർ വിളിച്ചത്.
“അനു ഡോക്ടർ… ഒരു മിനിറ്റ് ഒന്ന് വരുവോ.. “
“പല്ലവി നിക്കു.. ഞാൻ നോക്കീട്ട് വരാം. “
“ശെരി ഞാൻ പുറത്ത് ഉണ്ടാവും. “
“എന്താ ഡോക്ടർ” ഞാൻ മീരയോട് തിരക്കി.
“ഡോക്ടർ ഫ്രീ ആണൊ ആണെങ്കിൽ നമുക്ക് ക്യാന്റീനിൽ പോയിരുന്നു സംസാരിക്കാരുന്നു..അല്ലെങ്കിൽ പുറത്ത് എവിടെയെങ്കിലും.. ” അവൾ സംശയത്തോടെ ചോദിച്ചു
“എന്താണ് എങ്കിലും ഇവിടുന്നു പറഞ്ഞോളൂ. “
“അല്ല ഡോക്ടർ കുറച്ചു പേർസണൽ ആണ്… ഡോക്ടർക് ഇപ്പൊ സമയം ഉണ്ടെങ്കിൽ മതി..'”
“സോറി ഡോക്ടർ.. അതിപ്പോ.. ഞാൻ പല്ലവിയോട് പുറത്ത് വെയിറ്റ് ചെയ്യാൻ പറഞ്ഞിരുന്നു. “
“ഓഹ്.. പല്ലവി.. അവൾ നേഴ്സ് അല്ലേ ഡോക്ടർ.. അനു വിനു എന്താ ഇത്ര അടുപ്പം.. വെറുതെ എന്തിനാ മറ്റുള്ള സ്റ്റാഫിനെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുന്നത്.. ഇപ്പോൾ തന്നെ ഓരോരുത്തരും പറയാൻ തുടങ്ങി..എനിക്ക് അതു ഇഷ്ടം അല്ല കേട്ടോ ഡോക്ടർ. “
മീര കൂടുതൽ സ്വാതന്ത്ര്യം എടുക്കുന്നു എന്നെനിക്കു തോന്നി..
“സീ ഡോക്ടർ മീര …” ഞാൻ പറയാൻ തുടങ്ങിയപ്പോലേക്കും ശ്രുതി സിസ്റ്റർ മീരയെ വിളിച്ചു.
“ഡോക്ടർ ഒന്ന് കാശ്വാലിറ്റി യിൽ വാ ഒരു അർജന്റ് കേസ് ഉണ്ട്. “
“എന്നാൽ ഞൻ പോട്ടെ അനു അവൾ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..നമുക്ക് നാളെ കാണാം.. “
അവളുടെ കണ്ണുകളിലെ തിളക്കവും ചുണ്ടിലെ ചിരിയും എന്റെ മനസ്സിൽ വല്ലാത്ത ഒരു അസ്വസ്ഥത ആണ് സൃഷ്ടിച്ചത്.
“എന്താ മീര ഡോക്ടറുമായി ഒരു സ്വകാര്യം.. ” പല്ലവിയുടെ അടുത്തെത്തിയപ്പോൾ അവൾ ചോദിച്ചു
“ഹേയ് അതൊന്നുമില്ല ..എന്നോട് എന്തോ പേർസണൽ ആയി പറയണം എന്നു.. ഞാൻ ഫ്രീ ആണോന്നു ചോദിക്കാൻ വിളിച്ചതാ “
“എന്നിട്ട് ഉണ്ണി ഏട്ടൻ എന്ത് പറഞ്ഞു “
“എന്ത് പറയാൻ ഇപ്പൊ ഫ്രീ അല്ലെന്നു പറഞ്ഞു “
“ഹ്മ്മ് ഡോക്ടർക് ചെറിയ പനിയുണ്ടോ എന്നു എനിക്ക് ഡൌട്ട് ഉണ്ട്… “മുൻപോട്ടു നടക്കുന്നതിനിടയിൽ പല്ലവി ചെറു ചിരിയോടെ പറഞ്ഞു
“പനിയോ എന്ത് പനി.. “
“അതോ പ്രേമ പനി… “
“ഹ ഹ എനിക്കും തോന്നി… കൺസൾട്ട് ചെയ്യാൻ വരട്ടെ എന്നാൽ അല്ലേ മരുന്ന് കൊടുക്കാൻ പറ്റു “
“എന്നാൽ ഞാൻ പോട്ടെ ഉണ്ണിയേട്ടാ ” പല്ലവി യാത്ര പറഞ്ഞു ഗേറ്റിനു അടുത്തേക് നടക്കാൻ ഒരുങ്ങി.
“വാ ഞാൻ കൊണ്ട് വിടാം ” പല്ലവിയോടായി ഞാൻ പറഞ്ഞു.
“വേണ്ട ഉണ്ണിയേട്ടാ ഞാൻ ഒരു ഓട്ടോ പിടിച്ചു പോയ്കോളാം.. “
“ചുമ്മാ കളിക്കാതെ വാ പെണ്ണെ ” സ്വാതന്ത്ര്യത്തോടെ അവളുടെ കയ്യിലേക് പിടിച്ചു ഞാൻ പുറത്തേക് നടന്നു.
കാറിനടുത്തേക് ചെന്നു ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു പല്ലവിയെ കയറ്റി ഇരുത്തി.. കാറിന്റെ പുറകിലൂടെ വന്നു ഡ്രൈവിംഗ് സീറ്റിലേക് കയറി വണ്ടി സ്റ്റാർട്ട് ചെയ്തു പിന്നിലേക്ക് എടുത്തു അവിടെ ഇട്ട് തന്നെ വണ്ടി തിരിച്ചതിനു ശേഷം ഹോസ്പിറ്റലിന്റെ ഫ്രണ്ട് ഗേറ്റ് വഴി പുറത്തേക് ശ്രീലകം ലക്ഷ്യമാക്കി മുന്നോട്ടെടുത്തു..
“അയാൾ ഇപ്പൊ വിളിച്ചു പറഞ്ഞിട്ടുണ്ടാവും അച്ഛനോട് എല്ലാം…നേരിയൊരു ഭയത്തോടെ പല്ലവി പറഞ്ഞു “
“പറയട്ടെ ” എന്നായാലും എല്ലാവരും അറിയണം അതിനു എന്തിനാ പേടിക്കുന്നെ
“എനിക്ക് പേടിയാ.. ഉണ്ണിയേട്ടാ.. ” അവൾ സീറ്റിൽ ഒന്ന് ഇളകി എനിക്ക് അഭിമുഖ മായി ചെരിഞ്ഞു ഇരുന്നു
“ഞാൻ കൂടെ ഉള്ളപ്പോളോ.. ” തേർഡ് ഗിയറിൽ നിന്നും ഷിഫ്റ്റ് ചെയ്തു സെക്കൻഡ് ഗിയറിലേക് ഇട്ട് കാറിന്റെ വേഗത കുറച്ചു കൊണ്ട് ഞാൻ അവളോട് ചോദിച്ചു.
“എപ്പോളും ഉണ്ണിയേട്ടൻ കൂടെ ഇല്ലല്ലോ..” ഫ്രണ്ട് ഗ്ലാസ്സിലൂടെ പുറത്തേക് നോക്കി നഖം കടിച്ചു കൊണ്ട് അവൾ പറഞ്ഞു
“ഇന്ന് തന്നെ ആ പ്രഭാകരൻ അമ്മാവൻ ഉണ്ണിയേട്ടനെ തല്ലിയിരുന്നെങ്കിലോ എനിക്ക് ഓർക്കാൻ കൂടി വയ്യ.. ഞാൻ എന്തോരം പേടിച്ചു എന്നറിയ്യോ”
അത് പറയുമ്പോൾ അവളുടെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു അവൾ അനുഭവിച്ച മാനസിക സംഘർഷം..
“അങ്ങനെ ഒന്നും സംഭവിച്ചില്ലല്ലോ അയാൾക്കിട്ടു കൊടുക്കാനുള്ളത് കൊടുക്കുകയും ചെയ്തു.. തത്കാലം അച്ഛനും മോനും വല്ല്യ ശല്യത്തിന് വരില്ല വന്നാൽ നോക്കാം.. “
“അന്ന് ആ ദത്തന് സംഭവിച്ചത് ആക്‌സിഡന്റ് തന്നെ ആയിരുന്നോ. “
“അതെ എന്താ സംശയം “
“സംശയം ഉണ്ടെനിക്ക് ഇന്നത്തെ പെർഫോമൻസ് കണ്ടപ്പോൾ ” അവൾ എന്നെ ഒളികണ്ണിട്ടു നോക്കി കൊണ്ട് പറഞ്ഞു..
“പ്രിവൻഷൻ ഈസ് ബെറ്റർ ദാൻ ക്യൂർ ” കേട്ടിട്ടില്ലേ അത്രേ ഉള്ളു..
“ഹ്മ്മ് അപ്പോ ഞാൻ വിചാരിച്ചതു തന്നെ “
“എന്ത് വിചാരിച്ചു “
“അന്ന് അജു പറയുന്നത് കേട്ടപ്പോൾ തന്നെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് മണത്തതാ.. പിന്നെ ഇന്നത്തെ പെർഫോമൻസും ദത്തന്റെ മുഖത്തെ ഭാവവും ഒക്കെ കണ്ടപ്പോൾ തീർച്ചയായിരുന്നു അത് വെറും ഒരു ആക്‌സിഡന്റ് അല്ല എന്നു “
“എന്തായാലും നന്നായി കുറച്ചു കാലം ശല്യം ഉണ്ടാവില്ലല്ലോ ” അവൾ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.. എങ്കിലും അവളുടെ ഉള്ളിൽ ആകുലതകൾ ഉണ്ടായിരുന്നു..
“വരുന്നോ മുത്തശ്ശനെ കാണാൻ.. ” ശ്രീലകത്തിന്റ ഗേറ്റിനു മുന്നിൽ കാർ നിർത്തുമ്പോൾ പല്ലവി ചോദിച്ചു..
“ഇപ്പൊ ഇല്ല “ഞാൻ അമ്മയേം കൂട്ടി വരാം ഒരു ദിവസം.. പെണ്ണ് ചോദിക്കാൻ..
“ആണൊ ” ഡോർ തുറന്നു പുറത്തിറങ്ങിയ അവൾ താഴ്ത്തിയ വിന്ഡോ ഗ്ലാസിന് മീതെ കൈ വെച്ചു കൊണ്ട് ചോദിച്ചു..
“ചോദിച്ചിട്ട് സമ്മതിച്ചില്ലെങ്കിലോ..? “
“ആര്? ” ദി ഗ്രേറ്റ് വിശ്വനാഥനോ..
“ങ്ങാ അല്ലാതെ ആര്… “
“അതപ്പോൾ നോക്കാം… “
“ഹ്മ്മ് ശെരി… വീട്ടിൽ എത്തിയിട്ട് വിളിക്കണേ.. “ഡോർ തുറന്നു പുറത്തിറങ്ങുമ്പോൾ പറയാൻ അവൾ മറന്നില്ല.
അവൾ ഗേറ്റിനടുത്തേക് നടക്കുന്നതും നോക്കി ഞാൻ വണ്ടി തിരിച്ചു… മുന്നോട്ടെടുക്കുമ്പോൾ പിന്നിലെ ഗ്ലാസ്സിലൂടെ ഗേറ്റിൽ പിടിച്ചു നോക്കി നിൽക്കുന്ന പല്ലവിയെ കണ്ടു.. തിങ്ങിയ മര ചില്ലകളിലൂടെയും ഇല ചാർത്തുകളിലൂടെയും അരിച്ചെത്തിയ സ്വർണ രശ്മികൾ അവളുടെ മുഖത്തിന്റെ തിളക്കം വർധിപ്പിച്ചിരുന്നു.. അലസമായെത്തിയ ഇളം കാറ്റു അവളുടെ ചെമ്പൻ മുടിയിഴകളെ തഴുകി കടന്നു പോകുമ്പോൾ യാത്ര പറയാനെന്ന വണ്ണം മുടിയിഴകൾ മെല്ലെ ചലിച്ചു കൊണ്ടിരുന്നു….. ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മ അടുക്കളയിൽ എന്തോ തിരക്കിൽ ആയിരുന്നു
“അമ്മേ എനിക്കൊരു ചായ എടുത്തോളൂ. “
അടുക്കളയിലേക് നോക്കി അതും വിളിച്ചു പറഞ്ഞു ഞാൻ റൂമിലേക്കു നടന്നു…
റൂമിൽ കയറി ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരുമ്പോളേക്കും അമ്മ ചായ ഉണ്ടാക്കിയിരുന്നു..
“ഉണ്ണി ഇതാ ചായ.. “എന്റെ നേരേ ചൂടുള്ള ചായ നീട്ടി കൊണ്ട് അമ്മ പറഞ്ഞു..
“അജു എന്തിയെ അമ്മേ “
അവനെ അവിടെ ഒന്നും കാണാത്തത് കൊണ്ട് ഞാൻ ആരാഞ്ഞു..
“അവൻ വായന ശാലയിലേക്കെന്നും പറഞ്ഞു ഉച്ചക്ക് ഇറങ്ങിയതാ.. ” അമ്മ മറുപടി പറഞ്ഞു
ഞാൻ ചൂട് ചായ മെല്ലെ ഊതി കുടിച്ച് കൊണ്ടിരുന്നു..
“അമ്മ എന്താ അടുക്കളയിൽ കാര്യമായ പണി.. അത്താഴത്തിനാണേൽ എനിക്ക് ഇന്നലത്തെ പോലെ കഞ്ഞി തന്നെ മതി. “
“അതല്ലെടാ..” “അജു തിരിച്ചു കോളേജിലെക് പോകുവല്ലേ പോകുമ്പോ കുറച്ചു കായ ഉപ്പെരിയോ ചക്ക ഉപ്പെരിയോ കൊടുത്തു വിഡാന്ന് വെച്ചു അത് വറക്കുവാരുന്നു..”
“അതിനു ഇതൊക്കെ എവിടുന്നു കിട്ടി.. “
“അപ്പുറത്തെ വീട്ടിലെ മാഷ് തന്നു ഒരു കുല നേന്ത്ര കായും ഒരു ചക്കയും.. ഉച്ച കഴിഞ്ഞപ്പോ തൊട്ടു അതിന്റെ പണിക് ഇരുന്നതാ.. എല്ലാം ഒരുക്കി വച്ചു ഇനി വറുത്ത മതി.. “
“അമ്മേടെ കയ്യിൽ എന്താ ഇങ്ങനെ കറുതു ഇരിക്കുന്നെ” അമ്മയുടെ കൈ വെള്ളയിലെ കറുത്ത പാടുകളിലേക് നോക്കി ഞാൻ ചോദിച്ചു.
“അത് നേന്ത്രക പൊളിച്ചപ്പോൾ ആയ കറയാണ്.. ” അമ്മ മറുപടി പറഞ്ഞു
“കുറച്ചു വെളിച്ചെണ്ണ പുരട്ടിയാൽ പോരാരുന്നോ “
“ഓഹ് എന്നാലും ആവും.. അതിപ്പോ അങ്ങ് പോകും “അതൊന്നും വല്ല്യ കാര്യമല്ല എന്ന രീതിയിൽ അമ്മ പറഞ്ഞു.
“ഒരുത്തൻ ഇപ്പൊ വരാം.. വന്നിട്ട് കൂടാം എന്നു പറഞ്ഞിട്ട് പോയതാ.. ഇതുവരെ കണ്ടില്ല.. “
“ഞാനും ഒന്ന് പുറത്ത് പോയിട്ടു വരാം അമ്മേ അപ്പോളേക്കും അമ്മ എല്ലാം അരിഞ്ഞു വെക്കു.. വറക്കാൻ ഞാനും കൂടാം.”
കുടിച്ച് കഴിഞ്ഞ ചായ ഗ്ലാസ് അമ്മയുടെ കയ്യിലേക് കൊടുത്തു ഞാൻ മുറ്റത്തേക്കു ഇറങ്ങി… നേരം സന്ധ്യയായി ഇരുട്ട് പരന്നു തുടങ്ങിയിരുന്നു…
ചരൽ വിരിച്ച മുറ്റത്തൂടെ ഞാൻ ഗേറ്റിനടുത്തേക് നടന്നു… ഗേറ്റ് തുറന്നു മുന്പിലെ റോഡിലേക്ക് ഇറങ്ങിയപ്പോൾ അടുത്ത വീടിന്റെ ഗേറ്റിനു മുന്നിലേക്ക് ഒരു പെൺകുട്ടി സ്കൂട്ടിയിൽ വന്നിറങ്ങി.. തലയിൽ നിന്നും ഹെൽമെറ്റ് എടുത്തു മാറ്റിയപ്പോൾ പാറി പറന്നു മുന്നോട്ടു വീണ മുടി ചെവിയുടെ പിന്നിലേക്ക് ഒതുക്കി അവൾ എന്നെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു..
മതിലിനപ്പുറം പലപ്പോളും ആ മുഖം കണ്ടിട്ടുണ്ട് എന്നു ഞാൻ ഓർത്തു…
“ഹായ് ഗുഡ് ഈവെനിംഗ് ഡോക്ടർ.. “
അവൾ എന്നെ കയ്യ് ഉയർത്തി അഭിവാദ്യം ചെയ്തു.
ഹായ് ഗുഡ് ഈവെനിംഗ്.. ഞാനും തിരിച്ചു കൈ ഇയർത്തി കാട്ടി.
“ഈവെനിംഗ് വാക്കിന് ഇറങ്ങിയതാണോ..” അവൾ വീണ്ടും കുശലം ചോദിച്ചു.
“ഹേയ് അല്ല.. ചുമ്മാ… വന്നിട്ട് അങ്ങനെ ഇറങ്ങാൻ പറ്റിയില്ല എവിടേക്കും.. അതോണ്ട് ഒന്ന് ചുറ്റുപാടും കണ്ടേക്കാം എന്നു വെച്ചു ഇറങ്ങിയതാ “
“എന്നാൽ വാ ഒരു ചായ കുടിക്കാം.. നമുക്ക് പരിചയപ്പെടുകയും ചെയ്യാല്ലോ.. അമ്മയേയും അജുവിനെയും ഞങ്ങൾ പരിചയ പെട്ടു.. ഡോക്ടറെ കാണാൻ കിട്ടണ്ടേ ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ആരോടാ മോളെ പുറത്ത് നിന്നു സംസാരിക്കുന്നെ.. “അവരുടെ വീട്ടിൽ നിന്നും ചോദിക്കുന്നത് ഞാൻ കേട്ടു..
ഞങ്ങളുടെ വീടിന്റെ മതിലിനു പുറത്തേക് വളർന്നു നിൽക്കുന്ന ബോഗൻവില്ലയുടെ പടർപ്പു അടുത്ത വീട്ടിൽ നിന്നും ഞങ്ങളുടെ വീടിന്റെ ഗേറ്റിനു പുറത്തേക്കുള്ള കാഴ്ചയെ മറക്കുന്നതായിരുന്നു…
“അച്ഛനാണ്.. ” ചോദ്യം ഞാൻ കേട്ടെന്നു മനസ്സിലാക്കിയ അവൾ പറഞ്ഞു..
“അച്ഛാ സാവിത്രി ആന്റിയുടെ മോൻ ആണ്”
അവൾ ഉള്ളിലേക്കു നോക്കി വിളിച്ചു പറഞ്ഞു.
“വാന്നെ…”അവൾ വീണ്ടും നിർബന്ധിച്ചു..
ഞാൻ അവളുടെ അടുത്തേക് നടന്നു.. “സർ ഡോണ ഹോസ്പിറ്റലിൽ അല്ലേ വർക്ക് ചെയ്യുന്നേ.. “
“അതെ.. “”പിന്നെ സർ എന്നൊന്നും വിളിക്കണ്ട കേട്ടോ.. അനുവെന്നോ ഉണ്ണിയെന്നോ വിളിക്കാം.. “
“അയ്യോ പേരെന്നും വിളിക്കില്ല ഏട്ടാ എന്നു വിളിക്കുന്നതിൽ കുഴപ്പം ഉണ്ടോ.. “
“ഹേയ് ഒരു കുഴപ്പവും ഇല്ല…പ്രേത്യേകിച്ചും അനിയത്തി മാരില്ലാത്ത കൊണ്ട് ഒരു പെൺകുട്ടി ഏട്ടാ എന്നു വിളിക്കാൻ ഉള്ളത് സന്തോഷം അല്ലേ.. “””
“”ഓക്കേ.. ഒക്കെ.. എന്റെ പേര് സംഗീത, ഞാനൊരു ചാരിറ്റി ഫേമിൽ അക്കൗണ്ടന്റ് ആയി വർക്ക് ചെയ്യുന്നു ” എന്റെ നേരേ ഒരു ഹസ്തദാനത്തിനായി കൈ നീട്ടി കൊണ്ട് അവൾ പറഞ്ഞു.
“പല്ലവി നിങ്ങടെ ബന്ധു ആണല്ലേ.. ആന്റി പറഞ്ഞു…”
“അതെ… അവർ ഇവിടെ വന്നിരുന്നല്ലോ കണ്ടാരുന്നോ.. ” ഞാൻ സംശയം ചോദിച്ചു
“ഇല്ല.. ഞാൻ കണ്ടില്ല.. ശോ അവൾ എന്നിട്ട് എന്നെ വിളിച്ചു കൂടെ ഇല്ല” അവൾ പരിഭവത്തോടെ മറുപടി പറഞ്ഞു..
“എന്താ പുറത്ത് നിക്കുന്നത് ഉള്ളിലേക്കു വരൂ… “വീടിനുള്ളിൽ നിന്നും പുറത്തേക് ഏകദേശം അമ്പത്തഞ്ചു വയസ്സോളം തോന്നിക്കുന്ന ഒരാൾ ഇറങ്ങി വന്നു.
“അച്ഛനാണു “സംഗീത പരിചയപെടുത്തി
സംഗീത ഗേറ്റ് തുറന്നു അവളുടെ ജുപിറ്റർ ഉള്ളിലേക്കു ഓടിച്ചു കയറ്റി കാർപോർച്ചിൽ ഇട്ടിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിനു അരികിലായി നിർത്തി..
ഗേറ്റ് കടന്നു ഉള്ളിലേക്കു കയറിയ എന്റെ കൈകളിൽ പിടിച്ചു വീടിനുള്ളിലേക് സ്വീകരിച്ചിരുത്തിയത് സംഗീതയുടെ അച്ഛൻ ആണ്.
“ടീ ഗീതെ ഇതാ അപ്പുറത്തെ ഉണ്ണി വന്നിരിക്കുന്നു.. “ഉള്ളിലേക്കു നോക്കി അയാൾ വിളിച്ചു പറഞ്ഞു..
“”അമ്മയേം അനിയനെയും ഞങ്ങൾ പരിചയപെട്ടു കേട്ടു അതോണ്ട് ഡോക്ടറുടെ പേരൊക്കെ അറിയാം കേട്ടോ അതാ ഉണ്ണിയെന്നു വിളിച്ചത് അമ്മ എപ്പോളും പറയും.. പക്ഷെ കാണാൻ സമയം കിട്ടിയില്ല.. “”
അടുക്കളയിൽ നിന്നാവണം അൻപതു വയസ്സോളം പ്രായമുള്ള കുലീനയായ ഒരു സ്ത്രീ പുറത്തേക്കു വന്നു..
ഇതു ഗീത..എന്റെ ഭാര്യ..
ഹായ് ആന്റി.. ഞാൻ അവരുടെ നേരേ കൈ കൂപ്പി
അവർ എന്നെ നോക്കി ഹൃദ്യമായി ചിരിച്ചു..
“”മോനിന്നു നേരത്തെ വന്നെന്നു തോന്നുന്നല്ലോ.. “”അവർ ചോദിച്ചു
“അതെ ആന്റി ഇന്ന് കുറച്ചു നേരത്തെ വന്നു.. “
“ഹോസ്പിറ്റലിൽ തിരക്കവും അല്ലേ.. ഇപ്പൊ”
“ഹാ തിരക്കുണ്ട്…”
“അങ്കിൾ…. പേര്.. ഞാൻ തിരക്കി അടുതായിരുന്നിട്ടും അത് വരെ പരിചയ പെടാത്തതിന്റെ ഒരു വൈക്ലബ്യം ഉണ്ടായിരുന്നു അത് ചോദിക്കുമ്പോൾ
അത് പറയാൻ മറന്നു അല്ലേ.. എന്റെ പേര് സദാശിവൻ.. അദ്ദേഹം മറുപടി പറഞ്ഞു
ജോലി ചെയ്യുന്നുണ്ടോ.. ഞാൻ വീണ്ടും അദേഹത്തോട് തിരക്കി
അധ്യാപകൻ ആയിരുന്നു.. ഇപ്പൊ കുറച്ചു കൃഷിയും പൊതു പ്രവർത്തനവും ഒക്കെ ആയിട്ട് അങ്ങനെ പോകുന്നു.
“അമ്മേ ഏട്ടന് ചായയോ കാപ്പിയോ എടുക്കു…. “
“ഏതാ കുടിക്കുക “സംഗീത സംശയത്തോടെ എന്നോട് ചോദിച്ചു
“ഇപ്പൊ ഒന്നും വേണ്ടാ.. ഞാൻ ഇപ്പൊ ചായ കുടിച്ചിട്ട് ഇറങ്ങിയതേ ഉള്ളു.. നമ്മൾ ഇവിടെ തന്നെ ഇല്ലേ. പിന്നീട് ഒരിക്കൽ ആവാം ” അവളുടെ ആവശ്യം ഞാൻ സ്നേഹപൂർവ്വം നിരസിച്ചു.
കുറച്ചു സമയം സംസാരിച്ചിരുന്ന ശേഷം ഞാൻ പോകാൻ ഇറങ്ങി “ഞാനിറങ്ങട്ടെ മാഷേ.. സമയം കിട്ടുമ്പോൾ വരാം.. ഒന്ന് വായന ശാലയിലേക് പോകണം.. ” ..
സംഗീതയുടെ വീടിനു പുറത്തിറങ്ങി വലതു ഭാഗത്തേക്ക് നടന്നു ഗ്രൗണ്ടിനോട് ചേർന്നുള്ള വായന ശാലയിലേക് നടന്നു.. അപ്പോളേക്കും അജു അവിടെ ഒരു സൗഹൃദ വലയം ഉണ്ടാക്കിയിരുന്നു..
അതൊരു ക്ലബും വായന ശാലയും ഒക്കെ ആയിരുന്നു…. വായന ശാലയുടെ നടത്തിപ്പ് ഒരു പീതാംബരൻ ചേട്ടന് ആയിരുന്നു.. രണ്ടു റൂമുകളും പുറത്ത് വീതിയേറിയ വരാന്തയും ഉള്ള ഓടിട്ട ഒരു കെട്ടിടം അതിൽ ഒരു മുറി ലൈബ്രറിയും അടുത്ത മുറി കാരംസ് കളിക്കാനും മറ്റു സ്പോർട്സ് സാധനങ്ങൾ സൂക്ഷിക്കാനും ഉള്ളതാണെന്ന് മനസ്സിലായി…
പീതാംബരൻ ചേട്ടൻ അച്ഛന്റെ കൂട്ടുകാരൻ ആയിരുന്നു എന്നു സംസാരിച്ചപ്പോൾ മനസ്സിലായി… നാട്ടിലേ ചെറുപ്പകാരെല്ലാം വൈകുന്നേരം ആയാൽ ഒത്തു കൂടുന്ന സ്ഥലം ആയിരുന്നു അവിടം.. പീതാംബരൻ ചേട്ടൻ തന്നെ എന്നെ എല്ലാവർക്കും പരിചയ പെടുത്തി.. ഞങ്ങളെ അറിയില്ലെങ്കിലും അച്ഛൻ എന്ന വ്യക്തി ആ നാട്ടിൽ ഇപ്പോളും എത്ര മാത്രം സ്വാധീനിച്ചിട്ടുണ്ടായിരുന്നു എന്നു അവരുടെ സ്നേഹത്തിൽ നിന്നും മനസ്സിലായി..
എല്ലാവരുമായി പരിചയപെട്ടു കഴിഞ്ഞപ്പോൾ അവിടേക്കു നേരത്തെ വരാതിരുന്നത് മോശം ആയി തോന്നി.. കുറച്ചു നേരം നാട്ടുകാര്യങ്ങളും പിന്നെ ഹോസ്പിറ്റൽ കാര്യങ്ങളും…സമ പ്രായക്കാരായ ചിലരുടെ സംശയങ്ങളും ഒക്കെയായി സമയം പോകുന്നതിനിടയിൽ ഞാനും പീതാംബരൻ ചേട്ടനുമായി ഒരു റൗണ്ട് ചെസ്സ് കളിയും കഴിഞ്ഞിരുന്നു..
കുറച്ചു കഴിഞ്ഞപ്പൊൾ അജുവിനെയും കൂട്ടി അവിടെ നിന്നിറങ്ങി ..
“ഉണ്ണി ഇടക് ഇങ്ങോട്ടു ഇറങ്ങു കേട്ടോ’ പീതാംബരൻ ചേട്ടൻ ഓർമിപ്പിച്ചു.. “എന്താവശ്യം ഉണ്ടെങ്കിലും വിളിക്കണേ..”സ്നേഹത്തോടെ അവിടെ ഉണ്ടായിരുന്ന പുതിയ കൂട്ടുകാരും പറഞ്ഞു. ഇനി എന്തായാലും ഞാൻ നേരത്തെ വരുന്ന ദിവസങ്ങളിൽ അവരുടെ കൂടെ കൂടാം എന്ന ഉറപ്പും നൽകിയാണ് വീട്ടിലേക്കു നടന്നത്.
“രണ്ടെണ്ണവും ഇപ്പൊ വരാം എന്നു പറഞ്ഞു പോയതാണ്… രണ്ടിനും ഒരുത്തരവാദിത്തവും ഇല്ല ഇവിടെ കിടന്നു മടക്കാൻ ഞാനുണ്ടല്ലോ “
അമ്മയുടെ ആകുലതകൾ കേട്ടു കൊണ്ടാണ് ഞങ്ങൾ ഹാളിലേക്കു കയറിയത്…
“എന്താ താത്രി കുട്ടി പൊറു പൊറുക്കുന്നതു ” അജു അടുക്കളയിലേക് ചെന്നു അമ്മയെ കെട്ടി പിടിച്ചു കൊണ്ട് ചോദിച്ചു..
“ഹോ ഒന്നുമില്ലേ.. പോത്തു പോലെ വളർന്ന രണ്ടെണ്ണത്തിന്റെ ഉത്തരവാദിത്വം ഓർത്തതാണെ “
“അതെ അമ്മേ ഏട്ടന് ഒരു ഉത്തരവാദിത്തവും ഇല്ല നമുക്ക് ഏട്ടനെ പിടിച്ചു പെണ്ണ് കെട്ടിച്ചാലോ… നല്ല ഐഡിയ അല്ലേ.. ” അമ്മയുടെ രണ്ടു തോളിലും പിടിച്ചു അവൻറെ നേരേ പിടിച്ചു നിർത്തിക്കൊണ്ട് അവൻ ചോദിച്ചു..
“അമ്മേ അതു ഞാൻ കെട്ടാൻ അല്ല.. “. ബാക്കി പറയുന്നതിന് മുൻപേ അമ്മ പറഞ്ഞിരുന്നു ബാക്കി
“ഹ്മ്മ് കാള വാല് പോക്കുമ്പോ അറിയില്ലേ എന്തിനാണെന്ന് .. അല്ലേ കണ്ണാ.. “അമ്മ കയ്യിലിരുന്ന ചട്ടുകം കൊണ്ട് ഒരെണ്ണം അവൻറെ ചന്തിക് കൊടുത്തു കൊണ്ട് ചോദിച്ചു.
അമ്മയോട് അവിടിരിക്കാൻ പറഞ്ഞിട്ട് ഞങ്ങൾ അരിഞ്ഞു വെച്ചിരുന്ന കായും ചക്കയും വറക്കാൻ തുടങ്ങി…
“നാളെ പാക്ക് ചെയ്യാം നീ കടയിൽ നിന്നും പാക്കിങ് കവർ വാങ്ങിയ മതി കേട്ടോ അജു..” ഞാൻ അജുവിനോട് പറഞ്ഞു..
“കുറച്ചു പിള്ളേർക്കും കൊടുക്കണേഡാ.. ” അമ്മ പറഞ്ഞു
“ഏതു പിള്ളേര്ക്കാ അമ്മേ.. “ഞാൻ സംശയത്തോടെ ചോദിച്ചു
“പല്ലവിക്കും.. നിധിക്കും.. “അവരും എനിക്ക് കുട്ടികൾ അല്ലേ.
“അവരോടു വേണേൽ ഇവിടെ വന്നു കഴിക്കാൻ പറയാം.. അമ്മേ.. “ഞാൻ പറഞ്ഞു
“പല്ലവി ചേച്ചി ഇവിടെ വന്നു കഴിച്ചോട്ടെ നിധിക്കുള്ളത് ഞാൻ കൊണ്ട് പോയ്കോളാം” അജു ആലോചിച്ചു കൊണ്ട് പറഞ്ഞു.
“ഉണ്ണിയുടെ കല്യാണം ഉടനെ നടത്തണം ” ഞങ്ങൾ മൂന്നു പേരും ടേബിളിനു ചുറ്റും ഇരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അമ്മ അതു പറഞ്ഞത്..
“അതു വേണമല്ലോ ” അജു സന്തോഷത്തോടെ ആണ് പറഞ്ഞത്.
“ഇന്നൊരു ആലോചന ഇവിടെ വന്നിരുന്നു. “
“ആലോചന യോ.. അമ്മ എന്താ ഈ പറയുന്നത്.. “ഞാൻ സംശയത്തോടെ ചോദിച്ചു..
“നിന്റെ കൂടെ വർക്ക് ചെയ്യുന്നതാണ് എന്നാ പറഞ്ഞത് അവിടെ ഡോക്ടർ ആണത്രേ ഒരു മീര.. ആ കുട്ടിയുടെ അച്ഛനും അമ്മാവനും ആണ് വന്നതു. ഞാൻ ഫോട്ടോയും കണ്ടു നല്ല കുട്ടി… എനിക്കിഷ്ടമായി….പിന്നെ നല്ല തറവാട്ട് കാരും…നല്ല സാമ്പതികവും ഉള്ള കൂട്ടരാ. “
“അമ്മേ അപ്പോ പല്ലവി ചേച്ചി… “അജു സംശയത്തോടെ തിരക്കി..
“ഇതു വരെ എല്ലാ കാര്യങ്ങളും നിങ്ങളുടെ ഇഷ്ടത്തിന് അല്ലേ നടന്നത്…ഇതു ഞാൻ തീരുമാനിക്കുന്നത് പോലെ മതി… അച്ഛൻ ഇല്ലാതെ നിങ്ങളെ ഇത്ര വലർതി വലുതാക്കിയതിന്റെ ആണെന്ന് കൂട്ടിക്കോ..”
“അമ്മേ… “എന്റെ ശബ്ദം അറിയാതെ ഉയർന്നു ദേഷ്യവും സങ്കടവും എല്ലാം എന്റെ മുഖത്തേക് ഇരച്ചു വന്നു..
“എന്താ നിനക്കെന്നെ ധിക്കരിക്കാൻ ഭാവം ഉണ്ടോ…”അമ്മയുടെ ശബ്ദം ഉറച്ചതും ഗൗരവം ഉള്ളതും ആയിരുന്നു..
എന്ത് വേണം എന്നറിയാതെ ഞാനും അജുവും പരസ്പരം നോക്കി…
(തുടരും )
Comments:
No comments!
Please sign up or log in to post a comment!