ദേവനന്ദ 6

ദേവാനന്ദക്കു എന്നോട് പ്രണയമാണെന്ന്.  അതും കാലങ്ങളായി.  എനിക്ക് വിശ്വസിക്കാനാവുന്നില്ല.   ഞാൻ ഒരിക്കലും അവളിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന്.  ഇതുവരെയും ആഗ്രഹിക്കാത്ത ഒന്ന്.  അവൾ പറഞ്ഞത് സത്യമാണോ അല്ലയോ എന്ന് പോലും എനിക്ക്  അറിയില്ല.  എങ്കിലും ഈ രണ്ടു ദിവസം ദേവുവിന്റെ സാമിപ്യം എന്നിൽ വല്ലാത്ത മാറ്റങ്ങളുണ്ടാക്കിയിരുന്നതായ്  എനിക്ക്  തോന്നി  .  അവൾ കൂടെയുള്ളപ്പോൾ ചുറ്റുമുള്ളതെല്ലാം  മറക്കുന്ന പോലെ.  എല്ലാം അവളിലേക്ക്‌ ഒതുങ്ങുന്ന പോലെ .  പക്ഷേ അതിനെ   പ്രണയമെന്നു പേരിട്ടു വിളിക്കാൻ കഴിയുമോ എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ഈ ചുരുങ്ങിയ സമയത്തിൽ ഒരു നൂറു തവണയെങ്കിലും ചോതിച്ചിരിക്കണം..  മനസ്സിൽ കുറെ ചോദ്യങ്ങൾ ബാക്കി ആണിന്നും.

ദേവു പറഞ്ഞതെല്ലാം സത്യം തന്നെ ആണോ ?

എങ്കിലും അവളുടെ വാക്കുകളിൽ ഒരു തരി പോലും കള്ളം കലർന്നിരുന്നതായി തോന്നിയില്ല എനിക്ക് . അവൾ മനസിൽ തട്ടി പറഞ്ഞ വാക്കുകൾ ഇന്നെന്റെ   മനസ്സിൽ തന്നെ തറച്ചു കയറിയിരിക്കുന്നു.

ആഹാ ഹണിമൂണിന് പോയ പിള്ളേര് നേരത്തെ ഇങ്ങു പോന്നോ ?  “

വീട്ടുമുറ്റത്തേക്കു കാർ കയറിയാതെ പുറത്തേക്കു എത്തിയ ഏടത്തി അതിശയത്തോടെ ചോദിച്ചു.

അപ്പോളാണ് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ കാറിനുള്ളിൽ നിന്നിറങ്ങി വരുന്ന ദേവുവിനെ ഏടത്തി കാണുന്നത്.

” അയ്യോ.. ഇതെന്തു പറ്റി .  എന്താ പറ്റ്യേ ദേവു  നിനക്കു ?  കരഞ്ഞോ നിയൂ.. “

ഏടത്തി ദേവുവിന്റെ അടുത്തേക്ക്  എത്തുന്നതിനുള്ളിൽ  ഏറെ ചോത്യങ്ങൾ ചോദിച്ചു.

” എന്താടാ ഇവൾക്ക് പറ്റ്യേ.  നീ വല്ലതും പറഞ്ഞോ ?  “

ദേവുവിൽ നിന്ന് മറുപടി കിട്ടാതെ വന്നപ്പോ ഏടത്തി എന്നോടായി ചോദിച്ചു.

“‘അവൾക്കു അവിടുത്തെ ഫുഡ് പിടിച്ചില്ലെന്നു തോന്നുന്നു. ഇന്നലെ വൈകിട്ട് മുതൽ എന്തോ വയ്യായിക. ഛർദി ഒക്കെ ആയിരുന്നു .   എന്താ ചെയ്യണ്ടേ എന്ന് എനിക്ക് അറിയില്ല  .  അതാ തിരിച്ചു പോന്നത് . “

ഈ ചോദ്യം മുൻകൂട്ടി കണ്ടു പറയാൻ കരുതി വച്ച മറുപടി ഏടത്തിയോട് ഞാൻ പറഞ്ഞു.

” എന്നിട്ടു ഹോസ്പിറ്റലിൽ പോയില്ലേ  നിങ്ങൾ? “

” അവിടെ അടുത്ത് ഒരു ലോക്കൽ ഹോസ്പിറ്റലിൽ പോയി.  പക്ഷെ കുറഞ്ഞില്ല.  അതാ തിരിച്ചു പോന്നത് .  “

” ഇപ്പൊ എങ്ങനെ ഉണ്ട് മോളെ.  കുറവ് ഉണ്ടോ. “

കാറിനുള്ളിൽ നിന്നും എന്റെയും ദേവുവിന്റെയും ബാഗുകൾ എടുത്തു ഞാൻ  നടക്കുമ്പോൾ ഏടത്തിയുടെ ചോദ്യത്തിന് മറുപടി പോലും പറയാനാവാത്ത അവസ്ഥയിൽ നിൽക്കുകയായിരുന്നു ദേവു .



അന്നത്തെ ദിവസം ഞാൻ ദേവുവിന്റെ മുന്നിൽ ചെന്നു പെടാതെ ഇരിക്കാൻ  പ്രത്യേകം ശ്രെധിച്ചു.  എന്നെ കാണുമ്പോൾ ഒക്കെ എന്തോ പറയാനായി മുതിരുന്ന അവളെ ഞാൻ മനപ്പൂർവം കണ്ടില്ലെന്നു നടിച്ചു .  അവളെ അഭിമുഘീകരിക്കുക എന്നത് ശ്രെമകരമായ ഒന്നായി എനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു . കാരണം അവളുടെ ഒരു ചോദ്യത്തിനും എന്റെ കയ്യിൽ ഉത്തരങ്ങൾ ഇല്ലായിരുന്നു എന്നതാണ് സത്യം.  വാടിയ റോസാപൂ കണക്കേ ആയിരുന്നു ദേവുവിന്റെ മുഖം അന്ന് മുഴുവൻ.

രാത്രി കിടക്കാൻ നേരം,  “ദേവുവിന് ഇനിയും വയ്യാതെ വന്നാലെന്തു ചെയ്യും… അത് കൊണ്ട് അവളെയും  ഏടത്തിയുടെ മുറിയിൽ കിടത്തു”  എന്ന എന്റെ അഭിപ്രായത്തിന് ഏടത്തിയും ശരി വച്ചു.  എന്നെ കടന്നു ഏടത്തിയുടെ മുറിയിലേക്ക് പോകുന്ന ദേവുവിന്റെ മിഴികൾ അപ്പോളും തോർന്നിരുന്നില്ല.

……… ####……. ###……… ###……. ###…

” ഓഹ്  .  അപ്പൊ നിന്നെ കാണാൻ ആണല്ലേ അവൾ സ്ഥിരം. ക്രിക്കറ്റ് ഗ്രൗണ്ട് വലം വച്ചു കൊണ്ടിരുന്നത്?  “

സംഭവം എല്ലാം കേട്ട ഹരിയുടെ ആദ്യ പ്രതികരണം അതായിരുന്നു  ..

” ഇനി ഇപ്പൊ.  അവളെ അവളുടെ അച്ഛന്റെ കൂടെ വിടുന്നതെന്തിനാ..?   “

” എന്റെ ഹരി.  നീ എന്തൊക്കെയാ ഈ പറയുന്നേ?  “

” അപ്പൊ   നിനക്കു അവളെ ഇഷ്ടമല്ലേ..?  “

”  എന്നെ കൊണ്ട് പറ്റുന്നില്ല.  അവളെ അങ്ങനെ കാണാൻ. “

” ഒന്നുമില്ലേലും അവൾ ഇപ്പോ നിന്റെ ഭാര്യയല്ലേ.  അവളെ അല്ലാതെ വേറെ ആരെയാ അങ്ങനെ ഒക്കെ കാണണ്ടേ ? അവളെ ആകുമ്പോ നിനക്കു എങ്ങനെ ആണെങ്കിലും കാണാലോ ?  “

അവനെന്നെ കളിയാക്കുന്ന രീതിയിലാണത് പറഞ്ഞതെന്ന് എനിക്ക് മനസിലായി.

“, നീ ഒന്ന് പോയെ…  മനുഷ്യന്റെ ഉള്ള സമാധാനവും കൂടി കളയാൻ ..  അവളുടെ അച്ഛനെ കണ്ടു പിടിക്കാൻ എന്തേലും വഴി പറഞ്ഞു തരാൻ പറഞ്ഞിട്ട് നീ  എനിക്ക് ദാമ്പത്യം ഉണ്ടാക്കാൻ നടക്കുന്നോ ? “

” എനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്നു  എനിക്ക് തന്നെ  മനസിലാവാതെ  ഇരിക്കെയാ.  അപ്പോളാ ഒരു പ്രേമവും മണ്ണാങ്കട്ടയും.. “

” അളിയാ ഞാൻ ഒരു തമാശ പറഞ്ഞതാ നീ ചൂടാവല്ലേ. .. “

ഹരി എനിക്ക് കുഞ്ഞിലേ തൊട്ടുള്ള കൂട്ടാണ്  .  എന്ത് കാര്യം പറഞ്ഞാലും തുടക്കത്തിൽ ഇതുപോലെ തമാശിക്കുമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ എനിക്ക് താങ്ങും തണലും എന്നും അവൻ തന്നെ ആണ്.

” അയാളെവിടെ പോയി എന്നൊരു സൂചനയും ഇല്ലാതെ എവിടെ പോയി കണ്ടുപിടിക്കാനാ.?  ഇനി ആ രാമൻ ചേട്ടൻ പറഞ്ഞത് പോലെ അയാൾക്ക് വല്ലതും സംഭവിച്ചു കാണുമോ ?  “

ഹരിയുടെ സംശയം എനിക്കും ഇല്ലാതിരുന്നില്ല.


” എനിക്കും സംശയമുണ്ട് ഹരി.  ആ രാഘവനെ.  അല്ലെങ്കിൽ അച്ഛനെ അന്ന്വേഷിച്ചു നമ്മൾ നടക്കുന്നതിന് അയാൾക് എന്താ ?  ഒന്നെങ്കിൽ അവളുടെ അച്ഛനെ അയാളെന്തെങ്കിലും ചെയ്തിട്ടുണ്ടാവണം. അല്ലെങ്കിൽ അച്ഛന്റെ ഈ തിരോധാനത്തിനു  പിന്നിൽ അയാൾക്കും എന്തെങ്കിലും പങ്കുണ്ടാവണം..  “

” അല്ല.   നമ്മൾ അച്ഛനെ അന്ന്വേഷിച്ചു നടക്കുന്ന കാര്യം അയാളെങ്ങനെ അറിഞ്ഞു ?  “

ഹരിയുടെ സംശയം അപ്പോളാണ് എനിക്കും തോന്നിയത്

” ഇനി നമ്മൾ അന്ന്വേഷിച്ചു പോയ അച്ഛന്റെ കൂട്ടുകാർ ആരെങ്കിലും ഒറ്റിയതാണോ?  “

” അങ്ങനെ ആവാനും സാധ്യത ഉണ്ട് അളിയാ  …   “

” ശ്യേ.   ഒന്നിനും ഒരു തലയും വാലും ഇല്ലാതെ എല്ലാം ചുരുണ്ടു കൂടി കിടക്കയാണല്ലോ.?  എവിടെ തുടങ്ങണം എന്നോ എവിടെ പിടിച്ചാൽ കാര്യം എളുപ്പം നടക്കുമെന്നോ ഒന്നും അറിയില്ലല്ലോ.?  “

” എനിക്ക് തോന്നുന്നു നിന്നോട് പറഞ്ഞതിനും അപ്പുറം എന്തൊക്കെയോ രഹസ്യങ്ങൾ ഇപ്പോളും ആ കുട്ടിയിൽ ഉണ്ടെന്ന  .  നീ കാര്യമായി ഒന്ന് കൂടി ചോതിച്ചാൽ ചിലപ്പോൾ അറിയാൻ കഴിയും. “

” ആ ചോദിക്കാൻ പറ്റിയ സമയം.  ഇപ്പൊ അച്ഛനെ കുറിച്ച് ചോദിക്കാൻ ചെന്നാൽ അവള് കരുതില്ലേ അവളെ ഞാൻ ഒഴിവാക്കാൻ ശ്രമിക്കയാണെന്നു. “

“:അവളെന്തെങ്കിലും വിചാരിക്കട്ടെ .  അതിന് നിനക്കു എന്താ ?  കാര്യം നടക്കണമെങ്കിൽ ഇതേ മാർഗം ഒള്ളൂ മോനെ.. “

” എന്ത് പണ്ടാരമെങ്കിലും ആകട്ടെ.  പോയി ചോദിച്ചു കളയാം  . ആവശ്യം എന്റെ ആയി പോയില്ലേ   “

ആ വാക്കുകളിലൂടെ ഞാൻ  ഞാൻ അനുഭവിക്കുന്ന എല്ലാറ്റിനോടുമുള്ള വെറുപ്പ് ഞാൻ ഹരിക്കു തെളിയിക്കുക ആയിരുന്നു…

….

കുറച്ചു നാളുകൾക്കുള്ളിൽ എനിക്ക് സംഭവിച്ച മാറ്റങ്ങൾ ഞാൻ ചിന്തിച്ചു പോയി.  പലതും ഉത്തരങ്ങൾ കണ്ടെത്താത്ത ചോദ്യങ്ങളായി മാത്രം അവശേഷിക്കുന്നു..  ദേവാനന്ദയുടെ കഥ എന്നും ഒരു  നിഗൂഡത നിറഞ്ഞതാണ്.  പക്ഷെ എനിക്ക് അറിയേണ്ടത് അതല്ലല്ലോ.  അവളുടെ കഥയിലെ എന്റെ വേഷം എന്തെന്നുള്ളതാണ്..  നായകനോ ..  വില്ലനോ അതോ വെറും ഹാസ്യനടനോ??

മനസിലായിരം ചിന്തകൾ ഓടി മറയുന്നതിനിടയിൽ ആണ് ഏതോ ഒരു പെൺകുട്ടി എന്റെ മുന്നിലേക്ക് ഓടി കിതച്ചെത്തിയത്..  മുൻപ് കണ്ടു പരിജയം പോലും ഇല്ലാത്ത ആ കുട്ടി എന്നെ പേര് വിളിച്ചഭിസംബോധന ചെയ്തത് എനിക്ക് ആശ്ചര്യമയി തോന്നി..

” എന്താ ഡീ..  നീ എന്തിനാ ഈ കിടന്നു കിതക്കുന്നെ…. “

ഓടിപിടിച്ചു വരുന്നതിനിടയിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന ആ കുട്ടിയോട് ഹരിയാണ് അത് ചോദിച്ചത്.
.

” അനന്ദു ചേട്ടാ….  ദേവനന്ദ ക്ലാസ്സിൽ തല കറങ്ങി വീണു..   “

കേട്ട പാതി കേൾക്കാത്ത പാതി പിന്നെ ഒരു ഓട്ടമായിരുന്നു. .  ക്ലാസ്സിനുള്ളിൽ തിങ്ങി നിക്കുന്ന ആളുകളെ വകഞ്ഞു മാറ്റി ദേവുവിന്റെ അടുത്തെത്തുമ്പോൾ ബോധമില്ലാതെ ആരുടെയോ മടിയിൽ കിടക്കുകയായിരുന്നു അവൾ. ഒന്നും നോക്കാതെ മറ്റൊന്നും ചിന്തിക്കാതെ അവളെ എടുത്തുയർത്തി ഞാൻ കാറിനരികിലേക്കു ഓടി. നടന്നതൊന്നും എന്റെ  സ്വബോധത്തോടെ അല്ലെന്നു എനിക്ക് ഹോസ്പിറ്റലിലെ വരാന്തയിൽ ഇരിക്കുമ്പോളാണ് മനസിലാകുന്നത്. എല്ലാം ഒരു വെപ്രാളം ആയിരുന്നു.   .

” എന്ത് പറ്റിയതാ ഡാ “

എന്ന ഹരിയുടെ ചോദ്യത്തിന് മനസ് പല ഉത്തരണങ്ങളും കണ്ടെത്തി എങ്കിലും അതൊന്നും ആകരുതേ എന്ന് ഞാൻ പ്രാർഥിച്ചു..

” നീ വെറുതെ ടെൻഷൻ അടിക്കണ്ടാ.  അവൾക്ക് കുഴപ്പം ഒന്നുമുണ്ടാകില്ല.. “

എന്റെ അവസ്ഥ കണ്ടിട്ടാകണം അവൻ അങ്ങനെ പറഞ്ഞത്.

ഒരുപാടു നേരം കാത്തു നിൽക്കേണ്ടി വന്നില്ല ഡോർ തുറന്നു പുറത്തേക്കിറങ്ങി വന്ന ലേഡി ഡോക്ടറെ കണ്ടു ഞങ്ങൾ രണ്ടു പേരും എഴുന്നേറ്റു നിന്നു.

” ഡോക്ടർ ഇത് ദേവാനന്ദയുടെ ഭർത്താവാണ്.  “

ഡോക്ടറെ കണ്ടയുടൻ ഒരാവശ്യവും ഇല്ലാതെ ഹരി ചാടി കയറി പറഞ്ഞു.

” അതിന്?  “

ആ ഡോക്ടറുടെ മറുപടി കേട്ട് ഞങ്ങൾ രണ്ടുപേരും ഒരു പോലെ ചൂളി  പോയി… പറഞ്ഞു തീരുന്നതിന് മുൻപേ അവരെന്റെ നേരെ തിരിഞ്ഞു.

” നിങ്ങൾ ആ കുട്ടിക്ക് കഴിക്കാനൊന്നും കൊടുക്കാറില്ലെ ഡോ?  “

ഡോക്ടർ പറഞ്ഞതിനർദ്ധം മനസിലാവാതെ ഞാൻ നിന്നു

” ഡോക്ടർ എന്തെങ്കിലും കുഴപ്പമുണ്ടോ?  “

” എന്ത് കുഴപ്പം.  ആ കുട്ടി ഭക്ഷണം കഴിക്കാത്ത കൊണ്ട് തലകറങ്ങി വീണതാണ്. അല്ലാതെ അതിന് യാതൊരു കുഴപ്പവും ഇല്ല.  ഭർത്താവാണെന്നു പറഞ്ഞിട്ട് കാര്യമില്ല ഭാര്യമാരെ നന്നായ് നോക്കാൻ പഠിക്കണം. അതെങ്ങനെയാ മൊട്ടേന്നു വിരിയുന്നെന് മുൻപേ കെട്ടാൻ മുട്ടി നിക്കും..  കെട്ടിക്കഴിഞ്ഞു തിരിഞ്ഞു നോക്കരുത്… … കൂടുതലൊന്നും ഞാൻ  പറയുന്നില്ല…… “

അവരെന്തിനാണ് ഇത്രക് ദേഷ്യപ്പെടാൻ കാരണം എന്ന് എനിക്ക് മനസിലായില്ല.  എങ്കിലും അവർ പറഞ്ഞതെല്ലാം കേട്ട് തല താഴ്ത്തി നിൽക്കാനേ എനിക്കപ്പോൾ കഴിഞ്ഞുള്ളു…

പുശ്ചത്തോടെ അവരതും പറഞ്ഞു ഞങ്ങളെ മറികടന്നു പോയി  ..  എല്ലാം കേട്ട് ഡോക്ടറുടെ കൂടെ ഉണ്ടായിരുന്ന നേഴ്‌സ് മാത്രം ഞങ്ങൾക്ക് ഒപ്പം നിന്നു.

” ആ ഡോക്ടറിന് അങ്ങനെയാ..ഈ അടുത്ത അവരുടെ   കെട്ട്യോൻ ഇട്ടിട്ടു പോയതു.
 അതിന്റെ കലിപ്പാ അവർക്കു . നിങ്ങളത് കാര്യം ആക്കണ്ട  .. ആ കുട്ടിക്ക് കുഴപ്പൊന്നുല്ല..  ഡ്രിപ്പ് ഇട്ടിട്ടുണ്ട്.  കഴിഞ്ഞാൽ വീട്ടിലേക്കു പോകാം. “

സമാധാനവാക്കെന്ന വണ്ണം അവരതു പറഞ്ഞു.

” കാണാമോ?  “

” കണ്ടോ  ! ഉറങ്ങുക ആണന്നു തോന്നുന്നു   “

അതുംപറഞ്ഞവർ ഞങ്ങളെ അകന്നു പോകുമ്പോൾ ഞാനും ഹരിയും ദേവു കിടന്ന റൂമിനുള്ളിലേക്ക് കയറി.

” ഒന്ന് തല കറങ്ങി വീണതിനാണോ ഇത്ര വലിയ റൂമിൽ കൊണ്ട് വന്നത് വല്ല വാർഡിലും കൊണ്ട് കിടത്തിയാൽ മതി ആയിരുന്നല്ലോ. “

കയറി വന്നതേ ഹരി അങ്ങനെ പറഞ്ഞതിൽ തെറ്റൊന്നും എനിക്കും തോന്നിയില്ല.  വിശാലമായ ആ മുറിയിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

നല്ല ഉറക്കത്തിലാണ് ദേവു. ഞാൻ നടന്നു അവളുടെ കട്ടിലിനരികിൽ ഉള്ള കസേരയിൽ ചെന്നിരുന്നു. അവളുടെ ആ കിടപ്പു നോക്കി നിൽക്കെ എനിക്ക് സഹതാപത്തെക്കാൾ കുറ്റബോധം ആണ് തോന്നിയത്.  ഇവളുടെ ഈ അവസ്ഥക്കും കാരണക്കാരൻ ഞാനാണല്ലോ എന്നോർത്ത്.  എനിക്ക് എന്നോട് തന്നെ എന്തെന്നില്ലാത്ത ദേഷ്യം തോന്നി.

” പാവം കുട്ടി  “

ദേവുവിന്റെ കിടപ്പു നോക്കി ഇരിക്കുന്ന എന്റെ തോളിൽ കൈ അമർത്തി ഹരി അത് പറഞ്ഞു.

അപ്പോളേക്കും കതകു തുറന്നു മുൻപ് കണ്ട അതെ നേഴ്‌സ് വീണ്ടും കടന്നു വന്നു.

അവരകത്തെക്ക് കയറി വന്നു ദേവുവിന്റെ അടുത്തെത്തി എന്തൊക്കെയോ ചെയ്യുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു.  ഇടക്കെപ്പോളോ എന്നെ നോക്കിയാ അവരൊരു ചിരി പാസാക്കി.  തിരിച്ചു ഞാനും..

” ആഹാ എഴുന്നേറ്റോ?  “

അപ്പോളാണ് പാതി മയക്കത്തിൽ നിന്നും.  ഒന്നും മനസിലാവാത്തവളെ പോലെ കണ്ണും മിഴിച്ചു എന്നെയും  നേഴ്‌സിനെയും നോക്കി കിടക്കുന്ന ദേവുവിനെ ഞങ്ങൾ ശ്രദ്ധിച്ചത്.

” പേടിക്കാനൊന്നുല്ല …  കൃത്യ സമയത്ത് ഫുഡ് കഴിക്കാത്തതിന്റെയാ..  “

ആ നേഴ്‌സ് ദേവുവിനോടായി പറഞ്ഞു.

” ഒന്നാമത് എല്ലും തോലും പോലെ ഇച്ചിരി ഒള്ളൂ ആള്. ഇനി  പട്ടിണി കൂടെ കിടക്കല്ലെ.  “

അത്രയും പറഞ്ഞു അവർ മുറിക്കുള്ളിൽ നിന്നിറങ്ങി പോയി.. അപ്പോളാണ് ഹരി അടുത്തെങ്ങും ഇല്ലെന്ന കാര്യം ഞാൻ ശ്രെധിച്ചത്.  അവരുടെ കൂടെ അവനും ഇറങ്ങി പോയി ഇരിക്കണം.  ” കാട്ടു കോഴി… ” ഞാൻ മനസ്സിൽ കളിയാക്കി വിളിച്ചു.

” നന്ദുവേട്ടാ …..  “

ദേവുവിന്റെ ആ വിളിയിൽ അവൾക്കുണ്ടായിരുന്ന ക്ഷീണമത്രയും പ്രകടമായിരുന്നു..

” ദേഷ്യം ആണോ എന്നോട് ?  “

ആഹ് വയ്യായികയിലും അവൾക്കറിയേണ്ടതത്ര മാത്രമേ ഒള്ളോ എന്ന് എനിക്ക് തോന്നി   ..

” മ്മ്.. ” അതെ എന്ന അർഥത്തിൽ ഞാൻ ഒന്ന്  മൂളി.

” ആ ഡോക്ടറുടെ വായിലെ തെറി മുഴുവനെന്നെ കേൾപ്പിച്ചില്ലേ താൻ?  “

” അവര് ചീത്ത വിളിച്ചോ?  എന്തിന് ? “

” തന്നെ പട്ടിണിക്കിട്ടതിന്.  “

അവൾ പെട്ടന്ന് തല വെട്ടിച്ചു എന്റെ നോട്ടത്തിൽ നിന്നു ഒഴിഞ്ഞു മാറി…

” സോറി..  “

കുറച്ചു നേരത്തെ മൗനം വെടിഞ്ഞു അവൾ പറഞ്ഞു.

“:എന്തിന് ?  “

” ചീത്ത കേട്ടില്ലേ അതിന്.  “

” മ്മ് സാരമില്ല.  “

വീണ്ടും മൗനം.  റൂമിനുള്ളിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദത്തിനു അപ്പുറം ഒന്നും ആ മുറിയിൽ കേൾക്കനുണ്ടായിരുന്നില്ല.  തൊട്ടടുതുണ്ടായിരുന്നിട്ടും പരസ്പരം തമ്മിൽ ഒന്ന് നോക്കനോ മിണ്ടനോ രണ്ടാൾക്കും മടി ആയിരുന്നു. ദേവുവിലൂടെ  ഓരോ തവണ കണ്ണോടിക്കുമ്പോളും  എല്ലാറ്റിനും കാരണക്കാരൻ താനാണെന്ന് മനസിനുള്ളിൽ ഇരുന്നാരോ കുറ്റപ്പെടുത്തുന്ന പോലെ തോന്നി.

” നല്ല ക്ഷീണം ഉണ്ടോ  ?  “

.  ഉണ്ടെന്നവൾ മറുപടി തന്നു.

” സാരമില്ല   ഇതിപ്പോ തീരും..  എന്നിട്ടു വീട്ടിലേക്ക്  പോകാമെന്ന് പറഞ്ഞിട്ടുണ്ട്.  “

” നമ്മൾ വന്നിട്ട് ഒത്തിരി നേരം ആയോ ?  “

കറങ്ങുന്ന ഫാനിലേക്കു മാത്രം ശ്രദ്ധ വച്ചുകൊണ്ട് ദേവു ചോദിച്ചു.

” മ്മ്  ..  കുറച്ചായി…  “

” അമ്മയും ചേച്ചിയും?  “

” ഞാൻ പറഞ്ഞിട്ടില്ല.  ഇനി വേണം  വിളിച്ചറിയിക്കാൻ.  “

താനെന്താ ഒന്നും കഴിക്കാതിരുന്നത്. “

മൗനമായിരുന്നു അതിനുള്ള മറുപടി എങ്കിലും ഉത്തരം അവളുടെ കണ്ണുകൾ എനിക്ക് പറഞ്ഞു തരുന്നുണ്ടായിരുന്നു  .  നിറഞ്ഞൊഴുകാൻ വെമ്പി നിൽക്കുന്ന ആ മിഴികളിലെ ദുഃഖം ഞാൻ കണ്ടില്ലെന്നു നടിച്ചു ..

പെട്ടന്ന് കതകു തള്ളിത്തുറന്നു ഹരി കയറി വന്നു.  കൂടെ അമ്മയും ഏടത്തിയും ഉണ്ടായിരുന്നു….

” ഞാനന്നേ പറഞ്ഞതാ ഈ കുട്ടിയോട് വയ്യാന്നുണ്ടേൽ ഹോസ്പിറ്റലിൽ പോകാമെന്നു..  ഇപ്പൊ എങ്ങനെ ഉണ്ട് ?  “

കയറി വന്നതേ ശകാരമെന്നോണം ഏടത്തി പറഞ്ഞു.

“, കുഴപ്പമൊന്നും ഇല്ല ചേച്ചി.. “

” എന്നിട്ടാണോ തല കറങ്ങി വീണത്?  ” അവരെ കണ്ടു എഴുന്നേൽക്കാൻ ഭാവിച്ച ദേവുവിനെ പിടിച്ചു വീണ്ടും കിടത്തി കൊണ്ട് ഏടത്തി പറഞ്ഞു

ഇവൾ ഹോസ്പിറ്റലിൽ ഉള്ള കാര്യം വീട്ടുകാരോട് ആര് പറഞ്ഞു എന്ന് ഞാൻ ആലോചിച്ചിരിക്കുമ്പോളാണ് വളിച്ച ചിരിയുമായി ഹരി മുറിക്കു വെളിയിലേക്കു ഇറങ്ങിപ്പോയത് കണ്ടത് .

അമ്മക്ക് ഇരിക്കാൻ കസേര ഒഴിഞ്ഞു കൊടുത്തു ഞാൻ മുറിയുടെ ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നു.

” കുറവുണ്ടോ മോളെ?  “

ദേവുവിന്റെ നെറുകയിലൂടെ കൈയടിച്ചു അമ്മ ചോദിച്ചു.

” ഉണ്ടമ്മേ…. “

ദേവുവിന്റെ മറുപടിക്കു കാത്തുനിൽക്കത്തെ അമ്മ എന്റെ നേരെ തിരിഞ്ഞു.

” ഡോക്ടർ എന്ത് പറഞ്ഞെടാ?  “

” ഈ ഡ്രിപ്പ് കഴിഞ്ഞാൽ വീട്ടിൽ പോകാമെന്നു പറഞ്ഞു.  “

” ക്ഷീണം ഉണ്ടെങ്കിൽ നമുക്കിന്നൊരു ദിവസം കൂടി ഇവിടെ കിടക്കാം മോളെ?  “

അമ്മയുടെ അഭിപ്രായം ദേവു സ്നേഹത്തോടെ നിരസിച്ചു.. സ്വന്തം മകൾ എന്ന രീതിയിൽ ഏടത്തിക്കു നൽകുന്ന അതെ സ്നേഹവും പരിഗണയും അമ്മ ആരും ആഗ്രഹിക്കാത്ത ഒരവസ്ഥയിൽ വീട്ടിലേക്കു കയറി വന്ന ദേവുവിനും നൽകുന്നതു കണ്ട് എനിക്ക് അമ്മയോട് ബഹുമാനം തോന്നി. അമ്മയുടെ തലോടലിൽ കണ്ണടച്ച് കിടക്കുന്ന ദേവുവിനെ കണ്ട് എനിക്ക് അസൂയ തോന്നി  .  എന്നോട് മാത്രമാണിപ്പോളും അമ്മക്കു അകൽച്ച. എന്ന വസ്തുത എന്നിൽ നേരിയ തോതിൽ വിഷമവും ഉണ്ടാക്കി.

“:ഇവന്റെ കൂടെ നാട്ടിൽ പോയി വന്നപ്പോൾ മുതൽ തുടങ്ങിയ അസുഖവും ക്ഷീണവും ആണ് ഈ കുട്ടിക്ക്.  “

” അതിന് ഞാനെന്തു ചെയ്തിട്ടാ… ?  “

ഏടത്തി കുറ്റപ്പെടുത്തൽ മുഴുവിപ്പിക്കുന്നതിന് മുന്നേ ഞാൻ ചോദിച്ചു.

” നീ എന്തെങ്കിലും ചെയ്തോ എന്ന ഞാനും ചോദിക്കുന്നത്. നീ ഒന്നും ചെയ്യണ്ടും പറയാണ്ടും ഈ കുട്ടി വെറുതെ പട്ടിണി കിടക്കോ . ?  “

ഏടത്തി പറഞ്ഞത് ശരി ആകാം എന്ന ഭാവത്തിൽ അമ്മയും എന്നെ സൂക്ഷിച്ചു നോക്കി

” നന്ദുവേട്ടനൊന്നും ചെയ്തതല്ല.. അമ്മേ…  എനിക്ക് വിശപ്പില്ലാത്ത കൊണ്ടാ ഞാൻ കഴിക്കാഞ്ഞത്.. “

എല്ലാം കേട്ടുകൊണ്ട് മാത്രം ഇരുന്ന ദേവു ചാടി പറഞ്ഞു.  എല്ലാറ്റിനും കാരണക്കാരൻ ഞാൻ ആയിരുന്നു എങ്കിലും എന്നെ  ന്യായികരിക്കാൻ  അവൾ ശ്രമിക്കുന്നത് കണ്ടപ്പോൾ എനിക്ക് അവളോടെന്തെന്നില്ലാത്ത ബഹുമാനം തോന്നി.

” അതെങ്ങനെയാ..  നീ അങ്ങനെയേ പറയു എന്നെനിക്ക് അറിയാം.  രണ്ടും കണക്കാ… “

വെറുതെ ഒരു കളിയാക്കലെന്ന വണ്ണം ഏടത്തി അങ്ങനെ പറഞ്ഞു നിർത്തി.

” മോളെ.   ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് വിചാരിച്ചു ആഹാരം കഴിക്കാതിരിക്കുകയല്ലാ വേണ്ടത്. അത് മോളുടെ ആരോഗ്യത്തിന് തന്നെയാ കേടു…  അവനങ്ങനെ പലതും പറയും… “

അമ്മ ഒളിഞ്ഞും മറഞ്ഞും എന്നെ ഉദ്ദേശിച്ചാണങ്ങനെ പറഞ്ഞതെന്ന് എനിക്ക് വ്യക്തമായി മനസിലായി.

” അങ്ങെനെ വല്ലതും ഇനി ഉണ്ടെങ്കിൽ മോളെന്നോട് പറഞ്ഞൽ മതി ട്ടോ.. “

അമ്മയുടെ തലോടലിനു പുറമെ ആ സ്വാന്ത്വന വാക്കുകൾ കൂടി കേട്ട് ദേവു അമ്മക്കു ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു. അമ്മക്ക് ദേവുവിനോടുള്ള സ്നേഹം ഞാൻ കണ്ടറിയുക ആയിരുന്നു. അമ്മയുടെ ലാളന ഏറ്റു കണ്ണടച്ച് കിടക്കുന്ന ദേവുവിനെ ഞാൻ അസൂയയോടെ നോക്കി നിന്നു.

എല്ലാം കഴിഞ്ഞു അമ്മയുടെ തോളും ചാരി അവൾ ആശുപത്രി വരാന്ത  നടന്നു നീങ്ങുമ്പോൾ അമ്മക്ക് അവളോടുള്ള സ്നേഹവും കരുതലും ഞാൻ കണ്ടറിയുക  ആയിരുന്നു.

###……… #####…….  ###……….

പകൽ  ദേവുവിന് വയ്യാതെ ആയി എന്നറിഞ്ഞപ്പോൾ മനസിന് ഒരു സമാധാനവും തോന്നിയിരുന്നില്ല.  എന്തൊക്കെയാണ് ഞാൻ അപ്പോൾ ചെയ്തു കൂട്ടിയതെന്നു പോലും എനിക്ക് ഓർമ ഇല്ല.   അവളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് പോകാൻ എന്നെ   പ്രേരിപ്പിച്ച ഘടകം  എന്താണ്? . അങ്ങനെയൊക്കെ  ചെയ്യാൻ അവളെന്റെ ആരും അല്ലല്ലോ

” ആ സമയത്ത് ആരായാലും അതു തന്നെ അല്ലെ ചെയ്യൂ… “

എന്റെ മനസേന്നോട് മന്ത്രിച്ചു.

” എടാ ചെക്കാ നിനക്ക് ഉറക്കമൊന്നും ഇല്ലേ?  “

രാത്രി ഉറക്കം വരാതെ കട്ടിലിൽ എന്തൊക്കെയോ ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോളാണ് ഏടത്തി കയറി വന്നത്.

കയറി വന്നതേ ഏടത്തി ദേവുവിന്റെ ബുക്കുകൾ വച്ചിരിക്കുന്ന മേശയുടെ ഭാഗത്തേക്ക് തിരിഞ്ഞു എന്തോ തിരയാൻ ആരംഭിച്ചു.

” എന്താ?  “

“:എന്ത്?  “

” ഏടത്തി എന്താ ഈ തപ്പുന്നതെന്നു?  “

” അതോ. .  ആ പെണ്ണിന്റെ രണ്ടു ബുക്ക്.. ഇന്ന് അവൾ എന്റെ കൂടെയാ… ഇന്നും രാത്രി വയ്യാതായാലോ? നിനക് ശ്രെദ്ധിക്കാൻ നേരമില്ലലോ   “

” മ്മ്. .. അതാ നല്ലത് ?  “

എന്റെ മറുപടി കേട്ട് ഏടത്തി എന്നെ രൂക്ഷമായി ഒന്ന് നോക്കി

” എന്ത് കെട്ട്യോനാടാ നീയ്? ആ പെണ്ണിന്  വയ്യാതിരിക്കുമ്പോൾ കൂടെ ഇരിക്കേണ്ടവനാ…ഇവിടെ സുഖിച്ചു കിടക്കുന്നത്.  എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ… “

” അതിനല്ലേ ഏടത്തിയും അമ്മയും ഒകെ ഉള്ളത്   “

” ഞങ്ങളെ പോലെ ആണോ അവൾക് നീയ്?  “

ഏടത്തി പറഞ്ഞതിന്റെ പൊരുൾ എനിക്കപ്പോൾ ഒട്ടും മനസിലായില്ല

” അതെന്താ എനിക്ക് കൊമ്പുണ്ടോ?  “

” കൊമ്പ് …  ഒന്ന് പോടാ ചെക്കാ നീയ്…  അല്ലേലും ഈ ആണുങ്ങൾക്ക് ഒന്നും ഞങ്ങൾ ഭാര്യമാരുടെ വിഷമം  അറിയ്യണ്ടല്ലോ..  ചേട്ടനും കണക്കാ അനിയനും കണക്കാ?  “

ബുക്ക് തപ്പുന്നതിനിടയിൽ ഏടത്തി ആരോടെന്നില്ലാതെ പറഞ്ഞു.

” ദേ…  എന്നെ വേണേൽ പറഞ്ഞോ.  പക്ഷെ എന്റെ മണുങ്ങൂസൻ ചേട്ടനെ പറ്റി പറഞ്ഞാൽ ഉണ്ടല്ലോ?  “

വെറുതെ ഏടത്തിയെ ചൊടുപ്പിക്കാനാണ് അത് പറഞ്ഞത് എങ്കിലും ഏടത്തിക്കു അത് ശരിക്കും ദേഷ്യമാണുണ്ടാക്കിയത്…  കയ്യിൽ കിട്ടിയ കട്ടിയുള്ള ഒരു ബുക്ക് എടുത്ത് എന്റെ നേരെ ഒറ്റ ഏറായിരുന്നു അവർ.  ഏടത്തിക്ക് ഉന്നം ഇല്ലാത്തതു കൊണ്ടും എന്റെ ഭാഗ്യം കൊണ്ടും അത് ദേഹത്ത്  കൊള്ളാതെ എനിക്ക് ഒഴിഞ്ഞു മാറാൻ സാധിച്ചു.

എന്നിട്ടും കലി തീരതെ അവര് മറ്റൊരു ബുക്കും കയ്യിലോങ്ങി കൊണ്ട് എന്റെ നേർക്കു പാഞ്ഞടുത്തു…

“‘കെട്ടിയവളെ മര്യാതക്ക് നോക്കത്തും ഇല്ല.  എന്നിട്ടു ഉപദേശിച്ച നന്നായാലോ എന്ന് കരുതി ഓരോന്ന് പറയുമ്പോൾ കളിയാക്കുന്നോ ? “

കയ്യിലിരുന്ന ബുക്ക് കൊണ്ട് അവരെന്നെ തല്ലാൻ കൈ ഓങ്ങിയതും ഞാൻ ഏടത്തിയുടെ കയ്യിൽ നിന്നും ബുക്ക് തട്ടിപ്പറിച്ചു.

” ഏടത്തി സോറി  .  ഞാൻ വെറുതെ പറഞ്ഞതാ…. “

എന്റെ ക്ഷമാപണത്തിൽ വലിയ ആത്മാർത്ഥത ഉണ്ടായിരുന്നില്ല എങ്കിലും ഏടത്തിയെ തണുപ്പിക്കാൻ അത് മതിയായിരുന്നു.

” എടാ നന്ദു നീ എന്താടാ ഇങ്ങനെ?  ഒന്നുമില്ലെങ്കിലും നിന്നെ വിശ്വസിച്ചു ഇറങ്ങി വന്നതല്ലേ അവൾ..  എന്നിട്ട് നീയിപ്പോഴും  ഈ കുട്ടികളിയും മറ്റുമായി നടന്നാലോ… “

കട്ടിലിൽ എന്റെ അരികിലായി ഇരുന്നു ഏടത്തി വീണ്ടും ഉപദേശം തുടങ്ങി. അവരെ സത്യാവസ്ഥ പലതവണ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും  അതൊന്നും കാര്യമാക്കാതെയുള്ള ഏടത്തിയുടെ സംസാരം എനിക്  അരോചകം ആയി തോന്നി.  അവരുടെ സംസാരം ശ്രദ്ധിക്കാതെ കയ്യിൽ ഇരുന്ന പുസ്തകത്തിന്റെ താളുകൾ തുറന്നും അടച്ചും ഇരുന്ന് ഞാൻ എന്റെ പ്രതിഷേധം അറിയിച്ചു..

ഇതൊന്നും വകവെക്കാതെ എന്തൊക്കെയോ  പറഞ്ഞു കൊണ്ടിരിക്കയാണ് ഏടത്തി.

ഏടത്തിയിൽ നിന്നും എന്റെ ശ്രദ്ധ പൂർണമായും ആ പുസ്തക താളുകളിലേക്കു തിരിഞ്ഞപ്പോളാണ്‌ കയ്യിലിരിക്കുന്നത് ദേവുവിന്റെ ഡയറി ആണെന്ന് മനസിലായത്.  ഒരുതവണ തുറന്നു നോക്കിയപ്പോൾ ദേവുവിന്റെ വക ശകാരം കിട്ടിയതാണ് എങ്കിലും കയ്യിലിരുന്നപ്പോൾ തുറന്നു നോക്കാതിരിക്കാൻ സാധിച്ചില്ല. പിടിച്ചു വാങ്ങിക്കാൻ ഇപ്പോൾ അവളിവിടെ ഇല്ലല്ലോ.

ആദ്യ താളു മറിച്ചതെ കണ്ട കാഴ്ച എന്റെ ഹൃദയം നിലക്കാൻ പോകുന്നതായിരുന്നു.

കഴുത്തിൽ തുളസി മാല.  അതിനുമിടയിൽ നെഞ്ചോടു ചേർന്നു ഒളിഞ്ഞു കിടക്കുന്ന ആലില താലി….  നെറുകയിൽ സിന്ദൂര രേഖ……  എല്ലാറ്റിനും അപ്പുറം എല്ലാം പിടിച്ചടക്കിയവുളുടെ കൊല്ലുന്ന പുഞ്ചിരിയോടെ എന്നെ ചേർന്നു നിൽക്കുന്ന ദേവു. …  ഞങ്ങളുടെ വിവാഹ ഫോട്ടോ…  ആരെയും കാണിക്കാതെ അവൾ സൂക്ഷിച്ചു വച്ചിരുന്ന വിവാഹ ഫോട്ടോ എന്റെ വിറയാർന്ന കയ്യിൽ ഇരുന്നു വിറച്ചു………..

” ഏടത്തി ഇത്?  “

കയ്യിലിരുന്ന ഫോട്ടോ ഉയർത്തി കാട്ടി ഞാൻ ചോദിച്ചു..

” ഇത് നിന്റെ കല്യാണ ഫോട്ടോ..  അതിനിപ്പോ എന്താ?  “

” ഇതിപ്പോ എടുത്തു.. “

”  ഇത് നല്ല കൂത്ത്..  കല്യാണം കഴിഞ്ഞു രെജിസ്റ്റർ ഓഫീസിൽ നിന്നിറങ്ങിയ പാടെ പിടിച്ചു നിർത്തി എടുത്ത ഫോട്ടോയ ഇത്. എത്ര നിര്ബന്ധിച്ചിട്ട നീ ഒന്ന് നിന്നു തന്നതെന്നറിയാമോ?  “

അന്നത്തെ ആ അവസ്ഥയിൽ ഇങ്ങനെ ഒരു സംഭവം നടന്നത് പോലും എന്റെ ഓർമയിൽ ഉണ്ടായിരുന്നില്ല.  അന്നൊരുവിധം മനസ്സ് മരവിച്ച അവസ്ഥയിൽ ആയിരുന്നു…  അല്ലെങ്കിലും ഞാൻ അന്ന് വെറുമൊരു ബൊമ്മ മാത്രമായിരുന്നല്ലോ.  മറ്റുള്ളവരുടെ അഭിപ്രായത്തിനും ആഗ്രഹത്തിനും ഒത്തു ചലിക്കുന്ന വെറും ബൊമ്മ…

” അത് ഞാൻ നിന്നെ കാണിക്കാൻ ദേവുവിന്റെ കയ്യിൽ കൊടുത്തിട്ടു നാള് കുറെ ആയല്ലോ?  ഇത് വരെ കണ്ടില്ലേ നീയ് ഇത്?  “

മനഃപൂർവ്വമായിരിക്കണം അവൾ ഇതെന്നെ കാണിക്കാതെ ഇരുന്നത് . കാണിച്ചിരുന്നുവെങ്കിൽ അന്നേ ഞാൻ ഇത് കീറി പറിച്ചു  ചവറ്റുകൊട്ടയിലെറിയുമായിരുന്നു  എന്നവൾക്ക് നന്നായി അറിയാം…

” ഫോട്ടോയും നോക്കി ഇരിക്കാൻ എന്താ അതിലിത്ര പ്രത്യേകത?  എന്നതാണെന്നും മോനതും നോക്കി ഇവിടെ ഇരിക്ക് ഞാൻ പോണു..  “

കയ്യിൽ കിട്ടിയ ബുക്ക് എല്ലാം പെറുക്കി ഏടത്തി മുറി വിട്ടു പുറത്തിറങ്ങി.

പഴയ ഓർമകളെന്നിൽ വല്ലാതെ മുറിവേൽപ്പിച്ചിരുന്നതായി എനിക്കിന്നും തോന്നുന്നു.. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.  എന്തിന് അന്ന് ഹോട്ടൽ റൂമിലേക്ക് ഓടി കയറി വന്ന ദേവുവിന്റെ പേടിച്ചരണ്ട മുഖം പോലും ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്…

അതെ ആ ഹോട്ടൽ….  അതാണെന്റെ ജീവിതം മാറ്റി മറിച്ചത്.  അവളെന്തിനാണ് അന്ന് ആ റൂമിലേക്ക് ഓടി കയറി വന്നത്?  എല്ലാം ഇനി എങ്കിലും എനിക്ക് അറിയേണ്ടേ.?  അറിയേണ്ട സമയം ആയിരിക്കുന്നു…..

ഏറെ നേരം ആ ഫോട്ടോയിലേക്കു നോക്കി ഇരുന്നു ഞാൻ.  അതിൽ ഏതോ ലോകം കീഴടക്കിയ  ഒരു  സന്തോഷം  ദേവു അവളുടെ  പുഞ്ചിരിയിൽ    ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന്  എനിക്ക് തോന്നി.

ആത്മാർഥത ഇല്ലെങ്കിലും ഞാനും എന്തിനോ വേണ്ടി പുഞ്ചിരിക്കുന്നുണ്ട്.  ആരുടെയോ നിർബന്ധത്തിനു വഴങ്ങി എന്ന മട്ടിൽ. സത്യത്തിൽ അതൊരു വിവാഹം ആയിരുന്നോ.  രണ്ടു മനസുകളും ചേരാതെ രണ്ടു പേരുടെ സമ്മതം പോലും ഇല്ലതെ നടന്ന ആ ഒരു പ്രഹസനത്തെ വിവാഹം എന്നൊരിക്കലും വിളിക്കാൻ കഴിയുമോ ?

#########

കണ്ണു തുറക്കുമ്പോൾ ആദ്യം കാണുന്നത് ദേവുവിന്റെ മുഖം ആണ്  .  റൂമിനുള്ളിൽ കയറി വന്നു എന്തോ തിരയുകയാണവളെന്നു എനിക്ക് തോന്നി  .  ഇന്നലെ എന്റെ കൈ വശം ഉണ്ടായിരുന്ന ഫോട്ടോ ആകണം അത് എന്ന് ഞാൻ ഊഹിച്ചു.  ഞാനത് നശിപ്പിച്ചു കാണുമോ എന്ന പേടി അവളുടെ മുഖത്തു നിഴലിച്ചിരുന്നു.

എന്റെ മേശ വിരിപ്പിനുള്ളിലും ബുക്കിനുള്ളിലും ഒക്കെ തിരഞ്ഞു നിരാശയോടെ എന്നേ നോക്കിയ ദേവു കാണുന്നത് അവളെ തന്നെ നോക്കി കിടക്കുന്ന എന്നേ ആണ്.  കള്ളി പിടിക്കപ്പെട്ടവളുടെ ജ്യാളിതയിൽ അവളും ഒരു കള്ളം കണ്ടുപിടിച്ചവന്റെ  പുശ്ചത്തോടെ ഞാനും  പരസ്പരം നോക്കി..

എന്താ എന്നുള്ള എന്റെ  ആംഗ്യത്തിലൂടെ ഉള്ള ചോദ്യത്തിന് ഒന്നുമില്ല എന്ന് ആംഗ്യത്തിൽ മറുപടി തന്നു മുറിയിൽ നിന്നും ഇറങ്ങി ഓടീ…

അവളുടെ ആ ചെയ്തി കണ്ട് എനിക്ക് ചിരി ആണ് വന്നത് .

” പാവം പെണ്ണ്.. “

തലയണക്കടിയിൽ ഞാൻ സൂക്ഷിച്ച ഫോട്ടോ കയ്യിലെടുത്തു അതിലെ ദേവുവിനെ നോക്കി ഞാൻ പറഞ്ഞു…..

…………………. #….##…###…..####………..

” എന്താ അളിയാ അവളിന്നു വന്നില്ലേ?  “

കോളജിലേക്ക് എന്നത്തേയും പോലെ  അല്ലാതെ ഒറ്റക് ബൈക്കിൽ എത്തിയ എന്നെ കണ്ട് ഹരി ചോദിച്ചു.

ഇല്ലെടാ ഇന്നവൾക് റസ്റ്റ് പ്രഖ്യാപിച്ചിരിക്കയാ ഏടത്തി..

”  നിന്റെ അമ്മയ്ക്കും ഏടതിക്കും അവളെ ശെരിക്കു അങ്ങ് ബോധിച്ചെന്നു തോന്നുന്നല്ലോ  “

ഹരിയുടെ വക തമാശ ആയിരുന്നു അതെങ്കിലും സംഭവം സത്യമായിരുന്നു.    അവൾക്കും ഇന്നാ വീട്ടിൽ ഒരു സ്ഥാനം ഉണ്ടെന്നു എനിക്ക് ബോധ്യപ്പെടുക ആയിരുന്നു ഇന്നലെ ..

” ശെരിക്കും… ! എന്ത് കൊടുത്തു മയക്കിയതാണെന്ന് അറിയില്ലളിയാ… ഇനി ഇപ്പോ അവളുടെ അച്ഛൻ വന്നാലും അവളെ കൂടെ പറഞ്ഞു വിടാൻ അവര് സമ്മതിക്കുമെന്നു എനിക്ക് തോന്നുന്നില്ല.   “

” അപ്പൊ അവളെ അവളുടെ അച്ഛന്റെ കൂടെ പറഞ്ഞു വിടാൻ തന്നെ ആണോ നിന്റെ തീരുമാനം?  “

” അല്ലാതെ പിന്നെ?  അതല്ലേ നല്ലതു.  രണ്ടുപേർക്കും?  “

ഹരിയുടെ ചോദ്യം കേട്ട് ആദ്യം ഒന്ന് പകച്ചുവെങ്കിലും ഉടനെ തന്നേ  ഞാൻ മറുപടി കൊടുത്തു.

ഓഹ് ഞാൻ കരുതി……. !

” എന്ത് കരുതി…..?  “

” അല്ല ഇന്നലത്തെ നിന്റെ പ്രകടനം കണ്ടപ്പോൾ ഞാൻ കരുതി……. നിനക്കു അവളോട്  ഇഷ്ടം ആകും എന്ന്… “

” ഇഷ്ടമോ അവളെയോ?  നീ എന്താ ഈ പറയുന്നത്?  അതിന് ഇന്നലെ എന്ത് സംഭവിച്ചു.? അവളെ ആശുപത്രിയിൽ എത്തിച്ചതാണോ?  ആരായാലും അത് തന്നെ അല്ലെ ചെയ്യൂ?  “

അവന്റെ ചോദ്യത്തിന് എന്റെ പക്കൽ കൃത്യമായ മറുപടി ഉണ്ടായിരുന്നു.

” അതൊക്കെ ശെരി  ..  ഇന്നലെ അവൾക്കു വയ്യെന്ന് കേട്ടപ്പോൾ ഓടി ചെന്നു വാരി എടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചത് പോട്ടേ..  ഈ ലേബർ റൂമിൽ കയറ്റിയ ഭാര്യയെ കാത്തു പുറത്തു നിൽക്കുന്ന ഭർത്താവിനെ പോലെ ഉള്ള ഇന്നലത്തെ  നിന്റെ പ്രകടനമുണ്ടല്ലോ…   അതിന് എന്താ ഞാൻ പറയേണ്ടത്? അതൊക്കെ കണ്ടാൽ ആരായാലും അങ്ങനെ ഒക്കെയേ കരുതൂ.  “

അവന്റെ വാക്കുകൾക്ക് എനിക്ക് ഒരു നിമിഷമെങ്കിലും ഉത്തരം മുട്ടി.  എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി.

” നീ എന്താ ഈ പറഞ്ഞു വരുന്നത് എനിക്കവളോട് പ്രേമം ആണെന്നോ?  “

” എന്ന് ഞാൻ പറയില്ല….  ആ പെണ്ണിന്റെ സ്നേഹം നീ കാണാതെ പോകരുതെന്നേ എനിക്ക് ഒള്ളൂ… നീ പറഞ്ഞില്ലേ അവളെ അച്ഛന്റെ കൂടെ വിടണം എന്ന്. അയാളുടെ കൂടെ പോയാലും അവൾ സുഖമായി ജീവിക്കും എന്ന് നിനക്കു ഉറപ്പുണ്ടോ?  ഒരു രണ്ടാം കെട്ടുകാരീ എന്ന നിലയിൽ അവൾക്കിനി നല്ലൊരു ജീവിതം കിട്ടുമെന്ന് നിനക്കു തോന്നുന്നുണ്ടോ? ഒക്കെ പോട്ടേ അച്ഛൻ വന്നിട്ട് അവളെ സ്വീകരിച്ചില്ലെങ്കിലോ .  അവള് പറയുന്നതൊന്നും അയാൾ വിശ്വസിച്ചില്ലെങ്കിലോ  ?”

ഞാൻ ഇതുവരെ ചിന്തിച്ചു പോലും എത്താത്ത തലങ്ങളിൽ ഉള്ള ഹരിയുടെ അഭിപ്രായം എന്നേ വല്ലാത്തൊരു ആശയക്കുഴപ്പത്തിൽ ആക്കി..

നീ എന്താ ഹരി ഇപ്പോൾ പറഞ്ഞു വരുന്നത്?  ഞാൻ എന്താ ചെയ്യേണ്ടത്? “

” നിന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല എന്നെനിക്കറിയാം.  പക്ഷെ അവളുടെ കഥയൊക്കെ കേട്ടപ്പോൾ അവളെ അടുത്തറിഞ്ഞപ്പോൾ എന്തോ എപ്പോളോ അവൾ നിനക്കുള്ളതാണെന്നു മനസിലൊരു തോന്നൽ.

” എടാ ഞാൻ.. “

” ഞാൻ വെറുതെ ഒരു ആഗ്രഹം പറഞ്ഞെന്നെ ഒള്ളൂ..   അവളുടെ ജീവിതത്തിലെ ആ ഒരു ആഗ്രഹം എങ്കിലും നടക്കട്ടെ എന്ന് കരുതി. …..  “

ഹരി ആദ്യമായി വിഗാരഭരിതനായി കാണപ്പെട്ടത് അന്നാണ്.  അതും അവൾക്കു വേണ്ടി എന്റെ മുന്നിലൊരു യജനെ പോലെ  .  സഹിക്കാൻ ആവുന്നതിലും അപ്പുറമായിരുന്നു എനിക്കതു.

” എനിക്ക് തോന്നുന്നത് ദൈവം  നിനക്ക് വിധിച്ചിട്ടുള്ള പെണ്ണ് അവള…  അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ ? നീ കരുതുന്ന പോലെ ആ പെണ്ണൊരു കള്ളം അല്ലടാ…  അവൾ സത്യം ആണ്…   നിന്റെ മനസിലുള്ള സംശയങ്ങൾ എല്ലാം തീരുമ്പോൾ നിനക്ക് മനസിലാകും അവൾ നന്മയുള്ള ഒരു പാവം പിടിച്ച പെണ്ണാണെന്ന് ..  വിട്ടുകളണ്ടെടാ അതിന്റെ  ….. “

പറഞ്ഞു പൂർത്തിയാക്കിയ വാക്കുകൾക്കൊടുവിൽ പറയാനെന്തൊക്കെയോ ബാക്കി വച്ചു ഹരി അവിടെ നിന്നു നടന്നകന്നു.  എന്റെ മനഃസമാധാവനവും കൊണ്ട്……….

എന്ത് ചെയ്യണം ചെയ്യണ്ട എന്ന ചിന്ത മനസിനുള്ളിൽ പലതും അലയടിച്ചുയരുന്നുണ്ടായിരുന്നു. ഹരി പറഞ്ഞ വാക്കുകൾ അത്രക്ക് ഉള്ളിൽ തട്ടുന്നതയിരുന്നത് കൊണ്ടാകാം.

എന്റെ ജീവിതത്തിൽ ഞാൻ  എടുത്ത പല തീരുമാനങ്ങളും തെറ്റായി തോന്നിയപ്പോളും ഹരി ഒരു ശെരിയായി എന്റെ മുന്നിൽ പലപ്പോളും പ്രക്ത്യക്ഷപ്പെട്ടിട്ടുണ്ട്.  പക്ഷെ ഈ തീരുമാനം ഒരു ശെരി ആയിരിക്കുമോ എന്ന് ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്നൊരു തോന്നൽ..

മനസിനുള്ളിൽ ഒരു കനൽ ഊതി കത്തിച്ചാണ് ഹരി പോയത്.  അവന്റെ ഉള്ളിലെ ആഗ്രഹങ്ങൾ എന്നിൽ അടിച്ചേൽപ്പിക്കുന്ന പോലെയൊരു തോന്നൽ. പതിവ് ക്രിക്കറ്റ് പ്രാക്റ്റീസും കാന്റീൻ ചായയും സ്റ്റെല്ല മിസ്ന്റെ ക്ലാസും എല്ലാം ഞാൻ ബഹിഷ്ക്കരിച്ചു. മനസ് മുഴുവൻ അവളായിരുന്നു.  ദേവനന്ദ.  അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആ നിമിഷം മുതലുള്ള ഓരോ കാര്യങ്ങളും എന്റെ മനസിലേക്ക് ഓടി വന്നു നിറഞ്ഞു.  എല്ലാം  ഞാൻ ഓർത്തെടുത്തു. എന്റെ ഓർമകളിലെ ദേവനന്ദക്ക്  എപ്പോളും വിഷാദത്തിൽ അല്ലെങ്കിൽ പേടിച്ചരണ്ട ഒരുവളുടെ മുഖം ആണ്. നടന്ന കാര്യങ്ങൾ ഒന്നും യാദൃച്ഛികമായി സംഭവിച്ചതല്ലെന്നു ഒരു തോന്നൽ. എന്തൊക്കെയോ രഹസ്യങ്ങളും എന്നോടുള്ള പ്രണയവും ചേർന്ന ആ പെണ്ണ് സത്യമോ അതോ മിദ്യയോ.  അറിയില്ല ! തിരിച്ചറിയാനാവാത്ത എന്തോ ഒരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടെന്നു ഒരു തോന്നൽ.  അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ?  മനസ്സറിയാതെ മന്ദ്രിച്ചു.

മനസ്സിലിപ്പോഴും സംശയങ്ങളണ്‌  .  എന്നിലുദിച്ചത് സത്യത്തിൽ പ്രണയം തന്നെ ആണോ അതോ ഹരിയുടെ വാക്കുകൾ എന്നിൽ അവളോടുള്ള പ്രണയം അടിച്ചേല്പിക്ക പെട്ടതാണോ എന്നുള്ള ഒട്ടനവധി സംശയങ്ങൾ..

ദേവുവിന്റെ പ്രണയം ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് മോശം ആണെന്ന് എനിക്ക് തോന്നി. അവളിലൊളിച്ചിരിക്കുന്ന നിഗൂഢതകൾ  മാറ്റി നിർത്തിയാൽ അവളെ പോലെ ഒരു പെൺകുട്ടിയെ വേറെ കാണാൻ പോലും കിട്ടില്ല.  അവൾ നല്ലവളാണ്..

അവളോട് തോന്നിയ ദേഷ്യം  സഹതാപമായി മാറിയത്  അവളിലെ നന്മ കണ്ടിട്ട് തന്നെ ആണ്.  ഓരോരോ ചിന്തകൾ മനസിനെ പിടിച്ചുലക്കുമ്പോൾ എവിടെയോ ദേവുവിന്റെ മുഖം തെളിഞ്ഞു വന്നു..  എപ്പോളും ശോകം നിറഞ്ഞ മുഖം.  നിറഞ്ഞൊഴുകാൻ വെമ്പി നിൽക്കുന്ന കണ്ണുകൾ… എത്ര മാറ്റി ചിന്തിക്കാൻ നോക്കിയിട്ടും അവളുടെ മുഖത്തിനു എപ്പോളും ആ ഭാവം തന്നെ ആണ്.   പാവം എപ്പോളും ഓരോരോ കാരണങ്ങൾ ആണ് അവൾക്കു സങ്കടപ്പെടാൻ.  ഇപ്പോഴത്തെ അവളുടെ വിഷമത്തിന് കാരണം ഞാൻ ആണ്.   എന്നോടുള്ള അവളുടെ പ്രണയമാണ്. ……ദേവുവിന്റെ  ചിന്തകൾ മനസിനെ പിടിച്ചു പിഴിഞ്ഞെടുക്കുന്ന പോലെ തോന്നി..  മനസ്സിൽ ഒരു തീരുമാനം എടുത്താണ് ഞാൻ അന്ന് ക്ലാസ്സിൽ കയറിയത്..

ഹരിയോടൊപ്പം സ്മിത  മിസ്സിന്റെ ക്ലാസിൽ ഇരിക്കുമ്പോളും എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.

” എടാ അവൾക്കു എന്നോട് ശരിക്കും പ്രേമം ആണോ ?  “

ആർക്കു?  “

മിസ്സിന്റെ ദേഹത്തുനിന്നു കണ്ണെടുക്കാതെ ഹരി ചോദിച്ചു.

” ആ പെണ്ണിന് …  “

” പിന്നെ ഇഷ്ടമല്ലാഞ്ഞിട്ടാകുമോ നിന്നേം സഹിച്ചു നിന്റെ വായിലിരിക്കുന്ന തെറിയും കേട്ട് നിന്റെ  വീട്ടിൽ താമസിക്കുന്നത്… “

” അപ്പൊ അവൾക്കെന്നെ ശെരിക്കും ഇഷ്ടം ആണല്ലേ….?  “

എന്റെ സംസാരത്തിൽ ഉണ്ടായ മാറ്റം കണ്ടിട്ടാകണം മറുപടി എല്ലാം ഒരു ചുഴിഞ്ഞ നോട്ടത്തിൽ അവൻ ഒതുക്കി..

” എടാ ഞാൻ ആലോചിച്ചു നോക്കി… “

ശ്രദ്ധ മുഴുവൻ മിസ്സിൽ ആയിരുന്നത് കൊണ്ട് ഞാൻ പറഞ്ഞത് അവൻ കേട്ടില്ലന്നു തോന്നി.  ഞാൻ അവനെ തട്ടി വിളിച്ചു…

” എന്താടാ ?  “

” എടാ ഞാൻ ആലോചിച്ചു… ന്നു “

” എന്ത്?  “

” ആ പെണ്ണിന്റെ കാര്യം.. .?  “

” എന്നിട്ട്.. “

ഹരി ആകാംഷയോടെ ചോദിച്ചു.

” എന്നിട്ടെന്താ… എനിക്ക് ഒരു തീരുമാനം എടുക്കൻ പറ്റുന്നില്ലടാ… അവൾ. സുന്ദരി ആണ്..  നല്ലവളാണ്..  പാവം ആണ്..  അന്നൊരിക്കൽ നീ പറഞ്ഞത് പോലെ അവൾ എന്നേ മനസിലാക്കിയത് പോലെ വേറെ ആരും മനസിലാക്കിട്ടുണ്ടാവില്ല…  എങ്കിലും….  എന്തോ …..? “

” എന്ത് എങ്കിലും നിനക്കു അവളെ ഇഷ്ടം ആണെങ്കിൽ അങ്ങ് തുറന്നു പറയണം..  ഒന്നുമില്ലെങ്കിലും അവളിപ്പോ നിന്റെ ഭാര്യ അല്ലെ?  “

” അതൊക്കെ ശെരി തന്നെ.  പക്ഷെ…. “

” എന്താ നീ ഇപ്പൊ എന്ത് ഉദ്ദേശിക്കുന്നത്.  എനിക്ക് മനസിലാകുന്നില്ല…  അവളെ നിനക്കു ഇഷ്ടമാണെന്നോ അല്ലെന്നോ?  “

” ഞാൻ അവളുടെ അടുത്തു ചെന്നു പറയാൻ പോകുവാ….  “

” എന്ത്?  “

ഹരിക്കു ആകാംഷ ഏറി വരുന്നത് ഞാൻ അറിഞ്ഞു..

” അച്ഛൻ വന്നാലും കൂടെ പോകേണ്ടാ എന്ന്…. “

” പൊളിച്ചു അളിയാ… .. “

സന്തോഷം കൊണ്ടാകാം അവനതു പറഞ്ഞപ്പോൾ അല്പം ശബ്ദം ഉയർന്നു പോയി..  അവന്റെ ശബ്ദം  ക്ലാസ്സിൽ മുഴങ്ങി കൊണ്ടിരുന്നു…..

സ്മിത  മിസ്സിന്റെ അലർച്ച കേട്ട് ക്ലാസ്സിൽ നിന്നിറങ്ങി പോരുമ്പോൾ ഹരിയുടെ മുഖത് എന്നേക്കാൾ സന്തോഷം പ്രകടമായിരുന്നു.  അത് കൂട്ടുകാരന് നല്ലൊരു ജീവിതം കിട്ടുന്നു എന്നോർത്തിട്ടാണോ അതോ  ഞാനും പെട്ടു എന്ന സന്തോഷത്തിൽ ആണോ എന്ന് എനിക്ക് മനസിലായില്ല…

“:എടാ..  കോപ്പേ..  എനിക്കപ്പോഴേ സംശയം ഉണ്ടായിരുന്നു നിനക്കു അവളെ ഇഷ്ടം ആണെന്ന്..

ഒരുമിച്ചു കാറിനു കോളേജിൽ വരുന്നു…

ഒരുമിച്ചു പൊള്ളാച്ചിക്കു പോകുന്നു…    എന്തൊക്കെ ആയിരുന്നു ..  പിന്നെ പിന്നെ എന്ത് പറഞ്ഞാലും നിനക്കു അവളുടെ കാര്യമേ പറയാനുള്ളു എന്നാകുന്നു ..  എല്ലാം കഴിഞ്ഞു ഇന്നലത്തെ നിന്റെ ആ  പ്രകടനം കൂടി ആയപ്പോൾ ഞാൻ ഉറപ്പിച്ചത.. പിന്നെ രാവിലെ വെറുതെ ഒന്ന് ചൂണ്ട ഇട്ടു നോക്കിയതാ..  അതിൽ നീ കറക്റ്റ് ആയിട്ട് കൊത്തി….. “

അവസാനം എന്റെ ഉള്ളിലെവിടെയോ ഉണ്ടായിരുന്ന ദേവുവിനോടുള്ള ഇഷ്ടം ഒരു പ്രണയമായി രൂപപ്പെടുത്തി ഹരി എന്നേ വീണ്ടും ഒരു കാമുകനാക്കി…

പിടിക്കപ്പെട്ടവന്റെ ജ്യാളിതയോടെ ഞാൻ അവന്റെ മുന്നിൽ തല താഴ്ത്തി നിന്നു..

” ഞാൻ ഇതെങ്ങനെ ആടാ അവളുടെ അടുത്ത് പോയി അവതരിപ്പിക്കുന്നത്?  പോയി പറഞ്ഞു കഴിഞ്ഞൽ അവളെന്തു കരുതുമെന്നൊരു പേടി.. “

” എന്ത് കരുതാൻ.  നീ എന്തിനാ പേടിക്കുന്നത് വേറെ ആരും അല്ലല്ലോ അവള് നിന്റെ ഭാര്യ അല്ലെ…  ധൈര്യം ആയിട്ട് പോയി പറ…. “

ഹരി നൽകിയ ആവശ്യമില്ലാത്ത ധൈര്യവും സംഭരിച്ചാണ് ഞാൻ വീടിനുള്ളിലേക്ക് ചെന്ന്  കയറിയത്   ..

കയറി ചെന്നതേ കണ്ണുകൾ ഓടിയത് ഏടത്തിയുടെ മുറിയിലേക്കാണ് . അവളെ കാണാൻ.    ഇതുവരെ നോക്കി കാണാത്ത കാമുകന്റെ കണ്ണിലൂടെ അവളെ ഒന്ന് കാണാൻ ഒരു  കൊതി തോന്നി.  മുറിക്കുള്ളിൽ ആളനക്കം ഒന്നും കേട്ടില്ല.  ഞാൻ പതിയെ അടുക്കയിലേക്കു നടന്നു.  അവിടെ ഏടത്തി ഉണ്ട്.

” ആഹ് എത്തിയോ ?  “

എന്നേ കണ്ടതേ ഏടത്തി ചോദിച്ചു.

” ഇന്നെന്താ പതിവില്ലാതെ അടുക്കളയിലേക്കു.?  “

” അവളെവിടെ ? “

”  മുറിയിലുണ്ട് എന്താടാ?  “

“, കുറവുണ്ടോ  …. ….  “

മ്മ്….  അവളുടെ കാര്യം ചോദിച്ചിട്ടാണോ എന്നറിയില്ല ഏടത്തിയിൽ പതിവില്ലാത്ത ഒരു ഗൗരവം.

എന്തോ പന്തികേടുള്ള പോലെ അവരുടെ മുഖഭാവത്തിൽ നിന്നും ഞാൻ വായിച്ചു.

” അമ്മ വന്നില്ലേ.. “

” അപ്പുറത്തുണ്ട്  “

ഞാൻ നേരെ ഏടത്തിയുടെ മുറിയുടെ മുന്നിലെത്തി..  അകത്തു നിന്നു കൊളുത്തിട്ടുണ്ടെന്നു തോന്നുന്നു .  തുറക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. ചിലപ്പോൾ ദേവു ഉറങ്ങുകയാകുമെന്നു കരുതി  ഞാൻ എന്റെ മുറിയിലേക്ക് കയറി. … ഇടക്ക് അവളുണർന്നോ എന്നറിയാൻ ഏടത്തിയുടെ മുറിയുടെ മുന്നിലൂടെ ഒന്ന് നടന്നു നോക്കി.  ഒരു രക്ഷയുമില്ല. കഴിഞ്ഞ ദിവസത്തിന്റെ ക്ഷീണം ആകാം അവൾക്കു ഇപ്പോളും .

രാത്രി എപ്പോളോ അവളുടെ ശബ്ദം കേട്ടാണ് പിന്നെ ഞാൻ റൂമിന് വെളിയിലേക്കു ഇറങ്ങുന്നത്.  ചെന്നിറങ്ങിയതേ അമ്മയുടെ മുന്നിലേക്കായിരുന്നു.  ഒന്നും മിണ്ടാതെ തിരിച്ചു കയറ്റി പോന്നു……  അത്താഴം കഴിക്കുന്നിടത്തും അവളെ കണ്ടില്ല.   എന്ത് പറ്റി എന്നറിയില്ല.  അല്ലെങ്കിൽ ഏടത്തി നിർബന്ധിച്ചു എന്റെ അടുത്ത് കൊണ്ടിരുത്തുന്നതാണ് ഇന്നതും ഉണ്ടായില്ല..  മുൻപ് കാണാതെ ഇരിക്കാൻ ശ്രമിക്കുമ്പോൾ മുന്നിൽ നിന്നു മാറാത്തവൾ ഇന്ന്  കാണാൻ കൊതിക്കുമ്പോ കണ്മുന്നിൽ  കൂടി കാണാൻ ഇല്ല… എന്റെ ഗതികേട്..   എല്ലാവരും ഇന്ന്  മൗനത്തിലായിരുന്നു  .  അമ്മ എന്നോട് മിണ്ടിയിട്ട് കാലം കുറച്ചായതു കൊണ്ട് അമ്മയെ ഞാൻ ശ്രദ്ധിച്ചില്ല.  പക്ഷെ എപ്പോളും എന്തെങ്കിലും ഒക്കെ സംസാരിക്കുന്ന   ഏടത്തി വരെ ഇന്ന് മൗനം ആയിരുന്നു..  എന്ത് പറ്റി എന്നൊരു പിടിയും കിട്ടിയില്ല ..  ഭക്ഷണം കഴിച്ചു ടീവിക്കു മുന്നിൽ ചെന്നിരുന്നു.  അവളതു വഴി വല്ലതും പോയാൽ ഒന്ന് കാണാമല്ലോ എന്ന് കരുതി.  പക്ഷെ ഫലം ഉണ്ടായില്ല.  റിമോട്ടിൽ കുത്തി ചാനൽ മാറ്റി കളിക്കുമ്പോൾ ആണ് അമ്മ എന്റെ അടുത്ത് വന്നിരുന്നത്.

അന്നത്തെ സംഭവത്തിന്റെ  ദേഷ്യം മാറാത്തത് കൊണ്ടാകാം അമ്മ എന്നോട് മിണ്ടുകയോ ഇങ്ങനെ ഒന്ന് അടുത്ത് വന്നിരിക്കുകയോ ചെയ്തിട്ട് നാളുകളായി … അമ്മ അടുത്തിരുന്നതേ ഞാൻ എഴുന്നേറ്റു പോകാൻ ആയി ഒരുങ്ങി..

” നന്ദുട്ട   …. “

അമ്മയുടെ വിളി.  നാളുകൾക്കു ശേഷം ..  സ്നേഹത്തോടെ ഉള്ള ഒരു  വിളി…  സന്ദോഷം കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകൾ ഈറനണിഞ്ഞു പോയി..  തിരിഞ്ഞു അമ്മയെ നോക്കിയപ്പോൾ അമ്മ എന്നേ അടുത്തേക്ക് വിളിച്ചു… എനിക്ക് എന്തെന്നില്ലാത്ത സംന്തോഷം തോന്നി എനിക്ക്..  ഓടി അമ്മയുടെ അരികിൽ ചെന്ന്  ഇരുന്നു.  അമ്മയെ കെട്ടിപ്പിടിച്ചു…

” അമ്മാ സോറി….   “

കുഞ്ഞി കുട്ടിയെ പോലെ ഞാൻ അമ്മയുടെ മാറിൽ തല ചായ്ച്ചപ്പോൾ അമ്മ എന്നേ കൈകൾ കൊണ്ട് തലോടി.

” എന്തിനാടാ?  “

” ചെയ്തത് തെറ്റായിരുന്നു എന്ന് എനിക്ക് അറിയാം..  പറ്റിപ്പോയി അമ്മേ….  “

” അതിനു തെറ്റ് ചെയ്തത് ഞങ്ങൾ അല്ലെ…?  “

അമ്മയുടെ മറുപടി കേട്ട് ഞാൻ ഒരുനിമിഷം പകച്ചു പോയി..  എന്താണമ്മ ഉദ്ദേശിച്ചത് എന്നറിയാൻ ആവാതെ ഞാൻ അമ്മയെ നോക്കി.  അപ്പോളേക്കും ഏടത്തിയും ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്നു.

” ചെയ്യാത്ത തെറ്റിന് കുറ്റം ചാർത്തി

ഒരു ചേരിയിലെ പെണ്ണിനെ  നിന്റെ  തലേൽ  കെട്ടിവെക്കാൻ ഞങ്ങളും കൂട്ട് നിന്നു എന്ന് തോന്നുന്നുണ്ടോ നിനക്കു? ദേഷ്യം ആണോ നിനക്  ഞങ്ങളോട്  “

ഏടത്തിയുടെ ചോദ്യം കേട്ട് ഒന്ന് ഞെട്ടി എങ്കിലും എനിക്കൊരു കാര്യം മനസിലായി അവരെല്ലാം എല്ലാം അറിഞ്ഞിരിക്കുന്നു.

” ദേവു അവളെല്ലാം പറഞ്ഞു    “

എന്റെ സംശയത്തിനുള്ള ഉത്തരം ഏടത്തി തന്നെ നൽകി..

” പൊറുക്കാൻ ആവാത്ത തെറ്റാ ഞങ്ങൾ എല്ലാരും നിന്നോട് ചെയ്തത്   ..  ഇഷ്ടമില്ലാത്ത ഒരു ജീവിതമാണ് ഞങ്ങളെല്ലാം നിനക്ക് സമ്മാനിച്ചതെന്നു ഞങ്ങൾക്കു അറിയില്ലായിരുന്നു.. അന്ന് നിനക്കു പറയാനുള്ളത് കൂടി ഈ അമ്മ കേൾക്കണമായിരുന്നു അല്ലെ? “

അമ്മയുടെ വാക്കുകളിൽ കുറ്റബോധം നിറഞ്ഞു നിന്നതു പോലെ തോന്നി.. അടുക്കള വാതുക്കളിൽ നിന്നും എത്തി നോക്കുന്ന ദേവുവിനെ അപ്പോളാണ് എന്റെ  കണ്ണിൽ പെട്ടത് …

” ഇല്ല അമ്മേ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല.  അമ്മയെയോ ദേവുവിനെയോ ആരെയും… എല്ലാം എന്റെ വിധി ആണ് .  ഞാനങ്ങനെ സമദാനി …….. “

” വേണ്ട മോനെ ..  ഇഷ്ടമില്ലാത്ത ഒരു ജീവിതം അത് ആർക്കും ഒരു സന്ദോഷവും തരില്ല…  മോനും ദേവുമോൾക്കും  ആർക്കും .  “

പറഞ്ഞു തീരുന്നതിനു മുമ്പേ അമ്മ പറഞ്ഞു തുടങ്ങി ..

” എന്റെ മോന് ദേവുമോളെ സ്വീകരിക്കാൻ പറ്റില്ല എന്ന് അറിയാം ..    .   അത് കൊണ്ട്  നിന്റെ ഇഷ്ടം പോലെ അവളെ അവളുടെ വീട്ടിലേക്കു നമുക്ക് തിരിച്ചു വിടാം. “

അമ്മയുടെ വാക്കുകൾ കൂരമ്പു പോലെ ആണ് മനസിൽ തറച്ചു കയറിയത്.  ആഗ്രഹിച്ചത്   എല്ലാം തലകീഴായി നടക്കുകയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു ..  എന്തു പറയണം എന്നറിയാതെ ഞാൻ അമ്മയെയും ഏടത്തിയെയും മാറി മാറി നോക്കി..  അവരുടെ മുഖത്തു കുറ്റബോധം മാത്രമേ നിഴലിച്ചിരുന്നൊള്ളു …  അപ്പോളും ദേവു വെറും നിർവിഗാരയായി നിൽക്കയായിരുന്നു .

” പക്ഷെ അവളുടെ അച്ഛൻ വരുന്നതു വരെ അവളിവിടെ നിക്കട്ടെ..  മോൻ സമ്മതിക്കണം.  “

അമ്മ പറഞ്ഞു നിർത്തി  .  മറുപടി പറയാൻ നാവ് പൊങ്ങുന്നുണ്ടായിരുന്നില്ല..  ഞാൻ ആഗ്രഹിച്ച ദേവുവും ദേവുവിന്റെ പ്രണയവും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെ ആവാൻ പോകുന്നു എന്ന സത്യം എന്നേ വല്ലാതെയാക്കിയിരുന്നു…

” നിനക്കു അവളെ ഇഷ്ടമല്ലെന്നു ഞങ്ങൾക്കു അറിയാം.  പക്ഷെ അവളെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും അവളെ കൈവിടാൻ തോന്നുന്നില്ലടാ..  ഒന്നുമില്ലെങ്കിലും നിന്റെ പെണ്ണായി അവളെ ഞങ്ങൾ  കണ്ടു പോയില്ലേ. കൊണ്ട്   കളയാൻ മനസ്സനുവദിക്കുന്നില്ല  ..  “

” നീ എന്താ ഒന്നും മിണ്ടാത്തത്.  നീ സമ്മതിക്കണം…അവളെ നിനക്കു ഒരിക്കലും സ്വീകരിക്കാൻ കഴിയില്ലെന്ന്  ഞങ്ങളേക്കാൾ നന്നായി അറിയാവുന്നത് ദേവുമോൾക്കാണ്. അച്ഛൻ വരുന്നത് വരെ അവളിവിടെ നിൽക്കട്ടെ നന്ദുട്ട..  നീ എതിര് പറയരുത്  .. “

അമ്മയും ഏടത്തിയും ഒരേ സ്വരത്തിൽ പറഞ്ഞു നിർത്തി. അവർക്കിനിയും എന്നേ മനസിലാക്കിയിട്ടില്ല..ആർക്കും.  എന്നിൽ പൂവിട്ട ദേവുവിനോടുള്ള  പ്രണയം ഞാൻ  അറിയിക്കുന്നതിന് മുൻപേ അവളിവിടം വിട്ട് എന്നേ വിട്ട് പോകാൻ ഒരുങ്ങുകയെന്നറിഞ്ഞപ്പോൾ എല്ലാം അവസാനിച്ച പോലെ തോന്നി എനിക്ക്. മറുപടികൾ ഒന്നും ഉണ്ടായിരുന്നില്ല എനിക്ക്.  അമ്മയും ഏടത്തിയും പറഞ്ഞ നിബന്ധനകളെല്ലാ കേട്ടു ഞാൻ അങ്ങനെ തന്നെ ഇരുന്നു.

മറുപടിക്കൊന്നും അവർ  കാത്തു നിന്നില്ല. അന്നത്തെ പോലെ  എല്ലാ തീരുമാനങ്ങളും അവരുടേതായിരുന്നു.   അവരകത്തേക്കു കയറി പോകുന്നത് വരെ ദേവു കതകിൽ ചാരി ആ നിൽപ്പ് അങ്ങനെ തന്നെ നിന്നു .  അവരകത്തേക്കു പോയി എന്നുറപ്പു വരുത്തിയ ശേഷം അവളെന്റെ അരികിലേക്ക് വന്നു.  ദേവു…   “കരഞ്ഞു കലങ്ങിയ കണ്ണുകൾ.  വിഗാരങ്ങളൊന്നും തൊട്ടു തീണ്ടാത്ത മുഖഭാവം .

“നന്ദുവേട്ടന് ഇതായിരുന്നില്ലേ  ആഗ്രഹിച്ചത് ? ഇനി പേടിക്കണ്ടല്ലോ..  നന്ദുവേട്ടന്റെ എങ്കിലും ആഗ്രഹങ്ങൾ  നടക്കട്ടെ..ഇനി… ഇനി ഞാൻ ഒരു തടസ്സമാവില്ല..       “

പറഞ്ഞു മുഴുവിപ്പിക്കുവാനൊന്നും അവൾക്കു കഴിഞ്ഞില്ല  .  കരഞ്ഞു പോയി പാവം.   ദേവുവിന്റെ കണ്ണിൽ നിന്നൊഴുകി വീണ കണ്ണുനീർ കണ്ടു എന്നിലെവിടെ നിന്നോ രക്തം വാർന്നു പോകുന്നപോലെ തോന്നി എനിക്ക് .

എന്നേ നോക്കാനോ  എനിക്ക് പറയാനുള്ളത് കേൾക്കാനോ നിൽക്കാതെ അവളോടി മുറിക്കകത്തു കയറി.

ഞാൻ ആഗ്രഹിച്ചതെന്ത് എന്ന് അവളോട്  പറയാൻ പോലും ആകാത്ത വിധം ഞാൻ തളർന്നു പോയിരുന്നു.  ഇതായിരുന്നില്ലല്ലോ  ഞാൻ ഇന്ന് ആഗ്രഹിച്ചത്…… ദേവുവിന്റെ ആ വാക്കുകൾ കൂടി ആയപ്പോൾ ഞാൻ  ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്ന് വരെ തോന്നി പോയി..

സത്യത്തിൽ എന്ത് മണ്ടത്തരം ആണവൾ കാട്ടിയത്.  കുറച്ചു കൂടി കാക്കാമായിരുന്നില്ലേ എനിക്ക് വേണ്ടി എന്ന് മനസ്സ് പറഞ്ഞു .. എന്തിനു അവളുടെ പ്രതീക്ഷകളെല്ലാം മങ്ങിയിരിക്കാം .  മുറിയിലെ കണ്ണാടിയുടെ മുന്നിലെത്തി ഞാൻ എന്നോട് തന്നെ പറഞ്ഞു.

ചിലപ്പോൾ ഇതിലും  നേരത്തെ അവൾ അവരോട് പറയേണ്ടതായിരുന്നു .. എനിക്ക് വേണ്ടി കാത്തിരുന്നതാകാം…..  എന്നെങ്കിലും അവളുടെ പ്രണയം  ഞാൻ തിരിച്ചറിയുമെന്ന് അവൾക്കു പ്രതീക്ഷ ഉണ്ടായിരുന്നിരിക്കാം .. പക്ഷെ ഇപ്പൊ എല്ലാ പ്രതീക്ഷയും  അറ്റ് ഇനി എനിക്ക് വേണ്ടി കാത്തിരിക്കുന്നതിൽ അർഥമില്ലെന്നവൾക്കു തോന്നി കാണാം….  .  പാവം..

……… # . . ##….##…##…

എല്ലാം അറിഞ്ഞിട്ടും ഹരിക്കു പോലും അതിൽ ഒരു മാർഗം നിർദ്ദേശിക്കാനുണ്ടായിരുന്നില്ല..

” ഇതിപ്പോ വിഷം കഴിച്ചു ആത്മഹത്യ ചെയ്യാൻ പോയവൻ അത് ഉപേക്ഷിച്ചു  തിരികെ വന്നപ്പോൾ പാമ്പു കടിച്ചു മരിച്ച അവസ്ഥ പോലെ ആയി   എന്റെ അവസ്ഥ.. “

” അതിന് നീ എന്തിനാ വിഷമിക്കുന്നത്.  അവളെങ്ങും പോയിട്ടില്ലല്ലോ.  നീ അവളോട് സംസാരിക്കു.  ഉള്ള കാര്യം തുറന്നു പറ.  “

ഹരിയുടെ ആ നിർദ്ദേശം എനിക്ക് സ്വീകാര്യം ആയിരുന്നില്ല.

” ഇല്ലെടാ.  ഇപ്പോൾ ഞാൻ അവളോട്  പറഞ്ഞാലും അവൾ വിശ്വസിക്കുമെന്നു തോന്നുന്നില്ല.  അവളെന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കുക ആണ്.  എല്ലാം കൊണ്ടും..  അവൾക്കു മടുത്തു കാണുമെടാ..   “

“‘ശ്യേ .  .  അവളിത്രയ്ക് എടുത്തു ചാടേണ്ടി ഇരുന്നില്ല അല്ലെ  …  “

ഹരിയുടെ സംസാരത്തിലും നിരാശ കാണപ്പെട്ടു.

” അവളെ കുറ്റം പറയാൻ വയ്യല്ലോ. അവളെ ഇഷ്ടമാണെന്നു തോന്നിക്കുന്ന ഒന്നും ഞാൻ അവൾക്കു ഇതുവരെ കൊടുത്തിട്ടില്ലല്ലോ..  എല്ലാം പോരാഞ്ഞിട്ട് ഒരു തേപ്പ് കിട്ടിയ കഥ കൂടി പറഞ്ഞു കൊടുത്തു .. “

” അതും  നീ പറഞ്ഞു കൊടുത്തോ.  കഷ്ടം… തല്ക്കാലം അവളെവിടെയും പോകുന്നില്ലല്ലോ വീട്ടിൽ തന്നെ ഇല്ലേ?  സമയം കിട്ടുമ്പോൾ പറയാവുന്നതല്ലേ ഒള്ളൂ. . “

” അതല്ലെടാ….  കാര്യങ്ങളെല്ലാം അറിഞ്ഞതിൽ പിന്നെ അമ്മയും ഏടത്തിയും എല്ലാം അവളെ എന്റെ മുന്നിൽ നിന്നു ഒളിപ്പിച്ചു കൊണ്ട് നടക്കുന്ന പോലെ ഒരു തോന്നൽ.  ഒന്നു നേരിട്ട് കാണണോ സംസാരിക്കാനോ ഇതുവരെ പറ്റിയില്ല . ഇന്ന് തന്നെ കണ്ടിലെ ഇന്നലെ രാത്രി തന്നെ വിളിച്ചു അവളുടെ കോളേജിലേക്കുള്ള പോക്കും വരവും എല്ലാം കോളജ് ബസ്സിലേക്ക് ആക്കിയിരിക്കു.. ഇതെല്ലം മാറ്റിവച്ചിട്ടു  ഇനി ഞാൻ അവളെ ഇഷ്ടമാണെന്നു ചെന്ന് പറഞ്ഞാൽ അമ്മയും ഏടത്തിയും എന്നേ ചിരവ കൊണ്ട് വീക്കും ഉറപ്പു.. “

” അപ്പൊ ചുരുക്കി പറഞ്ഞാൽ മോൻ മൂഞ്ചി എന്നാർദ്ധം… “

ഹരിയുടെ വക  തമാശ.

” നീ മിണ്ടരുത് . നീ ഒറ്റ ഒരുത്തനാ ..  മാങ്ങാ തേങ്ങാ ഒലക്ക എന്നും പറഞ്ഞു. ഞാൻ പോലും അറിയാതെയിരുന്ന അവളോടുള്ള പ്രേമം കുത്തിപൊക്കി കൊണ്ട് വന്നത്   എന്നിട് കളിയാക്കുന്നോ… എല്ലാം കൊണ്ടും വട്ടു പിടിക്കുന്ന അവസ്ഥയ…. അവളോടുള്ള ഇഷ്ടം അത് അങ്ങനെ തന്നെ കിടന്നാൽ  മതിയായിരുന്നു. ഇതിപ്പോ ഒറ്റ ദിവസം കൊണ്ട് ആഗ്രഹിച്ചു കൂട്ടിയതെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെ ആയി.. “

എന്റെ വിഷമങ്ങളെല്ലാം ഞാൻ ഹരിയോട് പറഞ്ഞു തീർത്തു.  കരയാൻ ഒന്നും തോന്നിയില്ലെനിക്ക്.  അതിനുള്ള ശേഷി പോലും എനിക്കില്ലെന്നു തോന്നിപോയി അപ്പോൾ.

” സമയവും കാലവും  നോക്കി ഇരുന്നാൽ അവളുടെ തന്തപ്പടി വരുമ്പോൾ അവളാ കൂടെ അങ്ങ് പോകും. അതിനു മുൻപ് വല്ലതും നടത്താൻ നോക്ക് .. “

ഹരി അവസാനമായി തന്ന താക്കിത് ശരിയാണെന്നു എനിക്കും തോന്നി. എങ്ങനെ എങ്കിലും അവളെ എന്റെ പ്രേമം അറിയിക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞു…  പക്ഷെ എങ്ങനെ എന്ന് മാത്രം ഒരു പിടിയും കിട്ടിയിരുന്നില്ല…….

രാവിലെ രണ്ടു ഹവർ ക്ലാസ്സിൽ കയറാതെ ദേവുവിന്റെ ക്ലാസിനു മുന്നിലൂടെ ഒന്ന് രണ്ടു പ്രാവശ്യം നടന്നു..  വേരുതേ ഒന്ന് കാണാൻ.

എന്നേ ഒന്ന് ശ്രദ്ധിക്കുന്നു കൂടി ഉണ്ടായിരുന്നില്ല അവൾ.  ഇടക്കെപ്പോളോ ഒരു കൂട്ടുകാരിയാണ്  അവളെ  അതിലെ ഉലാത്തുന്ന എന്നേ കാട്ടി കൊടുത്തത്..  അപ്പോൾ അവൾ നോക്കിയ ഒരു  നോട്ടം ഉണ്ട്..   ഞാൻ ആണെന്ന് വിശ്വസിക്കാൻ കഴിയാതെ അവള് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.  എന്നിട്ടു ക്ലാസിൽ ശ്രധിക്കാനെന്ന പോലെ മുന്നിലേക്ക് തിരിഞ്ഞിരുന്നു..  പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല എനിക്ക്.  വീട്ടിൽ എത്തുമ്പോഴും ദേവുവിനെ  മാത്രം കാണാൻ കഴിഞ്ഞില്ല.  ഏടത്തിയുടെ വാലിൽ തൂങ്ങി എന്നേ കാണാതെ ഒഴിഞ്ഞു മാറി നടക്കുകയാണവൾ എന്ന് എനിക്ക് മനസിലായി  .  അന്ന് മുതൽ ദേവു കുടികൊള്ളുന്ന അടുക്കളയിലേക്കും ഏടത്തിയുടെ മുറിയിലേക്കും ഉള്ള എന്റെ പ്രവേശനം നിഷേധിക്കപ്പെട്ടു.  വീട്ടിൽ വച്ചു അവളോട് മനസ്സ് തുറന്നു സംസാരിക്കുക എന്നതു പ്രയാസമുള്ള കാര്യം ആണെന്നു എനിക്ക് അന്നത്തോടെ മനസിലായി പിന്നെ ഉള്ള ഒരു മാർഗം കോളേജ് തന്നെ ആണ്.

പിറ്റേന്ന് കോളേജിൽ അവൾ വന്നെത്തുന്നതും കാത്തു ഞാൻ നിന്നു  .

” ഇപ്പൊ കണ്ടാൽ ആ പഴയ കോഴി അനന്തു ആണെന്നെ പറയു.. “

ബൈക്കിൽ ചാരി ദേവുവിനെയും കാത്തുള്ള എന്റെ നിൽപ്പ് കണ്ട് ഹരി കളിയാക്കി പറഞ്ഞു.

വന്നെത്തിയ പെൺകുട്ടികൾക്കിടയിൽ നിന്നും ദേവുവിനെ ഞാൻ കണ്ടെത്തി .  പക്ഷെ ഫലം ഉണ്ടായില്ല .  എന്നേ കണ്ടതും കൂട്ടുകാരികൾക്കൊപ്പം അവൾ സ്ഥലം വിട്ടു.    .  എന്റെ മുന്നിൽ പെടാതെ ഇരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നു എനിക്ക് മനസിലായി.  അത് കോളേജിൽ ആയാലും വീട്ടിൽ ആയാലും  ..  എങ്ങനെ എങ്കിലും അവളെ ഒന്ന് കാണാനും മിണ്ടാനുമുള്ള ആഗ്രഹം വർധിച്ചു കൊണ്ടിരുന്നു എനിക്ക്..  ഓരോ ദിവസം കഴിയുംതോറും അവളെന്നിൽ നിന്നു  കൂടുതൽ  അകന്നു പോകുന്നത് പോലെ. … അവൾക്കു എന്നോടുണ്ടായിരുന്ന അവളുടെ പ്രണയം വെറും അഭിനയം മാത്രമായിരുന്നോ എന്ന് വരെ ചിന്ദിച്ചു  പോയ നിമിഷങ്ങൾ ഉണ്ട് എന്നിൽ….  ഏട്ടൻ  ഒരാഴ്ചത്തെ പതിവ് ലീവിന് വന്നതോടെ അവളുടെ ഉറക്കവും മറ്റും അമ്മയുടെ റൂമിലേക്ക് മാറ്റപ്പെട്ടു.  അതോടെ വീട്ടിൽ വച്ചു അവളോടു സംസാരിക്കാം എന്ന എന്റെ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു.  ഒരു ദിവസത്തിൽ ഉദിച്ചു വന്ന എന്റെ പ്രണയം മറക്കാൻ മൂന്ന് ദിവസങ്ങൾ എടുത്തിട്ടും എനിക്കായില്ല.  ദേവു  എന്റെ ഉള്ളിൽ നേരത്തേയെ വേരുറപ്പിച്ചിരുന്നിരിക്കണം. ഞാൻ അറിയാൻ വൈകി പോയി.. .. ഇനി എന്ത് എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ച നിമിഷങ്ങൾ…

####  ……  ####……?

രാവിലെ കതകിൽ ശക്തമായി മുട്ട് കേട്ടുകൊണ്ടാണ് ഞാൻ കുളി കഴിഞ്ഞു ബാത്റൂമിൽ നിന്നിറങ്ങി വന്നത്  ..

” നന്ദുവേട്ടാ കതകു തുറക്ക്… “

ശബ്ദം കെട്ടാതെ അത് സാക്ഷാൽ ദേവു ആണെന്ന് മനസിലായി.  ഇട്ടുകൊണ്ടിരുന്ന പാന്റു ഒറ്റ  വലിക്കു കയറ്റി ഇട്ടു വെപ്രാളത്തിൽ കതകു തുറക്കുമ്പോൾ പേടിച്ചു പരിഭ്രമത്തോടെ എന്റെ മുന്നിൽ നിൽക്കുകയായിരുന്നു ദേവു…

” നന്ദുവേട്ടാ . ഏടത്തിക്കു എന്തോ ഒരു വയ്യായിക..  രാവിലെ മുതൽ തുടങ്ങിയ ഛർദിയാ..  ഇപ്പൊ ദേ തലകറങ്ങുന്നെന്നു പറയുന്നു.  എനിക്കാണേൽ പേടിയാകുവാ   ….. ഏട്ടനാണെൽ രാവിലെ എവിടെയോ പോയി. .  നന്ദുവേട്ടനൊന്നു വന്നേ… “

എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു ദേവു നിർത്തി ..

ഞാൻ അവളെ മറികടന്നു ഏടത്തിയുടെ മുറിയിലേക്ക് നടന്നു..

” അമ്മ പോയോ?  “

മുറിയിലേക്ക് കടക്കുന്നതിനു മുൻപ് ഞാൻ ചോദിച്ചു…

” മ്മ്….  പോയി  . “

ഞാൻ ചെന്ന് നോക്കുമ്പോൾ ഏടത്തി കിടപ്പാണ്..  നല്ല ക്ഷീണമുണ്ടെന്നു ഏടത്തിയെ കണ്ടപ്പോൾ തന്നെ മനസിലായി.  ഇല്ലെങ്കിൽ രാവിലെ മുതൽ അടുക്കളയിലൂടെ ഓടി നടക്കുന്ന ആളാ…

”  എന്തു പറ്റി ഏടത്തി .. ?  “

” ഒരു തലകറക്കം പോലെ. .. നിനക്കു കോളേജിൽ പോകണ്ടെ ? “

” മ്മ്…  പോണം .   വാ എഴുന്നേൽക്കു നമുക്ക് ഹോസ്പിറ്റലിൽ പോകാം… “

” ഹേയ്… അതിനു മാത്രം ഒന്നുമില്ലെടാ…  ഒന്ന് കിടന്നാൽ മാറുമാറിയിരിക്കും .. “

” സാരമില്ല നമുക് ഒന്ന് പോയി നോക്കാലോ… “

എത്ര നിർബന്ധിച്ചിട്ടും ഏടത്തി വരാൻ കൂട്ടാക്കിയില്ല.  പിന്നെ ഞാനും ദേവുവും ചേർന്ന് പിടിച്ചു വലിച്ചു വണ്ടിയിൽ കയറ്റുകയായിരുന്നു…  ഏറെ നേരം ഞാനും ദേവുവും ഒറ്റക്കാ ആശുപത്രി വരാന്തയിൽ നിന്നു..  ഞാൻ നോക്കുമ്പോളൊക്കെ ദേവുവിന്റെ മുഖത്  പരിഭ്രമം നിഴലിച്ചിരുന്നു..  ഇടക്ക് ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയ നിമിഷം അവൾ മനപ്പൂർവം നോട്ടം പിൻവലിച്ചു…

ഏറെ നേരത്തെ കാത്തിരിപ്പിനു ഒടുവിൽ ഡോക്ടർ വന്നു. .”   ഏടത്തി ഗർഭിണിയാണ്… “

ഡോക്ടറുടെ വാക്കുകൾ വിശ്വസിക്കാനാവാതെ ഞാൻ നിന്നുപോയി…  നീണ്ട മൂന്നു വർഷത്തെ ഏട്ടന്റെയും ഏടത്തിയുടെയും കാത്തിരിപ്പു സഫലം ആകാൻ പോകുന്നു..   ഏട്ടനൊരു അച്ഛനാകാൻ പോകുന്നു ..  വീട്ടിൽ പുതിയ ഒരു ആൾ കൂടി വരുന്നു..   സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു..

വാർത്ത അറിഞ്ഞു അമ്മയും ഏട്ടനും പാഞ്ഞെത്തി… എല്ലാവരുടെ മുഖത്തും സന്തോഷം…  ഏട്ടനെ കണ്ട ഏടത്തിയുടെ മിഴികൾ ഈറനണിയുന്നത് മുറിയുടെ ഇരു മൂലകളിൽ നിന്നു ഞാനും ദേവുവും കൗതുകത്തോടെ നോക്കി കണ്ടു….

” എനിക്ക് സംശയം ഉണ്ടായിരുന്നു..  ഏട്ടൻ വന്നിട്ട് ആശുപത്രിയിൽ  ഒന്നിച്ചു പോകാനിരുന്നത…. ഈ ചെക്കനും പെണ്ണും കൂടി എല്ലാം നശിപ്പിച്ചു…..  “

ഏടത്തി അങ്ങനെ പറഞ്ഞപ്പോൾ ആണ്..  രാവിലെ വരാൻ മടികാണിച്ചതിന്റെ പിന്നിലെ രഹസ്യം എനിക്കും ദേവുവിനും മനസിലായത്… ഏട്ടനെ കണ്ടതേ  ഏടത്തിയിൽ പഴയ പ്രസരിപ്പ് നിറഞ്ഞു..

അവരുടെ സന്തോഷത്തിൽ പങ്കുചേരാനെന്ന വണ്ണം ഞങ്ങൾ രണ്ടുപേരും അന്ന് കോളേജിലേക്കില്ല എന്ന് ഉറപ്പിച്ചു.. ഏടത്തിക്ക് ഇനിയും ഒന്ന് രണ്ടു ചെക്കപ്പുകൾ കൂടി ഉണ്ടെന്നു നേഴ്‌സ് വന്നു പറഞ്ഞു ..  അപ്പോളിനിയും സമയമെടുക്കും   എന്ന് മനസിലായി .

അമ്മയും ഏടത്തിയും ദേവുവും ചേർന്ന് ഏറെ നേരമായി  എന്തൊക്കെയോ സംസാരികയാണ്.  ഏട്ടനാണെങ്കിൽ അച്ഛൻ ആകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മുതൽ ഇവിടെ എങ്ങും അല്ല…  ആരെയൊക്കെയോ വിളിച്ചു വിശേഷങ്ങൾ അറിയിക്കുകയാണ്  ..

“ഏടത്തിക്കു വല്ലതും കഴിക്കാൻ വേണോ ?  “

അവരുടെ അടുത്തേക്ക് നീങ്ങി നിന്നു ഞാൻ ചോദിച്ചു  …

” എനിക്ക് ഒന്നും വേണ്ടെടാ…  ദേ ദേവൂന് വല്ലതും വാങ്ങി കൊണ്ടു വാ.   രാവിലെ മുതൽ കഴിച്ചിട്ടില്ലെന്നു തോന്നുന്നു…വയ്യെന്ന് പറഞ്ഞപ്പോൾ മുതൽ എന്റെ അടുത്ത് നിന്ന് മാറീട്ടില്ല..  “

” അതെന്തിനാ വാങ്ങി കൊണ്ട് വരുന്നത്.  വന്നാൽ വാങ്ങി കൊടുക്കാം..  എനിക്കും എന്തെങ്കിലും കഴിക്കാം അല്ലോ.?  “

ദേവുവിനെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ ആഗ്രഹിച്ചിരുന്ന എനിക്ക് അതൊരു നല്ല അവസരമെന്നു തോന്നിയാണ് ഞാൻ അങ്ങനെ പറഞ്ഞത്..

” എങ്കിൽ അമ്മയും പോയി എന്തെങ്കിലും കഴിച്ചിട്ട് വരൂ  .  “

ഏടത്തി എല്ലാം തകർത്തെറിഞ്ഞു കൊണ്ട് അഭിപ്രായം ഉന്നയിച്ചു..

” എനിക്ക് വിശപ്പില്ല മോളെ …. എന്നേലും ഞാൻ വരാം കൂടെ… “

” വേണ്ട അമ്മേ ഞാൻ നന്ദുവേട്ടന്റെ കൂടെ പോയിട്ടു വരാം..  അമ്മ വരണമെന്നില്ല.. “

അവൾ അങ്ങനെ പറയുമെന്ന് ഞങ്ങൾ ആരും കരുതിയില്ല… ഇത്തിരി  വിഷമിച്ചാണെങ്കിലും ദേവുവിനെ അവരെന്റെ ഒപ്പം ഭക്ഷണം കഴിക്കാനായി പറഞ്ഞയച്ചു

ആശുപതി വളപ്പിൽ നിന്നും ഹോട്ടലിലേക്കു കയറുന്ന വരെ ഞങ്ങൾ ആരും ഒന്നും സംസാരിച്ചില്ല. എന്റെ  പിന്നാലെ അവളും വന്നു ഹോട്ടലിലേക്ക് കയറി..  എന്റെ എതിരെ വന്നിരിക്കുമ്പോളോ ഭക്ഷണത്തിനായി കാത്തു നിൽക്കുമ്പോളോ ഒന്നും അവളെന്റെ

മുഖത്തേക്ക് കൂടി നോക്കാൻ മുതിർന്നില്ല.

ഓർഡർ കൊടുത്തു അല്പസമയം ഞാൻ അവളെ തന്നെ നോക്കി ഇരുന്നു . പ്രണയവും പ്രണയിക്കപ്പെടുന്നവളും എന്നും വാക്കുകൾ കൊണ്ടുള്ള വർണകൾക്കും അപുറം ആണ്   . ..  അത് വിവരിക്കാൻ എത്ര വാക്കുകൾ കൂട്ടിവച്ചാലും മതിയാവില്ലെന്നു ചിലപ്പോളൊക്കെ  തോന്നിപോകും…. അവളെന്നെ ഒന്ന് ശ്രദ്ധിക്കുന്നത് കൂടി ഉണ്ടായിരുന്നില്ല.  മനപ്പൂർവം എന്നപോലെ….

ഇടക്കെപ്പോളോ എന്നിലൂടെ ഒന്ന് കണ്ണു പായിച്ച അവൾ കാണുന്നത് അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നേ ആണ്…

” എന്താ?  “

”  ആ താലി എവിടെ ?  “

കഴുത്തിലണിഞ്ഞവളെന്നും സൂക്ഷിച്ച താലി ഇന്നവളിൽ കാണാതിരുന്നത് ഞാൻ എപ്പോളോ ശ്രദ്ധിച്ചിരുന്നു.

” അതോ…..  അത് ഞാൻ അഴിച്ചു വച്ചു..  ഇനിയും അത് ഇട്ടുകൊണ്ട് നടക്കുന്നതിൽ അർത്ഥമില്ലല്ലോ…  “

അവൾ മുഖത്തേക്ക് നോക്കാതെ പറഞ്ഞു തീർത്തു..  അവളുടെ വാക്കിൽ എന്തൊക്കെയോ  തീരുമാനിച്ചുറപ്പിച്ച പോലെയൊരു തോന്നൽ എനിക്ക് അനുഭവപ്പെട്ടു…

” നന്ദുവേട്ടൻ ആ ഫോട്ടോ എന്ത് ചെയ്തു ?

” നശിപ്പിച്ചിട്ടില്ല. . “

” അത് കളഞ്ഞേക്കു….. ഇനി അതിന്റെയും ആവശ്യമില്ലല്ലോ.. “

ഒരു ഭാവങ്ങളുമില്ലതേ ദേവു അത്കൂടി  പറഞ്ഞപ്പോൾ എനിക്ക് ഇതോടു കൂടി എല്ലാം അവസാനിച്ചതായി തോന്നി.. അവൾ പറഞ്ഞതത്രയും   ഉള്ളിൽ തട്ടി പറഞ്ഞതാവരുതേ എന്ന്   ഞാൻ മനസിൽ പ്രാർഥിച്ചു….

” താൻ ഹാപ്പി ആണോ ?  “

ചായ ഊതി കുടിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞത് മനസിലാകാത്ത പോലെ അവളെന്നേ ഒന്ന് നോക്കി..

മ്മ്….. ”  അതെ എന്നായർത്ഥത്തിലൊരു മൂളൽ മാത്രം മറുപടിയായി തന്നു അവൾ ചായ ഊതി കുടിക്കാൻ തുടങ്ങി.

ഇഷ്ടമാണെന്നുള്ള അവളുടെയൊരൊറ്റ വാക്കിൽ എന്റെ സന്തോഷമെല്ലാം പിഴിഞ്ഞെടുത്തിട്ടിന്നവൾ പറയുന്നു അവൾ സന്ദോഷവതി ആണെന്ന്….

” എനിക്കറിയില്ല നന്ദുവേട്ടാ ..   നിങ്ങളുടെ അമ്മയും ചേച്ചിയും എന്നേ എന്തിനാണിത്ര അധികവും സ്നേഹിക്കുന്നതെന്നു… എല്ലാം അറിഞ്ഞിട്ടും എന്നേ കൈ വിടാത്ത അവർക്ക് ഞാൻ എന്താ തിരികെ കൊടുക്കുക?  എന്റെ കയ്യിൽ ഒന്നുമില്ലല്ലോ…

ആകെയുള്ളത് അറിയ്യാതെ എങ്കിലും ഞാൻ മൂലം അകപ്പെട്ടു പോയ അവരുടെ മകൻ മാത്രം അല്ലെ ഒള്ളൂ ..  അത് ഞാൻ അവർക്കു തിരിച്ചു കൊടുക്കും .  എന്നേ കൊണ്ട് അത് മാത്രമേ കഴിയു..  “

കരയാൻ വെമ്പി നിൽക്കുന്ന മിഴികൾ തുടച്ചുകൊണ്ടവൾ പറഞ്ഞു പൂർത്തിയാക്കി.  അവളുടെ വാക്കുകൾക്കു മുന്നിൽ എനിക്ക്  മറുപടി ഉണ്ടായിരുന്നില്ല..  അവളോട് എന്ത് പറയണം എന്ന് അറിയില്ല.  ഈ സാഹചര്യത്തിൽ ഞാൻ അവളോടെന്റെ പ്രണയം പറഞ്ഞാൽ തീർച്ചയായും അവൾ നിരസിക്കുകയെ ഉള്ളു എന്നെനിക്കു നന്നായി അറിയാമായിരുന്നു… ഒന്നും മിണ്ടാനാവാതെ ഞാൻ ദേവുവിനെ തന്നെ നോക്കി ഇരുന്നു പോയി….

” ദേവു മോളെ…..  “

പണ്ടെങ്ങോ കേട്ടതും എന്നാലത്ര തന്നെ അരോചകവുമായ ആ ശബ്ദം കേട്ടു ഞങ്ങളിരുവരും ഞെട്ടി തിരിഞ്ഞു നോക്കി……  അതെ രാഘവൻ.. ! അയാളെ കണ്ടതേ  ദേവു ചാടി എഴുന്നേറ്റു.  ഭയമോ വെറുപ്പോ ദേഷ്യമോ എന്തെന്നറിയാൻ കഴിയാത്തൊരു ഭാവം അവളുടെ മുഖത്തൊഴികി നിറഞ്ഞതു ഞാൻ കണ്ടു…

” മോളെന്താ ഇവിടെ?  “

ഒരു വൃത്തികെട്ട ചിരി മുഖത്തു വരുത്തി തീർത്തു അയാൾ ഞങ്ങൾക്കിടയിലേക്കു കടന്നു വന്നു.. പക്ഷെ ദേവുവിൽ നിന്നൊരു മറുപടി അയാൾക്ക്‌ ലഭിച്ചില്ല.  ഇയാളെ കുറിച്ച് പലതും അറിയാവുന്നതിനാലും അന്ന് വീട്ടിൽ കയറി വന്നുണ്ടായ വിഷയങ്ങൾ  അറിഞ്ഞത് കൊണ്ടും അയാളെ കണ്ടതേ  എന്നിലും ദേഷ്യവും വെറുപ്പും പ്രകടമായിരുന്നു….

” അയ്യോ മോന് എന്നേ മനസിലായില്ലേ ?  ഞാൻ രാഘവൻ മാമൻ ആന്നെ. “

മനസിലായി എന്ന മട്ടിൽ ഞാനൊന്നു തലയാട്ടി…

” ആഹ് ഞാൻ ഇടക്ക് മോന്റെ വീട്ടിലൊക്കെ വന്നതായിരുന്നു .  മോനെ മാത്രം കാണാൻ പറ്റിയില്ല.. “

അയാളുടെ ആ അർദ്ധം വച്ചുള്ള നോട്ടവും സംസാരവും കണ്ടപ്പോൾ എന്തോ പന്തികേടെനിക്ക് തോന്നി ..  അയാൾ ഞങ്ങളിലേക്ക് കൂടുതൽ അടുത്ത് വരുംതോറും ദേവു എന്റെ പിന്നിലേക്ക് കൂടുതൽ ചേർന്ന്  നിൽക്കുന്നത് ഞാൻ കണ്ടു.  ഭയന്നിട്ടാകണം…

” എന്താ രാവിലെ തന്നെ ആശുപത്രിയിൽ…  മോൾക്ക് വല്ല വിശേഷവും ഉണ്ടോ ?  “

കൊളുത്തി വലിക്കുന്ന ചൂണ്ട കണക്കെ അയാൾ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു..

” അതൊന്നും ഇല്ല..  ചേട്ടനിപ്പോൾ പോകു…  നമുക്ക് പിന്നെയൊരിക്കൽ സംസാരിക്കാം… “

അയാളോട് തോന്നിയ വെറുപ്പും ദേശ്യവും എല്ലാം ഉള്ളിലൊതുക്കി ഞാൻ പറഞ്ഞു.

” അതെന്താ മോനെ…   ഇനി എന്ന് കാണാനാ… ദേവു മോൾ എന്താ എന്നേ കണ്ടിട്ട് പേടിച്ചിരിക്കുന്നത്?  “

അപ്പോളേക്കും എന്റെ മുന്നിലേക്ക് എത്തിയ അയാൾ അതും ചോദിച്ചു ദേവുവിന്റെ കവിളിലൊന്ന് തൊടാനായി കൈ ഉയർത്തി കൊണ്ട് വരുന്നത് ഞാൻ കണ്ടു…

ആഹ് കൈ അവളുടെ ദേഹത്ത് സ്പർശിക്കാതിരിക്കാനെന്ന വണ്ണം അവളൊഴിഞ്ഞു മാറിയതും ഞാൻ അയാളുടെ കൈ തട്ടി മാറ്റിയതും എല്ലാം ഒറ്റ നിമിഷത്തിൽ ആയിരുന്നു.  ..  അയാളെന്നെ രൂക്ഷമായി ഒന്ന് നോക്കി…

” ചേട്ടൻ ചെല്ലു   “

മുഖത്തെ ദേഷ്യമെല്ലാം ഒതുക്കി അയാൾ ആ വളിച്ച ചിരി മുഖത്തു വരുത്തി.

” ആഹ് എന്നാൽ നടക്കട്ടെ….ഞാൻ പോയേക്കാം..  “

അയാൾ തിരിഞ്ഞു നടന്നു. അപ്പോളേക്കും ദേവുവിന്റെ കണ്ണീരുറവ അണപൊട്ടിയിരുന്നു.. ചുരിധാറിന്റെ ഷാൽകൊണ്ടവളാ കണ്ണുനീരൊപ്പി കളഞ്ഞു   …  അല്പദൂരം മുന്നിലേക്ക്‌ ചെന്ന അയാൾ എന്തോ ഓർത്തെടുത്ത മട്ടിൽ ഒന്ന് നിന്നു.  എന്നിട്ടു ഞങ്ങളുടെ നേരെ തിരിഞ്ഞു…

” അജയനെ കുറിച്ചു വല്ല വിവരവും കിട്ടിയോ മോളെ ? “

ഉത്തരം പറയാനാവാതെ ഞാനും അവളും നിശബ്ദരായി നിന്നു…

” പോയിട്ടിത്ര നാളായ സ്ഥിതിക്ക് ..  വല്ല റെയിൽവേ പാളത്തിലോ കടലോരത്തോ ഒക്കെ ഒന്ന് അന്വേക്ഷിക്കാമായിരുന്നില്ലേ ?  ഇന്നലെയും കേട്ടു കടൽ കരയിൽ ഒരു ശവം വന്നടിഞ്ഞിട്ടുണ്ടെന്നു….. “

ദേവുവിന്റെ ഉച്ചത്തിലുള്ള അലർച്ച  എന്റെ കാതുകളിൽ മുഴങ്ങിക്കേട്ടു.. ഒരാളിൽ നിന്നും ദേവു കേൾക്കാൻ ആഗ്രഹിക്കാത്ത ആ വാക്ക് കെട്ടവൾ തകർന്നു പോയിരിക്കണം..

അയാളോട് അപ്പോളെനിക്ക് തോന്നിയ ദേഷ്യവും അമർഷവും എല്ലാം കൂടി ചേർന്ന് ഞൊടി ഇടയിൽ ഞാൻ അയാളുടെ ഷർട്ടിന്റെ കോളറിൽ കയറി  പിടിച്ചു.

” താനിനി തന്റെ പിഴച്ച നാക്കു ഒന്നൂടി പൊക്കിയത് എന്റെ കയ്യുടെ ചൂട് താനറിയും.  “

ദേവുവിന്റെ കരച്ചില് കണ്ടിട്ടൊ എന്തോ എനിക്കപ്പോൾ അയാളുടെ ആറടി ഉയരവും ഉറച്ച ശരീരവും കൊമ്പൻ മീശയും  ഒന്നും ഒരു പ്രശ്നമായി തോന്നിയില്ല..  അയാളോടുള്ള ദേഷ്യം എവിടെ നിന്നോ ശരീരത്തിലേക്ക് ഇരച്ചു കയറുന്ന പോലെ…

” അവളുടെ അപ്പൻ എവിടെയെങ്കിലും പോയി കഴുവേറിയതിനു നീ എന്റെ കുത്തിന് പിടിച്ചിട്ടു എന്താ കാര്യം ? “

അത്ര നേരവും ചിരി പടർന്നിരുന്ന അയാളുടെ  മുഖം വേഗത്തിൽ ഭാവം മാറുന്നത് ഞാൻ കണ്ടു..

” ദേവുമോളുടെ ചെക്കനായത് കൊണ്ട് മാത്രം ക്ഷമിക്കാ…  അല്ലെങ്കിൽ രാഘവന്റെ ദേഹത്ത്   കൈ വക്കാൻ ഒരുത്തനെയും അനിവദിച്ചിട്ടില്ല.   അത് കൊണ്ട് മോനാ കൈ അങ്ങ് എടുക്കു…. “

അപ്പോളും എന്നിൽ തെല്ലും ഭയം തോന്നിയില്ല.  കൈയുടെ കരുത്തൽപ്പം കൂടി കൂട്ടിയാതെ ഒള്ളൂ..

തന്റെ വിരട്ടൊന്നും എന്നിൽ ഏൽക്കില്ലെന്ന മട്ടിൽ ഞാൻ അയാളുടെ കോളറിലെ പിടി അല്പം കൂടി മുറുക്കി…

എന്റെ കൈ അയാളുടെ കോളറിൽ നിന്നു വിടുവിക്കാൻ ഒരു പാഴ് ശ്രമം അയാൾ നടത്തി.  അയാൾ പ്രതീക്ഷിച്ചതിലും കൈ കരുത്തു എനിക്കുണ്ടെന്നു അയാളുടെ ആ പ്രവൃത്തിയിൽ നിന്നും എനിക്ക് മനസിലായി.

” കൈ എടുക്കെടാ… “

എന്നിൽ നിന്നും ഒരു പ്രതികരണവും ഉണ്ടാവാതെ വന്നപ്പോൾ അയാളെന്നെ ശക്തിയായി പിന്നിലേക്ക് തള്ളി..  ഞാൻ  അവിടെ കൂടി നിന്നിരുന്ന ആളുകളുടെ  ഇടയിലേക്ക്‌ തെറിച്ചു വീണു.  എന്നിട്ടും കലിയടങ്ങാതെ  ഞാൻ വീണ്ടും  അയാളുടെ അടുത്തെത്താൻ  മുന്നിലേക്ക് കുതിച്ചതും ആരൊക്കെയോ ചേർന്ന് എന്നേ തടഞ്ഞു..  എങ്കിലും ഞാൻ അവരെ  തള്ളി മാറ്റാൻ    പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. . ഞാൻ എത്രത്തോളം കുതറി മാറുന്നുവോ അത്രത്തോളം അവർ പിടി മുറുക്കി കൊണ്ടിരിക്കുന്നത് ഞാൻ അറിഞ്ഞു….

” നന്ദുവേട്ടാ….  “

അത്രയും നേരവും എല്ലാം കണ്ടുകൊണ്ട് മാത്രം നിന്ന ദേവുവിന്റെ ശബ്ദം അവിടെ  ഉയരുന്നു…  അവൾ ചാടി എന്റെ കയ്യിൽ കയറി പിടിച്ചു..

” നന്ദുവേട്ടാ വേണ്ടാ…. “

അവളെന്റെ കയ്യിലെ പിടി അയക്കാതെ എന്റെ തോളിൽ തല ചാരി നിന്നു എന്നോട് കെഞ്ചി…  അവളുടെ കണ്ണീർ എന്റെ പിന്നിൽ നനവുണ്ടാക്കുന്നത് ഞാൻ അറിഞ്ഞു …  അപ്പോളാണെനിക്ക് അതൊരു പൊതു സ്ഥലം ആണെന്ന് ചുറ്റിനും ആളുകൾ ഞങ്ങളെ വീഷിക്കുന്നുണ്ടെന്നുമുള്ള ബോധം വരുന്നത്…

” ആഹ്.  അവനെ പിടിച്ചു നല്ല വഴി പറഞ്ഞു കൊടുക്ക് ടീ കൊച്ചെ…  ഇല്ലേ അവനെയും നിനക്ക് ഒരുപാടു നാള് കാണാൻ പറ്റി എന്ന് വരില്ലാ…. “

അയാളുടെ വാക്കുകൾ ദേവുവിന്റെ ഹൃദയം തകർക്കൻ പോന്നതായിരുന്നു..  അവിടെ കൂടി നിന്ന അത്ര ആളുകളെയും തള്ളി മാറ്റി ദേവു ഓടി..  എങ്ങോട്ടെന്നില്ലാതെ..  ഞാൻ ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി അവിടെ തന്നെ നിന്നു .  കൂടി നിന്ന ആളുകൾ കൂട്ടം പിരിയുന്നതിനിടയിലെവിടെയോ രാഘവനും കണ്മുന്നിൽ നിന്നും മാഞ്ഞു പോയി……

മനസ്സ് കലുഷിതമായിരുന്നു…  എന്ത് ധൈര്യത്തിലാണ് ഞാൻ അയാളോട് തർക്കിച്ചത് എനിക്കത്ര ആലോചിച്ചിട്ടും മനസിലായില്ല…  അയാളുടെ വാക്കുകൾ ദേവുവിലുണ്ടാക്കിയത് ആഴത്തിലുള്ള മുറിവാണെന്നു എനിക്ക് ഉറപ്പായിരുന്നു .  എങ്ങനെ ഇനി അവളെ സമാധാനിപ്പിക്കും എന്നറിയാനാവാതെയാണ്  ഞാൻ അമ്മയുടെയും ഏടത്തിയുടെയും  അടുത്തേക്കു ചെന്നത്…

” ഞാൻ അപ്പഴേ പറഞ്ഞതാ.  ഇവളെ അവന്റെ കൂടെ ഒറ്റയ്ക്ക് വിടണ്ടാ എന്ന്…  അവനെന്തോ മോളോട് പറഞ്ഞിട്ടുണ്ട്.  ഇല്ലേൽ ഈ കൊച്ചെന്തിനാ ഇങ്ങനെ കിടന്നു കരയുന്നത്.. ?  “

ഹോസ്പിറ്റലിലെത്തി ഏടത്തിയുടെ മുറിയിലേക്ക് കടക്കുമ്പോൾ കേട്ടു ഏടത്തിയുടെ ശബ്ധം…

” എന്താ ഉണ്ടായതെന്നു പറ മോളെ.  “

ഞാൻ മുറിയിലേക്ക് കയറുമ്പോൾ അമ്മയോട് ചേർന്നു നിൽക്കുന്ന ദേവുവിനെ കണ്ടു.  അവൾക്കു കരച്ചിലടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…

“:എടാ ..  നീ അവളോട് എന്താ പറഞ്ഞെ…. “

ഏടത്തിയുടെ ചോദ്യത്തിന് ഉത്തരം പറയാനാവാതെ ഞാൻ തല കുനിച്ചു നിന്നതേ ഒള്ളൂ..

” ഈ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കൻ അവൾ നിന്നോട് എന്ത് പാപം ചെയ്‌തേടാ…..   “

എന്റെ മൗനം അവർക്കൊരു കുറ്റ സമ്മതമായിരുന്നു..  എല്ല പഴിയും ഞാൻ സ്വയം ഏറ്റെടുത്തു..  ഇല്ലെങ്കിൽ എല്ലാം അവരറിയുമ്പോൾ ചിലപ്പോൾ പ്രശ്നമാകുമെന്നെനിക്കു തോന്നി…..

###    ……. ##…..##……####……..###…….

വീട്ടിലെത്തിയിട്ടും മനസ്സിനൊരു സമാധാനവും ഉണ്ടായിരുന്നില്ല. ദേവുവിന്റെ കരഞ്ഞു കലങ്ങിയ ആ മുഖം വീട്ടിലെ എല്ലാവരുടെയും മുഖത്തു വിഷാദം കലർത്തിയതായി എനിക്ക് തോന്നി..  ദേവു ആ വീട്ടിലെ ഓവ്വോരുത്തരുടേയും മനസ്സിൽ സ്ഥാനം പിടിച്ചു എന്നതിന് ഒരു തെളിവായിരുന്നു ആ സന്തോഷ ദിനത്തിലെയും എല്ലാവരുടെയും മുഖം ….  എല്ലാവരുടെയും മുന്നിൽ അന്ന് ഞാനൊരു പാപം ചെയ്ത വ്യക്തിയായിരുന്നു..  പക്ഷെ എന്റെ മനസ്സിൽ അപ്പോൾ അവൾ മാത്രമായിരുന്നു.  ദേവു..  എന്തായിരിക്കും ഇപ്പോൾ അവളുടെ അവസ്ഥ.  കരയുക ആയിരിക്കുമോ.. ?

അവളോടെന്തെങ്കിലും ഒരു ആശ്വാസവാക്കു പറഞ്ഞില്ല എങ്കിൽ എനിക്ക് സമാധാനം ഉണ്ടാവില്ലെന്ന് തോന്നിയപ്പോൾ ഞാൻ പതിയെ അമ്മയുടെ മുറിയിലേക്ക് കയറി..  ദേവു മാത്രമേ മുറിലുണ്ടായിരുന്നുള്ളു..  അന്ന് ഏടത്തിക് വയ്യാത്തത് കൊണ്ട് അമ്മ ആയിരുന്നു അടുക്കള ഭരണം മുഴുവൻ…. മുറിയിലേക്ക് കയറി ചെല്ലുമ്പോളും എന്തോക്കേയോ ആലോചിച്ചിരിക്ക ആയിരുന്നു ദേവു.  കരഞ്ഞു കലങ്ങിയ കണ്ണുകൾ  അപ്പോളും നിറഞ്ഞു തുളുമ്പാൻ വെമ്പുന്ന പോലെ..

” എഡോ… “

എന്റെ വിളി കേട്ടു എന്ന മട്ടിൽ എന്നേ ഒന്ന് തലയുയർത്തി നോക്കുക മാത്രം ചെയ്തു അവൾ…

” അയാൾ പറഞ്ഞത് ശരി ആയിരിക്കും അല്ലെ നന്ദുവേട്ടാ…..  “

അതേ ഇരുപ്പിൽ അവളെന്നോട് ചോദിച്ചു….

” അച്ഛൻ ഇനി വരില്ലാ അല്ലെ ?  “

അവൾ തലയുയർത്തി എന്നേ നോക്കി…  എന്റെ  മറുപടിക്കായി എന്നവണ്ണം…  ….

” തന്റെ അച്ഛനൊന്നും സംഭവിച്ചിട്ടുണ്ടാവില്ല.  അയാൾ പറഞ്ഞതൊന്നും ഓർത്തു താൻ വിഷമിക്കണ്ട .  എത്രയും പെട്ടന്ന്  അച്ഛൻ മടങ്ങി വരും..  “

എനിക്ക് പോലും ഇല്ലാത്ത ആ ഒരു പ്രതീക്ഷ ഞാൻ അപ്പോഴും അവളിലേക്ക്‌ നിറച്ചു…

” താനിനി അതും ഓർത്തു കരയാൻ നിൽക്കണ്ടാ.. അയാളപ്പോൾ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതായിരിക്കും അല്ലാതെ.. താനീ കരച്ചിൽ ഒന്ന് നിർത്തു.  താൻ കരയാതെ തിരുത്തേണ്ടത് ഇപ്പൊ എന്റെ ആവശ്യം അല്ലെ… ഇല്ലേ അതിനു  വഴക്കു കേൾക്കുന്നത് ഞാനാ….  “

എന്റെ വാക്കുകൾ കേട്ടെന്ന പോലെ എവിടെ നിന്നോ ഒരു പുഞ്ചിരി മുഖത്തു കൊണ്ടുവന്നവൾ ഈറനണിഞ്ഞ കണ്ണകൾ തുടച്ചു..

” തനിക്കു വിഷമം ആയോ ? അയാൾ അങ്ങനെ പറഞ്ഞപ്പോൾ      “

ഞാനവളുടെ അടുത്തേക്ക് കൂടുതൽ ചേർന്ന് നിന്നു..

” ജീവൻ പോണ പോലെ തോന്നി എനിക്ക്.. “

” സാരമില്ല..  പോട്ടെ….  അല്ല ആയാളെന്താ അവിടെ? “

”  അയാളെല്ലാ ആഴ്ചയും അവിടെ പോകുന്നതാ…  കണ്ണിനെന്തോ കുഴപ്പം ഉണ്ട് അയാൾക്ക്‌. “

എന്റെ സംശയതിനുള്ള ഉത്തരം അവൾ നൽകി.

“, നന്ദുവേട്ടനെതിനാ അയാളെ തല്ലാൻ പോയത്… “

ദേവുവിന്റെ ചോദ്യമുയർന്നു..

” വേണ്ടായിരുന്നു…. അയാളൊരു രാക്ഷസനാ…   അയാൾ ചിലപ്പോ നന്ദുവേട്ടനെ എന്തെങ്കിലും ചെയ്യാനും മടിക്കില്ല  “

” എന്നെ അയാളൊന്നും ചെയ്യില്ല താൻ പേടിക്കണ്ടാ… “

” എനിക്ക് പേടിയാ നന്ദുവേട്ട…  ഞാൻ കാരണം നന്ദുവേട്ടന് എന്തെങ്കിലും പറ്റിയാൽ………. “

” പറ്റിയാൽ നോക്കാൻ നീ ഇല്ലേ….. “

അവൾ അത് പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപേ ഞാൻ പറഞ്ഞു നിർത്തി.  അറിയാതെ വായിൽ നിന്ന് ചാടിയ വാക്കുകൾ തിരിച്ചെടുക്കാനാവാതെ ഞാൻ അവളെ നോക്കി.  പറഞ്ഞതിനർദ്ധം മനസിലാവാത്തതു പോലെ ദേവു എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി..

” ദേവു….. “

പെട്ടന്നണ് ഏടത്തി റൂമിലേക്ക് കയറി വന്നത്.  എന്നേ ആ റൂമിൽ കണ്ടപ്പോൾ ഏടത്തി ആദ്യം ഒന്ന് അത്ഭുതപ്പെട്ടു    ..

” നീ എന്താടാ ഇവിടെ?  “

” അത് ഞാൻ…  വെറുതെ….. “

” അതിനെ കരയിപ്പിച്ചു മതിയായില്ലേ നിനക്കു… “

” ഞാൻ ഒന്നും ചെയ്തിട്ടില്ല ഏടത്തി..”

” നീ ഒന്നും ചെയ്യാതെ ആണോ അവൾ ഇരുന്നു  കരയുന്നത്..  ഇതിന് മാത്രം ഈ കൊച്ചു നിന്നോട് എന്ത് തെറ്റ് ചെയ്‌തേടാ….   നീ  ആദ്യം ഈ മുറീന്ന് ഒന്ന് പുറത്തു പോയെ …..  “:

മറുത്തൊന്നും പറയാൻ നിൽക്കാതെ ഞാൻ വേഗം മുറിക്കു പുറത്തേക്കിറങ്ങി.. അയാളുടെ ഓർമ്മകളിൽ നിന്നും കുറച്ചു നേരത്തേക്കെങ്കിലും ദേവുവിനെ മോചിപ്പിച്ചു എന്ന ആശ്വാസത്തോടെ……

…… #…. ###…… ##…….. ##………

പിറ്റേന്ന് തന്നെ ദേവുവിനോടു പോലും അനുവാദം ചോദിക്കാതെ അച്ഛനെ കാണാനില്ലെന്നും പറഞ്ഞു പോലീസിൽ ഒരു പരാതി കൊടുത്തു. അന്ന് രാഘവനെ പേടിച്ചു വേണ്ടെന്നു വച്ചതാണ്..  പക്ഷെ ഇന്നെന്തോ അയ്യളോടെനിക്ക് ഭയം ഒന്നും തോന്നുന്നില്ല.  അയാളോടുള്ള വെറുപ്പെല്ലാം മനസിലടിഞ്ഞു കൂടി എന്തും വരട്ടെ എന്നൊരു ധൈര്യമായി മാറിയിരിക്കുന്നു ..

പിറ്റേന്ന് രാവിലെ വീട്ടിൽ പോലീസ് വന്നപ്പോളാണ് ദേവു പോലും കാര്യം അറിയുന്നത്.    ആവശ്യമുള്ള എന്തൊക്കെയോ അവളോടു ചോദിച്ചറിഞ്ഞു പോലീസ്കാരു  പോയപ്പോൾ   ദേവു വീണ്ടും എന്റെ അടുത്തേക്ക് വന്നു

” നന്ദുവേട്ടനെന്തു പണിയാ കാട്ടിയത്..  കേസ് കൊടുക്കേണ്ടന്നു ഞാൻ അന്നേ പറഞ്ഞതല്ലേ…. “

” താൻ പേടിക്കാതിരിയെടോ….  ഒന്നും സംഭവിക്കില്ല…. “

ദേവുവിൻറെ മുഖത്തു നിഴലിച്ച ഭയം തെല്ലു പോലും അപ്പൊഴേന്നിൽ ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. അന്ന് ആശുപത്രിയിൽ നടന്ന സംഭവം കൊണ്ട് എനിക്കയാളെ എതിർക്കാൻ കഴിയുമെന്നൊരു അഹങ്കാരം എനിക്കുണ്ടായിരുന്നു ..എങ്കിലും .. ആ…. രാഘവനെ ഞാൻ ഒരുപാടു  വിലകുറച്ചു കണ്ടു എന്ന്  മനസിലാക്കാൻ അയാളെ ഒന്നു കൂടി കാണേണ്ട ആവശ്യമേ എനിക്ക് ഉണ്ടായിരുന്നുള്ളു..

കോളേജിൽ നിന്നു മടങ്ങുന്ന വഴി…  ചീറിപ്പാഞ്ഞു വന്ന ഒരു ജീപ്പ് ബൈകിനു വട്ടം കയറ്റി നിന്നു… എന്താണ് സംഭവം എന്ന് മനസിലാക്കുന്നതിനേക്കാൾ മുൻപേ ജീപ്പിൽ നിന്ന് ചാടി ഇറങ്ങിയ ആൾ എന്റെ മുഖമടച്ചൊരടി ആയിരുന്നു …  ഒരു നിമിഷത്തേക്ക് ബോധം പോയപോലെ തോന്നി എനിക്ക്… സ്വബോധത്തിലെത്തി കണ്ണ് തുറന്നു നോക്കുമ്പോൾ ബൈക്കിനോടൊപ്പം ഞാനും റോഡിൽ കിടക്കുകയായിരുന്നു ….ആ ആളൊഴിഞ്ഞ വഴിയിൽ അതെ കിടപ്പിൽ  ഒറ്റ നിമിഷം കൊണ്ട് ഞാനയാളെ തിരിച്ചറിഞ്ഞു..  രാഘവനെ….. !

അടിയുടെ ആഘാതത്തിൽ ബൈകിനോടൊപ്പം ഞാനും വഴിയിലേക്ക് മറിഞ്ഞു വീണിരുന്നു.

ബൈക്കിനടിയിൽ പെട്ടുപോയ വലത് കാൽ വലിച്ചൂരീ ചാടി എഴുന്നേറ്റു അയാൾക്കിട്ടു രണ്ടെണ്ണം കൊടുക്കണെമെന്നുണ്ടായിരുന്നു..  പക്ഷെ കാലനക്കാൻ എനിക്ക് കഴിഞ്ഞല്ല.  കാലിനു സാരമായി എന്തോ പറ്റിയിട്ടുണ്ടെന്ന് കാലിനുണ്ടായ അസഹനീയമായ വേദനിയിൽ നിന്നെനിക്കു മനസലിയായി…..

” കഴുവേറീടെ മോനെ…..  “

പാഞ്ഞെത്തിയ അയാൾ എന്റെ അരികിലെത്തി   എന്റെ കോളറിൽ കുത്തി പിടിച്ചു.  എന്റെ മുഖത്തൊരു അടി കൂടി അടിച്ചു.

വീഴ്ചയിൽ ശരീരത്തിലെവിടെയൊക്കെയോ ഉണ്ടായിരുന്ന വേദനകൾക്കൊപ്പം ആ അടിയുടെ വേദനയും ലയിച്ചു ചേർന്നു..

” നിന്നോടൊക്കെ ഞാനന്നേ പറഞ്ഞതാ….  ആ പെണ്ണിന്റെ അപ്പനെ അന്ന്വേഷിച്ചു ഇറങ്ങി എന്റെ പിറകെ വരരുതെന്ന്… എന്നിട്ടു ഒന്നും കേൾക്കാതെ പോലീസിൽ കേസ് കൊടുത്തിരിക്കുന്നു… വന്നിരുന്നു ഇന്ന് എന്നെ അന്ന്വേഷിച്ചു പോലീസ് ഏമാന്മാര്…  എന്റെ കുറച്ചു കാശു പോയത് മിച്ചം …  കാശു പോയാൽ ഞാൻ സഹിക്കും….  പക്ഷെ എന്റെ  വീട്ടിൽ കണ്ട പോലീസ് കേറി ഇറങ്ങുന്നത്…  അത്  എനിക്ക് ഇഷ്ടമുള്ള കാര്യമല്ല……”

അയാൾ പറയുന്നതത്രയും കാതിൽ ചെറിയൊരു മൂളലിന്റെ അകമ്പടിയോടെ ഞാൻ കേട്ടു… .

“, കഴിഞ്ഞ ദിവസം എന്റെ ദേഹത്ത് കൈ വച്ചപ്പോഴേ നിന്നെ ഞാൻ വെറുതെ  വിട്ടതാ …  പക്ഷെ നീ ഈ കാണിച്ചത് അതി ബുദ്ധി ആയിപോയി. ആളറിയാതെയാ നീ കളിച്ചത്…  അപ്പോൾ ഞാനാരാണെന്നു നിനക്ക് കാണിച്ചു തരേണ്ടെ ….. ഇനി അച്ഛനെ കാണാനില്ല അമ്മയെകാണാനില്ല അച്ഛന്റെ മീശയുടെ പൂട കാണാനില്ല എന്നും പറഞ്ഞു എന്റെ വഴിയേ വന്നാൽ പുന്നാര മോനെ…  പിന്നെ നീ ഉണ്ടാവില്ല……  കേട്ടോടാ…… “

എല്ലാം ഒരു പാതി ബോധത്തിൽ  കേട്ട് നിൽക്കാനേ എനിക്കായൊള്ളു….  അയാളെന്നെ അവിടെ  വിട്ടു അകന്നുപോകുന്നത് ഞാൻ കണ്ടു. അപ്പോളും ഞാൻ  എന്റെ ദേഹത്തുനിന്നു   ബൈക്ക് മാറ്റി എഴുന്നേൽക്കാനുള്ള പാഴ് ശ്രമത്തിലായിരുന്നു….

പകുതി വരെ നടന്നു നീങ്ങിയ അയാൾ എന്റെ അരികിലേക്ക് തിരികെ വന്നു.  ഇനി എന്ത് എന്ന പേടി എന്നിൽ എവിടെ നിന്നോ ഉയർന്നു വന്നു…

അയാളെന്റെ അടുത്തെത്തി എന്റെ ദേഹത്ത് കിടന്ന ബൈക്ക് ആയാസപ്പെട്ട് എടുത്തു മാറ്റി..  എന്നിട്ടെന്നെ പിടിച്ചെഴുന്നേല്പിച്ചു…  ശേഷം അയാളെന്നെ അയാളുടെ ജീപിനോട് ചേർത്ത് നിർത്തി…..  നേരെ നില്ക്കാനുള്ള ശേഷി എന്റെ കാലുകൾക്കില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു…. ആ വീഴ്ചയിൽ ശരീരത്തിൽ സാരമായി പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നു എനിക്ക് ബോധ്യമായി.

” ഒരു കാര്യം പറയാൻ വിട്ടു പോയി…  “

എന്റെ  ചെവിക്കടുത്തേക്കു മുഖം അടുപ്പിച്ചു….. സ്വരം താഴ്ത്തി അയാൾ  പറഞ്ഞു തുടങ്ങി.

” അവളുടെ അച്ഛനെ അന്ന്വേഷിച്ചു നീ ഇനി വെറുതെ സമയം കളയണ്ടാ….  അയാളെ ഞാൻ തീർത്താതാ….. “

രാഘവന്റെ വാക്കുകൾ എന്നിൽ ഞെട്ടലുളവാക്കി..  ഞാൻ എന്ത് കേൾക്കരുതെന്നു ആഗ്രഹിച്ചുവോ അത് തന്നെ അതും അയാളുടെ വായിൽ നിന്നും കേട്ടതിന്റെ ഭീതി എന്റെ കണ്ണുകളിൽ ഇരുട്ടു നിറച്ചു….

” പണ്ടേ അവനെനിക്ക് ഒരു ശല്യമായിരുന്നു….  അന്നേ തീർക്കാൻ തീരുമാനിച്ചതാ…  അന്നേരമാ ആ ജാനകി തടഞ്ഞത്…  പിഴച്ചവളുടെ ഒടുക്കത്തെ ഒരു  ഭർത്താവു സ്നേഹം………….തൂഊഫ്…. . എന്നിട്ടൊരു ദിവസം

ഒരു കുഞ്ഞി പിച്ചാത്തിയും ആയി വന്നിരിക്കുന്നു. രാഘവനെ കൊല്ലാൻ….  തല്ലി ചതച്ചു കടലിൽ തള്ളി….  ഈ ഞാൻ…. അവനെ …  നിന്റെ അമ്മായിഅപ്പനെ…. “

അയാളുടെ ഉള്ളിലെ മൃഗം അപ്പോൾ മുഴുവനായും ഞാൻ കാണുകയായിരുന്നു..  ദേവു പറഞ്ഞ രാഘവനെന്ന രാക്ഷസന്റെ തനി സ്വരൂപം എന്റെ മുന്നിൽ നിറഞ്ഞാടി .. കൈ അനക്കാൻ പോലും ആകാത്ത വിധം അയാളെന്നെ തളർത്തി കളഞ്ഞിരുന്നു….

” മൂന്നാം ദിവസം കരക്കടിയേണ്ടി ഇരുന്നതാ അവന്റെ ശവം .  എന്ത് ചെയ്യാനാ….  ആ പെണ്ണിന് അതിനു പോലും യോഗം ഇല്ല. വല്ല സ്രാവും കൊണ്ടുപോയി കാണും… “

അയാളുടെ ഓരോ വാക്കുകളും എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു..  കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുന്നത് ഞാനറിഞ്ഞു…  ഒന്ന് പ്രതികരിക്കാൻ പോലും ആകാതെ ഞാൻ നിസ്സഹായനായി നിന്നു ..

” പിന്നെ ഇതൊക്കെ അറിഞ്ഞു.  ഇനിയും നീ പോലീസിനേം പട്ടാളത്തിന്റെയും കൂട്ടി എന്റെ പിറകെ വന്നാൽ കത്തിക്കും ഞാൻ നിന്നെ  കുടുംബത്തോടെ…..  കേട്ടോടാ…  നായേ…. “

അവസാനമൊരു താക്കീതും തന്നു അയാളെന്നെ ബൈക്കിനടുത്തേക്ക് വീണ്ടും തള്ളി ഇട്ടു..  നിൽക്കാനുള്ള നില കിട്ടാനാവാതെ വീണ്ടും ഞാൻ റോഡിലേക്കു വീഴപ്പെട്ടു…. ബോധം മറയുന്നതിനു മുൻപ് അയാളുടെ ആ ക്രൂരമായ ചിരി ഞാൻ ഒന്നുകൂടി കണ്ടു…  കണ്ണടയുമ്പോളും മനസിലായാൾ പറഞ്ഞ വാക്കുകളലയടിച്ചു കൊണ്ടിരുന്നു…

ആരൊക്കെയോ ചേർന്ന് എന്നെ എടുത്തു കൊണ്ട് പോകുമ്പോഴും എന്റെ മനസ്സിൽ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു….  ദേവുവിന്റെ……… !!!!

(തുടരും )

ഒരുപാടു വൈകി എന്നെനിക്കറിയാം. കാരണങ്ങൾ ഒരുപാടുണ്ട്…   എല്ലാം ഒരു മാപ്പിൽ ഒതുക്കുക ആണ്… ഈ ഭാഗം എത്രത്തോളം മനോഹരംമായ് എന്നെനിക്കറിയില്ല..  എങ്കിലും ഇതുവരെ ഉണ്ടായിരുന്ന നിങ്ങളുടെ  പിന്തുണ തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്.

_V¡llY

Comments:

No comments!

Please sign up or log in to post a comment!