പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3
സാക്ഷി ആനന്ദ്
” പ്രണയം കഥപറഞ്ഞ മഞ്ഞുകാല ഡിസംബറിൽ ” ഭാഗം -2 ൽ ….ഭാഗം 1 ൽ നിന്ന് വ്യത്യസ്തമായി…” പീസ്” തീരെ ഇല്ലായിരുന്നു. അതിനാൽ മാത്രമോ എന്തോ ?…അതിന് ”പ്രതികരണങ്ങ”ളും തീരെ കണ്ടില്ല !. കഥ, ആവശ്യപ്പെടാത്തതിനാൽ…ഈ ഭാഗത്തിലും ലവലേശം ”കമ്പി” തിരുകി ഇറക്കാൻ ഈയുള്ളവന് കഴിഞ്ഞിട്ടില്ല, എന്നുള്ള ”പരമ വസ്‌തുത യാഥാർഥ്യം” ഖേദപൂർവ്വം വായനക്കാർ നിങ്ങൾ ഏവരെയും തുറന്നറിയിച്ചു കൊള്ളട്ടെ .ഈ കഥ, ”സിമോണ ”എന്ന പ്രശസ്‌ത എഴുത്തുകാരി പറഞ്ഞു, അവർക്ക് സമർപ്പിച്ചു എഴുതി തുടങ്ങിയതായിരുന്നു. രണ്ടാ൦ ഭാഗത്തിൽ വെറും ‘6’ പേർ മാത്രമേ എനിക്ക് പ്രോത്സാഹനം അറിയിച്ചു തന്നിരുന്നുള്ളൂ. പക്ഷെ, കഥയെ വിലയിരുത്തി എന്തെങ്കിലും ”1൦ ”വാക്ക്”, അനുഭവിച്ച ആസ്വാദ്യതയെ മുൻനിർത്തി…”കഥാച്ചുവരിൽ” സുവ്യക്തമായി എഴുതിയത് പ്രിയ കൂട്ടുകാരി ‘സിമോണ ‘ഒരാൾ മാത്രമായിരുന്നു. അതിനാൽത്തന്നെ ഈ മൂന്നാം ഭാഗം, ഞാൻ അങ്ങനെ തുറന്നു പറയുന്നില്ലെങ്കിലും…അവർക്ക് മാത്രം എഴുതുന്ന ഒരു കഥാഭാഗം എന്ന് ഭംഗ്യന്തരേണ പറയേണ്ടി വരും !. അത് ഒരുപക്ഷെ, ഒരു ചരിത്രം ആവും. ഒരു സൈറ്റിൽ, ഒരാൾക്ക് മാത്രമായി ഒരു കഥ !……
ഈ കഥാഭാഗം കണ്ട്, അറിയാതെ വന്നുപെട്ടു വായന ലക്ഷ്യമാക്കുന്ന, ഏതെങ്കിലും ഹതഭാഗ്യർ ഉണ്ടെങ്കിൽ… ദയവായി കഥ, തുടക്കം മുതൽ വായിച്ചു, തുടരുക….എന്നൊരു ദയവുള്ള അപേക്ഷയുണ്ട് . എല്ലാവര്ക്കും ഒരിക്കൽക്കൂടി എല്ലാ നന്മയും സുഖവും ആശംസിച്ചു സ്നേഹത്തോടെ…..
നിങ്ങളുടെ സ്വന്തം,
സാക്ഷി ആനന്ദ് .
തിരുവനന്തപുരത്തു നിന്ന് തന്നെയായിരുന്നു അഭിജിത്തിന് ബോംബേക്ക് ടിക്കറ്റു.സ്‌റ്റേഷനിൽ അവനേയും സഹോദരിയേയും യാത്രയാക്കാൻ അച്ഛനും ,അമ്മയും ,ശ്രീക്കുട്ടിയും ,അമ്മാവനും അമ്മായിയും മറ്റു ചില ബന്ധുക്കളും എത്തിച്ചേർന്നിരുന്നു . അഭിയ്ക്കൊപ്പം മടക്കയാത്ര തിരിക്കുന്ന ചേച്ചി അഭിരാമിക്കും മകൻ നവനീതിനും കൂട്ടായി അവളുടെ ബോംബേവാസി ഭർത്താവ് ,കാലേക്കൂട്ടി കുടുംബത്തിൽ എത്തിയിരുന്നു .വളരെ സുരക്ഷിതമായി, ”സെക്കൻറ് ക്ലാസ്സ് എ.സി ” യിൽ തന്നെ അളിയനും ഭാര്യക്കും കുട്ടിക്കും ടിക്കറ്റ് എടുത്തിട്ടായിരുന്നു അയാളുടെ എത്തിച്ചേരൽ!. ബോംബെയിൽ തൻറെ താമസസ്‌ഥലത്തിനു തൊട്ടടുത്ത് തന്നെയുള്ള നല്ലൊരു കമ്പനിയിൽ ,ഭേദപ്പെട്ട നിലയിൽ ഒരു ജോലി അഭിക്ക് തരപ്പെടുത്തി വച്ചിട്ടായിരുന്നു ‘അളിയ’നെ കൂട്ടാനുള്ള അയാളുടെ വരവ് .
തമ്പാനൂരിൽ നിന്ന് വണ്ടിയെടുക്കുമ്പോൾ അവരുടെ കൂപ്പയിലും,ട്രയിനിൽ ആകവേയും തിരക്ക് നന്നേ കുറവായിരുന്നു .
അവരെയും വിട്ട് , വണ്ടി കുറെയധികം ദൂരം പിന്നിടുമ്പോഴും, സ്റ്റേഷൻ പരിസരത്തെ ദുർഗന്ധവും ,വല്ലാത്ത ഒച്ചപ്പാടും കൂടെ കൂടിയിരുന്നു . മെല്ലെ മെല്ലെ അത് മങ്ങി, വണ്ടി വേഗത കൈവരിക്കുമ്പോൾ …അഭിയുടെ മനസ്സിൽ പക്ഷേ വിട്ടുപിരിയലുകളുടെ പിരിമുറുക്കങ്ങൾ സംഭീതി പുലർത്തി , വല്ലാതെ അലട്ടുവാൻ തുടങ്ങി . അഭിരാമിയും ഭർത്താവും മാത്രമല്ല , കുട്ടിയും നല്ല സന്തോഷത്തിലായിരുന്നു . അഞ്ച് വയസ്സുകാരൻ നവനീത് വണ്ടി നീങ്ങി തുടങ്ങിയപ്പോഴേ അച്ഛനെ പിടിക്കൂടി , അയാളുടെ മടിയിൽ കയറിയിരുന്നു കുസൃതികൾ ആരംഭിച്ചു .അഭിരാമി , രാജീവിനോട് ബോംബെ വിശേഷങ്ങളൊക്കെ അന്വേഷിച്ചുകൊണ്ട് പെട്ടികൾ ഓരോന്നായ് സുരക്ഷിതസ്‌ഥാനങ്ങളിൽ അടുക്കിപ്പറക്കി വക്കുന്ന തിരക്കിലായിരുന്നു . എതിർസീറ്റിൽ ,അവരെ നോക്കി ഇരിക്കയാണെങ്കിലും…അഭീടെ ചിന്തകൾ നാടുവിട്ടു അവനോടൊപ്പം തിരികെ എത്തിയിരുന്നില്ല . വളരെ മ്ലാനവദനനായി കാണപ്പെട്ട അവൻറെ മനസ്സിൽ പിറന്ന നാടുവിട്ട് ഊരും പേരും അറിയാത്ത ഏതോ പുതിയ നാട്ടിൽ ചേക്കേറാൻ വിധിക്കപ്പെടുന്നതിൻറെ അടങ്ങാത്ത വ്യഥ!…തലയുയർത്തി . ഒപ്പം അർത്ഥമില്ലാത്ത ആധിയും ആശങ്കകളും ഫണം വിടർത്തി ആടാൻ തുടങ്ങിയിരുന്നു . ചേച്ചിയും അളിയനും ചേർന്ന് അവനെ , ആ ചിന്താഭാരങ്ങളിൽ നിന്ന് മുക്തനാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു . ശിരസ്സിന് പിന്നിൽ , തലയിണ മേലേ കൈകൾ മടക്കിവച്ചുമുകളിലേക്ക് ദൃഷ്‌ടികൾ പായിച്ചു… അഭി ചിന്തയിൽ ആണ്ടുകിടന്നു . വീട് , കൂട്ടുകാർ ,കലാലയം, ഓർമ്മകൾ…. മങ്ങിമാഞ്ഞു തെളിഞ്ഞുമറഞ്ഞു, വന്ന് പോയ്കൊണ്ടേയിരുന്നു . ആരുടേയും ഒരു പരിശ്രമങ്ങളും അവൻ അറിയുന്നേ ഉണ്ടായിരുന്നില്ല!.
ട്രയിൻ മണിക്കൂറുകൾ പിന്നിട്ടപ്പോൾ….ഉള്ളിൽ അതുപോലെ മെല്ലെ തിരക്ക് വളരാനാരംഭിച്ചു . മറ്റു യാത്രക്കാർ ഓരോരുത്തരായി വന്നുചേർന്നു അവിടം ശബ്ദാനമയമായി മാറി . കാഴ്ചകൾ , ഗന്ധങ്ങൾ ഒക്കെയും അവക്ക് അനുസൃതം എന്നോണം മാറിമറിഞ്ഞു വന്നണഞ്ഞു . അപ്പോൾ അഭിയും പതിയേ, തൻറെ വിസ്‌തൃതമായ ചിന്താപഥങ്ങൾ വിട്ട്…സ്‌ഥലകാലത്തിലേക്ക് മടങ്ങിവന്നു . ചേച്ചീടെയും അളിയന്റേയും കൊച്ചുകൊച്ചു തർക്കങ്ങൾ , ശാഠ്യങ്ങൾ , വഴക്ക്-പിണക്കങ്ങൾ…ഒപ്പം നവീൻ മോൻറെ കുഞ്ഞുവികൃതികൾ . മൂവരും ഒത്തുചേർന്നുള്ള കളിയാക്കലുകൾ , നർമ്മങ്ങൾ ,എല്ലാം കണ്ടുംകേട്ടും ,ആസ്വദിച്ചു പതിയെ അതിൽ ഒന്നായി അലിഞ്ഞുചേരാൻ അഭിക്ക് അധികസമയം വേണ്ടിവന്നില്ല .
രുചിയോടും അരുചിയോടും മാറിമാറി കഴിച്ചു പുതിയ ലോകത്തോട് കാര്യമായി സമരസപ്പെടുവാൻ ശ്രമിച്ചു .മണിക്കൂറുകൾ കടന്നു പോകവേ, അകത്തേയും പുറത്തെയും അപരിചിതമായ ‘ നവ’ കാഴ്ചകളേയും ഗന്ധങ്ങളെയും മനസ്സിൽ ഉൾകൊണ്ട്, പുതുമകളോടെല്ലാം സമരസപ്പെടുവാൻ പഠിച്ചു …പതിയെ പുതിയ മാറ്റത്തിലേക്കവൻ ഇറങ്ങിവന്നു !. അങ്ങനെ , പഴമകളേടെല്ലാം ”ഗുഡ്ബൈ ” പറഞ്ഞു നവീനമായൊരു ലോകത്തേക്ക്…നവീന സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റി ”കളിചിരി”കളും ,ചർച്ചയും , തർക്കങ്ങളും ഒക്കെയായി അഭിയുടെ ”ഉല്ലാസ ‘യാനപാത്രം അതിൻറെ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചു . സംഭവബഹുലങ്ങളായ നാലുനാൾ പിന്നിട്ട് , ട്രയിൻ അഞ്ചാം ദിവസം അതിൻറെ യാത്രയാവസാനിപ്പിക്കലിൻറെ സമയത്തോടടുത്തു . ഇതിനകം അഭി , അളിയനുമായി നല്ലൊരടുപ്പം സ്‌ഥാപിച്ചു കഴിഞ്ഞിരുന്നു . ചേച്ചിയുമായി , വളരെകാലശേഷം ബന്ധം ഒന്നുകൂടി പുതുക്കി . നവീണിന് മാമനെ വിട്ടുപോകാൻ വയ്യ !എന്ന അവസ്‌ഥയിൽ അയാളുമായി അത്രമാത്രം സ്നേഹബന്ധത്തിലായി .ഒടുവിൽ …അഞ്ചു ദിവസം നീണ്ടുനിന്ന സുദീർഘമായ യാത അവസാനിപ്പിച്ചു , ‘ ശുഭയാത്ര അനുഭവങ്ങളുമേന്തി ‘ ജയന്തിജനത ‘ ബോംബേ സെൻട്രലിൽ വന്നു നിൽക്കുമ്പോൾ അഭി ആ അഞ്ചുദിന സ്വർഗ്ഗീയാനുഭവങ്ങളിലൂടെ ആ കുടുംബവുമായി അത്രമേൽ സുദൃഢമായൊരു ബന്ധത്തിൽ എത്തിച്ചേർന്നു കഴിഞ്ഞിരുന്നു .
യാത്ര തുടങ്ങുമ്പോഴത്തെ അവസ്‌ഥകളിൽ നിന്ന് തുലോം വ്യത്യസ്തമായി….അഭിയിൽ പതുങ്ങനെ കടന്നുവന്ന മാറ്റത്തിലും ,ഉത്സാഹങ്ങളിലും അവനെക്കാൾ ആ ദമ്പതികൾ വളരെ സന്തുഷ്‌ടരായിരുന്നു . അവനെ കുറിച്ചുള്ള ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും പുതുനാമ്പ് ഏകി…അത് വാനോളം ഉയർത്തി . ‘ 18 ‘-ആം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും യാത്ര തീർത്തു പെട്ടിയും സാധനങ്ങളും ”പോർട്ടർ ഡ്രോളി ”യിലേക്ക് കൈമാറുമ്പോൾ സമയം ഏതാണ്ട് ഉച്ചയോട് അടുത്തിരുന്നു . സ്റ്റേഷനിലെയും പുറത്തെയും തിരക്കുകളൊക്കെ അവഗണിച്ചു , ബഹളങ്ങളെ ഒക്കെയും അതിജീവിച്ചവർ പുറത്തിറങ്ങി . സ്റ്റേഷൻടാക്സിയിൽ പെട്ടികളൊക്കെ കുത്തിനിറച്ചു പിന്നെ നേരേ രാജീവിൻറെ താമസസ്‌ഥലത്തേക്ക് .
അവിടുത്തെ ജീവിതം അതിനാൽ അഭിക്കും അങ്ങനെവലിയ ബുദ്ധിമുട്ടുകളൊന്നും സൃഷ്‌ടിച്ചില്ല . എല്ലാം …ഒരുവിധം കുഴപ്പമില്ലാതെ ,അവൻറെ തന്നെ നിയന്ത്രണത്തിൽ മുന്നോട്ടുപോയി . അതുകൂടാതെ എപ്പോഴും ഏതിനും എല്ലാ സഹായ സജ്ജീകരണങ്ങളും ഒരുക്കി അളിയനും ചേച്ചിയും കൂടെനിന്നു . ‘ഫ്‌ലാറ്റ് ‘ലെ ഒരു നല്ല ‘അറ്റാച്ചിട് സിംഗിൾ ബെഡ്ഡ്‌റൂം ‘അവനായി അവർ ഒഴിഞ്ഞുകൊടുത്തു . തൊട്ടുതാഴെ ,
ശാരീരികോല്ലാസത്തിനും വ്യായാമത്തിനും വേണ്ടിയുള്ള ‘ഷട്ടിൽകോർട്ട് ‘ഉൾപ്പടെയുള്ള കളിസ്‌ഥലം .ഭക്ഷണ കാര്യത്തിലാണെങ്കിൽ….നാട്ടിലെ ഭക്ഷണത്തിൽ നിന്ന് വ്യത്യസ്തമായി , ബോംബെ -കേരളീയ രുചിക്കൂട്ടുകൾ കൂടിക്കലർന്ന ഒരുതരം മിശ്രിത ആഹാര ഇനങ്ങളായിരുന്നു അഭിരാമിയുടെ പാചകത്തിൽ അധികവും അവിടെ .അഭിജിത്തിന് ആദ്യമൊന്നും അതിനെ ഉൾക്കൊള്ളാനായില്ലെങ്കിലും , വളരെ കുറഞ്ഞ ദിവസം കൊണ്ട് അവൻ ആ രുചികളുമായും വസതിയുമായും താദാത്മ്യം പ്രാപിച്ചു . ചുരുക്കത്തിൽ …ബോംബെയിൽ എത്തി , വളരെ പെട്ടെന്നുതന്നെ അവൻ ബോംബെ നഗരവുമായും നഗരജീവിതവുമായും നല്ലരീതിയിൽ പൊരുത്തപ്പെട്ടു . കുറച്ചുദിവസം , ആ നാട് മൊത്തമായൊന്ന് ചുറ്റിക്കണ്ടു . എല്ലാ ഇടവുമായി പരിചയപ്പെട്ട് ഒട്ടൊന്ന് മനസ്സിലാക്കി . വലിയ താമസം വരുത്താതെ , അളിയൻ ശരിയാക്കികൊടുത്ത കമ്പനിയിലെ ജോലിയിൽ അയാൾ പ്രവേശിക്കയും ചെയ്‌തു . വേല കിട്ടിയ തൊഴിലിടം ആകട്ടെ ,അധിക ദൂരത്തൊന്നും അല്ലാത്ത തൊട്ടടുത്ത പ്രദേശത്തു . കിട്ടിയ പണിയോ മറാഠി തുണിമില്ലുകമ്പനിയിലെ സെയിൽസെക്ഷനിലെ ക്യാഷ്യർ പോസ്റ്റും . വലിയ തലവേദന ഇല്ലാത്ത , ഭാഷയുടെയോ മറ്റ് പരിജ്ഞാനത്തിൻറെയോ അത്യന്താപേക്ഷിതം ഒന്നുമില്ലാത്തത് .ഒപ്പം , തീരെ ജോലിഭാരമില്ലാത്ത ലളിതമായ…എന്നാൽ ഉത്തരവാദിത്വപൂർണ്ണമായ ജോലി .ഇ൦ഗ്ളീഷ് ഭാഷയുടെ ഒക്കെ ശക്തമായ അടിത്തറ കൊണ്ട് ഉദ്യോഗത്തിൽ കയറി , വളരെ വേഗംതന്നെ ഉദ്യോഗവും സ്‌ഥാപനവുമായൊക്കെ നല്ലനിലയിൽ ഒത്തുപോകാനും എല്ലാവരുമായി നല്ല പരിചിത വൃന്ദത്തിലാവാനും അവനു പെട്ടെന്ന് സാധിച്ചു .
ജോലിപോലെതന്നെ , അളിയനും പെങ്ങളും അഞ്ചുവയസുകാരൻ കൊച്ചുനവനീതിനും ഒപ്പമുള്ള വാസവും അഭിക്ക് , ബോംബെജീവിതത്തിൻറെ യാതൊരു ക്ളേശങ്ങളും വരുത്താതെ ഓരോനാളും അതീവസന്തോഷത്തോടും പ്രതീക്ഷകളോടും സുരഭിലമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു . പുലർച്ചെ എണീറ്റ് ,അല്പം വ്യായാമം…പിന്നെ പ്രഭാതകൃത്യം. അതുകഴിഞ്ഞു പ്രാതൽ കഴിച്ചു നേരെ പണിക്കു പോയാൽ വൈകിട്ട് തിരികെയെത്തി കുറച്ചുസമയം പത്രംവായന. പിന്നെ , ടി.വി കാണൽ , കൊച്ചുമോനോടൊപ്പം അല്പം കളിതമാശകളും വിനോദോപാദികളുമായി ഇടകലരൽ .അളിയൻ നേരത്തെ എത്തിയാൽ , അളിയനും സഹോദരിക്കുമൊപ്പം പഴയ നാട്ടുകാര്യങ്ങളും ലോകവിവരങ്ങളും സംസാരിച്ചു സമയം പോക്കും . രാത്രി , സകലരുമായി വട്ടത്തിൽ ഒത്തുചേർന്നിരുന്ന് കൊതിയും നുണയും പറഞ്ഞു ചപ്പാത്തിയോ റൊട്ടിയോ എന്തെങ്കിലും തദ്ദേശീയ അത്താഴം സുഭിക്ഷമായി കഴിച്ചു ബെഡ്ഡ്‌റൂമിൽ അഭയം തേടും . പിന്നെയാണ് പരന്ന വായന. അളിയൻ വക സമാഹാരത്തിൽ ഉള്ളതും അവൻ കൊണ്ടുവന്നതുമായുള്ള പുസ്‌തകങ്ങളുമായി നേരിട്ടുള്ള പോരാട്ടം !. യുദ്ധം ഏകദേശം മയക്കത്തിലേക്കടുപ്പിക്കുമ്പോൾ മാത്രം ബുക്കുമടക്കി കിടക്കയെ ആശ്രയിക്കും . നിദ്ര വിട്ടാൽ പിന്നെ വീണ്ടും അടുത്തദിനം ആരംഭിക്കും. ഇങ്ങനെ ആയിരുന്നു അഭിയുടെ ആദ്യകാല ബോംബെ ദിനചര്യകൾ . ഞായറാഴ്ചകളിലും മറ്റുള്ള അവധി ദിനങ്ങളിലും രാവിലെതന്നെ മിനക്കെട്ടിരുന്നു വന്ന കത്തുകൾക്കുള്ള മറുപടികൾ തയ്യാറാക്കും . പ്രാരംഭത്തിൽ അച്ഛൻ ,’അമ്മ ,ശ്രീക്കുട്ടി എന്നിവർ കൂടാതെ , ചില കൂട്ടുകാരും തകൃതിയായി കത്തുകൾ അയക്കുമായിരുന്നു . വിശദമായ് അല്ലെങ്കിലും എല്ലാവർക്കും തൃപ്തികരമായി മറുപടി എഴുതുക എന്നത് അവൻറെ ഒരു ശീലമായി . കാലക്രമേണ അതൊക്കെ കുറഞ്ഞുവന്നെങ്കിലും ശ്രീക്കുട്ടിയും അമ്മയും മുറക്ക് എഴുതുമായിരുന്നു . അച്ചന്റെ കത്ത് കുറഞ്ഞു , പിന്നത് ഫോണ് വിളികളിൽ മാത്രമൊതുങ്ങി .
ശ്രീമോൾ നാട്ടുകാര്യവും വീട്ടുകാര്യവും കോളേജ് വിശേഷങ്ങളും എന്നുവേണ്ട , സകല തുമ്പുംതുരുമ്പും മുള്ളും മുരുക്കും വരെ വിശദമാക്കിത്തന്നെ, ഓരോ കത്തും വളരെ വിശാലമായി എഴുതി അയക്കുമായിരുന്നു . നാട്ടുകാര്യങ്ങളറിയാൻ …തനിക്ക് വലിയ താത്പര്യങ്ങളില്ലെന്ന് ആദ്യമേകൂട്ടി അവളെ അറിയിച്ചു വിലക്കിയിരുന്നത് കാരണം പിന്നത് അവൾ ഒഴിവാക്കി .പകരം തൻറെ കലാലയ വിശേഷങ്ങളും , കൂട്ടുകാരുടെ കുശുമ്പും കുന്നായ്‌മകളും തർക്കവും പിണക്കങ്ങളും ഒക്കെ നിരത്തി എഴുതി…ഒരു ”കുറുമ്പിപെണ്ണിൻറെ ”കുസൃതികളോടെ കറതീർത്തു എല്ലാം സമഗ്രമായി വരച്ചുകാട്ടി തരും . അഭിക്ക് അത് വായിക്കാൻ ഒരു പ്രത്യേക രസം തന്നെ ആയിരുന്നു നല്ലൊരു നേരംപോക്ക് !. കുട്ടിത്തം വിട്ടുമാറിയിട്ടില്ലാത്ത അവളുടെ ഓരോരോ വരികളും വിവരണങ്ങളും വളരെയേറെ നിർദ്ദോഷസത്യങ്ങളും ചാപല്യങ്ങളും വിളിച്ചോതുന്നതായിരുന്നു . ‘ശ്രീ ‘യിലെ നിഷ്‌കളങ്കതയുടെ പര്യായമായികണ്ട അവ ഓരോന്നും അത്രക്ക് ആവേശത്തോടെ, സൂക്ഷ്മതയിൽ വായിച്ചവൻ ആസ്വദിക്കുമായിരുന്നു .എന്നാൽ , കത്തെഴുത്തിൽ അറുപിശുക്കൻ ആയിരുന്ന അഭി , മറുപടിയിൽ മറ്റെല്ലാവർക്കും എന്നപോലെ ശ്രീമോൾക്കും അത്യാവശ്യവിവരങ്ങൾ മാത്രമേ കുറിക്കുവാൻ ശ്രമിച്ചിരുന്നുള്ളൂ . പക്ഷെ തിരിച്ചവൾ എപ്പോഴും …നല്ലൊരു കഥ എഴുത്തുകാരനായ ഏട്ടൻ ഒന്നുകിൽ ഈയുള്ളവൾക്ക് ഇടക്ക് ചില കഥകളൊക്ക എഴുതിയയച്ചു തരിക!. അല്ലെങ്കിൽ ഈ പാവത്തിന് മറുപടി എഴുതുമ്പോൾ ..കുറഞ്ഞപക്ഷം എന്തെങ്കിലും നന്നായി രണ്ടുവരി വിശദമായി നീട്ടിയെഴുതി അയച്ചു തന്നുകൂടെ ?. അവളുടെ ചോദ്യം ലളിതമായിരുന്നു …ന്യായവും . അഭിമാനത്തോടെ ആണെങ്കിലും വളരെ നിസ്സാരമായി എടുത്ത് അതവൻ ചിരിച്ചുതള്ളി . എന്നിരുന്നാലും …അഭിക്കുള്ളിൽ കെട്ടടങ്ങാതെനിന്ന കഥാകാരൻറെ ‘തീപ്പൊരി ‘ അവൻറെ അന്തരാളങ്ങളിൽ എപ്പോഴും ഒരു ജ്വാലയായി ജ്വലിച്ചുയുയർന്നു നിന്നിരുന്നു . അതോടെ അത് മുഷിവ് തോന്നുന്ന ഇടവേള സമയങ്ങളിൽ ഒരു കുത്തിക്കുറിക്കലായി അവൻറെ കടലാസിടങ്ങളിൽ സ്‌ഥാനം പിടിച്ചു . തുടക്കസമയങ്ങളിൽ ചേച്ചിക്കൊപ്പം കുടുംബമായി അവധി ദിനങ്ങളിൽ പുറത്തു പോകുന്നൊരു ശീലം അവൻ പുലർത്തിയിരുന്നു . എങ്കിലും ആ നാടുമായവൻ കൂടുതൽ അടുത്തശേഷം ഏകനായോ അല്ലെങ്കിൽ മറ്റേതെങ്കിലും സുഹൃത്തുക്കളുമായി അവധിദിന സായാഹ്നങ്ങളിൽ പുറത്തു പോകുന്നൊരു പതിവ് സ്‌ഥിരം അല്ലെങ്കിലും വല്ലപ്പോഴും അവനുണ്ടായിരുന്നു. അങ്ങനെ , അഭിയുടെ ദിനചര്യകളും അവധിസമയങ്ങളും…ബോംബെവാസ ജീവിതത്തിൽ , ഓർമകളെ മാടിവിളിക്കുന്ന വിരസത അനുഭവിപ്പിക്കാതെ അവനെ അത്യാവശ്യ തിക്കുംതിരക്കും എഴുത്തും വായനയും ഇടക്ക് വന്നുചേരുന്ന ആകസ്മിക പ്രശ്നങ്ങളും ഒക്കെയായി സജീവമാക്കി , ത്വരിതഗതിയിൽ കാലവിളംബം ചെയ്‌തു മുന്നോട്ടു കുതിപ്പിച്ചു .
മണിക്കൂറുകൾ ദിവസങ്ങളെ കൂട്ടിയിണക്കി ആഴ്ചയാക്കി .ആഴ്ചകൾ മാസങ്ങൾക്ക് ജന്മം കൊടുക്കാൻ അധികസമയം എടുത്തില്ല…. അതുപോലെ മാസങ്ങൾ വർഷമാവാനും വലിയ കാത്തിരുപ്പുകൾ വേണ്ടിവന്നില്ല !. മാസവും വർഷവും ഒരുപോലെ പന്തയക്കുതിരകളായി കടന്നുപോയി .
അലിഖിത പ്രകൃതിനിയമം പോലെ കാലം അതിൻറെ ഭ്രമണചക്രം സ്വാഭാവികപഥത്തിൽ തിരിഞ്ഞു….നൈസർഗ്ഗീയതയോടെ മുന്നേറുമ്പോൾ , പ്രാപഞ്ചികമായ ആ നിയമം മനഃപൂർവ്വമോ അല്ലാതെയോ പിന്തുടർന്ന് അഭിയുടെ വീട്ടുകാർ എല്ലാവരിലും അത് ഒരു പ്രധാന വസ്തുതയിൽ ഒന്നായി കൊണ്ടെത്തിച്ചു . മറ്റൊന്നുമല്ല , ആരും ഓർക്കാതിരിക്കുകയോ മനപ്പൂർവ്വം മറന്നുകളയുകയോ ചെയ്ത ഒരു വ്യക്തിയെകുറിച്ചുള്ള തീഷ്ണമായ….അണയാത്ത ഓർമ്മകൾ!.അലീന എന്ന സ്വത്വബോധത്തിൻറെ അപ്രസക്തമായ ഓർമ്മകൾ . ആരുടേയും സ്മൃതിപഥങ്ങളിൽ ‘ഒരു കുഞ്ഞോളം ‘പോലുമാവാതെ , മൺമറഞ്ഞ കൊടിയ അദ്ധ്യായം !. എല്ലാവരിലും എന്നപോലെ അഭിയിലും കാലഗതിയിൽ ഒരു അടഞ്ഞ അദ്ധ്യായം മാത്രമായി അത് മങ്ങി ,മയങ്ങി അവസാനിച്ചു . അനിവാര്യമായ ‘യുഗപ്രവാഹ ‘മറവിയുടെ അവൻ കൈകൊണ്ട ,ഉപേക്ഷ കണ്ടറിഞ്ഞു മറ്റെല്ലാവരും അതിരറ്റ് ആഹ്ളാദിക്കുമ്പോഴും അഭി അറിഞ്ഞില്ല , വ്യതിചലനങ്ങളിലൂടെ താൻ അറിയാതെ താൻ മറ്റൊരു ‘പുതു ‘ജീവിതത്തിലേക്ക് കാലുകുത്തുകയാണ് എന്നത് . കാലം എന്ന ഇന്ദ്രജാലക്കാരൻ അങ്ങനവനെ, മറക്കേണ്ടതെല്ലാം മറവിയുടെ മാറാപ്പിൽ ഒളിപ്പിച്ചു …മാറ്റംകൊണ്ട് മായാജാലങ്ങൾ തീർത്തു , നൂതനപ്രപഞ്ച മാസ്മരികതകളിലേക്ക് അറിയാതെ നടത്തിച്ചു . അപ്പോഴും , അലീനയുടെ ശൂന്യത സൃഷ്‌ടിച്ച ‘പഴുതൊഴിവ് ‘ കാണാമറയത്തു ‘കരമൊഴിഞ്ഞു’ അപ്രാപ്യമായി കിടക്കുകയായിരുന്നു. അവിടെ പെങ്ങളുടെ കൂട്ടുപിടിച്ചു അച്ഛനും അമ്മയും രക്ഷാവാഹകരായി മെല്ലെ നുഴഞ്ഞുകയറി. ”സുരക്ഷിതഭാവി ”യുടെ ‘പൊൻപേരു’ പറഞ്ഞു ഓരോരുത്തരായി അവനെ നാനാവിധം ”മഹത്തര ”വിവാഹ ആലോചനകൾ കൊണ്ട് പൊതിയാൻ തുടങ്ങി . ആദ്യം, പലതരം ‘ഒഴിവ്കഴിവ് ‘കളിലൂടെയും പിന്നെ , ശക്തമായ താക്കീതോടുള്ള ഉറച്ച തീരുമാന അറിയിപ്പുകളിലൂടെയും ഉൾവലിഞ്ഞു എല്ലാ രക്ഷാദൂതരിൽ നിന്നും വേണ്ടുന്നഅകലംപാലിക്കാൻ അഭി പരിശീലനം ആർജിച്ചു . അവിടെയാണ് അച്ചന്റെയും അമ്മേടേയും കത്തുകൾക്ക് അഭിയുടെ മറുപടി കത്തുകൾ കൃത്യമായി എത്തിച്ചേരാതിരിക്കുന്നതും, അവർ തിരിച്ചു മറുപടി എഴുതാതിരിക്കയും ചെയ്യുന്ന സാഹചര്യം ഉടലെടുക്കുന്നത് . പെങ്ങളും അവർക്കൊപ്പം ‘ഏറാൻമൂളി’തുടങ്ങിയപ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞാണെങ്കിലും ആ വീട്ടിൽനിന്നും താമസം മാറുവാൻ സ്വമനസ്സോടെ അല്ലെങ്കിലും അഭി നിർബന്ധിതനായി .
കുഴപ്പമില്ലാത്ത രീതിയിലുള്ള ‘ശമ്പള-ആനുകൂല്യ ‘ങ്ങളും, ഉറച്ച സാമ്പത്തിക അടിത്തറയും അനായാസേന അഭി ഇതിനകം കൈവരിച്ചിരുന്നതിനാൽ …ഒറ്റക്കൊരു ‘ഫ്‌ളാറ്റ് വാസം ‘അവനെ സംബന്ധിച്ച് താങ്ങാൻ കഴിയുന്നത് തന്നായിരുന്നു . എങ്കിലും കൂടെ ജോലിചെയ്യുന്ന രണ്ട് മൂന്ന് സഹപ്രവർത്തക-സുഹൃത്തുക്കളെ ഒപ്പം കൂട്ടി ,തീർത്തും സ്വതന്ത്രവും സമാധാനപൂർണ്ണവുമായ ഒരു ജീവിത സാഹചര്യത്തിലേക്കവൻ കുടിയേറി .ചേച്ചിക്കൊപ്പം പലപ്പോഴും, പാചകസഹായത്തിന് കൂടെക്കൂടി…. അത്യാവശ്യം ‘പാചകക്കസർത്തുകൾ’ കൈമുതലാക്കിയിരുന്നത് അവനാ പുതുജീവനത്തിന് വളമായി . തൊഴിലിടത്തിൽ അടുപ്പവും സൗഹൃദങ്ങളും കൂടിയപ്പോൾ വീട്ടുകാരുമായി ‘പടലപ്പിണക്കങ്ങൾ ‘പതിവായി!. പതിയെ വഴക്കുംവക്കാണങ്ങളും മൂർച്ഛിച്ചു .എങ്കിലും ശ്രീക്കുട്ടിയുടെ കത്തുകൾക്ക് മാത്രം മുടക്കമൊന്നും സംഭവിച്ചില്ല .വിശേഷ വാർത്തകളും വാർത്താ വിശേഷണങ്ങളുമായി…കാലരഥത്തിനൊപ്പം അനസ്യൂത പ്രവാഹമായി അത് തുടർന്നുകൊണ്ടേയിരുന്നു . എപ്പോഴും എന്നപോലെ അഭിക്ക് അപ്പോഴും അവളിൽ ഒരിക്കലും കെടാത്ത അനിർവചനീയ നിലയിലുള്ള സഹോദരീസനേഹം തെളിഞ്ഞു നിറഞ്ഞു നിന്നിരുന്നു. ഒരു കുഞ്ഞനിയത്തിയോടുള്ള വാത്സല്യവും കരുതലും പെരുമാറ്റങ്ങളിൽ എന്നപോലെ അവൻറെ കത്തിലെ ഓരോ വരികളിലും തുടിച്ചു നിന്നിരുന്നു .
തിരികെ ശ്രീയിൽ നിന്നും അത്തരം വികാരങ്ങളൊന്നും കടന്ന് വന്നിരുന്നില്ലെങ്കിലും , പ്രണയം തുളുമ്പുന്ന ഒരു വാക്കോ വരിയോ നേരിട്ട് തുറന്നെഴുതാൻ അവളൊട്ട് തയ്യാറായിരുന്നുമില്ല! .പക്ഷേ അവളുടെ എഴുത്തിൻറെ ചില രീതികളിൽ, വരികളുടെ പാലങ്ങളിൽ…അത്യപകടം വിതക്കുന്ന മധുരപ്രണയത്തിൻറെ വിഷവിത്തുകളുടെ അന്തരാർഥങ്ങൾ പതിയെ അവൻ മണത്തറിഞ്ഞു . അതോടെ സ്വാഭാവികമായും ഒരു ദീർഘ അകലം പാലിക്കുവാൻ അവൻ പഠിച്ചു. ആ ദൂരത്തിലൂടെയും …മുന്നോട്ടെടുക്കുവാൻ അവൾ ശ്രമം തുടർന്നു…വഴങ്ങാതിരിക്കുവാൻ അവനും!.
വിവാഹ ആലോചനകളുടെ പേരിൽ വീട്ടുകാരുമായുള്ള അസ്വാരസ്യങ്ങൾ ഏറിയപ്പോൾ അളിയനും പെങ്ങളും നേരിട്ടിടപെട്ട് അവൻറെ ഏറ്റവുംപുതിയ തീരുമാനങ്ങൾ മനസ്സിലാക്കി…നാട്ടിൽ വിളിച്ചറിയിച്ചു . അതോടെ അളിയനും സഹോദരിയും ആയുള്ള ചെറുപിണക്കം പരിസമാപ്‌തി കുറിച്ചെങ്കിലും അവർക്കും ഒരു പിടിയും കൊടുക്കാതെ , നാട്ടിൽപോക്ക് പല ന്യായവാദങ്ങളും നിരത്തി നീട്ടിക്കൊണ്ടു പൊയ്ക്കൊണ്ടിരുന്നു . അതിനായി തൻറെ പതിനെട്ടടവും പയറ്റി വീട്ടുകാർക്കൊപ്പം അളിയൻ കുടുംബത്തിൽ നിന്നും, ഓരോ കാരണവും ഉപായവും പറഞ്ഞു ഒഴിഞ്ഞുമാറി, തിരിഞ്ഞു മറിഞ്ഞു കളിച്ചു അവൻ സമയം കളയാൻ ശ്രമിച്ചു . കാലവും!…അതുപോലെ ,അങ്ങനാർക്കും കാത്തുനിൽക്കാതെ,ആരുടെ തീരുമാനത്തിനു ചെവിയോർക്കാതെ അതിൻറെ സ്വാഭാവിക പ്രക്രിയയിൽ നീങ്ങിക്കൊണ്ടിരുന്നു . അഭി ബോംബെയിൽ എത്തിയിട്ടിപ്പോൾ വര്ഷം കുറെയേറെ ആയി . ആദ്യ വർഷങ്ങൾ മണ്ണിൽ മെല്ലെ ഓരോന്ന് ഓരോന്നായി വീണടിഞ്ഞു, പുതിയ മാറ്റങ്ങളും കലണ്ടറുകളും വിണ്ണിൽ ജന്മമെടുത്തു . വളരെ ചെറിയ നിലയിൽ കമ്പനിയിൽ കയറിക്കൂടിയ അഭി കുറഞ്ഞ സമയം കൊണ്ട് അവിടെല്ലാവർക്കും പ്രിയപ്പെട്ടവനായി മാറി .പുതിയ നല്ല വ്യക്തിബന്ധങ്ങൾ ഉശിരോടെ അവിടെ വാർത്തെടുത്തവൻ, മറാഠി ഒരുവിധവും ഹിന്ദി അയത്നലളിതമായും സംസാരിക്കാൻ ഇതിനകം അഭ്യസിച്ചു കഴിഞ്ഞിരുന്നു .അവൻറെ പ്രാപ്‌തിയും ജ്ഞാനവും , എല്ലാകാര്യത്തിലുമുള്ള സ്‌ഥിരോത്സാഹവും ഒക്കെ മനസ്സിലാക്കി കമ്പനി അടിക്കടി നല്ല ഉദ്യോഗക്കയറ്റം നൽകി അവനെ തലപ്പത്തെത്തിച്ചു .അവൻറെ കഴിവ് കണ്ടറിഞ്ഞു വേതനം വർധിപ്പിച്ചും സ്‌ഥാന്നോന്നതിയും മറ്റ് ആനുകൂല്യങ്ങളും കൊടുത്തു അംഗീകരിച്ചു ആദരവ് പുലർത്താൻ, എപ്പോഴും അവർ ശ്രമിച്ചുകൊണ്ടിരുന്നു. തത്ഫലമായി ഒരു വെറും കാഷ്യർ തസ്‌തികയിൽ ജോലിയിൽ പ്രവേശിച്ച അഭി ,സ്വന്തം യോഗ്യതയിലും ശേഷിയാലും വളരെവേഗം വളർന്ന് സ്‌ഥാപനത്തിൻറെ മാനേജർ എന്ന ഉയർന്ന സ്‌ഥാനത്തിൽ വരെ ഇതിനകം എത്തിച്ചേർന്നിരുന്നു .
ദിവസത്തിൽ ഇടക്കൊക്കെ രണ്ട് മൂന്ന് സിഗരറ്റ് മാത്രം വലിക്കുന്നൊരു ദുശീലം പിന്തുടർന്ന അഭി, പിന്നെ തുടർന്നിരുന്നൊരു ശീലം…ഞായറാഴ്ചകളിൽ അളിയൻറെ ‘ഹോട്ടിനു ‘കമ്പനി കൊടുക്കുവാൻ വേണ്ടി കുടിക്കുന്ന കുറച്ചു ‘ബിയർ ‘മാത്രമായിരുന്നു . നാട്ടിൽനിന്ന് അച്ഛൻറെയും അമ്മയുടേയുമൊക്കെ കത്തുവരവ് പൂർണ്ണമായി നിലച്ചശേഷമുള്ള കാലയളവായിരുന്നത് .ബോംബെവാസം തുടങ്ങിയിട്ട് അഭിക്ക് അഞ്ചുവർഷം തികയുന്നു . ആ വലിയ ലോകം അവൻറെ ആത്മാർപ്പണവും കാര്യപ്രാപ്‌തിയും കണ്ടെന്നവിധം നിറമനസ്സോടെ സ്വീകരിച്ചു വളർത്തി….
മറ്റൊരാളായ് മാറ്റിയെടുത്തിരുന്നു .എങ്കിലും അവൻറെ തങ്ങളോടുള്ള അനുസരണമില്ലായ്‌മയും, ധിക്കാരവും ഒരു പരിധിക്കപ്പുറം ആ മാതാപിതാക്കൾക്ക് സഹിക്കാനായില്ല. ഒപ്പം തൻ കാര്യം നോക്കാൻ ശ്രമിക്കാത്തതിൻറെ അവനിലെ ‘ത്രാണിക്കുറവ് ”വും അവൻറെ അഹന്തയായവർ വിലയിരുത്തി. വിവാഹത്തിന് ഒരു ”തയാറാവൽ ”പോയിട്ട്, നാട്ടിലേക്ക് ഒന്ന് മടങ്ങിച്ചെന്ന് എല്ലാവരെയും കണ്ട് തിരികെ വരിക …എന്ന സാമാന്യ മര്യാദ പുലർത്താൻ തോന്നാതെ , അവിടെ കടിച്ചുതൂങ്ങി കിടക്കുന്ന അവൻറെ തോന്ന്യാസത്തെ അവിടെല്ലാവരും കണക്കറ്റു പഴിച്ചു . അച്ഛനുമമ്മയും ഒന്നായി ലഹളവച്ചു മടുത്തു .അയക്കുന്ന കത്തുകൾക്ക് അതിനർഹിക്കും വിധം സാമാന്യം നല്ലൊരു മറുപടി പോലും അയക്കാൻ തോന്നാത്ത മനസ്സിനെ അതിനിശിതമായി കുറ്റപ്പെടുത്തി . ഫോൺ വിളിച്ചപ്പോൾ സകലരും ,പതം പറഞ്ഞു വഴക്കും പുലഭ്യവും…ഒപ്പം വായിൽ വന്നതും തികട്ടിയതും ഒക്കെ എടുത്തിട്ട് ശക്തമായി ശപിച്ചു .കേട്ടൊഴിഞ്ഞും, എല്ലാറ്റിനും സ്‌ഥിരമായി ന്യായവാദം നിരത്തി മറുപടി പറഞ്ഞും അഭി വശംകെട്ടു . കൂനിൻമേൽ കുരു പോലെ, ഇതിനിടയിൽ ശ്രീക്കുട്ടിയുടെ മാസ്റ്റർഡിഗ്രി അവസാനവർഷ പരീക്ഷയായി . നീണ്ട ഇടവേളക്കുശേഷം അവളുടെ വക നീട്ടിപ്പിടിച്ചുകൊണ്ട്, വലിയവായിൽ ഒരു വലിയ കത്ത് . ” കൂട്ടുകാരികൾ പലരുടെയും കല്യാണം ഇതിനകം ശുഭകരമായി കഴിഞ്ഞുപോയിരിക്കുന്നു . തൻറെയും പ്രായം അതിക്രമിച്ചുകൊണ്ടിരിക്കയാണ് . പഠിക്കണം എന്നുള്ള ”കടുംപിടുത്തം” പറഞ്ഞു കൊണ്ടുമാത്രം വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു ആലോചനകൾ ഇതുവരെ നീട്ടികൊണ്ട് പോകുകയായിരുന്നു .പരീക്ഷ കഴിഞ്ഞാൽ ആ വഴിയും അടയും . പിന്നെ , ഒരു ദിവസം പോലും കാത്തുനിൽക്കാൻ അവർ അനുവദിക്കില്ല .എന്നെ ഓർത്തു അവരുടെ നെഞ്ചിൽ തീ ആണ്! .അവരെ ഓർക്കുമ്പോൾ എനിക്കും…സഹിക്കാൻ കഴിയുന്നില്ല . ഏട്ടനോട് എല്ലാം തുറന്ന് പറഞ്ഞു ഏട്ടനെ എത്രയും വേഗം നാട്ടിലേക്ക് പറഞ്ഞയക്കു എന്നും കൽപിച്ചു, അച്ഛനും അമ്മയും എന്നും നിർബന്ധമാണ് . ഏട്ടൻറെ അച്ഛൻറെയും അമ്മേടേയും കാര്യം എടുത്തു പറയണ്ടല്ലോ ?…ഏട്ടനു സ്വയം അറിയാമല്ലോ…അതിൻറെ ”പുകിലുകൾ” എല്ലാം . ചോദിക്കുന്ന ആൾക്കാരോടെല്ലാം സമാധാനം ബോധ്യപ്പെടുത്തി ഞാൻ മടുത്തു . എനിക്കിനി വയ്യ!. ഇനി ഞാനെന്താ ചെയ്‌ക ?. ഇതിനെങ്കിലും തൃപ്‌തികരമായൊരു മറുപടി തന്നില്ലേൽ ഏട്ടന് ശ്രീക്കുട്ടി എഴുതുന്ന മറ്റൊരു കത്ത് ദുഷ്‌കരമാവും .കത്ത് മാത്രമല്ല , ബന്ധങ്ങളെത്തന്നെ അത് എങ്ങനെ ബാധിക്കും എന്ന് എനിക്കിപ്പോൾ പായാൻ കഴിയില്ല !. ഓർക്കുക….വേദന കവിയുമ്പോൾ , അച്ഛൻ വക ഒരു കത്ത് !. എഴുതുന്ന അച്ഛനും വായിക്കേണ്ടിവരുന്ന ഏട്ടനും വളരെ വിഷമതകൾ പകരുന്ന ഒന്നാവും അത്. അതിന് ഇടവരുത്താതെ ദൈവം ഏട്ടന് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ!.”
ഏകദേശം ഇങ്ങനൊക്കെയായിരുന്നു..ഇത്രനാളും അനിയത്തിക്കുട്ടിയായി സങ്കൽപ്പിച്ചു നെഞ്ചിലേറ്റി കൊണ്ടുനടന്നിരുന്നവളുടെ ഭീഷണി രൂപത്തിലുള്ള കത്ത് .മണത്ത അപകടം യാഥാർഥ്യമായി മാറാൻ അധികസമയം വേണ്ടിവന്നില്ല .പറഞ്ഞുതീരും മുൻപേ മനസ്സിൽകണ്ട ആപത്തു വഴിയിൽ തടഞ്ഞു . കഥയില്ലാത്ത പെണ്ണിൻറെ ”കഥ”യോർത്തു ഹൃദയത്തിൽ വലിയ വേദനയൊന്നും കടന്നുകൂടിയില്ലെങ്കിലും ആ നീണ്ടകഥക്ക് ഉത്തരമൊന്നും തേടാൻ പോയില്ല .ശ്രീയുടെ അക്ഷരസന്ദേശങ്ങളും അതോടൊരു തീരുമാനമായി ,
അകാലത്തിൽ അടഞ്ഞ മറ്റൊരു കാണ്ഠമായി അത് മാറി . നഗരജീവിതം എങ്കിലും സമാധാനപൂർണ്ണമായ നല്ലൊരു ബോംബെവാസം നയിച്ച് മുന്നോട്ടുപോയ അഭി . അവൻറെ ജീവിതത്തിൽ ആശങ്കാകുലരായ അവൻറെ സ്വന്തം വീട്ടുകാരുടെ ആകുലതകൾ, പതിങ്ങനെ അശാന്തിയുടെ കരിനിഴൽ പാകി പ്രകോപനങ്ങളുടെ മുൻമുനയിൽ കൊണ്ടെത്തിച്ചു . അനിവാര്യതയുടെ കോട്ടകൊത്തളങ്ങൾ പ്രതിഷേധവും പ്രതിരോധവും തീർത്തു തകർത്തെറിയാൻ …അഭി അനവരതം കിടഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു .എങ്കിലും , ഒരു വശത്തു പെറ്റമ്മയുടെ ദീനരോദനത്തിലുള്ള കേണപേക്ഷകൾ . മറുവശത്തു പ്രകോപനങ്ങളുമായി അച്ഛൻ മിനഞ്ഞുകൊണ്ടിരുന്ന ഉരുക്കുബലമുള്ള ഭീഷണിസ്വരപഞ്ജരങ്ങൾ. നടുവിൽ …അളിയൻ സോദരി എന്നിവരുടെ മധ്യസ്‌ഥതയിൽ ഒതുങ്ങിനിന്നുള്ള അനുരഞ്ജന സ്നേഹ ഉപദേശങ്ങൾ !. എല്ലാംകൂടി ഒരുമിച്ചു ഒരേ ലാക്കിനു നേർക്കുനേർ വന്നപ്പോൾ , പിടുത്തം കിട്ടാതെ, ചെറുത്തു നിൽക്കാൻ ആവാതെ അഭി , തീർത്തും നിലംപരിശായിപ്പോയി എന്നതായിരുന്നു സത്യം !.ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ശ്രീക്കുട്ടിയുടെ അതിക്രമിക്കുന്ന കെട്ടുപ്രായത്തെ സമാന പ്രായത്തിലുള്ള പെൺകുട്ടികളുടെ വിവാഹങ്ങളുമായി ചേർത്തുവച്ചു ഉത്കണ്ഠയോടെ അവളുടെ അച്ഛൻ വക മറ്റൊരു വിസ്തരിച്ചുള്ള കത്ത് !. പിറകെ ,അതുകൂടി വന്നുചേർന്നപ്പോൾ …എല്ലാമായി . താൻ ഭയന്ന അത്യാഹിതവും ഭീഷണിയും പൂർണ്ണാവസ്‌ഥയിൽ എത്തിച്ചേർന്നത് അവൻ തിരിച്ചറിഞ്ഞു . ആ വിധം അച്ഛനമ്മമാരുടെ ഉഗ്രശാസനകൾക്കും ,അമ്മാവൻറെയും അമ്മായിയുടെയും സമാധാനമില്ലാത്ത വിങ്ങിപ്പൊട്ടലുകൾക്കും നേരിട്ടൊരു വിശദീകരണം കൊടുക്കാൻ ഇനിയും അമാന്തിച്ചുകൂടാ എന്ന് അഭിക്ക് തോന്നി . അങ്ങനെ , ഇനിയും യാത്ര ഉപാധികൾവച്ചു നീട്ടികൊണ്ട് പോകാതെ..കാലങ്ങളായി നീട്ടിവയ്ക്കപ്പെട്ട കുടുംബ സന്ദർശനത്തിനായി നാട്ടിലേക്ക് തിരിക്കാൻ അവൻ തീർച്ചയാക്കി . ആ വരവ് കുടുംബക്കാർക്കും ബന്ധുജനങ്ങൾക്കും എല്ലാം സമാധാനപൂർണ്ണവും, ഉത്സവസമാനവും ആയിരുന്നു . പഠനം പൂർത്തിയാക്കി വിശ്രമിക്കുന്ന ശ്രീമോളുമായി അഭിയുടെ മംഗലം എത്രയും പെട്ടെന്ന് നടപ്പിലാക്കാം എന്നവർ ഏകമനസ്സോടെ ഉറപ്പിച്ചു .
നാട്ടിലേക്കൊരു മടക്കയാത്ര!. വാസ്തവത്തിൽ , അഭി ഒരിക്കലും ആഗ്രഹിച്ചതേ ആയിരുന്നില്ല അത് . ബോംബെ നഗരജീവിതവുമായി അത്രയേറെ ഇഴുകിച്ചേർന്നത് ഒന്നുമായിരുന്നില്ല കാരണം .തൻറെ ജീവിതം തന്നെ തകർത്തു , നിഷ്കരുണം തന്നെ പുറംതള്ളി എന്നെന്നേക്കുമായി നിഷ്കാസനം ചെയ്‌ത തൻറെ ജന്മനാടിനെ മടുത്തു , വെറുപ്പുപിടിച്ചാണ് കാലങ്ങൾക്ക് മുന്നേ താനിങ്ങോട്ടേക്ക് വണ്ടികയറിയതു തന്നെ. ആ അങ്ങോട്ടേക്ക് വീണ്ടും!…ഒരു തിരിച്ചുപോക്ക്. തെല്ലും ആശിക്കാതെ , ബോംബെ നഗരത്തിൻറെ അഴുക്കുചാലുകളിൽ എവിടെങ്കിലും വീണ് ഒടുങ്ങി അവസാനിക്കട്ടെ തൻറെ പാപജന്മം!. എന്നായിരുന്നു നാടുവിടേണ്ടിവന്നപ്പോഴേ അഭി ചിന്തിച്ചെടുത്തിരുന്ന തീരുമാനം . എന്നിരുന്നാലും …അച്ഛൻ , ‘അമ്മ , സഹോദരി തുടങ്ങിയ അറുത്തു മുറിച്ചു കളയാൻ കഴിയാത്ത കുടുംബ ബന്ധങ്ങളിലെ കെട്ടുപാടുകൾ!… അവൻറെ സംഘര്ഷമാർന്ന മനസ്സിനെ ഒട്ടൊന്ന് പാകപ്പെടുത്തി എന്നതായിരുന്നു ശരി .
എങ്കിലും മടക്കയാത്രയിൽ നാട്ടിൽ, വീട്ടുകാർ കെണിവച്ചു തന്നെക്കാത്തു നടവഴിയിൽ പതിയിരിക്കുന്ന.. ”മാ൦ഗല്യം”എന്ന ഭീകരമായ ചതിക്കുഴിയെ കുറിച്ച് നന്നായി ബോധവാനാകാതിരിക്കാനും അയാൾക്ക് കഴിഞ്ഞില്ല . അതും താൻ പെങ്ങളൂട്ടിയായി മനസ്സിൽ കൊണ്ടുനടന്ന്….എല്ലാ കുറുമ്പുകൾക്കും കുസൃതികൾക്കും കൂട്ടുനിന്ന് ഈ അഞ്ചു വർഷവും അവളെഴുതിയ കത്തുകൾക്കെല്ലാം കൃത്യമായി മറുപടി കൊടുത്തു സ്നേഹിക്കയും താലോലിക്കയും ചെയ്‌ത ശ്രീക്കുട്ടി എന്ന ബാല്യകാല കൂട്ടുകാരിയുമായി . ഇത്രനാളും ഒരു അനിയത്തിക്കുട്ടിയായി നെഞ്ചിലേറ്റിയ കളിക്കൂട്ടുകാരിയെ മറ്റൊരു ദിവസം ഭാര്യയുടെ സ്‌ഥാനത്തു നിർത്തി ഒരു ജീവിതം !. ദാരുണം ആണത്…ദയനീയവും . ബന്ധുക്കളുടെ സ്വകാര്യ ലാഭേച്ഛക്ക് വേണ്ടി , സ്വയം താൻ അവർക്ക് ബലി കൊടുക്കേണ്ടി വരിക .ഓർക്കാനേ ആവുന്നില്ല!. എങ്കിലും വിധി!. എന്നും തന്നെ തകർത്തെറിഞ്ഞ തൻറെ വിധി!. തൻറെ ചുടു രക്തത്തിനുവേണ്ടി ദാഹിക്കുന്ന, രക്തദാഹികളായ ബന്ധുജന കൂട്ടത്തിനായി എന്താണ് പകർന്ന് സമ്മാനിക്കുന്നതെന്ന് കണ്ടുതന്നെ അറിഞ്ഞുകളയാം . അവർക്കായി , വിധി തുടരുന്ന നര വിളയാട്ടുകൾക്ക് മുൻപിൽ സധൈര്യം നിന്നുകൊടുക്കുക തന്നെ!. ഏറെ അനുമാനങ്ങൾക്കും കണക്കുകൂട്ടലുകൾക്കും ശേഷം , അന്ന് വൈകിട്ടുള്ള തീവണ്ടിയിൽ തന്നെ കമ്പനി വക ടിക്കറ്റിൽ അഭി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു .
വര്ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം ജന്മനാട്ടിൽ തിരികെയെത്തിയ അഭിജിത്തിനെ അവിടുള്ളവർ ഇരുകൈയ്യുംനീട്ടി ആമോദപൂർവ്വം സ്വീകരിച്ചു . സ്റ്റേഷനിൽ നിന്ന് പുലർച്ചെ വീട്ടിലെത്തിയ അഭിയെ അതിനാൽത്തന്നെ എല്ലാവരും കൗതുകപൂർവ്വം വീക്ഷിക്കയും ബോംബെ ജീവിതത്തെക്കുറിച്ചെല്ലാം വാ തോരാതെ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കയും ചെയ്‌തു . ഏവർക്കും സന്തുഷ്‌ടനായി ഉത്തരം നൽകി , ഇത്രയും കാലം താൻ ആ നഗരജീവിതവുമായി എത്രമാത്രം ഇഴുകിച്ചേർന്ന് കഴിഞ്ഞു എന്ന് വ്യക്തമാക്കുക ഉണ്ടായി . തുറന്നു പറഞ്ഞില്ലേലും എല്ലാവര്ക്കും ആ നാടും നഗരവും അത്രമേൽ ഹൃദയാവർജ്ജകമാവുകയും …ഒരിക്കലെങ്കിലും അവിടം ഒന്ന് സന്ദർശിക്കണം എന്ന കലശലായ രഹസ്യാഭിലാഷം അറിയാതുള്ളിൽ ഇടം പിടിക്കയും ചെയ്‌തു . രാത്രിവരെ അതിഥികളുടെ രംഗപ്രവേശനവും , ചർച്ചയും , വിശേഷം പങ്കുവയ്ക്കലും, തമാശകളും ,ഭക്ഷണം കഴിക്കലും ഒക്കെയായി സമയം അങ്ങ് നീണ്ടു . എല്ലാവരും പിരിഞ്ഞശേഷം …രാതിയിൽത്തന്നെ, ഇരുട്ടുംമുമ്പ് നായർ ബോംബിൽ കൈവച്ചു .നേരെ അഭിയെ വിളിച്ചു, വച്ചുനീട്ടാതെ വിഷയമെടുത്തിട്ടു . ഏറെ സൗമ്യതയോടെ ആയിരുന്നു തുടക്കം!……..
” അഭീ നിനക്ക് എത്ര ദിവസത്തേക്കാണ് ലീവ് ?…” കാര്യത്തിലേക്ക് കടന്ന് അദ്ദേഹം ചോദിച്ചു .
പെട്ടെന്നുള്ള …എടുത്തടിച്ചപോലുള്ള അച്ഛൻറെ ചോദ്യം അഭിയെ തെല്ലൊന്നു അമ്പരിപ്പിച്ചു . എങ്കിലും മടി കൂടാതെ അവൻ മറുപടി കൊടുത്തു . ” മൂന്നാഴ്ചത്തേക്കാണ് എഴുതി കൊടുത്തത് . വേണേൽ എത്രമേൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം . ”
വളരെ ശാന്തനായി തുടങ്ങിയ ആളുടെ മുഖം പെട്ടെന്ന് കടുത്തു.സ്വരം കടുപ്പിച്ചു ….” നീണ്ട അഞ്ചു വർഷത്തിന് ശേഷം നാട്ടിലോട്ട് വരുന്ന നീ ഈ മൂന്നാഴ്ച കൊണ്ട് എന്തുടുക്കാനാ ?….യാത്രക്കുതന്നെ പോകുമല്ലോ പത്തു ദിവസം….”
അച്ഛൻറെ ഗൗരവം അതുപോലെ ഉൾകൊണ്ട് , എന്നാൽ ശാന്തത തീരെ കൈവിടാതെ മകൻ ….” അതല്ലേ ആദ്യമേ പറഞ്ഞത് , ആവശ്യമെങ്കിൽ ലീവ് എത്രവേണേൽ നീട്ടാമെന്ന്!. ”
സംശയം തീരെ കൈവെടിയാതെ, അക്ഷോഭ്യനായി വീണ്ടും നായർ…..” അതെന്താടാ അങ്ങനെ ?….”
അത് ദൂരീകരിക്കാൻ എന്നോണം അഭിയുടെ മറുപടി ” അതെ , വര്ഷം കുറേ ആയില്ലേ ?…അതിനാൽ തൽക്കാലം ഇവിടംവരെ ഒന്ന് വന്നു , നിങ്ങളെയൊക്കെ ഒന്നുകൊണ്ട് മടങ്ങണം …അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ .അച്ഛൻറെയും അമ്മേടേയും സുഖവിവരം അന്വേഷിച്ചു പോകാൻ ഇതുതന്നെ അധികം!.
അടുത്ത നിമിഷം എല്ലാ ശാന്തതയു൦ കൈവിട്ട് നേരെ ക്രുദ്ധനായി അയാൾ ….” ഓഹോ !….ഈ അഞ്ചുവർഷം , അച്ഛനും അമ്മയും ജീവിച്ചോ ചത്തോ എന്ന് കത്തിലൂടെ എങ്കിലും ഒന്ന് അന്വേഷിക്കാതിരുന്ന മകൻ ആണോ ?…ഈ അവസാന കാലത്തു അവരുടെ ക്ഷേമം അറിയാനായി ഇറങ്ങിയിരിക്കുന്നത് .?….അതാ അല്ലെ അപ്പോൾ സാറിൻറെ വരവ് ഉദ്ദേശം ?…”
അപ്രതീക്ഷിതമായ അച്ഛൻറെ രോഷത്തോടെയുള്ള ആ ചോദ്യം അഭിയെ ആകെ ഞെട്ടിച്ചു . വല്ലാതെ പകച്ചു , എന്ത് ഉത്തരം കൊടുക്കണം എന്നറിയാതെ നിൽക്കുമ്പോൾ …പെട്ടെന്നങ്ങോട്ട് കടന്നുവന്ന ‘അമ്മ ഇടപെട്ട് ….
” ശ്ശെ….മോൻ ഒന്ന് ഇങ്ങോട്ട് വന്നു കയറിയതല്ലേ ഉള്ളൂ . അതിനിടക്ക് അവനോട് തട്ടിക്കയറാൻ തുടങ്ങിയോ ?….കുറച്ചു സമാധാനത്തിൽ ആയിക്കൂടെ എല്ലാ൦ ….”
പ്രഭാകരൻ നായരുടെ ദേഷ്യം വീണ്ടും കനത്തു….” എന്നാ നീതന്നെ ചോദീര് .ഞാൻ അവനോട് സമാധാനത്തിൽ തന്നെയാ ചോദിച്ചത് . വന്നിട്ട് , നീ എത്ര ദിവസം ഇവിടെ കാണും?…എങ്ങനൊക്കെയാ പരിപാടികൾ എന്നൊക്കെ ?.അപ്പോഴാ അവൻറെ എഴുന്നള്ളിപ്പ്!.അച്ഛൻറെയും അമ്മേടേയും സുഖവിവരം അന്വേഷിച്ചുള്ള വരവാത്രേ….ഉടനെ മടങ്ങണം പോലും ….ഇതൊക്കെ കേൾക്കുമ്പോൾ എങ്ങനെ ദേഷ്യം വരാതിരിക്കും ?.”
ശാന്തരൂപിണിയായ് ‘അമ്മ അനുനയന ഭാഷയിൽ…..” അതിനിത്ര ചൂടാവാൻ എന്തിരിക്കുന്നു …?. അവൻ അവൻറെ താല്പര്യം അറിയിച്ചു . ഇനി നമുക്ക് കൂടുതലായി വല്ലതും ചോദിക്കാൻ ഉണ്ടെങ്കിൽ , അത് ചോദിക്ക് !. പറ്റുന്നതാണെങ്കിൽ അവൻ മറുപടി പറയും . ”
ഒരു ചെറു പരിഹാസചിരിയോടെ അയാൾ തുടർന്നു ….” ങാഹാ…അപ്പോൾ അമ്മയും മോനും ഒന്നായല്ലേ ?…ഞാൻ പുറത്തും… പോട്ടെ , സാരമില്ല . ( കൈകൾ കൂപ്പിക്കൊണ്ട് ) ആദ്യമേ , അപ്പനെയും അമ്മയേയും…. പോയിട്ട് , ഇപ്പോൾ എങ്കിലും… ഈ വയസ്സുകാലത്തു ഒന്ന് വന്നു നേരിൽ കാണാൻ തോന്നിയ സന്മനസ്സിനു വളരെ നന്ദി !. കാലുപിടിച്ചു വേണേൽ ഇനി അങ്ങനെയും നന്ദി അറിയിക്കാം. ഇനി , ഒരു കാര്യത്തിനു കൂടി ”ഇയാൾ ”വ്യക്തമായ മറുപടി തരണം . ”
മകനെ തലോടി , ‘അമ്മ ” അതങ്ങ് പറഞ്ഞുകൂടേ ?…അതിന് അവനെ കളിയാക്കി വേണോ ?…”
ഉം ….പറയാം….” ഒച്ചവെച്ചു ഒന്ന് തൊണ്ട ശരിയാക്കി അച്ഛൻ തുടർന്നു ….” കല്യാണ കാര്യത്തിൽ സാറിൻറെ തീരുമാനം എന്താ ?. കല്യാണം വേണ്ടേ ?…അതോ …പിന്നെപ്പോഴേലും മതി എന്നാണോ ?…”
തീരുംമുമ്പേ ഇടക്കുകയറി അഭി….” മുൻപേ ഞാൻ അറിയിച്ചതായിരുന്നല്ലോ…കല്യാണം കഴിക്കാനല്ല ഞാൻ വരുന്നത് എന്ന് . എനിക്ക് കല്യാണം വേണ്ട!. എനിക്കായ് ഇവിടാരും ഒരു കല്യാണവും ആലോചിച്ചു, വെറുതെ സമയം കളയണ്ടാ . ”
ക്ഷോഭം കൂടിയ നായർ അതെ ഭാവത്തോടെ വീണ്ടും….” നീ കല്യാണം കഴിച്ചു ഇവിടാർക്കും ഒരു കാര്യവും സാധിക്കാനില്ല . അങ്ങനെ ഒരു പൈതൃകവും നീയായിട്ട് ഇവിടെ കാത്തുസൂക്ഷിക്കണം എന്നു ഇവിടാർക്കും ഒരു പിടിവാശിയും ഇല്ല . പക്ഷേ കുട്ടിക്കാലം തൊട്ടേ …കൂട്ടത്തിൽ കൂട്ടി, ചിരിച്ചും കളിച്ചും കളിപറഞ്ഞു൦ ഒപ്പം കൊണ്ട് നടന്നിട്ടുണ്ടായിരുന്നല്ലോ ഒരുവളെ !.മുറപ്പെണ്ണ് എന്നതൊക്കെ പോട്ടേ ….നാട്ടീന്ന് ഒളിച്ചോടി പോയിട്ടും , വിടാതെ കത്തുകളയച്ചും….തുടരെ നാട്ടുവിശേഷങ്ങൾ പങ്കുവച്ചും…അവളിൽ സ്‌ഥിരമായി ഒരു ആശ ഉണ്ടാക്കികൊടുത്തിട്ട്, സമയം വന്നപ്പോൾ കാലുമാറാൻ ശ്രമിച്ചാൽ ഉണ്ടല്ലോ?…വിവരമറിയും നീ പറഞ്ഞേക്കാം !.”
ഒരൊറ്റനിമിഷം!…അഭി സ്തബ്ധനായിപ്പോയി !.അവൻറെ കന്ധം ഇടറി, എങ്കിലും തുടർന്നു ….” അവളുമായി കുട്ടിക്കാലം മുതലുള്ള ഇഷ്‌ടവും അടുപ്പവും കത്തിലൂടെ എന്നല്ല , എല്ലാ രീതിയിലും ഇപ്പോഴും തുടരുന്നുണ്ട് എന്നത് വാസ്‌തവം തന്നെ, നിഷേധിക്കുന്നില്ല . പക്ഷേ അത് എത്തരം ബന്ധമാണെന്ന് നിങ്ങൾ മനസ്സിലാക്കണം . ഒരു കുഞ്ഞനുജത്തിയും കളികൂട്ടുകാരിയും ആയിട്ട് മാത്രമേ ഇന്നോളം ഞാൻ അവളെ കണ്ടിട്ടും …കരുതീട്ടും ഉള്ളൂ . അതിനപ്പുറം ഒരു ആശയും പ്രതീക്ഷയും ഞാൻ ആരുമായും പങ്കുവച്ചിട്ടില്ല. ഒരു വാക്കും ആർക്കും കൊടുത്തിട്ടുമില്ല .ഇതെല്ലാം ഈ അമ്മയ്ക്കും അവൾക്ക് തന്നെയും നല്ല ബോധ്യങ്ങൾ ഉണ്ടായിരുന്ന കാര്യമായിരുന്നു . പിന്നെ , എന്തിന് ഇനി ,അതേക്കുറിച്ചൊരു തർക്കം ?….”
കോപം പിന്നെയും വർധിച്ചു, വികാരാധീനനായി നായർ വിളിച്ചുകൂവി ….” എടാ കഴുവേറീ ,അത് നിനക്ക് മാത്രം തോന്നിയാ മതിയോ ?…അവളുടെ വീട്ടുകാർക്ക് കൂടി മനസ്സിലാവണ്ടേ ?…”
അമ്മിണിഅമ്മ ഇടക്ക് വീണ്ടും തടസ്സമിട്ട്…..” നിൻറെ മനസ്സിൽ അങ്ങനൊരു ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് നിന്നെപ്പോലെ ഇവിടുള്ളവർക്കും അറിയാമായിരുന്നു . പക്ഷെ കൊച്ചിലെ മുതലേ കളിച്ചുചിരിച്ചു കൂടെനടന്ന് ..മുതിർന്നപ്പോഴും , സ്‌ഥിരമായി കത്തുകളയച്ചും….വിശേഷങ്ങൾ പങ്കുവച്ചും ആ അടുപ്പവും ഇഷ്‌ടവും പിന്തുടരുമ്പോൾ….വലിയ പ്രേമമൊന്നും പരസ്പരം ഇല്ലെങ്കിലും,കല്യാണം കഴിക്കാൻ തക്ക ഒരു സ്നേഹബന്ധം നിങ്ങൾ തമ്മിൽ ഉണ്ടെന്നല്ലേ ?… അത് കാണുന്ന അവളുടെ വീട്ടുകാർ ന്യായമായും കരുതൂ . ഞാൻപോലും പണ്ട് നിങ്ങൾ തമ്മിൽ ഉണ്ടായിരുന്ന ഏട്ടൻ –
അനിയത്തി ബന്ധം ഇപ്പോഴും ഉണ്ടോ?…അതോ മാറിയ പരിതസ്‌ഥിതിയിൽ അത് മാറ്റി , നിങ്ങൾ തമ്മിൽ പ്രണയബന്ധം ശരിക്കും ഉണ്ടോ എന്നൊന്നും അറിയാത്ത സാഹചര്യങ്ങളിൽ ആയിരുന്നു .ആലോചിച്ചുനോക്കൂ!…. അവരുടെകാര്യം പിന്നെ പറയാനുണ്ടോ ?.”
നായർ തൻറെ നയം വ്യക്തമാക്കി , കുറേക്കൂടി ആഴത്തിൽ തുടർന്നു …. ” എടീ കാര്യങ്ങൾ ഇവൻ പറയുന്നതൊന്നുമല്ല .അവരുടെ വീട്ടുകാർ മാത്രമല്ല , ശ്രീ യുടെ വിശ്വാസവും അതുതന്നെയാ . ആ നസ്രാണി പെണ്ണുമായുള്ള ഇവൻറെ ബന്ധം നടക്കാതെ പോയശേഷം അവളുടെ ചിന്തയും അനുമാനവും ഇവൻ അവളെ കെട്ടുമെന്ന് തന്നെയായിരുന്നു . ഇന്നാളുകൂടി അവൾ എന്നോട് പറഞ്ഞു , നമ്മുടെ അഭിയേട്ടൻറെ മനസ്സൊക്കെ മാറും അമ്മാവാ. എത്രയും വേഗം നാട്ടിൽവന്ന് എല്ലാം മറന്ന് ഏട്ടനെന്നെ കെട്ടാൻ തയ്യാറാവും എന്നൊക്കെ . ഇവന് അവളെ കെട്ടേണ്ടെങ്കിൽ എന്തിനു കൊടുത്തു ആ പാവത്തിന് അങ്ങനൊരു പ്രതീക്ഷ ?.അതാണെൻറെ ചോദ്യം !. ഇനി ആ കണ്ണീരു കൂടി നമ്മൾ കാണണ്ടേ ?…..ഞാൻ എന്താ പറയുക ? ”
” അത് എൻറെ കുറ്റമല്ലല്ലോ ?. നിങ്ങടെയൊക്കെ മനസ്സ് പെട്ടെന്ന് മാറുന്നതാണെന്ന് അവൾക്കറിയാം . അങ്ങനെ നിങ്ങളെ മാറ്റിക്കാൻ …ഓരോന്നും പറഞ്ഞു നടക്കുവ്വാ അവള് .അതിന് ചിരിച്ചും കരഞ്ഞു ഒക്കെ കാണിക്കും . അതിലൊരു കാര്യവുമില്ല. ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കിച്ചു കൊള്ളാം .പിന്നെ എൻറെ മനസ്സ് , അവളേയും നിങ്ങളെയും പോലൊന്നുമല്ല , അടിക്കടി അങ്ങനെ മാറിമറിഞ്ഞു പോകാൻ . ഒറ്റ മനസ്സേയുള്ളൂ….അതിനി അന്നും ഇന്നും എന്നും.” ഒരു ദൃഡനിശ്ചയം പോലെ അഭി അരുളി .
ഒരു സമാശ്വാസം പോലെ ‘അമ്മ….” അഭീ എപ്പോഴായാലും …ഒരു കല്യാണം നിൻറെ ജീവിതത്തിൽ ആവശ്യമാണ് . ശ്രീമോൾടെ മനസ്സിൽ എന്തെങ്കിലും ഒരു ആശ കൊടുത്തിട്ട് , മറ്റെന്തെങ്കിലും കാരണങ്ങളാൽ നീ അവളെ ഒഴിവാക്കാൻ ശ്രമിച്ചാൽ ….”
അച്ഛൻ പൂരിപ്പിച്ചു…..” ബോംബെയിൽ അല്ല , ലോകത്തു ഏത് കോണിൽ പോയി നീ ഒളിച്ചാലും ഗതിപിടിക്കില്ല!. അവളുടെ ശാപമേറ്റു നീ ഇല്ലാതാവും പറഞ്ഞേക്കാം .”
സമാധാനത്തോടെ അറിയിച്ചു അഭി…..” അങ്ങനൊന്നുമില്ല , ഒക്കെ വെറുതെ നിങ്ങളുടെ തോന്നലുകളാ .ശ്രീമോളെ ഒന്ന് നേരിട്ട് കണ്ട് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ എല്ലാം .ഞാനത് നേരിട്ടൊളാ൦ .”
ഒരു നീണ്ട യുദ്ധം കഴിഞ്ഞു ,ഒരു ശകല സമാധാനത്തിലെത്തിയ പ്രഭാകരൻ നായർ ” അവളൊരു കഥയില്ലാത്ത ബുദ്ദുസ് പെണ്ണാ .എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിൻറെ അമ്മാവനെത്തന്നെ നേരിട്ട് കണ്ട് അറിയിക്ക് . അളിയൻ ഭയങ്കര പിണക്കത്തിലും ദേഷ്യത്തിലും ഒക്കെയാ . നിങ്ങടെ മകൻ ഒറ്റയൊരുത്തൻ കാരണം കെട്ടുപ്രായം കഴിഞ്ഞ ഞങ്ങടെ മോൾടെ ഭാവി , ആകെ അവതാളത്തിലായി നിൽക്കയാ എന്നും പറഞ്ഞു .”
അമ്മിണിയമ്മ ….” അതെയതെ , ഇനി നീ ന്യായീകരണങ്ങളൊന്നും പറഞ്ഞാൽ അവർ കേൾക്കുമെന്ന് തോന്നുന്നില്ല .
അത്രക്ക് പെണ്ണിനെ വേറെ ആലോചനക്ക് ഒന്നും ശ്രമിക്കാതെ , ഇത്രനാളും നിനക്ക് വേണ്ടിയാ അവർ വെയിറ്റുചെയ്‌തു കാത്തുകാത്തു നിന്നേ . നിനക്കിത് താൽപര്യമില്ലെങ്കിൽ കുറച്ചുമുന്നേ അറിയിച്ചിരുന്നേൽ…. അവർ എങ്ങനെലും ആ പെണ്ണിൻറെ കെട്ടൊന്ന് നടത്തിയേനെ .ഇതിപ്പോ ആകെ കഷ്‌ടമായല്ലോ ഈശ്വരാ…. ”
അതേ ശാന്തതയിൽ നായർ….” അമ്മിണി , ഇവൻ ഇതിനി സംസാരിക്കാൻ പോയാൽത്തന്നെയും ലഹളയിൽ അല്ലാതെ , അത് അവസാനിക്കുമെന്ന് തോന്നുന്നില്ല . നീ ഒന്ന് കാര്യമായി ചിന്തിക്കെടാ …എന്തായാലും നിനക്കൊരു കല്യാണം വേണം . പിന്നെ , അറിഞ്ഞുവച്ചു അറിയാവുന്നവർ തമ്മിൽ ഇതിൻറെ പേരിൽ തല്ലു കൂടണമോ ?.”
എല്ലാം അറിഞ്ഞിട്ടും ‘അമ്മ സമാധാനത്തിൻറെ വെള്ളക്കൊടി വീശി …..” അതേ അവൾക്കെന്താ ഒരു കുറവ് ?.എല്ലാംകൊണ്ടും നിനക്കും കുടുംബത്തിനും ചേർന്ന ഒരു പെണ്ണല്ലേ അവള് ?.പോരെങ്കിൽ വീട്ടുകാർ തമ്മിൽ പറഞ്ഞുവച്ചു , കുട്ടിക്കാലം മുതലേ നമുക്കെല്ലാം അറിയുന്ന പെണ്ണല്ലേ അത് .പിന്നെ എന്തിനാ എല്ലാവര്ക്കും ആഗ്രഹം കൊടുത്തു ഇതുവരെ കൊണ്ടെത്തിച്ചിട്ട്….”
ഉപസംഹാരം എന്നോണം അച്ഛൻ…..” പറയാനുള്ളത് ഞങ്ങൾ പറഞ്ഞു .ബാക്കിയൊക്കെ നിൻറെ ഇഷ്‌ടം. ഇതിൻറെ പേരിൽ കലഹംകൂടാനൊന്നും ഞങ്ങൾക്ക് വയ്യ !. ”
അച്ഛൻ കൈവിട്ട രോഷഭാവം സ്വയം ആർജ്ജിച്ചു അഭി…..” നിങ്ങളോടൊക്കെ ഇനി , ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല . പോത്തിനോട് പോയി വേദം ഓതുന്നതാ ഇതിലും ഭേദം . പ്രത്യേകിച്ച് എല്ലാമെല്ലാം അറിയുന്ന ‘അമ്മ പോലും ഇങ്ങനൊക്കെ സംസാരിക്കുമ്പോൾ . അമ്മാവനോടെങ്കിൽ അമ്മാവനോട് . ഞാൻ അദ്ദേഹത്തോട് പോയി സംസാരിച്ചുകൊള്ളാം . മനസ്സിലാക്കുന്നെങ്കിൽ മനസ്സിലാക്കട്ടെ . ഇല്ലേൽ വരുന്നിടത്തുവച്ചു കാണാം .അല്ലാതെന്താ ?…” അതിഗൗരവത്തോടെ ഇത്രയും പറഞ്ഞു , ആരെയും വകവയ്ക്കാതെ അഭി , അവൻറെ വഴിക്കു പോയി .
അടുത്ത ദിവസം രാവിലെ പതിവുപോലെ അഭി , പൂമുഖത്തു പത്രവും വായിച്ചു ചൂട് കട്ടൻചായയും മൊത്തിക്കുടിച്ചു ചാരുകസേരയിൽ അങ്ങനെ കിടക്കുകയാണ് . തലേരാത്രിയിലെ കാര്യങ്ങൾ ആലോചിച്ചു ആകെ സംഘര്ഷഭരിതമാണ് മനസ്സ്!. എങ്കിലും വാർത്തകൾ ഓരോന്നായി വായിച്ചു അവയുമായി താദാത്മ്യം പൂണ്ട് , ചിന്തകൾ തിരിഞ്ഞും മറിഞ്ഞും സഞ്ചരിക്കുമ്പോൾ…മുഖത്തു ഭാവങ്ങളും അതിനൊത്തു മാറിമാറി മിന്നി മറയുന്നു . ‘അമ്മ അടുക്കളയിൽ പ്രാതലിനുള്ള നല്ല തിരക്കിലാണ് . പ്രഭാതസവാരിക്കൂ പോയ അച്ഛൻ ഇതുവരെ തിരിച്ചു വന്നിട്ടില്ല . ഓരോ വാർത്തകളിലൂടെയും കണ്ണയച്ചുപോയ അഭി , അവിചാരിതം എന്നോണം നടുവിലെ ചരമപേജിലും വന്നെത്തി…വെറുതെ ഒന്ന് ഓടിച്ചു നോക്കി .
കഴിഞ്ഞ ദിവസങ്ങളിൽ മരണം കവർന്നെടുത്ത ഹതഭാഗ്യരുടെ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ . നാട്ടിലെ ഏതെങ്കിലും പരിചിതമുഖങ്ങൾ കൂട്ടത്തിലുണ്ടോ ?…എന്നൊരു സ്വാഭാവിക അവലോകങ്ങളോടെ, ചരമകോളങ്ങളുടെ .താഴെയറ്റത്തു സഞ്ചരിച്ചു മിഴികളെത്തി . പൊടുന്നനെയാണ് ചരമ വാർത്തകളുടെയെല്ലാം താഴെയറ്റത്തു , നാലുകോളം വലിപ്പത്തിൽ വലതുവശത്തായി ഒരു വലിയ ചരമ അനുസ്‌മരണ ഫോട്ടോ അയാളുടെ ശ്രദ്ധയിൽ പെടുന്നത് . കൗതുകത്താൽ അടുത്ത നോട്ടത്തിൽ ,ഫോട്ടോക്ക് കീഴെ മുട്ടൻ അക്ഷരത്തിലുള്ള ആളുടെ നാമധേയത്തിൽ കണ്ണുടക്കി. ”ലവ്വിങ് മെമ്മറീസ് ഓഫ് മിസ്റ്റർ.ഡാനിയൽ ടിസ്സുസ്സാ എഡ്‌വിൻ ”. പേര് വായിച്ചു ഒറ്റനോട്ടത്തിൽ അഭിജിത് ഞെട്ടിത്തരിച്ചു .
വിശ്വസിക്കാനാവാതെ , ചിത്രത്തിലെ ആളിനെ വീണ്ടും വീണ്ടും ശ്രദ്ധിച്ചു നോക്കി .നോക്കുന്നതിനൊപ്പം ശരീരം ആകവേ വിറകൊണ്ടു .ഞെട്ടൽ വിട്ടൊഴിയാതെ , തരിച്ച മനസ്സും ദേഹത്തോടും പേരും ചിത്രവും പലവുരു മാറിമാറി നോക്കി…ഉറപ്പിച്ചു . അതേ , മറ്റാരുമല്ല തൻറെ അലീനയുടെ പ്രിയ ഭർത്താവ്…ഡാനി എന്ന ഡാനിയൽ തന്നെ!…തെല്ലും സംശയമില്ല .നന്നേ പരിചിതനായ വ്യക്തിയുടെ പേരും ചിത്രവും പൂർണ്ണമായി മനസ്സിലായി കഴിഞ്ഞപ്പോൾ ഞെട്ടലിൻറെ ആഘാതം വർദ്ധിച്ചു . നെഞ്ചു പിടച്ചു , ഹൃദയസ്പന്ദനം പിന്നെയും കൂടി . അയാൾ മരണപ്പെട്ടു എന്ന് മാത്രമല്ല , ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്ഷം തികഞ്ഞിരിക്കുന്നു . അതിൻറെ അനുസ്മരണാർദ്ധം ഓർമ്മദിവസം ബന്ധുമിത്രാദികൾ പരസ്യം ചെയ്തിരിക്കുന്ന സ്മരണാഞ്ജലിയാണ് താനിപ്പോൾ ദർശിക്കുന്നത് . എത്ര ദാരുണം ആണിത് ?. ആൾ മരിച്ചിട്ട് ഇത്ര കാലം ആയെങ്കിലും ആരെങ്കിലും ആ വാർത്ത എങ്ങനെങ്കിലും ഒന്ന് തന്നോട് കൈമാറാനുള്ളൊരു സാമാന്യബോധം ഇല്ലാതെപോയത് എന്തേ ?. അത്രക്ക് അന്യനായി മാറിയോ താൻ ഈ നാട്ടിൽ ?.എങ്ങനെ മരിച്ചു ?…എന്താണ് കാര്യം ?…വിശദാ൦ശങ്ങൾ ഒന്നുമറിയില്ല . താൻ അറിയണമെന്ന് ആരും ആഗ്രഹിച്ചു കാണില്ല . അല്ലെങ്കിൽ , എല്ലാവരും മനപ്പൂർവ്വം എല്ലാം തന്നിൽ നിന്നും മറച്ചുവച്ചു . എങ്ങനാണേലും , തന്നെ ഒറ്റപ്പെടുത്തി തന്നിൽ നിന്നുമവൾ അകന്നു മാറി പോയ ശേഷമുള്ള ഒരു കാര്യവും താൻ അറിഞ്ഞിട്ടില്ല . അറിയാൻ ആഗ്രഹിക്കുകയും ചെയ്‌തിട്ടില്ല , എന്നതുംശരിതന്നെ!. ആ ബന്ധത്തിൽ അവർക്ക് കുട്ടികൾ ജനിച്ചിരുന്നോ ?…ഉണ്ടെങ്കിൽ ആൺകുട്ടിയാണോ പെണ്ണാണോ ?…തുടങ്ങി ഒന്നും .പക്ഷെ അതുപോലൊക്കെ ആണോ ഇത് ?…അവളുടെ സ്വകാര്യ ജീവിതത്തിൽ, സ്വന്തം ജീവിതം തന്നെ തകർന്നടിയുന്ന വിധത്തിൽ ഒരു അത്യാഹിതം, ഒരു ദാരുണവിയോഗം നടന്ന് നീണ്ട മൂന്ന് വര്ഷം ആയിട്ടും താൻ ഒന്നും അറിഞ്ഞില്ലെന്നുവച്ചാൽ…വല്ലാത്ത ദുര്യോഗം തന്നെ!. ആ ചിന്തകൾ അഭിയെ ഞെട്ടലിൽ നിന്ന് മാറ്റി …മൊത്തത്തിൽ വല്ലാത്തൊരു അവസ്‌ഥയിൽ ,വേദനയുടെ പരമകോടിയിൽ കൊണ്ടെത്തിച്ചു . പത്രം ഒന്നുകൂടി നോക്കി . ഫോട്ടോക്കടിയിൽ , ” ഫ്രം ആൾ സോറോയിങ് ഫാമിലി ” എന്ന് മാത്രമേ അടിയിൽ കൊടുത്തിട്ടുള്ളൂ . ആയതിനാൽ മക്കൾ തുടങ്ങി ഒരു കാര്യത്തെക്കുറിച്ചും യാതൊരു സൂചനയും ഇല്ല .അടുത്ത ക്ഷണം പത്രം മടക്കിവച്ചു അഭി അമ്മയെ വിളിച്ചു . വിവരം ചൂണ്ടി കാണിച്ചപ്പോൾ ….”ആണോ?, അയ്യോ!, ശ്ശെ , കഷ്‌ടം ” എന്നിങ്ങനെ ആശ്ചര്യ വ്യാക്ഷേപങ്ങളോടെ , അറിയില്ല എന്ന് വ്യക്തമാക്കി അവർ കൈമലർത്തി .
അച്ഛനോടും പിന്നെ ,അന്വേഷിച്ചിട്ട് വല്യ അർഥവും ഇല്ല, എന്നറിഞ്ഞു കൊണ്ടുതന്നെ ചുമ്മാ തിരക്കി .ഉത്തരം അവിടെയും ‘തഥൈവ’. ”വളരെ വൈകിയാണ് അറിഞ്ഞത് ”, ”പറയാൻമറന്നു” തുടങ്ങിയ കുറെ പല്ലവികൾ പിറകെവന്നു . പിന്നോട്ടും താമസിച്ചില്ല , വീർപ്പുമുട്ടലുകൾ പഴയ അസ്വാസ്ഥ്യങ്ങളിലേക്ക് സംക്രമിച്ചാലോ?. നീറ്റലുണ്ടാക്കുന്ന ചിന്തകൾ , അയാളെ വേഗം പല്ലുതേപ്പിച്ചു, കുളിപ്പിച്ച്, കാപ്പിയും കുടിപ്പിച്ചു പുറത്തേക്കിറക്കി . ഷെഡിൽ ചാരിവച്ചിരുന്ന അച്ഛൻറെ പഴ ബൈക്ക് സ്റ്റാർട്ട്ചെയ്ത് പതിയെ റോഡിലോട്ടുവിട്ടു .ഡിസംബർ മാസം ആയതുകൊണ്ടാവാം ….റോഡിൽ തണുപ്പുമാറി ,വലിയ ചൂടൊന്നും ആയിട്ടില്ല . നേരിയ തിരക്ക് മാത്രമുള്ള വീഥിയിലൂടെ ബൈക്ക് കുതിച്ചു. പ്രത്യേക ഉദ്ദേശമൊന്നും ഇല്ലാത്തപോലെ അലസമായി വണ്ടി ഓടി നേരെ തിരുമല ചർച്റോഡിൽ ചെന്ന് അറിയാതെനിന്നു .അവിടെ, സെൻറ്ജോർജ്ജ് വലിയ പള്ളിക്ക് തൊട്ടുമുന്നിലുള്ള കടക്കു വെളിയിൽ വണ്ടിവച്ചു, കടയിൽ നിന്നൊരു തണുത്ത സോഡാ വാങ്ങി കുടിച്ചു …അഭി , ഒരു ‘വിൽസു’വാങ്ങി മെല്ലെ ചുണ്ടിൽവച്ചു തിരികൊളുത്തി ചിന്തക്ക് ചിന്തേരിട്ടു . അതാ…..പള്ളിയിൽ നിന്നും പ്രാർഥനകഴിഞ്ഞു, പുറത്തേക്കിറങ്ങി വരുന്ന പുരുഷാരം . ആണും പെണ്ണും കുട്ടികളും എല്ലാമുണ്ട് കൂട്ടത്തിൽ. ഒറ്റതിരിഞ്ഞും, പല ഗണങ്ങളായും പലരും പലവഴിക്ക് സംഘംവിട്ടു പിരിഞ്ഞു പോകുന്നു. കത്തിത്തുടങ്ങിയ സിഗരറ്റ് , അൽപമൊന്ന് ആഞ്ഞു ഉള്ളിലേക്ക് വലിച്ചു …ചുരുളുകളായി പുക പുറത്തേക്ക് ഊതിവിട്ടു… കുഞ്ഞൊരു ആത്മശാന്തിയോടെ , കൗതുകപൂർവ്വം അഭി അങ്ങോട്ട് നോക്കിനിന്നു . ദേ മറ്റൊരുകൂട്ടം പെണ്ണുങ്ങൾ ..പല വേഷത്തിലും പ്രായത്തിലും ഉള്ള കുട്ടികളടങ്ങിയ ചെറു വിഭാഗം , സംസാരിച്ചും പറഞ്ഞും തനിക്കരികിലൂടെ റോഡിലേക്ക് നടന്നുകയറുന്നു . അവരുടെ കൂട്ടത്തിൽ , എന്നാൽ ഒരൽപം ഒറ്റതിരിഞ്ഞു , ഏറ്റവും പിറകിലായി ചെറുപ്പക്കാരിയായൊരു സ്ത്രീ വിരൽത്തുമ്പിൽ ഒരുകൊച്ചു പെൺകുട്ടിയുമായി തീർത്തും മന്ദഗതിയിൽ… നടന്നു കേറി വരുന്നു . ഒറ്റനോട്ടത്തിൽ!….ആദ്യമേ, വളരെദൂരെ നിന്നേ അഭിക്ക് ആളെ തീർത്തും മനസ്സിലായി . ഒരുകാലത്തു തൻറെ എല്ലാം എല്ലാം ആയിരുന്ന ”അലീന ”എന്ന ‘അലീന അമൽദേവ് ‘. സാരിത്തുമ്പുകൊണ്ട് മൂർദ്ധാവും മുഖപാർശ്വങ്ങളും മറച്ചുപിടിച്ചു…ആരെയും ശ്രദ്ധിക്കാതെ ,കുനിഞ്ഞ ശിരസ്സുമായി തനിക്ക് മുന്നിലൂടെ . ക്ഷിപ്രവേഗം സിഗററ്റ് വലിച്ചെറിഞ്ഞു , മുന്നേക്ക് ഉറ്റുനോക്കുമ്പോൾ …മുഖത്തു വിഷാദം വിളിച്ചോതുന്ന അർത്ഥരഹിതമായൊരു വിളറിയ ദയനീയ പുഞ്ചിരിയോടെ, ഒന്ന് ഞെട്ടി തന്നെ നോക്കി തീരെ താഴ്‌മയോടെ, അവൾ…
.” നാട്ടിലുണ്ടായിരുന്നോ ?….” .
തന്നെ കണ്ട് ഭയന്നോ എന്തോ ആ ഒരൊറ്റ മാത്രയിൽ , പെൺകുട്ടി വിരൽത്തുമ്പ് ഉപേക്ഷിച്ചു പെട്ടെന്ന് മുന്നിൽ ആരിലേക്കോ ഓടിമറഞ്ഞു .
”ഇല്ല , ഇന്നലെ എത്തിയിട്ടേ ഉള്ളൂ . ” ശോകഛായ പടർത്തിയുള്ള അഭിയുടെ ഉത്തരത്തിനു പകരമായ് അവൾ…
” സുഖംതന്നെ അല്ലെ ?”…..
അതേ വിഷാദം തിരികെ പകർത്തി, നേരെ വിഷയത്തിലേക്ക് വന്ന് അഭീടെ ഉത്തരം ….” ഇന്ന് കാലത്തു പത്രം നോക്കിയപ്പോൾ മാത്രമാണ് ഞാൻ വിവരങ്ങളറിയുന്നത് . വർഷം മൂന്ന് ആയിട്ടും ആരും ഒന്നും എന്നെ അറിയിച്ചിരുന്നില്ല .പത്രം നോക്കിയതുകൊണ്ട് , അവിചാരിതം ആയെങ്കിലും …അത് കണ്ടു.”
നേരിയ മന്ദഹാസത്തിൽ , ലീനയുടെ സൗമ്യമായ മറുപടി ….” ഒന്നും അറിയാൻ തീരെ ആഗ്രഹിച്ചു കാണില്ല. അതാവും…ഇതും ആരും അറിയിക്കാതിരുന്നത് . വെറുതെ , പഴയ ഓർമ്മകളിലേക്കൊക്കെ മടക്കികൊണ്ട് പോകാൻ ഒരാളും താത്പര്യപ്പെട്ടിട്ടുണ്ടാവില്യ .സാരമില്ല, ഒക്കെ കഴിഞ്ഞില്ലേ ?….വർഷം 2 -3 ആയി. എല്ലാം എൻറെ വിധി!. അല്ലാതെ എന്ത് പറയാൻ?.”
പരിതാപ ചുവയിൽ അഭി മൗനം തുടർന്നപ്പോൾ …ലേശം സംശയമുനയോടെ ലീന ,….” ആട്ടെ , അഭിയുടെ ഭാര്യ? …മക്കൾ?…..എല്ലാവരും ഒപ്പമുണ്ടോ ?.”
അവളുടെ ദുഖത്തോട്. ചേർന്നുനിന്ന് ,ഒരു വെറും ചിരി വരുത്തി എന്ന് ഭാവിച്ചു അവൻ ഉരുവിട്ടു …” ഇല്ല , അങ്ങനെയൊന്ന് എനിക്കും വിധിച്ചിട്ടില്ല .”
” വിധിക്കാത്തതോ ?…അതോ ശ്രമിക്കാഞ്ഞതോ ?…..” ലീന സംശയം മറച്ചുവച്ചില്ല .
ജാള്യത മറച്ചുവച്ചു, എന്നാലൊരു പാളിയ ഗൗരവം വെറുതെ വരുത്തിക്കൊണ്ട് അഭി ,…..” കല്യാണത്തെക്കുറിച്ചു ഇതുവരെ ആലോചിച്ചിട്ട് കൂടിയില്ല .” പിന്നെ അത് വേഗം മാറ്റി , മനസ്സിലെ ശങ്ക ചോദ്യമായ് പുറത്തു വരീച്ചു…” ലീനയുടെ മക്കളൊക്കെ എവിടെവരെയായി?….”
” ഒരാളേ ഉള്ളൂ . പെണ്ണാണ് , എമിലിമോൾ .ഒന്നാം ക്ളാസ്സിൽ ചേർത്തു . കണ്ടില്ലേ?…അതാ അവർക്കൊപ്പം പോകുന്നു . ”
പണ്ടെങ്ങോ പോയി മറഞ്ഞ, ഒളിമങ്ങാത്ത തേജസുറ്റ ആ പാല്പുഞ്ചിരി അൽപാൽപമായി ചുണ്ടത്തു വിരിയിച്ചു , മുന്നിലേക്ക് വിരൽചൂണ്ടി അറിയിച്ചു , അവൾ തുടർന്നു …അവരൊക്കെ അങ്ങ് പോയിക്കഴിഞ്ഞു . ഓർമ്മദിവസമായിട്ട് പള്ളിയിലെ ശുശ്രൂഷകൾക്ക് വന്നവരാണ് എല്ലാരും . അവരെ കാത്തുനിർത്തിക്കാൻ കഴിയില്ല . എനിക്കും ഒപ്പം പോയേ തീരൂ . അഭി നമുക്ക് പിന്നീട് കാണാം. അല്ലേൽ നിനക്ക് സമയമുണ്ടെങ്കിൽ നീ സ്‌കൂളിൽ വന്നാ മതി . വിവരങ്ങളെല്ലാം നമുക്കപ്പോൾ സംസാരിക്കാം ”
” എന്ത് സ്‌കൂൾ ?…”
” എൻറെ വീടിനോട് ചേർന്ന് ഒരു കുഞ്ഞുങ്ങളുടെ പ്‌ളേസ്‌കൂൾ ഉണ്ട് . ഞാനാണ് നടത്തുന്നത് . അവിടെത്തി അന്വേഷിച്ചാൽ മതി . ഇപ്പോൾ, എന്നാൽ ഞാൻ നടക്കട്ടെ …” ഇതികർത്തവ്യമൂഢനായി അഭി നിൽക്കുമ്പോൾ അലീന അതും പറഞ്ഞു നടന്നുനീങ്ങി .
അഭി അവിടുന്ന് വണ്ടിയെടുത്തു . ബൈക്കോടിച്ചു , ഒന്ന് രണ്ട് സ്നേഹിതരുടെ അടുത്തും അത്യാവശ്യം പോകേണ്ട കുറെ സ്‌ഥലത്തുമൊക്കെ പോയി,
ചുറ്റിത്തിരിഞ്ഞു വീട്ടിൽ വന്നുകയറുമ്പോൾ രാവേറെ ഇരുട്ടിയിരുന്നു . അച്ഛനടുക്കൽ , അമ്മാവനോട് അടുത്ത ദിവസം സംസാരിക്കാം എന്ന് ഉറപ്പുകൊടുത്തു ഭക്ഷണം കഴിക്കുവാൻ കിടന്നു . മനസ്സിൽ നിറയെ ഉഷ്‌ണമേഘങ്ങൾ നിറഞ്ഞുനിന്നിരുന്നു. അവ ഇരുളുപടർത്തി, കാറും കോളും കൊണ്ട് എപ്പോൾ പെയ്യുമെന്നറിയാതെ വിങ്ങിപ്പൊട്ടി നിന്നു . നിദ്രാവിഹീനമായ ഒരു മകരമാസ രാവ് കൂടി…. അങ്ങനെ അഭിയുടെ ജീവിതത്തിൽ നിന്ന് അടർന്ന് കൊഴിഞ്ഞു വീണു, ഒരു ക്രിസ്തുമസ്സ്കാല രാവ് ! .
പിറ്റേദിവസം!…എങ്ങനെയോ ഇരുട്ടി വെളുപ്പിച്ചു, സമയം തികച്ചു… പകൽ ഏതാണ്ട് പത്തുമണി കഴിഞ്ഞ നേരം അലീനയെ അന്വേഷിച്ചു അഭി അവളുടെ പ്ളേസ്കൂളിൻറെ മുന്നിൽ എത്തിച്ചേർന്നു. കുഞ്ഞുങ്ങളുമായി , കളിച്ചുചിരിച്ചു അവൾ ക്ലാസ്സിനു പുറത്തു ഗാർഡനിൽതന്നെ നിൽപ്പുണ്ടായിരുന്നു . അവനെ കണ്ട ക്ഷണത്തിൽ കുട്ടികളെ മറ്റൊരു അധ്യാപികയെ ഏൽപ്പിച്ചു അവനരികിലേക്കവൾ നടന്നുവന്നു . ആ സമയത്തിനുള്ളിൽ…മുന്നേക്ക് നടന്ന് , അലീന വകയായുള്ള ആ കൊച്ചു വിദ്യാലയം അഭിജിത് മൊത്തത്തിലൊന്ന് വീക്ഷിച്ചു .
അത്യാവശ്യം സുഖസൗകര്യങ്ങളുള്ള , അത്യാഢംബരത്തിൻറെ ധാരാളിത്തം ഒന്നുമില്ലാത്ത, കാഴ്ചയിൽ നല്ല ശോഭ തോന്നുന്നൊരു കുഞ്ഞുസ്‌കൂൾ !. സ്‌കൂൾ മുറികളും ഓഫിസുമൊക്കെ ഓലയും പുല്ലും കൊണ്ടുമേഞ്ഞ , സുഖകരമായ കാറ്റും വെളിച്ചവുമൊക്കെ കടന്നുകയറി…കുഞ്ഞുങ്ങളിൽ ഉണർവ്വും ഉന്മേഷവും കുളിർമയും പകരും വിധമുള്ള സജ്ജീകരണങ്ങൾ . നയനസുഭഗങ്ങളായ നിറങ്ങൾ ചായംപൂശിയ, തെങ്ങിൻതടിയും ഈറയും ഇഴകൾ പാകി തീർത്ത, വൃത്തിയുള്ള വിദ്യാലയ മുറികൾ. പുറത്താണെങ്കിൽ , വർണ്ണമനോഹരങ്ങളായ ചെടികൾ നിറയെ പൂത്തുവിടർന്നു…പരിമളം പൂശി , അലങ്കരിച്ചു കുടപിടിച്ചു നിൽക്കുന്ന വല്യ ഉദ്യാനങ്ങൾ !. ഒപ്പം , കുഞ്ഞുങ്ങൾക്ക് ഒത്തിരുന്നു കളിക്കാനും …കഥപറയാനും പാട്ടുപാടി ഉറങ്ങാനും വിശ്രമം ഒരുക്കുന്ന നിഴൽപടർപ്പുകൾ നിറഞ്ഞ ചെറുതും വലുതുമായ തണൽവൃക്ഷങ്ങൾ…മരത്തടി ബെഞ്ചുകൾ .സർവ്വവും കൂടി, ഒരു ആശ്രമം പോലെ പരിശുദ്ധവും , ശാന്തസുന്ദരവും.എന്നാൽ , ഒപ്പം നിലവാരമാർന്ന ഒരു വിദ്യാലയത്തിൻറെ എല്ലാ സുരക്ഷിതത്വവും വിഭാവനം ചെയ്യുന്ന…പ്രകൃതി രമണീയതയാൽ സമൃദ്ധമാർന്ന ഒരു കളിസ്‌കൂളും പരിസരവും . ഒരൊറ്റ അവലോകനത്തിൽ അഭിക്ക് ആ വിദ്യാലയവും ചുറ്റുപാടും ഹഠാതാകർഷിച്ചു. അത് ചുറ്റിനടന്ന് കണ്ട് ആസ്വദിച്ചു നിൽക്കെ ,അലീന ചുവടുവച്ചു വിദ്യാലയ കെട്ടിടത്തിന് പിറകുവശത്തു അഭിക്കരികിലേക്ക് …വന്നെത്തി . ചെറു തണൽവൃക്ഷക്കീഴിലെ കളിയൂഞ്ഞാലും , സീസ്സാസ്സും, മേരിഗോറൗണ്ടും, സ്ലൈഡിചാനൽസും ഒക്കെച്ചേർന്ന കുട്ടികളിയിടം . അവിടെ കുളിർകാറ്റ് മേവുന്ന ഫലവൃക്ഷ ചുവട്ടിലെ വിശാല തണുപ്പടർപ്പിൽ, നനുത്ത സുഖം പേറി അവർ മുഖത്തോട് മുഖം നോക്കി നിന്നു .
ആ മുഖത്ത് , ആ പഴയ അലീനയെ വല്ലാതെ അന്വേഷിച്ചവൻ മിഴികൾ പായിച്ചു . എങ്ങോ മറന്ന ആ പഴയ വദനം അവനു തിരികെ ലഭിക്കുന്നില്ല . എങ്കിലും തലേന്ന് പള്ളിയിൽ വച്ച് കണ്ടതിനേക്കാൾ എന്തുകൊണ്ടോ കുറേക്കൂടി ഊർജ്ജ്വസ്വല ആയിട്ടുണ്ട് .
ഒട്ടും ചമയങ്ങൾ ഒരുക്കാതെ മുഖകാന്തിയിൽ…സ്‌ഥായിയായ വിഷാദം കൂടുകെട്ടി എന്തിനോ അതിന് തടസ്സമായി നിൽക്കുന്നു . കൺതടങ്ങളിലെ കറുത്ത തടിപ്പും ,മയങ്ങിയ കണ്ണിണകളും അതിന് നല്ലൊരു ഉദാഹരണങ്ങളാണ് .പഴയ മാൻപേട കണ്ണുകളിലെ ദീപ്‌തി ഒന്നാകവേ മങ്ങിമാഞ്ഞു പോയിരിക്കുന്നു . അധികം നിറങ്ങളില്ലാത്ത സാരിയും ആടയാഭരണങ്ങളുടെ ആലങ്കാരികതകൾ ഒന്നുമില്ലാത്ത ദേഹവും അവളിലെ തന്മയത്വങ്ങളെ അതുപോലെ വിളിച്ചറിച്ചു . എങ്കിലും പ്രായം …സൗന്ദര്യത്തിന് ഒരു ഏറ്റക്കുറച്ചിലും വരുത്താതെ, ആ രൂപലാവണ്യത്തെ അതേ അളവിലും ഭാവത്തിലും ഇപ്പോഴും അതുപോലെ കാത്തു സൂക്ഷിച്ചിട്ടുണ്ട് . അത് ഒരുപക്ഷേ ആ മനസ്സിൻറെ നന്മയും നൈർമ്മല്യവും കൊണ്ടാവാം . അഭിയിലെ കൗതുകക്കാരൻ തൻറെ കണ്ണുകളിലൂടെ പഴമയുടെ വസന്തം തിരയുകയാണോ ?…എന്നുള്ള സംശയങ്ങളാൽ ആവാം കയ്യിൽ കരുതിയിരുന്ന ഒരു ”പ്ലെയിൻഗ്ളാസ്സ് ” അവൾ എടുത്തണിഞ്ഞു ഒന്നുകൂടി അവനടുത്തേക്ക് നിന്നു .
ആ ശാരീരിക സൗന്ദര്യത്തിനെ ഒന്നുകൂടി ബലപ്പെടുത്തി , കാഴ്ചക്കാർക്ക് മുമ്പിൽ ഗൗരവക്കാരിയുടെ ”നിറപട്ടം ”ചാർത്തികൊടുക്കാൻ എന്നപോലെ…എല്ലാറ്റിനും ഒരു മറയും മഹിമയുമായി മുഖമാകെ മറക്കുന്നൊരു വലിയ വട്ടക്കണ്ണട !. ഗൗരവത്തിനു മാത്രമല്ല , അവളുടെ സൗന്ദര്യത്തിനും മാറ്റുകൂട്ടുന്നുണ്ട്..കണ്ണടയും ലളിതം എങ്കിലും, പാകതയോടുള്ള അവളുടെ വേഷവിധാനവും ഭാവങ്ങളും .അവൾ ജീവിതത്തെ ശരിക്ക് അറിഞ്ഞു , പഠിച്ചുകഴിഞ്ഞിരിക്കുന്നു എന്നഭി തീർച്ചയാക്കി .മൗനമവസാനിപ്പിക്കാതെ ഇരുവരും പരസ്പരം മുഖാമുഖം നോക്കി നിന്നു . ആരും ഒന്നും മിണ്ടാൻ തയ്യാറായില്ല. നീണ്ട നോട്ടങ്ങളിലൂടെ രണ്ടുപേരും പരസ്പരം നോക്കി പഠിക്കയോ, കാലങ്ങൾ അളന്നു തിട്ടമാക്കുകയോ ആയിരുന്നിരിക്കാം…ആരെയും കാത്തുനിൽക്കാതെ സമയം അതിൻറെ വഴിക്കുപോയി . കുറെയധികം നേരം , ഇമയനക്കാതെ , വിചിന്തനങ്ങളിൽ വ്യാപാരിച്ചു നിന്ന ശേഷം , പൊടുന്നനെ ഒന്നുണർന്ന്…അഭിയെ പിന്തിരിപ്പിച്ചു മൗനംഭജിച്ചു ലീന മൊഴിഞ്ഞു…..
” അഭിക്കെങ്ങനെ….ഇവിടമൊക്കെ ഇഷ്‌ടപ്പെട്ടോ ?…..”
അവളിൽ നിന്നുമകന്ന്..ചുറ്റുപാടും ഒന്നുകൂടി പരതി നോക്കി പുഞ്ചിരിയോടെ അവനറിയിച്ചു ” പിന്നെ , കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല . അത്രക്ക് സുന്ദരം!. റിയലി മാർവെല്ലസ് . ലീന ആയിരിക്കും എല്ലാത്തിനും പിന്നിൽ ല്ലേ ?…..”.
അവൻറെ പ്രസന്നതക്ക് മറുപടിയായി അവൾ നന്നായൊന്ന് പ്രസാദിച്ചു , നിറഞ്ഞ നല്ലൊരു പുഞ്ചിരി മാത്രം അവൾ ഉത്തരം നൽകി. അഭി വീണ്ടും ഗൗരവക്കാരനായി മുഖത്തേക്ക് നോക്കിത്തന്നെ ചോദിച്ചു .
” സൗന്ദര്യത്തിനും മറ്റും…വല്ലാത്തൊരു മാറ്റം തോന്നിപ്പിക്കാനോ?…അതോ മൊത്തത്തിൽ ഒരു ഗൗരവക്കാരിയുടെ ഭാവം ക്ഷണിച്ചു വരുത്താൻ വേണ്ടിയോ?…ഒരു കണ്ണടയുടെ പുകമറ?……”
” ഉം ….ചേരുന്നുണ്ടോ?…..” ഒരു മോഡലിനെ അനുസ്മരിപ്പിച്ചു, കണ്ണട കീഴ്മേൽ ചലിപ്പിച്ചു അലീന.
” ഇല്ലേയില്ല എന്നു മാത്രമല്ല , ഒരു കപട അഭിനയം നന്നായി നിഴലിക്കുന്നുമുണ്ട് . നിനക്കോ നിൻറെ മുഖത്തിനോ ഒരിക്കലും ഇണങ്ങുന്നതല്ല , ഈ കിന്നരി തുന്നിയ കള്ളങ്ങൾ ! അത് നീ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു .” മുഖത്ത് നിന്ന് കണ്ണ് പറിയ്ക്കാതെ അഭി മൊഴിഞ്ഞു .
” വേറാർക്കും വേണ്ടിയല്ല ,
ഇങ്ങനെയെങ്കിലും സ്വല്പം ഗൗരവം സ്വയം വരട്ടെ എന്നു കരുതി. എന്നെത്തന്നെ എപ്പോഴും ബോധ്യപ്പെടുത്തികൊണ്ടിരിക്കാൻ ഒരു എളിയ ശ്രമം. ഈ പുതിയ ജീവിതയാത്രയിൽ സഹയാത്രികയായി ഇതെപ്പോഴും എനിക്ക് അത്യന്താപേക്ഷിതമാ…..” ഒന്നുനിർത്തി ,കണ്ണാടി ബലപ്പിച്ചവൾ കൂട്ടിച്ചേർത്തു ”…നിനക്കിപ്പോഴും ആ എന്നെ അതുപോലെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് അല്ലെ ?…”
അഭി തുടർന്നു …”ഒക്കെറ്റിലും ഒരു മാറ്റം…കാലം എല്ലാം ആവശ്യപ്പെടുമ്പോൾ നാമും അതിനനുസരിച്ചു മാറാൻ വിധിക്കപ്പെടും…സ്വാഭാവികം !. എന്നിട്ട് എങ്ങനെ?…ഈ അന്തരീക്ഷവും മോളും ഒക്കെ ജീവിതം സന്തോഷകരമായി മുന്നോട്ട് നടത്തിക്കുന്നുണ്ടോ?….”
അഭിയെ ഉറ്റുനോക്കി അലീന തുടർന്നു….” ഈ കണ്ണടയുടെ കാര്യംപോലെ മറ്റൊരു തമാശ അതും …അല്ലാതെന്താ?.യഥാർത്ഥ വലിയ പ്രശ്നങ്ങൾ സ്‌ഥിരമായി അലട്ടി , മുന്നിൽ നിൽക്കുമ്പോൾ തന്നെയും…. ഇവിടുത്തെ അന്തരീക്ഷം, ജീവിതവേദനകളെയും പിരിമുറുക്കങ്ങളെയും ഏതാണ്ട് നന്നായിത്തന്നെ പിടിച്ചു നിർത്തുന്നുണ്ട് . ഇപ്പോൾ ഞാൻ ഒന്നിനെക്കുറിച്ചും അധികം ആലോചിച്ചു തല പുണ്ണാക്കാറില്ല .എല്ലാം വരുന്നപോലെ വരട്ടേ എന്ന് കരുതും . പക്ഷേ മോൾ !…അവളെക്കുറിച്ചു ചിന്തിക്കുമ്പോൾ മാത്രമേ…ആവലാതി തോന്നാറുള്ളൂ . എന്നാൽ അവളാണ് എന്നും എന്നെ മുന്നോട്ട് ജീവിച്ചു പോകുവാൻ പ്രേരണ തോന്നിപ്പിക്കുന്ന ഏക ശക്തിയും . ”
വളരെ ഔൽസുക്യത്തോടെ അലീനയെ നോക്കി അഭി, ” എന്നിട്ട് , അവൾ എവിടെ ?…അവളെ ഒന്നു കാണുന്നതിൽ തെറ്റുണ്ടോ ?”
” എന്ത് തെറ്റ് ?. എന്താ അഭി ഇങ്ങനെ ?…കാണാത്ത നിന്നെയൊന്ന് പെട്ടെന്ന് കണ്ടപ്പോൾ മറന്നുപോയതാ, ഐയാം സോറി …ഞാൻ വിളിപ്പിക്കാം മോളൂനെ ….” എന്നിട്ട് , കുറച്ചു ദൂരെ മറ്റൊരു കുട്ടിയെ നോക്കി…” മോളേ ,മിലിമോളെ മമ്മി വിളിക്കുന്നു എന്നൊന്ന് പറഞ്ഞേ …പ്ലീസ് ഒന്ന് പോയി വേഗം കൂട്ടികൊണ്ട് വന്നേ….”
അധികം താമസിയാതെ , ഒരു നീളൻ പാവാടയും…തിളങ്ങുന്ന ഉടുപ്പുമൊക്കെ ഇട്ട ഒരു സുന്ദരിമോൾ ലീനക്കരികിലേക്ക് ഓടിവന്നു . കാഴ്ചക്ക് ഒരു അഞ്ചു വയസ്സ് തോന്നിക്കും. ലീനയെപ്പോലെ നല്ല വെളുത്ത , നല്ല നീളൻ മുടിയും ഐശ്വര്യവും ഒത്തിണങ്ങിയ പഴയ ലീനയെ അനുസ്മരിപ്പിക്കുന്ന അതേ രൂപം , അതേ കുസൃതിഭാവം .ലീനയിൽ തൻറെ മകളായി തനിക്ക്കൂടി പ്രിയപ്പെട്ടവളായി തനിക്കൊപ്പം ജീവിക്കേണ്ടിയിരുന്നവൾ !. ആ അരുമയെ നെഞ്ചോടടുക്കിപ്പിടിച്ചു സ്നേഹിച്ചു ഉമ്മവച്ചു ലാളിക്കാൻ ഒരു നിമിഷം വല്ലാതങ്ങു കൊതിച്ചു .പിന്നെ, ലീനയെ കരുതി അടക്കി . കവിളിൽ ഒന്ന് നുള്ളി കൊഞ്ചിച്ചു…പിന്നെ, തലമുടിയിൽ തഴുകി,താലോലിച്ചു വിശേഷങ്ങൾ തിരക്കി . കാൽ വിരലിൽ വൃത്തംവരച്ചു ചിരിച്ചോണ്ട്, മോൾ നിന്ന് കറങ്ങി കുണുങ്ങി. ‘അമ്മ മകളെ ചേർത്തുനിർത്തി, അഭിയെ ചൂണ്ടി അറിയിച്ചു .
” മോളേ ഈ അങ്കിളിനെ മോൾ അറിയുമോ ?. ഈ അങ്കിളിനു കാണാനാ മോളെ ഇങ്ങോട്ട് വിളിപ്പിച്ചെ . ” ഇല്ല മമ്മീ …”
” ഇതാണ് അഭിജിത് അങ്കിൾ . മമ്മീടെ അടുത്ത ഫ്രണ്ടാ .അങ്ങ് ബോംബെയിലാ ജോലിചെയ്യുന്നത് .താമസവും അവിടെത്തന്നെ . ഇപ്പോൾ ലീവിന് നാട്ടിൽവന്നതാ . സ്‌കൂൾ ക്ലാസ്സുമുതൽ കോളേജ്‌വരെ മമ്മയോടൊത്തു പഠിച്ചതാ . മാമന് ഒരു ഹായ് പറഞ്ഞേ…”
” ഹായ് അങ്കിൾ ”…ഹായ് പറഞ്ഞു മിലിമോൾ അങ്കിളിനു കൈനീട്ടി. തിരികെ ഹായ് പറഞ്ഞു നീട്ടിയകയ്യിൽ ഷേക്ക്ഹാൻഡ് കൊടുത്തു അഭി എന്തൊക്കെയോ കാര്യങ്ങൾ കൂടി അന്വേഷിച്ചു ലാളിച്ചു . എല്ലാത്തിനും അവൾ മമ്മിയെ നോക്കി, ചിരിച്ചുല്ലസിച്ചു കൃത്യമായി മറുപടി പറഞ്ഞു ചിണുങ്ങി .ഒടുക്കം മമ്മി,പൊയ്ക്കോളാൻ പറഞ്ഞപ്പോൾ….അങ്കിളിനു റ്റാറ്റാ പറഞ്ഞു ക്ലാസ്സിലേക്ക് ഓടിക്കേറിപോയി . മിലിമോൾ കാഴ്ചയിൽ നിന്ന് മറയുന്നത് രണ്ടുപേരും കൗതുകത്തോടെ നോക്കിനിന്നു . അതിൻറെ ആത്മഹര്ഷങ്ങളിൽ നിന്ന് മോചിതരായി മാറിയപ്പോൾ ….നെഞ്ചിൽ നിറഞ്ഞ ഉൾപുളകത്തിൽ എന്തോ ഓർത്തെടുത്തപോലെ, അഭിയെ നോക്കി പുഞ്ചിരിയോടെ ലീന ചോദിച്ചു .
” സ്മിത ആന്റി പറഞ്ഞുള്ള ഓർമ്മയാണ്.നമ്മുടെ വേര്പിരിയലിനു തൊട്ട് ചേർന്നാണെന്നു തോന്നുന്നു .ഏതോ വാശിയാൽ എന്നവണ്ണം പെട്ടെന്നൊരു ദിവസം അഭി ബോംബേക്ക് നാടുവിട്ടു .പിന്നെ , നീണ്ട അഞ്ചു വർഷക്കാലം…ആരുമായും ഒരടുപ്പവും സമ്പർക്കവും ഒന്നുമില്ലാത്ത അതിതീവ്ര അജ്ഞാതവാസം !. അതുകഴിഞ്ഞു ഇപ്പോൾ ആണല്ലേ ഇങ്ങോട്ട് ഒരു മടങ്ങിവരവ് ?.”..
അഭിയുടെ ചെറു മൂളലിന് തുടർച്ചയായി…. ” എന്നിട്ട് ഈ 5 വർഷം, നിനക്ക് ജന്മനാട്ടിൽ വന്നൊന്ന് എത്തിനോക്കണം എന്നുപോലും തോന്നിയില്ല. അല്ലേ ?. ഹോ!…എന്നെ അത്രക്ക് അങ്ങ് വെറുത്തു കാണുമായിരിക്കും ല്ലേ ?…അതല്ലേ സത്യം?…എന്നിട്ടിപ്പോൾ എങ്ങനെ ?. എന്നെ അഭിമുഖീകരിക്കാൻ ആ പഴയ വിദ്വേഷവും പകയും ഒക്കെ മാറിയോ നിനക്ക് . എങ്ങനെ കഴിഞ്ഞു നിനക്ക് അതിനൊക്കെ ?.”
തമാശരൂപേണ എങ്കിലും തികച്ചും ഗൗരവതരം ആയിരുന്നു ആ ചോദ്യം . അതിന് ഗൗരവം ഒട്ടും കുറക്കാതെതന്നെ അഭീടെ മറുപടി വന്നു. ” ശരിയാണ് . വെറുപ്പും വൈരാഗ്യവും ഒക്കെ ആവോളം ഉണ്ടായിരുന്നു . നിന്നോടല്ല , ഈ നാടിനോട് മുഴുവൻ !. അതുകൊണ്ട് ആയിരിക്കാം…നീ ചോദിച്ചപോലെ ഇടക്കുള്ളൊരു മടങ്ങിവരവിന് തീരെ ആഗ്രഹം തോന്നാതിരുന്നത് . എന്നുവെച്ചു അതിപ്പോൾ മാറിയിട്ടൊന്നുമല്ല ഈ വരവ് ട്ടോ .രണ്ടാമത് പറഞ്ഞത്…അതിലും സത്യം. നിന്നെ നേരിടാൻ , വല്ലാത്ത വൈക്ലബ്യം ഉണ്ടായിരുന്നു. അതുപക്ഷേ , നിന്നോടുള്ള പകയോ വിരോധമോ ഒന്നും കൊണ്ടല്ല കേട്ടോ , നിന്നെ കാണാൻ , ഈ അവസ്‌ഥയിൽ നിന്നെ അഭിമുഖീകരിക്കാൻ വല്ലാത്ത ദുഃഖം ഉണ്ടായിരുന്നു . പ്രത്യേകിച്ച് ഈ 3 വർഷത്തിനുള്ളിൽ നിന്നെ വന്നൊന്ന് കണ്ട് ഒന്ന് ആശ്വസിപ്പിക്കാൻ കഴിയാതെ, ഈ വൈകിയവേളയിൽ വന്ന് , നീ മറന്നു തുടങ്ങിയതെല്ലാം ഓർമ്മിപ്പിക്കേണ്ടി വന്നതിൽ .
നിൻറെ ഉണങ്ങിത്തുടങ്ങിയ മുറിവുകളിൽ വീണ്ടും വന്നു നീറ്റലുണ്ടാക്കാൻ ശ്രമിക്കുന്നതിൽ….ഒക്കെ സത്യം…വല്ലാത്ത നോവുണ്ട് . പക്ഷെ…ഞാൻ ഇവിടെ ഉള്ള അവസരത്തിൽ, നിൻറെ ‘ബെറ്റർഹാഫ് ‘, നിൻറെ പ്രിയപ്പെട്ടവൻറെ, ഓർമ്മദിവസം എങ്കിലും വന്നൊന്ന് കണ്ട് നിന്നെ സാന്ത്വനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ …എൻറെ ഈ ജീവിതത്തിൽ ഒരിക്കലും എനിക്കൊരു മനസ്സമാധാനവും ഉണ്ടാകില്ല . അതാണ് ഒരുപാട് വൈകിയാണെങ്കിലും അവിവേകമാണെങ്കിലും ….അറിഞ്ഞപ്പോൾ ഞാൻ വന്നെത്തിയത് . എന്നെ അറിയുന്ന നീ അത് മനസ്സിലാക്കുമെന്ന് , അതിന് മാപ്പു നൽകുമെന്ന് വിശ്വസിക്കുന്നു . ”
അതിനുള്ള ലീനയുടെ ഉത്തരം അഭിമാനപൂർവ്വമായിരുന്നു…..” മാപ്പോ! ?.എന്തുവാടാ അഭീ പറയുന്നത് ?…നീ അതിന് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ ?. തെറ്റ് ചെയ്താലല്ലേ മാപ്പ് പറയേൺടൂ. പക്ഷെ നിന്നിൽ എനിക്ക് വിശ്വാസമുണ്ട് . നീ പറഞ്ഞെതെല്ലാം വിശ്വസിക്കുന്നു , മനസ്സിലാക്കുന്നു എന്ന് മാത്രമല്ല , അതിലെല്ലാം വലിയ സന്തോഷവുമുണ്ട് അഭി. അത് അറിയിക്കാൻ ആണെങ്കിലും എന്നെ വന്നൊന്ന് കാണാൻ നിനക്കൊന്ന് തോന്നിയല്ലോ ?. മരണം അതിനൊരു നിമിത്തം ആയിപ്പോയെങ്കിലും ആ താങ്ങാനാവാത്ത വേദനയിലും നിന്നെ ഓർത്തു അതിയായ അഭിമാനവും മതിപ്പും എനിക്കുണ്ട് .പക്ഷെ ആ ആനന്ദങ്ങൾക്കിടയിലും ഒന്ന് മാത്രമേ ഒരു പഴയ സതീർഥ്യ എന്ന നിലയിൽ എനിക്ക് നിന്നെ ഓർമ്മിപ്പിക്കാനുള്ളൂ . ”
അഭീടെ ” എന്താണത്?…” എന്നുള്ള ഉറ്റുനോട്ട ചോദ്യത്തിന് ഉത്തരമായി ലീന …… ” കുറച്ചുനാൾ …ഒരു രണ്ട് വര്ഷം മുന്നേ , എന്തോ ആവശ്യത്തിന് കോളേജിൽ പോയപ്പോൾ…സ്മിത ആന്റിയെ കണ്ടു . അവരുമായി ഞാൻ എന്തോ സംസാരിച്ചു നിൽക്കുമ്പോൾ , നിൻറെ മുറപ്പെണ്ണ് ശ്രീക്കുട്ടിയെ അവിടെവച്ചു യാദൃച്ഛികം ഞങ്ങൾ കണ്ടു. ആന്റിയാണ് ശ്രീമോളെ എനിക്ക് പരിചയപ്പെടുത്തി തന്നത് . അവളെന്നേയും പരിചയപ്പെട്ട് ഒരുപാട് നേരം ഒരുപാട് കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. ഒടുക്കം, ആന്റി നിൻറെ കാര്യം അന്വേഷിച്ചപ്പോൾ അവൾ പറഞ്ഞാണ് ഞങ്ങൾ നീ ഇതുവരെ കല്യാണം കഴിച്ചിട്ടില്ലെന്നും….നീ ഉടൻതന്നെ വന്ന് അവളുമായുള്ള ”കെട്ട് ” അധികം വൈകാതെ ഉണ്ടാവും എന്നൊക്കെ അവൾ പറയുന്നത് .അന്നത് കേട്ട് , ആദ്യം വലിയ നിരാശ തോന്നിയെങ്കിലും …അവസാനകാര്യം കേട്ട് , വളരെ സന്തോഷത്തിലാണ് ഞങ്ങളന്ന് മടങ്ങിയത് . പറഞ്ഞുവന്നത്…കഴിഞ്ഞത് കഴിഞ്ഞു . അഥവാ അവൾ ഇതുവരെ കെട്ടിയില്ലെങ്കിൽ…..കെട്ടിക്കാണില്ല എന്നാ എനിക്ക് തോന്നുന്നത്. കെട്ടിയില്ലേൽ അവളെതന്നെ കെട്ടുക !. നിനക്ക് നന്നായി ചേരുന്ന , നല്ലൊരു പെണ്ണാണവൾ . നല്ല സ്വഭാവവും സൗന്ദര്യവും ഒത്തിണങ്ങിയ, പഠിക്കാനും സമർഥയായ മിടുമിടുക്കി പെണ്ണ് . പോരെങ്കിൽ നിൻറെ കുടുംബത്തിൽ തന്നെയുള്ള, കുട്ടിക്കാലം മുതലേ പരസ്പരം അറിയുന്ന …നിനക്ക് വിധിച്ച നിൻറെ സ്വന്തം പെണ്ണ്!. ഇത്ര സ്നേഹിച്ചു അവൾ നിൻറെ കൂടെ ഇത്രകാലം ഉണ്ടായിരുന്നിട്ടും അവളെ കെട്ടാൻ, നീ ഇത്ര അമാന്തിച്ചതെന്തേ ?. അവളെ നീ ഇനി ഒരിക്കലും കൈയ്യൊഴിയരുത് ,നിൻറെ ജന്മസൗഭാഗ്യം ആണവൾ . അവളെ കെട്ടി ജീവിതാവസാനം വരെ നീ സസുഖം ജീവിക്കുക . കഴിയുമെങ്കിൽ, ഇടക്കുവന്നു ഈ പഴയ സുഹൃത്തിനെയൊക്കെ ഒന്ന് കാണാൻ ശ്രമിക്കുക. ഇത്രേയുള്ളൂ . നിൻറെയീ സാന്ത്വനങ്ങളുടെ ഒക്കെ യഥാർത്‌ഥ സുഖവും സന്തോഷവും അനുഭവഭേദ്യമായി…അപ്പോഴേ എനിക്ക് നിത്യസമാധാനമേകൂ . ”
അത് കേട്ട് അത്ര ഇഷ്‌ടപ്പെടാതെ , അഭി വാചാലനായി….” ഹും !….കാടടച്ചു ഉപദേശിക്കാൻ , ഒരു അഞ്ചുപൈസേടെ ചിലവില്ലല്ലോ?. ഇതൊക്കെ സ്വന്തം ജീവിതത്തിൽ അതുപോലെ അനുവർത്തിക്കുന്ന ആളായിരുന്നെങ്കിൽ തരക്കേടില്ലായിരുന്നു . ഇടക്കുകയറി , സന്ദേഹഭാവത്തിൽ ലീന , ” അതെന്താ അഭീ ?”……
” എൻറെ സർവ്വകാല ജീവിതക്ഷേമവും കാംക്ഷിക്കുന്ന ആൾക്ക്, സ്വന്തം കാര്യത്തിൽ അതൊന്നും വേണ്ടേ ?.വിവാഹം കഴിഞ്ഞു രണ്ടര വർഷത്തിൽ ഭർത്താവ് നഷ്‌ടപ്പെട്ടു…ജീവിതം ആരംഭിച്ച നിനക്ക് ആവാമായിരുന്നില്ലേ…? ഒരു പുനർ വിവാഹം. ഈ പറഞ്ഞ ദാമ്പത്യ സുഖവും….കുടുംബജീവിത സന്തോഷവുമൊന്നും നിനക്ക് ബാധകം ആയിരുന്നില്ലേ ?.” അഭി കൂട്ടിച്ചേർത്തു .
ഇത്തിരി നേരത്തെ ഗഹന ചിന്തകൾക്ക് ശേഷം, പുഞ്ചിരിവിട്ട് അലീന ….”ഒരു പുനർവിവാഹത്തിന് അല്ലല്ലോ ?…അഭീ നിന്നെ ഞാൻ നിർബന്ധിച്ചത് .”
അഭി തുടർന്നൂ …” അല്ലെന്ന് ആരുപറഞ്ഞു?. നമ്മുടെ ബന്ധത്തിൽ അന്ന്… ഒരു താലിച്ചരട് കെട്ടിയിരുന്നില്ല,എന്നൊരു കുറവ് മാത്രമല്ലേ സംഭവിച്ചിരുന്നുള്ളൂ. അല്ലാതെ, ശാരീരികമായി വരെ ഒന്നായി…ഭാര്യാ ഭർത്താക്കന്മാരെപ്പോലെ ഒരു ദിവസമെങ്കിലും ജീവിച്ചിരുന്നവർ ആയിരുന്നില്ലേ നമ്മൾ ?. ”
അതുകേട്ട് , ലീനക്ക് അത്ഭുതവും വിഷമവും ഒരേപോലെ ഉണ്ടായി. അസ്വസ്‌ഥതയോടെ, കണ്ണട മാറ്റി…താഴേക്കുതിരാൻ തുടങ്ങിയ കണ്ണീർമുത്തുകൾ സാരിത്തുമ്പിനാൽ തുടച്ചുകൊണ്ട് അവളറിയിച്ചു….. അഭീ നീ ???….ശരിയാണ് നീപറഞ്ഞതു . കേവലം ഒന്നോരണ്ടോ ദിവസങ്ങൾ !…..എല്ലാമെല്ലാം പങ്കിട്ടു ഭാര്യാഭർത്താക്കന്മാരായി നമ്മൾ ജീവിച്ചു . ഒരു അൾത്താരക്കൂട്ടിൻറെയും കതിർമണ്ഡപത്തിൻറെയും ,മാംഗല്യസൂത്രത്തിൻറെയും പിൻതുണ ഇല്ലാതെ . ഒരു പുണ്യയാളൻറെയും ,തിരുമേനിമാരുടെയും ,ബന്ധുമിത്രാദികളുടെയും അനുഗ്രഹാശ്ശിസുകൾ കൂടാതെ. യാതൊരു നിലവിളക്കിൻറെയും പുണ്യഗ്രന്ഥങ്ങളുടേയും ജനസമൂഹത്തിൻറെയും അനുമതിയില്ലാതെ , സാന്നിധ്യ സാക്ഷ്യങ്ങളില്ലാതെ !. നീ പറയാൻ ആഗ്രഹിക്കുന്ന പോലെ തുറന്നുപറഞ്ഞാൽ…വെറും രണ്ട് ദിവസം ആണെങ്കിലും, ഒരു ജന്മത്തിൻറെ ഫലം തോന്നിപ്പിക്കുന്നത്ര തീവ്രമായി…നമ്മൾ മാത്രമറിഞ്ഞ നമ്മുടേതായ ഒരു സംതൃപ്തജീവിതം . ഈ ഇഹലോകജീവിതത്തിൽ …എൻറെ മനസ്സാക്ഷിക്കു മുന്നിൽ…. ഒട്ടും ഒളിമങ്ങാതെ , എന്നും ഒരു ദീപ്‌തശോഭയായി അത് നിലനിൽക്കയും ചെയ്യും . പക്ഷെ , പ്രവർത്തിപഥത്തിൽ….ഈ പറഞ്ഞ എല്ലാത്തിൻറെയും…മുഴുവൻ സമൂഹത്തിൻറെയും മുൻപിൽ… ഒപ്പീസ് ചൊല്ലി, താലിസ്വീകരിച്ചു… ഞാൻ ഭർത്താവായി തിരഞ്ഞെടുത്ത ഒരു പുരുഷൻ , ഇന്ന് എനിക്കൊപ്പം ഇല്ലെങ്കിലും…തത്വത്തിൽ എനിക്കുണ്ട് . അദ്ദേഹമാണ് എന്നും എൻറെ പ്രിയപ്പെട്ടവൻ, എന്റെ സംരക്ഷകൻ,എൻറെ എല്ലാം എല്ലാം . എക്കാലമത്രയും ഭർത്താവായി അംഗീകരിച്ചുകൊണ്ട് അല്ല, ഞാൻ നിന്നോടൊപ്പം കിടക്ക പങ്കിടാൻ തയ്യാറായത് . അന്ന് ഞാൻ നിന്നോട് ചെയ്‌ത കടുത്ത അപരാധങ്ങൾക്കുള്ള പ്രായശ്ചിത്തം ആയിരുന്നത് .ഓർമ്മവച്ച നാൾമുതൽ നീ ഹ്രദയത്തിൽ കൊണ്ടുനടന്ന് ….
പരിധികളില്ലാത്ത പ്രണയിച്ച നിൻറെ സ്നേഹത്തിൻറെ ആഴവും….മനസ്സിൻറെ നന്മകളും, നിസ്തുലങ്ങളായിരുന്നു . അത് തിരിച്ചറിഞ്ഞു…തിരികെ അതുപോലെ ഉറച്ച പ്രേമവും ഇഷ്‌ടവും നിന്നിൽ എനിക്ക് തോന്നി തുടങ്ങിയപ്പോൾ…അതുവരെ നിന്നോട് കാണിച്ച തെറ്റിലും എല്ലാത്തിലും ഉള്ള എൻറെ ഒരു മനസ്താപത്തിൻറെ പ്രത്യുപകാരം മാത്രമായിരുന്നുത് . നീ അത് അന്നുമിന്നും ഏത് അർഥത്തിൽ ഉൾക്കൊള്ളാൻ ശ്രമിച്ചിരുന്നെങ്കിലും .. വിലമതിക്കാൻ ആവാത്തൊരു പാരിതോഷികമായി….എൻറെ ശരീരംതന്നെ നിനക്ക് കാഴ്ചവച്ചു തന്നുകൊണ്ട് ഞാൻ നിന്നോട് പ്രകടിപ്പിച്ചൊരു വിശ്വാസവും സ്നേഹവുമായിരുന്നു അതിൽ മുഴുവൻ !. പുരുഷന് ചിലപ്പോൾ അത് എന്നും ”ചെളിയും പുഴയും പോലെ ” നനഞ്ഞുണങ്ങുന്നൊരു… വെറും മാംസ സംതൃപ്‌തിയുടെ പ്രതിഭാസം മാത്രമായിരിക്കാം. പക്ഷെ പതിവൃതയായ ഏതൊരു സ്ത്രീക്കും തൻറെ ഇഷ്‌ടപുരുഷനു സമർപ്പിക്കാൻ…ഇതിലും വലിയൊരു മൂല്യവത്തായ, സ്നേഹസമ്മാനം ഈ ലോകത്തു വേറെ ഉണ്ടാവില്ല . അത്രക്കും വിലമതിക്കാനാവാത്ത…അത്യഗാധ സ്നേഹം നിന്നിൽ എനിക്ക് വന്നുഭവിച്ചപ്പോൾ മാത്രമാണ് ഞാനതിന് സുസമ്മതയായത്. ഒരിക്കലും, അതെൻറെ മാംസദാഹമോ …ദൗർബല്യമോ ആയി വിലയിരുത്തി, അഭീ നീ അപമാനിച്ചു എന്നെ …ഒരു നികൃഷ്ടയായി കാണരുത് !. അതിന് വില പറയുകയും അരുത്…പ്ലീസ് , എൻറെ ഒരു കേണപേക്ഷ ആണത്” .
പറഞ്ഞു തീരുമ്പോഴേക്കും അലീന വിങ്ങിപൊട്ടിയിരുന്നു . ലഭിക്കും ഏതവസരത്തിലും ആയാലും…അത് പറയേണ്ടി വന്നതിലും, അവളത് തെറ്റിദ്ധരിച്ചു പോയതിലും വല്ലാത്ത വിഷമവും കുറ്റബോധവും തോന്നി . കണ്ണുനീർ തൂവിയില്ലെങ്കിലും , ശോകമേറി….അവൻറെ നയങ്ങളും ആർദ്രങ്ങളായി . അവളെ സമാധാനിക്കാൻ പരിശ്രമിച്ചു ഇടറിയ കണ്ഠമോടെ അഭി …..
”ഇല്ല, ലീനേ…നീ വിശ്വസിക്കുക. വിലപറഞ്ഞോ ?…അതിനെ മറ്റൊരു അർഥത്തിൽ കണ്ടോ…അല്ല, നിന്നോട് ഞാനൊരു ആദ്യഭർത്താവിൻറെ സ്‌ഥാനം സ്വയം ഏറ്റെടുത്തു അത് പറഞ്ഞത്. നീ പറഞ്ഞതെല്ലാം…സസന്തോഷം സ്വീകരിച്ചു അംഗീകരിച്ചു, തുറന്നു പറഞ്ഞാൽ….അന്ന് എങ്ങനൊക്കെയോ എല്ലാം സംഭവിച്ചു നമ്മൾ ഒന്നായി. അതിനൊപ്പം നീ എൻറെ ഉള്ളിനുള്ളിൽ അറിയാതെ, ഏത് വിധേനയോ ഒരു ഭാര്യയായും മാറിക്കഴിഞ്ഞിരുന്നു . നിൻറെ സ്ത്രീത്വത്തെ ഞാൻ മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിച്ചതല്ല . വൈകാരിക തലങ്ങളിൽ നമ്മടെ ബന്ധം ചെന്ന് പതിച്ച ആഴങ്ങളെക്കുറിച്ചു മാത്രമേ ഞാൻ ഓർമിപ്പിച്ചോളൂ .എങ്കിലും എല്ലാം തുറന്ന് അറിയിച്ചപ്പോൾ…നിനക്കെന്തോ വല്ലാതെ നൊന്തു . എടുത്തു പറയാൻ പുരുഷന് ഒരു ”കന്യകാത്വമോ ”….”പരിശുദ്ധതയോ ”?…ഇല്ലാത്തതിനാൽ ആവാം…അവൻറെ ”കന്യാദാന”ത്തിന്, ”പുരുഷത്വ സമർപ്പണ”ത്തിന് ,ഇന്നുവരെ ഒരു സമൂഹവും ഒരുവിലയും നൽകാഞ്ഞത് .സ്ത്രീയെപ്പോലെ, മനസ്സിൽ ഭാര്യയായി വരിച്ചുകൊണ്ട് , ഉഭയകക്ഷി സമ്മതത്തോടെ…അത്തരം ബാന്ധവത്തിൽ ഏർപ്പെട്ടു അവൻ ”എല്ലാംചെയ്താൽ ”…ഈ ലിംഗനീതി, ഒരിക്കലും അവനു ബാധകമാവില്ലേ ?.അതോ?…എല്ലാ ആണുങ്ങളെയും ഒരുപോലെ,
” നനഞ്ഞുണക്കുന്ന ചെളിക്കുണ്ട്” ഗണത്തിൽ പെടുത്തണമോ ?. ഇനി, ഞാനത് പറഞ്ഞതുകൊണ്ട് നിൻറെ മാനത്തിൻറെ കാര്യത്തിൽ… നിനക്ക് ഏതെങ്കിലും മനോവിഷമമോ?… അഭിമാനക്കുറവോ?…എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ…നിൻറെ കാലുപിടിച്ചു ഞാൻ നിരുപാധിക൦ മാപ്പ് പറയുന്നു. ”
അപ്പോഴും അടരുന്ന മിഴിനീർ…സാരിതൂവാല കൊണ്ട് തുടച്ചു , അതേ ശോകാർദ്രതയിൽ അലീന തുടർന്നു….” സാമ്പത്തിക -സാമൂഹ്യ വിഷയങ്ങൾ , ഒരുപോലെ ഒരുക്ലാസ്സിലിരുന്ന് പഠിച്ചു…ഒരുപോലെ പുറത്തിറങ്ങിയവരാണ് നമ്മൾ. എങ്കിലും സാഹിത്യത്തിലും, ഇതര പാഠ്യവിഷയത്തിലും ഉള്ള നിൻറെ അസാമാന്യ അറിവും അവഗാഹവും കൊണ്ടാവാം….എപ്പോഴും എന്നിൽ നിന്നെല്ലാം വളരെ മികവ് പുലർത്തി നീ മുന്നിൽ നിന്നത് . ആ നിൻറെ നീതിബോധത്തിൻറെ സാമൂഹ്യ ശാസ്ത്രവും പാണ്ഡിത്വത്തിൻറെ മനഃശാസ്ത്രവുമൊന്നും അത്രവേഗം എനിക്ക് മനസ്സിലാക്കാൻ സാധിക്കില്ല. പക്ഷെ ഒന്നുമാത്രം എനിക്ക് എപ്പോഴും അറിയാം. എനിക്ക് നിന്നെ അറിയാം… എന്ന് മാത്രമായ ആ ”പരമ സത്യ”ത്തെ. മറ്റൊന്നും അറിയുകയും വേണ്ടെനിക്ക് . ആ അറിവും…പഴയ ചങ്ങാതിയോടുള്ള എല്ലാ പഴയ ഇഷ്‌ടവും നെഞ്ചിൽ ചേർത്തുവച്ചു , നിൻറെ നന്മ മാത്രം ആഗ്രഹിച്ചു പറഞ്ഞതാണ് ഞാനെല്ലാം. തിരിച്ചു , ആ സ്നേഹിതയോടു എന്തെങ്കിലും ഒരിഷ്‌ടം ഇപ്പോഴും ഉള്ളിൻ ഉള്ളിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ ദയവായി അത് സ്വീകരിക്കുക !. ”
ലീനയുടെ ദയവേറിയ അപേക്ഷക്കുള്ള അഭീടെ ഉത്തരം പരിഹാസരൂപേണ ആയിരുന്നു……” പെരുത്ത സന്തോഷം !…ഈ പഴയ സുഹൃത്തിൻറെ ”കൺസേൺ ” ഓർത്തുള്ള നിൻറെ എളിയ വ്യാകുലതകളിൽ…പ്രിയ സ്നേഹിതേ . പക്ഷെ അവിടെയും നീ സെയിഫ് ആണെന്നുള്ള നിൻറെ ” പ്രിട്ടെൻഷൻ ”, ” ഡിപ്ലോമസി ” നിന്നെ വല്ലാതെ വേട്ടയാടുന്നുണ്ട് . ആരെ, എത്ര കബളിപ്പിക്കാൻ ശ്രമിച്ചാലും…സ്വന്തം മനസ്സാക്ഷിയെ ഒരിക്കലും നിനക്ക് വഞ്ചിക്കാൻ ആകില്ല,അലീന” .
” എൻറെ മനസ്സാക്ഷിയും നീയുംതമ്മിൽ വലിയ ദൂരമില്ല,അഭിജിത് . പക്ഷെ,പ്രത്യാഖാതങ്ങൾ നമ്മളിരുവരിലും ഒരുപോലെ ആണെങ്കിലും… തെറ്റ് പറ്റിപ്പോയത് മുഴുവൻ എനിക്കാണ്. ഞാനാൽ ആണ് എല്ലാം ഇങ്ങനായതും….ഇങ്ങനൊക്കെ പറയേണ്ടിവന്നതും , സമ്മതിച്ചു . ആ തെറ്റിൻറെ പേരിൽ…ഈ ജന്മം മുഴുവൻ നിൻറെ കാൽക്കലിരുന്നു മാപ്പ് യാചിക്കാൻ ഞാൻ തയ്യാറുമാണ്. പക്ഷെ ഈ വിധി !. അത് ഞാൻ ചോദിച്ചു വാങ്ങിയതാണ് . പറഞ്ഞുവാങ്ങിയ ആ വിധിക്കു മുന്നിൽ നിന്നുമൊരു വ്യതിചലനം…അതെനിക്ക് അസാധ്യമാണ് . ഒരു മനുഷ്യനും അത് മറികടക്കാൻ ആയിട്ടില്ല. അനുഭവിക്കാനുള്ള വിധി , അനുഭവിച്ചുതന്നെ തീർക്കണം !…പ്രകൃതി നിയമം ആണത് . ” ആർദ്രതയോടുള്ള അലീനയുടെ വിതുമ്പലുകൾ തുടർന്നു .
” ലീനയുടെ കഠിനമായ വിങ്ങിപ്പൊട്ടലുകളെ അനുനയിക്കാൻ പരിശ്രമിച്ചു,അഭി …..” മാപ്പ്, നിയമം,വിധി !…’ ബുൾഷീറ്റ്സ് ‘…ഉചിതമായ സമയത്തു ഉചിതമായ തീരുമാനം, എടുക്കാൻ കാണിക്കാഞ്ഞ ” ധൈര്യമില്ലായ്‌മ ” മാത്രമാണ് അന്ന് നീ ചെയ്‌ത ഒരേയൊരു തെറ്റ് !. ആ തെറ്റുതന്നെ ,
വിധിയുടെയും മറ്റു അന്ധവിശ്വാസങ്ങളുടെയും പേരിൽ ഇപ്പോഴും നീ ആവർത്തിക്കാൻ ശ്രമിച്ചിട്ട് , മാപ്പു ചോദിക്കുന്നതിൽ എന്താണ് ലീനാ യുക്തി ?. അതിനുപകരം, തിരുത്താനാവുന്നത് തിരുത്തി മുന്നോട്ട് പോയാൽ അല്ലേ? , ഞാനല്ല, കാലമെങ്കിലും നമുക്ക് മാപ്പ് തരൂ .യുക്തമായ തീരുമാനം കൈക്കൊള്ളാൻ ഇപ്പോഴും സമയം അധികരിച്ചിട്ടൊന്നുമില്ല .നിന്നെ വേദനിപ്പിക്കാനല്ല, ഒരു ഓർമ്മപ്പെടുത്തലിനു, ഒരു തിരിച്ചറിവിന് …വേണ്ടി മാത്രം ഞാൻ ഇത്രയും പറഞ്ഞുപോയെന്നേ ഉള്ളൂ. ചിലപ്പോൾ, ഇങ്ങനെ പറയാൻ…ഇങ്ങനെ ഒരു അവസരം കാലം ഇനിയും നമുക്ക് മുന്നിൽ കൊണ്ടുവന്നു തരണം എന്നില്ല. ”
അപ്പോഴും ഉതിരുന്ന അശ്രുകണങ്ങൾ തുടയ്ക്കാൻ ശ്രമിച്ചുകൊണ്ട്, അലീന…..” നിലവിലെ എൻറെ ജീവിതത്തെക്കുറിച്ചു….എന്റെ ജീവിത ലക്ഷ്യങ്ങളെക്കുറിച്ചു, ഈ കാണുന്നതുവച്ചു…ഒന്നുമറിയാതെ പറയുന്നതാണ് അഭീ നീ എല്ലാം. നീ പണ്ട് കണ്ട ആ ലീന അല്ല ഞാനിന്ന് !. ”…..
ഇടക്കുകയറി അഭി , ” നീ ചോദിച്ചു വാങ്ങിയ വിധി ആണെന്ന് പറഞ്ഞല്ലോ ?. ആ വിധിനാളത്തിൽ പെട്ട്, മോചനമില്ലാതെ, ഇപ്പോഴും നീ വെന്തുരുകുന്നത്…നീ ഏകാകിനി ആയിപ്പോയത് കൊണ്ട് മാത്രമാണ് . എല്ലാം തുറന്നു പറയുന്ന ആ പഴയ കൂട്ടുകാരിയോട് ഞാനൊന്ന് തുറന്ന് ചോദിക്കട്ടേ…..എന്തിന് ?….ആർക്കുവേണ്ടിയാണ് ഈ ഒളിച്ചുകളികൾ ?….ഈ മുഖംമൂടികൾ ?. എന്നോടൊപ്പം എത്തിച്ചേർന്നാൽ , ഒരു ദിവസം കൊണ്ടു തീർക്കും ഞാൻ ഈ വിധിനിയോഗങ്ങളും…ജന്മാന്തരദുഖവും എല്ലാം . ഒറ്റ ദിനം കൊണ്ട് മാറ്റും…നിന്നെ ആ പഴയ ലീന ആയിട്ട് . ”
കരച്ചിലിനിടയിലും ആശ്വാസ പുഞ്ചിരിയുതിർത്തു അലീന……” ആവുമായിരിക്കാം !…പറയുന്നത് നീ ആയതുകൊണ്ട് എനിക്ക് നല്ല വിശ്വാസവുമാ. ഒരു തർക്കത്തിനുമില്ല. പക്ഷെ, എൻറെ ചുറ്റുപാടുകൾ, ബന്ധുക്കൾ, ആശ്രയങ്ങൾ…മറ്റു ബന്ധനങ്ങൾ. എല്ലാത്തിനുപരി എൻറെ പൊന്നുമകൾ !. എളുപ്പമല്ല അഭീ ഒന്നും ….ഞാനെത്ര വിചാരിച്ചാലും. ”
”കെട്ടുപാടിൻറെയും , ബന്ധുക്കടെയും വേലിക്കെട്ടുകൾക്കുള്ളിൽ….അന്ധവിശ്വാസങ്ങളുടെ മാറാല പിടിച്ച മനസ്സുമായി ,പഴയപോലെ ഇനിയും നീ ജീവിച്ചാൽ….നിനക്കൊരിക്കലും ഈ ദുരിത ജീവിതത്തിൽനിന്നും മോചനം ഉണ്ടാവില്ല . മകളോടൊത്തൊരു ഭാസുര ജീവിതം സ്വപ്‌നം കാണുന്ന നീ ഇന്ന് എന്തുകൊണ്ടും അശക്തയാണ്. എന്തും വിലകൊടുത്തു വാങ്ങാൻ ആവുന്നത്ര പണമോ, പരിചാര വൃന്ദമോ, ബന്ധുബലമോ….നിനക്കുണ്ടായേക്കാം . പക്ഷെ തളർന്ന മനസ്സും, ശക്തി ചോരുന്ന ശരീരവുമാണ്. ഈ ആർഭാടവും ബന്ധങ്ങളും എന്നും ഇതുപോലെ കൂടെയുണ്ടാവും എന്ന് ശാഠ്യ൦ പിടിക്കേണ്ട . ഒരു വീഴ്ച്ച !…ഒരു താഴൽ….അതിൽ പിടിച്ചു കുതിര കയറുന്നവരാണ് ഇന്നത്തെ ലോകവും സമൂഹവും . നീ ചെറുപ്പമാണ് !….മുന്നിലുള്ള ലോകം അതിവിദൂരവും. യാത്രയിൽ, നീ ഏകയാണ്.. തീരെ കുട്ടിയായ ഒരു മകൾ മാത്രമാണ് ആകെ ആലംബം . അതാകട്ടെ, പഠിച്ചു നല്ലനിലയിൽ എത്തിക്കുക , എന്ന ഉത്തരവാദിത്വവും ബാദ്ധ്യതയും ഏറിയ വലിയൊരു കർമ്മവും . ന്യായവാദങ്ങളുയർത്തി ഒഴിയുമ്പോൾ…ഇവയെല്ലാമൊന്ന് ദയവായി ഓർക്കുക !.”
അതെ കേഴലോടെ അലീന…..” അറിയാം അഭി .എല്ലാമറിയാം . ഒറ്റയ്ക്ക് ജീവിതം തുടങ്ങിയ നാൾ മുതൽ…മനസ്സിൽ പറഞ്ഞു പഠിച്ചു പതിപ്പിച്ച ശീലുകൾ . മകൾ !…അവൾ മാത്രമാണ് എനിയ്ക്കിന്ന് എല്ലാം . അവളെ വളർത്താൻ….കളിച്ചു, പഠിച്ചു, നന്നായി വളരാൻ…അവൾക്കായി മാത്ര൦ ഉണ്ടാക്കിയതാണ് ഈ സ്‌കൂൾ പോലും. ഇവിടെ കൂടുള്ളവർ എല്ലാം അവളുടെ കൂട്ടുകാരാണ്.
ആരിൽനിന്നും ഞാനൊരു ചില്ലിക്കാശ് പോലും ‘ഫീസ്’ വാങ്ങാറില്ല. അവരുടെ കളിചിരിയും ബഹളവുമാണ് എൻറെ ലഹരിയും, എൻറെ ലോകവും !. അവിടെ, ഞാൻ എല്ലാം…ഒരുപക്ഷേ എന്നെപ്പോലും മറന്നു ജീവിക്കുന്നു. അഭി പറഞ്ഞപോലെ, അവളെ പഠിപ്പിച്ചു മിടുക്കിയാക്കി നല്ലനിലയിൽ എത്തിക്കണം. അത് മാത്രമാണ് ഇപ്പോൾ എൻറെ ഏക ലക്‌ഷ്യം . അവളെ വളർത്തി…മറ്റൊരു കരത്തിൽ വിശ്വസിച്ചേൽപ്പിക്കും വരെ എനിക്ക് സത്യത്തിൽ വിശ്രമമില്ല . എനിക്ക് എൻറെതായ സ്വന്തം ഇഷ്‌ടമോ…ആഗ്രഹമോ…ജീവിതമോ ഒന്നും ഇപ്പോൾ ഇല്ലഭീ.”
അഭി വീണ്ടും സമാശ്വസിപ്പിക്കലിൻറെ വഴിയിൽ…..” ലീന പറഞ്ഞതൊക്കെ ശരിതന്നെ …സമ്മതം !. പക്ഷെ, സ്വന്തം ജീവിതംവെച്ചു എന്തിനിങ്ങനെ ഒരു ചൂതാട്ടം?.എന്തിനാണ് ഈ കാര്യത്തിൽ വല്ലാത്തൊരു പിടിവാശി ?. നിനക്ക് എന്റൊപ്പം ആണേലും.. നിൻറെ ഇഷ്‌ടം പോലൊക്കെ, എങ്ങനേയും ജീവിക്കാം. ആഗ്രഹിക്കു൦ പോലെ തന്നെ മോളെ വളർത്താം. നിങ്ങൾക്കിടയിൽ ഒരു തടയായി നിൽക്കാതെ, എന്നും നിനക്കും മോൾക്കും താങ്ങും തണലുമായി……എപ്പോഴും ഞാൻ കൂടെ ഉണ്ടാവും . നിൻറെ മോളുടെ സ്നേഹം പങ്കിട്ടു പോയാലോ?…എന്ന ഭയപ്പാട് ഉണ്ടേൽ, നമുക്കിനി മറ്റൊരു മോൾ വേണ്ടാ എന്ന തീരുമാനമെടുത്തു…മിലിമോളെ ഒരുപോലെ സ്നേഹിച്ചു, ലാളിച്ചു, മിടുക്കിയായി വളർത്താം നമുക്ക് .പോരേ?. നിൻറെ ഏത് ചിട്ടയ്ക്കും, നിബന്ധനകൾക്കും ഞാൻ തയ്യാർ !. ”
പൊയ്‌പ്പോയ പുഞ്ചിരി പിന്നെയും മുഖത്തു പ്രകാശിപ്പിച്ചു അലീന….” വളരെ നന്ദി !….പക്ഷെ വേണ്ട അഭി, ഇപ്പോൾ, ഈ സമയത്തു, നിനക്ക് എന്തുകൊണ്ടും തീർത്തും അയോഗ്യയായ…ഹതഭാഗ്യയായൊരു സ്ത്രീയാണ് ഞാൻ. അകാലത്തിൽ വിധവയായ ,അഞ്ചുവയസ്സുള്ള പെൺകുട്ടിയുടെ അമ്മയായ ഹതാശ !. നിൻറെ ജീവിതത്തിലേക്ക്…ഇനി കടന്നുവരുന്നത്, നിനക്കൊരു അപശകുനവും ഭാരവും മാത്രമായിരിക്കും. ”
അഭി, അതീവഗൗരവത്തോടെ തുടർന്നു……” എനിക്ക് അതൊന്നും ഒരു വിഷയമേ അല്ലെന്ന് നിനക്കറിയാം…ഞാനത് വെളിപ്പെടുത്തുകയും ചെയ്തു. എന്നിട്ടും…മനപ്പൂർവ്വം ഒഴിഞ്ഞുമാറാൻ നീ, എന്തൊക്കെ പറഞ്ഞു കൂട്ടുന്നു അലീനാ….? ”
” അഭീ, അകാലത്തിൽ താലിച്ചരട് മുറിഞ്ഞു പോയെങ്കിലും…ഇന്നും ഞാൻ ആ മനുഷ്യൻറെ ഭാര്യയാണ്. വെറും രണ്ടര വർഷമേ ഉണ്ടായിരുന്നുള്ളൂ, എങ്കിലും…അദ്ദേഹവുമായുള്ള ഓർമ്മകൾ, അദ്ദേഹം നൽകിയൊരു കുഞ്ഞു ,ആളുടെ പേരിലുള്ള വീട്ടിലെ താമസം, ആ കുടുംബം, ബന്ധുക്കൾ…സ്വന്തം വീട്ടുകാർ. അങ്ങനെ, ഒത്തിരി പ്രശ്നങ്ങളുമായി…എല്ലാറ്റിലും നിറഞ്ഞു ജീവിക്കുന്ന ഒരു കുടുംബിനിയായ യുവതിക്ക്, പെട്ടെന്നൊരു ദിവസം…എല്ലാം ഇട്ടെറിഞ്ഞു ഒരു അഞ്ചുവയസ്സുകാരി പെൺകൊച്ചിനേയും കൂട്ടി, ചാടി പുറപ്പെട്ട്….ഇറങ്ങാൻ കഴിയുമോ ?. ” അലീന ന്യായങ്ങൾ നിരത്തി…..
എന്നാൽ…അത് തള്ളി, കൂടുതൽ ആശ്വാസമേകി ആയിരുന്നു അഭീടെ ഉത്തരം…..” അവരെയൊന്നും നീ കാര്യമാക്കേണ്ടാ…നിൻറെ മോളെ മാത്രം നീ ബോധ്യപ്പെടുത്തിയാൽ മതി. അവളെ മാത്രം നീ വിശ്വാസത്തിലെടുത്താൽ മതി !. ”
കണ്ണുതുടച്ചു, കണ്ണട തിരികെ പ്രതിഷ്‌ഠിച്ചു അവൾ…..” അതുതന്നെ, അവരെയൊക്കെ ഒരുപക്ഷേ…പറഞ്ഞു മനസ്സിലാക്കി ഇറങ്ങാൻ പറ്റിയേക്കും. നിന്നോട് ഞാനീ പറഞ്ഞ, വിധി, വിശ്വാസങ്ങൾ, സമൂഹം, പ്രായാധിക്യം, താലിമാഹാത്മ്യം,ബന്ധുക്കൾ….തുടങ്ങിയ കാര്യങ്ങൾ ഒക്കെ, നിനക്കായ് നൂറു ശതമാനം തൂത്തെറിയാൻ തയ്യാറാണ് ഞാനിന്ന്. പക്ഷേ മോൾ !….അവളുമായി ഇനിയൊരു ”പറിച്ചുനടീൽ ”, ”ക്വയറ്റ് ഇമ്പോസ്സിബിൾ ”. അത്രക്ക് സെൻസിറ്റിവ് ആണവൾ. എല്ലാ കാര്യത്തിലും അതിഭയങ്കര വാശിയും നിർബന്ധബുദ്ധിയും ആണവൾക്ക്. മറ്റാരെങ്കിലും…വഴക്ക് പറയുന്ന പോയിട്ട്, ഒന്ന് സൂക്ഷിച്ചു നോക്കുന്നപോലും അവൾക്ക് സഹിക്കില്ല . വഴക്ക് പറയുന്നതല്ലാതെ…ഞാൻപോലും ഒന്ന് തല്ലാൻ രണ്ടുവട്ടം ആലോചിക്കും. പപ്പയില്ലാതെ വളരുന്നതിൻറെ ആയിരിക്കാം…അതിൻറെ എല്ലാ ദുർ വാശിയും കടുംപിടുത്തവും അവൾക്കുണ്ട്. അവൾക്കിഷ്‌ടമില്ലാത്ത, യോജിക്കാത്ത ഒരു ജീവിതക്രമങ്ങളിലേക്ക് എനിക്കും ഒട്ടു ജീവിച്ചു പോകാൻ…. തീരെ കഴിയില്ല. അവൾ മാത്രമാണ് എനിക്കെല്ലാം . അതുവിട്ട് മറ്റൊന്നും എനിയ്ക്ക് ചിന്തനീയമേ അല്ല !. അതിനി നിനക്കുവേണ്ടി ആണേലും അഭീ . ”
നെടുവീർപ്പുപോൽ അഭി…..” നിൻറെ വിശ്വാസങ്ങൾ,നിനക്ക് തുണ ആയിടട്ടെ !. എല്ലാം ഇട്ടെറിഞ്ഞു, മകളെയും കൂട്ടി നീ വരാൻ തയ്യാറാണെങ്കിൽ…ഇന്ന് ഞാൻ നിന്നെ കൊണ്ടുപോകും.എന്തും നേരിട്ട്, എന്ത് വിലകൊടുത്തും നിന്നെ പൊറുപ്പിച്ചു, എന്നും കൂട്ടായ് നിനക്കൊപ്പം ഞാൻ ഉണ്ടാവും. അല്ലെങ്കിൽ…അടുത്ത ദിവസം ഞാൻ വണ്ടികയറിയാൽ…ഇനി ഒരിക്കലുമൊരു മടക്കയാത്രയ്ക്ക് ഞാൻ ഉണ്ടാവില്ല. ഒരു കല്യാണത്തിനും കൈകെട്ടി നിന്നുകൊടുക്കയുമില്ല. ”
പുതിയ അനുനയശ്രമം അലീനയുടെ വകയായി…..” പ്ലീസ്, അങ്ങനെയൊരു കടുത്ത തീരുമാനമൊന്നും പുറപ്പെടുവിക്കല്ലേ ….അഭിക്കുട്ടാ. ഞാൻ കൂടില്ലേലും, ഈ നാട്ടിൽ…നിൻറെ അച്ഛനും അമ്മയും ബന്ധുക്കൾ ഒക്കെയുമില്ലേ ?. പിന്നെ ശ്രീക്കുട്ടി …അവൾ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു !. അവളെയും കെട്ടി, കുട്ടികളും കുടുംബവുമായി…ഇവിടെയോ ബോംബെയിലോ….സൗകര്യപ്രദമായി, സുഖമായി ജീവിക്കുക. ഇടക്ക് അവരെകൂട്ടി, ഇങ്ങോട്ടൊക്കെ ഇറങ്ങുക. നിൻറെ നന്മക്കായ് പ്രാർഥിച്ചു ഞാൻ ഇവിടൊക്കെത്തന്നെ ഉണ്ടാവും !. ” .
പറഞ്ഞവസാനിപ്പിച്ചു , അശ്രുകണങ്ങൾ ഒപ്പിയെടുത്ത കൺതടങ്ങളിൽ കണ്ണാടി ഒന്നുകൂടി അമർത്തിയുറപ്പിച്ചു….ദുഖാർത്തയായി…. തലയാട്ടി, അവൾ മെല്ലെ മുന്നോട്ടാഞ്ഞപ്പോൾ…അവൾക്കിനി, താനാൽ…ബുദ്ധിമുട്ടുകൾ കൂട്ടേണ്ടാ എന്നുറപ്പിച്ചു, തിരികെ തലകുലുക്കി…വിളറിയ ചിരി പങ്കിട്ട്..അഭി , ” ശരി.ഞാൻ മടങ്ങുന്നു…മോൾ വളർന്ന് നല്ല നിലയിലായി, ഉയർച്ചയും അംഗീകാരവും ഒക്കെയായി എന്തെങ്കിലും നല്ല വിശേഷം ഉണ്ടാവുമ്പോൾ തീർച്ചയായും അറിയിക്കാൻ മറക്കരുത് !. അവൾക്കായി എന്നും ഞാൻ പ്രാർഥിക്കും, ലീനക്കും .വരട്ടേ, ബൈ ”….പറഞ്ഞു ,തിരിഞ്ഞുനോക്കാതെ അഭി പതിയെ മുന്നിലേക്ക് നടന്നുനീങ്ങി….പിന്നെയും നിറയെ പെയ്തു നിറഞ്ഞ കണ്ണീർ കണ്ണുകളുമായി, നിര്നിമേഷയായി പിറകിൽ അലീനയും .
കുപ്പായ കീശയിൽനിന്നും വലിയ സൺഗ്ളാസ്സ് എടുത്ത് മുഖത്തു വച്ച് ഒന്നുകൂടി ഗൗരവം കൂട്ടി….വേദന മാറ്റാൻ ശ്രമിച്ചു, അഭി കീ തിരിച്ചു കിക്ക് ചെയ്‌തു വണ്ടി സ്റ്റാർട്ടാക്കി.പിന്നെ, റൈസ് ചെയ്‌തു ബൈക്ക് റോഡിലേക്ക് ഇരച്ചു കയറ്റുമ്പോൾ….മനസ്സാകെ കലുഷിതമായിരുന്നു. യാന്ത്രികമായി, ഏതൊക്കെ വഴികളിലൂടെ എങ്ങനൊക്കെയോ ഇരുചക്രയന്ത്രം കുതിച്ചു. പാഞ്ഞുപോയ വണ്ടി, ഒടുവിൽ ചെന്ന് നിന്നതാകട്ടെ …തമ്പാനൂർ റെയിൽവേസ്റ്റേഷൻ കോമ്പൗണ്ടിന് ഉള്ളിലും . അവിടെച്ചെന്ന്, യാത്രാസംബന്ധിയായ രേഖകളെല്ലാം എത്രയും പെട്ടെന്ന് ശരിയാക്കി, കൃത്യം ഒരു മണിക്കൂർ കൊണ്ട് താഴെവന്നു. ബൈക്കെടുത്തു അവിടുന്ന് വീട്ടിലേക്ക് തിരിക്കും വഴി, മറ്റുകുറെ സ്‌ഥലങ്ങളിലും കൂടി അയാൾക്ക് കയറാനുണ്ടായിരുന്നു. അവിടല്ലാം കയറി, വളരെ വേഗം വീട്ടിലേക്ക് കുതിച്ചു. അങ്ങനെ കാര്യങ്ങളെല്ലാം തീർത്തു ‘ആരാമത്തിൽ ‘മടങ്ങിയെത്തുമ്പോൾ സമയം വൈകുന്നേരമായിരുന്നു. അവിടെ, അവനെ കാത്തു ഇറമ്പത്തുതന്നെ അച്ഛനും അമ്മയും അമ്മാവനും ഒക്കെ നിൽപ്പാണ്. അവർക്ക് പിറകിലായി, അമ്മാവൻ , അമ്മായി, ശ്രീക്കുട്ടി തുടങ്ങിയവരും ഉണ്ട്….അവൻറെ ആഗമനം പ്രതീക്ഷിച്ചു. വണ്ടി, ഷെഡിൽ കയറ്റിവച്ചു…ഇറയത്തേക്ക് കയറി വരുമ്പോൾത്തന്നെ, കാത്തു ക്ഷമയറ്റു നിന്ന അച്ഛൻ ആദ്യമേ തുടങ്ങി.
” എന്താടാ മോനേ ,കറങ്ങി നടക്കയാണോ ഇപ്പോഴും…പഴയപോലെ. അളിയൻ രാവിലെമുതൽ നിന്നെ നോക്കി കാത്തുനിൽക്കയാ.”….
പെട്ടെന്ന്, സൺഗ്ളാസ്സെടുത്തു മടക്കി, തിരികെ പോക്കറ്റിൽ വച്ച്…അഭി….” ങ്ങാ …ഞാൻ സംസാരിക്കാം എന്ന് പറഞ്ഞിരുന്നല്ലോ ?. പെട്ടെന്ന്, കുറച്ചു അത്യാവശ്യ തിരക്ക് വന്നുപെട്ടുകൊണ്ടാ…സംസാരിക്കാം . ”
നിറഞ്ഞ ചിരിയോടെ അമ്മാവൻ…..” സംസാരിച്ചില്ലേലും…വന്നിട്ട്, നിന്നെയൊന്ന് കാണാൻകൂടി കിട്ടുന്നില്ലല്ലോ കുട്ടാ, എവിടാ മോനേ നീ ?…ഞങ്ങൾക്കൊന്ന് പിടി താ .” അഭി ഒന്ന് മൂളി, മുന്നോട്ടുവന്നു. അമ്മാവൻ തുടർന്നു…..
” പേടിക്കേണ്ടാ.നിന്നോട് വഴക്ക് പിടിക്കാൻ ഒന്നുമല്ല. കാര്യങ്ങളെല്ലാം അളിയൻ തുറന്നുപറഞ്ഞു. നീയോ ശ്രീയോ നേരത്തേ ഇതൊക്കെ ഒന്ന് തുറന്ന് പറഞ്ഞിരുന്നെങ്കിൽ…ഈ പെടാപാടിൻറെയൊക്കെ ആവശ്യം ഉണ്ടായിരുന്നോ?. കാര്യങ്ങൾ…ഇത്രമാത്രം രൂക്ഷമാവുമായിരുന്നോ ?.നിൻറെ വരവും പ്രതീക്ഷിച്ചാ അവൾക്ക് വന്ന ആലോചനകളൊക്കെ മാറ്റിവച്ചു…കല്യാണം ഇങ്ങനെ അകാരണമായി നീട്ടികൊണ്ട് പോവേണ്ടിവന്നത് .ആ സാരമില്ല, ഇപ്പോഴെങ്കിലും എല്ലാം തുറന്നറിയിക്കാൻ തോന്നിയത്നന്നായി !. ഇനി, ആരെയും കാത്തുനിൽക്കാതെ, വരുന്ന മറ്റ് ആലോചനകളുമായെങ്കിലും …മുന്നോട്ട് പോകാമല്ലോ ?…”
ഭർത്താവിൻറെ മുഖത്തു വല്ലാതെ, ദുഖവും നിരാശയും ഏറുന്നത് മനസ്സിലാക്കി…ഭാര്യ ഭാനുമതി ഇടപെട്ടു ” അതുതന്നെ മോനേ.മോനവളെ വേണ്ടാത്തതിലുള്ള വിഷമം കൊണ്ട് ഒന്നുമല്ല. വയസ്സ് പത്തിരുപത്തി അഞ്ചായില്ലേ അവൾക്ക് ?. അവളുടെ കൂട്ടുകാരികളുടെ ഒക്കെ , കല്യാണംകഴിഞ്ഞു മക്കളുമായി. പോരാത്തതിന്, ക്ലാസ്സെല്ലാം കഴിഞ്ഞവൾ വെറുതെ നിൽക്കാൻ തുടങ്ങീട്ടും നാള് കുറെയായി . ”
അഭി മെല്ലെ നീങ്ങി, പൂമുഖത്തേക്ക് കയറി. അവിടൊരു കോണിൽ ഒളിഞ്ഞുനിന്നിരുന്ന ശ്രീമോളുടെ ചുമലിൽ കൈവച്ചു പറഞ്ഞു…” അവളെ വേണ്ടാ എന്നാരു പറഞ്ഞു ?. എന്റെ കുഞ്ഞനുജത്തിയായി ഇവൾ എപ്പോഴും എൻറെ കൂടെയുണ്ട്. വിവാഹം കഴിച്ചു
മാത്രമേ ഒരാളെ സ്നേഹിക്കാനും…ഇഷ്‌ടപ്പെടാനും കഴിയൂ എന്നുള്ള നിങ്ങടെയൊക്കെ ചിന്ത ആദ്യം മാറ്റണം. പിച്ചവച്ചുനടന്ന കാലം മുതലേ എനിക്കൊപ്പം അടിച്ചുകളിച്ചു വളർന്ന പെണ്ണാ ഇവൾ. എനിക്കൊരിക്കലും ഒരുമുറപ്പെണ്ണായല്ല…സ്വന്തം അനിയത്തിയായിട്ട് കണ്ടാ ഞാൻ ഇവളെ ഇഷ്‌ടപ്പെട്ടതും…ഇക്കാലമത്രയും , കളിതമാശകൾ പറഞ്ഞും…പരസ്പരം കത്തുകൾ എഴുതിയും ബന്ധം നീട്ടികൊണ്ട് പോയതും. ആ അവളെ കല്യാണം കഴിക്കണേൽ…നിങ്ങൾക്കൊക്കെവേണ്ടി, വേണേൽ ഞാനത് ചെയ്യാം. പക്ഷെ, അതുകഴിഞ്ഞാലും…എൻറെ മനസ്സെനിക്ക് മാറ്റാൻ കഴിയുമോ ?.”
ശ്രീമോളെ ചേർത്ത് നിർത്തി, തഴുകി…അഭി അത് പറയുമ്പോൾ…സജ്ജലങ്ങളായ ശ്രീയുടെ മിഴികളിൽ നിന്ന് കണ്ണുനീർ തൂകി ഇറങ്ങി. അത് കാട്ടി, അവൻ തുടർന്നു….” ഇതൊക്കെ കേട്ടിട്ടും,മതിയാകാതെ…എന്നെ കെട്ടാനാവാത്ത വിഷമത്തിൽ അവൾ ഏങ്ങുന്ന കണ്ടോ ?. ”
അരികിൽ നിന്ന അമ്മാവി, ഉടനെ ശ്രീയെ തന്നോട് ചേർത്തണച്ചു പുൽകി…..”അല്ലല്ല മോനേ, അങ്ങനെ നിന്നെ കിട്ടാത്ത വിഷമത്തിൽ ഒന്നുമല്ല. അവളെ നീ ഇത്രയും ഇഷ്‌ടപ്പെടുകയും സ്നേഹിക്കയും ചെയ്യുന്നത് അറിഞ്ഞപ്പോൾ…അതെല്ലാം നീ അവളെ തുറന്ന് അറിയിച്ചപ്പോൾ…അവൾക്ക് ആ ഇഷ്‌ടങ്ങളൊക്കെ തിരികെ നിന്നോട് തോന്നിയതിൻറെ, ആനന്ദ കണ്ണീരാടാ മോനെ അത്. അല്ലാതെ, നിന്നെ ഓർത്തിനി ഒരിക്കലും അവൾ കരയില്ല. ”
അവർ ഇരുവരോടും ചേർന്നുനിന്ന്…ശ്രീയുടെ മേൽ നിന്ന് കൈമാറ്റാതെ അഭി ….” ഇപ്പോൾ എല്ലാം എല്ലാവര്ക്കും വ്യക്തമായി കാണുമല്ലോ ?. ഇനി ഈ ഏട്ടനെക്കുറിച്ചു നല്ലതോ ചീത്തയോ?… എന്ത് വാർത്തകൾ കേട്ടാലും…ഈ കണ്ണുകളിൽനിന്നും ഒരിറ്റ് കണ്ണീർ വീണു പോകരുത്…കേട്ടല്ലോ ?.”
അമ്മാവൻ അവരെ നോക്കി പുഞ്ചിരിച്ചു…” കുഴപ്പമില്ലെടാ…ഇപ്പോൾ എല്ലാവര്ക്കും എല്ലാം മനസ്സിലായി. നീ അവളെകെട്ടാനില്ല…എന്നു പുച്ഛിച്ചുപറഞ്ഞു, അവളെ തള്ളിക്കളഞ്ഞു….ഒഴിഞ്ഞുമാറി പോയില്ലല്ലോ ?. നിൻറെ സ്നേഹത്തിൻറെ നിസ്സഹായതകൊണ്ട്, കഴിയില്ല, എന്ന് മനസുതുറന്നു പറഞ്ഞു…നിൻറെ നിലപാടറിയിച്ച മാത്രമല്ലേ ഉള്ളൂ. ഇവിടാർക്കും ഒരു വിഷമവും ഇല്ല. അല്ലെങ്കിലും ഈ മനസ്സോടെ നിങ്ങൾക്കെങ്ങനെ ഒരു നല്ല ഭാര്യഭർതൃ ബന്ധം തുടരാൻ കഴിയും ?.”
ഭാനുമതിയമ്മ ഉടനെ തൻറെ ഭാഗം വ്യക്തമാക്കി…..” അതുതന്നെ, മോനേ.ഇവിടിപ്പോൾ എല്ലാവർക്കുമുള്ള ചെറിയ ദുഃഖം, ഇവളുടെ പ്രായം ലേശം കൂടി….പെട്ടെന്നൊരു കല്യാണം എങ്ങനെ സാധ്യമാക്കും എന്നുള്ള വിഷയത്തിൽ മാത്രമേയുള്ളൂ. ”
അമ്മാവൻ അപ്പുമാഷ്…..” അത് സാരമില്ല ഭാനു, നമുക്കത് പെട്ടെന്ന് നോക്കാം…ആലോചനകൾ വന്നുകൊണ്ടിരിക്കയാണല്ലോ ?.”
അല്പം ആശ്വാസത്തോടെ ഭാനുമതി….” അതേ, ഇനിയിപ്പോൾ പോരാത്തതിന്… അവളുടെ ഏട്ടനും കൂടെയുണ്ടല്ലോ ?. നമുക്കെല്ലാം കൂട്ടായ് നിന്ന് ശ്രമിക്കാം അല്ലേ ?.അത്ര കൂടിട്ടൊന്നും ഇല്ല, ൻറെ കുട്ടീടെ പ്രായം. ഇനി വൈകാതിരുന്നാ മതി !. ”
അങ്ങനെ പോയി, അവരുടെ സംസാരങ്ങൾ. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെയായി….ഇടക്ക് കയറി അഭി പറഞ്ഞു…..” എൻറെ പെങ്ങളൂട്ടീടെ കല്യാണം ഇനിയങ്ങനെ അനാവശ്യമായി നീളും എന്ന വ്യാകുലചിന്ത ആർക്കും വേണ്ട !.ഞാൻ ഒപ്പം ഉണ്ടാവുമോ എന്ന സംശയവും ആർക്കുമിനിവേണ്ട. വരുന്ന വഴി ഞാനിപ്പോൾ ഒന്നുരണ്ട് ആൾക്കാരെ കണ്ട്, കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അവർ വഴി, നല്ല ആലോചനകൾ ധാരാളം വരും. നമുക്ക് അതിൽ മെച്ചപ്പെട്ടത് നോക്കി തിരഞ്ഞെടുത്തു…എത്രയും പെട്ടെന്ന് നടത്താം…പേടിക്കണ്ട. കൂടാതെ, പണത്തിനോ ആൾസഹായത്തിനോ ഒന്നിനും ഒരു കുറവും സംഭവിക്കില്ല. എല്ലാം യഥാ സമയത്തു യഥാവിധി…ഇവിടെ എത്തിച്ചേരും !.
അതീവ സന്തോഷവാനായി അപ്പു അമ്മാവൻ…..” എന്നാൽപ്പിന്നെ, അളിയോ…നമുക്ക് ഒപ്പം ഇവനും ഒരു പെണ്ണാലോചിക്കാം. ഒത്താൽ…രണ്ടും ഒരുമിച്ചങ്ങു നടത്താം. ”
അതുവരെ നിശ്ശബ്ദയായിരുന്ന ശ്രീമോൾ, കണ്ണീരെല്ലാം തുടച്ചു…തുള്ളിച്ചാടിയെപോലെ ആഹ്ളാദചിത്തയായി …..” അതുതന്നെ !…എന്റേയും ഏട്ടൻറെയും കല്യാണം…ഒരേ ദിവസം…ഒരേ മുഹൂർത്തത്തിൽ…ഒരു പന്തലിൽ ഒരുമിച്ചു .നമുക്കൊക്കെ ഭയങ്കര ത്രില്ലിംഗ് ആയിരിക്കുമത്.ഒരു വല്യ സദ്യയൊക്കെയായി….എന്താ രസം .”
അതുകണ്ട് എല്ലാവരും അത്ഭുതത്തോടെ നോക്കി, പരസ്പരം ചിരി പങ്കിട്ടു. എന്നിട്ട് അഭി….” ങ്ഹാ…മോളുടെ സങ്കടമൊക്കെ മാറി, വളരെ ഉഷാറായല്ലോ പെണ്ണ് ഇപ്പോൾ ?…ഇനി എന്തുവേണം…? ”
ഭാനു അമ്മായി….” അതാണെടാ മോനേ…നീ സംസാരിക്കാതെ ഇരുന്നതിൽ ഭയങ്കര വിഷമത്തിൽ ആയിരുന്നവൾ. ഒന്നുമില്ലേലും…ഇപ്പോൾ അവളൊന്ന് ചിരിച്ചു കണ്ടല്ലോ ?…അത്രയും ആശ്വാസം!…വളരെ നന്ദിയുണ്ട് മോനേ .അതിയായ സന്തോഷം ഉണ്ട് ഇപ്പോൾ…സത്യം !. ”
ഒപ്പം അമ്മിണിഅമ്മയും കൂടി….” ഉം..ഉം…കണ്ടില്ലേ, പെണ്ണിൻറെ ഒരു ചാട്ടമിപ്പോൾ !….ഏട്ടനെന്നും പറഞ്ഞു . എങ്കിലും നീ ഞങ്ങളെയൊക്കെ ഇത്രയും തീ തീറ്റിച്ചു കളഞ്ഞല്ലോടീ മോളേ ?….നിങ്ങൾ രണ്ടും ഇത് കുറച്ചുമുമ്പേ തെളിച്ചു പറഞ്ഞു കാര്യങ്ങൾ തുറന്ന് അറിയിച്ചിരുന്നേൽ ഒക്കേത്തിൻറെയും വല്ല കാര്യവും ഉണ്ടായിരുന്നോ?. ഉം സാരമില്ല, പോട്ടേ….”
പ്രഭാകരൻ നായർ, മകനെ നോക്കി….” അളിയൻ പറഞ്ഞതിന് , ഞാനല്ല…ഇവനാ മറുപടി പറയേണ്ടത്. ഞങ്ങൾ എന്തിനും റെഡിയാ…ഒരുമിച്ച് ഒരു ദിവസം ഒരു പന്തലിലോ…ഒറ്റയ്ക്കോ ?…എങ്ങനെ വേണമെങ്കിലും ….”
മറുപടിയായി അമ്മായി….” മോള് പറഞ്ഞപോലെ അതൊരു രസമുള്ള അനുഭവം ആയിരിക്കും. ഒരുദിവസം ഒരു പന്തലിൽ, ഏട്ടൻറെയും അനിയത്തീടെയും താലികെട്ട് . കല്യാണം വിളിയും തയ്യാറെടുപ്പുകളും എല്ലാം ഒരുമിച്ച് . എല്ലാത്തിനും എളുപ്പവും, സുഖവുമാവും. ഇവൻ സമ്മതിച്ചാൽ നമുക്ക് നോക്കാം. ”
അതുകേട്ട് അഭിയുടെ ‘അമ്മ…” എന്നാ എല്ലാവരുടെയും ആഗ്രഹം അങ്ങനാണെങ്കിൽ, അങ്ങനെതന്നെ നടക്കട്ടെ…പ്രത്യേകിച്ച് എൻറെ പൊന്നുമോളുടെ. അവളുടെ മുഖത്തെ ആ ചിരിയും സന്തോഷവും കണ്ടില്ലേ?. എത്ര നാളിനുശേഷമാ…മോളെ ഞാനിങ്ങനെ ഇത്ര പ്രസ്സന്നവതിയായ് കാണുന്നത് . ഒന്ന് സമ്മതിക്കേൻറെ അഭീ, നിനക്കെന്താ ചേതം ?…അവളുടെകൂടി ഒരു ആഗ്രഹമല്ലേ?…ഇതെങ്കിലും ഒന്ന് നടത്തികൊടുക്ക്.നിൻറെ കുഞ്ഞനിയത്തി അല്ലെ അവള്. ”
കുറച്ചു ഗൗരവം ഏറ്റെടുത്തു അഭി….” സഹോദരൻ എന്ന സ്‌ഥാനം സ്വയം ഏറ്റെടുത്തത്, കല്യാണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനല്ല, പാലിക്കാൻ തന്നെയാ. പണ്ടും, ഇന്നും എന്നും എനിക്കവളു പെങ്ങളൂട്ടി തന്നെ. അതിനാൽ ഒരേട്ടൻറെ സ്‌ഥാനത്തുനിന്നു തന്നെയാണ് ഞാൻ പറഞ്ഞത്. ഞാനിവിടെ ഇല്ലെങ്കിലും അവളുടെ കല്യാണ ആലോചനകൾ മുറപോലെ നടക്കും. കല്യാണവും വളരേ ഭംഗിയായി…ആര്ഭാടമായിത്തന്നെ നടക്കും. ഒന്നിനും ഒരു കുറവും വരുത്താതെ, വേണ്ടുന്ന ആളും അർത്ഥവും എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ട്. ബാങ്കിൽ അവളുടെ പേരിലിട്ടിരിക്കുന്ന പണം അഥവാ, പേരെങ്കിൽ അറിയിച്ചാ മതി…ഇനിയും അയച്ചുതരാം.”
അപ്പോഴേക്കും, അതുകേട്ട് ക്ഷുഭിതൻ എന്നപോലെ അഭീടച്ഛൻ…..” നിൻറെ പൊന്നും പണവും ഒന്നുമല്ല, ഇവിടെ ആർക്കും അത്യാവശ്യം.. .അതൊക്കെ വേണ്ടവണ്ണം അളിയൻ കരുതിയിട്ടുണ്ട്. നിൻറെ വിഹാഹകാര്യത്തിൽ ഉള്ള നിൻറെ അഭിപ്രയാം നീ തുറന്ന് പറ. അതിനാണ് അവർ കാത്തുനിൽക്കുന്നത്. രണ്ട് കല്യാണവും ഒരുമിച്ചു നടത്താൻ ഞങ്ങൾക്ക് എല്ലാപേർക്കും പൂര്ണസന്തോഷം തന്നെ !.നിനക്ക് തീരുമാനമൊന്നും ഇല്ലേ ?.”
തീരുമാനം ഉറപ്പിച്ചു അഭി തുടർന്നു….” ഒരു വിവാഹത്തെക്കുറിച്ചു, ഞാൻ ഇതുവരെ ചിന്തിച്ചിട്ട് കൂടിയില്ല.ചിന്തിച്ചാൽത്തന്നെ, അത് ആലോചിക്കാനും നടത്താനും പറ്റിയ സമയവും എനിയ്ക്കിപ്പോൾ തീരെയില്ല. അതിനുപറ്റിയ മാനസ്സിക അവസ്‌ഥയിലുമല്ല….തൽക്കാലം ഞാനിപ്പോൾ . വിധി ഉണ്ടെങ്കിൽ, നടക്കേണ്ടതെല്ലാം…നടക്കേണ്ടുമ്പോൾ നടക്കും !. ഇപ്പോൾ, നാളത്തെ ട്രെയിനിന് ടിക്കറ്റ് മാറ്റിയെടുത്തിട്ടാണ് ഞാൻ വന്നേക്കുന്നത്. നാളെത്തന്നെ ഞാൻ ബോംബെക്ക് മടങ്ങും. ഒത്താൽ അധികം വൈകാതെ ദുബായിലേക്കും. കമ്പനിയുടെ ഒരു പുതിയ ഓഫിസ് അവിടെ തുടങ്ങുന്നുണ്ട്. മാനേജർ ആയിട്ടാണ്. ബെസ്റ്റ് ഓഫർ ആയതുകൊണ്ട് പോകാതിരിക്കാനാകില്ല . എങ്കിലും ശ്രീമോൾടെ വിവാഹം ശരിയാവുമ്പോൾ…കഴിവതും ഞാൻ മടങ്ങിയെത്തും. ഇല്ലെങ്കിലും….മംഗളമായിത്തന്നെ അത് നടന്നോളും. നവദമ്പതിമാരെ വിസ കൊടുത്തു വരുത്തി…അവിടെവച്ചു ഞാൻ കണ്ടോളാ൦ . അത് ഞാൻ ഒരുപക്ഷെ കല്യാണത്തിന് വന്നാലും, ഇല്ലേലും അവരുടെ ”ഹണിമൂൺ” ദുബായിൽ വച്ചുതന്നെ ആവും ഉറപ്പ് !. ”
ഇത്രയും പറഞ്ഞു എല്ലാവരെയും ഒന്ന് പരതി…ശ്രദ്ധിച്ചു നോക്കി, ഉപസംഹാരമായി അഭി….. ” ശരി, ഇപ്പോൾ എല്ലാർക്കും കാര്യങ്ങളൊക്കെ കലങ്ങിത്തെളിഞ്ഞു ഒന്ന് കൃത്യമായി കാണുമല്ലോ ?.നാളത്തെയാത്രക്ക് ചിലതെല്ലാം ഒരുക്കാനുണ്ട്. ഞാനങ്ങോട്ട് ചെല്ലട്ടെ….നിങ്ങൾ സംസാരിച്ചിരിക്ക് ….”
പറഞ്ഞു, അഭി അവൻറെ സ്വന്തം മുറിയിലേക്ക് പ്രവേശിച്ചു. അളിയനും അളിയനും നാത്തൂൻമാരും പൊന്നുമോളുമായി ചേർന്ന് ഭാവി കാര്യങ്ങൾ ചർച്ചയാക്കി മെനഞ്ഞു. അതിനടക്ക്, സഭയിൽ…വാക്ക് തർക്കങ്ങളും, പൊതുഅഭിപ്രായങ്ങളും, തമാശകളും, തീരുമാനവും ഒക്കെ മാറിമറിഞ്ഞു വന്നു. എല്ലാവരും ഒരേകൺഠത്തിൽ സംസാരിച്ചതും…
അഭിപ്രായ ഐക്യത്തിൽ എത്തിയതും എന്നാൽ ഒരു കാര്യത്തിൽ മാത്രമായിരുന്നു. അഭിയെ എങ്ങനെ?…എവിടുന്നു?…എത്രയുംവേഗം ഒരു പെണ്ണുകെട്ടിക്കാം!. വിഷയത്തിൽ…കൂലംകഷമായ ചർച്ചയും…തർക്കങ്ങളും അവിടെ സവിസ്തരം അനസ്യുതം തുടർന്നുകൊണ്ടിരുന്നു. അങ്ങനെ….സംഭവബഹുലമായ, നിറയെ വേദനകൾ പകർന്നൊരു നീണ്ട പകലും…സമാധാനത്തിൻറെ വെള്ളക്കൊടി വീശിയ ഒരു കൊച്ചു സായാഹ്നവും കൂടി…. രാത്രിയിലേക്ക് വഴിതെളിച്ചു ,വേറിട്ടൊരു ദിനമാക്കി..അങ്ങനെ, അഭിയുടെ ” ആരാമ”ജീവിതത്തിൽ നിന്ന് അടർന്നുവീണു .
തൊട്ടടുത്ത ദിവസം, ഏറെവൈകി വൈകുന്നേരം ആയിരുന്നു അഭിയുടെ ബോംബെവാഹിനിക്കുള്ള ടിക്കറ്റ്. പോകുന്നതിന് മുൻപ്, അച്ഛനോടും അമ്മയോടും എന്നല്ല…അമ്മാവനോടും അമ്മായിയോടും വരെ അഭി വീണ്ടും…നിരുപാധികം ക്ഷമ ചോദിച്ചു. കാര്യങ്ങളെല്ലാം ഒന്നുകൂടി വിശദമായി സംസാരിച്ചു ഒരു തീർപ്പ് എത്തിച്ചശേഷമാണ് അവൻ തീവണ്ടി കയറിയത്. ശ്രീക്കുട്ടിക്ക് പക്ഷെ ഉറപ്പായിരുന്നു , അലീനച്ചേച്ചിയുടെ ‘വിഷയം’ അറിഞ്ഞ പിറകെ അഭി, അവിടെ പോയി അവളെ കണ്ട് മടങ്ങിവന്നശേഷമാണ് അവനിലെ…വിവാഹകാര്യത്തിൽ തുടങ്ങി…അഭൂതപൂർവ്വമായ മാറ്റങ്ങൾക്കെല്ലാം കാരണമാക്കിയത് എന്ന് !. ഒരുവേള അവൾ മറച്ചുവയ്ക്കാതെ അതവനോട് ചോദിക്കാൻതന്നെ തയ്യാറായി . അതിന് മറുപടി, ഒരുപാട് സംസാരിക്കണം…എന്നുള്ളത്കൊണ്ട് , ഒന്നും മിണ്ടാതെ, തൽക്കാലം അർത്ഥഗർഭമായ മൗനം കൈകൊണ്ട്…എല്ലാ അമർഷവും വിധ്വെഷവും തന്നിലേക്ക് തന്നവൻ കടിച്ചമർത്തി . ഏട്ടൻ നാട്ടിലെ വിശേഷങ്ങൾ ഒന്നും തന്നെ അറിയിക്കേണ്ട എന്ന് ചട്ടം കെട്ടിയിരുന്നതിനാൽ മാത്രമാണ് താനത് ഏട്ടനെ അറിയിക്കാതിരുന്നത്…എന്നവൾ അറിയിച്ചു. എങ്കിലും അഭ്യേട്ടനിൽ നിന്നും അത് മറച്ചുപിടിച്ച തൻറെ സ്വാർഥതയിൽ അവൾക്ക് വല്ലാത്ത വേദനയും കുറ്റബോധവും തോന്നി. എന്നാൽ….തനിക്ക് അവളെ തെറ്റിദ്ധരിപ്പിക്കേണ്ടിവന്ന തെറ്റുകളിൽ…പിരിയാൻ നേരം ,അഭി പകരം ശ്രീക്കുട്ടിയോട് താഴ്മയായി ക്ഷമ ചോദിക്കുകയാണ് ഉണ്ടായത്. തിരികെ, തെറ്റുകൾ തൻറെ മാത്രമാണെന്ന് തുറന്ന് സമ്മതിച്ചു…അവൻറെ നെഞ്ചിൽ വീണ് അവൾ പൊട്ടിക്കരഞ്ഞു…മാപ്പപേക്ഷിച്ചു. അഭി, അത് തള്ളിക്കളഞ്ഞു…അവളെ ആശ്വസിപ്പിച്ചു….സർവ്വൈശ്വര്യങ്ങളും ആശംസിച്ചു, ആശ്ലേഷങ്ങളിൽ നിന്ന് മുക്തയാക്കി, സന്തോഷപുരസ്സരം സ്റ്റേഷനിലേക്ക് യാത്രയായി. അവിടെ അച്ഛനമ്മ,അമ്മാവനിൽ നിന്നെല്ലാം അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി…നിറഞ്ഞമനസ്സോടെ , തീവണ്ടിയിൽ ഇരിപ്പിടം തേടി.
അഭി പറഞ്ഞുപോയ വാക്കുകൾ…അച്ഛനും അമ്മാവനും വളരെ ആത്മാർഥതയോടെ ഏറ്റെടുത്തിരുന്നു. അവരെ സഹായിക്കാൻ…അവൻ ഏർപ്പെടുത്തിയിരുന്ന ആൾക്കാരും സമയംപോലെ അവർക്കൊപ്പം ഉണ്ടായിരുന്നു. അഭി പോയി പിറ്റേ ദിവസം മുതൽ…നിറയെ ആലോചനകൾ തകൃതിയായി വന്നുപോയി. അതിൽ മൂന്നാല് എണ്ണമെങ്കിലും…ശരിക്കും ഉറപ്പിക്കാം എന്നമട്ടിൽ എത്തിച്ചേരുകയും ചെയ്‌തു. അഭിയുടേയും പറഞ്ഞ വാക്കുകളിൽ വ്യതിചലനം ഉണ്ടായില്ല. ബോംബെയിലെത്തി, ഒരാഴ്ച തികഞ്ഞപ്പോഴേക്കും…ദുബായിലേക്ക് വിമാനം ഏറാൻ വിസ വിരുന്നുവന്നെത്തി. കമ്പനിയിൽ വെറും രണ്ടുദിവസം നീണ്ടുനിന്ന
”ഔപചാരികത”കൾ. അതുകഴിഞ്ഞു തികച്ചും പത്തു ദിവസം ആയപ്പോഴേക്കും…ബോംബെ മഹാനഗരം വിട്ട് അവൻ…ഒരു പ്രതീക്ഷയും, സ്വപ്നങ്ങളും ഇല്ലാതെ, ദുബായ് എന്ന ഏറ്റവും വലിയ സ്വപ്നനഗരിയിലേക്ക് ചിറകുവിരിച്ചു ഉല്ലാസവാനായി പറന്നുയർന്നകന്നു .
ഇനി, അൽപകാല ”ദുബായ് വിശേഷങ്ങൾ ”!…ഒപ്പം, ശ്രീമോൾ എന്ന ശ്രീക്കുട്ടിയുടെ ”വിവാഹ-വിവാഹാനന്തര വർത്തമാനങ്ങ”ളും കേൾക്കാം….കാണാം…കാണണം …കാത്തിരിക്കുക !…വരാം ഉടൻ ഉടൻ ….
സാക്ഷി ആനന്ദ്
കഴിഞ്ഞഭാഗം കഥക്ക് .. ആസ്വാദ്യകുറിപ്പ്, തീരെ ഇല്ലാതിരുന്നത് കമ്പിരഹിതം എന്നതുകൊണ്ട് മാത്രമല്ല, എന്നെനിക്ക് സുനിശ്ചിതമാണ്. കമ്പി ചവറുകൾക്ക് ഇതിനേക്കാൾ അഭിപ്രായം കിട്ടീട്ടുണ്ട്. പ്രണയം ,ഹൊറർ തുടങ്ങിയ ഇതര വിഷയങ്ങൾക്ക് നല്ല സ്വീകരണങ്ങളും കണ്ടിട്ടുണ്ട് .അപ്പോൾകാരണം, മറ്റെന്തോ ആണ്. താങ്ങും തണലുമായിരുന്ന പലരും…കളംവിട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. എന്തിനോ?..എന്തോ?..പൂജനീയസ്രേഷ്‌ഠ ആയ മറ്റൊരു ഗുരുതുല്യ സുഹൃത്ത് മാറിനിന്ന് കളിയാക്കി കളിക്കുന്നു. നടക്കട്ടെ…കാര്യവും കാരണവും എന്തോ ആയിക്കൊള്ളട്ടെ. ഒന്നിലും ഒരു വിഷമമില്ല.ആരോടും ഒരു തെറ്റും ചെയ്തിട്ടുമില്ല. ഏറ്റെടുത്ത വല്യ ദൗത്യം ഭംഗിയായി എഴുതി പൂർത്തിയാക്കുക തന്നെചെയ്യും !. ആരുടേയും ഒരു സ്നേഹവാത്സല്യവും പകർന്നു ലഭിച്ചില്ലേലും..ഒരു സ്പർശന കടാക്ഷം പോലും കഥയിൽ പതിഞ്ഞു കണ്ടില്ലേലും, കഥ പരിസമാപ്തിയിൽ എത്തിക്കുകതന്നെ ചെയ്യും. കാരണം അനുവാചകർക്ക് കഥയിലൂടെ നൽകിയൊരു ”പ്രതീക്ഷയുടെ വാക്ക്” നിറവേറ്റി തൃപ്തിപ്പെടുത്താതിരിക്കാൻ എനിക്കാവില്ല!….നന്ദി!… സാക്ഷി
Comments:
No comments!
Please sign up or log in to post a comment!