ഷഹാന Ips : ഒരു സര്‍വീസ് സ്റ്റോറി 14
അൽ ഫത്താവി ലോഡ്ജിൽ, നിലത്ത് പരസ്പ്പരം അഭിമുഖമായി സിദ്ധാർഥും ഫൈസലും ഇരുന്നു.
അവരുടെ സമീപത്ത് കസേരയിൽ ഷഹാന.
അവരെ നോക്കി കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന അർജ്ജുൻ.
ഫൈസലിന്റെയും സിദ്ധാർത്ഥിന്റെയും മദ്ധ്യത്തിൽ,നിലത്ത് തീപ്പെട്ടികൾ,ലൈറ്ററുകൾ, മൊബൈൽ ഫോണുകൾ….
“ഇതാണ് ഡോബ്രിയിലെ ഫാം ഹൌസ്…”
ഷഹാനയുടെ ബ്ളാക്ക്ബെറി മൊബൈൽ ഫോണിൽ തൊട്ട് ഫൈസൽ പറഞ്ഞു.
മറ്റുള്ളവർ ഫൈസലിന്റെ വാക്കുകളെ തീവ്രശ്രദ്ധയോടെ കേട്ടു.
അവന്റെ വാക്കുകളോരോന്നും തങ്ങളുടെ ഓർമ്മയിൽ പതിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർക്കറിയാം.
കാരണം പാക്കിസ്ഥാന്റെ പ്രത്യേകിച്ചും കറാച്ചിയുടെയും സിന്ധിൻറെയും ഭൂപടത്തിന്റെ സകല വിവരവും ഫൈസലിൻറെ കൈവെള്ളയിലുണ്ട്.
“നിക്കാഹ് ഒന്നുകിൽ അകത്തെ ഹാളിൽ അല്ലെങ്കിൽ ഇതാ ഇവിടെ….”
ഷഹാനയുടെ ബ്ളാക്ക് ബെറിയ്ക്ക് പിമ്പിൽ അയാൾ വിരൽ തൊട്ടു.
“..ഇവിടെ കെട്ടിയുയർത്തിയ ഷാമിയാനയിൽ ആയിരിക്കാം….”
ഫൈസൽ അവരെ നോക്കി.
“ഗേറ്റിൽ നിന്ന് ഫാം ഹൗസിലേക്ക് പ്രവേശിക്കുന്ന രണ്ടു പാതകൾ ഇതാണ്..”
തീപ്പെട്ടികൾ കൊണ്ട് ഉണ്ടാക്കിയ കവാടത്തിന്റെ മാതൃകയെ തൊട്ട് , വിരൽ മുമ്പോട്ട് പായിച്ചുകൊണ്ട് ഫൈസൽ തുടർന്നു.
“ഇവിടെ ഗേറ്റിൽ ദാവൂദിന്റെ സ്വന്തം സെക്യൂരിറ്റിയും ഐ എസ് ഐയുടെ ആളുകളും പിന്നെ ആർമി ഉദ്യോഗസ്ഥന്മാരുമുണ്ടാവും…”
അയാൾ വീണ്ടും മറ്റുള്ളവരെ നോക്കി.
ഷഹാനയും സിദ്ധാർഥും അർജ്ജുനും അതീവ തീവ്രമായാണ് ശ്രദ്ധിക്കുന്നത്.
“അതുപോലെ ഇവിടെയും ,ദാ ആ കവാടത്തിലെ സെക്യൂരിറ്റി ശക്തമായിരിക്കും..”
ലൈറ്ററുകൾക്കിടയിലെ വിടവുകളിൽ തൊട്ട് ഫൈസൽ പറഞ്ഞു.
“അകത്ത് നിക്കാഹ് നടക്കുമ്പോൾ നമ്മൾ ഗേറ്റിന് വെളിയിൽ ദാ ഇവിടെ…”
തീപ്പെട്ടികൾ കൊണ്ടുണ്ടാക്കിയ കവാടത്തിന്റെ മാതൃകയ്ക്ക് പുറത്ത് കൈ തൊട്ടുകൊണ്ട് ഫൈസൽ അവരെ നോക്കി.
“..ഇവിടെ നമ്മുടെ ഒരു കാറുണ്ടാവും…”
പെപ്സി ബോട്ടിലിന്റെ അടപ്പിൽ തൊട്ട് ഫൈസൽ പറഞ്ഞു.
“കാർ ഞാൻ ആയിരിക്കും ഡ്രൈവ് ചെയ്യുന്നത്. ഷഹാന അപ്പോൾ പിൻസീറ്റിൽ കലാഷ്നിക്കോവ് പോയിന്റ്റ്ഡ് ആയിപ്പിടിച്ച്…”
“ഫൈസൽ…!”
ഗൗരവമായ ആലോചനയിലായിരുന്ന സിദ്ധാർത്ഥ് പറഞ്ഞു.
“എനിക്ക് തോന്നുന്നു, ഷഹാന ഡ്രൈവിംഗ് സീറ്റിലിരിക്കട്ടെ…ഫൈസൽ പിൻസീറ്റിൽ ഗണ്ണുമായി..അങ്ങനെയാകുമ്പോൾ അഡ്വാൻറ്റേജ് പലതാണ്…”
എല്ലാവരും സിദ്ധാർത്ഥിനെ നോക്കി.
“ഒന്നാമത് ഷഹാനയുടെ ഫേസ് ആർക്കും പരിചിതമായിരിക്കില്ല അവിടെ…ഫൈസലിന്റെ മുഖം പക്ഷെ എല്ലാവരും തന്നെ തിരിച്ചറിഞ്ഞു എന്ന് വരാം..ഐ എസ് ഐ വിതരണം ചെയ്ത നോട്ടീസിൽ ഷഹാനയുടെ പഴയ ഒരു ഫോട്ടോയാണ്…അതുകൊണ്ട് ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന്മാർ നമ്മുടെ കാറിന് പെട്ടെന്ന് അപ്പ്രോച്ച് ചെയ്യുന്നത് ഒഴിവാക്കാം…”
സിദ്ധാർത്ഥ് എല്ലാവരെയും നോക്കി.
“രണ്ടാമത്…”
സിദ്ധാർത്ഥ് തുടർന്നു.
“രണ്ടാമത്തെ അഡ്വാൻറ്റേജ് ….ഡ്രൈവ് ചെയ്യുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് അത്ര എളുപ്പമല്ല…ഡ്രൈവിങ്ങിലെ പിഴവ് ഇതുപോലെ ഒരു ഓപ്പറേഷനിൽ പ്രശ്നമുണ്ടാക്കും…ഫൈസൽ പിൻസീറ്റിൽ കലാഷ്നിക്കോവ്മായി ഷഹാനയ്ക്ക്ക് ഇൻസ്ട്രക്ഷൻസ് കൊടുത്ത് ഇരുന്നാൽ വാഹനത്തെ ശരിക്ക് നിയന്ത്രിക്കാനും സ്ഥലത്തിന്റെ വീക്ക് പോയിൻറ്റ്സ് മുതലെടുക്കാനും പറ്റും…”
അത് ശരിയാണ് എന്ന് ഫൈസലിന് തോന്നി.
“ശരി ..അപ്പോൾ ഷഹാന ഡ്രൈവിംഗ് സീറ്റിൽ…ഷഹാനയുടെ കാറിന് അൻപത് മീറ്റർ അകലത്തിൽ എക്സ്പ്ലോസീവ്സ് നിറച്ച അർജ്ജുന്റെ കാർ…”
ഫൈസൽ അർജ്ജുനെ നോക്കി. “”അർജ്ജുൻ…”
ഷഹാന അർജ്ജുനെ നോക്കി.
“സ്‌പേസ് ഡിസ്റ്റൻസ് എപ്പോഴും സേഫായിരിക്കണം..
ജി പി എസ് സിഗ്നലുകൾ നമ്മുടെ രണ്ടുകാറുകൾക്ക് വിളിയിലേക്ക് പോകാതെ ഞാൻ റെഗുലേറ്റ് ചെയ്തിട്ടുണ്ട്…എന്റെ കാറിൽ റൂഫിലായിരിക്കും എക്സ്പ്ലോസീവ്സ് പ്ലേസ് ചെയ്തിരിക്കുക…അർജ്ജുന്റെ കാറിൽ ഗ്യാസ് സിലിണ്ടറുമായി ആയിരിക്കും കണക്റ്റഡ്…ഡിസ്റ്റൻസ് സേഫ് ആയി മെയിന്റൈൻ ചെയ്തില്ലെങ്കിൽ പ്രശ്നമാകും…”
“അതേറ്റു മാഡം..”
അവൻ പെരുവിരലുയർത്തി അവളെ കാണിച്ചു.
“ഫിഫ്റ്റി മീറ്റർ ഡിസ്റ്റൻസ് ഇപ്പോഴും മെയിന്റൈൻ ചെയ്തിരിക്കും..”
“ഞാൻ ബൊക്കെയുമായി വെളിയിലിറങ്ങും…”
ഫൈസൽ തുടർന്നു.
“കലാഷ്നിക്കോവിന്റെ ബട്ട് സൈഡ് എന്റെ കോട്ടിനകത്ത് ആയിരിക്കും. പോയിന്റ് ബൊക്കെയുടെ അകത്തും. വെളിയിലിറങ്ങി ഞാൻ ഗേറ്റിനു നേരെ നടക്കും..ഇവിടെ നിൽക്കുന്ന ഗാർഡ്സിനെ ഞാൻ വെടിവെക്കും…”
തീപ്പെട്ടികൾക്ക് അടുത്ത് വെച്ചിരുന്ന പെപ്സി അടപ്പുകളിൽ തൊട്ട് ഫൈസൽ പറഞ്ഞു.
“അതേ സമയം വെളിയിലുള്ള സിദ്ധാർത്ഥ് ഇതാ ഇവിടെ നിൽക്കുന്ന ഗാഡ്‌സിനെ ആക്രമിക്കും…”
വലത് സൈഡിലെ പെപ്സി അടപ്പുകളിൽ തൊട്ട് ഫൈസൽ പറഞ്ഞു.
“അപ്പോൾ ചുറ്റുപാടുകൾ മൊത്തത്തിൽ കൺഫ്യൂഷൻ ആകും..ആകെ ബഹളം ഓട്ടം ഒക്കെ…ആ അവസരത്തിൽ ഷഹാന ഗേറ്റിനുള്ളിലൂടെ അകത്തേക്ക് കടക്കണം…”
ഫൈസൽ ഷഹാനയെ നോക്കി.
“പക്ഷേ…”
ഷഹാന ഫൈസലിനെയും സിദ്ധാർഥിനെയും മാറി മാറി നോക്കി.
“ഞാൻ കാറകത്തേക്കെടുക്കുന്ന സമയം അവിടെയുള്ള ഗാഡ്‌സ് …കാരണം ഇത് ഫസ്റ്റ് ഗാർഡൻ ആണ് ഫാം ഹൗസിനുള്ളിലെ…അവിടെ ഗാർഡ്‌സ് ഉണ്ടാവും …അവർ എന്നെ ഷൂട്ട് ചെയ്‌താൽ…”
“ഷഹാന…”
സിദ്ധാർത്ഥ് മുമ്പോട്ട് കുനിഞ്ഞ് നിലത്ത് വെച്ചിരുന്ന ഒരു ചായഗ്ളാസ്സിൽ തൊട്ടു.
“ഷഹാനയെ ഷൂട്ട് ചെയ്‌താൽ ..എന്തെങ്കിലും പറ്റിയാൽ …ഈ മിഷൻ വീണ്ടും പരാജയപ്പെട്ടു…പിന്നെ ഒന്നും ചെയ്യാനില്ല…അതുകൊണ്ട്…ഇതിലെ കാറെടുക്കരുത്…”
അവൻ ഫൈസലിനെ നോക്കി.
ഫൈസൽ ബാക്കി പറയൂ എന്ന അർത്ഥത്തിൽ സിദ്ധാർത്ഥിന്റെ നോക്കി.
“…അതുകൊണ്ട് ….”
സിദ്ധാർത്ഥ് തുടർന്നു.
“..ഫസ്റ്റ് ഗാർഡനിലെ ഗാർഡ്സിനെ ഞാൻ അറ്റാക്ക് ചെയ്യും ….ആ സമയം സെക്കൻഡ് ഗാർഡനിലെ ഗാഡ്‌സ് മൊത്തം അവിടേക്ക് വരും …അതുകൊണ്ട് കാർ ഇതിലെ അതായത് സെക്കൻഡ് ഗാർഡന്റെ ലെഫ്റ്റിലൂടെ ഡൈവേർട്ട് ചെയ്യുക…”
ബോധ്യമായി എന്ന അർത്ഥത്തിൽ ഷഹാന സിദ്ധാർത്ഥിന്റെ നേരെ നോക്കി.
“വെരി ഗുഡ് സിദ്ധു..,”
ഫൈസൽ പുഞ്ചിരിച്ചു.
“ദാറ്റ്സ് വിൽ ബി എ മാസ്റ്റർ സ്‌ട്രോക്…!”
അയാൾ അഭിനന്ദനം നിഴലിക്കുന്ന ഒരു നോട്ടം സിദ്ധാർത്ഥിന്റെ കണ്ണുകളിൽ പതിപ്പിച്ചു.
“അപ്പോഴേക്കും ഷഹാനയുടെ കാർ ഹാളിന്റെ മുമ്പിൽ എത്തിയിരിക്കും…”
ഫൈസൽ തുടർന്നു.
“കാറിന്റെ വരവ് കണ്ട് അവിടെയുള്ള ഗാഡ്‌സ് മുഴുവൻ വളഞ്ഞു വെടിവെക്കും…ആ സമയം അർജ്ജുൻ നിക്കാഹ് ഷാമിയാനയിലേക്ക് കുതിച്ച് കയറണം…”
“എനിക്ക് വെടിയേൽക്കും…”
ഷഹാന പറഞ്ഞു.
“…അപ്പോൾ സ്റ്റിയറിങ് വീലിൽ കണക്റ്റ് ചെയ്ത സോളോ മൊഡ്യൂൾ ഞാൻ ആക്റ്റിവേറ്റ് ചെയ്യും…ചുറ്റും സ്‌മോക്ക് നിറയാൻ തുടങ്ങും…”
“അതെ…”
സിദ്ധാർത്ഥ് പറഞ്ഞു.
“അപ്പോഴേക്കും അർജ്ജുന്റെ വണ്ടി ദാവൂദിന്റെയും ഫാമിലിയുടെയും അടുത്തെത്തും…അർജ്ജുൻ റെഡ് ബട്ടൺ പ്രസ്സ് ചെയ്യും…”
“പിന്നെ കറാച്ചിയിൽ ഹോളി…!! ചോരയുടെ!!”
അർജ്ജുൻ പൊട്ടിച്ചിരിച്ചു.
അതെ, ഫൈസൽ സ്വയം പറഞ്ഞു.
ജീവിതത്തിൽ പരാജയപ്പെട്ടു.
രാജ്യത്തെ തോൽപ്പിച്ചു.
ഒരു ജയം വേണം.
ഒരു ജയമെങ്കിലും.
അതിന് ജീവൻ കൊടുക്കണം.
ഗൗളി സ്വന്തം ദേഹംമുറിച്ചെറിഞ്ഞാണ് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുന്നത്.
ജീവൻ വലിച്ചെറിഞ്ഞ് ഞങ്ങൾ ജയിക്കാൻ പോകുന്നു.
രാജ്യം തങ്ങളിലേൽപ്പിച്ച ജോലി മരണം കൊണ്ടെങ്കിലും ജയിച്ചേ പറ്റൂ.
അതിന് ദാവൂദിനെ സ്ഫോടനത്തിലൂടെ കൊല്ലുക.
അയാളോടൊപ്പം തങ്ങളും മരിക്കുക.
ആര് പറഞ്ഞു ചാവേറുകളാവുക എന്നത് വിഷമം പിടിച്ചതാണ് എന്ന്!
മെഹ്‌നൂർ …
ഒരു കാര്യത്തിലെ എനിക്ക് സങ്കടമുള്ളൂ.
മാപ്പ് ചോദിക്കാനുള്ള അവസരം നീയെനിക്ക് തന്നില്ല.
ഈ മരണം അതിനും കൂടിയുള്ള പ്രായച്ഛിത്തമാണ്.
**********************************
കറാച്ചി നാഗരാതിർത്തി.
ഡോബ്രി ഫാം ഹൌസ്.
സമയം: പ്രഭാതം പത്ത് മണി.
ഗേറ്റിന് ഇരുനൂറ് മീറ്റർ ദൂരെ കറുത്ത കൊറോളയിൽ, ഡ്രൈവിംഗ് സീറ്റിൽ നിക്കാബ് ധരിച്ച് ഷഹാന. അവൾക്ക് പിമ്പിൽ വെസ്റ്റേൺ സ്യൂട്ടിൽ ഫൈസൽ. അയാളുടെ മടിയിൽ മടിയിൽ പനിനീർപ്പൂക്കൾ കൊണ്ടുണ്ടാക്കിയ ഒരു ബൊക്കെ. അയാൾക്ക് സമീപം കറുത്ത ടീഷർട്ടിൽ കറുത്ത ഗ്ളാസ് അണിഞ്ഞ് സിദ്ധാർത്ഥ്.
അവരുടെ കാറിന് അൻപത് മീറ്റർ ദൂരെ മറ്റൊരു കൊറോളയിൽ, ഡ്രൈവിംഗ് സീറ്റിൽ അർജ്ജുൻ റെഡ്ഢി. പിൻസീറ്റ് നിറയെ റ്റിയൂട്ടൻ ആർ ഡി എക്സ്. ചുവന്ന വയറുകൾ ഘടിപ്പിച്ച എൽ പി ജി സിലിണ്ടർ.
“കാർ മൂവ് ചെയ്യുന്ന മോമെന്റ്റ് ഞാൻ പുറത്തിറങ്ങും”
സിദ്ധാർത്ഥ് പറഞ്ഞു.
“ഹ്മ്മ്…”
ഫൈസൽ പറഞ്ഞു.
“അതിന് മുമ്പ് ഗാർഡ്സിന്റെ മൂവ്മെൻറ്റ്സ് വാച്ച് ചെയ്യണം, ശരിക്കും…”
“ചടങ്ങ് പതിനൊന്നിന് എന്നാണ് അറിഞ്ഞത്…അത് ചിലപ്പോൾ …ചിലപ്പോഴല്ല …. തീർച്ചയായും തെറ്റായ സമയമായിരിക്കാം…”
ഒരു മണിക്കൂർ മുമ്പ് ദാവൂദ് ഇബ്രാഹിം, ഭാര്യ റൂബിയാത്ത് ബീഗം, നവവരൻ റിസ്വാൻ ഷഹബാത്ത് കെസ്‌ക്കർ തുടങ്ങിയവരെ ആനയിച്ചുകൊണ്ടുള്ള ബാരാത്ത് സുരക്ഷാഉദ്യോഗസ്ഥന്മാർക്കിടയിലൂടെ ഫാം ഹൗസിലെ ഹാളിലേക്ക് പ്രവേശിക്കുകയായിരുന്നു.
നവവധുവും ബന്ധുക്കളും പൂക്കളും ധൂപങ്ങളുമായി അവരെ എതിരേറ്റു.
കറാച്ചിയിലെ ഏറ്റവും വലിയ ബാൻഡായിരുന്നു വാദ്യഘോഷം മുഴക്കിയത്.
പിമ്പിൽ തിളങ്ങുന്ന വേഷത്തിൽ നർത്തകർ.
മുമ്പിൽ കുതിരമേൽ വിവാഹത്തിന്റെ നവാസി ഉറക്കെ വിളിച്ചു പറഞ്ഞു:
“വരൻ റിസ്വാൻ ഷഹബാത്ത് കെസ്‌ക്കർ, പിതാവ് ഷെഹ്‌സാദ്, മാതാവ് റൂബിയാത്ത് , വധു ലത്തീഫാ യുഹാനാ നഖ്‌വി പിതാവ് യൂസുഫ് മാതാവ് ഹാഗാർ നിക്കാഹ് ഷാമിയാനയിലേക്ക് സ്വാഗതം ….”
അകത്ത് മൗലവിയുടെ മുമ്പിലേക്ക് ബാരാത്ത് പ്രവേശിച്ചു.
വധുവിനോടൊപ്പം സ്ത്രീകളും വരനോടൊപ്പം പുരുഷന്മാരും അതീവഭംഗിയുള്ള സപ്രമഞ്ചത്തിൽ ഇരുന്നു.
“വധുവിന്റെ വാലിയത്ത്, പിതാവ്‍ വരനിൽ നിന്ന് മെഹർ സ്വീകരിച്ചാലും.
മൗലവി നിർദ്ദേശിച്ചു.
വെള്ളിപ്പാത്രത്തിൽ വരൻ റിസ്വാൻ വധുവിന്റെ പിതാവ് യൂസുഫിന് മെഹർ നൽകി.
“കുബൂൽ റിവാസ് തുടങ്ങട്ടെ,”
മൗലവി പറഞ്ഞു.
മൗലവി വിശുദ്ധ ഖുർആൻ എടുത്തു. കണ്ണുകളടച്ചു പ്രാർത്ഥിച്ചതിന് ശേഷം അടയാളം വെച്ച ഭാഗമെടുത്ത് വായിച്ചു.
“ഇനി ലിജാബ് എ കുബൂൽ…”
മൗലവി പറഞ്ഞു.
അൽപ്പ നിമിഷത്തെ പ്രാർത്ഥനയ്ക്ക് ശേഷം മൗലവി വരനോട് ചോദിച്ചു.
“കുബൂൽ ആണോ?”
“കുബൂൽ ആണ്”
റിസ്വാൻ പറഞ്ഞു.
പിന്നെ സുന്ദരിയായ നാണം കലർന്ന പുഞ്ചിരിയോടെ വരനെ നോക്കി.
പിന്നെ മൗലവി വധുവിനോട് ചോദിച്ചു.
“കുബൂൽ ആണോ?”
ഹിജാബിൻറെ സുതാര്യതയിലൂടെ വധു ആദ്യം നാണത്തോടെ റിസ്വാനെ നോക്കി.
പിന്നിൽ കണ്ണുകളിൽ പവിഴം തോൽക്കുന്ന തിളക്കത്തോടെ പറഞ്ഞു.
“കുബൂലാണ്..”
“ഇനി നിക്കാഹ് നാമാ…”
ഒരു ഖാസി ക്രീം നിറത്തിലുള്ള ഉടമ്പടി പത്രങ്ങൾ കൊണ്ടുവന്നു.
പിന്നെ വിശുദ്ധ ഖുർആൻ വായിക്കപ്പെട്ടു.
വരനും വധുവും സാക്ഷികളും ഒപ്പുവച്ചു.
“ഖുത്ബാ നടക്കട്ടെ!”
മൗലവി പ്രഖ്യാപിച്ചു.
വരനും വധുവും വിശുദ്ധ ഖുർആനിൽ തൊട്ട് പ്രതിജ്ഞ ചെയ്തു.
“ദുറൂദ്…”
മൗലവി പറഞ്ഞു.
വരന്റെയും വധുവിന്റെയും രക്ഷകർത്താക്കൾ അനുഗ്രഹപ്രാർത്ഥന ചൊല്ലി. ആർസി മുഷറഫിന് ശേഷം രുഖ്സാത്ത് ചൊല്ലാൻ എല്ലാവരും എഴുന്നേറ്റു. വധു വരന്റെ അമ്മയുടെ അടുത്തേക്ക് ചെന്ന് അവരുടെ ആശ്ലേഷം സ്വീകരിച്ചു. പിന്നെ വിശുദ്ധ ഖുർആനെടുത്ത് വരന്റെ ‘അമ്മ വധുവിന്റെ ശിരസ്സിൽ തൊട്ടു.
അതിന് ശേഷം മൗലവി വലിമ ചൊല്ലി.
വലിമയ്ക്ക് ശേഷം ജനറൽ ജഹാംഗീർ ഖറാമത്തും റോഷൻ ദുറാനിയും ദാവൂദിന്റെ പിമ്പിലേക്ക് ചെന്നു.
“ഷെഹ്‌സാദ് ഭായി..”
ജനറൽ അയാളുടെ കാതിൽ മന്ത്രിച്ചു.
“കറാച്ചിയിലേക്കല്ല…ഐ എസ് ഐ സേഫ് ഹൗസിലേക്കാണ് പോകേണ്ടത്…”
“പ്രോബ്ലം ഉണ്ടോ?”
ദാവൂദ് അതെ സ്വരത്തിൽ അയാളോട് മന്ത്രിച്ചു.
“ഉണ്ട്,”
ജനറൽ പറഞ്ഞു.
“ഷെറാട്ടണിൽ നടന്നതിനേക്കാൾ വലുത്. ഇന്റലിജൻസ് റിപ്പോർട്ട് ആണ്. രണ്ട് ടീമുകളായാണ് റോ വന്നിരിക്കുന്നത്. ഒന്ന് പരാജയപ്പെട്ടാൽ അടുത്തത് …ആദ്യത്തെ നമ്മൾ പരാജയപ്പെടുത്തിയില്ലേ…?”
“ശരി…”
ദാവൂദ് ഫ്രണ്ട് ഗേറ്റിലേക്ക് തിരിഞ്ഞു.
“ഭായി…”
ജനറൽ വിളിച്ചു.
ദാവൂദ് തിരിഞ്ഞു നിന്നു.
ചോദ്യരൂപത്തിൽ ജനറലിനെ നോക്കി.
“അതിലെയല്ല…”
ജനറൽ ഇടത് വശത്തെ ഗേറ്റിലേക്ക് നോക്കി.
“ഇതിലെ..”
“ഓക്കേ…’
ദാവൂദ് ചിരിച്ചു.
പിന്നെ ഇടത് വശത്തെ ഗേറ്റിലേക്ക് തിരിഞ്ഞു.
ഗേറ്റിന് വെളിയിൽ കടന്ന് ദാവൂദ് അകത്തേക്ക് നോക്കി.
“ഇക്രം എവിടെ?”
അയാൾ ചുറ്റും നോക്കി.
ഹാളിന് സമീപം റിസ്വാനോടും ലത്തീഫയോടും വർത്തമാനം പറഞ്ഞു നിൽക്കുന്ന ഇക്രമിനെ അയാൾ കണ്ടു.
“ഇക്രാം!”
ദാവൂദ് ഉറക്കെ വിളിച്ചു.
ഇക്രം തിരിഞ്ഞു നോക്കി.
“വാ! വന്ന് വണ്ടിയിൽ കയറ്,”
പാക്കിസ്ഥാന്റെ ദേശീയ മൃഗമായ മാർഖോറിന്റെ ചിഹ്നം പതിപ്പിച്ച വാഹനത്തിന്റെ ഡോർ റോഷൻ ദുറാനി തുറന്നു.
ആദ്യം ദാവൂദും പിന്നെ ഇക്രവും വാഹനത്തിലേക്ക് കയറി.
വലത് വശത്തെ ഗേറ്റിന് വെളിയിൽ അതൊക്കെ കണ്ടുനിൽക്കയായിരുന്ന ഫൈസലും സംഘവും അമ്പരന്നു.
“ച്ചെ!!”
ഫൈസൽ മുഷ്ടി ചുരുട്ടി സീറ്റിലിടിച്ചു.
“നൗ! ആക്റ്റിവേറ്റ് പ്ലാൻ ബി!”
അയാൾ പറഞ്ഞു.
“അർജുനോട് പറ!”
****************************************************
ഡോബ്രി ഫാം ഹൗസിന് രണ്ടുകിലോമീറ്റർ അകലെ ഖിജോൾ ഗ്രാമം.
പച്ചപ്പിന് നടുവിലുള്ള ഗ്രാമ പാതയിലൂടെ ഐ എസ് ഐയുടെ വാഹനവും അതിന്റെ മുമ്പിലും പിമ്പിലും സുരക്ഷാഉദയഗസ്ഥന്മാരുടെ വാഹനങ്ങളും നീങ്ങിക്കൊണ്ടിരുന്നു.
മുൻ സീറ്റിൽ ദാവൂദ് ഇബ്രാഹിമും അയാളുടെ അടുത്ത് ഇക്രവും പിന് സീറ്റിൽ ജനറൽ ഖറാമത്തും അയാളുടെ തൊട്ടടുത്ത് റോഷൻ ദുറാനിയുമിരുന്നിരുന്നു.
പെട്ടെന്ന് ഇക്രം തന്റെ മൊബൈലെടുത്തു.
“ഹലോ ഇർഫാൻ…ഏഹ് ..എന്താ …കുഴപ്പമോ..റോ…എന്താ ..ഇറങ്ങാനോ? പറ്റില്ല ..ഞാൻ ഷെഹ്‌സാദ് ഭായിയുടെ കൂടെയാണ്..അങ്ങനെ നീ പറഞ്ഞാലൊന്നും എനിക്ക് ഇറങ്ങാൻ പറ്റില്ല….”
അത് പറഞ്ഞ് അരിശത്തോടെ അവൻ ഫോൺ പോക്കറ്റിലേക്ക് വെച്ചു.
“എന്താ?”
കൈയുയർത്തി ദാവൂദ് അവനോട് ചോദിച്ചു.
“ഒന്നുമില്ല ഭായ്ജാൻ…”
ഇക്രം പറഞ്ഞു.
കാർ ഒരു റെയിൽവേ ഗേറ്റിനോട് സമീപിച്ചു.
പെട്ടെന്ന് ദൂരെ നിന്ന് ഒരു ട്രെയിൻ വരുന്നതിന്റെ ശബ്ദം കേട്ടു.
റയിൽവേ ഗേറ്റടഞ്ഞു.
“ഈ സമയത്ത് ഇതിലെ ഏതാണ് ഒരു ട്രെയിൻ?”
ദാവൂദ് അദ്‌ഭുതപ്പെട്ടു.
പിമ്പിൽ നിന്ന് എന്തോ ശബ്ദം കേട്ട് അയാൾ പുഞ്ചിരിച്ചു.
“ജനറൽ ഭായി…”
അയാൾ പിമ്പോട്ട് മുഖം തിരിച്ചുകൊണ്ടു പറഞ്ഞു.
“പ്ലാൻ കൊള്ളാം! എവിടെ വെച്ച് എന്നെ തീർക്കാനാ പരിപാടി?”
ആ നിമിഷം ജനറൽ ഖറാമത്തിന്റെയും റോഷന്റെയും കൈകളിൽ ആയുധങ്ങൾ പ്രത്യക്ഷപ്പെട്ടു.
പോക്കറ്റിൽ നിന്ന് തോക്കെടുക്കാൻ തുടങ്ങിയ ഇക്രമിനെ അയാൾ തടഞ്ഞു.
“ഇക്രം! വേണ്ട! ഈ വണ്ടി മാത്രമല്ല..ഈ ….ഈ നാടും ഈ ചെറ്റകളുടെയാ…ഇവമ്മാരുടെ മേത്ത് മണ്ണുവീണാൽ പിന്നെ അത് വലിയ പ്രശ്നമാകും…”
അപ്പോഴേക്കും ഒരു ഗുഡ്‌സ് ട്രെയിൻ അതിലൂടെ പാഞ്ഞുപോയി.
ഗേറ്റ് തുറക്കപ്പെട്ടു. വാഹനവ്യൂഹം വീണ്ടും ഒരു കിലോമീറ്റർ കൂടി ഉള്ളിലേക്ക് പോയി.
മുമ്പിലെ വാഹനങ്ങൾ നിൽക്കപ്പെട്ടു.
പിമ്പിലേയും ദാവൂദ് കയറിയ വാഹനവും.
വിജനമായ ഇടം. പാതയോരം നിറയെ പച്ചപ്പുകൾ. അതിനപ്പുറത്ത് വലിയ മരങ്ങൾ വളർന്ന് നിന്നു.
ഇടത് വശത്ത് ഉപേക്ഷിക്കപ്പട്ട ഫാൿറ്ററിക്കെട്ടിടങ്ങൾ.
പരിസരത്ത് ആരുമുണ്ടായിരുന്നില്ല. മുമ്പിലും പിമ്പിലും നിർത്തിയ വാഹനങ്ങളിൽ നിന്ന് ആയുധധാരികളായ പട്ടാളക്കാർ ചാടിയിറങ്ങി.
ദാവൂദിനും ഇക്രമിനും മുമ്പിൽ തോക്കുകൾ ചൂണ്ടി അവർ വലയം തീർത്തു.
“ഷുക്രിയാ…”
ദാവൂദ് ജനറൽ ഖറാമത്തിനോട് പറഞ്ഞു.
“മകന്റെ നിക്കാഹ് കഴുയുംവരെ കാത്തിരിക്കാൻ ക്ഷമ കാണിച്ചല്ലോ!”
“പഴയ ഒരു സുഹൃത്തിനോട് അത്രയെങ്കിലും ചെയ്യണ്ടേ?”
പരിഹാസ്യമായ പുഞ്ചിരിയോടെ ജനറൽ തിരിച്ചടിച്ചു.
നിസ്സഹായത ഭാവിച്ച് ദാവൂദ് ഇബ്രാഹിം തലകുലുക്കി.
“പക്ഷെ ..പക്ഷെ എന്തായിത് ജനറൽ..? ബോംബെ പോലീസിന്റെ നിലവാരം പോലും നിങ്ങൾക്കില്ലേ എന്നെ കൊല്ലുന്ന കാര്യത്തിലെങ്കിലും? “
അയാൾ വിജയിയെപ്പോലെ പുഞ്ചിരിച്ചു.
“എന്നെ എത്ര ഈസിയായി കൊല്ലാമെന്നാണ് നിങ്ങൾ കരുതുന്നത് ജനറൽ ഭായി? ഇക്രമിനെ നിങ്ങൾക്കറിയുമോ? എന്റെ ഊഹം ശരിയാണ് എങ്കിൽ ഇക്രത്തിന്റെ മൊബൈലിൽ നിന്ന് ഇതിനോടകം മെസേജ് പോയിട്ടുണ്ട് എന്റെ ആളുകൾക്ക്! ചിലപ്പോൾ അവർ നിങ്ങളെ വളഞ്ഞിരിക്കുകയുമാവാം!”
“ഏഹ്!”
ജനറൽ ചുറ്റും നോക്കി.
അയാൾക്ക് പക്ഷെ അടുത്തൊന്നും ആരെയും കാണാൻ സാധിച്ചില്ല.
ഭയാക്രാന്തനായി റോഷൻ ദുറാനി ഇക്രമിന്റെ കയ്യിൽ നിന്ന് അയാളുടെ മൊബൈൽ പിടിച്ചു വാങ്ങിച്ചു .
ഓൺ ചെയ്തു.
മെസേജ് ഫോൾഡർ എടുത്തു.
“ഇർഫാൻ, ഐ എസ് ഐ സേഫ് ഹൗസിലേക്ക് പോകുന്നു…ആളുകളെ ഒരുക്കുക…”
അയാൾ ആ മെസേജ് വായിച്ചു.
“ഷിറ്റ്!!”
റോഷൻ ആ മൊബൈൽ ദേഷ്യത്തോടെ എറിഞ്ഞുടച്ചു.
ആ നിമിഷം റോഷന്റെ നെറ്റി തുളച്ച് വെടിയുണ്ട പുറത്ത് വന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ ചുറ്റും നോക്കി.
ആ തക്കത്തിന് തോക്കെടുത്ത് ഇക്രാം അവരെ വെടിവെച്ചു. ഒന്ന് രണ്ട് പട്ടാളക്കാർ വീണു.
ജനറൽ ഖറാമത്ത് വെടിവെച്ചതാരെന്നറിയാൻ തിരിഞ്ഞു നോക്കി.
പിശാചിനെ കണ്ടത് പോലെ അയാൾ വിറച്ചു.
ഉപേക്ഷിക്കപ്പെട്ട ഫാക്റ്ററിയുടെ തകർന്ന് ജനലിനപ്പുറം കലാഷ്നിക്കോവ് ചലിപ്പിക്കുന്ന ഫൈസൽ ഗുർഫാന് ഖുറേഷി!
നടരാജ ശിവതാണ്ഡവത്തിലെന്നപോലെ അയാളുടെ കൈകൾ ചലിക്കുകയാണ്!
ഫാക്റ്ററിയുടെ പിമ്പിൽ നിന്ന് കലാഷ്നിക്കോവ്മായി സിദ്ധാർത്ഥ് വായുവിലുയർന്നു പൊങ്ങുന്നു.
അയാളുടെ കണ്ണുകൾ ഉന്മാദിയെപ്പോലെ വെടിയുതിർക്കുന്ന ഇക്രമിലാണ്.
ഇക്രം പക്ഷെ അയാളെ കാണുകയുണ്ടായില്ല.
ഇക്രത്തിന്റെ പിമ്പിൽ നൃത്തമുദ്രകളോടെ നിൽക്കുന്ന പർവീണിനെ സിദ്ധാർത്ഥ് കണ്ടു… പർവീൺ….!
ഞാൻ പ്രണയിച്ചതും കാമിച്ചതും ഒരുവളെ മാത്രമാണ്…
ഒരുവളുടെ ദേഹത്തിന്റെ പ്രണയച്ചൂട് മാത്രമേ എന്റെ ആത്മാവിനെ തപിപ്പിച്ചിട്ടുള്ളൂ….
ഒരുവളുടെ കണ്ണുകളിൽ മാത്രമേ ഞാൻ എന്റെ തന്നെ ജീവന്റെ പവിഴമുത്തുകൾ കണ്ടിട്ടുള്ളൂ…
അയാളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. ഉയർത്തിയ കൈകളിൽ തോക്കുമായി അയാൾ വീണ്ടും ചാടിയുയർന്നു.
വായുവിൽ ഉയർന്നു നിൽക്കുമ്പോൾ അയാൾ ഇടത് കൈകൊണ്ട് പോക്കറ്റിൽ നിന്ന് കത്തിയെടുത്തു.
സൂര്യവെളിച്ചം തട്ടി അതിന്റെ മൂർച്ച തിളങ്ങി.
ഊരിപ്പിടിച്ച കത്തിയോടെ അയാൾ വിക്രമിന്റെ തലയുടെ മുകളിൽ ഉയർന്നു.
ഒന്ന് കറങ്ങി തിരിഞ്ഞ ഇക്രം തന്റെ കഴുത്തിന് നേരെ താഴ്ന്ന് വരുന്ന കത്തിയുടെ വെള്ളിത്തിളക്കം കണ്ടു.
അടുത്ത നിമിഷം അയാളുടെ കഴുത്ത് വരഞ്ഞ് മുറിച്ചു കൊണ്ട് സിദ്ധാർത്ഥ് നിലത്ത് നിന്നു.
കഴുത്തിലെ അർദ്ധവൃത്താകൃതിയിൽ, ആഴത്തിലുള്ള മുറിവിൽ നിന്ന് ഇരുണ്ട ചോരയുടെ പ്രവാഹം അയാൾ വിവാഹച്ചടങ്ങിൽ അണിഞ്ഞ വെള്ള കുർത്തയെ നനച്ചു.
പ്രാണൻ വേർപെടും മുമ്പ്, തുറന്ന വായോടെ, തന്റെ നെറ്റിക്ക് നേരെ ചൂണ്ടിയ തോക്കുമായി നിൽക്കുന്ന സിദ്ധാർത്ഥത്തിന്റെ മുഖത്തേക്ക് ഇക്രം നോക്കി.
“പർവീൺ ഖുർഷിദയ്ക്ക് വേണ്ടി…”
കേൾവിയുടെ അവസാന തന്മാത്രയും കാതുകളിൽ നിന്ന് നിഷ്ക്രമിക്കുന്നതിന് മുമ്പ് ഇക്രം അത് കേട്ടു.
പിന്നെ തുറന്ന വായിലൂടെ ഒരു വെടിയുണ്ട അയാളുടെ തലതുളച്ചു കടന്നു. ഐ എസ് ഐ ചിഹ്നമായ മഖോറിന്റെ ചിത്രം പതിപ്പിച്ച വാഹനം അവിടെ നിന്ന് അകന്നുപോയി.
“ജനറൽപോയത് നന്നായി,”
ഫൈസൽ സ്വയം പറഞ്ഞു.
“അല്ലായിരുന്നെങ്കിൽ സിദ്ധു അയാളെ വെടിവെച്ചട്ടേനെ…അങ്ങനെ സംഭവച്ചാൽ!”
നിലത്തു വീണ ദാവൂദ് ഇബ്രാഹിം പിടഞ്ഞെഴുന്നേറ്റു.
അയാൾക്ക് ഒന്നും മനസിലായില്ല.
വിഷമിച്ച് കണ്ണുകൾ തുറന്ന് അയാൾ ചുറ്റും നോക്കി.
ചിതറിയ കരിയിലകൾ പോലെ പലയിടത്തും വീണു കിടക്കുന്ന പട്ടാളക്കാർ.
വെടിയുണ്ടകളേറ്റ് തുളഞ്ഞ വാഹനങ്ങൾ.
പക്ഷെ ഒരു കാഴ്‌ച്ച അയാളുടെ ചോരയെ അക്ഷരാർത്ഥത്തിൽ മരവിപ്പിച്ചു.
കഴുത്ത് പിളർന്നു കിടക്കുന്ന ഇക്രമിന്റെ ശരീരം.
തനിക്ക് ചുറ്റും നിൽക്കുന്നവരെ കാണാൻ അയാൾ കണ്ണുകൾ തിരുമ്മി നോക്കി.
ചൂണ്ടിയ തോക്കുകൾക്ക് പിമ്പിൽ ഫൈസൽ ഗുർഫാൻ ഖുറേഷി, ഷഹാന സാദിഖ്, സിദ്ധാർത്ഥ് സൂര്യവൻഷി , അർജ്ജുൻ റെഡ്ഢി.
“യൂ ആർ അണ്ടർ കസ്റ്റഡി ഓഫ് റോ…!”
ഫൈസൽ പറഞ്ഞു.
“റോ ഓഫ് ഇന്ത്യ!”
Comments:
No comments!
Please sign up or log in to post a comment!