ഷഹാന Ips : ഒരു സര്‍വീസ് സ്റ്റോറി 13
ഹാമിൽട്ടൺ തെരുവിൽ എത്തുമ്പോൾ ഒരു ജനസമുദ്രത്തെയാണ് സിദ്ധാർഥ് കാണുന്നത്.
അയാൾ ക്ളീൻ ഷേവ് ചെയ്ത് തലമുടിയുടെ സ്റ്റൈൽ മാറ്റിയിരുന്നു.
ആളുകളുടെ സംസാരത്തിൽ നിന്ന് സിന്ധിൽ നിന്നുള്ളവരുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും അടിച്ചു തകർക്കപ്പെട്ടു എന്ന് മനസ്സിലായി.
സിന്ധിൽ നിന്നുള്ളവർക്ക് ഇന്ത്യയോടാണ് അടുപ്പമെന്ന് പൊതുവെ ആളുകൾക്ക് ഒരു വിശ്വാസമുണ്ട്.
അങ്ങനെയല്ല എന്ന് സിന്ധികൾ പരമാവധി പ്രകടിപ്പിക്കാൻ ശ്രമിച്ചാലും.
അൽ അമീൻ റെസ്റ്റോറൻറ്റിന്റെ മുമ്പിലാണ് ഏറ്റവും കൂടുതൽ ആൾക്കൂട്ടം. ആളുകളുടെ മദ്ധ്യത്തിലേക്ക് നോക്കിയ സിദ്ധാർത്ഥ് ഒരു നിമിഷം പകച്ചു നിന്നു.
ഇക്രം!
ഇവനെന്താണ് ഇവിടെ?
ആരോടോ വെല്ലുവിളി നടത്തുകയാണ്,അവൻ.
അവന്റെ വെളുത്ത കുർത്ത നിറയെ ചോര!
“ഷെഹ്‌സാദ് ഭായിയെ തൊട്ടിട്ട് അങ്ങനെ വലിയ ആളാകാമെന്ന് ഒരു ഹുന്ദുസ്ഥാനി പട്ടീം വിചാരിക്കണ്ട! തുണ്ടം ! തുണ്ടമായി ,അരിയും ഞാൻ,”
തന്നെ നോക്കി നിൽക്കുന്ന ജനക്കൂട്ടത്തോട് അവൻ പ്രഖ്യാപിച്ചു.
“പാക്കിസ്ഥാനിൽ എന്ത് നടക്കണം എന്ത് നടക്കരുത് എന്ന് ഷെഹ്‌സാദ് ഭായി തീരുമാനിക്കും. പോലീസിനോട് പറയും. അനുസരിക്കും. പട്ടാളത്തോട് പറയും അനുസരിക്കും.സർക്കാരിനോട് പറയും അനുസരിക്കും. എന്നിട്ടാണ് കുറെ ഹിന്ദുസ്ഥാൻ പട്ടികൾ ഒണ്ടാക്കാൻ നടക്കുന്നെ! ഫൂ!”
പെട്ടെന്ന് സിദ്ധാർത്ഥ് അത് കണ്ടു.
ഇക്രമിന്റെ തോളിൽ പർവീണിന്റെ ചുനരി!
താൻ വാങ്ങിക്കൊടുത്ത പച്ചയും ചുവപ്പും ഇടകലർന്ന ഡിസൈനുള്ള ലാഹോർ ചുനരി!
ഈശ്വരാ…!
അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി.
അവൻ മുമ്പോട്ട് നടന്നു. ഇക്രമിന്റെ അടുത്തെത്തി.
അതെ!
അവന്റെ തോളിലേക്ക് സൂക്ഷിച്ച് നോക്കി സിദ്ധാർഥ് ഉറപ്പിച്ചു.
“എന്താടാ നോക്കുന്നെ? ചോര കണ്ടിട്ടില്ലേ?”
തന്റെ മുമ്പിൽ നിൽക്കുന്ന സിദ്ധാർഥിനോട് അവൻ ചോദിച്ചു.
അത് പറഞ്ഞിട്ട് അവൻ സിദ്ധാർത്ഥിന്റെ നെഞ്ചിൽ ചോരപ്പാട് പറ്റിയ കൈത്തലം അമർത്തി.
സിദ്ധാർത്ഥിന്റെ ഷർട്ട് ചോരയിൽ കുതിർന്നു.
അതേ മണം.
ആംബുലൻസിൽ ,ചോരയിൽ കുളിച്ച് പർവീണിനെ ആദ്യമായി കാണുമ്പോൾ തനിക്ക് അനുഭവപ്പെട്ട ഗന്ധം!
അവൻ പെട്ടെന്ന് പർവീണിന്റെ വീടിന്റെ ഭാഗത്തേക്ക് തിരിഞ്ഞു.
ധൃതഗതിയിൽ പടികൾ ഓടിക്കയറി.
വാതിൽ തുറന്നു കിടന്നിരുന്നു.
“പർവീൺ! പർവീൺ!!”
അവൻ ഉച്ചത്തിൽ വിളിച്ചു.
പ്രതികരണമുണ്ടായില്ല.
ചങ്ക് പിളരുന്നത് പോലെ അയാൾക്ക് തോന്നി.
പെട്ടെന്ന് ചോരയുടെ ചാൽ ഒരു നൂലുപോലെ അടുത്ത മുറിയിൽ നിന്നൊഴുകി വരുന്നു!
അവൻ അങ്ങോട്ടേക്ക് ഓടി.
അവിടെയെത്തി പിടിച്ചുകെട്ടിയത് പോലെ നിന്നു.
കിടക്കയിൽ കഴുത്ത് മുറിച്ചു മാറ്റിയ നിലയിൽ അനക്കമറ്റ ശരീരം!
“ഓഹ്ഹ്!!!”
ജീവിതത്തിൽ ആദ്യമായി അയാൾ കരഞ്ഞു.
സ്വയം പഴിച്ചു.
ശപിച്ചു. അവളുടെ ദേഹത്തെ അയാൾ പൂണ്ടടക്കം പിടിച്ചു. തണ്ടൊടിഞ്ഞ പനിനീർപുഷ്പ്പം പോലെ ചൂട് മാറാത്ത ദേഹം!
അനാഥമായി ഉപേക്ഷിക്കരുത്.
അവളുടെ മുഖം കയ്യിലെടുത്ത് അയാൾ സ്വയം പറഞ്ഞു.
അവൻ ഒരു തുണിയിൽ അവളുടെ ദേഹം പൊതിഞ്ഞു. വൃത്തിയുള്ള തുണികളെടുത്ത് വീണ്ടും മൃതദേഹത്തെ പൊതിഞ്ഞു. പിന്നെ അവളെയും ചുമന്നുകൊണ്ട് പടികളിറങ്ങി.
ഇരുളിലൂടെ ഒരു വെളിമ്പുറത്തേക്ക് നടന്നു.
നടന്ന് നടന്ന് തീർത്തും വിജനവും ഏകാന്തവുമായ ഒരിടത്തെത്തിയപ്പോൾ അവൻ അവളെ നിലത്ത് സാവധാനം വെച്ചു.
ടോർച്ച് തെളിച്ച് സമീപത്തുനിന്നും കുറെ ഉണങ്ങിയ വിറകുകൾ പെറുക്കിക്കൂട്ടി ചിതയൊരുക്കി.
അന്ത്യേഷ്ടി നിർവഹിക്കണം.
പിന്നെ അവൻ ഷർട്ടഴിച്ചു.
അവൻ കിഴക്കോട്ട് തിരിഞ്ഞു നിന്നു.
കണ്ണുകളടച്ചു.
പിന്നെ നിലത്ത് നിന്ന് പർവീണിന്റെ ദേഹം എടുത്തുയർത്തി.
ചിതമേൽ വെച്ചു. പിന്നെ വീണ്ടും ടോർച്ച് തെളിച്ച് അയാൾ ചുറ്റും നോക്കി.
ആര്യപത്രി ചെടികൾ ചുറ്റും വളർന്നിരുന്നു.
അതിൽ നിന്നും അയാൾ കുറച്ച് പൂക്കൾ പറിച്ചു.
ചെടികൾക്ക് മേൽ കണ്ണുനീർത്തുള്ളികൾ വീഴുമ്പോൾ അയാളോർത്തു: എന്നാണു ഞാൻ അവസാനമായി കരഞ്ഞത്?
ഓർമ്മ കിട്ടുന്നില്ല.
പർവീണാ…
പൂ പറിക്കുന്നതിനിടയിൽ അയാൾ ഒരുക്കിയ ചിതയ്ക്ക് മുകളിൽ ചുവപ്പും പച്ചയും നിറമുള്ള തുണികളിൽ പൊതിഞ്ഞ പർവീണിന്റെ നേരെ നോക്കി.
വെള്ളത്തുണിയാണ് വേണ്ടത്.
പക്ഷെ…
ഞാൻ അഗ്നിഹോത്രിയല്ല.
വിധിയും നിഷ്ഠയും ആചാരങ്ങളുമാറിയില്ല.
ഈശ്വരൻ എന്റെ പ്രവർത്തികളെ അംഗീകരിക്കുമോ എന്നുമറിയില്ല.
എന്നാലും പർവീണാ….
വിലപിച്ചുകൊണ്ട് അയാൾ പൂക്കൾ പിഴുതെടുത്തു.
എന്നിട്ട് തിരികെ വന്ന് അടുക്കിയ വിറകിന്മേൽ വെച്ച ദേഹത്ത് അതർപ്പിച്ചു.
ചെറിയ കമ്പുകൾക്ക് ലൈറ്ററിൽ നിന്ന് തീ പകർന്നു
ചിത കത്താൻ തുടങ്ങിയപ്പോൾ അയാൾക്ക് പൂർണ്ണമായും നിലതെറ്റി.
പക്ഷെ വേദമന്ത്രങ്ങൾ ചൊല്ലിപ്പഠിപ്പിച്ച അച്ഛനെയോർത്തപ്പോൾ അയാളുടെ ചുണ്ടുകൾ വിടർന്നു.
അയാൾ ദക്ഷിണായനത്തിലേക്ക് നോക്കി.
.
“ജ്ഞാത സംസ്ക്കാരൈണേമം ലോകമഭിജയതി മൃത സംസ്ക്കാരൈണാമു ലോകമാ തസ്യാന്മാതരം പിതരമാചാര്യ പത്നി പുത്രംശി യമന്തേ വാസിനം പിത്രുവ്യം മാതുലം സഗോത്രമ സഗോത്രം വ ദായമുപയ ചേ ദഹനം സംസ്ക്കാരേണ സംസ്‌കൃവന്തി…” ഹേ ദേഹി നിന്നിലുണ്ടായിരുന്ന ആത്മാവ് ജന്മാന്തരങ്ങളുടെ അന്ത്യത്തിൽ സ്വർഗ്ഗപ്രാപ്തി നേടട്ടെ… ഉദകക്രിയകളുടെ പ്രാരംഭമൊക്കെ വൃത്തിയ്ക്ക് വിധേയമായി ഞാൻ അനുഷ്ഠിക്കുന്നു….
കാട്ടുപൂക്കളും ഉരഗങ്ങളും മണക്കുന്ന വെളിമ്പുറത്തെ കാറ്റ് ചിതാഗ്നിയുടെ തീവ്രത വർധിപ്പിച്ചു.
ചിത കത്തിതീരുവോളവും അയാൾ മന്ത്രോച്ചാരണം തുടർന്നു.
ചിതയടങ്ങിയപ്പോൾ അവൻ അതിനരികിൽ കിടന്നു.
പുലരിയിൽ വെളിമ്പുറത്തെ മരങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം കടന്നു വന്നപ്പോൾ സിദ്ധാർഥ് എഴുന്നേറ്റു.
കത്തിയമർന്ന ചിതയിലേക്ക് നോക്കിയതിന് ശേഷം അയാൾ ചിതാഭസ്മം ഒരു തുണിയിൽ ശേഖരിച്ചു.
എമ്പ്രസ്സ് റോഡിലെ ലോഡ്ജിൽ തിരികെയെത്തിയപ്പോൾ അയാൾ അദ്‌ഭുതപ്പെട്ടു.
കതക് പുറത്ത് നിന്ന് ലോക്ക് ചെയ്തിട്ടില്ല!
അതിനർത്ഥം?
ലോഡ്ജിന്റെ പല ഭാഗത്തും ആളുകൾ നിന്ന് സംസാരിക്കുന്നുണ്ട്.
അവരുടെ നിൽപ്പിലും ഭാവത്തിലും ഒരു സ്വാഭാവികതയുണ്ട്.
എന്നുവെച്ചാൽ ഇതുവരെ തങ്ങളുടെ ഒളിയിടത്തെക്കുറിച്ച് പൊലീസിന് അറിവൊന്നുമില്ലേ?
അയാൾ സാവധാനം പടികൾ കയറി.
അയാളെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് അകത്ത് ഷഹാനയും ഫൈസലുമിരിക്കുന്നത് കണ്ടു.
സിദ്ധാർത്ഥിനെ കണ്ട് അവർ പരസ്പ്പരം നോക്കി.
“നീ പോയില്ലേ?”
ഫൈസൽ ചോദിച്ചു.
“എവിടെ…? എവിടെ പർവീൺ?”
ഷഹാന സിദ്ധാർഥിനോട് ചോദിച്ചു.
സിദ്ധാർത്ഥ് ചിതാഭസ്മം പൊതിഞ്ഞ തുണി മേശപ്പുറത്ത് വെച്ചു.
“ഇതിലുണ്ട്…”
അവൻ പറഞ്ഞു.
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവർ കണ്ടു.
ഷഹാനയും ഫൈസലും ഒന്നും മനസ്സിലാകാതെ വീണ്ടും പരസ്പ്പരം നോക്കി.
“ഇക്രാം…”
സിദ്ധാർത്ഥ് പറഞ്ഞു.
ഫൈസലും ഷഹാനയും ബാക്കിയൊക്കെ ഊഹിച്ചു.
സിദ്ധാർത്ഥിന്റെ ഏത് വിധത്തിൽ ആശ്വസിപ്പിക്കുമെന്നറിയാതെ അവർ കുഴങ്ങി.
ഷഹാന അവനെ ചേർത്ത് പിടിച്ചു.
അപ്പോൾ നിയന്ത്രണം നഷ്ട്ടപ്പെട്ട് അവൻ വിതുമ്പി.
ഫൈസലും ഒപ്പം നിന്ന് അവന്റെ തോളിൽ പിടിച്ചു.
“നമ്മൾ നഷ്ടങ്ങളോടൊപ്പമാണ് യാത്ര ചെയ്യുന്നത് എപ്പോഴും,”
ഫൈസൽ പറഞ്ഞു.
“നഷ്ടങ്ങളെ വരിക്കുന്നവർ..നഷ്ടങ്ങൾ ആണ് നമ്മുടെ പ്രണയിനികൾ…അതൊക്കെ സമ്മതിച്ചാണ് നമ്മൾ ഇതിനൊക്കെ ഇറങ്ങി പുറപ്പടുന്നത്..അതുകൊണ്ട്…”
പിന്നെ ഷഹാന തങ്ങൾക്ക് പറ്റിയത് വിവരിച്ചു.
“രാജ്യം നമ്മളെപ്പോലെയുള്ളവർക്ക് നൽകുന്ന പ്രതിഫലം ഇതൊക്കെയാണ്…”
ഷഹാനയ്ക്കും ഫൈസലിനും നേരിട്ട അനുഭവങ്ങൾ കേട്ട് സിദ്ധാർത്ഥ് പറഞ്ഞു.
“പക്ഷെ ..അതല്ല ..എങ്ങനെ മെഹ്‌നൂറിനെയും സുൾഫിക്കറേയും അവിടെ നിന്ന്…ഇപ്പോൾ അങ്ങോട്ട് പോയാൽ….”
വിവരണത്തിന്റെ അന്ത്യം വാതിൽക്കലേക്ക് നോക്കുമ്പോൾ അവിടെ അർജുൻ നിൽക്കുന്നത് കണ്ടു.
“എന്ത് പറ്റി?”
ഷഹാന അവനോട് ചോദിച്ചു.
“ഷിപ്പ്യാഡ് മുഴുവൻ പൊലീസാണ്..ഒരീച്ചയ്ക്ക് പോലും കടക്കാൻ കഴിയില്ല അവരറിയാതെ!” “മറ്റു വഴിയൊന്നും കാണാതെ ഞാൻ തിരിച്ചു പൊന്നു. അവിടെ നിന്നാൽ പോലീസ് പിടിക്കും. ഇവിടെ നിന്നാലും പോലീസ് പിടിക്കും. ഇവിടെ ആണെങ്കിൽ പിടിക്കപ്പെടുന്നത് വരെ നീണ്ട് നിവർന്ന് കിടക്കുകയെങ്കിലും ചെയ്യാമല്ലോ. പതിനഞ്ച് ദിവസത്തെ വാടക മുൻകൂർ കൊടുത്തത് അല്ലെ?”
സിദ്ധാർത്ഥ് ഒന്നും മിണ്ടാതെ വെളിയിലേക്കിറങ്ങി.
പുറത്തേക്ക് നോക്കി.
അൽപ്പം കഴിഞ്ഞ് ഷഹാന തിടുക്കത്തിൽ ഇറങ്ങി വന്ന് അവന്റെ അടുത്ത് നിന്നു.
“സിദ്ധു!”
അവൾ വിളിച്ചു.
അവളുടെ വിളിയിലെ അപകടം തിരിച്ചറിഞ്ഞ് അവൻ അവളെ നോക്കി.
“വന്നേ!”
അവൾ അവന്റെ കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.
ടി വി ന്യൂസിലേക്ക് നോക്കി തരിച്ചിരിക്കയാണ് ഫൈസൽ.
“എയർപോർട്ടിൽ ഭീകരാക്രമണം…”
സിദ്ധാർഥ് ന്യൂസ് റീഡറുടെ വാക്കുകൾ കേട്ടു.
“ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. അവരുടെ യാത്രാ രേഖകളിൽ നിന്ന് മെഹ്‌നൂർ ഖാൻ എന്നാണ് പേര്. കറാച്ചി സ്വദേശിയാണ്. അവരോടൊപ്പമുണ്ടായിരുന്ന കുട്ടിയ്ക്ക് കുഴപ്പമൊന്നുമില്ല…”
സ്‌ക്രീനിൽ പുഞ്ചിരിയോടെ നിൽക്കുന്ന സുൽഫിക്കറിന്റെ ചിത്രം.
ഷഹാന പുറത്ത് കടന്നു.
സിദ്ധാർത്ഥിന്റെ കണ്ണിലൂടെ ആംഗ്യം കാണിച്ച് വിളിച്ചു.
സിദ്ധാർത്ഥ് പുറത്തിറങ്ങി.
“ഫൈസലിനെ തടയണം…”
അവൾ പറഞ്ഞു.
“ഫൈസൽ ഇപ്പോൾ എയർ പോർട്ടിലേക്ക് പോകും!”
പറഞ്ഞു തീർന്നതും തന്റെ ബാഗുമായി ഫൈസൽ പുറത്തേക്ക് വന്നു.
“ഫൈസൽ!”
അയാളെ വിലക്കിക്കൊണ്ട് ഷഹാന തോളിൽ പിടിച്ചു.
“അബദ്ധം കാണിക്കരുത്..ഇപ്പോൾ പോകരുത്…”
“എന്റെ മോൻ …! എന്റെ മോൻ അവിടെ തനിച്ച് .
ഫൈസലിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
“ഈ മിഷനിൽ ഓരോരുത്തർക്കും വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്, ഫൈസൽ. ഇപ്പോൾ അങ്ങോട്ട് പോകുന്നത് ബുദ്ധിയല്ല…”
ഫൈസൽ അവിടെ നിന്നും നോട്ടം മാറ്റി.
“ഇപ്പോളതൊന്നും കേൾക്കാനുള്ള ഒരു ..ഒരു മനസികാവസ്ഥയിലല്ല ഞാൻ …”
അയാൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
“നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് പോയെ പറ്റൂ…എന്റെ കുഞ്ഞ്…”
“എങ്ങോട്ട് പോകാനാണ്?”
സിദ്ധാർത്ഥ് പരുക്കൻ സ്വരത്തിൽ ചോദിച്ചു.
“ഏഹ്? എങ്ങോട്ട് പോകാനാണെന്? എയർപോർട്ടിലേക്കോ? അവിടെ എവിടെയുണ്ടാകും സുൾഫി? ഇത്രയും നാൾ ഏജൻസിയിൽ ഉണ്ടായിരുന്നിട്ടും നിങ്ങൾക്ക് പ്രതിയോഗിയുടെ സാമർഥ്യം മനസ്സിലാക്കാൻ പറ്റുന്നില്ല എന്ന് പറയുന്നത് കഷ്ടമാണ്…!” ഫൈസൽ സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി.
“സിദ്ധു പറയുന്നതിൽ കാര്യമുണ്ട്, സാർ,”
അർജ്ജുൻ പറഞ്ഞു.
“സാറിനെ അവരുടെ അടുത്തെത്തിക്കാൻ ഐ എസ് ഐ ഒരുക്കുന്ന കെണിയാണിത്. സാറിനെ അവിടേക്ക് കൊണ്ടുവരാൻ!”
“കുഞ്ഞ് തനിച്ചാണ് എന്നറിയുമ്പോൾ ഫൈസൽ അങ്ങോട്ട് വരുമെന്ന് അവർക്കറിയാം,”
“എന്ന് വെച്ചാൽ മെഹ്‌നൂർ മരിച്ചെന്ന് പറയുന്ന ഈ ന്യൂസ് വ്യാജമാണ് എന്നാണോ?”
മൂവരും പരസ്പ്പരം നോക്കി.
“നിങ്ങൾക്ക് ഒരു പ്രതീക്ഷ തരാൻ എനിക്കിഷ്ടമല്ല..വാർത്ത ശരിയായിരിക്കാം. പക്ഷെ അത് കേട്ട് ഇപ്പോൾ സുൽഫിയെ കാണാൻ പോയാൽ നിങ്ങളെ അവർ ബാക്കി വെച്ചേക്കില്ല…”
സിദ്ധാർത്ഥ് ഒന്ന് നിർത്തി ഫൈസലിനെ നോക്കി.
“മെഹ്‌നൂറിനെ കൊന്നു എന്ന് എന്ന് പറയുന്നവർക്ക് എന്തും ചെയ്യാൻ കഴിയും….”
സിദ്ധാർത്ഥ് ഉറച്ച സ്വരത്തിൽ പറഞ്ഞു.
“സുൾഫി ജീവനോടെ ഇരിക്കുന്നു എന്ന കള്ളം പറയുന്നതടക്കം!”
ഫൈസൽ സിദ്ധാർത്ഥിന്റെ കണ്ണുകളിലേക്ക് നോക്കി.
“ഫൈസൽ ഗുർഫാൻ ഖുറേഷി…”
ശബ്ദത്തിൽ വീണ്ടും ദൃഢത വരുത്തി സിദ്ധാർത്ഥ് അയാളെ വിളിച്ചു.
“ഈ മിഷൻ തുടങ്ങി വെച്ചത് നിങ്ങളാണ്…ഇപ്പോൾ ഇത് അവസാനിപ്പിക്കേണ്ടതും നിങ്ങളുടെ നേതൃത്വത്തിൽ ആയിരിക്കണം…”
അയാളുടെ സ്വരത്തിന്റെ ആവേശച്ചൂടിൽ ഷഹാനയും അർജ്ജുനും ഉത്സാഹത്തോടെ തലകുലുക്കി.
“കാരണം നമ്മൾ ഇപ്പോൾ എല്ലാം നഷ്ട്ടപ്പെട്ടവരാണ്…”
സിദ്ധാർത്ഥ് തുടർന്നു.
“നമുക്ക് രാജ്യം നഷ്ട്ടപ്പെട്ടു…അവർക്ക് വേണ്ടാത്തവരായി തീർന്നു നമ്മൾ…ഇവിടെ നമ്മൾ ഏത് നിമിഷവും കൊല്ലപ്പെടും…എനിക്കും നിങ്ങൾക്കും ഇനി എന്താണ്,ആരാണ് അവശേഷിക്കുന്നത്, സ്വന്തമായി?”
ഫൈസലിന്റെ കണ്ണുകളിൽ അഗ്നി എരിയുന്നത് അവർ കണ്ടു.
ക്രമേണ അവരുടെ കണ്ണുകളും അതേറ്റു വാങ്ങി.
********************************************** കറാച്ചി ആർമി കൺറ്റോൺമെൻറ്.
“ഷെഹ്സാദിന്റെ കയ്യിലെ ഡോസിയർ നമുക്ക് ഒരു തലവേദനയാകും,”
ജനറൽ ജഹാംഗീർ ഖറാമത്ത് തന്റെ മുമ്പിലിരിക്കുന്നവരെ നോക്കി പറഞ്ഞു.
റോഷൻ ദുറാനിയും ആർമിയിലെയും ഐ എസ് ഐയിലേയും മുതിർന്ന ഉദ്യോഗസ്ഥരും അപ്പോൾ അവിടെ സന്നിഹിതരായിരുന്നു.
“ഇന്ത്യയിൽ നടന്ന ഏകദേശം നാൽപ്പതോളം ബ്ളാസ്റ്റുകളെ കുറിച്ചുള്ള സകല ഡീറ്റയിൽസും അതിൽ കാണണം. ഓഡിയോ വിഷ്വൽ ക്ലിപ്പുകളടക്കം…അത് പുറത്തായാൽ ഞാനോ റോഷനോ ഇവിടെയുള്ളവരോ ആർമിയോ ഐ എസ് ഐയ്യോ മാത്രമല്ല അപകടത്തിലാവുന്നത്…ഗവണ്മെന്റ് മുഴുവൻ വിഷമിക്കും ..രാജ്യാന്തര തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെടും….”
മാറുള്ളവർ പരിഭ്രമത്തോടെ പരസ്പ്പരം നോക്കി.
“ഇന്റലിജൻസ് വെളിപ്പെടുത്തിയതനുസരിച്ച് ആ ഡോസിയർ ഇക്രമിന്റെ കയ്യിലാണ്,”
ജനറൽ ഖറാമത്ത് തുടർന്നു.
“അവനെ അറിയൂ അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന്…നമുക്ക് അത് എങ്ങനെയും കണ്ടെത്തണം …അല്ലെങ്കിൽ …”
മുമ്പിലിരിക്കുന്നവർ അത്യാകാംക്ഷയോടെ ജനറലിനെ നോക്കി.
“അല്ലെങ്കിൽ?”
റോഷൻ ദുറാനി ചോദിച്ചു.
“അല്ലെങ്കിൽ ഷെഹ്സാദിനെ വക വരുത്തുക…!”
ജനറൽ ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇക്രമിനെയും…!”
മറ്റുള്ളവർ വീണ്ടും അദ്‌ഭുതത്തോടെ, അവിശ്വാസത്തോടെ പരസ്പ്പരം നോക്കി.
“അയാൾ രാജ്യത്തിന് ഒരു ബാധ്യതയായിരിക്കുകയാണ്…അയാൾ കാരണം എന്ത് മാത്രം ഇന്റർനാഷണൽ പ്രഷർ നമുക്ക് ഉണ്ടായിട്ടുണ്ടെന്ന് എല്ലാവര്ക്കും അറിയില്ലേ?”
“പക്ഷെ സാർ..!”
റോഷൻ ചോദിച്ചു.
“രണ്ടു കാരണങ്ങളാൽ പ്രശ്നമുണ്ടാക്കും അത്…”
എല്ലാവരും അയാളെ നോക്കി.
“ഒന്ന് അയാൾ രാജ്യത്തെ ഏറ്റവും വലിയ ചാരിറ്റി ഫണ്ട് സോഴ്സ് ആണ്…പിന്നെ …”
“പിന്നെ ..അത് ഞാൻ പറയാം…”
ജനറൽ ഇടയിൽ കയറി.
“അയാളുടെ സിൻഡിക്കേറ്റ്…ലോകത്ത് .പ്രത്യേകിച്ചും പാക്കിസ്ഥാനിലും ഇന്ത്യയിലും അമേരിക്കയിലും അയാൾക്കുള്ളത്ര സ്പൈ നെറ്റ് വർക്ക് മറ്റാർക്കുമില്ല…എല്ലായിടത്തും അയാൾക്ക് ഇൻ റോഡ്‌സ് ഉണ്ട്. ഇൻഫോർമേഴ്‌സ് ഉണ്ട്…അതുകൊണ്ട് ഇത് സാധ്യമോ എന്നായിരിക്കാം; അല്ലേ?”
“എക്‌സാറ്റ്‌ലി!”
റോഷൻ പറഞ്ഞു.
“അതിന് ഒരു വഴിയുണ്ട്…”
ജനറൽ ജഹാംഗീർ ഖറാമത്ത് നെറ്റിയിൽ വിരലോടിച്ചു.
“നാളെ ഡോബ്രിയിലെ അയാളുടെ ഫാം ഹൗസിൽ വെച്ചാണ് മുടങ്ങിയ നിക്കാഹ് നടക്കുന്നത്…”
“അതെ അവിടെവെച്ചാണ്…”
റോഷൻ പറഞ്ഞു.
“ഷെറാട്ടണിൽ വെച്ച് അയാളെ പിടിക്കാൻ ശ്രമിച്ച റോ ഏജന്റ്റ്സിനെ ഇതുവരെയും പിടികിട്ടിയിട്ടില്ല…”
ജനറൽ ജഹാംഗീർ ഖറാമത്ത് തുടർന്നു.
“അതിനർത്ഥം വളരെ രഹസ്യമായ ഒരിടത്ത് അവർ രണ്ടാമതൊരു അവസരത്തിന് കാക്കുന്നുണ്ട് എന്നല്ലേ? അതേ..അവർക്ക് നമ്മൾ തന്നെ രഹസ്യവിവരം നൽകുന്നു…അവർക്ക് നമ്മൾ തന്നെ അയാളുടെ ഫാം ഹൗസിനെക്കുറിച്ചുള്ള വിവരം കൈമാറുന്നു…റോ ഏജന്റ്റ്സ് അവിടെയെത്തുന്നു…അവർ ഷെഹ്സാദിനെയും ഇക്രമിനെയും ഷൂട്ട് ചെയ്യുന്നു ..അപ്പോൾ നമ്മൾ ഇന്റെർഫിയർ ചെയ്യുന്നു…അവരെ ഷൂട്ട് ചെയ്യുന്നു …നമ്മുടെ തലവേദനയെന്താ? ഏത് വിധത്തിലും ഇക്രമിനെയും ഷെഹ്സാദിനെയും ഇല്ലാതാക്കുക! അതവർ ചെയ്യും…പക്ഷെ ന്യൂസ് വരുന്നത് ചാരിറ്റി ഫണ്ട് റൈസർ ഷെഹ്‌സാദ് അലിയാസ് ദാവൂദ് ഇബ്രാഹിം റോയുടെ വെടിയേറ്റ് മരിച്ചു..പക്ഷെ പാക്കിസ്ഥാൻ പട്ടാളം അയാളുടെ കൊലയാളികളെ വധിച്ചു…!”
കേട്ട് നിന്നവർക്ക് കാര്യം ബോധ്യമായി എന്ന് ജനറലിന് തോന്നി.
“നമ്മൾ ഒരു സ്ട്രാറ്റജി ഉപേക്ഷിക്കുകയാണ്…”
ജനറൽ വീണ്ടും പറഞ്ഞു.
“അതായത് ശത്രുവിന്റെ ശത്രു മിത്രമാണ് എന്ന സ്ട്രാറ്റജി…കാരണം ശത്രുവിന്റെ ശത്രു ഇപ്പോൾ നമുക്ക് മിത്രമല്ല ,ഏറ്റവും വിഷമുള്ള ശത്രുവായി തീർന്നിരിക്കുന്നു…ആ വിഷം തുടച്ചു കളയാൻ സമയമായി…” ******************************************
ഫൈസലും മറ്റുള്ളവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോൺ വന്നത്.
“ഈ നമ്പർ…”
” സൈബർ വിങ് ഹാക്ക് ഹാക്ക് ചെയ്തിരിക്കാം!…”
രണ്ടും കൽപ്പിച്ച്, ലൌഡ് സ്പീക്കറിൽ വെച്ച ശേഷം ഫൈസൽ ഫോൺ അറ്റൻഡ് ചെയ്തു.
“നാളെ ഡോബ്രിയിൽ, ഫാം ഹൗസിൽ, ഷെഹ്‌സാദ് ഭായിയുടെ മകന്റെ മുടങ്ങിയ നിക്കാഹ് നടക്കുന്നു!”
അത് പറഞ്ഞതും ഫോൺ കട്ടായി.
അവർ അദ്‌ഭുത സ്തബ്ധരായി ഇരുന്നു.
ഫൈസൽ എന്തോ ഓർത്തു. പിന്നെ ഒരു നമ്പർ ഡയൽ ചെയ്തു.
“ഡാനിഷ്…അതെ ഫൈസൽ ആണ്…ഒരു ഇൻഫർമേഷൻ കിട്ടി..അത് ശരിയാണോ അല്ലയോ എന്നറിയണം..ദാവൂദിന്റെ മകന്റെ മുടങ്ങിയ നിക്കാഹ് അയാളുടെ ഫാം ഹൗസിൽ വെച്ച് നാളെ നടക്കുന്നുണ്ടോ…? ആണോ …? സമയം? പത്തുമണി…ഓക്കേ ..ഓക്കേ …”
ഫൈസൽ ഉറക്കെ ചിരിച്ചു. സംഭാഷണമത്രയും കേട്ട കൂട്ടുകാരും ആ ചിരിയിൽ ഒത്തുകൂടി.
“ആദ്യത്തെ സന്ദേശം അയച്ചത് ഒന്നുകിൽ ഐ എസ് ഐ ..അല്ലെങ്കിൽ ആർമി…”
ഫൈസൽ പറഞ്ഞു.
“അല്ലെങ്കിൽ രണ്ടു കൂട്ടരും ഒരുമിച്ച്,”
ഷഹാന അഭിപ്രായപ്പെട്ടു.
“അതെ,”
സിദ്ധാർത്ഥ് പെട്ടെന്ന് അവളോട് യോജിച്ചു.
“കാരണം അതിനാണ് കൂടുതൽ സാധ്യത,”
“അതിന്റെ ഉദ്ദേശം നമ്മളെ ട്രാപ്പ് ചെയ്യാനാണല്ലേ?”
അർജ്ജുൻ ചോദിച്ചു.
“അല്ല,”
ഫൈസൽ പെട്ടെന്ന് പറഞ്ഞു.
“ആയിരുന്നെകിൽ ഡാനിഷിൽ നിന്ന് ആ വിവരം നമുക്ക് കിട്ടുമായിരുന്നില്ല…”
“ആരാണ് ഈ ഡാനിഷ്?”
“ഹോട്ടൽ ഷെറാട്ടണിലെ ഡെക്യൂരിറ്റി…”
“അപ്പോൾ…?”
അർജ്ജുൻ സംശയത്തോടെ ഫൈസലിനെ നോക്കി.
“ഷഹാന,സിദ്ധു,അർജ്ജുൻ ..എലാവരും ശരിക്ക് ഒന്ന് ആലോചിച്ചേ…ആദ്യത്തെ ഇൻഫർമേഷന്റെ ഉദ്ദേശം എന്താണ്?”
“പാകിസ്ഥാൻ പട്ടാളവും ഐ എസ് ഐയും നമ്മൾ ദാവൂദിനെ പിടിക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അത് എന്തിന് വേണ്ടിയാവണം?”
“ആ നിമിഷം നമ്മെളെയും കൊല്ലാൻ!”
അർജ്ജുൻ പറഞ്ഞു.
“പക്ഷെ നികാഹ് പോലെ ഒരു ചടങ്ങ് നടക്കുന്നിടത്തേക്ക് പട്ടാളവും ഐ എസ് ഐയും നമ്മളെ പറഞ്ഞു വിടണമെങ്കിൽ?”
ഷഹാന ചോദിച്ചു.
“അതിനർത്ഥം ചടങ്ങ് നമ്മൾ മുടക്കുക എന്ന് അവർ ആഗ്രഹിക്കുന്നുണ്ട്..ഷെറാട്ടണിൽ മുടങ്ങിയത് പോലെ!”
സിദ്ധാർത്ഥ് അതിനുള്ള ഉത്തരം പറഞ്ഞു.
“എന്താ അങ്ങനെ ആഗ്രഹിക്കുന്നതിന്റെ അർഥം?”
ഷഹാന വീണ്ടും ചോദിച്ചു.
“അതിന് ഒരർത്ഥമേയുള്ളൂ!”
ഫൈസൽ പറഞ്ഞു.
“അത്…”
“അതിനർത്ഥം ദാവൂദിനെ എന്നെന്നേക്കുമായി ഒഴിവാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നുണ്ട് എന്ന്..അല്ലെ?”
ഷഹാന ചോദിച്ചു.
“യെസ്!”
സിദ്ധാർഥും അർജ്ജുനും ഫൈസലും ഒരുമിച്ച് ഉത്തരം പറഞ്ഞു.
“അതിന് ഒരർത്ഥം കൂടിയുണ്ട് ഷഹാന!”
ഫൈസൽ പെട്ടെന്ന് പറഞ്ഞു.
“നമ്മുടെ മരണവും. അല്ലേ?”
സിദ്ധാർത്ഥ് പെട്ടെന്ന് ചോദിച്ചു.
“അതേ…”
ഫൈസൽ പറഞ്ഞു.
“നമ്മൾ ദാവൂദിനെ കൊല്ലുന്ന നിമിഷം ആർമി ഐ എസ് ഐ ആളുകൾ നമ്മളെ കൊല്ലും …മിക്കവാറും ഇത് ജഹാംഗീർ ഖറാമത്തിന്റെ ബുദ്ധിയാകണം…കാർഗിൽ പരീക്ഷിച്ച് പരാജയപ്പെട്ട ബുദ്ധി!
[തുടരും]
Comments:
No comments!
Please sign up or log in to post a comment!