ഷഹാന Ips : ഒരു സര്‍വീസ് സ്റ്റോറി 12
ജിന്നാ ഇന്റർനാഷണൽ എയർപോർട്ട്, കറാച്ചി.
എയർപോർട്ട് കൺട്രോൾ റൂമിന്റെ വലത് വശത്ത് കോർണറിൽ ആണ് സെക്യൂരിറ്റി വിങ്.
പാക്കിസ്ഥാനിലെ എല്ലാ എയർപോർട്ടിലും അത്തരം ഒരു ഓഫീസ് കാണുവാൻ സാധിക്കും.
അതാത് പ്രവിശ്യകളിലെ പോലീസ് മേധാവിയുടെ ഒരു പ്രതിനിധി, ഇന്ത്യയിലെ സി ബി ഐക്ക് സമാനമായ എഫ് ഐ ഏയുടെ ഉദ്യോഗസ്ഥർ, ഐ എസ് ഐ ഓഫീസർ, സൈബർ വിങ്ങിന്റെ ചുമതലയുള്ളയാൾ എന്നിവരടങ്ങിയ സംഘമാണ് ഓഫീസിൽ.
അവിടേക്കാണ് മെഹ്‌നൂറിനെയും സുൽഫിക്കറേയും സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കൊണ്ടുപോയത്.
ആ വലിയ ഓഫീസ് മുറിയിലെ അത്യന്താധുനികമായ യന്ത്ര സംവിധാനങ്ങളും ഡെസ്‌ക്കുകൾക്ക് പിമ്പിൽ ഗൗരവത്തോടെയിരിക്കുന്ന ഉദ്യോഗസ്ഥരെയും കണ്ടപ്പോൾ അവൾ ശരിക്കും അമ്പരന്നു.
“ഇരിക്കൂ…”
സുമുഖനായ, ഉയർന്ന ഉദ്യോഗസ്ഥനെന്ന് തോന്നിച്ച ഒരു ചെറുപ്പക്കാരൻ പറഞ്ഞു.
മെഹ്‌നൂറും സുൾഫിക്കറും അടുത്തടുത്തായി അയാൾക്ക് അഭിമുഖമിരുന്നു.
“എന്റെ പേര് റോഷൻ ദുറാനി,”
അയാൾ പറഞ്ഞു.
“അസ്സലാമു അലൈക്കും…”
അവൾ കൈ നെറ്റിയിൽ മുട്ടിച്ച് പറഞ്ഞു.
“വാ അലൈക്കും ഉസ്സലാം…”
അയാൾ പ്രത്യഭിവാദ്യം ചെയ്തു.പിന്നെ അവളെ ഗൗരവത്തിൽ,കണ്ണുകളിലേക്ക് നോക്കി.
“നിങ്ങളുടെ ഭർത്താവ് യൂസുഫ് ഖാൻ ഒരു ചെറിയ കാന്റീൻ നടത്തുന്നയാളാണ്…”
അയാൾ അവളുടെ കണ്ണുകളിൽ നിന്നും നോട്ടം മാറ്റാതെ പറഞ്ഞു.
പിന്നെ ഒരു ഫയൽ തുറന്ന് കുറച്ച് പേപ്പറുകൾ എടുത്ത് അയാൾ മെഹ്‌നൂറിനെ കാണിച്ചു.
“ഇത് നിങ്ങളുടെ ഭർത്താവിന്റെ ബാങ്ക് ഡീറ്റയിൽസ് ആണ്…”
“ഈ രേഖകൾ കാണിക്കുന്നത് അയാളുടെ പക്കൽ ബാങ്കിലുള്ളത് വെറും പതിനാലായിരം രൂപ മാത്രമാണ് എന്നാണ്,”
“ലണ്ടനിലേക്ക് പോകാനുള്ള ടിക്കറ്റിനുള്ള പണം എവിടുന്നാണ്…”
“അത് ..അദ്ദേഹം…”
അയാളുടെ രൂക്ഷമായ നോട്ടത്തെ നേരിട്ടുകൊണ്ട് അവൾ പറഞ്ഞു.
“നിങ്ങളുടെ ഭർത്താവിന്റെ അക്കൗണ്ടിൽ പതിനാലായിരം രൂപ മാത്രമാണ് കഴിഞ്ഞ മൂന്ന് മാസമായി വന്നിട്ടുള്ളത്…എന്നിട്ടും ഇത്രയും പണം എവിടുന്ന്?”
ഓഫീസ് മുറിയിലെ വലിയ ടെലിവിഷനിൽ ഷെറാട്ടൺ സ്ഫോടനത്തെക്കുറിച്ചുള്ള വാർത്തകളിൽ ശ്രദ്ധിച്ചിരുന്ന മറ്റുള്ളവർ മെഹ്‌നൂറിനെ നോക്കി.
“എന്റെ ഭർത്താവ് ധാരാളിയല്ല…”
മെഹ്‌നൂർ പറഞ്ഞു.
“അദ്ദേഹത്തിന് ഒരു ദുർച്ചിലവുമില്ല..പണം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഒരു ദുശീലങ്ങളുമില്ല…എന്നും വൈകുന്നേരം അദ്ദേഹം എന്നെയാണ് പണം ഏൽപ്പിക്കാറുണ്ടായിരുന്നത്…”
അയാളുടെ കണ്ണുകളിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ അവൾ മറുപടി പറഞ്ഞു.
“ജനാബ്…”
ദൃഢ സ്വരത്തിൽ അവൾവിളിച്ചു.
“അദ്ദേഹത്തോട് തന്നെ നിങ്ങൾക്ക് നേരിട്ട് ചോദിക്കാമല്ലോ അദ്ദേഹത്തിന്റെ നമ്പർ…”
“എയ്റ്റ് റ്റു സെവൻ റ്റു ഫൈവ് റ്റു ട്രിപ്പിൾ ഫോർ വൺ…..”
റോഷൻ ദുറാനി പെട്ടെന്ന് പറഞ്ഞു.
“സ്വിച്ച് ഓഫ് ആണ്…”
അയാൾ മുമ്പോട്ടിരുന്നു.
“അല്ലെങ്കിൽ സിം കാഡ് നശിപ്പിക്കപ്പെട്ട നിലയിൽ ആണ്…” ടിവിയിൽ അപ്പോഴും കൊഴുത്ത നിറത്തിൽ ഷെറാട്ടൺ ഹോട്ടലിലെ സ്ഫോടനത്തെക്കുറിച്ചുള്ള വാർത്തകൾ തുടർന്നുകൊണ്ടിരുന്നു.
“അത് കണ്ടോ?”
റോഷൻ ദുറാനി ടി വിയിലേക്ക് വിരൽ ചൂണ്ടി.
“കറാച്ചിയിലെ ഷെറാട്ടൺ ഹോട്ടലാണത്. പാക്കിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ ഒന്ന്. അവിടെ ഭീകരാക്രമമുണ്ടായി. നാല് ഹിന്ദുസ്ഥാനികൾ ആണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. നാല് ഹിന്ദുസ്ഥാനി ഓഫീസേഴ്‌സ്! നാല് ഹിന്ദുസ്ഥാനി ടെററിസ്റ്റ്സ്! അതിലൊന്ന്…”
അയാൾ അവളുടെ കണ്ണുകളിലേക്ക്‌രൂക്ഷമായി നോക്കി.
അയാൾ എന്താണ് പറയാൻ പോകുന്നതെന്ന് മെഹ്‌നൂർ ഭയന്നു.
“…നിങ്ങളുടെ ഭർത്താവ് യൂസുഫ് ഖാനാണ്…”
തന്റെ കരൾ പിളരുന്ന അനുഭവമുണ്ടായി മെഹ്‌നൂറിന്. അവളുടെ കണ്ണുകൾ തുളുമ്പി.ചുണ്ടുകൾ വിറച്ചു. പക്ഷെ ക്രമേണ അവളുടെ മുഖത്ത് അഭിമാനക്ഷതമേറ്റവളുടെ ഭാവം ഏറ്റവും ക്രൗര്യത്തോടെ കടന്നു വന്നു.
“”പക്ഷെ പാക്കിസ്ഥാൻ പോലീസ് തോക്ക് കൊണ്ട് തന്നെ അതങ്ങ് തീർത്തു. ആദ്യം വെടികൊണ്ടത് ആർക്കെന്ന് അറിയില്ല.പക്ഷെ അവസാനത്തെ വെടിയേറ്റത്…”
അയാൾ ടി വിയിൽ കണ്ണുകൾ നട്ടിരിക്കുന്ന സുൾഫിക്കറെ നോക്കി.
മെഹ്‌നൂറ്‍ തന്റെ നെഞ്ചിടിപ്പ് ഉച്ചത്തിൽ കേട്ടു.
“..അവസാനത്തെ വെടി നിങ്ങളുടെ ഭർത്താവ് യൂസുഫ് ഖാന്റെ ദേഹം തുളച്ചിട്ടുണ്ട്. ഷുവർ! “
സുൾഫിക്കറിന് കേൾക്കാനാവാത്ത വിധത്തിൽ അയാൾ പറഞ്ഞു.
“…അതിൽപ്പിന്നെ നാലും ഒളിവിലാണ്. കറാച്ചിയിലെവിടെയോ!”
അവൾ ടി വിയിലേക്ക് കണ്ണുകൾ നട്ടിരിക്കുന്ന സുൾഫിക്കറെ നോക്കി.
“സുൾഫി..”
അവൾ അവന്റെ തോളിൽ പിടിച്ചു.
ടി വിയിൽ നിന്ന് കണ്ണുകൾ മാറ്റി അവൻ അമ്മയെ നോക്കി.
“എന്താ അമ്മി?”
“എഴുന്നേൽക്ക്!”
ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റുകൊണ്ട് അവൾ പറഞ്ഞു.
സുൾഫിക്കർ എഴുന്നേറ്റു.
“വാ! നമുക്ക് അബ്ബൂവിന്റെ അടുത്തേക്ക് പോകാം…”
കോപത്തോടെ അവൾ സുൾഫിക്കറെയും കൊണ്ട് വാതിൽക്കലേക്ക് നീങ്ങി.
പടിയിൽ ചവിട്ടാൻ തുടങ്ങിയതും കതക് അവർക്ക് മുമ്പിൽ അടഞ്ഞു.
“ഐ എസ് ഐ ഓഫീസാണിത്,”
അടഞ്ഞ കതകിന് മുമ്പിൽ പകച്ചു നിന്ന മെഹ്‌നൂറിനോട് റോഷൻ ദുറാനി പറഞ്ഞു.
“നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ വരാനും പോകാനും സാധിക്കുന്ന ഇടമല്ല..ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം തന്നാൽ നിങ്ങൾക്ക് നല്ലത്…അല്ലായെങ്കിൽ…”
അയാൾ ഭീഷണമായി അവരെ നോക്കി.
മെഹ്‌നൂറിൻറെ മനസ്സിലൂടെ കുറെ ദൃശ്യങ്ങൾ മിഴിവ് നഷ്ടപ്പെടാതെ തെളിഞ്ഞു.
അഫ്ഗാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ചമൻ എന്ന തന്റെ ഗ്രാമത്തിൽ ഐ എസ് ഐ എസ് തങ്ങളുടെ ബസ്സാക്രമിച്ചത്. യൂസുഫ് രക്ഷപ്പെടുത്തിയത്. തീക്ഷണമായ അലിവ് കൊണ്ടും പ്രണയം കൊണ്ടും തന്റെ ജീവിതത്തിലെ സകല നഷ്ടങ്ങളേയും ദുരന്തങ്ങളേയും അയാൾ നീക്കിക്കളഞ്ഞത്. അയാളുടെ പ്രണയത്തിന്റെ വീഞ്ഞു കുടിച്ച് ജീവിതം മനോഹരമാക്കിയ നാളുകൾ…
“ജനാബ്!”
അവൾ ദൃഢ സ്വരത്തിൽ പറഞ്ഞു.
“താങ്കൾ ഞങ്ങളുടെ തെരുവിലേക്ക് വാ. അവിടെ വന്ന് ഓരോ വ്യക്തിയോടും അന്വേഷിക്ക്. എന്റെ ഭർത്താവ് യൂസുഫ് ആരാണെന്ന്! യൂസുഫ് വാലി ഖാൻ! അവർ പറയും.യൂസുഫ് നമാസിയാണ്.യൂസുഫ് നവാസിയാണ്. മോൻ സുൾഫിക്കറെയും ഭാര്യ മെഹ്‌നൂറിനെയും മാത്രം സ്നേഹിക്കുന്നവൻ…ബഹുമാനിക്കുന്നവൻ…”
എല്ലാവരും അവളുടെ വാക്കുകളിലെ തീവ്ര വികാരത്തെശ്രദ്ധിച്ചു.
“..അദ്ദേഹം…”
മെഹ്‌നൂർ തുടർന്നു.
“..സ്വന്തം നാടിനെ സ്നേഹിക്കുന്നയാളാണ് അദ്ദേഹം.അദ്ദേഹം ഒരു ഹിന്ദുസ്ഥാനിയല്ല…അദ്ദേ…”
പിന്നെ കരൾ പിളരുന്ന വേദനയിൽ അവൾ പൊട്ടിക്കരഞ്ഞു.
മെഹ്‌നൂർ ഇരുന്ന മുറിയിൽ നിന്ന് റോഷൻ വെളിയിൽ കിടന്നു.
മറ്റാരും കേൾക്കുന്നില്ല എന്നുറപ്പുവരുത്തി അയാൾ മൊബൈലെടുത്തു.
റോഷൻ ദുറാനി ഫോൺ ഡയൽ ചെയ്തു.
“സാർ…”
അയാൾ അങ്ങേതലയ്ക്കലുള്ളയാളെവിളിച്ചു.
“ആ, റോഷൻ പറയൂ,”
ദാവൂദിന്റെ സ്വരം അയാൾ കേട്ടു.
“യൂസുഫ് ഖാൻ അലിയാസ് ഫൈസൽ ഗുർഫാൻ ഖുറേഷിയെ നമ്മുടെ അടുത്തെത്തിക്കാനുള്ള ചൂണ്ട എന്റെ പക്കലുണ്ട്…”
“എന്താ അത്?”
ദാവൂദ് ആകാംഷയോടെ ആരാഞ്ഞു.
“അയാളുടെ ഭാര്യയും മകനും!” *************************** ന്യൂ ദില്ലി
ലോക് കല്യാൺ മാർഗ്ഗ്, പ്രധാനമന്ത്രിയുടെ വസതി.
“സാർ..”
റോയുടെ ഡെപ്യൂട്ടി ചീഫ് സൊഹൈൽ ഖാൻ പട്ടൗഡി പ്രധാനമന്തിയെ നോക്കി.
“പാക്കിസ്ഥാനിൽ വെച്ച് അവർ പിടിക്കപ്പെട്ടാൽ നമ്മുടെ കാര്യം വളരെ പരുങ്ങലിലാവും. നമുക്ക് ഹേഗ് മുതൽ ന്യൂയോർക്ക് വരെയുള്ള കാര്യാലയങ്ങളിൽ വിശദീകരണങ്ങൾ നൽകേണ്ടി വരും .
പ്രധാനമന്ത്രി കൈയുയർത്തി അയാളെ വിലക്കി.
“ഗൗതമിന്റെ വിളിക്കൂ…”
സൊഹൈൽ ഖാൻ പട്ടൗഡി വാതിൽക്കൽ നിന്ന സെക്യൂരിറ്റി ജീവനക്കാരനു നേരെ കണ്ണ് കാണിച്ചു.
അയാൾ അൽപ്പ നിമിഷങ്ങൾക്ക് ശേഷം ഗൗതം ഭാസ്ക്കറുമായി തിരികെ വന്നു.
“മൂന്ന് റോ ഏജൻറ്റുമാരാണ് ഏത് നിമിഷവും പാക്കിസ്ഥാൻ ജയിലിലാകാൻ പോകുന്നത്,”
പ്രധാനമന്ത്രി ഗൗതം ഭാസ്ക്കറോട് പറഞ്ഞു.
“അവർ വെളിപ്പെടുത്താൻ പോകുന്നത് ഇന്ത്യൻ ഗവണ്മെന്റ്റിന്റെ അറിവോടും സമ്മതത്തോടുമാണ് അവർ ഷെറാട്ടൺ ഹോട്ടൽ ആക്രമിച്ചെന്നായിരിക്കും. ഇതിൽ കുറ്റവാളിയാക്കപ്പെടുന്നത് നിങ്ങൾ മാത്രമല്ല. റോ എന്ന ഏജൻസിയും ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രി എന്ന നിലക്ക് ഞാനുമായിരിക്കും….”
അദ്ദേഹം ഇരിപ്പിടത്തിലേക്ക് ചാഞ്ഞു.
“നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ?”
“സാർ…”
സൊഹൈൽ ഖാൻ പട്ടൗഡിയുടെ നേരെ ഒന്ന് നോക്കിയതിന് ശേഷം ഗൗതം പറഞ്ഞു.
“ആ മൂന്ന് ഏജൻസും രാജ്യത്തിന്റെ പേരോ റോയുടെ പേരോ വലിച്ചിഴക്കില്ല…”
“എന്താണുറപ്പ്?”
“അവരുടെ റെക്കോഡ് അങ്ങനെയാണ് സാർ,”
പ്രധാനമന്ത്രി പട്ടൗഡിയെ നോക്കി.
“അർജ്ജുൻ റെഡ്ഢി ചൈനയുടെ എം എസ് എസിന്റെ പിടിയിലായതാണ്. ഒരു മാസമാണ് അയാൾ അവരുടെ ടോർച്ചർ ക്യാമ്പിൽ കിടന്നത്. അന്ന് നമ്മുടെ ഏജന്റ്റ് സൗത്ത് സീയിലെ ദ്വീപിൽ നിന്ന് രക്ഷപ്പെടുത്തുന്നത് വരെ അവൻ വാ തുറന്നിട്ടില്ല…”
ഗൗതം പട്ടോഡിയെ രൂക്ഷമായി നോക്കി.
“പിന്നെ ഷഹാന,”
അദ്ദേഹത്തിന്റെ ദൃഷ്ടികൾ വീണ്ടും പ്രധാനമന്ത്രിയിൽ പതിഞ്ഞു.
“മിസ്റ്റർ പട്ടൗഡിക്കറിയാമോ എന്നറിയില്ല പതിനാലു ദിവസം താലിബാന്റെ തടവറയിൽ കിടന്ന് നരകിച്ചവളാണ്. എത്ര തവണ അവൾ രാജ്യത്തെ ഒറ്റിക്കൊടുത്തു?”
പട്ടൗഡി ഒന്നും പറയാതെ അദ്ദേഹത്തെ നോക്കി.
“പിടിക്കപ്പെട്ടില്ല ഒരിക്കലും ഫൈസൽ ഗുർഫാൻ…”
ഗൗതം ഭാസ്‌ക്കർ തുടർന്നു.
“പക്ഷെ ഫൈസലിന്റെ ഇതുവരെയുള്ള ട്രാക്ക് റിക്കോഡ് മാത്രം മതി അയാളുടെ ലോയൽറ്റി അളക്കാൻ…”
എന്നിട്ടും പ്രധാനമന്ത്രിയുടെ മുഖം പ്രസന്നമായില്ല.
“ആരാണ് ആ നാലാമൻ..? പാക്കിസ്ഥാൻ മീഡിയയുടെ റിപ്പോർട്ട് പ്രകാരം ഫൈസലിനോളം തന്നെ പ്രാധാന്യമുണ്ട് അയാൾക്കും,”
“സാർ ക്ഷമിക്കണം,”
ഗൗതം പറഞ്ഞു.
“നാലാമൻ…അങ്ങനെ ഒരാളില്ല,”
പ്രധാമന്ത്രി ഗൗതമിന്റെ ഗൗരവത്തോടെ നോക്കി.
“രണ്ടു ദിവസം…”
അദ്ദേഹം എഴുന്നേറ്റു.
“രണ്ടേ രണ്ടു ദിവസം! അതിനുള്ളിൽ ഈ കുഴഞ്ഞ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ…”
ഗൗതം അദ്ദേഹത്തെ ആകാംക്ഷയോടെ നോക്കി.
“…എങ്കിൽ നിങ്ങളുടെ രാജിക്കത്ത് എന്റെ മേശപ്പുറത്ത് ഉണ്ടായിരിക്കണം. ഈസ് ദാറ്റ് ക്ലിയർ?”
“യെസ് സാർ!”
ഗൗതം ഭാസ്‌ക്കർ പറഞ്ഞു.
അദ്ദേഹത്തിന്റെ സ്വരത്തിൽ പക്ഷെ ആത്മവിശ്വാസമുണ്ടായിരുന്നില്ല.
അദ്ദേഹം പ്രധാനമന്ത്രിയുടെ മുറിവിട്ടിറങ്ങി.
“…അവർ പാക്കിസ്ഥാനിൽ ഒരു കാരണവശാലും പിടിയിലാകരുത്,”
പ്രധാനമന്ത്രി സൊഹൈൽ ഖാൻ പട്ടൗഡിയോട് പറഞ്ഞു.
“…അപ്പോൾ?”
സൊഹൈൽ ഒന്ന് സംശയിച്ചു.
പ്രധാന മന്ത്രി പട്ടൗഡിയെ നോക്കി.
“മനസ്സിലായി സാർ,”
അയാൾ ദൃഢസ്വരത്തിൽ പറഞ്ഞു.
“അതിന്റെ ഉത്തരവാദിത്തം ഞാനേറ്റു.
*********************************************************
എമ്പ്രസ്സ് റോഡിലെ ലോഡ്ജിനുള്ളിൽ, ഒരുമിച്ച് ഇരിക്കവേ ഫൈസലിന്റെ ഫോൺ വീണ്ടും ശബ്ദിച്ചു.
“പട്ടൗഡി സാറാണ്,”
മൊബൈൽ അറ്റൻഡ് ചെയ്യവേ അയാൾ പറഞ്ഞു.
“ഫൈസൽ,”
“സാർ,”
“നിങ്ങളും കൂടെയുള്ളവരും ഇപ്പോൾ തന്നെ വസീം കോട്ടാവാലയുടെ അടുത്തേക്ക് പോവുക..നിങ്ങളെ കറാച്ചിയിൽ നിന്ന് ബോട്ട് വഴി കാൺഡലയിലെത്തിക്കും, അയാൾ …”
“പക്ഷെ സാർ…റിസ്‌ക്കാണ് ഇവിടുന്ന് പുറത്തിറങ്ങാൻ…”
ഫൈസൽ പറഞ്ഞു.
“പക്ഷെ അവിടെ സ്ഥിരം ഒളിച്ചിരിക്കാൻ പറ്റില്ലല്ലോ..റിസ്‌ക്കെടുത്ത് എങ്ങനെയും പുറത്തിറങ്ങി അയാളുടെ അടുത്ത് എത്തുക..”
ഫോൺ കട്ടായി.
അർജ്ജുനും ഷഹാനയും സിദ്ധാർഥും ഫൈസലിനെ നോക്കി.
ഫൈസൽ എഴുന്നേറ്റു.
“ഡെപ്യൂട്ടി ചീഫ് ആണ് വിളിച്ചത്…”
അയാൾ പറഞ്ഞു.
“നമ്മൾ ഇപ്പോൾ തന്നെ ഇവിടുന്ന് പുറത്ത് കടക്കണം. വസീമിന്റെ ഫ്‌ളവർ ഷോപ്പിൽ എത്തണം. അയാൾ അവിടെ നിന്ന് ഒരു ബോട്ട് അറേഞ്ച് ചെയ്യും. അവിടെ നിന്ന് നമ്മൾ ഗുജറാത്തിൽ കാണ്ട്ലയിലെത്തും?”
“പക്ഷെ ഇപ്പോൾ നമ്മൾ പുറത്തിറങ്ങിയാൽ?”
ഷഹാന സംശയിച്ചു.
“വഴി മുഴുവൻ പോലീസുകാരായിരിക്കും. നമ്മളെ തടയും..ഇവിടുന്ന് വസീമിന്റെ ഷോപ്പിലെത്താൻ പത്ത് മിനിറ്റെടുക്കും. അതിനിടയിൽ…”
അവർ പരസ്പ്പരം നോക്കി.
“പക്ഷെ എങ്ങനെയും പുറത്ത് കടന്നെ മതിയാകൂ…കമോൺ…”
അവർ എഴുന്നേറ്റു. “നിൽക്ക്,”
ഫൈസൽ പറഞ്ഞു.
“റോയുടെ രീതിയനുസരിച്ച് കൺഫേംഡ് ആയ വിവരം രണ്ടുപ്രാവശ്യം അറിയിച്ചിരിക്കും. അൽപ്പ നിമിഷങ്ങൾക്കുള്ളിൽ വീണ്ടും വിളി വരും. അപ്പോൾ പോയാൽ മതി!”
************************************ വസീം കോട്ടാവാലയുടെ കണ്ണുകൾ ടി വിയിലായിരുന്നു.
തൊട്ടടുത്ത് അയാളുടെ അനുചരൻ നഫീസ് നഖ്‌വിയും അതീവശ്രദ്ധയോടെ വാർത്തയ്ക്ക് കണ്ണുകളും കാതുകളും കൊടുത്തുകൊണ്ടിരിക്കുന്നു.
“കാര്യങ്ങൾ ഏതാണ്ടൊക്കെ കൈവിട്ട് പോയി നഫീസ്,”
വസീം പറഞ്ഞു.
“നമ്മൾ അതോർത്ത് ബേജാറാവണ്ട, ഭായി,”
നഫീസ് പറഞ്ഞു.
“ചെയ്യുന്ന ജോലിക്ക് അകൗണ്ടിൽ പണമെത്തുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി,”
“അതൊക്കെ കിറു കൃത്യമാണ്. റോയും സി ഐ ഏയുമൊന്നും അക്കാര്യത്തിൽ വീഴ്ച്ച വരുത്തില്ല. നമ്മുടെ പാക്കിസ്ഥാൻ സർക്കാരിനെക്കാളും എത്രയോ ഭേദമാണ് അവരീകാര്യത്തിൽ!”
വസീമിന്റെ മൊബൈൽ റിങ്ങ് ചെയ്തു.
“പടച്ചോനെ! ഇന്ത്യയിൽ നിന്നാണല്ലോ! പട്ടൗഡി സാബാണ്!”
അയാൾ മൊബൈലെടുത്ത് കാതോട് ചേർത്തു.
“ആഹ് സാബ്..അസ്സലാമു അലൈക്കും !”
“വാ അലൈക്കും ഉസ്സലാം!”
അപ്പുറത്ത് നിന്ന് തിരികെ അഭിവാദ്യമെത്തി.
“വസീം..”
“പറയൂ സാബ്!”
“ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഫൈസലും കൂടെയുള്ള മൂന്ന് പേരും നിങ്ങളെ കാണാനെത്തും…’
“എന്നെ കാണാൻ..സാബ്! അത് ഞങ്ങൾക്ക് റിസ്‌ക്കാണ് , ഈ അവസ്ഥയിൽ!”
“നിങ്ങൾ മുഖാമുഖം അവരെ കാണേണ്ട!”
പട്ടൗഡി തുടർന്ന് പറഞ്ഞു.
“നിങ്ങൾ റിങ് റോഡിനെ കണക്റ്റ് ചെയ്യുന്ന പാലത്തിന്റെ പില്ലറിനടുത്ത് നിന്നാൽ മതി…”
“എന്നിട്ട്?”
“അപ്പോൾ അവിടെ പോലീസ് ഇല്ലെങ്കിൽ നിങ്ങൾ അവരോട് കറാച്ചി ഡോക്കിലേക്ക് വരാൻ പറയണം. പോലീസ് ഉണ്ടെങ്കിൽ, പോലീസ് അവരെ കണ്ടാൽ…”
“കണ്ടാൽ?”
“കണ്ടാൽ…”
പട്ടൗഡി ഒന്ന് നിർത്തി.
“കണ്ടാൽ തട്ടിക്കളഞ്ഞേരെ!” **************************************** അൽപ്പ നേരം കഴിഞ്ഞപ്പോൾ ഫൈസലിന്റെ മൊബൈൽ വീണ്ടും ശബ്ദിച്ചു.
റോയുടെ ഡെപ്യൂട്ടി ചീഫ് സൊഹെയ്ൽ ഖാൻ പട്ടൗഡിയായിരുന്നു.
“വസീം കോട്ടാവാലയുടെ ഫ്‌ളവർ ഷോപ്പിലേക്ക് ഉടനെ പോവുക. നിങ്ങൾക്ക് പാക്കിസ്ഥാനിൽ നിന്ന് പുറത്ത് കടക്കാനുള്ളതൊക്കെ അറേഞ്ച് ചെയ്തിട്ടുണ്ട്…”
ഫൈസൽ ആ വിവരം മറ്റുള്ളവരെ അറിയിച്ചു.
“എനിക്ക് പർവീണിനെ ഒന്ന് കാണണം… “
സിദ്ധാർത്ഥ് ഫൈസലിനോട് പറഞ്ഞു.
“എന്റെ കാര്യത്തിൽ നിങ്ങൾ ഒരു ടെൻഷനുമടിക്കണ്ട. ഇന്ത്യൻ ഗവണ്മെന്റ്റിന്റെയോ റോയുടെയോ രേഖകളിലൊന്നും എന്റെ പേരില്ലല്ലോ…എന്നെക്കുറിച്ച് ഐ എസ് ഐക്കോ ഇവിടുത്തെ മറ്റ് ഏജന്സികൾക്കോ ഒരറിവുമില്ല…ഞാൻ കറാച്ചി വിട്ടോളം…”
സിദ്ധാർത്ഥ് അർജ്ജുനെ നോക്കി.
“അർജ്ജുന് എന്റെയൊപ്പം വരണമെന്നുണ്ടോ?”
അർജ്ജുൻ ഫൈസലിനെയും ഷഹാനയെയും നോക്കി.
“സാർ..”
അർജ്ജുൻ ഫൈസലിനെ വിളിച്ചു.
“ഞാൻ സിദ്ധുവിന്റെ കൂടെ പോകാം…എനിക്ക് തോന്നുന്നു നമ്മൾ ഒരുമിച്ച് സഞ്ചരിക്കുന്നതിൽ ഭേദം വേറെ വേറെ പോകുന്നതാണ് എന്ന്…”
ഫൈസലും ഷഹാനയുമത് ശരിവെച്ചു.
“അങ്ങനെ ചെയ്യാം,”
ഫൈസൽ പറഞ്ഞു.
“ഞാനും ഷാഹിയും വസീമിന്റെ ഫ്‌ളവർ ഷോപ്പിലേക്ക് പോകാം,”
ആയുധങ്ങളും മെഡിസിനുമടങ്ങിയ ബാഗുകളെടുത്ത് സിദ്ധാർഥും അർജ്ജുനും പുറത്തേക്കിറങ്ങി.
ഷഹാനയും ഫൈസലും അവരിറങ്ങി അൽപ്പം കഴിഞ്ഞ് വെളിയിലേക്കിറങ്ങി. ഷഹാന നിക്കാബ് കൊണ്ട് മുഖം മറച്ചിരുന്നു.
അൽപ്പ സമയത്തിനുള്ളിൽ ഫ്‌ളവർ തെരുവിലവരെത്തി.
തെരുവ് നിറയെ ആളുകളായിരുന്നു.
ആൾക്കൂട്ടത്തിനിടയിൽ, ഫ്‌ളൈ ഓവറിനടുത്ത് വസീമും നഫീസ് നഖ്‌വിയും നിൽക്കുന്നത് അവർ കണ്ടു. അവർ ഫോണിലൂടെ ആരോടോ സംസാരിക്കുന്നു.
വസീം ഫൈസലിനെ നോക്കി കൈ വീശി.
ഫൈസൽ തിരിച്ചും.
“വാ..”
ഷഹാന ഫൈസലിന്റെ കൈപിടിച്ച് വലിച്ചു.
“ഫൈസൽവേഗം!”
ഷഹാനയോടൊപ്പം ഫ്‌ളൈ ഓവറിനരികെ നിന്ന വസീമിന്റെയും നഫീസിന്റെയും നേർക്ക് നടക്കവേ പെട്ടെന്ന് ഫൈസൽ നിന്നു.
ഒരു മൈബൈൽ ഷോപ്പിന് മുമ്പിലെ ടെലിവിഷൻ വാർത്തയ്ക്ക് മുമ്പിൽ.
പി ടി വി ന്യൂസാണ്.
“ഐസ്ലാൻഡിലെ മഞ്ഞുരുക്കം മൂലം യൂറോപ്പിലേക്ക് പോകേണ്ട എല്ലാ ഫ്‌ളൈറ്റുകളും ക്യാൻസൽ ചെയ്തിരിക്കുന്നു…”
അയാളുടെനെഞ്ചിൽ ഇടിമിന്നൽ പാഞ്ഞു.
മെഹ്‌നൂറും സുൽഫിക്കറും ഇപ്പോഴും എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു.
ആശ്രയമില്ലാതെ.
ഉറ്റവരില്ലാതെ.
അവരുടെ ഏകയാശ്രയം താനാണ്. അവർക്കുള്ളത് താൻ മാത്രമാണ്.
അല്ലാഹ്!!
തന്റെ നെഞ്ച് പൊടിയുന്നത് അയാൾ അറിഞ്ഞു.
“ഫൈസൽ!”
ഷഹാന ഉച്ചത്തിൽ വിളിച്ചു.
“എന്ത് നോക്കി നിക്കുവാ അവിടെ..മുമ്പിൽ പോലീസുണ്ട്…അവരുടെ കയ്യിൽ നമ്മുടെ ഫോട്ടോയുണ്ട് ..കണ്ടില്ലേ അവർ ഓരോരുത്തരോടും നമ്മളെ കുറിച്ച് അന്വേഷിക്കുന്നത്…വാ ..വാ വേഗം!”
അയാളിൽ ഒരു ചലനവുമില്ലെന്ന് കണ്ട് അവൾ പിമ്പോട്ട് ചെന്ന് അയാളെ നോക്കി.
അയാളുടെ കണ്ണുകൾ ന്യൂസിൽ തറഞ്ഞിരിക്കുകയാണ്.
പലരോടും തങ്ങളെ കുറിച്ച് ചോദിച്ചുകൊണ്ട് പോലീസ് സാവധാനം അവരെ സമീപിച്ചു കൊണ്ടിരുന്നു.
“എന്താ? എന്തായിത്?
ടി വിയിലേക്ക് നോക്കി അവൾ ചോദിച്ചു.
“മെഹ്‌നൂറും സുൽഫിക്കറും അവിടെ എയർപോർട്ടിൽ തന്നെ …. തനിച്ച് …”
അയാൾ ശക്തി നഷ്ടപ്പെട്ട് പറഞ്ഞു.
“ഷഹീ…”
മിഴികളിലെ നനവ് തുടച്ചുകൊണ്ട് അയാൾ പറഞ്ഞു.
“എനിക്ക് വരാൻ പറ്റില്ല…നീ ..നീ വസീമിന്റെ ഷോപ്പിലേക്ക് പോ…അവരെ ..എന്റെ മോനെ ..മെഹ്‌നൂറിനെ…”
അപ്പോഴേക്കും പോലീസിനെ പിമ്പിലാക്കി വസീമും നഫീസും അവരുടെ അടുത്തേക്ക് വന്നു.
അവരുടെ രണ്ടു വശത്തുമായി നിന്നു.
വസീം അപ്പോഴും ഫോണിൽ സംസാരിക്കുകയായിരുന്നു.
ഷഹാനയുടെയും ഫൈസലിന്റെയും കാതുകളിൽ വോയിസ് മാഗ്നിഫയറുള്ളത് ആർക്കും കാണാൻ കഴിയുമായിരുന്നില്ല.
ഫൈസലിന്റെ മുടി വളർന്ന് ചെവികൾ മൂടിയിരുന്നു.
ഷഹാന നിക്കാബ് ധരിച്ചിരുന്നു.
“അവർ നിങ്ങളുടെ അടുത്തെത്തിയോ?”
മറ്റനേകം ശബ്ദങ്ങളുടെക്കിടയിൽ സൊഹെയ്ൽ പട്ടൗഡിയുടെ സ്വരം അവർ ഇരുവരും കേട്ടു.
“എത്തി സാർ..”
വസീം പറഞ്ഞു.
“പോലീസുണ്ടോസമീപത്ത്?”
“ഉണ്ട് സാർ…”
“കാണുമോ…?”
അപ്പോഴേക്കും പോലീസ് തങ്ങളെ കണ്ടുകഴിഞ്ഞെന്ന് ഫൈസലും ഷഹാനയും മനസ്സിലാക്കി.
“ഹേ ..ഹേ ….”
അവരെ കണ്ട രണ്ട് പോലിസിസുകാർ പെട്ടെന്ന് വിളിച്ചുകൂവി.
“ഓടരുത്…! ഓടിയാൽ ഷൂട്ട് ചെയ്യും !”
അപ്പോഴേക്കും അവർ തോക്കെടുത്തിരുന്നു.
“വസീം അവരെ ഷൂട്ട്ചെയ്യ്..”
ഫോണിലൂടെ സൊഹെയ്ൽ പട്ടൗഡി വസീമിനോട് പറയുന്നത് ഷഹാനയും ഫൈസലും കേട്ടു.
“ആരെ സാർ?”
“ഫൈസലിനെയും കൂടെ ഉള്ളവരെയും…”
ഷാഹാനയുംഫൈസലും മുഖാമുഖം നോക്കി.
അപ്പോഴേക്കും വസീമിന്റെയും നഫീസിന്റെയും കൈകളിൽ തോക്ക് പ്രത്യക്ഷപ്പെട്ടു.
“ഷൂട്ട്…ഷൂട്ട് ദെം ..പോലീസ് വരുന്നതിന് മുമ്പ് ..അവരെ പാക്കിസ്ഥാൻ പൊലീസിന് കിട്ടരുത്…ഷൂട്ട്…”
വസീമും നഫീസും തോക്കുയർത്തി.
അതിന് മുമ്പ് ഷഹാന വസീമിന്റെ നേർക്കും ഫൈസൽ നഫീസിന്റെ നേർക്കും ചാടി വീണിരുന്നു.
വെടിയേറ്റത് തങ്ങളുടെ നേർക്ക് പാഞ്ഞടുത്തുകൊണ്ടിരുന്ന രണ്ടു പോലീസുകാർക്കായിരുന്നു. അവർ നിലത്തേക്ക് വീണു.
അത് കണ്ട് ജനക്കൂട്ടം ചിതറിയോടാൻ തുടങ്ങി.
തെരുവ് നിറയെ ബഹളവും നിലവിളിയുമായി.
വസീമിന്റെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു.
“വസീം ഷൂട്ട് ..ഷൂട്ട് …ദെം …”
ആ നിമിഷം ഫൈസലും ഷഹാനയും ഒരുമിച്ച് നിറയൊഴിച്ചു.
നഫീസും വസീമും നിലത്തേക്ക് പിടഞ്ഞുവീണു.
ഷഹാന നിലത്ത് വീണ വസീമിന്റെ ഫോണെടുത്തു.അത് കാതോട് ചേർത്ത് സാവധാനം പറഞ്ഞു.
“വീ ഷോട്ട് ദെം സാർ…”
പിന്നെ അവൾ ഫൈസലിനെ നോക്കി.
ഫോൺ അയാൾക്ക് കൊടുത്തു.
“യെസ് സാർ…”
അയാളും സാവധാനം പറഞ്ഞു.
“വീ ഷോട്ട് ദെം!!”
[തുടരും]
Comments:
No comments!
Please sign up or log in to post a comment!