ഷഹാന Ips : ഒരു സര്‍വീസ് സ്റ്റോറി 11
ഒരു നിമിഷം ദാവൂദ് ആസന്നമായ മരണം കണ്ടിട്ടെന്നത് പോലെ നടുങ്ങി.
“ഡി കമ്പനി ബോസിന് പേടിക്കാനും അറിയാമല്ലേ?”
ഷഹാന കാൽമുട്ടുകൊണ്ട് അയാളുടേ അടിവയറിന് ചവിട്ടിക്കൊണ്ട് ചോദിച്ചു.
അയാൾ വേച്ച് സിദ്ധാർത്ഥിന്റെ ബലിഷ്ഠമായ കൈകളിലേക്ക് വീണു.
“നടക്കടാ!”
സിദ്ധാർത്ഥ് ആക്രോശിച്ചു. അയാൾ ദാവൂദിനെ അവരുടെയടുത്തേക്ക് വേഗത്തിൽ വന്ന ജാഗ്വാറിന് നേരെ നടത്തി.ഷഹാന ചുറ്റും കണ്ണുകളോടിച്ച് സിദ്ധാർത്ഥിന്റെ പിമ്പിലേക്ക് വന്നു.
അപ്പോൾ ലിഫ്റ്റ് തുറക്കപ്പെട്ടു.
റോഷൻ ദുറാനിയും അയാളോടൊപ്പം രണ്ടു സുരക്ഷാഭടന്മാരും അവിടേക്ക് വന്നു.
പക്ഷെ ഫൈസലിന്റെ ഇരു തോക്കുകളും ഒരേപോലെ തീ തുപ്പിയപ്പോൾ അവർ മൂവരും വീണു.
പെട്ടെന്ന് പുകമറയ്ക്കുള്ളിലൂടെ അവർ ജനറൽ ജഹാംഗീർ ഖറാമത്ത് അങ്ങോട്ട് വരുന്നത് കണ്ടു.
ആ നിമിഷം ഫൈസലിന്റെ തോളിനെ തുളച്ചുകൊണ്ട് വെടിയൊച്ച മുഴങ്ങി.
“ജനറൽ ഖറാമത്ത്!”
ഫൈസലിന് വെടിയേറ്റത് കണ്ടപ്പോൾ ഷഹാന ഗർജ്ജിച്ചു.
“ഡോണ്ട് ഡെയർ ഈവൻ ഫോർ എ സിംഗിൾ സ്റ്റെപ്പ്!”
അവൾ അയാൾക്ക് നേരെ നിറയൊഴിച്ചു.
ചടുല വേഗതയിൽ ജനറൽ ഒഴിഞ്ഞു മാറി. എങ്കിലും അയാളുടെ കയ്യിൽ നിന്ന് ഗൺ തെറിച്ച് പോയി.
“നിങ്ങടെ ഷെഹ്‌സാദ് ഭായിയുടെ ഇറച്ചിയിൽ പറ്റും കളിമണ്ണ്!”
“ഐ ഡോണ്ട് കെയർ!”
ജനറൽ അലറി.
“ഇക്രാം…ഷൂട്ട് ദിസ് ബിച്ച്! “
ഇക്രാം ഇരുകൈകളിലും തോക്കുകളുമായി ഇരുളിൽ നിന്നും പുകപടലങ്ങളിൽ നിന്നും പ്രത്യക്ഷനായി. അയാൾ സിദ്ധാർത്ഥിന്റെ നേരെ നിറയൊഴിച്ചു.
സിദ്ധാർത്ഥ് ദാവൂദിനെയും കൊണ്ട് ഉരുണ്ടുമാറി.
കലി കയറിയ സിദ്ധാർത്ഥ് ദാവൂദിന്റെ നെറ്റിയിൽ തോക്ക് മുട്ടിച്ചു.
“അയാളെ കൊല്ലരുത്!”
ഫൈസൽ സിദ്ധാർഥിനോട് ഉറക്കെ പറഞ്ഞു.
“അയാളെ കൊല്ലരുത്! ദിസ് ഈസ് ആൻ ഓർഡർ!”
സിദ്ധാർത്ഥ് ഫൈസലിനെ കലിപ്പോടെ നോക്കി.
അതിനിടയിൽ ഷഹാന ഇക്രാമിന്റെ നേർക്ക് നിറയൊഴിച്ചെങ്കിലും അയാളുടെ വലത് കൈ വിരലിലാണ് വെടിയേറ്റത്.
അയാൾ അലറി നിലവിളിച്ചു.
“ജനറൽ ഡോണ്ട് മൂവ്,”
ഷഹാന ജനറൽ ജഹാംഗീർ ഖറാമത്തിന്റെ നേർക്ക് തോക്ക് ചൂണ്ടി.
“നിങ്ങൾക്ക് ആവശ്യമില്ലാത്ത ഹറാം പന്നിയെയാണ് ഞങ്ങൾ ഇവിടെ നിന്ന് കൊണ്ടുപോകുന്നത്..ഡോണ്ട് ഡെയർ സ്റ്റോപ്പ് അസ്…!!”
അതിനിടെ സിദ്ധാർത്ഥിനെ തള്ളിമാറ്റി ദാവൂദ് നിലത്തേക്ക് വീണു.
ഇക്രാം എറിഞ്ഞുകൊടുത്ത തോക്കെടുക്കാൻ അയാൾ ശ്രമിച്ചു.
അത് കണ്ട് ഫൈസൽ ചോരവാർന്ന തോളിൽ അമർത്തിപ്പിടിച്ച് ആ തോക്ക് ചവിട്ടിക്കളയാൻ ശ്രമിച്ചു.
പെട്ടെന്ന് ലിഫ്റ്റിന്റെ ഭാഗത്ത് നിന്ന് കൂടുതൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥന്മാരെത്തി. അവർ തുരുതുരെ വെടിയുതിർക്കുകയും ജനറൽ ഖറാമത്തിനും ദാവൂദിന് ചുറ്റും വിന്യസിക്കുകയും ചെയ്തു.
“വാ! വാ! സമയം കളയാതെ വാ…”
ജാഗ്‌വാറിൽ നിന്ന് അർജ്ജുൻ റെഡ്ഢി വിളിച്ചു പറഞ്ഞു.
ഇക്‌റാമിന്റെയും ദാവൂദിന്റെയും കണ്ണുകൾ അയാളിൽ പതിഞ്ഞു.
അടുത്ത നിമിഷം ജാഗ്‌വാറിന് നേരെ വെടിയുണ്ടകളുടെ വർഷമുണ്ടായി.
എന്നാൽ അതിന് മുമ്പ് തന്നെ ഷഹാനയും സിദ്ധാർഥും ഫൈസലിനെയും കൊണ്ട് ജാഗ്വാറിൽ കയറിയിരുന്നു.
ജാഗ്വറിൽ ഇരുന്നു കൊണ്ട് ഷഹാനയുടെയും ഫൈസലിന്റെയും സിദ്ധാർത്ഥിന്റെയും തോക്കുകൾ പുറത്തേക്ക് തീതുപ്പി.
പ്രതിരോധിക്കാൻ വന്ന വാഹന വ്യൂഹത്തെ സമർത്ഥമായി വെട്ടിച്ച് അർജ്ജുൻ ജാഗ്വർ മുമ്പോട്ട് പായിച്ചു.
“ഇരുട്ടായത് കൊണ്ട് അവർക്ക് മനസ്സിലാവില്ല,”
അർജ്ജുൻ പറഞ്ഞു.
“എമ്പ്രസ്സ് സ്ട്രീറ്റിലേക്ക് തന്നെ വിടട്ടെ?”
അവിടെയുള്ള ഒരു ലോഡ്ജിലെ രണ്ടു മുറികൾ നേരത്തെ തന്നെ അവർ ബുക്ക് ചെയ്തിരുന്നു.
കൂട്ടുകാർ തിരിച്ചൊന്നും പറയാതിരുന്നത് കൊണ്ട്
“റബ്ബേ!! ഇങ്ങനെയും നിർഭാഗ്യമോ?”
ഷഹാന തലയ്ക്കടിച്ചു.
“നിർഭാഗ്യമോ?”
ദേഷ്യം കത്തുന്ന സ്വരത്തിൽ സിദ്ധാർത്ഥ് ഷഹാനയോട് ചോദിച്ചു. എന്റെ തോക്കിൻ മുമ്പിൽ കിട്ടിയതാ.നൂറിലൊരു സെക്കൻഡ് സമയം മതിയായിരുന്നു. ആ പന്നിയെ അങ്ങ് തീർക്കാൻ. പക്ഷെ നമ്മടെ ടീം ലീഡർ…”
ദേഷ്യം കത്തുന്ന കണ്ണുകളോടെ സിദ്ധാർത്ഥ് ഫൈസലിനെ നോക്കി.
“അയാൾ നിന്ന് കുറിക്കുകയായിരുന്നു. ആ പന്നിയെ കൊല്ലരുത് കൊല്ലരുത് എന്നും പറഞ്ഞോണ്ട്!”
അയാൾ ഫൈസലിനെ രൂക്ഷമായി നോക്കി.
“നീയെന്താ കരുതിയെ?”
തോളിൽ അപ്പോഴും തറഞ്ഞിരിക്കുന്ന തീഗോളം നൽകുന്ന വേദന കടിച്ചമർത്തി ഫൈസൽ മുരണ്ടു.
“ഇന്ത്യയും പാക്കിസ്ഥാനും ഇടയിലുള്ള എക്സ്ട്രാഡൈറ്റ് അടക്കമുള്ള ട്രീറ്റികളെ പറ്റി പഠിക്ക് ആദ്യം! എന്ത്കൊണ്ടാ പാവം ജാധവ് ഇപ്പോൾ ജയിലിൽ കിടക്കുന്നത്? അവനെ നീ അപ്പോൾ കൊന്നിരുന്നേൽ കാണാമായിരുന്നു യൂറോപ്പ്യൻ യൂണിയനും ഓസ്ലോ കവനന്റും ജനീവ കോൺഫറൻസും ഉണ്ടാക്കുന്ന ഓരോ പ്രശ്നങ്ങൾ!”
സിദ്ധാർത്ഥ് ഫൈസലിന്റെ വാക്കുകൾക്ക് അത്ര ശ്രദ്ധ കൊടുക്കുന്നില്ലന്ന് തോന്നി.
“ഒൻപത് വർഷമായി ഞാൻ കാത്തിരിക്കുകയായിരുന്നു.
“എന്നിട്ടിപ്പോൾ എന്തുണ്ടായി?”
സിദ്ധാർത്ഥ് വീണ്ടും കലിപ്പോടെ ചോദിച്ചു.
“ഇനി എങ്ങനെ ഇവിടുന്ന് പുറത്ത് കിടക്കും?”
ഡ്രൈവ് ചെയ്യുന്നതിനിടയിൽ അർജ്ജുൻ ചോദിച്ചു.
“ഇതിനോടകം ഐ എസ് ഐ നമ്മുടെ എല്ലാ ഡീറ്റയിൽസും കളക്റ്റ് ചെയ്തു കാണണം…നമ്മുടെ ഫോട്ടോ ഒക്കെ ടി വിയിൽ പത്രതിൽ നോട്ടീസുകളായി ഇവിടുത്തെ ഓരോ ചുവരിലും പതിയും…”
അർജ്ജുൻ ജാഗ്വർ അതിവേഗതയിൽ ഇമ്പ്രസ്സ് സ്ട്രീറ്റിലേക്ക് പായിച്ചു.
അവിടെ താരതമ്യേന തിരക്ക് കുറഞ്ഞ ഒരിടത്തായിരുന്നു അവരുടെ അൽ ഫത്താവി ലോഡ്ജ്. നഗരത്തിലെ പ്രധാനപ്പെട്ടയിടമായിരുന്നിട്ടും അവിടെ അധികം ആളുകൾ അപ്പോഴില്ലായിരുന്നു. ലോഡ്ജിന്റെ പരിസരം രാത്രിയുടെ ആ സമയം ഏതാണ്ട് നിശബ്ദമായി കിടന്നു.
“എന്നിട്ടിപ്പോൾ എന്തുണ്ടായി?”
എന്ത് പറ്റി? ഇവിടെ ഇപ്പോൾ ഒച്ചയും അനക്കവും ഒന്നുമില്ലാതെ?”
സിദ്ധാർത്ഥ് റിവോൾവർ എടുത്ത് ജാഗരൂകനായി.
“നമ്മുടെ ലോഡ്ജെ ചിലപ്പോൾ ട്രേസ് ചെയ്യപ്പെട്ടിരിക്കാം…”
അയാൾ മന്ത്രിച്ചു.
“അങ്ങനെയെങ്കിൽ , ഇരുളിന്റെ മറവിൽ ഐ എസ് ഐ ഏജന്റ്‌സോ പൊലീസോ കാണണം..”
ഫൈസൽ അയാളുടെ നേരെ നോക്കി പുഞ്ചിരിച്ചു.
“അതൊന്നുമല്ല,”
ഫൈസൽ പറഞ്ഞു.
“റിഗോണിയിൽ ഒരു ചടങ്ങ് നടക്കുന്നു…ടോപ്പ് സിനിമാ താരങ്ങളൊക്കെ പങ്കെടുക്കുന്ന ചടങ്ങ് ..ആളുകളൊക്കെ അവിടെയാണ്..അതാണ്…”
രണ്ടു തെരുവുകൾക്കപ്പുറമാണ് റിഗോണി ജങ്ക്ഷൻ.
“”അത് നന്നായി,”
ലോഡ്ജ് ബിൽഡിങ്ങിന് മുമ്പിലെ അശോകമരത്തിന് കീഴെ വാഹനം പാർക്ക് ചെയ്ത് അർജ്ജുൻ പറഞ്ഞു.
“നിങ്ങൾ ഇപ്പോൾ ഇറങ്ങേണ്ട,”
ഡോർ തുറന്നുകൊണ്ട് അയാൾ പറഞ്ഞു.
“ഞാനാദ്യം നമ്മുടെ ഫ്ലോറിൽ കയറി നോക്കട്ടെ…അവിടെ സേഫ് ആണെങ്കിൽ ഞാൻ വിളിച്ചു പറയാം. അപ്പോൾ വന്നാൽ മതി!”
അയാൾ പടികൾ കയറി മുകളിലേക്ക് പോയി.
ഫൈസലും സിദ്ധാർഥും ഷഹാനയും ആകാംക്ഷയോടെ മുകളിലേക്ക് നോക്കി.
“വാ! വാ !!”
അർജ്ജുൻ ചുറ്റുപാടും സംഭ്രമത്തോടെ നോക്കി വിളിച്ചു.
ഷഹാനയും സിദ്ധാർഥും മുറിവേറ്റ ഫൈസലിനെ താങ്ങിപ്പിടിച്ച് പടികൾ കയറ്റി.
അപ്പോഴേക്കും മുറികൾ രണ്ടും തുറന്ന് വെച്ചിരുന്നു അർജ്ജുൻ.
ഫൈസലിനെ അവർ കിടക്കയിലേക്ക് ചായ്ച്ച് ഇരുത്തി.
പെട്ടെന്ന് കപ് ബോഡ് തുറന്ന് ഷഹാന മെഡിക്കൽ കിറ്റ് എടുത്തു.
അനസ്തേഷ്യ ഡോസ് സിറിഞ്ചിലേക്കെടുത്തു.
“വെയിൻസ് പ്രസ് ചെയ്ത് പിടിക്ക്!”
സിദ്ധാർഥ് അർജ്ജുനോട് പറഞ്ഞു.
“ഷോൾഡർ ബോൺ ടച്ച് ചെയ്തെങ്കിൽ പ്രശ്നമാകും…”
സിദ്ധാർത്ഥ് ഷഹാനയുടെ കയ്യിൽ നിന്ന് സിറിഞ്ച് വാങ്ങിക്കൊണ്ട് പറഞ്ഞു.
തോളിന്റെയും നെഞ്ചിന്റെയും ഇടയിൽ തിണിർത്ത ഞരമ്പിൽ അയാൾ അനസ്‌തെറ്റിക് ഇൻജെക്ഷൻ എടുത്തു.
അപ്പോഴേക്കും അർജ്ജുൻ മൂർച്ചയുള്ള ക്ലിനിക്കൽ മെറ്റൽ ഹാക്കിങ് ബ്ലേഡ് കിറ്റിൽ നിന്നെടുത്ത് സിദ്ധാർത്ഥിന്റെ കയ്യിലേക്ക് കൊടുത്തു.
“ഈ കിറ്റ് ആരും കയ്യിൽ കരുതിയില്ല..”
ഷഹാന പറഞ്ഞു.
“ഞാൻ എപ്പോഴും കയ്യിൽ സൂക്ഷിക്കുന്നതാണ് ഏത് ഓപ്പറേഷനിലും..ഇന്ന് പക്ഷെ…”
“ഇതുപോലെ ഒരു ആക്ഷൻ ആദ്യമായല്ലേ?”
സിദ്ധാർഥും കുറ്റബോധത്തോടെ പറഞ്ഞു.
“അതുകൊണ്ട് ഞാനും …ആ വെപ്രാളത്തിൽ…”
സിദ്ധാർത്ഥിന്റെ കൈയ്യിലിരുന്ന ബ്ലേഡ് ഫൈസലിന്റെ മാംസത്തിലേക്ക് തുളഞ്ഞു കയറി.
അടുത്ത നിമിഷം അതീവ വൈദഗ്ധ്യത്തോടെ അയാൾ ടി – പതിനാറ് കനമുള്ള ഒരു വെടിയുണ്ട പുറത്തെടുത്തു.
അതോടൊപ്പം രക്തം പുറത്തേക്ക് കുതിച്ചു.
പെട്ടെന്ന് തന്നെ ഷഹാന സലൈൻ വെള്ളവും ല്യൂക്കോ സൈറ്റ്സ് സൊല്യൂഷനും ഡെറ്റോളും കൊണ്ട് മുറിവ് വൃത്തിയായിക്കി ആംഗ്‌സിയോലിറ്റിക്‌സും ആന്റിബയോട്ടിക്‌സും കൊണ്ട് വൃത്തിയായി മുറിവ് കെട്ടി.
പെട്ടെന്ന് കതകിൽ ആരോ ശക്തിയായി മുട്ടി.
സിദ്ധാർത്ഥ് പെട്ടെന്ന് റിവോൾവർ എടുത്ത് പിമ്പിൽ പിടിച്ചു.
“ഷാഹീ,”
അയാൾ ഷഹാനയെ വിളിച്ചു.
ഷഹാന ഉദ്വെഗത്തോടെ അയാളെ നോക്കി.
അയാൾ അവളോട് കതക് തുറക്കാൻ ആംഗ്യം കാണിച്ചു.
അർജ്ജുൻ തന്റെ തോക്കെടുത്ത് പോക്കറ്റിൽ തെരുപ്പിടിച്ചു.
അപ്പോഴേക്കും കതകിൽ മുട്ടുന്നതിന്റെ ശബ്ദവും വേഗവുമേറി.
ഷഹാന പെട്ടെന്ന് കതക് വലിച്ചു തുറന്നു.
അകത്ത് സിദ്ധാർഥും അർജ്ജുനും ഫൈസലും ശ്വാസമടക്കിപ്പിടിച്ചിരുന്നു. “ ‘ഓ!”
പുറത്തത് നിൽക്കുന്നയാളെ കണ്ട് ഷഹാന ആശ്വസിച്ചു.
റൂം ബോയിയാണ്.
“എന്താ?”
അവൾ ചോദിച്ചു.
“അല്ല! നിങ്ങൾ പുറത്ത് പോയപ്പോൾ ഫാൻ ഓഫ് ചെയ്തിരുന്നില്ല…”
അയാൾ പറഞ്ഞു.
“അതിന്?”
അവൾ മുഖം ചുളിച്ചു.
“അവസാനം എക്സ്ട്രാ ചാർജ് ചെയ്യുമ്പോൾ എന്തിനെന്ന് ചോദിക്കരുത്!”
അയാൾ പറഞ്ഞു.
“ഞങ്ങള് പേ ചെയ്തോളാം,”
അവൾ അനിഷ്ടത്തോടെ പറഞ്ഞു.
അകത്തേക്കൊന്ന് എത്തിനോക്കാൻ ശ്രമിച്ച് അയാൾ പോയി.
ഷഹാന കതക് വീണ്ടും ചേർത്തടച്ചു.
അർജ്ജുൻ അപ്പോഴേക്കും ടി വി ഓൺ ചെയ്തു.
“പി ടി വി ന്യൂസ് വെക്ക്,”
ഫൈസൽ പറഞ്ഞു.
അർജ്ജുൻ ചാനൽ മാറ്റി.
വാർത്താ സമ്മേളനമാണ്.
ആഭ്യന്തര മന്ത്രിയും ഹോം സെക്രട്ടറിയുമാണ് ഫുട്ടേജിൽ.
“ഷെറാട്ടൺ ഹോട്ടലിൽ നടന്ന സ്‌ഫോടനം ഇന്ത്യയുടേയോ റോയുടെയോ സൃഷ്ടിയല്ല..”
ആഭ്യന്തര മന്ത്രി ഷെഹ്‌റാർ അസീസ് ഖാൻ പറഞ്ഞു.
“അത് പ്ലംബർ ജോലിക്കാർക്ക് പറ്റിയ കയ്യബദ്ധമാണ്,”
ആ സമയത്ത് അവിടെ കവർച്ചാ സംഘമെത്തിയെന്നും അവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചിട്ടതെന്നും ആഭ്യന്തര മന്ത്രി വിശദീകരിച്ചു.
“ഇനി ആജ് തക് ചാനൽ,”
ഫൈസൽ പെട്ടെന്ന് പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ് ഫൂട്ടേജിൽ.
“കറാച്ചി ഷെറാട്ടൺ ഹോട്ടലിൽ നടന്ന വെടിവെയ്പ്പുമായി ഇന്ത്യക്ക് യാതൊരു ബന്ധവുമില്ല…”
“പക്ഷെ സാർ അവിടെ റോയുടെ ഏജൻസിന്റെ സാന്നിധ്യമുണ്ടായി എന്ന് റിപ്പോർട്ടുണ്ടല്ലോ…”
ഒരു പത്ര പ്രവർത്തകൻ ചോദിച്ചു.
“ഏത് റിപ്പോർട്ട്?”
“സോറി സാർ,”
റിപ്പോർട്ടർ ചിരിച്ചു.
“സോഴ്സ് വെളിപ്പെടുത്താൻ ഇപ്പോൾ നിർവ്വാഹമില്ല,”
“വെളിപ്പെടുത്താത്ത സോഴ്സിൽ നിന്നും വരുന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയലല്ല ആഭ്യന്തര മന്ത്രിയുടെ ജോലി,”
ആഭ്യന്തര മന്ത്രി കടുത്ത ഭാഷയിൽ പറഞ്ഞു.
“നാല് റോ ഏജൻസ് അവിടെ എത്തിയെന്ന് വിവരമുണ്ട് സാർ,”
മറ്റൊരു റിപ്പോർട്ടർ പറഞ്ഞു.
“ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയമോ രഹസ്യാന്വേഷണ വിഭാഗമോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല..”
“അവിടെ ഏതെങ്കിലും ഇന്ത്യക്കാരെ പാക്കിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്താൽ?”
മറ്റൊരു റിപ്പോർട്ടർ ചോദിച്ചു.
“അവർക്ക് ഇന്ത്യയുമായി ഒരു തരത്തിലും ബന്ധമുണ്ടാവില്ല.”
ഷഹാനയും ലത്തീഫും അർജ്ജുനും സിദ്ധാർഥും മുഖാമുഖം നോക്കി.
“ഇതാണ് പ്രതിഫലം!”
സിദ്ധാർത്ഥ് അവജ്ഞയോടെ പറഞ്ഞു.
“മിഷൻ ജയിച്ചാലും അല്ലെങ്കിലും!”
“അത് ഇതിൽ മാത്രമല്ല സിദ്ധു..”
ഫൈസൽ പറഞ്ഞു.
“ഓരോ റോ ഏജന്റും അത് സമ്മതിച്ചിട്ടാണ് ഈ ഏജൻസിയിൽച്ചേരുന്നത്…പിടിക്കപ്പെട്ടാൽ രാജ്യം ഉത്തരവാദിത്തം ഒഴിയും..നാച്ചുറൽ ആണത്..അതിൽ രാജ്യത്തെ പുചിക്കാനൊന്നുമില്ല..”
“അല്ലങ്കിലും എനിക്ക് രാജ്യത്തെ പുച്ഛിക്കാൻ കരണമൊന്നുമില്ല…”
സിദ്ധാർത്ഥ് പറഞ്ഞു.
“റോയുടെ ഹെഡ്ക്വർട്ടേഴ്‌സിൽ ആർക്കും എന്നെ അറിയില്ല…ഗൗതം സാറൊഴികെ…വാടകയ്ക്ക് എടുക്കപ്പെട്ടയാളാണ് ഞാൻ…മെഴ്‌സിനറി…ഗവണ്മെന്റ്റിനറിയില്ല …ഒരു രേഖയിലും ഞാനില്ല..ഹഹ..!”
പുച്ഛം കലർന്ന സ്വരം മുറിയിൽ മുഴങ്ങി.
“ഷെറാട്ടൺ ഹോട്ടൽ ആക്രമണത്തിൽ പാക്കിസ്ഥാൻ സർക്കാരിന് ഏത് തരത്തിലുള്ള സഹായവും സഹകരണവും ഇന്ത്യ വാഗ്ദാനം ചെയ്യുന്നു…”
ആഭ്യന്തര മന്ത്രി തുടർന്നു.
“ഇനിയെന്താണ്?”
അർജ്ജുൻ എല്ലാവരെയും നോക്കി.
പെട്ടെന്ന് ഫൈസലിന്റെ ഫോൺ ശബ്ദിച്ചു.
“ശ് ശ്!!”
ഫൈസൽ ചുണ്ടിൽ വിരൽ ചേർത്ത് മറ്റുള്ളവരെ നിശബ്ദമാക്കി.
“മിണ്ടരുത്! ഗൗതം സാറാണ്!”
അയാൾ ഫോൺ കാതോട് ചേർത്തു.
“ഫൈസൽ!”
അസഹ്യമായ ദേഷ്യത്തിൽ ഗൗതം ഭാസ്‌ക്കർ ചോദിച്ചു.
“എന്താ ഞാൻ കേൾക്കുന്നതൊക്കെ?”
“സാർ!”
ഫൈസൽ വാക്കുകൾക്ക് വേണ്ടി പരതി.
“ഓപ്പറേഷൻ ..അതിനെ പറ്റി ന്യൂസ് ചോർന്നിരുന്നു…അത് മാത്രമേ ഇപ്പോൾ പറയാൻ പറ്റൂ …പ്ലാൻ എല്ലാം പെർഫെക്റ്റായിരുന്നു…”
“ചോർന്നു എന്ന് നിങ്ങൾക്ക് എങ്ങനെ മനസിലായി?”
“സാർ…അയാളുടെ ആദ്യത്തെ സെക്യൂരിറ്റി ചുമതല ഒരു ബവേജയ്ക്കായിരുന്നു ..അതെ മുൻ ഐ എസ് ഐ ചീഫ്…പക്ഷെ ലാസ്റ്റ് മൊമെൻറ്റിൽ അത് റോഷൻ ദുറാനിയുടെ കൈകളിലായി…”
“മൈ ഗോഡ്!”
ഭീതിജനകമായ സ്വരത്തിൽ ഗൗതം ഭാസ്‌ക്കർ പറഞ്ഞു.
“ദുറാനിയോ? എന്നിട്ട് നിങ്ങളൊക്കെ ഇപ്പോഴും ജീവനോടെയുണ്ടോ?”
ഫൈസലിന് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.
“ഞാൻ പറയുന്നത് വരെ ഒന്നും ചെയ്യണ്ട..വെയിറ്റ് ഫോർ മൈ കോൾ,”
ഫോൺ കട്ടായി. ******************************************
ആഗാഖാൻ മെഡിക്കൽ യൂണിവേഴ്‌സിറ്റി.
അത്യാഹിത വിഭാഗത്തിൽ, ബെഡിൽ കിടക്കുകയായിരുന്ന ദാവൂദ് ഡോക്റ്ററെകണ്ടപ്പോൾ ചാടി എഴുന്നേറ്റു.
“ഇതൊക്കെ വലിച്ചു പറിച്ച് മാറ്റ് ഡോക്റ്റർ!”
മൂക്കിനോട് ഘടിപ്പിച്ചിരുന്ന എൻഡോട്രാക്കിയൽ ട്യൂബിൽ പിടിച്ചു കൊണ്ട് അയാൾ മുരണ്ടു.
“എന്നിട്ട് ആവശ്യമുള്ള മറ്റാളുകളുടെ ദേഹത്ത് പിടിപ്പിക്ക് ..ഇവിടെ ഇങ്ങനെ പട്ടിയെപ്പോലെ മലർന്ന് കിടക്കാൻ എനിക്ക് സമയമില്ല…!”
“നിന്നെ ഇന്ന് ഞാൻ!”
കലികയറിയ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.
സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയോടെ ജനറൽ ജഹാംഗീർ ഖറാമത്ത് അവിടേയ്ക്ക് കൊടുങ്കാറ്റിന്റെ വേഗത്തിൽ ദാവൂദിന്റെ നേരെ ചീറിയടുത്തു. അദ്ദേഹത്തിന്റെ തോളിൽ മുറിവ് കെട്ടി വെച്ചിരുന്നു.
“എത്ര തവണ ഞാൻ പറഞ്ഞതാ അങ്ങോട്ട് വരരുത്, ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ട് ..ആക്രമണം ഉണ്ടാവും ..ഈ രാജ്യതിന്റെ സൈന്യാധിപനായ ഞാൻ പോലും നേരിട്ട് വന്ന് കെഞ്ചിയിട്ട്…എന്നിട്ടാണ്!!”
അദ്ദേഹത്തിന്റെ ക്രോധം കലർന്ന വാക്കുകൾ കേട്ട് നിന്നവരെ ഭയപ്പെടുത്തി.
“രാജ്യത്തിന്റെ സൈന്യാധിപൻ പോയി കാർഗിലോ പത്താൻകോട്ടോ പോയി ഇന്ത്യൻ പട്ടാളക്കാരുടെ കാലു നക്ക്!എന്റെ മുമ്പിൽ നിന്ന് കുരയ്ക്കാതെ! തോന്നുമ്പോൾ തോന്നുമ്പോൾ ഹൈദരാബാദിലും കോയമ്പത്തൂരും ദില്ലിയിലും മുംബൈയിലും ബ്ളാസ്റ്റ് വേണം അതിൽ ഇത്രയിത്ര പേര് ചാകണം എന്നൊക്കെ നേരിട്ടും അല്ലാതെയും എന്റെ കാൽച്ചുവട്ടിൽ വന്ന് കരഞ്ഞ് വിളിച്ച് കെഞ്ചിയപ്പം എവിടെപ്പോയി തന്റെ ഈ ദേഷ്യം സൈന്യാധിപാ? നിങ്ങളേൽപ്പിച്ച, ഹിന്ദുസ്ഥാൻ മണ്ണിൽ നിങ്ങലേൽപ്പിച്ച, ഓരോ ഓപ്പറേഷന്റെയും ഡോസിയർ ഭദ്രമായി എന്റെ കയ്യിലുണ്ട് ..നിന്ന് കുരയ്ക്കുന്നതിന് മുമ്പ് അതൊന്നുകൂടി ഓർത്തോണം!”
“ഭായി…”
ദേഹത്ത് നിറയെ മുറിവും വെച്ചുകെട്ടലോടെയും ഇക്രാം അങ്ങോട്ട് ഓടിവന്നു.
“വിവരം കിട്ടി…”
“ങേ?”
ദാവൂദ് അവന്റെ നേരെ അദ്‌ഭുതത്തോടെ നോക്കി.
ഇക്രാം ഒന്ന് രണ്ടു ഫലയുകൾ അയാളെ ഏൽപ്പിച്ചു.
ദാവൂദ് ഫയലിന്റെ പേജുകൾ മറിച്ചു.
“ഫൈസൽ ഗുർഫാൻ ഖുറേഷി ഏലിയാസ് യൂസുഫ് പഠാൻ…റോ…ഏജന്റ്റ് “
അയാൾ അടുത്ത പേജ് മറിച്ചു.
ഷഹാനയുടെ മുഖം അയാൾ അതിൽക്കണ്ടു.
“ഷഹാന സാദിഖ് ഏലിയാസ് ഇൻസിയാ പഠാൻ…റോ ഏജന്റ്റ്…”
അയാളുടെ കണ്ണുകളിൽ കോപം കത്തി.
“ഈ പെണ്ണ്!”
ഷഹാനയുടെ ചിത്രത്തിലേക്കുനോക്കി അയാൾ മുരണ്ടു.
“ഈ കൊടിച്ചിപ്പട്ടി! ഇവളാണ് എന്നെ ഗൺപോയിന്റ്റിൽ നിർത്തി എന്റെ നെറ്റിയിൽ ആദ്യം തോക്ക് മുട്ടിച്ചത്! എന്റെ വയറിനിട്ട് കാലു മടക്കി ഇടിച്ചത്! ഇവളെ എനിക്ക് പച്ചക്ക് വേണം!”
പിന്നെ അയാൾ അർജ്ജുൻ റെഡ്ഢിയുടെ ചിത്രത്തിലേക്ക് നോക്കി.
“അർജ്ജുൻ റെഡ്ഢി ഏലിയാസ് അസ്‌ലം മൻസൂരി റോ ഏജന്റ്റ്…”
അയാൾ മന്ത്രിച്ചു.
“എടാ ഇവനല്ലേ നിന്നെ എങ്ങാണ്ടുന്നോ രക്ഷപ്പെടുത്തി എന്ന് പറഞ്ഞത്?”
അർജുന്റെ ചിത്രത്തിലേക്കും ഇക്രമിന്റെ മുഖത്തേക്കും മാറി മാറി നോക്കി ദാവൂദ് ചോദിച്ചു.
“ഭായി അത്!!”
“നിന്നെയും എന്നെയും ഒക്കെ പൊട്ടനാക്കി റോ ഉണ്ടാക്കിയ ഒരു ഡ്രാമ ആയിരുന്നു ആ ആക്സിഡന്റ് ഒക്കെ ! നിന്നോട് ചങ്ങാത്തം കൂടാൻ! നമ്മുടെ സർക്കിളിൽ കയറാൻ!”
ദാവൂദ് ചിരിച്ചു. എന്നിട്ട് ജനറൽ ഖറാമത്തിനെ നോക്കി.
“എങ്ങനെയുണ്ട് എന്റെ ടീം? നിങ്ങൾക്ക് ഈ വിവരം കിട്ടാൻ കുറഞ്ഞത് ഒരാഴ്ച്ചയെടുക്കും ..ഞാനിത് സംഘടിപ്പിച്ചത് നിമിഷങ്ങൾ കൊണ്ടാണ്..അതാണ് ഡി കമ്പനി! ഒരു സൈന്യാധിപൻ! ഫൂ!!”
ജനറൽ ഖറാമത്ത് ദേഷ്യം കടിച്ചമർത്തി.
“പക്ഷെ ഇക്രാം!”
ഭയപ്പെട്ടു കൊണ്ട് അയാൾ ഇക്രമിനെ നോക്കി.
“ഭായി…”
അയാളുടെ മനസിലുള്ളത് എന്താണ് എന്നറിയാതെ ഇക്രം കുഴങ്ങി.
“എന്നെ പിടിച്ചത് ഇവരാരുമല്ല..ഒരു നാലാമൻ ഉണ്ട്! ഒരുത്തൻ..അവനെവിടെ?”
“അറിയില്ല..പക്ഷെ…”
“പക്ഷെ?”
“അയാളെ ഞാൻ ഹാമിൽട്ടൺ തെരുവിൽ കണ്ടിട്ടുണ്ട്…അവിടെ ഒരു വീട്ടിൽ നിന്ന് ഇറങ്ങിവരുന്നതായിട്ട്…”
“പിന്നെ നീ എന്ത് കാണാനാ നോക്കി നിക്കുന്നെ? പോയി അവനെ വലിച്ച് കീറാൻ!”
പിന്നെ അയാൾ ജനറൽ ഖറാമത്തിനെ നോക്കി.
“ഈ മൂന്ന് പേരെയും എനിക്ക് ഇവിടെ കിട്ടണം…”
അയാൾ ജനറലിനെ ഭീഷണമായി നോക്കി.
“ജീവനോടെ വേണമെന്നില്ല… ശവമായിട്ടാണേലും മതി!”
**************************************************
ജിന്നാ ഇന്റർനാഷണൽ എയർപ്പോർട്ട്.
സമയം ഒൻപത് പത്ത് രാത്രി,
“പേടിക്കേണ്ട,”
മെഹ്‌നൂറിന്റെ ചോദ്യത്തിന് എയർപോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു.
“നിങ്ങൾക്ക് പത്തു മിനിറ്റിനുള്ളിൽ…..”
പെട്ടെന്ന് ഡിസ്‌പ്ലെ ബോഡിൽ കണ്ട വിവരം അയാളെ അദ്‌ഭുതപ്പെടുത്തി.
“ഓഹ്! നോ!”
അയാൾ സംഭ്രമത്തോടെ പറഞ്ഞു.
“എന്താ?”
മെഹ്‌നൂർ അയാളോട് ചോദിച്ചു. ആ നിമിഷം അവളുടെ കണ്ണുകളും ഡിസ്പ്ളേയിലേക്ക് നീണ്ടു.
അതിൽക്കണ്ട വിവരങ്ങൾ അവൾ വായിച്ചു:
എയർലൈൻ: ബ്രിട്ടീഷ് എയർവേയ്‌സ്.ഫ്‌ളൈറ്റ് നമ്പർ അൻപത്തി അഞ്ച് അറുപത്തി ആറ് .ഡെസ്റ്റിനേഷൻ ലണ്ടൻ ഹീത്രൂ എയർപോർട്ട്.ഷെഡ്യൂൾഡ്: കാൻസൽഡ്…ഗേറ്റ് നമ്പർ : നാല്..
“റബ്ബേ!”
അവൾ ചുറ്റും നോക്കി.
പെട്ടെന്ന് ടെലിവിഷനിൽ നിന്ന് കേട്ട ശബ്ദം അവളുടെ പരിഭ്രാന്തി കൂട്ടി.
“ഐസ്ലാൻഡിലെ മഞ്ഞുരുക്കം മൂലമുണ്ടായ പ്രതികൂല കാലാവസ്ഥ കാരണം യൂറോപ്പിലേക്ക് പോകേണ്ട എല്ലാ വിമാനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയിരിക്കുന്നു…”
ഒന്നോർത്തപ്പോൾ അവൾ ആശ്വസിച്ചു.
ക്യാൻസലായത് നന്നായി.
യൂസുഫിനോടൊപ്പം ഒരുമിച്ച് പോകാമല്ലോ.
“പടച്ചോനെ..! അപ്പോൾ മാത്രമേ മഞ്ഞുരുക്കം കുറയാൻ പാടുള്ളൂ കേട്ടോ..”
അവൾ സ്വയം പറഞ്ഞു.
യൂസിഫിനെ വിളിച്ച് കാര്യം പറയാം.
അവൾ ഫൈസലിനെ വിളിച്ചു.
സ്വിച്ച് ഓഫ് എന്ന അറിയിപ്പാണ് അവൾക്ക് കിട്ടിയത്.
ഒരു നിമിഷം ആലോചിച്ചതിന് ശേഷം അയൽവാസിയും സുഹൃത്തുമായ നഫീസയെ അവൾ വിളിച്ചു.
“ആ നഫീസാ…ഞാനാണ് മെഹ്‌നൂർ…ആഹ് അതെ ..എന്താ…റബ്ബേ! തീയോ? തീ പിടിച്ചെന്നോ!! എന്താ നീ പറഞ്ഞെ!!”
നിലവിളിയോടെ അവൾ ചാടിയെഴുന്നേറ്റു.
“അമ്മീ എന്താ?”
അവളുടെ ഭാവമാറ്റം കണ്ട് സുൾഫിക്കർ ചോദിച്ചു.
“ഒന്നുമില്ല മോനെ!”
അവൾ അവനെ എഴുന്നേൽപ്പിച്ചു.
“വാ! നമുക്ക് പോകാം!”
“എന്ത് പറ്റി അമ്മി? അബ്ബൂവിന് എന്തെങ്കിലും?”
“ഇല്ല ഒന്നുമില്ല..വാ…”
അവൾ അവനെയും കൂട്ടി പുറത്തേക്ക് നടന്നു.
“പിന്നെ അമ്മിയെന്തിനാ കരയുന്നെ?”
എൻട്രൻസിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ അവരെ തടഞ്ഞു.
“ജനാബ്!”
കണ്ണുനീർ ഒഴുകിയിറങ്ങിയ കവിളുകളോടെ അവൾ അയാളോട് പറഞ്ഞു.
“എനിക്കുടനെ വീട്ടിൽ പോകണം.എനിക്ക്…!”
“എല്ലാവര്ക്കും പോകണം,”
അയാൾ ചിരിക്കാൻ ശ്രമിച്ചു.
“ഫ്‌ളൈറ്റുകളൊക്കെ ക്യാൻസൽ ആയത് കൊണ്ട് എല്ലാവരും ബുദ്ധിമുട്ടിലാണ്…നിങ്ങടെ ദാ അവിടെ ഇരിക്കൂ …”
സമീപത്തെ ഇരിപ്പിടങ്ങൾ ചൂണ്ടിക്കാണിച്ച് അയാൾ പറഞ്ഞു.
“പ്ലീസ് സാർ!!”
അവളുടെ നിലവിളി ഉച്ചത്തിലായി..ഞാനിപ്പോൾ ഫോൺ ചെയ്തപ്പോൾ എന്റെ വീടിന് …തീ പിടിച്ചു എന്ന് വിവരം കിട്ടി ..അതുകൊണ്ട് എനിക്ക് …”
“ഏഹ് ?”
അയാൾ ദൈന്യതയോടെ അവളെ നോക്കി.
“വീടിന് തീപിടിച്ചോ? എവിടെയാ വീട്? ഇവിടെ കറാച്ചിയിൽ ആണോ,”
“അതെ…”
“..അഡ്രസ്സ് പറയൂ…”
അവൾ പറഞ്ഞു കൊടുത്തു.
“ഹലോ!”
അയാൾ ഫോണിലൂടെ സംസാരിക്കാൻ തുടങ്ങി.
“നമ്പർ ഫോർട്ടി റ്റു പോലീസ് സെൻറെർ …അവിടെ ഹൌസ് നമ്പർ നാനൂറ്റി പതിമൂന്ന് ..വാഡ് ഏഴില് യൂസുഫ് ഖാൻ …ഏഹ് …വീടിനുള്ളിൽ മൂന്ന് ശവങ്ങൾ കത്തികരിഞ്ഞ നിലയിൽ? എന്ത്? ഭാര്യയും ഭർത്താവും കുഞ്ഞുമോ?”
അപ്പോൾ ടിവിയിൽ മറ്റൊരു വാർത്ത കേട്ട് സുരക്ഷാ ഉദ്യോഗസ്ഥൻ അങ്ങോട്ട് നോക്കി.
“ഷെറാട്ടൺ ഹോട്ടലിൽ തീവ്രവാദികളുടെ ആക്രമണം. കറാച്ചിയിൽ യാത്രാ നിരോധനം..”
പശ്ചാത്തലത്തിൽ സ്‌ഫോടനത്തിൽ അമർന്ന ഷെറാട്ടൺ ഹോട്ടലിന്റെ ഫൂട്ടേജ്..
“ഹലോ…”
സുരക്ഷാ ഉദ്യോഗസ്ഥൻ മറ്റൊരു നമ്പർ ഡയൽ ചെയ്തു.
“കൺട്രോൾ റൂമല്ലേ?ഇത് പർവേസ് സംസാരിക്കുന്നു..അവിടെ ഐ എസ് ഐ ഡെസ്ക്കിൽ ആരാണ്?”
പിന്നെ അയാൾ മെഹ്‌നൂറിനെയും സുൾഫിക്കറേയും നോക്കി.
[തുടരും ]
Comments:
No comments!
Please sign up or log in to post a comment!