ഷഹാന Ips : ഒരു സര്‍വീസ് സ്റ്റോറി 10

ഓപ്പറേഷൻ ഡെവിളിൻറെ നാല് നാളുകൾക്ക് മുമ്പ്…

ഫൈസൽ അകത്തേക്ക് വരുമ്പോൾ മെഹ്‌നൂർ ഹാളിൽ ദിവാൻ കോട്ടിൽ ഉറങ്ങുകയായിരുന്നു.

കണ്ണിമയ്ക്കാതെ അയാൾ അവളുടെ കിടപ്പനോക്കി നിന്നു.

ഹൃദയത്തിൽ ഒരു കുറുക്കുവീണത് അയാൾ അറിഞ്ഞു.

ഷഹാനയുടെ സ്വർണ്ണം കാച്ചിയ ദേഹത്തിന്റെ മദമറിഞ്ഞതിന് ശേഷമുള്ള കുറ്റബോധം കൊണ്ടൊന്നുമല്ല.

ഷഹാനയുടെ കാര്യത്തിൽ അയാൾക്ക് കുറ്റബോധം തോന്നിയിട്ടില്ല.

ഷഹാനയെ പ്രണയിച്ചുവെങ്കിലും മെഹ്‌നൂറിനോടുള്ള ഇഷ്ട്ടത്തിൽ ഒരു തരിമ്പു പോലും കുറവുമുണ്ടായിട്ടില്ല.

അവളോടുള്ള അനുകമ്പയ്ക്കോ പ്രണയത്തിനോ അലിവിനോ ഒരു തന്മാത്രയുടെ കുറവുപോലും സംഭവിച്ചിട്ടേയില്ല.

ഹൃദയത്തിൽ വീണ കുരുക്ക് മറ്റൊരു കാര്യത്തിലാണ്.

പോക്കറ്റിൽ സൂക്ഷിച്ച പാക്കറ്റിലുണ്ട് അതിന് കാരണം.

പോക്കറ്റിൽ പാസ്സ്പോർട്ടുണ്ട്. ടിക്കറ്റുകളുണ്ട്.മറ്റു യാത്രാ രേഖകളുണ്ട്.

പക്ഷെ,താൻ അത് എങ്ങനെ മെഹ്‌നൂറിനോട് പറയും?

അയാൾ കിടക്കയുടെ അരികിലിരുന്നു.

മെഹ്‌നൂറിന്റെ തലമുടിയിൽ അയാൾ വാൽസല്യത്തോടെ തഴുകി.

അപ്പോൾ ആദ്യം അവളൊന്ന് കുറുകി.

പിന്നെ സാവധാനം കണ്ണുകൾ തുറന്നു.

അതിനുശേഷം ചാടിയെഴുന്നേറ്റു.

“വേണ്ട വേണ്ട…”

അയാൾ അവളെ വിലക്കി.

“കിടന്നോ..ഉറങ്ങിക്കോ…ഞാൻ നിന്നെ ഉണർത്താൻ ആഗ്രഹിച്ചേയില്ല…”

“വന്നിട്ട് ഒരുപാട് സമയമായോ?”

അയാളുടെ നെഞ്ചിലേക്ക്‌ചാഞ്ഞിരുന്ന് അവൾ ചോദിച്ചു.

“ഇല്ല ..ജസ്റ്റ് ഇപ്പം…”

“ആണോ?”

മുടി വാരിക്കെട്ടിക്കൊണ്ട് അവൾ എഴുന്നേൽക്കാൻ തുടങ്ങി.

“ഞാൻ ചായ എടുക്കാം,”

അവളെഴുന്നേറ്റു.

ഫൈസൽ അവളുടെ പിന്നാലെ ചെന്നു. പാൽ സ്റ്റൗവ്വിൽ വെച്ച് കഴിഞ്ഞ് സ്ക്രേപ്പറിൽ വെച്ച് ഇഞ്ചി അരിഞ്ഞുകൊണ്ടിരിക്കുമ്പോൾ ഫൈസൽ അവളുടെ തോളിൽ പിടിച്ചു.

“എന്താ?”

മുഖം തിരിച്ച് അയാളെ നോക്കി നേരിയ ലജ്ജയോടെ അവൾചോദിച്ചു.

“മെഹ്‌നൂർ …”

അയാൾ പറഞ്ഞു.

“ഞാൻ പറഞ്ഞിരുന്നത് ഓർക്കുന്നുണ്ടോ…നമുക്ക് ലണ്ടനിലേക്ക് മാറേണ്ടിവരും എന്നത്?”

പെട്ടെന്ന് അവളുടെ മുഖം മാറി.

“ഹ്മ്മ്…”

അവൾ താല്പര്യമില്ലാതെ മൂളി.

“ഓർക്കുന്നു..പക്ഷെ ഇവിടെ മതിയായിരുന്നു യൂസുഫ്…നമ്മുടെ ഭാഷ, നമ്മുടെ ആളുകൾ…”

“അതേ…പക്ഷേ…”

അയാൾക്ക് വാക്കുകൾ തിരഞ്ഞു.

“സുൾഫിക്കർ..അവനെ ഓർക്കുമ്പോൾ ..ഇവിടെ കാന്റീൻ നടത്തിയിട്ട് …നിനക്കറിയാമല്ലോ …മെച്ചമൊന്നും ഇല്ലല്ലോ …അതോർക്കുമ്പോൾ …ലണ്ടനിൽ എന്റെ പഠിപ്പിനൊത്ത ഒരു ജോലി.

.അതാവുമ്പോൾ …ഇങ്ങോട്ട് പിന്നെ എപ്പോൾ വേണമെങ്കിലും തിരിച്ചു വരാമല്ലോ…”

അവൾ മുഖം തെളിഞ്ഞു എന്ന് വരുത്തി.

തിളയ്ക്കാൻ തുടങ്ങിയ പാലിലേക്ക് അവൾ ഇഞ്ചിയും ഏലക്കായുമിട്ടു. പിന്നെ പൊടിയും.

“കാര്യം എന്താണ് എന്ന് വെച്ചാൽ നാല് ദിവസങ്ങൾ കഴിഞ്ഞ് പോകണം…”

ചായ ഇളക്കുന്നത് നിർത്തി മെഹ്‌നൂർ ഫൈസലിനെ നോക്കി.

“യൂസുഫ്!”

അവൾ നേരിയ പരിഭ്രമത്തോടെ വിളിച്ചു.

“ഇത്ര പെട്ടെന്ന്…!”

“ആ …അതെ …”

അവളുടെ ചേർത്ത് നിർത്തി അയാൾ പറഞ്ഞു.

“മാത്രമല്ല നാല് ദിവസങ്ങൾ കഴിഞ്ഞ് നീയും സുൾഫിക്കറും ആദ്യം …നിങ്ങൾ രണ്ടുപേരും ആദ്യം പോകണം..എന്റെ ടിക്കറ്റ് അത് കഴിഞ്ഞാണ്…”

ആ വാർത്ത അവളെ വല്ലാതെ ഭയപ്പെടുത്തി.

“യൂസുഫ് എന്തായീ പറയുന്നേ?”

അവളുടെ സ്വരത്തിൽ സങ്കടവും അസഹ്യതയുമുണ്ടായിരുന്നു.

“ഞാനും മോനും ഒറ്റയ്ക്കോ!”

“മെഹ്‌നൂർ..അത്..!”

അയാൾ വിശദീകരിക്കാൻ ശ്രമിച്ചു.

“ലണ്ടനിൽ ഇപ്പോൾ വേൾഡ് എക്കണോമിക് ഫോറം …കോമൺവെൽത്ത് ഗെയിംസ് ഒക്കെ നടക്കുന്നു..ഫ്‌ളൈറ്റ് ഒക്കെ ഏകദേശം ബുക്ഡ് ആണ്…ഒരുമിച്ച് കിട്ടില്ല…ഇതത്ര വലിയ കാര്യമാണോ മെഹ്‌നൂർ? എട്ടര മണിക്കൂർ മാത്രമല്ലേ ഉള്ളൂ ഇവിടുന്ന് ലണ്ടനിലേക്ക് ..? അവിടെ എത്തിയാൽ നമ്മുടെ റഹ്മത്ത് മലയാവാലയും ഷിഫയും ഒക്കെ നിന്നെയും മോനെയും കൂട്ടാൻ വരും …പ്ലെയിനിൽ കയറുന്നു, ഇരിക്കുന്നു, അവിടെ എത്തുന്നു ..എല്ലാം പെട്ടെന്ന് …തീരും ..ദാ ചായ തിളച്ച് പോകാൻ തുടങ്ങുന്നു..”

“എന്റെ റബ്ബേ! ഒറ്റയ്ക്ക് ഞാനും മോനും”

വല്ലാത്ത അസന്തുഷ്ടിയോടെയാണ് മെഹ്‌നൂർ ആ വാർത്ത സ്വീകരിച്ചത്.

“നീയും മോനുമുള്ളപ്പോൾ ഒറ്റയ്ക്കെങ്ങനെയാ? രണ്ടുപേരില്ലെ?”

അയാൾ ചിരിച്ചു.

സമയബോധമില്ലാത്ത അയാളുടെ ഫലിതത്തെ അവൾ അരോചകത്തോടെ സ്വീകരിച്ചു.

“ഇപ്പോൾ പോയില്ലെങ്കിൽ ഒന്നും നടക്കില്ല എന്റെ പെണ്ണെ..”

അവളെ വീണ്ടും ചേർത്ത് പിടിച്ച് അയാൾ പറഞ്ഞു.

“നമുക്ക് എങ്ങനെയും ജീവിക്കാം..നമ്മുടെ മോൻ അൽപ്പം കൂടി മെച്ചപ്പെട്ട ഒരു ജീവിതം അര്ഹിക്കുന്നില്ലേ …അതൊക്കെ ഓർത്തല്ലേ ഞാൻ ..അല്ലാതെ നമ്മുടെ രാജ്യത്തെ മറന്നാണോ?”

ഒരാശ്വാസത്തിനെന്നപ്പോലെ അവൾ അയാളുടെ നെഞ്ചിൽ ചാരി.

**************************************************************

ഓപ്പറേഷൻ ഡെവിളിനു രണ്ടു ദിവസങ്ങൾക്ക് മുമ്പ് .

മനസ്സില്ലാമനസ്സോടെയാണെങ്കിലും മെഹ്‌നൂരിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.


ഇനി പൂർത്തിയാക്കാൻ പ്രധാനപ്പെട്ട ഒരു ജോലി കൂടി ബാക്കിയുണ്ട്.

ഫൈസൽ ഫിർദൗസ് ഫ്‌ളവർ ഷോപ്പിലേക്ക് ബൈക്കോടിച്ചു.

കറാച്ചിയിലെ അയൂബ് ഖാൻ തെരുവിലാണ് അത്.

ഫൈസൽ ചെല്ലുമ്പോൾ ഷോപ്പുടമ സയ്യദ് വസിം കോട്ടാവാല കസേരയിൽ ചാരികിടന്ന് ഉറങ്ങുകയായിരുന്നു. ടി വിയിൽ “ദിൽ വാലെ ദുൽഹനിയാ ലേ ജായേംഗേ” യിലെ “മേരെ ഖ്വാബോ മേ ജോ ആയെ” എന്ന പാട്ട് തകർക്കുകയായിരുന്നു.

കാജലിന്റെ ചുവടുകളിലെ ഭംഗിയിലേക്ക് ഫൈസൽ നോക്കി നിന്നു.

പിന്നെ തെരുവിലേക്ക് കണ്ണുകളോടിച്ചു.

സാമാന്യം നല്ല തിരക്കുണ്ട് തെരുവിൽ.

ഫ്‌ളവർ ഷോപ്പും മോശമല്ലാത്ത രീതിയിൽ ആളുകളെ ആകർഷിച്ചിട്ടുണ്ട്.

പക്ഷെ കടയുടമ വസീം കോട്ടാവാലയ്ക്ക് അതൊന്നും ബാധകമല്ല.

ഫൈസൽ അയാളുടെ തോളിൽ ആദ്യം പതിയെയും പിന്നെ അമർത്തിയും തൊട്ടു.

“ങ്ഹേ!! ആരാ?എന്താ?”

അയാൾ പെട്ടെന്ന് ഉറക്കമുണർന്ന് ചുറ്റും നോക്കി.

“ഇവിടെ..ഇവിടെ…”

ചിരിച്ചുകൊണ്ട് ഫൈസൽ പറഞ്ഞു.

“ഓഹ്! ഫൈ …ആ യൂസുഫ് നീയോ…?”

അയാൾ പെട്ടെന്ന് എഴുന്നേറ്റു.

ഫൈസൽ കടയിലെ തിരക്കിലേക്ക് നോക്കി. പിന്നെ വസീമിന്റെ മുഖത്തേക്കും. അയാൾ പാതയുടെ അപ്പുറത്തുള്ള കോഫീ ഷോപ്പിലേക്ക് കണ്ണുകൾ കാണിച്ചു.

അവർ ഇരുവരും ഫ്ലവർ ഷോപ്പിൽ നിന്നുമിറങ്ങി.

“ഞാൻ കഴിഞ്ഞാഴ്ച പറഞ്ഞിരുന്ന സാധനം നാളെ കഴിഞ്ഞ് ഏഴുമണിയാകുമ്പോൾ കിട്ടണം,”

കോഫിഷോപ്പിലേക്ക് നടക്കവേ ഫൈസൽ വസീമിനോട് പറഞ്ഞു.

“നിങ്ങളുടെ ഹൈറ്റിലും വണ്ണത്തിലുമുള്ള ബോഡി റെഡിയാണ്…ഫ്രീസറിൽ ഉണ്ട്..ലേഡിയ്ക്ക് മെഹ്‌നൂർ ബാബിയേക്കാൾ അൽപ്പം കൂടി തടിയുണ്ടാവും …പക്ഷെ ..എട്ടു വയസ്സുള്ള ആൺകുട്ടി …ലാഹോർ ..ആഗാഖാൻ മെഡിക്കൽ കോളേജിൽ ഏഴ് ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നു ഒന്ന് ..പക്ഷെ…”

“വസീം!”

ഫൈസലിന്റെ ശബ്ദത്തിൽ അസഹിഷ്ണുതയേറി.

അപ്പോഴേക്കും അവർ കോഫി ഷോപ്പിൽ എത്തിയിരുന്നു. അതിന്റെ മുറ്റത്ത് നിന്നിരുന്ന ഒരു നീം മരച്ചുവട്ടിൽ കസേരകളിൽ അവർ അഭിമുഖമായി ഇരുന്നു.

“ഓപ്പറേഷൻ നാളെയാണ്…”

“അറിയാം…”

വസീം പറഞ്ഞു.

“ഗൗതം സാറിന്റെ മെസേജ് ഉണ്ടായിരുന്നു …”

“എന്നിട്ട് ഗ്രൗണ്ട് ക്രൂവിന്റെ ചുമതല വസീമിനല്ലേ! ആ ആൾ ആണോ ഇതുവരെയും സാധനം എത്തിയില്ല എന്ന് പറയുന്നേ?”

“ക്ഷമിക്ക് ഫൈസൽ ഭായി,”

വസീം ചിരിച്ചു.

“നിങ്ങൾ എനിക്ക് തന്ന ലാസ്റ്റ് ഡേറ്റ് നാളെയല്ലേ? സാധനം അതിന് മുമ്പ് എത്തിച്ചാൽപോരെ?”

അപ്പോൾ വസീമിന്റെ മൊബൈൽ റിങ് ചെയ്തു.


സ്‌ക്രീനിലേക്കുനോക്കിയ വസീം അദ്‌ഭുതപ്പെട്ടു.

“ശ്ശ് ..!”

അയാൾ ഫൈസലിനെ നോക്കി പറഞ്ഞു.

“കൃത്യ സമയത്താ നിങ്ങള് വന്നത്”

അയാൾ ഫോൺ അറ്റൻഡ് ചെയ്തു.

“എന്താ ..നാളെയോ ..ഉച്ചകഴിഞ്ഞ് ..ഓക്കേ ..സേഫ് അല്ലെ …ഓക്കേ ..നന്ദി…”

“ആരാണ്?”

“ഷാബന്ദറിൽ നിന്നാ…”

വസീം പറഞ്ഞു.

“ത്രൂ സീ റൂട്ട് …എട്ടു വയസ്സുള്ള ഒരാൺകുട്ടിയുടെ ബോഡി നാളെ ഉച്ചകഴിഞ്ഞ് ഇവിടെ എത്തും …മൂന്ന് ബോഡിയും ഏഴ് മണിക്ക് മുമ്പ് തന്നെ നിങ്ങളുടെ വീട്ടിലെത്തിയിരിക്കും ഫൈസൽ ഭായി…” **************************************************** ഓപ്പറേഷൻ ഡെവിൾ സംഭവിക്കുന്നതിന് അഞ്ച് മണിക്കൂറുകൾ മുമ്പ്.സമയം: ഏഴ് പതിനഞ്ച്.

ജിന്നാ ഇന്റർനാഷനൽ എയർപോർട്ട് കറാച്ചി.

എയർപോർട്ട് ലോബിയിൽ സാമാന്യം തിരക്കുണ്ടായിരുന്നു.

ഫൈസൽ മെഹ്‌നൂറിന് അവസാന നിർദ്ദേശങ്ങൾ നൽകികൊണ്ടിരുന്നു.

“ആദ്യമായി പ്ലെയിനിൽ കയറുകയാണ് എന്നൊന്നും കരുതണ്ട,”

അയാൾ അവളുടെ തോളിൽ പിടിച്ചു.

“നിന്നെ കണ്ടാൽ എന്നും ഫ്‌ളൈറ്റിൽ കയറുന്ന പെണ്ണിനെ പോലെ തന്നെയുണ്ട്. അത്രയ്ക്കല്ലേ ഗ്ളാമർ!”

“പറഞ്ഞ് സുഖിപ്പിക്കണ്ട!”

അവൾ ഇഷ്ട്ടക്കേടോടെ, അതിലേറെ സങ്കടത്തോടെ പറഞ്ഞു.

“അബ്ബൂ,”

കൊച്ച് സുൾഫിക്കർ വിളിച്ചു.

“അപ്പോൾ എന്നെ കണ്ടാലോ?”

“നിന്നെകണ്ടാലോ ? എന്തിനാ പ്രത്യേകിച്ച് പറയുന്നേ? ഈ പ്ലെയിനിന്റെ പൈലറ്റ് അല്ലെ നീ!”

സുൾഫിക്കർ ആഹ്ലാദത്തോടെ ചിരിച്ചു.

“പറഞ്ഞത് കേട്ടല്ലോ …”

ഫൈസൽ ടാർമാക്കിലേക്ക് വിരൽ ചൂണ്ടി.

“അതാണ് നിങ്ങളുടെ ഫ്‌ളൈറ്റ് …ജസ്റ്റ് ടിക്കറ്റിൽ ഡീറ്റയിൽസ് ഒക്കെ ഉണ്ട് …പിന്നെ എന്തിനും ഹെൽപ്പിനായി എയർഹോസ്റ്റസ്മാരും…പൊയ്ക്കോളൂ സമയമായി”

“അപ്പോൾ യൂസുഫ് …യൂസുഫ് അവിടെ വരെ വരുന്നില്ലേ?”

അവൾ വിതുമ്പുന്ന മുഖത്തോടെ ചോദിച്ചു.

“എനിക്ക് ..മെഹ്‌നൂർ ..എനിക്ക് ഇതിനപ്പുറത്തേക്ക് വരാൻ പറ്റില്ല …ഡോണ്ട് വറി …”

മെഹ്‌നൂറും സുൾഫിക്കറും എൻട്രൻസ് കടന്ന് പോയി.

ആ പോക്ക് ഫൈസൽ നോക്കി നിന്നു.

മെഹ്‌നൂർ തിരിഞ്ഞു നോക്കി.

അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു.

കണ്ണുകളിൽ നിന്ന് ധാരധാരയായി നീർ പൊടിഞ്ഞുകൊണ്ടിരുന്നു.

കുരുക്ക് വീണ ഹൃദയത്തോടെ ഫൈസൽ അവളെ നോക്കി.

“അബ്ബൂ…”

സുൾഫിക്കർ തിരിഞ്ഞ് നിന്ന് അയാളെ വിളിച്ചു.


അയാൾ പുഞ്ചിരിയോടെ അവനെ നോക്കി.

അവസാനമായി മെഹ്‌നൂർ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.

നെഞ്ചിൽ കൈ വെച്ച് ശ്വാസം മുട്ടി ഫൈസൽ അവിടെ നിന്ന് പിൻവാങ്ങി.

********************************************* ഓപ്പറേഷൻ ഡെവിൾ സംഭവിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് . സമയം എട്ട് പത്ത്.

തിരിഞ്ഞു നോക്കി വിതുമ്പുന്ന മെഹ്‌നൂറിനെയും പുഞ്ചിരിക്കുന്ന സുൾഫിക്കറിന്റെയും മുഖങ്ങളോർമ്മിച്ച് ഫൈസൽ ടെറസ്സിൽ ഇരിക്കുമ്പോൾ താഴെ ഒരാംബുലൻസ് വന്നു നിന്നു.

പെട്ടെന്ന് അയാൾ താഴേക്ക് ഓടിയിറങ്ങി.

“ജയ് ഹിന്ദ്,സാബ്!”

ആംബുലൻസിലെ ഡ്രൈവർ പറഞ്ഞു.

“ജയ് ഹിന്ദ്!”

ഫൈസൽ പ്രത്യഭിവാദ്യം ചെയ്തു.

ഫൈസൽ ചുറ്റും നോക്കി. ചുറ്റും വിജനമാണ്. വഴിവിളക്കുകൾ പ്രകാശിക്കുന്നുണ്ടെങ്കിലും പാതയോരത്തെ സിനോവ് മരങ്ങളുടെ പന്തലിപ്പ് ആ ഭാഗത്ത് ഇരുട്ട് നൽകിയിരുന്നു.

ഫൈസൽ ഡ്രൈവറെ കണ്ണ് കാണിച്ചു.

അപ്പോൾ ആംബുലൻസിന്റെ ഡോർ തുറക്കപ്പെട്ടു.

ആംബുലൻസിൽ വന്നവർ മൂന്ന് സ്ട്രെക്ച്ചറുകളിൽ മൂന്ന് ശവങ്ങൾ പുറത്തേക്കെടുത്തു.

മൂന്നു ശവങ്ങളെയും അവർ ഫൈസലിന്റെ ബെഡ് റൂമിൽ കിടത്തി.

പിന്നെ അയാളെ സല്യൂട്ട് ചെയ്ത് അവർ പോയി.

ആംബുലൻസ് ഡ്രൈവറെ കൈ വീശിക്കാണിച്ചതിനു ശേഷം ഫൈസൽ കിടപ്പുമുറിയിലേക്ക് കുതിച്ചു.

സ്ത്രീയുടെയും കുട്ടിയുടെയും ശവങ്ങളെ അയാൾ കിടക്കയിൽ കിടത്തി.

പുരുഷ ശവം അയാൾ നിലത്തും.

സ്ത്രീയുടെയും കുട്ടിയുടെയും മുഖത്തേക്ക് അയാൾ സൂക്ഷിച്ച് നോക്കി.

എയർ പോർട്ട് ലോബിയിലേ എൻട്രൻസിൽ വെച്ച് തന്നെ നോക്കി കരഞ്ഞ മഹ്‌നൂറിനെ അയാൾ ഓർത്തു.

തന്നെ നോക്കി പുഞ്ചിരിച്ച കൊച്ച് സുൾഫിക്കറിന്റെ ഓമനത്തമുള്ള മുഖത്തേക്കും.

പെട്ടെന്ന് അയാൾക്ക് അവരെ കാണണമെന്ന് തോന്നി.

എന്നാൽ, ഇന്ത്യയുടെ ത്രിവർണ്ണ പതാക അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.

ദേശീയ ഗാനത്തിന്റെ ശബ്ദവും.

അപ്പോൾ അയാൾ കർത്തവ്യനിരതനായി.

“സമയമില്ല അധികം,”

കരുതി വെച്ചിരുന്ന പെട്രോൾ കാൻ എടുത്തുകൊണ്ട് അയാൾ സ്വയം പറഞ്ഞു.

“ഇന്നാണ് ദാവൂദ് ഇബ്രാഹിമിനെ ജീവനോടെ പിടിക്കേണ്ടത്…! ഇന്നാണ് അയാൾ ഹോട്ടൽ ഷെറാട്ടണിൽ വരുന്നത്…! അവിടെ തന്റെ സഹപ്രവർത്തകർ ഷഹാനയും സിദ്ധാർഥും അർജ്ജുൻ റെഡ്‌ഡിയുമുണ്ട്.”

മൂന്ന് ശവങ്ങളെയും അയാൾ ജൂട്ട് ക്ളോത്ത് കൊണ്ട് ബന്ധിച്ചു.

ജൂട്ട് തുണിയുടെ മുന്നറ്റങ്ങളും ഒരു സ്പോഞ്ച് ബാറിൽ കെട്ടി.

സ്പോഞ്ച് ബാർ മുറിയുടെ മൂലയിൽ വെച്ചു.

സ്പോഞ്ച് ബാറിന് മുകളിൽ മടക്കിയ കാഡ് ബോഡ് പേപ്പറിൽ അയാൾ ഒരു വലിയ മെഴുക് തിരി കത്തിച്ചു.

ഒരു മണിക്കൂർ കഴിയുമ്പോൾ ആ മെഴുക് തിരി കത്തി തീരും.

കാഡ് ബോഡിലേക്ക് തീയിറങ്ങും.

പെട്രോൾ നനച്ച ജൂട്ട് നാടയിലൂടെ തീ സഞ്ചരിച്ച് ശവങ്ങളിലെത്തും.

പെട്രോളിൽ കുതിർന്ന മൂന്ന് ശവങ്ങൾ കത്തിക്കരിയുന്നതോടൊപ്പം ഗ്യാസ് സിലിണ്ടറിൽ കണക്റ്റ് ചെയ്ത ജൂട്ട് നാടയ്ക്കും തീപിടിക്കും.

സ്ഫോടനം സംഭവിക്കും.

ഒരു മണിക്കൂർ കഴിഞ്ഞ്.

അപ്പോൾ താൻ ഹോട്ടൽ ഷെറാട്ടണിൽ ആയിരിക്കും.

അവിടെനിന്ന് ദാവൂദിനെ കടത്തും.

അർജ്ജുൻ റെഡ്ഢിയുടെ ജാഗ്വർ പത്തുമണിക്കൂർ യാത്രയ്ക്ക് ശേഷം ഗുജറാത്തിൽ, റാൻ ഓഫ് കച്ചിൽ എത്തും. അവിടെ കാത്തിരിക്കുന്ന “റോ” യുടെ ചീഫ് ഗൗതം ഭാസ്ക്കറിന് ദാവൂദിനെ കൈ മാറിയതിന് ശേഷം താൻ ബോംബെയ്ക്ക് പോകും.

അവിടെ നിന്ന് ലണ്ടൻ ഹീത്രൂവിലേക്ക് താൻ പറക്കും.

ഖുദാ…!

അയാളുടെ കണ്ണുകൾ പ്രാർത്ഥനയിൽ അടഞ്ഞു.

കണ്ണുകളിലെ ഇരുട്ടിൽ മെഹ്‌നൂറും സുൾഫിക്കറും പ്രകാശങ്ങളായി പുഞ്ചിരിച്ചു.

“കാത്തിരിക്ക് രണ്ടു നാൾ…”

അയാൾ മന്ത്രിച്ചു.

ഓപ്പറേഷൻ ഡെവിൾ സംഭവിക്കാൻ മൂന്ന് മണിക്കൂർ മുമ്പ്.

ഹാമിൽട്ടൺ സ്ട്രീറ്റ്, കറാച്ചി.

ലെഹങ്കാ ചോളിയണിഞ്ഞതിന് ശേഷം പർവീൺ ഖുർഷിദാ നീളമുള്ള കണ്ണാടിയിൽ ഭംഗി നോക്കുകയായിരുന്നു. തെരുവിൽ ഏത് നേരവും അഫ്ത്താഫിന്റെ രൂപം പ്രത്യക്ഷപ്പെടാം. ഇന്ന് കഴിഞ്ഞാൽ പിന്നെ കുറേദിവത്തേക്ക് അഫ്ത്താഫ് ഭുഖ്നൂറിലെ തന്റെ തറവാട്ട് വീട്ടിലേക്ക് മടങ്ങിപ്പോകുമെന്നാണ് പറഞ്ഞത്.

തിരിച്ച് എന്നാണു എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല.

പറയാതെ ഒരു നാൾ കയറിവരും. ഒരു ചുമട് സാധനങ്ങളും അളവിലേറെ പണവുമായി.

ഒന്നും താൻ സ്വീകരിക്കാൻ വിസമ്മതിച്ചാലും അതെല്ലാം സ്വയം ഷെൽഫിൽവെച്ച് പൂട്ടി താക്കോൽ തന്റെ കയ്യിൽ വരും.

മെഹന്ദിയും സനൂരുമണിഞ്ഞ് ഒരു ശാദി മഹലിൽ അഫ്താഫിനോടൊപ്പമിരിക്കുന്നത് എപ്പോഴും താൻ സ്വപ്നം കാണാറുണ്ട്.

പുരോഹിതന്റെ ചോദ്യത്തിന് ശേഷം “കബൂൽ” പറയാൻ കൊതിക്കാറുണ്ട്.

പക്ഷേ അത് സ്വപ്നമായും കൊതിയായും മാത്രം മനസ്സിലുരുന്നാൽ മതി.

പടച്ചവനെക്കാളും സ്ഥാനമാണ് താൻ അഫ്ത്താഫിന് കൊടുക്കുന്നത്.

പലരുടെയും മൂത്രവും രേതസ്സും ഉമിനീരും മർദ്ദനങ്ങളും മലിനമാക്കിയ തന്റെ ആത്മാവിനെയും ദേഹത്തേയും വിമോചിപ്പിച്ചവനാണവൻ.

അവന്റെ വെപ്പാട്ടിയായി എങ്കിലും ജീവിക്കുകയെന്നത് ഒരു രാജകീയ പദവിയാണ് തനിക്ക്.

അപ്പോൾ കണ്ണാടിയിൽ അവൾ സിദ്ധാർത്ഥിന്റെ രൂപം കണ്ടു.

“അഫ്താഫ്!”

അവൾ ആഹ്ലാദത്തോടെ പിൻ തിരിഞ്ഞു നോക്കി.

പിന്നെ ഓടി അവന്റെ ദീർഘവും ദൃഢവുമായ ദേഹത്തെ ആലിംഗനം ചെയ്തു.

“എന്താ പറ്റിയെ നിനക്ക്? ഞാനല്പം മുമ്പ് പുറത്തേക്ക്പോയതല്ലേയുള്ളൂ?”

“അറിയില്ല…”

അവന്റെ നെഞ്ചിൽ മുഖം ചേർത്ത് അവൾ പറഞ്ഞു.

“ഇന്ന് രാത്രി നീ പോവുകയല്ലേ? “

അവൻ ഒന്നും മിണ്ടിയില്ല. അവൻ വാച്ചു നോക്കി. ആറുമണി. ഓപ്പറേഷൻ ഡെവിൾ തുടങ്ങാൻ ഇനി മൂന്ന് മണിക്കൂർ ബാക്കി. ഇവിടുന്ന് പത്ത് മിനിറ്റ് ദൂരം ഹോട്ടൽ ഷെറാട്ടണിലേക്ക്.

“വാ…”

അയാൾ പറഞ്ഞു.

“നമുക്കൊന്ന് പുറത്ത് പോകാം…”

അവൾ അദ്‌ഭുതത്തോടെ അയാളെ നോക്കി.

പുറത്ത് പോകുന്ന കാര്യം അയാൾ പറഞ്ഞിരുന്നില്ല.

വീടുപൂട്ടി അവർ പുറത്തേക്കിറങ്ങി.

ബൈക്കിന്‌ പിമ്പിൽ ഇരിക്കുമ്പോൾ കാറ്റിന്റെ മണം അവൾ മൂക്ക് വിടർത്തി ആസ്വദിച്ചു. അഫ്താഫിനോടൊപ്പം ഈ പൂമണം തനിക്കറിയണമെങ്കിൽ എത്ര നാൾ ഇനി കാത്തിരിക്കണം!

ഒരു വഴിയോര റസ്റ്റാറൻറ്റിന്റെ മുമ്പിൽ അയാൾ ബൈക്ക് നിർത്തി.

റെസ്റ്റോറൻറ്റിന് പുറത്ത് ബിർച്ച് മരങ്ങളുടെ പന്തലിപ്പിനടിയിൽ കസേരകളിൽ അവർ അഭിമുഖമായി ഇരുന്നു. വെയിറ്ററോട് അയാൾ ടർക്കി ബിരിയാണി ഓർഡർ ചെയ്തു.

പർവീൺ അദ്‌ഭുതത്തോടെ അയാളെ നോക്കി.

“എനിക്കത് ഇഷ്ടമാണ് എന്ന കാര്യം ഇപ്പൊഴും അഫ്താഫ് ഓർത്തിരിക്കയാണോ?”

അയാൾ പുഞ്ചിരിച്ചു.

അയാളുടെ കണ്ണുകളിലേക്ക് തന്നെ അവൾ നോക്കിയിരുന്നു. സിദ്ധാർഥും അവളുടെ കത്തുന്ന സൗന്ദര്യത്തെ കണ്ണുകളാൽ പൊതിഞ്ഞു.

“ആളുകള് കാണും കേട്ടോ,”

“കാണട്ടെ…”

അയാൾ പറഞ്ഞു.

“എന്റെ പെണ്ണല്ലെ നീ ?”

അവൾ മേശപ്പുറത്തിരുന്ന അയാളുടെ കയ്യിൽ പിടിച്ചു.

“ആളുകൾ കാണും,”

അയാൾ പറഞ്ഞു.

“കാണട്ടെ,”

അവൾ പറഞ്ഞു.

“എന്റെ ചെക്കനല്ലേ നീ..?”

ബിരിയാണി കഴിച്ച് കൈ കഴുകി തുടച്ച് വന്ന് പർവീണ തിരികെ കസേരയിൽ ഇരുന്നപ്പോഴാണ് അടുത്തുള്ള മേശക്കടുത്തുന്ന ഒരു തടിയനെ കാണുന്നത്.

അവൾ ഭയം കൊണ്ട് വിറച്ചു.

അയാൾ കാണാതിരിക്കാൻ അവൾ സിദ്ധാർത്ഥ് ഇരുന്ന കസേരയിൽ ഇരുന്നു.

“ങ്ഹേ,നീ അവിടെയിരുന്നോ?”

കൈ കഴുകി തിരികെയെത്തിയ സിദ്ധാർത്ഥ് അവളോട് ചോദിച്ചു. അയാൾ എന്നിട്ട് പർവീണ ഇരുന്ന കസേരയിൽ ഇരുന്നു.

അപ്പോഴാണ് സിദ്ധാർത്ഥ് അവളുടെ മുഖം ശ്രദ്ധിക്കുന്നത്. ഭയന്ന്. വിഹ്വലയായി…!

“എന്താ?”

അയാൾ ചോദിച്ചു.

അവൾ കണ്ണുകൾ കൊണ്ട് തന്റെ പിമ്പിൽ ഇരിക്കുന്നയാളെ ആംഗ്യം കാണിച്ചു.

സിദ്ധാർത്ഥ് ഉടനെ വോയിസ് മാഗ്നിഫയർ എടുത്ത് കാതിൽ തിരുകി.

“ഒരു കിളിയെ തപ്പി ഇറങ്ങിയതാ…”

മാഗ്നിഫൈ ചെയ്യപ്പെട്ട അനേകം ശബ്ദങ്ങൾക്കിടയിൽ ഒരു പരുക്കൻ ശബ്ദം അയാൾ ശ്രദ്ധിച്ചു.തടിയൻ അയാൾക്കഭിമുഖമായി ഇരിക്കുന്ന ഒരാളോട് സംസാരിക്കുകയാണ്. മിക്കവാറും ഒരു ഇറാനി.

“എന്റെ കൂട്ടിൽ കെടന്ന കിളിയാരുന്നു … കൊറേ വെടുങ്കൻമാരുടെ കയ്യിൽ അവളെ കച്ചോടം ചെയ്യാൻ കൊടുത്തുവിട്ടതാ …ഈ കറാച്ചിയിൽ വെച്ച് അവമ്മാർക്കിട്ട് പൊട്ടിച്ച് ഏതോ ഒരുത്തൻ അവളെ പൊക്കി… ..അവളെ വീണ്ടും പൊക്കാൻ ഇറങ്ങിയതാ ഞാൻ. അവനിട്ട് പൊട്ടിച്ചിട്ട്….അവളോര്ത്തി കൂടെയുണ്ടെങ്കിൽ ഒരു പത്തുകൊല്ലം വേറെ പണിക്ക് ഒന്നും പോകണ്ട. അവളെ വെച്ച് മാസാമാസം ലക്ഷങ്ങൾ ഉണ്ടാക്കാം. അമ്മാതിരി ഒരു ചരക്കാ.. “

“അവളുടെ ഫോട്ടോ എന്തെങ്കിലും?”

തടിയന്റെ വിവരണം കേട്ട് കൊതിയടക്കാതെ ഇറാനി ചോദിച്ചു.

“ഒന്നുമില്ല ..ഇവിടെ എവിടെയെങ്കിലും കാണും..അവളേം കൊണ്ടല്ലാതെ ഞാൻ പോകില്ല…അവള് ചത്ത് പോയി എന്നാ അവൾ പണ്ട് കഴിഞ്ഞിരുന്ന വേശ്യാലയത്തിന്റെ നടത്തിപ്പുകാരൻ വിശ്വസിക്കുന്നെ..വേറെ പിമ്പുകൾക്കോ കച്ചോടക്കാർക്കോ അവളെ പറ്റി അറിയില്ല…!”

അത് പറഞ്ഞ് അയാൾ എഴുന്നേറ്റു.

“ഇവിടെ അടുത്താ എന്റെ മുറി,”

തടിയൻ ഇറാനിയോട് പറഞ്ഞു.

“ഒരു ഗുളികയുണ്ട്..അത് കൊണ്ടരാൻ മറന്നു. സമയത്തിന് കഴിച്ചില്ലേൽ ഗ്യാസിളകും. ഞാനത് കഴിച്ചിട്ട് വരാം…”

അയാൾ പുറത്തെക്ക് നടന്നു.

‘നിക്കാബ് കൊണ്ട് മുഖം മറയ്ക്ക്,”

സിദ്ധാർത്ഥ് പർവീണിനോട് പറഞ്ഞു.

അവൾ നിക്കാബ്കൊണ്ട് മുഖം മറച്ചു.

“എണീക്ക്!”

തടിയനിൽ നിന്ന് ദൃഷ്ടി മാറ്റാതെ അയാൾ അവളോട് പറഞ്ഞു.

പർവീണ എഴുന്നേറ്റു.

അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് അയാൾ പുറത്തേക്ക് നടന്നു.

പോകുന്ന വഴി റെസ്റ്റോറന്റ്റ് കവാടത്തിൽ വിളക്ക് കാലിന്റെയടുത്ത് റിപ്പയർ ചെയ്തു കൊണ്ടിരുന്ന ഇലക്ട്രീഷ്യന്റെ ടൂൾ ബോക്സിൽ നിന്ന് സിദ്ധാർത്ഥ് ഒരു നീണ്ട സ്ക്രൂ ഡ്രൈവർ എടുത്തു.

ഭയന്നിരുന്ന പർവീണ അത് പക്ഷെ കണ്ടിരുന്നില്ല.

തടിയൻ റെസ്റ്റോറൻറ്റിനു മുകളിലത്തെ നിലയിലേക്കാണ് പോകുന്നത്.

അവിടെ മുഴുവൻ വാടകക്കാർ പാർക്കുന്ന മുറികളായിരുന്നു.

പർവീണയയുടെ കയ്യിൽ പിടിച്ചുകൊണ്ട് അയാൾ പടികൾ കയറി.

ആ ഫ്ലോറിലെ നാലാമത്തെ മുറിയുടെ വാതിൽക്കലെത്തി അയാൾ നിന്നു. പോക്കറ്റിൽ നിന്ന് ചാവിയെടുത്ത് കതക് തുറന്നു.

അപ്പോൾ സിദ്ധാർത്ഥ് അയാളുടെ പിമ്പിലെത്തി.

മുറിയ്ക്കകത്ത് കയറിയ തടിയൻ കതക് ചാരുന്നതിനു മുമ്പ് അത് തള്ളിത്തുറന്ന് പർവീണെയും കൊണ്ട് അകത്ത് കയറി.

തന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറിയ ആളെക്കണ്ട് ആദ്യമൊന്ന് സംഭ്രമിച്ചെങ്കിലും ക്രുദ്ധനായി അയാൾ ചോദിച്ചു.

“ആരാടാ നീ?”

സിദ്ധാർത്ഥ് തന്റെ പിമ്പിൽ നിന്ന പർവീണയെ മുമ്പിലേക്ക് നിർത്തി.

അയാളുടെ കണ്ണുകൾ തിളങ്ങി . മഞ്ഞപ്പല്ലുകൾ കാണിച്ച് അയാൾ ചിരിച്ചു.

ആ നിമിഷം കയ്യിലിരുന്ന നീണ്ട സ്ക്രൂ ഡ്രൈവർ അയാളുടെ വായിലേക്ക്‌ സിദ്ധാർത്ഥ് കുത്തിയിറക്കി. പർവീണ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. അതിന് മുമ്പ് സിദ്ധാർത്ഥ് അവളുടെ വായ് പൊത്തി.

വായ് കടന്ന് കഴുത്ത് തുളച്ച് അതിന്റെ മുന പുറത്തേക്ക് വന്നു.

മുനയിൽ നിന്ന് ചോരതുള്ളികൾ താഴേക്ക് വീണു.

സ്ക്രൂ ഡ്രൈവറടക്കം രുദ്രമായി പിടഞ്ഞുകൊണ്ട് അയാളുടെ ശരീരം നിലത്തേക്ക്‌ വീണു.

അൽപ്പ സമായത്തിനുള്ളിൽ അയാളുടെ ചലനം നിലച്ചു.

“വാ..”

അവളുടെ കൈ പിടിച്ചുകൊണ്ട് അയാൾ മുറിക്ക് പുറത്ത് കടന്നു.

“നിന്റെ നിസ്‌കാര മുറിയിലേക്ക് കയറി വന്ന ഒരു ഹറാം പന്നിയെ നമ്മൾ കൊന്നു…”

താഴേക്ക് പടികളിറങ്ങവേ അപ്പോഴും വിറയ്ക്കുകയായിരുന്ന പർവീണയോട് അയാൾ പറഞ്ഞു.

“അതിന് സന്തോഷിച്ച് തുള്ളിചാടേണ്ടതിന് പകരം അയാളുടെ ആത്മാവിന് മോക്ഷം കിട്ടാൻ സലാത്തൽ ജനാസ ചൊല്ലുകയാണോ നീ?”

പെട്ടെന്ന് തന്നെ അവർ തിരികെ പർവീണയുടെ വീട്ടിലെത്തി.

അപ്പോഴേക്കും മെസേജ് വന്നു സിദ്ധാർത്ഥിന്റെ മൊബൈലിലേക്ക്.

“അരമണിക്കൂറിൽ എത്തുക. കാർഡ് കിട്ടി,”

ഫൈസലാണ്.

ഷെറാട്ടണിൽ എത്തുവാനാണ്.

ദാവൂദ് ഇബ്രാഹിമിന്റെ മകന്റെ കല്യാണത്തിൽ പങ്കെടുക്കുവാനുള്ള കാർഡ് എങ്ങനെയോ ഫൈസൽ സങ്കടിപ്പിച്ചെടുത്തിരിക്കുന്നു!

“വരുന്നില്ലേ?”

അവൾ ചോദിച്ചു.

“ഇല്ല…”

അയാൾ പറഞ്ഞു.

അവളുടെ കണ്ണുകൾ നിറഞ്ഞു.

ചുണ്ടുകൾ വിതുമ്പി.

“ജോലിക്ക് പോകുമ്പോൾ സങ്കടം വന്ന് വിഷമിച്ചിരുന്ന് മാനേജരുടെ വഴക്ക് കേൾക്കരുത്.നല്ലവനാണയാൾ…”

അയാൾ പറഞ്ഞു.

അവളുടെ കണ്ണുനീർ പ്രവാഹമേറിയതേയുള്ളൂ അപ്പോൾ.

“മിടുക്കിയായിരിക്കുക..അടുത്ത തവണ ഞാൻ വരുമ്പോൾ ഇതിലും സുന്ദരിയായിരിക്കുക…”

അവളുടെ കവിളുകൾ കൂടുതൽ നനഞ്ഞു.

“കാരണം ‘കബൂൽ’ ചൊല്ലുമ്പോൾ പെണ്ണ് സുന്ദരിയായിരിക്കണം!”

പർവീൺ വിശ്വസിക്കാനാവാതെ അയാളെ നോക്കി.

“ങ്ഹേ! എന്റെ റബ്ബേ!”

അവൾ അറിയാതെ പറഞ്ഞു.

അയാൾ അതെ എന്ന അർത്ഥത്തിൽ കണ്ണുകളടച്ചു കാണിച്ചു.

അവൾ നന്ദി സൂചകമായി മുകളിലേക്ക് നോക്കി.

അവൾ അധരങ്ങൾ വിടർത്തി ഭംഗിയായി പഞ്ചിരിച്ചു

അത് കണ്ട് സിദ്ധാർത്ഥ് ബൈക്ക് തിരിച്ചു.

ഇനി ഷെറാട്ടണിലേക്ക്.

അവിടുന്ന് ദാവൂദ് ഇബ്രാഹിമിനെയും കൊണ്ട് റാൻ ഓഫ് കച്ചിലേക്ക്.

ഒരു വരവ് കൂടി വരേണ്ടിവരും.

തനിക്ക് ഹൃദയം പകുത്ത് നൽകിയ ഒരു പെണ്ണിനെ നെഞ്ചോട് ചേർക്കാൻ.

ജീവിതത്തിലേക്കു വിളിക്കാൻ.

ഈശ്വരാ….

ആദ്യമായി സിദ്ധാർത്ഥ് അങ്ങനെ ഉച്ചരിച്ചു.

[തുടരും]

Comments:

No comments!

Please sign up or log in to post a comment!