സ്വവര്‍ഗാനുരാഗി

ഈ കഥ ചിലപ്പോൾ നിങ്ങളിൽ പലരും വായിച്ചിട്ടുണ്ടാകും കാരണം ഇത് ഞാൻ വർഷങ്ങൾക്ക് മുൻപ് മറ്റൊരു സൈറ്റിൽ പോസ്റ്റ് ചെയ്തതാണ് … വായിക്കാത്തവർക്ക് വേണ്ടി വീണ്ടും……..

*******************************************

ആറ്റുനോറ്റിരുന്ന ആദ്യരാത്രിയാണ് ഇന്ന്.. ഈ കുട്ടി നിനക്ക് നന്നായി ചേരും.. എന്ന് പറഞ്ഞു അമ്മ ഫോട്ടോ നീട്ടിയപ്പോള്‍ ഞാനാദ്യം വലിയ താല്പര്യമൊന്നും കാണിച്ചില്ല.. അല്ലെങ്കിലും എനിക്ക് ഈ വിവാഹത്തോട് വല്യ താല്പര്യം ഒന്നുമില്ലായിരുന്നു,..

സുന്ദരികളായ പെങ്കുട്യോളെ പ്രണയിക്കുക എന്നിട്ടൊടുക്കം കൊതിപ്പിച്ചു കടന്നു കളയുക അതായിരുന്നു എന്റെ ഒരു രീതി.. ചിലങ്ക, ഋതു, നിള, കനി, നിരഞ്ജന… അങ്ങനെ എത്രയെത്ര പേര്‍ ജീവിതത്തില്‍ വന്നും പോയിക്കൊണ്ടും ഇരുന്നു.. പക്ഷെ അവരിലൊന്നും കാണാത്ത ഒരു പ്രത്യേകത അമ്മ എനിക്ക് നേരെ നീട്ടിയ ഫോട്ടോയില്‍ ഞാന്‍ കണ്ടു… പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു, പെണ്ണ് കാണലും ഉറപ്പിക്കലും വിവാഹവും ഒരു മാസത്തിനുള്ളില്‍ നടന്നു അങ്ങനെ തെന്നല്‍ എന്ന സുന്ദരിപെണ്ണ് എന്റെ നല്ലപാതിയായി ചാര്‍ജെടുത്തു.. ആദ്യ രാത്രിയില്‍ റൂമിനകത്തേക്ക് കടന്ന് തെന്നല്‍ വാതില്‍ അടച്ചു ലോക്ക് ചെയ്തപ്പോള്‍ തന്നെ ഒരു മാസ്മരിക സുഗന്ധം അവളുടെ മേനിയില്‍നിന്നും ആ മുറിയൊട്ടാകെ പരക്കുന്നത് ഞാനറിഞ്ഞു.

അലങ്കരിച്ച കട്ടിലിന്റെ ഓരത്തു തെന്നല്‍ കുത്തിയിരുന്നപ്പോള്‍ നിരങ്ങി നിരങ്ങി ഞാനും അവളുടെ അടുത്തെത്തി.. ആ തുടുത്ത മുഖത്തു ഒരു കട്ടിപ്പ് തോന്നുന്നുണ്ടോ.. ? ഹേയ്.. ചിലപ്പോ നാണത്താല്‍ മുഖം വീര്‍ത്തതാവും.. കൊച്ചുകള്ളി.. ഒന്നൂടി അവളിലേക്ക് ചേര്‍ന്നിരുന്നു ആ മേനിയില്‍നിന്നും ഉത്ഭവിക്കുന്ന മാസ്മരിക ഗന്ധം ഞാന്‍ മൂക്കുവിടര്‍ത്തി വലിച്ചുകേറ്റി.. ലൈറ്റ് ഓഫ് ചെയ്യട്ടെ..

ഒരു കള്ളച്ചിരിയോടെ തെന്നലിന്റെ കാതില്‍ സ്വകര്യം പറഞ്ഞുകൊണ്ട് ബെഡ്‌ലാമ്പിന്റെ സ്വിച്ചില്‍ കൈ പരതുമ്പോഴാണ് അവള്‍ സംസാരിച്ചു തുടങ്ങിയത്.. എനിക്കൊരു കാര്യം പറയാനുണ്ട്… തെന്നല്‍ മുഖം താഴ്ത്തി പറഞ്ഞു.. എന്താ മോളു വേഗം പറയ്., നമുക്ക് കിടക്കണ്ടേ രാവേറെയായ് മോളു.. ചിറിനുണഞ്ഞുകൊണ്ട് ഞാനത്രയും പറഞ്ഞൊപ്പിച്ചു… ഞാന്‍ ലെസ്ബിയനാണ്… ആ വാക്കുകള്‍ വലതു ചെവിയിലൂടെ ഒരു വണ്ടിനെപ്പോലെ എന്റെ തലച്ചോറിലേക്ക് മുരണ്ടുകയറി.. എന്തൂട്ട്… നീ എന്തൂട്ടാ പറഞ്ഞെ.. ?

കട്ടിലില്‍നിന്നും ചാടി എണീറ്റ് ഞാന്‍ തെന്നലിനെ നോക്കി ചോദിച്ചു.. മനസ്സിലായില്ലേ, ഞാനൊരു ലെസ്ബിയനാണ്.

. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ സ്വവര്‍ഗാനുരാഗി.. തെന്നല്‍ പതര്‍ച്ചയില്ലാത്ത ശബ്ദത്തില്‍ പറഞ്ഞപ്പോള്‍ കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലൊരു തോന്നല്‍.. എടീ കാലമാടത്തി, നിനക്ക് ഈ വിവരം കല്യാണത്തിന് മുന്നേ പറയാമായിരുന്നില്ലേ.. ? എനിക്കപ്പോള്‍ പറയാന്‍ തോന്നിയില്ല, മാത്രവുമല്ല നാട്ടുകാരുടെ മുന്‍പില്‍ എനിക്ക് ഒരു ഭര്‍ത്താവായി കാണിക്കാന്‍ ഒരാളു വേണം.. കട്ടിലില്‍ കാലാട്ടിയിരുന്നു തെന്നല്‍ നിസ്സാരമായി അത് പറഞ്ഞപ്പോള്‍ എന്റെ മനോനില ആകെ തെറ്റി..

എന്റെ സ്വപ്നങ്ങള്‍, എന്റെ ജീവിതം, എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് കാല്‍കീഴിലിട്ടു ചവിട്ടി മെതിച്ചിരിക്കുന്നു ഈ പിശാശ്.. എടീ, ഈ ആദ്യരാത്രി നിന്റെ അവസാനരാത്രി ആണെടി കാറച്ചി എരുമേ.., നിന്നെ ഞാനിന്ന് കൊല്ലുടി…. അത്രേം മനസ്സില്‍ പറഞ്ഞു ആ ലെസ്ബിയന്‍ പിശാശിനു നേരെ ഞാന്‍ നോക്കിയപ്പോള്‍ കണ്ട കാഴ്ച.. ! ഓളൊരു വല്യ പോസ്റ്റര്‍ ചുമരിലെ ആണിയില്‍ തൂക്കിയിടുന്നു..

കുറച്ചു നിമിഷം വികാര തീവ്രതയോടെ തെന്നല്‍ ആ പോസ്റ്ററിലേക്ക് നോക്കി നിന്നപ്പോള്‍ ഞാനും ഒന്നെത്തി നോക്കി അതിലേക്ക്… ദേവ്യേ…. സണ്ണി…, സണ്ണി ലിയോണ്‍.. ! കൊച്ചിയില്‍ വന്നിറങ്ങിയ സണ്ണി ചേച്ചി ആരാധകര്‍ക്ക് ഫ്‌ലയിങ് കിസ്സ് കൊടുക്കുന്ന ഫോട്ടോയാണ് തെന്നല്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത്… അതിലേക്കാണവള്‍ ആരാധനയോടെ മതിമറന്നു നോക്കികൊണ്ടിരിക്കുന്നത്..

തെന്നലിന്റെ കഴുത്ത് ഞെരിച്ചുകൊല്ലാനാണ് ആ നിമിഷം തോന്നിയതെങ്കിലും കൈകാലുകള്‍ തളരുന്നപോലെതോന്നി കട്ടിലിന്റെ ഒരെറ്റത്ത് കുത്തിയിരുന്നു.. നല്ല ക്ഷീണം, രാവിലെ തുടങ്ങി ക്യാമറക്ക് മുന്നില്‍ ഇളിച്ചോണ്ട് നില്‍ക്കുന്നതാ.. ഞാന്‍ ഉറങ്ങാന്‍ പോണ് എന്ന് പറഞ്ഞു തെന്നല്‍ കട്ടിലിന്റെ പകുതിയും കയ്യേറി ഒരുവശം ചെരിഞ്ഞു കിടന്നു.. മരവിച്ച മനസ്സുമായി ഞാന്‍ ഓള്‍ടെ ആ കിടപ്പ് നോക്കി, കട്ടിലില്‍ ചിതറി കിടക്കുന്ന മുല്ലപൂക്കളെ നോക്കി… മോഹഭംഗത്തോടെ ഒരുപിടി മുല്ലപൂക്കള്‍ വാരിയെടുത്ത് കൈവെള്ളയിലിട്ടു ഞെരിച്ചമര്‍ത്തി…

പുല്ല്പായയില്‍ കിടന്നത്‌കൊണ്ടാകാം നേരം വെളുത്തപ്പോള്‍ നട്ടെല്ലിനു ഒരു പിടുത്തം.. പായ ചുരുട്ടി കട്ടിലിനടിയിലേക്ക് വെച്ചു നോക്കിയപ്പോള്‍ തെന്നലിനെ കാണുന്നില്ല.. കുളിമുറിയില്‍ നിന്നും മൂളിപ്പാട്ട് കേട്ടപ്പോള്‍ മനസിലായി ഓള് അതിനകത്ത് ഉണ്ടെന്ന്.. ഈശ്വരാ, ഇന്നലെ രാത്രി നടന്നതെല്ലാം ഒരു സ്വപ്നം ആയിരിക്കണേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ അതാ വരുന്നു തെന്നല്‍..
കുളി കഴിഞ്ഞുള്ള വരവാണ്..

മുടിത്തുമ്പില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന ജലകണങ്ങള്‍ അവളുടെ ഇളം മഞ്ഞ നിറത്തിലുള്ള നൈറ്റിയുടെ പിറക് വശം നനക്കുന്നുണ്ട്.. ഛായം പുരട്ടാത്ത ചുണ്ടുകളും കവിളിണകളും ചുവന്നു തുടുത്തിരുന്നു.. ഞാനിന്നലെ ചാര്‍ത്തികൊടുത്ത താലിമാല തെന്നലിന്റെ നനഞ്ഞ കഴുത്തില്‍ സര്‍പ്പത്തെപ്പോലെ പിണഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ മറ്റൊന്നും ഓര്‍ക്കാതെ തെന്നലിന്റെ പിറകിലൂടെ ചെന്നു ഉടുമ്പടക്കം കെട്ടിപിടിച്ചു ആ നനഞ്ഞ കഴുത്തിലേക്കൊന്നു മുഖം ചേര്‍ക്കാന്‍ ഒരു ശ്രമം നടത്തി.. അടിവയറ്റില്‍ ആനപ്പടക്കം പൊട്ടിയതുപോലൊരു പ്രകമ്പനം.. പുറത്തേക്കുയര്‍ന്ന നിലവിളി കടിച്ചമര്‍ത്തി വയറുപൊത്തി നിലത്തിരിക്കുമ്പോഴും തെന്നല്‍ ഏത് അടവ് പ്രയോഗിച്ചാണ് എന്റെ അടിവയറ്റിലേക്ക് മുട്ട് കയറ്റിയതെന്നാണ് എനിക്ക് മനസ്സിലാകാഞ്ഞത്..

തെന്നല്‍ ഒരു സ്ത്രീ ലംബടി മാത്രമല്ല, കളരി മര്‍മ്മണി വിദ്യ പഠിച്ചിട്ടുള്ളവള്‍ കൂടി ആണെന്ന സത്യം അതോടുകൂടി എനിക്ക് മനസ്സിലായി… ഒരാഴ്ച ആങ്ങനെ തട്ടീം മുട്ടീം കടന്നുപോയി.. കിടപ്പറയില്‍ മാത്രമായിരുന്നു തെന്നല്‍ പുരുഷവിധ്വേഷിയുടെ മേലങ്കി അണിഞ്ഞത്.. അടുക്കളയിലും ബന്ധുഗൃഹങ്ങളിലും അവള്‍ ഇളം തെന്നലായി പാറി നടന്നു..

എന്റെ അമ്മക്കും അച്ഛനും അവള്‍ സ്വന്തം മകളായി, പെങ്ങളൂട്ടിക്ക് സ്വന്തം ചേച്ചിയായി, പക്ഷെ കിടപ്പറയില്‍ എത്തിയാല്‍ തെന്നല്‍ സണ്ണിചേച്ചിയുടെ ആരാധിക ആവും.. ഈ ജീവിതം എങ്ങോട്ടാ ഈ പോകുന്നെ എന്ന് പുല്ലുപായില്‍ മലന്നു കിടന്നു ഞാന്‍ ആലോചിക്കുന്ന സമയത്താണ് മേലെ കട്ടിലില്‍ കിടക്കുന്ന തെന്നല്‍ ആരോടോ ഫോണില്‍ കുണുങ്ങി ചിരിക്കുന്ന ശബ്ദം കേട്ടത്.

ചെവിയൊന്നു വട്ടം പിടിച്ചപ്പോള്‍ കേട്ടു എടീ പോടീ എന്ന മട്ടിലുള്ള സംസാരങ്ങള്‍.. ഓഹ്.. ഈ പാതിരാത്രയില്‍ ഇവള്‍ ഏത് അവളോടാ ഇത്രേം കൊഞ്ചികുഴയുന്നത്.. ? ചിലപ്പോ മറ്റേ ടീംസ് ആരിക്കും ഇവള്‍ടെ സ്വവര്‍ഗാനുരാഗികള്‍ ആയ കൂട്ടുകാരികള്‍.. എന്റെ ഒരു വിധി നോക്കണേ, കേട്യോന്‍ ആയ ഈ ഞാന്‍ താഴെ പുല്ലുപായയില്‍ പന പോലെ കിടക്കുമ്പോ സ്വന്തം ഭാര്യ പാതിരാത്രിയില്‍ ആരോടോ കിന്നരിക്കുന്നു അതും ഏതോ പെണ്ണിനോട്.., എന്തൊക്കെ ആഗ്രഹങ്ങളായിരുന്നു,…

കല്യാണത്തിനു ശേഷം അവളെയും കൊണ്ട് ബുള്ളെറ്റിലുള്ള യാത്ര..വൈലറ്റ് പൂക്കള്‍ക്ക് നടുവിലുള്ള ഫോട്ടോഷൂട്ട്, ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍, എല്ലാം പ്ലാന്‍ ചെയ്തു വെച്ചതായിരുന്നു. ആലോചിച്ചപ്പോള്‍ കണ്ണൊന്ന് നീറി,.. തലച്ചോറില്‍ നിന്നും കണ്ണുനീര്‍ കണ്‍കോണിലേക്ക് പുറപെട്ടു കഴിഞ്ഞു.
. ഇല്ല, കരയില്ല, ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല..

ആ രാത്രി മുഴുവനും ഉറങ്ങാതിരുന്നു എന്തൊക്കെയോ ആലോചിച്ചു കൂട്ടി.. ഒടുവില്‍ ചില ഉറച്ച തിരുമാനങ്ങള്‍ എടുത്തു.. പിറ്റേന്ന് രാവിലെ ബുള്ളറ്റെടുത്തു ഒന്ന് പുറത്തിറങ്ങി ഉച്ചയോട് കൂടി വീണ്ടും വീട്ടിലെത്തി.. ബെഡ്‌റൂമിലെത്തിയപ്പോള്‍ തെന്നല്‍ മൊബൈലില്‍ നോക്കി ഇരിക്കുന്നത് കണ്ടു.. അവള്‍ക്കരുകിലേക്ക് ചെന്നപ്പോള്‍ ചോദ്യഭാവത്തില്‍ തെന്നല്‍ മുഖത്തേക്ക് നോക്കി..

ഞാനൊരു യാത്ര പോവുകയാണ്.. ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരൂ.. മുന്‍പേ കരുതിയിരുന്നതാണ് കല്യാണത്തിന് ശേഷം ഭാര്യയെയും കൂട്ടി ഒരു യാത്ര.. ഇനീപ്പോ അതൊന്നും നടക്കില്ല,..

ഒരു നെടുവീര്‍പ്പോടെ അത്രയും പറഞ്ഞുകൊണ്ട് കയ്യിലിരുന്ന കടലാസ് അവള്‍ക്ക് നേരെ നീട്ടി.. ഡിവോഴ്‌സ് പേപ്പര്‍ ആണിത്.. തിരിച്ചു വരുമ്പോഴേക്കും ഒപ്പിട്ടു വെച്ചാല്‍ മതി.. ഇവിടാരും ഒന്നും അറിയില്ല, എന്തെങ്കിലും നുണ തിരിച്ചു വരുമ്പോഴേക്കും ഞാന്‍ കണ്ടുപിടിച്ചോളാം.. ഒന്നും മിണ്ടാതെ അവളാ പേപ്പര്‍ വാങ്ങി..

ഒരാഴ്ച്ചക്കുള്ള ഡ്രസ്സ് എല്ലാം ബാഗില്‍ കുത്തി നിറച്ചുവെക്കുമ്പോള്‍ ഒരിക്കല്‍ പോലും തെന്നല്‍ ഇരിക്കുന്ന ഭാഗത്തേക്ക് ഞാന്‍ നോക്കിയില്ല.. എല്ലാം കഴിഞ്ഞു ഒരു കുളിയും പാസാക്കി റൂമിലെത്തിയപ്പോള്‍ അവളവിടെ ഇല്ല.. ഇനീപ്പോ ഒരു യാത്ര ചോദിക്കേണ്ട ആവശ്യമില്ല, എല്ലാം അവസാനിച്ചു..

അമ്മയും അച്ഛനും പുറത്തെവിടെയോ പോയത് നന്നായി, യാത്രക്കിടയില്‍ എപ്പോഴെങ്കിലും ഫോണ്‍ ചെയ്തു പറയാം എല്ലാം വിശദമായി.. ബാഗും ചുമലിലേറ്റി ബുള്ളറ്റിന്റെ ചാവിയുമെടുത്തു പുറത്തിയപ്പോള്‍ ആ കാഴ്ച കണ്ടു.. ജീന്‍സും ജാക്കെറ്റും അണിഞ്ഞു ബുള്ളെറ്റിനടുത്ത് നില്‍ക്കുന്നു തെന്നല്‍.. ! കയ്യില്‍ ഒരു ചെറിയ ബാഗും ഉണ്ട്..

എന്റെയും ഒരു വല്യ ആഗ്രഹം ആര്‍ന്നു ബുള്ളറ്റില്‍ ഒരു ദീര്‍ഘയാത്ര.. എന്തായാലും ഒറ്റക്കല്ലേ പോകുന്നത്, പിറകിലെ സീറ്റ് കാലി.. ഞാനൂണ്ട് കൂടെ.. ഇടവഴിയില്‍ നിന്നും ഹൈവേയിലേക്ക് ബുള്ളെറ്റ് ഓടിച്ചുകയറ്റുമ്പോള്‍ പിറകില്‍ നിന്നും തെന്നലിന്റെ പതിഞ്ഞ സ്വരം കേട്ടു.. എന്നെ വിവാഹം ചെയ്യുന്നതിന് മുന്‍പ് എത്രപേരെ പ്രണയിച്ചിട്ടുണ്ട്.. ? ങേ… !

ഉള്ളിലൊരു ഇടിമിന്നല്‍ ആഴ്ന്നിറങ്ങി.. പക്ഷെ നുണ പറയാന്‍ തോന്നിയില്ല.. കുറച്ചുപേര്‍ ഉണ്ട്.. എല്ലാരേം പ്രണയിച്ചു പറ്റിച്ചു അവസാനം എന്നെ വിവാഹം കഴിച്ചു അല്ലേ.. ? പതിഞ്ഞതെങ്കിലും ചാട്ടുളി പോലെ മൂര്‍ച്ചയേറിയ ചോദ്യം വീണ്ടും ചെവിക്കരുകില്‍ മുഴങ്ങി.
. ഉം.. അതേ..

അപ്പോഴും നുണപറയാന്‍ തോന്നിയില്ല.. ആശയും മോഹവും നല്‍കി പ്രണയിച്ചതിനു ശേഷം നിസ്സാരമായി കയ്യൊഴിയുമ്പോള്‍ ആ പെണ്‍കുട്ടികളുടെ മനസ്സില്‍ എന്താണെന്ന് ചിന്തിച്ചിരുന്നോ ഒരിക്കലെങ്കിലും.. ? ഇല്ല.., പക്ഷെ തന്നെ വിവാഹം കഴിച്ചതിനു ശേഷം മറ്റൊരു പെണ്ണിനെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല.. സത്യം.. ഉം, ഈ വിവാഹാലോചന വന്നപ്പോള്‍ തന്നെ കഥകള്‍ എല്ലാം അറിഞ്ഞിരുന്നു ഞാന്‍.. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് താലി കെട്ടാന്‍ കഴുത്ത് നീട്ടിതന്നതും.. തെന്നലിന്റെ വാക്കുകള്‍ കേട്ടതും ഞാന്‍ ബ്രേക്കില്‍ ആഞ്ഞ് ചവിട്ടി.. മുഖം തിരിച്ചു ഞാനവളെ ഒന്ന് നോക്കി.. വണ്ടിവിട് മാഷെ..

തെന്നല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.. ബുള്ളെറ്റ് ആയാസപെട്ട് വലിയൊരു ചുരം കയറുമ്പോള്‍ പെട്ടെന്ന് ചെവിയില്‍ തെന്നലിന്റെ ചുണ്ടുരുമ്മി.. ലെസ്ബിയന്‍ ആണെന്ന കല്ലുവെച്ച നുണ വിശ്വസിച്ചു അല്ലേ.. ? ങേ.. അപ്പൊ അതല്ലേ ശരിക്കും.. ? ഞാന്‍ അവിശ്വസനീയതയോടെ വീണ്ടും തലവെട്ടിച്ചു ഓളെ നോക്കി.. മുന്നോട്ട് നോക്കി ഓടിക്ക് കൊരങ്ങാ..

തെന്നല്‍ എന്റെ തല ബലമായി മുന്നോട്ട് തിരിച്ചു പിടിച്ചുകൊണ്ട് തുടര്‍ന്നു.. പുല്ലുപായയില്‍ കിടന്നു മനസ്സ് നീറ്റുന്നത് ഞാന്‍ കണ്ടാര്‍ന്നു..

ഇത്രനാളും ചെയ്ത കുറുമ്പുകള്‍ക്കുള്ള ശിക്ഷയാണെന്നു കരുതിയാല്‍ മതി ഒരാഴ്ച മനസ്സില്‍ കൊണ്ടുനടന്ന ആ വിങ്ങല്‍…, അല്ലെങ്കിലേ ആ പെങ്കുട്യോള്‍ടെ ശാപം ഏട്ടന്‌ടെ വരും തലമുറക്ക്‌മേലായിരിക്കും പതിക്കുക.. അതായത് നമുക്ക് ജനിക്കാന്‍ പോകുന്ന കുട്യോള്‍ക്ക്.. അതിനു ഞാന്‍ സമ്മതിക്കൂല മോനെ..നിഷ്‌കളങ്കതയോടെ അവളത് പറയുമ്പോള്‍ സന്തോഷംകൊണ്ടാവും കണ്ണൊന്ന് നിറഞ്ഞപോലെ..

മൊട്ടകുന്നിന്റെ മുകളില്‍ വൈലറ്റ് പൂക്കള്‍ക്ക് നടുവില്‍നിന്നു സെല്‍ഫി എടുക്കുമ്പോള്‍ തെന്നലിനൊരു സംശയം..ഈ വൈലറ്റ് പൂക്കള്‍ക്ക് എന്താ ഇത്ര പ്രത്യേകത.. ? ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാനവളെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു മനസ്സില്‍ പറഞ്ഞു.. ഉവ്വാ ദിപ്പോ പറയാം.. ഇനി ആ കഥ കേട്ടിട്ട് നീ ലെസ്ബിയന്‍ അല്ല മാവോയിസ്റ്റാണെന്ന് പറയാനല്ലേ.. ? അങ്ങനിപ്പോ വേണ്ടാട്ടാ.. ഹിഹി..

written by Angel………

(a spiritual being in some religions who is believed to be a messenger of God, usually represented as having a human form with wings)

Comments:

No comments!

Please sign up or log in to post a comment!