ഓർമ്മക്കായ്‌

ജനാലയിലൂടെ അരിച്ചരിച്ചു വരുന്ന നേർത്ത വെളിച്ചത്തിനിടയിൽ കർട്ടൻ വകഞ്ഞു മാറ്റി ജനലഴികളിലൂടെ ആകാശത്തേക്ക് വെറുതെ നോക്കി നിൽക്കുകയായിരുന്നു മനുശങ്കർ.

മനുവേട്ടാ…….

പിന്നിൽ നിന്നാരോ വിളിച്ചുവോ… മുറിയ്ക്കുള്ളിലെ ഇരുട്ടിൽ ആരുമില്ലെന്ന് ഉറപ്പായിട്ടും മിഴികൾ ഇടംവലം ആരെയോ വെറുതെ തിരിയുമ്പോഴും കേട്ട ശബ്ദം മായയുടേതാണെന്ന്‌ തിരിച്ചറിയാൻ ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ…

മായ…….

എന്തേ ഇപ്പോഴിങ്ങനെയൊരു തോന്നലിന് കാരണമെന്നാലോചിക്കുമ്പോഴേയ്ക്കും അല്ലെങ്കിലും താനെപ്പോഴാണ് അവളെ ഓർക്കാതിരിന്നിട്ടുള്ളത് എന്ന മറുചോദ്യം ഹൃദയത്തിൽ നിന്നു തന്നെ ഉയർന്നതാണെന്ന് അവനു മനസിലാവുന്നുണ്ടായിരുന്നു…

പതിയെ നടന്നു വന്ന് ബെഡിലിരുന്ന് ഒരു സിഗരറ്റിനു തിരി കൊളുത്തുമ്പോൾ ഉള്ളിലെന്തോ നീറിപ്പുകയുന്നുണ്ടായിരുന്നു… ഇന്നത്തെ രാത്രി തനിയ്ക്കിനി ഉറങ്ങാനാവില്ലെന്നു മനസിലാക്കിയോ എന്തോ മനു പതിയെ കൈയ്യെത്തിച്ച് മുറിയിലെ ലൈറ്റിട്ടു. വൃത്തിയായി അടുക്കിവെച്ചിരുന്ന ഭിത്തിയലമാരയിലെ പുസ്തകങ്ങൾക്കിടയിലൂടെ പരതി ‘മായ’ എന്ന് പുറംചട്ടയിൽ ഭംഗിയായി എഴുതിയ ഒരു ഡയറി, കൈപ്പിടിയിലൊതുക്കുമ്പോൾ ഡയറിയ്ക്കുള്ളിലെ നൂറാവൃത്തി വായിച്ച വരികൾക്കൊപ്പം മനസ് പിന്നോട്ട് പായുവാൻ തുടങ്ങിയിരുന്നു.

**********************************

– കോളേജിൽ സീനിയറായ ശേഷമുള്ള ആദ്യത്തെ ഫ്രഷേഴ്സ് ഡേയാണ്. കഴിഞ്ഞ വര്ഷം സീനിയേഴ്സിന്റെ കയ്യിൽ നിന്ന് കിട്ടിയ പണിയോർത്തപ്പോൾ ഒരെണ്ണത്തിനെ പോലും വെറുതെ വിടരുതെന്നു തോന്നി. എന്തോ ഇത്തവണ ഫ്രഷേഴ്സ് ഡേയിലേയ്ക്കുള്ള മുഴുവൻ ഉത്തരവാദിത്തങ്ങളും സെക്കന്റിയേഴ്സിനെയാണ് ഏല്പിച്ചിരിക്കുന്നത്. അങ്ങനെ ഓരോരുത്തരുടെയും പേരും സ്വഭാവവും വെച്ച് എന്ത് പണിയാണ് കൊടുക്കേണ്ടതെന്ന് തീരുമാനിയ്ക്കാനുള്ള ചുമതല മനുവിനും അശ്വിനും നാലഞ്ച് സുഹൃത്തുക്കൾക്കുമായിരുന്നു…

അങ്ങനെ തങ്ങളെ ഏല്പിച്ച ജോലി ഭംഗിയായി നിർവഹിയ്ക്കുന്നതിനിടയിലാണ് മായ എന്ന പേരിൽ മിഴികളുടക്കി നിന്നത്…

പേരിൽ നിന്നു തന്നെ ഒരു നാടൻ പെൺകുട്ടിയുടെ രൂപം, മനസിൽ വരച്ചിട്ടു കൊണ്ടാണ് കൂട്ടുകാരോട് ഇവളേതാടാ ഞാനറിയില്ലല്ലോ എന്നു ചോദിച്ചത്.

അത് നീ ജെനീറ്റയുടെ പിന്നിൽ നിന്ന് മാറാത്ത കൊണ്ടാണ് കാണാതിരുന്നത് എന്ന അശ്വിന്റെ കമന്റിനും കൂട്ടുകാരുടെ ചിരിയ്ക്കും ഒപ്പം പ്രണവിന്റെ മറുപടിയും വന്നു. .

“അവളെന്റെ വീടിനടുത്തുള്ളതാടാ…. പാവം…

പ്രണവ് ഒരു നിമിഷം നിർത്തിയപ്പോൾ കൂട്ടുകാരൊക്കെ അവന്റെ മുഖത്തേയ്ക്ക് നോക്കി ഇരിയ്ക്കുകയായിരുന്നു.

ഇന്നു വരെ പെൺവർഗത്തെ പറ്റി നല്ലൊരു വാക്ക്. പറഞ്ഞിട്ടില്ലാത്ത അവനിൽ നിന്ന് അങ്ങനൊന്നു കേട്ടതിന്റെ അതിശയം പുറത്ത് കാണിയ്ക്കാതെ മനു വേഗം ചാടിക്കയറി ചോദിച്ചു…

എന്താടാ അവള് പാവാന്ന് പറഞ്ഞേ?

പ്രണവ് ഒരു പുച്ഛത്തോടെ മനുവിനെ നോക്കിയേ ശേഷം പിറുപിറുത്തു, പെണ്ണെന്നു കേട്ടാൽ അപ്പോഴേ ഭ്രാന്താണ്, ഒന്നു പോടാ…

ഇതിൽ കൂടുതലൊന്നും പ്രണവിൽ നിന്നു ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് മനു പിന്നെ അവനോട് ഒന്നും ചോദിക്കാൻ നിന്നില്ല… രണ്ടുദിവസത്തെ അവന്റെയും അശ്വിന്റെയും ശ്രമഫലമായി മായയെ ആദ്യമായി നേരിൽ കാണുമ്പോൾ ഒരു വർഷമായി താൻ പിന്നാലെ നടന്നു വളക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ജെനീറ്റയെ മനസ്സിൽ നിന്നേ മായ്ച്ചു കളഞ്ഞിരിന്നു…

പിന്നീടുള്ള ദിവസങ്ങൾ മായയുടെ പിന്നാലെ ആയിരുന്നു പലരോടുമായി തിരക്കിയപ്പോൾ

മായ തൻറെ കുടുംബത്തിൻറെ നിലയ്ക്കും വിലയ്ക്കും ഒത്തുചേരുന്ന ഒരു വീട്ടിലെ പെൺകുട്ടി അല്ല എന്നവനു ബോധ്യമായിട്ടു കൂടി വിട്ടുകൊടുക്കാൻ തയ്യാറാവാതെ പിന്നാലെ നടന്നു ഇഷ്ടമാണെന്ന് പറയിപ്പിച്ചു.

ഏതോ സുഹൃത്ത് മുഖേന അവളുടെ വീട്ടിൽ ഈ ബന്ധത്തെ പറ്റി അറിഞ്ഞപ്പോഴാണ് അവളുടെ അച്ഛൻ മനുവിന്റെ വീട്ടിലെത്തി കാര്യം തിരക്കുന്നത്. ഒടുവിൽ സത്യാവസ്ഥ അറിയാൻ വേണ്ടി ഇരുവരെയും വിളിച്ച് ചോദിയ്ക്കുമ്പോൾ മനു പറഞ്ഞു, ഇവളെനിക്കൊരു . . . തമാശയായിരുന്നുവെന്ന്…

“”അന്ന് നിറഞ്ഞ കണ്ണുകളിൽ നെഞ്ചിലെ മുഴുവൻ ‘ ദു:ഖവും ഒതുക്കിപ്പിടിച്ച് അവൾ നോക്കിയ നോട്ടം അവൻ കണ്ടില്ലായെന്നു നടിച്ചതേയുള്ളൂ…””

പിന്നീട് ഒരാഴ്ചയോളം അവളെ പറ്റി വിവരമൊന്നുമുണ്ടായില്ല. …. അത് അങ്ങനെ അവസാനിച്ചല്ലോ എന്ന്. കരുതിയിരിക്കുമ്പോഴാണ് ഒരു ഞായറാഴ്ച അവളുടെ കോൾ വന്നത്…

ഒരിയ്ക്കൽ കൂടിയൊന്നു കാണണമെന്ന അവളുടെ ആവശ്യം തള്ളിക്കളയാതെ അവൾ പറഞ്ഞയിടത്തേയ്ക്ക് അവൻ ചെന്നു.

ആളൊഴിഞ്ഞ കടൽക്കരയിൽ പണ്ട് തങ്ങളൊന്നിച്ച് പേരെഴുതിയ മണൽത്തരികൾക്കു മുകളിലൂടെ നടക്കുമ്പോൾ – തന്റെ വിവാഹമുറപ്പിച്ച വിവരം അവളവനോട് പറഞ്ഞു. കൺഗ്രാറ്റ്സ് ടീ എന്ന് അവളുടെ കൈപിടിച്ച് കുലുക്കി പറയുമ്പോൾ അടുത്ത നിമിഷം അവൾ തങ്ങളുടെ കാലുകളെ തൊട്ടു പുൽകി കടന്നു പോയ തിരയിലേയ്ക്ക് മറയുമെന്ന് അവൻ കരുതിയില്ല.. ‘ ‘ ‘

മനുവേട്ടന്, ഈ സ്ഥലം ഓർമ്മയുണ്ടോ?. ഇവിടെ വെച്ചാണ് എന്റെ ഇഷ്ട്ടം ഞാൻ മനുവേട്ടനോട് തുറന്ന് പറയുന്നത്…..

ഇപ്പോൾ എനിക്ക് അങ്ങനെ ഇഷ്ടങ്ങളൊന്നുമില്ല. “”മരവിച്ച മനസ്സ് നിറയെ ഇഷ്ടങ്ങളോടുള്ള വെറുപ്പാണ്…….
. സ്വപ്നങ്ങളോടുള്ള അമർഷവും…….. ലക്ഷ്യങ്ങളേതുമില്ല ഞാനെന്നിലേക്ക് തന്നെ ഒതുങ്ങിയിരിക്കുന്നു…””

മനുവേട്ടാ……………. “”എല്ലാത്തിനും ഒരു പരിധിയുണ്ട് ആ പരിധി കഴിഞ്ഞാൽ പിന്നെ നിരാശയാണ് ഫലം. മോഹത്തിനും, പ്രണയത്തിനും, ജീവിതത്തിനും അങ്ങനെ എല്ലാത്തിനും…”‘

ഞാൻ പോകുന്നു, ഇനിയൊരു തിരിച്ചുവരവില്ല ഗുഡ് ബൈ……!

അവൻ നോക്കി നിൽക്കുമ്പോഴാണ് അവൾ താഴേക്ക് നടന്നു ഇറങ്ങിയത് സംഭവിക്കുന്നതെന്തെന്ന് തിരിച്ചറിയും മുൻപേ അവൾ അപ്രത്യക്ഷമായപ്പോൾ അലറിവിളിച്ചു കരയാനേ കഴിഞ്ഞുള്ളൂ…

തമാശയ്ക്ക് പലരുടെ പിന്നാലെയും നടന്ന് വീഴ്ത്തി അവസാനം ഒരു ഗുഡ്ബൈയിൽ എല്ലാം അവസാനിപ്പിക്കുമ്പോൾ ഇന്നേ വരെ ഒരുവളും ഒരു തുള്ളി കണ്ണീര് പൊഴിച്ചിട്ടു കൂടിയില്ല…

അവസാനം അതേപോലെ ഒരു തമാശയിൽ ഒരു ആത്മാർത്ഥ പ്രണയം ജീവൻ ബലി കഴിക്കുകയായിരുന്നു എന്ന തിരിച്ചറിവാണ് മൂന്നുവർഷത്തോളം അവനെ സൈക്യാട്രിസ്റ്റിന്റെ മുന്നിൽ മുടങ്ങാതെയെത്തിച്ചത്… ഒടുവിൽ ചികിത്സകൾക്കൊടുവിൽ ചുറ്റുമുള്ളതൊക്കെ കൺമുന്നിൽ വീണ്ടും തെളിഞ്ഞപ്പോഴും മനുവേട്ടാ എന്ന വിളി മാത്രം കാതുകളിൽ നിന്നും മാഞ്ഞിരുന്നില്ല…

ഡയറിയിലെ അവസാന പേജും വായിച്ചു കഴിഞ്ഞ് പതിവുപോലെ കണ്ണു നിറഞ്ഞൊഴുകുമ്പോൾ പതിയെ ബാൽക്കണിയിൽ വന്ന് ആകാശത്തേക്ക് നോക്കി…

മിന്നി നിൽക്കുന്ന ഒരായിരം നക്ഷത്രങ്ങൾക്കിടയിൽ തനിക്കുമാത്രം വേറിട്ടറിയാൻ കഴിയുന്ന ആ നക്ഷത്രത്തെ കണ്ടതും വീണ്ടും കാതുകളിൽ മനുവേട്ടാ… എന്ന് വിളിയൊച്ച മുഴങ്ങുന്നുണ്ടായിരുന്നു…

written by Angel………

(a spiritual being in some religions who is believed to be a messenger of God, usually represented as having a human form with wings)

Comments:

No comments!

Please sign up or log in to post a comment!