എന്റെ നിലാപക്ഷി 8

നേരം പുലർന്നപ്പോഴും ശ്രീഹരിയുടെ കരവലയത്തിനുള്ളിൽ ഒന്നും അറിയാതെ ഉള്ള നിദ്രയിൽ ആയിരുന്നു ജീന. കണ്ണുകൾ തുറന്ന ശ്രീഹരി ആദ്യം നോക്കിയത് ഭിത്തിയിലെ വാച്ചിലേക്കാണ്. 7 മണി ആകാറായിരിക്കുന്നു. സാധാരണ ദിവസങ്ങളിൽ ഈ സമയം ജീന ചായയുമായി വന്ന് തന്നെ ഉണർത്തുന്നതാണെന്ന് അവൻ ഓർത്തു. തന്റെ നെഞ്ചിൽ തല അമർത്തി ചൊതുങ്ങികൂടി കിടക്കുന്ന ജീനയെ അവൻ നോക്കി. കുറച്ച് മുടി അനുസരണ ഇല്ലാതെ അവളുടെ മുഖത്തേക്ക് വീണു കിടപ്പുണ്ട്. അവളുടെ നീണ്ടു തിങ്ങി നിറഞ്ഞു കിടക്കുന്ന മുടി ശ്രീഹരിക്ക് ഒരുപാട് ഇഷ്ട്ടമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും മുടി വെട്ടി നീളം കുറക്കാൻ അവൻ ജീനയെ അനുവദിച്ചിരുന്നില്ല. അവളുടെ വയറിൽ ചുറ്റിപിടിച്ചിരുന്ന കൈ എടുത്തു ശ്രീഹരി ജീനയുടെ മുഖത്ത് വീണുകിടന്നിരുന്ന മുടി പിന്നിലേക്ക് ഒതുക്കിയിട്ടു. അപ്പോഴാണ് ഷാൾ ഇല്ലാത്തതിനാൽ അവളുടെ ടോപിനുള്ളിൽ തിങ്ങി നിറഞ്ഞു നിന്നിരുന്ന അവളുടെ മാറിടങ്ങളിൽ അവന്റെ നോട്ടം പതിഞ്ഞത്. ഗാഢനിദ്രയിൽ അലസമായുള്ള കിടപ്പിലായതിനാൽ മാറിടത്തിന്റെ മുഴപ്പ് എടുത്തു കാണിക്കുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പനി കിടപ്പിലായിരുന്ന സമയം ജീന കൂടെ കിടന്നിരുന്നപ്പോൾ ശ്രീഹരി ചിന്തിച്ചിരുന്നു എന്ത് ധൈര്യത്തിൽ ആണ് അവൾ ഇങ്ങനെ കൂടെ കിടക്കുന്നത് എന്ന്. അപ്പോഴൊക്കെയും അവന്റെ മനസ്സിൽ ഓടി എത്തിയത് അവളുടെ ഇച്ചായ എന്നുള്ള വിളിയും അതിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹവും വിശ്വാസവും ആയിരുന്നു. ഗാഢനിദ്രയിൽ കിടന്നിരുന്ന അവളെ ഉണർത്താൻ ശ്രീഹരിക്ക് തോന്നിയില്ല. അതുകൊണ്ട് തന്നെ അവൻ സാവധാനം തന്റെ നെഞ്ചിൽ നിന്നും അവളെ അടർത്തിമാറ്റി കിടത്തി. അതിനു ശേഷം അടുക്കളയിലേക്ക് പോയി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തൊണ്ടവേദന വന്നപ്പോൾ ഒരു ആശ്വാസത്തിന് കോഫി മാറ്റി കട്ടൻചായ കുടിച്ചതാണ്. ജീന ഉണ്ടാക്കിയ കട്ടൻ ചായയുടെ ടേസ്റ്റ് ഇഷ്ട്ടമായതിനാൽ പിന്നെ അതാക്കി പതിവ്. കട്ടനുള്ള വെള്ളം അടിപ്പിൽ വച്ച് തിരിഞ്ഞ് നോക്കുമ്പോഴാണ് ജീന പിറകിൽ നിൽക്കുന്നു. “ഇച്ചായന്‌ എന്നെ വിളിച്ചൂടായിരുന്നോ?” അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. “നീ നല്ല ഉറക്കത്തിൽ ആയിരുന്നു. അതാ വിളിക്കാഞ്ഞെ.” “ഇച്ചായൻ മാറ്.. ഞാൻ ചായ ഇടാം.” അടുക്കള ഭരണം ജീനയ്ക്ക് ആയതിനാൽ അവൻ ഒഴിഞ്ഞു മാറി കൊടുത്തു. “നീ ഇന്ന് ഓഫീസിൽ വരണ്ട.”

അവൾ ആകാംഷയോടെ അവനോടു ചോദിച്ചു. “അതെന്താ?” “നാളെ രാവിലെ നമ്മൾ വീട്ടിലേക്ക് പോകും. പിന്നെ വിദ്യയുടെ കല്യാണത്തിന് ശേഷമേ തിരികെ ഉള്ളു.. അതുകൊണ്ട് നീ ഇന്ന് ഡ്രസ്സ് എല്ലാം പായ്ക്ക് ചെയ്യ്.

” അവൾ കുറച്ച് നേരത്തേക്ക് മൗന ആയി നിന്ന ശേഷം പറഞ്ഞു. “എനിക്ക് കുഴപ്പമൊന്നും ഇല്ല ഇച്ചായ.. ആദ്യത്തെ പ്ലാൻ പോലെ നമുക്ക് അടുത്ത മാസം ആദ്യം പോയാൽ മതി.” “ആ പ്ലാൻ ഒക്കെ ചെയ്ഞ്ച് ചെയ്തു. നമ്മൾ നാളെ തന്നെ പോകും.” “എനിക്ക് വേണ്ടി ഇച്ചായൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. അതിന്റെ കൂടെ എനിക്കായി ഓഫീസിൽ നിന്ന് മാറി നിന്നാൽ അവിടത്തെ കാര്യങ്ങളെല്ലാം കുളം ആകും.” ശ്രീഹരി കടിപ്പിച്ചു പറഞ്ഞു. “എന്റെ ഈ തീരുമാനത്തിൽ ഒരു മാറ്റം ഇല്ല.” അവന്റെ സ്വരത്തിൽ ഉണ്ടായ മാറ്റം അവളെ ചെറുതായി വിഷമിപിപ്പിച്ചു. അത് അവളുടെ മുഖത്തു കാണാനും ഉണ്ടായിരുന്നു. അത് മനസിലായ ശ്രീഹരി അവളുടെ വലതു കൈപ്പത്തി തന്റെ ഇരു കാരങ്ങൾക്കുള്ളിലുമായി അമർത്തി കൊണ്ട് പറഞ്ഞു. “ഈ യാത്ര നിനക്ക് വേണ്ടി മാത്രമല്ല.. എനിക്കും കൂടി വേണ്ടിയാണ് ജീന. ഈ തിരക്കുകൾക്കിടയിൽ നിന്നൊരു മാറ്റം ഞാനും എന്നെ ആഗ്രഹിക്കുന്നു.” ഇനി എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലെന്ന് മനസിലായ ജീന മൗനം പാലിച്ചു. പിന്നെ അവർക്കിടയിൽ സംസാരം ഒന്നും ഉണ്ടായില്ല. . . രാവിലെ തന്നെ ജീനയും ശ്രീഹരിയും യാത്രക്ക് തയ്യാറായി വീട്ടിൽ നിന്നും ഇറങ്ങി. ജീന വാതിൽ പൂട്ടുന്ന സമയം ശ്രീഹരി ബാഗുകൾ എല്ലാം കാറിലേക്ക് എടുത്തു വച്ചു. ജീന അവളുടെ എല്ലാ ഡ്രെസ്സുകളും ബാഗിനുള്ളിൽ ആക്കി എടുത്തിരുന്നു. അല്ലെങ്കിൽ അവിടെ ചെല്ലുമ്പോൾ ശ്രീഹരി തനിക്കായി ആവിശ്യം ഇല്ലാതെ വീണ്ടും ഡ്രെസ്സുകൾ വാങ്ങികൂട്ടുമെന്ന് അവൾക്ക് നന്നായി അറിയാം. വാതിൽ പൂട്ടിക്കഴിഞ്ഞ ജീന മുറ്റത്ത് നിന്നിരുന്ന വേലക്കാരിയുടെ അടുത്ത് ഒരാഴ്ച കൂടുമ്പോൾ വന്നു തൂത്ത് തുടച്ച്‌ ഇടണമെന്ന നിർദ്ദേശം കൊടുത്ത ശേഷം കാറിന്റെ മുൻസീറ്റിൽ കയറി ഇരുന്നു. രാജുവിനോട് തലേ ദിവസം തന്നെ ശ്രീഹരി ഇനി തിരികെ വരുന്നതുവരെ ഓഫീസിലെ കാർ ഓടിക്കാൻ പോയാൽ മതിയെന്ന് നിർദ്ദേശം നൽകിയിരുന്നു. കാർ ഓടിക്കുന്നതിനിടയിൽ അവൻ ജീനയെ ശ്രദ്ധിച്ചു.

മഞ്ഞ കളറിൽ ചുവപ്പും പച്ചയും ഡിസൈനുകൾ ഉള്ള ഒരു ടോപ്പും പാന്റും ആണ് അവൾ ഇട്ടിരുന്നത്. അവളുടെ വെളുത്ത ശരീരത്തിന് അത് നന്നായി ചേരുന്നുണ്ട്. അവളുടെ മുഖത്ത് ഒരു മ്ലാനത താളം കെട്ടി കിടക്കുന്നത് അവൻ ശ്രദ്ധിച്ചു. “നിനക്ക് എന്തെങ്കിലും എന്നോട് പറയാനുണ്ടോ?” അവൾ പുറത്തേക്ക് നോക്കി ഇരുന്നുകൊണ്ട് മൂളി. “എന്താ പറയാനുള്ളത്?” “ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ?” “ഈ യാത്ര ഒഴുവാക്കുന്നത് ഒഴിച്ച് ബാക്കി എന്ത് പറഞ്ഞാലും കേൾക്കാം.” അവൾ ശ്രീഹരിയുടെ മുഖത്ത് നോക്കികൊണ്ട്‌ പറഞ്ഞു.
“എന്റെ വീടുവരെ എന്നെയൊന്ന് കൊണ്ട് പോകാമോ?” അതുകേട്ട് അവന്റെ മുഖത്ത് ആകാംഷ നിറഞ്ഞു. എന്തിനാ എപ്പോൾ അവിടെ പോകുന്നത് എന്ന അർഥത്തിൽ അവൻ ജീനയെ നോക്കി. അത് മനസിലാക്കിയ അവൾ പറഞ്ഞു. “എന്റെ അപ്പന്റെയും അമ്മയുടെയും ഒരു ഫോട്ടോ അവിടുണ്ട്. അവരുടെ ഓർമ്മക്ക് അതെ ഉള്ളു. അതെനിക്ക് വേണം.” ശ്രീഹരി കാർ റോഡിൻറെ സൈഡിലേക്ക് ഒതുക്കിയിട്ടു. അതിനു ശേഷം കാറിനു പുറത്തേക്ക് ഇറങ്ങി. ജീന അപ്പോഴും കാറിനുള്ളിൽ തന്നെ ഇരിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിൽ ചാരി നിന്നുകൊണ്ട് അവൻ ചിന്തിച്ചു. ‘പത്തനംതിട്ട വരെ പോവുകയാണെങ്കിൽ വീട്ടിൽ എത്തുവാൻ കുറച്ച് മണിക്കുറുകൾ വൈകുമെന്നേ ഉള്ളു, സമയം എത്ര നഷ്ടപ്പെട്ടാലും കുഴപ്പമില്ല. പക്ഷെ അവിടെ ഒറ്റക്ക് ചെന്ന് കയറുമ്പോൾ റോയിയുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽ…. റോയ് ഒറ്റക്കാണെങ്കിൽ പ്രശ്നമില്ല, നേരിടാവുന്നതേ ഉള്ളു.. പക്ഷെ അത് അവന്റെ സ്ഥലം ആണ്.. ആരെങ്കിലും അവനു സഹായത്തിനു വന്നാൽ ജീനയുമായി അവിടെ ഒറ്റക്ക് കയറി ചെല്ലുന്നത് ബുദ്ധിയല്ല.’ അവന്റെ മനസ്സിൽ പെട്ടെന്ന് തെളിഞ്ഞ് വന്നത് റാമിന്റെ മുഖമാണ്. ഉടൻ തന്നെ അവൻ റാമിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. റോയിയുടെ വീടെത്താറാകുമ്പോൾ ഒന്ന് വിളിച്ച് അറിയിച്ചാൽ മതി.. വേറൊന്നും പേടിക്കണ്ട എന്നായിരുന്നു റാമിന്റെ മറുപടി. കാറിനുള്ളിലേക്ക് കയറിയ ശ്രീഹരി ഒരു പുഞ്ചിരിയോടെ പറഞ്ഞു. “നമ്മൾ നിന്റെ വീട്ടിലേക്ക് പോകുന്നു.” മ്ലാനമായിരുന്ന അവളുടെ മുഖം പെട്ടെന്ന് തെളിഞ്ഞു. മുന്നോട്ടാഞ്ഞു അവനെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു. “താങ്ക്സ് ഇച്ചായാ..” കുറച്ച് നേരം അവൾ വിട്ടുമാറാതെ അങ്ങനെ തന്നെ ഇരുന്നപ്പോൾ ശ്രീഹരി പറഞ്ഞു. “മതി മതി.. നമുക്ക് പോകണ്ടേ.” തെല്ലൊരു ജാള്യതയോടെ അവൾ അവനിൽ നിന്നും അകന്നു മാറി. ശ്രീഹരി ഒരു ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു. രണ്ടു ദിവസമായി അവളിൽ നിന്നും നഷ്ട്ടപെട്ടിരുന്ന ഉദ്‌മേഷം തിരികെ ലഭിച്ചപോലെയായിരുന്നു പിന്നീടുള്ള അവളുടെ പെരുമാറ്റം.

വാ തോരാതെ സംസാരിച്ച് തുടങ്ങി മുഖത്താകെ ഒരു തെളിച്ചവും സന്തോഷവും. പത്തനംതിട്ട ആയി അവൾക്ക് അറിയാവുന്ന സ്ഥലങ്ങൾ കണ്ടു തുടങ്ങിയപ്പോൾ അവൾ വീണ്ടും മൗനയായി. ഒരു ജംഗ്ഷൻ എത്തിയപ്പോൾ അവൾ കാർ നിർത്തുവാൻ ശ്രീഹരിയോട് ആവിശ്യപെട്ടു. അവൻ റോഡിൻറെ അരികിലേക്ക് കാർ ഇതുക്കി നിർത്തി. കൈ നീട്ടികൊണ്ടു അവൾ പറഞ്ഞു. “പേഴ്‌സ് താ..” അവൻ എന്തിനെന്നുപോലും ചോദിക്കാതെ പേഴ്‌സ് അവൾക്ക് നൽകി. കാറിൽ നിന്നും ഇറങ്ങിയ ജീന ഒരു കടയിലേക്ക് നടന്നു. ആ സമയം ശ്രീഹരി റാമിനെ വിളിച്ച് അവർ വീട് എത്താറായ വിവരം അറിയിച്ചു.
ശ്രീഹരിയും ജീനയും അവിടെ എത്തുമ്പോൾ അവിടെ ഉണ്ടാകുമെന്ന് റാം അവനു ഉറപ്പ് നൽകി. കുറച്ച് സമയങ്ങൾക്ക് ശേഷം ചെറിയൊരു കവറിൽ നിറയെ ചോക്ലേറ്റുമായി ജീന കാറിൽ വന്നു കയറി. ജീന തിരികെ നൽകിയ പേഴ്‌സ് പോക്കെറ്റിൽ വയ്ക്കുന്നതിനിടയിൽ അവൻ ചോദിച്ചു. “ഇതാർക്കാണ് ഇത്രയും ചോക്ലേറ്റ്?” “ചേച്ചിടെ മോൾക്കാണ്.” തന്നെ വളരെയധികം ദ്രോഹിച്ച ഒരാളുടെ മകൾക്ക് ചോക്ലേറ്റും വാങ്ങി പോകുന്ന ജീനയെ കണ്ട് അവനു അദ്‌ഭുതം തോന്നാതിരുന്നില്ല. പിന്നെ അവൻ ചിന്തിച്ചു. അല്ലെങ്കിൽ തന്നെ ഒന്നും അറിയാത്ത ആ കൊച്ചു എന്ത് തെറ്റാണ് ചെയ്തത്. അവർ ജീനയുടെ വീടിന് മുന്നിൽ എത്തുമ്പോൾ വാക്ക് പാലിച്ച് കൊണ്ട് റാം അവിടെ ഉണ്ടായിരുന്നു. കൂടെ ഗുണ്ടകൾ എന്ന് രൂപ ഭാവത്തിൽ തോന്നിക്കുന്ന കുറച്ച് പേരും. അവരുടെ ഇടയിൽ നിസഹായനായി റോയിയും നിൽക്കുന്നു. ശ്രീഹരിയും ജീനയും കാറിൽ നിന്നും ഇറങ്ങിയപ്പോൾ റാം അവരുടെ അടുത്തേക്ക് വന്നു ഒരു ചെറു ചിരിയോടെ പറഞ്ഞു. “ഞാൻ റോയിയോട് സംസാരിച്ചു. നിങ്ങൾ ഇവിടെ വന്നതിൽ അവന് ഒരു ബുദ്ധിമുട്ടും ഇല്ല.” ശ്രീഹരിയും ജീനയും റോയിയുടെ മുഖത്തേക്ക് നോക്കി. അവൻ രൂക്ഷ ഭാവത്തിൽ ഇരുവരെയും നോക്കുന്നുണ്ട്. പക്ഷെ പ്രതികരിക്കാൻ പറ്റാത്ത ഒരു സാഹചര്യവും. ജീനയുടെ മുഖത്ത് പുച്ഛവും വെറുപ്പും നിറഞ്ഞിരുന്ന ഒരു ഭാവമായിരുന്നു. ശ്രീഹരിയുടെ ശബ്‌ദം അവളുടെ കാതിൽ പതിച്ചു. “പോയി എന്താണ് വേണുന്നതെന്ന് വച്ചാൽ എടുത്തിട്ട് വാ.” “ഇച്ചായനും കൂടി വാ..” “ഞാൻ വന്നേക്കാം. നീ പൊയ്ക്കോ.”

കൈയിൽ ചോക്ലേറ്റ് കവറുമായി ജീന വീട്ടിലേക്ക് നടന്നു. വീടിന്റെ മുറ്റത്ത് തന്നെ എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാതെ ഭയം നിറഞ്ഞ മുഖത്തോടെ അവളുടെ ചേച്ചിയും നിൽപ്പുണ്ടായിരുന്നു. കൂടെ ഒരു അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പെങ്കൊച്ചും. ജീന അവിടെ നിന്നും നടന്നു നീങ്ങിയപ്പോൾ റാം ശ്രീഹരിയോട് ചോദിച്ചു. “എന്താ നിന്റെ ഉദ്ദേശം?” ശ്രീഹരി ചോദിച്ചത് മനസിലായില്ല എന്നുള്ള രീതിയിൽ റാമിനെ നോക്കി. “ഇവളെ ഇവിടെ നിന്നും നീ കൂട്ടികൊണ്ട് പോയി.. കൂടെ താമസിപ്പിച്ചു.. ഓഫീസിൽ ജോലി കൊടുത്തു.. ഇപ്പോൾ നിന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നു.. ഇതിന്റെയൊക്കെ അർദ്ധം ആണ് ഞാൻ ചോദിച്ചത്.” അവൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു. “ഒരു ലക്ഷ്യവും ഇല്ലാതെ കുറെ പണത്തിനായി മാത്രം ജീവിക്കുവായിരുന്നു ഞാൻ. ഒന്ന് സന്തോഷിക്കാനോ മനസറിഞ്ഞ് ചിരിക്കാനോ എനിക്കന്ന് കഴിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോൾ ജീനയുടെ സാമിപ്യം അതിൽ നിന്നെല്ലാം ഒരു മാറ്റം എന്നിൽ ഉണ്ടാക്കിയിരിക്കുന്നു.
ഞാൻ ഇപ്പോൾ എന്റെ ജീവിതം ആസ്വദിക്കുന്നുണ്ട്.” റാം കുറച്ച് നേരം അവനെ നോക്കി നിന്ന ശേഷം പറഞ്ഞു. “അവളുടെ സാമിപ്യം നിനക്ക് സന്തോഷം നൽകുന്നുണ്ടെങ്കിലും ഒരിക്കലും നീ അവളെ വിട്ടു കളയരുത്.. ഒരു നിമിഷം നിശബ്‌ദനായ ശേഷം റാം തുടർന്ന്. “അവൾക്ക് സംഭവിച്ചതെല്ലാം മറന്ന് നിനക്കവളെ അങ്ങ് കല്യാണം കഴിച്ചൂടെ.” ഒരു പുഞ്ചിരിയോടെ ആണ് ശ്രീഹരി അതിനു മറുപടി നൽകിയത്. “അവളുടെ ഒരു മുൻകാല ചരിത്രവും എനിക്കൊരു വിഷയമേ അല്ല. പക്ഷെ ഞാൻ കല്യാണം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാലും അവൾ അതിന് സമ്മതിക്കുകയില്ല.” റാം എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുൻപ് തന്നെ ശ്രീഹരി ജീനയുടെ അടുത്തേക്ക് നടന്നു. ജീന നടന്നു വരുന്നത് കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു അവളുടെ ചേച്ചി. അവൾ ധരിച്ചിരിക്കുന്ന വില കൂടിയ ഡ്രെസ്സും അവളുടെ വർധിച്ച സൗന്ദര്യവും എല്ലാം ചേച്ചിയെ അദ്‌ഭുതപെടുത്തി. ജീന ചേച്ചിയെ ശ്രദ്ധിക്കാതെ ഇല്ല. അവളെ നോക്കി ചിരിക്കുന്ന കൊച്ചിന്റെ മുഖത്ത് തന്നെയായിരുന്നു അവളുടെ ശ്രദ്ധ. ജീന ഒരു പുഞ്ചിരിയോടെ ആ കൊച്ചിന്റെ മുന്നിൽ മുട്ടുകുത്തി നിന്ന്, എന്നിട്ടു കവിളുകളിൽ ഉമ്മ വച്ചു. അപ്പോഴേക്കും ശ്രീഹരിയും മുറ്റത്ത് എത്തിയിരുന്നു. ചോക്ലേറ്റ് കൊച്ചിന്റെ കൈയിൽ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു. “ഇത് മൊത്തം മോൾക്കുള്ളതാണ് കേട്ടോ.” ചോക്ലേറ്റ് വാങ്ങിക്കൊണ്ടു കൊച്ചു തലയാട്ടി ചിരിച്ചു. തറയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ജീന ആരോടെന്നില്ലാതെ ചേച്ചി കേൾക്കാനായി പറഞ്ഞു. “ഞാൻ എന്റെ അപ്പന്റെയും അമ്മയുടെയും ഫോട്ടോ എടുക്കാനായി വന്നതാണ്.” ചേച്ചി ഒന്നും പ്രതികരിച്ചില്ല. ജീന വീടിനകത്തേക്ക് കയറിപ്പോയി. കുറച്ച് സമയത്തിനകം തന്നെ രണ്ടു ഫോട്ടോസുമായി തിരിച്ച് വരുകയും ചെയ്തു. “ഇച്ചായാ.. നമുക്ക് പോകാം.”

ജീന കുറച്ച് ചുവടുകൾ മുന്നോട്ട് വച്ചു. അതിനു ശേഷം തിരികെ വന്ന് ഇടറിയ സ്വരത്തിൽ പറഞ്ഞു. “നമ്മുടെ അമ്മമാർ ഒന്നല്ലായിരുന്നു, പക്ഷെ നമ്മുടെ അച്ഛൻ ഒരാളായിരുന്നു.. ഞാൻ ചേച്ചിടെ അനിയത്തി ആയിരുന്നെന്ന് ഒരിക്കലെങ്കിലും ഒന്ന് ഓർക്കാമായിരുന്നു.” ജീന നിറകണ്ണുകളോടെ ഓടി കാറിലേക്ക് കയറി. ശ്രീഹരി സാവധാനം നടന്ന് റാമിന്റെ അടുത്തെത്തി പറഞ്ഞു. “ഡാ.. ഞങ്ങൾ ഇറങ്ങുന്നു.. വിദ്യയുടെ കല്യാണത്തിന് അങ്ങ് എത്തിയേക്കണം നീ.” “അതെങ്ങനാ ശരിയാകുന്നെ. നമുക്ക് വീട്ടിൽ നിന്നും ചോറ് കഴിച്ചിട്ട് പോകാം.” അവൻ കാറിനുള്ളിൽ ഇരുന്നു ജീന കരയുന്നത് നോക്കികൊണ്ട്‌ പറഞ്ഞു. “ഇപ്പോഴത്തെ ഇവളുടെ ഒരു മൂഡിൽ അത് ശരിയാകില്ലടാ.” റാം കാറിനുള്ളിലേക്ക് നോക്കി. എന്നിട്ട് പറഞ്ഞു. “അപ്പോൾ ശരി.. നിങ്ങൾ വിട്ടോ.. ഞാൻ കല്യാണത്തിന് അങ്ങ് എത്തിയേക്കാം.” ശ്രീഹരി അവനോടു യാത്ര പറഞ്ഞു കാറിലേക്ക് കയറി. കാറോടിക്കുമ്പോഴും അവന് ജീനയുടെ ഏങ്ങൽ കേൾക്കാമായിരുന്നു. അവൻ അവളോട് സംസാരിക്കാൻ പോയില്ല. കുറച്ച് നേരം അങ്ങനെ ഇരുന്നോട്ടെന്ന് കരുതി. കുറച്ച് നേരത്തെ യാത്രക്കൊടുവിൽ ശ്രീഹരി ഒരു ഹോട്ടലിനു മുന്നിൽ കാർ നിർത്തി. കാറിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി ശ്രീഹരി അവളോട് പറഞ്ഞു. “നിനക്ക് വീട്ടിൽ പോകണമെന്ന് പറഞ്ഞു, ഞാൻ കൊണ്ട് പോയി.. അവിടന്ന് ഇവിടം വരെയും നീ കരഞ്ഞു. ഞാൻ നിന്നെ ശല്യപെടുത്തിയില്ല. പക്ഷെ എവിടന്നങ്ങോട്ട് നീ കരയാൻ പാടില്ല. കാരണം എന്റെ വീട്ടിലേക്കാണ് നമ്മൾ പോകുന്നത്.” അവൾ ചുവന്നു കലങ്ങിയ കണ്ണുകൾ കൈ കൊണ്ട് തുടച്ച്‌ കൊണ്ട് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. “എന്റെ എല്ലാ ആഗ്രഹങ്ങളും ഇച്ചായൻ എനിക്ക് സാധിച്ച് തരുന്നുണ്ട്. ഇതിനൊക്കെ പകരമായി ഞാൻ ഇച്ചായന്‌ എന്താ തരുക.” അവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു. “ഇപ്പോൾ വീട്ടിൽ കൊണ്ട് പോയതിനു പകരമായി ഞാൻ ഒരു കാര്യം ചോദിച്ചാൽ തരുമോ?” അവൾ ആകാംഷയോടെ ചോദിച്ചു. “എന്താ..?” അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഒരു ഉമ്മ..” കരഞ്ഞു ചുവന്ന അവളുടെ മുഖത്ത് പെട്ടെന്ന് നാണം തെളിഞ്ഞു. അവന്റെ തോളിൽ കൈ കൊണ്ട് ചെറുതായി അടിച്ച് കൊണ്ട് അവൾ പറഞ്ഞു. “അയ്യേ.. നാണമില്ലാത്തവൻ..” “ഞാൻ ലിപ് കിസ് ഒന്നും അല്ലല്ലോ ചോദിച്ചത്. നെറ്റിയിൽ ഒരു ഉമ്മ ആണ്. അത് സ്നേഹം കൂടുമ്പോൾ ഞാൻ നിനക്കും തരുന്നതല്ലേ.”

അവൾ ഒന്നും മിണ്ടിയില്ല. ശ്രീഹരി ഡോർ തുറന്നു പുറത്തിറങ്ങാൻ ഭാവിച്ചു. അപ്പോൾ അവന്റെ പിന്നിൽ നിന്നും ജീനയുടെ വിളി കേട്ടു. “ഇച്ചായാ..” അവൻ തിരിഞ്ഞു നോക്കി. പെട്ടെന്ന് അവൾ സീറ്റിൽ നിന്നും എത്തിയെളിഞ്ഞു അവനെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു. ശ്രീഹരി അവളെ തന്നിൽ നിന്നും അകറ്റി മുഖത്തു അവശേഷിച്ചിരുന്ന കണ്ണുനീർ കൈ കൊണ്ട് തുടച്ച്‌ മാറ്റിക്കൊണ്ട് പറഞ്ഞു. “ഇനി നീ കരയരുത്.” അവൾ ഉറച്ച സ്വരത്തിൽ മറുപടി നൽകി. “ഇല്ല.. കരയില്ല.”

സന്ധ്യയോടെ അടുപ്പിച്ചാണ് അവർ വീട്ടിൽ എത്തിയത്. കാറിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ശ്രീഹരിയുടെ മനസ്സിൽ വല്ലാത്തൊരു കുളിർമയും സന്തോഷവും ആയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് വീട്ടിലേക്ക് വരുന്നത്. അവസാനമായി വന്നത് വിദ്യയുടെ നിശ്ചയത്തിന് ആയിരുന്നു. മുറ്റത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്‌ദം കേട്ട് വീടിനകത്തു നിന്നും ‘അമ്മ പുറത്തേക്ക് വന്നു. തൊട്ടു പിറകെ വിദ്യയും. ഇരുവരും ശ്രീഹരിയുടെ വരവ് പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. ജീനയും കാറിൽ നിന്നും പുറത്തിറങ്ങി. മുറ്റത്തേക്കിറങ്ങിയ ‘അമ്മ പറഞ്ഞു. “നിങ്ങൾ എന്താ ഇത്രയും വൈകുന്നതെന്നും ആലോചിച്ചിരിക്കുകയായിരുന്നു ഞങ്ങൾ.. രാവിലെ അവിടന്ന് ഇറങ്ങിയതല്ലേ.” അമ്മയുടെ കൈയിൽ പിടിച്ചുകൊണ്ടു ശ്രീഹരി പറഞ്ഞു. “ഞങ്ങൾ ജീനയുടെ വീടുവരെ ഒന്ന് പോയി. അതാ ഇത്രയും വൈകിയത്.” അടുത്ത ചോദ്യം വിദ്യയുടെ വക ആയിരുന്നു. “ഏട്ടൻ ഇങ്ങോട്ടൊന്നു വന്നിട്ട് എത്രനാളായെന്ന് ഓർമ്മയുണ്ടോ?” അമ്മയുടെ കൈയിൽ നിന്നും പിടിവിട്ട് വിദ്യയുടെ തോളിലേക്ക് കൈ ഇട്ടുകൊണ്ട് ശ്രീഹരി പറഞ്ഞു. “അതിനിപ്പോൾ എന്താ?.. ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ എങ്ങും പോകുന്നില്ല. ഇവിടെ തന്നെ കാണും.” അപ്പോഴേക്കും ജീന നടന്ന് അവർക്ക് അരികിലേക്ക് വന്നു.വിദ്യ ഒരു പുഞ്ചിരിയോടെ ജീനയുടെ കൈയിൽ മുറുകെ പിടിച്ച സൗഹൃദം പുതുക്കി. “ചത്താലും ഓഫീസ്‌ എന്നും പറഞ്ഞു കിടക്കുന്ന എന്റെ ഏട്ടന് ഇത് എന്ത് പറ്റിയിട്ടാണ് അവിടന്ന് മൂന്നു മാസം മാറി നിൽക്കുന്നത്.” ശ്രീഹരി ചിരിച്ച് കൊണ്ട് അതിന്റെ ഉത്തരവാദിത്തം ജീനയിൽ ചാർത്തി. “ഇവൾക്ക് എന്നും ഓഫീസിൽ പോയി വന്നുള്ള ജീവിതം മടുത്തെന്നു. അപ്പോൾ ഒരു മാറ്റം ആകാമെന്ന് ഞാനും കരുതി.” ഇത് കേട്ട ജീന ഇതെന്തിനാ എന്റെ മണ്ടയിൽ ഇട്ടത് എന്ന ഭാവത്തിൽ അവനെ തുറിച്ച് നോക്കി. “അപ്പോൾ എന്റെ മോനെ കുറച്ച് നാളെത്തേക്ക് വീട്ടിൽ പിടിച്ച് നിർത്താൻ മോള് തന്നെ വേണ്ടി വന്നു അല്ലെ.” അമ്മയുടെ ആ ചോദ്യത്തിന് ജീന ഒരു ചെറു പുഞ്ചിരി മറുപടിയായി നൽകി. ശ്രീഹരി പെട്ടെന്ന് പറഞ്ഞു.

“ബാക്കി സംസാരമൊക്കെ പിന്നെ.. നല്ല ക്ഷീണം ഉണ്ട്, ആദ്യം ഒന്ന് കുളിക്കണം.” ജീനയും പറഞ്ഞു. “ശരിയാ.. ഒന്ന് കുളിക്കണം, തല പൊട്ടുന്ന വേദന.” ശ്രീഹരി കാറിന്റെ ഡിക്കി തുറന്ന് ഒരു ബാഗ് എടുത്ത് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു. “നീ റൂമിലേക്ക് പൊയ്ക്കോ.. ബാക്കി ബാഗ് ഞാൻ അങ്ങ് കൊണ്ട് വരാം.” ജീന ഒന്ന് കുളിച്ചാൽ മതിയെന്നുള്ള ചിന്തയിൽ ബാഗുമായി പെട്ടെന്ന് വീടിനകത്തേക്ക് നടന്നു. വിദ്യയും വീടിനകത്തേക്ക് പോകാനായി തുനിഞ്ഞപ്പോൾ ശ്രീഹരി പറഞ്ഞു. “ഹലോ.. മാഡം എങ്ങോട്ടു പോകുന്നു?” വിദ്യ എന്താ എന്നുള്ള ഭാവത്തിൽ തിരിഞ്ഞു നോക്കി. ഒരു ബാഗ് എടുത്തു താഴെ വച്ചുകൊണ്ടു അവൻ പറഞ്ഞു. “ഇതെടുത്ത് ജീനയുടെ റൂമിലേക്ക് കൊണ്ടുപോയി വയ്ക്ക്.” ഞാനോ എന്ന ഭാവത്തിൽ വിദ്യ അവനെ നോക്കി. “എന്താടി കണ്ണുരുട്ടി നോക്കുന്നത്.” “എന്റെ ഭാവി കെട്ടിയോൻ പറഞ്ഞേക്കുന്നത് കഠിനമായുള്ള ജോലികളൊന്നും ചെയ്യരുതെന്നാണ്.” “അത് അവൻ കെട്ടി കഴിഞ്ഞ ശേഷം മോള് അനുസരിച്ചോ. ഇവിടെ ഇത്തിരി കഠിനപ്പെട്ട ജോലിയൊക്കെ ചെയ്യേണ്ടി വരും.” ബാഗ് കൈയിലേക്ക് എടുത്തുകൊണ്ട് വിദ്യ പറഞ്ഞു. “ഒരു ഡോക്ടറെ കൊണ്ടാണ് ഈ ബാഗ് ചുമപ്പിക്കുന്നത് എന്ന് ഓർത്തോ..” ശ്രീഹരിയും ഒരു ബാഗ് കൈയിൽ എടുത്തു ചിരിച്ച് കൊണ്ട് അവളുടെ തോളിൽ പിടിച്ച് തള്ളി മുന്നോട്ട് നടത്തിച്ചു. അമ്മയും ചിരിച്ചുകൊണ്ട് അവർക്കൊപ്പം വീടിനുള്ളിലേക്ക് നടന്നു. അവർ വീടിനുള്ളിൽ ചെല്ലുമ്പോൾ ഹാളിൽ ഏതു റൂമിലേക്ക് പോകണമെന്നറിയാതെ സംശയിച്ച് നിൽക്കുകയായിരുന്നു ജീന. അത് കണ്ട് വിദ്യ പറഞ്ഞു. “നിന്റെ പഴയ റൂം തന്നെയാ നിനക്ക് ഈ പ്രവിശ്യവും.” ജീന ചിരിച്ച്കൊണ്ടു പാടി കയറി മുകളിലേക്ക് നടന്നു. പിന്നാലെ ശ്രീഹരിയും വിദ്യയും. “നിങ്ങളൊക്കെ വന്ന സ്ഥിതിക്ക് ഞാൻ ഇനി ഒരാഴ്ചകൂടിയെ ഹോസ്പിറ്റലിൽ പോകുള്ളൂ കേട്ടോ.” വിദ്യ അടുത്ത് തന്നെയുള്ള ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. “അഹ്.. നീ വീട്ടിൽ ഉള്ളത് ജീനക്കും ഒരു കൂട്ടാകുമല്ലോ.” അന്നത്തെ ദിവസം നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നതിനാൽ കുളി കഴിഞ്ഞയുടൻ അവർ ആഹാരവും കഴിച്ച് ഉറങ്ങാൻ കിടന്നു. മുൻപൊരിക്കൽ ആ വീട്ടിൽ നിന്നിരുന്നതിനാൽ രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ വേറൊരു വീട്ടിൽ വന്നു നിൽക്കുന്നതിന്റെ ഒരു സങ്കോചവും ജീനയ്ക്ക് ഇല്ലായിരുന്നു. ഉറക്കം എഴുന്നേറ്റ അവൾ നേരെ പോയത് അടുക്കളയിലേക്കാണ്. അവൾ അവിടെ ചെല്ലുമ്പോൾ ‘അമ്മ അതി രാവിലെ തന്നെ അടുക്കള കയ്യടക്കിയിരുന്നു. അവളെ കണ്ട് കൊണ്ട് അംബികാമ്മ പറഞ്ഞു.

“അഹ്.. മോളെഴുന്നേറ്റോ?” തെല്ലൊരു ജാള്യതയോടെ അവൾ പറഞ്ഞു “ഉറക്കം എഴുന്നേൽക്കാൻ കുറച്ച് വൈകിപ്പോയി.” “അതിനിപ്പോൾ എന്താ.. ഇവിടെ അടുക്കളയിൽ വലിയ പണിയൊന്നും ഇല്ല. നമ്മൾ നാല് അഞ്ചുപേർക്കുള്ള ആഹാരം ഉണ്ടാക്കിയാൽ മതിയല്ലോ.” ജീന അത് കേട്ടു പുഞ്ചിരിച്ചു. അവൾ അടുക്കള മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു. നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട് അടുക്കള. പിന്നെ അടുക്കള സഹായത്തിനായി നിർത്തിയിരിക്കുന്ന വേലക്കാരി എന്തോ ചെയ്യുന്നുണ്ട്. “മോള് പോയി വിദ്യയെ വിളിച്ചുണർത്ത്.. 9 മണിക്ക് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് കയറേണ്ട പെണ്ണാണ്.. എന്നിട്ടും പോത്തുപോലെ കിടന്നുറങ്ങായാണ്. ചെന്ന് കയറുന്ന വീട്ടിൽ ഇനി എന്തൊക്കെ കാണിക്കുമോ എന്തോ?” അപ്പോഴാണ് അവരുടെ സംസാരവും കേട്ടുകൊണ്ട് വിദ്യ അവിടേക്ക് വന്നത്. ഉറക്കച്ചടവിൽ അവളുടെ മുടിയൊക്കെ വാരി പിരുന്നു കിടക്കുകയായിരുന്നു. “എന്നെ ഇങ്ങനെ കുറ്റമൊന്നും പറയണ്ട.. ഞാൻ എഴുന്നേറ്റു.” ‘അമ്മ ചിരിച്ച് അവളെ കളിയാക്കികൊണ്ടു പറഞ്ഞു. “എങ്ങനെ കുറ്റം പറയാതിരിക്കും. അവിടെ ചെന്നിട്ട് അവനൊരു ചായ ഇട്ടു കൊടുക്കാൻ നിനക്കറിയാമോ?” അവൾ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു. ”അമ്മ നോക്കിക്കോ.. ഞാൻ പാചകം പഠിച്ചിട്ടേ അവിടെ ചെന്ന് കയറുള്ളു. ജീന എനിക്ക് പഠിപ്പിച്ച് തരും.” “ഓഹ്.. കണ്ടാൽ മതി.” ‘അമ്മ ഒരു ഗ്ലാസിൽ കോഫി ഒഴിച്ച് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു. “മോളിത് ഹരിക്ക് കൊണ്ട് പോയി കൊടുക്ക്.” “അയ്യോ.. ഇച്ചായൻ ഇപ്പോൾ കോഫി കുടിക്കാറില്ല. കട്ടൻ ചായയാണ് രാവിലെ കുടിക്കുന്നെ.” ‘അമ്മ ചെറിയൊരു അതിശയത്തോടെ പറഞ്ഞു. “അവന്റെ ശീലങ്ങളൊക്കെ മാറിയോ?” “അത്.. ഇടയ്ക്ക് ഇച്ചായന്‌ പനി ആയപ്പോൾ ഞാൻ കുറച്ച് ദിവസം കട്ടൻ ഇട്ടു കൊടുത്തതാണ്.. പിന്നെ ഇച്ചായൻ അതങ്ങ് പതിവാക്കി.” ‘അമ്മ നിരാശയോടെ പറഞ്ഞു. “ഞാൻ അറിഞ്ഞോ അവന്റെ ശീലങ്ങൾ മാറിയെന്ന്.” “കുഴപ്പമില്ല.. ‘അമ്മ മാറിക്കോ.. ഞാൻ ഇട്ടുകൊള്ളാം” അംബികാമ്മ ജീനക്കായി അവിടന്ന് മാറി നിന്ന് കൊടുത്തു. വിദ്യ പെട്ടെന്ന് പറഞ്ഞു. “അപ്പോൾ എനിക്കും കട്ടൻ.. ജീനയുടെ കട്ടൻചായ എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ.” ജീന ചിരിച്ച് കൊണ്ട് അവൾക്കും കൂടി ഉള്ള വെള്ളം പാത്രത്തിലാക്കി അടുപ്പിലേക്ക് വച്ചു. “അമ്മാ.. ഏലക്ക ഇരിപ്പുണ്ടോ?” പച്ചക്കറി അറിഞ്ഞു കൊണ്ടിരുന്ന ‘അമ്മ പറഞ്ഞു.

“അവിടെ കുപ്പിയിലിരുപ്പുണ്ട് മോളെ.. വിദ്യയെ അതങ്ങു എടുത്തു കൊടുക്ക്.” വിദ്യ എടുത്തു കൊടുത്ത കുപ്പിയിൽ നിന്നും രണ്ടു ഏലക്ക എടുത്തു തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടുകൊണ്ട് ജീന അവളോട് പറഞ്ഞു. “ഏലക്ക ഇട്ടാൽ നല്ല മണവും ചെറിയൊരു ടേസ്റ്റ് വ്യത്യാസവും ഉണ്ടാകും.” കട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർത്തുമ്പോഴാണ് ‘അമ്മ വേലക്കാരിയോട് പറയുന്നത് ജീന കേട്ടത്. “ഉള്ളി തൊലിക്കണം.. ഇന്ന് ചിക്കൻ കറി വയ്ക്കുന്നുണ്ട്.” അത് കേട്ട ജീന പറഞ്ഞു. “ചിക്കൻ ചെറുതായി ഫ്രൈ ചെയ്തിട്ട് കറി വയ്ക്കാൻ അമ്മെ.. അതാ ഇച്ചായന്‌ ഇഷ്ട്ടം..” എന്തോ ഒന്ന് ആലോചിച്ച ശേഷം അവൾ പറഞ്ഞു. “അല്ലെങ്കിൽ ചിക്കൻ കറി ഞാൻ തന്നെ വയ്ക്കാം.” വിദ്യയും അമ്മയും പരസ്പരം മുഖത്തേക്ക് നോക്കി. വിദ്യ ചെറിയൊരു ചിരിയോടെ പറഞ്ഞു. “എന്ത് പറഞ്ഞാലും അവളുടെ ഒരു ഇച്ചായന്റെ ഇഷ്ട്ടം.. ഇക്കണക്കിന് ഇവൾ അമ്മയെ ഇവിടത്തെ അടുക്കളയിൽ നിന്നും പുറത്താക്കുന്ന ലക്ഷണം കാണുന്നുണ്ട്.” അത് കേട്ടു ചെറുതായൊന്നു പരുങ്ങികൊണ്ടു ജീന പറഞ്ഞു. “അത്… അമ്മെ.. ഞാൻ…” അവളുടെ പരുങ്ങൽ കണ്ട് ‘അമ്മ പറഞ്ഞു. “അവൾക്ക് വട്ടാണ് മോളെ.. അവന്റെ ഇഷ്ട്ടങ്ങൾ അറിയാവുന്നത് കൊണ്ടല്ലേ മോളങ്ങനെ പറയുന്നേ.. ഇവിടന്നു പോകുന്നവരെ അവന്റെ ഇഷ്ടത്തിന് മോള് തന്നെ എല്ലാം വച്ചോ.” അത് കേട്ടപ്പോഴാണ് ജീനക്ക് ആശ്വാസം ആയത്. ഗ്ലാസിൽ ഒഴിച്ച കട്ടൻ വിദ്യയുടെ കൈയിൽ കൊടുത്ത് മറ്റൊരു ഗ്ലാസിൽ ചായയുമായി ജീന അടുക്കളയിൽ നിന്നും ശ്രീഹരിയുടെ റൂമിലേക്ക് നടന്നപ്പോൾ ‘അമ്മ അവളെ തന്നെ നോക്കുകയായിരുന്നു. ശ്രീഹരിയുടെ ഇഷ്ടനുഷ്ടങ്ങൾ ഇതുപോലെ മനസിലാക്കി പ്രവർത്തിക്കുന്ന മറ്റൊരു പെണ്ണിനെ അവനായി ഇനി കണ്ടെത്താൻ പറ്റുമോ എന്നായിരുന്നു അമ്മയുടെ മനസ്സിൽ കൂടി അപ്പോൾ കടന്നു പോയ ചിന്ത. ജീന നൽകിയ ചായ കുറച്ച് വായിലാക്കി കണ്ണടച്ച് ആസ്വദിച്ച് കുടിച്ചിറക്കിയ ശേഷം വിദ്യ പറഞ്ഞു. “അമ്മാ.. സൂപ്പർ ടേസ്റ്റ് ഇതിന്.” അത് കേട്ടു അംബികാമ്മ ചെറുതായി പുഞ്ചിരിച്ചു. ജീന റൂമിൽ ചെല്ലുമ്പോൾ നന്നായി മൂടിപ്പുതച്ച് കിടക്കുകയായിരുന്നു ശ്രീഹരി. “ഇച്ചായാ എഴുന്നേറ്റേ..” കണ്ണ് തുറക്കാതെ തന്നെ അവൻ പറഞ്ഞു. “നീ ഒന്ന് പോയെ..” “ആഹാ, ഇപ്പോൾ ശരിയാക്കി തരാം.” അവൾ ചായ ഗ്ലാസ് മേശമേൽ വച്ചുകൊണ്ട് അവന്റെ പുതപ്പിൽ പിടിച്ച് വലിച്ചു. ശ്രീഹരി പുതപ്പിൽ ഇറുക്കി പിടിച്ച് കൊണ്ട് പറഞ്ഞു. “എന്റെ കൈയിൽ നിന്നും കിട്ടുമേ നിനക്ക്..”

അവൾ പുതപ്പിൽ നിന്നും വിടാതെ പറഞ്ഞു. “എന്റെയിൽ നിന്നാ കിട്ടാൻ പോകുന്നെ. രണ്ടു ദിവസം മുൻപ് എന്തൊക്കെയാ പറഞ്ഞെ.. അഞ്ച് മണിക്ക് വിളിച്ചുണർത്തണം, ഓടാൻ പോകണം.. എന്നിട്ടിപ്പോൾ പോത്തുപോലെ കിടന്നുറങ്ങുന്ന കണ്ടില്ലേ.” കണ്ണ് തുറന്ന് ചെറിയൊരു ചിരിയോടെ അവൻ പറഞ്ഞു. “അത് അവിടെ വച്ച് പറഞ്ഞതല്ലേ…” അപ്പോഴേക്കും റൂമിലേക്ക് കയറിവന്ന വിദ്യ ചോദിച്ചു. “എന്താ ഇവിടൊരു ബഹളം.” “ഇച്ചായനെ എഴുന്നേൽപ്പിക്കാൻ നോക്കുവായിരുന്നു ഞാൻ.” വിദ്യ ബെഡിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു. “ഇതുവരെ എഴുന്നേറ്റില്ലേ.. എന്നെ ഹോസ്പിറ്റലിൽ കൊണ്ടാക്കേണ്ടതാണ്.” രണ്ടുപേരും കൂടി ഇനി കിടക്കാൻ സമ്മതിക്കില്ല എന്ന് മനസിലായ ശ്രീഹരി ബെഡിൽ എഴുന്നേറ്റ് ഇരുന്നുകൊണ്ട് ചോദിച്ചു. “നീ എന്നും നിന്റെ കാറിൽ അല്ലെ പോകുന്നത്.” “അതിന്നു സർവീസ് ചെയ്യാൻ കൊണ്ടുപോകാൻ ഏൽപ്പിച്ചിരിക്കയാണ്, ഇന്ന് എന്നെ ഏട്ടൻ കൊണ്ടാക്കിയെ പറ്റുള്ളൂ.” ജീന നീട്ടിയ ചായ വാങ്ങിക്കൊണ്ട് വിദ്യയെ ചൊടിപ്പിക്കാനായി അവൻ പറഞ്ഞു. “ഇത് വലിയ ശല്യം ആയല്ലോ..” വിദ്യ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു. “ശല്യമോ.. ഒരുത്തനെയും പിന്നാലെ പോയി കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കാതെ വീട്ടുകാർ ഉറപ്പിച്ച കല്യാണത്തിന് തന്നെ സമ്മതിച്ച എന്നെ പോലൊരു അനിയത്തിയെ കിട്ടാൻ ഭാഗ്യം വേണം.” “എന്തോ.. കൂടുതൽ ഡയലോഗ് അടിക്കല്ലേ?” “എന്തേ.. ഡയലോഗ് അടിച്ചാൽ.” “നീയും വിവേകും തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നെന്നും, നിങ്ങളുടെ പ്ലാൻ അനുസരിച്ചാണ് ബ്രോക്കർ കല്യാണ ആലോചനയും ആയി എൻറെ അടുത്ത് വന്നതെന്നും എനിക്കറിയാം. പിന്നെ അവൻ നല്ലൊരു ഡോക്ടർ ആയത് കൊണ്ടും നല്ലൊരു ഫാമിലിയിൽ നിന്നും ആയതുകൊണ്ടും ആണ് കൂടുതൽ ഒന്നും സംസാരിക്കാതെ ഞാൻ കല്യാണം ഉറപ്പിച്ചത്.. അത് കൊണ്ട് ഈ വക ഡയലോഗ് ഒന്നും എന്നോട് അടിക്കരുത്.” അത് കേട്ടപ്പോൾ വിദ്യയുടെ മുഖം ചമ്മൽ കൊണ്ട് വിവർണം ആയി. അവളുടെ മുഖം കണ്ടപ്പോൾ ജീനക്കും ചിരി വന്നു. “കൂടുതൽ ഇരുന്നു ചമ്മി നാറണ്ട.. മോള് പോയി റെഡി ആകാൻ നോക്ക്. ഞാൻ ഹോസ്പിറ്റലിൽ കൊണ്ടാക്കാം.” പറഞ്ഞു പിടിച്ച് നില്ക്കാൻ വാക്കുകൾ ഒന്നും ഇല്ലാത്തതിനാൽ വിദ്യ അപ്പോൾ തന്നെ അവിടന്ന് സ്ഥലം കാലിയാക്കി. “എന്തിനാ ഇച്ചായാ അവളെ വിഷമിപ്പിച്ചെ..” ചായ ഒരിറക്ക് കുടിച്ച് കൊണ്ട് അവൻ പറഞ്ഞു. “വിഷമിപ്പിച്ചത് ഒന്നും അല്ലെടി.. അവൾക്ക് അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടെങ്കിൽ എന്നോട് തുറന്ന് പറയാമായിരുന്നല്ലോ. ഞാൻ എതിര് നിൽക്കുമായിരുന്നോ.. ഇതൊരുമാതിരി എന്നെ പൊട്ടൻ കളിപ്പിച്ചത് പോലല്ലേ അവൾ ചെയ്തത്.. അപ്പോൾ അവൾ ഒന്ന് അറിഞ്ഞിരിക്കണ്ടേ, അവളുടെ എല്ലാ കാര്യങ്ങളും ഞാൻ തിരക്കുന്നുണ്ടായിരുന്നെന്നും അറിയുന്നുണ്ടായിരുന്നെന്നും.”

ജീന പിന്നെ ഒന്നും പറഞ്ഞില്ല. കുളിച്ച് റെഡി ആയ ശ്രീഹരി കാപ്പി കുടിക്കാനായി വന്നിരുന്നു. ജീന അവന്റെ മുന്നിലേക്ക് പ്ലേറ്റ് എടുത്തു വച്ചപ്പോൾ ശ്രീഹരി ചോദിച്ചു. “വിദ്യ ഇതുവരെ റെഡി ആയില്ലേ?” “അറിയില്ല.” “നീ അവളെ പോയി കഴിക്കാൻ വിളിച്ച് കൊണ്ട് വാ.” ജീന വിദ്യയുടെ റൂമിൽ ചെല്ലുമ്പോൾ കുളിച്ച് ഡ്രസ്സ് എല്ലാം മാറി റെഡി ആയ വിദ്യ ചുമ്മാ റൂമിൽ തപ്പി തടഞ്ഞു നിൽക്കുകയായിരുന്നു. “നീ കഴിക്കാൻ വരുന്നില്ലേ?” “ചേട്ടൻ കഴിച്ചു കഴിഞ്ഞിട്ട് ഞാൻ വന്നു കഴിച്ചോളം.” “നീ അതിപ്പോഴും മനസ്സിൽ വച്ചിരിക്കയാണോ..” അവൾ ഒന്നും മിണ്ടിയില്ല. ജീന വിദ്യയുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു. “നീ വിവേകിന്റെ കാര്യം മറച്ച് വെച്ചതിൽ ഇച്ചായന്‌ വിഷമം ഉണ്ട്. പക്ഷെ നിന്നോട് ദേഷ്യപ്പെടാതെ തമാശ രീതിയിൽ അല്ലെ ഇച്ചായൻ അത് പറഞ്ഞത്.” “എനിക്ക് ചേട്ടനെ ഫെയ്‌സ് ചെയ്യാൻ ഒരു ചമ്മൽ. ഞാൻ അവിടെ വന്നാൽ എന്നെ വീണ്ടും കളിയാക്കും.” “കളിയാക്കില്ല.. ഞാൻ ഉറപ്പ് തരുന്നു.” ജീന വിദ്യയുടെ കൈ പിടിച്ച് കഴിക്കാനായി കൊണ്ട് പോയി. ശ്രീഹരിയുടെ മുഖത്ത് നോക്കാതെ വിദ്യ കസേരയിലേക്ക് ഇരുന്നു. രണ്ടുപേർക്കും അപ്പവും കറിയും വിളമ്പിയ ശേഷം ജീനയും അവർക്കൊപ്പം കഴിക്കാനായി ഇരുന്നു. വിദ്യ നിവർന്നു നോക്കാതെ തല കുനിച്ചിരുന്നു തന്നെ കഴിക്കുന്നത് കണ്ട് ശ്രീഹരി ചോദിച്ചു. “ഇവളെന്താ ആരുടേയും മുഖത്തു നോക്കില്ല?” ജീന ശബ്‌ദം താഴ്ത്തി പറഞ്ഞു. “ഇച്ചായാ.. മിണ്ടാതിരിക്ക്..” വിദ്യ കേൾക്കാനായി അവൻ ചുമ്മാ പറഞ്ഞു. “ഓഹ്, സപ്പോർട്ട് ചെയ്യാൻ ആളുണ്ടല്ലേ ഇപ്പോൾ.. ഞാൻ ഒന്നും മിണ്ടുന്നില്ല.. പക്ഷെ ഇത് അമ്മയും കൂടി അറിയേണ്ടതായിരുന്നു.” ചെറുതായി ദേഷ്യം വന്ന വിദ്യ പറഞ്ഞു. “ക്ലാര ചേച്ചിയുടെ കാര്യം എനിക്കറിയാമായിരുന്നിട്ട് ഞാൻ അത് ആരെയും അറിയിക്കാൻ പോയിട്ടില്ല.” “നീ എന്താ എന്നെ ഭീഷണിപ്പെടുത്തുവാനോ?’ അവൻ ശബ്‌ദം ഉയർത്തി പറഞ്ഞു. “അമ്മാ.. എനിക്ക് അമ്മയുടെ പുന്നാര മോളെ കുറിച്ച് ചിലത് പറയാനുണ്ട്.” വിദ്യ ഒന്ന് ഞെട്ടിയ ശേഷം ദയനീയമായി ജീനയെ നോക്കി. ജീന സ്വരം കടിപ്പിച്ചുകൊണ്ടു പറഞ്ഞു. “ഇച്ചായാ.. മിണ്ടാതിരിക്കുന്നുണ്ടോ?” അവളുടെ സ്വരം ഒന്ന് ഉയർന്നപ്പോൾ ശ്രീഹരി ജീനയെ ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ കഴിച്ച് തുടങ്ങി.

ജീനയുടെ സ്വരം തനിക്കെതിരെ അങ്ങനെ ഉയരാറില്ലെന്ന് അവനറിയാം. താൻ പാതി തമാശയായി പറയുന്ന ഈ കാര്യങ്ങൾ വിദ്യയെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്ന് ജീനയുടെ ശബ്‌ദം ഉയർന്നപ്പോഴാണ് ശ്രീഹരി ബോധവാനായത്. ഭാഗ്യത്തിന് ശ്രീഹരിയുടെ വിളി അടുക്കളയിൽ നിന്ന ‘അമ്മ കേട്ടതും ഇല്ല. പക്ഷെ ഈ സന്ദർഭത്തിൽ വിദ്യയ്ക്ക് അദ്‌ഭുതമാണ് തോന്നിയത്. തനിക്കെതിരെ ആരും ശബ്‌ദം ഉയർത്താൻ ശ്രീഹരി സമ്മതിക്കാറില്ല. ആരെങ്കിലും ഉയർത്തിയാൽ തന്നെ പിന്നെ ഉയരാത്തവിധം അതിനുള്ള മറുപടിയും നൽകും. പക്ഷെ ഇവിടെ ജീനയുടെ ഒറ്റ വാക്കിന് മുന്നിൽ തന്നെ അവൻ നിശബ്തനായിരിക്കുന്നു. ആ ഒരു നിമിഷത്തിൽ തന്നെ ജീനക്ക് ശ്രീഹരിയുടെ മേൽ എത്ര മാത്രം സ്വാധീനം ഉണ്ടെന്ന് വിദ്യ മനസിലാക്കി. ശബ്‌ദം താഴ്ത്തി ജീന പറഞ്ഞു. “വിദ്യ ചെയ്തത് തെറ്റ് തന്നാണ്. ഞാൻ അതിനെ ഞാൻ ഒരിക്കലും ന്യായീകരിക്കില്ല. അതുപോലെ തന്നെ ഇച്ചായന്റെ കാര്യങ്ങളും എനിക്കറിയാവുന്ന പോലെ വേറെ ആർക്കും അറിയില്ല. അതുകൊണ്ട് ഇച്ചായൻ ഇനി അവളെ കളിയാക്കരുത്.” ശ്രീഹരി ജീനയുടെ മുഖത്തേക്ക് നോക്കി. “അവൾ വിവേകിനെ ഇഷ്ട്ടപെട്ടു അവർ സ്നേഹിച്ചു. പക്ഷെ അവൾ വീട്ടുകാർ അറിയാതെ അവന്റെ കൂടെ ഇറങ്ങി പോവുകയോ ഒന്നും ചെയ്തില്ലല്ലോ. ആർക്കും ദോഷം വരാത്ത രീതിയിൽ കല്യാണ ആലോചന ഇച്ചായന്റെ മുന്നിൽ എത്തിക്കുകയല്ലേ ചെയ്തത്. അവൾ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല.” വിദ്യയെ നോക്കികൊണ്ട്‌ ജീന പറഞ്ഞു. “ഇച്ചായൻ നിന്നോട് ഒരു സുഹൃത്തിനെ പോലെയല്ലേ പെരുമാറിയിരുന്നത്. നിന്റെ ഏതെങ്കിലും ഒരു ആഗ്രഹത്തിന് എതിര് നിന്നിട്ടുണ്ടോ? അച്ഛൻ മരിച്ചു ഈ കുടുംബം മൊത്തം കടത്തിൽ കയറിയപ്പോൾ നിന്നെ പഠിപ്പിക്കുന്നതിനും കൂടി വേണ്ടിയല്ലേ ഇച്ചായൻ വിശ്രമമില്ലാതെ കഷ്ട്ടപെട്ടത്. അങ്ങനെ ഉള്ളപ്പോൾ ഈ ഒരു കാര്യത്തിൽ നീ കുറച്ച് അതിബുദ്ധി കാണിച്ചു. അത് നിന്റെ ഏട്ടന് മനസിലായപ്പോൾ നീ ഇച്ചയേനെ പൊട്ടൻ കളിപ്പിച്ചു എന്ന് ഫീൽ ചെയ്തു. അത് കൊണ്ടാ ഇച്ചായൻ അങ്ങനൊക്കെ പറഞ്ഞത്, നീ അത് കാര്യമാക്കണ്ട.” പിന്നെ ആരും ഒന്നും മിണ്ടിയില്ല. നിശബ്തരായി ഇരുന്നു കഴിച്ചു. ശ്രീഹരി കഴിച്ച് കഴിഞ്ഞ് കൈ കഴുകാനായി പോകാൻ എഴുന്നേറ്റപ്പോൾ വിദ്യ അവനെ വിളിച്ചു. “ഏട്ടാ..” അവൻ വിദ്യയുടെ മുഖത്തേക്ക് നോക്കി. “സോറി ഏട്ടാ..” ശ്രീഹരി പുഞ്ചിരിയോടെ അവളുടെ കവിളിൽ തട്ടിയ ശേഷം കൈ കഴുകാൻ പോയി. വിദ്യ ശബ്‌ദം താഴ്ത്തി ജീനയോട് പറഞ്ഞു. “താങ്ക്സ്.” ജീന ഒരു പുഞ്ചിരിയോടെ കഴിച്ചു തീർന്ന തന്റെയും ശ്രീഹരിയുടെയും പാത്രം എടുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു. അവൾ ചെല്ലുമ്പോൾ ‘അമ്മ അടുപ്പും തിട്ടയിൽ ചാരി നിൽക്കുകയായിരുന്നു.

ഒന്ന് നോക്കി ചിരിച്ച ശേഷം അവൾ പാത്രം കഴുകി തുടങ്ങിയപ്പോൾ ‘അമ്മ പറഞ്ഞു. “ഹരിയുടെയും വിദ്യയുടെയും മനസ്സിൽ എന്നും ഒരു കറുത്ത പാടായി കിടക്കേണ്ട സംഭവം മോള് ഒരു നിമിഷം കൊണ്ട് പറഞ്ഞു ഇല്ലാതാക്കി അല്ലെ.” ജീന അദ്‌ഭുതത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി. “ഞാൻ അവിടെ ഭിത്തിക്ക് പിന്നിൽ ഉണ്ടായിരുന്നു.” ജീന അടുക്കളയിലേക്ക് വിദ്യ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ച ശേഷം പറഞ്ഞു. “ഞാൻ ഒരു കാര്യം പറഞ്ഞാൽ ‘അമ്മ കേൾക്കുമോ?” “എന്താ?” “ഈ കാര്യം അറിഞ്ഞതായി ‘അമ്മ ഭാവിക്കണ്ട. ചിലപ്പോൾ വിദ്യക്ക് അത് വിഷമം ആകും.” അവളുടെ കവിളിൽ തടവിക്കൊണ്ട് ‘അമ്മ പറഞ്ഞു. “ഒരു കുടുംബത്തിൽ എന്നും കരടായി മാറേണ്ട സംഭവങ്ങളെ തുടക്കത്തിലേ ഇല്ലാതാക്കാൻ മോൾക്ക് നന്നായി അറിയാം.” ജീന അതിനു മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. . . ദിവസങ്ങൾ പെട്ടെന്നാണ് കടന്നു പോയത്. ശ്രീഹരിയും ജീനയും വീട്ടിൽ എത്തിയിട്ട് ആഴ്ചകൾ മൂന്നു കടന്നു പോയിരിക്കുന്നു. എങ്ങനെയാ ഇത്രയും ദിവസങ്ങൾ കടന്നു പോയതെന്ന് അവർക്ക് തന്നെ അറിയില്ല. വിദ്യയുടെ വാക്കുകൾ പോലെ തന്നെ അമ്മയെ പുറത്താക്കി ജീന അടുക്കള കൈയടക്കിയ അവസ്ഥ ആണിപ്പോൾ. അമ്മയ്ക്കും അതിൽ സന്തോഷമേ ഉള്ളു. അവളുണ്ടാക്കുന്ന ഭക്ഷണം വീട്ടിൽ എല്ലാപേർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. അമ്മയ്ക്ക് ആകെയുള്ള പരാതി ജീന ഒരു സമയവും ചുമ്മാ ഇരിക്കില്ല എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടേ ഇരിക്കും എന്നുള്ളതാണ്. ശ്രീഹരി പിന്നെ വന്ന നാളുമുതൽ കറക്കത്തിൽ ആയിരുന്നു. കൂട്ടുകാർ ആരെങ്കിലും രാവിലെ വന്നു എവിടെയെങ്കിലും പോകാനും പറഞ്ഞു വിളിക്കും കൂടെ ഇറങ്ങി പോകും പിന്നെ തിരികെ വരുന്നത് വൈകുന്നേരമോ ചിലപ്പോൾ രാത്രിയോ ആയിരിക്കും. വൈകുന്നേരം വന്നാൽ തന്നെ പിന്നെ ക്ഷേത്രത്തിൽ പോയി കൂട്ടുകാരോട് കഥ പറഞ്ഞിരിക്കും. അല്ലെങ്കിൽ കൂട്ടുകാർ അവന്റെ വീട്ടിലേക്ക് വരും. രാവിലെ ശ്രീഹരിയെ തട്ടി ഉണർത്തികൊണ്ട് ജീന പറഞ്ഞു. “എഴുന്നേറ്റേ ഇച്ചായാ.. ഞാൻ ഇന്നലെ പറഞ്ഞതാ ഇന്ന് രാവിലെ എഴുന്നേൽക്കണമെന്ന്.” തിരിഞ്ഞു കിടന്നുകൊണ്ട് അവൻ ചോദിച്ചു. “ഇത്ര രാവിലെ എഴുന്നേറ്റിട്ട് എന്ത് ചെയ്യാനാണ്?” “ഇന്ന് ഞായറാഴ്ച ആണ്. എന്നെയൊന്നു പള്ളിയിൽ കൊണ്ട് പോകണം.” അവൻ പെട്ടെന്ന് കണ്ണ് തുറന്നുകൊണ്ട് ചോദിച്ചു. “അപ്പോൾ നിനക്ക് ദൈവത്തോടുള്ള പിണക്കമൊക്കെ മാറിയോ?” അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു. “പൂർണമായും മാറീട്ടില്ല. എങ്കിലും മാറി വരുന്നു.” ശ്രീഹരി ബെഡിൽ എഴുന്നേറ്റ് ഇരുന്നു.

“നീ താഴേക്ക് പൊയ്ക്കോ. ഞാൻ ഇപ്പോൾ റെഡി ആയി വന്നേക്കാം.”

ജീന പള്ളിയിൽ നിന്നും വരുന്നതും കാത്ത് കാറിൽ തന്നെ ഇരിക്കുകയായിരുന്നു ശ്രീഹരി. തലേന്ന് രാത്രി കൂട്ടുകാരൊക്കെ വീട്ടിൽ നിന്നും പോയി ഉറങ്ങാൻ കിടന്നപ്പോൾ ഒരുപാട് വൈകിയിരുന്നു. അതിനാൽ തന്നെ കണ്ണിൽ ചെറുതായി മയക്കം പിടിച്ച് തുടങ്ങിയപ്പോഴാണ് കാറിന് പുറത്ത് എന്തൊക്കെയോ ശബ്‌ദം കേട്ട് അവൻ ഞെട്ടി കണ്ണ് തുറന്നത്. കുർബാന കഴിഞ്ഞ് എല്ലാരും പള്ളിയിൽ നിന്നും പിരിഞ്ഞു പോവുകയാണ്. അതിന്റെ ബഹളമാണ് കേട്ടത്. ജീന വരുന്നുണ്ടോന്ന് അറിയാൻ അവൻ പള്ളിയുടെ പടിക്കെട്ടിലേക്ക് തന്നെ നോക്കി ഇരുന്നു. പെട്ടെന്ന് അവൻ ഒന്ന് ഞെട്ടി, കണ്ണുകൾ വിടർന്നു. ജീനക്കൊപ്പം പള്ളിയുടെ പടികൾ ഇറങ്ങി വരുകയാണ് ക്ലാര. ജീനയും ക്ലാരയും ഒരേപോലെ തൂവെള്ള ചുരിദാർ ധരിച്ചിരിക്കുകയാണ്. രണ്ടു മാലാഖമാർ പാടി ഇറങ്ങി വരുന്നത് പോലെയാണ് അവന് തോന്നിയത്. അവൻ ക്ലാരയെ തന്നെ ശ്രദ്ധിച്ചു. വലിയ മാറ്റം ഒന്നും ഇല്ല അവൾക്കു, പഴയതിൽ നിന്നും കുറച്ച് കൂടി വണ്ണം വച്ചിട്ടുണ്ട്. അത്ര തന്നെ. ജീനയോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട് അവൾ. അവളുടെ ചിരിക്കും ആ പഴയ ഭംഗി നഷ്ടപ്പെട്ടിട്ടില്ല. പഴയ നുണക്കുഴി അത് പോലെ തന്നെ ഉണ്ട്. ശ്രീഹരിയുടെ മനസൊന്നു പിടച്ചു. അവൾ ജീനക്കൊപ്പം തന്റെ അടുത്തേക്ക് വരുമോ? വന്നാൽ എന്ത് സംസാരിക്കും? വർഷങ്ങൾ എത്ര ആയിരിക്കുന്നു ഒന്ന് കണ്ടിട്ട്. ഇപ്പോൾ എവിടന്നു എന്താണ് എന്ന് ഒന്ന് അന്വഷിച്ചിട്ടുപോലും ഇല്ല. അതെ.. അവൾ തന്റെ അടുത്തേക്ക് തന്നെയാണ് വരുന്നത്. കാറിന്റെ ഡോർ തുറക്കുമ്പോൾ കൈ ഒന്ന് വിറച്ചിരുന്നു. കാറിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും അവർ അരികിലെത്തി കഴിഞ്ഞിരുന്നു. ശ്രീഹരി മുഖത്ത് ഒരു ചിരി വരുത്തി. അവളുടെ മുഖത്തും ഒരു പുഞ്ചിരി ഉണ്ടായിരുന്നു. പക്ഷെ രണ്ടുപേരും ഒന്നും സംസാരിച്ചില്ല. അവർ തന്നെ എന്തിനെങ്കിലും തുടക്കമിടട്ടെ എന്ന നിലപാടിൽ ജീനയും നിശബ്തത പാലിച്ചു. അവസാനം ക്ലാര തന്നെ നിശബ്തതക്ക് അവസാനം ഇട്ടു. “സുഖമാണോ?” അവൻ ഒന്ന് മൂളി. “പള്ളിയിൽ നിന്നും ഇറങ്ങുമ്പോൾ ഒരു വിളി കേട്ടു തിരിഞ്ഞു നോക്കുമ്പോൾ ക്ലാര ചേച്ചി. ഞാൻ ഞെട്ടിപ്പോയി.” “ശരിക്കും ഞെട്ടിയത് ഞാനാണ്. ജീനയെ ഞാൻ ഇവിടെ പ്രതീക്ഷിക്കാതെ ഇല്ല. പിന്നെ ഇവൾ ഇപ്പോഴും നിന്റെ കൂടെ തന്നെ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി.” ശ്രീഹരി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അപ്പോഴും അവന്റെ നോട്ടം അവളുടെ മുഖത്ത് തന്നെ ആയിരുന്നു. അവൻ ആകാംഷയോടെ ചോദിച്ചു. “കൊച്ചുങ്ങൾ?” “ഒരു മോളാണ്.. വീട്ടിൽ ഇച്ചായനെ ഏല്പിച്ചിട്ടാണ് ഞാൻ ഇങ്ങോട്ടു വന്നത്.” “ഹസ്ബൻഡ് എന്ത് ചെയ്യുന്നു?”

“ബഹറിനിൽ ബിസിനസ് ആണ്. ഇപ്പോൾ നാട്ടിൽ വന്നിട്ട് രണ്ടാഴ്ച ആകുന്നു. ഞാനും കൂടെ അവിടെ തന്നെ ആയിരുന്നു.” ദൂരെ അവളെയും കാത്തു നിൽക്കുന്ന സ്ത്രീയെയും നോക്കി കൊണ്ട് അവൾ പറഞ്ഞു. “‘അമ്മ എന്നെയും നോക്കി നിൽക്കയാണ്. ഞാൻ പോകട്ടെ..” മൊബൈൽ കൈയിൽ എടുത്തുകൊണ്ട് അവൾ പറഞ്ഞു. “ജീനാ.. നിന്റെ നമ്പർ താ.. ഞാൻ വിളിച്ചുകൊള്ളാം.” “എനിക്ക് ഫോൺ ഇല്ല. ഇച്ചായന്റെ നമ്പറിൽ വിളിച്ചാൽ മതി.” ക്ലാര ശ്രീഹരിയുടെ നേരെ തിരിഞ്ഞു നോക്കി. “നിനക്ക് അവൾക്കൊരു ഫോൺ വാങ്ങി കൊടുത്തൂടെ.” അവൻ ഒരു ചിരിയോടെ പറഞ്ഞു. “ഞാൻ വാങ്ങി കൊടുക്കാന് പറഞ്ഞതാ. അവളെ പറഞ്ഞത് വേണ്ടെന്ന്.” “എന്നെ ആര് വിളിക്കാനാണ് ചേച്ചി. ഇച്ചായന്റെ ഫോണിൽ വിളിച്ചാൽ മതി, ഞാൻ സംസാരിച്ചോളം.” “ഇവന്റെ നമ്പർ എന്റെയിൽ ഉണ്ട്, ഞാൻ വിളിച്ചോളം.” ക്ലാര നടന്നു തുടങ്ങിയപ്പോൾ ശ്രീഹരി പറഞ്ഞു. “വിദ്യയുടെ കല്യാണമാണ്. ഞങ്ങൾ വിളിക്കാൻ വരാം.” നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കി ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു. “വിളിച്ചാൽ കല്യാണത്തിന് ഉറപ്പായും വരും.” ക്ലാര പോയി കഴിഞ്ഞും ശ്രീഹരി കുറച്ച് നേരം അവൾ പോയ വഴിയിലേക്ക് തന്നെ നോക്കി നിന്നു. അത് കണ്ട ജീന ഒരു ചിരിയോടെ പറഞ്ഞു. “പണ്ടേ കെട്ടിക്കൊണ്ടു വന്ന് വീട്ടിൽ നിർത്തണമായിരുന്നു. ഇനി നോക്കി നിന്നു വെള്ളം ഇറക്കിയിട്ടു കാര്യമില്ല. വേറൊരുത്തന്റെ ഭാര്യയാണ് അതിന്ന്.” അവൻ തൊട്ടടുത്ത് നിന്നിരുന്ന ജീനയുടെ ചെവി പിടിച്ച് കിഴുക്കി. “കളിയാക്കുന്നോടി നീ.” അവന്റെ കൈയിൽ മുറുകെ പിടിച്ച്കൊണ്ടു ജീന പറഞ്ഞു. “ഇച്ചായാ.. വിട്,എനിക്ക് വേദനിക്കുന്നു.” “ഇനി കളിയാക്കുമോ നീ എന്നെ?” “ഇല്ല.. ഇല്ല..” അവൻ ജീനയുടെ ചെവിയിൽ നിന്നും പിടി വിട്ട് കാറിലേക്ക് കയറി. ജീനയും കാറിലേക്ക് കയറി ചെറുതായി നീറുന്ന തന്റെ ചെവി തടവി. “ദുഷ്ടൻ…” അവളുടെ ആ വാക്കുകൾ കേട്ടു ശ്രീഹരിയുടെ മുഖത്ത് ഒരു ചിരി മിന്നി മറഞ്ഞു. വീട്ടിലേക്ക് കാർ ഓടിക്കുമ്പോൾ ശ്രീഹരി മൗനത്തിൽ ആയിരുന്നു. ക്ലാരയുടെ പല പല ഓർമ്മകൾ അവന്റെ മനസ്സിൽ കൂടി കടന്നു പോകുവായിരുന്നു അപ്പോൾ. ജീനയും അവനെ ശല്യപെടുത്തുവാൻ പോയില്ല. അവർ വീട്ടിൽ എത്തി കാറിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും വിദ്യ പുറത്തേക്കിറങ്ങി വന്നു. “ഏട്ടാ.. വാസുകി അപ്പച്ചി വന്നിട്ടുണ്ട്.” ശ്രീഹരി മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു. “എന്താ ഇപ്പോഴൊരു വരവ്?”

“കല്യാണത്തിന്റെ ഒരുക്കങ്ങൾ ഇവിടം വരെ ആയെന്ന് അറിയാനുള്ള സന്ദർശനം എന്നാണ് ഔദ്യോഗികമായി എന്നോട് പറഞ്ഞത്.” “അതിനു കല്യാണത്തിന് ഇനിയും രണ്ടു മാസം ഇല്ലേ?” ജീന അവരുടെ ഇടയിൽ കയറി പറഞ്ഞു. “രണ്ടു മാസം എന്ന് പറയുന്നത് ഇപ്പോഴങ്ങ് പോകും.” “അതാ.. എനിക്കും പറയാനുള്ളത്.. നമുക്ക് കുറച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യാനുണ്ട് ഏട്ടാ.” വീടിനകത്തേക്ക് കയറി കൊണ്ട് ശ്രീഹരി പറഞ്ഞു. “എന്ത് പ്ലാനിംഗ് ആയാലും ഇനി വല്ലോം കഴിച്ചിട്ടേ ഉള്ളു, എനിക്ക് വിശന്നിട്ട് വയ്യ.” ശ്രീഹരി വീടിനകത്തേക്ക് കയറി പോയപ്പോൾ ജീന വിദ്യയോട് ചോദിച്ചു. “ആരാ വന്നെന്ന് പറഞ്ഞെ?” “അത് വാസുകി അപ്പച്ചി.. അച്ഛന്റെ അനിയത്തി ആണ്.” “എങ്ങനാ കാരക്ടർ?” “ഇത്തിരി പാര ആണ്. അത് കൊണ്ട് എന്ത് പറഞ്ഞാലും അങ്ങനെ മൈൻഡ് ചെയ്യണ്ട.” അകത്തേക്ക് കയറുന്നതിനിടയിൽ വിദ്യ തുടർന്നു. “ഇത്തിരി പാര വയ്പ്പും കുഴുമ്പും കുഞ്ഞായിമയും ഉണ്ടെങ്കിലും ഞങ്ങൾ കടം കയറി നിന്നപ്പോൾ വിവരങ്ങൾ വന്നു തിരക്കാണെങ്കിലും പുള്ളിക്കാരിയെ ഉള്ളായിരുന്നു.” നേരെ അടുക്കളയിലേക്ക് ചെന്ന ശ്രീഹരി അമ്മയോട് സംസാരിച്ച് കൊണ്ട് നിൽക്കുകയായിരുന്ന വാസുകിയോടു ചോദിച്ചു. “അപ്പച്ചി.. ഇപ്പോൾ വന്നു?” ശ്രീഹരിയുടെ ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കികൊണ്ട്‌ വാസുകി പറഞ്ഞു. “ഞാൻ വന്നിട്ട് കുറച്ച് നേരം ആയെ ഉള്ളു. നിന്നെ തിരക്കിയപ്പോൾ പുറത്തു പോയേക്കുവാണെന്ന് പറഞ്ഞു.” “അഹ്, ഒരാളെ കാണേണ്ട കാര്യം ഉണ്ടായിരുന്നു.” “നീ ഇനി കല്യാണം കഴിഞ്ഞിട്ടല്ലേ തിരിച്ചു പോകുള്ളൂ.” “അതെ അപ്പച്ചി.” “അതാ നല്ലത്.. രണ്ടു മാസം എന്ന് പറയുന്നത് ഇപ്പോൾ ശടെന്നും പറഞ്ഞങ്ങു പോകും. സമയത്തു കിടന്നു ഓടാൻ നോക്കാതെ എല്ലാം ആദ്യമേ ചെയ്തു തീർത്തേക്കണം.” “അതൊക്കെ ഞാൻ നോക്കിക്കൊള്ളാം.. പിന്നെ ഈ ചടങ്ങുകളുടെ കാര്യങ്ങളൊക്കെ ആണ് ഒരു കൺഫ്യൂഷൻ.” “അതൊക്കെ ഞങ്ങൾ പറഞ്ഞു തന്നോളം.. കല്യാണത്തിന് ഒരു 20 ദിവസം ഉള്ളപ്പോൾ ഞാൻ ഇങ്ങു വരും. പിള്ളേരൊക്കെ പിന്നെ കല്യാണം അടുപ്പിച്ച് വന്നാൽ മതിയല്ലോ.” അപ്പോഴേക്കും ജീനയും വിദ്യയും അടുക്കളയിലേക്ക് എത്തി. വാസുകി ജീനയെ കണ്ട് അവളെ തന്നെ ഒന്ന് നോക്കി. ജീന അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ശ്രീഹരിയോട് പറഞ്ഞു. “ഇച്ചായന്‌ വിശക്കുന്നില്ലേ.. ഞാൻ ഫുഡ് എടുക്കാം.” ശ്രീഹരി ഹാളിലേക്ക് നടന്നപ്പോൾ വാസുകി ജീനയോട് ചോദിച്ചു. “നീ ഏതാ കൊച്ചെ?”

അതിനുള്ള മറുപടി വിദ്യ ആണ് പറഞ്ഞത്. “ചേട്ടന്റെ കൂട്ടുകാരി ആണ്.” “എനിക്ക് കണ്ട് നല്ല പരിചയം തോന്നുന്നല്ലോ.” അംബികാമ്മ ഇടിയപ്പവും പാത്രവും എടുത്ത് ജീനയുടെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു. “നീ ഇത് അവന് കൊണ്ട് പോയി കൊടുക്ക്.” ജീന അപ്പോൾ തന്നെ അതും വാങ്ങി അവിടന്ന് സ്ഥലം വിട്ടു. പിറകെ വിദ്യയും. “അവൾ ഇതിന് മുൻപും ഒരു ഓണത്തിന് ഇവിടെ വന്നു നിന്നിട്ടുണ്ട് ചേച്ചി, അപ്പോൾ കണ്ട് പരിചയം ഇല്ലാതാകും.” ഒന്ന് ആലോചിച്ച് കൊണ്ട് അവർ പറഞ്ഞു. “അഹ്.. ചിലപ്പോൾ അതാകും… അവൾ എന്താ ഇപ്പോൾ ഇവിടെ.” “ഹരിയുടെ ഓഫീസിൽ ആണ് ജീനയും ജോലി ചെയ്യുന്നേ.. അപ്പോൾ അവൻ ഇങ്ങു വന്നപ്പോൾ അവളും കൂടെ വന്നു.. കല്യാണം കഴിയുന്നവരെ അവളും ഇവിടെ കാണും വിദ്യക്ക് ഒരു സഹായത്തിന്.” “ജീന.. ക്രിസ്ത്യാനി ആണല്ലേ?” അംബികാമ്മ ആ ചോദ്യം ഇഷ്ട്ടപ്പെടാത്ത മട്ടിൽ ഒന്ന് മൂളി. വാസുകി അടുക്കളയിൽ നിന്നും ഹാളിലേക്ക് നടന്നു. ശ്രീഹരിയുടെ പാത്രത്തിലേക്ക് ഇടിയപ്പം ഇട്ടുകൊണ്ട് ജീന വിദ്യയോട് ചോദിച്ചു. “നീ കഴിച്ചായിരുന്നോ?’ “ഇല്ല, നിങ്ങൾ വരാൻ വെയ്റ്റ് ചെയ്യുവായിരുന്നു.” “എന്നാൽ നീയും ഇരിക്ക്.” ജീന അവളുടെ പാത്രത്തിലേക്ക് ഇടിയപ്പം ഇടുമ്പോൾ ജീനയുടെ ചെവി നോക്കിക്കോണ്ട് വിദ്യ ചോദിച്ചു. “നിന്റെ ചെവി എന്ത് പറ്റി, ചുവന്നിരിക്കുന്നു.” ജീന ശ്രീഹരിയെ ഒന്ന് നോക്കി. അവൻ അത് കേൾക്കാത്ത മട്ടിൽ ഇരിക്കുകയായിരുന്നു. ജീനയുടെ നോട്ടം കണ്ട് വിദ്യ പറഞ്ഞു. “വന്നപ്പോൾ തൊട്ട് ചേട്ടനെയും ഞാൻ ശ്രദ്ധിക്കുന്നു. ചെറിയൊരു മൗനത്തിൽ ആണല്ലോ.” തനിക്കും കൂടി ഇടിയപ്പം എടുത്ത് ഇരുന്നു കൊണ്ട് ജീന പറഞ്ഞു. “തന്റെ മുൻ കാമുകിയെ കണ്ട് അവളുടെ കൊച്ചിന്റെയും ഭർത്താവിന്റെയും സുഖാന്വേഷണങ്ങൾ നടത്തേണ്ടി വന്ന ഒരാളുടെ മൗനം ആണ് നീ കാണുന്നത്.” ശ്രീഹരി പെട്ടെന്ന് ചോദിച്ചു. “നിന്റെ മറ്റേ ചെവിയും ചുവക്കണോ?” “അപ്പോൾ ക്ലാര ചേച്ചിയെ കണ്ടല്ലേ നിങ്ങൾ?” രണ്ടുപേരും ഒന്നും മിണ്ടിയില്ല. ജീനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ശ്രീഹരിയുടെ മുഖത്തു ഗൗരവവും. “ഒരു ചിരിയോടെ വിദ്യ പറഞ്ഞു. “ഇപ്പോൾ മനസിലായി നിന്റെ ചെവി എങ്ങനെ ചുവന്നെന്ന്.” അപ്പോഴേക്കും വാസുകി അവിടേക്ക് കടന്നു വന്നു. ശ്രീഹരി അവരോടു ചോദിച്ചു.

“അപ്പച്ചി കഴിച്ചായിരുന്നോ?” “അഹ്, നിങ്ങൾ കഴിച്ചോ..” അവർ കുറച്ച് അപ്പുറത്ത് മാറിയായി ഒരു കസേരയിൽ ഇരുന്നു. “ഏട്ടാ നമുക്ക് കല്യാണ ലെറ്റർ അടിക്കണ്ടേ?’ “അത് ഞാൻ പറയാൻ മറന്നു. ജിത്തു നിനക്കിന്ന് കുറച്ച് ലെറ്റെറിന്റെ മോഡൽ അയച്ചു തരും, നിനക്ക് ഏതാ ഇഷ്ട്ടപ്പെട്ടതെന്ന് അവനോടു പറഞ്ഞാൽ മതി.” “അപ്പോൾ ആൽബവും വിഡിയോസും ജിത്തുവേട്ടൻ തന്നെയാണോ?” “അവന് തന്നെ കൊടുക്കാനുള്ള ആലോചന ആണ്. അവന്റെ വർക്ക് നീ കണ്ടിട്ടുണ്ടോ?” “കണ്ടിട്ടുണ്ട്. നല്ല വർക്ക് ആണ്.. ജിത്തുവേട്ടന് കൊടുത്താൽ മതി.” ജീന ചോദിച്ചു. “ഫുഡിന്റെ കാര്യം ആരെയെങ്കിലും ഏൽപ്പിച്ചോ?” “ഫുഡും പന്തലും എല്ലാം മൊത്തത്തിൽ അച്ചുവിന് കൊടുത്തു.” ജിത്തുവും, അച്ചുവും ശ്രീഹരിയുടെ കൂട്ടുകാർ തന്നെ ആയിരുന്നു. ജീന പെട്ടെന്ന് പറഞ്ഞു. “ഐസ് ക്രീം നമുക്ക് ഒരു 5 ടൈപ്പ് ഫ്ലേവർ എങ്കിലും വേണം.” “ഈ ജന്തുവിന് ആരോ ഐസ് ക്രീമിന് കൈ വിഷം കൊടുത്തിട്ടുണ്ട്. കൊണ്ട് പോകുന്ന വഴിയിൽ ഇവിടെ ഐസ് ക്രീം കണ്ടാലും അവിടെ ചാടി ഇറങ്ങിക്കോളും.” ജീന ചുണ്ടു കൊണ്ട് ശ്രീഹരിയെ ഗോഷ്ഠി കാണിച്ചു. വിദ്യ അത് കണ്ട് ചിരിച്ചു. ശ്രീഹരിയുടെ പ്ലേറ്റിൽ ഇടിയപ്പം തീർന്നത് കണ്ട് ജീന ഒരു ഇടിയപ്പം കൂടി എടുത്തു അവന്റെ പാത്രത്തിലേക്ക് വച്ചു. “ഡി.. എനിക്ക് വേണ്ട..” ജീന അധികാര ഭാവത്തിൽ പറഞ്ഞു. “അങ്ങോട്ട് ഇരുന്നു കഴിക്കു, കുറച്ച് ദിവസമായി എന്തെങ്കിലും കഴിച്ചെന്ന് കാണിക്കും എന്നിട്ട് കൂട്ടുകാരോടൊപ്പം ഇറങ്ങി പോകും എന്നിട്ട് ഉച്ചക്ക് കഴിക്കാൻ പോലും ഇങ്ങോട്ടു വരില്ല.” വാസുകി അവരുടെ സംസാരമൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജീനയെ സപ്പോർട് ചെയ്തുകൊണ്ട് വിദ്യ പറഞ്ഞു. “അത് ശരിയാ.. ഇനി കറങ്ങി നടത്തം പറ്റില്ല. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.” “എന്ത് ഒരുപാട് കാര്യങ്ങൾ?” “കല്യാണ ഡ്രസ്സ് ഡിസൈൻ ചെയ്യാൻ കൊടുക്കണം, ഗോൾഡ് എടുക്കണം.. എല്ലാർക്കും ഡ്രസ്സ് എടുക്കണം, കല്യാണം പറയാൻ തന്നെ ഒരുപാട് ഇടത്ത് പോകാനുണ്ട്, പിന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നുണ്ട്.” അതെന്താ എന്ന ഭാവത്തിൽ ജീനയും ശ്രീഹരിയും അവളെ നോക്കി. “ജീന എന്നെ പാചകം പഠിപ്പിക്കണം.. അവിടെ ചെന്ന് കയറുമ്പോൾ ഞാൻ നല്ലൊരു പാചകക്കാരി ആയിരിക്കുമെന്ന് അമ്മയോട് വെല്ലുവിളിച്ചേക്കയാണ്.” ഒരു ചിരിയോടെ ജീന പറഞ്ഞു. “അത് ഞാൻ ഏറ്റു.” അപ്പോഴേക്കും അവിടേക്ക് എഴുന്നേറ്റ് വന്ന വാസുകി പറഞ്ഞു. “ഡ്രസ്സ് എടുക്കുമ്പോൾ കുടുംബത്തിൽ എല്ലാർക്കും എടുക്കണം, അല്ലെങ്കിൽ അതൊരു പരാതി ആകും.” അവിടെ വന്നനാൾ തൊട്ട് സ്വാതന്ത്രത്തോടെ ആ കുടുംബത്തിലെ ഒരാളെന്ന പോലെ പെരുമാറിയിരുന്നതിനാൽ ജീന വാസുകിയുടെ കാര്യം ഓർക്കാതെ പെട്ടെന്ന് പറഞ്ഞു. “എനിക്ക് തലേ ദിവസം പാവാടയും ടോപ്പും മതി,

കല്യാണത്തിന്റെ അന്ന് സാരിയും.. കളർ ഏത് വേണമെന്ന് ഇച്ചായൻ സെലക്ട് ചെയ്തോ.” ജീന അത് പറഞ്ഞതും അത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ വാസുകി അവളെ രൂക്ഷമായി നോക്കി. അത് കണ്ട് ജീന പെട്ടെന്ന് മുഖം താഴ്ത്തി ഇരുന്നു. വിദ്യയും ശ്രീഹരിയും അത് ശ്രദ്ധിക്കുകയും ചെയ്തു. വാസുകി ഹരിയോട് പറഞ്ഞു. “അതുപോലെ അടുത്ത ബന്ധുക്കളുടെ വീട്ടിലൊക്കെ നീയും കൂടി പോയി വേണം കല്യാണം വിളിക്കാൻ.” ശ്രീഹരി എടുത്തടിച്ചപോലെ പറഞ്ഞു. “രണ്ടു ചിറ്റപ്പന്മാരുടെയും വീട്ടിൽ പോകാൻ ഞാനില്ല.” അച്ഛൻ മരിച്ച് ബിസിനസ് നഷ്ടത്തിൽ ആയി തുടങ്ങിയപ്പോൾ തന്നെ അവരുടെ ഷെയറും വാങ്ങി ശ്രീഹരിയുടെ കുടുംബത്തിന്റെ അവസ്ഥ നോക്കാതെ പോയ രണ്ടു ചിറ്റപ്പന്മാരോടും ശ്രീഹരിക്ക് ഇന്നും ദേഷ്യം തന്നെ ആയിരുന്നു. “നിന്റെ പെങ്ങളുടെ കല്യാണമാണ്, അത് മാത്രം നീ ആലോചിച്ചാൽ മതി.” വാസുകി അടുക്കളയിലോട്ടു നടന്നു. ജീന അപ്പോഴും മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു. അവളുടെ കൈയിൽ പിടിച്ച് കൊണ്ട് വിദ്യ പറഞ്ഞു. “ഞാൻ പറഞ്ഞില്ലായിരുന്നോ.. അപ്പച്ചി വല്ലാത്തൊരു ടൈപ്പ് ആണ്.. നീ അത് കാര്യമാക്കണ്ട.” ജീന മുഖം ഉയർത്തി ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. “ഏയ്, എനിക്ക് വിഷമം ഒന്നും ഇല്ല.” “നിന്റെ ആഗ്രഹം പോലെ തന്നെ തലേ ദിവസം പാവാടയും ടോപ്പും, കല്യാണത്തിന് സാരിയും തന്നെയാ നിനക്ക്, പക്ഷെ അത് ബാക്കി ഉള്ളവർക്ക് കൊടുക്കുന്നപോലെ ടെക്സ്റ്റൈൽസിൽ പോയി വാങ്ങുവല്ല.. എന്റെ കല്യാണ ഡ്രെസ്സിനൊപ്പം നിനക്കുള്ളതും ഞാൻ ഡിസൈൻ ചെയ്യാൻ കൊടുക്കുവാണ്.” ജീനയുടെ മുഖത്ത് ഒരു അദ്‌ഭുതം നിറഞ്ഞു. ശ്രീഹരിയുടെയും. വിദ്യക്ക് ഇങ്ങനെ ഒരു പ്ലാൻ ഉണ്ടെന്ന് അവനും അറിഞ്ഞിരുന്നില്ല. ജീന എന്തോ ആലോചിച്ച് പെട്ടെന്ന് പറഞ്ഞു. “ഏയ്.. അതൊന്നും വേണ്ട.. അതൊക്കെ ഒരുപാട് പൈസ ആകും.” “അത് വേണമോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോള്ളം, ഇത് നിന്റെ ഇച്ചായന്റെ പൈസക്കൊന്നും അല്ല.. എന്റെ പൈസക്ക് നിനക്ക് ഒരു സമ്മാനമായി ഞാൻ ചെയ്യുന്നതാണ്.” ശ്രീഹരിയുടെ അതെ പിടി വാശി ആണ് വിദ്യക്കും എന്ന് ജീനക്ക് അറിയാം.. അതുകൊണ്ട് തന്നെ ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നു അറിയാവുന്നതിനാൽ ജീന പിന്നെ ഒന്നും മിണ്ടിയില്ല. വിദ്യ ഈ ഒരു കാര്യം നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചതായിരുന്നു. വീട്ടിൽ വന്ന നാൾ മുതൽ വിദ്യയുടെയും എല്ലാ കാര്യങ്ങളും കണ്ട് അറിഞ്ഞു ചെയ്ത് വിദ്യയ്ക്ക് ജീനയോട് അത്ര വലിയൊരു ആത്മബന്ധം അവൾ ഉണ്ടാക്കി എടുത്തിരുന്നു. അടുക്കളയിൽ എത്തിയ വാസുകി എന്തോ അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അംബികാമ്മയോടു പറഞ്ഞു. “അവൾ അത്ര ശരിയെന്നും അല്ല..”

അംബികാമ്മ പെട്ടെന്ന് നിവർന്നു നോക്കികൊണ്ട്‌ മനസിലാകാതെ ചോദിച്ചു. “ആര്?” “ആ ജീന.. ഹരിയുടെ ഓഫീസിലെ ജോലിക്കാരി ആണെന്ന് പറഞ്ഞിട്ട് അതുപോലൊന്നും അല്ലല്ലോ അവളുടെ പെരുമാറ്റം.” ഒരു ചിരിയോടെ അംബികാമ്മ പറഞ്ഞു. “അവർ ഒരുമിച്ച് പഠിച്ചതാണ് ചേച്ചി.. ആ ഒരു സ്വാതന്ത്രം അവൾ കാണിക്കുന്നതാണ്.” ആ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ വാസുകി പറഞ്ഞു. “ഇതൊന്നും അത്ര നല്ലതിനല്ലെന്ന് പിന്നെ നിനക്ക് മനസിലാകും.” ആ സംസാരം നീട്ടികൊണ്ടു പോകാൻ താല്പര്യം ഇല്ലാത്തതിനാൽ അംബികാമ്മ മൗനം പാലിച്ചു. . . രണ്ടു ദിവസമായി സ്വർണഭാരങ്ങൾ ബുക്ക് ചെയ്യാൻ പോക്കും മറ്റും ആയി ശ്രീഹരി നല്ല തിരക്കിലായിരുന്നു. അന്നൊരു ദിവസം ഒഴിവു കിട്ടിയപ്പോൾ വൈകുന്നേരം അവൻ ക്ഷേത്രത്തിലേക്കിറങ്ങി. പതിവായി ഇരുന്നു സംസാരിക്കാറില്ല തിട്ടയിൽ ഇരുന്നു ഓരോ നാട്ടുവിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ജിത്തു ശ്രീഹരിയോട് പറഞ്ഞത്. “ഡാ.. അതാരൊക്കെയാ വരുന്നതെന്ന് നോക്കിക്കേ.” ശ്രീഹരി നോക്കുമ്പോൾ വിദ്യയും ജീനയും അമ്പലത്തിലേക്ക് നടന്നു വരുകയാണ്. ഒരു ചുവന്ന ചുരിദാർ ആണ് വിദ്യ ധരിച്ചിരുന്നത്. “കല്യാണം അടുത്തപ്പോൾ ഇവളുടെ ഭക്തി കൂടിയെന്നാണ് തോന്നുന്നത്. അമ്പലത്തിൽ തിരിഞ്ഞ് നോക്കാതെ കിടന്നിരുന്നവളാണ്.” അച്ചുവിന്റെ ആ വാക്കുകൾ കേട്ട് ചിരിക്കുമ്പോഴും ശ്രീഹരിയുടെ ശ്രദ്ധ ജീനയിൽ ആയിരുന്നു. പച്ചയും, വെള്ളയും, ഗോൾഡും കലർന്ന ഒരു ചുരിദാർ ടോപ് ആണ് അവൾ ഇട്ടിരുന്നത്. മുട്ടിനു താഴെ വരെ ഉണ്ടായിരുന്നു ആ ടോപ്. ഒരു വെള്ള പാന്റും. നീളമുള്ള മുടി കുറച്ചു ഇടതു വശത്തായി തോളിനു മുന്നിലേക്ക് ഇട്ടിരിക്കുന്നു. ശരീരത്തിന്റെ ഒതുക്കം ആ വസ്ത്രത്തിൽ എടുത്തു കാണിക്കുന്നുണ്ട്. ആ ഡ്രെസ്സിൽ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി നടന്നു വരുന്ന അവളെ കാണാൻ വല്ലാത്തൊരു ഭംഗി തന്നെ ആയിരുന്നു. ആ തോന്നൽ തനിക്ക് മാത്രമല്ലെന്ന് ഉറപ്പിച്ച് കൊണ്ട് ജിത്തുവിന്റെ വാക്കുകൾ അവന്റെ കാതുകളിൽ പതിച്ചു. “ദിവസം ചെല്ലും തോറും നിന്റെ ജീനയുടെ ഭംഗിയും കൂടി കൂടി വരുവാണല്ലോടാ..”

അവന്റെ ആ വാക്കുകൾ ശ്രീഹരിയെ ചെറുതായി അഭിമാനം കൊള്ളിച്ചു. പക്ഷെ ജീനയുടെ സൗന്ദര്യം തന്നെ എന്തിനാണ് അഭിമാനം കൊള്ളിച്ചതെന്ന് അപ്പോൾ അവന് മനസിലായില്ല. ശ്രീഹരി അവിടെ നിൽക്കുന്നത് കണ്ടുകൊണ്ട് രണ്ടുപേരും അവരുടെ അടുത്തേക്ക് വന്നു. അവർ അടുത്ത് എത്തിയതും അച്ചു പറഞ്ഞു. “കല്യാണം ആയപ്പോൾ നിനക്കിത്തിരി ഭക്തി കൂടുതൽ ആണല്ലോടി.” ഒരു ചിരിയോടെ വിദ്യ പറഞ്ഞു. “കല്യാണമൊക്കെ അടുക്കുമ്പോൾ ആർക്കായാലും ഇത്തിരി ദൈവ വിചാരണ ഒക്കെ ഉണ്ടാകും ചേട്ടാ.” അടുത്ത കൗണ്ടർ ജിത്തുവിന്റെ വക ആയിരുന്നു. “ഇപ്പോൾ നീ ദൈവത്തെ വിളിക്കും.. കല്യാണം കഴിഞ്ഞാൽ പിന്നെ അവനായിരിക്കും ദൈവത്തെ വിളിക്കാൻ പോകുന്നത്.” “കൂടുതൽ ഡയലോഗ് ഒന്നും വേണ്ട കേട്ടോ.. എന്റെ കല്യാണ ആൽബം കുളമാക്കിയാൽ അപ്പോഴാണ് എന്റെ കൈയിൽ നിന്നും കിട്ടാൻ പോകുന്നെ.” “ആ കാര്യത്തിൽ നീ പേടിക്കയൊന്നും വേണ്ട.. ഞാൻ സൂപ്പർ ആക്കി തന്നിരിക്കും.” ഒരു ചിരിയോടെ വിദ്യ പറഞ്ഞു. “വിഡിയോസിലൊക്കെ ഞാൻ ആയിരിക്കണം ഹൈലൈറ്.. വിവേകേട്ടൻ ഇത്തിരി കുളമായാലും വേണ്ടില്ല.. ഞാൻ ഇങ്ങനെ തിളങ്ങി നിൽക്കണം.” “നീ ഫോട്ടോ ഷൂട്ടിന് ഒരു മൂന്നു നാല് ജോഡി ഡ്രസ്സ് എടുത്തു വച്ചേക്കണം.. ജീനയെ കൊണ്ട് ഡ്രസ്സ് സെലക്ട് ചെയ്യിച്ചത് മതി.. ഇവൾ ഇടുന്ന ഡ്രസ്സ് എല്ലാം സൂപ്പർ ആണ്.” ചെറിയൊരു ഞെട്ടലോടെ ജീന പറഞ്ഞു. “ഞാൻ സെലക്ട് ചെയ്യാനോ.. ബെസ്ററ്.. എനിക്ക് ഈ ഡ്രസ്സ് എല്ലാം സെലക്ട് ചെയ്ത് എടുത്തു തരുന്നതൊക്കെ ഇച്ചായനാണ്.” ശ്രീഹരിയെ നോക്കി കൊണ്ട് ജിത്തു ചോദിച്ചു. “ഇവനോ?.. ഇവന് ഇങ്ങനൊക്കെ ഡ്രസ്സ് സെലക്ട് ചെയ്യാൻ അറിയാമോ?” അതിനുള്ള മറുപടി വിദ്യ ആണ് പറഞ്ഞത്. “എനിക്കൊന്നും എടുത്തു തരാറില്ലെന്നേ ഉള്ളു, ബാക്കി ഉള്ള പെണ്പിള്ളേര്ക്ക് ചേരുന്ന രീതിയിൽ എടുത്തു കൊടുക്കാൻ ഏട്ടൻ പണ്ടേ മിടുക്കനാണ്.” ശ്രീഹരി അവളുടെ ചെവിയിൽ പിടിക്കാൻ ഭാവിച്ചപോൾ അതിൽ നിന്നും ഒഴിഞ്ഞു മാറി അച്ചുവിനോട് വിദ്യ പറഞ്ഞു. “അച്ചുവേട്ടനോട് പറയാൻ ജീനക്ക് ഒരു ഓപ്ഷൻ ഉണ്ട്.” “ഐസ് ക്രീമിന്റെ കാര്യമല്ലേ.. അത് അവൻ എന്നോട് പറഞ്ഞിരുന്നു.. ജീനക്ക് ഏതൊക്കെ ഫ്ലേവർ വേണമെന്ന് ഇങ്ങു പറഞ്ഞാൽ മതി, ഞാൻ അങ്ങ് എത്തിച്ചേക്കാം.” ജീന ചെറിയൊരു ചമ്മലോടെ മുഖം താഴ്ത്തി നിന്നു. ശ്രീഹരി പറഞ്ഞു.

“നിങ്ങൾ ഇങ്ങനെ കത്തി വച്ച് കൊണ്ട് നിൽക്കാതെ പോയി തൊഴുത്തിട്ടു വാ.” “അത് ശരിയാ.. വാ നമുക്ക് തൊഴുത്തിട്ട് വരാം.” വിദ്യ ജീനയുടെ കൈ പിടിച്ചതും അവൾ പറഞ്ഞു. “ഏയ്.. ഞാൻ ഇല്ല.. നീ പോയിട്ട് വാ..ഞാൻ ഇവിടെ നിന്നോളം.” വിദ്യ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു. “അതെന്താ.. നിനക്ക് ഞങ്ങളുടെ ദൈവത്തെ ഇഷ്ടമല്ലേ?” “ഏയ്.. അതല്ല… ഞാൻ ക്ഷേത്രത്തിൽ കയറുന്നത് ആരെങ്കിലും കണ്ട് എന്തെങ്കിലും പറഞ്ഞല്ലോ?” അതുകേട്ട ജിത്തു പറഞ്ഞു. “അതിൽ ജീന പേടിക്കണ്ട.. ഈ നാട്ടിലെ ഏറ്റവും വലിയ കട്ട സങ്കി ഞാൻ ആണ്.. ഒരാളും ഒന്നും പറയില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നു.” അത് കേട്ട ജീന ഒന്നാലോചിച്ചു ശേഷം പറഞ്ഞു. “എങ്കിൽ ഇച്ചായനും കൂടി വാ.” ശ്രീഹരിക്കും ഒന്ന് ക്ഷേത്രത്തിൽ കയറി തൊഴുതാൽ കൊള്ളാമെന്ന് തോന്നി. മിക്ക ദിവസവും അവിടെ വന്നിരിക്കുമെങ്കിലും ഇതുവരെയും ക്ഷേത്രത്തിൽ കയറിയില്ലായിരുന്നു. അവൻ അവർക്കൊപ്പം ക്ഷേത്രത്തിലേക്ക് നടന്നു. വിദ്യയുടെ കൈയും പിടിച്ചാണ് അവൻ ക്ഷേത്രത്തിനു ഉള്ളിലേക്ക് കടന്നത്.. ജീവിതത്തിൽ ആദ്യമായാണ് ഒരു ക്ഷേത്രത്തിനുള്ളിൽ കയറുന്നത്, അതിന്റെ ഒരു പരിഭവം അവളുടെ മുഖത്ത് ഉണ്ട്. വിദ്യക്ക് ഒപ്പം ജീനയും ദേവി വിഗ്രഹത്തെ നോക്കി കണ്ണടച്ച് നിന്ന് തൊഴുതു പ്രാർത്ഥിച്ചു. ദേവിയെ തൊഴുകയായിരുന്ന ശ്രീഹരിയുടെ നോട്ടം അവിചാരിതമായി ജീനയുടെ മേൽ പതിഞ്ഞു. കണ്ണടച്ച് നിന്നു പ്രാർത്ഥിക്കുകയാണ് അവൾ. തൂക്കു വിളക്കിൽ തെളിയിച്ചിരുന്നു തിരിയുടെ വെളിച്ചം അവളുടെ മുഖത്തു തന്നെ പ്രതിഫലിക്കുന്നു. ജീവിതത്തിൽ ഇതുവരെയും കാണാത്ത ഒരു ഭംഗിയും തേജസും അവളുടെ മുഖത്ത്. തന്റെ മനസിനെ അവളിലേക്ക് ആകർഷിക്കുന്നത് പോലെ.. മുഖത്തു നിന്നും കണ്ണെടുക്കാനെ തോന്നുന്നില്ല. കണ്ണുകൾ തുറന്ന ജീന ആദ്യം കണ്ടത് തന്റെ മുഖത്തു തന്നെ നോക്കി നിൽക്കുന്ന ശ്രീഹരിയെ ആണ്. എന്താ എന്ന അർഥത്തിൽ അവൾ കണ്ണുകൾ കൊണ്ട് ശ്രീഹരിയോട് ആഗ്യം കാണിച്ചു. ഒരു ചെറു ചിരിയോടെ അവൻ ഒന്നും ഇല്ലെന്ന് അവളെ കണ്ണടച്ച് കാണിച്ചു. അപ്പോഴും അവളുടെ മുഖത്തു എന്തോ ഉണ്ടെന്നുള്ള ഭാവം തന്നെ ആയിരുന്നു. ശ്രീഹരി ചിരിച്ച് കൊണ്ട് അവളുടെ കൈയും പിടിച്ച് കൊണ്ട് ക്ഷേത്രത്തിനു ചുറ്റും നടന്നു തൊഴുതു. വിദ്യയും അവർക്ക് ഒപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിനു വെളിയിൽ ഇറങ്ങുമ്പോഴും കൈയിൽ കിട്ടിയ ചന്ദനം അവൾ നെറ്റിയിൽ തൊട്ടില്ലായിരുന്നു. അത് കണ്ട് അവൻ ചോദിച്ചു. “നീ ഇതുവരെ ആ ചന്ദനം ഇട്ടില്ലേ?”

അവൾ ഇല്ല എന്നുള്ള അർഥത്തിൽ ആംഗ്യം കാണിച്ചു. ശ്രീഹരി അവളുടെ കൈയിൽ നിന്നും ചന്ദനം നാടുവിരലിൽ എടുത്തുകൊണ്ട് ജീനയുടെ നെറ്റിയിൽ ഇട്ടു കൊടുത്തു. ഇതെല്ലം നോക്കികൊണ്ട്‌ ഒരു പുഞ്ചിരിയോടെ വിദ്യ അവരുടെ അരികിൽ തന്നെ ഉണ്ടായിരുന്നു. . . കുറച്ചു ദിവസങ്ങൾക്ക് ശേഷം.. ഡോർ ബെൽ അടിക്കുന്ന ശബ്‌ദം കേട്ട് വിദ്യയാണ് പോയി വാതിൽ തുറന്നത്. വാതിൽ തുറന്ന അവൾ ചെറുതായൊന്നു ഞെട്ടാതിരുന്നില്ല. രണ്ടു ചിറ്റപ്പന്മാരും വാസുകി അപ്പച്ചിയും ആയിരുന്നു വന്നിരുന്നത്. അവൾ ഞെട്ടാൻ കാരണം ചിറ്റപ്പന്മാരുടെ സന്ദർശനമാണ്. അച്ഛന്റെ മരണശേഷം അപൂർവമായി മാത്രേ അവർ അവിടെ വന്നിട്ടുള്ളൂ. ശ്രീഹരി അവരോടു കാണിച്ചിരുന്ന ഒരു അകൽച്ചയും അതിനു ഒരു കാരണമായിരുന്നു. വിദ്യ ഒരു പുഞ്ചിരിയോടെ അവരെ ക്ഷണിച്ച്‌ അകത്തിരുത്തി. “അമ്മാ.. ദാ ചിറ്റപ്പന്മാർ വന്നിരിക്കുന്നു.” അംബികാമ്മ പെട്ടെന്ന് അവിടേക്ക് വന്നു. “നിങ്ങളെയൊക്കെ കണ്ടിട്ട് ഒരുപാട് നാളായല്ലോ.. ഇങ്ങോട്ടു കാണാനേ ഇല്ല ഇപ്പോൾ..” മൂത്ത ചിറ്റപ്പൻ പറഞ്ഞു. “ഓരോ തിരക്കുകളല്ലേ.. എങ്ങും പോകാൻ സമയം കിട്ടാറില്ല.” “മോളെ, ഇവർക്ക് കുടിക്കാൻ വെള്ളം എടുത്തുകൊണ്ട് വാ.” വിദ്യ അടുക്കളയിൽ പോയി ജ്യൂസ് ഉണ്ടാക്കി തിരികെ വന്നു. അതുവരെയും കല്യാണത്തിന്റെ ഓരോ വിശേഷങ്ങൾ അംബികാമ്മയോടു തിരിക്കുകയായിരുന്നു അവർ. വിദ്യ കൊണ്ട് വച്ച ജ്യൂസ് കൈയിൽ എടുത്തുകൊണ്ടു ഇളയ ചിറ്റപ്പൻ ചോദിച്ചു. “ശ്രീഹരി ഇല്ലേ ഇവിടെ?” “അവൻ എറണാകുളത്തു ഓഫീസുവരെ ഇന്നലെ പോയതാണ് എന്തോ കാര്യമായിട്ട്. ഇപ്പോൾ തിരിച്ച് എത്താറായിട്ടുണ്ട്.” മൂ.ചി. – അവന്റെ കൂടെ ഒരു പെണ്ണ് ഇവിടെ വന്നല്ലോ.. അവളെവിടെ?” അംബികാമ്മ വാസുകിയെ ഒന്ന് നോക്കികൊണ്ട്‌ പറഞ്ഞു. “ജീനയും അവന്റെ കൂടെ പോയി.” വിദ്യ മനസ്സിൽ വിചാരിച്ചു. ‘അപ്പോൾ വെറുതെ അല്ല ഈ വരവ്. അപ്പച്ചിയുടെ പരദൂഷണത്തിന്റെ ഫലമാണ് ഈ സന്ദർശനം., മൂ.ചി. – അവൾ എന്തിനാ ഇവിടെ വന്നു നിൽക്കുന്നെ?” ‘അമ്മ – അവന്റെ കൂട്ടുകാരി ആണ് ജീന.. അപ്പോൾ കല്യാണം ഒക്കെ ആയോണ്ട് ഒരു സഹായത്തിന് വന്നതാണ്. ഇ.ചി. – ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് എറണാകുളത്തും അവൾ അവന്റെ കൂടെ തന്നാണ് താമസം എന്നാണല്ലോ. വാസുകി – നീയും കൂടി അറിഞ്ഞാണോ അവൻ ഇതൊക്കെ കാണിക്കുന്നത്, ആരെങ്കിലുമൊക്കെ അറിഞ്ഞാൽ എന്താ പറഞ്ഞിട്ടുണ്ടാക്കുക എന്ന് അറിയാമോ നിനക്ക്.

സംസാരം കൂടുതൽ നീട്ടി കൊണ്ട് പോകാൻ താല്പര്യം ഇല്ലാത്തതിനാൽ അംബികാമ്മ പറഞ്ഞു. “നാട്ടുകാരെ പേടിച്ച് നമ്മൾ ജീവിക്കരുതെന്ന എന്റെ ഭർത്താവ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. പിന്നെ എനിക്ക് ഹരിയേയും അതിനേക്കാളുപരി ജീനയെയും നല്ല വിശ്വാസമാണ്. അതുകൊണ്ട് അവർ ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നതിൽ എനിക്ക് ഒന്നും തോന്നിട്ടില്ല. പിന്നെ അവർ തമ്മിൽ ഒരു ഇഷ്ട്ടം ഉണ്ടായി കല്യാണം എന്നൊരു ആവിശ്യം ഉന്നയിച്ചാൽ ഞാൻ ഞാൻ അത് അംഗീകരിക്കും.. കാരണം അവനെ മനസിലാക്കി ജീവിക്കാൻ ജീനയെക്കാളും നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.” അംബികാമ്മയുടെ എടുത്തടിച്ച പോലുള്ള ഈ മറുപടി കേട്ട് വിദ്യ ഉൾപ്പെടെ അവിടെ എല്ലാരും കുറച്ച് നേരം കണ്ണും മിഴിച്ചിരുന്നു. വാസുകി – അംബികേ.. നീ എന്തൊക്കെയാ ഈ പറയുന്നേ? അവളെ കല്യാണം കഴിക്കാൻ നീ സമ്മതിക്കുമെന്നോ?” മൂ.ചി. – ഞാൻ അപ്പോഴേ പറഞ്ഞതാ ഇത് ചോദിക്കാനും പറയാനൊന്നും ഇങ്ങോട്ടു വരേണ്ടെന്ന്. ഇവളുടെ ഭർത്താവിനും ഇല്ലായിരുന്നല്ലോ ഈ ജാതിയും മതവും ഒന്നും നോക്കക്കം.. എന്തിനാ ഇനി ഇവിടെ ഇരിക്കുന്നെ.. ഇറങ്ങാം നമുക്ക്. ചിറ്റപ്പന്മാർ രണ്ടു പേരും വീടിന് പുറത്തേക്ക് ഇറങ്ങി. അവരെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ച്‌ കൊണ്ട് വാസുകിയും. അവർ പുറത്തേക്ക് ഇറങ്ങിയതും സന്തോഷം നിറഞ്ഞ മുഖത്തോടെ അമ്മയുടെ അടുത്തേക്ക് വന്ന് വിദ്യ ചോദിച്ചു. “അപ്പോൾ അമ്മക്ക് ഇഷ്ട്ടമാണല്ലേ ചേട്ടൻ വിദ്യയെ കെട്ടുന്നത്.. എനിക്കും അത് ഇഷ്ട്ടമാ.” വിദ്യയുടെ തോളിൽ പിടിച്ച് കൊണ്ട് അംബികാമ്മ പറഞ്ഞു. “അവളെക്കാളും നല്ലൊരു കൊച്ചു അവന് വേറെ ഇവിടെ കിട്ടാനാണ്. പക്ഷെ നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റു.. ജീനക്ക് അങ്ങനെ ഒരു താല്പര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.” ചിറ്റപ്പന്മാരും വാസുകിയും വീടിന് പുറത്തേക്ക് ഇറങ്ങിയതും ശ്രീഹരിയുടെ കാറ് അവിടെ വന്ന് നിന്നതും ഒരുമിച്ചായിരുന്നു. കാറിൽ നിന്നും ശ്രീഹരിയും ജീനയും പുറത്തേക്ക് ഇറങ്ങി. അപ്രതീക്ഷിതമായി ചിറ്റപ്പന്മാരെ വീടിന് മുന്നിൽ കണ്ടപ്പോൾ ശ്രീഹരി ഒന്ന് ഞെട്ടാതിരുന്നില്ല. ചിറ്റപ്പന്മാരും കാറിൽ നിന്നും ഇറങ്ങിയ ശ്രീഹരിയേയും ജീനയെയും ഒന്ന് നോക്കി. അവൻ പെട്ടെന്ന് തന്നെ തല താഴ്ത്തി അവരെ ശ്രദ്ധിക്കാതെ വീടിനകത്തേക്ക് കയറി പോയി. ഇരുപേരും ജീനയെ തന്നെ നോക്കുവായിരുന്നു. ആരെന്നു മനസിലായില്ലെങ്കിലും ജീന അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവരും അവരറിയാതെ തന്നെ അവൾക്ക് ഒരു പുഞ്ചിരി നൽകി പോയി. അവരെ മാറി കടന്നു ജീന വീടിനകത്തേക്ക് നടക്കുമ്പോഴും അവരുടെ ശ്രദ്ധ അവളിൽ തന്നെ ആയിരുന്നു. അവളുടെ സൗന്ദര്യവും ബഹുമാനത്തോടെയുള്ള പുഞ്ചിരിയും ഒക്കെ കണ്ടപ്പോൾ ജീന ശ്രീഹരിക്ക് ചേരുമെന്ന് രണ്ടുപേരുടെയും മനസ്സിൽ തോന്നാതിരുന്നില്ല. മൂത്ത ചിറ്റപ്പൻ വാസുകിയോടു പറഞ്ഞു.

“ഞങ്ങൾ ഇവിടെ നിൽക്കുന്നു എന്ന് പോലും ഭാവിക്കാതെ അവൻ അകത്തേക്ക് കയറി പോയത് കണ്ടില്ലേ.. ഞങ്ങളെ അപമാനിക്കയല്ലേ അവൻ ചെയ്തത്.” ഇളയ ചിറ്റപ്പൻ പറഞ്ഞു. “അവൻ ഇങ്ങൊക്കെ കാണിക്കാൻ ഞങ്ങൾ എന്താ ചെയ്‍തത്.. ഞങ്ങൾക്ക് കിട്ടേണ്ട ഓഹരി അല്ലെ ഞങ്ങൾ വാങ്ങിയുള്ളു.. അല്ലാതെ ഇവർക്കുള്ളതും കൂടി ഞങ്ങൾ തട്ടി എടുത്തില്ലല്ലോ..” ഒന്ന് നിർത്തിയ ശേഷം തുടർന്നു. “പിന്നെ ശരിയാണ്.. അന്നത്തെ സാഹചര്യത്തിൽ ഞങ്ങൾ അങ്ങനെ ചെയ്യരുതായിരുന്നു.. പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തിന്റെ കാര്യം കൂടി നോക്കണ്ടായിരുന്നോ.. നീ വിളിച്ചപ്പോൾ ഇന്നും ഞങ്ങൾ ഇവിടെ വന്നത് ഞങ്ങൾ ചെയ്തത് തെറ്റ് തന്നെയാണ് എന്ന് ബോധം ഉള്ളതുകൊണ്ട് തന്നെയാണ്.. പക്ഷെ ഇനിയും എങ്ങനെ അപമാനിതനാകാൻ ഞങ്ങൾക്ക് വയ്യ..” മൂ.ചി. – അവൻ ആ പെണ്ണിനെ കെട്ടുകയോ എന്തോ ചെയ്യട്ടെ. അതൊക്കെ അവന്റെ ഇഷ്ട്ടം. ഞങ്ങൾ അതിൽ ഇനി ഇടപെടുന്നില്ല.. പക്ഷെ വിദ്യയുടെ കല്യാണത്തിന് ഞങ്ങൾ വരണമെങ്കിൽ അവൻ ഞങ്ങളുടെ വീട്ടിൽ വന്നു കല്യാണം വിളിക്കണം. വാസുകി എന്ത് പറയണം എന്ന് അറിയാതെ നിൽക്കുമ്പോൾ ഇളയ ചിറ്റപ്പൻ പറഞ്ഞു. “ഞങ്ങൾ കല്യാണത്തിന് വന്നു നിൽക്കുമ്പോഴും അവൻ എല്ലാരുടെയും മുന്നിൽ വച്ചു ഇതുപോലെ പെരുമാറിയാൽ, ആര് വിളിച്ചിട്ടാണ് കല്യാണത്തിന് വന്നതെന്ന് ചോദിച്ചാൽ ഞങ്ങൾ എന്ത് ചെയ്യും. അത് കൊണ്ട് അവൻ നേരിട്ട് കല്യാണം വിളിക്കുമെങ്കിൽ മാത്രം ഞങ്ങൾ സന്തോഷത്തോടെ കല്യാണത്തിൽ പങ്കെടുക്കും.” അവർ രണ്ടുപേരും കാറിൽ കയറി അവിടെ നിന്നും പോയി. വാസുകി വീടിനകത്തേക്ക് കയറി ചെല്ലുമ്പോൾ എല്ലാപേരും ഹാളിൽ തന്നെ ഉണ്ടായിരുന്നു. കയറിച്ചെന്നു പാടെ വാസുകി പറഞ്ഞു. “ഹരി നേരിട്ട് അവരുടെ വീട്ടിൽ ചെന്ന് കല്യാണം വിളിക്കാതെ അവർ വിവാഹത്തിൽ പങ്കെടുക്കില്ല എന്നാണ് പറയുന്നെ.” ശ്രീഹരി എടുത്തടിച്ചപോലെ പറഞ്ഞു. “എങ്കിൽ അവർ കല്യാണത്തിന് വരണമെന്നില്ല.” എടുത്തടിച്ചപോലെ വാസുകിയും പറഞ്ഞു. “എങ്കിൽ എന്റെ സഹോദരങ്ങൾ ഇല്ലാതെ ഞാനും ഈ കല്യാണത്തിന് കാണില്ല.” ശ്രീഹരി അവരെ ഒന്ന് തുറിച്ച് നോക്കിയ ശേഷം പടികൾ കയറി മുകളിലേക്ക് പോയി. അംബികാമ്മ വിഷമത്തോടെ പറഞ്ഞു. “നിങ്ങൾ എല്ലാപേരും ഇങ്ങനെ തുടങ്ങുവാണേൽ ഞാൻ എന്ത് ചെയ്യും.” ജീനയും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഒരു പുഞ്ചിരിയോടെ വിദ്യ പറഞ്ഞു. “ഏട്ടൻ അവരെ പോയി കല്യാണം വിളിക്കാൻ എന്റെ കൈയിൽ ഒരു ഐഡിയ ഉണ്ട്.. ചിലപ്പോൾ സക്‌സസ് ആകും.” മൂന്നുപേരും വിദ്യയെ തന്നെ നോക്കി. “ജീന പോയെന്നു സംസാരിച്ചാൽ ചിലപ്പോൾ ഏട്ടൻ സമ്മതിക്കും.” ജീന കണ്ണ് മിഴിച്ച് ചോദിച്ചു. “ഞാനോ?”

വിദ്യ പറഞ്ഞതിൽ ചെറിയൊരു കാര്യം ഉണ്ടെന്ന് അംബികാമ്മക്കും തോന്നി. പക്ഷെ അപ്പോഴും വിദ്യ എന്താ ഇങ്ങനെ പറഞ്ഞതെന്ന് അറിയാതെ നിൽക്കുകയായിരുന്നു വാസുകി. ജീനയുടെ കൈയിൽ പിടിച്ച് കൊണ്ട് വിദ്യ പറഞ്ഞു. “നീ ഏട്ടനോട് അങ്ങനെ ഒന്നും ആവിശ്യപെടാറില്ല. പക്ഷെ നീ എന്തെങ്കിലും പറയുവാണെങ്കിൽ അത് ഏട്ടൻ കേൾക്കുകയും ചെയ്യും. അതുകൊണ്ട് നീ ഒന്ന് സംസാരിച്ചാൽ ഈ പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരുമെന്ന് എനിക്ക് തോന്നുന്നു.” ജീന അമ്മയുടെ നേരെ നോക്കി. അംബികാമ്മയും ഒരു പ്രതീക്ഷയോടെ അവളെ തന്നെ നോക്കുവായിരുന്നു. “ഹമ്.. ഞാൻ സംസാരിച്ച് നോക്കാം.. എനിക്ക് അടി വല്ലോം കിട്ടുമോ കൊല്ലും നിന്നെ ഞാൻ.” വിദ്യ ഒരു ചിരിയോടെ പറഞ്ഞു. “നിനക്ക് ഏട്ടന്റെന്നു അടി കിട്ടാനോ? നടന്നപോലെ തന്നെ.. നീ പോയി സംസാരിക്കാൻ നോക്കിയേ.” ജീന അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്ന് തണുത്ത കുപ്പിയും വെള്ളവും എടുത്ത് ശ്രീഹരിയുടെ അടുത്തേക്ക് നടന്നു. പടികൾ കയറുമ്പോഴും ഇത് എങ്ങനെ സംസാരിക്കും എന്ന് ചിന്തിക്കുകയായിരുന്നു അവൾ. ജീന പടികൾ കയറി മുകളിൽ പോയി കഴിഞ്ഞപ്പോൾ വിദ്യ അപ്പച്ചിയോട്‌ പറഞ്ഞു. “ഞങ്ങൾക്ക് എന്താണ് ജീനയോട് ഇത്രയും സ്നേഹം എന്ന് അപ്പച്ചിക്ക് അറിയണ്ടേ. എന്റെ കൂടെ വാ.” വിദ്യ വാസുകിയെയും കൂട്ടി പടികൾ കയറി മുകളിലേക്ക് നടന്നു. ജീന ചെല്ലുമ്പോൾ മുകളിലെ വരാന്തയുടെ തിട്ടയിൽ ഇരിക്കുകയായിരുന്നു ശ്രീഹരി. എല്ലാപേരും തന്നെ ഒറ്റപ്പെടുത്തുന്നു എന്നൊരു തോന്നലിൽ ആയിരുന്നു അവൻ അപ്പോൾ. ആരോടെന്നില്ലാതെ ദേഷ്യം അവന്റെ ഉള്ളിൽ തിളച്ച്‌ പൊങ്ങി. ജീന അവന്റെ അരികിലേക്ക് പോയി ഇരുന്നു. അവൻ കടുപ്പിച്ച സ്വരത്തിൽ ചോദിച്ചു. “എന്താ?” അവൻ നല്ല ദേഷ്യത്തിൽ ആണെന്ന് ആ ചോദ്യത്തിൽ നിന്നു തന്നെ അവൾക്ക് മനസിലായി. അവൾ വെള്ളവും കുപ്പിയും അവന്റെ നേരെ നീട്ടി. “എനിക്ക് വേണ്ട..” അവൾ എന്നിട്ടും അവന്റെ നേരെ നിന്നും മാറ്റിയില്ല. ജീനയെ ഒന്ന് തുറിച്ച് നോക്കിയ ശേഷം അവൻ വെള്ളം വാങ്ങി ഒരു കവിൾ കുടിച്ചു. അവൾ അവനോടു അനുവാദം ചോദിക്കാതെ തന്നെ ശ്രീഹരിയുടെ തോളിലേക്ക് തല ചായ്ച്ചു ചേർന്നിരുന്നു. ഈ സമയം വിദ്യയും വാസുകിയും അവരുടെ ഭിത്തിക്ക് പിന്നിൽ എത്തിയിരുന്നു. അവരെ കാണാൻ കഴിയില്ലെങ്കിലും ഇരുപേരും സംസാരിക്കുന്നത് അവർക്ക് കേൾക്കാം. അവന്റെ തോളിൽ തലചേർത്ത് വച്ചിരുന്നു എന്ത് പറയാണെമെന്ന് ആലോചിക്കുകയായിരുന്നു ജീന.

സത്യത്തിൽ അവളുടെ സാമീപ്യത്തിൽ അവന്റെ ദേഷ്യം പതിയെ കുറഞ്ഞു തുടങ്ങിയിരുന്നു. ജീനയുടെ സാമിപ്യം തനിക്ക് വല്ലാത്തൊരു ശക്തിയും സമാധാനവും പകരുന്നുണ്ടെന്ന് ഈ ഇടയായി അവൻ മനസിലാക്കി തുടങ്ങിയിരുന്നു. അവളുടെ വെളുത്ത് സുന്ദരമായ പുഞ്ചിരി തൂകി കൊണ്ടിരിക്കുന്ന മുഖം കാണുമ്പോൾ തന്നെ മനസിനുള്ളിൽ ഒരു സന്തോഷമാണ്. അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവൻ ചോദിച്ചു. “എന്താ നിനക്ക് എന്നോട് പറയാനുള്ളത്?” അവൾ അദ്‌ഭുതത്തോടെ തോളിൽ നിന്നും തല ഉയർത്തി അവന്റെ മുഖത്ത് നോക്കി. ഒരു ചിരിയോടെ അവൻ പറഞ്ഞു. “എനിക്ക് നിന്നെ നന്നായി അറിയില്ലേ.. ഈ ഇരുത്ത കാണുമ്പോഴേ അറിയാം മനസിനുള്ളിൽ എന്തോ ഉണ്ടെന്ന്.” വീണ്ടും അവന്റെ തോളിലേക്ക് തല ചേർത്ത് അവൾ പറഞ്ഞു. “ഇച്ചായന്റെ ദേഷ്യമൊക്കെ ഒന്ന് മാറട്ടെ. എന്നിട്ട് പറയാം.” “എനിക്കിപ്പോൾ ദേഷ്യമൊന്നും ഇല്ല. നീ പറഞ്ഞോ.” “പറയാം.. പക്ഷെ എന്നെ വഴക്ക് പറയരുത്.” “ഇല്ല.. നീ പറഞ്ഞോ..” ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ പറഞ്ഞു. “ഇച്ചായന്‌ ചിറ്റപ്പന്മാരെ പോയൊന്നു കല്യാണത്തിന് വിളിച്ചൂടെ. കല്യാണം നല്ല രീതിയിൽ നടക്കേണ്ടത് നമ്മുടെ ആവിശ്യം അല്ലെ?” “നീ എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത്?” “എനിക്കെല്ലാം അറിയാം.. അവർ ഇച്ചായനോട് ചെയ്തത് അറിയാം.. വിദ്യയുടെയും അമ്മയുടെയും മനസ്സിൽ എന്താണെന്ന് എനിക്കറിയാം.. വാസുകി അപ്പച്ചി നിങ്ങളെയെല്ലാം ഒരുമിപ്പിക്കാൻ നോക്കുവാണെന്ന് എനിക്കറിയാം.. അതൊന്നും മനസിലാക്കാതെ പകയോടെ മാത്രം ചിന്തിക്കുന്നത് ഇച്ചായൻ മാത്രം ആണ്. അത് കൊണ്ട് എനിക്ക് പറയാനുള്ളത് എല്ലാം സമാധാനത്തോടെ കേട്ടു കഴിഞ്ഞ ശേഷം മാത്രേ ഇച്ചായൻ ഇനി മിണ്ടാവു.” അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. “നീ പറഞ്ഞോ..” “ചിറ്റപ്പന്മാർ ചെയ്തത് തെറ്റ് തന്നെയാണ്, അല്ലെന്ന് ഞാൻ പറയുന്നില്ല.. പക്ഷെ അത് അവരുടെ സാഹചര്യം കൂടി നോക്കി ചെയ്ത ഒരു തെറ്റായിരുന്നു. അവരിപ്പോൾ ഇച്ചായനുമായി യോചിക്കാൻ ആഗ്രഹിക്കുന്നുണ്ട്… തെറ്റ് എല്ലാപേർക്കും പറ്റുന്നതാണ്.. ഞാൻ തെറ്റ് ചെയ്തിട്ടിലേ?.. ഇച്ചായൻ ചെയ്തിട്ടില്ല? അതൊക്കെ സാഹചര്യങ്ങൾ കാരണം ഉണ്ടായതാണ്. അവരുടെ തെറ്റ് ക്ഷമിക്കുന്നിടത്ത് ഇച്ചായൻ വിജയിക്കുകയെ ഉള്ളു..” ജീന അവന്റെ തോളിൽ നിന്നും തല ഉയർത്തി. “അമ്മയും ജീനയും കല്യാണത്തിന് എല്ലാരും വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കല്യാണം കഴിഞ്ഞ് ചെന്ന് കയറുന്ന വീട്ടിൽ ഉള്ളവർ വിദ്യയോട് അച്ഛന്റെ സഹോദരങ്ങൾ കല്യാണത്തിന് വരാഞ്ഞത് എന്ത് എന്ന് അവളോട് ചോദിച്ചാൽ അവൾ എന്ത് മറുപടി നൽകും.

അധവാ അവൾ ഉള്ളതൊക്കെ തുറന്നു പറഞ്ഞാൽ നമ്മുടെ കുടുംബത്തിൽ ഉള്ളവരുടെ വിലയില്ലേ അവിടെ ഇല്ലാതാകുന്നെ.. അവിടുള്ളവരുടെ മുന്നിൽ അവൾ നാണം കെടുകയല്ലെ ചെയ്യുന്നത്?” സത്യത്തിൽ ആ ഒരു ചോദ്യം ശ്രീഹരിയുടെ മനസ്സിൽ ശരിക്കും കൊണ്ടു. “സ്നേഹിക്കാൻ അമ്മയും അനിയത്തിയും ഒക്കെ ഉള്ളതുകൊണ്ടാണ് ഇച്ചായന്‌ ബന്ധുക്കളെയൊക്കെ അകറ്റി നിർത്താൻ കഴിയുന്നത്.. ആരും ഇല്ലാതാകുമ്പോഴേ ഇച്ചായന്‌ ശരിക്കും അതിന്റെയൊക്കെ വില മനസിലാകുകയുള്ളു.” അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ സ്വരം ഇടറി തുടങ്ങിയിരുന്നു. അത് ശ്രീഹരിക്ക് മനസിലാക്കുകയും ചെയ്തു. അവളെ തുടർന്ന് പറയാൻ അനുവദിക്കാതെ ശ്രീഹരി പറഞ്ഞു. “ഇപ്പോൾ എന്താ വീണുന്നെ.. ഞാൻ അവരെ പോയി കല്യാണം വിളിക്കണം. അത്ര അല്ലെ ഉള്ളു, അത് ഞാൻ ചെയ്തോള്ളം.” ആശ്വാസം നിറഞ്ഞ ഒരു ചിരിയോടെ അവൾ പറഞ്ഞു. “മതി.. ഇച്ചായൻ ഒന്ന് സംസാരിച്ചാൽ നിങ്ങൾക്ക് ഇടയിലുള്ള എല്ലാ പ്രശ്നങ്ങളും മാറും. അവരും അതിനായി കാത്തിരിക്കുകയാണ്.” ജീന അവന്റെ തോളിലേക്ക് വീണ്ടും തല ചായ്ച്ചു. ജീനക്ക് ഈ സന്തോഷ വാർത്ത വിദ്യയേയും അമ്മയെയും അറിയിക്കുന്നതിനേക്കാളേറെ അവന്റെ സാമീപ്യത്തിൽ കുറച്ച് നേരം കൂടി ഇരിക്കാനാണ് തോന്നിയത്. ഇവിടെ വന്നതിനു ശേഷം ഇതുപോലെ അവന്റ തോളിൽ തോളിൽ തലചേർത്തു എല്ലാം മറന്ന് ഇരിക്കുവാൻ അവൾക്ക് ഒരു അവസരം ലഭിച്ചിരുന്നില്ല. ഭിത്തിയുടെ മറുപുറം നിന്നിരുന്ന വിദ്യ അപ്പച്ചിയുടെ കൈയും പിടിച്ച് താഴേക്ക് നടക്കുന്നതിനിടയിൽ ചോദിച്ചു. “ഇപ്പോൾ മനസ്സിലായോ ഞങ്ങൾക്ക് ജീനയെ എത്രയും ഇഷ്ട്ടം എന്താണെന്ന്. ആരുടെ മുന്നിലും വഴങ്ങാത്ത ചേട്ടനെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണമെന്ന് അവൾക്ക് അറിയാം. പക്ഷെ സ്വന്തം ആവിശ്യകൾക്കായി അവൾ ചേട്ടനെ അനുസരിപ്പിക്കാറുമില്ല.” വാസുകി സത്യത്തിൽ അതിശയിച്ചു നിൽക്കുകയായിരുന്നു. ജീനയുടെ വാക്കുകൾക്ക് മുന്നിൽ ഇത്ര പെട്ടെന്ന് ശ്രീഹരി സമ്മതിക്കുമെന്ന് അവർ വിചാരിച്ചിരുന്നില്ല. ഒരു ചിരിയോടെ വിദ്യ പറഞ്ഞു. “അവളുടെ വാക്ക് കേട്ട് അനുസരിച്ചെന്നും പറഞ്ഞു അവളുടെ വാക്കുകൾ കേട്ട് തുള്ളുന്ന ഒരു പെങ്കോന്തനാണ് ചേട്ടനെന്ന് അപ്പച്ചി കരുതണ്ട. ചേട്ടൻ അവളോട് ഒരു കാര്യം ആവിശ്യപ്പെട്ട് കഴിഞ്ഞാൽ അതിൽ നിന്നും ഇടം വലം ജീന ചലിക്കത്തില്ല… അച്ഛനോ അമ്മയോ ഒന്നും ഇല്ലാത്ത എല്ലാരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം ആണ് അവൾ.. അപ്പച്ചി ഇനി കല്യാണം കഴിയുന്നവരെ ഇവിടെ വന്നു നിൽക്കുന്നുണ്ടല്ലോ.. ആ ഒരു സമയം മതി അപ്പച്ചിയും അവളെ മനസിലാക്കി സ്നേഹിച്ചു തുടങ്ങാൻ.” . . ശ്രീഹരി ജീനയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു. അമ്മയെയും അനിയത്തിയേയും കൂടെ കൊണ്ടു പോയി ചിറ്റപ്പന്മാരെ കല്യാണത്തിന് വിളിച്ചു. പരസ്പരമുള്ള ഒരു തെറ്റുപറച്ചിലിൽ അവർക്കിടയിൽ ഉണ്ടായിരുന്ന മഞ്ഞു മതിൽ ഉരുകി തുടങ്ങുകയും ചെയ്തു.

തീവണ്ടിയുടെ വേഗതയിൽ ആണ് പിന്നീടുള്ള ദിവസങ്ങൾ കടന്നു പോയത്. കണ്ണടച്ച് തുറക്കുന്നതിനുള്ളിൽ കല്യാണത്തിന്റെ തലേ ദിവസം ആയി. വിദ്യയുടെ വാക്കുകൾ പോലെ തന്നെ ഈ ദിവസങ്ങൾക്കിൽ വാസുകി അപ്പച്ചിയെയും മറ്റു ബന്ധുക്കളെയും ജീന കൈയിലെടുത്തിരുന്നു. അടുക്കളയിലും, വിദ്യയുടെ അടുത്തും, ശ്രീഹരിക്ക് ഒപ്പവുമായി അവൾ ഓടി നടക്കുകയായിരുന്നു. ശരിക്കും ആ കുടുബത്തിലെ ഒരാളായി അവളെ എല്ലാപേരും അംഗീകരിച്ചത് പോലെ ആയിരുന്നു. നാല് മണിക്ക് ചെറുക്കനും കൂട്ടരും സാരി കൊണ്ടു വരുമെന്നതിനാൽ മൂന്നുമണിയോടെ തന്നെ വിദ്യ റിസപ്ഷന് ഇടാനുള്ള ഡ്രെസ്സും ഇട്ടു മേക്അപ്പും ചെയ്തു റെഡി ആയി. ഒരു ഇളം ഗ്രേ കളർ ലെഹങ്ക മോഡൽ ഡ്രസ്സ് ആയിരുന്നു അവൾ ധരിച്ചത്. കൈമുട്ടുവരെ മെഹന്തി ഇട്ടിരുന്നു. കഴുത്തിൽ ഒരു ഡയമണ്ട് നെക്ലൈസ് മാത്രം, കാതിൽ ഡയമണ്ടിന്റെ തന്നെ കമ്മലും. എല്ലാപേർക്കും അവളെ ഒരുക്കിയിരിക്കുന്നത് ഇഷ്ട്ടമായി. പക്ഷെ എല്ലാപേരും ഞെട്ടിയത് ജീനയെ കണ്ടാണ്. ചുവന്ന ലോങ്ങ് പാവാടയും അതെ കളറിൽ തന്നെ ഉള്ള പൊക്കിളിനു തൊട്ട് മുകളിലായി നിൽക്കുന്ന ടോപ്പും. ചുവപ്പിൽ ഉണ്ടായിരുന്ന ഗോൾഡൻ കളർ വർക്കുകൾ വസ്ത്രത്തിന്റെ ഭംഗി ഇരട്ടി ആക്കുന്നുണ്ട്. ടോപിനു പൊക്കിളിനു മുകളുവരെ മാത്രമേ നീട്ടം ഉള്ളതിനാൽ പാവടക്കും ടോപ്പിനും ഇടയിൽ അവളുടെ വെളുത്ത വയറിന്റെ കുറച്ച് ഭാഗം നഗ്നമായിരുന്നു. ആ നഗ്നത കാണാനും ആകർഷിക്കുന്ന ഒരു ഭംഗി ഉണ്ടായിരുന്നു. കഴുത്തിൽ നേർത്ത ഒരു ഡയമണ്ട് മാലയും അതിന്റെ അറ്റത്തായി പൂവിന്റെ ആകൃതിയിൽ ഉള്ള ഒരു ഡയമണ്ട് ലോക്കറ്റും. കാതിൽ തൂങ്ങിക്കിടക്കുന്ന മുത്തോട് കൂടി ഉള്ള ഒരു ഡയമണ്ട് കമ്മലും. നീളം കൂടിയ മുടി ചെറു ചുരുളുകളായി ഇട്ടിരിക്കുകയാണ്. ഹാളിൽ ബന്ധുക്കൾ എല്ലാരുമായി നിന്നു വിദ്യ സെൽഫി എടുത്തുകൊണ്ടിരിക്കുമ്പോഴാണ് പടികൾ ഇറങ്ങി താഴേക്ക് ഇറങ്ങി വരുന്ന ജീനയെ കാണുന്നത്. വിദ്യ അതിശയിച്ചു ജീനയെ തന്നെ നോക്കി നിന്നു പോയി. അവിടെ നിന്നിരുന്ന ബാക്കി ഉള്ളവരുടെയും അവസ്ഥ ഏകദേശം അങ്ങനെ തന്നെ ആയിരുന്നു. വിദ്യയുടെ അടുത്തെത്തിയ ജീന ചോദിച്ചു. “ഒരുങ്ങിയിട്ട് കൊള്ളാമോ?” “ഈ ഒരു ലുക്കിൽ വന്നിട്ട് എന്നോട് കൊള്ളാമോ എന്ന് ചോദിച്ചാൽ ഞാൻ നല്ല അടി വച്ച് തരും… എനിക്ക് ഇപ്പോൾ ഒരു സത്യം അറിയണം, ഇവിടെ ഞാനാണോ കല്യാണപ്പെണ്ണ് അതോ നീയാണോ?” വിദ്യയുടെ തോളിൽ പതുക്കെ അടിച്ച് കൊണ്ടു ജീന പറഞ്ഞു. “ഒന്ന് പൊടി നീ തള്ളാതെ..” ഒരു ചിരിയോടെ വിദ്യ പറഞ്ഞു. “ഞാൻ കാര്യായിട്ട് പറഞ്ഞതാ.. സൂപ്പർ ആയിട്ടുണ്ട് നീ.” ഒരു പുഞ്ചിരിയോടെ ജീന ചോദിച്ചു. “ഇച്ചായൻ എവിടെ?” “അമ്മയും ഇച്ചായനും പന്തലിൽ ഉണ്ട്. സാരി കൊണ്ടു വരാൻ സമയം ആയി..അവരെയും നോക്കി നിൽക്കെയാണ്.”

“ഞാൻ എങ്കിൽ ഇച്ചയേനെ കണ്ടിട്ട് വരാം..” ജീന നടന്നു നീങ്ങിയപ്പോൾ വിദ്യ വിളിച്ചു പറഞ്ഞു. “സാരി കൊടുപ്പു കഴിഞ്ഞു സ്റ്റേജിൽ നീ എന്നോടൊപ്പം തന്നെ കാണണം.” ശരിയെന്ന അർഥത്തിൽ ഒരു പുഞ്ചിരിയോടെ തല കുലുക്കികൊണ്ട് ജീന പന്തലിലേക്ക് നടന്നു. അമ്മയുമായി എന്തോ സംസാരിച്ചുകൊണ്ടു നിന്ന ശ്രീഹരി പെട്ടെന്ന് നിശബ്തനായി.. അവന്റെ കണ്ണുകൾ വിടർന്നു. ശ്രീഹരി കണ്ണിമവെട്ടാതെ എവിടേക്കാണ് നോക്കുന്നതെന്നറിയാൻ തിരിഞ്ഞു നോക്കിയ അമ്മയുടെയും കണ്ണുകളും അവർക്ക് അരികിലേക്ക് നടന്നു വരുന്ന ജീനയെ കണ്ട് വിടർന്നു. അവരുടെ അരികിൽ എത്തിയ ജീന ശ്രീഹരിയോട് ചോദിച്ചു. “എങ്ങനുണ്ട് ഇച്ചായാ?” “നീ അമ്മയോട് തന്നൊന്ന് ചോദിച്ച് നോക്ക്.” അവൾ അമ്മയുടെ നേരെ നോക്കി. അവളെ കെട്ടിപിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് ‘അമ്മ പറഞ്ഞു. “എന്റെ മോളെ കാണാൻ എത്ര ഭംഗി ഉണ്ടെന്ന് എനിക്ക് പറയാനറിയില്ല.” അമ്മയുടെ വാക്കുകൾ കേട്ട് അവളുടെ മുഖം സന്തോഷം കൊണ്ടു കൂടുതൽ പ്രകാശമയം ആയി. അപ്പോഴേക്കും സാരിയുമായി ചെക്കൻ കൂട്ടർ എത്തി.. ‘അമ്മ പെട്ടെന്ന് തന്നെ ഈ വിവരം അറിയിക്കാനായി വീടിന് അകത്തേക്ക് പോയി. ‘അമ്മ പോയതും ശ്രീഹരി ജീനയോട് സ്വരം താഴ്ത്തി പറഞ്ഞു. “എവിടെ ആരും ഇല്ലായിരുന്നെങ്കിൽ ‘അമ്മ തന്നതുപോലൊരു ഉമ്മ ഞാനും നിനക്ക് തന്നേനെ. അത്രയ്ക്ക് സുന്ദരി ആണ് ഇന്ന് നീ.” ഇത്രയും പറഞ്ഞ് ശ്രീഹരി അവിടന്ന് ചെക്കൻ കൂട്ടരേ സ്വീകരിക്കാനായി നടന്നു നീങ്ങുമ്പോൾ ജീനയുടെ മുഖത്ത് ഒരിക്കലും ഇല്ലാത്ത ഒരു നാണം നിറഞ്ഞിരുന്നു. പിന്നീടുള്ള സമയം സാരി കൊടുപ്പു ചടങ്ങും ഫോട്ടോ എടുപ്പുമായി ബഹളമായിരുന്നു. ജീന ഒരു ആവിശ്യങ്ങളുമായി വിദ്യയുടെ അടുത്തും വീടിനുള്ളിലുമായി ഓട്ടം ആയിരുന്നു. ശ്രീഹരിയും നല്ല തിരക്കിലായിരുന്നു. പക്ഷെ കിട്ടുന്ന അവസരങ്ങളിലെല്ലാം ജീനക്കായി അവന്റെ കണ്ണുകളും പരതുന്നുണ്ടായിരുന്നു. വിവേകും കൂട്ടരും പോയി കഴിഞ്ഞപ്പോഴാണ് ശ്രീഹരി ചെറുതായി ഒന്ന് ഫ്രീ ആയത്. പുറത്തുള്ള ആവിശ്യങ്ങൾക്ക് അവന്റെ കൂട്ടുകാർ ഓടുന്നുണ്ടായിരുന്നു. അവരുടെ അനിയത്തിയുടെ കല്യാണം ആയി തന്നെ ആയിരുന്നു ശ്രീഹരിയുടെ കൂട്ടുകാരെല്ലാം ആ കല്യാണത്തെ കണക്കാക്കിയിരുന്നത്. ബന്ധുക്കളിൽ ഒരാളെ യാത്ര ആക്കാനായി ഗേറ്റിനു അരികിലേക്ക് നടക്കുമ്പോഴാണ് ക്ലാരയും ഭർത്താവും കൊച്ചുമായി അവന് എതിരെ നടന്നു വന്നത്. ശ്രീഹരി ഒരു പുഞ്ചിരിയോടെ അവരെ എതിരേറ്റ ശേഷം ബന്ധുവിനെ പെട്ടെന്ന് യാത്രയാക്കി അവർക്ക് അരികിലേക്ക് നടന്നു വന്നു. കല്യാണം വിളിക്കാൻ പോകുമ്പോൾ ക്ലാരയുടെ ഭർത്താവിനെ അവൻ നേരത്തെ തന്നെ പരിചയപ്പെട്ടിരുന്നു. ക്ലാരയുടെ തോളിൽ കിടക്കുകയായിരുന്നു അവരുടെ രണ്ടു വയസ് പ്രായമുള്ള മോള്.

അവരുടെ അരികിൽ എത്തിയ ശ്രീഹരി അവളുടെ ഭർത്താവിന് കൈ കൊണ്ടുത ശേഷം അകത്തേക്ക് ക്ഷണിച്ചു. അകത്തേക്ക് നടക്കുന്നതിനിടയിൽ ക്ലാര ചോദിച്ചു. “അനിയത്തിയുടെ കല്യാണമായി നല്ല ഓട്ടത്തിൽ ആണല്ലേ?” ഒരു ചിരിയോടെ അവൻ പറഞ്ഞു. “എന്നേക്കാൾ നന്നായി അകത്തു മറ്റൊരാൾ ഓടുന്നുണ്ട്.” ക്ലാര ആകാംഷയോടെ ചോദിച്ചു. “അതാര്?” “ജീന..” “അവൾക്ക് പിന്നെ പണ്ടേ എവിടെയും അടങ്ങി ഒതുങ്ങി ഇരുന്നു വിശ്രമിക്കുന്ന ശീലം ഇല്ലല്ലോ.” അപ്പോഴേക്കും അവർ സ്റ്റേജിനു അരികിൽ എത്തിയിരുന്നു. ക്ലാരയെ കണ്ടതും ജീന വിദ്യയുടെ അരികിൽ നിന്നും ഓടി അവരുടെ അരികിൽ എത്തി. ജീനയുടെ കൈ പിടിച്ച്കൊണ്ട്‌ ക്ലാര ശ്രീഹരിയോട് പറഞ്ഞു. “നിന്റെ കൊച്ച് ഇന്ന് ഒടുക്കത്തെ സുന്ദരി ആണല്ലോടാ.” ജീന ഒരു നാണത്തോടെ ശ്രീഹരിയെ നോക്കി. അതിനു ശേഷം അവരെയും കൂട്ടി വിദ്യയുടെ അടുത്തേക്ക് നടന്നു. അവർ ഫോട്ടോയൊക്കെ എടുത്തിട്ട് വരുന്നവരെയും ശ്രീഹരി അവരെയും കാത്തു താഴെ നിന്നു. ഫോട്ടോ എടുപ്പോക്കെ കഴിഞ്ഞ് ക്ലാര ശ്രീഹരിയുടെ അടുത്തേക്ക് വന്നപ്പോൾ ജീനയും അവൾക്കൊപ്പം വന്നു. ശ്രീഹരി ജീനയോട് പറഞ്ഞു. “ഇവരെ കഴിക്കാനായി കൊണ്ടു പോ.” ക്ലാര പെട്ടെന്ന് പറഞ്ഞു. “കഴിക്കാൻ നിൽക്കുന്നില്ലടാ, ഞങ്ങൾ ഇറങ്ങുവാ.. ഇച്ചായന്റെ വീട്ടിലേക്ക് പോകുന്ന വഴിയാ ഞങ്ങൾ ഇവിടെ കയറിയത്.” “അപ്പോൾ ചേച്ചി നാളെ കല്യാണത്തിന് വരില്ലേ?” “ഇല്ല മോളെ.. ഇന്ന് രാത്രി തന്നെ അത്യാവിശ്യമായി ഞങ്ങൾക്ക് അങ്ങ് എത്തണം.” അപ്പോഴേക്കും വിദ്യ എന്തോ ആവശ്യത്തിനായി ജീനയെ വിളിച്ചു. ക്ലാരയോട് യാത്ര പറഞ്ഞു ജീന പെട്ടെന്ന് വിദ്യയുടെ അടുത്തേക്ക് പോയി. ക്ലാരയുടെ ഭർത്താവ് കുഞ്ഞിനേയും വാങ്ങി കാറിനടുത്തേക്ക് മുൻപേ നടന്നപ്പോൾ ക്ലാര സാവധാനം ശ്രീഹരിക്ക് ഒപ്പം അവിടേക്ക് നടന്നു. എന്തുകൊണ്ടോ അവർക്കിടയിൽ ഒരു നിശബ്തത തളംകെട്ടി നിന്നു. അവസാനം അതിനെ ഭേദിച്ചുകൊണ്ട് ക്ലാര പറഞ്ഞു. “ജീന ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലേ?” അവൻ ഒന്ന് മൂളി. “നിനക്ക് അവളെ അങ്ങ് കല്യാണം കഴിച്ചൂടെടാ.. നിങ്ങൾ തമ്മിൽ നല്ല ചേർച്ച ആയിരിക്കും.” ശ്രീഹരി ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി. “എനിക്ക് ശരിയെന്ന് തോന്നിയ ഒരു അഭിപ്രായം ഞാൻ പറഞ്ഞതാണ്.. നീ അതിനെക്കുറിച്ചൊന്ന് ആലോചിച്ചു നോക്ക്.”

അപ്പോഴേക്കും അവർ കാറിനരികിൽ എത്തിയിരുന്നു. ക്ലാര യാത്ര പറഞ്ഞ് കാറിൽ കയറി പോയി കഴിഞ്ഞ ശേഷവും അവൾ പറഞ്ഞ കാര്യം അവന്റെ ചെവിക്കുള്ളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. അറിയാതെ അവനും സ്വയം മനസിനുള്ളിൽ ഒന്ന് ചോദിച്ച് പോയി. ‘ജീനയെക്കാളും നല്ലൊരു ജീവിത സഖിയെ എനിക്ക് വേറെ കിട്ടുമോ?’ രാത്രി ഒൻപതു മണിയോടെ തിരക്കുകൾ എല്ലാം ഒഴിഞ്ഞു. വിദ്യ വസ്ത്രം മാറാൻ വീടിനുള്ളിലും പോയിരുന്നു. ബാക്കി ഉള്ളവർ എല്ലാം ക്ഷീണം കാരണം ഉറങ്ങാനുള്ള തയ്യാറെടുപ്പിലും ആയിരുന്നു. ഓടി തളർന്ന ജീന പന്തലിൽ ഒരു മുറ്റത്തു കിടന്നിരുന്ന ഒരു കസേരയിലേക്ക് പോയിരുന്നു. നടു ചെറുതായി വേദനിക്കുന്നുണ്ട്. വൈകുന്നേരം മൂന്നു മണിക്ക് ശേഷം സത്യം പറഞ്ഞാൽ അവൾ ഇപ്പോഴാണ് ഒന്ന് ഇരിക്കുന്നത്. മുഴുവൻ സമയവും ഓരോ കാര്യങ്ങളും ആയി ഓട്ടത്തിൽ തന്നെ ആയിരുന്നു അവൾ. സ്ത്രീകൾക്ക് ഇടയിൽ ഓരോ ആവിശ്യങ്ങൾക്കും അവിടെ ഏറ്റവും കൂടുതൽ മുഴങ്ങി കേട്ട പേര് ജീനയുടേതായിരുന്നു. ആളൊഴിഞ്ഞ മുറ്റത്ത് അവൾ അവൾ ഒറ്റക്കിരിക്കുന്നത് കണ്ട് അംബികാമ്മ അവളുടെ അരികിലേക്ക് വന്നു ഒരു കസേരയിൽ ഇരുന്നു. അവളുടെ നെറ്റിയിൽ പറ്റിപിടിച്ചിരുന്ന വിയർപ്പ് തുടച്ച്‌ മാറ്റിക്കൊണ്ട് ‘അമ്മ ചോദിച്ചു. “എന്റെ മോള് ഇന്ന് ഓടി തളർന്നു അല്ലെ?” ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി. “വന്നു കിടക്കാൻ നോക്ക്. നാളെ രാവിലെ എഴുന്നേൽക്കണ്ടതല്ലേ?” “ഇച്ചായൻ വന്നിട്ട് ഞാൻ കിടന്നോളം.” ഓഡിറ്റോറിയത്തിലെ കാര്യങ്ങൾ നോക്കുവാനായി പോയിരിക്കുകയായിരുന്നു ശ്രീഹരി. അവൻ തിരികെ വരാതെ ജീന കിടക്കില്ലെന്ന് ഉറപ്പുള്ളതിനാൽ അമ്മ പിന്നെ അവളെ നിർബന്ധിക്കാൻ നിന്നില്ല. “എന്നാൽ ഞാൻ പോട്ടെ മോളെ.. ഇപ്പോൾ കിട്ടുന്നില്ലെങ്കിൽ രാവിലെ ഞാൻ എഴുന്നേൽക്കില്ല.” ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു. “‘അമ്മ പോയി കിടന്നോ?” പിന്നെയും കുറച്ച് നേരം കൂടി കസേരയിൽ ഇരുന്നു അവൾ ഉറക്കം തൂങ്ങി വന്നപ്പോഴാണ് ഒരു കാറിന്റെ വിളിച്ചാൽ അവളുടെ കണ്ണിൽ പതിച്ചത്. പാതി മയക്കത്തിൽ നിന്നും അവൾ പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്നു. കാറിൽ നിന്നും ഇറങ്ങി വരുന്ന ശ്രീഹരിയേയും രണ്ടു ചിറ്റപ്പൻ മാരെയും കണ്ട് അവൾ കസേരയിൽ നിന്നും എഴുന്നേറ്റു. അവളെ കണ്ട് കൊണ്ട്‌ മൂത്ത ചിറ്റപ്പൻ ചോദിച്ചു. “ഇതുവരെ ഉറങ്ങിയില്ലേ നീ?” “നിങ്ങൾ വരുന്നതും നോക്കി നിൽക്കുവായിരുന്നു.” ഇളയ ചിറ്റപ്പൻ പറഞ്ഞു. “പോയി കിടന്ന് ഉറങ്ങാൻ നോക്ക്. രാവിലെ എഴുന്നേൽക്കണ്ടതല്ലേ.” അവൾ ഒന്ന് മൂളി. ഇരുവരും വീടിനുള്ളിലേക്ക് കയറി പോയി. അവളുടെ അരികിൽ എത്തിയ ശ്രീഹരി അവളുടെ കൈയിൽ പിടിച്ച് കൊണ്ട്‌ പറഞ്ഞു. “നീ വാ..” എവിടേക്കാണെന്ന് അറിയാതെ അവൾ ശ്രീഹരിക്കൊപ്പം നടന്നു. അവൻ ജീനയെയും കൂട്ടി പോയത് പന്തലിനുള്ളിലേക്ക് ആയിരുന്നു. പന്തലിനുള്ളിൽ വിജനമായിരുന്നു. അവർ രണ്ടുപേരും മാത്രം.

“എന്താ ഇച്ചായാ ഇവിടെ?” ഒരു കസേരയിലേക്ക് അവളെ ഇരുത്തികൊണ്ടു അവൻ പറഞ്ഞു. “നീ ഇവിടെ ഇരിക്ക്, ഞാൻ ദാ വരുന്നു.” അവിടെ നിന്നും പോയ ശ്രീഹരി തിരികെ വന്നത് ഐസ് ക്രീമും ആയിട്ടാണ്. അത് അവളുടെ കൈയിൽ കൊടുത്ത് അവൽക്കരികിലായി ഇരുന്നുകൊണ്ട് അവൻ ചോദിച്ചു. “അഞ്ച് ഫ്ലേവർ ഐസ് ക്രീം വേണമെന്നൊക്കെ പറഞ്ഞു ബഹളം വച്ചിട്ട് നീ ഏതെങ്കിലും ഒരെണ്ണം കഴിച്ചു നോക്കിയിരുന്നോ?” അപ്പോഴാണ് അവളും അതിനെ കുറിച്ച് ഓർക്കുന്നത്. തിരക്കുകൾക്ക്‌ ഇടയിൽ അവൾക്ക് അതിനൊന്നും ഉള്ള സമയം കിട്ടിയിരുന്നില്ല. ഒരു പുഞ്ചിരിയോടെ അവൾ ഐസ് ക്രീം കഴിച്ചു തുടങ്ങി. അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന ശ്രീഹരി ചോദിച്ചു. “ഓടി ഓടി തളർന്നു അല്ലെ നീ.” ഒരു പുഞ്ചിരിയോടെ അവൾ സ്പൂണിൽ നിറച്ച ഐസ്ക്രീം അവന് നേരെ നീട്ടി. അവനതു നിരസിക്കാതെ വായ്ക്കുള്ളിൽ ആക്കുകയും ചെയ്തു. “സ്വന്തമെന്ന് കരുതാൻ ആരും ഇല്ലെന്ന് കരുതിയിരുന്ന എനിക്ക് വിദ്യയുടെ കല്യാണത്തിന് കുടുംബത്തിലെ ഒരാളെന്ന പോലെ ഓടാൻ കഴിയുമ്പോൾ മനസിന് കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ.. അത് പറഞ്ഞറിയിക്കാൻ എനിക്കറിയില്ല.” അവൾ ഐസ്ക്രീം കഴിച്ചു കഴിയുന്നവരെയും അവൻ പിന്നെ ഒന്നും മിണ്ടിയില്ല. കഴിച്ചു കഴിഞ്ഞ ശേഷം അവൾ ചോദിച്ചു. “ഇനി നമുക്ക് പോയി ഉറങ്ങിയാലോ?” ശ്രീഹരി ചുറ്റും നോക്കി, ആരും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അവൻ ജീനയെ തന്നിലേക്ക് അടുപ്പിച്ച് അവളുടെ വിയർപ്പ് കണങ്ങൾ നിറഞ്ഞ നെറ്റിയിലേക്ക് ഒരു ഉമ്മ കൊടുത്തു. “ഇനി നമുക്ക് പോയി കിടന്നുറങ്ങാൻ. ഇത് ഇന്ന് നിനക്ക് തരാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ എനിക്കൊരു സമാധാനം കാണില്ലായിരുന്നു.” ഇതിന് മുൻപ് പലപ്പോഴും അവനിൽ നിന്നും നെറ്റിയിൽ ഉമ്മ കിട്ടിയുട്ടുണ്ടെങ്കിലും അപ്പോഴൊന്നും ഇല്ലാതിരുന്ന ഒരു നാണം അവളുടെ മുഖത്ത് ഇപ്പോൾ നിറഞ്ഞു. . . മറുവീട് കഴിഞ്ഞു യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ വിവേകും വിദ്യയും ഗേറ്റുവരെ അവരെ അനുഗമിച്ചു. അവിടെ എത്തിയതും അതുവരെ പിടിച്ചു വച്ചിരുന്ന സങ്കടം വിദ്യയിൽ നിന്നും കരച്ചിലിന്റെ രൂപത്തിൽ പുറത്തു വന്നു. അത് കണ്ടപ്പോൾ അമ്മയുടെയും കണ്ണ് നിറഞ്ഞു. വിദ്യയെ കെട്ടിപിടിച്ച് കൊണ്ട്‌ ശ്രീഹരി പറഞ്ഞു. “എന്തിനാ ഇങ്ങനെ പറയുന്നെ.. ഒരുപാട് ദൂരം ഒന്നും ഇല്ലല്ലോ.. നിനക്ക് ഇപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് ഓടി വരാമല്ലോ.” അത് പറഞ്ഞു കഴിയുമ്പോൾ അവന്റെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ പൊഴിഞ്ഞിരുന്നു. കൂടുതൽ നേരം നിന്നാൽ തനിക്കു പിടിച്ച് നിൽക്കാനാകില്ലെന്ന് മനസിലായ ശ്രീഹരി അമ്മയെ കാറിലേക്ക് കയറ്റി അവനും ഉള്ളിലേക്ക് കയറി. കുടുംബത്തിലുള്ള എല്ലാരും അവിടെ നിൽക്കുമ്പോൾ തനിക്ക് ഒരു യാത്ര പറച്ചിലിനുള്ള അവകാശം ഉണ്ടോ എന്ന് സംശയിച്ച് നിന്ന ജീനയെ വിദ്യ തന്നെ മുന്നോട്ടു വന്നു കെട്ടിപിടിച്ചു.

എന്നിട്ട് ശബ്‌ദം താഴ്ത്തി പറഞ്ഞു. “എന്നും നീ ഏട്ടനോടൊപ്പം ഉണ്ടാകണം.. ഏട്ടനെ മനസിലാക്കാൻ നിന്നെക്കാളും കഴിവുള്ള വേറെ ആരും ഇല്ല.” വിദ്യ എന്താ ഉദ്ദേശിച്ചതെന്ന് വ്യക്തമായി മനസിലായില്ലെങ്കിലും അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത ശേഷം ജീന കാറിനുള്ളിലേക്ക് കയറി. അകന്നു പോകുന്ന കാറിലേക്ക് കൈ വീശി കാണിക്കുന്ന വിദ്യയോട് വിവേക് ചോദിച്ചു. “സത്യത്തിൽ ജീന നിങ്ങളുടെ ആരാണ്?” ഒരു പുഞ്ചിരിയോടെ വിദ്യ പറഞ്ഞു. “അവൾ ഞങ്ങളുടെ ആരാണെന്നുള്ളതിനുള്ള വ്യക്തമായ ഉത്തരം ഉടൻ തന്നെ കിട്ടുമെന്നാണ് എന്റെ പ്രദീക്ഷ.”

മറുവീട് കഴിഞ്ഞു വീട്ടിൽ എത്തിയ ഉടനെ തന്നെ ബന്ധുക്കളെല്ലാം യാത്ര പറഞ്ഞു അവരവരുടെ വീടുകളിലേക്ക് യാത്രയായി. തലേ ദിവസം വരെ ബഹളമയമായ രാത്രികൾ നിറഞ്ഞിരുന്ന ആ വീട്ടിൽ അമ്മയും ശ്രീഹരിയും വിദ്യയും മാത്രം ബാക്കിയായി. ഇത്രയും ദിവസത്തെ ഓട്ടവും അലച്ചിലും കൊണ്ടുള്ള ക്ഷീണം ഉണ്ടായിരുന്നതിനാൽ ഒൻപതു മാണി ആയപോഴേ ജീന ഉറങ്ങാനായി പോയിരുന്നു. അമ്മയുടെ മടിയിൽ തലയും വച്ച് ബെഡിൽ കിടക്കുകയായിരുന്നു ശ്രീഹരി. ‘അമ്മ അവന്റെ തലമുടിയിൽ തഴുകുന്നുണ്ടായിരുന്നു. “നാളെ ഞാൻ മുന്നാറിലെ എസ്റ്റേറ്റിലേക്ക് പോകുവാണ് അമ്മ.. ഒരാഴ്ച അവിടെ നിൽക്കണം.. ഇത്രയും ദിവസത്തെ അലച്ചിലിന്റെ ക്ഷീണമൊന്നു മാറ്റണം.” “ജീനയെയും നീ കൂടെ കൂട്ടിക്കോ.. പാവം കുട്ടി.. ഇവിടെ കിടന്ന് ഓടിയതിനു ഒരു കണക്കും ഇല്ല.” ‘അമ്മ പറഞ്ഞില്ലായിരുന്നെങ്കിലും ജീനയെ കൂടെ കൊണ്ട്‌ പോകുന്ന കാര്യം ശ്രീഹരി ഉറപ്പിച്ചിരുന്നു. “മടുത്തു ‘അമ്മ ഞാൻ ഈ ബിസിനസും അതിനു പിറകെ ഉള്ള ഓട്ടവും. ഞാൻ എല്ലാം നിർത്തിയാലോന്ന് ആലോചിക്കുവാന്.” ‘അമ്മ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു. “നീ പെട്ടെന്ന് എല്ലാം അവസാനിപ്പിച്ചാൽ അവിടെ ജോലി ചെയ്തിരുന്നവരുടെ അവസ്ഥ എന്താകും.. നീ ഒരു കാര്യം ചെയ്യ്.. അവിടത്തെ മൊത്ത ചുമതലകൾ ഒരാളെ ഏൽപ്പിക്ക്.. എന്നിട്ടു ഈ മൂന്നു മാസം ചെയ്തപോലെ ഇവിടെ നിന്ന്‌ എല്ലാം ശ്രദ്ധിച്ചാൽ മതി.” ശ്രീഹരി ഒന്ന് മൂളുക മാത്രം ചെയ്തു. “വിദ്യയുടെ കല്യാണം കഴിഞ്ഞു.. ഇനി നിനക്കൊരു കല്യാണം വേണ്ടേ മോനെ?” അവൻ ഒന്നും മിണ്ടിയില്ല. അവനെ ഞെട്ടിച്ച ഒരു ചോദ്യമാണ് അടുത്തതായി അമ്മയിൽ നിന്നും ഉണ്ടായത്. “നിനക്ക് ജീനയെ കല്യാണം കഴിച്ചൂടെ?” അവൻ പെട്ടെന്ന് അമ്മയുടെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു. അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ അംബികാമ്മ പറഞ്ഞു. “നീ ഒന്ന് ആലോചിക്ക്.. നിന്റെ മനസിന് അത് നല്ലതാണെന്ന് തോന്നുന്നെങ്കിൽ ജീനയോടും ചോദിക്ക്.. അവൾ സമ്മതിച്ചാൽ എനിക്ക് അവളെക്കാൾ നല്ലൊരു മരുമോളെ വേറെ കിട്ടുകയില്ല.”

ശ്രീഹരിയുടെ മനസ്സിൽ അവളോടുള്ള താൽപര്യത്തിൽ വ്യക്തമായ ഒരു ഉത്തരം ഇല്ലായിരുന്നു. എങ്കിലും അവൻ അമ്മയോട് ചോദിച്ചു. “നമ്മുടെ ബന്ധുക്കൾ ഇതറിഞ്ഞാൽ?” “ആരും ഒന്നും പറയില്ല.. നിന്റെ പെങ്ങൾക്ക് ആണെങ്കിൽ ഈ കാര്യത്തിൽ 100 വട്ടം സമ്മതമാണ്., അധവാ ആരെങ്കിലും എന്തെങ്കിലും ചോദിക്കുവാണെങ്കിൽ അവർക്കുള്ള മറുപടി ഞാൻ കൊടുത്തോളം.” ‘അമ്മ ഇത്രയും പറഞ്ഞു റൂമിൽ നിന്നും പുറത്തേക്ക് നടന്നു. ബെഡിലേക്ക് കിടന്നിട്ടും ശ്രീഹരിക്ക് ഉറക്കം വന്നില്ല. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അവന്റെ മനസ്സിൽ കൂടി ഓടിക്കൊണ്ടിരുന്നു. ജീന തന്റെ ആരാണ്?.. എന്തായാലും സഹോദരി അല്ല.. കുറച്ചു നാൾ മുൻപുവരെ സുഹൃത് ആണെന്ന് ഉറപ്പിച്ചു പറയുവാൻ തനിക്ക് കഴിയുമായിരുന്നു.. പക്ഷെ അവൾ തനിക്ക് ഒരു സുഹൃത് മാത്രമല്ല അതിനേക്കാളുപരി എന്തോ ആണെന്ന് മനസ് പറയാൻ തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയിരിക്കുന്നു. ആദ്യം അനുപമ പറഞ്ഞു ജീനയെക്കാൾ നല്ലൊരു പെണ്ണിനെ എനിക്ക് കിട്ടില്ലെന്ന്.. പിന്നെ ക്ലാര പറഞ്ഞു ജീനയെപ്പോലെ എന്നെ മനസിലാക്കുന്ന ഒരു പെണ്ണിനെ എനിക്ക് കിട്ടില്ലെന്ന്, ഇപ്പോൾ ‘അമ്മ പറയുന്നു ജീനയെക്കാൾ നല്ലൊരു മരുമകളെ അമ്മക്ക് കിട്ടില്ലെന്ന്. ശ്രീഹരി ബെഡിൽ നിന്നും എഴുന്നേറ്റ് ജീനയുടെ മുറിയിലേക്ക് നടന്നു. അവൻ പ്രതീക്ഷിച്ചിരുന്നപോലെ തന്നെ ഡോർ പൂട്ടില്ലായിരുന്നു. മുറിക്ക് ഉള്ളിലേക്ക് കടന്ന അവൻ ലൈറ്റ് ഇട്ട ശേഷം അവൾക്കരികിലായി ബെഡിൽ ഇരുന്നു. ചോദ്യങ്ങളോ അതിനു ലഭിക്കാത്ത ഉത്തരങ്ങളോ അലട്ടാത്ത മനസുമായി അവൾ ഗാഢ നിദ്രയിൽ ആയിരുന്നു. ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായിരുന്നു അവളുടെ മുഖം. ആ മുഖം കണ്ടപ്പോൾ തന്നെ മനസിന് ഒരു കുളിർമ. അവൻ പതുക്കെ അവളുടെ തലയിൽ തലോടി. പെട്ടെന്ന് അവൾ ഒന്ന് കണ്ണ് തുറന്നു. “എന്താ ഇച്ചായാ?” കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത ശേഷം അവൻ പറഞ്ഞു. “ഒന്നുമില്ല.. ഉറങ്ങിക്കോ..” അവൾ ചെറുതായി ഒന്ന് ചിരിച്ച ശേഷം കണ്ണുകളും അടച്ചു. ജീനയുടെ റൂമിൽ നിന്നും ഇറങ്ങി തന്റെ റൂമിലേക്ക് നടക്കുമ്പോൾ അവന്റെ മനസ് സ്വയം മന്ത്രിച്ചു. “ഇല്ല.. അവളെ നഷ്ട്ടപെടുത്തുവാൻ എനിക്കാകില്ല. ജീവിതകാലം മൊത്തം അവൾ തനിക്കൊപ്പം വേണം.” . . എസ്റ്റേറ്റിലെ ബംഗ്ലാവിനു മുന്നിൽ കാർ നിർത്തുമ്പോൾ ജീന നല്ല ഉറക്കത്തിൽ ആയിരുന്നു. അവളെ തട്ടി വിളിച്ച് കൊണ്ട്‌ ശ്രീഹരി പറഞ്ഞു. “എഴുന്നേൽക്ക്.. നമ്മൾ എത്തി.”

കൈകൾ മുകളിലേക്ക് ഉയർത്തി ഒന്ന് ഞെളിഞ്ഞുകൊണ്ടു ജീന നടു നിവർത്തി. “എത്ര ഉറങ്ങിയിട്ടും അങ്ങോട്ട് മുഴുക്കുന്നില്ല.” “കാറിൽ നിന്ന്‌ ഇറങ്ങിക്കെ.. ഇനി രാത്രി ഉറങ്ങാം.” ഒരു ചിരിയോടു ജീന കാറിൽ നിന്നും ഇറങ്ങി. ഉച്ച കഴിഞ്ഞുള്ള സമയം ആയതിനാൽ തണുപ്പ് തുടങ്ങുന്നതേ ഉള്ളായിരുന്നു. കാറ് വന്ന് നിന്ന ശബ്‌ദം കേട്ട്‌ ഒരു 40 വയസ് തോന്നിക്കുന്ന ഒരാൾ ഓടി വന്നു. ജീന അപ്പോഴും ആ ബംഗ്ലാവും പരിസരവും വീക്ഷിക്കുകയായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് മനസിലായി കുറച്ചധികം പഴക്കം ഉണ്ടെന്ന് ആ ബംഗ്ലാവിന്. പക്ഷെ നല്ല രീതിയിൽ തന്നെ പണികൾ ചെയ്തു നില നിർത്തിയിട്ടുണ്ട്. മുറ്റത്തു നിന്ന്‌ നോക്കുമ്പോൾ തന്നെ താഴ്വരയിലേക്ക് പരന്നു കിടക്കുന്ന തേയില തോട്ടം കാണാം. കണ്ണെത്താ ദൂരത്തേക്ക് ആ പച്ചപ്പ് പരന്നു കിടക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. അവളുടെ തോളിൽ തട്ടികൊണ്ട് അവൻ ചോദിച്ചു. “എന്താ ഇങ്ങനെ നിൽക്കുന്നത്?” “നല്ല ഭംഗി ഉണ്ട് കാണാൻ.” “രാവിലെ മൂടൽ മഞ്ഞു കെട്ടി നിൽക്കുമ്പോൾ കാണാൻ ഇതിലും ഭംഗി ആണ്.” അവരുടെ അടുത്ത് നിന്നിരുന്ന ആളെ കാണിച്ച് കൊണ്ട്‌ അവൻ പറഞ്ഞു. “ഇത് അയ്യപ്പൻ ചേട്ടൻ.. ഈ ബംഗ്ലാവിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് ചേട്ടനാണ്.” അയ്യപ്പൻ ജീനയെ നോക്കി ഒന്ന് ചിരിച്ചു. അവൾ തിരിച്ചും. “ചേട്ടാ ബാഗൊക്കെ എടുത്തു അകത്തു വച്ചേക്കണെ.” അയ്യപ്പൻ അത് കേട്ട് തലയാട്ടി. ശ്രീഹരി ജീനയുടെ കൈയും പിടിച്ച് ബംഗ്ലാവിന് അകത്തേക്ക് നടന്നു. “അച്ഛൻ വാങ്ങിയതായിരുന്നു ഈ എസ്റ്റേറ്റ്. നല്ല പഴക്കം ഉണ്ട് ഈ ബംഗ്ലാവിന്. ഞാൻ ഇങ്ങോട്ടുള്ള വരക്കമൊക്കെ നന്നേ കുറവായിരുന്നു.” അപ്പോഴേക്കും അയ്യപ്പൻ ബാഗുമായി അകത്തേക്ക് കയറി വന്നു. “സാർ.. ബാഗ്…” “അഹ്.. നീല ബാഗ് എന്റെ റൂമിൽ വെച്ചേക്ക്.. മറ്റേത് ഇവളുടെയും.” അയ്യപ്പൻ ബാഗുമായി റൂമുകളിലേക്ക് പോയപ്പോൾ അവൻ പറഞ്ഞു. “നമുക്കുള്ള ആഹാരമൊക്കെ അയ്യപ്പൻ എത്തിച്ചോളും.. നമ്മൾ ഇവിടെ വിശ്രമത്തിനായാണ് വന്നത്.. ഇവിടെ വല്ലോം പാചകം, തേങ്ങാ, മാങ്ങ എന്ന് പറഞ്ഞാൽ എന്റെയിൽ നിന്ന്‌ നല്ലത് കിട്ടും.” ഒരു ചിരിയോടെ ജീന പറഞ്ഞു. “ഞാൻ ഒന്നും പറയാൻ പോകുന്നില്ലേ..” “വേണമെങ്കിൽ നീ ഇഷ്ടമുള്ളപ്പോഴൊക്കെ ചായ ഇട്ടോ, ഈ തണുപ്പത് ഇരുന്നു ചായ കുടിക്കാൻ നല്ല രസമാണ്.” അവൾ ഒരു ചിരിയോടെ മൂളി. “നീ പോയി റെസ്ററ് എടുത്തോ. വൈകിട്ട് നമുക്ക് ഒന്ന് നടക്കാനിറങ്ങാം.” “എവിടേക്ക്?” “അങ്ങനൊന്നും ഇല്ല.. ചുമ്മാ നമുക്ക് നടക്കാം.” അവന്റെ മറുപടി കേട്ട് ഒരു ചിരിയോടെ അവൾ റൂമിലേക്ക് നടന്നു.

വൈകുന്നേരം തേയില തോട്ടത്തിനിടയിൽ കൂടിയുള്ള നടപ്പാതയിലൂടെ ശ്രീഹരിക്കൊപ്പം നടക്കുകയായിരുന്നു ജീന. പാറകളും കല്ലുകളും നിറഞ്ഞ ഒരു വഴി ആയിരുന്നു അത്. മുട്ടിനു താഴെ നിൽക്കുന്ന ഒരു നീല പാവാടയും വെള്ള ഷർട്ടും ആയിരുന്നു അവളുടെ വേഷം. അവന്റെ കൈയിൽ മുറുകെ പിടിച്ചതും ഇടക്കൊക്കെ അവനെക്കാളും മുൻപേയും പുതിയ കാഴ്ചകൾ കാണുന്ന കൊച്ചു പിള്ളേരെ പോലെ തുള്ളിച്ചാടി നടക്കുകയായിരുന്നു അവൾ. വഴി ശ്രദ്ധിക്കാതെ അകലെ കാണുന്ന മലകളും തേയില തോട്ടങ്ങളും മാത്രം നോക്കി മുൻപേ നടക്കുന്ന ജീനയെ നോക്കി അവൻ പറഞ്ഞു. “ഇടക്കൊക്കെ താഴേക്കും കൂടി നടക്കടി.. അല്ലേൽ മറിഞ്ഞു വീഴും.” “ഞാൻ അങ്ങനൊന്നും വീഴില്ല.” അവളത് പറഞ്ഞു തീർന്നതും കല്ലിൽ തട്ടി മുന്നോട്ട് വീഴാൻ പോയതും ഒരുമിച്ചായിരുന്നു. ശ്രീഹരി പെട്ടെന്ന് തന്നെ മുന്നോട്ടാഞ്ഞ് വീഴാതിരിക്കാനായി അവളുടെ വയറ്റിൽ ചുറ്റി പിടിച്ചു. അവളെ നേരെ നിർത്തിയ ശേഷം പറഞ്ഞു. “പറഞ്ഞാൽ കുറച്ചൊക്കെ അനുസരണ വേണം.” അവൾ ചെറിയൊരു ജാള്യതയോടെ അവന്റെ മുഖത്ത് നോക്കി ചിരിച്ച് കാണിച്ചു. അവൻ വയറ്റിൽ നിന്നും പിടി വിട്ടപ്പോൾ അവൾ കല്ല് തട്ടിയ കാലിലേക്ക് നോക്കി. മുറിവൊന്നും ഇല്ലായിരുന്നു. ചെറുതായി ചുവന്നിട്ടേ ഉള്ളു. ശ്രീഹരി തറയിൽ മുട്ടുകുത്തി ഇരുന്നു അവളുടെ ചെരുപ്പ് കാലിൽ നിന്നും ഊരി ചുവന്നു കിടക്കുന്നിടത്ത് വിരലമർത്തി ചോദിച്ചു. “വേദന ഉണ്ടോ?” “വേദന ഒന്നും ഇല്ല ഇച്ചായാ. ചെറുതായി കല്ലിൽ തട്ടിയതേ ഉള്ളു.. ബാലൻസ് പോയതല്ലേ പെട്ടെന്ന്.” ഒന്ന് മൂളി കൊണ്ട്‌ അവൻ തറയിൽ നിന്നും എഴുന്നേറ്റു. അവൾ വീണ്ടും മുന്നോട്ട് നടന്ന് തുടങ്ങിയപ്പോൾ അവൻ പറഞ്ഞു. “ഇപ്പോൾ മൂക്കും കുത്തി വീണിരുന്നെങ്കിൽ നിന്നെയും തൂക്കി എടുത്തു ഞാൻ നടക്കേണ്ടി വന്നേനെ.” അവനെ ചൊടുപ്പിക്കാനായി ജീന പറഞ്ഞു. “പിന്നെ.. ഇപ്പോൾ എന്നെ തൂക്കി എടുത്തു നടക്കാനുള്ള ആരോഗ്യമൊന്നും ഇച്ചായനില്ല.” ശ്രീഹരി ചുറ്റും ഒന്ന് നോക്കി. തേയിലത്തോട്ടത്തിനു മധ്യത്തായിട്ടുള്ള നടപ്പാത ആയതിനാൽ ആരെയും അവിടെ ഒന്നും കാണുന്നില്ല. മുന്നിൽ നടന്ന ജീനയുടെ കൈയിൽ അവൻ എത്തി പിടിച്ചു. ജീന പെട്ടെന്ന് നടത്ത നിർത്തി അവനെ തിരിഞ്ഞു നോക്കി. ആ ഒരു നിമിഷം കൊണ്ട്‌ അവൻ ജീനയെ കൈകളിലേക്ക് കോരി എടുത്തു. അവൾ അവന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ ഞെട്ടി പോയി.

“എന്താ ഇച്ചായാ ഇത്?” “എനിക്ക് ആരോഗ്യം ഉണ്ടോ ഇല്ലയോ എന്ന് ഞാൻ കാണിച്ച് തരാം.” അത് കേട്ട അവൾ തന്നെ താഴെ ഇറക്കാൻ അവനോടു ആവിശ്യപെട്ടില്ല. പകരം ഒരു ചിരിയോടെ അവന്റെ കഴുത്തിൽ കൈ കൊണ്ട്‌ ചുറ്റി പിടിച്ചു. അവന്റെ ഒരു കൈ അവളുടെ തുടകൾക്ക് പിന്നിലും മറു കൈ നടുവിന് കുറുകെയും ആയിരുന്നു. ശ്രീഹരി സാവധാനം മുന്നോട്ട് നടന്നു തുടങ്ങി. ചിരിച്ച്കൊണ്ട് അവൾ പറഞ്ഞു. “ഇപ്പോൾ ഇച്ചായൻ വീണാൽ നമ്മൾ രണ്ടുപേർക്കും ഒരേപോലെ പരുക്ക് പറ്റും. അതുകൊണ്ട് സൂക്ഷിച്ച്‌ നടന്നോ.” അവൻ ഒരു പുഞ്ചിരിയോടെ മുന്നോട്ട് നടന്നു. “ഇന്നലെ രാത്രി ഇച്ചായൻ എന്റെ റൂമിൽ വന്നിരുന്നോ?” “ആ.. വന്നിരുന്നു..” “ആണോ.. ഞാൻ വിചാരിച്ചിരുന്നത് അത് സ്വപ്നം ആണെന്നായിരുന്നു.” അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. “എന്തിനാ വന്നേ?” “ചുമ്മാ.. നിന്നെയൊന്നു കാണാൻ തോന്നി.” വലതു കൈ അവന്റെ കഴുത്തിൽ നിന്നും എടുത്ത് ശ്രീഹരിയുടെ മൂക്കിൽ പിടിച്ച് കൊണ്ട്‌ ചോദിച്ചു. “വട്ടാണല്ലേ?” തന്റെ കൈക്കുള്ളിൽ കിടക്കുന്ന ജീനയെ അവനൊന്നു നോക്കി. ചുറ്റും തേയില തോട്ടം മാത്രം. “ഞാൻ ഒരു കാര്യം ചോദിക്കട്ടെ?” അവൾ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. “നമുക്ക് കല്യാണം കഴിച്ചാലോ?” ഒരു ചിരിയോടെ അവൾ ചോദിച്ചു. “വേറെ തമാശ ഒന്നും പറയാൻ കിട്ടിയില്ലേ?” അവൻ ഉറച്ച സ്വരത്തിൽ പറഞ്ഞു. “ഞാൻ തമാശ പറഞ്ഞതല്ല. സീരിയസ് ആയി ചോദിച്ചതാണ്.” ഈ പ്രാവിശ്യം അവന്റെ സ്വരത്തിൽ നിന്നും അവൻ കാര്യമായി പറഞ്ഞതാണെന്ന് അവൾക്ക് മനസിലായി. അവളുടെ മുഖം പെട്ടെന്ന് മങ്ങി മ്ലാനമായി. അപ്പോഴേക്കും അവർ ഒരു അരുവിക്ക് സമീപം എത്തിയിരുന്നു. ശ്രീഹരി ജീനയെ തന്റെ കൈയിൽ നിന്നും താഴെ ഇറക്കി. അവൾ അപ്പോൾ ഒന്നും മിണ്ടാതെ ഒരു മരവിച്ച അവസ്ഥയിൽ നിൽക്കുകയായിരുന്നു. ശ്രീഹരി അരുവിയിൽ നിന്നും കൈയിൽ വെള്ളം എടുത്തു മുഖം കഴുകികൊണ്ട് പറഞ്ഞു. “എന്റെ വീട്ടുകാർ എന്ത് കരുതും എന്നോർത്ത് നീ വിഷമിക്കണ്ട. എന്റെ ‘അമ്മ തന്നെയാണ് നിന്നോടിത് ചോദിയ്ക്കാൻ പറഞ്ഞത്.” അത് മറ്റൊരു ഞെട്ടൽ ആണ് അവൾക്ക് സമ്മാനിച്ചത്. പക്ഷെ അവൾ കൂടുതൽ ഒന്നും ആലോചിക്കാതെ തന്നെ പറഞ്ഞു. “അത് നടക്കില്ല ഇച്ചായാ.”

അവളിൽ നിന്നും ഈ ഒരു മറുപടി തന്നെയാണ് അവനും പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ അവൻ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞു. “ഇത്ര പെട്ടെന്ന് ഒരു തീരുമാനം നീ പറയണ്ട. പതുക്കെ ആലോചിച്ച് പറഞ്ഞാൽ മതി.” “നമുക്ക് റൂമിലേക്ക് പോകാം ഇച്ചായാ.” ശ്രീഹരി ഒന്ന് മൂളിയ ശേഷം തിരികെ നടന്നു. അവനിൽ നിന്നും കുറച്ച് അകലം പാലിച്ച്‌ കൊണ്ട്‌ അവളും. ബംഗ്ലാവിൽ എത്തിയ അവൾ നേരെ റൂമിൽ പോയി കതകടച്ചു. രാത്രി അയ്യപ്പൻ ആഹാരം കൊണ്ട്‌ വന്നപ്പോൾ അത് കഴിക്കാൻ മാത്രം ആണ് ജീന റൂമിനു പുറത്തേക്ക് വന്നത്. അതും ഒരു അപരിചിതയെ പോലെ ശ്രീഹരിക്ക് ഒപ്പം ഇരുന്നു കഴിച്ച ശേഷം അവൾ വീണ്ടും റൂമിലേക്ക് തന്നെ പോയി. പിന്നീടുള്ള രണ്ടു ദിവസവും ഇതിന്റെ ഒരു ആവർത്തനം തന്നെ ആയിരുന്നു. ആഹാരം കഴിക്കാൻ മാത്രം അവന്റെ മുന്നിൽ വരും. അല്ലാത്തപ്പോൾ ഒക്കെ റൂമിൽ കഴിച്ച് കൂട്ടും. പുറത്തു വരുകയാണെങ്കിൽ തന്നെ ഒറ്റക്ക് എവിടെയെങ്കിലും പോയി വിദൂരതയിലേക്ക് നോക്കി നിൽക്കും. ശ്രീഹരിയുടെ സാമീപ്യം മനസിലാക്കിയാൽ ഉടൻ തന്നെ അവിടെ നിന്നും ഒഴിഞ്ഞു മാറും. അവനോട് ഒന്ന് സംസാരിക്കാൻ പോലും അവൾ കൂട്ടാക്കുന്നുണ്ടായിരുന്നില്ല. രാത്രി പത്തുമണി ആയി കാണും. ശ്രീഹരി മുറ്റത്തേക്ക് ഇറങ്ങി നിന്ന് ഇരുട്ടിനെ തന്നെ നോക്കുകയായിരുന്നു. അവന്റെ മനസിനുള്ളിലും ഇരുട്ടു തന്നെ ആയിരുന്നു. അവന് ചുറ്റും മൂടൽ മഞ്ഞു ഉണ്ട്. പക്ഷെ ആ തണുപ്പ് ഒന്നും അവൻ അറിയുന്നേ ഇല്ല. നെഞ്ചിനുള്ളിൽ തീ ആയിരുന്നു. തന്റെ മാത്രം സ്വന്തമെന്നും ഭാഗ്യമെന്നും കരുതിയിരുന്ന ഒന്ന് നഷ്ടപ്പെടാൻ പോകുന്നു എന്നുള്ള ഒരു തോന്നൽ അവനെ നീറ്റി കൊണ്ടിരുന്നു. കൂടെ ഉണ്ടായിട്ടും താൻ എന്നൊരാൾ ഇവിടെ ഇല്ല എന്നുള്ള രീതിയിൽ ഉള്ള അവളുടെ പെരുമാറ്റം കുറച്ചൊന്നും അല്ല അവനെ വേദനിപ്പിച്ചത്. ഇച്ചായാ എന്ന് വിളിച്ചകൊണ്ട് അവൾ തന്റെ തോളിലേക്ക് ഒന്ന് ചാഞ്ഞിരുന്നെങ്കിൽ എന്ന് അവൻ വല്ലാതെ ആഗ്രഹിച്ച് പോയി. ഈ സമയം ഡോറിനരികിൽ നിന്ന് ശ്രീഹരിയെ തന്നെ നോക്കുകയായിരുന്നു ജീന. തന്റെ അവഗണന അവനെ വല്ലാതെ വേദനിപ്പിക്കുണ്ട് എന്ന് അവൾക്ക് നന്നായി അറിയാം. പക്ഷെ അതല്ലാതെ അവൾക്ക് മറ്റൊന്നും കഴിയുന്നില്ലായിരുന്നു. അവൻ ആ മുറ്റത്തു മഞ്ഞിൽ അങ്ങനെ നിൽക്കുന്ന കണ്ട് അവൾക്ക് സഹിക്കാനായില്ല. “ഇച്ചായാ..” ശ്രീഹരി ഒന്ന് തിരിഞ്ഞു നോക്കി. രണ്ടു ദിവസങ്ങൾക്ക് ശേഷമാണ്‌ അവളിൽ നിന്നും അങ്ങനെ ഒരു വിളി അവൻ കേൾക്കുന്നത്. “അകത്തേക്ക് കയറി വാ.. നല്ല മഞ്ഞു ഉണ്ട്.. അസുഖം വല്ലോം വരും.” “എനിക്ക് എന്ത് പറ്റിയാലും നിനക്കെന്താ? ഞാൻ ഇപ്പോൾ നിന്റെ ആരും അല്ലല്ലോ.” അപ്പോൾ അങ്ങനെ ചോദിക്കാനാണ് അവന് തോന്നിയത്. “ഇച്ചായാ..” അത് അവളിൽ വന്നൊരു തേങ്ങൽ ആയിരുന്നു.

ശ്രീഹരി അവളുടെ അടുത്തേക്ക് വന്നു കൊണ്ട്‌ ചോദിച്ചു. “എനിക്ക് ജീവിതകാലം മുഴുവൻ നിന്നെ എന്നോടൊപ്പം വേണം.. എന്റെ അമ്മയ്ക്കും വിദ്യക്കും നമ്മളെ അടുത്തറിയാവുന്ന എല്ലാപേർക്കും നമ്മൾ ഒന്നിക്കണമെന്നാണ്.. പിന്നെ നിനക്ക് മാത്രം എന്താണ് ജീന?” “എനിക്കതിനു കഴിയാഞ്ഞിട്ടല്ലേ.. എന്നെയൊന്നു മനസിലാക്ക് ഇച്ചായാ.” “ഞാൻ എന്താണ് മനസിലാക്കേണ്ടത് ജീന?” ശ്രീഹരി അവളുടെ തോളിൽ പിടിച്ച് തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു. ജീന പെട്ടെന്ന് അവന്റെ കൈ തട്ടി മാറ്റി പിന്നിലേക്കകന്നു. “നീ എന്താ ജീന ഇങ്ങനെ കാണിക്കുന്നത്.” അത്രയും നേരം അവളുടെ മുഖത്ത് ഉണ്ടായിരുന്ന ദൈന്യ ഭാവം മാറി. “എന്റെ ശരീരത്തിന് വേണ്ടിയാണ് ഇച്ചായൻ ഈ കല്യാണം എന്ന ആവിശ്യം ഉന്നയിക്കുന്നതെങ്കിൽ അതിനു കല്യാണത്തിന്റെ ആവിശ്യം ഇല്ല. എന്നെ എന്ത് വേണമെങ്കിലും ചെയ്തോ.. ഞാൻ ദാ നിന്ന്‌ തരാം.” അവൾ ശരീരത്തു പുതച്ചിരുന്ന പുതപ്പ് താഴേക്കിട്ട് ശരീരത്തുണ്ടായിരുന്ന ഷർട്ട് ഇരുവശത്തേക്കും ആയി വലിച്ചു. ഷർട്ടിന്റെ മുകളിലത്തെ മൂന്നു ബട്ടണുകൾ ഊരി തെറിച്ചു. അവളുടെ സ്വബോധ മനസ്സല്ല ഇതൊന്നും പറയുന്നതെന്നും ചെയ്യുന്നതെന്നും അവന് നന്നായി അറിയാം. റൂമിൽ തന്നെ അടച്ച് പൂട്ടി ഇരുന്നു അവൾ വീണ്ടും ഡിപ്രെഷനിലേക്ക് പോയെന്നും അവന് മനസിലായി. പക്ഷെ അതെല്ലാം മറന്ന് ആ ഒരു നിമിഷം അവന്റെ കൈ അവളുടെ കവിളിൽ ആഞ്ഞു പതിച്ചു. പ്രതീക്ഷിക്കാതെ ഉള്ള അടിയിൽ പിന്നിലേക്ക് വേച്ചു വീണ ജീനയുടെ തല കട്ടിള പടിയിലേക്ക് ഇടിച്ചു. ആ നിമിഷത്തിൽ ആണ് താൻ അവളെ അടിച്ചു എന്നൊരു ബോധത്തിലേക്ക് ശ്രീഹരിയും വന്നത്. അവൻ പെട്ടെന്ന് അവളെ തറയിൽ നിന്നും പിടിച്ച് എഴുന്നേൽപ്പിച്ചു. ഇടതു കണ്ണിനു മുകളിലായി നെറ്റിയിൽ നിന്നും ചോര ഒഴുകുന്നുണ്ട്. പക്ഷെ അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞിട്ട് കൂടിയില്ല. ചെറിയൊരു മുറിവാണ് അത് കാണുമ്പോഴേ അറിയാം, പക്ഷെ അവൻ ചെറുതായി ഭയന്നിരുന്നു. ജീന പെട്ടെന്ന് തന്റെ ശരീരത്തു നിന്നും അവന്റെ കൈ തട്ടി മാറ്റി. അതും കൂടി ആയപ്പോൾ അവൻ ആകെ തകർന്ന അവസ്ഥയിൽ ആയി. “ജീന.. കുറച്ച് നേരത്തേക്ക്, കുറച്ചു നേരത്തേക്ക് മാത്രം നീ എന്നെ നിന്റെ പഴയ ഇച്ചായനായി കാണ്. എന്നെയൊന്നു അനുസരിക്ക്, ഞാൻ പറയുന്നതൊക്കെ ഒന്ന് കേൾക്ക്.. അതിനു ശേഷം ഞാൻ നിന്നെ എന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ടാക്കാം.. എന്നിട്ട് ഞാൻ എറണാകുളത്തേക്ക് പോകും.. പിന്നെ ഒരിക്കൽ പോലും ഞാൻ നിന്റെ മുന്നിൽ വരുകയില്ല.” സത്യത്തിൽ അവൻ അവളുടെ മുന്നിൽ യാചിക്കുകയായിരുന്നു. ഒരിക്കൽ പോലും അവൻ അവളുടെ മുന്നിൽ ഇങ്ങനെ കേണു അപേക്ഷിച്ചിട്ടില്ല. അവളുടെ മുന്നിൽ എന്നല്ല ആരുടെ മുന്നിലും. അവന്റെ ആ ഭാവം അവൾക്ക് സഹിക്കാനായില്ല. ജീന അവന്റെ കൈയിൽ മുറുകെ പിടിച്ചു. അത് മതിയായിരുന്നു തന്റെ ആവിശ്യം അവൾ അംഗീകരിച്ചു എന്ന് അവന് മനസിലാക്കാൻ.

ശ്രീഹരി പെട്ടെന്നു തന്നെ അവളെ റൂമിനുള്ളിലേക്ക് കൂട്ടികൊണ്ട് പോയി ബെഡിൽ ഇരുത്തി. എന്നിട്ടു ഓടിപോയി കാറിൽ നിന്നും ഫസ്റ്റ് എയിഡ് കിട്ടും എടുത്തു തിരികെ വന്നു. ബെഡിൽ അവൾക്കരികിലായി ഇരുന്ന ശേഷം അവൻ പഞ്ഞി എടുത്തു നെറ്റിയിൽ കൂടി ഒഴുകിയ ചോര തുടച്ച്‌ വൃത്തിയാക്കി തുടങ്ങി. “ജീന.. ഞാൻ കൂടെ ഇല്ലാതെ നിനക്ക് മനസമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുണ്ടോ?” അവൾ സത്യസന്ധമായി തന്നെ പറഞ്ഞു. “ഇല്ല..” “എനിക്കും അതുപോലെ തന്നെയാണ്. നീ എന്റെ ഒപ്പം ഇല്ലാതെ ഒരു നിമിഷം പോലും സന്തോഷത്തോടെ ഇരിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.” അപ്പോഴേക്കും അവൻ ചോരയെല്ലാം തുടച്ച്‌ വൃത്തിയാക്കിയിരുന്നു. ചെറിയൊരു മുറിവ് തന്നെയായിരുന്നു അത്. അവൾ പഞ്ഞി ഡെറ്റോളിൽ മുക്കി മുറിവിൽ തേച്ചു. അവൾ നീറ്റൽ കൊണ്ട്‌ കണ്ണ് ഇറുകെ അടച്ച് അവന്റെ കൈയിൽ മുറുകെ പിടിച്ചു. “നിനക്ക് ഒഴിച്ച് ബാക്കി എല്ലാപേർക്കും അറിയാം നിന്നെക്കാളും നല്ല വേറൊരു പെണ്ണിനെ എനിക്ക് ഭാര്യയായി കിട്ടില്ലെന്ന്. പക്ഷെ നീ എന്താ അത് മനസ്സിലാക്കാത്തത്.” “ഞാൻ ഒരുപാട് ആലോചിച്ചു ഇച്ചായാ അതിനെ കുറിച്ച്. എനിക്കറിയാം എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഇന്ന് ഇച്ചായൻ മാത്രമേ എനിക്ക് സ്വന്തമായി ഉള്ളെന്നു. പക്ഷെ ഇച്ചായന്റെ ഭാര്യ ആകുന്നതിൽ നിന്നും എന്റെ മനസ് എന്തുകൊണ്ടോ എന്നെ വിലക്കുന്നു, ഞാൻ അതിനു യോഗ്യ അല്ലെന്ന് പറയുന്നു.” അവളുടെ നെറ്റിയിലേക്ക് ബാൻഡേജ് ഒട്ടിച്ച് കൊണ്ട്‌ അവൻ പറഞ്ഞു. “നിനക്കവിടെ തെറ്റി ജീന.. നിന്നെ സ്നേഹിക്കാൻ ഇന്ന് ഞാൻ മാത്രമല്ല ഉള്ളത്.. നീ എന്റെ ഭാര്യ ആകുമെന്നും വിശ്വസിച്ചു നിന്നെ സ്നേഹിക്കുന്ന ഒരു ‘അമ്മ എന്റെ വീട്ടിലുണ്ട്. നീ നാത്തൂൻ ആകുമെന്ന് വിശ്വസിക്കുന്ന വിദ്യ നിന്നെ സ്നേഹിക്കുന്നുണ്ട്.. അവർക്ക് ആർക്കും നിന്റെ മതമോ, നിന്റെ കുടുംബമോ, നിന്റെ പൂർവകാല ചരിത്രമോ അറിയേണ്ട കാര്യമില്ല. നിന്നെ മാത്രം മതി അവൾക്ക്.” നിറ കണ്ണുകളോടെ അവൾ പറഞ്ഞു. “ഇച്ചായൻ അവസാനം പറഞ്ഞില്ലേ എന്റെ പൂർവകാല ചരിത്രം.. അതാണ് എന്നെ ഇതിൽ നിന്നും വിലക്കുന്നത്.. ഞാൻ ഒരു ഭാര്യ ആകാൻ യോഗ്യ അല്ല ഇച്ചായ” അവളുടെ ഇരു കവിളുകളിലുമായി കരം അമർത്തികൊണ്ടു അവൻ പറഞ്ഞു. “എനിക്കറിയാമായിരുന്നു.. അതാണ് നിന്നെ മനസിലുള്ളതെന്ന്‌.. നിന്റെ സമ്മതമില്ലാതെ നടന്നൊരു കാര്യം.. അതെനിക്ക് ഒരു പ്രശ്നമേ അല്ല.. അങ്ങനെ നോക്കുകയാണെങ്കിൽ ഞാനും ചെയ്തിട്ടില്ല തെറ്റുകൾ..” “പക്ഷെ, ഇച്ചായാ..”

അവൻ ചൂണ്ടു വിരൽ അവളുടെ വായോടു ചേർത്ത് വച്ചു സംസാരിക്കുന്നതിൽ നിന്നും വിലക്കി. അതിനു ശേഷം പൊട്ടിപ്പോയ ബട്ടണുകളാൽ അകന്നു പോയ ഷർട്ട് നേരെ പിടിച്ച് ഇട്ടുകൊണ്ട് പറഞ്ഞു. “ആരൊക്കെയോ നശിപ്പിച്ചു എന്ന് നീ കരുതുന്ന ഈ ശരീരം ആണ് നമ്മുടെ കല്യാണത്തിന് വിലങ്ങു തടിയായി നിന്റെ മനസ്സിൽ നിൽക്കുന്നതെങ്കിൽ ഈ ശരീരം എനിക്ക് വേണ്ട.. എന്നെ സ്നേഹിക്കുന്ന നിന്റെ മനസ് മാത്രം മതി എനിക്ക്. എനിക്കറിയാം ഉള്ളിന്റെ ഉള്ളിൽ നീ ഈ വിവാഹം ആഗ്രഹിക്കുണ്ട്. കല്യാണത്തിന് ശേഷം എന്ന് ഈ ശരീരം എനിക്ക് നൽകാമെന്ന് നിനക്ക് തോന്നുന്നുവോ അതുവരെ ഞാൻ കാത്തിരുന്നുകൊള്ളാം.. അതുവരെ ആരും കവർന്നെടുത്തിട്ടില്ലാത്ത ഈ മനസുമാത്രം മതി എനിക്ക്.” “ഇച്ചായാ..” അവൾ ഒരു പൊട്ടിക്കരച്ചിലോടു കൂടി അവനെ കെട്ടിപ്പിടിച്ചു.

സൂര്യൻ ഉദിച്ചു തുടങ്ങുന്നതേ ഉള്ളു.. ഒരു പുതപ്പ് കൊണ്ട്‌ ശരീരം മൂടി മുറ്റത്തു നിന്നുകൊണ്ട് ശ്രീഹരി താഴ്വരയിലേക്ക് പരന്നു കിടക്കുന്ന തേയില തോട്ടത്തിലേക്ക് നോക്കി. അങ്ങകലെ മലമുകളിലെ മൂടൽ മഞ്ഞിന്റെ ഇടയിൽ കൂടി സൂര്യന്റെ വെള്ളിവെളിച്ചം വീണു തുടങ്ങിയിരിക്കുന്നു. “ഇച്ചായാ..” കൈയിൽ കട്ടൻ നിറച്ച ഗ്ലാസ്സുമായി ജീന തൊട്ട് പിറകിൽ. അവന്റെ കൈയിലേക്ക് ചായ ഗ്ലാസ് കൊടുത്ത ശേഷം അവൾ അവന്റെ പുതപ്പിനുള്ളിലേക്ക് നൂഴ്ന്നു കയറി. അപ്പോഴേക്കും ഒരു പുതിയ പ്രഭാതത്തിന്റെ കിരണങ്ങൾ അവർക്കുമേൽ പതിഞ്ഞു തുടങ്ങിയിരുന്നു. അവസാനിച്ചു.

( എന്റെ എല്ലാ കഥകളും സെക്സ് പരമാവധി ഒഴുവാക്കി സൗഹൃദവും അതിന്റെ നല്ല നിമിഷങ്ങളും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഉള്ളതാണ്. ഓരോ കഥ എഴുതി തുടങ്ങുമ്പോഴും സൗഹൃദം ഒന്ന് മാറ്റി പിടിച്ചുള്ള തീം എഴുതണമെന്ന് വിചാരിക്കും. പക്ഷെ ഓരോ തവണ എഴുതാൻ ഇരിക്കുമ്പോഴും എന്നെ ഒരുപാട് സ്നേഹിക്കുന്ന, സന്തോഷിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, ചിലപ്പോഴൊക്കെ വിഷമിപ്പിച്ച് കരയിക്കുന്ന എന്റെ കൂട്ടുകാരിയുടെ മുഖം മനസിലേക്ക് ഓടിയെത്തും. പിന്നെ ഞാൻ ഒരു സൗഹൃദത്തിന്റെ മായ ലോകത്ത്‌ ആയിരിക്കും.. ആ സമയം എന്റെ കൈ ചലിക്കുന്നത് സൗഹൃദത്തിന്റെ സുന്ദര നിമിഷങ്ങൾ എഴുതാൻ ആയിരിക്കും. എന്റെ ആവർത്തിച്ച് വരുന്ന സൗഹൃദ കഥകൾ നിങ്ങളിൽ ചിലരെയെങ്കിലും ബോറടിപ്പിക്കുന്നുണ്ടാകും. അത് കൊണ്ട്‌ ഞാൻ അടുത്ത പ്രാവിശ്യം ഒന്ന് മാറ്റിപിടിക്കുവാൻ ശ്രമിക്കാം. ഞാൻ ഈ കഥ പബ്ലിഷ് ചെയ്യുവാനായി അവസാന വരികൾ എഴുതുന്ന ഈ സമയത്തും എന്റെ അമ്മയുടെ അടുത്തിരുന്ന് എനിക്കിട്ട്‌ എന്തോ പാര പണിത് എന്നെ നോക്കി ചിരിക്കുന്നുണ്ടവൾ. ഇവൾ എന്നെയും കൊണ്ടേ പോകുള്ളൂ എന്നാണ് തോന്നുന്നെ. ചിലപ്പോഴൊക്കെ വിഷമിപ്പിക്കാറുണ്ടെങ്കിലും സൗഹൃദം.. അത് വല്ലാത്തൊരു അനുഭൂതി ആണ്. )

Comments:

No comments!

Please sign up or log in to post a comment!