ഡിറ്റക്ടീവ് അരുൺ 10
ഇതുവരെ ഈ കഥ വായിച്ചു തുടങ്ങുന്നവർക്കായി/ മുൻ ഭാഗങ്ങൾ മറന്നുപോയവർക്കായി, കഴിഞ്ഞ ഭാഗങ്ങളുടെ സംഗ്രഹം ചുവടെ ചേർക്കുന്നു.
കഥ ഇതു വരെ
പുതുതായി ഡിറ്റക്ടീവ് ഏജൻസി തുടങ്ങിയ അരുൺ രശ്മി കാണാതായ കേസ് അന്വേഷിക്കുന്നു. അരുൺ പ്രേമ ചന്ദ്രന്റെ വീട്ടിലെത്തി രശ്മിയുടെ മുറി പരിശോദിക്കുന്നു. രശ്മിയുടെ കൂട്ടുകാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു.
ബുധനാഴ്ച അരുണും ഗോകുലും തുടരന്വേഷണത്തിനായി രശ്മിയുടെ കോളേജിൽ എത്തുന്നു. സൂര്യനെ ഗോകുൽ സംശയിക്കുന്നെങ്കിലും അരുൺ തടസവാദങ്ങളുന്നയിക്കുന്നു. അവർ പ്രിൻസിപ്പാളിനെ കണ്ടെങ്കിലും രശ്മിയുടെ കൂട്ടുകാരെ ചോദ്യം ചെയ്യാൻ അയാൾ അനുവദിക്കുന്നില്ല.
അരുൺ അടുത്ത ദിവസം പുതിയ പദ്ധതികൾ പ്ലാൻ ചെയ്യുന്നു. തന്ത്രപരമായി അരുൺ രശ്മിയുടെ പ്രൊഫസറിൽ നിന്നും, രശ്മി കാണാതായ ദിവസം കോളേജിൽ എത്തിയിട്ടില്ലെന്ന് മനസ്സിലാക്കുന്നു.
വെള്ളിയാഴ്ച രാവിലെ അരുൺ ഓഫിസ് തുറന്നപ്പോൾ ഒരു ഭീഷണിക്കത്ത് ലഭിക്കുന്നു. തങ്ങളുടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് അതിൽ നിന്ന് അരുൺ മനസ്സിലാക്കുന്നു. ഗോകുൽ രശ്മി അവസാനം സഞ്ചരിച്ച വഴിയിലൂടെ അന്വേഷണം നടത്തുന്നു. രാജൻ എന്ന കടക്കാരനിൽ നിന്ന് പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നു.
നന്ദൻ മേനോൻ അരുണിന്റെ ഓഫീസിൽ ചാർജെടുക്കുന്നു. ഗോകുൽ എസ് ഐ ടെസ്റ്റിന് പോകുന്നു. വൈകുന്നേരം അരുൺ രശ്മിയുടെ കൂട്ടുകാരികളായ രേഷ്മയെയും പ്രിയയേയും കാണുന്നു. അവരോടൊപ്പം കോളേജ് വരെ രശ്മിയുമുണ്ടായിരുന്നെന്ന് അവർ പറയുന്നു.
നന്ദൻ മേനോൻ പലചരക്ക് കടക്കാരൻ രാജനെ കാണാൻ പോകുന്നു. കൂടുതൽ അറിയണമെങ്കിൽ രേഷ്മയുടെ കാമുകനായ ചെട്ടിയൻ സന്തോഷിനെ കാണാൻ അയാൾ നിർദേശിക്കുന്നു.
ശനിയാഴ്ച രാവിലെ വ്യാപാരി രാജൻ കൊല്ലപ്പെട്ടെന്ന ഭീഷണിക്കത്ത് അരുണിന് ലഭിക്കുന്നു. അരുണും നന്ദൻ മേനോനും സംഭവസ്ഥലത്തെത്തുന്നു. അരുണും നന്ദൻ മേനോനും ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് വേഷം മാറുന്നു. അരുൺ രാജനെ ഇടിച്ച ലോറി അന്വേഷിച്ചിറങ്ങുന്നു.
ഞായറാഴ്ച പൊള്ളാച്ചിയിൽ വെച്ച് അരുണിന് സെൽവരാജന്റെ ഗുണ്ടകളുമായി ഏറ്റ് മുട്ടേണ്ടി വരുന്നു. കമലേഷിന്റെ സഹായത്തോടെ ഷൺമുഖന്റെ ഗോഡൗണിൽ അരുൺ അ ലോറി കണ്ടെത്തുന്നു. ശണ്മുഖന്റെ മകളെയും കാണാനില്ലെന്ന് കമലേഷിൽ നിന്ന് അരുൺ മനസ്സിലാക്കുന്നു. അരുൺ നാട്ടിലേക്ക് തിരിക്കുന്നു.
രശ്മിയുടേതെന്ന് സംശയിക്കുന്ന ഒരു ബോഡി കണ്ടെത്തുന്നു. അരുൺ ബോഡി കാണുന്നു.
തിങ്കളാഴ്ച പ്രേമചന്ദ്രൻ അരുണിനോട് ഈ കേസ് അന്വേഷിക്കണ്ട എന്ന് പറയുന്നു.
ചൊവ്വാഴ്ച അരുണിന് വീണ്ടും ഭീഷണിക്കത്ത് ലഭിക്കുന്നു. അരുൺ ചന്ദ്രികയെ കാണാൻ പോകുന്നു. അവൾ അവനെ അപമാനിക്കുന്നു. ഭഗീരഥനെയും രാകേഷിനെയും നന്ദൻ മേനോൻ കണ്ടെത്തുന്നു. അന്ന് രാത്രി തന്നെ നന്ദൻ മേനോനെ രാകേഷ് കൊലപ്പെടുത്തുന്നു.
രാത്രി അരുണിനെ കോഴിക്കോട് ഉള്ള സുഹൃത്ത് വിളിക്കുന്നു. നന്ദന്റെ മെസേജ് അരുൺ കാണുന്നു. നന്ദന്റെ മരണം അരുൺ അറിയുന്നു. അവൻ കോഴിക്കോടിന് പുറപ്പെടുന്നു.
കുത്തേറ്റ് അവശനിലയിൽ കിടക്കുന്ന വിപിനിനെ അരുൺ ആശുപത്രിയിലെത്തിക്കുന്നു. മടങ്ങും വഴി അലി അരുണിനോടൊപ്പം കൂടുന്നു. നന്ദന്റെ മുറിയിൽ നിന്ന് അവർ വോയ്സ് റെക്കോർഡർ കണ്ടെടുക്കുന്നു. രാകേഷിന്റെയും ഭഗീരഥന്റെയും ശബ്ദം അവർ കേൾക്കുന്നു.
അരുൺ മുറി പൂട്ടി പോയത് അവന് വിനയാവുന്നു. നന്ദന്റെ മരണത്തിൽ പോലീസ് അരുണിനെ സംശയിക്കുന്നു. എസ് ഐ സ്വാമിനാഥൻ സ്റ്റേഷനിലെത്തുമ്പോൾ അരുണിനെ അവിടെ കാണുന്നു.
തുടർന്ന് വായിക്കുക.

സ്വാമിനാഥൻ ജീപ്പിൽ നിന്നിറങ്ങി സ്റ്റേഷനിലേക്ക് നടന്നു. രാമൻ ജീപ്പ് പാർക്ക് ചെയ്യാനായി പോയി. സ്വാമിനാഥൻ വേഗം തന്റെ ക്യാബിനിലേക്ക് കയറിപ്പോയി.
കസാരയിലേക്ക് ഇരുന്നപ്പോഴാണ് കോൺസ്റ്റബിൾ സിദ്ധാർത്ഥൻ ഹാഫ് ഡോറിൽ മുട്ടിയത്. “yes com in.” അയാൾ അവനെ അകത്തേക്ക് വിളിച്ചു.
സിദ്ധാർത്ഥൻ ഹാഫ് ഡോർ തുറന്ന് അകത്ത് കയറി. അയാൾ സ്വാമിനാഥന് മുന്നിൽ അറ്റൻഷനായി സല്യൂട്ട് ചെയ്തു.
“സർ അരുൺ എന്നൊരാൾ കാണാൻ വന്നിട്ടുണ്ട്. ഒരു മണിക്കൂറായി അദ്ദേഹം താങ്കൾക്കായി കാത്തിരിക്കുകയാണ്.”
“ഓക്കേ. അയാളോട് എന്റെ ക്യാബിനിലേക്ക് വരാൻ പറയൂ. പിന്നെ അയാൾ വന്നശേഷം രണ്ട് കോൺസ്റ്റബിൾമാർ ക്യാബിന് മുൻവശം നിൽക്കണം. ഒരുപക്ഷേ അയാൾ കടന്നു കളയാനുള്ള സാധ്യതയുണ്ട്.”
“ശരി സർ.” അയാൾ ഹാഫ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി പോയി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അരുൺ ഹാഫ് ഡോർ തുറന്നു അകത്തു കയറി. അവന്റെ കൂടെ വന്ന സിദ്ധാർത്ഥനും മറ്റൊരു കോൺസ്റ്റബിളും സ്വാമിനാഥന്റെ ക്യാബിന് പുറത്തായി നിലയുറപ്പിച്ചു.
“സാർ എനിക്ക് ചില പ്രധാനപ്പെട്ട കാര്യങ്ങൾ സാറിനോട് പറയാനുണ്ട്.” സ്വാമിനാഥന് എതിരെയുള്ള കസാരയിൽ ഇരുന്ന് കൊണ്ട് അരുൺ പറഞ്ഞു.
“അതിലും പ്രധാനപ്പെട്ട ചില കാര്യങ്ങൾ എനിക്ക് നിന്നോട് ചോദിക്കാനുമുണ്ട് അരുൺ. നീ അഥവാ വന്നില്ലായിരുന്നെങ്കിൽ നിന്നെ പൊക്കിക്കൊണ്ട് വരാൻ ഞാൻ നിന്റെ വീട്ടിലേക്ക് തന്നെ വരുമായിരുന്നു.
“സാറിന് എന്നിൽ നിന്നറിയാനുള്ളതും എനിക്ക് സാറിനോട് പറയാനുള്ളതും ഒരു കാര്യം തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്.”
“അതൊന്നും എനിക്കറിയേണ്ട. നന്ദൻ മേനോന്റെ മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ എനിക്കിനിയും വ്യക്തത വന്നിട്ടില്ല…. നിങ്ങൾ ഇന്ന് ഉച്ചക്ക് നന്ദൻ മേനോന്റെ ലോഡ്ജിൽ പോയിരുന്നോ.?” ഗൗരവത്തിലായിരുന്നു സ്വാമിനാഥന്റെ ചോദ്യം.
“ഉവ്വ് പോയിരുന്നു.”
അത് കേട്ട സ്വാമിനാഥന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. തന്റെ ഊഹങ്ങളെല്ലാം ശരിയായി എന്ന ധാരണയിൽ.
“എത്ര മണിക്കാണ് നിങ്ങൾ അവിടെ പോയത്.”
“ഏകദേശം രണ്ട് രണ്ടര ഒക്കെ ആയിക്കാണും.”
“നന്ദൻ മേനോന്റെ മുറിയുടെ വാതിൽ തുറന്നിടാനും അയാളെ കൊലപ്പെടുത്തിയതിന്റെ തെളിവുകൾ നശിപ്പിക്കാനുമാണ് നിങ്ങൾ അവിടെ പോയതെന്ന് ഞാൻ പറഞ്ഞാൽ… ” സ്വാമിനാഥൻ ഒന്ന് നിർത്തി.
“സാറങ്ങനെ പറഞ്ഞാൽ എനിക്ക് സാറിനോട് സഹതാപമേ തോന്നൂ. സാർ ഈ മെസേ ജൊന്ന് വായിച്ചു നോക്കൂ.” ഇനി എല്ലാ കാര്യങ്ങളും സ്വാമിനാഥനോട് പറയുന്നതാണ് ഉചിതമെന്ന് തോന്നിയ അരുൺ തന്റെ ഫോണിൽ നന്ദൻ മേനോന്റെ മെസേജ് ഓപ്പൺ ചെയ്ത് അയാൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
സ്വാമിനാഥൻ കൈ നീട്ടി അരുണിന്റെ കയ്യിൽ നിന്നും ആ ഫോൺ വാങ്ങി.ആ മെസേജിലെ വരികൾക്കിടയിലൂടെ അയാളുടെ മിഴികൾ അരിച്ചു നടന്നു.
അത് മുഴുവൻ വായിച്ച് കഴിഞ്ഞപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം സ്വാമിനാഥന് മനസ്സിലായത്.
“ഇത് ഇന്നലെ രാത്രി വന്ന മെസേജ് അല്ലേ എന്നിട്ടും ഇന്ന് ഉച്ചവരെ നിങ്ങൾ കാത്തിരുന്നതെന്തിനാണ്.” ചെറിയൊരു സംശയത്തോടെ ആയിരുന്നു അയാളുടെ ചോദ്യം.
“എനിക്ക് മറ്റൊരിടം വരെ പോവാനുണ്ടായിരുന്നു.”
“ഇതിൽ പറയുന്ന ലാപ്ടോപ്പും വോയ്സ് റെക്കോർഡറും നിങ്ങൾക്ക് കിട്ടിയോ.?”
“കിട്ടി സാർ.” തുടർന്ന് രാത്രി വിപിനിന്റെ കാൾ വന്നതും, കോഴിക്കോടെക്ക് മറപ്പെട്ടതും, നന്ദന്റെ മുറിയിൽ നിന്ന് ലാപ് ടോപ്പെടുത്തും, വിപിനിനെ ആശുപത്രിയിലെത്തിച്ചതും, രാവിലെ ഭീഷണിക്കത്ത് ലഭിച്ചതും തുടർന്ന് നന്ദനും മുറിയിൽ നിന്ന് വോയ്സ് റെക്കോർഡർ എടുത്തതുമെല്ലാം ചുരുങ്ങിയ വാക്കുകളിൽ അവൻ വിവരിച്ചു.
“എന്നിട്ട് ആ വോയ്സ് റെക്കോർഡർ എവിടെ.?”
“അത് തിരിച്ച് ആ ലോഡ്ജിൽ തന്നെ എത്തിക്കാൻ വന്നപ്പോഴാണ് സാറിനെ കണ്ടത്.”
“തിരിച്ച് വെച്ചെന്നോ നിങ്ങൾ എന്ത് വിഡ്ഢിത്തമാണ് ചെയ്തത്. അതിലൂടെ ആ പ്രതികളെ കണ്ടെത്താൻ കഴിയുമായിരുന്നല്ലോ.
“കഴിയുമായിരുന്നു. പക്ഷേ ലാപ്ടോപ്പ് പരിശോദിച്ചപ്പോഴാണ് അതിൽ ഹാർഡ് ഡിസ്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞത്. അതിനർത്ഥം നന്ദൻ ശത്രുക്കളെ കണ്ടെതിന് ശേഷം ഞാനവിടെ എത്തുന്നതിന് മുമ്പാണ് ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടത്. അതെടുത്തത് നന്ദന്റെ കൊലയാളികൾ തന്നെയാവും അങ്ങനെയാണെങ്കിൽ ലാപ് ടോപ്പിൽ റെക്കോർഡ് ചെയ്യാൻ കഴിയില്ല എന്നറിയുന്ന അവർ ഇന്ന് രാത്രി തന്നെആ വോയ്സ് റെക്കോർഡർ തിരഞ്ഞ് വരാൻ സാധ്യതയുണ്ട്. “
“അതേ അതവർ അന്വേഷിച്ചിരുന്നു.” കുറച്ച് നേരത്തെ സി ഐ ശേഖരൻ വിളിച്ച് നന്ദന്റെ മുറിയിൽ നിന്ന് കിട്ടിയ തെളിവുകളെ അന്വേഷിച്ചത് സ്മരിച്ചു കൊണ്ട് സ്വാമിനാഥൻ പറഞ്ഞു.
“സാറിനെ അവർ കോണ്ടാക്ട് ചെയ്തിരുന്നു അല്ലേ..”
അവരൊന്നും വിളിച്ചില്ല. സി ഐ ശേഖരൻ വിവരങ്ങൾ അന്വേഷിച്ച് വിളിച്ചിരുന്നു. ഒരു പക്ഷേ അത് നിങ്ങൾ പറഞ്ഞ ആളുകൾക്ക് വേണ്ടിയാവാം. ഞാനേതായാലും നന്ദന്റെ മരണം ഒരു കൊലപാതകമാണെന്ന് കാണിച്ച് ഒരു റിപ്പോർട്ട് കൊടുക്കാൻ പോവുകയാണ്. ഞങ്ങൾ നന്ദന്റെ കൊലപാതകിയെ കണ്ടെത്തിയാൽ നിങ്ങൾക്ക് രശ്മി കേസ് തെളിയിക്കലും എളുപ്പമാവും.
“അത് ശരിയാണ് സാർ. സാറിന്റെ കൂടെ അന്വേഷണത്തിൽ സഹകരിക്കാൻ എനിക്ക് സന്തോഷമേയുള്ളു.”
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
ആ സമയമത്രയും അലി അരുണിന്റെ വീട്ടിൽ ബോറടിച്ച് ഇരിക്കുകയായിരുന്നു. പല വിധ ചിന്തകൾ മനസ്സിലൂടെ കടന്ന് പോയപ്പോഴാണ് തന്റെ കൈ കാലുകൾ ബന്ധിച്ച ആളെ കുറിച്ച് അവന് ഓർമ്മ വന്നത്. വെറുതേയിരിക്കുന്ന ഈ സമയം ആ മുഖമെന്ന് വരക്കാൻ ശ്രമിച്ചാലോ എന്നവന് തോന്നി.
അവൻ മേശ തുറന്ന് പരതിയപ്പോൾ പേനയും കടലാസും കിട്ടി. അവൻ അതുമായി വരക്കാനിരുന്നു. പെൻസിൽ കൊണ്ട് വരച്ച് ശീലിച്ച അവന് പേന അത്ര എളുപ്പമൊന്നും വഴങ്ങിയില്ല.
മണിക്കൂറുകൾ നീണ്ട അധ്വാനത്തിന് ശേഷം അവന് തരക്കേടില്ലാത്തൊരു ചിത്രം വരച്ചെടുക്കാൻ പറ്റി. പേന കൊണ്ട് തന്നെ ഷേയ്ഡ് ചെയ്ത് നിറം പകർന്നപ്പോൾ അതൊന്നുകൂടി മിഴിവുറ്റതായി അവന് അനുഭവപ്പെട്ടു.
ആ ചിത്രത്തിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നപ്പോഴാണ് കോളിങ് ബെൽ അടിച്ച ശബ്ദം കേട്ടത്. കൂടെ വാതിലിന്റെ ലോക്ക് തുറക്കുന്ന ശബ്ദവും കേട്ടു. അരുണാണ് വന്നതെന്ന് അവന് മനസ്സിലായി. അവൻ വരച്ച പേപ്പർ വേഗം തന്നെ മേശവലിപ്പിലേക്ക് വെച്ച് ഡൈനിങ് ഹാളിലേക്കെത്തി.
“കാത്തിരുന്ന് ബോറടിച്ചല്ലേ.?” വാതിൽ തുറന്ന് അകത്തേക്ക് കയറിയ അരുൺ ചെറുചിരിയോടെ അലിയോട് ചോദിച്ചു.
“അങ്ങനെയൊന്നുമില്ല സാർ.
“ഓകെ. കുറച്ച് കഴിഞ്ഞ് നമുക്ക് ഇന്നത്തെ ഭക്ഷണം പുറത്ത് നിന്ന് വാങ്ങാം. സാധാരണയായി ഉണ്ടാക്കാറാണ് പതിവ്.”
“ശരിസാർ.”
“പിന്നെ നാളെ നമുക്ക് പ്രേമചന്ദ്രനെ ഒന്ന് കാണാൻ പോവണം. അയാളോടൽപം സംസാരിക്കുന്നുണ്ട്.” ആലോചനയോടെ അരുൺ പറഞ്ഞു.
“ആരാണ് സാർ പ്രേമചന്ദ്രൻ.” രശ്മിയുടെ കേസിനെ കുറിച്ച് അറിവില്ലാതിരുന്ന അലി ചോദിച്ചു.
“ഓഹ്. നിന്നോട് പറയാൻ മറന്നു. പ്രേമ ചന്ദ്രന്റെ മകൾ രശ്മിയെ കാണാതായ കേസാണ് ഞങ്ങൾ അന്വേഷിക്കുന്നത്. ആ അന്വേഷണം മുടക്കാനാണ് ഇന്നലെ അവർ നന്ദേട്ടനെ കൊലപ്പെടുത്തിയത്.” അരുൺ വിശദീകരിച്ചു.
“ആ കേസിന്റെ നിങ്ങളുടെ അന്വേഷണ റിപ്പോർട്ട് എനിക്കും ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്. അറിയാനുള്ള ക്യൂരിയോസിറ്റി കൊണ്ടാണ് ട്ടോ.”
“അതിനെന്താ. ഞാൻ തരാം. പൂർണമായ അന്വേഷണ റിപ്പോർട്ട് ലാപ് ടോപ്പിലാണുള്ളത്. വോയ്സ് റെക്കോർടുകളും ഭീഷണി കത്തുകളുടെ ഫോട്ടോകളും രശ്മിയുമായി ബന്ധപ്പെട്ടവരുടെ ഫോട്ടോകളുമെല്ലാം അതിലാണുള്ളത്. ഭക്ഷണം വാങ്ങാൻ പോകുമ്പോൾ ഓഫീസിൽ നിന്ന് ലാപ്ടോപ്പും ഞാനെടുക്കാം.”
“അതിന് ലാപ്ടോപ്പ് സാറിന്റെ മുറിയില്ലേ.? നേരത്തെ വോയ്സ് റെക്കോർഡറിലെ വോയ്സ് കേട്ട ശേഷം ലാപ്ടോപ്പ് റൂമിൽ വെച്ച് പൂട്ടിയിട്ടല്ലേ സാർ പോയത്.”
“ഓഹ് ഞാനത് മറന്നു. ലാപ്ടോപ്പ് ഓഫിസിലാണെന്ന ഓർമ്മയിലായിരുന്നു ഞാനിപ്പോഴും. ഞാൻ അതിപ്പോൾ തന്നെ എടുത്ത് തരാം.”
“താങ്ക്സ്.”
“നന്ദി ഞാൻ നിന്നോടല്ലേ അലി പറയേണ്ടത്.” ചെറു ചിരിയോടെ അരുൺ ചോദിച്ചു.
അലി അതിന് പ്രത്യേഗിച്ച് മറുപടിയൊന്നും കൊടുത്തില്ല.
അരുൺ തന്റെ റൂം തുറന്ന് അകത്ത് കയറി. ഏതാനും നിമിഷങ്ങൾക്ക് ശേഷം അവൻ ലാപ് ടോപ്പുമായാണ് പുറത്തിറങ്ങിയത്. അതവൻ അലിക്ക് കൈമാറി
“അലി… ക്രൈം നമ്പർ വൺ രശ്മി [crime No:1 Rasmi ] എന്ന ഫോൾഡറിൽ ഉണ്ട് നിനക്ക് വേണ്ട വിവരങ്ങൾ. തുറക്കാൻ അറിയില്ലേ.?”
“കുറച്ചൊക്കെ അറിയാം സാർ.”
“ഓകെ. എങ്കിൽ ഞാൻ പോയി ഭക്ഷണം വാങ്ങിയിട്ട് വരാം. വോയ്സ് റെക്കോർടുകൾ കേൾക്കുമ്പോൾ ഹെഡ് ഫോൺ ഉപയോഗിച്ചാൽ ഒന്നുകൂടി ക്ലിയർ ഉണ്ടാവും.”
“ശരിസാർ ഒരു സംശയം ചോദിക്കട്ടെ. സാറെന്തിനാ ഇപ്പോൾ തന്നെ ഭക്ഷണം കഴിക്കാൻ പോകുന്നത്.
“ഇപ്പോൾ തന്നെ എട്ട് മണി കഴിഞ്ഞില്ലേ പോയി വരുമ്പോഴേക്കും ഒമ്പത് മണിയൊക്കെ ആവും.”
അലി അതേ എന്ന അർത്ഥത്തിൽ ശിരസ് ചലിപ്പിച്ചു.
“എന്നാൽ ഞാൻ പോയിട്ടു വരാം.” അരുൺ സിറ്റൗട്ടിനു നേരെ നടന്നു കൊണ്ട് അലിയോട് യാത്ര പറഞ്ഞു.
അരുൺ വാതിൽ തുറന്ന് പുറത്തിറങ്ങി എന്നിട്ട് വാതിൽ പഴയത് പോലെ തന്നെ പുറത്ത് നിന്ന് പൂട്ടി.
സിറ്റൗട്ടിൽ നിന്നിറങ്ങിയ അരുൺ നേരെ പോർച്ചിലേക്കാണ് നടന്നത്. അവിടെ നിർത്തിയിട്ടിരുന്ന ബൊലേറോയിൽ കയറി, അത് സ്റ്റാർട്ട് ചെയ്തവൻ മുമ്പോട്ടെടുത്തു.
പ്രശസ്തമായ ഒരു ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിനു മുന്നിലാണ് ആ യാത്ര അവസാനിച്ചത്. അവൻ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തന്നെ ഓർഡർ ചെയ്തു. പിന്നീട് കാത്തിരിപ്പിന്റെ നിമിഷങ്ങളായിരുന്നു.
അര മണിക്കൂർ സമയത്തെ കാത്തിരിപ്പിനൊടുവിൽ ഭക്ഷണം എത്തി. അവൻ അതുമായി വീട്ടിലേക്ക് മടങ്ങി.
ഹോട്ടലിൽ നിന്ന് പാർസലായി വാങ്ങിയ ഭക്ഷണവുമായി അരുൺ വീട്ടിലെത്തി. അവൻ വാതിൽ തുറന്ന് അകത്ത് കയറി. അപ്പോഴും അലി ലാപ് ടോപ്പിനു മുന്നിൽ തന്നെ ആയിരുന്നു.
ഹെഡ് ഫോൺ വെച്ച് വോയ്സുകൾ കേട്ട് കൊണ്ടിരിക്കുകയായിരുന്ന അലി അരുൺ വന്നതറിഞ്ഞില്ല. ഓരോ ദിവസത്തെയും അന്വേഷണ റിപ്പോർട്ടുകൾ ക്രമമായി വേറെ വേറെ ഫോൾഡറുകളായിട്ടായിരുന്നു അരുൺ സേവ് ചെയ്തത്.
തൊട്ട് പിന്നിൽ അരുൺ എത്തിയത് അറിഞ്ഞപ്പോൾ അലി ഹെഡ്സെറ്റ് ഊരിവെച്ച് അരുണിന് നേരെ തിരിഞ്ഞു. അരുൺ ലാപ് ടോപ്പിന്റെ സ്ക്രീനിലേക്ക് നോക്കിയപ്പോൾ തനിക്ക് ലഭിച്ച ഭീഷണിക്കത്തുകളിലൊന്നിന്റെ ചിത്രമായിരുന്നു കണ്ടത്.
“കഴിഞ്ഞോ.?” ഭക്ഷണപ്പൊതി മേശപ്പുറത്ത് വെച്ച് കൊണ്ട് അരുൺ അലിയോടായി ചോദിച്ചു.
“ഇല്ല സാർ. നാല് ദിവസത്തെ റിപ്പോർട്ടുകൾ ഒന്ന് നോക്കി ഇനി നാല് ദിവസത്തേത് കൂടിയുണ്ട്.”
“എങ്കിൽ നീ അത് കണ്ടിന്യൂ ചെയ്തോളൂ.”
“ഇല്ല ഇനി കുറച്ച് കഴിഞ്ഞ് നോക്കാം.”
“ഞാൻ വന്നത് കൊണ്ടാണോ.?”
“ഏയ് അല്ല സാർ കുറേ നേരമായി ഇതിനു മുന്നിൽ ഇരിക്കുന്നു. ഇനി കുറച്ച് സമയമെങ്കിലും ഇതിൽ നിന്ന് കണ്ണ് മാറ്റണം.”
“ഓകെ എന്നാൽ നമുക്ക് ഭക്ഷണം കഴിക്കാം. ചൂടാറിക്കഴിഞ്ഞാൽ ടേസ്റ്റ് കുറയും.”
അരുൺ പാർസൽ കിറ്റുമായി ഡൈനിങ്ങ് ഹാളിലെ മേശയുടെ നേർക്ക് നടന്നു. ആ പൊതിമേൾപ്പുറത്ത് വെച്ച ശേഷം അവൻ അടുക്കയിൽ പോയി രണ്ട് പ്ലേറ്റുകളുമായി മടങ്ങിയെത്തി.
അലി ലാപ്ടോപ്പ് സ്ലീപ്പ് മോഡിൽ ആക്കിയ ശേഷം ഡൈനിങ്ങ് ടേബിളിനു നേർക്ക് നടന്നു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
“രാമേട്ടാ ഇന്ന് രാത്രി നമുക്ക് സ്പെഷ്യൽ ഡ്യൂട്ടി ഉണ്ട്.” രാത്രി വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന കോൺസ്റ്റബിൾ രാമനോടായി എസ് ഐ സ്വാമിനാഥൻ പറഞ്ഞു.
“സർ, എന്റെ ഡ്യൂട്ടി കഴിഞ്ഞതായിരുന്നു. ഞാൻ വീട്ടിൽ പോകാൻ ഒരുങ്ങുകയാണ്.” തന്റെ ഡ്യൂട്ടി കഴിഞ്ഞില്ലെന്ന ചിന്തയിലാണ് എസ് ഐ സ്വാമിനാഥൻ അങ്ങനെ പറഞ്ഞത് എന്നോർത്ത് രാമൻ വിശദീകരിച്ചു.
“അതാണ് രാമേട്ടാ ഞാൻ സ്പെഷ്യൽ ഡ്യൂട്ടി എന്ന് പറഞ്ഞത്.”
“അത്… സാർ….” അയാൾ എന്തോ പറയാൻ ഒരുങ്ങി.
“വീട്ടിൽ പോയി വിവരം പറഞ്ഞോളൂ. ഒന്ന് ഡ്രസ്സ് ചേഞ്ച് ചെയ്തു റെഡി ആകുമ്പോഴേക്കും ഞാൻ അങ്ങോട്ട് എത്താം.”
“എന്താ സർ കാര്യം.?” സ്വാമിനാഥന്റെ സംസാരത്തിൽ നിന്നും എന്തോ പ്രധാനപ്പെട്ട കാര്യത്തിനാണ് പോകുന്നതെന്ന് അയാൾക്ക് മനസ്സിലായി.
“നന്ദൻ മേനോൻ കൊല്ലപ്പെട്ട ലോഡ്ജിൽ ഇന്ന് അദ്ദേഹത്തെ കൊന്ന ആളുകൾ വരാൻ ഇടയുണ്ട് എന്നൊരു സംശയം. അങ്ങനെ അവർ അവിടെ കയറുകയാണെങ്കിൽ അവരെ ഇന്ന് തന്നെ പോകണം.”
“സർ, ആരുപറഞ്ഞു വിവരം. അങ്ങനെയാരും കയറും എന്ന് എനിക്ക് തോന്നുന്നില്ല. ഒന്നാമത് ഇന്ന് പോലീസ് സീൽ വച്ച് റൂം. അത് തുറക്കാൻ അത്ര പെട്ടെന്നൊന്നും ആരും ധൈര്യപ്പെടില്ല.”
“നേരത്തെ ഇവിടെ വന്നിരുന്ന അരുൺ അരുൺ പറഞ്ഞതാണ്. അവൻ പറഞ്ഞതു മുഴുവൻ ഞാൻ അപ്പാടെ വിഴുങ്ങിയിട്ടൊന്നുമില്ല. എന്നാലും അത് ശരിയാവാനുള്ള ചെറിയൊരു സാധ്യതയുണ്ട്. അഥവാ അത് ശരിയായാൽ പിന്നെ അതേ കുറിച്ച് ഒരു ആലോചിച്ച് ചോദിക്കേണ്ട ആവശ്യം ഇല്ലല്ലോ അതിനു വേണ്ടി മാത്രമാണ് ഇന്ന് നമ്മൾ അവിടെ പോകുന്നത്.”
“എങ്കിൽ സർ നമുക്ക് കൂടുതൽ ഫോഴ്സിനെ വിളിച്ചാലോ.?”
“അഥവാ ഇന്ന് രാത്രി നമ്മൾ അവിടെ പ്രതീക്ഷിക്കുന്നവർ വന്നില്ലെങ്കിൽ അതെനിക്കൊരു ചീത്തപ്പേരാകും. രണ്ടു മൂന്ന് ആളുകളെ നേരിടാൻ ഞാൻ മതി. സോ നമുക്കൊന്ന് ശ്രമിച്ചു നോക്കാം രാമേട്ടാ.”
“ശരി സർ എങ്കിൽ ഞാൻ വീട്ടിൽ പോയി ഭാര്യയോട് വിവരങ്ങൾ പറഞ്ഞു തിരിച്ചുവരാം അവൾ എന്നെ രാത്രി കാത്തിരിക്കും.”
“ഇങ്ങോട്ട് വരണമെന്നില്ല. ലോഡ്ജിലേക്ക് പോകുന്ന വഴിക്ക് അല്ലെ തന്റെ വീട്. പോകുന്ന വഴി അവിടെനിന്ന് ഞാൻ നിങ്ങളെ എടുത്തോളാം.”
“ഓക്കേ സർ എങ്കിൽ ഞാൻ ഇറങ്ങുന്നു.” കോൺസ്റ്റബിൾ രാമൻ സ്വാമിനാഥന് സെല്യൂട്ട് നൽകിയ ശേഷം പുറത്തേക്കിറങ്ങി സ്റ്റേഷനിലെ സൈഡിൽ ഒതുക്കിയിരുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്തയാൾ മുന്നോട്ടെടുത്തു അതയാളുടെ വീട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.
തുടരും……..
എഴുതാൻ വളരെയധികം മടിയുള്ള ഒരാളാണ് ഞാൻ. നിങ്ങൾ വായനക്കാരുടെ സപ്പോർട്ട് ഒന്നുകൊണ്ടു മാത്രമാണ് ഇത്രയും എഴുതിയത് തന്നെ. എട്ടാം ഭാഗത്തിന് നിങ്ങൾക്ക് ഒന്ന് സപ്പോർട്ട് വലുതായിരുന്നു. അതുകൊണ്ടുതന്നെ ഒൻപതാം ഭാഗം പെട്ടെന്ന് എഴുതിയിടാൻ എനിക്ക് കഴിഞ്ഞു പക്ഷേ ഒമ്പതാം പദത്തിന്റെ സപ്പോർട്ട് വളരെ കുറവായിരുന്നു. അതോടെ എഴുത്തിനോട് തന്നെ ഒരു വിരക്തി. നിങ്ങളുടെ സപ്പോർട്ട് മാത്രമാണ് ഇവിടെ എഴുത്തുകാരൻ ഉള്ള പ്രതിഫലം നല്ല രീതിയിൽ സപ്പോർട്ട് കിട്ടുകയാണെങ്കിൽ. അടുത്ത ഭാഗം പെട്ടെന്ന് തന്നെ പ്രതീക്ഷിക്കാം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക എന്ന വിശ്വാസത്തോടെ….
Comments:
No comments!
Please sign up or log in to post a comment!