അനുപല്ലവി 8
പല്ലവി ചോദിക്കാൻ തുടങ്ങുന്നതിനു മുൻപ് മറു വശത്തു നിന്നും പല്ലവി പറയാൻ വന്നതിന്റെ തുടർച്ച എന്നോണം കേട്ട വാർത്ത…. അവളുടെ ഹൃദയം തകർക്കുന്നതായിരുന്നു…അവൾ നിധിയെ തന്നോട് ചേർത്തു പിടിച്ചു.. രണ്ടു പേരുടെ കണ്ണിൽ നിന്നും മിഴിനീർ ധാരയായി പെയ്തിറങ്ങി…
ജനലഴികൾക്കു പുറത്തു കറുത്ത കരിമ്പടം പുതച്ചു നിന്ന ആകാശം.. ആരുടെയോ ഹൃദയം പൊട്ടി തകർന്ന വണ്ണം…. അലറി വിളിച്ചു…വേദന മുഴുവൻ തട കെട്ടി നിർത്താൻ ആവാത്ത വിധം കണ്ണീർ തുള്ളികളായി പെയ്തു കൊണ്ടിരുന്നു…
(തുടർന്നു വായിക്കുക )
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
കുളിച്ചിറങ്ങിയപ്പോൾ ആണ് ശ്രദ്ധിച്ചത്.. ടേബിളിൽ വെച്ചിരിക്കുന്ന മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നു.. മൊബൈൽ വൈബ്രേഷൻ മോഡിലാണ് കിടന്നിരുന്നത് എന്നു അപ്പോളാണ് ഓർത്തത്….
അറ്റൻഡ് ചെയ്യാൻ വേണ്ടി ഫോൺ എടുക്കുമ്പോളേക്കും ഫോൺ കട്ട് ആയിരുന്നു… ഞാൻ സ്‌ക്രീനിൽ സ്ലൈഡ് ചെയ്തു ലോക്ക് മാറ്റി നോക്കി….അറിയാത്ത നമ്പറിൽ നിന്നും ഒരുപാട് മിസ്കാൾ കണ്ടു…കൂടാതെ പല്ലവിയുടെ ഒരു മിസ്സ് കോളും പിന്നെ ഒരു കൂട്ടുകാരന്റെ നമ്പറിൽ നിന്നും ഒരു കോളും ….
പല്ലവിയെ പിന്നീട് തിരിച്ചു വിളിക്കാം..ഞാൻ ഓർത്തു
മറ്റേ നമ്പറിൽ നിന്നും ഒരുപാട് കോളുകൾ വന്നതു കൊണ്ട് അതിലേക് വിളികാം എന്നു വെച്ച് ആ നമ്പർ ഡയല് ചെയ്യാൻ ഒരുങ്ങുമ്പോലേക്കും അതെ നമ്പറിൽ നിന്നും വീണ്ടും കാൾ വന്നിരുന്നു….
ഞാൻ അറ്റൻഡ് ചെയ്തു..
“..ഹലോ ഡോക്ടർ അനു ഹിയർ… “
“ഏട്ടാ ഞാൻ അനന്തു ആണ്.. അജു വിന്റെ കൂടെ പഠിക്കുന്ന..”
“ഹാ അനന്തു പറയ്യു…”
“ഏട്ടാ അജുവിന് ഒരു ആക്‌സിഡന്റ് പറ്റി..
കുറച്ചു സീരിയസ് ആണെന്ന് തോന്നുന്നു ഡോക്ടർസ് ഇതുവരെ ഒന്നും പറഞ്ഞില്ല എമർജൻസി കെയറിൽ ആണ് ഉള്ളത് ICU വിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പോകുന്നു…”
എന്റെ ഹൃദയം നില്ക്കുന്നത് പോലെ തോന്നി..
അതു കേട്ട ഷോക്കിൽ.. എന്റെ കൈകളിലേക് വിറ പടർന്നു….കണ്ണുകളിൽ ആകെ ഇരുട്ട് മൂടുന്നത് പോലെ തോന്നി…
അമ്മ പെട്ടെന്നാണ് ഉള്ളിലേക്കു വന്നതു…
“ആരാ മോനെ അജുവാണോ..? “
“അല്ല അമ്മേ… ഇത് ഹോസ്പിറ്റലിൽ നിന്നാണ്.. “കള്ളം പറയാനാണ് തോന്നിയത്.. എന്റെ മുഖത്തെ മാറ്റം അമ്മ അറിയാതിരിക്കാൻ ഞാൻ ഫോണും എടുത്തു പുറത്തേക് നടന്നു..
അമ്മ കേൾക്കുന്നില്ല എന്നുറപ്പു വരുത്തിയാണ് ഞാൻ അനന്തുവിനോട് സംസാരിച്ചത്…
“എന്താ അനന്തു എന്താ പറ്റിയത്… “
“ചേട്ടാ അജുവിന് ആക്‌സിഡന്റ് പറ്റി റോഡിൽ കിടക്കുക ആയിരുന്നു.
“അനന്തു…അവിടെ തന്നെ നിക്ക് ഞാൻ വരാം.. ഉടനെ.. ” മനസ്സിൽ താൻ ഒരു ഡോക്ടർ ആണെന്നത് മറന്നു പോയിരുന്നു… എന്റെ കയ്യിൽ തൂങ്ങി.. ഏട്ടാ എന്നു ചിണുങ്ങുന്ന.. രാത്രികളിൽ നെഞ്ചിൽ കിടന്നുറങ്ങുന്ന… ഈ പ്രായത്തിലും ഒരുമിച്ചു ചേരുമ്പോൾ ഉണ്ണിയേട്ടാ എന്നു വിളിച്ചു എന്റെ പുതപ്പിനുള്ളിലേക് നൂണ്ടു കയറുന്ന… കുഞ്ഞു അജുവായിരുന്നു മനസ്സിൽ…
ഉടൻ തന്നെ പ്രിത്വിയെ വിളിക്കാൻ ആണ് തോന്നിയത്… അവൻറെ നമ്പർ എടുത്തു ഡയൽ ചെയ്തു…
ബെല്ലടിച്ചു തീരാൻ ആയപ്പോൾ ആണ് അവൻ അറ്റൻഡ് ചെയ്തത്…
“എന്താടാ അളിയാ ഈ രാത്രിയില്… “
“പൃഥ്‌വി അജുവിന് ഒരു ആക്‌സിഡന്റ് പറ്റി.. ” എന്റെ ശബ്ദം വിറച്ചിരുന്നു അതു പറയുമ്പോൾ..
“ങേ.. ” പ്രിത്വിയും ഞെട്ടലോടെ ചാടി എണീറ്റു.. “എന്താ പൃഥ്‌വി…” പൃഥ്‌വി പെട്ടെന്ന് ചാടി എണീക്കുന്നതു കണ്ട ഡോണയും എഴുന്നേറ്റു…
“അനു .. എന്നിട്ടോ.. നിന്നെ ആരാ വിളിച്ചു പറഞ്ഞത്… ഏതു ഹോസ്പിറ്റലിൽ ആണ്. “
“അജുവിന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയാ പറഞ്ഞതു… ICU വിൽ ആണുള്ളതെന്ന പറഞ്ഞത്.. മുള്ളേഴ്‌സ് ഹോസ്പിറ്റലിൽ ആണ്.. “
“ഓഹ്.. ഒക്കെ.. “
“എന്താ പൃഥ്‌വി എന്താ സംഭവം… “
ഡോണ എണീറ്റു ലൈറ്റ് ഓൺ ചെയ്തു കൊണ്ട് ചോദിച്ചു… പ്രിത്വിയുടെ മുഖത്തെ ടെൻഷൻ കണ്ടു എന്തോ സീരിയസ് ആയ പ്രശ്നം ഉണ്ടെന്നു അവൾക്കു തോന്നിയിരുന്നു…
“ഡോണ മംഗലാപുരത്തു പഠിക്കുന്ന അനുവിന്റെ ബ്രദറിനു ഒരു ആക്‌സിഡന്റ്….”
“അയ്യോ.. എന്നിട്ട്.. ഇപ്പോൾ മുള്ളേഴ്‌സിൽ ICU വിൽ ആണെന്ന പറഞ്ഞത്…”
, മുള്ളേഴ്‌സിലോ… ഡോണ ഒന്ന് ആലോചിച്ചു.. പൃഥ്‌വി നിങ്ങളുടെ ബാച്ചിൽ ഉണ്ടായിരുന്ന മെർവിൻ അവിടെയല്ലേ ഇപ്പോൾ…, “
ഡോണ ഫോണിൽ പറയുന്നത് ഞാനും കേട്ടിരുന്നു.. ഞാനും അപ്പോളാണ് ഓർത്തത്.. മെർവിൻ ന്യൂറോ സര്ജന് ആണ് മുള്ളേഴ്‌സിൽ..
“എടാ.. നമ്മുടെ മെർവിൻ അവിടുണ്ട്.. എന്റെ കയ്യിൽ നമ്പർ ഉണ്ട്.. ഞാനിപ്പോൾ അവനെ വിളിച്ചിട്ട് നിന്നെ വിളിക്കാം…”
“ഓക്കേ…ഡാ.. “
പൃഥ്‌വി ഫോൺ കട്ട് ചെയ്തു മെർവിന്റെ നമ്പർ എടുത്തു അവനെ വിളിക്കാൻ വേണ്ടി ഡയൽ ചെയ്തു.. പക്ഷെ ബിസി ടോൺ ആണ് കേട്ടത്..
പ്രിത്വിയെ വിളിച്ചു വെച്ചതിനു പുറകെ….തന്നെ എന്റെ ഫോണിലേക്കു അടുത്ത കാൾ വന്നു.
“അനു ഇത് ഞാൻ ആണ് മെർവിൻ.. “
“ഹാ മെർവിൻ നിന്നെ അങ്ങോട്ട് വിളിക്കാൻ ഇരിക്കുക ആയിരുന്നു… എന്റെ അനിയൻ.,
അതു പറയാനാ ഞാൻ നിന്നെ വിളിച്ചത്..
നീ ടെൻഷൻ അടിക്കുവൊന്നും വേണ്ട..
“ഇവിടെ കൊണ്ട് വന്നപ്പോളെ അർജുനെ എനിക്ക് മനസ്സിലായി..”
ഞാനും ഓർത്തു.. തൃശൂർ വീട്ടിൽ മെർവിൻ വരുമ്പോൾ ഒക്കെ അജുവും മെർവിനും ഭയങ്കര കൂട്ട് ആയിരുന്നു.. മെർവിനും അജുവും പ്രിത്വിയും കൂടിയാൽ പിന്നെ.. വീടെടുത്തു തിരിച്ചു വെക്കും എന്നു അമ്മ എപ്പോളും പറയും…
ഞാൻ പരിശോധിച്ച ഉടനെ നിന്നെ വിളിച്ചിരുന്നു… നീ എടുത്തില്ല..
തലക് ഒരു ഇഞ്ചുറി ഉണ്ട്… skull ഒന്നും കുഴപ്പമില്ല..പിന്നെ വീണ ഷോക്കിൽ ആവണം ബോധം ഉണ്ടായിരുന്നില്ല.. കുറച്ചു ബ്ലഡ് പോയി എന്നതൊഴിച്ചാൽ വേറെ പ്രോബ്ലം ഒന്നുമില്ല..
മെർവിൻ.. ഇപ്പോൾ അവനോടു സംസാരിക്കാൻ പറ്റുവോ..
ഇല്ലെടാ സെഡേഷനിൽ ആണ്.. ഞാൻ സർജറി വാർഡിൽ ഉള്ളത് കൊണ്ട്.. അർജുനെ ഇവിടെ എമർജൻസി കെയറിൽ തന്നെ അഡ്മിറ്റ് ചെയ്തു…
നീ ടെൻഷൻ അടിക്കേണ്ട എന്നു പറയാനാ ഞാൻ വിളിച്ചത്…
എടാ ഞാൻ ഇപ്പോൾ വരാം.. അങ്ങോട്ട്..
നീ ഓടി പാഞ്ഞു വന്നു അമ്മയ്ക്കു ടെൻഷൻ ഉണ്ടാക്കേണ്ട…. നാളെ രാവിലെ വന്നാലും മതി.. ഇവിടുത്തെ കാര്യം ഞാൻ നോക്കി കൊള്ളാം… അമ്മയേയും കൂട്ടിക്കോ വരുമ്പോ ഞാനും കുറെ നാളായില്ലേ കണ്ടിട്ട്.. മൂടി കെട്ടി നിന്ന ടെൻഷനെ ലഘൂകരിക്കാൻ എന്ന വണ്ണം അവൻ പറഞ്ഞു… എന്നാൽ ശെരി നാളെ കാണാം.. അവൻ ഫോൺ കട്ട് ചെയ്തു.
മെർവിൻ വിളിച്ച കാര്യം.. ഞാൻ പ്രിത്വിയെയും വിളിച്ചു പറഞ്ഞു…
പൃഥ്‌വി എന്നാ ഞാൻ നാളെ വെളുപ്പിനെ മംഗലാപുരത്തു പോയിട്ട് വരാം..
എടാ ഞാൻ കൂടെ വരണോ…
വേണ്ടെടാ.. ഞാൻ പോയിട്ട് എന്തേലും ആവശ്യം ഉണ്ടേൽ നിന്നെ വിളികാം..നീ ഗൈനക്കിലെക് നാളെ ഒരാളെ അറേഞ്ച് ചെയ്യാൻ പറ്റുമോ എന്നു നോക്കു.. ഷെഡ്യൂൾ ചെയ്ത ഡെലിവറി ഒന്നും ഇല്ല.. ഏതേലും എമർജൻസി കേസ് വന്നാലേ ഉള്ളൂ..
അതു കുഴപ്പമില്ല.. മീര ഹാൻഡിൽ ചെയ്തോളും.. പിന്നെ പല്ലവിയും ഉണ്ടല്ലോ..
അതു പറഞ്ഞപ്പോൾ ആണ്.. പല്ലവി വിളിച്ചിട്ടുണ്ടായിരുന്നല്ലോ എന്നോർത്തത്….
പുറത്തു മൂടി കെട്ടി തിമിർത്തു പെയ്തു കൊണ്ടിരുന്ന ആകാശം.. പതിയെ ശാന്തമായിരുന്നു…എങ്ങോ പോയി ഒളിച്ചിരുന്ന പൗർണമി.. പൂനിലാവ് പൊഴിച്ച് മടങ്ങി വന്നിരുന്നു..
പല്ലവിയുടെ നമ്പറിലേക് ഡയൽ ചെയ്തു..
ഒറ്റ ബെല്ലിനു തന്നെ അവൾ ഫോൺ എടുത്തു.
ഉണ്ണിയേട്ടാ.. അജു.. അവളുടെ സ്വരം ഇടറിയിരുന്നു
ഞാൻ അത്ഭുത പെട്ടു.. പല്ലവി എങ്ങനെ അറിഞ്ഞു..
പല്ലവി എങ്ങനെ അറിഞ്ഞു… എന്റെ ചോദ്യത്തിൽ സംശയം മുഴുവൻ ഉണ്ടായിരുന്നു..
നടന്ന സംഭവങ്ങൾ മുഴുവൻ പല്ലവി പറഞ്ഞത് ഒരു ഞെട്ടലോടെ ആണ് ഞാൻ കേട്ടത്…
പല്ലവി പറയുന്നതെല്ലാം കേട്ടു ഒരു തേങ്ങലോടെ.. നിധി അടുത്ത് ഉണ്ടായിരുന്നു…
പല്ലവി ഫോണിൽ സംസാരിക്കുമ്പോൾ ഒക്കെ.. ഒരു തേങ്ങൽ അവളുടെ അടുത്ത് നിന്നും കേൾക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..
പല്ലവി പറഞ്ഞത് മുഴുവൻ കേട്ട ശേഷം…
ഞാൻ പറഞ്ഞു… പല്ലവി.. അജുവിന് ഒന്നും പറ്റിയില്ല…അവൻ ഹോസ്പിറ്റലിൽ ഉണ്ട്.. അവനെ നോക്കുന്നതു എന്റെ ഒരു ഫ്രണ്ട് ആണ്… അവൻ വിളിച്ചിരുന്നു… രാവിലെ ഞാൻ പോകുന്നുണ്ട്…
അതും പറഞ്ഞു തിരിഞ്ഞ ഞാൻ നോക്കിയത് അമ്മയുടെ മുഖത്തേക്കാണ്.. ടെൻഷനിൽ അമ്മ പിന്നിൽ വന്നതു അറിഞ്ഞതെ ഇല്ല…
അജുനെന്താ പറ്റിയത് ഉണ്ണീ… അമ്മ എന്റെ ഷർട്ടിൽ അള്ളി പിടിച്ചാണ് ചോദിച്ചത് ..
ഒരു നിമിഷം ഞാൻ ചിന്തിച്ചു എന്ത് മറുപടി പറയും എന്നു.. മനസ്സിൽ പല്ലവി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു…
അമ്മേ അജു ഒന്ന് വീണു.. ചെറുതായി നെറ്റി പൊട്ടി.. ഹോസ്പിറ്റലിൽ മെർവിൻ ഉണ്ട് അമ്മക്ക് അറീല്ലേ.. അവനാ വിളിച്ചു പറഞ്ഞത്…
എനിക്കെന്റെ കുട്ടിയെ കാണണം.. നീ അജുനെ വിളിക് എനിക്ക് സംസാരിക്കണം..
അമ്മേ കുറച്ചു ബ്ലഡ് പോയി.. സ്റ്റിച് ഇട്ടിട്ടുണ്ടാവും…സെഡേഷൻ കൊടുത്തു അവൻ മയക്കത്തിൽ ആയിരിക്കും.. നമുക്ക് രാവിലെ പോകാം…
മെർവിൻ അവിടുണ്ട് എന്നുള്ള ആശ്വാസം… പിന്നെ ഉടനെ പോകാം എന്നു പറഞ്ഞാൽ അമ്മ കൂടുതൽ ടെൻഷൻ അടിക്കും എന്നു എനിക്ക് അറിയരുന്നു അതു കൊണ്ടാണ് രാവിലെ പോകാം എന്നു പറഞ്ഞത്…
അമ്മയെ ചേർത്ത് പിടിച്ചു ഉള്ളിലേക്കു നടക്കുമ്പോലേക്കും മനസ്സിൽ” ദത്തൻ ” ആ പേര് എഴുതി ചേർത്തിരുന്നു ഒരിക്കലും മറക്കാതിരിക്കാൻ….
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ അനുവിനോട് സംസാരിച്ച പല്ലവി.. അവൻ പറഞ്ഞ കാര്യങ്ങൾ നിധിയോട് പറഞ്ഞു… അപ്പോളാണ് അവളുടെ തേങ്ങൽ ഒന്നടങ്ങിയത്….
മോളെ.. നിധി…
ഹ്മ്മ്.. അവൾ ഒന്ന് മൂളി
ഈ ഡ്രസ്സ് ഒക്കെ മാറ്റു.. അജുവിന് കുഴപ്പം ഒന്നുമില്ല എന്നു ഉണ്ണിയേട്ടൻ പറഞ്ഞില്ലേ…
എന്നാലും ചേച്ചി എന്റെ മുൻപിൽ ഇട്ടാ…അയാൾ… അതോർക്കുന്തോറും അവളുടെ ഉള്ളിൽ ഉണ്ടാകുന്ന വിങ്ങൽ കണ്ണീരായി പുറത്തു വന്നു കൊണ്ടിരുന്നു..
പോട്ടെ… സാരമില്ല.
ചേച്ചി അയാളെ കല്യാണം കഴിക്കണ്ട… നമുക്കെവിടെലും പോകാം ചേച്ചി….
വിധി എന്നൊന്ന് ഉണ്ട് മോളെ.. നമ്മൾ ആരോട് ചേരണം എന്ന വിധി…. എന്റെ ആഗ്രഹവും സ്വപ്നങ്ങളും എനിക്ക് എന്റെ വിധിയായി വന്നാൽ…. എന്റെ കൈ പിടിക്കാൻ ഒരു കരുത്തുറ്റ കരങ്ങൾ ഉണ്ടാകും… എന്നും എല്ലാകാലത്തും ദൈവത്തിന് നമ്മളെ കൈ വിടാൻ ആവില്ല മോളെ…
നിധി എഴുന്നേറ്റു ജനലിനടുത്തേക് നടന്നു… ജനലഴികളിൽ മുഖം ചേർത്തു പുറത്തേക് നോക്കിയിരുന്നു… പുറത്തു പെയ്തു കൊണ്ടിരുന്ന കനത്ത മഴ മാറി തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു..
അജുവിനെ കുറിച്ച് പിന്നീട് ചോദിക്കാം പല്ലവി മനസ്സിൽ വിചാരിച്ചു..
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
നാലാമത്തെ പെഗ്ഗിൽ ഐസ് ക്യൂബ്സ് ഇട്ടു ഒറ്റവലിക് കുടിച്ചു ചുണ്ടും തുടച്ചു.. കസേരയിലേക് ചാഞ്ഞു വിശ്വനാഥൻ… ശ്രീലകത്തെ തെങ്ങും തോപ്പിനു നടുക്ക് കെട്ടിയുണ്ടാക്കിയ ഓടുമേഞ്ഞ രണ്ടു മുറിയും വരാന്തയും ഉള്ള ചെറിയ വീട്.. പണ്ട് പണിക്കാർക് താമസിക്കാനും.. തേങ്ങ പെറുക്കിയിടാനും വേണ്ടി ഉണ്ടാക്കിയത് ആണ്… ഇന്നത് വിശ്വനാഥന്റെ കള്ള് കുടിക്കും ഒളിസേവ യ്കും മാത്രം ആണ് ഉപയോഗിക്കുന്നത്.. ശ്രീലകത്തു നിന്നു വിശ്വനാഥൻ അല്ലാതെ മറ്റാരും അങ്ങോട്ടേക്ക് പോകാറും ഇല്ല…
വിശ്വനാഥന്റെയും ചിന്തയിൽ ഒരു പേര് മാത്രം ആയിരുന്നു… “ദത്തൻ “.. കുഞ്ഞുന്നാൾ മുതൽ ദത്തന്റെ ഓരോ വളർച്ചയും തന്റെ കണ്മുന്നിലായിരുന്നു….അവനിന്നു തന്റെ നേരേ വരെ കയ്യ് ഉയർത്താൻ ആയിരിക്കുന്നു… ദത്തന് അറിയില്ല വിശ്വനാഥനെ… അയാൾ മനസ്സിൽ ഓർത്തു അയാളുടെ ചുണ്ടുകളിൽ ഒരു പുച്ഛ ചിരി വിടർന്നു…
ദത്തൻ മനസ്സിൽ വന്നപ്പോൾ തന്നെ പല്ലവിയും മനസ്സിൽ വന്നു… പല്ലവി..വളർന്നത് അവളുടെ അമ്മയുടെ വീട്ടിലാണ് എന്നിട്ട് പോലും അവൾക് ദത്തനുമായി ഒരു അടുപ്പവും ഉണ്ടായിരുന്നില്ല.. ദത്തന്റെ മുൻപിൽ പോയി നിൽക്കുന്നതോ സംസാരിക്കുന്നതോ കണ്ടിട്ടില്ല.. പല്ലവി ചെറുപ്പം മുതൽ അവൾക്കു ചുറ്റും ഒരു വേലി കെട്ടിയിരുന്നു… പല്ലവിയോട് തനിക്കും വെറുപ്പായിരുന്നു.. ദേവന്റെ ചോര… എല്ലാർക്കും പ്രിയപ്പെട്ടവൻ ദേവൻ.. താൻ എന്നും ചവിട്ടി താഴ്ത്തപ്പെട്ടവൻ.. അച്ഛന് പോലും.. മൂത്ത മകനായ എന്നെ കാര്യം അല്ലായിരുന്നു.. ചെറിയമ്മയിൽ ഉണ്ടായ ദേവനെയും സാവിത്രിയോടും ആയിരുന്നു സ്നേഹം…
എല്ലാം വെട്ടി പിടിക്കാൻ വേണ്ടത് പണം ആണെന്ന് ഉപദേശിച്ചു തന്നത്.. പ്രഭാകരൻ ആണ്…. പിന്നെ വഴികളിൽ തടസ്സമായി വരുന്നതിനെ ഇല്ലാതാക്കാനും….തീർത്തു ഒന്നൊന്നായി.. ആദ്യം അനിയൻ ദേവൻ…പിന്നെ അളിയൻ.. കൃഷ്ണൻ… അപ്പോളാണ് എല്ലാത്തിനും കൂടെ നിന്ന പ്രഭാകരൻ തന്നെക്കാൾ ഒരു പടി മുന്നിൽ ആണെന്ന് കണ്ടത്…
മനസ്സിലെ ചതുരംഗ പലകയിൽ പ്രഭാകരൻ എന്ന കറുത്ത രാജാവിനെ തളക്കാനുള്ള കരു നീക്കങ്ങളുടെ ചരടുവലി നടന്നു കൊണ്ടിരിക്കുന്ന ഒരു സന്ധ്യയിൽ ആണ് പ്രഭാകരന്റെ ആ കാൾ വന്നതു…
വിശ്വൻ അളിയാ ഒന്ന് വീട് വരെ വാ ഒരു കാര്യം ഉണ്ട്…
വീട്ടിൽ എത്തിയപ്പോൾ.. നെഞ്ച് തടവി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന പ്രഭാകരനെ കണ്ടപ്പോളെ കാര്യമായത് എന്തോ സംഭവിച്ചിട്ടുണ്ട് എന്നു മനസ്സിലായി..
എല്ലാം നശിപ്പിച്ചു അളിയാ.. ആ തല തെറിച്ച സന്തതി… ആ റെയിൽവേ സ്റ്റേഷന് അടുത്തുണ്ടായിരുന്ന സ്ഥലം അവൻ വിറ്റു….
അതു കുറച്ചു സ്ഥലം അല്ലേ അളിയാ.. അതിനെന്തിനാ ഇങ്ങനെ വെപ്രാള പെടുന്നെ…
അവനിപ്പോ പത്തു അറുപതു ലക്ഷത്തിന്റെ ആവശ്യം എന്താ… അവൻറെ തള്ളേ കെട്ടിക്കാനാണോ… ഇങ്ങനെ പോയാൽ അവൻ എന്നെ പിച്ച എടുപ്പിക്കും….
അല്ലേൽ അവനെന്താ വേറെ പെണ്ണുമ്പിള്ളേം പിള്ളേരും ഉണ്ടോ… ഇത്ര ചെലവ് വരാൻ… അല്ലേൽ അവൻറെ ആരേലും ചാവാറായി കിടക്കുന്നുണ്ടോ…
എന്നിട്ടു ദത്തൻ എന്തിയെ അളിയാ….
ആ ആർക്കറിയാം.. രാവിലെ ബാഗും എടുത്തു ഇറങ്ങുന്ന കണ്ടു.. ബാംഗ്ലൂർ പോയിട്ടുണ്ടാവും…
ബാംഗ്ലൂർ ഒന്ന് അന്വേഷിച്ചു നോക്കിയാലോ.. ദത്തന് അവിടെന്താ പരുപാടി എന്നറിയല്ലോ…
ഹ്മ്മ് അന്വേഷിക്കണം.. പ്രഭാകരന്റെ സ്വരം കനത്തിരുന്നു….
അളിയൻ വിഷമിക്കേണ്ട ആ കാര്യം എനിക്ക് വിട്ടേക്… ദത്തന്റെ പിന്നിൽ ഒരു നിഴൽ പോലെ ഞാനുണ്ടാകും… നമുക്ക് ശെരിയാക്കാം എന്നു…
പിന്നീടുള്ള ദിവസങ്ങളിൽ ദത്തന്റെ പുറകെ ആയിരുന്നു….
ദത്തന് ഒരു പെണ്ണുമായിട് ഉണ്ടായിരുന്ന അടുപ്പം അങ്ങനെയാണ് മനസ്സിലായത്..
ആദ്യം അവരെ രണ്ടു പേരെയും കണ്ടത് ഒരു ഹോസ്പിറ്റലിൽ വെച്ചായിരുന്നു… പിന്നീട് അവളെ അവളുടെ വീട്ടിൽ കൊണ്ട് വിടുന്നത് വരെയും അവൻറെ പിറകിൽ തന്നെ ഉണ്ടായിരുന്നു…
പല വട്ടം ദത്തന്റെ വണ്ടിയുടെ പിറകിൽ അവൾ പോകുന്നതും വീട്ടിൽ കൊണ്ട് വിടുന്നതും കണ്ടപ്പോൾ തന്നെ തീർച്ച പെടുത്തിയിരുന്നു പണം പോകുന്ന വഴി..
എല്ലാ വിവരവും പ്രഭാകരനെ വിളിച്ചു പറഞ്ഞു…
കൂടുതലൊന്നും ചിന്തിക്കാനില്ല… തീർതേക്കാൻ ആണ് തീരുമാനിചതു
ആ പെണ്ണിനെ ഒറ്റക് കിട്ടാൻ കാത്തിരുന്നു… പക്ഷെ ദത്തന്റെ കൂടെ അല്ലാതെ അവളെ കണ്ടു കിട്ടിയില്ല….
പ്രഭാകരനെ ആ വിവരം അറിയിച്ചപ്പോൾ അവൻ പറഞ്ഞത് ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്..
“എലിയെ പേടിച്ചു സ്വന്തം ഇല്ലം ആരും ചുടാറില്ല… അന്യന്റെ ഇല്ലം ആണേൽ ധൈര്യായിട് ചുടാം… “
ദത്തൻ നാട്ടിലേക്കു പോയ ദിവസമാണ് എല്ലാം തീർക്കാൻ ആയി തിരഞ്ഞെടുത്തത്….
രാത്രിയില് വീടിന്റെ പുറത്തു ഉണ്ടായിരുന്ന മെയിൻ സ്വിച്ച് ഓഫ് ചെയ്തു രണ്ടു ഗ്യാസ് സിലിണ്ടറുകളുടെ പൈപ്പ് വിൻഡോയുടെ ഉള്ളിലേക്കു ഇട്ടു ഓപ്പൺ ചെയ്തും വെച്ചു…. കുറച്ചു ദൂരെ ആയി അധികം ഒന്നും കാത്തിരിക്കേണ്ടി വന്നില്ല… അത്ര ശബ്ദത്തോടെ ആയിരുന്നു സ്ഫോടനം.. തീ കത്തി പുകച്ചുരുളുകൾ മുകളിലേക്കു പോകുന്നത് ആസ്വദിച്ചു നിന്നാണ് കണ്ടത്… തന്റെ കണക്കു കൂട്ടലുകളെ തെറ്റിക്കാൻ വന്ന ഒരു കുടുംബം കൂടെ തീർന്നിരിക്കുന്ന സംതൃപ്തിയിൽ ആണ് നാട്ടിലേക്കു തിരിച്ചതു …
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
വെളുപ്പിനെ തന്നെ മംഗലാപുരത്തേക് പോകാൻ റെഡി ആയി…
അമ്മയുടെ മുഖം കണ്ടപ്പോൾ മനസ്സിലായി അമ്മ ഉറങ്ങിയിട്ടിലാരുന്നു എന്നു….ഞാനും ഉറങ്ങിയിരുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു…
“അമ്മേ ഇറങ്ങാം എങ്ങനെ ആയാലും നാലു മണിക്കൂർ എടുക്കും മംഗലാപുരത്തു എത്താൻ..” അപ്പോളെക്കും അമ്മ വണ്ടിയിൽ കയറി ഇരുന്നു…
ഞാൻ വണ്ടിയിലേക്ക് കയറാൻ തുടങ്ങുമ്പോൾ പല്ലവിയുടെ കാൾ വന്നു…
“ഉണ്ണിയേട്ടാ.. പോകാൻ ഇറങ്ങിയോ.. “
“ഹ്മ്മ് ഞങ്ങൾ ഇറങ്ങാൻ പോകുന്നു.. “
“ഞാനൂടെ വരട്ടെ “.
“വേണ്ട ചിന്നു .. പറ്റിയാൽ ഞാൻ ഇന്ന് തന്നെ അജുവിനെ ഇങ്ങോട്ട് കൊണ്ട് വരും.. പിന്നെ ഹോസ്പിറ്റലിൽ ഞാനില്ലാത്തതു അല്ലേ നീ കൂടെ ഇല്ലേൽ ശെരി ആവില്ല.. “
“ഹ്മ്മ് ശെരി ഉണ്ണിയേട്ടാ… അവിടെ എത്തിയ ഉടനെ വിളിക്കണേ…”
“ഓക്കേ… “
“നിധിയെ ദത്തൻ ഒരുപാട് ഉപദ്രവിച്ചോ…ചിന്നു… “
“ഹ്മ്മ് കുറച്ചു…എന്റെ അടുത്തുണ്ട്… ഒരുപാട് കരഞ്ഞു….”
“ഹ്മ്മ് ഞങ്ങൾ വരാൻ രാത്രി ആവും എന്തായാലും.. ഞാൻ വിളികാം അവിടെ എത്തീട്ട്.. “
“ആരാ ഉണ്ണീ… ഹോസ്പിറ്റലിന് ആണൊ.. “ഉദ്വേഗത്തോടെ അമ്മ തിരക്കി.
“അല്ല അമ്മേ ഇത് പല്ലവി വിളിച്ചതാ.. “
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു… പുറത്തു റോഡിലേക് ഇറങ്ങി…
മംഗലാപുരത്തു എത്തുമ്പോളേക്കും 9മണി കഴിഞ്ഞിരുന്നു.. ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്നു…ഉള്ളിലേക്കു കടക്കുമ്പോൾ ഇടതു വശത്തെ കാന്റീനിൽ നിന്നും നടന്നു വരുന്ന മെർവിനെ കണ്ടിരുന്നു…. വണ്ടി കോമ്പൗണ്ടിനുള്ളിൽ പാർക്ക് ചെയ്തു…
അവന്റെ അടുത്തേക് നടന്നു… ദൂരെ നിന്നു നടന്നു വരുമ്പോളേക്കും അവൻ എന്നെയും അമ്മയെയും കണ്ടിരുന്നു… അവൻ ഓടി അമ്മയുടെ അടുത്ത് വന്നു.. കാലിൽ തൊട്ടു തൊഴുതു…
ഞാനും അവനെ കണ്ടിട്ട് കുറച്ചു നാൾ ആയിരുന്നു… അവൻ വന്നു കെട്ടിപിടിച്ചു..
“അമ്മ വല്ലാതെ ടെൻഷൻ അടിച്ചെന്ന് തോന്നുന്നല്ലോ… “മെർവിൻ ചോദിച്ചു..
പിന്നെ ടെൻഷൻ അടിക്കാതെ…ഇങ്ങനെ വിചാരിക്കാത്തതു ഒക്കെ നടക്കുമ്പോ.. അമ്മ യുടെ വിഷമം വാക്കുകളിൽ ഉണ്ടായിരുന്നു.
“ഹേയ് ടെൻഷൻ ഒന്നും അടിക്കണ്ട… കേട്ടോ.. അജുവിന് കുഴപ്പം ഒന്നുമില്ല..ഇപ്പൊ റൂമിലേക്കു മാറ്റാം.. വാ.. ” അമ്മയെയും പിടിച്ചു അവൻ നടന്നു
പിന്നാലെ നടന്ന എന്നോട് തിരിഞ്ഞു നോക്കി അവൻ പറഞ്ഞു.. “വാടാ അളിയാ എത്ര നാളായി കണ്ടിട്ടു… നീ കണ്ണൂരേക് മാറി അല്ലേ….”
“മാറിയെടാ.. ആരെയും അറിയിച്ചില്ല.. പെട്ടെന്നായിരുന്നു.. നമ്മുടെ പ്രിത്വിയുടെ കൂടെ… “
“നമ്മുടെ ഡോണ കൊച്ചു എന്ന പറയുന്നു…” ചിരിച്ചു കൊണ്ടാണ് അവൻ ചോദിച്ചത്..
“ഹോ ഒന്നും പറയണ്ട.. “
“പഴേ പോലൊക്കെ തന്നെ ആവും അല്ലേ രണ്ടും.. എപ്പോളും തല്ലും പിടിയും… അവൻ പഴയ ഓർമയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു…
ഞങ്ങൾ സംസാരിച്ചു കൊണ്ട് കോറിഡോറിലൂടെ നടന്നു…. ICU വിന്റെ മുന്നിലെത്തി..
അമ്മേ ICU ഒന്നും കണ്ടു പേടിക്കണ്ട…അവനു അത്ര പ്രശ്നം ഒന്നുമില്ല.. ജസ്റ്റ് ഒബ്സർവേഷന് വേണ്ടി ഇവിടെ കിടത്തിയതാ… നിങ്ങള് വാ..
എന്നെയും അമ്മയെയും കൂട്ടി അവൻ ICU വിന്റെ ഡോർ തുറന്നു ഉള്ളിലേക്കു നടന്നു..
അജു കണ്ണടച്ച് കിടക്കുക ആയിരുന്നു… അമ്മ ഓടിച്ചെന്നു…
“മോനെ അജു. ” അവൻറെ കൈകളിൽ തൊട്ടുകൊണ്ടു വിളിച്ചു.
പ്രസവിച്ച കുഞ്ഞിനെ ആദ്യമായി കാണുന്ന മാതൃ ഭാവം ആ മുഖത്തു നിഴലിച്ചിരുന്നു…
അവൻറെ തലയിലെ ബാൻഡേജിൽ അമ്മ തലോടി… അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..
ചെറുപ്പത്തിലും അങ്ങനെ ആയിരുന്നു ഞാനോ അജുവോ എവിടേലും വീണു എന്തേലും മുറിവ് പറ്റിയാൽ അമ്മയ്ക്ക് ഭയങ്കര ടെൻഷൻ ആയ്രിരുന്നു.. പിന്നെ കുറെ ദിവസത്തേക്ക് കളിക്കാനെ അനുവാദം ഉണ്ടാകില്ല…
അജു മെല്ലെ കണ്ണുകൾ തുറന്നു… ആ മുഖത്തെ വിഷമം എന്തിനാണെന്ന് എനിക്ക് മനസ്സുലായിരുന്നു… ഞങ്ങളെ കണ്ടു ആ കണ്ണുകൾ തുളുമ്പി വന്നു…
ഏട്ടാ എനിക്ക് ഒന്ന് ഫോൺ വിളിക്കണം..
“പേടിക്കേണ്ട നിധി അവളുടെ വീട്ടിലുണ്ട്.. ” അമ്മ മെർവിനോട് എന്തോ സംസാരിക്കുന്ന തക്കത്തിന് ഞാൻ അജുവിനോട് പറഞ്ഞു… അവൻറെ മുഖത്തു ഒരു ആശ്വാസം വിരിയുന്നത് ഞാൻ കണ്ടു.. പക്ഷെ പെട്ടെന്ന് എന്നെ വിശ്വാസം വരാത്തത് പോലെ എന്നെ നോക്കി… ഞാൻ എങ്ങനെ അറിഞ്ഞു എന്നുള്ള ഭാവം ആ മുഖത്തു ഉണ്ടായിരുന്നു…
എടാ.. അനു.. ഞാൻ അജുവിനെ റൂമിലേക്കു മാറ്റാനുള്ള ഫോര്മാലിറ്റീസ് നോക്കട്ടെ… ഇവിടെ അധിക നേരം നിക്കാനുള്ള പെർമിഷൻ ഇല്ല.. നമുക്ക് അജുനെ റൂമിലേക് മാറ്റിയിട്ടു സംസാരിക്കാം…
മെർവിൻ അര മണിക്കൂറിനുള്ളിൽ.. അജുവിനെ റൂമിലേക്കു മാറ്റാനുള്ള ഫോര്മാലിറ്റീസ് ഒക്കെ ചെയ്തു.. ഹോസ്പിറ്റലിൽ അടക്കേണ്ട അഡ്വാൻസ് ഒക്കെ അവൻ പേ ചെയ്തിരുന്നു… ഞാൻ അവൻറെ കയ്യിൽ കാഷ് എടുത്തു കൊടുത്തെങ്കിലും അവൻ വാങ്ങിയില്ല… “എന്റെയും കൂടെ അനിയൻ അല്ലേ അവൻ അല്ലേ അമ്മേ.. അജുവിന്റെ കവിളിൽ തട്ടി.. അവൻ അമ്മയോടായി പറഞ്ഞു..”
“അമ്മ ചിരിച്ചു…ഹ്മ്മ് തല്ലു കൊള്ളിത്തരത്തിനു അജുവിന്റെ ചേട്ടനാ മോൻ എനിക്കറിയാം… അമ്മ എന്തോ ഓർത്തു പറഞ്ഞു “
മൂടി കെട്ടി നിന്ന അന്തരീക്ഷത്തിനു ഒരു അയവു വന്ന പോലെ എനിക്ക് തോന്നി…
പുറത്തേക്കിറങ്ങുമ്പോൾ മെർവിൻ പറഞ്ഞു.. അമ്മ അതൊക്കെ ഓർക്കുന്നുണ്ടല്ലേ….
പിന്നില്ലാതെ..
ഞാനും ആ കാര്യങ്ങൾ ഓർക്കുക ആയിരുന്നു…
പണ്ട് വീട്ടിൽ വരുമ്പോൾ മെർവിനും അജുവും കൂടെ വൈകുന്നേരം ഒരു കറങ്ങാൻ പോക്കുണ്ട്…അതെത്തി നിക്കുന്നത് കേരള വർമ്മ കോളേജിന്റെ ഫ്രണ്ടിൽ ആയിരുന്നു മിക്കവാറും.. മെയിൻ ഉദ്ദേശം വായിനോട്ടം തന്നെ അജു എട്ടിലോ ഒമ്പതിലോ പഠിക്കുന്ന സമയം…മെർവിന് ഇഷ്ടമുള്ള പെണ്പിള്ളേരുടെ മൊബൈൽ നമ്പർ മേടിക്കുക എന്നതാണ് അജുവിന്റെ ഡ്യൂട്ടി… അജു ചെറിയ കുട്ടി ആയതോണ്ട്.. പെൺപിള്ളേരോട് ചേച്ചി അത്യാവശ്യം വീട്ടിലേക് വിളിക്കാൻ ആണെന്നൊക്കെ പറഞ്ഞു മൊബൈൽ വാങ്ങി മെർവിന്റെ ഫോണിലേക്കു ഡയൽ ചെയ്യും…
നമ്പർ കിട്ടി കഴിഞ്ഞാൽ പിന്നെ മെർവിൻ നല്ല കോഴി ആണ്… പക്ഷെ ഈ പരുപാടി ഒരു ദിവസം പൃഥ്വി കണ്ടു പിടിച്ചു… അമ്മയ്ക്ക് ഒറ്റി കൊടുത്തു… അതോടെ.. രണ്ടിന്റെയും ചെവിക്കു നല്ല കിഴുക്ക് കിട്ടി…. MBBS കഴിഞ്ഞു അവൻ ന്യൂറോ സയൻസിൽ MD ചെയ്യാൻ പോയതിൽ പിന്നെ കണ്ടു മുട്ടലുകൾ കുറഞ്ഞു.. ഇടക്കുള്ള വിളിയും..പിന്നീട് തിരക്കുകൾ കൂടി കൊണ്ടിരുന്നപ്പോൾ അതു മെസ്സേജുകളിലേക്കും ആയി ചുരുങ്ങിയിരുന്നു….
അജുവിന് നടക്കാൻ പറ്റുമായിരുന്നെങ്കിലും വീൽ ചെയറിൽ ആണ് റൂമിലേക്കു കൊണ്ട് വന്നതു.. കൂടെ വന്നത് കിലുക്കാം പെട്ടി പോലെ വര്ത്തമാനം പറയുന്ന ഒരു സിസ്റ്ററും…
മെർവിൻ ചേട്ടന്റെ ഫ്രണ്ട്‌സ് ആണല്ലേ..
അതെ..
ഹ്മ്മ് ചേട്ടന് പറഞ്ഞാരുന്നു…
എടാ. പരിചയപ്പെടുത്താൻ മറന്നു ഇത്.. എലീന… ഞങ്ങള് അങ്ങ് കെട്ടാൻ തീരുമാനിച്ചു….പിന്നിൽ വന്ന മെർവിൻ നടന്നു ഞങ്ങളുടെ ഒപ്പം എത്തി കൊണ്ട് പറഞ്ഞു…
“കോഴി കൂട്ടിൽ കേറാൻ തീരുമാനിച്ചു ” അജു പറഞ്ഞതു.. ഒരു കൂട്ടചിരിയിലാണ് കലാശിച്ചത്..
മെർവിനു റൗണ്ട്സിനു പോകാൻ സമയം ആയിരുന്നു.. അപ്പോളേക്കും അജുവിന്റെ കുറെ ഫ്രണ്ട്സും വന്നിരുന്നു.. അവൻറെ ക്ലാസ്സ് മുഴുവൻ വന്നതു പോലെ എനിക്ക് തോന്നി… ആൺ കൂട്ടികളും പെൺകുട്ടികളുമായി കുറെ പേരുണ്ടായിരുന്നു…അമ്മയും അജുവും അവരോടു സംസാരിച്ചിരിക്കുമ്പോൾ…ഞാൻ മെർവിന്റെ കൂടെ പുറത്തേക് ഇറങ്ങി..
എടാ ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാല്ലോ അല്ലേ.. വേണെങ്കിൽ അവിടെ ഹോസ്പിറ്റലിൽ നോക്കാല്ലോ..
അതിനെന്താ കുഴപ്പമില്ല.. ഒരു 7ഡേയ്‌സ് കഴിഞ്ഞു ബാൻഡേജ് മാറ്റണം.. സ്റ്റിച് ഉണങ്ങാൻ സമയം എടുത്തേക്കും.. അതു നിനക്ക് ചെയ്യാവുന്നതേ ഉള്ളൂ.. കുറച്ചു റസ്റ്റ് എടുക്കട്ടേ വീട്ടിൽ… തല വേദന എന്തേലും ഉണ്ടേൽ നീ എന്നെ വിളിക്… കൂടുതൽ മെഡിസിൻ ഒന്നും വേണ്ട ജസ്റ്റ് ഒരു acetaminophen മാത്രം മതി പെയിൻ റിലീഫിനു … പിന്നെ ബ്ലഡ് കുറച്ചു പോയിരുന്നു.. വേറെ ബ്ലഡ് കേറ്റി എങ്കിലും.. കുറച്ചു ഷീണം ഉണ്ടാവും.. നിന്നോട് ഇതൊന്നും പ്രത്യേകിച്ചു പറയണ്ടല്ലോ… ഉച്ച കഴിയുമ്പോളേക്കും ഡിസ്ചാർജിന്റെ കാര്യങ്ങൾ ഞാൻ ചെയ്യാം.. ഓക്കേ..
തിരിച്ചു അജുവിന്റെ അടുത്തേക് നടക്കുമ്പോൾ പ്രിത്വിയുടെ കാൾ വന്നു..
അനു എങ്ങനുണ്ട് അജുവിന്..
കുഴപ്പമില്ലെടാ ഇപ്പോൾ റൂമിലേക്കു മാറ്റി.. വൈകുന്നേരം ഡിസ്ചാർജ് ചെയ്തു വീട്ടിലേക് വരാം.. അവിടെ കുഴപ്പം ഒന്നുമില്ലലോ..
“ഇല്ല ഇവിടെ കുഴപ്പം ഒന്നുമില്ല..പിന്നെ പല്ലവി ഉണ്ടല്ലോ.. ആള് പക്ഷെ ഇന്ന് ഭയങ്കര ഡൾ ആണല്ലോ.. നീയില്ലാത്തതു കൊണ്ടാണോ… “
ആയിരിക്കില്ല വേറൊരു കാര്യം ഉണ്ട്.. ഞാൻ നാളെ വരുമ്പോ പറയാം..
അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.. ഡിസ്ചാർജ് ചെയ്തു ഇറങ്ങുമ്പോളെക്കും അഞ്ചു മണി കഴിഞ്ഞിരുന്നു… ഇതിനിടയിൽ രണ്ടു പ്രാവശ്യം പല്ലവി വിളിച്ചു… അവളോട് ഡിസ്ചാർജ് ആയ കാര്യം പറഞ്ഞു… നിധിയോടും പറഞ്ഞേക്കാൻ പറഞ്ഞാണ് ഫോൺ കട്ട് ചെയ്തത്….
ഡിസ്ചാർജിന്റെ ഫോര്മാലിറ്റീസ് തീരാൻ അഞ്ചു മണിയായി.. അതിനിടയിൽ ഞാനും അനന്തുവും പോയി അജുവിന്റെ ബുള്ളറ്റ് വർക്ഷോപ്പില് ഏൽപ്പിച്ചു… പോകുന്ന വഴി അജുവിനെയും നിധിയെയും കുറിച്ച് അനന്തു പറഞ്ഞു… എനിക്കറിയാം എന്ന ഭാവത്തിൽ ഇരുന്നതേ ഉള്ളൂ…അവൻറെ സംസാരത്തിൽ നിന്നറിഞ്ഞു നിധി നല്ല കുട്ടി ആണെന്നും… അജുവിന് നിധി എന്നു വെച്ചാൽ ജീവൻ ആണെന്നും…
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ മെർവിനും എലീനയും വണ്ടി പാർക്ക് ചെയ്തിരുന്നിടത്തു വരെ വന്നു.. രണ്ടാളും വീട്ടിലേക് വരാം എന്നു പറഞ്ഞാണ് യാത്ര അയച്ചത്..
അമ്മ എടുത്തിരുന്നത് കൊണ്ട് അജുവിനോട് വണ്ടിയിൽ വെച്ചു.. നടന്ന സംഭവങ്ങളെ കുറിച്ചൊന്നും ചോദിച്ചില്ല..അമ്മ ആക്‌സിഡന്റിനെ കുറിച്ച് ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു.. പക്ഷെ എനിക്ക് എന്തോ കാര്യങ്ങൾ അറിയാം എന്നു അവനു മനസ്സിലായത് കൊണ്ട് അവൻ മറുപടി പറയാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു…
അമ്മേ ഇപ്പോൾ അവൻ റസ്റ്റ് എടുക്കട്ടെ.. വീട്ടിൽ എത്തിയിട്ട് ചോദിക്കാല്ലോ വിവരങ്ങൾ ഒക്കെ.. അധികം സംസാരിക്കേണ്ട… സ്റ്റിച് ഇട്ടതല്ലേ… നീ കിടന്നോ അജു..
ഞാൻ പറഞ്ഞത് ശരിയാണെന്നു അമ്മയ്ക്കും തോന്നിയിരിക്കണം.. അമ്മയും പിന്നിലെ സീറ്റിൽ ചാഞ്ഞിരുന്നു… കാഞ്ഞങ്ങാട് കഴിഞ്ഞപ്പോളേക്കും നന്നായിട്ടു ഇരുൾ വീണിരുന്നു… പിന്നിലോട്ടു പോകുന്ന വഴി വിളക്കുകളും.. ഇട തടവില്ലാതെ ഒഴുകുന്ന വാഹനങ്ങളും… കണ്ണിൽ ഉറക്കം വരുന്നത് പോലെ തോന്നിയത് കൊണ്ട് ഒരു ചായ കുടിക്കാം എന്നു വെച്ചു…. ഹൈവേ സൈഡിൽ ഒക്കെ തട്ട് കടകൾ ഉണ്ടായിരുന്നു…വല്ല്യ ഹോട്ടലിൽ നിന്നു കഴിക്കുന്നതിലും എനിക്കിഷ്ടം തട്ട് കടകളിൽ നിന്നു കഴിക്കുന്നതായിരുന്നു…
വഴിസൈഡിൽ കുറച്ചു തിരക്കൊക്കെ കണ്ട ഒരു തട്ടുകടയുടെ അരികിൽ വണ്ടി നിർത്തി…
മയക്കത്തിൽ ആയിരുന്ന അമ്മ കണ്ണ് തുറന്നു നോക്കി… അജുവിനെ നോക്കുമ്പോൾ അവനെന്തോ ചിന്തിച്ചു പുറത്തേക് നോക്കി ഇരിക്കുക ആയിരുന്നു..
നമുക്ക് ഓരോ ചായ കുടിക്കാം… ഞാൻ പറഞ്ഞു..
എനിക്ക് മധുരമില്ലാതെ കടുപ്പത്തിൽ ഒരു ചായ .. അമ്മ പറഞ്ഞു
ഏട്ടാ എനിക്ക് ചായ വേണ്ട.. ഒരു ബോട്ടിൽ വെള്ളം വാങ്ങിയ മതി.. അജു പറഞ്ഞു..
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ചെന്നു..
“ക്യാ ചാഹിയെ സാർ ” ഒരു ഹിന്ദിക്കാരൻ അടുത്തേക് വന്നു…
“ദോ ചായ് ദെഥോ ഭായ്.. ഏക് മേ സക്കർ നഹി ചാഹിയെ “
അവൻ രണ്ടു ചായ കൊണ്ടുവന്നു.. അപ്പോളാണ് അജു പറഞ്ഞ വെള്ളത്തിന്റെ കാര്യം ഓർമ വന്നതു…
“ഭായ് ഏക് ബോട്ടിൽ പാനി ഭി ചാഹിയെ.. “
ഓക്കേ സാർ.. ബഡാ വാല ചാഹിയെ ഓർ ചോട്ടാ വാല.. അവൻ സംശയത്തോടെ ചോദിച്ചു..
ഞാൻ കാശെടുത്തു കൊടുത്തിട്ടു പറഞ്ഞു..
“ബഡാവാല ദോ… “
ഞാൻ അമ്മകുള്ള ചായ അമ്മയുടെ കയ്യിൽ കൊടുത്തിട്ടു വന്നു… അപ്പോളേക്കും.. അവൻ ബാക്കി പൈസയും ഒരു ബോട്ടിൽ വെള്ളവും കൊണ്ട് തന്നു…
ഞാൻ വണ്ടിക്കു പുറത്തു നിന്നു പല്ലവിയുടെ നമ്പറിലേക് ഡയൽ ചെയ്തു..
പല്ലവി അപ്പോളേക്കും വീട്ടിൽ എത്തിയിരുന്നു… രണ്ടു ബെല്ലിനു തന്നെ അവൾ അറ്റൻഡ് ചെയ്തു വിളി കാത്തിരുന്ന പോലെ…
ചിന്നു.. ഞങ്ങൾ ഓൺ ദി വേ ആണ്… പതിനൊന്നു മണിയെങ്കിലും ആവും വീട്ടിൽ എത്താൻ…
ഹ്മ്മ്.. ഉണ്ണിയേട്ടാ…നിധിക് അജുവിനോട് സംസാരിക്കണം എന്നു….
ഹ്മ്മ് ഞാൻ കൊടുക്കാം..
അപ്പച്ചി ഇല്ലേ കൂടെ..
ഉണ്ട്.. ഒരു ചായ കുടിക്കാൻ നിർത്തിയതാ…
ഞാൻ അവനെ പുറത്തേക് വിളികാം.. ഫോൺ കട്ട് ചെയ്യണ്ട…
ഞാൻ ചെന്നു അജു ഇരിക്കുന്ന ഭാഗത്തെ ഡോർ തുറന്നു…
അജു ഒന്ന് പുറത്തേക് ഇറങ്ങിക്കോ.. കുറച്ചു നേരം ആയില്ലേ ഇരിക്കുന്നു…
വേണ്ട ഏട്ടാ കുഴപ്പം ഇല്ല.. അവൻറെ കുസൃതിയും കുറുമ്പും ഒക്കെ എവിടെയോ പോയ പോലെ എനിക്ക് തോന്നി…
അമ്മ കാണാതെ ഫോൺ കാണിച്ചിട്ട് അവനോട് ഇറങ്ങി വരാൻ പറഞ്ഞു..
അവൻ നോക്കിയപ്പോൾ ഞാൻ ആർക്കോ കാൾ ചെയ്യുക ആണെന്ന് മനസിലായി..
അവൻ പുറത്തേക് ഇറങ്ങി..
അടുത്ത് തന്നെ ഒരു പെട്രോൾ പമ്പ് കണ്ടത് കൊണ്ട്.. ഞാൻ അമ്മയോട് ചോദിച്ചു അമ്മേ വാഷ്‌റൂമിൽ പോകണോ…
ങ്ങാ ഞാൻ പറയാൻ വരുവായിരുന്നു ഉണ്ണീ…
ഞാൻ അമ്മയേം കൊണ്ട് അങ്ങോട്ട് നടന്നു.. അതിനിടയിൽ ഫോൺ അജുവിന്റെ കയ്യിൽ കൊടുത്തിട്ടു.. നിധിയാണ് സംസാരിക്കു എന്നു പറഞ്ഞു…
അവൻ അപ്പോളും അത്ഭുതത്തോടെ എന്നെ നോക്കി… ഞാൻ കൂടുതൽ ഒന്നും പറയാതെ അമ്മയേം കൊണ്ട് മുന്നോട്ട് നീങ്ങി… പത്തു മിനിട്ടോളം കഴിഞ്ഞ് ആണ് ഞങ്ങൾ തിരിച്ചു വണ്ടിയുടെ അടുത്തേക് വന്നതു… അപ്പോളും അജു ഫോൺ വെച്ചിരുന്നില്ല…
“ഇവൻ ഇതർക്കാ ഈ ഫോൺ ചെയ്യുന്നേ വയ്യാതിരിക്കുമ്പോ “…
അവൻറെ ഫ്രണ്ട്‌സ് ആരേലും ആയിരിക്കും അമ്മേ..
ഞങ്ങളെ കണ്ട കൊണ്ട് അവൻ പെട്ടെന്ന് ഫോൺ വെച്ചു… പക്ഷെ അവൻറെ മുഖത്തു.. ഇത്ര നേരം ഇല്ലാതിരുന്ന സന്തോഷം വന്നതെനിക് മനസ്സിലായി…
ഏട്ടാ എനിക്കും ചായ വേണം… വണ്ടിക്കടുതെക് ചെന്നപ്പോൾ അവൻ പറഞ്ഞു.. അമ്മയെ വണ്ടിയിൽ ഇരുത്തിയിട്ട്.. അവനു ചായ മേടിച്ചു കൊടുക്കാൻ മുന്നോട്ട് നടന്നു..
ഫോൺ എന്റെ കയ്യിൽ തിരിച്ചു തരുമ്പോൾ അവൻ മടിച്ചു മടിച്ചു ചോദിച്ചു… ഏട്ടന് എങ്ങനാ നിധിയെ…
ഓഹ്.. അപ്പോൾ നിധി എന്തായാലും ബന്ധം പറഞ്ഞിട്ടില്ല..
നീ എന്നോടും എല്ലാ കാര്യങ്ങളും പറഞ്ഞിട്ടില്ലല്ലോ… അപ്പോ ഇതും അറിയണ്ട.. ഞാൻ ഗൗരവത്തിൽ പറഞ്ഞു..
ഏട്ടാ അതു…
ആ കുട്ടി കാരണമല്ലേ.. ഇപ്പോൾ ഇതൊക്കെ സംഭവിച്ചത്…
അവൻ മുഖം താഴ്ത്തി നിന്നു…
അതു പിന്നെ ചേട്ടന്റെ ചിന്നു ചേചീടെ കയ്യിൽ ഒരുത്തൻ അനാവശ്യമായി കേറി പിടിച്ചാൽ ഏട്ടൻ എന്ത് ചെയ്യും..
കൊല്ലും ഞാൻ അവനെ… അറിയാതെ ചാടി കേറി പറഞ്ഞതാണ്.. എന്റെ എക്സ്പ്രെഷൻ കണ്ടിട്ടാവണം അജുവിന് ചിരി വന്നു…
അത്രേ ഞാനും ചെയ്തുള്ളു പക്ഷെ അവർ അഞ്ചാറു പേരുണ്ടാരുന്നു.. അതിലൊരുത്തൻ പിന്നീന് വന്നതു കണ്ടില്ല..
ഹ്മ്മ് ഞാൻ അറിഞ്ഞു…
അല്ല നീ എന്താ പറഞ്ഞത് എന്റെ ചിന്നു ചേച്ചിയോ…??
ങ്ങാ.. ഞാൻ കണ്ടു ഫോണിൽ സേവ് ചെയ്തു വെച്ചിരിക്കുന്നത്…
എന്ത്
ചിന്നു എന്നു..
അതിനു..?
ഈ ചിന്നു.. നിധിയുടെ ചേച്ചി ആണെന്ന് എനിക്കറിയാം…പക്ഷെ ഏട്ടന് എങ്ങനെ അറിയാം ആ ചേച്ചിയെ…..
അതെന്റെ കൂടെ വർക്ക് ചെയ്യുന്ന കുട്ടിയാ..
ഓഹ് അങ്ങനെ… പല്ലവി എന്ന പേര് ഏട്ടൻ എന്തിനാ ചിന്നു എന്നു സേവ് ചെയ്തേക്കുന്നെ..
നീയേ സേതുരാമയർ കളിക്കാതെ.. ചായ കുടിച്ചിട്ട് വാ…
ഹ്മ്മ് ഞാൻ കണ്ടു പിടിച്ചോളാട ഏട്ടാ…അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
അവൻ എന്റെ അജുവായി മടങ്ങി വരുന്നത് കണ്ടതു കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല…
ചായ കുടിച്ചു വന്നു വണ്ടിയിൽ കയറി..
വീട്ടിൽ എത്തുമ്പോളേക്കും പതിനൊന്നു മണി കഴിഞ്ഞിരുന്നു. ഭക്ഷണം വഴിക് ഒരു ഹോട്ടലിൽ നിന്നു കഴിച്ചിരുന്നു.. ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“ഷണ്ഡൻ “.. ഇരമ്പുന്ന തിരകളുടെ ഹുങ്കാരത്തോടൊപ്പം പല്ലവിയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നു… അവളുടെ ഓരോ വാക്കുകളും തന്റെ ഉള്ളിൽ പക ജനിപ്പിക്കുന്നു…
പ്രത്യേകിച്ചും ആ വാക്കുകൾ…” ഷണ്ഡൻ ” ആരുടെയോ കണ്ണുനീർ തന്റെ ചുമലുകളെ നനയ്ക്കുന്നതായി ദത്തന് തോന്നി.. ആരോ തന്റെ തോളിൽ തല വെച്ചു വിതുമ്പുന്നുവോ… ഇല്ല ആർത്തിരമ്പി അടിച്ചുയർന്ന്നു വന്ന തിര….അതു പടർത്തിയ നനവ്…തിരയിൽ നിന്നും തീരത്തേക് കയറി അവൻ നടന്നു… ബീച്ചിലേ സെർച് ലൈറ്റിന്റെ വെട്ടം എത്താത്ത ഇരുട്ടിലേക് ദത്തൻ നടന്നു… വെട്ടത്തേക്കാൾ ഇരുട്ടിനെ സ്നേഹിക്കാൻ പഠിച്ചിരിക്കുന്നു…… നിധിയെ ശ്രീലകത്തു കൊണ്ടാക്കിയ ശേഷം…നേരേ വന്നതു കടൽ തീരത്തേക് ആണ്…. ഉള്ളിൽ ഓരോ ദിവസം കൂടുന്തോറും പക ഏറി വരുന്നു…. തീരത്തെ വെറും മണ്ണിലേക്ക് അവൻ കൈകൾ വിടർത്തി മലർന്നു കിടന്നു…
ദത്താ… ഉരുണ്ടു പിരണ്ടെഴുന്നേറ്റു ചുറ്റും നോക്കി.. കടലിന്റെ ഹുങ്കാരം അല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല…. തന്റെ തോന്നലാണ്…
മണലിലേക് കൈകൾ വിരിച്ചു ആകാശത്തേക്കും നോക്കി ദത്തൻ കിടന്നു.. കാലുകളിൽ അപ്പോളും…ശാന്തമായ കടൽ വന്നു തഴുകി കൊണ്ടിരുന്നു…
ദത്തെട്ടാ…. തന്നെ തഴുകി കടന്നു പോയ കാറ്റിൽ എവിടെയോ വീണ്ടും ആ വിളി മുഴങ്ങി…
എവിടെ നിന്നോ ഒരു കിളി കൊഞ്ചൽ കേട്ടുവോ.ഒരു കുഞ്ഞ് കൈ കവിളിൽ എവിടെയോ തലോടിയ പോലെ ഒരു കാറ്റു അവനെ കടന്നു പോയി … ഏതോ ഓർമ്മകൾ അവൻറെ ഹൃദയത്തെ പിടിച്ചുലച്ചു കൊണ്ടിരുന്നു..
കണ്ണുകൾ അടക്കാതെ ദത്തൻ കാതോർത്തു വീണ്ടും ആ ശബ്ദങ്ങൾ എവിടെ നിന്നെങ്കിലും മുഴങ്ങും എന്നു പ്രതീക്ഷിച്ചു… പിന്നെ കണ്ണുകൾ അടച്ചു കിടന്നു…പക ആളി കത്തുന്ന മനസ്സുമായി.
അവൻറെ പകയുടെ നെരിപ്പോടു ആളി കത്തിക്കാൻ പകർന്ന എണ്ണ ആയിരുന്നു പല്ലവിയുടെ വാക്കുകൾ…അതു അവൻറെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി കൊണ്ടിരുന്നു….
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️രാത്രി അജുവിന്റെ കൂടെ അവൻറെ റൂമിൽ തന്നെ കിടന്നു…നടന്ന സംഭവങ്ങൾ എല്ലാം അവൻ പറഞ്ഞു…ഞാൻ എല്ലാം മൂളി കേട്ടു… നിധിയോടുള്ള അവൻറെ ഇഷ്ടവും അവൻ പറഞ്ഞു…
എന്നാലും പുര നിറഞ്ഞു നിക്കുന്ന ഒരു ചേട്ടൻ ഉണ്ടെന്നു ഓർത്തില്ല അല്ലെ സാമദ്രോഹി… ഞാൻ കളിയായി അവനോടു പറഞ്ഞു…
ഓഹ് നമുക്ക് ഈ ബാല്യകാല സഖിമാരൊന്നും ഇല്ലാത്തതു കൊണ്ട്… അവൻ കിട്ടിയ അവസരം മുതലാക്കി..
ഒരു കാലെടുത്തു എന്റെ മേലേക്കും വെച്ചു ഒരു സൈടിലേക് ചെരിഞ്ഞു കിടന്നു.. മുറിവുണ്ടായിരുന്ന സൈഡിൽ ഞാൻ മെല്ലെ തലോടി… അമ്മ കിടക്കുന്നതിനു മുൻപ് മുറിയിൽ വന്നു നോക്കി…. ഞാൻ ഉറക്കം അല്ലായിരുന്നെങ്കിലും… കണ്ണടച്ച് കിടന്നു… അമ്മ അടുത്ത് വന്നു അജുവിന്റെ നെറ്റിയിലും കവിളിലും തലോടി… മെല്ലെ ആ വിരലുകൾ എന്റെ കവിളിലും തലോടിയതു ഞാൻ അറിഞ്ഞു… ഞങ്ങളുടെ രണ്ടാളുടെയും നെറ്റിയിൽ ഒരുമ്മയും തന്നു താഴെ ചുരുണ്ടു കിടന്നിരുന്ന പുതപ്പെടുതു.. ഞങ്ങളെ പുതപ്പിച്ചു…ഡോറിന്റെ കർട്ടൻ വലിച്ചിടുന്നതിനു മുൻപ് അമ്മ ഒന്ന് തിരിഞ്ഞു നോക്കി… അജുവിന്റെ കിടത്തം കണ്ടാവണം അമ്മയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു… അപ്പോളേക്കും അവൻ എന്റെ കഴുത്തിനടിയിലേക് തല ചേർത്തു.. എന്റെ കുഞ്ഞനുജൻ ആയിരുന്നു…
രാവിലെ കാളിങ് ബെൽ കേട്ടാണ് ഉറക്കം ഉണർന്നത്.. അജു വിന്റെ കാൽ അപ്പോളും എന്റെ ദേഹത്തു തന്നെ ആയിരുന്നു…. അമ്മ അടുക്കളയിൽ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ എണീക്കാൻ പോയില്ല… അജുവിനെ നോക്കുമ്പോൾ അവൻ നല്ല ഉറക്കം… രാത്രിയിൽ കഴിച്ച സ്ലീപ്പിങ് പിൽസിന്റെ ആവണം…
അമ്മ ആരോടോ സംസാരിക്കുന്നതു കേൾക്കുന്നുണ്ടായിരുന്നു…
ആഹാ ഇതാരാ.. അപ്പച്ചീടെ ചിന്നു കുട്ടിയോ… വാ..
അപ്പച്ചീ ഇതാ ഞങ്ങടെ നിധി…
രണ്ടു ചുന്ദരി കുട്ടികളും വന്നേ…. അമ്മ പറയുന്ന കെട്ടു.. അപ്പോ വന്നതു പല്ലവിയും നിധിയും ആണെന്ന് മനസ്സിലായി…
ഇവിടുത്തെ രണ്ടു പോത്തുകളും ഇതുവരെ എണീറ്റിട്ടില്ല…. ഞാൻ അവർക്ക് ചായ ഉണ്ടാക്കുക ആയിരുന്നു….
ഞങ്ങൾ പോയി ഉണർത്തിക്കോളാം അപ്പച്ചി..
ങ്ങാ പോകുമ്പോ ആ കപ്പിലെ വെള്ളം കൂടെ എടുത്തോ…
“അതെന്തിനാ അപ്പച്ചി.. “പല്ലവി ചോദിക്കുന്നത് കെട്ടു
“ഉണ്ണിക് അതാ ശീലം…..”
അതു മനസ്സിലായെന്ന മട്ടിൽ റൂമിന്റെ കർട്ടൻ മാറ്റി ചിരിച്ചോണ്ട് വരുന്ന പല്ലവിയെ ഞാൻ കണ്ടു…
ഉണർന്നെങ്കിലും.. ഞാൻ ഉറക്കം നടിച്ചു കിടന്നു…
ഉള്ളിലേക്കു നോക്കിയ രണ്ടു പേരും അന്തം വിട്ടു നോക്കുന്നത് കണ്ടു… അജുവിന്റെ കിടത്തം കണ്ടാവണം…
“അപ്പച്ചീ.. ഇത് ഒരു കപ്പ് വെള്ളം മതിയാവില്ല….”പല്ലവി വിളിച്ചു പറഞ്ഞു
ങ്ങാ.. വെള്ളം ഒഴിച്ചാൽ മതി അന്നത്തെ പോലെ ജനൽ പൊട്ടിക്കണ്ട… അമ്മ വിളിച്ചു പറഞ്ഞത് കെട്ടു എനിക്ക് ചിരി വന്നു..
ആഹാ.. എനിക്കിട്ടു മാത്രമല്ല.. പല്ലവിക്കിട്ടും അമ്മ താങ്ങി…
“ഈ അപ്പച്ചി കോമൺ പ്ലെയറാ…” പല്ലവി നിധിയോടു പറഞ്ഞു
എന്ത്..
“രണ്ടു ടീമിലും ഫീൽഡ് ചെയ്യും എന്നു… ” അവൾ ചിരിച്ചോണ്ട് എന്റെ അടുത്തേക് വരുന്നത് ഞാൻ കണ്ടു.. നിധിയുടെ നോട്ടം അജുവിനെ തന്നെ ആയിരുന്നു അവൻ ആണേൽ ചുരുണ്ടു കൂടി പുതപ്പിനുള്ളിലും…
പല്ലവി അടുത്തെത്തുന്നതിനു മുന്നേ അമ്മയും മുറിയിലേക്കു വന്നു..പുതപ്പു വലിച്ചു മാറ്റി..
“രണ്ടും ഉറങ്ങിയത് മതി എണീറ്റെ… ” അജുവിന് ആണേൽ രാവിലെ ഗുളിക കഴിക്കാൻ ഉണ്ട്..രണ്ടും പോത്തു പോലെ കിടന്നുറക്കം ആണ്…
ഞാൻ കണ്ണും തിരുമ്മി എണീറ്റു… അവർ വന്നതു അറിഞ്ഞ കൊണ്ടും.. പല്ലവിയും നിധിയും ഉള്ളിലേക്കു വരുന്നത് കണ്ടത് കൊണ്ടും എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല.. പിന്നെ അധികം എക്സ്പ്രെഷൻ ഇട്ടു ചളമായ്ക്കാൻ നിന്നില്ല..
“ഹായ്.. ഗുഡ് മോർണിംഗ്.. പല്ലവി.. “
ഞാൻ നിധിയെ നോക്കുമ്പോലേക്കും പല്ലവി നിധിയെ എനിക്ക് പരിചയ പെടുത്തിയിരുന്നു..
“ഉണ്ണിയേട്ടാ ഇതാണ് നിധി “
ഞാൻ അവളെ നോക്കി… പല്ലവിയെ കാൾ നീളം കുറവാണു.. ഇന്നലെ കരഞ്ഞത് മുഖം കണ്ടാൽ അറിയാം.. വെളുത്തു തുടുത്ത കവിളുകൾ ചുവന്നു കിടന്നിരുന്നു.. എന്റെ നേർക്കു ഒന്ന് ചെറുതായി പുഞ്ചിരി തൂകുക മാത്രം ചെയ്തു അവൾ….അവൾ ആദ്യമായി കാണുന്ന ബന്ധുക്കൾ ആ അപരിചിതത്വം അവളിൽ ഉണ്ടായിരുന്നു.. പിന്നെ അജുവിന്റെ ചേട്ടന് ആണല്ലോ എന്ന ചിന്തയും ഉണ്ടാവണം..
ഇന്നെന്താ ഹോസ്പിറ്റലിൽ പോകണ്ടേ.. നിധി കൂടെ ഉള്ളത് കൊണ്ട് കുറച്ചു ഫോർമൽ ആയാണ് സംസാരിച്ചത്…
അല്ല നമ്മള് രണ്ടും വേറെ വേറെ ഹോസ്പിറ്റലിൽ ആണൊ ജോലി ചെയ്യുന്നേ..
ങേ.. ഞാൻ ചോദ്യം കെട്ടു അവളെ തുറിച്ചു നോക്കി..
അല്ല ഞാൻ മാത്രം പോയ മതിയോ ഡോക്ടർ സാറ് വരുന്നില്ലേ… പോകുമ്പോ എന്നെയും കൂട്ടിയ മതി… പല്ലവി പറഞ്ഞു
പിന്നെ നിന്നെയും കൂട്ടി പോകാൻ ഞാൻ ആര് നിന്റെ കേട്ടിയോനോ… ചുമ്മാ രാവിലേ പെണ്ണിനെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞതാണ്…
“ഓഹ്.. ഞാൻ വരുന്നില്ല… എനിക്ക് ഓട്ടോ വിളിച്ചു വരാൻ അറിയാം.. ” അതും പറഞ്ഞു മുഖം വീർപ്പിച്ചു അവൾ പുറത്തേക് പോയി…
അവൾ പോകുന്നത് കണ്ടു… നിധി അന്തിച്ചു എന്ത് വേണം എന്നറിയാതെ നിക്കുന്നത് കണ്ടു…
“ചുമ്മാ” ഞാൻ നിധിയെ കണ്ണടച്ച് കാണിച്ചു “മോളു അജുനെ കുത്തി പൊക്കു.. ഞാൻ ആ സാധനത്തെ ഒന്ന് ശെരിയാക്കീട്ടു വരട്ടെ.. “
അതു കേട്ട അവളുടെ മുഖത്തു ഒരു ചിരി വിടർന്നു….
ഞാൻ പല്ലവിയുടെ പുറകെ…അവൾ പോയ ഭാഗത്തേക്ക് നടന്നു.. അവൾ നേരേ അടുക്കളയിലേക്കു ആണ് പോയത്….
ഞാൻ അങ്ങോട്ട് പോയാൽ അമ്മയുടെ വായിൽ നിന്നു എന്തേലും കേൾക്കേണ്ടി വരും…അതോണ്ട്.. മെല്ലെ എന്റെ റൂമിലേക്കു നടന്നു….
അമ്മേ ചായ എടുത്തു വെക്കു ഞാൻ കുളിച്ചിട്ടു വരാം.. പോകുന്ന പോക്കിൽ വിളിച്ചു പറഞ്ഞു..
എടാ ഇന്നാ എണ്ണ വേണ്ടേ തലയിൽ തേക്കാൻ…
ഇങ്ങു തന്നേക്ക്.. ഞാൻ റൂമിൽ നിന്നു വിളിച്ചു പറഞ്ഞു..
“മോളെ ഞാൻ ചായക് എന്തേലും ആക്കട്ടെ.. മോൾ ഈ എണ്ണ കൊണ്ട് ചെന്നു അവനു കൊടുക്ക്.. “
പല്ലവി റൂമിൽ വരുമ്പോൾ…. ഞാൻ ഷർട്ട് ഊരി…കുളിക്കാൻ ബാത്റൂമിലേക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു…
“അയ്യേ ” റൂമിൽ കേറി വന്ന വന്ന അവളുടെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്…
അവൾ എണ്ണ നീട്ടി പിടിച്ചു തിരിഞ്ഞു നിക്കുന്നു…
ഞാൻ അവളുടെ അടുത്തേക് ചെന്നു..
ഞാൻ അടുത്തേക് ചെല്ലുന്നതു അവൾ അറിയുന്നുണ്ട് എന്നെനിക് മനസ്സിലായി.. അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു..
അവളുടെ കൈ പിടിച്ചു വലിച്ചു.. ഭിത്തിയോട് ചേർത്തു നിർതിയാണ് ചോദിച്ചത്.. എന്താടി അയ്യേ ന്നു വിളിച്ചു കൂവിയത്… പിന്നെ തുണിയില്ലാതെ നിന്നാൽ… തുണിയില്ലാതോ.. ഷർട്ട് അല്ലേ ഇടാത്തത് ഉള്ളൂ.. ഞാനിങ്ങനെ പുറത്തൊക്കെ ഇരിക്കാറുണ്ടല്ലോ…
അപ്പോളും അവൾ മുഖം കുനിച്ചു നിക്കുക ആയിരുന്നു…
ഇനി അങ്ങനെ എങ്ങാനും പുറത്തൂടെ നടന്നാൽ കൊല്ലും ഞാൻ…
എന്റെ വയറിനു കുത്തിയിട്ടായിരുന്നു അവൾ പറഞ്ഞത്…
നീയാരാ എന്റെ കെട്ടിയോളോ…
ഇന്നാ എണ്ണ എനിക്ക് പോണം.. അവളുടെ മുഖം ദേഷ്യത്തിൽ ചുവക്കുന്നുണ്ടായിരുന്നു
എണ്ണ കൊണ്ട് വന്നാൽ തേച്ചും തരണം…
ഇന്ന് എനിക്ക് മേലാകെ എണ്ണ തേച്ചൊന്നു കുളിക്കണം…ഞാൻ ആത്മഗതം പറഞ്ഞു.
അതെ ഉണ്ണിയേട്ടന്റെ കെട്ടിയോളോട് പോയി പറ..
ആണൊ…??
ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നു.. അവൾ ഭിത്തിയിലേക് ചാരി നിന്നു.. എന്റെ മുഖം അവളുടെ മുഖത്തോടു അടുക്കുംതോറും… അവളുടെ മിഴികൾ അടച്ചു പിടിക്കുന്നത് ഞാൻ കണ്ടു…മേൽചുണ്ടിനു മുകളിൽ ചെറുതായി പൊടിയുന്ന വിയർപ്പ് കണങ്ങൾ… പെട്ടെന്ന് അവൾ എന്നെ ഉന്തി മാറ്റി.. എന്റെ കൈക് ഇടയിലൂടെ വെളിയിൽ ചാടി.. ആ പോക്കിൽ എണ്ണകുപ്പി എന്റെ ബെഡിലേക് ഇട്ടിരുന്നു…
കുറുമ്പി.. ഞാൻ മനസ്സിൽ പറഞ്ഞു….
ഞാൻ എണ്ണ എടുക്കാൻ ആയി തിരിഞ്ഞു നടന്നു…
അപ്പോൾ പല്ലവി വീണ്ടും കർട്ടൻ മാറ്റി തല ഉള്ളിലേക്കു നീട്ടി മെല്ലെ പറഞ്ഞു.. ഇപ്പോൾ തരാൻ വന്നതും… കെട്ടിയോൾക് കൊണ്ട് കൊടുത്താ മതി കേട്ടോ…
ഡീ… ഞാൻ അവളെ പിടിക്കാൻ കൈ നീട്ടിയതും അവൾ ഓടി ഹാളിലേക്കു പോയി….
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“അജുവേട്ടാ “…എവിടെ നിന്നോ നിധിയുടെ വിളി കേൾക്കുന്നു… ഏതോ അമ്പലത്തിൽ കൽവിളക്കിലെ ദീപം തെളിക്കുകയാണ്.. നിധി.. ആ ദീപ പ്രഭയിൽ അവളുടെ മുഖം സ്വർണം പോലെ തിളങ്ങുന്നു….അഴിച്ചിട്ട നീണ്ട മുടിയിഴകൾക്കു കാർമുകിലിന്റെ നിറം അതിന്റെ ഇഴകൾ ചെറു കാറ്റിൽ പിന്നിലേക്ക് പാറി പറക്കുന്നുണ്ട് ….വെട്ടിത്തിളങ്ങുന്ന അവളുടെ സാരിയുടെ കസവു… അവൾ തിരിഞ്ഞപ്പോൾ വ്യക്തമായി കണ്ടു.. മുടിയിഴകൾ തെന്നി മാറിയ ചന്ദന നിറമുള്ള പിൻ കഴുത്തിലെ കുഞ്ഞ് മറുക്… അവൾ തിരിഞ്ഞു നോക്കി തന്നെ വീണ്ടും വിളിക്കുകയാണ്… അജുവേട്ടാ..വാ… ഓടി ചെന്നു അവളുടെ പിന്നിൽ നിന്നു… അവളുടെ പിൻ കഴുത്തിലേക് മുഖം അമർത്താൻ പോയപ്പോൾ ആണ്.. ശേ… ഇതമ്പലം ആ മനുഷ്യാ.. എന്നും പറഞ്ഞു കുറുമ്പൊടെ പിന്നിലോട്ടു തള്ളി… ബാലൻസ് തെറ്റി പിന്നിലോട്ടു വീഴാൻ പോയി.. പെട്ടെന്ന് അവളുടെ കയ്യിൽ പിടി കിട്ടി… നിധീ…
അനു പുറത്തേക് പോയി കഴിഞ്ഞു നിധി നോക്കുമ്പോൾ കട്ടിലിൽ ഉരുണ്ടു കളിക്കുന്ന അജുവിനെ ആണ് കണ്ടത്.. ഉരുണ്ടു കട്ടിലിന്റെ വിളുമ്പിൽ നിന്നും താഴേക്കു വീഴാൻ പോയപ്പോൾ ആണ് ചാടി പിടിച്ചത്…
കണ്ണ് തുറന്നു നോക്കിയ അജുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല….അവൻ വീണ്ടും വീണ്ടും കണ്ണ് തിരുമ്മി നോക്കി… അവൻ വീണ്ടും കണ്ണ് തിരുമ്മുന്നത് കണ്ടു.. നിധിക് ചിരി വന്നു… ഹലോ… സ്വപ്നം അല്ല ഞാൻ തന്നെയാണ്..
“നിധീ നീയിവിടെ… “
“പിന്നെ അവളുടെ അപ്പച്ചീടെ അടുത്ത് വരാൻ നിന്റെ ചീട്ടു വേണോ അല്ലേ മോളെ ” നിധിയെ കെട്ടി പിടിച്ചു നെഞ്ചിലൊട്ടു ചേർത്തു കൊണ്ട് അമ്മ ചോദിക്കുന്നത് അജു കണ്ണും മിഴിച്ചു നോക്കി ഇരുന്നു “
“നിങ്ങൾ ഒരു കോളേജിലാ അല്ലേ പഠിക്കുന്നെ.. ചിന്നു പറഞ്ഞു… “
“എണീറ്റു പോയി പല്ല് തേച്ചിട്ടു വാ അജു… ചായ കുടിക്കാം..’
അമ്മ എണീറ്റു ഹാളിലേക്കു പോയി…. പുറകെ പോകാൻ നിധിയും റൂമിന്റെ വാതിക്കൽ എത്തിയപ്പോൾ.. അജു നിധിയുടെ കൈയ്യിൽ പിടിച്ചു പുറകോട്ടു വലിച്ചു…
“നിനക്ക് അറിയാരുന്നോ നേരത്തെ… “
“എന്ത്. “
ഈ ബന്ധം..
“ഞാനിന്നലെ ചേച്ചി പറയുമ്പോൾ ആണ് അറിയുന്നത്.. “
“ആഹാ.. അപ്പോ മുറപ്പെണ്ണ് ആണല്ലേ “
“അപ്പോ ലേർണിംഗ് കിട്ടി ഇനി ലൈസൻസ് എടുത്താ മതി.. “ചിരിയോടെ പറഞ്ഞു
“ഹ്മ്മ് ലൈസൻസ്.. അന്ന് വൈകുന്നേരത്തെ കാര്യം ഓർത്തിട്ടു.. എനിക്ക് പേടിയാകുന്നു അജുവേട്ടാ.. ഏട്ടൻ എങ്ങനാ ഇങ്ങനെ ധൈര്യത്തിൽ നിക്കുന്നെ “
“ധൈര്യത്തിൽ നിക്കുന്നതോ..? ആരുമില്ലാതെ.. ഇഷ്ടപെട്ട പുരുഷൻ നഷ്ടപ്പെട്ടിട്ടും രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് വീടും നാടും ഉപേക്ഷിച്ചു പോകേണ്ടി വന്ന ഒരമ്മയുടെ കഥ അറിയ്യോ നിധിക്.. എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാതെ ജീവിക്കേണ്ടി വന്ന അമ്മ..അത്രയും ധൈര്യം ഒന്നും വേണ്ട നിധി എനിക്ക് അന്നത്തെ വൈകുന്നേരത്തെ ആ സംഭവത്തിനു തിരിച്ചു ഒരു മറുപടി കൊടുക്കാൻ ..”
നിധിയുടെ കവിളിലെ ചുവന്നു കിടക്കുന്ന പാടുകളിൽ അവൻ മെല്ലെ തലോടി..
അവൻ കുറെ ഉപദ്രവിച്ചു അല്ലേ.. എന്റെ നിധി കുട്ടി ഒരുപാട് കരഞ്ഞോ…? ഞാൻ മരിച്ചു എന്നു വിചാരിചോ താൻ … നിധിയുടെ കണ്ണുകൾ പെയ്യാൻ തുടങ്ങുമ്പോളെക്കും അവളെ നെഞ്ചോടു ചേർത്തിരുന്നു അവൻ…അവളുടെ ഏങ്ങലടികൾ അവൻറെ നെഞ്ചിൽ അവൻ ഏറ്റു വാങ്ങി…
അവൻ ഒരുപാട് ഉപദ്രവിച്ചോ…അജു വീണ്ടും നിധിയോടായി ചോദിച്ചു ? അതൊന്നും എനിക്ക് വേദനിച്ചില്ല അജുവേട്ടാ… എനിക്ക്… പേടിയാ അയാളെ.. ഇനിയും അജുവേട്ടനെ.. അയാൾ ഉപദ്രവിക്കുവോന്നു…
അതാരാ അയാൾ…
അതാണ് ദത്തൻ… ചേച്ചിയെ കല്യാണം കഴിക്കാൻ പോകുന്ന ആൾ…
ങേ… അജുവിന് അതു കെട്ടു ഞെട്ടൽ ആണുണ്ടായത്.. അയാളോ…
ഹ്മ്മ്.. അച്ഛൻ ഉറപ്പിച്ച ബന്ധം ആണ്.. ചേച്ചിക് ഇഷ്ടമല്ല.. ചേച്ചി സമ്മതിച്ചില്ലേൽ എന്നെ ഉപദ്രവിക്കും എന്നയാൾ പറഞ്ഞത്രേ.. ഇന്നലെയാണ് ചേച്ചി ഇതെല്ലാം പറഞ്ഞത്..
“ദത്തൻ “അജു പല്ലുകൾ ഇറുമ്മി…
വേണ്ട അജുവേട്ടാ… അയാളുമായി ഒരു പ്രശ്നത്തിനും പോകണ്ട….
അപ്പോൾ നിധിയുടെ ചേച്ചി ഇഷ്ടമല്ലാത്ത കല്യാണത്തിന് സമ്മതിച്ചോട്ടെ എന്നാണോ…
എനിക്ക് അറീല്ല അജുവേട്ടാ ഒന്നും… എനിക്ക് പേടിയാ… അജുവേട്ടന് പേടിയില്ലേ….
“ഒരു പേടിയെ ഉള്ളൂ എനിക്ക്.. അറിവായതിൽ പിന്നെ ഇതുവരെ മറ്റൊരാൾ വഴക്ക് പറയാനോ തല്ലാനോ സമ്മതിപ്പിക്കാത്ത ഒരേട്ടൻ ഉണ്ട് എനിക്ക്…ആ ഏട്ടൻ എന്താണ് മനസ്സിൽ വിചാരിച്ചേക്കുന്നതു എന്നുള്ള പേടി മാത്രം… എന്റെ മേലെ കൈ വെച്ച ദത്തനെ എന്ത് ചെയ്യും എന്ന പേടി മാത്രം “
“അതിനു ഉണ്ണിയേട്ടൻ ഡോക്ടർ അല്ലേ അടിയുണ്ടാക്കാൻ പോകുവോ ” നിധിയുടെ ചോദ്യത്തിൽ ഒരു ഭയം ഉണ്ടായിരുന്നു.
അജു മറുപടി പറയാതെ ഒന്ന് ചിരിച്ചു..
അടുക്കളയിൽ നിന്നു..ചേച്ചിയുടെയും അപ്പച്ചിയുടെയും ഉറക്കെ ഉള്ള സംസാരവും ചിരിയും കേട്ട നിധി.. കർട്ടൻ മാറ്റി അടുക്കളയുടെ ഭാഗത്തേക്ക് എത്തി നോക്കി… ആ തക്കത്തിന് അജു നിധിയുടെ കവിളിൽ ഒരുമ്മ കൊടുത്തു..
പോടാ… നേരത്തെ പറഞ്ഞ പോലെ ലൈസൻസ് എടുത്തിട്ടു വാ… കേട്ടോ..അവനെ ഉന്തിമാറ്റി നാണത്തോടെ അവൾ പറഞ്ഞു..
അതു നോക്കിയേ ചേച്ചിയെ…
എന്റെ ചേച്ചിയെ ഇത്ര സന്തോഷത്തോടെ ഞാൻ കാണുന്നത് ഇപ്പോൾ ഇവിടെ വരുമ്പോളാ… നോക്കു.. അപ്പച്ചീടെ കൂടെ..
അജു കർട്ടൻ മാറ്റി നോക്കി… അപ്പച്ചിയുടെ കൂടെ നിക്കുന്ന നിധിയുടെ ചേച്ചിയെ ഉണ്ണിയേട്ടന്റെ ചിന്നുവിനെ…നിധിയും പല്ലവിയും ഒരെ കളർ ചുരിദാർ ആണ് ഇട്ടിരുന്നത്… അജു ചേച്ചിയെ നോക്കി നിന്നു…. പല്ലവി ചേച്ചിയെയും അമ്മയെയും കണ്ടിട്ട് അമ്മയും മോളും ആണെന്ന് തോന്നി…. എന്ത് രസവാ ചേച്ചിയെ കാണാൻ ക്യൂട്ട്.. അറിയാതെ പറഞ്ഞത് ഉറക്കെ ആയി പോയി..
എന്റെ ചേച്ചിയെ കണ്ണ് വെക്കുന്നോ… വായി നോക്കി.. നിധി കൈക് നുള്ളിയപ്പോൾ ആണ് പറഞ്ഞത് ഉറക്കെ ആയി പോയി എന്നു മനസ്സിലായത്..
കണ്ടോ പെണ്ണിന് അസൂയ… എന്റെ മുത്തും ക്യൂട്ട് ആട്ടോ കർട്ടൻ വലിച്ചിട്ടു കൊണ്ട് വീണ്ടും അവളുടെ മുഖത്തേക് മുഖം അടുപ്പിച്ചു..
അയ്യെടാ.. ഇയാള് പറഞ്ഞില്ലേലും എന്റെ ചേച്ചി ക്യൂട്ട് ആണ്…അജുവിന്റെ മൂക്കിന് പിടിച്ചു കുലുക്കി കൊണ്ടു നിധി പറഞ്ഞു.
ഞാൻ പോട്ടെ… അമ്മ പറഞ്ഞ പോലെ പോയി പല്ല് തേച്ചിട്ട് വാ…
നിധി അജുവിനെ ഉന്തി ബാത്റൂമിനടുത്തേക് നടത്തി…
ബാത്‌റൂമിൽ കേറ്റി വാതിലും അടച്ചു അവൾ അടുക്കളയിലേക്കു നടന്നു..
കാറ്റിൽ അറിയാതെ വന്നു കഴുത്തിൽ തട്ടുന്ന അപ്പൂപ്പൻ താടിയുടെ സ്നിഗ്ധതയാണ് നിധിയുടെ സാമിപ്യത്തിനു.. അവളെടുത്തു വരുമ്പോൾ ചുറ്റും നിറയുന്നതു ചന്ദനത്തിന്റെ കുളിരുള്ള ഗന്ധമാണ്.. അജു മനസ്സിൽ ഓർത്തു… ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
അമ്മേ എന്റെ ബെൽറ്റ് എന്തിയെ…. ആ സോക്‌സും.. കാണുന്നില്ല… കുളിച്ചു വന്നിട്ടുള്ള അനുവിന്റെ ബഹളം കേട്ട് പല്ലവി ആ റൂമിലേക്കു നടന്നു.. കൂടെ അമ്മയും..
പോത്തു പോലെ വളർന്നു.. ഇപ്പോളും നാലു ആള് വേണം എന്തേലും ചെയ്യാൻ.. ഒരു സാധനം ഒരിടത്തു വെച്ചാൽ ഓർമയില്ല… മോളെ ഇവൻ ഓപ്പറേഷൻ ചെയ്യുമ്പോ വല്ല കത്രികയും വയറ്റിൽ വെച്ചു തുന്നി കെട്ടുന്നുണ്ടോ എന്നു നോക്കികോണം.. ഇതെല്ലാം കണ്ടു വാ പൊത്തി ചിരിച്ചു കൊണ്ട് പല്ലവി നിന്നു..
അമ്മ റൂമിലേക്കു കയറി ബെൽറ്റും സോക്സും ഒക്കെ എടുത്തു കൊടുക്കുന്നതും നോക്കി പല്ലവി നിന്നു..
അമ്മ റൂമിൽ നിന്നും പോയി കഴിഞ്ഞു പല്ലവി അനുവിന്റെ അടുത്തേക് ചെന്നു..
ഹലോ പോത്തേ…
പോത്തു നിന്റെ… മറ്റവൻ.
അതു തന്നാ ഞാൻ പറഞ്ഞെ.. ആത്മഗതമായി ഒതുക്കി.
എന്താടീ കിളിച്ചോണ്ട് നിക്കുന്നെ…പോയി ചായ എടുത്തു വെക്കു..
പോയി കെട്ടിയോളോട് പറ… ചുണ്ട് കോട്ടി പല്ലവി പറഞ്ഞു…
ഇവൾ കുറെ നേരായി… മനുഷ്യനെ വട്ടു കളിപ്പിക്കുന്നു… അടുത്തേക് ചെന്നപ്പോൾ ഓടാൻ ശ്രമിച്ച പല്ലവിയുടെ കയ്യിൽ പിടിത്തം കിട്ടി
പിടിച്ചു.. ഭിത്തിയോടാണ് ചേർത്തു നിർത്തിയത്.. ഓടി പോവാതിരിക്കാൻ..ഒരു കയ്യിൽ മുറുകെ പിടിച്ചിരുന്നു…
ഞാൻ കൂടുതൽ അടുത്തേക് വരുന്നത് കണ്ടു പല്ലവി പറഞ്ഞു..
ഉണ്ണിയേട്ടാ വേണ്ട… ഞാൻ കാറി കൂവും….
ഉറപ്പാണോ… ഞാൻ മുഖം പല്ലവിയോട് അടുപ്പിച്ചു…
ഉറപ്പായിട്ടും ഞാൻ അപ്പച്ചിയെ വിളിക്കുവേ..
പിന്നെന്താ താമസം വിളിക്കെന്നെ..
എന്റെ നിശ്വാസം പല്ലവിയുടെ നാസിക തുമ്പിൽ തട്ടുന്നുണ്ടായിരുന്നു…
അവളുടെ കണ്ണുകൾ അടഞ്ഞു…
മിഴികൾ അടച്ചു നിക്കുന്ന അവളെ തന്നെ നോക്കി ഞാൻ ഒരു നിമിഷം നിന്നു… ജനലഴികളിലൂടെ അരിച്ചെത്തുന്ന വെളിച്ചം അവളുടെ മുഖത്തു മാത്രമായി പടർന്നു ചുറ്റിനും ഇരുട്ട് നിറയുന്നു… ആ ഇരുട്ടിലെ പൗര്ണമിയെ..
കൈകളിൽ കോരിയെടുത്തതു.. ആമ്പൽ കുളത്തിൽ പൂര്ണചന്ദ്രനെ കണ്ടു കോരിയെടുക്കുന്ന കൊച്ചു കുഞ്ഞിന്റെ കൗതുകുത്തോടെ ആയിരുന്നു…
അസ്ഥികൾ ഇഴയിട്ട ഹൃദയത്തിൽ….നീ തടവിലാണ് പെണ്ണെ…എന്റെ സ്വപനങ്ങളിൽ വരാറുള്ള രാജ കുമാരിക് നിന്റെ മുഖം ആയിരുന്നു…..ആ ജാലകത്തിനപ്പുറത്തു വിരിഞ്ഞു നിൽക്കുന്ന പുഷ്പദളങ്ങളിലെ മഞ്ഞു തുള്ളിയിൽ പോലും ഞാൻ കണ്ടത് ഈ മനോഹര മുഖം ആയിരുന്നു…കാച്ചെണ്ണ മണമുള്ള മുടിയിഴകൾ അഴിച്ചിട്ടു തുളസി കതിർ ചൂടി നെറ്റിയിൽ ചന്ദന കുറിയും അണിഞ്ഞു വന്ന നിന്നെ എന്റെ മിഴികൾക്കുള്ളിൽ വീണ്ടും തടവിലാക്കി പെണ്ണെ..
ശ്വാസനിശ്വാസങ്ങൾ മുഖത്തു തട്ടിയിട്ടും അനക്കം ഒന്നുമില്ലാത്തതു കൊണ്ടാവണം… അവൾ ഒറ്റ കണ്ണ് തുറന്നു നോക്കി…നെറ്റിയിൽ നിന്നും നാസിക തുമ്പിലേക്കും പിന്നെ ചുണ്ടിലേക്കും നീങ്ങിയ എന്റെ ചൂണ്ടു വിരൽ.. ചാടി കടിച്ചു കൊണ്ട് അവൾ എന്നെ നോക്കി.. പ്രണയം പൊഴിയുന്ന ആ മിഴികളിൽ നോക്കി നിൽക്കുമ്പോൾ നഷ്ടപെട്ടതെന്തോ തിരിച്ചു കിട്ടിയ കൊച്ചു കുട്ടിയുടെ കൗതുകം ആയിരുന്നു എനിക്ക്…പ്രണയം പൊഴിയുന്ന മിഴിയുടെ അഴകടലിലേക് ചെന്നു നിറഞ്ഞ പുഞ്ചിരിയോടെ അവയെ നുകരാൻ കൊതിയായി… . അവളുടെ ചുണ്ടിലേക് മുഖം അടുപ്പിച്ചപ്പോൾ ആണ് എന്റെ വിരലിൽ അവൾ മെല്ലെ കടിച്ചത്.. എനിക്ക് ചെറുതായി വേദനിച്ചു.. ഹൂ എന്നു പറഞ്ഞു കൈ വലിച്ചു നോക്കിയത് അജുവിന്റെയും നിധിയുടെയും മുഖത്തേക് ആയിരുന്നു… അവരുടെ മുഖത്തു എന്തോ കള്ളം കണ്ടു പിടിച്ച ഭാവം.. ഞാൻ നോക്കുന്ന കണ്ട.. നിധി അജുവിന്റെ പിന്നിലേക്ക് ഒതുങ്ങി..
പല്ലവി… ചമ്മലോടെ… നിധിയുടെ കയ്യും പിടിച്ചു.. അടുക്കളയിൽ അമ്മയുടെ അടുത്തേക് നടന്നു…
നല്ല ചേച്ചി… അപ്പോ ഇതാണല്ലേ ഏട്ടന്റെ ബാല്യകാല സഖി… ശോ ഞങ്ങൾ ഇപ്പോൾ വന്നില്ലായിരുന്നേൽ… അവർ പോകുന്നത് നോക്കി നിന്ന അജു പറഞ്ഞു…
“എടാ…” ഞാൻ അവൻറെ ചെവിക്കു പിടിച്ചു… ഞാനും അമ്മയോട് പറയട്ടെ… മോന്റെ ലീല വിലാസങ്ങൾ… ചമ്മൽ മറച്ചു വല്ല്യ ഗൗരവത്തിലായിരുന്നു ചോദ്യം.
അപ്പോ ഏട്ടന്റെ ലീല വിലാസങ്ങളോ…. മറു ചോദ്യം.. ഇവൻ ആര് ബുംറയോ.. ഇത്ര ഫാസ്റ്റ് ബോളൊക്കെ എറിയാൻ.
“ആഹാ തർക്കുത്തരം പറയുന്നോ… ഞാൻ അതിനൊക്കെ പെർമിഷൻ എടുത്തതാ.. ” അധികം ഒച്ച ഉയർത്താതെ ആണ് പറഞ്ഞത്
“ആരോട് “
“അമ്മയോട്… “
“ആഹാ.. ആ ഡിപ്പാർട്മെന്റിൽ കുറച്ചു മുൻപ് ചെയ്യാൻ പോയതിനു പെർമിഷൻ കൊടുക്കുന്നുണ്ടോ.. എന്നാൽ അതൊന്നു അറിയാണല്ലോ… അമ്മേ…”
“ആഹാ നീയാണോ ഞാൻ ആണൊ ചേട്ടന്.. “
“അമ്മേ “ഞാനും വിളിച്ചു..
“ഏട്ടൻ എന്തിനാ വിളിക്കുന്നെ…”.അവൻ സംശയത്തോടെ എന്നെ നോക്കി..
“എനിക്കും പറയാനുണ്ട്… ആങ് ഹ.. “
“”എന്താടാ രണ്ടും കൂടെ…”” വിളി കെട്ടു അമ്മ വന്നു..
“അമ്മേ ചായ ആയൊന്നു അറിയാൻ വിളിച്ചതാ…” ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു പറഞ്ഞു…
“ഹ്മ്മ് രണ്ടും കൂടെ എന്തോ ഒപ്പിച്ചു ഞാൻ വന്നപ്പോ രണ്ടും ഒന്നായി..” അമ്മ പല്ലവിയോടും നിധിയോടും പറയുന്നത് കെട്ടു.. ഞാനും അജുവും പരസ്പരം നോക്കി ചിരിച്ചു…. പിന്നെ അവന്റെ തോളിൽ കയ്യിട്ടു.. പുറത്തേക് വന്നു…
ഞങ്ങളെ അത്ഭുതത്തോടെ നോക്കുന്ന പല്ലവിയെ നോക്കി കണ്ണിറുക്കി.. കാണിച്ചു..
ആ.. അജു.. പരിചയപ്പെടുത്താൻ മറന്നു.. “ഇത് പല്ലവി.. എന്റെ കൂടെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നതാ…”അവൾ മിഴിച്ചു നോക്കുന്നത് ശ്രദ്ധിക്കാതെ ഞാൻ പറഞ്ഞു കൊണ്ടിരുന്നു..
ഞാൻ പറയുന്നത് കേട്ടിട്ടാവണം.. അമ്മ ഞങ്ങളെ ഒന്ന് തുറിച്ചു നോക്കി അടുത്തേക് വന്നു.. പല്ലവിയുടെയും നിധിയുടെയും നടുക്കായി നിന്നു അവരെ സ്നേഹത്തോടെ അമ്മയുടെ കൈകൾക്കുള്ളിൽ ഒതുക്കി എന്നിട്ട് പറഞ്ഞു..
“അജു.. അങ്ങനല്ലേ.. ഇത് രണ്ടും എന്റെ മക്കൾ.. ഒന്ന് നിന്റെ ചേച്ചി.. മറ്റേതു അനിയത്തി… ദോ ആ നിക്കുന്ന കിഴങ്ങൻ ഇവളുടെ കൂടെ വർക്ക് ചെയ്യുന്നതാ.. “
“അതെ അപ്പച്ചി അമ്മ ..” പല്ലവി അമ്മയെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു… നോക്കുമ്പോ അടുത്ത കവിളിൽ നിധിയും..
“കണ്ടോടാ.. അജു.. രണ്ടു പെൺപിള്ളേർ വന്നപ്പോ.. നമ്മള് പുറത്തു…”
ഞാൻ അജുവിനെയും കെട്ടി പിടിച്ചു ഡൈനിങ് ടേബിളിനടുത്തേക് നടന്നു… അതു കണ്ടു മൂന്നുപേരും ചിരിക്കുന്നുണ്ടായിരുന്നു..
പുട്ടിലേക് കടല കറി ഒഴിച്ചു കൊണ്ട് ഞാൻ അജുവിനോട് പറഞ്ഞു “അമ്മ പറഞ്ഞത് കേട്ടല്ലോ ഒന്ന് നിന്റെ ചേട്ടത്തി അമ്മ.. മറ്റേതു അനിയത്തി… “
അയ്യടാ എപ്പോളാ ചേട്ടത്തി അമ്മ എന്നു പറഞ്ഞത്.. ചേച്ചി എന്നല്ലേ പറഞ്ഞത്.. അതു ഞാൻ കെട്ടു… മറ്റേ അനിയത്തി എന്നു പറഞ്ഞത്.. ഏട്ടനോടാ…ഹി ഹി…
രണ്ടും കിണിച്ചോണ്ടിരിക്കാതെ പെട്ടെന്ന് കഴിച്ചേ മോൾക് ഹോസ്പിറ്റലിൽ പോകേണ്ടതാ..
“ആഹാ അപ്പോ ഞാനോ.. “
“നീ കൊണ്ട് വിടണം.. “അമ്മ എന്തോ സീരിയസ്സ് കാര്യം പറയുന്ന പോലെ ആണ് പറയുന്നത്
“ചുരുക്കത്തിൽ പറഞ്ഞാൽ ഞാനിപ്പോ ഡ്രൈവർ…”
എന്റെ ആത്മഗതം കേട്ട നിധിയും പല്ലവിയും അജുവും കൂട്ട ചിരി ചിരിച്ചു…നിധി ചിരിച്ചു..ചിരിച്ചു അവൾക് വിക്കി… ചുമച്ചു കൊണ്ടിരുന്ന അവളുടെ പുറത്തു പെട്ടെന്നു അജു തട്ടി കൊടുത്തു.. “നോക്കു അമ്മേ അനിയത്തിയോട് എന്തൊരു സ്നേഹം…’ അങ്ങനെ അവനിപ്പോ ചിരിക്കേണ്ട..
പിന്നില്ലാതെ ഏട്ടന്റെ അനിയത്തിയോട് എനിക്ക് സ്നേഹം ഇല്ലാതിരിക്കുവോ.. മറുപടി ഉടനെ എത്തി…
ഇന്ന് ഞാൻ എറിയുന്ന ബോൾ എല്ലാം ബൗണ്ടറി പോവുക ആണല്ലോ ദൈവമേ.. വീണ്ടും ആത്മഗതം ആയിരുന്നു..
സന്തോഷത്തിന്റെ പൂത്തിരി നാളങ്ങൾ അവിടെ നിറയുമ്പോൾ… ആ കൂട്ടത്തിൽ ചിരിച്ചു കളിച്ചു നില്കുമ്പോളും മനസ്സിൽ “ദത്തൻ ” എന്ന കരിന്തിരി പുകഞ്ഞു കൊണ്ടിരുന്നു…
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ ഈ സമയം ദത്തന്റെ മൈബൈൽ ബെല്ലടിച്ചു… കടൽ തീരത്തു നിന്നും വന്നു കിടന്നപ്പോൾ നേരം പുലരാറായിരുന്നു…
പുതപ്പിനുള്ളിൽ കമിഴ്ന്നു കിടന്നു കൊണ്ട് തന്നെ.. ദത്തൻ സൈഡ് ടേബിളിൽ ഇരുന്ന മൊബൈൽ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു..
“എന്നെ മറന്നു ഇല്ലേ… “
“ഇല്ല.. കുറച്ചു തിരക്കിൽ ആയിരുന്നു.. “
“ഹ്മ്മ് എനിക്കറിയാം തിരക്ക്… എത്ര കാലം ഇങ്ങനെ ആരും അറിയാതെ അഭിനയിക്കണം….”
“എന്റെ കണക്കുകൾ തീരും വരെ… “
“ദയവു ചെയ്തു അതൊക്കെ ഒന്ന് വിട്ടൂടെ… നമ്മുടെ ഭാവി നോക്കണ്ടേ…”
“എല്ലാം അറിയുന്ന നീ തന്നെ ഇത് പറയണം… “
“അങ്ങനല്ല ദത്തെട്ടാ… എനിക്ക് ഒന്ന് കാണണം.. ഒരു കാര്യം പറയാനുണ്ട്.. ഇന്ന് വൈകുന്നേരം ബീച്ചിൽ വരുവോ… ഞാൻ അവിടെ വരാം.. “
“ഹ്മ്മ് വരാം… “
“ഓക്കേ.. “
ദത്തൻ ഫോൺ കട്ട് ചെയ്തു… വീണ്ടും പുതപ്പിനുള്ളിലേക് നൂണ്ടു കയറി… ഉള്ളിലെ ഒടുങ്ങാത്ത പകയുമായി..
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
ചായ കുടിച്ചു വണ്ടിയിലേക് കയറുമ്പോളും ചുണ്ടിൽ ഒരു മൂളിപ്പാട്ട് തത്തി കളിച്ചു കൊണ്ടിരുന്നു…. പല്ലവിയും കൂടെ വണ്ടിയിൽ കയറി..
നിധി.. മോളെ വൈകുന്നേരം പോകാം.. അമ്മ അവളോട് പറഞ്ഞു..
“ഹ്മ്മ്.. ഞങ്ങൾ നേരത്തെ വരാം… വന്നിട്ടു ഒന്ന് ബീച്ചിലൊക്കെ പോയിട്ടു… രാത്രി ആകുമ്പോളെക് ശ്രീലകത്തു വിടാം…”
“പോരെ പല്ലവി… “ഞാൻ അവളുടെ മുഖത്തേക് നോക്കി..
അവൾ എന്തോ ആലോചിച്ചു നിന്നു.. എന്നിട്ട് തലയാട്ടി.. “ഞാൻ അമ്മയെ വിളിച്ചു പറഞ്ഞോളാം..” നിധിയോടായി അവൾ പറഞ്ഞു…
വണ്ടി റോഡിലേക്ക് ഇറങ്ങുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി… മുറ്റത്തേക്കു ഇറങ്ങി അമ്മയുടെ രണ്ടു സൈഡിലും ആയി നിൽക്കുന്ന അജുവും നിധിയും.. അമ്മയുടെ കൈകൾ നിധിയെ അരയിലൂടെ ചുറ്റി പിടിച്ചിട്ടുണ്ടായിരുന്നു ചുണ്ടിലൂറിയ ചിരിയോടെ പല്ലവിയെ നോക്കുമ്പോൾ.. പല്ലവിയും അതു നോക്കി എന്നോട് പുഞ്ചിരി തൂകി…
പതിഞ ശബ്ദത്തിൽ അപ്പോളേക്കും സ്റ്റീരിയോയിൽ നിന്നും വന്ന പാട്ടും ഉണ്ടായിരുന്നു ചുണ്ടുകളിൽ…
കാത്തിരിപ്പൂ കണ്മണീ ഉറങ്ങാത്ത മനമോടേ നിറമാർന്ന നിനവോടെ മോഹാർദ്രമീ മൺ തോണിയിൽ കാത്തിരിപ്പൂ മൂകമായ് അടങ്ങാത്ത കടൽ പോലെ ശർൽക്കാല മുകിൽ പോലെ ഏകാന്തമീ പൂംചിപ്പിയിൽ
പാടീ മനം നൊന്തു പാടീ പാഴ്കൂട്ടിലേതോ പകൽ കോകിലം കാറ്റിൽ വിരൽത്തുമ്പു ചാർത്തി അതിൽ നെഞ്ചിലേതോരഴൽ ചന്ദനം ഒരു കൈത്തിരി നാളവുമായ് ഒരു സാന്ത്വന ഗാനവുമായ് വെണ്ണിലാ ശലഭമേ പോരുമോ നീ..
എന്തെ എന്നർത്ഥത്തിൽ ഞാൻ പുരികം ഉയർത്തി… ഒന്നുമില്ല എന്നവൾ ചുമൽ കൂച്ചി കാണിച്ചു… ഞങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം അറിയാമായിരുന്ന ആ പുഞ്ചിരിയുടെ അർത്ഥം ഓർത്തു.. ചുണ്ടിലെ ചിരിയോടെ തന്നെ വണ്ടി മുന്നോട്ട് എടുത്തു….
( തുടരും )
(ചങ്ക് ബ്രോസ് & സിസ്… കഴിഞ്ഞ പാർട്ട് അങ്ങനെ കൊണ്ട് നിർത്തേണ്ടി വന്നു ക്ഷമിക്കണം ബാക്കി എഴുതാൻ പറ്റിയില്ല.. എന്നതാണ് സത്യം.. കാരണം.. അജു എന്റെ അനിയൻ തന്നെ ആണ്…
ജീവിതത്തിൽ അവൻ ഈ ലോകത്തില്ല എങ്കിലും കഥയിൽ അവൻറെ സ്വപ്നങ്ങൾക്കു ഞാൻ ജീവൻ കൊടുക്കുക ആണ്… കഥ മുഴുവനായി നടന്ന സംഭവങ്ങൾ അല്ല കേട്ടോ…എന്നാൽ ചില ഭാഗങ്ങളിൽ ജീവിതമുണ്ട്.. കഴിഞ്ഞ 26വർഷത്തെ യാത്രയിൽ കണ്ടു മുട്ടിയവർ ഉണ്ട്… അപ്പോ ഇഷ്ടപ്പെട്ടെങ്കിൽ മറക്കേണ്ട നിങ്ങളുടെ ഹൃദയം♥️… പിന്നെ കുറിക്കണം താഴെ ചെറുതെങ്കിലും.. നിങ്ങളുടെ അഭിപ്രായങ്ങൾ.. അതിപ്പോ.. ഇഷ്ടായാലും ഇല്ലെങ്കിലും… അപ്പോ നിങ്ങളുടെ സ്നേഹത്തിനു പ്രതീക്ഷിച്ചു കൊണ്ട് സ്നേഹത്തോടെ (♥️നന്ദൻ ♥️)
Comments:
No comments!
Please sign up or log in to post a comment!