ദേവനന്ദ 3

അതുവരെ അവളോട് ഉണ്ടായിരുന്ന എല്ലാ തെറ്റുധാരണകളും അവിടെ വച്ച് തീരുക ആയിരുന്നു.  അവൾ പറഞ്ഞതെല്ലാം സത്യം ആണെന്ന് മനസിലാക്കാൻ എനിക്ക് അവളുടെ ആ കണ്ണുനീർ മാത്രം മതിയായിരുന്നു.  ഇത്രയും നാൾ ഞാൻ അവളോട് ചെയ്ത തെറ്റുകൾ എല്ലാം മനസ്സിലോടി എത്തിയപ്പോൾ എനിക്ക് എന്നോട് തന്നെ ആ നിമിഷത്തിൽ വെറുപ്പ് തോന്നി .

മനസ്സിൽ ഇനിയും ഒത്തിരി സംശയങ്ങൾ ബാക്കി ഉണ്ടായിരുന്നു എങ്കിലും അവളുടെ ആ അവസ്ഥയിൽ അവളോടത്  ചോദിക്കാൻ എനിക്ക് തോന്നിയില്ല.  ഒരുകാലത്തു ഇത് പോലെ സമയം വരുമ്പോൾ അതും അവൾ തന്നെ എനിക്ക് പറഞ്ഞു തരും എന്ന് എന്റെ മനസ് എന്നോട് പറഞ്ഞു  ….

” വാ പോകാം  …. “

ഞാൻ അതും പറഞ്ഞു നടന്നതും മറുത്തൊന്നും പറയാതെ എന്റെ പിന്നാലെ വന്നു അവൾ ബൈക്കിൽ കയറി.

” സോറി. “

കലങ്ങിയ കണ്ണുകൾ തുടക്കുന്നത് മിററിലൂടെ നോക്കി ഞാൻ അവളോട് പറഞ്ഞു..

” എന്തിന്? “

” എല്ലാറ്റിനും. ! വഴക്കുണ്ടാക്കിയതിന്…  ചീത്ത വിളിച്ചതിന്…..  ദേഷ്യപ്പെട്ടതിന്…   തെറ്റുധരിച്ചതിന്..   അങ്ങനെ എല്ലാത്തിനും…   “

” അപ്പൊ ഞാൻ എന്ത് പറഞ്ഞാ നന്ദുവേട്ട നിങ്ങളോട് മാപ്പപേക്ഷിക്ക .?  ഒരു സോറിയിൽ തീരുവോ ഞാൻ ചേട്ടനോട് ചെയ്തത്? “

” എന്നാലും ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു ..  എന്റെ സാഹചര്യങ്ങൾ……… “

” എനിക്ക് അറിയാം നന്ദുവേട്ട..  ഈ കണ്ടതൊന്നും അല്ല നന്ദുവേട്ടനെന്നു..  നിങ്ങൾ നല്ലവനാണ്.  എനിക്ക് അറിയാം…  പിന്നെ ഇതൊക്കെ ഞാൻ അനുഭവിക്കേണ്ടതാണ്.  എന്റെ വിധി ആണ്.  “

ഞങ്ങൾ തമ്മിൽ സ്വയം പഴിച്ചു കൊണ്ടേ ഇരുന്നു…

” വണ്ടി എടുക്ക് നന്ദുവേട്ട..  ഇനിയും താമസിച്ചാൽ ആ സ്മിത മിസ്സെന്നെ കൊല്ലും.  “

പെട്ടന്നവൾ വിഷയം മാറ്റി.  ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു നേരെ കോളജിലേക്ക് വച്ച് പിടിച്ചു..  അപ്പോളും അവളുടെ ഇരിപ്പു ശെരി ആകുന്നുണ്ടായിരുന്നില്ല.  ഓരോ വളവു തിരിയുമ്പോളും അവൾ പിന്നിലേക്കു വളഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു .  അത് കൊണ്ട് ഞാൻ വണ്ടിയുടെ വേഗത കുറച്ചു.

” ഞാൻ ബൈക്കിൽ ആദ്യമായിട്ടാണ്  കേറുന്നത് . “

അവൾ പറഞ്ഞതിന്റെ അർദ്ധം എനിക്ക് മനസിലായി.

” എടൊ അത് ഞാൻ അന്ന് അറിയാതെ പറഞ്ഞതാ താനത് വിട്ടു കള.. “

” അതല്ല നന്ദുവേട്ട.  നിങ്ങൾ വേഗം സ്പീഡ് കുറച്ചത് കൊണ്ട് പറഞ്ഞതാ..  ഞാൻ ആദ്യമായിട് ഒരാളുടെ ബൈകിനു പിന്നിൽ കേറീത് അന്ന് നന്ദുവേട്ടന്റെ ഈ വണ്ടിയിലാ ..  അതുകൊണ്ട് തന്നെ എനിക്ക് വണ്ടിയിൽ എങ്ങനെയാ ഇരിക്കണ്ടെന്നോ.

 എവിടെയാ പിടിക്കണ്ടെന്നോ ഒന്നും അറിയില്ല. “

ഞാൻ അതിനൊരു മൂളൽ മാത്രം മറുപടി ആയി കൊടുത്തിട്ട് വണ്ടി നേരെ വീട്ടിലേക്കു തിരിച്ചു .

” എന്തിനാ ഇപ്പൊ വീട്ടിലേക്കു പോകുന്നെ?  “

” ഈ സമയത്ത് ഇനി കോളേജിൽ പോയിട്ടിനി എന്ത് കാണിക്കാനാ “

അവൾ കയ്യിൽ കിടന്ന വാച്ചിലേക്ക് നോക്കിയിട്ട് ഒന്നും മിണ്ടാതെ ഇരുന്നു. .   വീട്ടു വളപ്പിലേക് വണ്ടി കയറുമ്പോളേ കണ്ടത് കാറിനുള്ളിലേക് ബാഗ് എടുത്ത് വയ്ക്കുന്ന ഏട്ടനേയും ഏടത്തിയെയും ആണ്..  എങ്ങോട്ടേക്കോ ഉള്ള യാത്ര ആണ്…..

ബൈക്ക് മുറ്റത്തെത്തിയപ്പോൾ ആണ് കാറിനകത്ത് ഇരിക്കുന്ന അമ്മയെയും കണ്ടത്.

” ആഹാ ഇതുങ്ങളുടെ രണ്ടിന്റേം കറക്കം ഇനിം കഴിഞ്ഞില്ലേ ?  “

കേറി ചെന്നതേ ഏടത്തി ചോദിച്ചു.

“, നിങ്ങൾ ഇതെവിടെ പോകുവാ..?  “

എന്റെ ചോദ്യത്തിനുള്ള മറുപടി തന്നത് ഏട്ടനാണ്..

” എടാ ഇവളുടെ അമ്മക്ക് സുഖം ഇല്ല.  ഹോസ്പിറ്റലിൽ ആണ്. ഞങ്ങൾ അവിടെ വരെ ഒന്നു പോകുവാ… അപ്പൊ അമ്മ പറഞ്ഞു കൂട്ടത്തിൽ നമ്മുടെ തറവാട്ടിലും ഒന്നു കേറാം എന്ന്.  അവിടെ പോയിട്ടു കുറെ ആയില്ലേ  ?   “

” ഇറങ്ങി കഴിഞ്ഞു നിന്നെ വിളിച്ചു പറയാമെന്നാ കരുതിയേ..  അതെങ്ങനെയാ ക്ലാസ്സിലും പോകാതെ ഇപ്പോളും കറങ്ങി നടപ്പല്ലേ രണ്ടും..   “

ഏട്ടന്റെ വാക്ക് പൂർത്തിയാക്കിയത് ഏടത്തി ആണ്…

” എങ്കിൽ ഞങ്ങളും വരാം   “

” വേണ്ട..  വേണ്ടാ…  നിങ്ങൾ ഈ ക്ലാസ് കളഞ്ഞു എന്തിനാ വരുന്നേ…  അമ്മക്കത്ര സീരിയസ് ഒന്നും അല്ല.  ആവശ്യം ഉണ്ടേൽ വിളിക്കാം അപ്പൊ വന്നാ മതി    “

ഏടത്തിയുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് പോലെ. കാരണം അമ്മ ആശുപത്രിയിൽ കിടക്കുന്നതിന്റെ വിഷമം ഒന്നും ഏടത്തിയുടെ മുഖത്തു കാണാൻ ഉണ്ടായിരുന്നില്ല…

” ഞാനും വരാം അമ്മേ … “

അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്ന ദേവു അമ്മയുടെ കയ്യിൽ പിടിച്ചു.പറഞ്ഞു …

” ഇന്ന് വേണ്ട മോളെ..  പിന്നെ ഒരിക്കലാകട്ടെ..  ഇന്ന് മോളെ കൊണ്ട് പോയാൽ ഇവനിവിടെ ഒറ്റക്കാകില്ലേ.. “

ദേവു വെറുതെ തല താഴ്ത്തി നിന്നതേ ഒള്ളു.

അപ്പോളേക്കും പിന്നിൽ നിന്നു വന്ന ഏടത്തി അവളെയും വിളിച്ചു അല്പം മാറി നിന്നു…

” അതെ….  ഞങ്ങൾ നാളെ ഇങ്ങു വരും..  അപ്പോളേക്കും അടി കൂടിയോ കരഞ്ഞു കാലു പിടിച്ചോ അവന്റെ ആ ദേഷ്യം തീർത്തു നല്ല കുട്ടികളായിട്ട് ഇരുന്നോണം….  “

ഏടത്തി സ്വകാര്യമെന്നു കരുതി പറഞ്ഞത് ഞാൻ വരെ കേട്ടു…

” എന്ന് വരും ഏടത്തി  ?  “

” നാളെ  “

” അപ്പൊ അതുവരെ ഞാൻ ഒറ്റക്കോ?  “

” അതിനല്ലേ ഇവളിവിടെ ഉള്ളത്.
 ” പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല.. കാക്കക്കൂട്ടിൽ അകപ്പെട്ട കുയിൽ കുഞ്ഞിനെ പോലെ ദേവു എന്നെ ദയനീയമായി നോക്കി.  ഇന്നലെ വരെ ഉള്ള എന്റെ പെരുമാറ്റം വച്ച് അവളെ ഒറ്റയ്ക്ക് കൂടി കിട്ടിയാൽ ഞാൻ അവളെ കൊല്ലാകൊല ചെയ്യുമെന്നവൾക്ക് നല്ലപോലെ അറിയാമായിരുന്നു…..

അവര് പോകുന്നത് വരെ മുറ്റത്തു തന്നെ നിന്ന അവൾ അമാന്തിച്ചാണ് വീടിനുള്ളിലെക്ക് കയറിയത്.

ഡ്രെസ്സൊക്കെ ചേഞ്ച് ചെയ്തു ഹാളിലേക്ക് വരുമ്പോൾ അവൾ എന്തോ ആലോചിച്ചിരിക്കയായിരുന്നു.  കിച്ചണിൽ പോയി ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് തിരിച്ചു വരുമ്പോളും അവൾ അതെ ഇരിപ്പാണ്.

” എന്ത് പറ്റി?  “

എന്റെ ചോദ്യം കേട്ട് തലയുയർത്തി നോക്കിയാ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

” ഹേയ്.. എന്ത് പറ്റി.  എന്തിനാ ഇപ്പോ താൻ കരയുന്നെ ?  “

എവിടെന്നോ കിട്ടിയ ധൈര്യം സംഭരിച്ചു അവൾ ചോദിച്ചു.

” എന്നെ നിങ്ങളുടെ ബന്ധുക്കളുടെ മുന്നിൽ ഒന്നും കാണിക്കാൻ കൊള്ളില്ല അല്ലേ ?  ഞങ്ങൾ ഒക്കെ പാവങ്ങൾ ആയത് കൊണ്ട് ആണോ ?  അതോ ഈ വീട്ടിലെ ആർക്കും എന്നെ ഇഷ്ടം ഇല്ലാത്ത കൊണ്ട് ആണോ ? “

” അതിന് ഇപ്പോ എന്താ ഉണ്ടായത്?  ഇഷ്ടം അല്ലെന്നു തോന്നാൻ അവരെന്തെങ്കിലും പറഞ്ഞോ “

എനിക്ക് ഒന്നും മനസിലാവാതെ അവൾക് എതിരെ കസേരയിൽ വന്നിരുന്നു..

” പിന്നെ എന്താ അവർ നമ്മളെ കൂടെ കൊണ്ട് പോകാഞ്ഞത്? “

അവളുടെ ചോദ്യത്തിന് എനിക്ക് ചിരി ആണ് വന്നത്.

” എടൊ..  അത് എന്തിനാണെന്ന് തനിക്കിത് വരെ മനസിലായില്ലേ.ഈ .  ഹോസ്പിറ്റൽ കിടക്കുന്ന അമ്മയെ കാണാൻ ആരെങ്കിലും ചിരിച്ചു കളിച്ചു പോകുവോ ?  “

ശരി ആണല്ലോ എന്ന ഭാവത്തിൽ അവൾ എന്നെ നോക്കി.

” അതൊക്കെ പോട്ടെ പോകാൻ നേരം ഏടത്തി എന്താ തന്നോട് പറഞ്ഞത് ?  “

” അത് അവർ പോയിട്ടു വരുമ്പോഴേക്കും നമ്മൾ വഴക്ക്‌ ഒക്കേ പറഞ്ഞു തീർക്കണം എന്നു.  “

” ആഹ് അത്രേ ഒള്ളൂ കാര്യം.  അവർക്കു ഒരു വിചാരം ഉണ്ട് അവരിവിടെ ഉള്ളത് കൊണ്ടാണ്  നമ്മൾ തമ്മിൽ എപ്പോളും വഴക്ക് ..  അല്ലെങ്കിൽ അവരെ കാണിക്കാൻ വേണ്ടി ആണ് ഞാൻ എപ്പോളും തന്നോട് വഴക്ക്‌ ഉണ്ടാക്കുന്നതെന്ന്…  അപ്പൊ നമ്മുടെ വഴക്ക് മാറ്റാൻ അവരു കണ്ടു പിടിച്ച വഴി ആണ് ഈ ആശുപത്രി നാടകം. “

”  അതിന് അവർ ഇല്ലെങ്കിൽ നമ്മളുടെ വഴക്ക് എങ്ങനെ തീരാനാ?  “”

” ഇതിൽ കൂടുതൽ എങ്ങനെ ആടോ ഞാൻ തന്നെ അത് പറഞ്ഞു മനസിലാക്കി തരുക. ?  “

അവളുടെ നിർത്തകളങ്കമായ ചോദ്യം എനിക്ക് ചിരി ഉളവാക്കി.
.

” ഈ നന്ദു ഏട്ടൻ എന്താ ഈ പറയുന്നേ?  എനിക്ക് ഒന്നും മനസിലാകുന്നില്ല.  “

പെട്ടന്നാണ് കാളിംഗ്ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.  ഞാൻ എഴുന്നേറ്റു പോയി ഡോർ തുറന്നു..

” ടൺ ടടാൺ….  “

ടൂത്ത്‌ പേസ്റ്റിന്റെ പരസ്യത്തിൽ കാജൽ അഗർവാൾ വന്നു ഡോറിന് മുന്നിൽ നിന്ന് ഇളിച്ചു കാണിക്കുന്നത് പോലെ വന്ന് നീക്കുകയാണ് നമ്മുടെ മാളു.

” ആഹാ.  നീ ഇന്ന് കോളേജിലൊന്നും പോകുന്നില്ലേ ചെക്കാ. ? “

എന്നെ തള്ളി മാറ്റിക്കൊണ്ട് അകത്തേക്ക് കയറി കൊണ്ട് അവൾ ചോദിച്ചു..

” നീ ഇതിപ്പോ വന്നു ചാടി എടീ പിശാശേ “

” ഇന്ന് രാവിലെ.  അല്ല എവിടെ നിന്റെ സഹധര്മിണിയും മറ്റ് സഹവാസികളും “

ദേവു അപ്പോളേക്കും അകത്തുനിന്നു ഇറങ്ങി വന്നു.

” അവരൊക്കെ തറവാട്ടിൽ പോയിരിക്കാ.. “

ഞാൻ മറുപടി കൊടുത്തു

” ഓഹ് അതുകൊണ്ട് ആണോ രണ്ടും കൂടി കോളേജിൽ പോകാതെ ഇവിടെ തന്നെ അങ്ങ് കൂടിയത്?  “

” ഞാൻ വന്നത് ഒരു അസൗകര്യം ആയി തോന്നിയോ എന്റെ നാത്തൂന്?  “

ദേവുവിനെ കെട്ടിപ്പിടിച്ചു കൊണ്ടവൾ ചോദിച്ചു.  അവളതിനൊരു ചിരി മാത്രം മറുപടിയായി മാളുവിന് നൽകി.

” ഹോ എന്ന ചിരി ആന്നെന്നു നോക്കിയെടാ നന്ദു ഇവളുടെ.  കണ്ടിട്ട് കൊതിയാകുന്നു.  ചിരിക്കൂന്നേ ഇങ്ങനെ ഇങ്ങനെ ചിരിക്കണം. എന്റെ ചിരി ഒക്കെ കണ്ടോ….  ഒരു കിറി അങ്ങോട്ടും മറ്റേത് ഇങ്ങോട്ടും “

അതും പറഞ്ഞു മാളു ഒന്ന് ചിരിച്ചു കാണിച്ചു..

ശെരിയാണ് മാളുവിന്റെ ചിരിയെ അപേക്ഷിച്ചു ദേവൂന്റെ ചിരിക്ക് അഴകേറെ ആയിരുന്നു..

മാളു വന്നത് നന്നായി എന്നെനിക് തോന്നി.  ഇല്ലെങ്കിൽ ഒറ്റക്കായി എന്ന തോന്നൽ ദേവുവിനെ വല്ലാതെ അലട്ടുമായിരുന്നു…അമ്മയും ഏടത്തിയും ഇവളെ അളവറ്റു സ്നേഹിക്കുന്നുണ്ട്.അങ്ങനെ ഒരു സാഹചര്യത്തിൽ കയറി വന്നവൾ ആയിട്ട് കൂടി അവളെ ഇഷ്ടമാണ് അവർക്കും.  പക്ഷെ !  എങ്ങനെ അവളോട് പെരുമാറണം എന്നെനിക് ഇനിയും അറിയില്ല.  ഇത്ര നാൾ വെറുപ്പിന്റെ അങ്ങേ അറ്റത്തു കൊണ്ട് നിർത്തി ഇരുന്ന ഒരുവൾ പെട്ടന്ന് മനസ്സിൽ നല്ലവളായി ഇടം പിടിച്ചു എങ്കിലും അതെങ്ങനെ പ്രകടിപ്പിക്കണം എന്നോ എന്ത് സംസാരിക്കണം എന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു….

ഓരോ കളിതമാശകൾ പറഞ്ഞവർ അകത്തേക്കു പോയി.  ഇടക്ക് അവിടേക്കു ഒന്ന്  എത്തി നോകിയതല്ലാതെ ഞാൻ അവരുടെ സംസാരത്തിനിടയിൽ കൂടാൻ പോയില്ല.  ഉച്ചക്ക് പഴയ ക്രിക്കറ്റ് മാച്ച് റീപ്ലേ ഉണ്ടായിരുന്നത് കണ്ടു കൊണ്ടിരുന്ന എന്നെ ഊണ് കഴിക്കാൻ മാളു വന്നു വിളിച്ചപ്പോളാണ് പിന്നെ ഞാൻ അവരുടെ ഇടയിലേക്ക് ചെന്നത്.
  മാളു വന്നപ്പോൾ മാളുവിന്റെ അതേ പ്രസരിപ്പും ഊർജ്ജവും ദേവുവിലും കാണാൻ കഴിഞ്ഞു.  എങ്കിലും എന്നോട് മിണ്ടാൻ അവൾക്കും മടി ഉള്ളത് പോലെ തോന്നി..  പതിവ് ക്രിക്കറ്റ് കളിക്ക് വൈകിട്ട് പോകുമ്പോൾ വീട്ടിലേക്ക് ദേവുവിനെയും   മാളു  ഒപ്പം കൂട്ടി.  കളി ഒക്കെ കഴിഞ്ഞു ഞാൻ നേരത്തെ തിരിച്ചെത്തി.

” എന്റെ പൊന്നു നന്ദു… കല്യാണം ഒക്കെ കഴിഞ്ഞില്ലേ.  ഇനി എങ്കിലും ഈ പിള്ളേരുടെ കൂടെ ഉള്ള ക്രിക്കറ്റ് കളി ഒന്നു നിർത്തിക്കൂടെ.  ഇവൾ ഇവിടെ ഉണ്ടെന്നെങ്കിലും ഓർക്കണ്ടേ.. ?   “

കയറി ചെന്നതേ എന്നെ നോക്കി ഇരിക്കുക ആയിരുന്ന മാളു പറഞ്ഞു.

” നിനക്കിവനെ ഒന്ന് ഉപദേശിച്ചു കൂടെ ? “

കൂടെ ഉണ്ടായിരുന്ന ദേവുവിനോട് അവൾ ചോദിച്ചു… ഒരു പുഞ്ചിരി മാത്രം ആയിരുന്നു അതിനുള്ള മറുപടി.

” അതെങ്ങനെയാ രണ്ടും കണക്കാ…  കെട്ടിയോന് പറ്റിയ കെട്ടിയോൾ ….  “

” അപ്പോഴേ ഞാൻ അങ്ങ്  പോയേക്കുവാ..   “

” നീ ഇതെവിടെ പോകുവാ. ഇന്നിവിടെ  ഇവിടെ നിക്കാം “

“പിന്നെ നിങ്ങൾ കപ്പിൾസിന്റെ ഇടയിൽ എനിക്ക് എന്ത് കാര്യം ..  ഞാൻ എന്റെ കുടുംബത്തു പോട്ടെ……… “

അവൾ പോകുന്നതും നോക്കി ദേവു വാതിൽക്കൽ നിൽക്കുന്നതും കണ്ടിട്ട് ആണ് ഞാൻ അകത്തേക്ക് കയറിയത്.   ഒരു കുളി ഒക്കെ കഴിഞ്ഞു ഹാളിൽ എത്തിയപ്പോൾ അവൾ അവിടെ ഇരുന്ന് പഠിക്കുന്നുണ്ടായിരുന്നു.

എന്നെ കണ്ടതും അത്താഴം എടുക്കാം എന്ന് പറഞ്ഞു ബുക്ക് എല്ലാം മടക്കി വച്ച് അവൾ അടുക്കളയിലേക്കു നടന്നു..

വെറുതെ അവൾ മടക്കി വച്ച ബുക്കിലേക്ക് കണ്ണോടിച്ചപ്പോൾ ആണ് കണ്ടത്.  മനോഹരം ആയി പെയിന്റ് ചെയ്ത ഒരു കൃഷ്ണന്റെ ചിത്രം ബുക്കിന്റെ പുറത്തു ഒട്ടിച്ചിരിക്കുന്നു  ..   കണ്ടപ്പോൾ എനിക്ക് അതെടുത്തു അതിന്റെ ഭംഗി ആസ്വദിക്കാതിരിക്കാൻ കഴിഞ്ഞില്ല.  മനോഹരം എന്നല്ല അതിമനോഹരം എന്ന് വേണം പറയാൻ…  ഓടക്കുഴലൂതുന്ന കണ്ണന്റെ പുഞ്ചിരി തൂകുന്ന മുഖം…..  പണ്ടു ഹിസ്റ്ററി ബുക്കിൽ കണ്ട ശാസ്ത്രജ്ഞന്മാരുടെ ചിത്രത്തിൽ ഞാൻ കുത്തിക്കുറിച്ച വരകൾ അല്ല മറിച്ചു ഇതാണ് ശെരിയായ ചിത്ര രചന എന്ന് മനസ് എന്നെ കളിയാക്കിയ നിമിഷം ആയിരുന്നു അത്.

പെട്ടന്നാണ് അവൾ അങ്ങോട്ടേക്ക് കടന്നു വന്നത്.  അവളുടെ ബുക്ക് കയ്യിലെടുത്തു നിൽക്കുന്ന എന്നെ കണ്ടു അവളാദ്യമൊന്നു അമ്പരന്നു.

” ഇത് താൻ വരച്ചതാണോ?   “

ഒരു ചെറു പുഞ്ചിരിയോടെ ” അതെ ” എന്നവൾ തലയാട്ടി..

” എന്തു കഴിവാണെടോ?  ഒന്നും പറയാനില്ല. അടിപൊളി ആയിട്ടുണ്ട്..  ഇതൊക്കെ എങ്ങനെ കഴിയുന്നോ  “

എന്റെ പ്രശംസ കേട്ട അവളുടെ മുഖം ചുവന്നു തുടത്തു വരുന്നത് ഞാൻ ശ്രധിച്ചു.  അപ്പോളവൾക്ക്   സൗന്ദര്യം വർദ്ധിച്ച പോലെ ഒരു തോന്നൽ..  ഇനിയും അവളെ വർണിക്കാൻ എന്റെ മനസ്സ് കൊതിച്ചു.

” ഇതല്ലാതെ വേറെ ഉണ്ടോ വരച്ചത്?  നോക്കട്ടെ !”

അത്രയും പറഞ്ഞു ഞാനാ ബുക്കിന്റെ താളുകൾ മറിക്കാൻ തുടങ്ങിയതും  ഓടി എത്തിയ ദേവു എൻ്റെ കയ്യിൽ നിന്നും ആ ബുക്ക് പിടിച്ചു വാങ്ങി..

” അതിൽ വേറെ ഒന്നും ഇല്ല.   “

അവൾ പറഞ്ഞൊപ്പിച്ചു.

” വാ കഴിക്കാം.  ഞാൻ എല്ലാം എടുത്തു വച്ചിട്ടുണ്ട്.. “

അതും പറഞ്ഞവൾ ആ ബുക്കുകൾ എല്ലാം എടുത്ത് അവളുടെ ബാഗിനകത്തേക്ക് വച്ചു.  അവളുടെ ആ പ്രവർത്തിയിൽ എനിക്ക് നിരാശ തോന്നി എങ്കിലും ഞാൻ അത് മുഖത്തു കാട്ടാതെ ഞാൻ  ഭക്ഷണം കഴിക്കാൻ ചെന്നിരുന്നു..

വലിയ വിഭവങ്ങൾ ഒന്നും ഇല്ലെങ്കിലും അവൾ ഉണ്ടാക്കിയ പയറു തോരനും സാമ്പാറിനും നല്ല രുചി ഉണ്ടായിരുന്നു.

” താൻ കഴിക്കുന്നില്ലേ? “

ഞാൻ ചോറ് എന്റെ പാത്രത്തിലേക്ക് പകർത്തുന്നതിനിടയിൽ ചോതിച്ചു.

അവൾ മറുപടി ഒന്നും പറയാതെ നിന്നതേ ഒള്ളു.

” എന്റെ കൂടെ ഇരിക്കാൻ പേടി ആണോ ?

സാരമില്ല വന്നിരുന്നു കഴിക്കു.  അല്ലേൽ പിന്നെ ഒറ്റക് ഇരുന്നു കഴിക്കണ്ടേ?  “

ഒന്നും മിണ്ടാതെ അവൾ ടേബിളിൽ എനിക്ക് എതിർ വശം വന്നിരുന്നു..

” അച്ഛന്റെ ഫോട്ടോ ഉണ്ടോ കയ്യിൽ ?   “

കഴിക്കുന്നതിനിടയിൽ ഞാൻ ചോതിച്ചു.

” ഉണ്ട് “

” മ്മ്….    എവിടെയാ തുടങ്ങുക എന്നറിയില്ല.  ആദ്യം  പോലീസിൽ ഒരു പരാതി കൊടുത്താലോ എന്നാലോചിക്കാ….  ?   “

” അത് വേണ്ട നന്ദുവേട്ടാ.  പോലീസിൽ ഒക്കെ പോയാൽ  അവർ ആദ്യം അന്ന്വേഷിച്ചു ചെല്ലുന്നത് എന്റെ വീട്ടിലേക്കു ആയിരിക്കും.  പോലീസ് ഒക്കെ ഇടപെട്ടാൽ ചിലപ്പോ ആ രാഘവൻ….  ആയാൾ ഇവിടെ വന്നു വരെ പ്രശ്നം ഉണ്ടക്കാനും ചാൻസ് ഉണ്ട് ..ഒന്നിനും മടി ഇല്ലാത്ത ആളാ ചെകുത്താൻ… .  പോലീസ് ഒന്നും വേണ്ട ഏട്ടാ…. “

അവൾ പറഞ്ഞതിലും കാര്യം ഉണ്ടെന്നു എനിക്കും തോന്നി..  അവിടെ ഒക്കെ പോലീസ് അന്ന്വേക്ഷണം വന്നാൽ അയാൾ ആ രാഘവൻ ചിലപ്പോൾ പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഉണ്ട്.. കാരണം അയാളുടെ തൊഴിൽ സ്ഥലം ആണല്ലോ ഇപ്പോൾ ഈ പെണ്ണിന്റെ വീട്.

” വേറെ എവിടെ നിന്നാ അന്ന്വേഷിച്ചു തുടങ്ങുക ?  “

ഞാൻ ഒരു സംശയം എന്നോണം ചോദിച്ചു.

” അച്ഛൻ പോകാൻ സാധ്യത ഉള്ള എല്ലാ ഇടത്തും ഞാൻ അന്ന്വേക്ഷിച്ചതാ.  എവിടെ ആണെന്ന് ഒരു പിടിയും ഇല്ല. ഇനി വല്ല ആപത്തും……   “

അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു ..

” ഹേയ്….  അങ്ങനെ ഒന്നും കരുതണ്ട.. “

” എനിക്ക് പേടിയാ..  അച്ഛൻ വന്നില്ലെങ്കിൽ പിന്നെ എനിക്കാരും ഇല്ല  “

” അങ്ങനെ ഒന്നും സംഭവിക്കില്ല.  താൻ ധൈര്യമായി ഇരിക്ക്…..  ഇപ്പൊ ആ കണ്ണൊക്കെ തുടച്ചു കളഞ്ഞു ഫുഡ് കഴിക്കാൻ നോക്ക്…  “

മുഖത്തൊരു പുഞ്ചിരി വരുത്തി അവൾ വേഗം കഴിച്ചെഴുന്നേറ്റു…

” താനിന്ന് അമ്മയുടെ റൂമിൽ കിടന്നോ  “

കിടക്കാൻ നേരം ആയപ്പോ റൂമിലേക്കു പോകുന്നത് കണ്ട ദേവുവിനോട് ഞാൻ പറഞ്ഞു.

” വേണ്ട ഞാൻ ഇവിടെ താഴെ കിടന്നോളാ.. “

” സാരമില്ല താനവിടെ പോയി കിടന്നോ……”

എത്ര നിർബന്ധിച്ചിട്ടും അവൾ ആ മുറി വിട്ടു പുറത്തേക്കു പോകാൻ തയ്യാറായില്ല.  അവസാനം ഞാൻ അവളോട് എന്റെ കട്ടിലിൽ കിടന്നു കൊള്ളാൻ ഉള്ള അനുവാദം കൊടുത്തു.  ഞാൻ അമ്മയുടെ മുറിയിലും കിടക്കാം എന്ന് തീരുമാനിച്ചു.

സത്യത്തിൽ അവളെ തറയിൽ കിടത്തുന്നതിനോട് താല്പര്യം തോന്നാഞ്ഞിട്ടാണ് ഞാൻ അവളെ കട്ടിലിൽ കിടക്കാൻ നിർബന്ധിച്ചത്.

എന്തോ അവളോടുള്ള മനോഭാവം ഒറ്റ ദിവസം കൊണ്ട് തന്നെ മാറി മറിഞ്ഞതിൽ എനിക്ക് തന്നെ അത്ഭുതം തോന്നി..

കുറച്ചു നേരം ഹാളിലിരുന്നു ടീവി കാണാം എന്ന് കരുതി ഇരുന്നപ്പോൾ ആണ് ദേവുവിന്റെ വരവ്.  വരണോ വേണ്ടയോ എന്ന ചിന്ത അവളുടെ മനസിലുണ്ടെന്നു അവളുടെ നടത്തത്തിൽ നിന്ന് എനിക്ക് മനസിലായി…

അവളെന്റെ എതിരെയുള്ള കസേരിയിൽ കൈ പിടിച്ചു നിന്നു.

” ഉറങ്ങുന്നില്ലേ?  “

എന്റെ ചോദ്യത്തിന് ” ഇല്ല ” എന്നവൾ തോളനാക്കി കാട്ടി .

” എനിക്ക് പേടിയാ അവിടെ ഒറ്റക്ക്….  “

അവൾ മടിച്ചു മടിച്ചു ഒരുവിധം പറഞ്ഞൊപ്പിച്ചു.

” പേടിയോ..  എന്തിനാ പേടിക്കണേ  “

” അറിയില്ല.  പണ്ടുതൊട്ടേ ഒറ്റക്ക് കിടന്നു ശീലം ഇല്ല. അച്ഛൻ ഉള്ളപ്പോ ഒക്കെ അച്ഛന്റെ കൂടെയേ ഉറങ്ങാറുള്ളു.. പിന്നെ……. .    “

അവൾക്കത് പറയാൻ മടി ഉള്ളതുപോലെ തോന്നി.

” പിന്നെ…  അച്ഛനില്ലാത്തപ്പോ ഞാൻ അടുത്ത വീട്ടിലാ കിടക്കുന്നെ..  എനിക്ക് അവിടെ പേടിയാ.. ആരൊക്കെ എപ്പോളൊക്കെയാ കേറി വരണേ എന്ന് പോലും അറിയില്ല. അപ്പുറത്തെ വീട്ടിലെ  കാവ്യയും ഞാനും ഒരുമിച്ചു പഠിച്ചതാ…..  പക്ഷെ ഈ അടുത്ത് അവരവിടുന്നു വീട് മാറി പോയി.. “

ഒരു നിരാശയോടെ അവൾ പറഞ്ഞു നിർത്തി.

” അമ്മ എന്നും അവരോട് വഴക്കരുന്നു….  എന്നും ചീത്ത വിളിക്കും.  ആ പാവം പെണ്ണും അതിന്റെ അമ്മയും ഒന്നും പറയാൻ പോകാറില്ല. എങ്കിലും ചീത്ത പറയും.  ഒരു കാര്യത്തിൽ അവര് പോയത് നന്നായി.  ഇച്ചിരി സമാധാനം കിട്ടുല്ലോ..  “

ആരോടെന്നില്ലാതെ പറഞ്ഞു തീർത്തവൾ എന്റെ മുഖത്തേക്ക് നോക്കി..  അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നെ കണ്ടിട് അവൾക് നാണം വന്നെന്നു തോന്നുന്നു …

” അയ്യോ നന്ദുവേട്ടൻ  ടീവി കണ്ടോ.. .  ഞാൻ വെറുതെ ഓരോന്ന് പറഞ്ഞു…  “

” ഉറക്കം വരുന്നില്ലേ ഇവിടെ ഇരിക്ക്.  “

പറഞ്ഞു തീരേണ്ട താമസം എന്റെ മുന്നിലുള്ള കസേരയിൽ എനിക്ക് എതിരെ അവൾ ഇരുന്നു.

” നന്ദുവേട്ടൻ ആ മുറിയിൽ തന്നെ കിടന്നോ.. ഞാൻ താഴെ തറയിൽ കിടന്നോളാ.  ഇല്ലേ എനിക്ക് ഇന്ന് ഉറക്കം വരില്ല… “

ഞാൻ ശെരി എന്ന അർഥത്തിൽ തല അനക്കി..

“, ആ വീട്ടിൽ ഒറ്റക്ക് കിടക്കാൻ എനിക്ക് പേടി ആയിരുന്നു.  .  അച്ഛനുള്ളപ്പോ മാത്രേ ഞാൻ ആ വീട്ടിൽ കിടന്നുറങ്ങാറുള്ളു അതും അച്ഛന്റെ കൂടെ.   അങ്ങനെ ശീലം ആയി പോയതാ.. ഇന്ന് രാത്രി ഞാൻ കരയത്തില്ല.. ചേട്ടൻ ധൈര്യമായി ഉറങ്ങിക്കോ….   “

അവളുടെ സംസാരം കേട്ട് എനിക്ക് ചിരി ആണ് വന്നത്. എത്ര നിശ്കളങ്കമായാണ് അവൾ സംസാരിക്കുന്നത്…. ചേറു വെള്ളത്തിലെ താമര ആണിവൾ.  ആ ചേറു നിറഞ്ഞ കുടുംബത്തിലെ കളങ്കമില്ലാത്ത താമര.



“എന്തിനാ ചിരിക്കണേ…?   “

” വെറുതെ അല്ല അമ്മ മുതൽ ഏട്ടൻ വരെ തന്റെ ഫാൻ ആയത്.   “

ഞാൻ പറഞ്ഞതിന് അർദ്ധം മനസിലാകാതെ അവൾ ഇരുന്നു.

” തന്റെ അച്ഛനു  എന്തായിരുന്നു ജോലി ? “

” കൂലിപ്പണിയാ…  എല്ലാ ജോലിയും ചെയ്യും.  രാത്രി എന്നോ പകലെന്നോ അച്ഛന് നോട്ടം ഇല്ല.  എന്ത് പണിക്കും പോകും.  എന്താ പണിന്നു ചോദിച്ച അച്ഛന്  ശെരിക്കു അറിയില്ല…  ! “

” അപ്പൊ തന്റെ കാര്യങ്ങൾ ഒന്നും തന്റെ കൂട്ടുകാർക്കു പോലും അറിയില്ലേ ?  “

” ഇല്ല ഞാൻ പറഞ്ഞിട്ടില്ല.. ! എന്റെ അവസ്ഥ മനസിലാക്കിയാൽ അവര് ചിലപ്പോ എന്നെ ഒഴിവാക്കിയാലോ എന്ന് പേടി ഉണ്ട്  എനിക്ക്.  അങ്ങനെ ഉള്ളൊരു വീട്ടിലെ കുട്ടി ആകുമ്പോൾ ഞാനും അങ്ങനെ ആയിരിക്കും എന്നല്ലേ കരുതൂ.. “

മനസ് നിഷ്കളങ്കമാണെങ്കിലും ചിന്താഗതിയിൽ അവളെന്നേക്കാൾ ഏറെ മികച്ചത് ആന്നെന്നു എനിക്ക് തോന്നി പോയി..

” ഏട്ടൻ അഞ്ജുവിനെ കണ്ടു അല്ലെ ?  “

” മ്മ്.  “

” കഴിഞ്ഞ ദിവസം കൂട്ടുകാരന്റെ കൂടെ എന്റെ പിറകെ നടക്കുന്നത് കണ്ടപ്പോൾ തോന്നി അവളോട് ചേട്ടൻ എന്നെ പറ്റി ചോദിക്കും എന്ന്.  ! “

അവളൊരു ആക്കിയ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു   ..  ഞാൻ ഒരു വല്ലാത്ത ചിരിയിലത് ഒതുക്കി തീർത്തു.

” അവളാണ് കോളേജിൽ എനിക്ക് ആകെ ഉള്ള കൂട്ട്.  അവൾക്ക് അറിയാം എന്നെ കുറിച്ചെല്ലാം.  ഞാൻ പറഞ്ഞു ഏട്ടനോട് ഒന്നും പറയണ്ടാ എന്ന്. “

ഇവൾ ആള് കൊള്ളാമല്ലോ എന്നെന്റെ മനസ്സ് പറഞ്ഞു.

അവളെങ്ങനെ വാ തോരാതെ അഞ്ജുവിനെ കുറിച്ചും അവരുടെ സൗഹൃദത്തെ കുറിച്ചും  ഓരോ കാര്യങ്ങളും പറഞ്ഞു കൊണ്ടേ ഇരുന്നു.  കേട്ടിരിക്കാൻ നല്ല കൗതുകം തോന്നി.  ആദ്യമായാണ് ഒരു പെണ്ണ് എന്നോട് ഇത്രയും മനസ് തുറന്നു സംസാരിക്കുന്നത്.  ക്രിക്കറ്റ് തലക്ക് പിടിച്ചു നടന്നത് കൊണ്ടാകാം പ്രേമമൊന്നും ശെരി ആകാതെ ഇരുന്നത്.  ദേവുവിന്റെ മുന്നിൽ ഞാൻ വെറും കേൾവിക്കാരനായിരുന്നു.  ആരെയും സംസാരിച്ചു മയക്കാൻ ഉള്ള കഴിവ് ഈ പെണ്ണിനുണ്ടെന്നു എനിക്ക് തോന്നി.  അല്ലെങ്കിൽ ഇത്രയും വെറുത്തിരുന്ന ഒരുവളോട് എങ്ങനെ ഇത്രക് അടുപ്പം തോന്നാൻ സാദിക്കും…  അവളെ കൂടുതൽ അറിയാൻ അവളോട് ഒരുപാടു ചോദ്യങ്ങൾ ഒന്നും എനിക്ക് വേണ്ടി വന്നില്ല.   എല്ലാം അവൾ പോലും അറിയാതെ അവൾ പറയുന്നുണ്ടായിരുന്നു……

എല്ലാം കഴിഞ്ഞവൾ ഒന്ന് നിർത്തി .  കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ എന്നോട് ചോദിച്ചു.

” നന്ദുവേട്ടന് ഇപ്പോളും എന്നോട് ദേഷ്യം ഉണ്ടല്ലേ ?  “

ആ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു. സത്യത്തിൽ ആ നിമിഷമത്രയും ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യവും അത് തന്നെ ആകും…

അതിനുത്തരം എനിക്ക് തന്നെ അറിയാത്ത ഒരു വികാരം ആണെന്ന് മനസ്സിനുള്ളിലിരുന്നാരോ മന്ത്രിച്ചു…  അതൊരിക്കലും പ്രണയം അല്ല.  ചിലപ്പോൾ സഹതാപം ആകാം അല്ലെങ്കിൽ എനിക്ക് എന്നോട് തന്നെ തോന്നുന്ന അപഹർഷത ആകാം….  എങ്കിലും അവളെ ഇനിയും അവിശ്വസിക്കുന്നതെങ്ങനെ?   മനസ്സിൽ മനസിലാവാത്ത പല ചോദ്യങ്ങളും മിന്നി മറയുന്ന പോലെ ഒരു തോന്നൽ..

” എനിക്ക് അറിയാം.  എന്നെ ഇപ്പോളും നന്ദുവേട്ടൻ വിശ്വസിച്ചിട്ടില്ല എന്ന്.   അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നല്ലല്ലോ ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്‌.  “

അവളിൽ ബാക്കി ഉണ്ടായ കണ്ണുനീരും ആ കവിളിലൂടെ  ഒഴുകി ഇറങ്ങി… എനിക്ക് ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു.  ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. അവളൊന്നും മിണ്ടാതെ റൂമിലേക്കും കയറിപ്പോയി.  എത്ര നേരം ഞാൻ അവിടെ ഇരുന്നു എന്നറിയില്ല. റൂമിലേക്കു കയറി ചെല്ലുമ്പോൾ അവൾ പഴയ പോലെ തറയിൽ ഒരു പായ വിരിച്ചു കിടന്നിരുന്നു.  നല്ല ഉറക്കം ആണ്. കുറെ സമയം അവളെ അങ്ങനെ  നോക്കി നിന്നു ഞാൻ .  പിന്നെ  എപ്പോളോ  ഉറങ്ങി പോയി.

രാവിലെ എഴുന്നേറ്റപ്പോൾ അവളെ റൂമിൽ കണ്ടില്ല.  ഞാൻ എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞു വരുമ്പോൾ അവളും കോളേജിൽ പോകാൻ റെഡി ആയിരുന്നു..  രാവിലെ അവളെന്നോട് ഒന്നും മിണ്ടിയില്ല.  ഇന്നലെ വാ അടക്കാത്ത ആ പെണ്ണ് തന്നെയാണോ ഇത് എന്ന് തോന്നിപോയി എനിക്ക്..

ഞാനും അത് വലിയ കാര്യമാക്കാൻ പോയില്ല..  എല്ലാം കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ ആണ് കാണുന്നത് ബൈകിന്റെ ടയർ പഞ്ചർ   ആണ്..

” ടയറിന്റെ വെടി തീർന്നു  “

ബൈകിന്റെ ടയറിലേക് നോക്കി നിൽക്കുന്ന എന്നെ ചോദ്യഭാവത്തിൽ നോക്കിയാ ദേവുവിനോട് ഞാൻ പറഞ്ഞു.

” ഇനി എന്ത് ചെയ്യും?  “

” കവല വരെ നടക്കാം.  അവിടെന്ന് ബസ്സിന്‌ പോകാം.  “

വീടും പൂട്ടി അവളെന്റെ ഒപ്പം നടന്നു.  ഞങ്ങൾക്കിടയിൽ മൗനം മാത്രമായിരുന്നു ശേഷിച്ചത് .  ആരും ഒന്നും സംസാരിച്ചില്ല… ബസ്റ്റോപ്പിൽ എത്തുന്ന വരെ.

ബസ് കാത്തു നിൽക്കുമ്പോൾ അവളെന്റെ നേരെ തിരിഞ്ഞു എനിക്ക് നേരെ കൈ നീട്ടി…

” ന്താ? “

” ബസിനു കൊടുക്കാൻ കാശ്  “

അവളൊരു മടിയും കൂടാതെ ചോദിച്ചു.  ശീലം ആയതു കൊണ്ടാകും..

” ഞാനും ആ ബസ്സിനല്ലേ വരുന്നേ ഞാൻ കൊടുത്തോളം…  “

പിന്നെ അവളൊന്നും മിണ്ടിയില്ല.  ബസ് വന്നപ്പോൾ ചാടി കയറി.  പിൻ വാതിലിലൂടെ ഞാനും….

” ടിക്കറ്റ്…… ടിക്കറ്റ്  “

” രണ്ടു കോളേജ് ജംഗ്‌ഷൻ..  “

” ആരാ രണ്ടാമത്തെ ആൾ  “

ഗാംഭീര്യം തുടിക്കുന്ന ശംബ്ദത്തോടെ കണ്ടക്ടർ ചോദിച്ചു.

” മുന്നിൽ ഉണ്ട്  “

” ആളെ ഒന്നു കാട്ടി തന്നേരെ മോനെ.  ഇല്ലേലെ ആ ടിക്കറ്റ് വേറെ ആർക്കെങ്കിലും പോകും.  എല്ലാം കള്ള കൂട്ടങ്ങളെ കാശു തരാൻ വലിയ മടിയാ…  “

അയാൾ അത് പറഞ്ഞതും ഞാൻ അല്പം മുന്നിലേക്ക് കയറി നിന്ന് ദേവുവിനെ കാട്ടി കൊടുത്തു.  അയാൾ ഒന്നും മിണ്ടാതെ പിന്നിലേക്ക് പോയി….

ബസ്സു മുന്നോട്ടു പോകുംതോറും തിരക്കും കൂടി വന്നു ..  പിന്നിൽ നിന്നുള്ള തള്ളു സഹിക്കാൻ വയ്യാതെ ഞാൻ മുന്നിലേക്ക് കേറി സ്ത്രീകൾ നിൽക്കുന്നതിന് ഒപ്പം എത്തിയിരുന്നു.. എന്റെ നേരെ ആയിരുന്നു ദേവുവും നിന്നിരുന്നത്…  എന്റെ മുഖത്തേക് അവൾ ഇടയ്ക്കു നോക്കുന്നത് കണ്ടിട്ടാണ് ഞാൻ അവളെ ശ്രധിച്ചത്‌.  അവളുടെ പിന്നിൽ നിൽക്കുന്ന പയ്യൻ അവളോട് ചേർന്ന് വരുന്നത് അപ്പോളാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. ഏറിയാൽ ഒരു പത്തൊൻപത് വയസ്സ് തോന്നിക്കുന്ന ഒരു സ്കൂൾ പയ്യൻ.  അവന്റെ ചെയ്തിയുടെ അനിഷ്ടക്കേട്‌ അവളുടെ മുഖത്തു പ്രകടം ആയിരുന്നു.. .  അവൾ അവനിൽ നിന്ന് പരമാവധി ഒഴിഞ്ഞു മാറുമ്പോളും അവളിലേക്ക് അവൻ കൂടുതൽ അടുത്ത് വരുന്നുണ്ടായിരുന്നു..

അവളുടെ ആ ദയനീയ ഭാവം കണ്ടു  ആ പുന്നാര മോനെ ബസ്സിൽ നിന്ന് പിടിച്ചിക്കി രണ്ടെണ്ണം പൊട്ടിക്കാൻ എനിക്ക് തോന്നി..

ഒന്നും അറിയാത്ത പോലെ ഞാൻ അവർക്കിടയിലേക്ക് കയറി നിന്നു..

” ന്താണ് ചേട്ടാ അവിടെ തന്നെ നിന്നാൽ പോരെ.  എന്തിനാ ഇതിനിടയിലേക്കു കയറി വരുന്നേ ? ഈ സ്ഥലം ഇല്ലാത്തിടത്ത്. …   “

ആ തിരക്കിനിടക്ക് ഞാൻ  അവരുടെ ഇടയിലേൽക്കു കയറി നിന്നു എന്ന ഭാവത്തിൽ അവൻ എന്നോട് ചോദിച്ചു.

പക്ഷെ എനിക്ക് അറിയില്ലേ അവന്റെ അസുഖം….

ഞാൻ ഒന്നും മിണ്ടാതെ  അവനെ ഒന്ന് ചിരിച്ചു കാട്ടി കൈ നീട്ടി  അവന്റെ കിടുങ്ങാ മണിയിൽ കയറി പിടുത്തമിട്ടു… ഒന്ന് ഞരിച്ചു………..

” അആഹ് ചേട്ടാ..  വിട് വിട്…. വേദനിക്കുന്നു….  “

അവൻ വളരെ പതുക്കെ എനിക്ക് കേൾക്കാവുന്ന രീതിയിൽ പറഞ്ഞു  ….  അല്ല അപേക്ഷിച്ചു…..

ന്നിട്ടും ഞാൻ പിടി വിടുന്നില്ലെന്നു കണ്ട അവൻ കരയാനെന്ന വണ്ണം ആയി.. അവൻ അവന്റെ കൈ കൊണ്ട് എന്റെ കൈ തട്ടി മാറ്റാൻ നോക്കി എങ്കിലും എന്റെ പിടി മുറുകിയതല്ലാതെ ഒരു പ്രയോജനവുഇല്ലായിരുന്നു

” ചേട്ടാ.. ചേട്ടാ..   എനിക്കറിയില്ലാരുന്നു അത് ചേട്ടന്റെ ആളാണെന്നു..  അആഹ്….  ..  ഒന്ന് വിട് ചേട്ടാ ഞാൻ ഇനി ഇങ്ങനെ ചെയ്യൂല്ല…  “

അവൻ മാപ്പപേക്ഷിച്ചതോടെ ഞാൻ കൈ എടുത്തു. ..  പിന്നെ അവനെ ആ പരിഹാസരത്തു പോലും കണ്ടിട്ടില്ല   ….  കോളജിനു മുന്നിൽ ബസിറങ്ങിയതേ അവളോടി എന്റെ അടുത്ത് വന്നു…

” ആ ചെക്കനെ നോവിക്കണ്ടായിരുന്നു..  “

ഒപ്പം നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു…

മറുപടി എന്നോണം ഞാൻ ഒന്ന് പുഞ്ചിരിച്ചു.  പകരത്തിനു അവളും..

” ബസിൽ എന്നും ഇതുപോലെ തിരക്കാണോ. ? “

” മ്മ്..  അതെ.  ഞാൻ എന്നും മുന്നിലാ നിക്കറുള്ളൂ..  ഇന്ന് പക്ഷേ പെട്ട് പോയതാ..  “

ഞങ്ങളുടെ വരവ് അത്ഭുതത്തോടെ നോക്കി നിന്ന ഹരിയുടെ അടുത്തേക്ക് ഞാൻ തിരിഞ്ഞത് കണ്ടു ഒരു യാത്രയും പറഞ്ഞു അവൾ നടന്നകന്നു .

” എന്താ ഇവിടെ സംഭവിക്കുന്നത് ?  ”  ഞാൻ കഴിഞ്ഞ ദിവസം നടന്നതെല്ലാം അവനോട് വിശതമായി പറഞ്ഞു കേൾപ്പിച്ചു…. കേട്ട് കഴിഞ്ഞപ്പോൾ ഹരിക്ക് ഒരു സംശയം…

” അളിയാ..  ഇനി നീ പറഞ്ഞത് തന്നെ ആണോ ശരി ?

അവൾ ഇനി പാവത്തെ പോലെ അഭിനയിക്കുന്നതാണെങ്കിലോ…?  ആ വീട്ടിൽ നീ മാത്രം അല്ലെ അവളവിടെ നിൽക്കുന്നതിൽ ഇഷ്ട്ടമില്ലാതെ ഇരുന്നത്. അപ്പോൾ  ഒരു നുണ കഥ പറഞ്ഞു നിന്നെയും അവളുടെ വശത്താക്കിയതാണെങ്കിലോ ??  “

അപ്പോളാണ് ഹരി പറഞ്ഞതിലും ഒരു സാധ്യത ഉണ്ട് എന്ന് തോന്നിയത്.

” നീ ഒരു മണ്ടന് ആയത് കൊണ്ട് അവൾ പറഞ്ഞത് വിശ്വസിച്ചു.  ഇപ്പൊ അവൾക് നിന്റെ വീട്ടിൽ അവളുടെ ആവശ്യം കഴിയുന്ന വരെ നിക്കാം….   “

” ശെരിയാണ്.  എന്നെ കൂടി അവളുടെ വലയിലാക്കിയാൽ പിന്നെ അവൾക്ക് എന്റെ വീട്ടിൽ ആരുടേയും ശല്യമില്ലാതെ താമസിക്കാം… “

അപ്പോൾ എന്റെ മനസ്സിൽ ഇന്നലെ എന്നോട്  സങ്കടങ്ങൾ വിവരിച്ച ദേവനന്ദയുടെ മുഖം തെളിഞ്ഞു.    അതിലവൾ പുറത്തു കരഞ്ഞു കൊണ്ട് ഉള്ളിൽ ചിരിക്കുന്നതായി എനിക്ക് തോന്നി…..  അവൾ എന്നെ പറഞ്ഞു പറ്റിച്ചതാണ് എന്ന് മനസ്സിലുറപ്പിക്കുമ്പോൾ ആണ് ഹരി അടുത്ത അഭിപ്രായവും ആയി മുന്നോട്ടു വന്നത്.

” അല്ലാളിയാ ഇനി ഞാൻ പറഞ്ഞത് പോലെ അവൾ പാവം ആണെങ്കിലോ..?  അവള് പറഞ്ഞത് മുഴുവൻ സത്യം ആണെങ്കിലോ ?  “

” എടാ കോപ്പേ.. നീ ഏതെങ്കിലും ഒന്ന് ഉറപ്പിച്ചു പറ….  ഒരു വക രണ്ടു തന്തയുള്ളമാതിരി പെരുമാറാതെ ……. “

” അളിയാ അളിയാ ..  നീ ദേഷ്യപ്പെടല്ലേ…  നീ എനിക്ക് വൈകിട്ട് വരെ സമയം താ…  അതിനുള്ളിൽ ഞാൻ കണ്ടു പിടിച്ചു തരാം ഏതാ സത്യം.. ഏതാ കള്ളം എന്ന്….  “

അന്ന് വൈകുന്നേരം ആകുന്ന വരെ മനസ്സിലെന്തൊക്കെയോ ഒരു വേദന പോലെ….  ഹരി പറഞ്ഞത് പോലെ അവളെന്നെ പറഞ്ഞു പറ്റിച്ചതാണോ?  അതോ അവൾ പറഞ്ഞത് സത്യം ആണോ ?  രണ്ടു ചിന്തകളും  മാറി മാറി മനസ്സിൽ തെളിഞ്ഞു വന്നു…  അവൾ പറഞ്ഞത് എല്ലാം സത്യം ആകാൻ ഞാൻ മനസുകൊണ്ട് ആഗ്രഹിച്ചു.    അവൻ വരുന്നത് വരെ സമയം തള്ളി നിക്കാൻ ഞാൻ വളരെ ബുദ്ധിമുട്ടി…

” അളിയാ അവൾ പറഞ്ഞതെല്ലാം സത്യം ആണെടാ…  അവളുടെ അമ്മ ഒരു കേസ് കെട്ട….  “

വൈകിട്ട് അവൻ എത്തിയതേ എന്നെ മാറ്റി നിർത്തികൊണ്ട് പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ മനസ്സിനൊരു ആശ്വാസം തോന്നി..

” അമ്മ അല്ല കോപ്പേ. രണ്ടാനമ്മ… “

ഞാനവനെ തിരുത്തി…

” എന്ത് പണ്ടാരം എങ്കിലും ആട്ടെ  “

” നീ എങ്ങനെ അറിഞ്ഞു ഇത് ഡീറ്റൈൽ ആയിട്ട് പറയെടാ….  “

” ന്തു പറയാൻ.  ഞാൻ നേരിട്ട് ചെന്നില്ല.  എന്റെ ഒരു നൻപൻ വഴി അയാൾ ഇല്ലേ ആ രാഘവൻ അയാളെ പോയി ഒന്ന് മുട്ടി… ആ തള്ള മാത്രമല്ല നല്ല കിളുന്ത് പെൺപിള്ളേര് വരെ അങ്ങേരുടെ കസ്റ്റഡിയിൽ ഉണ്ട്… പക്ഷെ. നല്ല റേറ്റ് ആണളിയാ…..   “

” മ്മ്.. താങ്ക്സ് ഡാ ഹരി  “

”  നമ്മൾ തമ്മിൽ ഈ ഫോർമാലിറ്റിടെ ആവശ്യം ഉണ്ടോ അളിയാ ?  “

ഞാൻ അവനെ കെട്ടിപ്പിടിച്ചു കൊണ്ടെന്റെ നന്ദിയും സ്നേഹവും അറിയിച്ചു…

വൈകിട് ക്രിക്കറ്റ് പ്രാക്ടീസ് ഉണ്ടായിരുന്നത്  കൊണ്ട്  സമയം പോയതേ അറിഞ്ഞില്ല..

” എടാ അനന്തു.  ദേ നിന്റെ പെണ്ണാവിടെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കുറേ നേരം ആയി..  “

എന്നരോവിളിച്ചു പറയുമ്പോളാണ് ഞാനും അവളെ കുറിച്ചോർത്തതു പോലും.

ഗാലറി യുടെ ഒരു മൂലയിൽ ഒറ്റക്കിരുന്നു കളി കാണുക ആയിരുന്നു ദേവു..

ഞാൻ ഓടി അവൾക്കരികിലേക്ക് എത്തി. .

” ഒത്തിരി നേരം ആയോ  വന്നിട്ട്. ?  “

ഉവ്വെന്നവൾ തല ഇളക്കി എനിക്ക് മറുപടി തന്നു. അപ്പോളാണ് ഞാൻ വാച്ചിലേക്ക് നോക്കുന്നത് സമയം 5.30 കഴിഞ്ഞിരുന്നു…

“, ഓഹ് സോറി.. ടൈം ഒത്തിരി ആയല്ലേ വാ പോയേക്കാം…  “

” ഇന്ന് വലിയ സന്തോഷത്തിൽ ആണല്ലോ  !  “

ബാഗ് എടുത്ത് കൂടെ നടക്കുന്നതിന് ഇടയിൽ അവൾ ചോദിച്ചു..

” അതെന്താ അങ്ങനെ തോന്നാൻ ?   “

“, ഇല്ലേൽ കളിക്കാൻ ഇറങ്ങുമ്പോൾ വലിയ ഗൗരവത്തിൽ ആയിരിക്കും അല്ലോ.  ഇന്നത് കണ്ടില്ല..  “

അവൾ പറഞ്ഞതും നേരാണ്..  കളി തലക്കു പിടിച്ചാൽ എനിക്ക് പിന്നെ വട്ടാണ്..  ഇന്ന് മാത്രം എന്തോ ഒരു പ്രത്യേകത എനിക്ക് ഉണ്ടെന്നു  കളിക്കുമ്പോളും എനിക്ക് തോന്നിയിരുന്നു…

” താൻ ഇതിനു മുൻപും കളി കാണാൻ ഇവിടെ വന്നിരിക്കാറുണ്ടോ?   അവരൊക്കെ പറയുന്ന കേട്ടു…  “

” മ്മ്  ഉണ്ട്..  എനിക്കും ക്രിക്കറ്റ് ഇഷ്ടാന്നു കൂട്ടിക്കോ..  “

” ആണോ അപ്പൊ ആരാ തന്റെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് പ്ലയെർ?  “

എന്റെ ആ ചോത്യത്തിൽ അവൾ കുരുങ്ങി പോയി. എന്ത് ഉത്തരം പറയണം എന്നറിയാതെ അവളൊന്നു പരുങ്ങി..

” അങ്ങനെ ഒന്നും പറയാൻ എനിക്കറിയില്ല..  എനിക്ക് ആ കളി ഇഷ്ടാ അത്രേ ഒള്ളൂ..   “

അവളിത്തിരി ഗൗരവത്തിൽ ആണ് അത് പറഞ്ഞത്..  പറഞ്ഞത് മുഴുവൻ നുണ ആണെങ്കിലും എനിക്കാ നുണ ഇഷ്ടപ്പെട്ടു…  ഞാൻ ശരി എന്ന വണ്ണം തലയനക്കി അവൾക്കൊപ്പം നടന്നു.  കള്ളി വെളിച്ചത്തായി എന്ന് മനസിലായിട്ടാകണം  അവളും എനിക്കൊരു ചെറു  പുഞ്ചിരി സമ്മാനിച്ചു..

” നമുക്കു ഓരോ ചായ കുടിച്ചാലോ ?  “

” അയ്യോ ഇനിയോ ..  ഇപ്പോ തന്നെ താമസിച്ചില്ലേ.      “

” താൻ എന്തിനാ ഈ പേടിക്കുന്നേ..    താൻ വാടോ.    ഒരു ചായ ഒക്കെ കുടിച്ചിട്ട് താമസിക്കാണെങ്കിൽ അങ്ങ് താമസിക്കട്ടെ..    വീട്ടിലേക്കു അല്ലെ പോകുന്നെ.  വേറെ എങ്ങും അല്ലല്ലോ  “

അവളെയും കൂട്ടി അടുത്ത് കണ്ട ഒരു കോഫീ ഷോപ്പിൽ കയറി രണ്ടു ചായ ഓർഡറും ചെയ്തു .

” എന്നെ എന്റെ വീട്ടിൽ ഒന്ന് കൂടെ കൊണ്ട് പോകുമോ ?  “

ഏറെ നേരത്തെ മൗനം വെടിഞ്ഞവൾ ചോദിച്ചത് കേട്ട് ഞാൻ ഒന്ന് ഞെട്ടി …

” എന്തിന് ആ തള്ളയുടെ വായിൽ നിന്നന്നു കേട്ടതൊന്നും മതിയായില്ലെ?  എന്തിനാ വെറുതെ ആ ട്രെയിന് തല വച്ച് കൊടുക്കൻ തനിക്കു വല്ല വട്ടും ഉണ്ടോ….  ! “

ഞാൻ പറഞ്ഞത് അവൾക്ക് ഇഷ്ടമായില്ല എന്നവളുടെ മുഖ ഭാവത്തിൽ നിന്ന് ഞാൻ വായിച്ചു ..  എന്നിൽ നിന്നിത്തരം ഒരു മറുപടി അവൾ പ്രതീക്ഷിക്കാത്ത പോലെ.അവളുടെ ആ മുഖഭാവം കണ്ടേനിക്കും വല്ലാതെ ആയി…. . ഒന്നും മിണ്ടാതെ ചായയും കുടിച്ചു അവൾ എഴുന്നേറ്റു പോയി…

…..

സമയം താമസിച്ചത് കൊണ്ടാകാം ബസ്സിനുള്ളിൽ തിരക്കേ ഇല്ലായിരുന്നു…  പല സീറ്റുകളും ഒഴിഞ്ഞു കിടന്നു. ബസ്സിനുള്ളിൽ മുഴുവൻ പുരുഷന്മാർ ആയത് കൊണ്ടാകണം  ഞാൻ ഇരുന്ന സീറ്റിനു മുന്നിലുള്ള സീറ്റിൽ അവളും വന്നിരുന്നു.

പുറത്തേക്കുള്ള കാഴ്ചകൾ കാണുക ആണവൾ..

” നാളെ വൈകിട്ട് പോയാൽ മതിയോ?  “

ഞാൻ അവൾക്കു കേൾക്കാൻ പാകത്തിന് ചോദിച്ചു.

” എനിക്ക് എങ്ങോട്ടും പോകണ്ടാ… “

മുഖത്തടിച്ച പോലെ അവൾ പറഞ്ഞു..

” എടോ  എനിക്ക് നാളെ ക്രിക്കറ്റ് മാച്ച് ഉണ്ട്.  അത് കഴിഞ്ഞു പോയാൽ പോരേ..  അല്ലെങ്കിൽ രാവിലെ പോകണം.  പക്ഷെ എനിക്ക്  തന്നെയും കൂട്ടി മാച്ചിന് പോകേണ്ടി വരും. അതാണ്..പ്രശ്നം   “

” ഞാൻ എങ്ങോട്ടേക്കും വരുന്നില്ല നന്ദു ഏട്ടാ .  എനിക്ക് കുഴപ്പം ഇല്ല..   “

എങ്കിൽ പോ പുല്ലേ എന്ന് മനസ്സിൽ പറഞ്ഞു  പുറത്തെ കാഴ്ചകൾ കണ്ടങ്ങനെ ഇരുന്നു ഞാൻ.

വീട്ടിലേക്കു നടക്കുമ്പോളും ഞങ്ങൾ ഒന്നും തമ്മിൽ സംസാരിച്ചില്ല..  അവളെന്തോ കാര്യമായ ആലോചനയിൽ ആന്നെന്നു തോന്നി എനിക്ക്…

വീട്ടിലെത്തുമ്പോൾ സഞ്ചാരം ഒക്കെ കഴിഞ്ഞു എല്ലാരും തിരിച്ചെത്തിയിരുന്നു  ….

” അതെ കെട്ട്യോളും കെട്ട്യോനും കറങ്ങി നടക്കുന്നതിൽ ഒന്നും കുഴപ്പം ഇല്ല.  പക്ഷെ ഇരുട്ടുന്നതിന് മുന്നേ ഈ പെണ്ണിനെ വീട്ടിൽ എത്തിച്ചേക്കണം….  നീ പോകുന്ന പോലല്ല.  ഇവളെ കൊണ്ട് നടക്കുന്നത്    “

വീട്ടിലേക്കു കയറുന്നതിന് മുൻപേ വന്നു ഏടത്തിയുടെ ശാസന …

” ഓഹ് അടിയൻ  “

ഞാൻ ഏടത്തിയെ ഒന്ന് കളിയാക്കി അകത്തേക്ക് കയറി പോയി….

”  അമ്മക്കെങ്ങനെ ഉണ്ട് ഏടത്തി ?  “

” കുഴപ്പം ഇല്ലാ മോളെ.  ഡിസ്ച്ചാർജ് ആയി….

നീ പോയി എന്തേലും കഴിക്കു. നല്ല ക്ഷീണം ഉണ്ടല്ലോ മുഖത്തു.   “

ഞാൻ അപ്പോളേക്കും മുറിയിൽ എത്തി ഇരുന്നു.  പിന്നീടുള്ള അവരുടെ സംസാരം കേൾക്കാൻ എനിക്ക് കഴിഞ്ഞില്ല.

രാത്രി കിടക്കാൻ നേരമാണ്  ദേവു റൂമിലേക്കു കടന്നു വന്നത്.  അത് വരെ ഏടത്തിയോട് എന്തൊക്കെയോ കത്തി വച്ചിരിപ്പായിരുന്നു അവൾ..

കയറി വന്നതേ ജനലരികിലേക്കു നീങ്ങി നിന്നവൾ എന്നേയൊന്നു നോക്കി..  നോട്ടം കണ്ടത്തെ മനസിലായി അവൾക്ക്  എന്തോ ദുരുദ്ദേശ്യം  ഉണ്ടെന്നു

” ന്തെ ?  “

ഞാൻ അവളോട് ചോദിച്ചു.

“:ഞാനും വരാം ഏട്ടന്റെ കൂടെ കൂടെ..  ആദ്യം പറഞ്ഞ പോലെ രാവിലെ വീട്ടിൽ പോയിട്ട് അവിടെന്നു കളിക്കുന്നിടത്ത് പോകാം..  വൈകിട് പോകണ്ടാ…  അത് ശരിയാവില്ല   “

” അപ്പൊ അത് തന്നല്ലേ ഞാനും ആദ്യം പറഞ്ഞത്?

അപ്പൊ തനിക്കു പറ്റില്ലാരുന്നല്ലോ ?   “

അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നതേ ഒള്ളു… കൈ കൊണ്ട് ജനൽ കർട്ടനിൽ എന്തൊക്കെയോ ചെയ്യുന്നുമുണ്ട് ..

” നാളെ വന്നാൽ താൻ ശെരിക്കും പോസ്റ്റ് ആകും.. മാച്ചു തീരുമ്പോൾ ഒത്തിരി ടൈം എടുക്കും.. അത് വരെ കാത്തിരിക്കേണ്ടി വരും..അതുമല്ല അവിടെ തനിക്കു പരിചയമുള്ള ആരും തന്നെ കാണില്ല .  “

ഞാൻ എന്റെ ഭാഗം വ്യക്തമാക്കി

” കുഴപ്പം ഇല്ല  ..  ഞാൻ നിന്നോളാ “

” എങ്കിൽ രാവിലെ ഒരു ഏഴു മണി ആകുമ്പോഴേക്കും പോകാൻ  റെഡി ആയിക്കോ.. “

” ആം  “

അപ്പോളവളുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി കാണാൻ നല്ല രസം ആയിരുന്നു .  അത് ഒന്നു കൂടി കാണാൻ എന്നെ അനുവദിക്കാതെ അവൾ വേഗം  റൂമിന് വെളിയിലേക്കിറങ്ങി പോയി.

എന്തിനാണ് ഇനിയും ആ വീട്ടിലേക്കു പോകുന്നത് എന്ന ചിന്ത ആയിരുന്നു എന്റെ മനസ് മുഴുവൻ.  വീണ്ടും ആ നരകത്തിലേക്ക് കയറി ചെല്ലാൻ മാത്രം എന്ത് വിലപിടിപ്പുള്ള സാധനമാണിനിയും അവൾ ആ വീട്ടിൽ ബാക്കി വച്ചിട്ട് വന്നത് ?

ഒന്നും മനസിലാകുന്നില്ല.. ഓരോന്ന് ഓർത്തു എപ്പോളോ ഞാൻ ഉറങ്ങി പോയി….

രാവിലെ ദേവു ആണ് എന്നെ വിളിച്ചെഴുന്നേല്പിച്ചത്…  കുളിച്ചൊരുങ്ങി പുഞ്ചിരി തൂകുന്ന ഐശ്വര്യമൂറുന്ന മുഖം… ആഹാ കണി കൊള്ളാം   ….

” സമയമായി പോവണ്ടേ?    “

ദേവുവിന്റെ ചോദ്യം കേട്ട് ഞൻ ക്ലോസ്‌കിലെക് നോക്കി… പിന്നെ എഴുന്നേറ്റോരോട്ടം ആയിരുന്നു..  പെട്ടന്ന് തന്നെ റെഡി ആയി പുറത്തേക്കിറങ്ങുമ്പോൾ ദേവു റെഡി ആയി ബൈക്കിനടുത് നിൽപ്പുണ്ടായിരുന്നു…  നീല കളർ ചുരിദാർ അവൾക് നന്നായി ചേരുന്നുണ്ടായിരുന്നു…

” പോകാം ?  “

ഞാൻ ചെന്നതേ അവൾ ബൈക്കിനടുത്തേക്ക് ചേർന്ന് നിന്ന് ചോദിച്ചു  …  പതിവിലും പ്രസരിപ്പ് ഞാൻ അവളിൽ കണ്ടു..  രാവിലെ തന്നെ തെറി കേൾക്കാൻ പോകുന്നതാണ്..  പിന്നെ എന്തിനാണ് ഈ പെണ്ണിനിത്ര ആവേശം??

എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഞാൻ നമ്മുടെ കാർ ചൂണ്ടി കാട്ടി പറഞ്ഞു.  .

“നമ്മൾ ബൈക്കിനല്ല കാറിനാണ് പോകുന്നത്.  “

അപ്പോളാണ് എന്റെ കയ്യിൽ ഉണ്ടായിരുന്ന ക്രിക്കറ്റ് കിറ്റ് അവൾ ശ്രധിച്ചത്.

ഒന്നും മിണ്ടാതെ അവൾ കാറിനടുത്തേക് വന്നു കാറിൽ കേറി..

” എഡോ ഞാൻ അവസാനം ആയി ചോതിക്കാ…  രാവിലെ തന്നെ പോയി ആ തള്ളയുടെ വായിലുള്ളത് കേൾക്കണോ ?  പോയിട്ട് തനിക്കു അത്യാവശ്യമാണോ ?   “

” പോണം നന്ദുവേട്ട  “

പിന്നെ ഒന്നും മിണ്ടിയില്ല വണ്ടി നേരെ പോയി നിന്നത് അവളുടെ വീടിന മുന്നിലാണ്..  വീടിനടുത്തേക്കു എത്തുന്നതിന് തൊട്ടു മുൻപ് അയാൾ…  ആ രാഘവൻ ഞങളുടെ കാറിനെ ക്രോസ്സ് ചെയ്തു പോയത് ഞാൻ കണ്ടു.  അവളുടെ വീട്ടിൽ നിന്നുള്ള വരവായിരിക്കണം… അയ്യാൾ എന്നെയോ പുറത്തേക്കു ഒരു വശത്തേക്കു നോക്കി ഇരുന്നെന്തോ ആലോചിക്കയായിരുന്ന ദേവുവോ തമ്മിൽ ആരെയും കണ്ടില്ല..

വീടിനു മുന്നിൽ വണ്ടി നിർത്തിയതേ തള്ള തെറി തുടങ്ങിയത് ആണ്  .   അവൾ ഒന്നും കേൾക്കാത്ത പോലെ അകത്തേക്ക് കയറി പോയി..  ഞാൻ പുറത്തു തന്നെ നിന്നു..

” ഡാ നാറി..  നാണമില്ലെടാ നിനക്കു.  പിന്നെയും ഈ പടി കേറി വരാൻ…   “

” അത്രയും കെട്ടാതെ ഞാൻ ഫോണിൽ ഒരു പാട്ടും വച്ച് ഹെഡ്സെറ്റ് എടുത്ത് ചെവിയിലും വച്ചു…  “

പിന്നെ ആ തള്ള പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല…  പോരാൻ നേരം ദേവുവിനോട് എന്തോ അവർ പറഞ്ഞിരിക്കണം.. കാരണം കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

” നമുക്കു പോകാം നന്ദുവേട്ടാ ?  “

അവളത് പറഞ്ഞതും കാർ സ്റ്റാർട് ചെയ്ത് നേരെ പോന്നു. .

” കിട്ടാനുള്ളതൊക്കെ കിട്ടിയോ  ?  “

കളിയാക്കിയത് ആണെന്ന് മനസിലായിട്ടാകണം അവളുടെ കണ്ണുനീരിന്റെ അളവ് ഒരിത്തിരി കൂടി വർധിച്ചു..

” അയ്യോ ഞാൻ കരയാൻ വേണ്ടി പറഞ്ഞതല്ലേ  ….  താൻ കരയാതെ ഇരിക്ക് സാരമില്ല  പോട്ടെ..  “

അവൾ കണ്ണ് തുടച്ചു നേരെ ഇരുന്നു.

” തനിക്കു അറിയാവുന്നതല്ലേ അവിടെ ചെന്നാൽ എന്താ ഉണ്ടാവുക എന്ന്..  ഞാൻ ഒരു നൂറുവട്ടം ചോതിച്ചതുമാ.  പോണോ എന്ന് അപ്പൊ തനിക് പോയെ പറ്റു…  ഏതായാലും ഇത്രയും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചതല്ലേ  …  സാരമില്ലെന്നേ…. “

ഞാൻ അവളെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു

” അല്ല  ഈ രാവിലെ തന്നെ തെറി കേൾക്കാൻ മാത്രം അത്യാവശ്യം എന്തായിരുന്നു തനിക് ?  “

” അവൾ കയ്യിൽ കരുതിയിരുന്ന ബാഗിൽ നിന്നും ഒരു ഫോട്ടോ എടുത്ത് എനിക്ക് നേരെ നീട്ടി..   “

.” എന്റെ അച്ഛനാ   “

ആരെന്നു മനസിലാകാത്തത് കൊണ്ടാകും അവൾ ആ ഫോട്ടോയിൽ ഉള്ളത് ആരെന്നു എനിക്ക് പറഞ്ഞു തന്നു…

” നന്ദുവേട്ടൻ ചോതിച്ചപ്പോളാ ഓർത്തത് ഫോട്ടോ എടുത്തിട്ടില്ല എന്ന്..  അതാ….  തെറി കേട്ടാലും ഈ ഫോട്ടോ എടുത്ത് ഏട്ടന് തരാൻ വേണ്ടിയാ വന്നേ..  അപ്പോ ഏട്ടന് അഛനെ വേഗം കണ്ടു പിടിക്കാമല്ലോ?    “

അപ്പോളാണ് എനിക്ക് ആ കാര്യം തന്നെ ഓർമ വരുന്നത്. അച്ഛനെ.   അവളുടെ അച്ഛനെ കണ്ടു പിടിച്ചേൽപ്പിക്കാം എന്ന് ഞാൻ വാക്ക് കൊടുത്തതാണ്.  എന്നിട്ടും ഞാൻ അതിൽ എന്തുകൊണ്ട് അത്മർദ്ദത കാട്ടിയില്ല..  പാവം ആ കുട്ടി എന്നിൽ എത്ര വിശ്വാസം അർപ്പിച്ചിട്ടുണ്ട് എന്നത് ഞാൻ തിരിച്ചറിയുക ആയിരുന്നു…

എന്ത് വിലകൊടുത്തും അവളുടെ അച്ഛനെ കണ്ടു പിടിച്ചു കൊടുക്കണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു…

അവളെയും കൂട്ടി ഗ്രൗണ്ടിൽ എത്തിയപ്പോ ആദ്യം എല്ലാവർക്കും ഒരു അമ്പരപ്പുണ്ടായി എങ്കിലും അവളെല്ലാവരോടും പെട്ടന്നുതന്നെ കൂട്ടായി….

ഞാൻ കളിക്കിറങ്ങുമ്പോൾ ഒക്കെ അവൾ അവിടെ ആ വെയിലത്തു കണ്ണിമ വെട്ടാതെ കളി വീക്ഷിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി കണ്ടു..  കളിക്കിടയിൽ സംഭവിച്ച പിഴവുകൾക്ക് ഞാൻ അവരുടെ അടുത്ത് ദേഷ്യപ്പെടുമ്പോൾ അവളുടെ മുഖത്തുണ്ടാവുന്ന ഭാവങ്ങൾ ഏതെന്നു പോലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല…  അത്രക്ക് ആസ്വദിച്ചവൾ ആ കളി കണ്ടിരുന്നു. .

ഇന്നിംഗ്സ് ബ്രേക്ക് സമയത് ഞാൻ അവളുടെ അടുത്തേക്ക് വന്നത് …..

ഞാൻ വിയർത്തത്തിലും കൂടുതൽ അവൾ വിയർത്തിരുന്നു…

” എന്തിനാ താനീ വെയിലു കൊള്ളുന്നെ…  ആ കാറിനകത് പോയിരുന്നു കൂടെ…  “

” ഞാൻ കളി കാണുവല്ലേ   “

കളിയുടെ ആവേശം അവളിൽ എത്രത്തോളം ഉണ്ടെന്നു ഞാൻ മനസിലാക്കി…  അപ്പോൾ തന്നെ ഹരിയോട് പറഞ്ഞു ഒരു കുട സംഘടിപ്പിച്ചവൾക് കൊടുത്തു.

” തനിക്കു വെള്ളം വേണോ ?  “

കയ്യിലിരുന്ന കുപ്പി വെള്ളം എന്റെ ദാഹം മാറ്റിയ ശേഷം ഞാൻ അവൾക്ക് നേരെ നീട്ടി..

കൈ നീട്ടി അവളത് വാങ്ങിയെങ്കിലും കുടിക്കവൾക്കൊരു മടി പോലെ തോന്നി…. മറ്റൊരു കുപ്പി എടുത്ത് അവൾക്കു കൊടുത്തിട്ട് ഞങ്ങൾ കളിയിലേക്ക് തിരിഞ്ഞു..

രണ്ടാം ഇന്നിംഗ്സ് ജയിക്കാൻ വേണ്ടത് 20 ഓവറിൽ 187 റൺസ്….  ആവശ്യമില്ലാതെ വിക്കറ്റുകൾ കളഞ്ഞു കുളിക്കുന്നതിൽ ടീം അംഗങ്ങൾ മികവ് പുലർത്തി..  നല്ല ദേഷ്യത്തിൽ ആയിരുന്നു  .  എല്ലാവരോടും ചൂടാവേണ്ടി വന്നു…  കളി ഞങ്ങൾ തോറ്റു .

സങ്കടവും ദേഷ്യവും സഹിക്കാൻ കഴിയാതെ ആണ് ഞാൻ വീട്ടിലേക്കു തിരിച്ചത്…  വഴിയിൽ കൂടി പോകുന്ന മറ്റു യാത്രക്കാർ ചെയ്യുന്ന ചെറിയ തെറ്റുകൾക്ക് പോലും കാറിനുള്ളിൽ ഇരുന്നു ഞാൻ ചീത്ത പറഞ്ഞു കൊണ്ടേ ഇരുന്നു…

” എന്തിനാ ഇങ്ങനെ ദേഷ്യപ്പെടാണെ ?  “

കുറെ നേരം കേട്ടിരുന്നു സഹികെട്ടിട്ടാകണം അവളെങ്ങനെ ചോദിച്ചത്.

” ഒരു മാച്ച് തോറ്റതിന് ആണോ ഇങ്ങനെ ??  “

” താൻ കണ്ടതല്ലേ അവന്മാരുടെ കളി…….  എല്ലാവന്മാരും അലമ്പായിരുന്ന….  “

” അതിനെന്തിനാ ഇങ്ങനെ കിടന്നു ചൂടാവുന്നെ?  “

”  തനിക് എന്തറിയാം ക്രിക്കറ്റിനെ കുറിച്ച് ?  “

” ക്രിക്കറ്റിനെ കുറിച്ചൊന്നും എനിക്കറിയില്ല നന്ദുവേട്ടാ …. പക്ഷെ ഒരു മാച്ച് തോറ്റതിനാണോ നന്ദുവേട്ടൻ  ഇങ്ങനെ ദേഷ്യപ്പെടുന്നെ ?

ഇത് അവസാനത്തെ മറച്ചൊന്നുന്നുമല്ലല്ലോ ?  ഈ മെച്ചങ്ങനെ തോറ്റുന്നു നോക്കിട്  അടുത്ത കളി   അങ്ങനെ ഒന്നും ഉണ്ടാവാതെ നോക്കുവാ ചെയ്യേണ്ടത്.  അല്ലാതെ  കൂട്ടുകാരെ ചീത്ത പറഞ്ഞിട് എന്താ കാര്യം  ?

വെറുതെ ദേഷ്യപ്പെടുക? …..  എന്ത് ബോർ അന്നറിയിച്ചുവോ നന്ദുവേട്ട  അന്നേരം ഏട്ടനെ കാണാൻ ?  ഇടക്ക് കണ്ണാടിയിൽ ഒക്കെ നോക്കുമ്പോ ഒന്നു ചിരിച്ചു നോക്ക് ..  എന്ത് രസം ആണെന്നോ ?   “

വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞെങ്കിലും അവൾ പറഞ്ഞതൊക്കെ ശെരി ആണെന്നെനിക്കും തോന്നി.. ടീമിന് മുഴുവൻ ആത്മവിശ്വാസം കൊടുക്കേണ്ട ഞാൻ ആണിന്ന് ഗ്രൗണ്ടിൽ എല്ലാവരോയും സമനില തെറ്റിയ പോലെ പെരുമാറിയത്  … എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിയ നിമിഷം… .

ഞാൻ വെറുതെ അവളെ  ഒന്നു പാളി നോക്കി…

നല്ല കലിപ്പിലാണ് കക്ഷി…  മുഖം ഒക്കെ ചുവന്നു തുടുത്തിട്ടുണ്ട്….

” സോറി  “

എങ്ങോട്ടോ നോക്കി കൊണ്ടിരുന്ന അവളോട് ഞാൻ പറഞ്ഞു   .

” എന്നോട് എന്തിനാ സോറി പറയണേ?  എന്നോട് എന്ത് ചെയ്തിട്ടാ ?   “

” എന്നാലും ഇരിക്കട്ടെ  “

ഞാൻ അവളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.

” ഉവ്വാ  ഉവ്വാ  …  വരവ് വച്ചു… “

വീട്ടിലെത്തിയതേ അവളെയും കൂട്ടി ക്രിക്കറ്റ് കളിക്കാൻ പോയതിന് ഏടത്തിയുടെ  വക നല്ല ശകാരം കിട്ടി… ദേവു എല്ലാം കേട്ടു ചിരിച്ചു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല…

” കെട്ട്യോളും കെട്ട്യോനും കൂടി ക്രിക്കറ്റ് കളിയ്ക്കാൻ പോയിരിക്കുന്നു.. നീ ഇപ്പൊ ഫൈനൽ ഇയർ അല്ലെ നന്ദു.  പഠിത്തം കഴിഞ്ഞു കളിച്ചു നടന്നാൽ മതിയോ ?  ഈ കൊച്ചിനെ നീ എങ്ങനെ നോക്കും എന്ന ?  ഇവളെ പഠിപ്പിക്കണ്ടേ ?  ചിലവിനു കൊടുക്കണ്ടേ. ?  ഇതൊക്കെ ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ആണോ.  ഉത്തരവാദിത്വവും ഇല്ലാതെ ആവല്ലേ നന്ദു നീയ്..    “

ഏടത്തിയുടെയും ഏട്ടന്റെയും കയ്യിൽ നിന്ന് കണക്കിന് കിട്ടി റൂമിലേക്കു കയറുമ്പോൾ ദേഷ്യം കൊണ്ട് ഞാൻ വിറക്കുക ആയിരുന്നു….

“. എന്റെ ഇഷ്ടങ്ങൾ ആരും നോക്കുന്നില്ല.  ക്രിക്കറ്റ് ആണെനിക്കെല്ലാം അതെന്താ ഇവിടെ ഉള്ളവർക്ക് ആർക്കും മനസിലാവാത്തത്?

എല്ലാരും ചേർന്നല്ലേ അവളെ എന്റെ തലയിൽ കെട്ടിവച്ചത് എത്ര തവണ ഞാൻ എതിർത്തു..  എന്നിട്ടിപ്പോ എന്റെ ഇഷ്ടങ്ങൾ എല്ലാം വേണ്ടെന്നു വച്ച് അവളെ ഞാൻ നോക്കണം എന്നോ..  നടക്കില്ല…  “

ഏടത്തിയുടേം ഏട്ടന്റേം മുഖത്തു നോക്കി പറയേണ്ട കാര്യങ്ങൾ എല്ലാം ഞാൻ റൂമിൽ കയറി ആരോടെന്നില്ലാതെ പറഞ്ഞു തീർത്തു..എന്ത് ചെയ്യണമെന്നറിയാതെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ആണ് കണ്ണാടിയിലെ എന്നെ എന്റെ കണ്ണിൽ പെടുന്നത്..

ദേവു പറഞ്ഞത് പോലെ ദേഷ്യപ്പെടുമ്പോൾ എന്റെ മുഖം വല്ലാതെ ഇരിക്കുന്നതായി എനിക്ക് തോന്നി..  അപ്പോൾ എന്റെ ചിരിച്ച മുഖം കാണാനെങ്ങനെ ഉണ്ടാകും ?  ഞാൻ പോലും അറിയാതെ എന്റെ മുഖത്തു ചെറു പുഞ്ചിരി വിടർന്നു…

” ചിരിക്കുമ്പോൾ നന്ദുവേട്ടനെ കാണാൻ സൂപ്പെറാ  “

ദേവുവിന്റെ ശബ്ദം.. ഞാൻ ചുറ്റും നോക്കി ആരും ഇല്ല …  അടച്ചിട്ട മുറിയിൽ അവൾ കയറാൻ വഴി ഇല്ല..  അപ്പോളെനിക്ക് തോന്നിയതാണ്…   ഞാൻ എന്തിനവളെ കുറിച്ചാലോചിക്കണം….  അവളെന്റെ മനസ്സിലെവിടെയോ ചെറിയ സ്ഥാനം പിടിച്ചെടുത്തു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു..

….

ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളും അവരുടെ ചർച്ച എന്റെ ക്രിക്കറ്റ് കളി തന്നെ ആയിരുന്നു.

” ഏട്ടാ..  ഈ ഇയർ നടക്കുന്ന ക്ലബ് മച്ചിൽ നന്നായി പെർഫോം ചെയ്യുന്നവരെ നേരിട്ട് ക്ലബ്ബിലേക്ക് സെലക്ട് ചെയ്യുന്നുണ്ട്..  അതിലും നല്ലപോലെ പെർഫോം ചെയ്താൽ അവരു തന്നെ കേരള രഞ്ജിട്രോഫി ടീമിലേക് സജെസ്റ്റു  ചെയ്യും…  എനിക്ക് വിശ്വാസം ഉണ്ട് രഞ്ജി വരെ എങ്കിലും എത്താൻ പറ്റും എന്ന്. രഞ്ജിയിൽ കളിച്ച പലരും ഇന്ത്യൻ ടീമിലും കളിച്ചിട്ടുണ്ടല്ലോ.  നിക്കും ചിലപ്പോ പറ്റിയാലോ ?  ഒന്നും പറ്റിയില്ലേൽ ഐ.പി. എൽ എങ്കിലും കളിക്കണം എന്നെനിക് ആഗ്രഹം ഉണ്ട് ഏട്ടാ.     “

ഞാൻ എന്റെ ആഗ്രഹത്തിന്റെ കെട്ടഴിച്ചു….

” ഇന്ത്യൻ ടീമിൽ ?  നീയ്?  നടക്കണ കാര്യം പറ നന്ദു നീയ്  ! അതൊക്കെ ഇവളെ കെട്ടിക്കൊണ്ട് വരുമ്പോൾ ഓർക്കണമായിരുന്നു..  അത് വരെ ഈ കൊച്ചിനെ നീ എങ്ങനെ നോക്കാനാ..   വീട്ടുകാരുടെ ചിലവിൽ നിക്കാനാണോ നിന്റെ പ്ലാൻ ?    “

” ഏട്ടാ അത്  “

” നീ ഒന്നും പറയണ്ടാ.  ഓരോന്ന് വരുത്തി വച്ചത് നീ അല്ലെ.  നീ തന്നെ ഇത് അനുഭവിച്ചു തീർക്കണം  .  ഡിഗ്രി കഴിഞ്ഞാൽ നിനക്ക്‌ ഉടനെ ജോബ് ശെരി ആക്കും.. “

അവരമ്പിനും വില്ലിനും അടുക്കുന്ന  ലക്ഷണം ഇല്ല. ഒന്നും മിണ്ടാതെ റൂമിലേക്കു പോരുകയേ എനിക്ക് ചെയ്യാനുണ്ടായിരുന്നൊള്ളു…

എന്റെ എല്ലാ ആഗ്രഹങ്ങളും ഒരു കല്യാണം മൂലം ഇല്ലാതെ ആവുക ആണെന്ന തോന്നൽ വീണ്ടും എന്നിൽ ദേവുവിനോട് ഉള്ള വെറുപ്പിന് കാരണം ആവുക ആയിരുന്നു…  ഈ കല്യാണം ആണ് എന്റെ ആഗ്രഹങ്ങൾക്ക് തടസമെങ്കിൽ എന്റെ മുന്നിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു.  അവളുടെ അച്ഛനെ കണ്ടെത്തി കൊടുക്കുക.  അച്ഛന്റെ കൂടെ അവളെ പറഞ്ഞു വിടുക…. ….

തുടരും –

Comments:

No comments!

Please sign up or log in to post a comment!