മൃഗം 31

ഡോണ ഉറക്കെയുറക്കെ കരഞ്ഞു. അസാമാന്യ മനക്കരുത്ത് ഉണ്ടായിരുന്ന അവള്‍ ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടുണ്ടായിരുന്നില്ല. പൌലോസിന്റെയും വാസുവിന്റെയും ഒപ്പം എവര്‍ഗ്രീന്‍ ചാനലിന്റെ കോമ്പൌണ്ടിലെ ഒരു ഒഴിഞ്ഞ കോണില്‍, ഒരു വലിയ മരത്തിന്റെ താഴെ അവളുടെ പഴയ മാരുതി കാറില്‍ തല കുമ്പിട്ട്‌ നിന്നുകൊണ്ടായിരുന്നു അവളുടെ കരച്ചില്‍. കമ്മീഷണര്‍ ഓഫീസില്‍ നിന്നും നേരെ അവളുടെ അടുത്തേക്കാണ് പൌലോസ് എത്തിയത്. സംഭവിച്ച കാര്യങ്ങള്‍ കേട്ടപ്പോള്‍ ഡോണയുടെ നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു പോയി. വാസുവിന്റെ അറസ്റ്റ് തടയാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ലെന്നുള്ള ആധിയും പൌലോസിനെ അയാള്‍ സസ്പെന്ഡ് ചെയ്തു എന്നുള്ള വാര്‍ത്തയും അവള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു. വാസു നിര്‍ന്നിമേഷനായി മാറി നിന്നുകൊണ്ട് അവളെത്തന്നെ നോക്കി. “വാസൂ..നിന്റെ അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകും. അയാള്‍ അത് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഞാന്‍ നല്‍കിയ വിഷ്വല്‍സ് പോലും വിശ്വസിക്കാനോ സ്വീകരിക്കാനോ അയാള്‍ തയാറായില്ല.. പിന്നെ അയാളോട് ഇനി എന്ത് പറയാന്‍? ഡെവിള്‍സിന് വേണ്ടി നിന്നെ കുരുക്കിലാക്കുക എന്ന അജണ്ട അയാള്‍ നടപ്പിലാക്കുകയാണ്. പക്ഷെ നീ വിഷമിക്കരുത്..ഞാന്‍ നിന്റെ നിരപരാധിത്വം തെളിയിക്കും. അതിനു വേണ്ട എല്ലാ തെളിവുകളും എന്റെയും ഡോണയുടെയും പക്കലുണ്ട്..ഇനി വേണ്ടത്, ദ്വിവേദി എന്ന കൊലയാളിയ ആണ്. അവനീ ഭൂമുഖത്തിന്റെ ഏതു ഭാഗത്ത് ഉണ്ടായാലും, അവനെ ഞാന്‍ ഇവിടെ എത്തിക്കും. ഇനി എന്റെ ലക്ഷ്യവും അത് മാത്രമാണ്” ഡോണയെ കരയാന്‍ വിട്ടുകൊണ്ട് വാസുവിന്റെ അരികില്‍ എത്തിയ പൌലോസ് പറഞ്ഞു. “എനിക്ക് പേടിയില്ല സര്‍..പക്ഷെ സാറും ഞാനും പോയാല്‍ ഡോണ തനിച്ചാകും..അതാണ്‌ എന്റെ വിഷമം..” വാസു കരഞ്ഞുകൊണ്ടിരുന്ന ഡോണയെ നോക്കി പറഞ്ഞു.

“ശരിയാണ് വാസൂ..എനിക്കും അതറിയാം. പക്ഷെ നിന്നെ രക്ഷിക്കാന്‍ എനിക്ക് അവനെ കണ്ടെത്തിയേ പറ്റൂ..എന്നെ അയാള്‍ ജോലിയില്‍ നിന്നും പിരിച്ചു വിടാനുള്ള ശുപാര്‍ശ നല്‍കാനാണ് ചാന്‍സ്. അതൊന്നും ഞാന്‍ ഗൌനിക്കുന്നില്ല..ഈ കേസിലെ പ്രതികള്‍ അവന്മാരാണ് എന്ന് തെളിയിക്കാന്‍ എനിക്ക് കഴിഞ്ഞില്ല എങ്കില്‍, പിന്നെ ഞാന്‍ ആണാണ് എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല..ദ്വിവേദിയെ കണ്ടെത്തി കാണേണ്ടവരെ കണ്ടാല്‍ മാത്രമേ വാസൂ നിനക്കിനി രക്ഷ ഉള്ളൂ…ഇല്ലെങ്കില്‍ ചെയ്യാത്ത കുറ്റത്തിന് നീ അകത്താകും..” അവരുടെ സംസാരം കേട്ടുകൊണ്ട് വന്ന ഡോണ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അങ്ങോട്ട്‌ വന്നു.

“ഇച്ചായാ..നമുക്ക് ഇവന്റെ അറസ്റ്റ് തടയാന്‍ ഒരു വഴിയുമില്ലേ?” അവള്‍ ചോദിച്ചു. “അവര്‍ കള്ളസാക്ഷികളെ ഉണ്ടാക്കിക്കഴിഞ്ഞു..കേസ് അയാള്‍ കോടതിയില്‍ എത്തിക്കട്ടെ..നീ പുന്നൂസ് സാറിനോട് പറഞ്ഞ് ഇവന്റെ ജാമ്യത്തിനുള്ള ഏര്‍പ്പാട് ചെയ്യണം. ജാമ്യം ലഭിക്കാതിരിക്കാനുള്ള എല്ലാ പണികളും ചാണ്ടി ചെയ്യാന്‍ ഇടയുണ്ട്..അതുകൊണ്ട് ഏറ്റവും നല്ല വക്കീലിനെ തന്നെ ഇതിനായി നിയോഗിക്കാന്‍ പറയണം..എന്റെ ഔദ്യോഗിക സ്ഥാനം പോകുന്നതിനു മുന്‍പ് എനിക്ക് ചിലത് ചെയ്യാനുണ്ട്..അതുകൊണ്ട് ഞാന്‍ പോകുകയാണ്..ദ്വിവേദിയെ എനിക്ക് കണ്ടെത്തണം..അതിന് എയര്‍പോര്‍ട്ടില്‍ നിന്നും ചില വിവരങ്ങള്‍ ശേഖരിക്കാനുണ്ട്..ജോലി പോയാല്‍ പിന്നെ അവരൊന്നും നമ്മളോട് സഹകരിക്കില്ല..നീ വിഷമിക്കാതെ..ഇതൊരു താല്‍ക്കാലിക പ്രതിസന്ധി ആയി കണ്ടാല്‍ മതി” അവളെ ആശ്വസിപ്പിച്ചുകൊണ്ട് പൌലോസ് പറഞ്ഞു. “വാസൂ..ഒരിക്കലും നീ കുറ്റം ചെയ്തതായി സമ്മതിക്കരുത്. നിന്നെക്കൊണ്ട് അങ്ങനെ പറയിക്കാന്‍ അവര്‍ കഴിവിന്റെ പരമാവധി ശ്രമിക്കും… മൂന്നാം മുറ ഉപയോഗിച്ചാല്‍ നീ ബോധം കെട്ടുപോയതായി അഭിനയിക്കണം…അപ്പോള്‍ അവന്മാര്‍ ഉപദ്രവിക്കാന്‍ മടിക്കും..ബുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ നിനക്ക് തടി കേടാക്കാതെ രക്ഷപെടാം..കേസ് കോടതിയില്‍ എത്തിയാല്‍ നിനക്ക് ജാമ്യം ലഭിക്കും എന്നാണ് എന്റെ പ്രതീക്ഷ…” വാസുവിന്റെ തോളില്‍ കൈവച്ചുകൊണ്ട് പൌലോസ് പറഞ്ഞു. വാസു തലയാട്ടി. “എന്നാല്‍ ഞാന്‍ പോട്ടെ..എനിക്ക് തീരെ സമയമില്ല.എന്റെ ഒഫീഷ്യല്‍ സസ്പെന്‍ഷന്‍ വരുന്നതിന് മുന്‍പ് ചെയ്യാന്‍ ഉള്ളതൊക്കെ ചെയ്യണം…ഡോണ..ഞാന്‍ പറഞ്ഞത് ഒക്കെ ഓര്‍മ്മ വേണം..ഇവനെ അയാള്‍ നാളെയോ മറ്റന്നാളോ കോടതിയില്‍ ഹാജരാക്കും.. വക്കീലിനെ ഏറ്റവും വേഗം ഏര്‍പ്പാട് ചെയ്യണം..നീ മനസ് കൈമോശം വരാതെ പ്രാക്ടിക്കല്‍ ആയി ചിന്തിക്കുക..നമ്മള്‍ കരഞ്ഞിട്ടോ ആധി പിടിച്ചിട്ടോ ഇവിടെ ഗുണമില്ല..അത് മറക്കരുത്”

ഡോണ കണ്ണുകള്‍ തുടച്ചുകൊണ്ട് തലയാട്ടി. പൌലോസ് തന്റെ വണ്ടിയിലേക്ക് കയറുമ്പോള്‍, മറ്റൊരു പോലീസ് വാഹനം ചാനലിന്റെ ഗേറ്റ് കടന്നു വരുന്നത് ഞെട്ടലോടെ ഡോണ കണ്ടു. അവരുടെ അരികിലെത്തി ബ്രേക്കിട്ട അതില്‍ നിന്നും സി ഐ ഫിറോസും സംഘവും പുറത്തിറങ്ങി. ഫിറോസ്‌ പൌലോസിനെ പകയോടെ നോക്കിയ ശേഷം വാസുവിന്റെ അരികിലെത്തി. “നിങ്ങള്‍ അല്ലെ വാസു?” അയാള്‍ ചോദിച്ചു. “അതെ സര്‍” “ഇത് നിങ്ങള്‍ക്കുള്ള അറസ്റ്റ് വാറണ്ട് ആണ്. വരൂ..” അയാള്‍ പറഞ്ഞു. “എന്താണ് സര്‍ എന്റെ പേരിലുള്ള ചാര്‍ജ്ജ്?” “കബീര്‍ എന്ന യുവാവിന്റെ കൊലപാതകം.
.” “പക്ഷെ സര്‍ എനിക്ക് യാതൊരു മനസ്സറിവും ഇല്ലാത്ത സംഭവമാണ് അത്” “അതൊക്കെ നിങ്ങള്‍ക്ക് കോടതിയില്‍ പറയാം..തല്‍ക്കാലം ഞങ്ങളുടെ കൂടെ വരുക..ഉം” വാസു പൌലോസിനെ നോക്കി. അയാള്‍ കൂടെ പൊയ്ക്കൊള്ളാന്‍ ആംഗ്യം കാട്ടി. ഡോണ കരച്ചില്‍ പണിപ്പെട്ടു നിയന്ത്രിച്ച് വിറയ്ക്കുന്ന ചുണ്ടുകളോടെ അവനെ നോക്കി. “ഡോണ..ഞാന്‍ പോട്ടെ..” വാസു അവളുടെ അരികിലെത്തി പറഞ്ഞു. ഡോണ നിയന്ത്രണം തെറ്റി അവന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. പൌലോസ് അത് കാണാനുള്ള മനക്കരുത്ത് ഇല്ലാതെ ദൂരേക്ക് നോക്കി ഇരുന്നുകളഞ്ഞു. വാസു പക്ഷെ കരഞ്ഞില്ല. അവന്‍ മെല്ലെ ഡോണയുടെ പിടി വിടുവിച്ച് ചെന്ന് പോലീസ് വാഹനത്തില്‍ കയറി. അത് അവിടെയിട്ട് തിരിച്ച ശേഷം ഡ്രൈവര്‍ റോഡിലേക്ക് ഓടിച്ചിറക്കി. ഡോണ ഏങ്ങലടിച്ചുകൊണ്ട് ആ വാഹനം പോകുന്നത് നോക്കി നിന്നു. വണ്ടി കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ പൌലോസ് വണ്ടിയില്‍ നിന്നും ഇറങ്ങി അവളുടെ അരികിലെത്തി. “ഡോണ..കരയാതെ മോളെ..നിന്റെ കരയുന്ന മുഖം എന്റെ ശക്തി ഇല്ലാതാക്കും..പ്ലീസ്..” അവളുടെ കണ്ണീര്‍ തുടച്ചുകൊണ്ട് അയാള്‍ പറഞ്ഞു. “എനിക്ക്..എനിക്ക് വേണ്ടിയാണ് ഇച്ചായാ ആ പാവം പോലീസ് പിടിയില്‍ ആയിരിക്കുന്നത്..ഞാനാണ്‌ അവന്റെ ഈ അവസ്ഥയ്ക്ക് കാരണം..” ഡോണ കരഞ്ഞുകൊണ്ട് അയാളുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. “ഇല്ല ഡോണ..അങ്ങനെ ഒന്നും ചിന്തിക്കരുത്. നീതിയും ന്യായവും നടപ്പിലാക്കാന്‍ മനസില്ലാത്ത ചിലരുടെ കുതന്ത്രം ആണ് അവന്റെ ഈ ദുര്യോഗത്തിന് പിന്നില്‍. മനുഷ്യ നന്മയ്ക്കായി ഭൂമിയില്‍ വന്ന കര്‍ത്താവിനെ വരെ നിന്ദിച്ച് പരിഹസിച്ചു മുഖത്ത് തുപ്പി തൂക്കില്‍ ഏറ്റിയവര്‍ ജീവിച്ച ഭൂമിയാണ്‌ ഇത്. നന്മയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഏതൊരുവന്റെയും ജീവിതത്തില്‍ സംഭവിക്കുന്നതാണ് നമുക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്.

പക്ഷെ സത്യത്തെ മൂടിക്കെട്ടി വയ്ക്കാന്‍ ആര്‍ക്കും കഴിയില്ല മോളെ..മൂന്നാം ദിനം കര്‍ത്താവ് ഉയിര്‍ത്ത് എഴുന്നേറ്റത് പോലെ, സത്യം പുറത്ത് വരുക തന്നെ ചെയ്യും..നീ ധൈര്യമായിരിക്ക്‌…അവനൊന്നും സംഭവിക്കില്ല..” പൌലോസിന്റെ വാക്കുകള്‍ ഡോണയ്ക്ക് ചെറുതല്ലാത്ത ആശ്വാസവും ധൈര്യവും പകര്‍ന്നു. അവള്‍ മുഖം ഉയര്‍ത്തി കണ്ണുകള്‍ തുടച്ചുകൊണ്ട് അയാളെ നോക്കി. “ഇച്ചായാ..ഇച്ചായന്‍ ദ്വിവേദിയെ തേടി പോകുകയാണോ” അവള്‍ ചോദിച്ചു. “അതെ..അവനെ കണ്ടുകിട്ടിയാല്‍ മാത്രമേ വാസുവിനെ ഈ കേസില്‍ നിന്നും സംശയാതീതമായി വിടുവിക്കാന്‍ നമുക്ക് കഴിയൂ” “പക്ഷെ ഇച്ചായാ അയാള്‍ മഹാ അപകടകാരിയാണ്.
.ഇന്ത്യ കണ്ട ഏറ്റവും കൊടും ക്രിമിനല്‍.. ആ നായയെ അയാള്‍ സെക്കന്റുകള്‍ കൊണ്ട് കൊന്നതും, കബീറിനെപ്പോലെ ആരോഗ്യവാനായ ഒരു യുവാവിനെ ചെറിയ ഒരു മല്‍പ്പിടുത്തം പോലും നടത്താതെ കൊല ചെയ്തതും ഓര്‍ക്കുമ്പോള്‍ത്തന്നെ ഞാന്‍ ഭയം കൊണ്ട് വിറയ്ക്കുകയാണ്.. അയാളെ ഇച്ചായന്‍ തനിച്ച് എങ്ങനെ നേരിടും?” ഡോണ ഭീതിയോടെ ചോദിച്ചു. “അതെ ഡോണ..ഹി ഈസ് എ ബിഗ്‌ ഫിഷ്‌..എനിക്കറിയാം. പക്ഷെ നമുക്ക് വാസുവിനെ രക്ഷിച്ചല്ലേ പറ്റൂ..അതിനു വേണ്ടി ഏത് അപകടവും നേരിടാന്‍ ഞാന്‍ തയാറാണ്. നീ പക്ഷെ വളരെ സൂക്ഷിക്കണം. ഞാനും വാസുവും ഒപ്പമില്ലാത്ത നിന്നെ ഡെവിള്‍സ് ഉപദ്രവിക്കാന്‍ ചാന്‍സുണ്ട്..ബി വെരി കെയര്‍ഫുള്‍..രാത്രി തനിച്ച് എങ്ങും പോകരുത്..വീട്ടിലും മതിയായ കരുതല്‍ ഉണ്ടാകണം..എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ എന്നെ വിളിക്കാന്‍ മറക്കരുത്..എത്രയും വേഗം എന്റെ ദൌത്യം പൂര്‍ത്തിയാക്കി തിരിച്ചെത്താന്‍ ഞാന്‍ ശ്രമിക്കാം..” ഡോണ ഒരു ദീര്‍ഘനിശ്വാസത്തോടെ തലയാട്ടി. “എങ്കില്‍ ഞാന്‍ പോട്ടെ…ഇനി എന്ന് തമ്മില്‍ കാണും എന്ന് പറയാന്‍ പറ്റില്ല. പക്ഷെ എപ്പോള്‍ കണ്ടാലും, ദ്വിവേദി എന്റെ ഒപ്പം ഉണ്ടാകും….” ഡോണ നിറകണ്ണുകളോടെ പുഞ്ചിരിച്ചു. പിന്നെ അവള്‍ അയാളുടെ കവിളില്‍ ചുംബിച്ചു. പൌലോസ് ജീപ്പില്‍ കയറി അവളെ കൈവീശി കാണിച്ച ശേഷം അത് മുന്‍പോട്ടെടുത്തു. അയാള്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ ഡോണ നോക്കി നിന്നു. പിന്നെ അവള്‍ കാറിന്റെ ഉള്ളില്‍ വച്ചിരുന്ന പുന്നൂസിന്റെ റിവോള്‍വര്‍ എടുത്ത് തന്റെ ജീന്‍സിന്റെ ഉള്ളില്‍, സോക്സിന്റെ അകത്തേക്ക് തിരുകിയ ശേഷം ഓഫീസിലേക്ക് നടന്നു. ഡോണ ചില തീരുമാനങ്ങളില്‍ എത്തിയിരുന്നു. അവള്‍ നേരെ തന്റെ ക്യാബിനില്‍ എത്തി ഫോണെടുത്ത് പപ്പയെ വിളിച്ചു. “എന്താ മോളെ” പുന്നൂസിന്റെ സ്വരം അവളുടെ കാതിലെത്തി. “പപ്പാ, വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തു….” അവള്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് നിറഞ്ഞു വന്ന കണ്ണുകള്‍ മെല്ലെ തുടച്ചു. “എന്ത്? സത്യമാണോ മോളെ നീ പറയുന്നത്? എന്തിന്? എന്താണ് അവന്‍ ചെയ്ത കുറ്റം” പുന്നൂസ് ഉദ്വേഗഭരിതനായി ചോദിച്ചു.

“അവനെ ട്രാപ് ചെയ്തതാണ് പപ്പാ..മര്‍ഡര്‍ ആണ് അവന്റെ പേരില്‍ അവര്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം..പിന്നില്‍ ഡെവിള്‍സ് ആണ്..” “ഗോഡ്..കൊലപാതകക്കേസോ? ആരെ കൊന്നു എന്നാണ് പോലീസ് ആരോപിക്കുന്നത്?” “പപ്പാ എല്ലാം ഞാന്‍ വിശദമായി വീട്ടില്‍ വരുമ്പോള്‍ പറയാം..പപ്പ ഉടന്‍ തന്നെ നല്ലൊരു വക്കീലിനെ കാണണം. നാളെ അവനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യത്തില്‍ എടുക്കാന്‍ അവിടെ നമ്മള്‍ ഉണ്ടാകണം.
.എങ്ങനെയും അവനെ പോലീസ് റിമാന്‍ഡില്‍ വിടാതെ സ്വതന്ത്രനാക്കാന്‍ കഴിവുള്ള ഒരു വക്കീലിനെത്തന്നെ കണ്ടെത്തണം..” “സമയം വളരെ കുറവാണ് മോളെ..വക്കീലിന് കേസ് മനസിലാക്കാന്‍ തന്നെ സമയം വേണ്ടിവരും. എന്തായാലും ഞാന്‍ ആളെ ഏര്‍പ്പാടാക്കാം..അവന്റെ ജാമ്യത്തിന് പണമോ മറ്റോ കെട്ടിവയ്ക്കേണ്ടി വന്നാല്‍ അതും ചെയ്യാം..മോള് പേടിക്കണ്ട…” “ശരി പപ്പാ..” ഫോണ്‍ വച്ച ശേഷം അവള്‍ നേരെ മാനേജിംഗ് ഡയറക്ടറുടെ മുറിവാതില്‍ക്കലേക്ക് ചെന്നു. “ഷീന..അലക്സ് സാറുണ്ടോ?” ഡോണ എം ഡിയുടെ സെക്രട്ടറിയോട് ചോദിച്ചു. “ഉണ്ട് ഡോണ..നിനക്ക് കാണണോ..” “യെസ്..” ഡോണ കതകില്‍ മുട്ടിക്കൊണ്ട് പറഞ്ഞു. “യെസ് കമിന്‍” ഉള്ളില്‍ നിന്നും അനുമതി ലഭിച്ചതോടെ അവള്‍ അകത്തേക്ക് കയറി. “ഹായ് ഡോണ..ഹൌ ആര്‍ യു?” വെളുത്ത് തുടുത്ത് സുമുഖനായ, അമ്പത് വയസ് പ്രായമുള്ള, തലയില്‍ ഒരു രോമം പോലുമില്ലാത്ത അലക്സ് അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. “ആം ഫൈന്‍ സര്‍..” “ഇരിക്ക്..ഡോണ കാര്യമില്ലാതെ എന്നെ കാണാന്‍ വരില്ല എന്നെനിക്ക് അറിയാം..സംതിംഗ് ഈസ് കുക്കിംഗ്..” അയാള്‍ പറഞ്ഞു. “താങ്ക് യൂ ആന്‍ഡ്‌ യെസ് സര്‍..സംതിംഗ് ഈസ് കുക്കിംഗ്..” അവള്‍ അയാള്‍ക്കെതിരെ ഇരുന്ന ശേഷം പോക്കറ്റില്‍ നിന്നും ഒരു പെന്‍ ഡ്രൈവ് പുറത്തെടുത്തു. “സര്‍..നമ്മള്‍ തമ്മിലുള്ള സംസാരം ആരും കേള്‍ക്കാന്‍ പാടില്ല…ഷീനയോട് പറയൂ കുറെ നേരത്തേക്ക് ആരെയും ഇങ്ങോട്ട് വിടേണ്ട എന്ന്” ഡോണ പറഞ്ഞു. “ഷുവര്‍” അലക്സ് ഫോണെടുത്ത് ഷീനയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷം അവളെ നോക്കി. “സര്‍..താങ്കള്‍ ഈ പെന്‍ ഡ്രൈവില്‍ ഉള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ”

അവള്‍ പെന്‍ ഡ്രൈവ് അയാളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. അയാള്‍ അത് വാങ്ങി തന്റെ പിസിയില്‍ ഘടിപ്പിച്ച ശേഷം വീഡിയോ ഇട്ടു. അതിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ അലക്സിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീഴുന്നത് ഡോണ ശ്രദ്ധിച്ചു. “എന്താണ് ഡോണ ഇത്..എനിക്ക് മനസിലായില്ല? ആരാണിയാള്‍?” വീഡിയോ പൂര്‍ണ്ണമായി കണ്ടശേഷം അലക്സ് അവളോട്‌ ചോദിച്ചു. “സര്‍..കബീറിനെ കൊന്ന കൊലയാളിയെ ആണ് അങ്ങ് ഇപ്പോള്‍ കണ്ടത്..ഹരീന്ദര്‍ ദ്വിവേദി..” ഡോണ സാധാരണമട്ടില്‍ പറഞ്ഞത് കേട്ടപ്പോള്‍ അലക്സ് ഞെട്ടി. “ഗോഡ്..ഇയാള്‍ ആണല്ലേ ദ്വിവേദി? ഇതെങ്ങനെ ഡോണയ്ക്ക് കിട്ടി?” “അതൊക്കെ കിട്ടി..സാര്‍ എനിക്കൊരു ഉപകാരം ചെയ്യണം. ഇന്ന് പ്രൈം ടൈമില്‍ നമുക്ക് ഈ വീഡിയോയുമായി ബന്ധപ്പെടുത്തി ഒരു ഫീച്ചര്‍ നല്‍കണം. ഇതിന്റെ പിന്നിലുള്ളവര്‍ ആരാണ് എന്നതിന്റെ വ്യക്തമായ തെളിവുകള്‍ എന്റെ പക്കലുണ്ട്. കബീറിനെ വധിച്ച ഇയാളെ പിടിക്കുന്നതിനു പകരം, എന്റെ പെഴ്സണല്‍ സെക്യൂരിറ്റി ആയിരുന്ന വാസുവിനെ അതേ കുറ്റം ചാര്‍ത്തി ഈ ചാനല്‍ കോമ്പൌണ്ടില്‍ നിന്നു കമ്മീഷണര്‍ അയച്ച പോലീസുകാര്‍ അറസ്റ്റ് ചെയ്തുകൊണ്ടുപോയി.അവന് യാതൊരു മനസ്സറിവും ഇല്ലാത്ത കേസില്‍..” “പക്ഷെ ഡോണ..പോലീസ് തെളിവില്ലാതെ അറസ്റ്റ് ചെയ്യുമോ?” “കമ്മീഷണര്‍ ചാണ്ടി അതും അതിനപ്പുറവും ചെയ്യും.. അവനെ അറസ്റ്റ് ചെയ്യാന്‍ വേണ്ട കള്ളത്തെളിവുകള്‍ അറേബ്യന്‍ ഡെവിള്‍സ് പോലീസിന് നല്‍കിയിട്ടുണ്ട്… ഇനിയും അവര്‍ നല്‍കുകയും ചെയ്യും…പക്ഷെ അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന സത്യമാണ് അങ്ങിപ്പോള്‍ ഈ വീഡിയോയില്‍ കണ്ടത്. എനിക്ക് ഈ വിവരം ലോകത്തെ അറിയിക്കണം സര്‍..വാസുവിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ, നാളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യം ലഭിച്ച് അവനിറങ്ങി വരാന്‍ സാധിക്കണം..ഈ വാര്‍ത്ത മറ്റൊരു ചാനലുകാര്‍ക്കും അറിയില്ല..ഇറ്റ്‌ ഈസ് എ വെരി ഹോട്ട് സ്റ്റഫ്..” ഡോണ പ്രതീക്ഷയോടെ അലക്സിനെ നോക്കി. അയാള്‍ പിന്നോക്കം ചാരി ആലോചിക്കുന്നത് കണ്ടപ്പോള്‍ അവളുടെ മനസ്സില്‍ ആശങ്ക നിറഞ്ഞു. “ഡോണ യു ആര്‍ റൈറ്റ്..ഇറ്റ്‌ ഈസ് ഇന്‍ഡീഡ് എ വെരി ഹോട്ട് സ്റ്റഫ്..പക്ഷെ.” “യെസ് സര്‍…പറയൂ” “എനിക്ക് ഡോണയെ സഹായിക്കണം എന്നുമുണ്ട്..ബട്ട്….” അയാള്‍ വീണ്ടും അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയിട്ട് അവളെ നോക്കി. വാസുവിനെ രക്ഷിക്കാനുള്ള തന്റെ ശ്രമം വിജയിക്കില്ലേ എന്ന് അയാളുടെ മുഖഭാവം കണ്ടപ്പോള്‍ അവള്‍ക്ക് തോന്നി. “എന്താ സര്‍..എനി ഇഷ്യു?” അവള്‍ തന്റെ ഉദ്വേഗം മറച്ചു വയ്ക്കാതെ ചോദിച്ചു. “യെസ്…എ വെരി ബിഗ്‌ ഇഷ്യു…കുറച്ചു ദിവസം മുന്‍പ്, ഒരു രാത്രിയില്‍ എന്റെ വീട്ടില്‍ അവര്‍ വന്നിരുന്നു..” കണ്ണുകളിലെ ഭയം നിയന്ത്രിക്കാന്‍ സാധിക്കാതെ അലക്സ് പറഞ്ഞു. “ആര്?” ഡോണ കസേരയുടെ അഗ്രത്തെക്ക് നീങ്ങി. “ഡെവിള്‍സ്..സ്റ്റാന്‍ലി..അര്‍ജുന്‍..ആന്‍ഡ് മാലിക്ക്….” “എന്തിന്?” “അവരുടെ ഒന്നാമത്തെ ഡിമാന്‍ഡ് ഡോണയെ പിരിച്ചു വിടണം എന്നതായിരുന്നു..ഞാന്‍ വഴങ്ങിയില്ല..പക്ഷെ അത് അവര്‍ എനിക്ക് തരാനിരുന്ന ഭീഷണിയുടെ മുന്നോടി മാത്രം ആയിരുന്നു..

ഡോണ അവര്‍ക്കെതിരെ നല്‍കുന്ന യാതൊന്നും ചാനലില്‍ കാണിക്കരുത് എന്നവര്‍ എന്നോട് ആവശ്യപ്പെട്ടു..അങ്ങനെ ചെയ്‌താല്‍..” ഒന്ന് നിര്‍ത്തിയ ശേഷം അലക്സ് തുടര്‍ന്നു: “ഡോണയ്ക്ക് അറിയാമല്ലോ..വിവാഹശേഷം കുറെ ഏറെ നാളുകള്‍ നേര്‍ച്ചയും മറ്റും നേര്‍ന്നും കുറെ ഏറെ ആശുപത്രികളില്‍ ചികിത്സ നടത്തിയും ഒക്കെയാണ് ഞങ്ങള്‍ക്കൊരു മകള്‍ ഉണ്ടായത്..ആണും പെണ്ണുമായി അവള്‍ മാത്രമേ ഉള്ളു ഞങ്ങള്‍ക്ക്…അവര്‍ക്കെതിരെ എന്തെങ്കിലും എന്റെ ഈ ചാനലില്‍ വന്നാല്‍, മകളെ മറന്നേക്കണം എന്നായിരുന്നു അവരുടെ ഭീഷണി..അവര്‍ പറഞ്ഞാല്‍ പറഞ്ഞതിനും അപ്പുറം ചെയ്യുന്നവരാണ് എന്ന് ഡോണയ്ക്കും അറിയാമല്ലോ..” അയാള്‍ നിസ്സഹായനായി ഡോണയെ നോക്കി. അവള്‍ തലയാട്ടിക്കൊണ്ട് കസേരയില്‍ പിന്നോക്കം ചാരി. അവള്‍ ആലോചനയില്‍ മുഴുകി അല്‍പ്പനേരം അങ്ങനെയിരുന്നു. “സര്‍ അവരെ ഭയക്കുന്നു അല്ലെ” അവസാനം അവള്‍ ചോദിച്ചു. “ഭയന്നെ പറ്റൂ ഡോണ..അവരുടെ റീച്ച് ഡോണയ്ക്കും അറിയാമല്ലോ? തങ്ങളുടെ ഇഷ്ടത്തിന് തുള്ളുന്ന ഒരു കമ്മീഷണറെ വരെ കൊച്ചിയില്‍ അവരോധിക്കാന്‍ അവര്‍ക്ക് സാധിച്ചു എങ്കില്‍, അവര്‍ക്ക് എന്താണ് സാധിക്കാത്തത്. മറ്റൊന്ന് കൂടി ഡോണ..ഈ വിവരം ഡോണ എന്നോട് പറയുകയാണെങ്കില്‍ മാത്രം അറിയിക്കാന്‍ വേണ്ടി ഞാന്‍ മാറ്റി വച്ചിരുന്നതാണ്. ഡോണ നല്‍കുന്ന ഈ ഇന്‍ഫര്‍മേഷന്‍ കേരളത്തിലെ ഒരു ചാനലും സംപ്രേഷണം ചെയ്യില്ല..” ഡോണ താനത് ഊഹിച്ചിരുന്നതുപോലെ തലയാട്ടി. “പിന്നെ ഡോണ..ഒരു മൂത്ത സഹോദരന്റെ സ്ഥാനത്ത് നിന്നു ഞാന്‍ പറയുകയാണ് എന്ന് കരുതിയാല്‍ മതി..ഡോണ കാണിക്കുന്നത് വളരെ വലിയ അബദ്ധമാണ്..അവര്‍ മഹാ അപകടകാരികളായ കണ്ണില്‍ ചോര ഇല്ലാത്ത ക്രിമിനല്‍സ് ആണ്.. അവര്‍ക്കെതിരെ ഉള്ള ഡോണയുടെ ഒറ്റയാള്‍ പോരാട്ടം അവസാനിപ്പിക്കുന്നതാണ് നല്ലത്..എന്തിനാണ് നല്ലൊരു ജീവിതം വെറുതെ പാഴാക്കുന്നത്..” അലക്സ് സ്നേഹപൂര്‍വ്വം അവളോട്‌ പറഞ്ഞു. അതുകേട്ടപ്പോള്‍ ഡോണ പുഞ്ചിരിച്ചു. പിന്നെ ഇങ്ങനെ മറുപടി നല്‍കി: “സര്‍..താങ്കള്‍ ഒരു നല്ല മനുഷ്യനായത് കൊണ്ടാണ് ഞാന്‍ എന്റെ രാജിക്കത്ത് ഇപ്പോള്‍ നല്‍കാഞ്ഞത്..അങ്ങയുടെ ഭയം എനിക്ക് മനസിലാക്കാന്‍ പറ്റും. പക്ഷെ ഡോണയ്ക്ക് ഭയമില്ല സര്‍..ഞാന്‍ അവര്‍ക്കെതിരെ പോരാടും..എന്റെ ജീവിതമോ ജീവനോ പോയാലും ശരി അതില്‍ എനിക്ക് ഒരു തിരിച്ചുപോക്കില്ല..അവരുടെ അധമ പ്രവൃത്തികള്‍ക്ക് ഇരയായ അനേകരില്‍ ഒരുവള്‍ മാത്രമാണ് എന്റെ പ്രാണ സ്നേഹിതയായിരുന്ന മുംതാസ്..അതുപോലെ ഒന്ന് സാറിന് വളരെ വേണ്ടപ്പെട്ട ആര്‍ക്കെങ്കിലും സംഭവിച്ചാലെ അതിന്റെ ഇമ്പാക്റ്റ് സാറിന് മനസിലാകൂ..സാരമില്ല സര്‍..എനിക്ക് എന്റേതായ വഴികള്‍ ഉണ്ട്..അവര്‍ ആളയച്ചു കൊല്ലിച്ച കേസില്‍ ഒരു നിരപരാധി ആണ് പോലീസ് പിടിയില്‍ ആയിരിക്കുന്നത്. എനിക്കവനെ രക്ഷിച്ചേ പറ്റൂ..അവര്‍ക്കെതിരെ ഉള്ള തെളിവ് കാണേണ്ടവരെ ഞാന്‍ കാണിക്കും..ബൈ സര്‍”

അയാളുടെ മറുപടിക്ക് കാത്തു നില്‍ക്കാതെ ഡോണ എഴുന്നേറ്റ് വെളിയിലേക്ക് നടന്നു. അലക്സ് ആശങ്കയോടെ അവളുടെ പോക്ക് നോക്കി പിന്നിലേക്ക് ചാരി. ചാനല്‍ ഓഫീസില്‍ നിന്നും ഡോണ നേരെ പോയത് ഐ ജിയുടെ ഓഫീസിലേക്ക് ആണ്. അവള്‍ ചെല്ലുമ്പോള്‍ ഐ ജി ഓഫീസില്‍ തന്നെ ഉണ്ടായിരുന്നു. അനുമതി ലഭിച്ച ശേഷം അവള്‍ ഉള്ളിലേക്ക് കയറി. “ഗുഡ് മോണിംഗ് സര്‍..” ഡോണ അദ്ദേഹത്തെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു. “മോണിംഗ് മിസ്സ്‌ ഡോണ ..ടേക്ക് യുവര്‍ സീറ്റ്” ഐ ജി അനന്തരാമന്‍ തന്റെ മുന്‍പില്‍ നില്‍ക്കുന്ന മുഖം വേഗം തിരിച്ചറിഞ്ഞുകൊണ്ട് പറഞ്ഞു. “താങ്ക് യു സര്‍” ഡോണ കസേരയില്‍ ഇരുന്നുകൊണ്ട് പറഞ്ഞു. “നൈസ് ടു മീറ്റ്‌ യു..ടിവിയില്‍ ധാരാളം തവണ ഞാന്‍ ഡോണയെ കണ്ടിട്ടുണ്ട്..നേരില്‍ ഇതാദ്യമാണ്..പറയൂ എന്റെ എന്ത് സഹായമാണ് വേണ്ടത്? വെറുതെ ഒരു വിസിറ്റിനു ഡോണയെപ്പോലെ ഒരു സെലിബ്രിറ്റി വരില്ല എന്നെനിക്ക് അറിയാം” ഡോണ ചുരുക്കത്തില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. പിന്നെ കൈയില്‍ ഉണ്ടായിരുന്ന പെന്‍ ഡ്രൈവ് അദ്ദേഹത്തിന് കൈമാറി. ഐ ജി അത് വാങ്ങി പിസിയില്‍ ഇട്ടുകണ്ട ശേഷം ആലോചനയോടെ കസേരയില്‍ പിന്നോക്കം ചാരി. “വാസു നിരപരാധിയാണ് സര്‍..അവര്‍ അവനെ കുടുക്കിയതാണ്..ഇക്കാര്യത്തില്‍ അങ്ങെന്നെ സഹായിക്കണം..” ഡോണ പറഞ്ഞു. ഐജി അല്‍പനേരത്തെ ആലോചനയ്ക്ക് ശേഷം അവളെ നോക്കി. “ഇത് കമ്മീഷണറെ കാണിച്ചില്ലേ? കബീര്‍ വധക്കേസ് അയാളാണ് അന്വേഷിക്കുന്നത്” അദ്ദേഹം ഡോണയെ ചോദ്യഭാവത്തില്‍ നോക്കി. “കാണിച്ചു സര്‍..പക്ഷെ അദ്ദേഹം ഇത് തെളിവായി സ്വീകരിക്കാന്‍ തയാറായില്ല..” “ചാണ്ടി ന്യായത്തിന്റെ ഭാഗത്ത് നില്‍ക്കുന്നവനല്ല..എനിക്കറിയാം..പക്ഷെ ഇക്കാര്യത്തില്‍ അന്വേഷണ ചുമതല അയാള്‍ക്കായതുകൊണ്ട്, എനിക്ക് ഇടപെടാന്‍ ചില പരിമിതകള്‍ ഉണ്ട്. മാത്രമല്ല, വ്യക്തമല്ലാത്ത ഒരു വീഡിയോ ക്ലിപ്പ് വച്ച് അത് കബീറിന്റെ മരണവുമായി ബന്ധിപ്പിക്കാനും എളുപ്പമല്ല. ഡെവിള്‍സ് ആണ് ഈ കൊലയുടെ പിന്നിലെങ്കില്‍ അതിന്റെ മോട്ടീവ്, അവരാണ് ഈ കൊലയാളിയെ നിയോഗിച്ചത് എന്നതിന്റെ തെളിവ്, മുതലായവ ആവശ്യമാണ്. ഇപ്പോള്‍ ഡോണയുടെ പക്കലുള്ളത്‌ ഈ ഒരു വീഡിയോ മാത്രമാണ്..അതിന്റെ മാത്രം അടിസ്ഥാനത്തില്‍ പോലീസിന് ഒന്നും ചെയ്യാന്‍ പറ്റില്ല..പക്ഷെ നിങ്ങള്‍ക്ക്പലതും പറ്റും..എന്തുകൊണ്ട് ഇത് ചാനലില്‍ സംപ്രേഷണം ചെയ്യുന്നില്ല? ജനം ഇതറിഞ്ഞാല്‍ പിന്നെ ചാണ്ടിക്ക് മേല്‍ മുകളില്‍ നിന്നും ശക്തമായ പ്രഷര്‍ ഉണ്ടാകും..യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ അയാള്‍ക്ക് കഴിയുന്നില്ല എങ്കില്‍ കേസ് ക്രൈം ബ്രാഞ്ചിനോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ സര്‍ക്കാര്‍ കൈമാറുകയും ചെയ്യും” “കേരളത്തിലെ ഒരു ചാനലും ഇത് സംപ്രേഷണം ചെയ്യില്ല സര്‍..എന്റെ എം ഡിയുടെ വീട്ടിലെത്തി അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു..ഇത് സംപ്രേഷണം ചെയ്‌താല്‍ അദ്ദേഹത്തിന്റെ ഏക മകളെ കൊന്നുകളയും എന്നായിരുന്നു ഭീഷണി..അതേപോലെ എല്ലാ ചാനല്‍ ഉടമകളെയും അവര്‍ വിരട്ടുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുണ്ട്..”

ഡോണ നിസ്സഹായതയോടെ പറഞ്ഞു. അനന്തരാമന്‍ ആലോചനയോടെ തലയാട്ടി. “സര്‍..അവര്‍ കബീറിനെ വധിച്ചത് മുംതാസ് കേസില്‍ ഞാന്‍ നടത്തിക്കൊണ്ടിരുന്ന അന്വേഷണം അതിന്റെ പരിസമാപ്തിയിലേക്ക് എത്തി എന്നറിഞ്ഞപ്പോള്‍ ആണ്..ഞങ്ങള്‍ കബീറിലേക്ക് എത്തുന്നു എന്ന് മനസിലായപ്പോള്‍ അവര്‍ ചെയ്ത അറ്റകൈ ആണ് ദ്വിവേദിയെ വരുത്തിയതിന്‍റെ പിന്നില്‍. മുംതാസിന്റെ മരണത്തിനു പിന്നില്‍ അവരാണ് എന്നതിന്റെ വ്യക്തമായ തെളിവ് എന്റെ പക്കലുണ്ട്..കേസ് റീ ഓപ്പണ്‍ ചെയ്യിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു തുടങ്ങുമ്പോള്‍ ആണ് ഇതിലെ ഒന്നാം പ്രതിയായ കബീര്‍ കൊല്ലപ്പെടുന്നത്..അവന്‍ ഇല്ലാതായതോടെ കൂട്ടുപ്രതികള്‍ ആയ ഡെവിള്‍സ് ഏറെക്കുറെ സുരക്ഷിതരുമായി..അപ്പോള്‍ കൊലയുടെ മോട്ടീവ് വ്യക്തമല്ലേ സര്‍..” ഡോണ ഐജിയെ നോക്കി. “ഡോണ..കേസ് റീ ഓപ്പണ്‍ ആയിട്ടില്ല; അത് ഡോണ മറക്കരുത്. ഒരിക്കല്‍ വിധിയായ കേസ് അങ്ങനെ ഈസിയായി റീ ഓപ്പണ്‍ ചെയ്യാന്‍ പറ്റില്ല. കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണ് അങ്ങനെ ശ്രമിക്കുന്നത് തന്നെ..അങ്ങനെ ഒന്ന് സംഭവിച്ചാല്‍ പോലീസ് ഫോഴ്സും ശക്തമായ വിമര്‍ശനത്തിനു വിധേയമാകും.. വളരെ ശക്തമായ ജന പ്രക്ഷോഭവും മീഡിയ ഇന്‍ഫ്ലുവന്‍സും ഉണ്ടായാല്‍ മാത്രമേ ഈ കേസ് വീണ്ടും പരിഗണിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാകൂ..അങ്ങനെയൊന്നും ഇതുവരെ ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക്, ഡോണയ്ക്ക് മാത്രം അറിയാവുന്ന അന്വേഷണ വിവരങ്ങളുടെ പേരില്‍ അവര്‍ ഈ കൊല നടത്തി എന്ന് സ്ഥാപിച്ചെടുക്കുക എളുപ്പമല്ല. പിന്നെയുള്ള ഏകമാര്‍ഗ്ഗം കൊല ചെയ്തയാള്‍ നേരിട്ട് പോലീസിനോട് കുറ്റം സമ്മതിക്കുക എന്നതാണ്..ഇപ്പോള്‍ വാസു എന്ന നിങ്ങളുടെ സുഹൃത്തിനെ ചാണ്ടി പ്രതിയായി കേസ് ചാര്‍ജ്ജ് ചെയ്ത സ്ഥിതിക്ക്, ഈ പറയുന്ന ദ്വിവേദി പൂര്‍ണ്ണ സുരക്ഷിതനാണ്..അയാള്‍ സ്വമേധയാ വന്നു കീഴടങ്ങും എന്ന് ഡോണ കരുതുന്നുണ്ടോ?” ഐജി ചോദ്യഭാവത്തില്‍ അവളെ നോക്കി. “അയാളെ തിരഞ്ഞു സബ് ഇന്‍സ്പെക്ടര്‍ പൌലോസ് പോയിട്ടുണ്ട് സര്‍..” അനന്തരാമന്‍ സഹതാപത്തോടെ അവളെ നോക്കി ചിരിച്ചു. “ഡോണ..ദ്വിവേദിയുടെ ചരിത്രം ഒരുപക്ഷെ ഡോണയ്ക്ക് അറിയില്ലായിരിക്കാം..പത്തോ ഇരുപതോ പേര്‍ വിചാരിച്ചാല്‍ പോലും അയാളെ കീഴ്പ്പെടുത്താന്‍ പറ്റില്ല..അയാള്‍ പല കൊലകളും നടത്തി എന്ന് അഭ്യൂഹം ഉണ്ടെങ്കിലും, ആ കൊലകള്‍ എല്ലാം തന്നെ ഒന്നുകില്‍ ആത്മഹത്യ അതല്ലെങ്കില്‍ അപകടമരണം എന്ന നിലകളില്‍ ആയിരുന്നു..യാതൊരു തെളിവും ഒരു സ്റ്റേറ്റ് പോലീസിനും അയാള്‍ക്കെതിരെ ഇന്നുവരെ കിട്ടിയിട്ടില്ല. ഈ വീഡിയോ ആണ് ദ്വിവേദിക്ക് എതിരെ ഉള്ള ആദ്യത്തെ തെളിവ്..പക്ഷെ ഇത് ശരിയാണ് എന്ന് സ്ഥാപിക്കാന്‍ അയാളെ നമുക്ക് കിട്ടണം..കേരള പോലീസ് അതിനു ശ്രമിക്കാന്‍ പോകുന്നില്ല എന്ന് ഞാന്‍ പറയാതെ തന്നെ ഡോണയ്ക്ക് ഊഹിക്കാമല്ലോ? പൌലോസ് എന്ന ഒരാളല്ല, അയാളെപ്പോലെ പത്തുപേര്‍ വിചാരിച്ചാല്‍ ദ്വിവേദിയെ തൊടാന്‍ പോലും പറ്റില്ല..അയാളോട് പിന്മാറാന്‍ പറയുന്നതാണ് ബുദ്ധി..”

അനന്തരാമന്‍ സീറ്റിലേക്ക് ചാരിയിരുന്ന് അവളെ നോക്കി. ഡോണയുടെ മുഖത്ത് ആശങ്ക പടര്‍ന്നിരുന്നു. “സര്‍ അപ്പോള്‍ ഒരു നിരപരാധിയെ കള്ളത്തെളിവുകള്‍ കാണിച്ച് ചിലര്‍ കുടുക്കിയാല്‍, അയാളെ രക്ഷിക്കാന്‍ നമുക്ക് കഴിയില്ല എന്നാണോ അങ്ങ് പറയുന്നത്?” നിരാശയോടെ അവള്‍ ചോദിച്ചു. “ചാണ്ടിക്ക് മുകളില്‍ നല്ല പിടിപാടുണ്ട്..ഡെവിള്‍സിലൂടെ ആണ് ആ പിടിപാടുകള്‍ എല്ലാം..അതുകൊണ്ടുതന്നെ അയാളുടെ ചുമതലയില്‍ നടക്കുന്ന ഒരു കേസില്‍ എന്ത് തെളിവുകള്‍ സ്വീകരിക്കണം എന്നത് അയാളുടെ ഇഷ്ടമാണ്..എന്തെങ്കിലും വിവാദം ഉണ്ടായാല്‍ മാത്രമേ മേലുദ്യോഗസ്ഥര്‍ക്ക് പോലും ഇടപെടാന്‍ പറ്റൂ..ഡോണ ഇതൊരു വിവാദം ആക്കി മാറ്റാന്‍ നോക്ക്..അതിനുള്ള തെളിവുകള്‍ കൈയിലുണ്ട് എന്നല്ലേ പറഞ്ഞത്..അപ്പോള്‍ കാര്യങ്ങളുടെ ഗതി മാറും..ഡെവിള്‍സ് ആണ് ദ്വിവേദിയെ ഇവിടേക്ക് കൊണ്ടുവന്നത് എന്ന് തെളിയിക്കാനും, അയാളെ കൈയില്‍ കിട്ടി കുറ്റം സമ്മതിപ്പിക്കാനും സാധിച്ചാല്‍, പിന്നെ പ്രശ്നമില്ല. അതിനുള്ള മാര്‍ഗ്ഗം ഡോണ നോക്കൂ” തന്റെ അവസാന ഉപദേശം എന്ന നിലയില്‍ അനന്തരാമന്‍ പറഞ്ഞപ്പോള്‍ ഡോണ തലയാട്ടി. പിന്നെ അവള്‍ എഴുന്നേറ്റു. “ഓക്കേ സര്‍..താങ്ക് യൂ വെരി മച്ച്” “ങാ പിന്നെ ഡോണ..ഞാന്‍ ചെറിയ ഒരു സഹായം ഡോണയ്ക്ക് ചെയ്യാം. കസ്റ്റഡിയില്‍ ഉള്ള കുറ്റാരോപിതന്‍ നിരപരാധിയാണ് എന്ന് ഡോണയുടെ സംസാരത്തില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത് കൊണ്ട്, കേസ് ശാസ്ത്രീയമായി തെളിയിക്കുകയല്ലാതെ അയാളെ മൂന്നാംമുറ ഉപയോഗിച്ച് കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത് എന്ന നിര്‍ദ്ദേശം ഞാന്‍ ചാണ്ടിക്ക് നല്‍കാം. അയാളെ പോലീസുകാര്‍ ഉപദ്രവിക്കില്ല എന്ന ഉറപ്പ് ഞാന്‍ ഡോണയ്ക്ക് നല്‍കുന്നു..ബിക്കോസ് യു ആര്‍ ലൈക്ക് മൈ ഡോട്ടര്‍…” ഡോണ ചെറിയ ആശ്വാസത്തോടെ കൈകള്‍ കൂപ്പി. “താങ്ക്സ് എഗൈന്‍ സര്‍…” അവള്‍ പറഞ്ഞു. “ആള്‍ ദ ബെസ്റ്റ് ഡോണ” അയാള്‍ പറഞ്ഞതിന് മറുപടി നല്‍കാതെ, മുഖത്തൊരു പുഞ്ചിരി വരുത്തിയ ശേഷം അവള്‍ പുറത്തേക്ക് ഇറങ്ങി. ——————— ഡോണയ്ക്ക് വേണ്ടി അന്ന് ഇന്ദു അവധിയെടുത്തു. മാനസികമായി ആകെ തകര്‍ന്നു പോയിരുന്ന തന്റെ കൂട്ടുകാരിയെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ് ഇന്ദു അങ്ങനെ ചെയ്തത്. ഇരുവരും ഇന്ദുവിന്റെ വീട്ടില്‍ അവളുടെ സ്വകാര്യ മുറിയില്‍ ആയിരുന്നു.

“നീതി പുലര്‍ത്താന്‍ കഴിയാത്ത ഈ ജോലി രാജി വച്ചാലോ എന്നുവരെ എനിക്ക് തോന്നിപ്പോകുന്നു ഡോണ…” വാസുവിന് കോടതി ജാമ്യം നിഷേധിച്ചതറിഞ്ഞ ദുഃഖത്തില്‍ തല കുമ്പിട്ടിരിക്കുകയായിരുന്ന ഡോണയോട് ഇന്ദു നിരാശ കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. ഡോണ മെല്ലെ തലപൊക്കി അവളെ നോക്കി. “ഇന്ദു..ഏറ്റവും നല്ലൊരു വക്കീലിനെത്തന്നെയാണ് പപ്പാ ഏര്‍പ്പാടാക്കിയത്..പക്ഷെ ചാണ്ടി എഴുതിയ എഫ് ഐ ആറിലെ ചില കള്ളപ്പഴുതുകളെ മറികടക്കാന്‍ വേണ്ടത്ര സമയം അദ്ദേഹത്തിന് ലഭിക്കാതെ പോയി. ഇനി പതിന്നാലു ദിവസങ്ങള്‍ അവന്‍ പോലീസ് കസ്റ്റഡിയില്‍ തുടരും..ഒരു കുറ്റവും ചെയ്യാതെ…” എത്ര നിയന്ത്രിച്ചിട്ടും ഡോണയ്ക്ക് തന്റെ കണ്ണീര്‍ തടയാന്‍ കഴിഞ്ഞില്ല. അവളുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. “കരയാതെ ഡോണ..നിന്റെ വിഷമം എനിക്ക് നന്നായി മനസിലാകും..അടുത്ത തവണ ഉറപ്പായും അവന് ജാമ്യം കിട്ടുമല്ലോ..അപ്പോഴേക്കും പൌലോസ് ദ്വിവേദിയെ കണ്ടുപിടിച്ച് എത്തിക്കും എന്ന് നമുക്ക് കരുതാം. പക്ഷെ കബീര്‍ വധക്കേസ് മുംതാസ് കേസുമായി കൂട്ടിയിണക്കി നീ ഒരു ജന പങ്കാളിത്തം ഇതില്‍ ഇതിനിടെ ഉണ്ടാക്കണം. ചാനലുകാര്‍ സഹകരിക്കാത്തത് വലിയ ഒരു തിരിച്ചടി തന്നെയാണ്. പിന്നെന്താണ് ഡോണ മാര്‍ഗ്ഗം? നീ ഉണ്ടാക്കിയെടുത്ത തെളിവുകള്‍ ലോകം അറിയണം..അതും എത്രയും വേഗം..നമുക്ക് ഡി ജി പിയെ പോയി ഒന്ന് കണ്ടാലോ?” ഇന്ദു ചോദ്യഭാവത്തില്‍ അവളെ നോക്കി. “അതുകൊണ്ട് പ്രയോജനം ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല ഇന്ദു..” ഡോണ നിരാശയോടെ പറഞ്ഞു. ആരോ പടി കയറി വരുന്ന ശബ്ദം കേട്ടപ്പോള്‍ അവര്‍ സംസാരം നിര്‍ത്തി. “മാഡം ചായ..” ജോലിക്കാരി ഒരു താലത്തില്‍ രണ്ടു കപ്പുകളിലായി ആവി പറക്കുന്ന ചായ ഇരുവരുടെയും മുന്‍പില്‍ വച്ചുകൊണ്ട് പറഞ്ഞു. അവര്‍ പോയപ്പോള്‍ ഇന്ദു ഡോണയെ നോക്കി. “ഐ ജി നല്‍കിയതുപോലെ വല്ല മറുപടി മാത്രമേ അവിടെയും കിട്ടൂ. പ്രത്യേകിച്ച് കോടതി അവന് ജാമ്യം നിഷേധിക്കുക കൂടി ചെയ്തതോടെ നമ്മളെ ഡി ജി പി വിശ്വസിക്കാനും ഇടയില്ല. എങ്ങനെയും സത്യാവസ്ഥ ജനങ്ങളെ അറിയിക്കുകയാണ് നമ്മുടെ മുന്‍പിലുള്ള പോംവഴി..മറ്റു ഭാഷാ ചാനലുകാര്‍ കേരളത്തിലെ ഒരു നഗരത്തില്‍ നടന്ന കൊലയില്‍ താല്‍പ്പര്യം കാണിക്കില്ല. അഥവാ അവര്‍ കാണിച്ചാലും നമ്മുടെ നാട്ടുകാര്‍ ആ വാര്‍ത്ത കാണുകയുമില്ല..അതുകൊണ്ട് മറ്റു മാര്‍ഗ്ഗങ്ങളിലൂടെ വേണം നമുക്കിത് ജനങ്ങളിലേക്ക് എത്തിക്കാന്‍” ചായ കൈയില്‍ എടുത്തുകൊണ്ട് ഡോണ പറഞ്ഞു. “സോഷ്യല്‍ മീഡിയ…അതാണ്‌ ഇനി നമ്മുടെ മുന്‍പിലുള്ള ഏക മാര്‍ഗ്ഗം” ഇന്ദുവും ചായക്കപ്പ് കൈയില്‍ എടുത്തുകൊണ്ട് പറഞ്ഞു. “പക്ഷെ നമ്മള്‍ ഉദ്ദേശിക്കുന്ന പ്രതികരണം കിട്ടിയില്ല എങ്കില്‍?” ഡോണ സംശയത്തോടെ അവളെ നോക്കി. “കിട്ടും..നീ നിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി ഇടുന്ന പോസ്റ്റ്‌ നിമിഷങ്ങള്‍ കൊണ്ട് വൈറല്‍ ആകും..എത്രയും വേഗം കബീര്‍ വധക്കേസിന്റെ പിന്നാമ്പുറ കഥ അവതരിപ്പിച്ചുകൊണ്ട്,

അതിനു നിനക്ക് ലഭിച്ച നിര്‍ണ്ണായക മൊഴികള്‍ കോര്‍ത്തിണക്കി, അവസാനം ദ്വിവേദിയില്‍ എത്തി നില്‍ക്കുന്ന ഒരു പെര്‍ഫെക്റ്റ് വീഡിയോ നീ യൂ ട്യൂബിലും പിന്നെ എഫ് ബിയിലും വാട്ട്സ് അപ്പിലും പോസ്റ്റ്‌ ചെയ്യണം. ഞാന്‍ പരമാവധി ഷെയര്‍ ചെയ്യാം. നമുക്ക് പരിചയമുള്ള എല്ലാവരുടെയും സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കാം…ഇങ്ങനെ ഒരു വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു എന്ന് കാണുമ്പൊള്‍ ഇപ്പോള്‍ ഡെവിള്‍സിനെ ഭയന്ന് നീയുമായി സഹകരിക്കാന്‍ മടിക്കുന്ന എല്ലാ ചാനല്‍ ഊളന്മാരും ഇത് ഏറ്റെടുക്കുകയും ചെയ്യും..അതുകൊണ്ട് നീ വേഗം തന്നെ വീഡിയോ റെഡി ആക്കാനുള്ള വഴി നോക്ക്” ഇന്ദു പറഞ്ഞിട്ട് മെല്ലെ ചായ കുടിച്ചു. ഡോണ അവള്‍ പറഞ്ഞത് അംഗീകരിച്ച മട്ടില്‍ തലയാട്ടി. ചായ കുടിച്ചു തീര്‍ന്ന കപ്പു തിരികെ വച്ചിട്ട് അവള്‍ ഇന്ദുവിനെ നോക്കി. “അതെ ഇന്ദു…അത് തന്നെയാണ് ഞാനും ചിന്തിച്ചത്..ഇന്ന് രാത്രി തന്നെ വീഡിയോ അപ് ലോഡ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കാം. കുറെ എഡിറ്റിംഗ് ഒക്കെ ചെയ്യേണ്ടതുണ്ട്….നീ കൂടി എന്റെ ഒപ്പം വാ..എന്റെ മനസ് സ്വസ്ഥമല്ലാത്തത് കൊണ്ട് തനിച്ച് ചെയ്യാന്‍ പ്രയാസമാണ്…” “ഇന്നത്തെ എന്റെ ദിവസം മൊത്തം നിനക്ക് വേണ്ടിയാണു മോളെ..ഞാനും വരാം..വേഷം ഒന്ന് മാറിക്കോട്ടേ” ഇന്ദു ചിരിച്ചുകൊണ്ട് എഴുന്നേറ്റപ്പോള്‍ ഡോണയുടെ മൊബൈല്‍ ശബ്ദിച്ചു. അവള്‍ ഫോണെടുത്ത് നോക്കി; നമ്പര്‍ കാണിക്കാത്ത അനോണിമസ് കോള്‍ ആണ് അതെന്നു കണ്ടപ്പോള്‍ ഡോണ ഇന്ദുവിനെ നോക്കി. അവളും അതിലേക്ക് നോക്കിയിട്ട് ഡോണയോട് ഇങ്ങനെ പറഞ്ഞു: “സ്പീക്കറില്‍ ഇട്..ഇത് നമ്പര്‍ അറിയാതിരിക്കാന്‍ വേണ്ടി ഏതോ പ്രോക്സി ഉപയോഗിച്ച് ചെയ്യുന്ന കോള്‍ ആണ്…” ഇന്ദു തിരികെ കസേരയില്‍ ഇരുന്നപ്പോള്‍ ഡോണ ഫോണിന്റെ സ്പീക്കര്‍ ഓണ്‍ ചെയ്തിട്ട്, അത് മേശപ്പുറത്ത് വച്ചു. “ഹലോ..മിസ്സ്‌ ഡോണ പുന്നൂസ്” മറുഭാഗത്ത് നിന്നും തീര്‍ത്തും അപരിചിതമായ പുരുഷസ്വരം ഒഴുകി വന്നപ്പോള്‍ മറുപടി നല്‍കാന്‍ ഇന്ദു ഡോണയെ ആംഗ്യം കാട്ടി. “യെസ്..ഹു ഈസ് ദിസ്?” ഡോണ ചോദിച്ചു. “സ്റ്റാന്‍ലി..സ്റ്റാന്‍ലി ഡേവിഡ്…നീ എന്നെ അറിയും…” ഇന്ദുവും ഡോണയും ഞെട്ടലോടെ പരസ്പരം നോക്കി. ഇന്ദു തുടരാന്‍ ആംഗ്യം കാട്ടി. “ഹൌ കം? ഹു ആര്‍ യു?” ഡോണ ആളെ മനസിലായെങ്കിലും അറിയാത്ത മട്ടില്‍ ചോദിച്ചു. “നടനം വേണ്ട..നിന്നെ ഞാന്‍ വിളിച്ചത് ഒരു വിവരം നേരില്‍ പറയാനാണ്…ശ്രദ്ധിച്ചു കേട്ടോണം..കാരണം വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തല്‍ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതല്ല…നീ ഇന്നലെ ഐ ജിയെ കാണാന്‍ പോയതും അദ്ദേഹത്തെ ഒരു വീഡിയോ കാണിച്ചതും ഞങ്ങള്‍ അറിഞ്ഞു..നിന്റെ പൌലോസ് ചാണ്ടി സാറിനെ കാണിച്ച അതെ വീഡിയോ…അത് നീ മറക്കുന്നതാണ് നല്ലത്. അതുമായി നീ പുതിയ എന്തെങ്കിലും പദ്ധതി പ്ലാനിട്ടാല്‍, ഡോണമോളെ..

നീ വളരെ പശ്ചാത്തപിക്കും..നിന്റെ ബോഡി ഗാര്‍ഡ് വാസു ഇനി പുറം ലോകം കാണില്ല..ദ്വിവേദിയെ തേടിപ്പോയ പൌലോസിന്റെ ജഡം എങ്കിലും കിട്ടാന്‍ നീ പ്രാര്‍ഥിക്കുക.. ഇവര്‍ രണ്ടുമില്ലാത്ത നീ ചിറകുകള്‍ നഷ്ടപ്പെട്ട കിളിയാണ് എന്നുള്ളത് മറക്കരുത്..എന്റെ ഈ മുന്നറിയിപ്പ് അവഗണിച്ച് നീ എന്തെങ്കിലും സാഹസത്തിനു മുതിര്‍ന്നാല്‍, പിന്നെ അങ്ങനെയൊന്നു നീ ചെയ്യില്ല.. ചെയ്യാന്‍ നിനക്ക് സാധിക്കില്ല…..ടേക്ക് മൈ വേഡ് ഫോര്‍ ദാറ്റ്..ബൈ..” ഡോണയ്ക്ക് എന്തെങ്കിലും സംസാരിക്കാന്‍ അവസരം നല്‍കാതെ അവന്‍ ഫോണ്‍ വച്ചുകളഞ്ഞു. വലിഞ്ഞുമുറുകിയ മുഖഭാവത്തോടെ ഇന്ദുവും ഡോണയും പരസ്പരം നോക്കി. ഡോണ മെല്ലെ കസേരയില്‍ പിന്നിലേക്ക് ചാരി. “ഡോണ..അവര്‍ക്കറിയാം നീ എന്തെങ്കിലും ചെയ്യുമെന്ന്..എനിക്ക് ഭയം തോന്നുന്നുണ്ട്..നമ്മള്‍ പറഞ്ഞത് പോലെ വീഡിയോ പോസ്റ്റ്‌ ചെയ്താല്‍, അവര്‍ എന്താകും ചെയ്യാന്‍ പോകുന്നതെന്ന് പ്രവചിക്കാന്‍ സാധിക്കില്ല..” ഇന്ദു തന്റെ ഭയം മറയ്ക്കാതെ ഡോണയോട് പറഞ്ഞു. “അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇന്ദൂ ഞാന്‍ ഇത്ര നാളും അവര്‍ക്കെതിരെ പ്രവര്‍ത്തിച്ചത്. അവന്‍ പറഞ്ഞത് പോലെ ഞാനിന്ന് ചിറകുകള്‍ നഷ്ടപ്പെട്ട ഒരു കിളിയാണ്..ഇപ്പോള്‍ അവര്‍ക്കെന്നെ ഏതു വിധത്തിലും ദ്രോഹിക്കാന്‍ സാധിക്കും..അറിയാം..പക്ഷെ അതൊന്നും എന്നെ പിന്നിലേക്ക് വലിക്കുന്ന ഘടകം ആകാന്‍ പോകുന്നില്ല..നീ വാ..നമുക്ക് നമ്മുടെ ജോലി ചെയ്യാം..” നിശ്ചയദാര്‍ഢ്യത്തോടെ ഡോണ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഇന്ദു പുഞ്ചിരിച്ചു. “ദൈവം നിനക്ക് യാതൊരു ആപത്തും വരുത്താതെ സംരക്ഷിക്കട്ടെ..നീ ലോകത്തുള്ള സകല സ്ത്രീകള്‍ക്കും ഒരു മാതൃകയാണ് ഡോണ..നിന്റെ കൂട്ടുകാരി ആകാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു” അത് പറയുമ്പോള്‍ ഇന്ദുവിന്റെ കണ്ണുകളില്‍ നനവുണ്ടായിരുന്നു. “നീ വേഷം മാറിയിട്ട് വാ..പോ” ഡോണ അവളെ ഉന്തിത്തള്ളി ഉള്ളിലേക്ക് പറഞ്ഞു വിട്ടു. പിന്നെ അവള്‍ കാണാതെ തന്റെ കണ്ണുകള്‍ തുടച്ചു. —————————— ദ്വിവേദിയെ തേടിയുള്ള പൌലോസിന്റെ അന്വേഷണം ഏഴു ദിവസങ്ങള്‍ക്ക് ശേഷം എത്തി നിന്നത് വടക്കേ ഇന്ത്യയില്‍ ഉത്തര്‍ പ്രദേശിലെ ഫിറോസാബാദ് എന്ന നഗരത്തിലാണ്. ദ്വിവേദിക്ക് ഇന്ത്യയുടെ പലഭാഗത്തും ഉള്ള വീടുകളില്‍ ഒന്ന് ഫിറോസാബാദില്‍ ആണ് എന്നും ഈ സമയത്ത് അയാള്‍ അവിടെ ഉണ്ടാകും എന്നുമുള്ള വിവരവും ലഭിച്ചതുകൊണ്ടാണ് അയാള്‍ അവിടെ എത്തിയത്. വലിയ വികസനം ഒന്നും ചെന്നിട്ടില്ലാത്ത ഒരു ഇടത്തരം നഗരമായിരുന്നു ഫിറോസാബാദ്. അവിടെ സാമാന്യം കൊള്ളാം എന്ന് തോന്നിയ ഒരു ഹോട്ടലില്‍ പൌലോസ് മുറിയെടുത്ത് രാത്രി നന്നായി ഉറങ്ങിയ ശേഷം രാവിലെ കുളിച്ചു വേഷം മാറി പ്രഭാതഭക്ഷണം കഴിച്ച ശേഷം ഒരു ഓട്ടോയില്‍ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി.

“അയാം പൌലോസ് ജോര്‍ജ്ജ്..കേരളാ പോലീസ്” തന്റെ ഐഡി എടുത്ത് അവിടുത്തെ എസ് എച്ച് ഓയ്ക്ക് നല്‍കിക്കൊണ്ട് പൌലോസ് പറഞ്ഞു. “ഇരിക്കണം സര്‍” അയാള്‍ ഐഡി നോക്കിയ ശേഷം ഭവ്യതയോടെ പറഞ്ഞു. അവിടെ തന്റെ തത്തുല്യമോ അതിനും മീതെയോ റാങ്ക് ഉള്ള ഉദ്യോഗസ്ഥന്റെ ഭവ്യമായ പെരുമാറ്റം കണ്ടപ്പോള്‍ പൌലോസ് അത്ഭുതപ്പെട്ടു. വടക്കേ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന പൌലോസിനു ഹിന്ദി അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ വേഗം തിരക്കി അറിയാനും സാധിച്ചിരുന്നു. “താങ്ക് യു സര്‍” അയാള്‍ക്ക് എതിരെ ഇരുന്നിട്ട് പൌലോസ് പറഞ്ഞു. “പറയൂ സര്‍..എന്ത് സഹായമാണ് ഞാന്‍ താങ്കള്‍ക്ക് ചെയ്യേണ്ടത്” ഓഫീസര്‍ പുഞ്ചിരിയോടെ ചോദിച്ചു. “സാറിന്റെ പേര്?” “ഞാന്‍ മഹീന്ദര്‍ സിംഗ്..” “ഓക്കേ..മിസ്റ്റര്‍ മഹീന്ദര്‍..ഞാനിവിടെ എത്തിയത് ഒരു ക്രിമിനലിനെ തേടിയാണ്..നിങ്ങള്‍ അറിയാന്‍ ഇടയുണ്ട്..ഒരു ദ്വിവേദി..ഹരീന്ദര്‍ ദ്വിവേദി..” അയാളുടെ മുഖം വിടരുന്നത് പൌലോസ് ശ്രദ്ധിച്ചു. “ദ്വിവേദി..വടക്കേ ഇന്ത്യയിലെ മിക്ക പോലീസ് സേനയ്ക്കും അറിയാവുന്ന ക്രിമിനല്‍ ആണ് അയാള്‍..അയാള്‍ ഒരു വാടകകൊലയാളി ആണ് എന്നത് പരസ്യമായ രഹസ്യമാണ് എങ്കിലും, അയാള്‍ക്കെതിരെ യാതൊരു തെളിവും ഞങ്ങള്‍ക്കാര്‍ക്കും കിട്ടിയിട്ടില്ല.. കിട്ടിയാല്‍ അവനെ ആ നിമിഷം പൂട്ടാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. താങ്കള്‍ അവനെ തേടുന്നത് എന്തിനാണ്? എന്താണ് കേസ്?” അയാള്‍ താല്‍പര്യത്തോടെ ചോദിച്ചു. “മര്‍ഡര്‍ കേസ് തന്നെ..എന്റെ പക്കല്‍ അവനെതിരെ സ്പഷ്ടമായ തെളിവും ഉണ്ട്…ദാ, ഇത് താങ്കള്‍ക്ക് പരിശോധിക്കാം” പൌലോസ് പെന്‍ ഡ്രൈവ് എടുത്ത് അയാള്‍ക്ക് നല്‍കിക്കൊണ്ട് പറഞ്ഞു. അയാള്‍ ആകാംക്ഷയോടെ അത് നോക്കിക്കണ്ട ശേഷം ഉത്സാഹത്തോടെ പൌലോസിനെ നോക്കി. “യെസ്..ഇവന്‍ ഒരു തികഞ്ഞ അഭ്യാസി ആണ്. ആ നായയെ കൊന്ന രീതി മുന്‍പും അവന്‍ പലയിടത്തും ചെയ്തിട്ടുണ്ട്..ഈ വീഡിയോയില്‍ കാണുന്ന വീട്ടില്‍ ഇവന്‍ കയറിയ രാത്രി കൊല നടന്നോ?” “നടന്നു..” “ആരാണ് ഈ വീഡിയോ എടുത്തത്?” പൌലോസ് ലഘുവായി കാര്യങ്ങള്‍ വിശദീകരിച്ചു. “അയാള്‍ക്ക്..അതായത് താങ്കള്‍ ഡ്യൂട്ടിക്ക് ഇട്ട പോലീസുകാരന് ഇവന്‍ കയറിയപ്പോള്‍ത്തന്നെ വിവരം അറിയിച്ച് പിടികൂടാന്‍ കഴിയുമായിരുന്നില്ലേ?” സംശയത്തോടെ അയാള്‍ ചോദിച്ചു.

“എന്തിന്? അവന്‍ ഒരു വീടിന്റെ മതില്‍ ചാടിക്കടന്നു കയറിയാല്‍ അതൊരു ഒഫന്‍സ് ആണോ? അവനെക്കൊണ്ട് കൊല ചെയ്യിക്കാന്‍ എന്റെ മൌനസമ്മതം ഉണ്ടായിരുന്നു..ഒന്നാമത്തെ കാരണം, കൊല ചെയ്യപ്പെട്ടവന്‍ മരിക്കാന്‍ അര്‍ഹാനയിരുന്നു എന്നുള്ളതാണ്. രണ്ട്, കൊല നടത്തിയാല്‍ മാത്രമേ ദ്വിവേദിയിലൂടെ അവനെ ഇതിനായി നിയമിച്ചവരെ പിടികൂടി തുറുങ്കില്‍ അടയ്ക്കാന്‍ എനിക്ക് കഴിയൂ. അവരെ കുടുക്കാന്‍ വേണ്ടിയാണ് ദ്വിവേദിക്ക് ഞാന്‍ അവസരം നല്‍കിയത്. കൊല ചെയ്യപ്പെട്ടവന്റെ സുഹൃത്തുക്കള്‍ തന്നെയാണ് അത് ചെയ്യിച്ചത്..ഇവനെ കൈയില്‍ കിട്ടിയാല്‍, അവനെക്കൊണ്ട് ഇത് ചെയ്യിച്ചത് ആരാണ് എന്ന് പറയിപ്പിക്കാന്‍ എനിക്കറിയാം” പൌലോസ് പറഞ്ഞത് കേട്ട് സിംഗ് തലയാട്ടിക്കൊണ്ട് പിന്നിലേക്ക് ചാരി. ഒരു പോലീസുകാരന്‍ മണ്ണ് കൊണ്ടുണ്ടാക്കിയ രണ്ടു കോപ്പകളില്‍ ചായ കൊണ്ട് വച്ചു. ഒപ്പം ഗോതമ്പ് കൊണ്ട് വറുത്ത് ഉണ്ടാക്കിയ ഏതോ വടക്കേ ഇന്ത്യന്‍ പലഹാരവും. “കഴിക്കണം സര്‍” സിംഗ് ചായ എടുത്ത് പൌലോസിനു നല്‍കിക്കൊണ്ട് പറഞ്ഞു. പൌലോസ് പലഹാരം എടുത്ത് കഴിച്ചുകൊണ്ട് മെല്ലെ ചായ കുടിച്ചു. ചായ കുടിച്ച ശേഷം സിംഗ് കസേരയില്‍ ഒന്നിളകി ഇരുന്നു. “മിസ്റ്റര്‍ പൌലോസ്..ദ്വിവേദി ഒരു സാധാരണക്കാരന്‍ അല്ല. കേരളത്തിലെ പോലെ ഇവിടെ പോലീസിനെ ആളുകള്‍ക്ക് പേടി ഒന്നുമില്ല. ഞങ്ങള്‍ പലരെയും ഭയന്നാണ് ജോലി ചെയ്യുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത ആളുകളാണ് ഇവിടെ കൂടുതലും ഉള്ളത്. അതുകൊണ്ട് വളരെ സൂക്ഷിച്ചു വേണം നമ്മള്‍ നീങ്ങേണ്ടത്. ഇവിടെ ബാദ്ഷാ മാര്‍ക്കറ്റ് എന്നൊരു സ്ഥലം ഉണ്ട്. അതിനടുത്താണ് അവന്റെ വീട്. നാട്ടിലെ ഒരു പ്രമാണി ആണ് ഈ പറഞ്ഞ ദ്വിവേദി. അവന്റെ ശരിയായ മുഖം അറിയാത്ത അവിടെയുള്ള ജനം അവന്റെ പിന്നാലെയാണ്..രാഷ്ട്രീയത്തിലും അവന് നല്ല സ്വാധീനമുണ്ട്. അതുകൊണ്ട് അവിടെ ചെന്ന് അവനെ പൊക്കാന്‍ പ്രയാസമാണ്..ജനം ഇളകും. തന്നെയുമല്ല, നമ്മളെപ്പോലെ പത്തോ പന്ത്രണ്ടോ പേരെ അവന്‍ നിസ്സാരമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവന്‍ ആണ്..അതും ഒരു പ്രശ്നമാണ്” അത് കേട്ടപ്പോള്‍ പൌലോസ് ഗുഡമായി പുഞ്ചിരിച്ചു. “പിന്നെ, അവനെ പൊക്കാനുള്ള ഒരു മാര്‍ഗ്ഗമുള്ളത് അവന്‍ തന്നെ മനസ് വച്ചാലേ പറ്റൂ..” “മനസിലായില്ല” പൌലോസ് ചോദ്യഭാവത്തില്‍ അയാളെ നോക്കി. “അവനൊരു സ്ത്രീയുമായി ബന്ധമുണ്ട്. ഇത് മാത്രമല്ല പലയിടത്തും ഇതേപോലെ അവന് സെറ്റപ്പ് ഉണ്ട്. കല്യാണം കഴിച്ച കുട്ടികള്‍ ഇല്ലാത്ത ഒരു സ്ത്രീയാണ് കക്ഷി. അവളുടെ ഭര്‍ത്താവ് യൂസ് ലെസ്സ് ആണ്..അവള്‍ അവന്റെ വരുതിയില്‍ നില്‍ക്കുന്നവള്‍ അല്ല..അവളെ നിയന്ത്രിക്കാന്‍ അവന് കഴിവുമില്ല..അതിസുന്ദരിയായ അവളെ ദ്വിവേദി ഇവിടെയുള്ള സമയത്ത് മിക്ക രാത്രികളിലും ചെന്ന് കാണാറുണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. ഒരിക്കല്‍ അവനെ ഇക്കാര്യത്തില്‍ ചോദ്യം ചെയ്ത ഭര്‍ത്താവിനെ ദ്വിവേദി ഒന്ന്‍ തലോടി..അയാള്‍ രണ്ടാഴ്ച കഴുത്ത് തിരിക്കാന്‍ സാധിക്കാതെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയിരുന്നു…അയാള്‍ക്ക് അവനോട് പകയുണ്ട്..അവന്‍ അവിടെ ചെല്ലുമ്പോള്‍ ആ വിവരം അയാള്‍ നമ്മളെ അറിയിച്ചാല്‍, നമുക്കവനെ പിടികൂടാന്‍ പറ്റും. പക്ഷെ എന്റെ ഭയം അതല്ല..

ഇവിടുത്തെ ഫോഴ്സില്‍ ദ്വിവേദിയെ മല്‍പ്പിടുത്തം നടത്തി കീഴ്പ്പെടുത്താന്‍ പറ്റിയ ഒരുത്തനും ഇല്ല എന്നുള്ളതാണ്..അവനെ പിടി കൂടിയാല്‍, അത് എനിക്ക് വലിയ ഒരു ക്രെഡിറ്റ് ആയിരിക്കും..കേസ് കേരളാ പോലീസിന്റെ ആണെങ്കിലും ഞാനാണ്‌ അവനെ പിടികൂടാന്‍ സഹായിച്ചത് എന്ന് നാളെ ലോകം അറിയുമ്പോള്‍ എനിക്കൊരു പ്രൊമോഷനും സമ്മാനത്തുകയും ഉറപ്പാണ്‌. അവന്‍ എന്റെ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആയതുകൊണ്ട് അവനെ പിടികൂടാന്‍ എനിക്ക് അധികാരവും ഉണ്ട്..പക്ഷെ, നമ്മളിതില്‍ വിജയിക്കുമോ എന്ന് മാത്രമേ എനിക്ക് ശങ്ക ഉള്ളൂ” അയാള്‍ സന്തോഷവും അതെ സമയം ആശങ്കയും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. “എനിക്ക് സാറ് അവനെ കാണിച്ചു തന്നാല്‍ മാത്രം മതി..പിടികൂടുന്ന കാര്യം ഞാന്‍ ഏറ്റു. പിന്നെ അവനെ നാട്ടില്‍ എത്തിക്കാന്‍ വേണ്ട സഹായവും സാറില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നു” പൌലോസ് പറഞ്ഞു. “മിസ്റ്റര്‍ പൌലോസ്, താങ്കള്‍ കരുതുന്നത്ര നിസ്സാരമല്ല ഇത്..ദ്വിവേദിയെ വേണ്ടവണ്ണം താങ്കള്‍ക്ക് അറിയില്ല” “എന്നെ അവനും അറിയില്ല..സാറ് അത് വിട്ടേക്ക്..അവനെ എപ്പോള്‍..എങ്ങനെ കാണാന്‍ പറ്റും എന്ന് നോക്ക്” “ഓകെ..ഞാന്‍ അവനെ വിളിപ്പിക്കാം..ആ സ്ത്രീയുടെ ഭര്‍ത്താവിനെ..ദ്വിവേദി അവിടെ ചെന്നാല്‍ എന്നെ വിവരം അറിയിക്കാന്‍ ഞാന്‍ പറയാം..സാറിനെ വിളിക്കാനുള്ള നമ്പര്‍ തന്നാല്‍ ഞാന്‍ അതിലേക്ക് അപ്പോള്‍ത്തന്നെ വിളിച്ചു വിവരവും പറയാം..സാറ് എവിടെയാണ് താമസം?” പൌലോസ് ഹോട്ടലിന്റെ പേര് പറഞ്ഞു. “ഗുഡ്..പോകുന്ന വഴിക്ക് തന്നെയാണ് ഹോട്ടല്‍. സംഗതി നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെ നടന്നാല്‍ ഞാന്‍ തന്നെ സാറിനെ അവിടെ നിന്നു പിക്ക് ചെയ്തോളാം..” “താങ്ക് യൂ വെരി മച്ച് മിസ്റ്റര്‍ സിംഗ്..താങ്കളുടെ ഈ സഹകരണത്തിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും” പൌലോസ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “നോ സര്‍..ഞാന്‍ അങ്ങയോട് ആണ് കടപ്പെടാന്‍ പോകുന്നത്. ഏതെങ്കിലും കേസില്‍ ദ്വിവേദിയെ കുരുക്കാന്‍ എല്ലാ വടക്കേ ഇന്ത്യന്‍ പോലീസ് സേനയും ശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലം ആയി. എനിക്കതില്‍ വിജയിക്കാനായാല്‍, അതൊരു വലിയ നേട്ടം തന്നെ ആയിരിക്കും..” “ബി കോണ്‍ഫിഡന്റ്..നമ്മള്‍ വിജയിച്ചിരിക്കും” “ഷുവര്‍ സര്‍” അയാള്‍ക്ക് ഹസ്തദാനം നല്‍കിയ ശേഷം പൌലോസ് ഹോട്ടലിന്റെ നമ്പര്‍ നല്‍കിയ ശേഷം പുറത്തിറങ്ങി. ഡോണയെ വിളിച്ച് ഇക്കാര്യങ്ങള്‍ സംസാരിക്കണം എന്നയാള്‍ക്ക് തോന്നിയതുകൊണ്ട് അടുത്തുകണ്ട ബൂത്തിലേക്ക് കയറി അവള്‍ക്ക് ഫോണ്‍ ചെയ്തു. “ഹലോ ഡോണ..ഹൌ ആര്‍ യു” മറുഭാഗത്ത് ഡോണയുടെ സ്വരം കേട്ടപ്പോള്‍ പൌലോസ് ഉത്സാഹത്തോടെ ചോദിച്ചു. “ഇച്ചായന്‍ എന്താ ഇതിന്റെ ഇടയില്‍ ഒന്ന് വിളിക്കാഞ്ഞത്..ഞാന്‍ മൊബൈലില്‍ ട്രൈ ചെയ്തിട്ട് കിട്ടിയതെ ഇല്ലല്ലോ..” ഡോണയുടെ പരിഭവം നിറഞ്ഞ വാക്കുകള്‍ അവന്റെ കാതിലെത്തി. “മൊബൈല്‍ ഞാന്‍ മനപ്പൂര്‍വ്വം ഉപയോഗിച്ചില്ല. എന്റെ ഈ യാത്ര ആരും ട്രേസ് ചെയ്യാന്‍ പാടില്ല എന്നെനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു..വാസുവിന് ബെയില്‍ കിട്ടിയോ?”

“ഇച്ചായാ ഒരുപാടു പറയാനുണ്ട്..സംസാരിക്കാന്‍ സമയമുണ്ടോ ഇപ്പോള്‍?” “ഉണ്ട്..നീ പറഞ്ഞോ” “വാസുവിന് ജാമ്യം കിട്ടിയില്ല ഇച്ചായാ” ദുഖത്തോടെ അങ്ങനെ പറഞ്ഞ ശേഷം ഡോണ തുടര്‍ന്നു: “ഞാന്‍ ഐ ജിയെ ചെന്ന് കണ്ടെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. അദ്ദേഹം പറഞ്ഞത് ചാനലിലൂടെ ശ്രമിക്കാനാണ്‌. പക്ഷെ എന്റെ എം ഡിയെ അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അങ്ങനെ എന്റെ ചാനലും മറ്റു സകല ചാനലുകാരും നമ്മുടെ ഫീച്ചര്‍ നല്‍കുന്നതിനു സഹകരിക്കാഞ്ഞത് കൊണ്ട് ഞാനും ഇന്ദുവും കൂടി ഒരു വീഡിയോ ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ ഇട്ടു..അത് വൈറല്‍ ആയിരിക്കുകയാണ്..ഇപ്പോള്‍ ചര്‍ച്ച ചാനലുകാരും ഏറ്റെടുത്ത് കഴിഞ്ഞു..പക്ഷെ എനിക്ക് പേടിയാണ് ഇച്ചായാ..ഞാന്‍ ഇത് ഇടുന്നതിനു മുന്‍പ് സ്റ്റാന്‍ലി എന്നെ നേരിട്ട് വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.. ഇച്ചായനും വാസുവും ഒപ്പമില്ലാതെ.. എനിക്ക് നല്ല ഭയമുണ്ട്..ഇപ്പോള്‍ ചര്‍ച്ച അവക്കെതിരെ ആയിക്കഴിഞ്ഞു.. ദ്വിവേദിയാണ് കൊലയ്ക്ക് പിന്നിലെന്ന് ഇപ്പോള്‍ ജനങ്ങള്‍ വിശ്വസിച്ച മട്ടാണ്..അയാളെ കിട്ടിയോ ഇച്ചായാ” ഡോണ ഒറ്റ ശ്വാസത്തിലാണ് അത്രയും പറഞ്ഞത്. “ഇതുവരെ അയാള്‍ എവിടെയാണ് എന്നറിയാന്‍ കഴിയാഞ്ഞത് കൊണ്ടാണ് ഞാന്‍ നിന്നെ വിളിക്കാഞ്ഞത്. ഇന്ന് ഞാന്‍ ശരിയായ സ്ഥലത്ത് തന്നെ എത്തി. യു പിയിലെ ഫിറോസാബാദ് എന്ന സ്ഥലത്താണ് ഞാന്‍. ഇവിടുത്തെ സ്റ്റേഷന്‍ ഓഫീസറെ കണ്ടു സംസാരിച്ച ശേഷമാണ് നിന്നെ വിളിക്കുന്നത്…പോലീസിന്റെ ഭാഗത്ത് നിന്നും എനിക്ക് പൂര്‍ണ്ണ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുകയാണ്..പറ്റിയാല്‍ ഇന്നോ നാളെയോ അവനെ എന്റെ കൈയില്‍ കിട്ടും..” “ഇച്ചായാ അയാള്‍ മഹാ അപകടകാരി ആണെന്നാണ് ഐ ജിയും എന്നോട് പറഞ്ഞത്. ഇച്ചായന്‍ ഇതില്‍ നിന്നും പിന്മാറുന്നതാണ് നല്ലത് എന്നും അദ്ദേഹം ഉപദേശിച്ചു..ജീവന്‍ അപകടപ്പെടുത്തി ഒന്നും ചെയ്യല്ലേ ഇച്ചായാ..” “നിരപരാധിയായ വാസുവിനെ പുറത്തിറക്കാന്‍ ഞാന്‍ ജീവന്‍ പണയപ്പെടുത്തും ഡോണ.. നീയും എത്ര വലിയ റിസ്ക്‌ ആണ് എടുത്തിരിക്കുന്നത്..നീ വളരെ സൂക്ഷിക്കണം. ഡെവിള്‍സ് നിനക്കെതിരെ ഏതു നിമിഷവും തിരിയാം..നീ മാത്രമല്ല..നിന്റെ പേരന്റ്സും സൂക്ഷിക്കാന്‍ പറയണം. വാസുവിന്റെ ജാമ്യാപേക്ഷ എന്നാണ് ഇനി കോടതി പരിഗണിക്കുന്നത്?” “അടുത്താഴ്ച” “അതിനു മുന്‍പേ എനിക്ക് ദ്വിവേദിയെ അവിടെ എത്തിച്ച് അവനെ കുറ്റവിമുക്തന്‍ ആക്കണം..” “സൂക്ഷിക്കണേ ഇച്ചായാ..അയാള്‍ സാധാരണക്കാരനല്ല..” “ഡോണ്ട് വറി..അവന്‍ പിടിയിലായാല്‍ ഞാന്‍ നിന്നെ വിളിക്കാം..ബട്ട് യു ബി വെരി കെയര്‍ഫുള്‍” “ഷുവര്‍ ഇച്ചായാ..വിളിക്കണേ മറക്കാതെ” “ഉം” ഫോണ്‍ വച്ചിട്ട് പണം നല്‍കിയ ശേഷം പൌലോസ് റോഡിലേക്ക് ഇറങ്ങി.

Comments:

No comments!

Please sign up or log in to post a comment!