മഞ്ഞിൽ വിരുന്നെത്തിയ സിമോണ
സമർപ്പണം:
കഥകളുടെ കിരീടം വെച്ച രാജാവ് മന്ദൻരാജയ്ക്ക്.
കഥകളിൽ ഭാഷയുടെ രാജസൗന്ദര്യം നിറയ്ക്കുന്ന ഋഷിക്ക്
വേഗത്തിൽ, മനോഹരമായി, കഥ ചമയ്ക്കുന്ന ആൽബിയ്ക്ക്.
പുറത്ത്, വിദൂരത്ത്, മഞ്ഞിൽ പുതഞ്ഞ മലനിരകൾക്കും ഐസ് ബലൂണുകൾ തൂങ്ങിയാടുന്ന കോണിഫെറസ് മരങ്ങൾക്കുമിടയിലൂടെ കറുത്ത ടൊയോട്ട കൊറോള ഒരു റഷ്യൻ ബാലഡോണയെ അനുസ്മരിപ്പിക്കുന്ന ചനലഭംഗിയോടെ ക്വാർട്ടേഴ്‌സിനെ സമീപിച്ചപ്പോൾ ക്യാപ്റ്റൻ ഡെന്നിസ് മിൽട്ടൺ ലാപ് ടോപ് ഷട്ട് ഡൗൺ ചെയ്തു .
മേജർ വിനായക് മേനോൻ ആണ് ആ കാറിൽ. അദ്ദേഹം അകത്തേക്ക് വരുമ്പോൾ ലാപ്പ് ടോപ്പ് തുറന്നിരിക്കുന്നത് കണ്ടാൽ! അതിൽ ഓപ്പൺ ചെയ്തിരിക്കുന്ന വിൻഡോ കണ്ടാൽ!
കോർട്ട് മാർഷൽ ഒന്നുമുണ്ടാവില്ല.
പക്ഷെ ജീവിതകാലം മുഴുവനും തനിക്ക് തലയുയർത്തി നടക്കാൻ പറ്റാതെ വരും .
കാരണം കമ്പികുട്ടൻ സൈറ്റിൽ കഥകളെഴുതുന്ന മാണിക്യം എന്നൊരു ഐഡൻറ്റിറ്റി കൂടി തനിക്കുണ്ട് എന്ന് അദ്ദേഹം കണ്ടുപിടിച്ചു കളയും. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?
സൈറ്റിലേക്കയക്കേണ്ട കഥയുടെ പാതി തീർത്തുവെക്കുമ്പോഴാണ് കാർ വരുന്നത് കാണുന്നത്.
അപ്പോഴേക്കും ടൊയോട്ടാ കൊറോള പുറത്ത് വന്നു നിന്നു. ക്യാപ്റ്റൻ ഡെന്നിസ് പുറത്തേക്ക് ചെന്നു. ക്വാർട്ടേഴ്‌സിന്റെ മുമ്പിലെ വലിയ ഉദ്യാനത്തിന് മുമ്പിൽ നിർത്തിയ വാഹനത്തിൽ നിന്നുമിറങ്ങിയ ആളെക്കണ്ടപ്പോൾ പക്ഷെ ഡെന്നിസ് ആദ്യം ഒന്ന് ഞെട്ടി. അത് പിന്നെ അദ്‌ഭുതമായി. അവസാനം അങ്കലാപ്പും.
ആരാണീ സുന്ദരി?
അല്ലെങ്കിൽ ആരാണീ വിശ്വസുന്ദരി?
വെളുത്ത ചുരിദാറിൽ, മഞ്ഞിന്റെ സ്പർശം മറയ്ക്കാൻ ക്രീം നിറത്തിലുള്ള ജാക്കറ്റ് ധരിച്ച്.
ഒരു പൂവനത്തിന്റെ മുഴുവൻ സുഗന്ധവും ഒരു താഴ്വരയിലെ മുഴുവൻ പുഷ്പ്പ നിറങ്ങളും കൊണ്ടാണ് അവൾ വന്നിരിക്കുന്നതെന്ന് അയാൾക്ക് തോന്നി.
അപ്പോൾ ഉദ്യാനത്തിൽ പനിനീർപ്പൂക്കളുടെ മേൽ ഇളംകാറ്റിന്റെ പ്രണയം നിറഞ്ഞ തലോടൽ അയാൾ കണ്ടു. കുളിരും സുഗന്ധവും നിറച്ച് നിലാവിറങ്ങിവരുന്നത് പോലെ തോന്നി അയാൾക്ക്. വസന്തമുലയുന്ന രാവിൽ ഗന്ധർവ്വന്റെ ഹൃദയത്തിൽ നിറഞ്ഞു കുതിരുന്ന സംഗീതത്തിന് ഇവളുടെ നിറമാണോ?….
“ഹലോ, സാർ…”
ഗിറ്റാറിന്റെ ഇമ്പമുള്ള സ്വരത്തിൽ അവൾ അയാളെ വിളിച്ചു.
“ഹായ്…”
അയാൾ പ്രത്യഭിവാദ്യം ചെയ്തു.
“ഞാൻ സംഗീത…സംഗീത വിനായക്…”
അവൾ പറഞ്ഞു.
വിനായക്!
ഡെന്നിസ് നെറ്റി ചുളിച്ചു.
മേജർ വിനായകിന് ഒരു മകളുണ്ടെന്നും സുന്ദരിയാണെന്നും റെജിമെൻറ്റിൽ സംസാരമുണ്ട്.
ലണ്ടനിലെ വെബ്ടെക്കിൽ എക്സിക്യൂട്ടീവ് ആണെന്നും.
“നൈസ് റ്റു മീറ്റ് യൂ…”
ഡെന്നിസ് പറഞ്ഞു.
പിന്നെ അയാൾ ചോദ്യരൂപത്തിൽ അവളെ നോക്കി.
“ഞാൻ വന്നത്…സാർ നന്നായി പിയാനോ വായിക്കും എന്ന് ഡാഡി പറഞ്ഞു….ഞാനിപ്പോൾ വെക്കേഷനിലാണ്…ഒരു പ്രോജക്റ്റ് ഉണ്ട്….അതിന്റെ ബാക്ഗ്രൗണ്ട് സ്‌കോർ… അതൊന്നു ചെയ്ത് തരാമോ? ഈഫ് യൂ ആർ ഫ്രീ…”
ഡെന്നിസ് ചിരിച്ചു.
“കമ്പോസിംഗോ?’
അയാൾ ചോദിച്ചു.
“അയ്യോ മാഡം ..ജസ്റ്റ് കുറച്ച് ട്യൂൺസൊക്കെ അത്യാവശ്യം തെറ്റില്ലാതെ വായിക്കുമെന്നതല്ലാതെ….”
“അത്യാവശ്യം തെറ്റില്ലാതെയൊന്നുമല്ല…”
അവളും ചിരിച്ചു.
” സാറിനെക്കുറിച്ച് നന്നായി റിസേർച്ച് ചെയ്താണ് ഞാൻ വന്നിരിക്കുന്നത്….ആൾ സ്പീക്ക് വെരി ഹൈലി എബൗട്ട് യൂ….സോ…”
അവൾ പറഞ്ഞു.
മഞ്ഞുരുകുന്നു പർവ്വതമുടികൾക്കപ്പുറത്ത് നിന്ന് സൂര്യവെളിച്ചത്തിന്റെ വർണ്ണരാജി ആകാശത്ത് പടരുമ്പോൾ അവളുടെ വാക്കുകളിൽ പുതയുന്ന സംഗീതത്തിലേക്ക് അയാൾ കാതുകൾ നൽകി.
“ഓക്കേ…മാഡം .. എപ്പ ഴാണ് എ ആർ റഹ്‌മാന്റെ ആൾക്കാർ എന്നെ തല്ലിക്കൊല്ലാൻ വരുന്നതെന്ന് അറിയില്ല… അദ്ദേഹത്തിന്റെ മാർക്കറ്റ് പൊളിക്കാൻ വന്നിരിക്കുന്ന ആളാണല്ലോ ഞാൻ മാഡത്തിന്റെ നോട്ടത്തിൽ…എന്നാലും നോക്കാം….പ്രോജക്റ്റ് വീഡിയോയാണോ?”
“അതെ…”
അവളും ചിരിച്ചു.
“പിന്നെ മാഡം എന്ന് വേണ്ട…സംഗീത…അത് മതി…”
ദൂരെ കോണിഫെറസ് മരങ്ങൾക്കപ്പുറം പത്മാനദിയിൽ നീലസായാഹ്നവും മഞ്ഞിൽ പൊതിഞ്ഞ പർവ്വതങ്ങളും പ്രണയം പോലെ നിഴൽ വീഴ്ത്തുന്നത് ഒരു നിമിഷം ഡെന്നിസ് നോക്കി നിന്നു.
ഇവൾ മറ്റാരെയെങ്കിലും ഓർമ്മപ്പെടുത്തുന്നോ? ഋഷികയെ? അതോ….!
അപ്പോൾ അയാൾ സിമോണയെ ഓർത്തു.
സിമോണ!
അവൾ സംഗീതയെപ്പോലെ സുന്ദരിയായിരിക്കുമോ?
“ഫോട്ടോ എന്തിനാണ്?”
മെസഞ്ചറിൽ കഴിഞ്ഞയാഴ്ചയാണ് അവൾ ചോദിച്ചത്.
“ഫോട്ടോ സാധാരണ എന്തിനാണ്?”
താൻ തിരിച്ചു ചോദിച്ചു.
അവൾ മെസേജ് ടൈപ്പ് ചെയ്യുന്നതിന്റെ അടയാളങ്ങൾ നേർത്ത നക്ഷത്ര ബിന്ദുക്കളെപ്പോലെ ചാറ്റ് ബോക്സിൽ കാണാൻ തുടങ്ങിയെങ്കിലും അക്ഷമനായത് കൊണ്ട് താൻ വീണ്ടും മെസേജയച്ചു.
“സിമോണയെക്കാണാൻ…”
“എന്തിനാണ് എന്നെ കാണുന്നത്?”
എന്താണ് ടൈപ്പ് ചെയ്യേണ്ടതെന്ന് താൻ അന്ന് ശങ്കിച്ചു.
മാസങ്ങളായി മിക്കവാറും എല്ലാ ദിവസങ്ങളിലും നിർത്താതെ എഴുത്തിനെപ്പറ്റിയും കഥകളെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും രാഷ്ട്രീയം പോലും വാചാലമായി അവളോട് ചാറ്റുചെയ്തുകൊണ്ടിരുന്ന താൻ അപ്പോൾ ആദ്യമായി വാക്കുകൾക്ക് വേണ്ടി പരതി.
“ഫോട്ടോ കണ്ടാൽ മാണിക്യം എന്നെ ആ നിമിഷം ബ്ലോക്ക് ചെയ്യും,”
അവളുടെ റിപ്ലൈ വന്നു.
“ബ്ലോക്ക് ചെയ്യുമെന്നോ! വൈ?”
“ഒരു കാർട്ടൂൺ കാരക്റ്റർ ഉണ്ട്…ഡാകിനി എന്നാണു പേര്! “
“കേട്ടിട്ടുണ്ട് ….വായിച്ചിട്ടുണ്ട് …അതിപ്പോൾ പറയാൻ കാര്യം?”
” ഇത്രനാൾ ചാറ്റ് ചെയ്തുകൊണ്ടിരുന്നയാൾ ഡാകിനിയെപ്പോലെ വയസ്സി , ഡാകിനിയെപ്പോലെ വിരൂപ, ഡാകിനിയെപ്പോലെ ഒരു ഹൊറർ സ്‌ട്രൈക്കിങ് ഫിഗറാണ് എന്നറിയും ഫോട്ടോ കണ്ടാൽ. അപ്പോൾ ബ്ലോക്ക് ചെയ്യില്ലേ?”
“ഒരിക്കലുമില്ല,’
താൻ റിപ്ലൈ ചെയ്തു.
“എനിക്ക് ജീവിതത്തിൽ പ്രതീക്ഷകൾ തന്നത് സിമോണയാണ്. ആത്മഹത്യ ചെയ്യേണ്ട എന്ന് ഞാൻ തീരുമാനിച്ചത് നമ്മൾ ഫേസ്ബുക്കിൽ ഫ്രണ്ട്സായിക്കഴിഞ്ഞതിന് ശേഷമാണ്. അത്രയ്ക്കും ആത്മവിശ്വാസം, അത്രയ്ക്കും ജീവിതത്തോടുള്ള ആസക്തി വീണ്ടുമെന്നിൽ നിറച്ചത് നീയാണ്…അതുകൊണ്ട് നിന്റെ സ്കിൻ ബ്യൂട്ടിയല്ല എനിക്ക് വേണ്ടത്….”
“എനിക്ക് വേണ്ടതെന്നോ?”
തനിക്ക് ഒരു ഷോക്ക് നൽകിക്കൊണ്ട് അവളുടെ മെസേജ് വന്നു.
“എന്താ മാണിക്യം ഉദ്ദേശിക്കുന്നെ?”
എങ്ങനെ റിപ്ലൈ ചെയ്യണമെന്ന് തനിക്ക് നിശ്ചയമുണ്ടായില്ല.
“മാണിക്യം..’
ചാറ്റ് ബോക്സിൽ അവളുടെ വാക്കുകൾ വീണ്ടും പ്രത്യക്ഷമായി.
“അത് അറിയാതെ…”
താൻ പരുങ്ങി.
“എന്താ ഇനി എന്നോടെങ്ങാനും പ്രേമം?”
തുടർന്ന് രണ്ടു സ്മൈലികൾ.
തനറെ വിരലുകൾ കീബോഡിലെ ബട്ടണുകളെ തൊടാൻ മടിച്ചു.
“പറയൂ…”
“എന്ത്?”
“ഞാൻ ചോദിച്ചതിനുത്തരം…”
“അത്….”
“ഹ്മ്മ് ..പോരട്ടെ ..പോരട്ടെ…”
“അതെ..പ്രേമം ആണ്…”
ധൈര്യം സംഭരിച്ച് അങ്ങനെ ടൈപ്പ് ചെയ്തു.
രണ്ടു നിമിഷനേരത്തേക്ക് അപ്പുറത്ത് നിന്ന് ഒരു തരത്തിലുമുള്ള പ്രതികരണവുമുണ്ടായില്ല.
“സിമോണ…”
ചാറ്റ് ബോക്സിൽ വീണ്ടും നക്ഷത്രബിന്ദുക്കൾ തെളിഞ്ഞു.
“മാണിക്യം…നിങ്ങളുടെ എഴുത്ത് വെറും സെക്സ് സ്റ്റോറികളായി ഞാൻ കണ്ടിട്ടില്ല…അതിൽ ജീവിതമുണ്ട്…ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്ന വികാരങ്ങളുണ്ട്…അങ്ങനെ എഴുത്തിൽ ഭാവങ്ങൾ കൊണ്ടുവരുന്നയാൾ തീർച്ചയായും നല്ല പക്വതയുള്ള, വിചാരശീലമുള്ളയാൾ ആയിരിക്കണം…പക്ഷെ…”
“പക്ഷെ…?”
“നിങ്ങൾ എന്നെയറിയുന്നത് എന്റെ കഥകളിലൂടെ മാത്രമല്ലേ? അതും അറയ്ക്കുന്ന ലൈംഗിക വർണ്ണനകളും അസഭ്യവാക്കുകളും ഒക്കെ….
“ഈഫ് ദാറ്റ് ഈസ് സ്റ്റുപ്പിഡിറ്റി…ഐ വുഡ് സേ…ഐം എ പ്രൗഡ് സ്റ്റുപ്പിഡ്..ഹഹഹ…”
“പക്ഷെ ലൈഫിൽ ഒരു തവണ പോലും കാണാത്ത, ഓൺലൈനിൽ പരിചയപ്പെട്ട ഒരാളോട് പ്രണയം തോന്നുന്നു എന്നൊക്കെ നിങ്ങൾ പറയുമ്പോൾ ..ഇറ്റ് ഈസ് സോ അൺസ്ക്രൂട്ടബിൾ ഫോർ മീ റ്റു ബിലീവ്…”
“ബിക്കോസ് യൂ ഗേവ് മീ എ ലൈഫ് വിച്ച് ഈസ് അൺസ്ക്രൂട്ടബിൾ ഫോർ മീ റ്റു ബിലീവ്…”
അവസാനം ചാറ്റിൽ നിർത്തിയത് അങ്ങനെയാണ്. ഇന്നലെ.
ഇപ്പോൾ സംഗീതയെക്കാണുമ്പോൾ താൻ സിമോണയെ ഓർക്കുന്നത് എന്തുകൊണ്ടാണ്?
സംഗീതയെ അയാൾ അകത്തേക്ക് വിളിച്ചു. അയാളുടെ ക്വർട്ടേഴ്‌സിന്റെ അകവും പുറവും പരിസരങ്ങളും വീക്ഷിച്ച് അവൾ തൃപ്തിയറിയിച്ചു.
“ഒരു ബാച്ചിലേഴ്‌സ് കബി ഹോൾ പോലെ തോന്നുന്നില്ല…എല്ലാം നീറ്റ് ..ക്ളീൻ…ആൻഡ് വെൽ മെയിൻറ്റയിൻഡ്…”
“ഞാനൊരു പട്ടാളക്കാരനല്ലേ…ഇതൊക്കെ റുട്ടീൻ ശീലങ്ങളാണ്…”
പിയാനോ വെച്ചിരിക്കുന്നയിടത്ത് ചുമരിൽ ഒരു വലിയ ചില്ലിട്ട ചിത്രം. പുഞ്ചിരിക്കുന്ന അതീവഭംഗിയുള്ള ഒരു യുവതി.
“സാർ ഇത്…?”
“ഋഷിക ..ഋഷിക സിസോദിയ…മരിച്ചു പോയി…”
അവൾ അയാളെ സഹതാപത്തോടെ നോക്കി. അയാൾ പക്ഷെ അതിൽ ശ്രദ്ധകൊടുക്കാതെ അവളോട് ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് പിയാനോയുടെ മുമ്പിൽ ഇരുന്നു .
“എവിടെ വീഡിയോ?”
ലാപ്പ് ടോപ്പ് ഓൺ ചെയ്തു കഴിഞ്ഞ് അയാൾ ചോദിച്ചു.
“അവൾ കയ്യിലിരുന്ന മൊബൈൽ പ്രസ്സ് ചെയ്തു. ഗ്യാലറിയിൽ നിന്ന് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ അയാളെ കാണിച്ചു. അയാൾ യു എസ് ബി കണക്റ്ററിലൂടെ അത് ലാപ്പ് ടോപ്പിലേക്ക് കോപ്പി ചെയ്‌തു.
അവളുടെ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തെക്കുറിച്ചുള്ള ഒരു വീഡിയോ ആണത്. നല്ല ഭംഗിയായി എഡിറ്റ് ചെയ്തിരിക്കുന്നു. പ്രൊഫഷണൽസ് ചെയ്യുന്നത് പോലെയുള്ള മിഴിവുള്ള, പ്രകാശവും നിഴലും ഇടകലർന്നുള്ള വിഷ്വൽസ്.
“നൈസ്…”
അയാൾ പറഞ്ഞു.
“ഫന്റാസ്റ്റിക് ക്യാമറ വർക്ക്!”
“താങ്ക്യൂ സാർ…”
“സാർ വേണ്ട…ഡെന്നിസ്…യൂ ക്യാൻ കാൾ മീ ഡെന്നിസ്…”
“ഇത് നോക്കൂ…ഫസ്റ്റ് റ്റു മിനിറ്റ്സിലെ വിഷ്വൽസിന് ആംഗ്‌സൈറ്റി കൂട്ടുന്ന റിഥത്തിൽ …അതായത് അസെൻഡിങ് ആയ പിച്ചിൽ ഒരു ഫ്ലൂട്ട് വിത് ഓർഗൻ…ദാ .
ഡെന്നിസ് പിയാനോയിൽ സൃഷ്ടിച്ച ചില ഈണങ്ങൾ സംഗീതയെ വല്ലാതെ ആകർഷിച്ചു. അയാൾ കമ്പോസ് ചെയ്തതത്രയും അവൾ റിക്കോഡ് ചെയ്തു.
“ഇത്രയും ഐറ്റങ്ങൾ വെച്ചിട്ടാണ് വലുതായിട്ടൊന്നും അറിയില്ല എന്ന് പറഞ്ഞത് അല്ലെ?”
അവൾ ചിരിച്ചു.
“ലണ്ടൻ മൊസാർട്ട് പോലെയുള്ള ഓപ്പറ ഹൗസുകൾ കെട്ടുകഴിഞ്ഞാൽ എത്ര ലക്ഷമാണ് വേണ്ടതെന്ന് ചോദിക്കും,”
“റിയലി?”
ഡെന്നിസ് തമാശ മട്ടിൽ തിരിച്ചുചോദിച്ചു.
“എങ്കിൽ ആ ലക്ഷം എന്റെ അകൗണ്ടിലേക്ക് ഡിപ്പോസിറ്റ് ചെയ്തേക്കൂ…”
അയാൾ സംഗീതം ചിട്ടപ്പെടുത്തുമ്പോഴൊക്കെ അവളുടെ കണ്ണുകൾ ഭിത്തിയിലെ ഋഷികയുടെ ചിത്രത്തിലായിരുന്നു.
“ഒരു ദിവസം സാർ,ഋഷികയുടെ കഥ എഴുതുമോ…അല്ല…പറയുമോ?”
അവൾ ഫോട്ടോയിൽ നിന്ന് കണ്ണുകൾ മാറ്റാതെ ചോദിച്ചു.
ഈണങ്ങളൊക്കെ അവളുടെ മൊബൈലിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നെകിലും സംഗീതയുടെ ചോദ്യം ഡെന്നിസിനെ അമ്പരപ്പിച്ചു.
ഋഷികയുടെ കഥ എഴുതുമോ എന്നോ?
എന്താണ് ഇവൾ ഉദ്ദേശിക്കുന്നത്?
“ജസ്റ്റ് ഒരു ക്യൂരിയോസിറ്റി…അതുകൊണ്ടാണ്..എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ വേണ്ട കേട്ടോ…”
“എന്ത് പ്രോബ്ലം…? സംഗീത വിനായക് ….ഡോട്ടർ ഓഫ് മേജർ വിനായക് …മൈ കമാൻഡിങ് ഓഫീസർ…ഞാൻ പറയാം ഋഷികയുടെ കഥ…”
പക്ഷെ അപ്പോഴേക്കും മേജർ വിനായകിന്റെ കോൾ വരികയും സംഗീതയ്ക്ക് പോകേണ്ടിവരികയും ചെയ്തു.
സംഗീത പോകുമ്പോൾ ഏകദേശം മൂന്ന് മണി കഴിഞ്ഞിരുന്നു.
പിറ്റേ ദിവസം വൈകുന്നേരം മഞ്ഞും മേഘവും കലർന്നു നിൽക്കുന്ന വിദൂരതയിൽ കൊടുമുടിയുടെ നരച്ച ശിരസ്സുകളിലേക്ക് നോക്കി ഒരു പോപ്ലാർ മരത്തിന്റെ ചുവട്ടിൽ നിൽക്കുകയായിരുന്നു, ഡെന്നിസ്.
“ഹായ് ഡെന്നിസ്!”
ഗിറ്റാറിന്റെ ഇമ്പമുള്ള ആ സ്വരം ആരുടേതാണ് എന്ന് മനസ്സിലാക്കാൻ തിരിഞ്ഞു നോക്കേണ്ടിവന്നില്ല.
സംഗീത.
അയാൾ തിരിഞ്ഞു നിന്ന് കൈ വീശിക്കാണിച്ചു.
സ്വർഗ്ഗത്തിൽ നിന്ന് അടർന്നു വീണ സൗന്ദര്യത്തിന്റെ ഒരു ചീന്തുപോലെ അവൾ തന്നെ സമീപിക്കുന്നത് അയാൾ നോക്കി നിന്നു.
കറുത്ത ജീൻസും ചുവന്ന ഷർട്ടും അതിനു മേൽ ജാക്കറ്റുമിട്ടിരിക്കുന്നു. നടക്കുമ്പോൾ പതിയെ ഉലയുന്നുണ്ട് അവളുടെ അനുപമഭംഗിയുള്ള നിറഞ്ഞ മാറിടം. ഒരു നിമിഷം അങ്ങോട്ട് നോക്കാതിരിക്കാൻ അയാൾക്കായില്ല. അടുത്ത നിമിഷം പക്ഷെ കുറ്റബോധത്തോടെ അയാൾ കണ്ണുകൾ മാറ്റി.
“സി ഇ ഓയുടെ മെയിൽ വന്നു,”
തിടുക്കത്തിൽ അയാളുടെയടുത്തേക്ക് നടന്നു വരുന്നതിനിടയിൽ അവൾ പറഞ്ഞു.
“ദേ ആർ സോ ഇമ്പ്രെസ്സ്ഡ് വിത്ത് യുവർ കമ്പോസിഷൻ…കൺഗ്രാചുലേഷൻ അറിയിക്കണം എന്ന് എന്നോട് പറഞ്ഞിരിക്കുന്നു,”
അത് പറഞ്ഞ് അവൾ അവൾ അയാളുടെ കൈ പിടിച്ചമർത്തി.
അവളുടെ വിരലുകളുടെ മൃദുത്വവും തുടിപ്പും തന്നിലേക്ക് ഇരച്ചുകയറുന്നത് പോലെ അയാൾക്ക് തോന്നി.
“ഇവിടെ എപ്പോഴും ഒക്കെ ഡെന്നിസ് വരാറുണ്ടോ?”
അവൾ ചോദിച്ചു.
ലോകത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രതീതിയാണ് അപ്പോളെന്നു അവൾക്ക് തോന്നി. സായന്തന വെളിച്ചം പ്രതിഫലിപ്പിക്കുന്ന ഹിമശിഖരങ്ങൾ പരിസരങ്ങളളെ അഭൗമമാക്കുന്നു. അൽപ്പം കഴിയുമ്പോൾ മഞ്ഞിന്റെ വെള്ള നിറത്തിനു മേലെ അസ്തമയത്തിന്റെ ചുവപ്പ് ചക്രവാളങ്ങൾ കീഴടക്കും.
എവിടെ നിന്നാണ് ഒരു വയലിൻ സംഗീതം കേൾക്കുന്നത്?
അവൾ ചുറ്റുപാടും നോക്കി.
“അത് വേദ് അങ്കിളാണ്…”
അവളുടെ നോട്ടം ശ്രദ്ധിച്ച് അയാൾ പറഞ്ഞു.
“ലാൻസ് നായിക്ക് വേദ് പ്രകാശ് സിസോദിയ…”
“സിസോദിയ?”
സംഗീത മാറിയ ഭാവത്തോടെ ചോദിച്ചു.
“യൂ മീൻ ഋഷികയുടെ അച്ഛൻ?”
അയാൾ അതെ എന്ന അർത്ഥത്തിൽ തലകുലുക്കി.
“അങ്കിളിനു രണ്ടേ ഇഷ്ടങ്ങളെ ഉണ്ടായിരുന്നുള്ളൂ, ഋഷികയുടെ ‘അമ്മ മരിച്ചതിൽ പിന്നെ…”
അവളുടെ കണ്ണുകളിലേക്ക് നോക്കി ഡെന്നിസ് പറഞ്ഞു.
“ഋഷിക. പിന്നെ വയലിൻ മ്യൂസിക്ക്….ഇപ്പോൾ …വയലിൻ മാത്രം…”
കുന്നിൻ ചെരിവിൽ റെജിമെൻറ് മെസ് ഹാളിന്റെ നീണ്ട കെട്ടിടത്തിന്റെ അതിർത്തിക്കപ്പുറത്തെ വിശാലമായ പുൽമലയുടെ പരിസരത്ത് ഒരു തടാകമുണ്ട്. നവംബറിൽ ആകാശവും ഭൂമിയും മഞ്ഞിന്റെ തണുപ്പിൽ പുതഞ്ഞടിയാൻ തുടങ്ങുന്നതിനു മുമ്പ് അവിടം സഞ്ചാരികൾക്കായി തുറന്നുകൊടുക്കാറുണ്ട്. അവിടെയാണ് കുമയൂൺ കുന്നുകളിലെവിടെയോ താമസിക്കുന്ന വേദ് പ്രകാശ് സിസോദിയ ഒറ്റയ്ക്ക് കഴിയുന്ന കോട്ടേജുള്ളത്. ആ കോട്ടേജിന്റെ പേര് ഋഷികാ നികേത് എന്നാണ്. ഋഷികയുടെ വീട്.
ഋഷികയെ നഷ്ട്ടപ്പെട്ട അച്ഛനാണ് വേദ് പ്രകാശ്.
ഋഷികയെ നഷ്ട്ടപ്പെട്ട കാമുകനാണ് താൻ.
“പരസ്പ്പരം കാണുമ്പോൾ നിങ്ങൾ എന്തൊക്കെ സംസാരിക്കും?”
സംഗീത ചോദിച്ചു.
“ഒന്നും സംസാരിക്കില്ല സംഗീത…”
ഡെന്നിസ് പറഞ്ഞു.
“വേദ് അങ്കിൾ എന്റെ മുഖത്തേക്ക് നോക്കിയിരിക്കും. ഞാൻ അങ്കിളിന്റെ മുഖത്തേക്കും …അങ്ങനെ നോക്കിയിരിക്കുമെന്നതല്ലാതെ …മറ്റൊന്നും സംസാരിക്കില്ല ഞങ്ങൾ…നോക്കിയിരിക്കുമ്പോൾ രണ്ട്പേരുടെയും കണ്ണുകൾ നിറയും…അപ്പോൾ ഞാൻ ഇറങ്ങിപ്പോരും…”
ആകാശം നരച്ചു വിളറിക്കിടക്കുന്നു. മഞ്ഞിൻ പടലങ്ങളുടെ സുതാര്യമായ ചിറകുകൾ ദൂരെയുള്ള കോണിഫെറസ് മരങ്ങൾക്കിടയിൽ പറന്നുവീഴുന്നു. ചിലയിടങ്ങളിൽ മാത്രം ആപ്പിൾ തോട്ടങ്ങളും ക്രിസാന്തമം ചെടികളുമൊഴിച്ചാൽ മഞ്ഞിന്റെ വെള്ള നിറത്തിൽ നഗ്നയാണ്, ഭൂമി.
“ഈ വർഷം തണുപ്പ് അധികമാണ്…”
ആപ്പിൾ മരങ്ങളുടെ മേൽ മഞ്ഞു പെയ്യുന്നത് നോക്കി ഡെന്നിസ് പറഞ്ഞു.
“ഞാൻ കാരണമാണ് ഡെന്നിസ് ഇങ്ങനെ ഈ മഞ്ഞത്ത് നടക്കുന്നത്…”
കുറ്റബോധത്തോടെ സംഗീത പറഞ്ഞു.
“അല്ലായിരുന്നെകിൽ ലിവിങ് റൂമിൽ …തീ കാഞ്ഞ് ….നല്ല റം ഒക്കെ കഴിച്ച്..നല്ല ഒരു ടിപ്പിക്കൽ പട്ടാളക്കാരനെപ്പോലെ…”
“ആ അർത്ഥത്തിൽ ഞാനൊരു നല്ല പട്ടാളക്കാരനല്ല സംഗീത…”
“ഏത് അർത്ഥത്തിൽ…?”
“റമ്മിന്റെ കാര്യത്തിൽ…”
സംഗീത അവിശ്വസനീയതോടെ അയാളെ നോക്കി.
“എന്ത്? കള്ളുകുടിക്കാത്ത പട്ടാളക്കാരനോ?”
ഡെന്നിസ് തലകുലുക്കി.
“മാക്സിമം ഷാമ്പയിൻ വരെയേ എത്തിയുള്ളൂ…അതും മടിയാണ്. കള്ളുകുടിക്കാത്ത നല്ല മനുഷ്യൻ എന്ന് സർട്ടിഫിക്കറ്റ് കിട്ടാൻ അല്ല കേട്ടോ…പപ്പാ കുടിച്ച് കുടിച്ചാണ് മരിച്ചത്…അമ്മയെ എന്നും തല്ലും …കണ്ണിൽ മുളകുപൊടി വാരിത്തേക്കും…ചിരവകൊണ്ട് മുഖത്ത് വരയും..അവസാനം കുടിച്ച് ബോധമിലാതെ വഴിയിൽ കിടന്ന് മരിച്ചു….അതുകൊണ്ട് മദ്യത്തിന്റെ മണമടിക്കുമ്പോൾ …ഐ കോണ്ട് ഹെല്പ് തിങ്കിങ് മൈ പൂവർ മദർ…”
നവംബർ മാസത്തെ ആ സായാഹ്നം ചുറ്റും വെളുപ്പ് നിറത്തിൽ ഉത്സവമാടുമ്പോൾ ഡെന്നിസ് സംഗീതയെ നോക്കി നനവോടെ പുഞ്ചിരിച്ചു. ശരത്കാലം മുഴുവൻ ജാലകങ്ങളും കതകുകളും തുറന്നിട്ട് അവർക്ക് ചുറ്റും കുളിരുള്ള സംഗീതം നിറച്ചു.
“സംഗീത കുടിച്ചിട്ടുണ്ടോ?”
ഡെന്നിസ് ചിരിച്ചുകൊണ്ട് ചോദിച്ചു.
അവളുടെ മുഖത്ത് നാണം തിരയടിച്ചു.
ദൈവമേ!
അയാളുടെ ഉള്ളുലഞ്ഞു.
ഈ സുന്ദരിയുടെ മനസ്സും ശരീരവും സ്വന്തമാക്കുന്നവൻ എന്ത് ഭാഗ്യമുള്ളവനായിരിക്കണം! കേട്ട ഏറ്റവും മധുരമുള്ള സംഗീതവും കണ്ണിനെ ഏറ്റവും തീവ്രമായ കുളിർമ്മ നൽകിയ ചിത്രവും ഈ പെണ്ണിന്റെ മുമ്പിൽ നിസ്സാരമാവുന്നു!
“യാ..ഉണ്ട്…എന്ന് വെച്ച് അങ്ങനെ ഹാബിച്വൽ ഡ്രിങ്കർ ഒന്നുമല്ല…ക്ലബ്ബിൽ, പാർട്ടിയിൽ…ഗെറ്റ് ടുഗെദറിൽ….”
ആകാശത്ത് അങ്ങിങ്ങായി വീണുകിടക്കുന്ന, വസന്തത്തെ സ്വപ്നം കണ്ടുകിടക്കുന്ന മേഘക്കീറുകളെ നോക്കി അവൾ പുഞ്ചിരിച്ചു.
“എങ്ങനെയാണ് ഋഷിക മരിച്ചത് ഡെന്നിസ്?”
ഇളംചൂടേൽക്കാൻ കൊതിക്കുന്ന ചൈത്രമാസത്തിലെ പർവ്വത ശിഖരങ്ങളിലേക്ക് കണ്ണുകളോടിച്ച ഡെന്നിസ് ഒരു നിമിഷം പതറി.
“ആ മരം കണ്ടോ?”
ക്രിസാന്തിമങ്ങൾ വളർന്നു നിറഞ്ഞ പടർപ്പുകൾക്കരികിൽ പന്തലിച്ചു നിന്ന ഒരു പോപ്ലാർ മരത്തിനു നേരെ അയാൾ വിരൽ ചൂണ്ടി.
“വേദ് പ്രകാശ് അങ്കിളിനെ കാണാതെ പാത്തും പതുങ്ങിയും ഒളിച്ചും ഞങ്ങൾ അവിടെ എന്നും തന്നെ കൂടുമായിരുന്നു……ഒരു ദിവസം അവളുടെ കോളേജിലെ രസകരമായ ഒരു വിശേഷം പറഞ്ഞു ചിരിക്കുന്നതിനിടയിൽ പിമ്പോട്ടു നോക്കുമ്പോൾ അങ്കിൾ നിൽക്കുന്നു…ഋഷിക ഭയന്നുപോയി. എന്നെ വഴക്ക് പറയുമെന്ന് ഓർത്താണ്…അവൾ പെട്ടെന്ന് കോട്ടേജിലേക്ക് ഓടിപ്പോയി…”
ഡെന്നിസ് ഒന്ന് നിർത്തി അകലെ ഒഴുകിപ്പരക്കുന്ന മഞ്ഞിൻ പടങ്ങളെ നോക്കി.
“പിറ്റേ ദിവസം പതിവ് പോലെ ഞാനവൾക്ക് വേണ്ടി കാത്തിരുന്നു….പക്ഷെ…”
സംഗീത അയാളെ ഉറ്റുനോക്കി.
“എന്ത് പറ്റി ഡെന്നിസ്…എന്താ ഉണ്ടായേ?’
“സംഗീതയുടെ പപ്പായുടെ ഓർഡർലി ബാബുലാൽ അപ്പോൾ അങ്ങോട്ട് ഓടി വന്നു പറഞ്ഞു…സാബ് …വേദ് സാബ് കി ലഡ്കി കോ സാപ് നെ കാട്ട് ലിയാ… പാമ്പ് കടിച്ചെന്ന്! തളർന്നു പോയി…സർവ്വശക്തിയുമെടുത്ത് കോട്ടേജിലേക്ക് ഓടി. അപ്പോഴുണ്ട് ചെറിയ ആൾക്കൂട്ടം…നീലിച്ച് വിറങ്ങലിച്ച് കിടക്കുകയാണ് ഋഷിക….അലമുറയിട്ട് കരയുകയായിരുന്ന വേദ് അങ്കിൾ എന്നെ കണ്ടപ്പോൾ നിയന്ത്രണം വിട്ടു… എന്നിട്ടു എന്നെ ചേർത്ത് പിടിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു… ഞാനവളെ ഇന്നലെ വഴക്ക് പറഞ്ഞു സാബ് … ഞാൻ വഴക്ക് പറഞ്ഞില്ലായിരുന്നെകിൽ നിങ്ങളെ കാണാൻ അവൾ പോപ്ലാർ മരത്തിന്റെയടുത്തേക്ക് വരുമായിരുന്നു…അങ്ങനെ നിങ്ങളുടെ അടുത്തേക്ക് വന്നിരുന്നെകിൽ എന്റെ കുഞ്ഞിന് ഈ ഗതി വരില്ലായിരുന്നു….”
ദൂരെ പർവ്വത ചെരിവുകളിൽ മഞ്ഞിന്റെ നൃത്തം മുറുകുകയാണ്. ശിഖരങ്ങൾക്കപ്പുറത്ത് നിന്ന് ദേശാടനപ്പക്ഷികളുടെ സംക്രമം തുടങ്ങി. കാലത്തിന്റെ പ്രദക്ഷിണവഴികളത്രയും നിശ്ചയമുള്ള സഞ്ചാരികളെ നോക്കി അയാൾ നെടുവീർപ്പിടുന്നത് സംഗീത അലിവോടെ കേട്ടു.
“പിന്നെ ലൈഫ് വല്ലാതെ എംപ്റ്റിയായി തോന്നി…”
ഡെന്നിസ് പറഞ്ഞു.
“പട്ടാളക്കാരനായത് കൊണ്ട് മാത്രം അനിഷ്ട്ടത്തോടെയെങ്കിലും ചിട്ടകൾ തെറ്റാതെ ജീവിച്ചു….തനിയെ നടക്കാൻ പോകുമ്പോൾ മലയുടെ വിളുമ്പിൽ നിൽക്കുമ്പോൾ ഓർക്കാറുണ്ട്…ചാടിയാലോ…? താഴെ കൂർത്ത് മൂർത്ത് കിടക്കുന്ന, ആത്മാക്കളെ തേടി ദാഹിച്ചു കിടക്കുന്ന പാറക്കെട്ടുകൾക്ക് മേൽ …ചാടി …എത്രയും പെട്ടെന്ന് ഋഷിക മാത്രമുള്ളയിടത്തേക്ക് പോകാൻ കഴിഞ്ഞാലോ എന്നൊക്കെ ഓർത്ത്….”
“നോ!”
സംഗീത അറിയാതെയെന്നോണം അയാളുടെ തോളിൽ അമർത്തി. അയാൾ മുഖം തിരിച്ച് അവളെ നോക്കി. അവളുടെ കണ്ണുകളിൽ അപാരമായ സൗഹൃദവും അലിവും അയാൾ കണ്ടു.
“അങ്ങനെയാണ് ഡെന്നിസ് ലൈഫ്…ഏറ്റവും ഇഷ്ടപ്പെടുന്നവരെ എപ്പോഴും ദൈവം അകറ്റുന്നു…”
അയാൾ ഒന്നും പറഞ്ഞില്ല.
“ഇപ്പോൾ എത്ര വർഷമായി…?”
“മൂന്ന്…”
അയാൾ പറഞ്ഞു.
“പിന്നീട്…ആരെയും ..ആരോടും ടെന്നിസിന് ഇഷ്ടം തോന്നിയിട്ടില്ലേ?”
അവൾ പുഞ്ചിരിയോടെ ചോദിച്ചു.
അയാൾ പെട്ടെന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി.
“ഇല്ല ഋഷിക…പക്ഷെ….”
“എന്താ…? എന്താ പക്ഷെ എന്ന് പറഞ്ഞത്?”
“അതിപ്പോ …അത് ഋഷികയ്ക്ക് വിചിത്രമായി തോന്നാം…”
“വിചിത്രമായ കാര്യങ്ങൾ അങ്ങനെയേ തോന്നാൻ പാടുള്ളൂ…എന്തായാലും പറയൂ…”
“ഒരു ഓൺലൈൻ ഫ്രണ്ടിനോട് എനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ട്…ഏകദേശം ഒരുമാസമായി…”
“ഓൺലൈൻ ഫ്രണ്ട്! ഡെന്നിസ് വെറുതെ തമാശ പറയല്ലേ…!”
ഡെന്നിസിന്റെ മുഖത്തേക്ക് ജാള്യത ഇരച്ചെത്തി.
“എങ്ങനെയാ അത്? ഫേസ്ബുക്കിൽ? അറിയില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തിട്ട്? മൈ ഗോഡ്! ഈസ് ദാറ്റ് വാട്ട് യൂ ആർ ഗോയിങ് റ്റു സേ?”
ഡെന്നിസ് തലകുലുക്കി. അവൾ അതിശയം വിട്ടുമാറാതെ അയാളെ നോക്കി.
“ഐ കാന്റ്റ് ബിലീവ് ..പ്ലീസ് ഡോണ്ട് ഗേറ്റ് ഒഫെൻഡഡ്..ബട്ട് സാറിനെപ്പോലെ ബ്രില്യൻറ്റ് ആയ ഒരു മിലിട്ടറി ഓഫീസർ….”
“അങ്ങനെയല്ല സംഗീത ..ഇത് ജെനുവിൻ ആണ്…”
“ഫേസ്ബുക്കിലും ഒക്കെ ഒരുപാട് ഫ്രോഡ് ഉണ്ട്..ഫോട്ടോസ് ഒക്കെ ഫെക് ആയിരിക്കും…”
“ആക്ച്വലി…”
അവളെ തുടരാൻ അനുവദിക്കാതെ ഡെന്നിസ് പറഞ്ഞു.
“ഞാൻ അവളുടെ ഫോട്ടോ കണ്ടിട്ടില്ല…ഞങ്ങൾ ചാറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ …ടെക്സ്റ്റ്…”
അവൾ ആദ്യം കാണുന്നത് പോലെ അയാളെ മിഴിച്ചു നോക്കി.
“ആർ യൂ ക്രേസി? ആർ യൂ ക്രേസി ഡെന്നിസ്…?ഇത്രയും ഡിസിപ്ലിൻഡ് ആയ ഒരു മിലിട്ടറി ഓഫീസർക്ക് ഇങ്ങനെയൊക്കെ പേഴ്‌സണൽ ലൈഫിൽ അബദ്ധം പറ്റുമോ?…എന്നിട്ട്..കേൾക്കട്ടെ ..പറഞ്ഞെ പറഞ്ഞെ…”
അയാൾ ജാള്യതയോടെ അവളെ ഒന്ന് നോക്കി.
പക്ഷെ അടുത്ത നിമിഷം അയാളിൽ ദൃഢഭാവം തിരിച്ചു വന്നു.
“എനിക്കറിയാം..ഐ നോ ..ഇറ്റ് മേ സീം ക്രേസി ഫോർ പീപ്പിൾ ലൈക് യൂ….ബട്ട് …ബട്ട് ..ഋഷിക പോയിക്കഴിഞ്ഞ് ഏകദേശം കംപ്ലീറ്റ്‌ലി ബ്രോക്കൻ ആയ എന്നെ ഇപ്പോൾ ഒരു നോർമൽ മനുഷ്യനാക്കിയത് അവളുമായുള്ള ചാറ്റ് ആണ്…അവൾ തന്ന കൗൺസലിംഗ്…അവളുടെ വാക്കുകൾ …ചാറ്റ് ബോക്സിലെ അക്ഷരങ്ങൾക്ക് അത്രമേൽ ശക്തിയുണ്ടെങ്കിൽ …എങ്കിൽ അവൾ നേരിട്ട് സംസാരിക്കുമ്പോൾ ….കാണുമ്പോൾ ….യൂ നോ ..എന്തുമാത്രം….കാണാതെ ഞാൻ അവളെ അറിഞ്ഞു….ആ അറിവ് ഇപ്പോൾ ഒരു ഒബ്സഷനായി വളർന്നു നിറയുന്നു എന്നിൽ….”
അവർ നോക്കി നിൽക്കെ ദേശാടനപ്പക്ഷികൾ അവർ നിൽക്കുന്നിടത്തെ ആകാശത്തിലേക്ക് പറന്നു വന്നു. മഞ്ഞിനപ്പുറം മേഘങ്ങളുടെയടുത്തേക്ക് അവ നീങ്ങി.
“ഡെന്നിസ്…”
അവൾ അവനെ വിളിച്ചു.
“ഷീ മസ്റ്റ് ബി ഓൾഡ്…അഗ്ലി …എ മദർ ..സംബഡീസ് വൈഫ് …ദെൻ…?”
“ദെൻ….ആദ്യത്തെ രണ്ടുകാര്യങ്ങൾ ഞാൻ കാര്യമാക്കുന്നില്ല…സംഗീത പറഞ്ഞ അവസാനത്തെ രണ്ടുകാര്യങ്ങൾ ശരിയായാൽ…ദെൻ ഐ വിൽ ലെറ്റ് ഇറ്റ് ഗോ…”
അത് പറഞ്ഞപ്പോൾ അയാളുടെ സ്വരത്തിൽ ഒരു നേരിയ ഒരു ഇടർച്ച അവൾ ശ്രദ്ധിച്ചു.
“എവിടെയാണ് ആളെ പരിചയപ്പെട്ടത്? ഫേസ് ബുക്കിൽ? അയാൾ റിക്വസ്റ്റ് അയച്ചോ? അതോ ഡെന്നിസ് അയച്ചോ? എന്താണ് പേര്?”
“ആക്ച്വലി, സംഗീത… ആദ്യം ഫേസ്ബുക്ക് വഴിയല്ല…”
“പിന്നെ…?”
“അത്…”
അയാളുടെ മുഖത്ത് ജാള്യത നിറഞ്ഞു.
“അതൊരു സ്റ്റോറി സൈറ്റ് ആണ്….നമ്മൾ കഥകൾ പോസ്റ്റ് ചെയ്യും…ആളുകൾ ലൈക്സ് കമന്റ്റ്സ് ഒക്കെ ചെയ്യും..അങ്ങനെയുള്ള ഒരു സ്റ്റോറി സൈറ്റ്…”
അവൾ ഒരു നിമിഷം ആലോചിച്ചു.
“ഓഹോ…അപ്പോൾ ഡെന്നിസ് ഓൺലൈൻ കഥകൾ വായിക്കാറുണ്ട്….”
അവൾ പെട്ടെന്ന് അദ്‌ഭുതത്തോടെ അയാളെ നോക്കി.
“ഇനി ..ഇനി …ഡെന്നിസ് ഒരു എഴുത്തുകാരൻ ആണോ? സീക്രട്ട് സൂപ്പർ സ്റ്റാർ സിനിമ പോലെ… ഏതാ ആ സ്റ്റോറി സൈറ്റ് ..ഞാനും വായിക്കാം ഡെന്നിസ് എഴുതുന്ന കഥകൾ…”
ആ ചോദ്യത്തിന് മുമ്പിൽ ഡെന്നിസ് ഒരു നിമിഷം പകച്ചു. ദൈവമേ, ഇവൾ സ്റ്റോറി സൈറ്റിന്റെ പേര് ചോദിക്കുന്നു!
“ങ്ഹാ അതുപോകട്ടെ, എന്ന് മുതലാ ഓൺലൈനിൽ കഥകൾ എഴുതാനൊക്കെ തുടങ്ങിയത്?”
“ഋഷിക പോയിക്കഴിഞ്ഞ് വല്ലാത്ത ഒരു ശൂന്യത ഫീൽ ചെയ്‌തു എനിക്ക്…ഒന്നിലും ഒരുത്സാഹമുണ്ടായില്ല…അങ്ങനെയാണ് ഈ ഓൺലൈൻ സ്റ്റോറി സൈറ്റ് കാണുന്നത്.. ഡ്യൂട്ടിയിലുള്ള സമയം അധികം പ്രോബ്ലം ഇല്ല. ബിസിയായിരിക്കുമ്പോൾ അൽപ്പം ആശ്വാസമുണ്ടാവും…പക്ഷെ നൈറ്റ് …! നൈറ്റിലും എന്തെങ്കിലും കാര്യംകൊണ്ട് ഇൻവോൾവ്ഡ് ആകാനാണ് സൈറ്റിൽ അങ്ങനെ ആദ്യം സ്റ്റോറി അയക്കുന്നെ…അത് നാലഞ്ചു ലക്ഷം വ്യൂസ് ഒക്കെയായി അവരുടെ ഭാഷയിൽ പറഞ്ഞാൽ സൂപ്പർ ഹിറ്റായി…ഒരുപാട് ലൈക്സ് കമന്റ്സ് ഒക്കെ….അങ്ങനെയാണ് സിമോണ എന്ന പേരിൽ ഒരു പുതിയ റൈറ്ററുടെ കഥ കാണുന്നത്…”
“സിമോണ?”
സംഗീത നെറ്റി ചുളിച്ചു.
“പേര് കേട്ടിട്ട് ഒരു ഫീമെയിൽ റൈറ്റർ ആണ് എന്ന് തോന്നുന്നു…”
“ഞാനും അങ്ങനെ ഒരു പേര് മുമ്പ് കേട്ടിട്ടില്ല…എന്തായാലും കഥ വായിച്ച് ഞാൻ ആകെ സ്റ്റണ്ടായി…വല്ലാത്ത ഒരു വേൾഡിൽ എത്തിയ ഒരു ഫീൽ…അതിനേക്കാൾ അവൾ എന്റെ കഥയ്ക്കിട്ട ഒരു കമൻറ്റും എന്നെ അദ്‌ഭുതപ്പെടുത്തി…ഞാനുടനെ സൈറ്റ് അഡ്മിനോട് അവളുടെ മെയിൽ ഐഡിയ്ക്ക് വേണ്ടി റിക്വസ്റ്റ് ചെയ്തു…കിട്ടി….അങ്ങനെയാണ്….”
“ഫോട്ടോ ഒന്ന് കാണിക്കാമോ?”
അവൾ ചോദിച്ചു.
“ഫോട്ടോ ഞാൻ ചോദിച്ചു. ബട്ട് അവൾ സമ്മതിച്ചില്ല..ഷി മൈറ്റ് ബീ തിങ്കിങ് ഇറ്റ് വിൽ ബി മിസ്‌യൂസ്‌ഡ്…”
ഡെന്നിസ് സംഗീത പറഞ്ഞത് കേട്ടില്ല. സിമോണയോട് നടത്തിയ ചാറ്റിലെ ചില വാക്കുകൾ ഓർമ്മിക്കുകയായിരുന്നു അയാളപ്പോൾ.
തിരികെ ക്വർട്ടേഴ്‌സിൽ വന്നു കഴിഞ്ഞ് ഡെന്നിസ് അൽപ്പസമയം ഉറങ്ങാൻ ശ്രമിച്ചു. സന്ധ്യാസമയങ്ങളിൽ അങ്ങനെ പതിവില്ല. ബെഡിൽ മൊബൈലിരിപ്പുണ്ട്.
ഒരു മെസേജ് ടോൺ കേട്ട് കയ്യെത്തിച്ച് മൊബൈൽ എടുത്തു.
മെസഞ്ചറിൽ സിമോണയുടെ പേര് ഏറ്റവും മുകളിലായി അയാൾ കണ്ടു.
“പുതിയ കഥയിൽ ആയിരിക്കും അല്ലേ?”
അവൾ ചോദിച്ചു.
“ഇല്ല..മനസ്സ് ഫുൾ ബ്ളാങ്ക് ആണ്. ശുദ്ധശൂന്യം. നോ പ്ലോട്ട് ..നോ ക്യാരക്റ്റർ…”
“മനസ്സിൽ സിമോണയുണ്ടോ?”
“മനസ്സിൽ സിമോണ മാത്രമേയുള്ളൂ…”
തുടർന്ന് നാലഞ്ച് സ്മൈലികൾ.
“നിങ്ങളുടെ റെജിമെൻറ്റ് ക്യാമ്പ് ചെയ്യുന്നത് ജോർഗെറ്റിലല്ലേ? അങ്ങനെയല്ലേ മാണിക്യം പറഞ്ഞത്?”
“അതെ…”
“ഗൗഹാട്ടിയിൽ നിന്ന് എത്ര കിലോമീറ്റർ ഉണ്ട് ജോർഗെറ്റിലേക്ക്?”
“നാൽപ്പത്…മുക്കാൽ മണിക്കൂർ ഡ്രൈവ്…”
“നാളെ മുക്കാൽ മണിക്കൂർ ഡ്രൈവ് ചെയ്യാമോ?”
ടെന്നീസിന്റെ ഉള്ളൊന്നു തുടിച്ചു.
സിമോണ എന്താണുദ്ദേശിക്കുന്നത്?
“യെസ് ..ഓക്കേ …ഡ്രൈവ് ചെയ്യാം ..ബട്ട്…”
“ബട്ട് വൈ എന്നല്ലേ ഉദ്ദേശിച്ചേ?”
“യാ, അതേ…”
“ബിക്കോസ് ആം കമിങ് ഗോഹട്ടി…ബിക്കോസ് യൂ ക്യാൻ സീ മീ…ബിക്കോസ് ഐ ക്യാൻ സീ യൂ….”
“വാട്ട്!!”
“യാ മാൻ..ഐം കമിങ് ഗോഹട്ടി…”
ഡെന്നിസിന് തുള്ളിചാടണമെന്നു തോന്നി. ചാറ്റ് ബോക്സിലെ അക്ഷരങ്ങൾ കറുത്ത രത്നങ്ങളെപ്പോലെ അയാളെ നോക്കി തിളങ്ങി. സത്യമാണോ? താൻ ഉറങ്ങിക്കിടക്കുകയാണോ? അയാൾ ശക്തിയായി മുഖത്ത് അടിച്ചു. നല്ല വേദനയെടുത്തു. അപ്പോൾ നേര് തന്നെയാണ്.
“മൈ ഗോഡ് ..ഗൗഹാട്ടിയിൽ എവിടെ…?”
“ഡെന്നിസ് പറയൂ, ഞാൻ ഗൗഹാട്ടിയിൽ ആദ്യം വരികയാണ്…”
അയാൾ ഒരു നിമിഷം ആലോചിച്ചു. ഏതെങ്കിലും റെസ്റ്റോറന്റ്റ് ആണ് നല്ലത്. പക്ഷെ ഏത്? ഹാപ്പി ഹൈ റെസ്റ്റോറന്റ്റ്? ജി എം ഗോപാൽ മഹാരാജ്? ഷാഹി ഡർബാർ? എസ് ആർ കഫേ ഡി വുഡ്ലാൻഡ്‌സ്?
നോ! നോ !! പിക്കാഡല്ലി…യെസ് പിക്കാഡല്ലി…പെർഫെക്റ്റ് സെറ്റിങ് ഫോർ റൊമാൻസ്.
“ഹലോ..പോയോ?”
വീണ്ടും സിമോണ മെസേജ് ചെയ്തു.
“ഇല്ല ..പോകാനോ!! പകച്ചിരിക്കുകയാണ്..സത്യമാണോ എന്ന് വിശ്വസിക്കാൻ ശ്രമിക്കുകയാണ്…”
വീണ്ടും നാലഞ്ച് സ്മൈലികൾ.
“സ്ഥലം പറയൂ,”
“പിക്കാഡല്ലിയിൽ വരാമോ?”
“പിക്കാഡല്ലി? അതെന്താണ്?”
“റെസ്റ്റോറന്റ്റ് ആണ്…അവിടെ നോർത്തേൺ കോർണർ…ആ കോർണറിലെ ടേബിൾ…”
“ഓക്കേ …ശരി…അവിടെ ഞാനുണ്ടാകും ..ഞാൻ ഒരു ചുവന്ന ടോപ്പും ബ്ളാക്ക് സ്കർട്ടും ..അതായിരിക്കും എന്റെ ഡ്രസ്സ്..ഓക്കേ…?”
“ഓക്കേ..ഓക്കേ …”
അത്യാവേശം നിറഞ്ഞ മിടിക്കുന്ന ഹൃദയത്തോടെ ഡെന്നിസ് ടൈപ്പ് ചെയ്തു.
താൻ പ്രസിദ്ധമായ ഒരു ഓ ഹെൻറി കഥയിലെ കഥാപാത്രമായി മാറുകയാണോ?
അയാൾ പുഞ്ചിരിയോടെ ചോദിച്ചു.
അന്ന് രാത്രി ഉറക്കം വന്നെങ്കിലും ഇടയ്ക്കിടെ അയാൾ ഉണർന്നു വാച്ച് നോക്കി. ഈ രാത്രിക്കെന്താണ് ഇത്ര ദൈർഘ്യം? അയാൾ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു.
പിറ്റേ ദിവസം, എന്തെന്നില്ലാത്ത വർണ്ണഭംഗിയായിരുന്നു ഉദ്യാനത്തിലെ പൂക്കളിലെല്ലാം. ഇതുവരെ കാണാത്ത ചിത്ര ശലഭങ്ങളും തുമ്പികളും അവയുടെ മേൽ പറന്നിറങ്ങുവാൻവേണ്ടി വന്നു. മഞ്ഞ് നിറഞ്ഞ പർവ്വതശിഖരങ്ങളിൽ വെയിൽ അതിന്റെ ശോഭനിറഞ്ഞ ചിറകുകൾ പറത്തി. ഇവിടെ നിന്നോ ഒരപ്പൂപ്പൻ താടി പറന്നിറങ്ങി അയാളുടെ കവിളിലെ തൊട്ടു.
ഹൃദയമിടിപ്പിൽ അത് വരെ കേൾക്കാത്ത ഒരു സംഗീതം.
മുക്കാൽ മണിക്കൂർ ഡ്രൈവ് അരമണിക്കൂറായി ചുരുങ്ങിയത് ഹൃദയതാളത്തിന്റെ വേഗമേറിയതിനാലാവണം. മണിക്കൂറിൽ എൺപത് കിലോമീറ്റർ എന്ന വേഗതയിൽ സാധാരണ ആ റോഡിലൂടെ ആരും ഡ്രൈവ് ചെയ്യാറില്ലന്നറിയാം. പക്ഷെ മനസ്സ് കുതിക്കുകയായിരുന്നു. മനസ്സിന്റെ വേഗത്തോടൊപ്പമെത്താൻ കാറും മത്സരിച്ചു.
ദിഗാലിപുക്കൂരി തടാകത്തിന്റെ വശത്തു കൂടിയുള്ള പാതയിൽ അന്ന് പതിവിലേറെ തിരക്കുള്ളത് പോലെ തോന്നി ഡെന്നിസിന്. തിരക്കേറിയ ആ പാതയിൽ നിന്ന് കാർ കാംഖയ ക്ഷേത്രത്തിനു മുമ്പിലൂടെയുള്ള ഹൈവേയിലേക്ക് കയറി. എന്തോ ഉത്സവം നടക്കുന്നു. ആളുകൾ നിറങ്ങൾ വാരിയെറിയുന്നു. ആഘോഷത്തിമർപ്പ് ആവേശമുണർത്തുന്ന നൃത്തത്തിന്റെ രൂപത്തിൽ പാതയിൽ നിറയുന്നു. റാഡിസൺ ബ്ലൂ ഹോട്ടലിന്റെ മുമ്പിലെത്തുന്നവരെയും അയാൾ സൂക്ഷിച്ച് ഡ്രൈവ് ചെയ്തു. ഇനിയുള്ള പാതയിൽ അധികം തിരക്കില്ല. അതിനപ്പുറത്താണ് തടാകക്കരയിൽ പിക്കാഡല്ലി നിൽക്കുന്നത്.
എന്തൊരു ഭംഗിയാണ് തെരുവിന്! അതിലൂടെ ഒഴുകുന്ന നൂറുകണക്കിന് ആളുകൾക്ക് എന്തൊരു സൗന്ദര്യമാണ്! യെസ്! യെസ്! എല്ലാം സുന്ദരമാണ്. പ്രണയത്തിലാവുമ്പോൾ എല്ലാം സുന്ദരമാണ്. ഋഷിക മുമ്പിലുള്ളപ്പോൾ ലോകം എപ്പോഴും സുന്ദരമായിരുന്നു തനിക്ക്. പിന്നെ ഇപ്പോഴാണ് അങ്ങനെ ഒരു തോന്നൽ!
നീണ്ടു നിവർന്ന പനമരങ്ങൾക്ക് പിമ്പിൽ, തടാകത്തിനിപ്പുറത്ത് പിക്കാഡല്ലിയുടെ സൗന്ദര്യം നോക്കി ഡെന്നിസ് ഡ്രൈവ് ചെയ്തു. റെസ്റ്റോറൻറ്റിനടുത്ത് കാർ നിർത്തുമ്പോൾ ഡെന്നിസിന്റെ ഹൃദയം പടപടാന്നു മിടിക്കുകയായിരുന്നു.
ഈശ്വരാ…! ആ റെസ്റ്റോറന്റിൽ അതിന്റെ വടക്കേ മൂലയിൽ സിമോണയിരിക്കുന്നുണ്ട്.
അവൾ എങ്ങനെയായിരിക്കും? നീണ്ട് മെലിഞ്ഞ്? അതോ തടിച്ചോ? ചെറുപ്പമായിരിക്കുമോ? ഇനി സംഗീത പറഞ്ഞതുപോലെ മധ്യപ്രായം കഴിഞ്ഞ ഒരു സ്ത്രീയായിരിക്കുമോ? മറ്റൊരാളുടെ ഭാര്യയായിരിക്കുമോ? ഈശ്വരാ…അങ്ങനെയായിരിക്കരുതേ…
പ്രായമെന്തായാലെന്ത്? തടിച്ചോ ഉയരം വെച്ചോ ഇരുന്നാലെന്ത്? തന്റെ ജീവിതത്തിനെ പ്രകാശമാനമാക്കിയ ഒരു സ്ത്രീയെയാണ് താനിപ്പോൾ കാണാൻ പോകുന്നത്. അവളെയാണ് താൻ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. അവൾക്ക് തന്നെ ഇഷ്ടമാണ് എന്നല്ലേ പറഞ്ഞത്. തന്റെ ഫോട്ടോ അവൾ കണ്ടിട്ടുണ്ടല്ലോ…
പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ, ഒരാളുടെ ദേഹത്ത് അയാൾ അറിയാതെ ഇടിച്ചു. മുഖമുയർത്തി നോക്കുമ്പോൾ അമ്പരന്നുപോയി.
സംഗീത!
പച്ച നിറമുള്ള ചുരിദാർ ടോപ്പ് , അതിനു മേൽ ക്രീം നിറത്തിലുള്ള ഷാൾ. വെള്ളനിറമുള്ള ലെഗിൻസ്. ആ വേഷത്തിൽ അവൾ പതിവിലേറെ സുന്ദരിയായി കാണപ്പെട്ടു.
“ഏഹ്!”
അവൾ അദ്‌ഭുതപ്പെട്ടു.
“ഡെന്നിസെന്താ ഇവിടെ?”
ഇവളോട് പറയണോ? തന്റെ ജീവിതത്തിലെ സകല രഹസ്യങ്ങളുമറിയുന്നവളാണ്. അറിഞ്ഞാൽ പ്രശ്നമൊന്നുമില്ല. പക്ഷെ വേണ്ട. സിമോണയെക്കണ്ടുകഴിയുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഇതുവരെ തനിക്കറിയില്ലല്ലോ. തന്റെ ആഗ്രഹം പോലെ സംഭവിക്കുകയാണ് എങ്കിൽ മാത്രം അക്കാര്യം സംഗീതയോട് പറഞ്ഞാൽ മതി.
“കുറച്ച് പർച്ചേസിംഗ്..അല്ല സംഗീതയെന്താ ഇവിടെ?”
“ഇവിടെ സിറ്റി ഹോസ്‌പിറ്റലിൽ എന്റെ ഒരു കസിനുണ്ട്… ഡാഡിയൊക്കേ അവിടെയുണ്ട്…പെട്ടെന്നാണ് ഫോൺ വന്നത്. സീരിയസ് ഒന്നുമല്ല…ഓക്കേ ..നമുക്ക് ജോർഗെറ്റിൽ വെച്ച് കാണാം…”
അത് പറഞ്ഞ് അവൾ തിടുക്കത്തിൽ ജനക്കൂട്ടത്തിലേക്ക് അപ്രത്യക്ഷ്യമായി.
ഡെന്നിസ് സമയം കളയാതെ റെസ്റ്റോറേന്റിനകത്തേക്ക് നടന്നു. മനോഹരമായി ഇന്റീരിയർ ഡെക്കറേഷൻ ചെയ്ത ആ റെസ്റ്റോറൻറ്റിനുള്ളിൽ വിദേശിയരും സ്വദേശീയരുമായി ഒരുപാടാളുകളുണ്ടായിരുന്നു.
സ്വയം മറന്നു പ്രണയസല്ലാപങ്ങളിർപ്പെട്ടിരിക്കുന്ന മിഥുനങ്ങളെക്കണ്ടപ്പോൾ ഡെന്നിസിന്റെ ഹൃദയം മിടിച്ചു. സിമോണ!
മിടിക്കുന്ന ഹൃദയത്തോടെ അയാൾ നോർത്തേൺ കോർണറിലേക്ക് നടന്നു. അവിടെ ജനാലയോടു ചേർന്ന് നഗരത്തിന് വെളിയിലെ കുന്നിൻപുറത്തെക്ക് നോക്കി പുറം തിരിഞ്ഞിരിക്കുന്നു ഒരു സ്ത്രീയെക്കണ്ടു. ചുവന്ന ടോപ്പ്. കറുത്ത സ്കർട്ട്! അതെ! ഇതുതന്നെയാണ് ആൾ!
അയാൾ സാവധാനം അവളുടെ പിമ്പിലെത്തി. പിന്നെ സാവധാനം അവളുടെ മുമ്പിലേക്ക് അയാൾ ചുവടുകൾ വെച്ചു.
അവളുടെ മുമ്പിൽ അയാൾ നിന്നു.
ഒരു നിമിഷം അയാൾ ഒന്ന് പതറി.
ഇരുനിറം. അനാകർഷമായ മുഖം. കറുപ്പ് രാശി കലർന്ന ചുണ്ടുകൾ. പ്രകാശം മങ്ങിയ കണ്ണുകൾ. നാല്പത്തിന് മേൽ പ്രായം. എങ്കിലും ഒരു സൗഹൃദത്തിന്റെ പുഞ്ചിരി അവളുടെ മുഖത്ത് പ്രകാശം നൽകിയിരുന്നു.
ഒരു നിമിഷത്തിനു ശേഷം ഡെന്നിസ് സ്വയം പറഞ്ഞു.
ഈ സ്ത്രീയാണ് സിമോണ. നിന്നെ കഥകളിലൂടെ വ്യാമോഹിപ്പിച്ചവൾ. വാക്കുകളിലൂടെ നിന്നെ ജീവിതത്തിലേക്കടുപ്പിച്ചവൾ. അക്ഷരങ്ങളിലൂടെ നിനക്ക് ജീവിതത്തിന് വേണ്ട പ്രത്യാശ പകർന്നുതന്നവൾ….
“സിമോണ?”
അയാൾ ചോദിച്ചു.
അവൾ വെറുതെ പുഞ്ചിരിച്ചു.
ഡെന്നിസ് അവൾക്കഭിമുഖമായി ഇരുന്നു. പിന്നെ മേശപ്പുറത്തിരുന്ന അനാകർഷമായ അവളുടെ വിരലുകളിൽ തൊട്ടു.
“വിൽ യൂ മാരി മീ?”
അവൾ പുഞ്ചിരിച്ചു.
“നടക്കുമെന്ന് തോന്നുന്നില്ല!”
പുഞ്ചിരി നിലനിർത്തിക്കൊണ്ട് അവൾ പറഞ്ഞു.
ഡെന്നിസ് അവളുടെ വിരലുകളില് പിടുത്തം വിട്ടു. പരാജിതനെപ്പോലെ അവളെ നോക്കി.
“ബട്ട് ..സിമോണ…സിമോണ പറഞ്ഞത് എന്നെ ..എന്നിട്ട് എന്താണ് ഇപ്പോൾ ഇങ്ങനെ…? എന്താണ് കാരണം?”
“നിങ്ങളെ കണ്ടാൽ ഏത് പെണ്ണിനും ഒന്ന് കെട്ടിയാൽ കൊള്ളാമെന്ന് തോന്നും..പക്ഷേ…”
അവൾ പുഞ്ചിരിയോടെ വീണ്ടും പറഞ്ഞു.
” പക്ഷേ…. എന്റെ ഭർത്താവ് സമ്മതിക്കുമെന്ന് തോന്നുന്നില്ല…”
ഡെന്നിസ് ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു. അവളെ ചകിതമായ ഭാവത്തോടെ നോക്കി. അവളുടെ മുഖത്ത് പുഞ്ചിരിയേറി.
“പിന്നെ ഏറ്റവും പ്രധാന പ്രശ്നം അതല്ല…”
അയാളുടെ നിരുന്മേഷവും പാരാവശ്യവും നിറഞ്ഞ മുഖത്തിന്റെ സൗന്ദര്യത്തിലേക്ക് കണ്ണുകളെറിഞ്ഞ് അവൾ തുടർന്നു. ഡെന്നിസ് ആകാംക്ഷയോടെ അവളുടെ അടുത്ത വാക്കുകൾക്ക് കാതോർത്തു.
“സിമോണ സമ്മതിക്കില്ല…”
“ഏഹ്!”
ഡെന്നിസ് ഒന്ന് ഞെട്ടി.
“അപ്പോൾ….നിങ്ങൾ നിങ്ങളല്ലേ സിമോണ?”
“നിങ്ങൾ ഇവിടെ വന്നാൽ, എന്നെ പ്രൊപ്പോസൽ ചെയ്യുകയാണെങ്കിൽ, ആണെങ്കിൽ മാത്രം, മറ്റൊരു കാര്യം ചെയ്യാൻ സിമോണ എന്നോട് പറഞ്ഞിരുന്നു….”
അവളുടെ വാക്കുകളിലെ അർത്ഥത്തിന്റെ നീളവും ആഴവും അളക്കാൻ അയാൾ പാടുപെട്ടു.
“അത്…”
അവൾ തുടർന്നു.
“എങ്കിൽ ഈ റെസ്റ്റോറൻറ്റിന്റെ പിമ്പിൽ, ഒരു ദേവദാരു മരത്തിന്റെ കീഴിൽ ഒരു പൂക്കടയുണ്ട്…അവിടെ നിൽക്കുന്ന സിമോണയുടെയടുത്തേക്ക് നിങ്ങളെ പറഞ്ഞയക്കണമെന്ന് അവൾ എന്നോട് പറഞ്ഞിരുന്നു….”
ഡെന്നിസ് ഒരു നിമിഷം പോലും വൈകാതെ അങ്ങോട്ട് കുതിച്ചു.
ഇടനാഴികൾ, വരാന്ത, കോമ്പൗണ്ട്, ആളുകൾ ഒഴുകുന്ന നിരത്ത്. ദേവദാരുമരം. പൂക്കട.
പൂവിൽക്കുന്ന സുന്ദരനായ കൗമാരക്കാരനോട് കുശലം പറഞ്ഞ്, പുറം തിരിഞ്ഞു നിൽക്കുന്ന ഒരു യുവതി.
പച്ചനിറമുള്ള ചുരിദാർ ടോപ്പ്.
ക്രീം നിറത്തിലുള്ള ഷാൾ.
വെളുത്ത ലെഗ്ഗിൻസ്.
ഡെന്നിസ് അവളുടെ പിമ്പിലെത്തി.
ഒരു നിമിഷം അയാൾ വാക്കുകൾക്ക് വേണ്ടി പരാതി.
ഒന്ന് കിതച്ചു.
പിന്നെ കയ്യുയർത്തി അവളെ തൊട്ടു.
ഹൃദയത്തിലെ മുഴുവൻ സ്നേഹവും ചാലിച്ച് അയാൾ വിളിച്ചു.
“സിമോണാ….”
അവൾ തിരിഞ്ഞു നിന്നു.
ഹൃദയത്തിലേക്ക് രക്തം ഇരച്ചെത്തുന്നു.
ശ്വാസം നിലയ്ക്കുന്നു.
“സംഗീത…!!”
ഡെന്നിസിന് വാക്കുകൾ വിറച്ചു.
“വിൽ യൂ മാരീ മീ…”
ഒരു ചുവന്ന പനിനീർപുഷ്പ്പമെടുത്ത് ഡെന്നിസിന്റെ നേരെ നീട്ടി അവൾ ചോദിച്ചു.
[Ended]
Comments:
No comments!
Please sign up or log in to post a comment!