മൃഗം 28

പക്ഷെ സെക്കന്റിന്റെ പത്തിലൊന്ന് എന്നു കരുതിയ ആ സമയം പോലും വളരെ കൂടുതലാണ് എന്ന് അവനെ മനസ്സിലാക്കിക്കൊടുത്ത സംഭവമാണ് തുടര്‍ന്ന് അരങ്ങേറിയത്. കതക് തുറന്ന വാസുവിന് നേരെ ഗുണ്ടകള്‍ കത്തി പായിക്കുന്നതിന്റെ പത്തില്‍ ഒന്ന് സെക്കന്റ് മുന്‍പേ, എവിടെ നിന്നോ പ്രത്യേകതരം കനമുള്ള ഒരു ചരട് ആ രണ്ടുപേരെയും വളഞ്ഞു വീഴുന്നതും അത് അവരുമായി പിന്നിലേക്ക് വലിയുന്നതും വാസു കണ്ടു. എന്താണ് സംഭവിക്കുന്നത് എന്നവനൊരു ഊഹവും ഉണ്ടായില്ല. ജീവിതത്തില്‍ ആദ്യമായി അവന്‍ തീര്‍ത്തും പതറിപ്പോയ ഒരു സന്ദര്‍ഭം ആയിരുന്നു മരണത്തെ മുഖാമുഖം, അത്ര അടുത്തു കണ്ട ആ നിമിഷാര്‍ദ്ധം. താന്‍ ജീവനോടെയുണ്ട് എന്ന് ബോധ്യമായതിന്റെ തൊട്ടടുത്ത നിമിഷം വാസു പുറത്തെ ഇരുട്ടിലേക്ക് കുതിച്ചു. ആരോ ശക്തമായി എവിടെയോ അടിച്ചു വീഴുന്ന ശബ്ദവും ഒരു നിലവിളിയും അന്തരീക്ഷത്തില്‍ മുഴങ്ങി. “ഓടിക്കോടാ..രക്ഷപെട്ടോ..” ആരോ അലറുന്നു. തുടര്‍ന്ന് ആരൊക്കെയോ പല ഭാഗങ്ങളില്‍ നിന്നായി ഓടിയകലുന്ന കാലൊച്ചകളും ഏതോ വാഹനം സ്റ്റാര്‍ട്ട്‌ ആയിപ്പോകുന്ന ശബ്ദവും അവന്‍ കേട്ടു. ചരടില്‍ വലിഞ്ഞു നിലത്തേക്ക് വീണുകിടന്നിരുന്ന രണ്ടുപേര്‍ക്ക് അരികിലേക്ക് ഇരുട്ടില്‍ നിന്നും ഒരു രൂപം ഇറങ്ങി വരുന്നത് വാസു കണ്ടു. “എന്നാ അടിയാ സാറേ അടിച്ചത്..അവന്‍ ചത്തോ അതോ ജീവനോടെ ഉണ്ടോ?” അയാള്‍ അവനോടു ചോദിച്ചു. ശബ്ദത്തിന്റെ ഉടമയെ വാസു നോക്കി. നീളമുള്ള ഒരു ചരട് ചുരുട്ടിക്കൊണ്ട് പുറത്തേക്ക് വന്ന ആളെ പക്ഷെ അവനു പരിചയം ഉണ്ടായിരുന്നില്ല. “സാറിന് കുഴപ്പം ഒന്നുമില്ലല്ലോ..” ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വന്ന അക്ബര്‍ ചുരുട്ടിയ ചരട് പോക്കറ്റിലേക്കു തിരുകിക്കൊണ്ട്‌ ചോദിച്ചു. “നിങ്ങള്‍ ആരാണ്? എന്താണ് ഇവിടെ സംഭവിച്ചത്?..” വാസു അവനെ തിരിച്ചറിയാതെ ചോദിച്ചു. “ഞാന്‍ അക്ബര്‍..പോലീസ് ആണ്. പൌലോസ് സാറ് എന്നെ ഇവിടെ ഡ്യൂട്ടിക്ക് ഇട്ടിരിക്കുകയായിരുന്നു….” അക്ബര്‍ താഴെക്കിടന്ന ഒരുവന്റെ പള്ളയ്ക്ക് കാലുമടക്കി അടിച്ചുകൊണ്ട് പറഞ്ഞു. അവന്‍ ഒന്ന് ഞരങ്ങി ബോധം കെട്ടു. മറ്റവന്‍ കിടന്നുകൊണ്ട് കൈകൂപ്പി.

“സാറേ അവനെ സാറ് അടിച്ച ആ അടി എന്നെക്കൂടി ഒന്ന് പഠിപ്പിക്കണം” അക്ബര്‍ വാസുവിന്റെ അടികൊണ്ട് ബോധം പോയ മാഞ്ചിയത്തെ കാലുകൊണ്ട്‌ തട്ടി മലര്‍ത്തിക്കിടത്തിക്കൊണ്ട് പറഞ്ഞു. അവന്റെ കിടപ്പ് കണ്ട അയാള്‍ ഞെട്ടലോടെ വാസുവിനെ നോക്കി. “പടച്ചോനെ..ഇവനെ ഇനി എന്തിനെങ്കിലും കൊള്ളിക്കുമെന്ന് തോന്നുന്നില്ല. സാറ് കൃത്യസമയത്ത് തന്നെ അവനെ അടിച്ചത് കൊണ്ട് അവന്റെ കുത്തെനിക്ക് കൊണ്ടില്ല” “താങ്കള്‍ അവന്മാരെ പിന്നിലേക്ക് വലിച്ചിട്ടപ്പോള്‍ ഒരുത്തന്‍ കത്തിയുമായി അങ്ങോട്ട്‌ കുതിക്കുന്നത് കണ്ടാണ്‌ ഞാന്‍ പുറത്തിറങ്ങിയത്.

.ഇവന്മാരൊക്കെ ഏതാ?” “പറയാം സാറെ..” അക്ബര്‍ തിരിഞ്ഞു താഴെക്കിടന്നിരുന്ന ഗുണ്ടകളില്‍ ഒരാളെ തൂക്കിയെടുത്ത് നിര്‍ത്തി “നീ ബ്ലേഡ് സുര അല്ലെ?” അക്ബര്‍ ചോദിച്ചു. “അയ്യോ ആണേ..” അവന്‍ കൈ കൂപ്പി. “നിന്നെ സെല്ലില്‍ ഇട്ടു ഞാന്‍ പണിതോളാം..രാവിലെ ഏഴുമണിക്ക് സ്റ്റേഷനില്‍ എത്തിക്കോണം. കൂടെ വന്ന എല്ലാ അവന്മാരും നിന്റെ കൂടെ ഉണ്ടാകും..നിന്റെ ഏമ്മാനെ ഞാന്‍ ഇപ്പത്തന്നെ അങ്ങോട്ട്‌ കൊണ്ടുപോവ്വാ…..പറഞ്ഞത് കേള്‍ക്കാതെ എന്നെ അങ്ങോട്ട്‌ വരുത്തിയാല്‍ നിന്റെ പുലകുളി അടിയന്തിരം നാളെത്തന്നെ ഞാന്‍ നടത്തും കേട്ടോടാ താ….” അക്ബര്‍ പച്ച പുലഭ്യം പറഞ്ഞുകൊണ്ട് അവന്റെ കരണത്ത് തന്നെ പ്രഹരിച്ചു. അവന്‍ തലകറങ്ങി നിലത്ത് വീണപ്പോള്‍ അവരുടെ പക്കലുണ്ടായിരുന്ന കത്തികള്‍ എടുത്ത് അയാള്‍ വാസുവിന്റെ അരികിലെത്തി. “മാഞ്ചിയോം ടീമുമാ സാറേ..” വാസുവിനെ നോക്കി അങ്ങനെ പറഞ്ഞിട്ട് വീണ്ടും ഗുണ്ടകളുടെ നേരെ തിരിഞ്ഞ് “എഴുന്നേറ്റ് പോടാ മൈ…..” എന്ന് പൂര്‍ത്തിയാക്കാതെ നിലത്ത് നിന്നും എഴുന്നേല്‍ക്കാന്‍ പണിപ്പെടുന്ന സുരയെയും കൂട്ടാളിയെയും നോക്കി കാലുയര്‍ത്തി അക്ബര്‍ മുരണ്ടു. അവന്മാര്‍ വേഗം തപ്പിപ്പിടഞ്ഞെഴുന്നേറ്റു. “അക്ബര്‍ സര്‍…വളരെ നന്ദി. ഞാന്‍ സത്യത്തില്‍ മരിക്കാന്‍ മനസുകൊണ്ട് തയാറായതാണ്..വേറൊന്നും ചെയ്യാനുള്ള സമയം ഉണ്ടായിരുന്നില്ലല്ലോ..” വാസു കൃതജ്ഞതയോടെ പറഞ്ഞു. സുരയും കൂട്ടാളിയും എഴുന്നേറ്റ് ഓടിക്കഴിഞ്ഞിരുന്നു.

“ഏയ്‌..എനിക്കല്ല സാറേ..നന്ദി പൌലോസ് സാറിനോട് പറഞ്ഞാ മതി. പിന്നെ സാറിനെ ഞാന്‍ രക്ഷിച്ചു എങ്കിലും അതെ സമയത്ത് തന്നെ സാറ് എന്നെയും രക്ഷിച്ചില്ലേ….സാറ് അടിച്ചിട്ട അവനാണ് മാഞ്ചിയം; ഇവന്മാരുടെ നേതാവ്. അവനെ ഞാന്‍ ഇപ്പത്തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോവ്വാ.. ങാ പിന്നെ സാറേ..സാറിനെ കള്ള ഫോണ്‍ ചെയ്താണ് ആ നായിന്റെ മോന്മാര്‍ പുറത്തിറക്കിയത്. ഞാനെല്ലാം കണ്ടോണ്ട് ഇരിപ്പുണ്ടായിരുന്നു. വേണേല്‍ നേരത്തെ തന്നെ അവന്മാരെ എനിക്ക് കുടുക്കാമായിരുന്നു. പക്ഷെ ഇതല്യോ അതിന്റെ ഒരു ത്രില്ല്” അക്ബര്‍ ചിരിച്ചു. “ആ ചരടിട്ട ടൈമിംഗ്..സാറ് ഒരു സിംഹം തന്നെ..” വാസു പറഞ്ഞു. “സാറേ. ഈ കയറു വച്ചുള്ള കലാപരിപാടിയില്‍ ഞാന്‍ എക്സ്പെര്‍ട്ട് ആണ്. പണ്ട് പോലീസില്‍ ചേരുന്നതിനും മുന്‍പ് മുനിസിപ്പാലിറ്റിക്ക് വേണ്ടി നായയെ പിടിക്കാന്‍ പോയിട്ടുണ്ട്. ഓടുന്ന പട്ടിയെ കയര്‍ എറിഞ്ഞാണ് പിടിക്കുക. കുരുക്ക് കൃത്യം കഴുത്തില്‍ തന്നെ വീഴും..എന്നാ സാറ് കിടന്നോ..ഞാന്‍ എന്റെ പണി ചെയ്യട്ടെ.
.” “അക്ബര്‍ സര്‍….എന്നെ സാറെ എന്ന് വിളിക്കണ്ട. വാസു..അങ്ങനെ വിളിച്ചാല്‍ മതി. സാറ് വാ അല്‍പനേരം അകത്തിരിക്കാം..” “യ്യോ സാറെ എന്റെ ഡ്യൂട്ടി വെളിയിലാണ്. പൌലോസ് സാറ് അറിഞ്ഞാല്‍ പ്രശ്നമാ..” “ദാ വീണ്ടും സാറ്..ഞാന്‍ ഒരു സാധാരണ ചുമട്ടു തൊഴിലാളി ആണ് അക്ബര്‍ സാറെ..എന്നെ പേര് വിളിച്ചാല്‍ മതി” “യ്യോ..പൌലോസ് സാറ് അങ്ങനെയൊന്നുമല്ല പറഞ്ഞേക്കുന്നത്..പേര് വിളിക്കാനൊന്നും എനിക്ക് പറ്റത്തില്ല..ഞാന്‍ സാറെന്നെ വിളിക്കൂ” വാസു ചിരിച്ചു. “എന്നാ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും സാറ് വിളിച്ചു കളിക്കാം. അക്ബര്‍ സാറ് വാ..ഉള്ളില്‍ ഇരിക്കാം..എന്തായാലും ഉറക്കം പോയി..” വാസു അയാളെ വിളിച്ചു. അക്ബര്‍ ഒന്നാലോചിച്ചു; പിന്നെ തലയാട്ടിയ ശേഷം ഇങ്ങനെ പറഞ്ഞു. “എന്നാല്‍ ഞാനിവനെ ഒന്ന് കൊളുത്തി ഇടട്ടെ; ബോധം വീണാല്‍ എഴുന്നേറ്റ് പോകരുതല്ലോ..എന്നാലും എന്റെ സാറേ ഒരടിക്ക് ബോധം പോകുക എന്നൊക്കെ പറഞ്ഞാല്‍? ഇരുട്ടായത് കൊണ്ട് എനിക്കാ അടി ഒന്ന് കാണാനും ഒത്തില്ലല്ലോ..” വാസു വീണ്ടും ചിരിച്ചു. ———————-

ഡോണ മുഖം ഉയര്‍ത്താതെ അതേപടി ഇരിക്കുകയായിരുന്നു. രംഗം പോലീസ് സ്റ്റേഷനില്‍ പൌലോസിന്റെ മുറിക്കുള്ളില്‍ ആണ്. ഒപ്പം പൌലോസ്, വാസു, അക്ബര്‍ എന്നിവരും ഉണ്ട്. ഇടയ്ക്കിടെ അവളുടെ ഏങ്ങലടിയുടെ ശബ്ദം അവര്‍ മൂവരും കേട്ടു. വാസു അവളോട്‌ നടന്നതൊന്നും പറഞ്ഞിരുന്നില്ല. കബീറിന്റെ കാര്യം സംസാരിക്കാന്‍ വേണ്ടി വാസുവിനെയും കൂട്ടി അവള്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൌലോസ് ആണ് തലേ രാത്രി നടന്ന വാസുവിനെതിരെ ഉള്ള വധശ്രമം അവളെ അറിയിച്ചത്. അത് കേട്ടു ഞെട്ടിത്തരിച്ചുപോയ ഡോണ ശിലപോലെ ഇരുന്നുപോയി. അവള്‍ ഒരക്ഷരം മറുപടി നല്‍കാതെ കുമ്പിട്ട്‌ മേശയില്‍ തലയും താഴ്ത്തി അങ്ങനെ കിടക്കുകയായിരുന്നു. “ഡോണ..കമോണ്‍..അവനൊന്നും പറ്റിയില്ലല്ലോ..നീ വിഷമിക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ല..” പൌലോസ് അവളെ സാവകാശം വിളിച്ചു. ഡോണ മുഖമുയര്‍ത്തി അയാളെ നോക്കി. അവളുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു. കോപത്തോടെ അവള്‍ ഭിത്തിയില്‍ ചാരി നിന്നിരുന്ന വാസുവിനെ നോക്കി. പിന്നെ അവന്റെ അടുക്കലേക്ക് ചെന്ന് അവന്റെ ഉടുപ്പില്‍ പിടിച്ചു വലിച്ചു. “ദുഷ്ടാ..ഇത്രയും വലിയ പ്രശ്നം നടന്നിട്ട് നീ അതെപ്പറ്റി ഒരക്ഷരം എന്നോട് പറഞ്ഞോ..ഞാന്‍ ആരാടാ നിന്റെ? നിനക്കെന്തെങ്കിലും സംഭവിച്ചാല്‍ എനിക്കൊരു ചുക്കുമില്ല എന്നാണോ നീ കരുതിയത്..വേണ്ട..ഇനി നിന്റെ യാതൊരു സംരക്ഷണവും കമ്പനിയും എനിക്ക് വേണ്ട…ഇച്ചായാ..ഇവനെ എനിക്കിനി കാണണ്ട.
.ഞാന്‍ ഇവന്റെ ആരുമല്ല..ആരും..” ഡോണ പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്ത് കുന്തിച്ചിരുന്നു. അക്ബര്‍ വല്ലായ്മയോടെ പൌലോസിനെ നോക്കി. അയാളുടെ കണ്ണിലും നനവ് പടര്‍ന്നിരുന്നു. പൌലോസ് എഴുന്നേറ്റ് ചെന്ന് അവളെ പിടിച്ച് എഴുന്നേല്‍പ്പിച്ച് കസേരയില്‍ ഇരുത്തി. എന്നിട്ട് അവളുടെ സമീപം മേശപ്പുറത്ത് ഇരുന്നു. “എടാ വാസൂ..നീ പോക്രിത്തരമല്ലേ കാണിച്ചത്? എന്തുകൊണ്ട് നീ ഇത് ഇവളോട്‌ പറഞ്ഞില്ല?” പൌലോസ് കണ്ണടച്ച് കാണിച്ചിട്ട് വാസുവിനോട് ചോദിച്ചു. “പറഞ്ഞാല്‍ ഇവളുടെ പ്രതികരണം എന്താകും എന്ന പേടി കൊണ്ടാ സാറേ പറയാഞ്ഞത്..ഇവള്‍ക്ക് ആ വാര്‍ത്ത താങ്ങാന്‍ പറ്റുമോ എന്ന് ഞാന്‍ പേടിച്ചു” വാസു പറഞ്ഞു. “മിണ്ടരുത് നീ..മിണ്ടരുത്..എനിക്ക് നിന്റെ ശബ്ദം കേള്‍ക്കണ്ട” ഡോണ ചീറി. പൌലോസ് അവള്‍ കാണാതെ വാസുവിനെ നോക്കി ചിരിച്ചു. വാസു തിരിച്ചു ചിരിച്ചില്ല. ചിരിച്ചാല്‍ അവള്‍ക്ക് കൂടുതല്‍ കോപമാകും എന്നവനറിയാമായിരുന്നു. “ഡോണ..സീ..അവന്‍ പറഞ്ഞതില്‍ കാര്യമില്ലേ? നീ അവനെ എന്തുമാത്രം സ്നേഹിക്കുന്നു എന്ന് എനിക്കറിയാം. ആ നിലയ്ക്ക് ഇതുപോലെ ഒന്ന് നിന്നോട് എങ്ങനെ പറയും. ഇപ്പോള്‍ത്തന്നെ നിന്റെ പ്രതികരണം നീ തന്നെ ഒന്ന് ശ്രദ്ധിച്ചു നോക്ക്..” പൌലോസ് പറഞ്ഞു.

“ഇച്ചായാ..എനിക്ക് വേണ്ടിയല്ലേ ഇവന്‍ ഇതൊക്കെ സഹിക്കുന്നത്..സ്വന്തം ജീവന്‍ പണയം വച്ചല്ലേ അവന്റെ കളി..ഞാന്‍ ഇതെങ്ങനെ സഹിക്കും ഇച്ചായാ..” അവള്‍ വീണ്ടും കരഞ്ഞു. പൌലോസ് മെല്ലെ എഴുന്നേറ്റ് തന്റെ സീറ്റില്‍ പോയിരുന്നു. ഡോണ കണ്ണുകള്‍ തുടച്ച് എഴുന്നേറ്റ് അക്ബറിന്റെ അരികിലെത്തി. “താങ്കള്‍ ഇവന്റെയല്ല..എന്റെ പ്രാണന്‍ ആണ് രക്ഷിച്ചത്…നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല സര്‍..താങ്ക്സ് എ ലോട്ട്” അവള്‍ നിറകണ്ണുകളോടെ കൈകള്‍ കൂപ്പി. അക്ബര്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അയാള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞുമില്ല. ഡോണ വാസുവിന്റെ അരികിലെത്തി അവന്റെ കൈയില്‍ പിടിച്ചു. അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി അല്‍പനേരം നിന്ന ശേഷം വീണ്ടും വന്ന് പൌലോസിനെതിരെ ഇരുന്നു. “അക്ബര്‍..നീ പൊക്കോ..എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ വിളിക്കാം” പൌലോസ് പറഞ്ഞു. “ശരി സര്‍..” അക്ബര്‍ പറഞ്ഞിട്ട് സല്യൂട്ടും നല്‍കി വാസുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം പുറത്തേക്ക് ഇറങ്ങി. ഡോണ വേഗം എഴുന്നേറ്റ് അയാളുടെ അരികിലെത്തി. “ഒരു മിനിറ്റ് സര്‍..” അക്ബര്‍ നിന്നു. “സാറും കുടുബവും എന്റെ വീട്ടില്‍ ഒരു ദിവസം വരണം. ഇച്ചായനോട് ഞാന്‍ പറയാം എന്നാണെന്ന്.
.എന്റെ പപ്പയും മമ്മിയും സാറിനെ കാണണം..എനിക്ക് നന്ദി അറിയിക്കാന്‍ ഒരു വഴിയും അറിയില്ല..അതുകൊണ്ടാ…” അവള്‍ പറഞ്ഞു. “യ്യോ അതൊക്കെ എന്തിനാ..ഇതൊന്നും അത്ര വലിയ കാര്യമാണോ..വാസു സാറ് ചെയ്യുന്നത് വച്ചു നോക്കുമ്പോ ഇതൊക്കെ എന്ത്..എന്നാലും ഞങ്ങള് വരാം..” അക്ബര്‍ പറഞ്ഞു. “നന്ദി സര്‍..വളരെ നന്ദി” അവള്‍ കൈകള്‍ കൂപ്പി. അക്ബര്‍ പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ തിരികെ ചെന്നിരുന്നു. “നിന്റപ്പന്‍ തണ്ണി അടിക്കുമോടി?” പൌലോസ് ചോദിച്ചു. “ഉം..എന്താ?” “നല്ലത്. ആ പോയവനില്ലേ..അക്ബര്‍..അവന്‍ നല്ലപോലെ വീശും. അവിടെ വിളിച്ചിട്ട് പച്ചവെള്ളം കൊടുത്തു വിടാനാണ് പ്ലാനെങ്കില്‍ എനിക്കായിരിക്കും അതിന്റെ നാണക്കേട്..അതുകൊണ്ട് ചോദിച്ചതാ..” “യ്യോ..സാറും കൂടി വന്നോ.. ഇഷ്ടം പോലെ തന്നെയങ്ങ് ഒഴിച്ചു കൊടുത്തോ” “ഞാന്‍ കുടിക്കാറില്ല ആര്‍ക്കും ഒഴിച്ചു കൊടുക്കാറുമില്ല..അതൊക്കെ നീ തന്നെ അങ്ങ് ചെയ്തോണ്ടാല്‍ മതി” “ഞാനെന്താ കുടിച്ച് തലയും കുത്തി നടക്കുന്നവള്‍ ആണെന്നാണോ ഇച്ചായന്റെ വിചാരം..ഹും..ഞാന്‍ ഒഴിച്ചു കൊടുക്കാന്‍..നാണമില്ലല്ലോ മനുഷ്യാ” ഡോണ ചൂടായി.

“എന്നാ നിന്റെ അപ്പനോട് പറ ഒഴിച്ചു കൊടുക്കാന്‍” “ദേ എന്റെ അപ്പന് പറഞ്ഞാല്‍ ഉണ്ടല്ലോ” “ഛെടാ..എടി നിന്റെ വീട്ടില്‍ ഒരു ഗസ്റ്റ് വന്നാല്‍ അയാള്‍ക്ക് വേണ്ടത് കൊടുക്കേണ്ടത് നിങ്ങള്‍ അല്ലെ? നിനക്ക് വയ്യെങ്കില്‍ നിന്റെ അപ്പന്‍..അത്രയേ ഞാന്‍ പറഞ്ഞുള്ളൂ” വാസു ചിരിച്ചു. “വാ വാസൂ..ഇരിക്ക്..ഇനി എന്തിനാണ് ഇവള്‍ വന്നതെന്ന് പറയട്ടെ..” പൌലോസ് അവനെ നോക്കി പറഞ്ഞു. “ഇച്ചായാ..കബീര്‍. അവനെയാണ്‌ ഇനി നമുക്ക് വേണ്ടത്. അവനെക്കൊണ്ട് അവന്‍ ചെയ്ത കുറ്റം സമ്മതിപ്പിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ ഒത്തിട്ടുണ്ട്‌. ഷാജിയും അസീസും മുന്‍പ് ഡെവിള്‍സിന്റെ ആളുകള്‍ ആയിരുന്നല്ലോ; ഇവന്‍ അവിടെ ചെന്ന് അവരെ കണ്ടു കൊട്ടേഷന്‍ കൊടുത്തതിന് അവരും സാക്ഷികള്‍ ആണ്. എന്നാലും രണ്ടുപേരും ക്രിമിനല്‍ ബാക്ക് ഗ്രൌണ്ട് ഉള്ളവര്‍ ആയതിനാല്‍, അവരുടെ മൊഴികള്‍ക്ക് കോടതി എന്ത് വില നല്‍കുമെന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട്, ഇതിലെ ഒരു മിസ്സിംഗ്‌ ലിങ്ക് കൂടി നമുക്ക് കിട്ടാനുണ്ട്. ഡെവിള്‍സിന്റെ ഏജന്റ്റ് ആയി പ്രവര്‍ത്തിക്കുന്ന, സമൂഹത്തില്‍ മാന്യന്റെ പരിവേഷമുള്ള ഒരാളെ നമുക്ക് പൊക്കണം. ആളൊരു വക്കീലാണ്; പേര് ടോം ഡിക്രൂസ്. ഡെവിള്‍സിന് കൊട്ടേഷന്‍ എത്തിച്ചു കൊടുത്ത് അതില്‍ നിന്നും കമ്മീഷനും, അവരുടെ ചെറിയ ചെറിയ കേസുകള്‍ കൈകാര്യം ചെയ്യുന്ന പണിയും ഉള്ള അവന്‍ അഡ്വക്കേറ്റ് ഭദ്രന്റെ ജൂനിയറും ആണ്” ഡോണ പറഞ്ഞു. “നീ എങ്ങനെ കണ്ടുപിടിച്ചെടി ഇതൊക്കെ? നിനക്ക് പറ്റിയ പണി ഇതല്ല..പോലീസിംഗ് ആയിരുന്നു നിനക്ക് ചേരുന്നത്” പൌലോസ് അത്ഭുതത്തോടെ പറഞ്ഞു. “ഇച്ചായാ, ചെയ്യുന്ന പണിയോട് ആത്മാര്‍ഥതയും ഉറച്ച ലക്ഷ്യബോധവും കഠിനമായ സമര്‍പ്പണവും ഉണ്ടെങ്കില്‍, നടക്കില്ല എന്ന് കരുതുന്ന കാര്യങ്ങള്‍ പോലും നടന്നെന്നിരിക്കും. പിന്നെ പത്രപ്രവര്‍ത്തനത്തിലും ഞങ്ങള്‍ നന്നായി അന്വേഷണം നടത്തിത്തന്നെ ആണ് പലതും കണ്ടുപിടിക്കുന്നത്..” ഡോണ പറഞ്ഞു. “നീ വളരെ മിടുക്കിയാണ്..ഐ അപ്പ്രീഷിയേറ്റ്‌..നൌ..ഈ ഡിക്രൂസിന്റെ റോള്‍ എന്താണ് ഈ കേസില്‍? അവനും കബീറും തമ്മില്‍ എന്ത് ബന്ധം?” “ബന്ധമൊന്നും ഇല്ല. പക്ഷെ കബീറിന് ഡെവിള്‍സിനെ മുട്ടിച്ചു കൊടുത്തത് അയാളാണ്. അയാള്‍ അത് സമ്മതിക്കുമെന്ന് കരുതണ്ട.

വക്കീല്‍ ആണെങ്കിലും പക്കാ ക്രിമിനല്‍ ആണ് അയാള്‍. നിയമത്തെ പരിരക്ഷിക്കേണ്ട തൊഴില്‍ നിയമം ലംഘിക്കാനും പണം ഉണ്ടാക്കാനും വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു പകല്‍ മാന്യന്‍. പെണ്ണും കള്ളും മുതല്‍ അവന്‍ അവന് തോന്നിയതുപോലെയൊക്കെയാണ് ജീവിക്കുന്നത്. ക്രിമിനല്‍സിനെ സഹായിച്ച് ലക്ഷങ്ങള്‍ അല്ലേ മാസവരുമാനം. അവന്‍ സ്വയം സമ്മതിക്കണം; കബീറിനെ ഡെവിള്‍സിന് പരിചയപ്പെടുത്തി കൊടുത്തത് അവനാണെന്ന്. ആ മൊഴിക്ക് കോടതിയില്‍ ഉറപ്പായും വിലയും കിട്ടും. അതുമായി ബന്ധപ്പെടുത്തി ഷാജിയുടെയും അസീസിന്റെയും മൊഴികള്‍ ചേര്‍ക്കുമ്പോള്‍, കബീര്‍ അവര്‍ക്ക് കൊട്ടേഷന്‍ നല്‍കി എന്നതിന്റെ ക്ലീന്‍ തെളിവാകും” ഡോണ പറഞ്ഞു നിര്‍ത്തിയിട്ട് പൌലോസിനെ നോക്കി. പൌലോസ് അനുകൂലഭാവത്തില്‍ തലയാട്ടിയ ശേഷം വാസുവിന് നേരെ മുഖം തിരിച്ചു. “വാസൂ..പോലീസിന് ഡിക്രൂസിനെ വെറുതെ പിടികൂടാന്‍ പറ്റില്ല. അതുകൊണ്ട് അവന്റെ കാര്യവും നീതന്നെ നോക്കണം. ഒരു നിഴലായി നിന്റെ പിന്നാലെ ഞാന്‍ കാണും. അവനെക്കൊണ്ട് എങ്ങനെ നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സമ്മതിപ്പിക്കും എന്നതാണ് ആലോചിക്കേണ്ട വിഷയം. അവന്റെ മൊഴി കിട്ടിയാല്‍ പിന്നെ കബീറിന് ഉരുണ്ടു കളിക്കാന്‍ പറ്റില്ല. നമുക്ക് കോടതിക്ക് നല്‍കാന്‍ വേണ്ട എല്ലാ തെളിവുകളും അതോടെ പൂര്‍ണ്ണമാകും. പക്ഷെ ഇവരുടെയൊക്കെ അറസ്റ്റ് ഈ കേസ് കോടതി പുനപരിശോധിച്ച് അനുമതി നല്‍കിയ ശേഷമേ പറ്റൂ എന്നുമാത്രം. എന്തായാലും നമ്മള്‍ ഈ മിഷന്റെ അവസാനത്തിലേക്ക് എത്തിക്കഴിഞ്ഞു. കബീറിന്റെ മൊഴി കിട്ടാന്‍ വേണ്ടി നമുക്ക് ഡിക്രൂസിനെ പൊക്കണം..അവനെ പിടിക്കുമ്പോള്‍ മുഖത്ത് പാടുകള്‍ ഒന്നും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.” പൌലോസ് പറഞ്ഞു. “അവന്റെ ഫോട്ടോയോ മറ്റോ ഉണ്ടോ? അതേപോലെ അവനെ എവിടെ ചെന്നാലാണ് കാണാന്‍ പറ്റുക എന്നും അറിയണം” വാസു ഇരുവരെയും നോക്കി പറഞ്ഞു. “ഇതാണ് ആള്‍..” ഡോണ മൊബൈലില്‍ ഡിക്രൂസിന്റെ ഫോട്ടോ അവനെ കാണിച്ച ശേഷം തുടര്‍ന്നു “ഇവന്‍ വൈകിട്ട് അഞ്ചരയോടെ വക്കീല്‍ ഓഫീസില്‍ നിന്നും ഇറങ്ങും. ഇറങ്ങിയാല്‍ മിക്കവാറും നേരെ പോകുന്നത് ഏതെങ്കിലും ബാറിലേക്ക് ആയിരിക്കും. അവന്‍ ഇറങ്ങാന്‍ കാത്ത് ഏതെങ്കിലും ക്ലയന്റ്സ് പുറത്ത് കാത്ത് നില്‍ക്കുന്നുണ്ടാകും. സീനിയര്‍ വക്കീല്‍ ഭദ്രന്റെ സെക്രട്ടറി കൂടിയായ അവനെ കാണാന്‍ ക്രിമിനലുകളുടെ തിരക്കാണ് എപ്പോഴും. അവരുടെ ചിലവിലാണ്‌ അവന്റെ നിത്യവുമുള്ള മദ്യപാനം” “സാറേ, അവനെ പൊക്കി കൊണ്ടുവരാന്‍ ഒരു വലിയ വണ്ടി വേണം..ജീപ്പോ കാറോ മറ്റോ. ബൈക്കില്‍ പറ്റില്ല” വാസു പറഞ്ഞു.

“അക്ബര്‍ വണ്ടി കൊണ്ടുവരും. നീ വീട്ടില്‍ ചെല്ലുമ്പോള്‍ അവനവിടെ കാണും..പക്ഷെ അവന്‍ സര്‍വീസില്‍ ഉള്ളതുകൊണ്ട് നേരില്‍ നിന്നെ സഹായിക്കില്ല..വണ്ടി ഓടിക്കാന്‍ മാത്രമേ അവന്‍ വരൂ…..” പൌലോസ് പറഞ്ഞു. “അത് മതി സാറെ..വണ്ടി ഇല്ലാതെ പറ്റില്ല അതാണ് ഞാന്‍ പറഞ്ഞത്….” “ശരി..അവനെ കിട്ടിയാല്‍ അന്ന് നിന്നെ ഞാന്‍ കാണിച്ച ആ സ്ഥലത്തേക്ക് കൊണ്ട് പോകുക. ഡോണയും ഞാനും അവിടെ എത്തിക്കോളാം. കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ എന്നെ വിവരം അറിയിക്കണം” “ശരി സര്‍” “എടി..നിനക്ക് അവനെ കാണണ്ടേ?” പൌലോസ് ഡോണയെ നോക്കി ചോദിച്ചു. “ആരെ?” “ഇന്നലെ വാസുവിനെ കൊല്ലാന്‍ ചെന്നവനെ? ലോക്കപ്പിലുണ്ട് അവനും ടീമും. കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഡെവിള്‍സ് അയച്ചതാണ് എന്നവന്‍ സമ്മതിച്ചിട്ടില്ല. മുമ്പെങ്ങോ വാസു അവന്റെ ആളുകളെ അടിച്ചതിനു പകരം ചോദിക്കാന്‍ എന്നാണ് തന്നിരിക്കുന്ന മൊഴി..” പൌലോസ് പറഞ്ഞു. “അവന്‍ സമ്മതിച്ചില്ലെങ്കിലും നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ..എനിക്ക് കാണണ്ട അവനെ..ഒരിക്കലും രക്ഷപെടാത്ത വിധത്തില്‍ നല്ല രീതിയില്‍ തന്നെ അവനെതിരെ ഇച്ചായന്‍ റിപ്പോര്‍ട്ട് നല്‍കണം..” ഡോണ പറഞ്ഞു. “അത് ഞാന്‍ ഏറ്റു. മിനിമം ഒരു അഞ്ചു വര്‍ഷം അവന്‍ അകത്ത് കിടക്കാനുള്ള വകുപ്പ് ഞാന്‍ ഒപ്പിക്കും” “എങ്കില്‍ ഞാന്‍ പോട്ടെ ഇച്ചായാ..ഇവനെന്നെ വീട്ടില്‍ വിട്ടിട്ട് ഡിക്രൂസിനെ കാണാന്‍ പൊയ്ക്കോട്ടേ..അവനെ കിട്ടിയാല്‍ എപ്പോഴാണ് പോകേണ്ടത് എന്ന് വച്ചാല്‍ ഇച്ചായന്‍ എന്നെ അറിയിച്ചാല്‍ മതി” ഡോണ പോകാന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. “അറിയിക്കാം. വാസൂ..അധികം ആരുടെയും ശ്രദ്ധയില്‍ പെടാതെ വേണം കാര്യം നടത്താന്‍. പത്തു പേരറിയുന്ന ഒരു വക്കീലാണ് കക്ഷി. ഇവള് എന്നേം നിന്നേം പുലിവാല്‌ പിടിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞ എടുത്തിരിക്കുവല്ലേ. ചെയ്യാതെ പറ്റില്ലല്ലോ…..” “പറ്റിയാല്‍ അവനെ ഞാന്‍ ഇന്ന് തന്നെ പൊക്കിക്കൊളാം സാറെ..” വാസു ചിരിച്ചുകൊണ്ട് പറഞ്ഞു. ഡോണ പൌലോസിനെ നോക്കി ചുണ്ടുകള്‍ വെട്ടിച്ചു ഹും എന്ന് പറഞ്ഞിട്ട് കപട ദേഷ്യത്തോടെ വെളിയിലേക്ക് ഇറങ്ങി. ————————–

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ഡൊമസ്റ്റിക്ക് ടെര്‍മിനലിന്റെ മുന്‍പില്‍ മാലിക്കിന്റെ പജേറോ ബ്രേക്കിട്ടു. പല വാഹനങ്ങളുടെ തിരക്കിനിടയില്‍ നിന്നിരുന്ന ആ വണ്ടി പ്രത്യേകമായി ആരുടെയും ശ്രദ്ധ ആകര്‍ഷിച്ചില്ല. തിരക്കുകള്‍ക്ക് ഇടയിലൂടെ ഏതാണ്ട് അഞ്ചരയടിയില്‍ താഴെ ഉയരമുള്ള, ഒരു ചെറിയ മനുഷ്യന്‍ തോളില്‍ ഒരു ബാഗുമായി ചെന്ന് ആ വണ്ടിയുടെ മുന്‍ സീറ്റില്‍ കയറിയിരുന്നു. “ഹായ് മിസ്റ്റര്‍ ദ്വിവേദി..വെല്‍ക്കം ടു കൊച്ചി..” മാലിക്ക് അയാള്‍ക്ക് ഹസ്തദാനം നല്‍കി. “താങ്ക്സ് ബോസ്..നൈസ് ടു മീറ്റ്‌ യു” അയാള്‍ ചിരിച്ചു. മാലിക്ക് അയാളെ നോക്കി പുഞ്ചിരിച്ച ശേഷം വണ്ടി മുന്‍പോട്ടെടുത്തു. എയര്‍പോര്‍ട്ടില്‍ നിന്നും വണ്ടി റോഡിലേക്ക് ഇറങ്ങിയപ്പോള്‍ മാലിക്കിന്റെ ഒപ്പം കയറിയ ആള്‍ ബാഗില്‍ നിന്നും ഒരു വിദേശ മദ്യടിന്‍ എടുത്ത് അതിന്റെ അടപ്പ് തുറന്നു. “ഒരു സ്മാള്‍?” മാലിക്കിനെ നോക്കി അയാള്‍ ചോദിച്ചു. “ഏയ്‌ വേണ്ട. നിങ്ങള്‍ കുടിച്ചോ..” മാലിക്ക് അയാളെ നോക്കാതെ വണ്ടി ഓടിക്കുന്നതില്‍ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു. ഹിന്ദിയില്‍ ആയിരുന്നു അവരുടെ സംസാരം. അയാള്‍ മദ്യം ലേശം കുടിച്ച ശേഷം ടിന്‍ തിരികെ അടച്ചു വച്ചു. “താങ്കളെ കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ ധാരണ താങ്കള്‍ ഒരു ആറര അടി ഉയരമുള്ള ഒരു ആജാനുബാഹു ആയിരിക്കുമെന്നാണ്.” മാലിക്ക് ഒരു വണ്ടിയെ മറികടക്കുന്നതിനിടെ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഹഹ്ഹ..ഒരു കില്ലര്‍ വലിയ ഒരു ദേഹത്തിന്റെ ഉടമ ആയിരിക്കണം എന്നൊക്കെ ഉള്ളത് സിനിമാക്കാരുടെ സങ്കല്പം അല്ലെ ബോസ്. ചെറിയ ശരീരമാണ് ഈ ജോലിക്ക് ഏറ്റവും നല്ലത് എന്ന് അവന്മാര്‍ക്ക് അറിയില്ലല്ലോ” അയാള്‍ മൃദുവായ ശബ്ദത്തില്‍ പറഞ്ഞു. “അതെ..യു ആര്‍ റൈറ്റ്. മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാത്ത ആളായിരിക്കണം ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍. വേണ്ടത് ബുദ്ധിയും ശാരീരികക്ഷമതയും ആണ്” “താങ്കള്‍ പറഞ്ഞ ആറരയടി പൊക്കമുള്ള രണ്ടോ മൂന്നോ പേരെ നിസ്സാരമായി അടിച്ചിടാന്‍ എനിക്ക് മിനിട്ടുകള്‍ മതി..സൈസില്‍ ഒന്നും കാര്യമില്ല ബോസ്” അതിനു മറുപടിയായി മാലിക്ക് പുഞ്ചിരിച്ചപ്പോള്‍ അയാള്‍ വീണ്ടും മദ്യം സിപ് ചെയ്തു. “ആരാണ് എന്റെ ഇര?” അയാള്‍ റോഡിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. “എല്ലാം അവിടെ ചെന്ന ശേഷം പറയാം. താങ്കളെപ്പോലെ ഒരാള്‍ക്ക് ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്യാവുന്ന കാര്യമേ ഉള്ളു. ഞങ്ങള്‍ക്കും വയ്യാഞ്ഞിട്ടല്ല..പക്ഷെ ഇവിടെ ചില പ്രശ്നങ്ങള്‍ ഉണ്ട്. അതുകൊണ്ട് പോലീസ് സംശയിക്കനിടയുള്ള ഒന്നിലും നേരിട്ട് ഇടപെടാന്‍ പറ്റാത്തത് കൊണ്ടാണ് താങ്കളുടെ സേവനം തന്നെ തേടിയത്..ഇത് വിജയകരമായി നടന്നാല്‍, ചിലപ്പോള്‍ ഒന്നോ രണ്ടോ കേസുകള്‍ കൂടി താങ്കള്‍ക്ക് ഞങ്ങള്‍ തരാനിടയുണ്ട്..”

“ഇന്നേവരെ ഞാന്‍ ആകെ പരാജയപ്പെട്ടത് രണ്ടു കേസുകളില്‍ മാത്രമാണ്. അത് എന്റെ കഴിവുകേട് കൊണ്ട് പറ്റിയതല്ല..പോലീസ് സംഭവം മണത്തറിഞ്ഞു എന്നെ തോല്‍പ്പിച്ചതാണ്. ഇവിടെ അങ്ങനെയുള്ള പ്രശ്നം ഒന്നുമില്ലെങ്കില്‍ വിജയം ഉറപ്പ്..” “ഈ വിവരം ഞങ്ങള്‍ മൂന്നുപേര്‍ക്ക് മാത്രമേ അറിയൂ..പോലീസിനെ താങ്കള്‍ പേടിക്കേണ്ട..അവരിത് സംഗതി നടന്ന ശേഷമേ അറിയൂ” വണ്ടി തങ്ങളുടെ ബംഗ്ലാവിന്റെ ഉള്ളിലേക്ക് ഓടിച്ചു കയറ്റിക്കൊണ്ട് മാലിക്ക് പറഞ്ഞു. അല്‍പ്പം അകലെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ നിന്നും ലോങ്ങ്‌ റേഞ്ച് ഉള്ള ക്യാമറയില്‍ ആ വണ്ടിയും, അതില്‍ നിന്നും മാലിക്കിന്റെ ഒപ്പം ഇറങ്ങിയ ആളിന്റെ ചിത്രവും പതിഞ്ഞു കഴിഞ്ഞ വിവരം അയാളുമായി ഉള്ളിലേക്ക് കയറിയ മാലിക്കോ, അയാളോ പക്ഷെ അറിഞ്ഞില്ല. ——————- “സാറേ..അടി വല്ലതും ഉണ്ടെങ്കില്‍ എന്നെ ഒന്ന് കാണിച്ചു ചെയ്യണം. അന്ന് രാത്രി മാഞ്ചിയത്തെ സാറടിച്ച ആ അടി കാണാന്‍ പറ്റാതെ പോയതിന്റെ വെഷമം ഇപ്പോഴും മാറീട്ടില്ല.” സന്ധ്യയ്ക്ക് ഡിക്രൂസിനെ തേടിയുള്ള യാത്രയ്ക്കിടെ അക്ബര്‍ അടുത്തിരിക്കുകയായിരുന്ന വാസുവിനോട് പറയുകയായിരുന്നു. “നമ്മള് പിടിക്കാന്‍ പോകുന്ന സാറിന് ദേഹക്ഷതം ഒന്നും ഏല്‍ക്കാന്‍ പാടില്ല എന്നാണ് പൌലോസ് സാറിന്റെ കല്‍പന. അതുകൊണ്ട് അടി നടക്കുമോ എന്ന് പറയാന്‍ പറ്റില്ല ഇക്കാ…” വാസു സാറ് വിളി മാറ്റി അക്ബറിനെ ഇക്ക എന്ന് വിളിക്കാന്‍ തീരുമാനിച്ചിരുന്നു. “ഹോ..സാറെന്നു സാറ് വിളിക്കുമ്പോള്‍ എന്തോ ഒരു സുഖമില്ലാരുന്നു കേള്‍ക്കാന്‍. ഇപ്പൊ ഇക്കാന്നു വിളിക്കുമ്പം എന്തോ ഒരിത്” അക്ബര്‍ പറഞ്ഞു. “പക്ഷെ വെറും ഏഴാംകൂലിയായ എന്നെ ഇക്ക സാറെന്നു വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ എനിക്കെന്റെ തൊലി ഉരിഞ്ഞു പോന്ന പോലാ..” ‘പൌലോസ് സാറ് വാസു സാറിനെ കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന് ജനിക്കാതെ പോയ അനിയന്‍ എന്നാണ്. അത്രയ്ക്ക് കാര്യമാ സാറിനെ അദ്ദേഹത്തിന്..മറ്റു എല്ലാ ജോലികളില്‍ നിന്നും മാറ്റിയിട്ടാണ് സാറിന്റെ സെക്യൂരിറ്റി എന്നെ ഏല്‍പ്പിച്ചത്. അന്ന് സാറ് ആ ജൂവലറി മുതലാളിയുടെ വീട്ടില്‍ പോയപ്പോള്‍ വെളിയില്‍ ഞാനുണ്ടായിരുന്നു..ഉള്ളില്‍ നടന്ന വിവരമൊന്നും പക്ഷെ എനിക്കറിയാന്‍ പറ്റിയില്ല. പിന്നെ പൌലോസ് സാറ് പറഞ്ഞാ ഒക്കെ ഞാന്‍ അറിഞ്ഞത്..സാറിന്റെ ധൈര്യം സമ്മതിക്കണം” അക്ബര്‍ ആരാധനയോടെ അവനെ നോക്കി. “ഇക്കാ..എന്നെ പേര് വിളിക്കാമോ? ഇല്ലെങ്കില്‍ അനിയാന്നു വിളിച്ചോ..” വാസു പരിഭവത്തോടെയാണ് അത് പറഞ്ഞത്.

“ശരി വാസു അനിയാ..ഇനിയിപ്പോള്‍ നമ്മള് തമ്മില്‍ എന്ത് ഫോര്‍മാലിറ്റി? അത് പോട്ടെ..അനിയന്‍ വീശുന്ന കൂട്ടത്തിലാണോ?” “അത്യാവശ്യം…” “അത് മതി; അനിയന്മാര്‍ അത്യാവശ്യം വീശിയാ മതി; ബാക്കി ഞാന്‍ വീശിക്കോളാം. ഇന്നത്തെ പണി കഴിഞ്ഞാ നമുക്ക് രണ്ടുപേര്‍ക്കും കൂടി ഒന്നിരിക്കണം. എന്റെ ഒരു ആഗ്രഹമാ” “പിന്നെന്താ ഇക്കാ..ആയിക്കളയാം. ആദ്യം ലവനെ തൂക്കിയെടുത്ത് സാറിന്റെ മുന്‍പില്‍ ഇട്ടുകൊടുത്ത ശേഷം നമുക്ക് ഇരിക്കാം” വാസു ചിരിച്ചുകൊണ്ട് പറഞ്ഞു. “അതുമതി..പിന്നെ അനിയാ എനിക്ക് അവന്റെ കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ പറ്റത്തില്ല. സര്‍വീസില്‍ ഇരിക്കെ ഓഫ് ഡ്യൂട്ടി പാടില്ല..പ്രത്യേകിച്ചും ആ തെണ്ടി ഒരു വക്കീല് കൂടിയായ സ്ഥിതിക്ക് കൂടുതല്‍ സൂക്ഷിക്കണം. നേരെ ചൊവ്വേ പെന്‍ഷന്‍ പറ്റണം എന്നൊരു ആഗ്രഹം എനിക്ക് ഉണ്ടേ..പൌലോസ് സാറ് എന്ത് പ്രശ്നം ഉണ്ടെങ്കിലും നമ്മുടെ കൂടെ നില്‍ക്കും എന്നുള്ള ധൈര്യത്തിലാണ് ഞാന്‍ ഇതിനൊക്കെ വരുന്നത്..” അക്ബര്‍ നഗരത്തിലെ തിരക്കേറിയ ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തിക്കൊണ്ട് പറഞ്ഞു. “ഇക്ക വണ്ടി ഓടിച്ചാല്‍ മാത്രം മതി. ഞാന്‍ അവനെയും കൊണ്ട് വരുമ്പോള്‍ അവന്‍ മുഖം കാണാതിരിക്കാന്‍ ഇക്ക ഒന്ന് ശ്രദ്ധിച്ചേക്കണം..” വാസു വണ്ടിയില്‍ നിന്നും ഇറങ്ങിക്കൊണ്ട് പറഞ്ഞു. റോഡിലൂടെ നിരവധി വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. വര്‍ണ്ണ മനോഹരങ്ങളായ വൈദ്യുതി ദീപങ്ങള്‍ കൊണ്ടലങ്കരിച്ച ബോര്‍ഡുകള്‍ വച്ച കടകളും, നിരത്തിലെ വൈദുതി വിളക്കുകളും പ്രകാശം പരത്തി നീങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങളും തിരക്കിട്ട് പല ആവശ്യങ്ങള്‍ക്കായി ഫുട്ട്പാത്തുകളിലൂടെ നടക്കുന്ന മനുഷ്യരും എല്ലാം ചേര്‍ന്ന് ഒരു ഉത്സവ പ്രതീതി ആ സന്ധ്യക്ക് സമ്മാനിച്ചിരുന്നു. “ഇവന് ഇത്രേം തിരക്കുള്ള സ്ഥലത്തെ ബാറില്‍ തന്നെ വന്നിരിന്നു കുടിക്കേണ്ട വല്ല കാര്യവുമുണ്ടോ? നമ്മുടെ ജോലിപ്പാട് കൂട്ടാന്‍ ഓരോന്ന് ഇറങ്ങും. ഇക്ക ഒരു കാര്യം ചെയ്യ്‌..വണ്ടി ബാറിന്റെ ഉള്ളിലെ പാര്‍ക്കിങ്ങില്‍ ഇട്..അവനെയും കൊണ്ട് റോഡിലേക്ക് വരുന്നത് ശരിയല്ല. കഴിവതും ആരും അറിയാതെ അവനെ തൂക്കണം എന്നാണ് പൌലോസ് സാറ് പറഞ്ഞിരിക്കുന്നത്” വാസു ചുറ്റും നിരീക്ഷിച്ചുകൊണ്ട് പറഞ്ഞു.

“ഒരു ബാറിന്റെ മുന്‍പില്‍ വന്നിട്ട് ഒരു നിപ്പന്‍ എങ്കിലും അടിക്കാതെ പോകുന്നത് ഗുരുത്വദോഷം ആണെന്ന് എന്റെ ആശാന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അനിയന്‍ കേറുമ്പോള്‍ ഉള്ളില്‍ ഞാനും കാണും. എനിക്ക് അവനെ പൊക്കുന്ന സീന്‍ നേരില്‍ ഒന്ന് കാണണം” അക്ബര്‍ വണ്ടി മെല്ലെ മുന്‍പോട്ടു നീക്കിക്കൊണ്ട് പറഞ്ഞു. “ഇക്ക ആവേശം മൂത്ത് കേറി ഇടപെടരുത്..പണി പോകും..ങാ” വാസു ഓര്‍മ്മപ്പെടുത്തി. “യ്യോ ഓര്‍മ്മ ഉണ്ടനിയാ..രണ്ടു പെണ്‍ പിള്ളാരെയാ പടച്ചോന്‍ എനിക്ക് തന്നേക്കുന്നത്.. അതുങ്ങളെ ഓര്‍ക്കാതെ എനിക്ക് ജീവിക്കാന്‍ ഒക്കുമോ” “എന്നാല്‍ ശരി..ഇക്ക റെഡി ആയിരിക്കണം. ഞാന്‍ ഏതു നിമിഷവും അവനെയും കൊണ്ട് പുറത്തെത്തും” വാസു പറഞ്ഞു. “ഓ ശരി” വാസു ബാറിന്റെ കോമ്പൌണ്ടിലേക്ക് കയറി. വൈകുന്നേരം കുടിയന്മാരുടെ അസാമാന്യമായ തിരക്ക് അവിടെ ഉണ്ടായിരുന്നു. അതിന്റെ ഇടയിലൂടെ വണ്ടി കയറ്റി അക്ബര്‍ ഉള്ളിലേക്ക് വന്നപ്പോള്‍ ബൈക്കില്‍ വന്ന രണ്ടു പയ്യന്മാര്‍ ഇഷ്ടപ്പെടാത്ത മട്ടില്‍ അയാളെ നോക്കി. “എന്താടാ..ങേ?” അക്ബര്‍ മുരണ്ടു. “ഒന്നുമില്ലേ..” അവന്മാര്‍ വണ്ടിയുമായി വേഗം സ്ഥലം വിട്ടു. വാസു ഉള്ളിലേക്ക് കയറുന്നത് നോക്കി വണ്ടി തിരിച്ചിട്ട ശേഷം അക്ബര്‍ ഇറങ്ങി. ശീതീകരിച്ച ബാറിനുള്ളിലെ കൌണ്ടറിനു സമീപം അക്ബര്‍ എത്തി ഒരു പെഗ് റം ഓര്‍ഡര്‍ ചെയ്തു. അരണ്ടവെളിച്ചത്തില്‍ പോകുന്ന വാസുവിനെ നോക്കിക്കൊണ്ട് അയാള്‍ അവിടെത്തന്നെ നിന്നു. എല്ലാ മേശകളിലും ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ക്കിടയിലൂടെ മദ്യവും മറ്റു വിഭവങ്ങളുമായി തിരക്കിട്ട് നടക്കുന്ന ബാര്‍ ജീവനക്കാര്‍. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ നേരിടാനായി കൌണ്ടറിനു സമീപം ബാറുകാര്‍ ജോലിക്ക് നിര്‍ത്തിയിരുന്ന രണ്ട് തടിയന്മാരും എല്ലാവരെയും നിരീക്ഷിച്ചുകൊണ്ട് നില്‍പ്പുണ്ടായിരുന്നു. ഉള്ളിലേക്ക് കയറിയ വാസു ഒരു ക്യാബിന്റെ ഉള്ളില്‍ നാലുപേരുമായി ഇരുന്നു മദ്യപിച്ചുകൊണ്ട് ഉറക്കെ സംസാരിച്ച് ചിരിക്കുന്ന ഡിക്രൂസിനെ കണ്ട് അങ്ങോട്ട്‌ നടന്നു. കറുത്ത നിറമുള്ള അയാള്‍ താടി വളര്‍ത്തിയിരുന്നു. ഒപ്പമിരിക്കുന്നവര്‍ വേഷവിധാനത്തില്‍ നിന്നും മട്ടില്‍ നിന്നും ഗുണ്ടകളാണ് എന്ന് വാസുവിന് തോന്നി. അവന്‍ ക്യാബിന്റെ വാതില്‍ക്കലെത്തി ഉള്ളിലേക്ക് നോക്കി അത് ഡിക്രൂസ് തന്നെയാണ് എന്ന് ഒരിക്കല്‍ക്കൂടി ഉറപ്പ് വരുത്തിയ ശേഷം ഉള്ളിലേക്ക് കയറി. “ഹേയ് മിസ്റ്റര്‍, ഈ ക്യാബിന്‍ ഞങ്ങള്‍ ബുക്ക് ചെയ്തതാണ്..താങ്കള്‍ പുറത്ത് സ്ഥലം നോക്കണം” ഡിക്രൂസ് ഉള്ളിലേക്ക് വന്ന വാസുവിനോട് പറഞ്ഞു.

“ഞാന്‍ ഇരിക്കാന്‍ വന്നതല്ല..സാറിനെ കാണാന്‍ വന്നതാണ്‌. എനിക്ക് സാറിനോട് ഒന്ന് സംസാരിക്കണമായിരുന്നു” വാസു വിനയത്തോടെ പറഞ്ഞു. “വല്ല കേസിന്റെയും കാര്യമാണ് എങ്കില്‍ ഇന്നിനി പറ്റില്ല. നാളെ ഓഫീസിലോട്ട് വാ” ഡിക്രൂസ് ബീഫിന്റെ കഷണം എടുത്ത് വായിലേക്ക് തള്ളുന്നതിനിടെ പറഞ്ഞു. “അയ്യോ സാറേ..എനിക്ക് ഇന്ന് തന്നെ ഒരു കാര്യം സാധിക്കാനുണ്ട്. ഞാന്‍ ഓഫീസില്‍ ചെന്നപ്പോഴാണ് സാറ് ഇങ്ങോട്ട് വന്നുകാണും എന്നറിഞ്ഞത്. നേരെ ഇങ്ങു പോരുകയായിരുന്നു ഉടന്‍തന്നെ..സാറ് വിരോധമില്ലെങ്കില്‍ ഒന്ന് പുറത്തോട്ടു വരണം..ഒരിടം വരെ പോകാനാണ്..അത്യാവശ്യവുമാണ്” വാസു പറഞ്ഞു. “നോക്ക് മിസ്റ്റര്‍…ഞാന്‍ പറഞ്ഞു..എന്റെ വര്‍ക്കിംഗ് അവേഴ്സ് കഴിഞ്ഞാല്‍പ്പിന്നെ യാതൊന്നിനും എന്നെ കിട്ടില്ല. നിങ്ങള് നിന്നു സമയം കളയാതെ പോ..മാത്രമല്ല ഇവരുമായി മറ്റൊരു കേസിന്റെ കാര്യം ചര്‍ച്ച ചെയ്യുകയുമാണ്‌ ഞാന്‍” “അതെ..ഇന്ന് സാറ് ഞങ്ങളുടെ ഗസ്റ്റ് ആണ്. ബ്രോ പോ..പോയിട്ട് നാളെ ആപ്പീസിലോട്ട് ചെല്ല്..അല്ലേടാ ഷാജീ..” ഒരുത്തന്‍ പുച്ഛം കലര്‍ന്ന സ്വരത്തില്‍ വാസുവിനോട് പറഞ്ഞു. മറ്റുള്ളവരും ഡിക്രൂസും അതുകേട്ടു ചിരിച്ചു. “സാറ് വരുന്നോ അതോ ഞാന്‍ സാറിനെ കൊണ്ടുപോണോ..ഞാന്‍ ആദ്യമേ പറഞ്ഞു ഒരു അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന്” വാസു സ്വരം ലേശം മാറ്റിയാണ് അത് പറഞ്ഞത്. “ങാഹാ ഇവന്‍ ആളു കൊള്ളാമല്ലോ.. സാറിനെ നീ കൊണ്ടുപോകും അല്യോ? അതും ഞങ്ങള്‍ കൂടെ ഉള്ളപ്പോള്‍ത്തന്നെ..എന്നാ മോന്‍ ഒന്ന് കൊണ്ടുപോയി കാണിച്ചേ” അവനെ കളിയാക്കി സംസാരിച്ചവന്‍ പറഞ്ഞു. “പോകാന്‍ നോക്കെടാ ചെക്കാ..കള്ളുകുടിച്ച് ചുമ്മാ വീരസ്യം കാണിക്കാതെ..പോ പോ..ഇല്ലേല്‍ തടി കേടാകും” ഡിക്രൂസ് വാസു പറഞ്ഞതിന് പുല്ലുവില നല്‍കാതെ പറഞ്ഞു. വാസു ഡിക്രൂസിന്റെ അരികിലേക്ക് നീങ്ങിയതും അവനോട് സംസാരിച്ചവന്‍ എഴുന്നേറ്റ് നടുവില്‍ നിന്നുകൊണ്ട് അവനെ തടഞ്ഞു. “ബാറാണ്..ചുമ്മാ അലമ്പുണ്ടാക്കാതെ പോടാ കോപ്പേ..” അവന്‍ മെല്ലെ വാസു കേള്‍ക്കാന്‍ മാത്രം ശബ്ദത്തില്‍ മുരണ്ടു. വാസു അവന്റെ കണ്ണിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. അടുത്ത നിമിഷം അവന്റെ കൈ അയാളുടെ നെഞ്ചിനു താഴെ, വാരിയെല്ലുകള്‍ക്ക് തൊട്ടു താഴെ നടുവിലായി ശക്തമായി പതിഞ്ഞു. അവന്‍ നിലത്തേക്ക് ചെറിയ ഒരു ഞരക്കത്തോടെ ഇരിക്കുന്നത് ഡിക്രൂസും കൂടെ ഉണ്ടായിരുന്നവരും മാത്രമല്ല,

കൌണ്ടറില്‍ നിന്നിരുന്ന അക്ബറും കണ്ടു. അപ്പോള്‍ത്തന്നെ തന്റെ പിന്‍കഴുത്തില്‍ എന്തോ ചെറിയ തണുപ്പ് അനുഭവപ്പെടുന്നതും ഡിക്രൂസ് അറിഞ്ഞു. “പോയിന്റ് .45..സ്വിസ് മെയിഡ് പിസ്റ്റള്‍ ആണ് നിന്റെ കഴുത്തില്‍ മുട്ടിയിരിക്കുന്നത്….മര്യാദയ്ക്ക് എഴുന്നേറ്റ് ഒരക്ഷരം മിണ്ടാതെ എന്റെ കൂടെ വന്നോ..ഇല്ലേല്‍ ഇവിടെ വച്ചു തന്നെ നിന്നെ ചുട്ടുകളയും..ഉം” വാസു കുനിഞ്ഞ് അവന്റെ കാതില്‍ മുരണ്ടു. ഡിക്രൂസ് ഞെട്ടി വിറച്ചുപോയി. ഇടതു കണ്ണുകൊണ്ട് അവന്‍ റിവോള്‍വര്‍ കണ്ടു. മറ്റുള്ളവര്‍ വാസുവിനെ വളയാന്‍ ചാടി എഴുന്നേറ്റെങ്കിലും ഡിക്രൂസ് അവരെ കൈ കാണിച്ച് ഇരുത്തി. “വേണ്ട..ഞാനിപ്പോള്‍ വരാം..നിങ്ങള്‍ ഇവിടിരിക്ക്” അയാള്‍ അവരോടു പറഞ്ഞു. വാസു കൈലേസിന്റെ ഉള്ളിലാണ് റിവോള്‍വര്‍ വച്ചിരുന്നത്; മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്ത വിധത്തില്‍. ഡിക്രൂസ് എഴുന്നേറ്റപ്പോള്‍ അവന്‍ അത് അവന്റെ ഇടുപ്പിനോട് ചേര്‍ത്ത് വച്ചു. “നടന്നോ..” വാസു മന്ത്രിച്ചു. ഡിക്രൂസിനെ നടത്തിച്ചു കൊണ്ടുവരുന്ന വാസുവിനെ നോക്കിയിട്ട് അക്ബര്‍ വേഗം വെളിയിലേക്ക് ചെന്ന് വണ്ടിയില്‍ കയറി അത് സ്റ്റാര്‍ട്ട്‌ ആക്കി. ———————— “ഇത് എവിടെയാണ്? നിങ്ങള്‍ എന്ത് പോക്രിത്തരം ആണ് കാണിക്കുന്നത്? ഞാനാരാണെന്ന് എന്ന് നിനക്കൊന്നും അറിയില്ല..എല്ലാത്തിനെയും ഞാന്‍ അഴി എണ്ണിക്കും” കൈകാലുകള്‍ കെട്ടപ്പെട്ട നിലയില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന ഡിക്രൂസ് മുന്‍പില്‍ ഇരുന്നിരുന്ന പൌലോസ്, ഡോണ, വാസു, അക്ബര്‍ എന്നിവരെ നോക്കി അലറി. “കൂള്‍ ഡൌണ്‍ ഡിക്രൂസ്..നിന്നെ എനിക്കും ഈ ഇരിക്കുന്നവര്‍ക്കും നന്നായി അറിയാം..പിന്നെ ഞാന്‍ പൌലോസ്. മട്ടാഞ്ചേരി എസ് ഐ ആണ്. ഇവള്‍ ഡോണ; എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍. തല്‍ക്കാലം ഞങ്ങളെ മാത്രം നീ അറിഞ്ഞാല്‍ മതി. നീ എന്തോ ചെയ്യും എന്ന് പറഞ്ഞല്ലോ..അത് ചെയ്യാന്‍ വേണ്ടിയാണ് ഐഡന്റിറ്റി വെളിപ്പെടുത്തിയത്..ദാ നോക്ക്..എന്റെ ഐ ഡി.. “ പൌലോസ് തന്റെ ഔദ്യോഗിക ഐ ഡി കാര്‍ഡ് അയാളെ കാണിച്ചു. “ഹും പോലീസ്..എന്തിനാണ് നിങ്ങളെന്നെ ഇവിടെ കൊണ്ടുവന്നത്? എസ് ഐ അല്ല..കമ്മീഷണര്‍ ആയാലും ഇതിനു നിങ്ങള്‍ അനുഭവിക്കും..പറയുന്നത് ഭദ്രന്‍ വക്കീലിന്റെ ജൂനിയര്‍ ഡിക്രൂസ് ആണ്..” ഡിക്രൂസ് പകയോടെ മുരണ്ടു. “ഡാ ഡിക്രൂസെ..നീ ഇപ്പോള്‍ ഏതു സ്ഥലത്താണ് എന്ന് നിനക്ക് ഊഹിക്കാന്‍ പോലും പറ്റില്ല. നീ ഇവിടെ നിന്നും പുറത്ത് പോയാലെ നിന്റെ ഏതഭ്യാസവും നടക്കൂ. അങ്ങനെ നീ പുറത്ത് പോകണം എങ്കില്‍,

ഞങ്ങള്‍ തീരുമാനിക്കണം. പിന്നെ, അഥവാ നീ പുറത്ത് പോയാലും, ഒരക്ഷരം നീ ഞങ്ങള്‍ക്കെതിരെ ആരോടും പറയില്ല..കാരണം, നിന്റെ കുറെ കഥകള്‍ ക്ലീന്‍ തെളിവോടെ ഞങ്ങളുടെ പക്കലുണ്ട്. രണ്ടു ദിവസം മുന്‍പ് നീ ഹോട്ടല്‍ സീബേഡിലെ ഇരുന്നൂറ്റി നാലാം നമ്പര്‍ മുറിയില്‍ ഒപ്പം കൊണ്ടുപോയ ശ്വേത എന്ന വടക്കേ ഇന്ത്യക്കാരി പെണ്ണ് എന്റെ ഒരു പരിചയക്കാരി ആണ്..അവള്‍ക്ക് നിന്റെ ഭാര്യയെ ഒന്ന് കാണണം എന്നൊരു ആഗ്രഹം പറഞ്ഞിരുന്നു..വേണ്ടി വന്നാല്‍ കാണിക്കാം എന്ന് ഞാനവളോട് പറയുകയും ചെയ്തു. പിന്നെ നമ്മുടെ കോഴിക്കോടുകാരി ആമിന..ഓര്‍മ്മ കാണും…” പൌലോസ് അവന്റെ കണ്ണിലേക്ക് നോക്കി അവനെ ആക്കുന്ന ചിരിയോടെ പറഞ്ഞു. ഡിക്രൂസിന്റെ മുഖത്ത് ജാള്യതയും പരിഭ്രമവും പരക്കുന്നത് പൌലോസ് ശ്രദ്ധിച്ചു. “ഓക്കേ..ഓക്കേ..എന്താണ് നിങ്ങള്‍ക്ക് വേണ്ടത്..എന്നെ എന്തിനാണ് ഇങ്ങനെ കെട്ടിവച്ചിരിക്കുന്നത്? ഞാന്‍ ഓടിപ്പോകില്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ..” ഡിക്രൂസ് സ്വരം അല്‍പ്പം മയപ്പെടുത്തിയത് എല്ലാവരും ശ്രദ്ധിച്ചു. “നീ ഈ ഇരുപ്പ് അപ്പോള്‍ വരെ തുടരും; എപ്പോള്‍ വരെ? ഞങ്ങള്‍ക്ക് വേണ്ടത് നിന്നില്‍ നിന്നും കിട്ടുന്ന നിമിഷം വരെ…നൌ ഡോണ..യുവര്‍ ടേണ്‍..” പൌലോസ് ഡോണയെ നോക്കി. അവള്‍ ക്യാമറ എപ്പോഴേ ഡിക്രൂസ് അറിയാതെ പ്രവര്‍ത്തിപ്പിച്ചു വച്ചിരുന്നു. “മിസ്റ്റര്‍ ഡിക്രൂസ്..ഈ ആളെ നിങ്ങള്‍ അറിയും..ശരിയല്ലേ?” കബീറിന്റെ ഫോട്ടോ കാണിച്ച് അവള്‍ ചോദിച്ചു. “യെസ് അറിയും” “ഇയാളുടെ പേര്?” “കബീര്‍..” “ഫുള്‍ നെയിം” “നിങ്ങള്‍ എന്താ കോടതിയിലേത് പോലെ എന്നെ വിസ്തരിക്കുകയാണോ?” ഡിക്രൂസ് അവളുടെ ചോദ്യം ചെയ്യല്‍ ഇഷ്ടപ്പെടാതെ ചോദിച്ചു. “ഡാ..ചോദിച്ചതിനു മറുപടി പറയടാ..വെറുതെ കൈ മെനക്കെടുത്തരുത്” പൌലോസ് മുരണ്ടു. “കബീര്‍ ഇബ്രാഹിം റാവുത്തര്‍” നീരസം ഉള്ളിലൊതുക്കി ഡിക്രൂസ് പറഞ്ഞു. “ഇയാളും നിങ്ങളും തമ്മില്‍ എങ്ങനെയാണ് പരിചയം?” ഡോണ തുടര്‍ന്നു. “ഏതോ കേസിന്റെ കാര്യത്തിന് എന്നെ കാണാന്‍ വന്നു..അങ്ങനെ അറിയാം” “ഏതു കേസ്?”

“അത് നിങ്ങള്‍ എന്തിനറിയണം?” “അതാണ് ഞങ്ങള്‍ക്ക് അറിയേണ്ടത് മിസ്റ്റര്‍ ഡിക്രൂസ്; അത് മാത്രമാണ് അറിയേണ്ടത്. പറയണം, ഏതു കേസാണ് അന്ന് കബീര്‍ നിങ്ങളോട് സംസാരിച്ചത്?” ഡിക്രൂസ് അപകടം മണത്തു. ഇവര്‍ അറിഞ്ഞുകൊണ്ട് തന്നെ ചോദ്യം ചെയ്യുകയാണ് എന്നവന് വേഗം മനസിലായി. ഡെവിള്‍സിന് താന്‍ കബീറിനെ പരിചയപ്പെടുത്തി കൊടുത്തത് ഇവര്‍ എങ്ങനെയോ അറിഞ്ഞിട്ടുണ്ട്. മുംതാസ് കേസ് വീണ്ടും തല പൊക്കുന്നുണ്ട് എന്ന് സീനിയര്‍ വക്കീല്‍ ഭദ്രന്‍ സാറ് പറഞ്ഞപ്പോള്‍ മുതല്‍ താന്‍ ചെറിയ അപകടം മണക്കുന്നുണ്ടായിരുന്നു. ഡിക്രൂസിന്റെ ബുദ്ധി വേഗം പ്രവര്‍ത്തനനിരതമായി. ഡോണ എന്ന പത്രപ്രവര്‍ത്തക ആണ് ആ കേസ് വീണ്ടും കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നത് എന്നും വക്കീല്‍ പറഞ്ഞിരുന്നത് അവന്റെ ഓര്‍മ്മയില്‍ എത്തി. യെസ്..ഈ തട്ടിക്കൊണ്ടുവരല്‍ അതിന്റെ ഭാഗം തന്നെയാണ്. അവന്‍ മനസ്സില്‍ വേഗം കണക്കുകൂട്ടലുകള്‍ നടത്തി. “അവന്‍ വന്നത് ഏതോ സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ ആയിരുന്നു. എന്നെയല്ല ഭദ്രന്‍ സാറിനെ കാണാനാണ് അവന്‍ വന്നത്. അപ്പോള്‍ അദ്ദേഹം അവിടെ ഇല്ലാഞ്ഞത് കാരണം ഞാന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു; അത്രേയുള്ളൂ..” ഡിക്രൂസ് തന്ത്രപൂര്‍വ്വം പറഞ്ഞു. “എന്ത് സ്വര്‍ണ്ണ ഇടപാട്? അവര്‍ സ്വര്‍ണ്ണം കള്ളക്കടത്തോ മറ്റോ നടത്തിയോ?” ഡോണയുടെ ചോദ്യം ഡിക്രൂസിനെ ചൊടിപ്പിച്ചു എങ്കിലും അവന്‍ സ്വയം നിയന്ത്രിച്ചു. “ലുക്ക് മാഡം..ഒന്നാമത് നിങ്ങള്‍ കാണിക്കുന്നത് ശുദ്ധ പോക്രിത്തരം ആണ്. രണ്ടാമത് എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവും ഇല്ല. അതുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്” അയാള്‍ പറഞ്ഞു. എഴുന്നേറ്റ് മുറിയില്‍ ഉലാത്തിക്കൊണ്ടിരുന്ന പൌലോസ് തിരികെ വന്ന് അവന്റെ മുന്‍പില്‍ വീണ്ടും ഇരുന്നു. “ഡിക്രൂസെ..നിനക്ക് മലയാളം ശരിക്ക് അറിയാമല്ലോ,

അല്ലെ? നീ ഇവിടെ ഇരുന്നുകൊണ്ട് അവകാശവും റൈറ്റും ഒന്നും പറഞ്ഞിട്ട് ഗുണമില്ല. നീ പറയാനുള്ളത് പറയും..പറഞ്ഞില്ലെങ്കില്‍ നീ പിന്നെ പുറംലോകം കാണില്ല.. അക്കാര്യം നിനക്ക് ഉറപ്പിക്കാം. ഒന്നുകില്‍ അറബിക്കടലിലെ മീനുകള്‍ക്ക് നീ ഒരു തീറ്റ ആയി മാറും..അതുമല്ല എങ്കില്‍, ഏതെങ്കിലും റെയില്‍വേ ട്രാക്കില്‍ രണ്ടു പീസായി നീ കിടക്കും. അതുകൊണ്ട് എത്രയും വേഗം നീ കാര്യങ്ങള്‍ മണിമണി പോലെ പറയുന്നോ, അത്രയും വേഗം നിനക്ക് സ്ഥലം വിടാം. അതല്ല കളിക്കാന്‍ ആണ് ഭാവമെങ്കില്‍, നിന്റെ അണ്ണാക്കില്‍ തുണി തിരുകിയ ശേഷം ഞങ്ങള്‍ പോകും. പിന്നെ രണ്ടു ദിവസം കഴിഞ്ഞേ നീ ഞങ്ങളെ കാണൂ..അതുവരെ നീ ഇവിടെ, ഒന്ന് ശബ്ദിക്കാന്‍ പോലുമാകാതെ ഇരിക്കും…ഉം..ഇനി സംസാരിച്ചോ..എന്തിനാണ് കബീര്‍ നിന്നെ കാണാന്‍ വന്നത്?” പറഞ്ഞിട്ട് പൌലോസ് വീണ്ടും എഴുന്നേറ്റു. ഡിക്രൂസ് നിസ്സഹായതയോടെ ഡോണയെ നോക്കി. “ഒരു രക്ഷയും ഇല്ല വക്കീല്‍ സാറേ..പറഞ്ഞോ..അതാണ് ബുദ്ധി” ഡോണ പറഞ്ഞു. “ഞാന്‍ പറഞ്ഞല്ലോ…” ഡിക്രൂസ് ഒഴിഞ്ഞു മാറാന്‍ വീണ്ടും ശ്രമിച്ചു. “ഓകെ ഡോണ..അവനെ നിര്‍ബന്ധിക്കണ്ട. അവന്‍ ആലോചിക്കട്ടെ..ആലോചിച്ച് തീരുമാനം എടുക്കുമ്പോഴേക്കും നമുക്ക് വീണ്ടും വരാം..കമോണ്‍..” പൌലോസ് ഡോണയെ വിളിച്ചു. “ശരി..അപ്പോള്‍ വക്കീല്‍ സാറേ..ഇനി നമുക്ക് മറ്റന്നാള്‍ കാണാം. കുറെ ജോലിത്തിരക്ക് ഉണ്ട്..” അവളും പോകാന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. “അക്ബര്‍..അവന്റെ അണ്ണാക്കില്‍ ആ ലുങ്കി മൊത്തത്തില്‍ തിരുകി വച്ചേക്ക്..” പൌലോസ് അക്ബറിനെ നോക്കി പറഞ്ഞു. “ശരി സര്‍..” അയാള്‍ മുറിയുടെ മൂലയ്ക്ക് കിടന്നിരുന്ന പഴയ ലുങ്കി എടുത്ത് മെല്ലെ ചുരുട്ടിക്കൊണ്ട് ഡിക്രൂസിനെ സമീപിച്ചു. “ഏയ്‌..നോ..നിങ്ങള്‍ പോകരുത്..എന്നെ കെട്ടഴിച്ചു വിടൂ..” ഡിക്രൂസ് പരിഭ്രമത്തോടെ പറഞ്ഞു. “ഡാ വക്കീലെ..പൌലോസ് സാറിന് വാക്ക് ഒന്നേ ഉള്ളു..നിന്റെ അണ്ണാക്കില്‍ ഞാനീ തുണി കേറ്റി വച്ചാല്‍ പിന്നെ നീ രണ്ടു ദിവസം ഈ ഇരുപ്പ് ഇവിടിരിക്കും..വേണ്ടെങ്കില്‍ പറഞ്ഞോ..നിന്റെ ലാസ്റ്റ് ചാന്‍സ് ഇപ്പോഴാണ്‌..” അക്ബര്‍ അവന്റെ അടുത്തെത്തി താടിക്ക് പിടിച്ചുകൊണ്ടു പറഞ്ഞു. “മിസ്റ്റര്‍ എസ് ഐ..നിങ്ങള്‍ കാണിക്കുന്നത് ക്രൂരതയാണ്..എന്നെ അഴിച്ചു വിടാന്‍..” ഡിക്രൂസ് പൌലോസിനെ നോക്കി അലറി.

“ഓക്കേ..അപ്പൊ നീ ഇവിടിരി..കേട്ടോ.” അക്ബര്‍ അവന്റെ കഴുത്തില്‍ പിടിച്ചു ഞെക്കിക്കൊണ്ട് തുണി വായിലേക്ക് തിരുകാന്‍ തുടങ്ങി. “ഏയ്‌…വിട്..വിട്..ഞാന്‍ പറയാം..പറയാം..” ഡിക്രൂസ് അവസാനം നിസ്സഹായനായി വിളിച്ചുകൂവി. അക്ബര്‍ പൌലോസിനെ നോക്കി. “വേണ്ട അക്ബര്‍..അവന്‍ പറയണ്ട. രണ്ടുദിവസം അവനിവിടെ ഇരുന്നോട്ടെ” പൌലോസ് പോകാന്‍ ഭാവിച്ചുകൊണ്ടു പറഞ്ഞു. “കേട്ടല്ലോ..ഇതാണ് പറയുന്നത് പോയ ബുദ്ധി ആന പിടിച്ചാലും കിട്ടത്തില്ലെന്ന്” അക്ബര്‍ വീണ്ടും തുണി തിരുകാനായി കൈ ഉയര്‍ത്തി. “മിസ്റ്റര്‍ പൌലോസ്..പ്ലീസ്..ഞാന്‍ പറയാം..എന്നെ ഇവിടെ ഇട്ടിട്ടു പോകരുത്..പ്ലീസ്..” ഡിക്രൂസ് ഏതാണ്ട് കരഞ്ഞു തുടങ്ങിയിരുന്നു. പൌലോസ് ഡോണയെ നോക്കി. പിന്നെ രണ്ടുപേരും കൂടി അവന്റെ മുന്‍പിലെത്തി വീണ്ടും ഇരുന്നപ്പോള്‍ അക്ബര്‍ തുണിയുമായി മാറി നിന്നു. —————————- “ഹരീന്ദര്‍ ദ്വിവേദി..യെസ്..ഇത് അവനാണ്…” ഫോട്ടോയിലേക്ക് നോക്കി എ സി പി ഇന്ദുലേഖ പറഞ്ഞു. പൌലോസും ഡോണയും വാസുവും വൈകിട്ട് ഇന്ദുലേഖയുടെ വീട്ടില്‍ എത്തിയതായിരുന്നു. “ആരാണ് മാം അയാള്‍?” പൌലോസ് ചോദിച്ചു. “നിനക്ക് അറിയില്ലേ ഡോണ ഇയാളെ?? ഹരീന്ദര്‍ ദ്വിവേദി..” ഇന്ദുലേഖ പൌലോസിനു മറുപടി നല്‍കാതെ ചോദ്യഭാവത്തില്‍ ഡോണയെ നോക്കി. “യെസ്..അറിയാം..പക്ഷെ ഇന്ദൂ..അയാള്‍ എന്തിനാകും ഇവിടെ എത്തിയത്? അതും ഡെവിള്‍സിനെ കാണാന്‍..?” ഡോണ തെല്ലു പരിഭ്രമത്തോടെ ചോദിച്ചു. “ആരുടെയോ നമ്പര്‍ വീണിരിക്കുന്നു..ഏതോ ഹതഭാഗ്യന്റെയോ ഹതഭാഗ്യയുടെയോ…..” ഇന്ദു കസേരയില്‍ പിന്നിലേക്ക് ചാരി ഇരുന്നുകൊണ്ട് പറഞ്ഞു. “മാഡം..ആരാണ് അയാള്‍?” പൌലോസ് വീണ്ടും ചോദിച്ചു. വാസുവിനും അതറിയാന്‍ ആകാംക്ഷ ഉണ്ടായിരുന്നു. “മുംബൈ പോലീസിന്റെ ലിസ്റ്റില്‍ ഉള്ള ഒന്നാം നമ്പര്‍ വാടകക്കൊലയാളി..പക്ഷെ അയാളെ പിടികൂടാന്‍ തക്ക ശക്തമായ തെളിവുകള്‍ ഇതുവരെ അവര്‍ക്ക് കിട്ടിയിട്ടില്ല. തന്റെ ഇരകളെ അയാള്‍ കൊല്ലുന്നത് പ്രത്യേക തരത്തിലാണ്.. ആത്മഹത്യയോ അപകടമോ ആയിരിക്കും മരണകാരണം..തോക്കോ കത്തിയോ ഒന്നും അയാള്‍ ഉപയോഗിക്കാറില്ല..കൈകള്‍ മാത്രമാണ് ആയുധം. അസാമാന്യ കരുത്തനായ ഒരു ചെറിയ മനുഷ്യനാണ് അയാള്‍. അവരെ ഡെവിള്‍സ് വരുത്തിയതാകാന്‍ ആണ് ചാന്‍സ്..” ഇന്ദുലേഖ മൂവരെയും നോക്കി.

“ദാറ്റ് മീന്‍സ്..ആരെയോ വധിക്കാന്‍ ഡെവിള്‍സ് തീരുമാനിച്ചിരിക്കുന്നു എന്നല്ലേ?” പൌലോസ് ചോദിച്ചു. “അതെ..” ഇന്ദു പറഞ്ഞു. “മാഡം..ആരാകാം അത്? എനിക്ക് ചെറിയ ശങ്ക തോന്നുന്നു..കാരണം വാസുവിനെ കൊല ചെയ്യാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടത് അവരെ വല്ലാതെ പ്രകോപിപ്പിച്ച് കാണും. അതിനുവേണ്ടി ആയിരിക്കുമോ അയാളെ വരുത്തിയത്?” അയാള്‍ ചോദിച്ചു. ഡോണ ഞെട്ടലോടെ പൌലോസിനെ നോക്കി. അവളുടെ കണ്ണുകളില്‍ ഭീതി നിഴലിട്ടു. വാസു പക്ഷെ നിര്‍വികാരനായി ഇരിക്കുകയായിരുന്നു. “ഒരു ഊഹവുമില്ല പൌലോസ്. കാരണം ഡെവിള്‍സിന് പല ഇടപാടുകളും ഉണ്ട്. നമ്മളുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അയാളെ അവര്‍ വരുത്തിയത് എങ്കില്‍, മൂന്ന്‍ പേരുടെ ജീവന്‍ അപകടത്തിലാണ് എന്ന് പറയേണ്ടി വരും; ഒന്ന്‍ കബീര്‍, രണ്ട് ഡോണ; മൂന്ന് വാസു” മൂവരെയും നോക്കി ഇന്ദു പറഞ്ഞു. പൌലോസിന്റെ പുരികങ്ങള്‍ വളഞ്ഞു. ഡോണയുടെ കണ്ണുകളിലെ ഭീതി അയാള്‍ ശ്രദ്ധിച്ചു. “വളരെ അപകടകാരിയായ ഒരു ക്രിമിനല്‍ ആണ് അയാള്‍..എനിക്കെന്തോ വല്ലാത്ത ഭയം തോന്നുന്നു ഇന്ദൂ” ഡോണ തന്റെ ഭീതി മറച്ചു വയ്ക്കാതെ പറഞ്ഞു. “മാഡം..അയാളെ നമുക്ക് കസ്റ്റഡിയില്‍ എടുത്താലോ?” പൌലോസ് ചോദിച്ചു. “എന്തിന്റെ പേരില്‍? പൌലോസ്, അഡ്വക്കേറ്റ് ഭദ്രന്‍ ആണ് ഡെവിള്‍സിന്റെ ലോയര്‍..ഈ പറയുന്ന ദ്വിവേദി ഒരു കില്ലര്‍ ആണ് എന്ന് അഭ്യൂഹം മാത്രമേ ഉള്ളു. അയാള്‍ക്കെതിരെ തെളിവുണ്ടായിരുന്നു എങ്കില്‍ മുംബൈ പോലീസ് എന്നേ അയാളെ അകത്താക്കിയേനെ..നമുക്ക് അയാളെ പിടികൂടി ഒരു ദിവസം സ്റ്റേഷനില്‍ ഇരുത്താന്‍ പറ്റിയേക്കും..പക്ഷെ തൊട്ടടുത്ത ദിവസം അയാള്‍ വെളിയില്‍ ഇറങ്ങും. അതുകൊണ്ട് നമ്മളുമായി ബന്ധപ്പെട്ട ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കുകയാണ് വേണ്ടത്..വാസുവും ഡോണയും സൂക്ഷിക്കണം. എങ്കിലും നമുക്ക് ഇക്കാര്യത്തില്‍ ഉറപ്പൊന്നും ഇല്ല..ചിലപ്പോള്‍ വേറെ ആരെ എങ്കിലും കൊല്ലാന്‍ ഡെവിള്‍സ് വരുത്തിയതാകാനും മതി..” ഇന്ദു പറഞ്ഞു. “മാഡം, ഇപ്പോള്‍ മുംതാസ് കേസില്‍ വേണ്ട തെളിവുകള്‍ ഏതാണ്ട് എണ്‍പത് ശതമാനം പൂര്‍ണ്ണമായിക്കഴിഞ്ഞു..ഇനി വേണ്ടത് കബീറിനെ ആണ്.

അവനാണ് അവളെ ബലാല്‍സംഗം ചെയ്യാനും അബോര്‍ട്ട്‌ ചെയ്യാനും ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയത് എന്ന് ഡിക്രൂസ് സമ്മതിച്ചു കഴിഞ്ഞു. കബീര്‍ ആണ് ഈ കേസിലെ ഒന്നാം പ്രതി. അവനെ കിട്ടിയില്ല എങ്കില്‍ ഡെവിള്‍സിനെ എന്തെങ്കിലും ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ കരുതുന്നില്ല..അതുകൊണ്ട് കബീറിനെ കൊല്ലാന്‍ വേണ്ടി ആയിരിക്കണം അവര്‍ അയാളെ ഇറക്കിയത്” പൌലോസ് തന്റെ അനുമാനം ഇന്ദുവിനെ അറിയിച്ചു. “പക്ഷെ ഇന്ദൂ..വാസുവിന് സെക്യൂരിറ്റി നല്‍കണം..എനിക്ക് ആകെ പേടി തോന്നുന്നു..” ഡോണ ഇടയ്ക്ക് കയറി പറഞ്ഞു. “അപ്പോള്‍ നിനക്ക് സെക്യൂരിറ്റി വേണ്ടേ? വാസുവിനെക്കാള്‍ നിന്റെ കാര്യമാണ് അപകടത്തില്‍…വാസു ഇത്തരം കാര്യങ്ങള്‍ നേരിടാന്‍ പ്രാപ്തനാണ്. നിന്റെ കാര്യം അതുപോലെയല്ല. വാസുവിന്റെ സാന്നിധ്യം നിന്റെ ഒപ്പം രാത്രിയിലും ഉണ്ടാകണം എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ പൌലോസ് പറഞ്ഞത് പോലെ കബീര്‍ ആണ് അയാളുടെ ടാര്‍ഗറ്റ് എങ്കില്‍, നിന്റെ ഇത്ര നാളത്തെയും കഷ്ടപ്പാടുകള്‍ക്ക് പ്രയോജനം ലഭിക്കാതെ പോകും” “യെസ്..എനിക്കതറിയാം. കബീര്‍ അവളെ പ്രണയിച്ചു ചതിച്ചത് തെളിവ് സഹിതം ബോധ്യപ്പെട്ടാല്‍ മാത്രമേ അനന്തര തെളിവുകള്‍ കോടതി അംഗീകരിക്കൂ. അവളുമായി യാതൊരു ബന്ധവും ഇല്ലാത്ത ഡെവിള്‍സ് ഒരു കാരണവും കൂടാതെ അവളെ തട്ടിയെടുത്ത് ബലാല്‍സംഗം ചെയ്തു എന്ന് കോടതി വിശ്വസിക്കില്ല. പ്രത്യേകിച്ചും ഒരുതവണ കേസ് തീര്‍പ്പായ സ്ഥിതിക്ക്..കബീര്‍ ഒരു കാരണവശാലും മരിക്കാന്‍ പാടില്ല. ഒരു മുംതാസ് മാത്രമല്ല, മരിച്ചുപോയ അസീസിന്റെ ഭാര്യ മീന ഉള്‍പ്പെടെ, മരണത്തിന്റെ വക്കിലെത്തിയ ഷാജിയും അവന്റെ മകളും, അങ്ങനെ എണ്ണമില്ലാത്തത്ര കുറ്റകൃത്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡെവിള്‍സിനെ യാതൊരു പഴുതുമില്ലാതെ പൂട്ടാന്‍ വേണ്ടി മാത്രമാണ് ഞാനിതിന്റെ പിന്നാലെ ഇറങ്ങി തിരിച്ചത്. കൊച്ചി നഗരത്തിലെ അവരുടെ സമാന്തര ഭരണം അവസാനിപ്പിച്ചേ പറ്റൂ..അതുകൊണ്ട് ഇത്രയും അധികം നമ്മള്‍ ഈ കേസില്‍ മുന്നേറിയ സ്ഥിതിക്ക്, കബീര്‍ കൊല്ലപ്പെട്ടാല്‍ എല്ലാം പാഴായിപ്പോകും..” ഡോണ നിരാശയും ഒപ്പം നിശ്ചയദാര്‍ഢ്യവും സ്ഫുരിക്കുന്ന സ്വരത്തില്‍ പറഞ്ഞു. “അതെ..പക്ഷെ ഡോണ..ഞാന്‍ പറയാന്‍ മറന്നു..വലിയ ഒരു പ്രശ്നം ഇതിനിടെ ഉണ്ടായി..” ഇന്ദു പറഞ്ഞത് കേട്ടു മൂവരും ആകാംക്ഷയോടെ അവളെ നോക്കി.

“അലി സാറിന് ട്രാന്‍സ്ഫര്‍ ആയിരിക്കുകയാണ്. ഡെവിള്‍സിന് യാതൊരു സഹായവും ചെയ്തിട്ടില്ലാത്ത, അവരെ ഏതുവിധേനയും ഒതുക്കണം എന്നാഗ്രഹിക്കുന്ന സാറിനെ അവന്മാര്‍ സ്വാധീനം ഉപയോഗിച്ച് മാറ്റിയതാണ് എന്നാണ് കേള്‍ക്കുന്നത്. പകരം എത്തുന്നത് എഡിസണ്‍ ചാണ്ടി എന്ന ലോക വെറിയനായ ഓഫീസര്‍ ആണ്, ഇപ്പോഴത്തെ കോഴിക്കോട് കമ്മീഷണര്‍..അയാളെ ഒരാള്‍ക്ക് പോലും ഡിപ്പാര്‍ട്ട്മെന്റില്‍ ഇഷ്ടമല്ല. കൈക്കൂലിയും മറ്റു സകല കൊള്ളരുതാഴികകളും ഉള്ള അയാള്‍ക്ക് ഈ അടുത്തിടെ ആണ് പ്രൊമോഷന്‍ കിട്ടി കമ്മീഷണര്‍ ആയത്. ഡെവിള്‍സ് ആണ് അയാളെ ഇങ്ങോട്ട് വരുത്തുന്നതിന്റെ പിന്നില്‍ എന്നാണ് കേള്‍ക്കുന്നത്..അയാള്‍ എത്തിയാല്‍ നമ്മളെ ഈ കേസുമായി മുന്‍പോട്ടു പോകാന്‍ സഹായിക്കില്ലെന്ന് മാത്രമല്ല, ഡെവിള്‍സിന് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ വേണ്ടതൊക്കെ അയാള്‍ ചെയ്യുകയും ചെയ്യും. പാവം അലി സാര്‍ ഒരു നല്ല മനുഷ്യനായിരുന്നു..അദ്ദേഹത്തിന്‍റെ പിന്തുണ ഉള്ളത് കൊണ്ടാണ് എനിക്ക് പോലും നിന്നെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ സാധിക്കുന്നത്..” ഇന്ദു ദുഖത്തോടെ പറഞ്ഞു. ഞെട്ടല്‍ ഉളവാക്കുന്ന ആ വാര്‍ത്ത‍ കേട്ട ഡോണ താടിക്ക് കൈയും കൊടുത്ത് ഇരുന്നുപോയി. “എന്റെ പപ്പയുടെ ക്ലോസ് ഫ്രണ്ട് ആണ് അലി അങ്കിള്‍..ഛെ..എല്ലാം കുഴയുന്ന ലക്ഷണം ആണല്ലോ ഇന്ദൂ..” അവള്‍ പറഞ്ഞു. “അതെ..അലി സര്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ പോകും. പുതിയ കമ്മീഷണര്‍ വന്നാല്‍ പൌലോസിനു ട്രാന്‍സ്ഫര്‍ ഉറപ്പാണ്‌. അതിനു മുന്‍പേ ഈ കേസില്‍ നമ്മളൊരു മുന്നേറ്റം നടത്തിയിരിക്കണം. കബീറിനെ എന്തെങ്കിലും കേസില്‍ കുടുക്കി കസ്റ്റഡിയില്‍ എടുത്താല്‍, അവന്റെ ജീവന്‍ നമുക്ക് സുരക്ഷിതമാക്കാന്‍ പറ്റും. ദ്വിവേദിയുടെ വരവ് അവനെ കൊല്ലാനാണ് എങ്കില്‍, അത് നമ്മള്‍ എത്രയും വേഗം ചെയ്യണം. പക്ഷെ എന്ത് കേസില്‍ അവനെ കുടുക്കും? അതേപോലെ ഡോണ..

നിനക്ക് ഒട്ടുമിക്ക തെളിവുകളും കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക്, സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും മുംതാസ് വിഷയം വീണ്ടും സജീവമാക്കണം..നിന്റെ ചാനല്‍ എം ഡിയെ കണ്ട് അതെപ്പറ്റി നീ ഒന്ന് സംസാരിക്ക്..കബീറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ആയിരിക്കണം നിന്റെ റിപ്പോര്‍ട്ടിംഗ്..ഡെവിള്‍സിന്റെ പേര് പരാമര്‍ശിക്കുകയെ വേണ്ട. അത് ഈ സംഭവം ജനം എങ്ങനെ ഏറ്റെടുക്കുന്നു എന്ന് നോക്കിയ ശേഷം മതി..എന്ത് പറയുന്നു?” ഇന്ദു ചോദിച്ചു. ഡോണ ആകെ തകര്‍ന്ന മട്ടില്‍ ഇരിക്കുകയായിരുന്നു. പൌലോസിനു ട്രാന്‍സ്ഫര്‍ കിട്ടും എന്ന വാര്‍ത്ത അവളെ വല്ലാതെ ഉലച്ചു. അതേപോലെ തങ്ങള്‍ക്ക് സഹായമായിരുന്ന അലി ദാവൂദ് എന്ന നല്ലവനായ കമ്മീഷണര്‍ പോകുന്നതിലും അവള്‍ക്ക് അനല്‍പ്പാമായ ദുഃഖം ഉണ്ടായിരുന്നു. പൌലോസും മാനസികമായി അല്പം തളര്‍ന്ന മട്ടില്‍ ഇന്ദുവിനെ നോക്കി. “ഡോണ..സീ..നമ്മള്‍ പ്രതികൂലങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇങ്ങനെ തളര്‍ന്നിരുന്നാല്‍ ഒന്നും നടക്കില്ല. അലി സാറിന്റെ ട്രാന്‍സ്ഫര്‍ നമ്മുടെ കൈയിലല്ല..അതുകൊണ്ട് അത് നീ വിട്ടുകള. പകരം നിന്റെ ജോലി കുറേക്കൂടി സ്പീഡ് അപ്പ് ചെയ്യുക. ചാനല്‍ എം ഡിയെ കണ്ടു നീ സംസാരിക്കുക..വേണമെങ്കില്‍ ഞാനും നിന്റെ ഒപ്പം അയാളെ കാണാന്‍ വരാം. ഉടന്‍ തന്നെ ഈ വിഷയം നീ ചാനലില്‍ ആക്ടീവ് ആക്കണം..തുടര്‍ന്ന് അത് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ആകത്തക്കവണ്ണം നമുക്ക് പ്രചരിപ്പിക്കുകയും വേണം.” ഇന്ദു വീണ്ടും ഡോണയെ ഓര്‍മ്മിപ്പിച്ചു. “ഷുവര്‍ ഇന്ദു..ഞാന്‍ നാളെത്തന്നെ സാറിനെ കണ്ടു സംസാരിക്കാം. നീ വേണമെന്നില്ല. ഇതിനു ഡെവിള്‍സുമായി ബന്ധമുണ്ട് എന്ന് ഞാന്‍ അദ്ദേഹത്തോട് പറയാന്‍ പോകുന്നില്ല. അതുകൊണ്ട് സമ്മതിക്കും…പറഞ്ഞാല്‍ സംഗതി ഒരിക്കലും നടക്കില്ല..ഡെവിള്‍സിനെ ഭയങ്കര ഭയമാണ് അങ്ങേര്‍ക്ക്..” ഡോണ പറഞ്ഞു. “ഓകെ..അപ്പോള്‍ അത് നീ ചെയ്യുക. പൌലോസ്, താങ്കള്‍ പറഞ്ഞതുപോലെ ദ്വിവേദി കബീറിനെ വധിക്കാനാണ് വന്നതെങ്കില്‍ നമുക്ക് വേഗം തന്നെ അവന്റെ സെക്യൂരിറ്റി ഉറപ്പാക്കണം. അതിനുള്ള ഏകവഴി അവനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുക എന്നതാണ്. അതിന് എന്തെങ്കിലും കാമ്പുള്ള ഒരു കേസ് ഉണ്ടാക്കണം..അല്ലാതെ ഒരു കാരണവും കൂടാതെ നമുക്കവന് സെക്യൂരിറ്റി നല്‍കാന്‍ പറ്റില്ലല്ലോ..ഇനി അവനല്ല അയാളുടെ ടാര്‍ഗറ്റ് എങ്കിലും നമ്മള്‍ ഇക്കാര്യത്തില്‍ കരുതല്‍ എടുത്തെ പറ്റൂ…” ഇന്ദു പൌലോസിനെ നോക്കി പറഞ്ഞു.

“ഞാന്‍ അക്ബറുമായി ഒന്ന് ആലോചിക്കട്ടെ മാഡം. ഇതുപോലെയുള്ള കാര്യങ്ങള്‍ക്ക് അവന് നല്ല കുരുട്ടുബുദ്ധി ആണ്. കബീറിനെ പറ്റിയാല്‍ നാളെത്തന്നെ കസ്റ്റഡിയില്‍ എടുക്കാന്‍ നോക്കാം. ബട്ട്..ഡോണ..ഇനി ഇവളാണ് അവരുടെ ഉന്നമെങ്കില്‍? വാസുവിന്റെ കാര്യത്തില്‍ എനിക്കത്ര ആശങ്കയില്ല..കാരണം മാഞ്ചിയം നടത്തിയ ഓപ്പറേഷന്‍ ഇവന്റെ ചെറിയ ഒരു കുറവ് നികത്തിയിട്ടുണ്ട്. ഇനി അത്തരമൊരു അബദ്ധം ഇവന് പറ്റില്ല..പക്ഷെ ഇവളുടെ കാര്യം..വാസു പകല്‍ മാത്രമല്ലെ ഉള്ളു അവളുടെ കൂടെ..” പൌലോസ് ആശങ്കയോടെ ഡോണയെയും ഇന്ദുവിനെയും നോക്കി. “പൌലോസ്..ദ്വിവേദി എവിടെ, എങ്ങനെ പ്രവര്‍ത്തിക്കും എന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കില്ല. അയാള്‍ക്ക് സാധാരണ കില്ലേഴ്സിനുള്ളത് പോലെ ഒരു പ്രത്യേക ഓപ്പറേഷന്‍ മെത്തേഡ് ഇല്ല. ഓരോ കൊലയും ഓരോ രീതിയില്‍ ആണ് അയാള്‍ നടത്തുക. കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളി ഇട്ടു കൊന്നത് മുതല്‍ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ടു കൊന്ന വെറൈറ്റി വരെ അയാള്‍ക്കുണ്ട്. അതുകൊണ്ട് അയാള്‍ രാത്രിയില്‍ വരും എന്നൊന്നും കണക്കുകൂട്ടാന്‍ ഒക്കില്ല. അയാള്‍ക്കറിയാം അതിന്റെ സമയം..അത് പകലോ രാത്രിയോ എപ്പോള്‍ വേണമെങ്കിലും ആകാം. തല്ക്കാലം ഡോണ രാത്രി കരുതല്‍ എടുക്കട്ടെ. അപരിചിതരെ വീട്ടില്‍ കയറ്റരുത് എന്ന് നീ മമ്മിയോടും പറയണം. വീടിന്റെ ഗേറ്റ് പകലും പൂട്ടിയിടുന്നത് നല്ലതാണ്. ദ്വിവേദി എന്ന മാരണത്തെ പേടിച്ചേ പറ്റൂ..അയാളെ ചിലപ്പോള്‍ കുടുക്കാനുള്ള യോഗം നമുക്കാകാനും മതി..” ഇന്ദു ഡോണയെ നോക്കി. “നോ പ്രോബ്ലം ഇന്ദൂ..ഞാന്‍ സൂക്ഷിച്ചോളാം. വാസു വീട്ടില്‍ താമസിക്കുന്നതില്‍ എനിക്കോ വീട്ടുകാര്‍ക്കോ വിരോധമില്ല. പക്ഷെ പലപ്പോഴും പപ്പാ ടൂറില്‍ ആയിരിക്കുന്നത് കൊണ്ട് ഞങ്ങള്‍ രണ്ടു സ്ത്രീകള്‍ മാത്രമേ അവിടെ കാണൂ..നമ്മുടെ നാട്ടുകാര്‍ക്ക് കഥകള്‍ മെനയാന്‍ നമ്മളായി ഒരു അവസരം കൊടുക്കണ്ടല്ലോ എന്ന് കരുതിയാണ്. എന്റെ കരിയറിനെ പോലും അത് ബാധിക്കും..” ഡോണ പറഞ്ഞു. “യെസ്..ഐ നോ ദാറ്റ്. അവനവന്റെ കാര്യത്തെക്കാള്‍ വല്ലവന്റെയും അടുക്കളയിലേക്ക് എത്തിനോക്കാന്‍ ആണല്ലോ നമ്മുടെ ആള്‍ക്കാര്‍ക്ക് താല്പര്യം കൂടുതല്‍..എനിവേ..നീ മാക്സിമം സൂക്ഷിക്കുക.

അതെ തല്ക്കാലം വഴി ഉള്ളൂ..” “മാഡം..പറ്റിയാല്‍ ഒരു പിസിയെ നൈറ്റ് ഡ്യൂട്ടിക്ക് ഇവളുടെ വീട്ടില്‍ നിര്‍ത്തിയാല്‍..” പൌലോസ് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ഇന്ദുവിനെ നോക്കി. “ഇക്കാലത്ത് ആരെ നമുക്ക് വിശ്വസിക്കാന്‍ പറ്റും പൌലോസ്? രണ്ടു സ്ത്രീകള്‍ തനിച്ചുള്ള ആ വീട്ടില്‍ ഏതു പോലീസുകാരനെ നിങ്ങള്‍ നിര്‍ത്തും?” ഇന്ദുവിന്റെ ചോദ്യത്തിന് പൌലോസിനു മറുപടി ഉണ്ടായിരുന്നില്ല. “എങ്കില്‍ നമുക്ക് തല്ക്കാലം പിരിയാം. അപ്പോള്‍ ഡോണ, നിന്റെ ചാനലില്‍ ഒരു സ്കൂപ്പ് ഞാന്‍ ഉടന്‍ തന്നെ പ്രതീക്ഷിക്കുന്നു. അതേപോലെ പൌലോസ്, കബീറിനെ എങ്ങനെ കസ്റ്റഡിയില്‍ എടുക്കാം എന്ന് വേഗം ആലോചിച്ചു കണ്ടുപിടിക്ക്.. പറ്റിയാല്‍ നാളെ വൈകുന്നതിനു മുന്‍പ് അവനെ നമുക്ക് തൂക്കണം..” “ശ്രമിക്കാം മാം..” പൌലോസ് പറഞ്ഞു. “ഓകെ സീ യു ആള്‍..ഗുഡ് നൈറ്റ്” ഇന്ദു എല്ലാവരോടുമായി പറഞ്ഞു. ———————— രാത്രി തിരക്കില്ലാത്ത ആ വഴിയിലൂടെ ഒരു സൈക്കിളില്‍ ജീന്‍സും ഷര്‍ട്ടും തൊപ്പിയും ധരിച്ച ആ മെല്ലിച്ച മനുഷ്യന്‍ സാമാന്യം നല്ല സ്പീഡില്‍ മുന്‍പോട്ടു നീങ്ങിക്കൊണ്ടിരുന്നു. നഗരത്തിന്റെ പ്രാന്തത്തില്‍ അല്‍പ്പം ഉള്ളിലേക്ക് പോകുന്ന ആ വഴിയില്‍ ഇടയ്ക്കിടെ മാത്രമേ ലൈറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ. തലയില്‍ വച്ചിരുന്ന വലിയ തൊപ്പി അയാളുടെ മുഖത്തെ മറച്ചിരുന്നതിനാല്‍ ലൈറ്റുകളുടെ ചുവട്ടില്‍ എത്തുമ്പോള്‍ പോലും ആ മുഖം വ്യക്തമായിരുന്നില്ല. നല്ല വേഗതയില്‍ ചവിട്ടി എത്തിയ അയാള്‍ ഇബ്രാഹിം റാവുത്തരുടെ പടുകൂറ്റന്‍ ബംഗ്ലാവിന്റെ അടുത്തെത്തിയപ്പോള്‍ സൈക്കിള്‍ നിര്‍ത്തി അതില്‍ നിന്നും ഇറങ്ങി. കാലില്‍ സ്പോര്‍ട്സ് ഷൂസ് ധരിച്ചിരുന്ന അയാള്‍, സാമാന്യം നല്ല ഉയരമുള്ള ആ വീടിന്റെ മതിലിലേക്ക് നോക്കി. സമയം രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു അപ്പോള്‍. മെല്ലെ അയാള്‍ ആ മതിലിന്റെ മുകളിലേക്ക് കയറി ഉള്ളിലേക്ക് നോക്കി. പുറത്ത് ആരുംതന്നെ ഇല്ല. പോര്‍ച്ചില്‍ രണ്ടു കാറുകള്‍ കിടപ്പുണ്ട്. ചുറ്റും ഒന്നുകൂടി നിരീക്ഷിച്ച ശേഷം അയാള്‍ ഉള്ളിലേക്ക് ചാടി. പെട്ടെന്ന് അതിഭീകരമായി കുരച്ചുകൊണ്ട് ഒരു പടുകൂറ്റന്‍ നായ എവിടെ നിന്നോ അയാളുടെ സമീപത്തേക്ക് കുതിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അയാളുടെ കൈയില്‍ ഒരു ചരട് പ്രത്യക്ഷമായി. തന്റെ നേരെ വരുന്ന നായയെ നോക്കിക്കൊണ്ട് അയാള്‍ മെല്ലെ ചുവടുകള്‍ വച്ചു. അത് അടുത്തെത്തിയതും അയാള്‍ കയര്‍ എറിഞ്ഞുകൊണ്ട് മുകളിലേക്ക് കുതിച്ചു. കയറിന്റെ മറ്റേ അഗ്രം അടുത്തുണ്ടായിരുന്ന മരത്തിലൂടെ എറിഞ്ഞ് താഴെ അയാള്‍ കാലു കുത്തുമ്പോള്‍,

ആ എറിഞ്ഞ ഭാഗം അയാളുടെ കൈയില്‍ ഉണ്ടായിരുന്നു. നായ ഒരു പതിഞ്ഞ രോദനത്തോടെ ആ കുരുക്കില്‍ തൂങ്ങി കിടന്ന് കൈകാലിട്ടടിക്കുന്നത് ഒരു പുഞ്ചിരിയോടെ അയാള്‍ നോക്കിക്കണ്ടു. അതിന്റെ ചലനം നിലച്ചപ്പോള്‍ അയാള്‍ വേഗം തന്നെ അതിനെ താഴെയിറക്കി കുരുക്ക് അഴിച്ചെടുത്തു. ചരട് തിരികെ പോക്കറ്റില്‍ നിക്ഷേപിച്ച അയാള്‍ അയാള്‍ മിന്നല്‍ പോലെ വീടിന്റെ പിന്നിലേക്ക് പാഞ്ഞു. പുറത്തെ ലൈറ്റുകള്‍ ഓണാകുന്നതും കതക് തുറന്ന് വീട്ടുകാര്‍ പുറത്തേക്ക് വരുന്നത് ഇരുളില്‍ നിന്നുകൊണ്ട് അയാള്‍ കണ്ടു. “റോക്കി..എവിടെയാണ് നീ..” ആജാനുബാഹുവായ റാവുത്തരുടെ സ്വരം അവിടെ മുഴങ്ങി. “ആരോ കോമ്പൌണ്ടില്‍ കേറി..അതാണ്‌ അവന്‍ അത്ര ശക്തമായി കുരച്ചത്..പക്ഷെ എവിടെപ്പോയി അവന്‍..ശബ്ദം പോലും കേള്‍ക്കുന്നില്ലല്ലോ..” കബീറും റാവുത്തരുടെ അനന്തിരവന്മാരും പുറത്തിറങ്ങി നായയെ തിരഞ്ഞുകൊണ്ട് പറഞ്ഞു. ടോര്‍ച്ചിന്റെ വെളിച്ചം അവിടെമാകെ പതിക്കുന്നത് കണ്ട ആ അജ്ഞാതന്‍ കൂടുതല്‍ ഇരുട്ടിലേക്ക് മാറി. “മാമാ..റോക്കി ദാ ഇവിടെയുണ്ട്..” സുഹൈലിന്റെ ശബ്ദം കേട്ടു മറ്റുള്ളവര്‍ അങ്ങോട്ട്‌ പാഞ്ഞു ചെന്നു. അല്പം മുന്‍പ് ദിഗന്തങ്ങള്‍ നടുങ്ങുന്ന ശബ്ദത്തില്‍ കുരച്ച ആ നായ ചത്തു മലച്ചു കിടക്കുന്നത് കണ്ട് അവര്‍ ഞെട്ടി. ഒരു സിംഹത്തിന്റെ വലിപ്പമുള്ള നായ ആണ് ഒരു ക്ഷതവും ദേഹത്തില്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ ചത്തു പോയിരിക്കുന്നത്. അവര്‍ ഞെട്ടലോടെ പരസ്പരം നോക്കി. വീടിനു പുറത്തെ ബഹളം കേട്ടു സ്ത്രീകളും വേഗം ഓടിയിറങ്ങി വന്നു. ഈ സമയത്ത് വീടിന്റെ പിന്നിലൂടെ ചുറ്റി മുന്‍പിലെത്തിയ ആ അജ്ഞാതന്‍, മെല്ലെ മുന്‍വാതിലിലൂടെ വീടിന്റെ ഉള്ളില്‍ പ്രവേശിച്ചു. ഇതറിയാതെ ചത്തുകിടന്ന നായയുടെ ചുറ്റും നിന്നുകൊണ്ട് അസ്തപ്രജ്ഞരായി നില്‍ക്കുകയായിരുന്നു റാവുത്തരും കുടുംബവും. “യ്യോ പടച്ചോനെ എന്ത് പറ്റി ഇവന്? ഞാന്‍ ചോറ് കൊടുത്ത് അങ്ങോട്ട്‌ അഴിച്ചു വിട്ടതെ ഉള്ളായിരുന്നല്ലോ..” റാവുത്തരുടെ ഭാര്യ വിലപിച്ചു. “എന്ത് പറ്റി എന്നൊരു പിടിയുമില്ലല്ലോ..വല്ല പാമ്പും കടിച്ചതാണോ?” റാവുത്തര്‍ സംശയം പ്രകടിപ്പിച്ചു. സുഹൈല്‍ നായയെ തിരിച്ചും മറിച്ചും കിടത്തി പരിശോധിച്ചെങ്കിലും ദേഹത്ത് മുറിവൊന്നും കണ്ടില്ല. “പാമ്പ്‌ കടിച്ചതിന്റെ പാടൊന്നും ഇല്ല മാമാ” അവന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. “ഇനി പട്ടിക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നതാണോ?” സംശയം ഫൈസലിന്റെ വക ആയിരുന്നു. “ഛെ..നല്ലൊരു നായ ആയിരുന്നു..എന്ത് കഷ്ടമായിപ്പോയി..എന്ത് ചെയ്യാന്‍..ഒരു കുഴിവെട്ടി മൂട്..” റാവുത്തര്‍ അവസാനം പറഞ്ഞു. ഒരു മരണവീട് പോലെ അവിടുത്തെ അന്തരീക്ഷം മാറിയിരുന്നു. ഒപ്പം അകാരണമായ ഒരു ഭയവും എല്ലാരേയും പിടികൂടി.

“എന്തൊരു മറിമായം ആണ്..എന്ത് പറ്റിയതാണ് അവനെന്ന് ഒരു പിടിയുമില്ലല്ലോ..” നായയെ കുഴിച്ചിട്ട ശേഷം കബീര്‍ മറ്റുള്ളവരോട് പറഞ്ഞു. “ആരെങ്കിലും ഉള്ളില്‍ കയറിയതിന്റെ ലക്ഷണവും ഇല്ല. എന്നാലും എല്ലാടവും ഒന്ന്‍ പരിശോധിച്ചേക്കാം” അവര്‍ ടോര്‍ച്ചുമായി വീടിന്റെ ചുറ്റും ഒന്ന് കറങ്ങി. പ്രത്യേകിച്ച് ഒന്നും കാണാതെ വന്നതിനാല്‍ അവര്‍ വീട്ടിലേക്ക് തിരികെ കയറി കതകടച്ചു. സ്ത്രീകള്‍ ആകെ ഭയന്നിരുന്നു. “എനിക്കെന്തോ പേടി തോന്നുന്നു വാപ്പച്ചി..” റാവുത്തരുടെ മകള്‍ ഭീതി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. “എന്ത് പറ്റി എന്നറിയില്ലല്ലോ മോളെ അവന്..ഒരു ചെറിയ മുറിവ് പോലും ദേഹത്തില്ല. എന്ത് കണ്ടാണ്‌ അവന്‍ കുരച്ചത് എന്നും മനസിലാകുന്നില്ല..ഛെ..” റാവുത്തര്‍ അസ്വസ്ഥതയോടെ മുറിയില്‍ അങ്ങുമിങ്ങും ഉലാത്തിക്കൊണ്ട് പറഞ്ഞു. കുറെ നേരം അവര്‍ നായയെപ്പറ്റി സംസാരിച്ചിരുന്നു. പലരും പല അഭ്യൂഹങ്ങളും പങ്കു വയ്ക്കുകയും ചെയ്തു. ഏതാണ്ട് പന്ത്രണ്ടുമണി ആയപ്പോള്‍ ഉറക്കം കണ്ണുകളെ തലോടാന്‍ തുടങ്ങിയതോടെ എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി. കബീര്‍ തന്റെ മുറിയില്‍ കയറി ലൈറ്റ് ഓഫാക്കി കട്ടിലിലേക്ക് വീണു. അവന്റെ മനസ്സിനെ ഭയം കീഴടക്കിയിരുന്നു. നായയുടെ ആ അപ്രതീക്ഷിതമരണം അവനെ മാത്രമല്ല, ആ വീട്ടിലെ എല്ലാവരെയും വല്ലാതെ ഉലച്ചിരുന്നു. ഒരു ദുര്‍ നിമിത്തം പോലെ അത് അവന്റെ മനസ്സിനെ വേട്ടയാടി. പലതവണ തിരിഞ്ഞും മറിഞ്ഞും കിടന്ന അവന്‍ അവസാനം മെല്ലെ കണ്ണുകള്‍ അടച്ചു. മയക്കത്തിലേക്ക് വഴുതിവീണ കബീര്‍ ഏറെ താമസിയാതെ ഒരു ദുസ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു. തന്നെ നോക്കി മാടി വിളിക്കുന്ന മുംതാസ്! ഞെട്ടിപ്പോയ അവന്‍ എഴുന്നേറ്റ് കിതച്ചുകൊണ്ട് കുപ്പിയില്‍ നിന്നും മടമടാ വെള്ളം കുടിച്ചു. അതെ..അവളെയാണ് താന്‍ കണ്ടത്. തന്നെ അരികിലേക്ക് വിളിക്കുന്ന കണ്ണുകള്‍ വൈരങ്ങള്‍ പോലെ കത്തുന്ന മുംതാസ്. അവളുടെ നിറവയര്‍ വരെ താന്‍ വ്യക്തമായി കണ്ടു. കബീര്‍ എസിയുടെ കുളിര്‍മ്മയിലും വിയര്‍ത്തു. പുറത്ത് എവിടെയോ നിന്നും ഒരു പൂച്ചയുടെ വൃത്തികെട്ട കരച്ചില്‍ അവന്റെ കാതുകളില്‍ വന്നലച്ചു. നായയുടെ മരണവും മുംതാസിന്റെ ഭീതിപ്പെടുത്തുന്ന സ്വപ്നവും മൂലം ഭയത്തിന്റെ പടുകുഴിയിലേക്ക് വീണു പോയ കബീര്‍ ഇരുട്ടില്‍ ചുറ്റും നോക്കി. ആദ്യം ഒന്നും വ്യക്തമായിരുന്നില്ല എങ്കിലും അല്‍പ്പം കഴിഞ്ഞപ്പോള്‍ അവന്റെ കണ്ണുകള്‍ ഇരുട്ടുമായി മെല്ലെ പൊരുത്തപ്പെട്ടു. അപ്പോള്‍ അവന്‍ തന്റെ സമീപം നില്‍ക്കുന്ന ഒരു മനുഷ്യരൂപത്തെ കണ്ടു. വീണ്ടും വീണ്ടും കണ്ണ് ചിമ്മി ഇരുളുമായി അതിനെ പൊരുത്തപ്പെടുത്തി അവന്‍ നോക്കിയപ്പോള്‍ ആ രൂപം ഏതാണ്ട് വെളിപ്പെട്ടു വന്നു. തന്റെ സിരകള്‍ തളര്‍ന്നു ദുര്‍ബ്ബലമാകുന്നത് കബീര്‍ അറിഞ്ഞു. ഭയന്ന് വിറച്ചുപോയിരുന്ന അവന്‍ ഉറക്കെ ഒന്ന് നിലവിളിക്കാന്‍ വായ തുറന്നു എങ്കിലും ശബ്ദം തൊണ്ടയില്‍ കുരുങ്ങിപ്പോയി. അനങ്ങാനോ ശബ്ദിക്കാനോ സാധിക്കാതെ അടിമുടി വിറച്ച് മെല്ലെ തല പൊക്കി കബീര്‍ ആ രൂപത്തിന്റെ മുഖത്തേക്ക് നോക്കി.

Comments:

No comments!

Please sign up or log in to post a comment!