ഞാൻ
(ജീവിതത്തിൽ നിന്നും അടർത്തി എടുത്ത ചില ഏടുകൾ)
[ഈ കഥ ഞാൻ ദേവിക എന്ന കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ച് എഴുതിയിരിക്കുന്നതാണ്. അതിനാൽ തന്നെ മറ്റു കഥാപാത്രങ്ങൾക്കോ അവരുമായുള്ള രംഗങ്ങൾക്കോ സംഭാഷണങ്ങൾക്കോ അധിക പ്രാധാന്യം നൽകിയിട്ടില്ല. അതിന് ഞാൻ തുടക്കത്തിലേ ക്ഷമ ചോദിക്കുന്നു.
ഇതൊരു കഥയല്ല.. കഥ പറച്ചിലായി കണ്ട് വായിക്കാൻ ശ്രമിക്കുക.]
സൂര്യൻ അസ്തമിക്കുന്ന ആ സായം സന്ധ്യയിൽ ചെറു ചൂടോടു കൂടി കട്ടൻ കുടിച്ചിറക്കുമ്പോൾ മനസിലെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ.
“ഇനിയെന്ത്?”
ഡിഗ്രി കഴിഞ്ഞിട്ട് ഒരു വർഷത്തോളം ആകുന്നു. തുടർ പഠനത്തിന് പോയില്ല. അല്ലറ ചില്ലറ കാറ്ററിങ് പരിപാടികളുമായി നാട്ടിൽ ചുറ്റിപ്പറ്റി നിന്നു. അത്യാവിശ്യം സാമ്പത്തിക സ്ഥിതിയുള്ള വീട്ടിൽ ആയതിനാലും ഒറ്റ മകനായതിനാലും ഇതുവരെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഒന്നും ഉയർന്ന് വന്നിട്ടില്ല. എങ്കിലും മനസ്സിൽ ഇപ്പോൾ സ്വയം ആ ചോദ്യം ഉടലെടുത്തിരുന്നു.
പെട്ടെന്നാണ് ചിന്തകളിൽ നിന്നും മനസിലെ ഉണർത്തികൊണ്ട് ഫോൺ ബെല്ലടിച്ചത്. മൊബൈലിന്റെ സ്‌ക്രീനിൽ തെളിഞ്ഞ ദേവിക എന്ന പേര് കണ്ടപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.
“ഹലോ.. എവിടായിരുന്നു മാഡം.. കുറച്ച് ദിവസമായി ഒരു വിവരവും ഇല്ലായിരുന്നല്ലോ.”
“ഇപ്പോൾ നാട്ടിൽ കാലുകുത്താറായിട്ടുണ്ട്.. ഏഴു മണിക്ക് ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തും.. എന്നെ വീട്ടിൽ കൊണ്ടാക്കണം.”
ഞാൻ വാച്ചിലേക്ക് നോക്കുമ്പോൾ സമയം ആറുമണി.
“എന്തിനാ ഇത്ര നേരത്തെ വിളിച്ച് പറഞ്ഞെ.. ഏഴുമണിക്ക് ഒരു അഞ്ചു മിനിറ്റ് ഉള്ളപ്പോൾ പറഞ്ഞാൽ പോരായിരുന്നോ?”
“മോൻ എന്നെ ആക്കിയതാണോ?”
“കേട്ടിട്ട് എന്ത് തോന്നി?”
“എന്നെ വിളിക്കാൻ വരാൻ രണ്ട് ദിവസം മുൻപേ പറഞ്ഞിരിക്കാൻ സാറ് വലിയ ഓഫീസർ ഒന്നും അല്ലല്ലോ… മര്യാദക്ക് വന്നെന്നെ വിളിച്ച്കൊണ്ട് പോടാ.”
അവളുടെ ആജ്ഞ നിറഞ്ഞ വാക്കുകൾക്ക് ഒരു പുഞ്ചിരിയോടെ അല്ലാതെ എനിക്ക് മറുപടി നൽകാനായില്ല.
“കാറ് കൊണ്ട് വരണോ അതോ ബൈക്കിൽ വന്നാൽ മതിയോ?”
“ഒരു മാസത്തേക്ക് ഞാൻ ഇനി വീട്ടിൽ ഉണ്ടടാ.. അതുകൊണ്ട് ലഗ്ഗേജ് കുറച്ചുണ്ട്. നീ കാറിൽ വാ.”
കാൾ കട്ട് ആയി.. അല്ലെങ്കിലും ദേവിക അങ്ങനെ ആണ്.. ഒരു മുന്നറിയിപ്പും ഇല്ലാതെ ആയിരിക്കും മുന്നിൽ വന്ന് നിൽക്കുക. ഇപ്പോൾ പഠനം പൂർത്തിയാക്കി ചെന്നൈയിൽ നിന്നും വരുകയാണ്. എക്സാം കഴിഞ്ഞിട്ട് കുറച്ച് കാലമായെങ്കിലും ഒരു ജോലി ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് അവൾ അവിടെത്തന്നെ തുടരുകയായിരുന്നു.
എന്റെ നേർ വിപരീത സ്വഭാവം ആയിരുന്നു ദേവികക്ക്. ആൺപെൺ വ്യത്യാസം ഇല്ലാതെ എല്ലാപേർക്കും ഇടയിൽ അവളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്ലാസ്സിലെ ആൺപിള്ളേരുടെ ഒരു വാനരപ്പട അവൾക്കൊപ്പം എപ്പോഴും ഉണ്ട്. ഞാൻ സംസാരിക്കാൻ അധികം താല്പര്യം കാണിക്കാഞ്ഞതിനാലാണെന്ന് തോന്നുന്നു എന്നോട് ഇതുവരെ മിണ്ടാൻ വന്നിട്ടില്ല. ദേവിക ആളത്ര ശരിയല്ല ചില ആൺപിള്ളേരുമായി അവൾക്ക് വേണ്ടാത്ത ബന്ധമുണ്ടെന്ന് ക്ലാസ്സിൽ ഒരു രഹസ്യ സംസാരം ഉണ്ട്. ഏത് സമയവും ആൺപിള്ളേർക്കൊപ്പം കളിച്ച് ചിരിച്ച് നടക്കുന്ന അവളെ കാണുമ്പോൾ എനിക്കും അതിൽ എന്തോ സത്യമുള്ളതായി തോന്നാതിരുന്നിട്ടില്ല. ഒരു ദിവസം ക്ലാസ് ഇല്ലാത്ത സമയം ഡെസ്കിൽ തലവച്ച് ചരിഞ്ഞ് കിടന്ന് അഞ്ജലിയെ നോക്കി ഇരിക്കുമ്പോഴാണ് തൊട്ടു പിന്നിൽ നിന്നും ഒരു ശബ്‌ദം. “എന്താ ഇവിടെ പരിപാടി.” ഞെട്ടി തിരിഞ്ഞ് നോക്കുമ്പോൾ തൊട്ട് പിന്നിൽ നിൽക്കുന്നു ദേവിക. പെട്ടെന്നുള്ള ഞെട്ടൽ മറച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു. “എന്ത് പരിപാടി?” ദേവികയുടെ മുഖത്ത് ഒരു കുസൃതി പരന്നിരുന്നു. എന്റെ അരികിലായി അവൾ ഇരുന്നു. “ഞാൻ കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നുണ്ട് ഈ ഒളിഞ്ഞു നോട്ടവും എത്തി നോട്ടവുമൊക്കെ.
ആൺപിള്ളേർ പിറകെ നടക്കത്തക്ക സൗന്ദര്യം ഉള്ള ഒരു പെണ്ണ് തന്നെന്ന് പറയാം. അന്ന് ഞങ്ങൾ ആദ്യമായി സംസാരിച്ചതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ അവൾ എന്നെ കാണുമ്പോൾ ചിരിക്കും തിരിച്ച് ഞാനും. അവളുടെ വാക്കും കേട്ട് ഞാൻ അഞ്ജലിയോട് സംസാരിക്കാനൊന്നും പോയില്ല. അഞ്ജലിയെ അവളറിയാതെ രഹസ്യമായി ഒളിഞ്ഞ് നോക്കി സൗന്ദര്യം ആസ്വദിച്ച് ദിവസങ്ങൾ കടന്ന് പോകുന്നതിനിടയിലാണ് ഞാനും ദേവികയും ഒരു കാര്യം മനസിലാക്കിയത്. അന്നൊരു ദിവസം രാവിലെ നേരത്തെ എത്തിയതിനാൽ ക്ലാസ്സിൽ ഇരുന്നു പുറത്തേക്ക് വായി നോക്കി ഇരിക്കുമ്പോഴാണ് ദേവിക ക്ലാസ്സിലേക്ക് ബാഗും തൂക്കി കടന്ന് വരുന്നത് ശ്രദ്ധിച്ചത്. ഇന്ന് നെറ്റിയിലവൾ പതിവില്ലാതെ ചന്ദനം തൊട്ടിട്ടുണ്ട്. അത് കൊണ്ടാണോ എന്തോ അവൾക്ക് കുറച്ച് സൗന്ദര്യം കൂടിയത് പോലെ എനിക്ക് തോന്നി. എന്നെ മറികടന്ന് പോയ ദേവിക ബാഗ് കൊണ്ട് വച്ച ശേഷം എന്റെ അരികിലേക്ക് വന്ന് ചോക്ലേറ്റ് നീട്ടി. ഞാൻ തെല്ലൊരു അത്ഭുതത്തോടെ ചോക്ലേറ്റ് വാങ്ങിക്കൊണ്ട് ചോദിച്ചു. “എന്താ ഇപ്പോൾ ചോക്ലേറ്റ് തരാൻ?’ “ഇന്നെന്റെ ബെർത്ത്ഡേ ആണ്.” ഞാൻ ചുമ്മാ മനസ്സിൽ ഇന്നെന്താ തീയതി എന്ന് ആലോചിച്ച് നോക്കിയപ്പോഴാണ് അതിശയിച്ച് പോയത്. ഇന്ന് തന്നാണ് എന്റെയും ബെർത്ത്ഡേ, വീട്ടിൽ അമ്മയും അച്ഛനും ഞാനുമെല്ലാം അത് മറന്ന് പോയിരിക്കുന്നു. അല്ലെങ്കിലും ഇതൊന്നും ആഘോഷിക്കുന്ന പതിവ് പണ്ടേ വീട്ടിൽ ഇല്ല. ഞാൻ അവളോട് കാര്യം പറഞ്ഞപ്പോൾ അവൾക്കും അതിശയം.
അവൾ പറഞ്ഞ വാക്ക് തെറ്റിച്ചില്ല. രാത്രി തന്നെ എന്നെ വിളിച്ചു. ഞങ്ങൾ തമ്മിൽ ഉള്ള ജനന സമയത്തിന്റെ വ്യത്യാസം ഒരു മണിക്കൂർ മാത്രമാണെന്ന് ഞാനും അവളും മനസിലാക്കി. ആ ഫോൺ വിളി വലിയൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പിന്നീട് പല ദിവസങ്ങളിലും അവൾ എന്നെ വിളിച്ചു. പല കാര്യങ്ങളും അവൾ എന്നോട് സംസാരിച്ചു. അതിൽ നിന്നൊക്കെയാണ് അവളുടെ അച്ഛൻ ദേവികയുടെ ചെറുപ്പത്തിൽ തന്നെ മരിച്ചെന്നും ‘അമ്മ മാത്രമാണ് അവൾക്കുള്ളതെന്നും മനസിലാക്കിയത്. അമ്മക്ക് ഒരു ജോലി ഉള്ളതിനാലും പാരമ്പര്യമായി കുറച്ച് സ്വത്ത് കിട്ടിയതിനാലും സാമ്പത്തികമായി വലിയ കുഴപ്പമില്ലെന്നും മനസിലാക്കി. അഞ്ജലിയോട് എനിക്ക് അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് മനസിലാക്കിയ ദേവിക പലപ്പോഴായി എനിക്ക് അഞ്ജലിയോട് സംസാരിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കി തന്നു. അതുവഴി എനിക്ക് അഞ്ജലിയോട് ചെറിയ തോതിലുള്ള സൗഹൃദം സ്ഥാപിച്ചെടുക്കാനും കഴിഞ്ഞു. കോളേജിലെ ദിനങ്ങൾ സന്തോഷകരമായി കടന്ന് പോകുന്നതിനിടയിലാണ് ദേവികയെ വളരെയധികൾ ദുഖത്തിലാഴ്ത്തിയ ആ ദിനം കടന്ന് വന്നത്. ഉച്ചക്ക് ലഞ്ച് ബ്രേക്കിന് പുറത്തേക്ക് പോയ ഞാൻ തിരിച്ച് ക്ലാസ്സിലേക്ക് വന്നപ്പോഴാണ് ഒരു ആൾക്കൂട്ടം കണ്ടത്. എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലാക്കിയ ഞാൻ അതിനുള്ളിലേക്ക് കടന്ന് ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന ദേവികയെ ആണ്. ക്ലാസ്സിലെ ഭൂലോക ഫ്രോഡായ ജിതിന്റെ ശബ്‌ദം അവിടെ ഉയർന്നു. “നീ വലിയ ശീലാവതി ഒന്നും ചമയണ്ട.. നിന്റെ പൂർവകാല ചരിത്രമൊക്കെ ഇവിടെല്ലാർക്കും അറിയാം.” കരയുന്നതിനിടയിൽ വിറയ്ക്കുന്ന സ്വരത്തിൽ അവൾ ചോദിച്ചു. “എന്നെ കുറിച്ച് എന്തറിയാന്നാ?” “പ്ലസ് ടു പഠിക്കുമ്പോൾ കണ്ടവന്മാരുമായൊക്കെ കറങ്ങാൻ പോയതും അവന്മാരുമായൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടെന്നും എവിടെല്ലാർക്കും അറിയാടി.
“ഡാ.. അവൾ ഒരു പെണ്ണാണ്.. ഇങ്ങനെ അനാവശ്യങ്ങൾ വിളിച്ച് പറയരുത്.” “നീ ഇവളെ കൂടുതൽ അങ്ങ് സപ്പോർട്ട് ചെയ്യാൻ വരണ്ട.. നീയും ഇവളുമായുള്ള ബന്ധമൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്.. ഞങ്ങൾ വല്ലോം ഫോൺ വിളിച്ചാൽ അവൾക്ക് സംസാരിക്കാൻ സമയം ഇല്ല.. പക്ഷെ നിന്നോട് എത്ര നേരം വേണമെങ്കിലും സംസാരിക്കാൻ സമയമുണ്ട്.” ജിതിനോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസിലായ ഞാൻ ദേവികയുടെ കൈയും പിടിച്ച് ക്ലാസിനു പുറത്തേക്ക് നടന്നു. അപ്പോഴും അവളുടെ ഏങ്ങൽ എന്റെ ചെവിക്കുള്ളിലേക്ക് ഇരച്ച് കയറുന്നുണ്ടായിരുന്നു. ക്യാന്റീനിൽ എത്തിയ ഞാൻ ആളൊഴിഞ്ഞ ഒരിടം നോക്കി അവളെയും കൂട്ടി പോയിരുന്നു. അവൾ കരച്ചിലടക്കാൻ പാട് പെടുകയായിരുന്നു അപ്പോൾ. ഞാൻ ആദ്യമായാണ് ദേവിക കരഞ്ഞ് കാണുന്നത്..ഇതിന് മുൻപെപ്പോഴും ചിരിച്ച് കളിച്ച് പാറിപ്പറക്കുന്നത് മാത്രമാണ് കണ്ടിട്ടുള്ളത്. ഞാൻ നിശബ്തനായി ഇരുന്ന് അവൾക്ക് കരഞ്ഞ് സങ്കടം തീർക്കാനുള്ള അവസരം കൊടുത്തു. കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവൾ എന്നോട് ചോദിച്ചു. “അവൻ പറഞ്ഞതൊക്കെ നീയും വിശ്വസിക്കുന്നുണ്ടോ?” എന്റെ വിരലുകൾ അവളുടെ കരങ്ങളിൽ അമർന്നു. “ഈ കോളേജിൽ വന്ന സമയങ്ങളിൽ ഞാനും അതൊക്കെ സത്യമാണെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ നിന്നെ അടുത്തറിഞ്ഞപ്പോൾ എനിക്ക് മനസിലായി അതൊക്കെ വെറും കള്ളങ്ങൾ മാത്രമായിരുന്നെന്ന്.” “നീയും ഇങ്ങനത്തെ കഥകൾ കേട്ടിരുന്നെങ്കിൽ എന്തുകൊണ്ടാ അതിനെകുറിച്ച് ഒരിക്കലെങ്കിലും എന്നോട് ചോദിക്കാഞ്ഞത്?” “എന്തിനാ നിന്നെ വിഷമിപ്പിക്കുന്നതെന്ന് വിചാരിച്ചാണ് ചോദിക്കാഞ്ഞത്.” “നീ എന്നെ നല്ലൊരു സുഹൃത്തായി കണ്ടിരുന്നെങ്കിൽ ഇവന്മാരുടെ മനസ്സിൽ എന്നെ കുറിച്ച് ഇങ്ങനാണെന്ന് പറയണമായിരുന്നു… ഇതിപ്പോൾ ഞാൻ അവന്മാരോടൊപ്പം നടക്കുമ്പോൾ അവന്മാരുടെ ഉള്ളിൽ ഞാൻ വെറുമൊരു …..” അവളുടെ മുഴുവിപ്പിക്കാത്ത വാക്കുകൾ എന്റെ ഉള്ളിൽ കത്തിയായി ആഴ്ന്നിറങ്ങി. ശരിയായിരുന്നു. എനിക്കവളോട് പറയാമായിരുന്നു.. ഞാൻ വലിയൊരു തെറ്റ് തന്നെയാണ് ചെയ്തത്. പിന്നെ ഒരാഴ്ചയോളം ഞാൻ അവളെ കോളേജിൽ കണ്ടില്ല. പലപ്പോഴും ഫോൺ വിളിച്ച് നോക്കിയെങ്കിലും സ്വിച്ച്ഓഫ് ആണെന്നായിരുന്നു മറുപടി. ഇതിനിടയിൽ പലപ്പോഴും അഞ്ജലി വന്ന് ദേവികയെ കുറിച്ച് തിരക്കിയിരുന്നു. സത്യത്തിൽ ദേവിക ഇല്ലാത്ത ക്ലാസ് റൂം വളരെ വിരസമാണെന്ന് എനിക്കും തോന്നി തുടങ്ങിയിരുന്നു. ദേവിക വരാറായി ഒരഴ്ച തികയറായ ഒരു ദിവസം ഉച്ചക്ക് ഞാൻ ക്ലാസ്സിൽ ചുമ്മാ ഇരിക്കുമ്പോഴാണ് എന്നെ ഞെട്ടിച്ച് കൊണ്ട് ദേവിക ക്ലാസ്സിലേക്ക് കയറി വന്നത്. ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാപേരും അവളെ ശ്രദ്ധിച്ചു. അവൾ എനിക്ക് സംസാരിക്കാൻ ഒരവസരം തരാതെ എന്റടുത്ത് വന്ന് ചോദിച്ചു.
“എന്നെയൊന്ന് വീടുവരെ ട്രോപ് ചെയ്യാമോ?” പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ അച്ഛന്റെ കാല് പിടിച്ച് ഞാൻ ഒരു ബൈക്ക് ഒപ്പിച്ചിരുന്നു. അതിലാണ് കോളജിലേക്ക് വരുന്നത്. അത് ദേവികയ്ക്കും അറിയാം. ഞാൻ ഒരക്ഷരം മിണ്ടാതെ അവളോടൊപ്പം ഇറങ്ങി പുറത്തേക്ക് നടന്നു. അവൾ എന്റെ ഒപ്പം ബൈക്കിൽ കയറി ഇരുന്നപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. ബൈക്ക് കോളേജ് കവാടം കഴിഞ്ഞപ്പോൾ എന്റെ തോളിൽ കൈ വച്ചുകൊണ്ട് അവൾ ചോദിച്ചു. “എന്താടാ ഒന്നും മിണ്ടാതെ?” എന്റെ മനസ്സിൽ നല്ല ദേഷ്യമായിരുന്നു അവളോടപ്പോൾ.. ഒരാഴ്ച അവളെ കുറിച്ച് ഒരു അറിവും ഇല്ലാതിരുന്നപ്പോഴാണ് ഞാൻ അവളെ സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കിയത്. ഞാൻ നിശബ്ദത പാലിച്ചു. “ഡാ..” ആ വിളിയിൽ അവളുടെ സ്വരത്തിൽ ഒരു ഇടർച്ച ഞാൻ മനസിലാക്കി. “നീ എന്നോടൊന്നും മിണ്ടണ്ട.. ഒരാഴ്ച എവിടായിരുന്നു നീ. ഞാൻ എത്ര തവണ നിന്നെ വിളിച്ചിരുന്നു എന്ന് നിനക്കറിയാമോ?” “സോറി ഡാ.. ഞാൻ വല്ലാത്തൊരു മനസികാവസ്ഥയിലായിരുന്നു.” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്ത്. എന്റെ ഉള്ളിലെ അമർഷം തീർന്നിരുന്നില്ല. “പ്ലസ് ടു പഠിച്ചപ്പോൾ ഞാൻ ഒരാളുമായി പ്രണയത്തിൽ ആയിരുന്നു.. അത് വീട്ടിൽ ‘അമ്മ അറിഞ്ഞു.. അമ്മയുടെ കരച്ചിലിന് മുന്നിൽ ഞാൻ ആ ഇഷ്ട്ടം വേണ്ടെന്ന് വച്ചു, അല്ലെങ്കിലും അതിനെ പ്രണയമെന്നൊന്നും വിളിക്കാൻ കഴിയില്ലായിരുന്നു. പ്രായത്തിന്റെ ഒരു എടുത്തുചാട്ടം… ഞാൻ അവനിൽ നിന്നും ഒഴിഞ്ഞു മാറിയപ്പോൾ ഞാൻ തേപ്പുകാരിയായി.. പലതരം കഥകൾ എന്നെകുറിച്ച് പറഞ്ഞുണ്ടാക്കി.. പറഞ്ഞു പറഞ്ഞ് കഥകൾ വലുതായി.. ആ അപമാനത്തിനിടയിലാ ഞാൻ അവിടന്ന് പഠിച്ചിറങ്ങിയത്. എവിടെ വന്നപ്പോഴെങ്കിലും ആ പരിഹാസങ്ങൾക്ക് ഒരു അവസാനം ഉണ്ടാകുമെന്ന് കരുതി. പക്ഷെ…” എനിക്കവളുടെ മുഖം കാണാൻ കഴിയുന്നില്ലെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകുമെന്ന് എനിക്കൂഹിക്കാവുന്നതേ ഉള്ളായിരുന്നു. “ദേവൂ.. സോറി ഡി… നിന്നെക്കുറിച്ച് കുറച്ചു ദിവസം ഒന്നും അറിയാതിരുന്നപ്പോൾ ഞാൻ കുറച്ചധികം വിഷമിച്ച് പോയി. അതാ ഞാൻ ഒന്നും മിണ്ടാഞ്ഞത്.”
“എനിക്കറിയാം ഞാൻ നിന്നെ വേദനിപ്പിച്ചു എന്ന്.. എനിക്ക് ജീവിതത്തിൽ കിട്ടിയിട്ടുള്ള ഒരേയൊരു നല്ല കൂട്ടുകാരൻ നീ മാത്രമാണ്. നീ ഒരിക്കലും എന്റെ നമ്പർ ആവിശ്യപെട്ടിട്ടില്ല, എന്റെ അടുത്ത് വന്നിരുന്നിട്ടില്ല. കൂടെ ബൈക്കിൽ വരണമെന്ന് ആവിശ്യപെട്ടിട്ടില്ല.. ഏതെല്ലാം ഞാൻ ആണ് നിന്നോട് ചെയ്തിട്ടുള്ളത്.. എന്നിട്ടും നീ എന്നെ തെറ്റായ രീതിയിൽ കണ്ടിട്ടില്ല.” അവളുടെ വാക്കുകളിൽ നിന്നും എനിക്ക് അവളുടെ മനസ്സിൽ നല്ലൊരു സ്ഥാനം ഉണ്ടെന്ന് മനസിലായി. “നീ നാളെ മുതൽ കോളേജിൽ വാ.. അവന്മാർ പലതും പറയും, നീ അത് കാര്യമാക്കണ്ട.” “ഇല്ലടാ.. എനിക്കിനി ഇവിടെ പറ്റില്ല.. ഈ വായാടിത്തരവും ഓടിച്ചാടിയുള്ള നടത്തവുമൊക്കെ ഒന്ന് മാറ്റണം.. ഞാൻ ചെന്നൈയിലേക്ക് പോകുവാന്.. എനിക്കവിടെ അമ്മാവൻ കോളേജിൽ സീറ്റ് റെഡി ആക്കിയിട്ടുണ്ട്.” എനിക്കൊരു ഞെട്ടലോടെ അല്ലാതെ അവളുടെ വാക്കുകൾ കേൾക്കാനായില്ല. “അപ്പോൾ നീ ഇവിടന്ന് പോകുവാണോ?” “അതേടാ.. എനിക്ക് മൊത്തത്തിൽ ഒന്ന് ചേഞ്ച് ആകണം.. അതിന് ഇവിടന്ന് മാറി നിൽക്കുന്നതാണ് നല്ലത്.” എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയെ സുഹൃത്തായി കിട്ടുന്നത്, അവൾ എന്നിൽ നിന്നും അകലുന്നു എന്നത് എനിക്ക് ഉൾക്കൊള്ളാനായില്ല. “സർഫിഫിക്കറ്റ് കിട്ടാനായി കോളേജിൽ കുറച്ച് പൈസ കൊടുക്കേണ്ടി വന്നു. അതിനായാണ് ഞാൻ ഇന്ന് അവിടേക്ക് വന്നത്.” എനിക്ക് സംസാരിക്കാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ലായിരുന്നു. കുറച്ച് സമയത്തെ യാത്രക്കൊടുവിൽ ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. അവളുടെ ‘അമ്മ വീട്ടിൽ ഉണ്ടായിരുന്നു.. ദേവികയെപ്പോലെ തന്നെയാണ് കാണാൻ.. സത്യം പറയുകയാണെങ്കിൽ ദേവികയെക്കാൾ സുന്ദരിയായിരുന്നു അവളുടെ ‘അമ്മ. എപ്പോഴും ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന ഒരു പാവം സ്ത്രീ. കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ ദേവിക എന്നെകുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് മനസിലായി. എന്നോട് വലിയ കാര്യമായിട്ടാണ് ‘അമ്മ പെരുമാറിയത്. അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ദേവിക പറഞ്ഞു. “ഞാൻ ചെന്നൈ എത്തി പുതിയ സിം എടുക്കുമ്പോൾ നിന്നെ വിളിക്കാം.. ഇവിടത്തെ സിം ഞാൻ കളഞ്ഞു.
ഞാൻ ബൈക്കിനടുത്തേക്ക് നടന്നപ്പോൾ അവൾ എന്റെ ഒപ്പം വന്ന്. ബൈക്കിലേക്ക് കയറി ഇരിക്കുന്നതിനിടയിൽ എന്റെ മനസ്സിൽ പെട്ടെന്ന് വന്ന ഒരു കാര്യം ഞാൻ പറഞ്ഞു. “നമ്മൾ ഒരുപാട് സംസാരിച്ചിട്ടുണ്ട്.. പക്ഷെ ഒരു കാര്യം ഞാൻ ഇതുവരെ നിന്നോട് ചോദിച്ചില്ല.” അവളുടെ കണ്ണുകളിൽ ഒരു ആകാംഷ എനിക്ക് കാണാൻ കഴിഞ്ഞു. “എന്താടാ?” “നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ്?” ഒന്നും ആലോചിക്കാതെ വളരെ പെട്ടെന്ന് തന്നെയായിരുന്നു അവളുടെ ഉത്തരം. “ഒരുപാട് യാത്ര ചെയ്യണം.. ഇന്ത്യ മൊത്തം യാത്ര ചെയ്യണം.” ശരിക്കും എന്റെയും ആഗ്രഹം അതുതന്നെ ആയിരുന്നു. “ഡി.. എന്റെയും ആഗ്രഹം അത് തന്നാണല്ലോ.” അവൾ ഒരു ചിരിയോടെ പറഞ്ഞു. “എങ്ങനെ ആകാതിരിക്കും.. നമ്മൾ രണ്ടുപേരും ജനിച്ചത് ഒരു ദിവസം അല്ലേടാ..” “ആഗ്രഹം മാത്രേ കാണുകയുള്ളെന്നാണ് തോന്നുന്നേ.. നടത്തണമെങ്കിൽ ഒരുപാട് പൈസ വേണം.” “എന്റെ ആഗ്രഹം എന്തായാലും ഞാൻ നടത്തും.” “അതെങ്ങനെ?” ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് അവൾ പറഞ്ഞു. “ഏതെങ്കിലും പണക്കാരൻ ചെക്കനെ കറക്കി വീഴ്ത്തി കെട്ടിയാൽ മതിലോ.” ആ സമയത് അവളുടെ മറുപടി എന്നിൽ ചിരി ഉണർത്തിയെങ്കിലും പിന്നീട് അവൾ പറഞ്ഞതിലും കാര്യമുണ്ടല്ലോ എന്ന് തോന്നാതിരുന്നിട്ടില്ല. . . ആ ഒരു കൂടിക്കാഴ്ചക്ക് ശേഷം ഞാൻ അവളെ മാസങ്ങളോളം കണ്ടിരുന്നില്ല. ഒരു വിവരവും ഇല്ലായിരുന്നു അവളെ കുറിച്ച്.. ആദ്യമൊക്കെ അവളെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ചെറിയൊരു വേദന തോന്നിയിരുന്നെങ്കിലും പതുക്കെ പതുക്കെ ഞാൻ അവളെയങ്ങ് മറന്നു. ദേവികയുടെ അഭാവത്തിൽ ഞാൻ അഞ്ജലിയുമായി കുറച്ച് കൂടി അടുത്തെങ്കിലും പ്രണയമെന്താണെന്ന് പോലും അവൾക്കറിയില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി. പ്രണയത്തിന്റേതായി ഞാൻ നൽകിയ സൂചനകൾ അവൾ പാടെ അവഗണിച്ചത് എന്നെ തെല്ലൊന്നും അല്ല വേദനിപ്പിച്ചത്. എന്നാൽ വാ തുറന്ന് ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യവും എനിക്കില്ലായിരുന്നു.
അതിനിടയിലാണ് എന്റെ ജീവിതത്തിലേക്ക് മറ്റൊരു കഥാപാത്രം കടന്ന് വന്നത്. മായ.. എന്റെ വകയിലൊരു അമ്മാവന്റെ മകളായിരുന്നു കക്ഷി. കുടുംബത്തിലുള്ള ഏതെങ്കിലും ഫങ്ക്ഷന് കൂടുമ്പോൾ മായയെ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് വലിയ പരിചയമൊന്നും ഇല്ലായിരുന്നു. ഞാൻ കോളേജിൽ സെക്കന്റ് ഇയറിലേക്ക് കടന്നപ്പോൾ ആദ്യ വർഷ വിദ്യാർത്ഥി ആയി അവൾ അവിടേക്ക് കടന്നു വന്നു. ഒരുപാട് സംസാരിക്കുന്ന ആരുകണ്ടാലും നോക്കി നിന്നു പോകുന്ന ഒരു സുന്ദരി കുട്ടി ആയിരുന്നു അവൾ. കോളേജിലെ ആകസ്മികമായ കണ്ടുമുട്ടലുകളിലൂടെ ഞങ്ങളുടെ പരിചയം വളർന്നു. വളരെ അടുത്തതൊന്നും അല്ലെങ്കിലും കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധം ഞങ്ങളുടെ അടുപ്പം വർധിപ്പിക്കുന്നതിൽ ആക്കം കൂടിയെന്ന് തന്നെ പറയാം. വീട്ടിൽ നിന്നും കോളജിലേക്ക് പോകുന്ന വഴിയിലാണ് അവളുടെ വീട് എന്നത് കോളേജിലേക്കുള്ള അവളുടെ പോക്ക് വരവ് എന്റെ ബൈക്കിന്റെ പിന്നിലാക്കി. അമ്മാവന്റെ ഒറ്റ മകളും ലാളിച്ച് വളർത്തിയതിനാലും അവളുടെ ഒരാഗ്രഹങ്ങൾക്കും അമ്മാവൻ എതിര് പറയില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് എന്റെകൂടെ കോളേജിൽ പോയി വന്നോട്ടെ എന്ന് ചോദിച്ചപ്പോൾ അമ്മാവൻ എതിർക്കാഞ്ഞത്. ഈ യാത്രക്കിടയിൽ സംസാര പ്രിയയായ അവൾ എന്നോട് കോളേജിൽ അവളുടെ പിറകെ നടക്കുന്ന ചെക്കന്മാരെ കുറിച്ചും കിട്ടുന്ന ലവ് ലെറ്റെറിനെ കുറിച്ചും എന്നുവേണ്ട അന്നത്തെ ദിവസം അവൾക്ക് എന്തൊക്കെ സംഭവിച്ചു അതെല്ലാം പറയും. എനിക്കും അതൊക്കെ കേൾക്കുന്നത് ഒരു രസമായിരുന്നു. മറ്റുള്ളവരുടെ മനസ് ചികഞ്ഞെടുക്കുന്നതിൽ മിടുക്കിയായ അവൾ പതുക്കെ എന്റെ മനസും ചികഞ്ഞു തുടങ്ങി. സത്യത്തിൽ ദേവിക പോയതിൽ പിന്നെ ഞാൻ ഒരാളോട് മനസ് തുറന്ന് സംസാരിക്കുന്നത് മായയോടായിരുന്നു. ഞാൻ ദേവികയെക്കുറിച്ചും അഞ്ജലിയെക്കുറിച്ചും എല്ലാം അവളോട് തുറന്നു പറഞ്ഞു. കോളേജിലെ എണ്ണം പറഞ്ഞ സുന്ദരിമാരിൽ ഒരാളായ മായ എന്റെ ബൈക്കിന്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നത് പലരുടെയും ഉള്ളിൽ അസൂയ ഉണർത്തിയിരുന്നു. പക്ഷെ അവൾ എന്റെ മുറപ്പെണ്ണ് ആയിരുന്നിട്ട് കൂടി ഞാൻ അവളെ ഒരു സുഹൃത്തായിട്ടായിരുന്നു കണ്ടത്. എന്റെ മനസിനുള്ളിൽ അപ്പോഴും അഞ്ജലിക്ക് തന്നെയായിരുന്നു സ്ഥാനം. രാത്രി നല്ല ഉറക്കത്തിൽ കിടക്കുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്ന ശബ്‌ദം എന്റെ ഉറക്കത്തെ നശിപ്പിച്ചത്. വിളിച്ചത് ആരായാലും ഞാൻ അവരെ പ്രാവിക്കൊണ്ടാണ് ഫോൺ എടുത്തത്. ഡിസ്‌പ്ലേയിൽ ഒരു നമ്പർ ആണ് തെളിഞ്ഞ് കാണുന്നത്. സമയം നോക്കിയപ്പോൾ പന്ത്രണ്ടു മണി. ഇതാരാണാവോ ഈ സമയത്ത്.
“ഹലോ..” “പ്രിയ കൂട്ടുകാരന് എന്റെ പിറന്നാൾ ആശംസകൾ.” അപ്പോഴാണ് പന്ത്രണ്ടു മണി കഴിഞ്ഞല്ലോ ഇന്ന് എന്റെ പിറന്നാൾ ആണല്ലോന്ന് ഓർത്തത്. പക്ഷെ ഇതാരാണ് ഈ പാതിരാത്രി വിളിച്ച് ആശംസ പറയാൻ. പെട്ടെന്ന് ഒരു രൂപം എന്റെ മനസിലേക്ക് ഓടിയെത്തി.. ഒരു സംശയത്തോടെ ഞാൻ ചോദിച്ചു. “ദേവൂ ആണോ?” “അപ്പോൾ എന്നെ മറന്നിട്ടില്ലല്ലേ?” “ഡി പട്ടി.. ഫോൺ വച്ചിട്ട് പൊയ്ക്കൊള്ളണം.. നിനക്ക് ഇപ്പോഴാണോടി അവിടെ സിം കിട്ടിയത്……” വായിൽ തോന്നിയ ചീത്തയെല്ലാം ഞാൻ അവളെ വിളിച്ചു. എല്ലാം കേട്ടതിന് ഒടുവിൽ അവൾ എന്നോട് പറഞ്ഞു. “ഇതെല്ലം കേൾക്കുമെന്ന് പ്രതീക്ഷിച്ച് തന്നെയാ ഞാൻ നിന്നെ വിളിച്ചത്.. സോറി ഡാ..” “നീ ഇവിടന്നു പോയിട്ട് എത്ര മാസങ്ങൾ ആയി.. ഇതിനിടയിൽ ഒരു തവണയെങ്കിലും നിനക്കെന്നെ വിളിച്ചൂടായിരുന്നോ?” “എന്നോടുന്നു ക്ഷമിക്കെടാ.. വല്ലാത്തൊരു മാനസികാവസ്ഥയിൽ ആണ് ഞാൻ ഇവിടെ വന്നത്.. പിന്നെ പഠിത്തത്തിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ.” ഞാൻ ഒന്നും മിണ്ടാതിരുന്നപ്പോൾ അവൾ ചെറിയൊരു കൊഞ്ചലോടെ പറഞ്ഞു. “സോറി ഡാ.. ഞാൻ ഇനി എന്നും വിളിച്ചു കൊള്ളാം.. പോരെ..” അവളുടെ കൊഞ്ചിയുള്ള സംസാരം കേട്ടപ്പോൾ എന്റെ മനസ്സിൽ അവളോടുണ്ടായിരുന്ന ദേഷ്യമെല്ലാം പെട്ടെന്നില്ലാതായി. “ശരി ശരി.. ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു.. ഇനി ഒരു തവണ കൂടി ഇതുപോലുണ്ടായാൽ കൊല്ലും നിന്നെ ഞാൻ.” “ശരി സമ്മതിച്ചിരിക്കുന്നു.. ഞാൻ ഹോസ്റ്റലിൽ ആണ്.. എല്ലാരും ഉറങ്ങുവാണ്, ഫോൺ വയ്ക്കട്ടെ.” “ഹമ്.. വച്ചോ..” “ഡാ പട്ടി.. ഞാൻ ഫോൺ വയ്ക്കാൻ പോകയാണെന്ന്.”
പെട്ടെന്നാണ് അവൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് മനസിലായത്. “പ്രിയ കൂട്ടുകാരിക്ക് എന്റെ ജന്മദിനാശംസകൾ.” അത് കേട്ട് കഴിഞ്ഞതും അവൾ ഫോൺ കട്ട് ചെയ്തു. ഫോണിന്റെ ഡിസ്‌പ്ലേയിലേക്ക് നോക്കുമ്പോഴാണ് മായയുടെ ഒൻപത് മിസ് കാൾസ്. പെട്ടെന്ന് തന്നെ അവളെ തിരികെ വിളിച്ചു. എന്റെ വിളി കാത്തിരുന്നിട്ടെന്നവണ്ണം ആദ്യ ബെല്ലിൽ തന്നെ അവൾ കാൾ എടുത്തു. “മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ ചേട്ടാ.” “താങ്ക്സ് ഡിയർ.” അവൾ ഒന്ന് കനപ്പിച്ച് മൂളി. “എന്നതാടി ഒരു മൂളക്കം?” “ആരോടായിരുന്നു പാതിരാത്രി ഇരുന്നു സംസാരം?” ആ സ്വരത്തിൽ ഒരു നീരസം അവന് അനുഭവപ്പെട്ടു. “ദേവിക വിളിച്ചൂടി.അവളോട് സംസാരിക്കുകയായിരുന്നു.” മായ പെട്ടെന്ന് നിശബ്ദത ആയി. “എന്താടി ഒന്നും മിണ്ടാത്തെ?” “ചേട്ടാ..” “എന്താടി?” “പഴയ കൂട്ടുകാരിയെ തിരികെ കിട്ടുമ്പോൾ എന്നെ മറക്കുമോ?” ആ സ്വരത്തിൽ ഒരു ഇടർച്ച അവന് അറിയാൻ കഴിഞ്ഞു. “എന്റെ മായ കുട്ടിയെ ഞാൻ അങ്ങനെ മറക്കുമോ?.. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി അല്ലെ നീ.” ആ വാക്കുകൾ അവൾക്ക് തെല്ലൊരു ആശ്വാസം പകർന്നിരിക്കണം. സന്തോഷത്തോടു കൂടിയാണ് അവൾ കാൾ കട്ട് ചെയ്തത്. പിന്നീടുള്ള മിക്ക ദിവസങ്ങളിലും ദേവൂ എന്നെ ഫോൺ വിളിച്ച് തുടങ്ങി. എന്റെ വിശേഷങ്ങളും അവളുടെ കോളേജിലെ വിശേഷങ്ങളും ഞങ്ങൾ പങ്കുവച്ചു. മായയെ കുറിച്ചതും അഞ്ജലിയുടെ കാര്യത്തിൽ ഒരു പുരോഗതിയും ഇല്ലാത്തതും ഞാൻ അവളെ അറിയിച്ചു. അഞ്ജലിയോട് ഞാൻ എന്റെ ഇഷ്ട്ടം തുറന്ന് പറയണമെന്ന് ദേവൂ തീർത്ത് പറഞ്ഞു. അവസാനം അവൾ തന്ന ധൈര്യത്തിൽ ഞാൻ അഞ്ജലിയോട് തുറന്ന് പറയാൻ തന്നെ തീരുമാനിച്ചു. പ്രണയം ഒന്ന് തുറന്ന് പറയാൻ അഞ്ജലിയെ ഒറ്റക്ക് കിട്ടുക എന്നതായിരുന്നു ഏറ്റവും കഷ്ടപ്പാട്. പെണ്പിള്ളേരുടെ കൂട്ടത്തിൽ അല്ലാതെ അവളെ ഒറ്റക്ക് കാണാൻ തന്നെ ഭാഗ്യം ചെയ്യണം.
അവസാനം അവളെ ഒറ്റക്ക് കിട്ടാനുള്ള വഴി പറഞ്ഞു തന്നതും ദേവു ആയിരുന്നു. മായയുടെ സഹായം തേടുക. അറ്റ കൈ എന്നുള്ള നിലക്ക് ഞാൻ ദേവുവിന്റെ ഉപദേശം സ്വീകരിച്ചു. ഞാൻ സഹായം തേടി ചെന്നപ്പോൾ ആദ്യം മായ നിരസിച്ചെങ്കിലും എന്റെ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ അവൾ സമ്മതിച്ചു. അന്നൊരു ദിവസം ഉച്ചക്ക് ഞാൻ കോളേജിൽ ആളൊഴിഞ്ഞ ഒരു കോണിൽ നിൽക്കുമ്പോൾ മായ എന്തോ കള്ളം പറഞ്ഞ് അഞ്ജലിയെ എന്റരികിലേക്ക് കൂട്ടികൊണ്ട് വന്നു. “ചേച്ചി ഒന്നും വിചാരിക്കരുത്.. ചേട്ടന് എന്തോ ചേച്ചിയോട് ഒറ്റക്ക് സംസാരിക്കണമെന്ന്.. അതാ കള്ളം പറഞ്ഞ് ഞാൻ ഇവിടേക്ക് കൂട്ടികൊണ്ട് വന്നത്.” അത്രയും പറഞ്ഞ് മായ പെട്ടെന്ന് തന്നെ അവിടെനിന്നും നടന്നു പോയി. എന്റെ മുന്നിൽ ഒറ്റക്ക് അകപെട്ടപ്പോൾ അവളുടെ നെറ്റിയിൽ വിയർപ്പ് കാര്യങ്ങൾ പൊടിഞ്ഞ് തുടങ്ങി. വിറയ്ക്കുന്ന സ്വരത്തിൽ അവൾ ചോദിച്ചു. “എന്താ പറയാനുള്ളത്?” ഉള്ളിൽ സംഭരിച്ച ധൈര്യത്തിന്റെ പുറത്ത് ഞാൻ പറഞ്ഞു. “എനിക്ക് അഞ്ജലിയെ ആദ്യം കണ്ട നാൾ മുതൽ ഇഷ്ട്ടമാണ്.. ഒരുപാട് നാളായി ഇത് പറയണമെന്ന് വിചാരിക്കുന്നു.. പക്ഷെ ഇപ്പോഴാ എനിക്ക് അതിനുള്ള ഒരു ധൈര്യം കിട്ടിയത്.” “എനിക്ക് ഈ പ്രണയത്തിലൊന്നും ഒരു താല്പര്യവും ഇല്ല. നിനക്കെന്നെ ഇഷ്ടമാണെന്ന് പണ്ടേ തോന്നിയിരുന്നു, നീ ഇപ്പോൾ ഈ ഇഷ്ട്ടം എന്നോട് തുറന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ നമുക്ക് ഫ്രണ്ട്‌സ് ആയി തന്നെ മുന്നോട്ട് പോകാമായിരുന്നു. പക്ഷെ ഇനിയതിനു കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നോടിനി മിണ്ടാൻ വരരുത്.” ഒറ്റ ശ്വാസത്തിലാണ് അവൾ അതത്രയും എന്നോട് പറഞ്ഞത്. അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് ചിന്തിക്കാനുള്ള സമയം പോലും നൽകാതെ അഞ്ജലി അവിടെ നിന്നും തിരികെ നടന്നു. അവൾ അവിടെ നിന്ന് പോയതും മായ ഓടി എന്റെ അടുത്തേക്ക് വന്നു. “എന്താ പറഞ്ഞെ ചേട്ടാ?” “അത് നടക്കില്ല..” എന്റെ സ്വരത്തിലെ നിരാശ മായ മനസിലാക്കി എന്ന് തോന്നുന്നു. “ഞാൻ ഒന്ന് ചേച്ചിയോട് സംസാരിക്കാം ചേട്ടാ.” രണ്ട് വർഷം മനസ്സിൽ കൊണ്ട് നടന്ന പ്രണയമാണ് ഒരൊറ്റ നിമിഷം കൊണ്ട് അവൾ നിരസിച്ചത്. മനസ്സിൽ നിരാശയും ദേഷ്യവും എല്ലാം ഒരുമിച്ചു വന്നു. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ഇന്നും എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായിട്ടില്ല. ഒരൊറ്റ അടി ആയിരുന്നു മായയുടെ കവിളിൽ. “എനിക്ക് വേണ്ടി അവളോട് പോയി സംസാരിക്കാൻ നീ എന്റെ ആരാടി?”
അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയപ്പോഴേക്കും ഞാൻ ക്ലാസ്സിലേക്ക് നടന്നു. മനസിലാകെ ഒരു ശൂന്യത.. എന്ത് ചെയ്യണമെന്നറിയില്ല. ക്ലാസ്സിൽ ചെന്നുടൻ ബാഗുമെടുത്ത് ബൈക്കിനടുത്തേക്ക് നടന്നു. ബൈക്കിനടുത്ത് എത്തുമ്പോൾ എന്നെക്കാളും മുന്നേ ബാഗുമായി മായ അവിടെ നിൽപ്പുണ്ട്. ആദ്യം തന്നെ എന്റെ ശ്രദ്ധ പതിഞ്ഞത് അവളുടെ കവിളിൽ ആണ്. വെളുത്ത് തുടുത്ത അവളുടെ കവിളിപോൾ ചുവന്ന് തിണർത്ത് കിടക്കുന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ ഒരക്ഷരം മിണ്ടാതെ തന്നെ പിന്നിൽ കയറി ഇരുന്നു. പോകുന്ന വഴിക്ക് അവൾ ആകെ പറഞ്ഞ വാക്കുകൾ ഇതായിരുന്നു. “എന്റെ വീട്ടിൽ നിർത്തണ്ട, ചേട്ടന്റെ വീട്ടിലേക്ക് പോയാൽ മതി.” വീട്ടിൽ എത്തിയ അവൾ എന്റെ അമ്മക്ക് അതികം മുഖം കൊടുക്കാതെ എന്റെ റൂമിലേക്ക് പോയി. അവൾ മിക്കപ്പോഴും വീട്ടിൽ വരാറുള്ളതിനാലും വന്ന് കഴഞ്ഞാൽ എന്റെ റൂമിൽ എന്നോടൊപ്പം ആണ് കൂടുതൽ സമയം ചിലവിടാറുള്ളത് എന്നതിനാലും അമ്മയുടെ ഭാഗത്ത് നിന്നും കൂടുതൽ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല. ഞാൻ റൂമിൽ എത്തുമ്പോൾ അവൾ കട്ടിലിൽ മുഖം കുനിച്ചിരിക്കുകയായിരുന്നു. “മായാ..” അവൾ മുഖം ഉയർത്തി എന്നെ നോക്കി. ഞാൻ അവളുടെ അരികിൽ എത്തി കവിളിൽ തലോടി കൊണ്ട് പറഞ്ഞു. “പെട്ടെന്നുള്ള ദേഷ്യത്തിൽ അറിയാതെ പറ്റിപോയതാണ്. സോറി..” അവളുടെ വിരലുകൾ കവിളിൽ തലോടി കൊണ്ടിരുന്ന എന്റെ കൈയിൽ മുറുകി. “അതൊന്നും കുഴപ്പമില്ല ചേട്ടാ.. പക്ഷെ..” ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി, അപ്പോഴേക്കും കണ്ണുനീർ കവിളിലേക്ക് ഒഴുകി തുടങ്ങിയിരുന്നു. “ചേച്ചിയോട് ചേട്ടന് വേണ്ടി സംസാരിക്കാൻ ഞാൻ ചേട്ടന്റെ ആരാണെന്ന് ചോദിച്ചില്ലേ.. അതാണെന്ന് വേദനിപ്പിച്ചത്.” ഒരു എങ്ങളോടെ അവൾ എന്നോട് ചോദിച്ചു. “ഞാൻ ചേട്ടന്റെ ആരുമല്ലേ?” അവളുടെ ഹൃദയത്തിനുള്ളിൽ നിന്നും വന്ന ചോദ്യത്തിന് ഒരു കെട്ടിപ്പിടുത്തം മാത്രമായിരുന്നു എന്റെ മറുപടി. രാത്രി ദേവികയുടെ ഫോൺ കാളിനായി ഞാൻ കാത്തിരുന്നു. വൈകുന്നേരം തന്നെ ദേവുവിനെ വിളിച്ച് എല്ലാം പറഞ്ഞിരുന്നു. അഞ്ജലിയെ വിളിച്ച് സംസാരിച്ച ശേഷം എന്നെ വിളിക്കും എന്ന അവളുടെ വാക്കിന്മേൽ ഉള്ള കാത്തിരിപ്പിൽ ആണ് ഞാൻ. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കാർമേഘങ്ങൾ നക്ഷത്രങ്ങളെ മറച്ചിരിക്കുന്നു. എന്റെ മനസിനുള്ളിലും കാർമേഘങ്ങൾ നിറഞ്ഞിരിക്കുകയായിരുന്നു അപ്പോൾ.
ഫോണിൽ ആദ്യത്തെ ബെൽ അടിച്ചപ്പോൾ തന്നെ ഞാൻ ഫോൺ എടുത്തു. “എന്ത് പറഞ്ഞു ദേവു അവൾ?” “നമുക്കിനി അവളെ ശല്യപ്പെടുത്താൻ പോകണ്ടടാ..നീ അവളെ മറന്നേക്ക്.” “എന്താ ദേവു നീ ഇങ്ങനെ പറയുന്നേ?” “അവളുടെ വീട്ടുക്കാർ ഒരു പഴഞ്ചൻ ചിന്താഗതിക്കാർ ആണ്. ജാതിയും ആചാരവും ഒക്കെ നോക്കി ജീവിക്കുന്നവർ.. നീ അവളുടെ പിന്നാലെ നടക്കുന്നു എന്ന് അറിഞ്ഞാൽ തന്നെ അവർ അവളുടെ പഠിത്തം നിർത്തും.. നമ്മളായിട്ട് എന്തിനാ അവളുടെ ഭാവി നശിപ്പിക്കുന്നെ?” ഞാൻ കൂടുതൽ ഒന്നും സംസാരിക്കാതെ ഫോൺ കട്ട് ചെയ്തു. എനിക്ക് ചിന്തിക്കാനുള്ള സമയം നൽകാനാകണം ദേവു തിരിച്ച് വിളിച്ചതും ഇല്ല. ഞാൻ മനസിരുത്തി ചിന്തിച്ചു. മായയെ വിളിച്ച് അവളുടെ അഭിപ്രായവും തേടി. ദേവുവിന്റെ അഭിപ്രായം തന്നെയായിരുന്നു മായയ്ക്കും. പിന്നെ എനിക്ക് മറിച്ചൊരു ആലോചന ഇല്ലായിരുന്നു. അന്ന് തൊട്ട് കോളേജ് കഴിയുന്നവരെയും ക്ലാസ്സിൽ അഞ്ജലി എന്നൊരു പെണ്ണ് ഉണ്ടെന്നു പോലും ഞാൻ കണക്ക് കൂട്ടിയിരുന്നില്ല.. എങ്കിലും ആദ്യ പ്രണയം മനസ് വിട്ടു പോകൂല്ലല്ലോ.. മനസിനുള്ളിൽ ഇന്നും ഉണങ്ങാത്ത ഒരു നീറ്റലായി അവൾ ഉണ്ട്. അഞ്ജലിയെ പാടെ അവഗണിച്ചപ്പോൾ ദേവികയുടെയും മായയുടെയും സൗഹൃദം തന്നെയാണ് പ്രണയത്തേക്കാൾ നല്ലതെന്ന് എനിക്ക് തോന്നി. അതാകുമ്പോൾ ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഉപദേശങ്ങളും പിടിവാശികളും ആയി സന്തോഷത്തോടെ മുന്നോട്ടുപോകും. കോളേജിലെ അവസാന വർഷ പഠനം കഴിയുന്നവരെയും മായ എനിക്കൊപ്പം തന്നെയായിരുന്നു കോളജിലേക്ക് പോകുന്നതും വരുന്നതും. ഞാൻ കോളേജിൽ നിന്നും ഇറങ്ങിയതിൽ പിന്നെ അവധി ദിവസങ്ങളിൽ അവൾ ഒന്നെങ്കിൽ എന്റെ വീട്ടിൽ വരും അല്ലെങ്കിൽ ഞാൻ അവളുടെ വീട്ടിൽ പോകും.ദിവസവും ഉള്ള ഫോൺ വിളി ഇന്നും തുടരുന്നുണ്ട്. ഇടക്കൊക്കെ അവൾക്ക് എന്നോട് ചെറിയൊരു പ്രണയമുണ്ടോന്ന് എനിക്ക് തോന്നാറുണ്ട്.. അത് മനസ്സിനുള്ളിലെ ഒരു സംശയം ആയി ഇന്നും അവശേഷിക്കുന്നു. സത്യത്തിൽ ഞാൻ മായയോടുള്ള സൗഹൃദത്തേക്കാൾ ദേവികയോടുള്ള സൗഹൃദത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്.അത് ചിലപ്പോൾ ഞങ്ങളുടെ പ്രായം ഒന്നായതിന്റെയും ഞങ്ങളുടെ ചിന്തകൾ പലതും ഏകദേശം ഒന്നായതിനാലും ആയിരിക്കാം. ദേവിക എല്ലാ ദിവസവും വിളിക്കാറില്ല. പക്ഷെ വിളിക്കുന്ന ദിവസം മുഴുവൻ വിശേഷങ്ങൾ പറഞ്ഞ് തീർത്ത ശേഷമേ ഫോൺ വയ്ക്കാറുള്ളു. ഞങ്ങൾ തമ്മിലുള്ള സംഭാഷങ്ങൾക്ക് പലപ്പോഴും കൃത്യമായ അതിർവരമ്പുകൾ ഇല്ലായിരുന്നു.
അതിനൊരുദാഹരണം… ഒരു ദിവസം ഞാൻ രണ്ടുമൂന്നു തവണ വിളിച്ചപ്പോഴും അവൾ ഫോൺ എടുത്തില്ലായിരുന്നു. കുറച്ച് കഴിഞ്ഞ് അവൾ ഇങ്ങോട്ട് തിരികെ വിളിച്ചപ്പോൾ ഞാൻ ഫോൺഎടുക്കാഞ്ഞതിന്റെ പേരിൽ വഴക്ക് പറഞ്ഞപ്പോൾ അവൾ പറഞ്ഞു. “ഡാ.. പിരിയഡ് ആയടാ, ഒട്ടും വയ്യാഞ്ഞത്കൊണ്ടാണ് ഫോൺ എടുക്കാഞ്ഞത്.” സ്ത്രീകൾക്ക് പീരിയഡ് ആകാറുണ്ട് എന്നറിയാമെങ്കിലും ആ സമയത്തെ അവരുടെ അവസ്ഥയെ കുറിച്ച് എനിക്കറിയില്ലായിരുന്നു. ദേവു ആ സമയങ്ങളിൽ അവരിൽ ഉണ്ടാകുന്ന വേദനയും ഇറിറ്റേഷനും മാനസികാവസ്ഥയും എല്ലാം എനിക്ക് വിശദമായി പറഞ്ഞു തന്നു. അതിൽ പിന്നെ എല്ലാ മാസവും പിരിയഡിന്റെ അസ്വസ്ഥത തുടങ്ങുമ്പോൾ തന്നെ അവൾ എന്നോട് ആകാറായി എന്ന് പറയും. അതിൽ പിന്നെ ഞാൻ ആ സമയങ്ങളിൽ അവൾ എന്നോട് ദേഷ്യപ്പെട്ടാലും അവളോട് വളരെ സൗമ്യതയോടും സ്നേഹത്തോടും മാത്രമേ സംസാരിച്ചിരുന്നുള്ളു. അതുപോലെ തന്നെ ഒരു ദിവസം മുടിവെട്ടാനായി കടയിൽ പോയിരുന്നപ്പോൾ അവിടെ കിടന്ന വനിതാ എടുത്തു നോക്കി, അവിടേക്ക് എന്റെ കൂട്ടുകാർ കയറി വന്ന സമയം ബ്രായുടെ പരസ്യത്തിന്റെ പേജ് ആയിരുന്നു എന്റെ കൈയിൽ തുറന്നിരുന്നത്. അവന്മാർ അതും പറഞ്ഞ് എന്നെ കളിയാക്കി. ഞാൻ ഈ കാര്യം ദേവുവിനോട് പറഞ്ഞപ്പോൾ അവൾ ഒരു ചിരിയോടെ എന്നോട് ചോദിച്ചു. “നീ എന്തിനാടാ ബ്രായുടെ പരസ്യമൊക്കെ നോക്കാൻ പോയത്?” പെട്ടെന്ന് വന്ന ദേഷ്യത്തിൽ ഞാൻ പറഞ്ഞു. “നിനക്കൊരെണ്ണം വാങ്ങാനായി നോക്കിയതാണ്.” പറഞ്ഞ് കഴിഞ്ഞപ്പോഴാണ് പറഞ്ഞത് അബദ്ധമായി പോയല്ലോ എന്ന് തോന്നിയത്. എന്നാൽ എന്നെ ഞെട്ടിച്ച്കൊണ്ട് അവൾ പറഞ്ഞു. “എന്റെ സൈസ് മുപ്പത്തിരണ്ട് ആണ്, വാങ്ങി വെച്ചേക്ക്.. നാട്ടിൽ വരുമ്പോൾ തന്നാൽ മതി.” ഇതായിരുന്നു എന്റെ ദേവു.. എനിക്ക് പേടി കൂടാതെ എന്തും അവളോട് സംസാരിക്കാം. ദേവിക ചെന്നൈയിൽ നിന്നും നാട്ടിലേക്ക് വരുമ്പോഴൊക്കെ ഞാൻ ആണ് അവളെ റെയിൽവേ സ്റ്റേഷനിൽ നിന്നും വീട്ടിൽ കൊണ്ടാക്കാറുള്ളത്. ഞാനും ദേവുവും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് അവളുടെ അമ്മക്ക് നന്നായി അറിയാം. അവൾ നാട്ടിൽ വന്ന് നിൽക്കുന്ന ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം അവൾ എന്നെ അവളുടെ വീട്ടിലേക്ക് വിളിക്കും.. അന്ന് ആഹാരം കഴിപ്പിച്ച ശേഷമേ അവളുടെ ‘അമ്മ എന്നെ തിരികെ വിടാറുള്ളു.
ട്രെയിൻ അരമണിക്കൂറോളം ലേറ്റ് ആയിരുന്നു. അല്ലെങ്കിൽ തന്നെ എത്ര ട്രെയിനുകൾ ഉണ്ട് കൃത്യ സമയത് എത്തുന്നത്. ഞാൻ റെയിൽവേ സ്റ്റേഷന് വെളിയിൽ ട്രെയിൻ വരുന്നതും കാത്ത് കാറിൽ ചാരി നിന്നു. എന്റരികിലായി നിന്നിരുന്ന ഒരാൾ സിഗരറ്റ് വലിക്കുന്നുണ്ട്. അതിന്റെ പുകയും സ്മെൽലും എന്നെ ചെറുതായി അസ്വസ്ഥനാക്കിയപ്പോൾ ഞാൻ റെയിൽവേ സ്റ്റേഷന് അകത്തേക്ക് നടന്നു. ഞാൻ കോളേജിൽ ലാസ്റ്റ് ഇയർ പഠിക്കുന്ന സമയം സിഗരറ്റ് ചെറുതായി പരീക്ഷിച്ച് തുടങ്ങിയതായിരുന്നു. അതറിഞ്ഞുടൻ മായ ദേവികയെ വിളിച്ച് പറഞ്ഞുകൊടുത്തു. പിന്നെ അതിന്റെ പേരിൽ വഴക്ക് പിണക്കം മിണ്ടാതിരിക്കാൻ ഒക്കെ ആയപ്പോൾ ഇനി സിഗരറ്റ് കൈ കൊണ്ട് തൊടില്ലെന്ന് രണ്ടുപേർക്കും സത്യം ചെയ്തു കൊടുത്തു. ഇടക്കൊക്കെ ബിയർ കുടിക്കാറുണ്ട് വല്ലപ്പോഴും മദ്യവും.. പക്ഷെ കുടിക്കുന്നതിന് മുൻപായി രണ്ടുപേരോടും പറയും. ആദ്യം കുടിക്കണ്ടെന്ന് പറഞ്ഞ് രണ്ടുപേരും ബലം പിടിക്കുമെങ്കിലും അവസാനം സമ്മതിക്കും. പറഞ്ഞു വരുകയാണെങ്കിൽ ഈ രണ്ടുപേരുടെയും ഒരു നിയന്ത്രണത്തിൽ ആയിരുന്നു ഞാൻ ജീവിച്ചിരുന്നത്. പക്ഷെ എനിക്കതിൽ യാതൊരു വിഷമവും ഇല്ലായിരുന്നു. കുറച്ച് നേരത്തെ കാത്തിരിപ്പിനുള്ളിൽ ചെറിയൊരു കൂകി വിളിയുമായി ട്രെയിൻ വന്ന് നിന്നു. ഞാൻ അവളുടെ ബോഗി ലക്ഷ്യമാക്കി നടന്നെത്തുമ്പോഴേക്കും അവൾ ട്രെയിനിൽ നിന്നും ഇറങ്ങി കഴിഞ്ഞിരുന്നു. രണ്ട് കൈയിലുമായി ഓരോ ബാഗും ഉണ്ട്. അവളുടെ മുഖം കാണുമ്പോൾ അറിയാം യാത്ര അവളെ നന്നായി ക്ഷീണിപ്പിച്ചിട്ടുണ്ടെന്ന്. എന്നെ കണ്ടതും ഒരു ചിരിയോടെ അവൾ അടുത്തേക്ക് നടന്നു വന്നു. സ്വതസിദ്ധമായ ചിരിയോടെ അവൾ പറഞ്ഞു. “ആകെ വിയർത്തു നാറി ഇരിക്കുന്നതുകൊണ്ട് കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നില്ല.” “അല്ലെങ്കിൽ തന്നെ നീ എന്നാണ് എന്നെ കെട്ടിപിടിച്ചിട്ടുള്ളത്.” കണ്ണിറുക്കി കാണിച്ച്കൊണ്ടു അവൾ പറഞ്ഞു. “എന്റെ കെട്ടിയോനെ മാത്രേ ഞാൻ കെട്ടിപ്പിടിക്കുള്ളു.. അതുകൊണ്ടല്ലേ നിന്റടുത്ത് നിന്നും ഓരോ പ്രവിശ്യവും ഞാൻ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറുന്നത്.” “അവളുടെ ഒരു കെട്ടിയോൻ.. എന്നെ കെട്ടിപ്പിടിക്കാൻ നല്ല അടിപൊളി പെൺപിള്ളേർ വന്നോള്ളും” അവൾ ബാഗ് താഴെ വച്ച് കൈ നീട്ടികൊണ്ട് ചോദിച്ചു. “എവിടെ എനിക്കുള്ള സാധനം?” “എന്ത് സാധനം? വന്ന് കാറിൽ കയറടി.. ‘അമ്മ കാത്തിരിക്കയായിരിക്കും.” ഞാൻ ബാഗ് എടുക്കാനായി തുനിഞ്ഞപ്പോൾ എന്റെ കൈ തട്ടിമാറ്റികൊണ്ട് അവൾ സ്വരം കടിപ്പിച്ച് പറഞ്ഞു. “എന്റെ ബാഗെടുക്കാൻ എനിക്കറിയാം.” ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല.. അവൾ ബാഗും ചുമന്നു എന്റെ പിറകെ വന്ന് കാറിൽ കയറി. ഞാൻ ഡ്രൈവർ സീറ്റിലേക്ക് കയറി ഇരിക്കുമ്പോൾ അവളുടെ മുഖം ശ്രദ്ധിച്ചു. കടന്നൽ കുത്തിയത് പോലെ വീർപ്പിച്ച് വച്ചിട്ടുണ്ട്. എനിക്ക് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്.
കാറിന്റെ ഡാഷ് തുറന്ന് അതിൽ നിന്നും ഡയറിമിൽക് എടുത്ത് കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു. “ആ എയർ പിടുത്തം ഒന്ന് കളഞ്ഞേക്ക്.” അവളെ കാണുമ്പോഴൊക്കെ ചോക്ലേറ്റ് കൊടുക്കുന്നത് എന്റെ പതിവാണ്. എന്റെയിൽ നിന്ന് കിട്ടുന്ന ചോക്കലേറ്റ് മുഴുവൻ അവൾ കഴിക്കാറില്ല. അതിൽ അറുപതു ശതമാനം അവൾക്ക് നാൽപ്പത് ശതമാനം എനിക്ക് എന്നതാണ് അവളുടെ കണക്ക്. എന്റെ കൈയിൽ നിന്നും ചോക്ലേറ്റ് പിടിച്ച് വാങ്ങിക്കൊണ്ട് അവൾ പറഞ്ഞു. “ഇത് കാറിൽ ഉണ്ടെന്ന് അറിഞ്ഞിരുന്നേൽ നിന്നെ കൊണ്ട് തന്നെ ഞാൻ ബാഗ് ചുമപ്പിച്ചേനെ.” ഞാൻ കാറ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു. “യാത്ര എങ്ങനുണ്ടായിരുന്നു?” “ഉച്ചക്കത്തെ ചൂടിൽ വിയർത്ത് ചത്തുപോയി.. പിന്നെ പിരിയഡ് ആകാൻ പോകുന്നതിന്റെ അസ്വസ്ഥതയും.. ട്രെയിനിൽ വച്ചു ആകുമൊന്ന് പേടിച്ചിരിക്കയായിരുന്നു ഞാൻ.” അവളുടെ ശ്രദ്ധ ചോക്ലേറ്റിന്റെ കവർ പൊട്ടിക്കുന്നതിലേക്ക് തിരിഞ്ഞു. “നീ ചോക്ലേറ്റ് കൊണ്ട് വന്നത് കാര്യമായി.. ഏത് കഴിക്കുമ്പോൾ ഇനി പെട്ടെന്ന് ആയിക്കൊള്ളുമല്ലോ.. പിരിയഡ് ആകുന്നതിന് മുൻപുള്ള ഈ ഇറിറ്റേഷൻ സഹിക്കാൻ വയ്യ.” അവൾ ചോക്ലേറ്റിന്റെ ചെറിയൊരു പീസ് എന്റെ വായിലേക്ക് വച്ചു. അത് വായിലാക്കിയ ശേഷം ഞാൻ പറഞ്ഞു. “ബാക്കി മൊത്തം നീ കഴിച്ചോ..” ഒരു ചിരിയോടെ ആയിരുന്നു അവളുടെ മറുപടി. “റൂൾ ഈസ് റൂൾ.. നാൽപ്പത് ശതമാനം നീ തന്നെ കഴിക്കണം.” “നിന്റെ ജോലിക്കാര്യം എന്തായി?” “അതൊക്കെ ശരിയായെടാ.. അടുത്ത മാസം ജോയിൻ ചെയ്യണം.. അവിടെ ജോലി ചെയ്തുകൊണ്ട് വീക്ക് ഏൻഡ് ക്ലാസിനു പോയി ഹയർ സ്റ്റഡീസ് ചെയ്യാനാ തീരുമാനം.” “ഫുൾ പ്ലാനിംഗ് ആണല്ലോടി.” “പിന്നല്ലാതെ നിന്നെ പോലെ ഒരു പ്ലാനിഗും ഇല്ലാതെ നടന്നാൽ മതിയോ?” എന്തെങ്കിലും ഒരു ജോലിക്ക് ശ്രമിക്കാൻ അവൾ കുറച്ച് നാളായി എന്നോട് പറയുന്നുണ്ട്. അതുകൊണ്ട് എനിക്കിട്ടൊരു കുത്തലായിരുന്നു ആ മറുപടി. “നീ കളിയാക്കയൊന്നും വേണ്ട. ഒരു ഫ്രണ്ട് എനിക്ക് ബാംഗ്ലൂർ അവന്റെ ഓഫീസിൽ ജോലി ശരിയാക്കാൻ നോക്കുന്നുണ്ട്.” “അങ്ങനെ നല്ല കാര്യം വല്ലോം നോക്ക്.” “നിന്നെ ഇന്ത്യ ചുറ്റിക്കാണിക്കാൻ പറ്റിയ പണച്ചാക്കുകളെയൊന്നും ഇതുവരെ കിട്ടിയില്ലെടി?”
ഒരു ചിരിയോടെ അവൾ പറഞ്ഞു. “ആരെയും കിട്ടിയില്ലടാ.. ഇനി ജോലിക്ക് കയറുന്ന കമ്പനിയുടെ ഓണറിനു വല്ല മോനും ഉണ്ടോന്നു തിരക്കണം.” എനിക്ക് ഒരു ചിരിയോടെ അല്ലാതെ അവളുടെ മറുപടി കേൾക്കാനായില്ല. അവളുടെ വീട്ടിൽ എത്തുമ്പോൾ ‘അമ്മ ഞങ്ങളെയും കാത്ത് വരാന്തയിൽ തന്നെ ഉണ്ടായിരുന്നു. അവളുടെ ബാഗുമായി വീടിനുള്ളിലേക്ക് ഞാൻ കയറുന്നതിനിടയിൽ ‘അമ്മ ചോദിച്ചു. “ഇവള് ഓരോ തവണ വരുമ്പോഴും മോനാണല്ലേ ബുദ്ധിമുട്ട്.” അതിനുള്ള മറുപടി ദേവികയുടെ വായിൽ നിന്നാണ് വന്നത്. “അവന് എന്ത് ബുദ്ധിമുട്ട്.. അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിലും അതിന് പകരമായിട്ടല്ലേ ഞാൻ ഓരോതവണ വരുമ്പോഴും അവന് സ്വീറ്റ്‌സ് കൊണ്ട് കൊടുക്കുന്നെ.” അതുകേട്ട ‘അമ്മ അവളെ ശാസിച്ചു. “വാങ്ങി കൊടുക്കുന്ന സാധനത്തിന് കണക്ക് പറയുന്നോടി.” അമ്മയുടെ രണ്ട് കവിളിലും പിടിച്ച് കൊണ്ട് അവൾ പറഞ്ഞു. “ഞാൻ ആർക്കെങ്കിലും എന്തെങ്കിലും വാങ്ങി കൊടുക്കുന്നെങ്കിൽ അത് ഇവന് മാത്രാമാണ്.. അപ്പോൾ ഞാൻ അതിനിത്തിരി കണക്ക് പറഞ്ഞോട്ടമ്മാ.” “ഡീ കൊരങ്ങി.. അപ്പോൾ നിനക്ക് വാങ്ങി തരുന്ന ചോക്ലേറ്റിന്റെ കണക്ക് ഞാൻ ആരോടാ പറയേണ്ടത്?” “അതിന്റെ കണക്കൊന്നും പറഞ്ഞൂടാ.. അതെനിക്ക് നീ സ്നേഹത്തോടെ തരുന്നതാണ്.” “അമ്മേ ഇവളോട് പറഞ്ഞ് നിൽക്കുവാൻ എനിക്കാവില്ല.. ഞാൻ ഇറങ്ങുവാ..” ഞാൻ പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു. “സ്വീറ്റ്‌സ് എല്ലാം ബാഗിൽ ഇരിക്കയാ.. എന്നിനി ഒന്നിനും എനിക്ക് വയ്യ. ഒന്ന് കുളിക്കണം കിടക്കണം.. നാളെ നീ ഇങ്ങു വാ, അപ്പോൾ തരാം.” അതിന് ശേഷം അവൾ അമ്മയോടായി പറഞ്ഞു. “‘അമ്മ നാളെ ഇവന് ബീഫ് കറി വേണമെന്ന് കാറിൽ വച്ച് പറഞ്ഞു.” “ഞാൻ എപ്പോഴാടി പറഞ്ഞത്, നിനക്ക് വേണമെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ.” എന്റെയും അമ്മയുടെയും മുഖത്ത് നോക്കിയ ശേഷം അവൾ പറഞ്ഞു. “നിനക്കായിട്ട് വയ്ക്കുമ്പോൾ ‘അമ്മ കുറച്ചതും കൂടി സ്പെഷ്യൽ ആയിട്ട് വയ്ക്കും, അതാ അങ്ങനെ പറഞ്ഞത്.”
അമ്മ അവളുടെ തലയിൽ തട്ടിക്കൊണ്ട് പറഞ്ഞു. “നിന്നെ വിളിക്കാൻ ഇവൻ വരും എന്ന് അറിയാവുന്നതുകൊണ്ട് തന്നാണ് നീ ഇത്രേം ലേറ്റ് ആയിട്ടും എവിടെത്തി എന്ന് ഞാൻ വിളിച്ച് ചോദിക്കാഞ്ഞത്.. നിന്റെ കാര്യത്തിൽ എന്നെക്കാളും ശ്രദ്ധ അവനുണ്ട്.. അത് കൊണ്ട് തന്നെ എനിക്കവനോട് ഇത്തിരി സ്നേഹക്കൂടുതലും ഉണ്ട്.. അതിൽ നീ അസൂയപ്പെട്ടിട്ട് കാര്യമില്ല.” “അപ്പോൾ ഞാൻ ഔട്ട് അല്ലേ..” അത് കേട്ട് ഞാൻ ചിരിച്ച്കൊണ്ടു പറഞ്ഞു. “ഞാൻ ഇറങ്ങുന്നമ്മേ..” എന്നോടൊപ്പം പുറത്തേക്ക് നടന്ന അവൾ പറഞ്ഞു. “അപ്പോൾ നാളെ വരുമ്പോൾ എനിക്ക് വാങ്ങി വച്ചേക്കുന്ന സാധനം കൂടി ഇങ്ങു കൊണ്ട് വരണം.” എന്താണ് അവൾ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. “എന്ത് സാധനം?” ഒരു കുസൃതിയോടെ അവൾ പറഞ്ഞു. “എനിക്ക് വാങ്ങാനെന്നും പറഞ്ഞ് എന്റെ ബ്രായുടെ സൈസ് ഒകെ മനസിലാക്കിയല്ലോ.” ഞാൻ പെട്ടെന്ന് തിരിഞ്ഞ് പിറകിലേക്ക് നോക്കി. ഭാഗ്യം ‘അമ്മ അവിടില്ല. ഞാൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു. “നിന്റെ നാക്ക് ഞാൻ മുറിച്ചെടുക്കും.” ഞാൻ കാറിൽ കയറി പോകുന്നവരെയും ഒരു പുഞ്ചിരിയോടെ അവൾ അവിടെ തന്നെ നിന്നു. അവൾ നാട്ടിൽ ഉണ്ടായിരുന്ന ഒരുമാസം വളരെ പെട്ടെന്നാണ് കടന്ന് പോയത്. തിരികെ ചെന്നൈയിലേക്ക് പോകാനായി അവളെയും കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ള യാത്രയിലായിരുന്നു ഞാൻ. “ഡാ.. എനിക്കൊരു ആലോചന വന്നതിനെ പറ്റി ‘അമ്മ പറഞ്ഞോ?” ഞാനും അപ്പോഴാണ് അതിനെ കുറിച്ച് ഓർത്തത്. “ഒരു ആലോചന വന്നു, അത് വേണ്ടെന്നും പറഞ്ഞ് വിട്ടെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതാ ഞാൻ പിന്നെ തിരക്കാഞ്ഞത്.” “ഈ ഇടക്ക് ഞാൻ ഒരു കല്യാണത്തിന് പോയിരുന്നു. അവിടെ വച്ച് എന്നെ കണ്ടിഷ്ട്ടമായതാണ്.” “ഒറ്റ നോട്ടത്തിൽ നിന്നെ കണ്ടിഷ്ടപ്പെടാനും ആൾക്കാരുണ്ടോടി?” അവൾ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു. “അതെന്താടാ എന്നെ കാണാൻ അത്രക്ക് മോശമാണോ?” “അതിപ്പോൾ ഞാൻ എങ്ങനടി നിന്റെ മുഖത്ത് നോക്കി തുറന്ന് പറയുന്നത്.” “നിനക്ക് മാത്രേ എന്നെ ഈ പുച്ഛമുള്ളു, ചെന്നൈയിൽ എത്രപേരാണ് എന്റെ പിറകെ നടന്നതെന്നറിയാമോ?’ എനിക്കവളെ ദേഷ്യം പിടിപ്പിക്കുന്നത് എപ്പോഴും ഒരു രസമായിരുന്നു. അത് അവൾക്കും നന്നായിട്ടറിയാം. പലപ്പോഴും ഞാൻ അവളെ കളിയാക്കിയിരുന്നത് അവളുടെ മുടിക്ക് നീളമില്ല എന്നും പറഞ്ഞായിരുന്നു.
“ആ ആലോചന എന്താ വേണ്ടെന്ന് വച്ചത്?” “അമ്മയ്ക്ക് അടുത്തറിയാവുന്ന കുടുംബമാണ് അവരുടേത്. സാമ്പത്തികമായി വലിയ നിലയിലൊന്നും അല്ല. പിന്നെ അവൻ നാട്ടിൽ തന്നെ എന്തോ ജോലി ചെയ്യുവാ.” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “അവനെ കെട്ടിയാൽ നിന്റെ ട്രാവലിംഗ് സ്വപ്നം നടക്കില്ലല്ലേ.” ഒരു ചിരിയായിരുന്നു അവളുടെ മറുപടി. “എന്താ അവന്റെ പേര്?” “രാജീവ്.. ” ഞാൻ മനസ്സിൽ ചെറുതായി ആ പേര് ഉരുവിട്ടു. . . ദേവിക ചെന്നൈയിലേക്ക് പോയിക്കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം തന്നെ ഞാനും ബാംഗ്ളൂരിലേക്ക് ബസ് കയറി. രണ്ടുമാസത്തിനകം തന്നെ ഞാൻ ബാംഗളൂർ ലൈഫ് മടുത്ത് തുടങ്ങിയിരുന്നു. ദിവസേന ഒരേ കാര്യങ്ങൾ തന്നെയാണ് അവിടെ ആവർത്തിച്ചിരുന്നത്. രാവിലെ എഴുന്നേൽക്കുന്നു, ഓഫീസിൽ പോകുന്നു, തിരിച്ച് വരുന്നു, കിടന്നുറങ്ങുന്നു. ഇതിനിടയിൽ ദേവികയുടെയും മായയുടെയും ഫോൺ കാളുകൾ മാത്രമായിരുന്നു ആശ്വാസമായി ഉണ്ടായിരുന്നത്. പക്ഷെ ഈ ഇടയായി ദേവികയ്ക്ക് ഒരു മാറ്റം പോലെ. വിളിച്ചാൽ അധികം സംസാരിക്കാറില്ല, മിക്കപ്പോഴും തിരക്ക്. ജോലിയുടെ തിരക്കിലായിരിക്കുമെന്നാണ് ആദ്യം കരുതിയത്. കടിച്ച് പിടിച്ച് ബാംഗളൂർ ആറു മാസം തികച്ചു നിൽക്കുന്ന സമയത്താണ് ദേവികയുടെ ഫോൺ കാൾ എന്നെ തേടിയെത്തിയത്. അവൾ ഇപ്പോൾ വീട്ടിലാണ്.. കുറച്ച് പ്രശ്നങ്ങൾ ഉണ്ട്.. പറ്റുമെങ്കിൽ ഒന്ന് അവിടം വരെ ചെല്ലാൻ. അവൾ വീട്ടിൽ പോകുന്ന കാര്യം എന്നോട് ഒന്ന് സൂചിപ്പിച്ചിരുന്നത് പോലും ഇല്ലായിരുന്നു. അവളുടെ സ്വരത്തിലെ കടുപ്പം എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് മനസിലാക്കി തന്നു. ജോലി കളഞ്ഞ് നാട്ടിലേക്ക് പോകാൻ ഒരു കാരണം അന്വേഷിച്ച് നടന്നിരുന്ന എന്റെ മനസിന് ഇതിൽ കൂടുതൽ ഒന്നും ആവിശ്യം ഇല്ലായിരുന്നു. ആദ്യം കിട്ടിയ ബസിൽ തന്നെ ഞാൻ നാട്ടിലേക്ക് വണ്ടി കയറി. ദേവികയുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എപ്പോഴും പ്രസന്നത മാത്രം നിറഞ്ഞ് നിന്നിരുന്ന അമ്മയുടെ മുഖം വാടി ഇരിക്കുന്നു. ദേവികയെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങിക്കിടക്കുന്നു. ഒരുപാട് കരഞ്ഞിട്ടാണെന്ന് തോന്നുന്നു മുഖം വീർത്തിരിക്കുകയാണ്.
“എന്താ ‘അമ്മാ.. എന്താ ഇവിടെ ഉണ്ടായത്?” ഒറ്റ ശ്വാസത്തിലാണ് ‘അമ്മ മറുപടി പറഞ്ഞത്. “അന്നൊരിക്കൽ കല്യാണ ആലോചനയുമായി വന്ന രാജീവ് ഇല്ലേ.. അവനുമായി ഇവൾ ഇഷ്ട്ടത്തിൽ ആണെന്ന്.. ഞാൻ കല്യാണം നടത്തി കൊടുക്കണമെന്ന്.” ഞാൻ ഒരു ഞെട്ടലോടെ ആണ് അത് കേട്ടത്. “മോനറിയാതെ ഇവൾ ഒന്നും ചെയ്യാറില്ല. ഇതും മോനറിഞ്ഞിട്ടാണോ?” “ഇല്ലമ്മാ.. എനിക്കൊന്നും അറിയില്ലായിരുന്നു.” ഞാൻ അവളുടെ നേരെ തിരിഞ്ഞു. “ദേവു.. ‘അമ്മ പറയുന്നത് സത്യമാണോ?” അവൾ മുഖം കുനിച്ച് നിന്ന് ഒന്ന് മൂളുക മാത്രം ചെയ്തു. അപ്പോൾ അവനോട് അടുത്തപ്പോൾ ആണ് ഇവൾ എന്നോട് അകന്നത്.. ഫോൺ വിളിക്കുമ്പോൾ സംസാരിക്കാതായത്. പക്ഷെ ഇതെങ്ങാനാണ് സംഭവിച്ചത്. അവൾ എന്റെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു. “രാജീവേട്ടൻ കുറച്ച് കഴിയുമ്പോൾ ഇവിടേക്ക് വരും.. നിങ്ങൾ ഏട്ടനോടൊന്ന് സംസാരിക്ക് ആദ്യം.. എന്നിട്ട് എല്ലാം തീരുമാനിക്കാം.” ഞാൻ അമ്മയെ നോക്കി.. ‘അമ്മ രാജീവ് വരുമെന്ന അർത്ഥത്തിൽ തലയാട്ടി. അവളുടെ പിടിവാശിക്ക് മുന്നിലാണ് അവനെ ഇങ്ങോട്ട് വരാൻ ‘അമ്മ സമ്മതിച്ചത് എന്ന് എനിക്ക് മനസിലായി. “നീ ഒന്ന് രാജീവിനോട് സംസാരിക്ക്.. എന്നിട്ട് എന്താ മോന്റെ അഭിപ്രായം എന്ന് പറ.” ‘അമ്മ അത് പറഞ്ഞപ്പോഴാണ് ദേവികയുടെ കാര്യത്തിൽ അവർ എനിക്ക് എന്തുമാത്രം പ്രാധാന്യം നൽകുന്നു എന്ന് എനിക്ക് മനസിലായത്. ദേവികയുടെ ഒരു സുഹൃത്ത് മാത്രമായ എന്നോട് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തിൽ അഭിപ്രായം ചോദിക്കുന്നു. “ഞാൻ ആദ്യം ഇവളോടൊന്ന് സംസാരിച്ചോട്ടമ്മ.” ഞാൻ അവളെയും വിളിച്ച് വീടിനു പുറത്തേക്ക് നടന്നു. നിശബ്തതയെയും കൂട്ട് പിടിച്ച് ഞങ്ങൾ കുറച്ച് നേരം മുറ്റത്ത് ചുമ്മാ നടന്നു. അവൾ എന്റെ മുഖത്തേക്ക് നിവർന്ന് നോക്കുന്നുണ്ടായിരുന്നില്ല. മുഖമാകെ ക്ഷീണിച്ച് കറുത്ത് കരിവാളിച്ചത് പോലെ. “നീ രാവിലെ ഒന്നും കഴിച്ചില്ലേ?” അവൾ ഇല്ലെന്ന അർത്ഥത്തിൽ മൂളി. ഞാൻ അവളെ മുറ്റത്ത് പടിയിൽ മേൽ ഇരുത്തിയ ശേഷം അകത്തേക്ക് നടന്നു. അമ്മയുടെ കൈയിൽ നിന്നും ദോശയും ചമ്മന്തിയും ഒരു പ്ലേറ്റിൽ വാങ്ങിയാണ് ഞാൻ തിരിച്ച് വന്നത്. അവളുടെ അരികിലായി ഇരുന്ന് ഞാൻ പ്ലേറ്റ് അവളുടെ കൈയിൽ കൊടുത്തു. “കഴിക്ക്..”
അവൾ ഒരക്ഷരം എതിർത്ത് പറയാതെ കഴിച്ച് തുടങ്ങി. “നിങ്ങൾ എങ്ങനാ പരിചയപ്പെട്ടത്?” “എനിക്ക് ഫേസ്ബുക്കിൽ ഒരു പെണ്ണിന്റെ പേരിൽ റിക്യുസ്റ് വന്ന്. ഞാൻ ചുമ്മാ ചാറ്റ് ചെയ്ത് തുടങ്ങിയതാ… കുറച്ചു നാൾ ചാറ്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ് അത് രാജീവേട്ടനാണെന്ന് അറിയുന്നത്. എന്തുകൊണ്ടോ എനിക്ക് ചാറ്റിങ് നിർത്താൻ തോന്നിയില്ല. അറിയാതെ ഞങ്ങൾ അങ്ങ് അടുത്ത് പോയി.” “നീ ഇതെന്താ എന്നോട് പറയാഞ്ഞത്?” “പറഞ്ഞ് കഴിഞ്ഞാൽ നീ ഈ ബന്ധത്തെ എതിർക്കുമെന്ന് തോന്നി.” ഞാൻ നിശബ്തനായി ഇരുന്നു. “ഡാ.. എനിക്കറിയാം നീ എന്നോട് പറയാതെ ഒരു കാര്യവും ചെയ്യാറില്ലെന്ന്. എന്നിട്ടും ഞാൻ ഇത് നിന്നോട് പറയാതിരുന്നത് വലിയൊരു തെറ്റ് തന്നെയാണ്. വെറുമൊരു പരിചയത്തിന്റെ പേരിൽ തുടങ്ങിയ ചാറ്റിങ് ആണ്, അതിത്രത്തോളം എത്തുമെന്ന് ഞാൻ കരുതിയില്ല.” എന്തൊക്കെയോ അവൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. പൂർണമായും ഒന്നും എന്റെ മനസ്സിൽ പതിയുന്നുണ്ടായിരുന്നില്ല. രാജീവ് ഒറ്റക്കാണ് വീട്ടിലേക്ക് വന്നത്, ഞങ്ങളെക്കാൾ മൂന്നു വയസിനു മൂത്തതാണ്, ഇരു നിറം. എന്തുകൊണ്ടോ ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് രാജീവുമായുള്ള ബന്ധം ശരിയാകില്ലെന്ന് തോന്നി. ചിലപ്പോൾ മനസിനുള്ളിൽ ഉണ്ടായിരുന്ന ഒരു ദേഷ്യം കൊണ്ടാകാം. മുഖത്ത് വരുത്തിവച്ച ഒരു ചിരിയോടെ ആണ് ഞാൻ അവനോട് സംസാരിച്ചിരുന്നത്. കല്യാണം എല്ലാം ഉറപ്പിച്ചു എന്ന മട്ടിൽ സംസാരിച്ചിട്ടാണ് രാജീവ് അവിടെ നിന്നും പോയത്. രാജീവ് പോയി കഴിഞ്ഞ് ഞാൻ കുറച്ച് നേരം ഇരുന്നു ചിന്തിച്ചു. എന്താണെന്ന് അറിയില്ല രാജീവും ദേവികയും തമ്മിൽ ഒരു ചേർച്ച കണ്ടെത്തുവാൻ എന്റെ മനസിനായില്ല. ഞാൻ അമ്മയെ നോക്കി. ആ മനസ് ആകെ ചിന്താക്കുഴപ്പത്തിൽ ആണെന്ന് മുഖത്ത് നിന്നു തന്നെ വായിച്ചെടുക്കാം. “അമ്മയ്ക്ക് എന്ത് തോന്നുന്നു?” ഒരു ദീർഘ നിശ്വാസത്തോടെ ‘അമ്മ പറഞ്ഞു. “അവൾക്ക് ഇത് മതിയെന്ന് നിർബന്ധം പിടിച്ചാൽ ഞാൻ എന്ത് ചെയ്യാനാണ്.” ദേവിക എന്റെ നേരെ ചോദ്യം തൊടുത്തു. “നിന്റെ അഭിപ്രായം എന്താ?” ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. വളരെ പ്രതീക്ഷയോടെയാണ് അവൾ എന്നെ നോക്കിയത്. “നമുക്ക് ഇതിലും നല്ലൊരു ബന്ധം കിട്ടില്ലേ ദേവു.” അവൾ പെട്ടെന്ന് എന്റടുത്ത് വന്ന് കൈയും പിടിച്ച് അവളുടെ റൂമിലേക്ക് നടന്നു. എന്നെ അവളുടെ ബെഡിലേക്ക് ഇരുത്തി അരികിലായി ഇരുന്നുകൊണ്ട് അവൾ പറഞ്ഞു. “ഞാൻ ഒരുപാട് സ്നേഹിച്ച് പോയടാ ചേട്ടനെ.” “ദേവു.. പറയത്തക്ക ഒരു സാമ്പത്തിക ചുറ്റുപാടുണ്ടോ? നല്ലൊരു ജോലിയുണ്ടോ അവന്.” “എനിക്കൊരു ജോലി ഉണ്ട്., ചേട്ടനും ചെറിയൊരു ജോലി ഉണ്ട്.. അതുപോരെ ഞങ്ങൾക്ക് സുഖമായി ജീവിക്കാൻ?”
“ഒരുപാട് യാത്ര ചെയ്യണമെന്നത് നിന്റെ സ്വപ്നം ആയിരുന്നല്ലോ. അയ്യാളെ കെട്ടിയാൽ അത് നടക്കുമോ?” “ആ സ്വപ്നങ്ങളേക്കാൾ സന്തോഷം ചേട്ടനോടൊപ്പം ജീവിക്കാൻ കഴിഞ്ഞാൽ എനിക്ക് കിട്ടുമെന്ന് തോന്നുന്നു.” അവളെ പറഞ്ഞ് പിന്തിരിപ്പിക്കാം എന്നുള്ള പ്രധീക്ഷ എനിക്ക് നഷ്ട്ടപ്പെട്ട് തുടങ്ങിയിരുന്നു. “എനിക്ക് ചേട്ടനെ തന്നെ കെട്ടണം..” “എന്താ നിനക്കിത്ര വാശി ഇതിൽ.” കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. എന്നിട്ട് ശബ്‌ദം താഴ്ത്തി പറഞ്ഞു. “ഞാൻ ഇപ്പോൾ വെർജിൻ അല്ല..” ഒരു ഞെട്ടലോടെയാണ് ഞാൻ അത് കേട്ടത്. “എന്താ നീ പറഞ്ഞത്?” “ഞാൻ രാജീവേട്ടനുമായി സെക്സ് ചെയ്തിട്ടുണ്ട്.” എന്റെ മനസ്സിൽ ആകെ ഇരുട്ട് കയറി. ദേവുവിൽ നിന്നും അങ്ങനെ ഒന്ന് ഞാൻ പ്രധീക്ഷിച്ചിരുന്നില്ല. “ഏതോ ഒരു സാഹചര്യത്തിൽ അറിയാതെ…” അവൾ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു. അടിയുടെ ശബ്‌ദം കേട്ട് ‘അമ്മ പെട്ടെന്ന് തന്നെ വാതിക്കൽ വന്ന് നോക്കി. കവിൾ പൊത്തികൊണ്ട് അവൾ അമ്മയോട് പറഞ്ഞു. “‘അമ്മ പൊയ്ക്കൊള്ളൂ.. ഇത് ഞാൻ ഇവനിൽ നിന്നും പ്രധീക്ഷിച്ചത്.. അല്ല എനിക്ക് കിട്ടേണ്ടത് തന്നെയാണ്.” പക്ഷെ ‘അമ്മ അവിടെ നിന്നും പോയില്ല. ഞങ്ങളെ തന്നെ നോക്കി അവിടെ നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു അധികം സമയം ആകാതെ തന്നെ അതൊരു പൊട്ടിക്കരച്ചിലായി മാറി. ആ കരച്ചിലിനിടയിൽ അവൾ എന്നോട് പറഞ്ഞു. “ഈ കല്യാണം വേണമോ വേണ്ടയോ എന്ന് നിനക്ക് തീരുമാനിക്കാം. നീ വേണ്ട എന്ന് പറയുകയാണെങ്കിൽ എനിക്കും വേണ്ട.” അവളുടെ കരച്ചിലിന് മുന്നിൽ ഞാൻ തകരുകയായിരുന്നു.. അതേ സമയം മനസ്സിൽ എന്തെന്നില്ലാത്ത ദേഷ്യവും. എഴുന്നേറ്റ് പുറത്തേക്ക് നടക്കുന്നതിനിടയിൽ ഞാൻ അമ്മയോട് പറഞ്ഞു. “അവളുടെ ഇഷ്ട്ടം അതാണെങ്കിൽ നടത്തി കൊടുത്തേക്ക്.” . . പിന്നീട് വളരെ പെട്ടെന്നായിരുന്നു എല്ലാം നടന്നത്. രണ്ടാഴ്ചക്കുളിൽ കല്യാണ നിച്ഛയം നടന്നു. ആറു മാസം കഴിയുമ്പോൾ കല്യാണം എന്നും തീരുമാനമായി. ആറു മാസം എത്ര പെട്ടെന്നാണ് പോയതെന്ന് എനിക്കറിയില്ല.
പക്ഷെ ഈ ആറു മാസത്തിനിടയിൽ ഞാൻ വിചാരിക്കാത്ത ഒരു കാര്യം നടന്നു. ദേവു കല്യാണം പ്രമാണിച്ച് ഒരു വാട്സ്അപ്പ് ഗ്രൂപ്പ് തുടങ്ങി എന്റെ കോളേജിലെ അടുത്തറിയാവുന്ന സുഹൃത്തുക്കളെ അംഗമാക്കി. അതിൽ ഞാനും അഞ്ജലിയും ഉൾപ്പെട്ടിരുന്നു. ഞാൻ ഗ്രൂപ്പിൽ നല്ല ആക്റ്റീവ് ആയിരുന്നു. അഞ്ജലിയുടെ മെസ്സേജുകൾ ഞാൻ ഗ്രൂപ്പിൽ കണ്ടിരുന്നെങ്കിലും ഞാൻ ശ്രദ്ധിക്കാൻ പോയില്ല. കല്യാണ നിച്ഛയം കഴിഞ്ഞതിൽ പിന്നെ ഞാൻ ദേവുവുമായി മാനസികമായി ഒരു അകൽച്ചയിലായിരുന്നു. അവൾ എന്നെ വിളിക്കുകയൊക്കെ ചെയ്യും.. അപ്പോഴൊക്കെ കാര്യമായി തന്നെ സംസാരിക്കും.. പക്ഷെ അവൾ ഞാൻ അറിയാതെ കാണിച്ച കള്ളത്തരങ്ങളൊക്കെ ഓർക്കുമ്പോൾ മനസിലൊരു വിഷമം. അങ്ങനെ ഇരിക്കെ ഒരു ദിവസം ആണ് അഞ്ജലിയുടെ മെസ്സേജ് എന്നെ തേടി എത്തിയത്. അവളുടെ നമ്പർ ഞാൻ സേവ് ചെയ്തിരുന്നതിനാൽ മെസ്സേജിന്റെ ഉടമയെ എനിക്ക് അതികം അന്വേഷിക്കേണ്ടി വന്നില്ല. എന്താ ഗ്രൂപ്പിൽ എന്നെ മാത്രം മൈൻഡ് ചെയ്യാത്തത് എന്നായിരുന്നു അവളുടെ മെസ്സേജ്. എനിക്ക് ഒരു അത്ഭുതം തന്നെ ആയിരുന്നു അവളുടെ ഇങ്ങോട്ടുള്ള മെസ്സേജ്. പ്രതേകിച്ച് കാരണമൊന്നും ഇല്ല എന്നുള്ള എന്റെ മറുപടിക്ക് അവൾ തിരിച്ചയച്ചു.. നീ എപ്പോഴും കോളേജിലെ സംഭവങ്ങൾ മനസ്സിൽ വച്ചുകൊണ്ട് നടക്കയാണോ, അതൊക്കെ അന്നത്തെ പ്രായത്തിൽ സംഭവിച്ചതല്ലേ. അത് ഞങ്ങളുടെ സൗഹൃദത്തിന്റെ ഒരു തുടക്കമായിരുന്നു. പിന്നെ പലപ്പോഴും ഞങ്ങൾ ചാറ്റ് ചെയ്യുകയും ഫോൺ വിളിക്കുകയുമൊക്കെ ചെയ്തു. അവൾ വളരെ സൗഹൃദപരമായാണ് അപ്പോഴെല്ലാം എന്നോട് പെരുമാറിയത്. മനസിനുള്ളിൽ എന്റെ ആദ്യ പ്രണയം അപ്പോഴും അലയടിക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ നല്ലൊരു കൂട്ടുകാരനായി തന്നെ അവളോട് സംസാരിച്ചു. ദേവു അവളുടെ കല്യാണ ലെറ്റർ ആദ്യമായി തന്നത് എനിക്കായിരുന്നു. അവളുടെ കല്യാണം അടുത്തപ്പോൾ ഞാൻ എല്ലാത്തിനും ഓടി നടന്നു. രാജീവ് അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ ആത്മാർഥമായി തന്നെ പ്രാർത്ഥിച്ചു അവൾക്ക് നല്ലൊരു ജീവിതം കിട്ടാൻ. ആ താലി അവളുടെ കഴുത്തിൽ വീഴുമ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ ഞാൻ മനസിലാക്കി അവൾ ആ ജീവിതം എത്രത്തോളം ആഗ്രഹിച്ചിരുന്നെന്ന്. അവൾ ആഡിറ്റോറിയത്തിൽ നിന്നും കാറിലേക്ക് കയറുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. ആരും കാണാതെ പെട്ടെന്ന് തന്നെ ഞാനത് തുടച്ച് മാറ്റി. പക്ഷെ ഏത് സമയവും വാലുപോലെ എന്റെ കൂടെ ഉണ്ടായിരുന്ന മായ അത് കണ്ടിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ വിരലുകൾ എന്റെ കൈയിൽ മുറുകി. ആ നിമിഷങ്ങളിൽ കാറിൽ കയറുന്നതിനു മുൻപായി ദേവു വന്നെന്നെ കെട്ടിപ്പിടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി. പക്ഷെ അതിന് കഴിയില്ലെന്ന് എനിക്കും ദേവുവിനും നന്നായി അറിയാം. കാരണം എല്ലാപേർക്കും മുന്നിൽ ഞങ്ങൾ വെറും കൂട്ടുകാർ മാത്രമാണ്.
അവളങ്ങനെ ചെയ്താൽ അതവിടെ പല ചോദ്യങ്ങൾക്കും വഴിയൊരുക്കും. പക്ഷെ കാറിൽ കയറുന്നതിന് തൊട്ടുമുൻപായി അവൾ എന്നെയൊന്ന് നോക്കി. ആ കണ്ണുകളിൽ എന്നോടുള്ള യാത്ര പറച്ചിൽ സ്നേഹം എല്ലാം ഉണ്ടായിരുന്നു. അവൾ പോയി കഴിഞ്ഞപ്പോൾ എല്ലാപേരും പല വഴിക്കായി പിരിഞ്ഞു. ഞാൻ ചുമ്മാ കാർ പോയ വഴിയിലേക്ക് നോക്കി നിന്നു. പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു ശബ്‌ദം. “കൂട്ടുകാരി പോയതിന്റെ വിഷമത്തിൽ നിൽക്കയാണോ?” തിരിഞ്ഞ് നോക്കുമ്പോൾ ഒരു പുഞ്ചിരിയോടെ അഞ്ജലി നിൽക്കുന്നു. ഞാനും മുഖത്ത് ഒരു പുഞ്ചിരി വരുത്തി. എന്റെ കൂടെ തന്നെ നിൽക്കുന്ന മായയെ നോക്കി അവൾ ചോദിച്ചു. “ഇവൾ ഇപ്പോഴും വാലുപോലെ നിന്റെ കൂടെ തന്നെ ഉണ്ടോ?” മായയുടെ മുഖത്തു നാണയത്തിൽ കലർന്ന ഒരു ചിരി വിടർന്നു. “മായയുടെ കല്യാണം ഒന്നും ആയില്ലേ?” അതിനുള്ള മറുപടി ഞാൻ ആണ് പറഞ്ഞത്. “വരുന്ന ആലോചനകൾ എല്ലാം അവൾ ഇപ്പോൾ കല്യാണം വേണ്ട എന്നും പറഞ്ഞ് മുടക്കുകയാണ്.” അഞ്ജലി എന്നോടായി ചോദിച്ചു. “എനിക്കൊരു സഹായം ചെയ്യുമോ?” “എന്താ?” “എനിക്കിവിടെ നിന്നും ട്രിവാൻഡ്രം പോകണം.. എന്നെയൊന്ന് ബൈക്കിൽ റെയിൽവേ സ്റ്റേഷനിൽ ആക്കി തരുമോ?” അവളുടെ ആ ആവിശ്യം എന്നെ സത്യത്തിൽ ഞെട്ടിച്ചു. ഞാൻ ഒരുകാലത്ത് ഒരുപാട് സ്വപ്നം കണ്ടതായിരുന്നു അഞ്ജലിയെയും ബൈക്കിനു പിന്നിൽ ഇരുത്തി ഒരു യാത്ര. മായയ്ക്കും അത് അറിയാവുന്നതാണ്. ഞാൻ മായയുടെ മുഖത്തേക്കൊന്ന് നോക്കി. അവളുടെ മുഖത്തും ചെറിയൊരു അത്ഭുതം ഉണ്ട്. “ബുദ്ധിമുട്ടാണെങ്കിൽ വേണ്ട.” ഞാൻ പെട്ടെന്ന് തന്നെ പറഞ്ഞു. “ഏയ്.. ഞാൻ കൊണ്ടാക്കാം.” അഞ്ജലിയുമൊത്ത് ബൈക്കിനടുത്തേക്ക് നടക്കുന്നതിനിടയിൽ ഞാൻ മായയെ ഒന്ന് തിരിഞ്ഞ് നോക്കി. അവളുടെ മുഖം മ്ലാനമായിയ്ക്കുന്നത് ഞാൻ കണ്ടു. ഞാൻ നോക്കുന്നു എന്ന് മനസിലായപ്പോൾ അവൾ മുഖത്തേക്ക് ഒരു പുഞ്ചിരി വരുത്തുവാൻ ശ്രമിച്ചു. ഒരു ചുവന്ന സാരി ആയിരുന്നു അഞ്ജലി ധരിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവൾ ബൈക്കിൽ വൺ സൈഡ് ആയിട്ടാണ് ഇരുന്നത്. ബൈക്ക് റോഡിലെ ഒരു കുഴിയിലേക്ക് ഇറങ്ങിയപ്പോൾ അവൾ ഒരു കൈ എന്റെ തോളിലേക്ക് വച്ചു. പിന്നെ അതവൾ എടുത്ത് മാറ്റിയതും ഇല്ല.
എന്തൊക്കെയോ സംസാരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു. “കല്യാണം ഒന്നും നോക്കുന്നില്ല?” “ആലോചനകൾ വരുന്നുണ്ട്. നല്ലത് വല്ലോം ഒത്തുവന്നാൽ നടത്തും.” ആ വാക്കുകൾ എന്നെ ചെറുതായി വേദനിപ്പിച്ചോ.. അറിയില്ല. അവൾ പിന്നും എന്നോട് ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു. ഇത് പഴയ മിണ്ടാപൂച്ചയായ അഞ്ജലി ഇല്ലെന്നു ഞാൻ നല്ലപോലെ മനസിലാക്കി ആ സമയങ്ങളിൽ. പെട്ടെന്നാണ് നിനച്ചിരിക്കാതെ മഴ പെയ്തത്. “മഴ ഉറയ്ക്കുമെന്നാണ് തോന്നുന്നത്. വഴിയിൽ എവിടെയെങ്കിലും നിർത്തണോ?’ അവൾ പെട്ടെന്ന് തന്നെ പറഞ്ഞു. “വേണ്ട.. ട്രെയിൻ മിസ് ആകും.” ആ നിമിഷങ്ങൾ ദൈവം എനിക്ക് കനിഞ്ഞ് നൽകിയതാണെന്ന് തോന്നിപ്പോയി. ഒരിക്കൽ മനസ് കൊണ്ട് ആഗ്രഹിച്ച പെണ്ണ് കോരിച്ചൊരിയുന്ന മഴയിൽ എന്റെ ബൈക്കിന് പിറകിലായി യാത്ര ചെയ്യുന്നു. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അവൾ എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചാണ് അകത്തേക്ക് കയറി പോയത്. അന്ന് തന്നെ ഈ കാര്യം ഞാൻ ദേവുവിനെ വിളിച്ച് പറഞ്ഞു. രാത്രി മായയെ വിളിച്ചപ്പോൾ അവൾ ചോദിച്ചു. “ഇന്ന് ചേട്ടന് ഒരുപാട് സന്തോഷമായി കാണുമല്ലോ.” ആ സ്വരത്തിൽ ഒരു നൊമ്പരം നിറഞ്ഞിരുന്നതായി എനിക്ക് തോന്നി. അന്നവൾ അധികം സംസാരിക്കാതെ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്യുകയും ചെയ്തു. കല്യാണം കഴിഞ്ഞ് ഒരുമാസം മാത്രമാണ് രാജീവും ദേവികയും ഒരുമിച്ചുണ്ടായിരുന്നത്. അപ്പോഴേക്കും അവൾ ജോലിക്കായി ചെന്നൈയിൽ തിരികെ പോയി. ഇപ്പോൾ അവൾ ചെന്നൈയിലേക്ക് തിരികെ പോയിട്ട് ആറുമാസത്തോളം ആകുന്നു. പഴയ പോലെ വലിയ ഫോൺ വിളിയൊന്നും ഞങ്ങൾ തമ്മിൽ ഇല്ല. എങ്കിലും വിളിക്കുന്ന സമയം ഒരുപാട് വിശേഷങ്ങൾ സംസാരിക്കും. കല്യാണം കഴിഞ്ഞ് കുടുംബ ജീവിധമൊക്കെ ആകുമ്പോൾ ഞാനും അവളും തമ്മിൽ ചെറിയൊരു അകൽച്ച ഉണ്ടാകുമെന്ന് പണ്ടേ ഞാൻ കണക്ക് കൂട്ടിയിരുന്നു. അവളുടെ അമ്മയെ ഞാൻ ഇടക്കിടക്ക് പോയി കാണാറുണ്ട്. എന്നെ കാണുന്നത് ഒരു സന്തോഷമാണ് അമ്മയ്ക്ക്. ചെറിയ ചെറിയ അവശതകൾ അവരെ അലട്ടി തുടങ്ങിയിരുന്നു. അന്നൊരു ദിവസം രാത്രി ഞാൻ വരാന്തയിൽ ഇരുന്ന് മഴ ആസ്വദിക്കുകയായിരുന്നു. രാത്രി എട്ടു മണിയോളം ആയി കാണും. ഇടിയും മിന്നലും നിറഞ്ഞ കോരിച്ചൊഴിയുന്ന മഴ. പെട്ടെന്ന് വന്ന ഒരു മിന്നലിന്റെ വെളിച്ചത്തിൽ ഗേറ്റിനു വെളിയിൽ ആരോ നിൽക്കുന്നതായി തോന്നി. ആദ്യം ഒരു തോന്നലായി കരുതിയെങ്കിലും തൊട്ട് പിന്നാലെ വന്ന മറ്റൊരു മിന്നലിന്റെ വെളിച്ചത്തിൽ ആ രൂപത്തെ ഞാൻ വീണ്ടും അവിടെ കണ്ടു. “‘അമ്മാ ഒരു കുട ഇങ്ങെടുത്തേ.. വെളിയിൽ ആരോ നിൽപ്പുണ്ട്.” ‘അമ്മ പെട്ടെന്ന് തന്നെ ഒരു കുടയുമായി അവിടേക്ക് വന്ന്. ഞാൻ കുടയും ചൂടി ഗേറ്റിനടുത്തേക്ക് നടന്നപ്പോൾ അച്ഛൻ ഗേറ്റിനടുത്തേക്ക് ടോർച്ച് അടിച്ച് തന്നു.
ഗേറ്റിനടുത് എത്തിയ ഞാൻ അതിന്റെ അഴികളിൽ കൂടി സൂക്ഷിച്ച് നോക്കിയപ്പോൾ കണ്ടത് ഒരു വെള്ള ചുരിദാറിൽ മഴയിൽ നനഞ്ഞ് കുളിച്ച് നിൽക്കുന്ന ദേവുവിനെ ആണ്. കൈയിൽ ഒരു ബാഗും ഉണ്ട്. എനിക്ക് അദ്‌ഭുതം ആയിരുന്നു. ഇവളെന്താ ഒറ്റക്ക് അതും ഈ രാത്രിയിൽ ഇവിടെ. “ദേവു നീ എന്താ ഇവിടെ?” അവൾ ഒന്നും മിണ്ടിയില്ല.. ഒന്ന് അനങ്ങിയത് പോലും ഇല്ല. എന്തോ പ്രശ്നം ഉണ്ടെന്ന് എന്റെ മനസ് പറഞ്ഞു. ഞാൻ ഗേറ്റ് തുറന്ന് അവളുടെ കൈയും പിടിച്ച് വീടിനകത്തേക്ക് നടന്നു. അവളെ ആ സമയത് കണ്ടതിൽ അച്ഛന്റെയും അമ്മയുടെയും മുഖത്ത് അദ്‌ഭുതം ആയിരുന്നു. “മോളെന്താ ഇവിടെ?” അച്ഛന്റെ ചോദ്യത്തിന് അവളിൽ നിന്നും മറുപടി ഒന്നും ഇല്ലെന്ന് കണ്ട ‘അമ്മ അകത്തേക്ക് പോയി ഒരു തോർത്തുമായി വന്നു. “മോള് ആദ്യം തല തോർത്ത്.” അവൾക്ക് അനക്കമൊന്നും ഇല്ല. ഞാൻ അവളുടെ മുഖത്തു സൂക്ഷിച്ച് നോക്കി. ആ കവിളിൽ കൂടി മഴത്തുള്ളികൾക്കൊപ്പം കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നോ? അമ്മയ്ക്കും അത് മനസിലായി. ഞാൻ അമ്മയുടെ കൈയിൽ നിന്നും തോർത്ത് വാങ്ങി അവളുടെ കൈയും പിടിച്ച് റൂമിലേക്ക് നടന്നു. റൂമിലെത്തി ഞാൻ അവളുടെ ബാഗ് വാങ്ങി താഴെ വച്ച ശേഷം അവളെ എന്നിലേക്ക് അടുപ്പിച്ച് തല തോർത്തി കൊടുത്തു. അവളുടെ കണ്ണുനീരിന് അപ്പോഴും ഒരു ശമനം ഉണ്ടായിരുന്നില്ല. “എന്താ ദേവു ഉണ്ടായത്?” ഒരു പൊട്ടിക്കരച്ചിലിലൂടെ അവൾ പറഞ്ഞു. “എന്റെ ജീവിതം ഇല്ലാതായെടാ.” “എന്താ ഉണ്ടായതെന്ന് പറ നീ.” “ഓഫീസിൽ നിന്നും ഒരാഴ്ചത്തെ അവധി കിട്ടിയപ്പോൾ രാജീവേട്ടന് ഒരു സർപ്രൈസ് കൊടുക്കാൻ ആരോടും പറയാതെ സന്തോഷത്തോടെ വീട്ടിലേക്ക് വന്നതാണ് ഞാൻ. പക്ഷെ വീട്ടിലേക്കെത്തിയ ഞാൻ കണ്ടത് ഒരു പെണ്ണിനോടൊപ്പം കിടക്ക പങ്കിടുന്ന ഏട്ടനെ ആണ്.” എനിക്ക് കാര്യം മനസിലായി. കിട്ടിയ അവസരത്തിൽ ഭർത്താവിനെ കാണാൻ ഓടിയെത്തിയ അവളെ കാത്തിരുന്നത് ഒരു പെണ്ണിനോടൊപ്പം കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ നിൽക്കുന്ന രാജീവിനെ ആണ്. പരസ്ത്രീ ബന്ധം. എനിക്കവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. ഈ ഒരു സാഹചര്യത്തിൽ എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഞാൻ അമ്മയോട് പോയി കാര്യം പറഞ്ഞു. അമ്മയ്ക്കും അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. എങ്കിലും ‘അമ്മ അവളെ അമ്മയുടെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി. ആ രാത്രി മൊത്തം ആ മുറിയിൽ നിന്നും ഉയരുന്ന തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു.
. . മായയോടൊപ്പം ക്ഷേത്രത്തിൽ നിന്നും തൊഴുത് ഇറങ്ങി വരുകയായിരുന്നു ഞാൻ. ഒരുപാട് നാളായി അവൾ എന്നോട് പറയുന്നതായിരുന്നു മണ്ണാറശാല ക്ഷേത്രത്തിൽ കൊണ്ട് പോകണമെന്ന്. ഇന്ന് എന്തായാലും ഞാൻ അത് സാധിച്ചു കൊടുത്തു. പെട്ടെന്നാണ് ദേവുവിന്റെ ഫോൺ കാൾ എന്നെ തേടിയെത്തിയത്. ഞാൻ ഫോൺ എടുത്തുടൻ അവൾ എന്നോട് പറഞ്ഞു. “അവസാനം ഞാൻ രാജീവിന്റെ ഭാര്യ അല്ലാതെ ആയിരിക്കുന്നെടാ.. ഇന്ന് എനിക്ക് ഡിവോഴ്സ് അനുവദിച്ചു.” ഒരു വർഷത്തോളം കോടതിയിൽ കയറി ഇറങ്ങി അവസാനം അവൾ അത് നേടി എടുത്തിരിക്കുന്നു. കോടതിയിൽ പോകാനായി മാത്രം അവൾ എത്ര തവണ ചെന്നൈയിൽ നിന്നും വന്ന് പോയിരിക്കുന്നു. അവൾക്ക് ഒരു വാശി തന്നെ ആയിരുന്നു അയാളിൽ നിന്നും വേർപിരിയാണെമെന്ന്. അവൾക്ക് ഇനി രാജീവിനൊപ്പം ജീവിക്കാനാകില്ലെന്ന് അറിയിച്ചപ്പോൾ അവളുടെ അമ്മയും ഡിവോഴ്‌സിനോട് അനുകൂലിക്കുകയായിരുന്നു. ഈ ഒരു വർഷത്തിനിടയിൽ എത്രയോ അർദ്ധ രാത്രികളിൽ അവളുടെ ഫോൺ കാളുകൾ എന്നെ തേടിയെത്തി..അന്നെല്ലാം അവളുടെ പൊട്ടിക്കരച്ചിലുകൾക്കും മനസിലെ സങ്കടങ്ങൾക്കും ഞാൻ കേൾവിക്കാരനായി. എനിക്കറിയാമായിരുന്നു അവളുടെ മനസിലെ വിഷമങ്ങൾ പറഞ്ഞ് ഒന്ന് കരയുവാൻ അവളുടെ അമ്മയും ഞാനുമല്ലാതെ അവൾക്ക് വേറെ ആരും ഇല്ലെന്ന്. എന്നാൽ ആകുന്ന വിധം ആ ദിവസങ്ങളിൽ ഞാൻ അവളെ ആശ്വസിപ്പിച്ചു മനസിന് ബലമേകാൻ ശ്രമിച്ചിരുന്നു. ഫോൺ വച്ച് കഴിഞ്ഞപ്പോൾ മായ എന്നെ നോക്കി എന്താ എന്ന അർത്ഥത്തിൽ. “ദേവുവിന് ഡിവോഴ്സ് കിട്ടി.” “അപ്പോൾ ഇനി ചേച്ചിക്ക് നല്ലൊരു ചെക്കനെ നോക്കി വേറൊരു കല്യാണം നടത്താമല്ലോ.” അല്പം നിരാശ എന്റെ സ്വരത്തിൽ നിറഞ്ഞിരുന്നു. “ഞാനും അമ്മയും വേറെ ഒരു കല്യാണത്തിനെ കുറിച്ച് അവളോട് ഒരുപാട് സംസാരിച്ചതാണ്.. അവൾക്ക് ഇനിയൊരു കല്യാണമേ വേണ്ട എന്നും പറഞ്ഞ് നിൽക്കെയാണ്.” “അതൊക്കെ ചേച്ചി ഇപ്പോഴത്തെ ഒരു മാനസികാവസ്ഥയിൽ പറയുന്നതാണ്. അതൊക്കെ പതുക്കെ മാറിക്കൊള്ളും.” അപ്പോഴേക്കും ഞങ്ങൾ കാറിനടുത്ത് എത്തിയിരുന്നു. കാറിനുള്ളിലേക്ക് കയറി ഇരുന്ന മായയെ ഞാൻ ഒന്ന് ശ്രദ്ധിച്ചു. നീല കളർ പട്ടു സാരി ആണ് അവൾ ഉടുത്തിരുന്നത്. അതവൾക്ക് നന്നായി ഇണങ്ങുന്നുണ്ട്. തിങ്ങിനിറഞ്ഞ നീളമുള്ള മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. വെളുത്ത് സുന്ദരമായ മുഖത്തെ നെറ്റിയിൽ ചന്ദനം തൊട്ടിരിക്കുന്നത് അവളുടെ ഐശ്വര്യം ഇരട്ടി ആക്കി.
അവൾ പെട്ടെന്ന് എന്നോട് ചോദിച്ചു. “എന്താ എങ്ങനെ നോക്കുന്നത്?” ഞാൻ കാറ് മുന്നോട്ടെടുക്കുന്നതിനിടയിൽ പറഞ്ഞു. “അമ്മാവൻ എന്നോട് ഒരു കാര്യം നിന്നോട് ചോദിക്കാൻ പറഞ്ഞു.” അവൾ ആകാംഷയോടെ ചോദിച്ചു. “എന്ത്?” “നീ എന്തിനാ വരുന്ന കല്യാണമെല്ലാം മുടക്കുന്നത്?” അവൾ ആലോചിക്കാൻ സമയം എടുക്കാതെ പറഞ്ഞു. “എനിക്കിപ്പോൾ കല്യാണം വേണ്ട എന്ന് തോന്നിയിട്ട്.” “നിന്റെ കൂടെ പഠിച്ചവരുടെയൊക്കെ കല്യാണം കഴിഞ്ഞു.” “എല്ലാപേരുടെയും കഴിഞ്ഞിട്ടില്ലല്ലോ.” “മായ.. എന്നോട് സത്യം പറ.. നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?” അവൾ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. “ഞാൻ ഈ കല്യാണം മുടക്കുന്നത് എന്തിനാണെന്ന് അറിയണമെങ്കിൽ ചേട്ടൻ ഞാൻ ചോദിക്കുന്നതിനു ഉത്തരം തരണം.” എന്താ അവൾ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. “എന്താ.. നീ ചോദിക്ക്.” “ചേട്ടന്റെ മനസ്സിൽ എപ്പോഴും അഞ്ജലി ചേച്ചിയെ കല്യാണം കഴിക്കാം എന്നുള്ള പ്രതീക്ഷ ഉണ്ടോ?” അവളുടെ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. “ഇന്നലെ കൂടി അവൾ എന്നെ വിളിച്ച് പറഞ്ഞതെ ഉള്ളു വരുന്ന മാർച്ചിൽ അവളുടെ കല്യാണം ആണെന്ന്.” അത് കേട്ടപ്പോൾ മായയുടെ മുഖമൊന്ന് പ്രകാശിച്ചു. “അപ്പോൾ ചേട്ടന് അഞ്ജലി ചേച്ചിയെ കല്യാണം കഴിക്കണം എന്നുള്ള ആഗ്രഹം ഇല്ലേ?” “ഇല്ല..” അവൾ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു. “എങ്കിൽ ഞാൻ ഒരു സത്യം പറയാം. എനിക്ക് ചേട്ടനെ ഇഷ്ട്ടമാണ്.. അതുകൊണ്ടാണ് ഞാൻ എനിക്ക് വരുന്ന കല്യാണം മുടക്കിയിരുന്നത്.” അവളുടെ ചില വാക്കുകളിലും പ്രവർത്തികളിലും എനിക്കത് ചിലപ്പോഴൊക്കെ തോന്നിയിരുന്നെങ്കിലും അതെന്റെ ഒരു തോന്നൽ മാത്രമായിരിക്കും എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ. “ഇന്ന് ഞാൻ എന്റെ അച്ഛനോട് ഈ ഇഷ്ട്ടതിനെ കുറിച്ച് പറയും.. അച്ഛൻ എതിർക്കില്ല എന്നാണ് എന്റെ പ്രതീക്ഷ, അച്ഛൻ ചേട്ടനോട് സംസാരിക്കുമ്പോൾ ആലോചിച്ച് ഒരു ഉത്തരം പറഞ്ഞാൽ മതി.. ഞാൻ ഒരിക്കലും ചേട്ടൻ എന്നെ തന്നെ കല്യാണം കഴിക്കണം എന്ന് വാശി പിടിക്കതൊന്നും ഇല്ല.”
എനിക്ക് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.. ഞാൻ ഒരിക്കൽ പോലും അവളെക്കുറിച്ച് ആ ഒരു രീതിയിൽ ചിന്തിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. അവളുടെ വീടെത്തുവോളം ഞാൻ നിശബ്തനായിരുന്നു. അവളും ഒന്നും മിണ്ടിയില്ല. വീടെത്തി കാറിൽ നിന്നും ഇറങ്ങുമ്പോൾ ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു. “ചേട്ടൻ ഇതിനെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കയൊന്നും വേണ്ട. നല്ലപോലെ ചിന്തിച്ച് ഒരു തീരുമാനത്തിൽ എത്തിയാൽ മതി. ചേട്ടന് എന്നെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലെങ്കിൽ ഞാൻ വേറെ കല്യാണം കഴിച്ചോള്ളും.” അന്ന് വൈകുന്നേരം തന്നെ ഞാൻ ദേവികയുടെ വീട്ടിലേക്ക് പോയി. നാളെ അവൾ തിരിച്ച് ചെന്നൈയിലേക്ക് പോവുകയാണ്. സന്ധ്യ നേരം വീട്ട് മുറ്റത്തുകൂടി അവളോടൊപ്പം നടക്കുന്നതിനിടയിൽ ഞാൻ അവളോട് മായ പറഞ്ഞ കാര്യങ്ങൾ അവതരിപ്പിച്ചു. “ഡാ.. ഇതിൽ ഇത്ര ചിന്തിക്കാൻ എന്തിരിക്കുന്നു… ഒന്നാമത് അവൾ നിന്റെ മുറപ്പെണ്ണ് തന്നെയാണ്.. പിന്നെ അവളെക്കാളും നല്ലൊരു പെണ്ണിനെ നിനക്ക് എവിടന്ന് കിട്ടാനാണ്.” “അതൊക്കെ ശരിയാണ്.. പക്ഷെ എനിക്കിപ്പോൾ ഇരുപത്തിനാല് വയസാകുന്നതേ ഉള്ളു.. പറയാനായിട്ട് ഒരു ജോലി പോലും ഇല്ല.. ഞാൻ എങ്ങനെ അവളെ കല്യാണം കഴിക്കാനാണ്.” അവൾ എന്റെ തലക്ക് തട്ടിക്കൊണ്ട് പറഞ്ഞു. “ഡാ പൊട്ടാ.. ഇപ്പോഴേ കല്യാണം കഴിക്കണം എന്ന് ആര് പറഞ്ഞു.. നീ ഒരു രണ്ട് വർഷത്തെ സാവകാശം ചോദിക്കണം.. എന്നിട്ട് നല്ലൊരു ജോലിയൊക്കെ ഒപ്പിക്കണം.” അവൾ പറഞ്ഞതിനെ കുറിച്ച് ഞാൻ മനസ്സിൽ ചിന്തിക്കുന്നതിനിടയിൽ അവൾ പറഞ്ഞു. “ഇതിൽ ഇത്ര ആലോചിച്ച് കൂട്ടാൻ എന്തിരിക്കുന്നു.. നീ മായയെ കുറിച്ച് മാത്രം ഒന്ന് ചിന്തിച്ചാൽ മതി.” ദേവു പറഞ്ഞത് ശരിയാണ്.. ആരും നോക്കി നിന്നുപോകുന്ന സുന്ദരിയായ ഒരു പെണ്ണാണ് മായ.. മാത്രമല്ല ദേവു കഴിഞ്ഞാൽ എന്നെ അത്രത്തോളം മനസ്സിലാക്കിയിട്ടുള്ള വേറാരും ഇല്ല.. എന്തുകൊണ്ടും അവളുമായുള്ള ജീവിതം സന്തോഷകരമായിരിക്കും. “നിനക്ക് ഞാൻ മറ്റൊരു കാര്യം കൂടി പറഞ്ഞ് തരാം” ഞാൻ ആകാംഷയോടെ അവളെ നോക്കി. “നീ ഒരുപാട് ജോലികൾ നോക്കി, ഒന്നിലും ഉറച്ച നിന്നില്ല.. ഞാൻ മനസ്സിലാക്കിയിടത്തോളം നിനക്ക് മറ്റുള്ളവരുടെ നിയന്ത്രണത്തിൽ ഒരുപാട് കാലം നിൽക്കാനാകില്ല. അതുകൊണ്ട് നീ സ്വന്തമായി എന്തെങ്കിലും ബിസിനസിനെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്.”
ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു. “എന്റെ ഭാവിയെ കുറിച്ചതും കല്യാണത്തെ കുറിച്ചുമൊക്കെ ഇത്രയേറെ ഉപദേശങ്ങൾ തരുന്ന നീ എന്നാണ് ഇനി കല്യാണം കഴിക്കുന്നത്.” അവളുടെ സ്വരം ചെറുതായി മാറി. “നമ്മൾ ഇതിനെ കുറിച്ച് ഒരുപാട് പ്രാവിശ്യം സംസാരിച്ച് കഴിഞ്ഞതാണല്ലോ.” “നീ ജീവിതകാലം മൊത്തം ഒറ്റക്ക് കഴിയാൻ പോകുവാണോ?” “അതേ, അതിലെന്താ കുഴപ്പം.. എന്റെ ഇഷ്ട്ടങ്ങൾക്ക് മാത്രം ഞാൻ അപ്പോൾ നോക്കിയാൽ മതിയല്ലോ.” “ഇപ്പോൾ നിനക്ക് അങ്ങനെയൊക്കെ തോന്നും.. പക്ഷെ ഭാവിയിൽ ഒറ്റക്കായി പോയി എന്നൊരു തോന്നൽ ഉണ്ടാകുമ്പോൾ നിന്റെ നല്ല കാലം കഴിഞ്ഞിരിക്കും.” അവൾ കുറച്ച് നേരത്തേക്ക് എന്റെ മുഖത്തേക്ക് നോക്കി. “ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ഞാൻ ഒരു കല്യാണം കഴിച്ചിട്ട് അവനും രാജീവിനെ പോലെ മറ്റൊരു പെണ്ണിനൊപ്പം പോകില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ?’ “എല്ലാരും രാജീവിനെ പോലെ ആകണമെന്നില്ല ദേവു.” “നീ എന്റെ മാനസികാവസ്ഥ മനസിലാക്കാഞ്ഞിട്ടാണ് ഇങ്ങനൊക്കെ പറയുന്നത്.” “എന്താ ഇപ്പോൾ നിന്റെ പ്രോബ്ലം?” അവൾ ഒന്നും മിണ്ടിയില്ല. “എന്താ നിന്റെ മനസിലുള്ളത് എന്ന് പറ..” “ഞാൻ ഒരു കല്യാണം കഴിച്ചെന്നിരിക്കട്ടെ.. അവൻ ഓരോ തവണ എന്റെ ശരീരത്ത് തൊടുമ്പോഴും എനിക്ക് ഓർമ വരുന്നത് രാജീവിനെ ആയിരിക്കും, അങ്ങനെ ഉള്ളപ്പോൾ എനിക്കെങ്ങാനാണ് നല്ലൊരു കുടുംബ ജീവിതം നയിക്കാൻ പറ്റുന്നത്.” അതിന് അവൾക്ക് കൊടുക്കുവാനൊരു ഉത്തരം എനിക്കില്ലായിരുന്നു. . . പിറ്റേ ദിവസം തന്നെ ദേവിക ചെന്നൈയിലേക്ക് യാത്ര തിരിച്ചു. ഞാൻ തന്നെയായിരുന്നു അവളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കിയത്. അവൾ പോയി കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം തന്നെ അച്ഛനും അമ്മാവനും കൂടി മായയുടെ കാര്യം എന്നോട് സംസാരിച്ചു. ഞാൻ ഇതിനകം തന്നെ അവളെ ഇഷ്ട്ടമാണെന്ന കാര്യം മായയെ അറിയിച്ചിരുന്നു. അവൾ അത് അമ്മാവനെ അറിയിക്കുകയും ചെയ്തിരുന്നു. എങ്കിലും വീട്ടുകാർക്ക് വേണ്ടി ഒരു ഉറപ്പിന് വേണ്ടിയായിരുന്നു ഈ സംസാരം. മായ വീട്ടിൽ എന്റെ കാര്യം അവതരിപ്പിച്ചപ്പോൾ അവൾ വിചാരിച്ചിരുന്നപോലെ തന്നെ വലിയ എതിർപ്പൊന്നും ഉണ്ടായില്ല. അമ്മാവനും അച്ഛനും എന്നോട് സംസാരിച്ചപ്പോൾ ദേവിക എന്നോട് പറഞ്ഞപോലെ തന്നെ രണ്ട് വർഷത്തെ സാവകാശം ഞാൻ ചോദിച്ചു. അവർക്കും അത് സമ്മതമായിരുന്നു.
പിന്നെ ഞാൻ ചിന്തിച്ചത് ദേവിക പറഞ്ഞത് പോലെ സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്നതിനെ കുറിച്ചായിരുന്നു. വീട്ടുകാരും കൂട്ടുകാരുമായൊക്കെ ഉള്ള ചർച്ചക്കൊടുവിൽ അവസാനം ഞാൻ ഒരു എവെന്റ്റ് മാനേജ്‌മന്റ് തുടങ്ങാൻ തീരുമാനിച്ചു. സാമ്പത്തികമായി അച്ഛൻ കുറച്ച് സഹായിച്ചപ്പോൾ എനിക്ക് പെട്ടെന്ന് തന്നെ അത് തുടങ്ങുവാനും കഴിഞ്ഞു. ഇപ്പോൾ തരക്കേടില്ലാത്ത രീതിയിൽ ബിസിനസ് മുന്നോട്ട് പോകുന്നുണ്ട്. ഡിവോഴ്‌സിന് ശേഷം ദേവു ചെന്നൈയിലേക്ക് തിരികെ പോയിട്ട് ഇപ്പോൾ അഞ്ചു മാസത്തോളം ആകുന്നു. എല്ലാ ദിവസവും അവൾ വിളിക്കും. ഡിവോഴ്സ് ആയി നിൽക്കുന്ന പെണ്ണാണെന്ന് അറിഞ്ഞ് അത് മുതലെടുക്കാമെന്ന് വിചാരിച്ച് കൂടെ വർക്ക് ചെയ്യുന്ന ചില ഞരമ്പന്മാർ അവളോട് അടുത്ത് കൂടിയിരുന്നു. എന്നാൽ അവൾ അവന്മാരെയൊക്കെ അതിന്റെതായ രീതിയിൽ ഒഴുവാക്കി വിടുകയും ചെയ്തിരുന്നു. അതിനെകുറിച്ചെല്ലാം അവൾ അപ്പപ്പോൾ വിളിച്ച് എന്നോട് പറയും. ദേവികയുടെ അമ്മയെ കാണാൻ ഞാൻ മിക്കപ്പോഴും പോകാറുണ്ട്. ദേവുവിനെ കുറിച്ച് അമ്മക്കെപ്പോഴും ആധിയാണ്.. അത് എന്നോട് പറയാറും ഉണ്ട്. ദേവു ഒരു പിടിവാശിക്കാരി ആയതിനാൽ അവളെ നിർബന്ധിച്ച് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് അമ്മയ്ക്കും അറിയാം. ‘അമ്മ ഇടക്കൊക്കെ എന്നോട് പറയാറുണ്ട്.. മറ്റുള്ളവരുടെ വാക്ക് കേട്ട് ദേവു എന്തെങ്കിലും അനുസരിക്കാറുണ്ടെങ്കിൽ അത് മോൻ പറയുന്നത് മാത്രമാണെന്ന്. അതുപോലെ തന്നെ ദേവുവും എന്നോട് പറയാറുണ്ട്. ചില ദിവസങ്ങളിൽ രാത്രി പതിനൊന്നു മണിയൊക്കെ കഴിയുമ്പോൾ ‘അമ്മ വിളിക്കുമ്പോൾ എന്റെ ഫോൺ ബിസി എന്നെങ്കിലും നിന്നോടാണ് സംസാരിച്ചതെന്ന് പറഞ്ഞാൽ ‘അമ്മ വഴക്കൊന്നും പറയാറില്ലെന്ന്. ഏത് സമയത് വേണമെങ്കിലും നിന്നോട് സംസാരിക്കാനുള്ള സ്വാതന്ത്രം ‘അമ്മ നൽകിയിട്ടുണ്ടെന്ന്. ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യവും അത് തന്നെയായിരുന്നു. അവളുടെ ‘അമ്മ ഒരിക്കൽ പോലും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തെ തെറ്റായ രീതിയിൽ കണ്ടിരുന്നില്ല. മായ ഇടക്കൊക്കെ എന്നോട് പരാതി പറയാറുണ്ടായിരുന്നു.. അവളോട് സംസാരിക്കുന്നതിനേക്കാളേറെ ഞാൻ ദേവുവിനോടാണ് സംസാരിക്കുന്നതെന്ന്. പക്ഷെ ഒരിക്കൽ പോലും എന്റെ മായ എന്നോട് പറഞ്ഞിട്ടില്ല ദേവുവിനെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്യരുതെന്ന്.
ഡിവോഴ്‌സിന് ശേഷം ചെന്നൈയിലേക്ക് പോയ സമയങ്ങളിൽ ദേവു വിളിക്കുമ്പോൾ അവളുടെ സ്വരങ്ങളിൽ സങ്കടം മാത്രമായിരുന്നു നിഴലിച്ചിരുന്നത്. എന്നാൽ ഈ ഇടയായി അവൾ കുറച്ച് സന്തോഷവതി ആണ്. കാരണം വിശ്വസിക്കാവുന്ന ഒരു നാല് കൂട്ടുകാരെ അവൾക്ക് കിട്ടിയിട്ടുണ്ട്. രണ്ട് ആണുങ്ങളും രണ്ട് പെൺപിള്ളേരും. അവരിൽ ബിജു എന്ന പേര് ഞാൻ കൂടുതൽ ശ്രദ്ധിച്ചു. കാരണം ഈ ഇടയായി അവൾ ഫോൺ വിളിക്കുമ്പോഴെല്ലാം ആ പേര് ഒരുപാട് കടന്ന് വരാറുണ്ട്. ഓഫീസിൽ അവളെ വളരെയേറെ സഹായിക്കാറുണ്ടെന്നാണ് പറഞ്ഞിരുന്നത്. കൂടുതൽ തിരക്കിയപ്പോൾ കല്യാണം കഴിഞ്ഞു.. ഒരു കൊച്ചും ഉണ്ട്, ഭാര്യയും കൊച്ചും നാട്ടിലാണെന്നും അറിഞ്ഞു. അങ്ങനെ ഇരിക്കെ ഒരു ദിവസമാണ് എനിക്ക് ചെന്നൈയിലേക്ക് പോകേണ്ട ഒരു ആവിശ്യം വന്നത്. അപ്പോൾ തന്നെ ഞാൻ ദേവുവിനെയും കാണാൻ പോകുന്ന കാര്യം ഉറപ്പിച്ചു. അതിനാൽ തന്നെ ചെന്നൈയിലെ എന്റെ കാര്യങ്ങളെല്ലാം ശനിയാഴ്ചതന്നെ ഒതുക്കി ഞായറാഴ്ച ഫ്രീ ആകുന്ന രീതിയിൽ യാത്ര പുറപ്പെട്ടു. എന്റെ പ്ലാനിംഗ് പോലെ തന്നെ ശനിയാഴ്ച തന്നെ എന്റെ കാര്യങ്ങൾ ഒതുക്കി തീർക്കാനായി. ഞായറാഴ്ച പാർക്കിൽ വച്ചു കാണാം എന്നായിരുന്നു ഞാൻ ദേവുവിനോട് പറഞ്ഞിരുന്നത്. ഞായറാഴ്ച ഞാൻ പാർക്കിൽ എത്തുമ്പോൾ തന്നെ ദേവുവും അവിടെ എത്തിയിരുന്നു. കൂടെ അവളുടെ നാല് കൂട്ടുകാരും. കാവ്യാ, മഞ്ജു, സിജോ, ബിജു. ദേവു എനിക്ക് എല്ലാരേയും പരിചയപ്പെടുത്തി തന്നു. ദേവു പറഞ്ഞ് പറഞ്ഞ് ഞാൻ അവർക്കെല്ലാം സുപരിചിതനായിരുന്നു. ഞങ്ങളെല്ലാം അവിടെ ഒരു സിമെന്റ് ബെഞ്ചിലേക്ക് പോയിരുന്നു. അവളുടെ മുഖത്തെ തെളിച്ചവും കണ്ടപ്പോൾ തന്നെ ദേവു ഇപ്പോൾ വളരെ സന്തോഷവാതി ആണെന്ന് എനിക്ക് തോന്നി. നാട്ടിൽ നിന്നും വന്നപ്പോഴത്തേക്കാളും കുറച്ചതും കൂടി വണ്ണം വച്ചപോലെ. “നീ വണ്ണം വച്ച് അങ്ങ് ഗ്ലാമർ ആയല്ലൊടി.” അവൾ ഒരു ചിരിയോടെ എനിക്ക് നേരെ തിരിഞ്ഞിരുന്ന് പറഞ്ഞു. “എന്റെ മുടി കണ്ടോ.. കുറച്ച് കൂടി നീളം വച്ചില്ലേ ഇപ്പോൾ.” ശരിയാണ്, അവളുടെ മുടി കുറച്ച് കൂടി നീളം വച്ചിരുന്നു. എങ്കിലും അവളെ ചൊടിപ്പിക്കാനായി ഞാൻ പറഞ്ഞ്. “അത്രക്കൊന്നും ഇല്ല.. വളരെ കുറച്ച് മാത്രമൊന്ന് നീളം കൂടി.” മുഖത്തേക്ക് ഒരു പുച്ഛഭാവം വരുത്തി അവൾ പറഞ്ഞു. “അല്ലെങ്കിലും നീ അങ്ങനെ പറയുള്ളു.” എന്നിട്ടവരോടായി അവൾ പറഞ്ഞു. “എന്റെ മുടിയെ കളിയാക്കൽ ആണ് അല്ലേലും ഇവന്റെ പണി.” അവൾ എഴുന്നേറ്റ് എന്റെ അരികിലായി വന്നിരുന്നു. നമ്മളെല്ലാപേരും ഓരോരോ വിശേഷങ്ങൾ പറഞ്ഞ് തുടങ്ങി. എല്ലാപേരും സൗഹൃദപരമായ പെരുമാറ്റം തന്നെ ആയിരുന്നു. ഒരുപാട് സമയം ഞങ്ങൾ സംസാരിച്ചിരുന്നു.
ദേവു മിക്ക സമയവും എന്റെ തോളിൽ ചാരി കിടന്നായിരുന്നു സംസാരിച്ചിരുന്നെ. എന്റെ കൈ അവളുടെ വയറിലും ചുറ്റിപ്പിടിച്ചിരുന്നു. ബാക്കി ആരും അത് ശ്രദ്ധിക്കുന്നില്ലെങ്കിലും എന്റെ കൈ അവളുടെ വയറിൽ ചുറ്റിപ്പിടിച്ചിരിക്കുന്നത് ബിജു നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞങ്ങൾ ഇതിന് മുൻപ് പലപ്പോഴും അങ്ങനെ ഇരുന്നിട്ടുള്ളതാണെകിലും ബിജു അങ്ങനെ നോക്കുന്നത് എന്നിൽ ചെറുതായി അസ്വസ്ഥത പടർത്തിയതിനാൽ ഞാൻ എന്റെ കൈ അവളുടെ വയറിൽ നിന്നും എടുത്തു മാറ്റി. സിമെന്റ് ബെഞ്ചിന്റെ അറ്റത് ഞെരുങ്ങി ഇരിക്കുന്നതിനാൽ താഴെ വീഴാതിരിക്കാനാണെന്ന് തോന്നുന്നു ദേവു എന്തോ പറയുന്നതിനിടയിൽ ആരെയും ശ്രദ്ധിക്കാതെ എന്റെ കൈ പിടിച്ച് വീണ്ടും അവളുടെ വയറ്റിൽ ചുറ്റി പിടിപ്പിച്ചു. ഞാൻ ഈ സമയം ബിജുവിനെ തന്നെ ശ്രദ്ധിച്ചു. സംസാരത്തിൽ ശ്രദ്ധിക്കാതെ അവളുടെ ആ പ്രവർത്തിയിൽ തന്നെയായിരുന്നു അവൻ നോക്കിയത്. ഞാൻ അത് ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ അവൻ പെട്ടെന്ന് നോട്ടം മാറ്റിക്കളഞ്ഞു. ബിജുവിന്റെ പ്രവർത്തികൾ എന്തോ എന്നെ നല്ല രീതിയിൽ അസ്വസ്ഥതനാക്കി. കുറച്ചുനേരം കൂടി സംസാരിച്ച് കഴിഞ്ഞ് എല്ലാരും തിരികെ പോകാൻ തീരുമാനിച്ചു. എനിക്ക് വൈകിട്ടായിരുന്നു നാട്ടിലേക്കുള്ള ട്രെയിൻ. അതുകൊണ്ട് തന്നെ അവരെല്ലാരും പോയപ്പോഴും ദേവു എന്നോടൊപ്പം തന്നെ നിന്നു. ഉച്ചക്ക് ഹോട്ടലിൽ നിന്നും ചോറ് കഴിക്കുന്ന സമയം ഞാൻ അവളോട് ചോദിച്ചു. “ബിജു ആളെങ്ങനാണ്?” “ഒരു പാവം ആണെടാ.. എന്താ നീ അങ്ങനെ ചോദിച്ചേ?” “ഒന്നൂല്ല..” കുറച്ച് വെള്ളം കുടിച്ച് ഗ്ലാസ് മേശമേൽ വച്ചുകൊണ്ട് അവൾ പറഞ്ഞു. “അല്ല.. എന്തോ ഉണ്ട്.” “പുള്ളിയുടെ നോട്ടവും പെരുമാറ്റവും എനിക്കെന്തോ അത്ര ശരിയായി തോന്നിയില്ല.” അവൾ ഒരു ചിരിയോടെ പറഞ്ഞു. “അതൊക്കെ നിന്റെ വെറും തോന്നലാണെടാ.. ആളൊരു പാവമാണ്.. എന്നെ വർക്കിൽ ഒകെ ഒരുപാട് സഹായിക്കാറുണ്ട്.” ഞാൻ പിന്നെ ദേവുവിനോട് ഒന്നും പറയാൻ പോയില്ല. അവളുടെ മനസ്സിൽ ഒരാൾ ഇടം പിടിച്ചാൽ പിടിച്ചതാണ്. ഞാൻ നാട്ടിൽ തിരിച്ചെത്തി കുറച്ച് നാളുകൾക്കകം തന്നെ ദേവികയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഇപ്പോൾ അവൾ എന്നെ എല്ലാ ദിവസങ്ങളിലും വിളിക്കാറില്ല. വിളിക്കുകയാണെങ്കിൽ തന്നെ അധികനേരം സംസാരിക്കാറില്ല. അവൾ ഇങ്ങോട്ട് വിളിക്കാത്ത ദിവസങ്ങളിൽ ഞാൻ അങ്ങോട്ട് വിളിച്ചാൽ തന്നെ പുറത്ത് നിൽക്കെയാണ്, ഫിലിമിന് പോകുന്നു, പുറത്തു ഫുഡ് കഴിക്കാൻ പോകുന്നു എന്നിങ്ങനെ മറുപടി നൽകി ഫോൺ കട്ട് ചെയ്യുന്നത് പതിവായി.
അന്ന് പതിവിലേറെ ഞാൻ അസ്വസ്ഥനായിരുന്നു. ഇന്ന് മൂന്നു ദിവസം കഴിയുന്നു ദേവിക എന്നെ ഫോൺ വിളിച്ചിട്ട്.. അവൾ ഇങ്ങോട്ട് വിളിക്കാതിരുന്നപ്പോൾ ഒരു വാശിയുടെ പുറത്ത് തിരികെ വിളിക്കാതിരുന്നതാണ്. അവൾ എന്റെ കാമുകി ഒന്നും അല്ല.. എങ്കിലും ദിവസേന അവളോട് സംസാരിച്ച് സന്തോഷവും ദുഖവും എല്ലാം പങ്കുവച്ചിരുന്നിട്ട് പെട്ടെന്ന് അത് ഇല്ലാതായപ്പോൾ സഹിക്കാനാവുന്നില്ല. രാത്രി ആഹാരം കഴിച്ച് കഴിഞ്ഞയുടൻ ഞാൻ അവളെ ഫോൺ ചെയ്തു. ബെല്ലടിച്ച് തീരാറായപ്പോൾ ആണ് അവൾ കാൾ എടുത്തത്. ഫോൺ എടുത്തുടൻ അവൾ പറഞ്ഞു. “കറക്ട് സമയത്താണ് നീ വിളിച്ചത്.. ഞാൻ ഇപ്പോൾ റൂമിലേക്ക് വന്ന് കയറിയാതെ ഉള്ളു.” “ഈ രാത്രി സമയത് നീ ഇവിടെ പോയിരുന്നു?” “ബിജു ചേട്ടന്റെ ബെർത്ത് ഡേ ആയിരുന്നു ഇന്നലെ.. അതിന്റെ ചിലവായിട്ട് ഇന്ന് ഞങ്ങളെ എല്ലാം ഫിലിമിന് കൊണ്ട് പോയി.” “എത്ര ദിവസമായി ദേവു നീ എന്നെയൊന്ന് വിളിച്ചിട്ട്.” “സോറി ഡാ.. രണ്ട് ദിവസമായി ബര്ത്ഡേ പാർട്ടിയും എല്ലാം ആയി ബിസി ആയി പോയി.” എന്റെ ശബ്‌ദം ചെറുതായി ഇടറിയിരുന്നോ എന്നറിയില്ല. “പുതിയ കൂട്ടുകാരെയൊക്കെ കിട്ടിയപ്പോൾ എന്നെ വേണ്ടെന്നായിട്ടുണ്ടോ നിനക്ക്.” “നീ എന്താടാ ഇങ്ങനൊക്കെ പറയുന്നേ?” “കുറച്ചുനാളുകളായുള്ള നിന്റെ പെരുമാറ്റം കണ്ട് ചോദിച്ചു പോയതാണ്. ഇപ്പോൾ എന്നെക്കാളുമൊക്കെ വലുത് അവരാണെന്ന പോലെയാ നിന്റെ പെരുമാറ്റം.” “നീ എന്തൊക്കെയാടാ പറയുന്നേ.. അവർ എന്റെ ആരാ?.. കൂടെ വർക്ക് ചെയ്യുന്ന ഫ്രണ്ട്‌സ്.. നീ എനിക്കങ്ങനെ ആണോ?.. എനിക്ക് നിന്നെ എപ്പോൾ വേണമെങ്കിലും വിളിച്ചൂടെ.. നാട്ടിൽ വന്നാൽ എപ്പോൾ വേണമെങ്കിലും കണ്ടുടെ.. ഞാൻ ഈ ഓഫീസിലെ ജോലി മതിയാക്കിയാൽ ഇവരെ കാണുമോന്ന് പോലും എനിക്കറിയില്ല.” മനസ് ആകെ കലുഷിതമായിരുന്നതിനാൽ അവൾ പറഞ്ഞതൊന്നും എന്റെ മണ്ടയിൽ കയറുന്നുണ്ടായിരുന്നില്ല. “ദേവു നീ ഒന്ന് മനസിലാക്കിക്കോ.. ബിജു നീ വിചാരിക്കുന്നത് പോലെ അത്ര നല്ലവൻ ഒന്നും അല്ല.. അവനുമായുള്ള കൂട്ട് നിർത്തുന്നതാണ് നിനക്ക് നല്ലത്.” അത് കേട്ടതും അവൾക്ക് നന്നായി ദേഷ്യം വന്ന്.. സ്വരം കടുത്തു. “നീ ഒന്ന് മനസിലാക്കണം.. ഞാൻ ആരോട് സംസാരിക്കണം സംസാരിക്കേണ്ട എന്ന് തീരുമാനിക്കാൻ നീ എന്റെ കാമുകനോ ഭർത്താവോ അല്ല.. എന്റെ കൂട്ടുകാരൻ മാത്രമാണ്.. എനിക്കറിയാം ഞാൻ ആരോടൊക്കെയാ സംസാരിക്കേണ്ടത് വേണ്ടാത്തതെന്ന്.” അവളുടെ വാക്കുകൾ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി. കൂടുതൽ ഒന്നും കേൾക്കാതിരിക്കാനായി ഞാൻ ഫോൺ കട്ട് ചെയ്തു കളഞ്ഞു. മനസ് ആകെ നീറുന്നത് പോലെ.. ആരോടെങ്കിലും ഒന്ന് സംസാരിച്ചില്ലെങ്കിൽ ചങ്ക് പൊട്ടുമെന്ന് എനിക്ക് തോന്നി. എപ്പോൾ എനിക്ക് മനസ് തുറന്ന് ഒന്ന് സംസാരിക്കാൻ മായ അല്ലാതെ വേറെ ആരും ഇല്ലായിരുന്നു. അവളെ തന്നെ ഞാൻ ഫോൺ വിളിച്ചു.
അവൾ ഫോൺ എടുത്തതും ഞാൻ “മായ” എന്ന് ഒന്ന് വിളിച്ചു. എന്റെ സ്വരത്തിൽ നിന്നു തന്നെ എന്റെ മനസ് അസ്വസ്ഥമാണെന്ന് അവൾക്ക് തോന്നിയിരിക്കണം. ഞാൻ ഒന്നും പറയാതെ തന്നെ അവൾ എന്നോട് ചോദിച്ചു. “എന്താ ഏട്ടാ .. എന്ത് പറ്റി?” ആ നിമിഷം എന്നെ മനസിലാക്കാൻ മായയെ കാലും നന്നായി വേറെ ആരും ഇല്ലെന്ന് എനിക്ക് തോന്നിപോയി. ഞാൻ മനസ് തുറന്ന് എല്ലാം അവളോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവൾ എന്നെ ആശ്വസിപ്പിച്ച് ഓരോന്ന് പറഞ്ഞു. അവസാനം ഇതുകൂടി അവൾ പറഞ്ഞു. “നമുക്ക് ഒരു സുഹൃത്തിനെ സ്നേഹിക്കാം, സഹായിക്കാം.. പക്ഷെ അവരുടെ വ്യക്തി സ്വാതന്ത്രത്തിൽ കയറി ഇടപെടാൻ ശ്രമിക്കാതിരിക്കുക.” അത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി. ദേവു എന്നും എന്റെ സുഹൃത്തായിരിക്കും ഒരാപത്ത് വന്നാൽ കൂടെ നിൽക്കുകയും ചെയ്യും.. പക്ഷെ അവളുടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് ദേവിക എന്നെ ഫോൺ വിളിക്കുന്നത്. അന്ന് അങ്ങനെ സംസാരിച്ചതിന് അവൾ ക്ഷമയൊക്കെ പറഞ്ഞു. ഞാൻ തിരിച്ചും.. പക്ഷെ എനിക്ക് മനസ് തുറന്ന് അവളോട് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അത് മനസിലാക്കിയിട്ടെന്നവണ്ണം അന്ന് ഫോൺ വയ്ക്കുന്നതിന് തൊട്ട് മുൻപായി അവൾ പറഞ്ഞു. “നീയൊരു കാര്യം മനസിലാക്കണം.. ഈ കണ്ടവരുടെ പേരിൽ നമ്മൾ അടി കൂടി, അവർ എന്റെ ജീവിതത്തിൽ കടന്ന് വന്ന ചില കഥാപാത്രങ്ങൾ മാത്രമാണ്.. പക്ഷെ എനിക്കൊരു പ്രശ്നം വന്നാൽ സങ്കടം വന്നാൽ സന്തോഷം വന്നാൽ അത് ആരോടെങ്കിലും ഒന്ന് പങ്കുവയ്ക്കണമെന്ന് തോന്നിയാൽ നീ ഈ പറഞ്ഞവരുടെയോ എന്റെ അമ്മയുടേയോ പോലും മുഖമല്ല എന്റെ മനസ്സിൽ ആദ്യം വരുന്നത്.. നിന്റെ മുഖം മാത്രമായിരിക്കും അപ്പോൾ എന്റെ മനസിലുണ്ടാകുക.” . . അവൾ ഫോൺ വച്ച് കഴിഞ്ഞപ്പോൾ അറിയാതെ ഒരു തുള്ളി കണ്ണുനീർ എന്റെ കവിളിലേക്ക് ഒഴുകിയിരുന്നു.
ഏകദേശം ഒരാഴ്ചയോളം കഴിഞ്ഞ് ഒരു ഞായറാഴ്ച രാവിലെ വരാന്തയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്. എടുത്തു നോക്കുമ്പോൾ ദേവികയാണ്. സാധാരണ രാവിലെ അവളുടെ ഫോൺവിളി പതിവില്ലാത്തതാണ്. ഞങ്ങൾക്ക് ഇടയിൽ രൂപം കൊണ്ടിരുന്ന മഞ്ഞ് മതിൽ ഈ ഒരാഴ്ചക്കുള്ളിൽ ഉരുകി തുടങ്ങിയിരുന്നു. ഞാൻ ഫോൺ എടുത്തു രണ്ട് മൂന്നു തവണ ഹലോ പറഞ്ഞിട്ടും അങ്ങേ തലക്കൽ നിശബ്തത മാത്രം. “ദേവു നീ എന്താ ഒന്നും മിണ്ടാത്തത്?” കുറച്ച് നേരം കൂടി നിശബ്തത തുടർന്ന ശേഷം മറുപടി വന്നു. “ഞാൻ ദേവിക അല്ല.. മഞ്ജു ആണ്..” ചെന്നൈയിൽ വച്ച് പരിചയപ്പെട്ട മഞ്ജുവിനെ എനിക്ക് ഓർമ വന്ന്. “അഹ്, എന്താ മഞ്ജു.” “ദേവിക ഇന്നലെ രാത്രി സൂയിസൈഡ് ചെയ്യാനായി കൈയിലെ ഞരമ്പ് മുറിച്ചു.” എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.. എന്തിനാ അവൾ ഇപ്പോൾ അങ്ങനെ ചെയ്തത്. “അവൾക്കിപ്പോൾ എങ്ങനുണ്ട്.” “പേടിക്കണ്ട.. വലിയ കുഴപ്പം ഒന്നും ഇല്ല., ഇപ്പോൾ ഹോപിറ്റലിൽ നിന്നും റൂമിൽ വന്നു.” “എന്തിനാ അവൾ അങ്ങനെ ചെയ്തത്?” “അറിയില്ല.. ഞങ്ങൾ എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല.” “ദേവുവിന്റെ കൈയിൽ ഫോൺ കൊടുത്തേ..” കുറച്ച് നേരത്തെ നിശബ്ദ്ധതക്ക് ശേഷം അവളുടെ ശബ്‌ദം എന്റെ കാതിലെത്തി. “ഹലോ..” “നീ എന്തിനാ ദേവു ഇങ്ങനെ ചെയ്തേ?” അവൾ ദയനീയമായി പറഞ്ഞു. “എന്നോട് ഇപ്പോൾ ഒന്നും ചോദിക്കല്ലേ നീ.” എനിക്ക് പിന്നെന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു. “ഞാൻ ഇന്ന് ചെന്നൈയിലേക്ക് ബസ് കയറും.” അവൾ പെട്ടെന്ന് തന്നെ പറഞ്ഞു. “വേണ്ട.. നീ ഇങ്ങോട്ട് വരണ്ട.” “എനിക്ക് നിന്നെ കാണണം ദേവു.” “ഞാൻ ഇന്ന് തന്നെ ഓഫീസിൽ നാട്ടിലേക്കുള്ള ട്രാൻസ്ഫെറിനുള്ള അപേക്ഷ കൊടുത്തിട്ട് ഒരു മാസത്തെ ലീവ് എടുത്ത് നാട്ടിലേക്ക് വരുകയാണ്. ട്രാൻസ്ഫർ ശരിയായില്ലെങ്കിൽ ഞാൻ ഇനി തിരികെ ചെന്നൈയിലേക്ക് ഇല്ല.. ജോലി വേണ്ടെന്ന് വയ്ക്കും.” അവൾക്ക് ചെന്നൈയിൽ നില്ക്കാൻ പറ്റാത്ത തരത്തിൽ മനസിനെ വേദനിപ്പിക്കുന്ന എന്തോ ഉണ്ടായെന്ന് എനിക്ക് മനസിലായി.
“നീ നാട്ടിലേക്ക് ആദ്യം വാ.. ബാക്കിയൊക്കെ നമുക്ക് പിന്നെ ചിന്തിക്കാം.” . . റെയിൽവേ സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് കാർ ഓടിക്കുന്നതിനിടയിൽ ഞാൻ ദേവുവിനെ ശ്രദ്ധിച്ചു. ചീകി ഒതുക്കാതെ പാറി പറക്കുന്ന മുടി..കരഞ്ഞ് വീർത്ത മുഖം.. അലക്ഷ്യമായി ധരിച്ചിരിക്കുന്ന വസ്ത്രം. ആകെ കോലം കേട്ടിരിക്കുന്നു അവൾ. ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കി ഇരിക്കയാണ് ദേവു. എന്റെ ശ്രദ്ധ അവളുടെ ഇടത് കൈയിലെ മുറുവിലെ കെട്ടിലായി. ഞാൻ എന്റെ ഇടതു കൈ കൊണ്ട് അതിലേക്കൊന്നു തൊട്ടു. ദേവു പെട്ടെന്ന് എന്തോ ചിന്തയിൽ നിന്നും ഉണർന്ന് ഞെട്ടി എന്നെ നോക്കി. “എന്തിനാ ദേവു നീ ഇങ്ങനെ ചെയ്തേ?” പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. “നീ പറഞ്ഞതായിരുന്നു ശരി, ബിജുവിനെ മനസ്സിലാക്കുന്നതിൽ ഞാൻ പരാജയപെട്ടു.” ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. “ഞാൻ അവനെ ഒരുപാട് വിശ്വസിച്ചിരുന്നു. അവനിൽ നിന്നും ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു അനുഭവം ഉണ്ടായപ്പോൾ ഞാൻ തകർന്നു പോയി. ആദ്യം രാജീവ് ഇപ്പോൾ ബിജു.. സ്നേഹിക്കുന്നവരിൽ നിന്നെല്ലാം വഞ്ചന മാത്രമാണ് കിട്ടുന്നതെന്ന് മനസിലാക്കിയപ്പോൾ അറിയാതെ മരണത്തെ കുറിച്ച് ചിന്തിച്ചു പോയി. “ബിജുവിൽ നിന്നും എന്താനുഭവം ആണ് നിനക്കുണ്ടായത്?” “എന്നോടൊന്നും ചോദിക്കലും, ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കുകയാണ്.” പിന്നെ വീടെത്തുവോളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ഞങ്ങൾ വീടെത്തുമ്പോൾ ഞങ്ങളെയും കാത്ത് ‘അമ്മ വരാന്തയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.ദേവു കാറിൽ നിന്നും ഇറങ്ങിയതും ‘അമ്മ കരഞ്ഞ് കൊണ്ട് വന്ന് അവളെ കെട്ടിപിടിച്ചു. അവളും അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു. എനിക്ക് കൂടുതൽ നേരം അവരുടെ കരച്ചിൽ കണ്ട് നില്ക്കാൻ തോന്നിയില്ല. അവളുടെ ബാഗ് അകത്തേക്ക് വച്ച് ഞാൻ പെട്ടെന്ന് തന്നെ കാറിൽ കയറി അവിടെ നിന്നും പോയി. രണ്ട് ദിവസത്തേക്ക് ഞാൻ നല്ല ജോലിത്തിരക്കിലായിരുന്നു. ദേവികയെ കാണാൻ പോകാനേ കഴിഞ്ഞില്ല. മൂന്നിന്റെ അന്ന് ഞാൻ അവളുടെ വീട്ടിൽ ചെല്ലുമ്പോൾ ദേവു ഹാളിൽ തന്നെ ഇരുപ്പുണ്ട്. അവളുടെ കോലം കണ്ട് ഞാൻ ഞെട്ടിപ്പോയി. രണ്ട് ദിവസം കൊണ്ട് അവൾ ഒരുപാട് മെലിഞ്ഞത് പോലെ.. കവിളൊക്കെ ഒട്ടി കണ്ണിനു ചുറ്റും കറുപ്പുവീണ് ആകെ കോലം കെട്ടുപോയി അവൾ. എന്നെ കണ്ട് അവൾ ചെറുതായി പുഞ്ചിരിച്ചു.
“എന്ത് കോലമാണ് ദേവു ഇത്. നീ ഒന്നും കഴിക്കുന്നില്ലേ?” അതും കേട്ട് അവിടേക്ക് വന്ന അവളുടെ ‘അമ്മ പറഞ്ഞു. “ഒന്നും കഴിക്കാത്തത് പോയിട്ട് ഒന്ന് ഉറങ്ങുന്നത് പോലും ഇല്ല അവൾ. അവളുടെ കണ്ണ് കിടക്കുന്നത് കണ്ടില്ലേ.” ഒരു വികാരവും ഇല്ലാത്ത മുഖത്തോടെ ഇരിക്കുകയായിരുന്നു ദേവു അപ്പോൾ. ”അമ്മാ ഇവൾക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തേ..” എന്റെ വാക്ക് കേട്ടയുടൻ ‘അമ്മ പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു. ഞാനും അമ്മയുടെ പിറകെ അവിടേക്ക് ചെന്നു. “മോനെ അവളുടെ ഈ ഇരിപ്പ് കണ്ടിട്ട് എനിക്കാകെ പേടി തോന്നുന്നു.” “‘അമ്മ പേടിക്കണ്ട.. അവളെ വേദനിപ്പിക്കുന്ന എന്തോ ഒന്ന് ബിജുവിന്റെ ഭാഗത്തു നിന്നും ഉണ്ടായി.. കുറച്ചു ദിവസം കഴിയുമ്പോൾ മാറിക്കൊള്ളും.” പാത്രത്തിലേക്ക് കഞ്ഞി ഒഴിച്ച്കൊണ്ടു ‘അമ്മ പറഞ്ഞു. “ഞാൻ മനസ്സിൽ കരുതിയിരുന്ന അത്ര വലിയ സംഭവം ഒന്നും ഉണ്ടായില്ല.. പക്ഷെ അവന്റെ ഭാഗത്തു നിന്നും ഉണ്ടായ ഒരു പെരുമാറ്റം അവളുടെ മനസിനെ ഒരുപാട് വേദനിപ്പിച്ചു.” “അവൾ അമ്മയോട് അപ്പോൾ എന്താ ഉണ്ടായതെന്ന് പറഞ്ഞോ?” ‘അമ്മ പറഞ്ഞു എന്നർത്ഥത്തിൽ തലയാട്ടി. “എന്താ ഉണ്ടായത്?” “മോനെ എല്ലാപേർക്കും നീ ആകാൻ കഴിയില്ല.” ഞാൻ ഒന്നും മനസിലാകാതെ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ‘അമ്മ കഞ്ഞി നിറച്ച പ്ലേറ്റ് എന്റെ കൈയിലേക്ക് തന്നുകൊണ്ട് പറഞ്ഞു. “ഒരു ദിവസം അത് അവൾ തന്നെ നിന്നോട് പറയും.” ഞാൻ പിന്നെ അമ്മയോട് ഒന്നും ചോദിയ്ക്കാൻ നിന്നില്ല. പ്ലേറ്റുമായി ദേവുവിന്റെ അടുത്ത് ചെന്ന് കുറച്ച് അധികാര സ്വരത്തിൽ തന്നെ പറഞ്ഞു. “ഇത് കുടിക്ക് നീ.” അവൾ എന്റെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങി ഒരു രണ്ട് കരണ്ടി കഞ്ഞി കുടിച്ചു.പിന്നെ ചുമ്മാ കറണ്ടികൊണ്ട് പ്ലേറ്റിലേക്ക് ഇളക്കികൊണ്ട് ഇരുന്നു. ഇത് കണ്ട ഞാൻ അവളുടെ എതിരെ ഒരു കസേര വലിച്ചിട്ട് അതിലേക്ക് ഇരുന്നു. എന്നിട്ട് ദേവുവിന്റെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങി ഞാൻ തന്നെ കരണ്ടിയിൽ കഞ്ഞി കോരി അവളുടെ വായിലേക്ക് വച്ചു. ഇതെല്ലാം നോക്കി കൊണ്ട് അവളുടെ ‘അമ്മ അടുക്കള വാതിലിൽ നിൽപ്പുണ്ടായിരുന്നു. കുറച്ച് കരണ്ടി കഞ്ഞി കൂടി എന്റെയിൽ നിന്നും കുടിച്ച ശേഷം അവൾ പറഞ്ഞു.
“മതി.” “നീ ഒന്നും കഴിക്കുന്നില്ലെന്നാണല്ലോ ‘അമ്മ പറഞ്ഞത്. കുറച്ചും കൂടി കുടിച്ചാൽ മതി.. ഞാൻ പിന്നെ നിർബന്ധിക്കില്ല” അവൾ കുറച്ചു നേരത്തേക്ക് എന്റെ മുഖത്തേക്ക് നോക്കി. “ഡാ..” ഞാൻ ചെറുതായി മൂളി. “ഓരോ പ്രവിശ്യവും നീ പറയുന്നത് കേൾക്കാതെ ഞാൻ ഒരു പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നു.. അപ്പോഴെല്ലാം എന്നെയൊന്ന് വഴക്ക് പോലും പറയാതെ നീ എന്റടുത്ത് വന്നിരുന്നു എന്നെ ആശ്വസിപ്പിക്കുന്നു..” അവൾ അമ്മയെ ഒന്ന് നോക്കി. എന്നിട്ട് എന്നോട് പറഞ്ഞു. “നിനക്ക് എന്നെ രണ്ട് ചീത്ത പറഞ്ഞിട്ട് കളഞ്ഞിട്ട് പൊയ്ക്കൂടേ.. എനിക്ക് വയ്യട നിന്റെ മുന്നിൽ ഇങ്ങനെ തല കുനിച്ചിരിക്കാൻ.” ഞാൻ കഞ്ഞി താഴേക്ക് വച്ച ശേഷം അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു. “പറഞ്ഞാൽ കേൾക്കാതെ വാശിയുടെ പുറത്ത് ഓരോന്ന് കാണിച്ച് കൂട്ടുക എന്നുള്ളത് നിന്റെ സ്വഭാവമാണ്.. എന്നും പറഞ്ഞ് നീ എന്റെ കൂട്ടുകാരി അല്ലാതാകുന്നില്ലല്ലോ.. നിന്റെ ഈ സ്വഭാവത്തിന്റെ പേരിൽ നിന്നെ കളഞ്ഞിട്ട് പോകാനായിരുനെങ്കിൽ പണ്ടേ ആകമായിരുന്നല്ലോ.. ഞാൻ എന്നും നിന്റെ കൂടെ ഉണ്ടാകും.” എന്റെ കൈയിലേക്ക് പിടിച്ച് കൊണ്ട് അവൾ ചോദിച്ചു. “എന്നും നീ എന്റെ കൂടെ കാണുമോ?” “നീ എന്നെ നിന്റടുത്ത് നിന്നും പറഞ്ഞ് വിടാത്തിടത്തോളം കാലം ഞാൻ നല്ലൊരു കൂട്ടുകാരനായി നിന്റെ ഒപ്പം തന്നെ കാണും.” . . അന്ന് അർദ്ധ രാത്രി ഞാൻ നല്ല ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയത്താണ് ഫോൺ ബെല്ലടിച്ചത്. നോക്കുമ്പോൾ ദേവു വാട്ട്സ് അപ്പീൽ വീഡിയോ കാൾ ചെയ്യുകയാണ്. കാൾ എടുത്തപ്പോൾ തന്നെ ഞാൻ കണ്ടത് കരയുന്ന മുഖവുമായി ഇരിക്കുന്ന ദേവുവിനെ ആണ്. “എന്താ ദേവു. എന്ത് പറ്റി..” “എനിക്കാറില്ലടാ.. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.” “നീ നല്ലപോലെ കണ്ണടച്ച് കിടന്ന് നോക്ക്, അപ്പോൾ ഉറക്കം വരും.” “ഉറക്കം വരില്ല.. നിനക്കറിയുമോ ഞാൻ ഈ മൂന്നു ദിവസത്തിനിടയിൽ നാലോ അഞ്ചോ മണിക്കൂർ മാത്രമായിരിക്കും ഉറങ്ങി കാണുക… കണ്ണടച്ച് കിടക്കുമ്പോൾ മരിക്കണമെന്ന ചിന്തയാണ് മനസ്സിൽ വരുന്നത്.” എനിക്ക് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. മാത്രമല്ല അവൾ വീണ്ടും മരിക്കാനുള്ള ശ്രമം നടത്തുമോ എന്നുള്ള ഭയവും മനസ്സിൽ കയറി. കണ്ണീരൊലിക്കുന്ന മുഖത്തോടെ അവൾ ചോദിച്ചു.
“എന്ത് ജീവിതം ആണെടാ എന്റേത്.. പ്ലസ് ടു പഠിക്കുമ്പോൾ ഇല്ലാത്ത കാര്യത്തിന് കുറെ ചീത്ത പേര് കിട്ടി.. അതെല്ലാം മറന്ന് നല്ലൊരു ജീവിതം ആഗ്രഹിച്ച് ഞാൻ രാജീവിനെ കല്യാണം കഴിച്ചു. ഞാൻ പണമോ ഒന്നും ആഗ്രഹിച്ചില്ലായിരുന്നു.. സന്തോഷകരമായ ഒരു ജീവിതം മാത്രമാണ് രാജീവിന്റെ അടുത്ത് നിന്നും ആഗ്രഹിച്ചത്..അതും എനിക്ക് കിട്ടിയില്ല. ഞാൻ ഇതിന് മാത്രം എന്ത് തെറ്റാടാ ചെയ്തത്?” അവളുടെ ചോദ്യങ്ങൾക്ക് എനിക്കൊരു ഉത്തരം ഇല്ലായിരുന്നു. “സത്യത്തിൽ ഈ നശിച്ച ജീവിതം എനിക്ക് അവസാനിപ്പിക്കാൻ തോന്നുന്നു… ഡാ ഞാൻ ഒരു കാര്യം പറയട്ടെ.” “എന്താ?” “നീ എന്നെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ട് പോകുമോ? അല്ലെങ്കിൽ ഞാൻ ചിലപ്പോൾ മുഴു വട്ട് പിടിക്കും.” എനിക്കും അത് തന്നെയാണ് നല്ലതെന്ന് തോന്നി. “നീ സമാധാനപ്പെട്.. നാളെത്തന്നെ ഞാൻ നിന്നെ കൊണ്ട് പോകാം.” അന്ന് നേരം വെളുക്കുവോളം ഞാൻ അവളോട് സംസാരിച്ച് കൊണ്ടിരുന്നു. സത്യത്തിൽ എനിക്ക് പേടി ആയിരുന്നു അവൾ എന്തെങ്കിലും ചെയ്തു കളയുമോന്ന്. ദേവുവിനോട് പറഞ്ഞപോലെ ഞാൻ അന്ന് തന്നെ അവളെ അമ്മയോടൊപ്പം ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ട് പോയി. ഡോക്ടറും അവളും തമ്മിൽ ഒരുപാട് നേരം സംസാരിച്ചു, അതിന് ശേഷം അവൾക്ക് ഒരാഴ്ചത്തേക്ക് ഉള്ള മരുന്ന് കൊടുത്തു.. ആഴ്ചതോറും അവളെ ഡോക്ടറെ കാണാൻ കൊണ്ട് പോകണമായിരുന്നു. ഞാൻ അതുപോലെ തന്നെ ചെയ്തു. ഇപ്പോൾ മൂന്നാഴ്ചയോളം ആകുന്നു ഡോക്ടറിനെ കാണാൻ പോയി തുടങ്ങിയിട്ട്. നല്ല മാറ്റമുണ്ട് അവൾക്കിപ്പോൾ. ആഹാരം കഴിക്കുന്നുണ്ട് നല്ലപോലെ ഉറങ്ങുന്നുണ്ട്. പഴയ ഒരു പ്രസരിപ്പ് അവളിൽ തിരികെ എത്തിയിട്ടുണ്ട്. മുറ്റത്തെ പടിയിൽ ഇരിക്കുകയായിരുന്നു ഞാനും ദേവുവും. എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരിക്കുന്ന കൂട്ടത്തിൽ അവൾ എന്റെ തോളിലേക്ക് തലചാരി വച്ചിരുന്നു. “എന്ത് ജീവിതം ആണല്ലെടാ എന്റേത്.. ഒരു ലക്ഷ്യബോധം ഇല്ലാതെ ഇങ്ങനെ ജീവിക്കുന്നു.” ഞാൻ സ്വരം കടിപ്പിച്ച് പറഞ്ഞു. “ദേവു.. ഡോക്ടർ പറഞ്ഞത് ഓർമ ഉണ്ടല്ലോ.. ആവശ്യമില്ലാത്ത ചിന്തകൾ മനസ്സിൽ കൂട്ടി വയ്ക്കുന്നതാണ് നിന്റെ കുഴപ്പമെന്ന്.” അവൾ ഒരു ചിരിയോടെ പറഞ്ഞു. “അതിന് ഞാൻ മനസ്സിൽ കൂട്ടി വച്ചില്ലല്ലോ, നിന്നോട് പറയുകയല്ല ചെയ്തത്.” ഞാൻ മനസ്സിൽ ചിന്തിച്ചു ഇവളുടെ പഴയ നാക്ക് തിരിച്ചു വന്നല്ലോന്ന്. അവളുടെ ശ്രദ്ധ പെട്ടന്ന് അവളുടെ മടിയിലിരിക്കുന്ന എന്റെ കൈയിലേക്ക് തിരിഞ്ഞു.
“ഡാ.. ഞാൻ ഓഫീസിലെ ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തി കുളിച്ച് ഫ്രഷ് ആയിട്ട് ഇരിക്കുകയായിരുന്നു. അപ്പോൾ ബിജു എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു.. വീട്ടിൽ കുറച്ച് പ്രോബ്ലെംസ് മനസ് ശരിയല്ല, ഒന്ന് പാർക്കിൽ പോയിരിക്കാം അവനൊപ്പം ചെല്ലുമോന്ന്.” “ഹമ് ..” “അവന്റെ മനസ് ശരിയല്ലാഞ്ഞിട്ട് വിളിച്ചതല്ലെന്ന് കരുതി ഞാൻ ചെന്നു. ഞങ്ങൾ പാർക്കിൽ എത്തുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. ആളൊന്നും ഇല്ലാത്ത ഒരിടത്തേക്കാണ് അവൻ എന്നെ കൂട്ടികൊണ്ട് പോയി ഇരുന്നത്.. ഞങ്ങൾ ചുമ്മാ ഓരോന്ന് സംസാരിച്ച് ഇരുന്നു. അപ്പോഴാണ് അവനിൽ നിന്നും മദ്യത്തിന്റെ മണം എനിക്ക് കിട്ടിയത്.. പക്ഷെ ഞാൻ അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോൾ പാർക്കിലെ ആൾക്കാർ എല്ലാം ഒഴിഞ്ഞ് തുടങ്ങി.” ഞാൻ നിശ്ശബ്‌ദനായ ഒരു കേൾവിക്കാരനായി. “എന്താണെന്ന് അറിയില്ല, അവൻ പെട്ടെന്ന് എന്റെ തോളിലേക്ക് തല ചായ്ച്ചു, ഞാൻ അവന്റെ ആ പ്രവർത്തിയിൽ ഞെട്ടിപ്പോയി.. അവരോടൊപ്പം നടക്കുമായിരുന്നെങ്കിലും ഞാൻ ഒരിക്കൽ പോലും ബിജുവിനെയോ സിജോയെയോ എന്റെ ശരീരത്ത് തൊടാൻ അനുവദിച്ചിരുന്നില്ല. ഞാൻ പെട്ടെന്ന് തന്നെ കുറച്ച് അപ്പുറത്തേക്ക് നീങ്ങി മാറി, അതേ സമയം അവൻ എന്റെ ഇടുപ്പിൽ പിടിച്ച് അവനോട് അടുപ്പിച്ചു. ഞാൻ അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് ദേഷ്യത്തിൽ എന്താ കാണിക്കുന്നതെന്ന് ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു… ഞാൻ അവളുടെ മുഖത്ത് നോക്കി. “അന്ന് നീ ചെന്നൈയിൽ വന്നപ്പോൾ ഞാൻ നിന്റെ തോളിൽ തല ചായ്ച്ചിരുന്നു നീ എന്റെ ഇടുപ്പിൽ പിടിച്ചു അതൊന്നും എനിക്ക് കുഴപ്പം ഇല്ലായിരുന്നല്ലോ, അവനും എന്റെ ഫ്രണ്ട് അല്ലെ.. അവൻ അങ്ങനെ ചെയ്യുന്നത് കൊണ്ടെന്താണ് കുഴപ്പമെന്ന്.. ഞാൻ പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ ഭാവിച്ചു. അപ്പോൾ അവൻ എന്റെ പിന്നിൽ കൂടി കൈ ഇട്ട് എന്റെ നെഞ്ചിൽ കൈ അമർത്തി. പെട്ടെന്ന് വന്ന ഒരു ധൈര്യത്തിൽ ഞാൻ അവനെ തള്ളിമറിച്ചിട്ട് റൂമിലേക്ക് ഓടുകയായിരുന്നു.” എന്റെ തോളിൽ തല ചായ്ച്ചിരിക്കുന്ന അവളുടെ മുടിയിലേക്ക് ഞാൻ എന്റെ കവിൾ ചേർത്ത് വച്ചു. “ഡാ.. ഞാനിങ്ങനെ നിന്റെ തോളിൽ ചായ്ച്ചിരിക്കുമ്പോഴോ നിന്റെ കൈ ദാ ഇതുപോലെ എന്റെ മടിയിൽ വച്ചിരിക്കുമ്പോഴോ അല്ലെങ്കിൽ എന്റെ ഇടുപ്പിൽ പിടിച്ച് നീ എന്നെ അടുപ്പിച്ചിരുത്തുമ്പോഴോ എനിക്കൊന്നും തോന്നാറില്ല.. സത്യം പറഞ്ഞാൽ പലപ്പോഴും നീ എന്റെ ശരീരത്ത് തൊട്ടിരിക്കുകയാണെന്ന് പോലും ഞാൻ അറിയാറില്ല. പക്ഷെ അവൻ അന്നെന്റെ ശരീരത്ത് തൊട്ടപ്പോൾ..” അവളുടെ തൊണ്ട ഇടറി തുടങ്ങിയത് ഞാൻ അറിഞ്ഞു. അവളുടെ കവിളിൽ തട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. “അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ.. അതൊക്കെ മറന്ന് കളഞ്ഞേക്ക്.. നമുക്കിപ്പോൾ നിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കാം.” “എന്റെ കല്യാണ കാര്യം എടുത്തിടാനാണോ നിന്റെ ഭാവം?” “പിന്നല്ലാതെ എന്താ നിന്റെ ഭാവി പരിപാടി?”
“ഞാനെന്റെ പഴയ സ്വപ്നം ഒന്ന് പൊടി തട്ടി എടുത്തിട്ടുണ്ട്.. കുറച്ച് പൈസ സമ്പാദിക്കണം, എന്നിട്ട് യാത്ര തുടങ്ങണം.” ഒരു ചിരിയോടെ ഞാൻ ചോദിച്ചു. “എന്നെയും കൂടെ കൂട്ടുമോ യാത്രയിൽ?” “നീയില്ലാതെ എനിക്കെന്ത് യാത്ര.. പക്ഷെ മായ നിന്നെ വിടുമോ എന്നാണ് സംശയം.” ഞങ്ങൾക്കിടയിൽ ഒരു ചിരി പടർന്നു. . . എന്തോ ഭാഗ്യം പോലെ ദേവുവിന് കേരളത്തിലെ തന്നെ ഒരു ഓഫീസിലേക്ക് സ്ഥലമാറ്റം കിട്ടി. വീട്ടിൽ നിന്നും കുറച്ച് ദൂരെ ആയിരുന്നു ഓഫീസ്. അതുകൊണ്ട് ദിവസേന പോയി വരക്കം നടക്കില്ല. ഒരത്ഭുതമെന്തെന്നാൽ അതേ ഓഫീസിൽ തന്നെ ആയിരുന്നു അഞ്ജലിയും ജോലി ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ അഞ്ജലി അവളുടെ ഹോസ്റ്റലിൽ തന്നെ ദേവുവിനും റൂം റെഡിയാക്കി. റൂമിൽ അഞ്ജലിയെ കൂടാതെ ഒരു പെണ്ണും കൂടി ഉണ്ടായിരുന്നു. ആഴ്ചയിൽ ഒരു ദിവസം ദേവു വീട്ടിൽ വന്ന് പോകും. എനിക്കിപ്പോൾ നല്ല രീതിയിൽ വർക്ക് കിട്ടുന്നുണ്ട്, അതുകൊണ്ട് തന്നെ സഹായത്തിനായി രണ്ട് കൂട്ടുകാരെയും കൂടെ കൂട്ടി. ഇപ്പോൾ കാര്യങ്ങൾ എല്ലാം അവന്മാർ ഓടി നടന്ന് ചെയ്യും, കൈയിൽ നല്ല പൈസയും കിട്ടുന്നുണ്ട്. കാര്യങ്ങൾ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ദേവു വീട്ടിൽ ഉള്ള ഒരു ദിവസം ഞാൻ അവളെ കാണാനായി ചെന്നത്. ഓരോരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ ദേവു പറഞ്ഞു. “ഹോസ്റ്റലിൽ ആയിരിക്കുമ്പോൾ നല്ല ബോറാണെടാ.. അഞ്ജലി ആണെങ്കിൽ രാത്രി ആയി കഴിഞ്ഞാൽ ഭർത്താവുമായി വിളിച്ച് ഫോണിൽ സംസാരം ആണ്, മറ്റേ പെണ്ണാണെങ്കിൽ അവളുടെ കാമുകനെ വിളിച്ച് സൊല്ലക്കവും.. ഞാൻ ഇവർക്കിടയിൽ പോസ്റ്റ് ആണ്, നിന്നെ വിളിക്കാന് വച്ചാൽ നീ ഈ ഇടയായി ഏത് സമയവും മായയുമായി സംസാരം അല്ലെ.” അതൊരു കാര്യം സത്യം ആയിരുന്നു, ഞാൻ ഇപ്പോൾ മായയുമായി കുറച്ച് കൂടുതൽ ആണ്. “എന്താ നിനക്കും ഫോൺ വിളിക്കാൻ ആരെങ്കിലും വേണമെന്ന് തോന്നുന്നുണ്ടോ?” ഒരു ചിരിയോടെ അവൾ പറഞ്ഞു. “സത്യം പറഞ്ഞാൽ അങ്ങനെ ഒരു തോന്നൽ ഇല്ലാതില്ല.” അവളുടെ മനസ് ഇളകി തുടങ്ങിയിരിക്കുന്നതായി എനിക്ക് മനസിലായി.. അത് എന്റെ മനസിന് ചെറിയൊരു സന്തോഷവും നൽകി. “എങ്കിൽ നമുക്ക് നല്ലൊരു ചെക്കനെ നോക്കി തുടങ്ങിയാലോ?” “കല്യാണത്തെ കുറിച്ച് ആലോചിക്കുമ്പോഴും ഒരു ടെൻഷൻ ആണെടാ… പിന്നെ ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി.” “എന്താ?” “ഓഫീസിൽ ഒരാൾ എന്റെ ചുറ്റും കിടന്ന് കറങ്ങുന്നുണ്ടോന്ന് ഒരു ഡൌട്ട്.” “ആര്?”
“ബിബിൻ എന്നാണ് പേര്.. നമ്മളെക്കാളും ഒരു വയസേ കൂടുതൽ ഉള്ളു.. ഈ ഇടയായി എന്നെ കാണുമ്പോൾ ഒരു ചിരിയും സംസാരവുമൊക്കെ ഉണ്ട്.” വീണ്ടും ബിജുവിനെ പോലെ ആരെങ്കിലും ആണോ എന്നായിരുന്നു എന്റെ സംശയം. “വല്ല കോഴിയും ആണോടി?” “ആണെന്ന് തോന്നുന്നില്ല.. വേറെ പെൺപിള്ളേരുമായിട്ടൊന്നും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. ഒരു ഒതുങ്ങിയ സ്വഭാവം ആണ്.. ആരുമായും അധികം സംസാരം ഒന്നും ഇല്ല.” “അപ്പോൾ നീ അവനെയും ശ്രദ്ധിക്കുന്നുണ്ടല്ലേ?” ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി. . . ബീച്ചിലെ മണൽ തിട്ടയിലിരുന്ന് ഞാൻ തിരമാലകൾക്കൊപ്പം ഓടിക്കളിക്കുന്ന ദേവുവിനെ നോക്കി. ആസ്തമ സൂര്യന്റെ വെളിച്ചം അവളുടെ മുഖത്തു തന്നെ തട്ടുന്നു. അത് അവളെ കൂടുതൽ സുന്ദരി ആക്കുന്നപോലെ. ചുവന്ന ചുരിദാർ പാന്റ് മുട്ടിനൊപ്പം ഉയർത്തിവച്ച് ചെറു തിരയിൽ കാല് നനച്ച് കളിക്കുകയാണ് അവൾ. അവളുടെ ഉള്ളിൽ എന്ത് മാത്രം സന്തോഷം ഉണ്ടെന്ന് എനിക്ക് വായിച്ചെടുക്കാൻ കഴിയും. അവൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ ഓടിയെത്തി. ബിബിൻ വന്നെന്നെ പ്രൊപ്പോസ് ചെയ്തടാ, ഞാൻ അത് പ്രതീക്ഷിച്ചിരുന്നതാണ്.. അത്കൊണ്ട് അപ്പോൾ തന്നെ ഞാൻ ഡിവോഴ്സ് ആണെന്ന കാര്യം അവനോട് പറഞ്ഞു.. അവന്റെ മുഖത്തെ അപ്പോൾ നീ ഒന്ന് കാണേണ്ടതായിരുന്നു. ഇത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. ഞാൻ വിചാരിച്ചത് അതുവഴി അങ്ങ് പുള്ളി പോകുമെന്നായിരുന്നു.. പക്ഷെ മൂന്നിന്റന്ന് വന്ന് പറയുവാ ഡിവോഴ്സ് ഒന്നും പുള്ളിക്കാരന് വിഷയമല്ല. എന്നെ കല്യാണം കഴിക്കാൻ താല്പര്യം ആണെന്ന്. പക്ഷെ വീട്ടിൽ രണ്ട് അനിയത്തിമാർ നിൽപ്പുണ്ട് അവരുടെ കല്യാണം കഴിയാതെ എന്റെ കാര്യം വീട്ടിൽ അറിയിക്കാൻ പറ്റില്ല പ്രതേകിച്ച് ഞാൻ ഒരു രണ്ടാംകെട്ട് കാരി ആയതിനാൽ അനിയത്തിമാരുടെ കല്യാണത്തിന് മുൻപ് എന്നെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് ചെന്നാൽ അത് അവർക്ക് നല്ലൊരു ആലോചന വരുന്നതിന് തടസ്സമാകുമെന്ന്. അതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി.” തിരമാലകൾക്ക് ഒപ്പം ഓടിക്കളിച്ച് തളർന്നപ്പോഴാണെന്ന് തോന്നുന്നു ദേവു വന്ന് എന്റെ അരികിലേക്ക് ഇരുന്നു. “നീ എന്താടാ വരാഞ്ഞത്.നല്ല രസമുണ്ടായിരുന്നു.” “പിന്നേ.. കൊച്ച് പിള്ളേരല്ലേ തിരയിൽ ഓടിക്കളിക്കാൻ.” “കടലിൽ കളിക്കുന്നതിന് അങ്ങനെ ഇന്ന പ്രായമെന്നൊക്കെ ഉണ്ടോ?” ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു.
“നമുക്കൊന്ന് നടന്നല്ലോ?” “പിന്നെന്താ..” അരികിൽ ഇരുന്ന അവളുടെ ചെരുപ്പ് എടുത്ത് എന്റെ കൈയിലേക്ക് തന്നുകൊണ്ട് അവൾ ചാടി എഴുന്നേറ്റു.” ആകാശത്തിനു നല്ല ഇളം ചുവപ്പ് നിറം. ഒരു കൈയിൽ അവളുടെ ചെരുപ്പും മറുകൈയിൽ അവളുടെ മുറുക്കി പിടിച്ച കൈയും ആയി ഞാൻ നടന്നു. ചെറു തിരമാലകൾ ഞങ്ങളുടെ കാലിനോട് എന്തോ രഹസ്യം പറഞ്ഞ് പോകുന്നുണ്ട്. സംസാരത്തിന് ഒരു തുടക്കമിടണമല്ലോ എന്ന് വിചാരിച്ച് ഞാൻ ചോദിച്ചു. “ബിബിന്റെ കാര്യം ‘അമ്മ എന്ത് പറഞ്ഞു?” “നല്ലപോലെ ആലോചിച്ച് വേണം ഒരു തീരുമാനത്തിൽ എത്താൻ എന്ന് പറഞ്ഞു.” “എന്താ നിന്റെ തീരുമാനം?” ഒരു ചിരിയോടെ അവൾ ചോദിച്ചു. “ഇതിനെ കുറിച്ച് എന്നോട് ചോദിപ്പിക്കാനാണോ വീട്ടിൽ ചടഞ്ഞു കൂടി ഇരിക്കാതെ പുറത്തൊക്കെ ഒന്ന് പോയി വരാൻ പറഞ്ഞ് ‘അമ്മ എന്നെ നിന്റെ കൂടെ പറഞ്ഞു വിട്ടത്.?” ഞാൻ ഒരു ചിരിയോടെ ചോദിച്ചു. “എന്താ അവന്റെ കാര്യത്തിൽ നിന്റെ അഭിപ്രായം എന്ന് പറ?” “ഏട്ടൻ എന്നെ നല്ല കെയറിങ് ആണെടാ, എന്റെ എല്ലാ കാര്യങ്ങളും ചോദിച്ച് മനസിലാക്കും, എന്നോട് ഒരുപാട് സംസാരിക്കും, ഉപദേശിക്കും.. ഒരു ദിവസം ഏട്ടൻ എന്റെ ഫോൺ എടുത്ത് നോക്കിയപ്പോൾ രാജീവിന്റെ നമ്പർ അതിൽ കിടക്കുന്നു, സത്യത്തിൽ അങ്ങനെ ഒരു നമ്പർ അതിൽ ഉള്ള കാര്യം ഞാൻ തന്നെ മറന്നു പോയിരുന്നു.. പക്ഷെ ഏട്ടൻ എന്നെ കുറെ വഴക്ക് പറഞ്ഞു എന്തിനാ അവന്റെ നമ്പർ ഇപ്പോഴും സൂക്ഷിക്കുന്നതെന്നും പറഞ്ഞു. ചോദിച്ചത് ശരിയല്ലേ?” എന്തിനാ അവന്റെ നമ്പർ എന്റെ ഫോണിൽ.. ഞാൻ അപ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്തു.” ദേവു ബിബിനെ ഏട്ടൻ എന്നും പറഞ്ഞു സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആദ്യമൊക്കെ അവൾ ബിബിൻ എന്ന് പേര് പറഞ്ഞു തന്നായിരുന്നു എന്നോട് സംസാരിച്ചിരുന്നത്. ഇപ്പോൾ അവൾ അവന് ഒരു റെസ്‌പെക്ട് കൊടുത്ത് തുടങ്ങിയിക്കുന്നു. മാത്രനല്ല അവൻ കെയറിങ് എന്ന പേരിൽ കാണിക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾ വരെ ദേവു വലിയ സംഭവം ആയാണ് എടുക്കുന്നത്.. അവൾ ബിബിനെ ഇഷ്ട്ടപെട്ട് തുടങ്ങിക്കഴിഞ്ഞു. ഞാൻ വീണ്ടും അവളുടെ സംസാരത്തിലേക്ക് ശ്രദ്ധ തിരിച്ചു. “പുള്ളിക്കാരൻ എന്റെ കാര്യത്തിൽ കുറച്ച് പൊസസ്സീവ് ആണെടാ.. ഓഫീസിലെ വേറെ ആണുങ്ങളുമായി ഞാൻ സംസാരിക്കുന്നതൊന്നും ചേട്ടന് ഇഷ്ട്ടമല്ല.. ആരെങ്കിലും എന്റടുത്ത് വന്ന് നിന്ന് സംസാരിച്ചാൽ പുള്ളിക്കാരന്റെ മുഖം കാണണം.. കടന്തൽ കുത്തിയപോലെ വീർത്തിരിക്കും. അത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
“ഞാൻ ചെന്നൈയിൽ വച്ച് ബിജുവിന്റെ ഭാഗത്തു നിന്നും ഒരു മോശം അനുഭവം ഉണ്ടായെന്ന് പറഞ്ഞു. ഉടൻ തന്നെ ചേട്ടൻ എന്റെ ഫോൺ വാങ്ങി ബിജുവിന്റെയും സിജോയുടെയും നമ്പർ ഡിലീറ്റ് ചെയ്തു.” “ബിജുവിന്റെ കാര്യം ഓക്കെ.. പക്ഷെ സിജോയുടെ നമ്പർ എന്തിനാ ഡിലീറ്റ് ചെയ്തത്.. അവൻ നിന്നോട് ഒന്നും ചെയ്തില്ലല്ലോ.” “പുള്ളിക്കാരൻ പറയുന്നത് സിജോയെ ഇനി കാണുന്നത്പോലും ഇല്ലല്ലോ, പിന്നേ എന്തിനാണ് അവനുമായി ഒരു കോണ്ടാക്ട്.. ആവശ്യമില്ലാത്ത ബന്ധങ്ങൾ ആണ് അനാവശ്യ പ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്നതെന്ന്. ആണുങ്ങളുമായി ഞാൻ ഇനി ആവശ്യകാര്യങ്ങൾക്കല്ലാതെ വേറെ സംസാരം വേണ്ടെന്ന് പറഞ്ഞു. ചിന്തിച്ചപ്പോൾ അതാണ് നല്ലതെന്നു എനിക്ക് തോന്നി. എന്തിനാ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ തലയിലേക്ക് വലിച്ചിഴക്കുന്നത്.” എനിക്ക് ഇപ്പോൾ തന്നെ ബിബിനെ കുറിച്ചുള്ള ഒരു ഏകദേശ രൂപം മനസിലായി കഴിഞ്ഞിരുന്നു. കല്യാണത്തിന് മുൻപ് തന്നെ ഒരു സ്നേഹത്തിന്റെ പുറത്ത് ദേവുവിനെ ഒരു കൂട്ടിലിട്ട തത്ത ആക്കി മാറ്റുകയാണ്, അപ്പോൾ കല്യാണം കഴിഞ്ഞാൽ എന്തായിരിക്കും അവസ്‌ഥ.. അവൾ ആരുമായി സംസാരിച്ചാലും ഒരു സംശയത്തോടെ അല്ലെ അവളെ നോക്കുകയുള്ളു. ഈ പൊട്ടിക്ക് ഇപ്പോൾ അതൊന്നും എത്ര പറഞ്ഞാലും മനസിലാകില്ല.. പറയുന്നവരെ അവിശ്വസിക്കാതെ ഉള്ളു. ഒരു ചിരിയോടെ അവൾ പറഞ്ഞു. “നിന്നോടും അകലം പാലിക്കാണെന്ന് ഏട്ടൻ പറഞ്ഞു.. ഞാൻ അപ്പോഴേ പറഞ്ഞു നിന്റെ കാര്യത്തിൽ കൈ കടത്തിയത് കൊന്നു കളയുമെന്ന്.” ഞാൻ അത് കേട്ട് ചെറുതായി പുഞ്ചിരിച്ചു. എനിക്കറിയാമായിരുന്നു കുറഞ്ഞു നാളുകൾ കൊണ്ട് എല്ലാരേയും അവളിൽ നിന്നും അകറ്റിയ അവന് എന്നെയും അവളിൽ നിന്നും അടർത്തി മാറ്റാൻ അധികം നാളുകൾ വേണ്ടി വരില്ലെന്ന്. അവർ ഒരേ ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്.. അതുകൊണ്ട് അവർ തമ്മിൽ അടുക്കുവാനുള്ളതും ഞാനുമായി അകലുവാനും ഉള്ള അവസരം വളരെ കൂടുതൽ ആണ്. “നിങ്ങളുടെ കല്യാണം എന്നത്തേക്ക് നടത്താമെന്നാണ് ബിബിൻ പറയുന്നത്?” “രണ്ട് അനിയത്തിമാരുടെയും കല്യാണം നടത്താനായി ഒരു നാല് വർഷത്തെ സാവകാശമാണ് എന്നോട് ചോദിച്ചിട്ടുള്ളത്.” “ദേവു.. ഈ നാല് വർഷമെന്ന് പറയുമ്പോൾ നിനക്ക് വയസ് എത്ര ആകുമെന്ന് അറിയാമോ?” “എനിക്കറിയാടാ.. പക്ഷെ നീ ഒരു കാര്യം ചിന്തിക്കണം, ഞാൻ ഒരു രണ്ടകെട്ടു കാരി ആണ്, പക്ഷെ ചേട്ടൻ അങ്ങനല്ല.. അപ്പോൾ നമ്മളും ചില വിട്ടു വീഴ്ചകൾക്ക് തയ്യാറാകണം.”
“പക്ഷെ ഈ നാല് വർഷത്തിന് ശേഷം അവന്റെ വീട്ടുകാർ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിലോ?” പെട്ടെന്ന് നടത്തം നിർത്തി അവൾ എന്നോട് ചോദിച്ചു. “നീ എല്ലാത്തിനും ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കുന്നതെന്തിനാ?” “നമ്മൾ എല്ലാ വശവും ചിന്തിക്കണം ദേവു, നിന്റെ കാര്യത്തിൽ ഇനിയൊരു ചാൻസ് എടുക്കാൻ പറ്റില്ല.” അവൾ കുറച്ച് നേരം ആലോചിച്ച ശേഷം പറഞ്ഞു. “നിനക്ക് ഒരു ഉറപ്പല്ലേ വേണുന്നത്.. നിനക്കും ഏട്ടനും തമ്മിൽ സംസാരിക്കാനുള്ള ഒരു അവസരം ഞാൻ ഉണ്ടാക്കി തരാം.. നീ തന്നെ സംസാരിച്ച് എന്താ ഏട്ടന്റെ വീട്ടിലെ അവസ്ഥ എന്ന് മനസിലാക്കിക്കോ, ഏട്ടൻ നിനക്കൊരു ഉറപ്പ് തന്നാൽ പോരെ?” ഞാനും ബിബിനും തമ്മിൽ ഒരു കൂടിക്കാഴ്ച നല്ലതാണെന്ന് തോന്നിയതിനാൽ ഞാൻ എതിർത്തൊന്നും പറഞ്ഞില്ല. അന്ന് തന്നെ ഞാൻ അമ്മയോട് ദേവുവുമായി സംസാരിച്ച കാര്യങ്ങളും ബിബിനെ കുറിച്ച് മനസിലാക്കിയ കാര്യങ്ങളും അറിയിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമ്മയ്ക്കും ആ ഒരു ബന്ധത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല. അവസാനം ‘അമ്മ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ തറച്ചു. “മോനെ അവളുടെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. ആൾക്കാരെ മനസിലാക്കാൻ അവൾ ഇതുവരെ പഠിച്ചിട്ടില്ല.. വാശി കാണിച്ച് എന്നും പ്രശ്നങ്ങളിൽ ചെന്ന് വീഴാൻ മാത്രമേ അവൾക്ക് അറിയുള്ളു.. അത് കാരണം അവസാനം അവളെ സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ട അവസ്ഥയിൽ വരെ എത്തി ഞാൻ.. ഒരുപാട് മരുന്ന് കഴിച്ചാണ് അവൾ പഴയ അവസ്ഥയിൽ തിരിച്ചെത്തിയത്.. ഇനി ബിബിന്റെ കാര്യത്തിൽ വാശി കാണിച്ച് നമ്മൾ സമ്മതിക്കാതിരിക്കുമ്പോൾ അവൾ പഴയപോലെ ഡിപ്രെഷനിൽ ആകുമോ എന്നാണ് എന്റെ പേടി. എന്നെക്കാളും അവളുടെ കാര്യം അറിയാവുന്നത് മോനാണ്.. നീ പറഞ്ഞാലാണ് അവൾ കുറച്ചെങ്കിലും കേൾക്കുന്നത്.. മോൻ അവളെ പതുക്കെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ നോക്ക്.” ദേവു പറഞ്ഞത് പോലെ തന്നെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ബിബിനുമായി കണ്ട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി. ഓഫീസിലെ ജോലി കഴിഞ്ഞ് അവിടെ അടുത്തുള്ള ഒരു പാർക്കിൽ വച്ച് കാണാം എന്നായിരുന്നു തീരുമാനം. ഞാൻ നേരത്തെ തന്നെ പാർക്കിൽ എത്തിച്ചേർന്നു. വലിയ തിരക്കൊന്നും ഇല്ല. ആളൊഴിഞ്ഞ ഒരിടം നോക്കി ഞാൻ ഇരുന്നു. എന്താണ് ബിബിനോട് സംസാരിക്കേണ്ടതെന്ന് എനിക്കറിയില്ല. എനിക്കോ അമ്മക്കോ മാനസികമായി അവനുമായി ഒരു ബന്ധത്തിന് താല്പര്യം ഇല്ലായിരുന്നു.
കുറച്ച് സമയത്തിനകം തന്നെ ദേവുവും ബിബിനും അവിടെ എത്തി. എന്റെ അരികിലേക്ക് നടന്ന് വരുന്ന ബിബിനെ ഞാൻ നോക്കി. നല്ല വെളുത്തിട്ടാണ്, ക്ലീൻ ഷേവ്, ദേവുവിനെക്കാൾ ശകലം കൂടി പൊക്കമുണ്ട്. പുറമെ നിന്നു നോക്കുമ്പോൾ എന്തുകൊണ്ടും ദേവുവിന് നല്ല ചേർച്ചയുണ്ട്. അവളുടെ മുഖം സന്തോഷത്തിലാണ്. ഞാൻ ഒരു സിമെന്റ് ബെഞ്ചിൽ ആണ് ഇരുന്നിരുന്നത്. ദേവു വന്നയുടൻ എന്റെ അരികിലായി ഇരുന്നു. ബിബിൻ ഞങ്ങൾക്ക് എതിരെ ഉള്ള ബെഞ്ചിലും. ദേവു സാധാരണ അങ്ങനെ തന്നെയാണ്, എവിടെയെങ്കിലും പോകുമ്പോൾ ഞാൻ ഉണ്ടെങ്കിൽ എന്റെ അരികിൽ തന്നെയാണ് ഇരിക്കാറുള്ളത്. ഞാൻ ബിബിന്റെ മുഖം ശ്രദ്ധിച്ചു. അവൾ എന്റെ അരികിൽ ഇരുന്നത് അവന് ഇഷ്ട്ടമായില്ലെന്ന് അവന്റെ മുഖ ഭാവത്തിൽ നിന്നും മനസിലായി. ദേവുവിനും അത് മനസിലായെന്ന് എനിക്ക് തോന്നി. അങ്ങോട്ടും എങ്ങോട്ടുമുള്ള പരിചയപെടുത്തലുകൾക്ക് ശേഷം ദേവു പറഞ്ഞു. “ഞാൻ പോയി ചായ വാങ്ങി കൊണ്ട് വരാം.” ബിബിൻ പെട്ടെന്ന് പറഞ്ഞു. “എനിക്ക് വേണ്ട.” അവൾ ഒന്നും മിണ്ടിയില്ല. എഴുന്നേറ്റ് അവിടെ നിന്നും പോയി. അവൾ പോയി കഴിഞ്ഞു ഞങ്ങൾ ഒന്നും മിണ്ടിയില്ല. അവൾ ഷോപ്പിൽ പോയി ചായ വാങ്ങുന്നതും തിരികെ വരുന്നതും നോക്കി ഞങ്ങൾ ഇരുന്നു. തിരികെ വരുമ്പോൾ അവളുടെ കൈയിൽ മൂന്നു ഗ്ലാസ് ചായ ഉണ്ടായിരുന്നു. ഒരു ഗ്ലാസ് ചായ എന്റെ കൈയിൽ തന്നിട്ട് അവൾ ബിബിൻ ഇരിക്കുന്ന ബെഞ്ചിലേക്ക് ഇരുന്ന് അവന് നേരെ ചായ നീട്ടി. അവളെ ഒന്ന് തുറിച്ച് നോക്കിയ ശേഷം അവൻ ഒരു പുഞ്ചിരിയോടെ ചായ വാങ്ങി. ഞാൻ അവർ ഇരിക്കുന്നത് ശ്രദ്ധിച്ചു. ഇഴകി ചേർന്നൊന്നും അല്ല അവൾ അവന്റെ അരികിൽ ഇരിക്കുന്നത്. അവർക്കിടയിൽ ഒരു അകലം ഉണ്ടായിരുന്നു. ഔപചാരികമായ സംഭാഷണങ്ങൾക്ക് ശേഷം ഞാൻ വിഷയത്തിലേക്ക് കടന്നു. “ബിബിന് ഇവളുമായുള്ള കല്യാണം എന്ന് നടത്താമെന്നാണ് പ്ലാൻ?” “എന്തായാലും എനിക്ക് ഒരു നാല് വർഷത്തെ സാവകാശം വേണ്ടി വരും.” “നാല് വർഷമെന്ന് പറയുമ്പോൾ ഇവൾക്കന്ന് വയസ് മുപ്പത് ആകും.” “എന്റെ വീട്ടിലെ അവസ്ഥ കൂടി മനസിലാക്കണം.. എനിക്ക് രണ്ട് അനിയത്തിമാരാണ് ഉള്ളത്, അവരെ എനിക്ക് കെട്ടിച്ച് വിടണം.” “അതൊക്കെ ശരിയാണ്, പക്ഷെ ഇവളുടെ ജീവിതത്തിലെ നാല് വർഷമാണ് പാഴായി പോകുന്നത്.” ബിബിന്റെ സ്വരം ഒന്ന് കടുത്തു. “ഇവൾ കാത്തിരിക്കാൻ തയ്യാറാണല്ലോ.. പിന്നെന്താ കുഴപ്പം.” ഞാൻ ദേവുവിനെ നോക്കിയപ്പോൾ അവൾ ദയനീയമായി എന്നെ നോക്കുകയാണ്. ഞാൻ ദേഷ്യം ഉള്ളിലൊതുക്കി പറഞ്ഞു.
“ഓക്കേ.. പക്ഷെ നാല് വർഷം കാത്തിരുന്നാൽ ഈ വിവാഹം നടക്കുമെന്ന് എന്താ ഒരു ഉറപ്പ്.” “ഞാൻ പറഞ്ഞല്ലോ എന്റെ അനിയത്തിമാരുടെ കല്യാണം കഴിയാതെ ഇവളെ കെട്ടുവാൻ എനിക്കാവില്ല.. അവരുടെ കല്യാണത്തിന് മുൻപ് ഞാൻ ഒരു രണ്ടാംകെട്ടുകാരിയെ കല്യാണം കഴിച്ചാൽ അത് ചിലപ്പോൾ എന്റെ അനിയത്തിമാരുടെ ജീവിതത്തെ ബാധിക്കും.” “ഞാൻ അത് മനസിലാക്കുന്നു..അത് കൊണ്ട് എന്റെ ആവിശ്യം ഇത്രേ ഉള്ളു, ഉടനെ കെട്ടണമെന്ന് ഞാൻ പറയുന്നില്ല. പക്ഷെ വീട്ടിൽ ദേവുവിന്റെ കാര്യം പറഞ്ഞ് സമ്മതം വാങ്ങണം. ഞങ്ങൾക്ക് ഒരു ഉറപ്പിന് വേണ്ടി.” കുറച്ച് നേരം നിശബ്തനായി ഇരുന്നിട്ട് അവൻ പറഞ്ഞു. “എന്റെ വീട്ടുകാർ ഒരു പഴഞ്ചൻ ചിന്താഗതിക്കാർ ആണ്, ഇപ്പോൾ ഇത് വീട്ടിൽ പറഞ്ഞാൽ അവർ അത് സമ്മതിക്കില്ല.” “അപ്പോൾ നാല് വർഷം കഴിഞ്ഞാൽ സമ്മതിക്കുമെന്നാണോ?” “അനിയത്തിമാരുടെ കല്യാണം കഴിഞ്ഞാൽ പറഞ്ഞ് സമ്മതിപ്പിക്കാം എന്ന് എനിക്ക് ഉറപ്പുണ്ട്.” “അഥവാ അന്നും വീട്ടുകാർ സമ്മതിച്ചില്ലേലും നീ ഇവളെ കെട്ടുമോ?” അവൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. “എന്റെ വീട്ടുകാരെ എതിർത്ത് ഞാൻ ഒന്നും ചെയ്യില്ല.. പക്ഷെ ഞാൻ ഉറപ്പ് തരുന്നല്ലോ അവരെക്കൊണ്ടു സമ്മതിപ്പിക്കുമെന്ന്. എനിക്ക് എന്റെ ദേഷ്യത്തെ പിടിച്ച് നിർത്താനായില്ല. “ഇവളെന്താ എല്ലാര്ക്കും തട്ടി കളിക്കാവുന്ന പന്താണെന്നാണോ നിന്റെ വിചാരം.. ഈ കല്യാണത്തെ കുറിച്ച് നീ ഇനി ചിന്തിക്കേണ്ട.” ഞാൻ ദേവുവിനോടായി പറഞ്ഞു. “ദേവു, ഇത് ഇവിടം കൊണ്ട് നിർത്തുന്നതാണ് നിനക്ക് നല്ലത്, നമുക്കിത് വേണ്ട.” ദേവുവിന്റെ മുഖം ആകെ വിവർണ്ണം ആയി. ഒച്ച ഉയർത്തികൊണ്ട് ബിബിൻ ചോദിച്ചു. “അവൾ ആരെ കെട്ടണം കെട്ടണ്ട എന്ന് തീരുമാനിക്കാൻ നീ ആരാണ്.. അവളുടെ സഹോദരൻ ഒന്നും അല്ലല്ലോ നീ.” ദേവു പെട്ടെന്ന് ബിബിനോട് പറഞ്ഞു. “ഏട്ടാ.. ആവിശ്യം ഇല്ലത്ത സംസാരം നിർത്ത്..” “എന്ത് സംസാരിക്കണം എന്ന് എനിക്കറിയാം. അവൻ നിന്റെ കൂട്ടുകാരൻ അല്ലേ, കൂട്ടുകാരൻ കൂട്ടുകാരന്റെ സ്ഥാനത് നിന്നാൽ മതി, അല്ലാതെ നിന്റെ ജീവിതത്തിൽ ഇടപെടാൻ വരണ്ട.” ഞാൻ പെട്ടെന്ന് അവന്റെ കോളറിൽ കയറി പിടിച്ചു. ദേവു എന്നെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു. “മാറി നിൽക്കടാ..” ഞാൻ ചെറുതായി അവളുടെ വാക്കുകൾക്ക് മുന്നിൽ പതറി പോയി. അവൾ ബിബിന് നേരെ തിരിഞ്ഞ് പറഞ്ഞു. “ഇവൻ എന്റെ ആരാണെന്ന് നിന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. നിന്നെ കാണുന്നതിന് മുൻപേ അവൻ എനിക്കൊപ്പം ഉള്ളതാണ്, അവൻ എന്റെ ആരാണെന്ന് എനിക്കും അറിയാം എന്റെ അമ്മയ്ക്കും അറിയാം.. ഞാൻ പറഞ്ഞിട്ടാണ് അവൻ എനിക്ക് വേണ്ടി സംസാരിക്കാൻ വന്നത്.”
അവളുടെ വാക്കുകൾക്ക് മുന്നിൽ അവൻ എന്ത് പറയണമെന്ന് അറിയാതെ പതറിപ്പോയി, കുറച്ച് നേരം ഞങ്ങൾ രണ്ടുപേരെയും മാറി മാറി നോക്കിയ ശേഷം അവൻ പറഞ്ഞു. “നിന്റെ ജീവിതത്തിൽ ഇനി ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഉണ്ടാകില്ല. ആരെ വേണമെന്ന് നിനക്ക് തീരുമാനിക്കാം.” അവൻ അവിടെ നിന്നും വേഗതയിൽ നടന്നു. ദേവു കുറച്ച് നേരം എന്നെ തന്നെ നോക്കി നിന്നു, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “നീ എന്റെ കല്യാണം പറഞ്ഞു ഉറപ്പിക്കാനാണോ അതോ എന്റെ ജീവിതം നശിപ്പിക്കാനാണോ വന്നത്.” ഞാൻ പകച്ചു പോയി ആ ചോദ്യത്തിന് മുന്നിൽ. അവളുടെ നന്മക്ക് വേണ്ടി മാത്രമായിരുന്നു ഞാൻ അത്രയും നേരം സംസാരിച്ചത്. പക്ഷെ അവൾ അത് മനസിലാക്കുന്നില്ല. എന്താ ചെയ്യണ്ടതെന്ന് അറിയാതെ ഞാൻ അവിടെ പകച്ച് നിൽക്കുന്ന സമയം ദേവു ബിബിൻ പോയ വഴിയേ വേഗതയിൽ നടക്കുകയായിരുന്നു. കുറച്ച് നേരം കൂടി അവിടെ നിന്ന ശേഷം ഞാൻ എന്റെ ബൈക്കിന് അടുത്തേക്ക് നടന്നു. ബൈക്ക് ഓടിക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നതിനാൽ മുന്നിലെ കാഴ്ചകൾക്ക് ഒരു മങ്ങളായിരുന്നു. മനസിനുള്ളിൽ ആകെ ശൂന്യത മാത്രം. പറ്റുന്നത്ര വേഗതയിൽ ബൈക്ക് ഓടിച്ചു. ആ യാത്ര ചെന്ന് നിന്നത് മായയുടെ വീടിന്റെ ഗേറ്റിനു മുന്നിൽ ആണ്. അവൾ ഇരുട്ടി തുടങ്ങിയ നേരത്തും എന്തോ കാര്യത്തിന് മുറ്റത്ത് നിൽക്കുകയായിരുന്നു. വീടിനു മുന്നിൽ ഒരു ബൈക്ക് വന്ന് നിൽക്കുന്ന കണ്ട് അവൾ ഗേറ്റിനടുത്തേക്ക് വന്നു. എന്നെ കണ്ടതും അവൾ ചിരിച്ച്കൊണ്ടു ഗേറ്റ് തുറന്ന് എന്റെ അരികിലേക്ക് വന്നു. “എന്താ ഈ സമയത് ഇവിടെ?” ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ തൊട്ടരികിൽ എത്തിയപ്പോഴാണ് എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് അവൾ കണ്ടത്. “എന്താ ഏട്ടാ, എന്ത് പറ്റി?” “നീ എന്റെ കൂടെ കുറച്ച് നേരത്തേക്ക് പുറത്തേക്ക് വരുമോ. എനിക്ക് ഒറ്റക്ക് നില്ക്കാൻ വയ്യ.” അവൾ ഒന്നും ചിന്തിക്കാതെ തന്നെ പറഞ്ഞു. “ഒരു മിനിട്, ഞാൻ ഇപ്പോൾ വരാം.” വീട്ടിൽ പറയാനാണെന്നു തോന്നുന്നു അവൾ അകത്തേക്ക് പോയത്. കുറച്ച് സമയത്തിനകം അവൾ എന്റെ അരികിൽ തിരികെ വന്നു. ഒരു തൂവെള്ള ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത്. ഞാൻ അവളോട് പറഞ്ഞു. “കയറ്..” അവൾ എന്റെ കൈയിലേക്ക് പിടിച്ചു.. എന്താണെന്ന് അറിയില്ല എന്റെ കൈ അപ്പോൾ വിറക്കുന്നുണ്ടായിരുന്നു.
“ഏട്ടൻ പിന്നിലേക്ക് ഇരിക്ക് ഞാൻ ഓടിക്കാം.” ഞാൻ തന്നെയായിരുന്നു അവളെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചിരുന്നത്. എതിർത്തൊന്നും പറയാൻ നിന്നില്ല ഞാൻ. പിന്നിലേക്ക് നീങ്ങി ഇരുന്നു. മായ ബൈക്ക് ഓടിക്കുമ്പോൾ അവളുടെ മുടി പാറിപറന്ന് എന്റെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു. ഞാൻ അവളുടെ മുടി ഒരു സൈഡിലേക്ക് ഒതുക്കിയ ശേഷം തോളിൽ തല ചേർത്തിരുന്നു. അവൾ എന്നോട് ഒന്നും മിണ്ടുന്നില്ലായിരുന്നു. സ്ട്രീറ്റ് ലൈറ്റുകൾ പിന്നിലേക്കാക്കി മായ സാവധാനം ബൈക്ക് ഓടിച്ചു കൊണ്ടേ ഇരുന്നു. അല്ലെങ്കിലും അവൾ എന്നെ നിർബന്ധിച്ച് ഒന്നും പറയിക്കാറില്ല. അവൾക്കറിയാം കുറച്ച് വൈകി ആണെങ്കിലും ഞാൻ എന്റെ മനസിലുള്ളത് എല്ലാം അവളോട് പറയുമെന്ന്. ഞാൻ സാവധാനം അന്ന് നടന്നതെല്ലാം അവളോട് പറഞ്ഞു, അവൾ എല്ലാം മൂളി കേട്ട് കൊണ്ടിരുന്നു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവൾ എന്നോട് ചോദിച്ചു. “ഏതെങ്കിലും ഒരു പെണ്ണിന് വേണ്ടി എന്തിനാണ് ചേട്ടൻ കണ്ടവന്മാരുമായി വഴക്കുണ്ടാക്കാൻ പോകുന്നത്?” അതിന് എനിക്ക് ഒരു ഉത്തരം മാത്രേ അവൾക്ക് കൊടുക്കാനുള്ളയിരുന്നു. “അവൾ ഏതെങ്കിലും ഒരു പെണ്ണല്ലല്ലോ.. എന്റെ ദേവു അല്ലെ?” . . കുറച്ച് ദിവസം ദേവുവിന്റെ ഒരു വിവരവും ഇല്ലായിരുന്നു. ഞാനും അവളെ വിളിക്കാൻ പോയില്ല.. രണ്ടുപേരുടെയും മനസ് ശരിയല്ലാത്തതിനാൽ വിളിച്ചാലും അത് അടിയിലായിരിക്കും അവസാനിക്കുക എന്ന് ഞാൻ കരുതി. പക്ഷെ എന്നെ തേടി അവളുടെ അമ്മയുടെ വിളി എത്തി. ദേവു വീട്ടിൽ ഉണ്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ വീട്ടിൽ വരുമോ എന്നതായിരുന്നു ആവിശ്യം. ഞാൻ ഉടനെ തന്നെ അവളുടെ വീട്ടിൽ ചെന്നു. ഞാൻ ചെല്ലുമ്പോൾ എന്നെയും കാത്ത് ദേവുവും അമ്മയും ഹാളിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ കസേരയിലേക്ക് ഇരുന്നപ്പോൾ ‘അമ്മ തന്നെ സംസാരത്തിന് തുടക്കമിട്ടു. “ബിബിൻ ഇന്ന് ഇവിടെ വന്നിരുന്നു.. നാല് വർഷത്തെ സാവകാശം കൊടുത്താൽ അവൻ ദേവുവിനെ കല്യാണം കഴിക്കുമെന്ന് പറഞ്ഞു.” ‘അമ്മ പറഞ്ഞു തീർന്നതും ദേവു പറഞ്ഞു. “നിനക്ക് ഉറപ്പല്ലായിരുന്നോ വേണുന്നത്, ഏട്ടൻ ഇപ്പോൾ എന്റെ അമ്മയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. പോരെ?” ഞാൻ ചെറിയൊരു പുച്ഛത്തോടെ പറഞ്ഞു. “ഇപ്പോഴും അവന്റെ വീട്ടിൽ പറഞ്ഞിട്ടില്ലല്ലോ.” “ഏട്ടന്റെ വീട്ടിൽ പറയാൻ പറ്റാത്ത ഒരു സാഹചര്യം ആയത് കൊണ്ടല്ലേ എന്റെ അമ്മക്ക് വാക്ക് കൊടുത്തത്.” “ദേവു നീ എങ്ങനാ അവന്റെ കൂടെ ജീവിക്കാൻ പോകുന്നത്, ഒരു അടിമയെ പോലെയോ.. ആരോടും സംസാരിക്കരുത് മിണ്ടരുത്..”
“അതൊക്കെ എന്റെ നല്ലതിന് വേണ്ടിയല്ലേ ഏട്ടൻ ചെയ്യിച്ചത്.” “നിനക്ക് ഇപ്പോൾ അതൊക്കെ നിന്റെ നല്ലതിനാണെന്ന് തോന്നും.. പക്ഷെ ഭാവിയിൽ നിനക്ക് ചുറ്റും ആരും ഇല്ല അവൻ മാത്രേ ഇല്ലെന്ന് അറിയുമ്പോൾ ഒരുപാട് വൈകി പോയിരിക്കും. കൂട്ടിൽ അടച്ച കിളിയുടെ അവസ്ഥ ആയിരിക്കും അപ്പോൾ നിന്റേത്, രക്ഷപെടാൻ കഴിഞ്ഞെന്ന് വരില്ല.” അവൾ ദേഷ്യത്തോടെ എന്നോട് ചോദിച്ചു. “നിനക്ക് ഇപ്പോൾ എന്താ വേണുന്നത്, ഞാൻ ഏട്ടനെ കല്യാണം കഴിക്കാതിരിക്കണോ?” എനിക്കതിന് ഒരു മറു ചോദ്യമായിരുന്നു അവളോട് ചോദിക്കാനുണ്ടായിരുന്നത്. “നിന്റെ അമ്മക്ക് ബിബിനുമായി ഉള്ള ബന്ധം ഇഷ്ട്ടമല്ല. അത് നിനക്കറിയിയമോ?” അവൾ പെട്ടെന്ന് അമ്മയുടെ നേരെ നോക്കി, ‘അമ്മ നിസ്സഹായ അവസ്ഥയിൽ മിണ്ടാതെ നിന്നു. “‘അമ്മ ഒരിക്കലും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല.” “പറയില്ല.. കാരണം നിന്നെ പേടി ആണ് നിന്റെ അമ്മയ്ക്ക്, നീ വീണ്ടും പഴയ അവസ്ഥയിൽ ഡിപ്രെഷനിലേക്ക് പോകുമോ, ഇനിയൊരു കല്യാണത്തിന് സമ്മതിക്കാതെ ഇരിക്കുമോ എന്നുള്ള പേടി.” കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. എന്നിട്ട് പറഞ്ഞു. “അമ്മയുടെ ഒരു തോന്നൽ സത്യമായിരുന്നു. ഈ കല്യാണം ഇല്ലെങ്കിൽ എനിക്കിനി വേറൊരു കല്യാണം വേണ്ട.” “നീ ഈ കല്യാണം കഴിക്കുകയാണെങ്കിൽ അതായിരിക്കും നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയവും.” “നീ മായയെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുമ്പോഴും ഞാൻ ഇവിടെ ഇങ്ങനെ നിൽക്കണമെന്നാണോ നിന്റെ ആഗ്രഹം.” എനിക്ക് അതിന് ഒരു ഉത്തരം പറയാൻ കിട്ടിയില്ല. “അവനുമായുള്ള നിന്റെ ബന്ധം തുടർന്നാൽ എന്നോട് മിണ്ടുവാൾ അവൻ നിന്നെ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ?” “അതൊരിക്കലും ഇല്ല.. പക്ഷെ എനിക്ക് പറ്റുന്ന സമയങ്ങളിൽ ഞാൻ നിന്നോട് സംസാരിക്കും.” ഞാൻ അവളെയും അമ്മയെയും നോക്കി, എന്നിട്ട് പറഞ്ഞു. “അങ്ങനെ ഒരു ഔധാര്യം എനിക്ക് വേണ്ട.” ഞാൻ അവരോടു യാത്ര പോലും പറയാതെ അവിടെ നിന്നും ഇറങ്ങുമ്പോൾ ‘അമ്മ അവളോട് പറയുന്ന വാക്കുകൾ എന്റെ ചെവിയിൽ പതിഞ്ഞു. “എല്ലാ പ്രവിശ്യവും നീ ഓരോന്ന് കാണിച്ച് കൂട്ടി അവസാനമിരുന്ന് കരയുമ്പോൾ അവനെ നിനക്കൊപ്പം ഉണ്ടായിരുന്നുള്ളു. ഈ ഒരു പ്രാവിശ്യം അവനും കാണണമെന്നില്ല.” . . നിലത്തു കിടന്നിരുന്ന ദേവുവിന്റെ അമ്മയുടെ ശവ ശരീരത്തിലേക്ക് ഞാൻ നോക്കി. ഒരാഴ്ചക്ക് മുൻപ് ഒരു യാത്രപോലും പറയാതെ ഇവിടെ നിന്നും ഇറങ്ങി പോകുമ്പോൾ അമ്മയെ ഇനി ഇങ്ങനെ ഒരവസ്ഥയിൽ ആണ് കാണേണ്ടി വരികയെന്ന് ഞാൻ കരുതിയിരുന്നില്ല.
ശവ ശരീരത്തിനടുത്തായി കരഞ്ഞു തളർന്ന ദേവിക അവരുടെ ബന്ധുവിന്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയാണ്. വീട്ടിൽ കിടക്കുന്ന സമയത് ഹാർട്ട് അറ്റാക്ക് വന്നതാണ്.. ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ ആരും വീട്ടിൽ ഇല്ലായിരുന്നു. വൈകുന്നേരം ദേവു വീട്ടിൽ വരുമ്പോഴാണ് ‘അമ്മ മരിച്ച കിടക്കുന്നത് അറിഞ്ഞത്. ഞാൻ അമ്മയുടെ മുഖത്തേക്ക് ഒന്ന് കൂടി നോക്കി. ആ ഐശ്വര്യം അതേപോലെ ഇപ്പോഴും ഉണ്ട്. എന്നും ദുഃഖങ്ങൾ മാത്രം പേറി നടക്കാൻ വിധിക്കപെട്ട സ്ത്രീ.. ആദ്യം ഭർത്താവിനെ നഷ്ടമായി. അതിനെ അതിജീവിച്ച ജീവിക്കാൻ ശ്രമിച്ചപ്പോൾ പിന്നീട് ദേവുവിനെ കുറിച്ചുള്ള ദുഃഖങ്ങൾ മാത്രമായിരുന്നു അവരെ കാത്തിരുന്നത്. എന്തൊക്കെ വിഷമങ്ങൾ ഉണ്ടായാലും ആ മുഖത്തു സദാസമയം ഒരു പുഞ്ചിരി കാണുമായിരുന്നു. ഞാനും ദേവുവും ആയുണ്ടായിരുന്ന ബന്ധത്തെ ഒരിക്കൽ പോലും ‘അമ്മ തെറ്റായി കണ്ടിരുന്നില്ല. ചിലപ്പോൾ അവരുടെ ഒരു മകനായി ദേവുവിന്റെ ഒരു സഹോദരൻ ആയിട്ടാകും അവർ എന്നെ കണ്ടിരുന്നത്. അറിയാതെ തന്നെ എന്റെ കണ്ണിൽ നിന്നും കുറച്ച് കണ്ണുനീർ താഴേക്കൊഴുകി. ദേവുവിനെ ഒന്നും കൂടി നോക്കിയ ശേഷം ഞാൻ പുറത്തേക്ക് നടന്നു. ഒരു മാസത്തോളം കഴിഞ്ഞാണ് ദേവു പിന്നും ജോലിക്ക് പോയി തുടങ്ങിയത്. അതിനിടയിൽ ചില ദിവസങ്ങളിൽ ഞാൻ അവളെ കാണാൻ പോയിരുന്നു. ഞങ്ങൾക്ക് ഇടയിൽ സംസാരിക്കാൻ ഒന്നും ഇല്ലായിരുന്നു. എന്തോ പഴയ പോലൊരു അടുപ്പം ഞങ്ങൾക്കിടയിൽ ഇല്ലെന്ന് ഞാൻ മനസിലാക്കി തുടങ്ങി. അവൾ ജോലിക്ക് പോയി തുടങ്ങിയ ശേഷം വീട്ടിലേക്ക് വരാറില്ലായിരുന്നു. സ്ഥിരം ഹോസ്റ്റലിൽ തന്നെയാണ്. ഞാൻ ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്.. മിക്കപ്പോഴും അവളുടെ ഫോൺ ബിസി ആയിരിക്കും. എനിക്കറിയാമായിരുന്നു അവൻ ബിബിനുമായി സംസാരികയാണെന്ന്. ഞാൻ ഒരു പരാതിയും പറഞ്ഞില്ല. വല്ലോപ്പോഴും മാത്രം ഞങ്ങൾക്ക് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളിൽ ബിബിന്റെ പേര് കടന്നു വരാതിരിക്കാൻ ഞാനും അവളും ശ്രമിച്ചിരുന്നു. . . ഹോസ്പ്പിറ്റലിൽ ICU ന് മുന്നിൽ നിൽക്കുമ്പോൾ ഞാൻ അറിയാതെ ചിന്തിച്ച് പോയി ദൈവത്തിനു കഴിഞ്ഞ കുറച്ച് കാലങ്ങളായി എന്നോട് കരുണ ഇല്ലെന്ന്. ആദ്യം ദേവുവിനെ എന്നിൽ നിന്നും അകറ്റി, പിന്നീട് എന്നെ ഒരു മകനായി കണ്ടിരുന്ന അവളുടെ അമ്മയെ ഇല്ലാതാക്കി, ഇപ്പോൾ എന്നെ ജീവനേക്കാളേറെ സ്നേഹിച്ച മായയെ ജീവിക്കുമോ മരിക്കുമോ എന്ന് ഒരു ഉറപ്പില്ലാതെ കിടത്തിയിരിക്കുന്നു. ടു വീലറിൽ പോകുവായിരുന്ന മായയെ ഒരു ടിപ്പർ വന്ന് ഇടിക്കുകയായിരുന്നു. ശരീരത്തിൽ മൊത്തം സാരമായ പരിക്കുണ്ട്, തലയിലെ പരുക്ക് കുറച്ച് ഗുരുതരവും. ഒന്നും പറയാനാകാത്ത അവസ്ഥ. ഒന്ന് പൊട്ടിക്കരയണമെന്നുണ്ട്, ഹൃദയത്തിനുള്ളിൽ എന്തോ ഭാരം ഇറക്കി വച്ചിരുന്ന അവസ്ഥ. പക്ഷെ കരച്ചിൽ പുറത്തേക്ക് വരുന്നില്ല. ഉച്ച ആയപ്പോൾ അച്ഛൻ ചോറ് കഴിക്കാനായി വിളിച്ചു. കഴിക്കാൻ തോന്നിയില്ല.. അച്ഛൻ പിന്നേ നിർബന്ധിച്ചതുമില്ല.
ഡോക്ടറിനോട് സംസാരിച്ചിട്ട് വരുന്ന ഇളയച്ഛൻ കണ്ട്.. ആ മുഖം കണ്ടപ്പോൾ തന്നെ മനസിലായി പ്രതീക്ഷിക്കാൻ വകയൊന്നും ഇല്ലെന്നു. എങ്കിലും ഒരു അവസാന പ്രധീക്ഷ എന്നുള്ള രീതിയിൽ ഞങ്ങൾ ആ ICU വിനു മുന്നിൽ കാത്തിരുന്നു. ആരോടെങ്കിലും ഒന്ന് മനസ് തുറന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പൊട്ടിക്കരയാമായിരുന്നു. ഹൃദയം പൊട്ടിപ്പോകുന്ന വേദന. ദേവുവിന്റെ മുഖം മാത്രമാണ് മനസ്സിൽ വന്നത്. ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു. ആളൊഴിഞ്ഞ ഒരു കോണിൽ പോയി നിന്ന് അവളെ വിളിച്ചു. ഒന്ന് രണ്ട് തവണ വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞപ്പോൾ പിന്നേ വിളിക്കാൻ തോന്നിയില്ല. രാത്രി ഹോസ്പിറ്റലിൽ വരാന്തയുടെ ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു ഞാൻ. കുറച്ച് അപ്പുറത്തായി അച്ഛൻ നിൽപ്പുണ്ട്. ഞങ്ങൾക്ക് ഇടയിൽ ഒരു തൂണ് ഉള്ളതിനാൽ അച്ഛന് എന്നെ പെട്ടെന്ന് കാണുവാൻ കഴിയില്ലായിരുന്നു. അച്ഛന്റെ അടുത്തേക്ക് നടന്നുവന്ന ഇളയച്ഛൻ പറഞ്ഞു. “നാളെ നേരം വെളിപ്പിക്കുമെന്ന് തോന്നുന്നില്ല.” പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാൻ അവിടെ നിൽക്കുന്നത് അവർ കണ്ടത്. എന്റെ വിളറി വെളുത്ത മുഖം കണ്ടിട്ടാകണം അവർ അവിടെ നിന്നും നടന്നു പോയി. പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു. ദേവു ആയിരുന്നു. ഞാൻ ഫോൺ എടുത്തപ്പോൾ അവൾ പറഞ്ഞു. “ഹലോ..” എനിക്കെന്തോ മിണ്ടാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ മിണ്ടാഞ്ഞതിനാൽ ആണെന്ന് തോന്നുന്നു അവൾ പറഞ്ഞു. “നീ വിളിച്ചപ്പോൾ ഏട്ടൻ അടുത്തുണ്ടായിരുന്നു. ഞാൻ കാൾ എടുത്താൽ ഏട്ടന് ഇഷ്ടപ്പെടില്ല, വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണ്ടല്ലോ ഇന്ന് വിചാരിച്ചതാണ് എടുക്കാഞ്ഞത്.” “മായ്ക്ക് ഒരു ആക്സിഡന്റ് പറ്റി.” അവൾ പെട്ടെന്ന് ചോദിച്ചു. “എന്നിവൾക്ക് കുഴപ്പം വല്ലതും ഉണ്ടോ?” ദേവിക തൊട്ടു മുൻപ് പറഞ്ഞ കാര്യം എന്റെ മനസിലൂടെ ഓടുകയായിരുന്നു അപ്പോൾ. ബിബിൻ കൂടെ ഉള്ളതിനാലാണ് ഫോൺ എടുക്കാഞ്ഞതെന്ന്. അവൾക്ക് വേണ്ടി ഞാൻ ചെയ്തിട്ടുള്ള കാര്യങ്ങൾ അവളുടെ സങ്കടം കേൾക്കാനായി ഞാൻ ഉറക്കം ഒഴിഞ്ഞ ദിനങ്ങൾ എല്ലാം എന്റെ മനസ്സിൽ ഒറ്റ നിമിഷം കൊണ്ട് എത്തി. “നിനക്ക് വേണ്ടി ഞാൻ എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് നിനക്കോർമ ഉണ്ടോ? നിന്റെ വിഷമങ്ങൾ കേൾക്കാൻ എത്ര രാത്രി ഞാൻ ഉറക്കം ഒഴിഞ്ഞിട്ടുണ്ടെന്ന് നിനക്ക് അറിയാമോ?.. ഇതിനൊക്കെ പകരമായി ഞാൻ നിന്നോട് എന്തെങ്കിലും ആവിശ്യപെട്ടിട്ടുണ്ടോ.. ഞാൻ ഇവിടിപ്പോൾ ഏത് അവസ്ഥയിൽ ആണ് നിൽക്കുന്നതെന്ന് നിനക്കറിയാമോ.. എനിക്ക് ഒരു വിഷമം വന്നപ്പോൾ .. അത് സഹിക്കാനാകാതെ നിന്നെ വിളിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഹൃദയത്തിലെ ഭാരമൊന്ന് ഇറക്കാമെന്ന് വച്ചപ്പോൾ എന്റെ കാൾ ഒന്ന് എടുക്കുവാൻ ഇന്നലെ പരിചയപ്പെട്ട ഒരുത്തനെ പേടിക്കണം അവന്റെ അനുവാദം വേണം… എന്റെ ദേവു ഒരിക്കലും ഇങ്ങനെ അല്ലായിരുന്നു, സ്വന്തം വ്യക്തിത്വവും സ്വതന്ത്രവും അവൾ ഒരിക്കലും മറ്റൊരാളുടെ മുന്നിൽ അടിയറവു വയ്ക്കില്ലായിരുന്നു. എന്റെ ദേവു ചത്തു.. നീ മറ്റാരോ ആണ്..
എന്നെ ജീവന് തുല്യം സ്നേഹിച്ച ഒരു പെണ്ണ് അകത്ത് മരണവും കാത്ത് കിടപ്പുണ്ട്. നിനക്ക് വേണ്ടി ഞാൻ ചിലവാക്കിയ സമയത്തിന്റെ നൂറിൽ ഒന്ന് സമയം ഞാൻ എന്റെ മായ്ക്ക് വേണ്ടി ചിലവാക്കി കാണില്ല.. പക്ഷെ നീ എന്നോട് കാണിച്ചിരുന്ന സ്നേഹത്തിന്റെ നൂറ് ഇരട്ടി മായ എന്നെ സ്നേഹിച്ചിട്ടുണ്ട്. ഇനി അവളുടെ ഓർമ്മകൾ മതി എനിക്ക് ജീവിക്കാൻ, ഒരിക്കൽ പോലും നീ എന്റെ മുന്നിലേക്ക് വന്ന് പോകരുത്.” ദേവികയ്ക്ക് എന്തെങ്കിലും പറയുവാൻ സാധിക്കുന്നതിന് മുൻപ് ഞാൻ എന്റെ ഫോൺ തറയിലേക്ക് വലിച്ചെറിഞ്ഞു. മനസിലെ എന്തൊക്കെയോ ഭാരം ഒഴിഞ്ഞ് പോയതുപോലെ. കരഞ്ഞു.. എത്രനേരം കരഞ്ഞുവെന്ന് എനിക്ക് പോലും അറിയില്ല. ഞാൻ പിന്നെ ദേവികയെ അവസാനായി കാണുന്നത് മായയുടെ മരണ വീട്ടിൽ വച്ചാണ്. മായയുടെ ശവ ശരീരത്തിനടുത്ത് ഇരുന്ന് തുണികൾ കൊണ്ട് മൂടി കെട്ടിയിരുന്ന അവളുടെ തലയിൽ ഭാഗികമായി മാത്രം കാണാൻ കഴിയുന്ന അവളുടെ മുഖത്തേക്ക് നോക്കി ഇരിക്കുന്നതിനിടയിൽ അറിയാതെ തല ഒന്ന് ഉയർത്തിയപ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുന്ന ദേവികയെ കണ്ട്. അപ്പോൾ തന്നെ ഞാൻ തല താഴ്ത്തി. ഞാൻ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാൽ ആയിരിക്കും അവൾ എന്റെ അരികിലേക്ക് വന്നില്ല. . . എല്ലാം കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. ഞാൻ പിന്നെ ദേവികയെ വിളിക്കുകയോ അവളെ കുറിച്ച് തിരക്കാനോ ശ്രമിച്ചിട്ടില്ല. മായയുടെ മരണശേഷം ഒരു ആറു മാസം കഴിഞ്ഞപ്പോൾ ‘അമ്മ കല്യാണം എന്ന വിഷയം എടുത്തിട്ടു. അന്നത്തെ എന്റെ പ്രതികരണം കണ്ടിട്ടാകും പിന്നെ ഇതുവരെ വീട്ടിൽ നിന്നും ആരും കല്യാണത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. പക്ഷെ ജീവിതത്തിന് ഒരു അർത്ഥമില്ലാത്ത പോലെ. അങ്ങനെ ഇരിക്കെ ആണ് ഇന്നലെ അഞ്ജലി വിളിച്ചത്.ദേവികയെ കുറിച്ചായിരുന്നു അവൾക്ക് പറയാനുണ്ടായിരുന്നത്.. കഴിഞ്ഞ ഒരു മാസത്തിനിടക്ക് അവൾ രണ്ട് തവണ ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചെന്ന്. ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. അത് കേട്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് ഡിഗ്രി ക്ലാസ്സിലേക്ക് ആദ്യ ദിവസം കയറി ചെല്ലുമ്പോൾ കണ്ട പൊട്ടിച്ചിരിച്ച് കൊണ്ടിരിക്കുന്ന അവളുടെ മുഖം ആണ്. മനസൊന്നു പിടച്ചു. ഞാൻ ഒരു വർഷക്കാലമായി അവളെ മറന്നിരിക്കുന്നു. ‘അമ്മ മരിക്കുമ്പോഴും അവർക്കൊരു വിശ്വാസം ഉണ്ടായിരുന്നിരിക്കില്ലേ ഞാൻ ഉള്ളടിത്തോളം കാലം അവൾക്കൊരു പ്രശ്നം ഉണ്ടാകുമ്പോൾ ഞാൻ ഓടി എത്തുമെന്ന്. അവളുടെ ലൈഫിലെ ഓരോ കാല അളവിലും ഓരോരുത്തർ വന്നിറങ്ങി പോയി. പക്ഷെ ഒരിക്കൽ പോലും അവൾ എന്നെ പൂർണമായും ഒഴുവാക്കിയിരുന്നില്ല. അവളെ കെട്ടുമെന്ന് അവൾ വിശ്വസിച്ചിരുന്ന ബിബിൻ ഞാനുമായി ഇനി മിണ്ടരുതെന്ന് പറഞ്ഞിട്ടുപോലും സമയം കണ്ടെത്തി അവൾ എന്നോട് സംസാരിക്കുമായിരുന്നു.. ഞാനല്ലേ അവസാനം അവൾ എന്റെ മുന്നിലേക്ക് വന്ന് പോകരുതെന്ന് പറഞ്ഞ് ആട്ടി പായിച്ചത്.
ഞാൻ ഹോസ്പിറ്റലിന് മുന്നിൽ കാർ നിർത്തുമ്പോൾ അഞ്ജലി എന്നെയും കാത്ത് വെളിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു. അഞ്ജലിക്കൊപ്പം ഹോസ്പിറ്റലിന് അകത്തേക്ക് നടക്കുമ്പോൾ എന്റെ ഹൃദയമിടുപ്പു ചെറുതായി കൂടി. ഒരു വർഷമായി യാതൊരു വിധ ബന്ധവും ഇല്ലാതിരുന്നിട്ട് അവളെ ഇപ്പോൾ വീണ്ടും കാണുകയാണ്. “നിന്നെ ഒരിക്കലും വിളിച്ച് വരുത്തരുതെന്ന് അവൾ പറഞ്ഞിരുന്നു. കാരണം നിന്നെ അത്രയേറെ അവൾ വേദനിപ്പിച്ചിട്ടുണ്ടെന്ന്.” ഞാൻ ചെറുതായി പുഞ്ചിരിച്ചു. റൂമിനു മുന്നിൽ എത്തിയപ്പോൾ അവൾ പറഞ്ഞു. “ഇപ്പോൾ പേടിക്കാനൊന്നും ഇല്ല, നാളെ ഡിസ്ചാർജ് ആകും.. നിന്നോട് സംസാരിക്കുമ്പോൾ തന്നെ അവളുടെ പാതി പ്രശ്നങ്ങൾ മാറും.” ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി.അഞ്ജലി പുറത്തു തന്നെ നിന്നതേ ഉള്ളു. ദേവിക ബെഡിൽ ഇരുന്നു ചാനലിലെ അഴികളിൽ മുഖം ചേർത്ത് പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു. ഞാൻ അകത്തേക്ക് കയറിയത് അവൾ അറിഞ്ഞിട്ടില്ല. ഞാൻ അവൽക്കരികിലേക്ക് ചെന്ന് കൈയിലെ മുറുവിലെ കെട്ടിൽ പിടിച്ച് കൊണ്ട് വിളിച്ചു. “ദേവു..” അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു. കുറച്ച് നേരത്തേക്ക് എന്റെ മുഖത്ത് നോക്കിയ ശേഷം അവൾ പറഞ്ഞു. “നീ വരുമെന്ന് എനിക്കറിയാമായിരുന്നു.. പക്ഷെ നീ വരരുതെന്ന് ഞാൻ മനസുകൊണ്ട് ആഗ്രഹിച്ചു.” അവളുടെ അലക്ഷ്യമായി കിടന്ന മുടിയിൽ ഞാൻ തലോടി. “വീണ്ടും എന്റെ മുന്നിൽ തല കുനിച്ചിരിക്കാൻ വയ്യാത്തത് കൊണ്ടാണോ ഞാൻ വരരുതെന്ന് നീ ആഗ്രഹിച്ചത്.” അവൾ തല താഴ്ത്തി. അവളുടെ കവിളിൽ പിടിച്ച് തല ഉയർത്തികൊണ്ട് ഞാൻ ചോദിച്ചു. “ഇപ്പോൾ ഇങ്ങനെ ചെയ്യാൻ എന്താ ഉണ്ടായത്?” “ബിബിന്റെ കാര്യത്തിലും നീ തന്നായിരുന്നു ശരി.” “എന്തുണ്ടായി?” “അവൻ എന്നോട് സെക്സ് ചെയ്യണമെന്ന് ആവിശ്യപെടുമായിരുന്നു. പക്ഷെ ഞാൻ അപ്പോഴൊക്കെ ഒഴിഞ്ഞു മാറി. അവൻ കൂടുതൽ നിർബന്ധിച്ചപ്പോൾ ഞാൻ തീർത്തു പറഞ്ഞു കല്യാണത്തിന് ശേഷമേ അത് നടക്കുള്ളെന്ന്.. അതിന് ശേഷം അവൻ എന്നോട് ചെറുതായി അകൽച്ച കാണിച്ച് തുടങ്ങി..ഞാൻ അത് സമ്മതിക്കാത്തതിന്റെ പിണക്കമാണെന്ന് കരുതി ഞാൻ അത് മൈൻഡ് ചെയ്തില്ല. പിന്നീട് അഞ്ജലി പറഞ്ഞാണ് ഞാൻ അറിഞ്ഞത് അവൻ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ കൊടുത്തിരിക്കയാണെന്ന്.
ഞാൻ അതിനെ കുറിച്ച് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എന്റെ കാര്യം അവൻ വീട്ടിൽ അവതരിപ്പിച്ചു.. ഒരു രണ്ടാംകെട്ടുകാരിയെ അവന്റെ വീട്ടിൽ ആരും അംഗീകരിക്കില്ലെന്ന് പറഞ്ഞെന്ന്. മാത്രമല്ല മറ്റൊരുത്തന്റെ കൂടെ കിടന്നവളെ ആണല്ലോ ഭാര്യ ആക്കാൻ പോകുന്നതെന്നൊരു തോന്നൽ അവനും ഇടക്കിടെ ഉണ്ടാകാറുണ്ടെന്ന്. അതുകൊണ്ട് എല്ലാം അവസാനിപ്പിച്ച് പോകാനാണ് സ്ഥലം മാറ്റത്തിന് അപേക്ഷിച്ചതെന്ന്.” ഞാൻ ആ ബെഡിലേക്ക് ഇരുന്നു. “അവനും ആവിശ്യം എന്റെ ശരീരം മാത്രം ആയിരുന്നെടാ.. ആ അവന് വേണ്ടിയാണ് ഞാൻ നിന്നെ തള്ളിപ്പറഞ്ഞത്.എന്നിട്ടും നീ എന്തിനാ വീണ്ടും എന്റടുത്തേക്ക് വന്നത്.. നീ പോ, അല്ലെങ്കിൽ ഞാൻ ഇനിയും നിന്നെ വേദനിപ്പിക്കും.” “നീ എന്നെ എത്രയൊക്കെ വേദനിപ്പിച്ചാലും നീ എന്റെ കൂട്ടുകാരി തന്നല്ലേ?… ഞാൻ നിനക്ക് വാക്ക് തന്നിട്ടുള്ളത് അല്ലെ എന്നും ഞാൻ നിന്റെ കൂടെ കാണുമെന്ന്.” അവൾ ബെഡിൽ നിന്നും കാല് പുറത്തേക്കിട്ട് എന്റെ തോളിൽ തല ചായ്ച്ച് വച്ചിരുന്നു. “ഇങ്ങനെ ഒന്നിരിക്കുവാൻ ഞാൻ എത്ര നാളായി കൊതിക്കുന്നു എന്നറിയാമോ? ബിബിൻ എന്നെ വിട്ട് പോയ ശേഷം ഞാൻ ആകെ ഒറ്റപ്പെട്ട് പോയി. അമ്മയില്ല, നീയില്ല.. എന്തിനാ ഇങ്ങനെ ജീവിക്കുന്നതെന്ന് തോന്നിപോയി.അതാ ഞാൻ..” ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ട് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു. “മായ്ക്ക് ആക്സിഡന്റ് പറ്റിയ അന്ന് നീ എന്നെ വിളിച്ചപ്പോൾ നിന്റെ അവസ്ഥ എന്തായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. ചുമ്മാ വിശേഷങ്ങൾ തിരക്കാനായിരിക്കുമെന്നാണ് ഞാൻ കരുതിയത്, അതാ ഫോൺ എടുക്കാഞ്ഞത്.. നീ ആദ്യമായി ഞാൻ ഇനി നിന്റെ മുന്നിലേക്ക് വന്ന് പോകരുതെന്ന് പറഞ്ഞ ദിവസം, എനിക്ക് നിന്നെ നഷ്ട്ടപെട്ട ദിവസം.. ആ ദിവസത്തെ ഓർത്ത് ഞാൻ എത്ര നാൾ കരഞ്ഞിട്ടുണ്ടെന്ന് അറിയാമോ? നിന്റെ ഒരു ഫോൺ കാൾ പ്രധീക്ഷിച്ച് എത്ര ദിവസങ്ങൾ ഞാൻ കാത്തിരുന്നു.” “അതൊക്കെ കഴിഞ്ഞ് പോയ കാര്യങ്ങളല്ലേ.. അതൊന്നും ഇനി ചിന്തിച്ചിട്ട് ഇനി യാതൊരു ഫലവുമില്ല, നമുക്കിനി ഭാവിയെ കുറിച്ച് ചിന്തിക്കാം. എന്താ നിന്റെ ഇനിയുള്ള പ്ലാൻ?” ഒരു ചിരിയോടെ അവൾ പറഞ്ഞു. “എനിക്കിനി പ്രതേകിച്ച് ഒരു പ്ലാനും ഇല്ല.. നീ എന്ത് പറയുന്നു, അത് മാത്രം അനുസരിക്കുക എന്നതാണ് എന്റെ ഇനിയുള്ള പ്ലാൻ.” ഞാൻ കുറച്ച് നേരം ആലോചിച്ച ശേഷം പറഞ്ഞു. “എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ?” “എന്താ?” “എന്റെയിൽ ഇപ്പോൾ അത്യാവിശ്യം കുറച്ച് പൈസ ഉണ്ട്, നിന്റെയിലും കുറച്ച് കാണുമല്ലോ..” അവൾ എന്റെ മുഖത്തേക്ക് നോക്കി.
“എനിക്കും നിനക്കും ഒരു സ്വപ്നം ഉണ്ടായിരുന്നു. ഒരുപാട് യാത്ര ചെയ്യുക എന്നൊരു സ്വപനം. നമുക്ക് അതിന്റെ ആദ്യ ചുവടായി നാളെ ഒരു യാത്ര പോയല്ലോ.” അവൾ കുറച്ച് നേരം എന്റെ മുഖത്തേക്ക് നോക്കി, എന്നിട്ട് ബെഡിൽ നിന്നും എഴുന്നേറ്റു. ഞാൻ അവളുടെ കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു. “ഇവിടെ പോകുന്നു?” “അഞ്ജലിയുടെ അടുത്തേക്ക്.” “എന്തിന്?” “ഹോസ്റ്റലിൽ നിന്നും എന്റെ കുറച്ച് ഡ്രസ്സ് ബാഗിലാക്കി കൊണ്ടുവരാൻ പറയാൻ.” അറിയാതെ തന്നെ എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. . . രാത്രി ഹോസ്പിറ്റലിലെ ബെഡിൽ ഗാഢമായ ഉറക്കത്തിൽ കിടക്കുന്ന ദേവുവിനെ ഞാൻ നോക്കി. ഒന്നിനെ കുറിച്ചും ചിന്തിക്കാതെ ഉള്ള സുഖ നിദ്രയിലാണ് അവൾ. അവളുടെ മുടിയുടെ ഞാൻ കൈ ഓടിച്ചു. ‘നാളെ ഞങ്ങൾ ഒരു യാത്ര പോകുവാണ്.. എനിക്കറിയാം, ഈ യാത്രക്ക് ശേഷം അവളുടെ ജീവിതത്തിൽ പുതിയ പുതിയ കഥാപാത്രങ്ങൾ കടന്നു വരാം.. പുതിയ പ്രശ്നങ്ങളിലേക്ക് അവൾ വഴുതി വീഴാം..ജീവിതത്തിൽ നിന്നും പാഠങ്ങൾ പഠിച്ചെടുക്കുവാൻ കഴിയാത്ത ഒരു പെൺകുട്ടി ആണ് എന്റെ ദേവു. പക്ഷെ അവളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ അവളുടെ കൂടെ കാണും.. കാരണം… ദേവു എന്റെ കൂട്ടുകാരി ആണ്. അവസാനിച്ചു …
[നമ്മുടെ സൗഹൃദത്തെ ഒരിക്കൽ പോലും തെറ്റായ രീതിയിൽ കാണാതിരുന്ന നിന്റെ അമ്മയാണ് ദൈവം നിനക്ക് നൽകിയ ഏറ്റവും വലിയ ഭാഗ്യം ദേവു.] (ഒരു യാത്രക്കിടയിൽ രണ്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ കഥ ആണിത്. അതിനാൽ തന്നെ പല രംഗങ്ങൾക്കും ഒരു പൂർണത വരുത്താൻ എനിക്കായില്ല. എന്റെ ഉള്ളിൽ പതിഞ്ഞു കിടന്ന ചില രംഗങ്ങളും സംഭാഷങ്ങളും ഇവിടേക്ക് പകർത്തുക മാത്രമാണ് ഞാൻ ചെയ്തത്. അതുകൊണ്ട് തന്നെ പലർക്കും ഇത് ഇഷ്ട്ടപെട്ടു കാണുകയില്ല.. എന്ത് തന്നെയായാലും നിങ്ങളുടെ അഭിപ്രായങ്ങൾ എന്നെ അറിയിക്കണം. സ്നേഹത്തോടെ ne – na.)
Comments:
No comments!
Please sign up or log in to post a comment!