മൃഗം 27
മകളെ തന്റെ കൈകളില്‍ ശക്തമായി പിടിച്ചിരുന്ന ഷാജി ഉയര്‍ന്നു റോഡിന്റെ വശത്തുള്ള പറമ്പിലേക്ക് തെറിച്ചു വീണതും ഭേരുവിന്റെ ട്രക്ക് അവന്റെ ബൈക്കിന്റെ മുകളിലൂടെ, അതിനെ ഞെരിച്ചുടച്ച് കയറിയിറങ്ങിയതും ഒരുമിച്ചായിരുന്നു.
ബൈക്ക് തകര്‍ത്ത് കൊണ്ട് മുന്‍പോട്ടു നീങ്ങിയ ലോറിയെ ശരവേഗത്തില്‍, മിന്നുന്ന പ്രകാശരശ്മികള്‍ പ്രസരിപ്പിച്ച് കുതിച്ചെത്തിയ പോലീസ് വാഹനം മറികടന്ന് തടഞ്ഞു റോഡിനു കുറുകെ ശക്തമായ കുലുക്കത്തോടെ നിന്നു. അതിന്റെ ടയറുകള്‍ ഉരയുന്ന ശബ്ദം കേട്ടു റോഡ് യാത്രികര്‍ ഞെട്ടലോടെ അങ്ങോട്ട് നോക്കി. ജീപ്പില്‍ നിന്നും പൌലോസ് മിന്നായം പോലെ പുറത്തേക്ക് ചാടി. ലോറിയില്‍ നിന്നും ചാടിയിറങ്ങി ഓടാന്‍ ശ്രമിച്ച ഭേരുവിന്റെ പിന്നാലെ ഒരു പുലിയെപ്പോലെ കുതിച്ചു ചെന്ന പൌലോസ് അവനെ ഒറ്റ ചവിട്ടിനു വീഴ്ത്തി തൂക്കിയെടുത്ത് പോലീസുകാര്‍ക്ക് എറിഞ്ഞുകൊടുത്തു. പോലീസുകാര്‍ അവനെ വളഞ്ഞു പിടിച്ച് വണ്ടിയിലേക്ക് കയറ്റുമ്പോള്‍ സഫിയയുടെ നിലവിളി പൌലോസിന്റെ കാതിലെത്തി. അയാള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു. തൊട്ടടുത്ത പറമ്പിലെ പൂഴിമണ്ണില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഷാജിയെയും അവന്റെ കൈയില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ കിടന്നു കരയുന്ന സഫിയയെയും കണ്ടപ്പോള്‍ പൌലോസ് ഞെട്ടി.
“കോള്‍ ദ ആംബുലന്‍സ്..” പിന്നിലേക്ക് നോക്കി അയാള്‍ അലറി.
—————-
“ഭേരു…പട്ടിക്കഴുവേറി മോനെ…നീ അന്നത്തെപ്പോലെ ഇന്നും വന്ന് ഉണ്ടാക്കിയിട്ട് അങ്ങ് പോകാമെന്ന് കരുതി അല്ലേടാ” ഭിത്തിയോട് ചാരി നിര്‍ത്തിയിരുന്ന ഭേരുവിന്റെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടിക്കൊണ്ട് പൌലോസ് അലറി. അയാളുടെ മുഖം കോപം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു. കരുത്തനായ ഭേരു മുറിയുടെ ഒരു പഴന്തുണി പോലെ നിലത്തേക്കൂര്‍ന്നു.
“സര്‍..ഫോണ്‍” ഒരു പോലീസുകാരന്‍ ഉള്ളിലെത്തി പറഞ്ഞു.
പൌലോസ് ക്യാബിനിലേക്ക് ചെന്ന് ഫോണെടുത്തു.
“പൌലോസ്…ങേ..എവിടെ? അതെയോ? ശരി..വരാം..”
പൌലോസ് വേഗം തൊപ്പി എടുത്ത് ധരിച്ചു. എന്നിട്ട് ബെല്ലില്‍ വിരലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളിലേക്ക് എത്തി സല്യൂട്ട് നല്‍കി.
“അക്ബറിനെ വിളിക്ക്”
“സര്‍”
അക്ബര്‍ ഉള്ളിലെത്തി സല്യൂട്ട് നല്‍കി.
“അക്ബര്‍..ഭേരുവിനെ ഞാന്‍ നിന്റെ കൈയില്‍ ഏല്‍പ്പിക്കുന്നു. അവന്‍ സംസാരിക്കണം. എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകണം. ഒരു വലിയ മീനെ കുരുക്കാനുണ്ട്..”
“ഏറ്റു സര്‍..പിന്നെ സര്‍..എനിക്ക് നൈറ്റ് ഉള്ളതാണ്..” അക്ബര്‍ തല ചൊറിഞ്ഞു.
“നീ ഈ പണി തീര്‍ത്തിട്ടു പൊക്കോ..അവന്റെ ഒരു നൈറ്റ്.
“ഇവനിതെന്താ റോഡില്‍ അഭ്യാസം കാണിക്കുന്നത്..” വണ്ടി വെട്ടിച്ചു മാറ്റി മുന്‍പോട്ടു പോകാന്‍ ശ്രമിച്ച ഫൈസല്‍ തൊട്ടടുത്ത് എത്തിയ വാസുവിനെ നോക്കി പറഞ്ഞു. അവന്‍ വണ്ടിക്കെതിരെ അടുത്തെത്തിയപ്പോള്‍ ഒരു കത്തിയെടുത്ത് നിവര്‍ത്തി ബെന്‍സിന്റെ വശത്ത് നീളത്തില്‍ ഒന്ന് പോറി. ബൈക്ക് പിന്നിലേക്ക് പോയി എന്നറിഞ്ഞ ഫൈസല്‍ വേഗം ബ്രേക്കില്‍ കാലമര്‍ത്തി. “ഇക്കാ ആ നായിന്റെ മോന്‍ നമ്മുടെ വണ്ടിയില്‍ കത്തി കൊണ്ട് പോറി..” “വണ്ടി തിരിക്കാടാ ഫൈസലേ…കള്ളപ്പന്നിയുടെ കൊടല് ഞാനെടുക്കും…” അംജദ് അലറി. “ഏയ്..നിങ്ങള്‍ എന്നെ എയര്‍പോര്‍ട്ടില്‍ വിടാന്‍ നോക്ക്..അവനെ പിന്നെ കണ്ടാല്‍ മതി” കബീര്‍ പോകാന്‍ തിടുക്കപ്പെട്ടു പറഞ്ഞു. “ഇക്ക പേടിക്കാതെ. മൂന്ന് മണിക്കൂര്‍ കൃത്യമായി ബാക്കിയുണ്ട് ചെക്കിന്‍ ചെയ്യാന്‍. ഒന്നര മണിക്കൂര്‍ മുന്‍പ് ചെയ്താലും മതി.
വാസു ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് ഇറങ്ങി. ഫൈസല്‍ വേഗം തിരിഞ്ഞോടി കബീറിന്റെ മുന്‍പിലെത്തി. അന്നത്തെ രാത്രിയിലെ സംഭവം ഓര്‍മ്മയില്‍ വന്ന സുഹൈലും അംജദും നിസ്സഹായരായി പരസ്പരം നോക്കി. മുട്ടിയാല്‍ നാട്ടുകാരുടെ മുന്‍പില്‍ വച്ച് അവന്‍ എടുത്തിട്ടു പെരുമാറും എന്നവര്‍ക്ക് നന്നായി അറിയാമായിരുന്നു. “ഇക്ക..ഇക്കാ ഇവനാണ് അവന്‍..അന്ന് വീട്ടില്‍ വന്നു പ്രശ്നം ഉണ്ടാക്കിയ വാസു…” ഫൈസല്‍ കിതച്ചുകൊണ്ട് കബീറിനോട് പറഞ്ഞു. കബീറിന്റെ മുഖത്തേക്ക് കോപം ഇരച്ചുകയറി. തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തന്റെ വാപ്പയെ അടിച്ചിട്ട് പോയ പന്നി ആണ് ആ നില്‍ക്കുന്നത് എന്നോര്‍ത്തപ്പോള്‍ ഒരു നിമിഷത്തേക്ക് അവന്‍ തന്റെ യാത്രപോലും മറന്നു. താല്‍ക്കാലിക സുരക്ഷയ്ക്ക് എയര്‍പോര്‍ട്ട് വരെ അവന്‍ കൊണ്ടുവന്നിരുന്ന റിവോള്‍വര്‍ നിമിഷനേരം കൊണ്ട് അവന്‍ ബാഗില്‍ നിന്നും എടുത്തു.
“ഗുഡ്..നിനക്ക് കുത്താന്‍ ശരിക്ക് അറിഞ്ഞുകൂടാ..പക്ഷെ തല്ക്കാലം ഇത് മതി..ഇത് വേണം….” ഒരു പുഞ്ചിരിയോടെ വാസു പറഞ്ഞു. “കള്ളപ്പന്നി..നിന്റെ കുടല് ഞാനെടുക്കും..” കബീര്‍ കോപാക്രാന്തനായി അലറിക്കൊണ്ട് വാസുവിന് നേരെ വീണ്ടും അടുത്തു. അതുകണ്ട വാസു ഓടി. അവന്‍ ഭയന്നു എന്ന് കരുതി നാലുപേരും അവന്റെ പിന്നാലെ വച്ചുപിടിച്ചു. തങ്ങളുടെ പിന്നാലെ പാഞ്ഞടുക്കുന്ന പോലീസ് ജീപ്പ്, പക്ഷെ അവര്‍ കണ്ടില്ല എന്നുമാത്രം. പൌലോസിന്റെ വാഹനം അവരെ മറികടന്ന് വാസുവിന്റെ അരികിലെത്തി നിന്നു. പൌലോസ് അവന്റെ ഷര്‍ട്ടിനു പിടിച്ച് നിര്‍ത്തി. അയാള്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ നിവര്‍ത്തിപ്പിടിച്ച കത്തിയുമായി ഓടിയെത്തിയ കബീര്‍ ബ്രേക്ക് ഇട്ടതുപോലെ നിന്നു. അവന്റെ പിന്നിലായി മറ്റുള്ളവരും. “എന്താടാ പ്രശ്നം? നീ ഇവരുടെ വല്ലതും മോഷ്ടിച്ചോ? അതോ പിടിച്ചു പറിച്ചോ?” വാസുവിനെ ഒരു പരിചയവും ഇല്ലാത്ത മട്ടില്‍ പൌലോസ് ചോദിച്ചു.
“ഉണ്ട്” “ആരാണ് ലൈസന്‍സ് ഹോള്‍ഡര്‍?” “എന്റെ വാപ്പ ആണ് സര്‍” “ഈ തോക്ക് കൈവശം വയ്ക്കാനും ഉപയോഗിക്കാനും ലൈസന്‍സ് ഹോള്‍ഡര്‍ക്ക് മാത്രമേ അവകാശം ഉള്ളു എന്ന് നിനക്ക് അറിയാമോ?” കബീര്‍ ഉത്തരം മുട്ടി അയാളെ നോക്കി. “ഉം..കേറ് വണ്ടിയില്‍” അയാള്‍ അവനോട് ആജ്ഞാപിച്ചു. “അയ്യോ സാറെ..എന്റെ ഫ്ലൈറ്റ് മിസ്സ് ആകും. ഞാന്‍ എയര്‍പോര്‍ട്ടിലേക്ക് ആണ്..” കബീര്‍ ഞെട്ടലോടെ പറഞ്ഞു. “എയര്‍പോര്‍ട്ടിലേക്ക് പോയ നീ എന്തിനാടാ ഇവനെ കത്തികൊണ്ട് കുത്തിയത്? ഒപ്പം അവനെ ഓടിച്ചിട്ട് കൊല്ലാനും ശ്രമിച്ചു. വണ്ടിയില്‍ മറ്റൊരു വണ്ടി മുട്ടിയാല്‍ അതിനു നിയമപരമായ നടപടികള്‍ ഉണ്ട്. പോലീസിനെ വിവരം അറിയിക്കുന്നതിനു പകരം നീ നിയമം കൈയിലെടുത്തു. അതാണ് നിന്റെ പേരിലുള്ള ഒന്നാമത്തെ ചാര്‍ജ്ജ്. രണ്ട് സ്വന്തമായി ലൈസന്‍സ് ഇല്ലാത്ത തോക്ക് വച്ചു എന്നതാണ്. നീ ഇതുമായി എയര്‍പോര്‍ട്ടിലേക്ക് പോയതിന്റെ പിന്നില്‍ എന്തോ ലക്ഷ്യമുണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു. മൂന്നാമത്തേത് വധശ്രമം ആണ്…നിന്നെ വിശദമായി ചോദ്യം ചെയ്യാനുണ്ട്..ഉം കേറ്..” “അതെന്ത് പരിപാടിയാ സാറേ..ഇപ്പോള്‍ വാദി പ്രതിയായോ…വേണേല്‍ ഞങ്ങളെ കൊണ്ടുപൊക്കോ..ഇക്കയെ വിട്” സുഹൈല്‍ മുന്‍പോട്ടു നീങ്ങി നിന്നുകൊണ്ട് പറഞ്ഞു. അവന്‍ പറഞ്ഞു തീര്‍ന്നത് മാത്രമേ മറ്റുള്ളവര്‍ക്ക് ഓര്‍മ്മ ഉണ്ടായുള്ളൂ. പൌലോസിന്റെ വലതുകൈ അവന്റെ കരണത്ത് പടക്കം പോലെ പതിഞ്ഞു കഴിഞ്ഞിരുന്നു. സുഹൈല്‍ തലകറങ്ങി നിലത്ത് വീഴുന്നത് കബീറും മറ്റുള്ളവരും ഞെട്ടലോടെ നോക്കി. “എടൊ..ഇവനെ എടുത്ത് വണ്ടിയിലിട്..പോലീസുകാരനെ പണി പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു..ഉം കേറടാ…” പൌലോസ് കബീറിനോട് ആജ്ഞാപിച്ചു. പെട്ടെന്ന് വണ്ടിയുടെ അടുത്തേക്ക് കബീര്‍ ഓടി. പൌലോസ് വാസുവിനെ നോക്കി. അവന്‍ കബീറിന്റെ പിന്നാലെ കുതിച്ചു. വണ്ടിയിലേക്ക് കയറാന്‍ ശ്രമിച്ച അവനെ വാസു പിടിച്ച് മുഖമടച്ച് ഒരെണ്ണം കൊടുത്തു.
“മോന്‍ എങ്ങോട്ട് പോവാ? വാ നമുക്ക് ഉണ്ട പെറുക്കാം..ബാടാ” അവന്റെ ഇടതുകൈ പിന്നിലേക്ക് തിരിച്ചുപിടിച്ച് വാസു അവനെ മുന്‍പോട്ടു തള്ളിക്കൊണ്ട് പറഞ്ഞു പോലീസ് ഡ്രൈവര്‍ ഇറങ്ങി വന്ന് സുഹൈലിനെ വലിച്ചു പൊക്കി വണ്ടിയില്‍ കയറ്റി. വാസു നിലത്ത് കിടന്ന വെടിയുണ്ടകള്‍ കബീറിനെക്കൊണ്ട് പെറുക്കിയെടുപ്പിച്ച് പൌലോസിന്റെ മുന്‍പില്‍ എത്തിച്ചു. “ദാണ്ട് സാറെ ഇവന്റെ തോക്കിലെ ഉണ്ട” വാസു പറഞ്ഞു. “നന്നായി..അപ്പോള്‍ മോന്റെ പോക്ക് തല്ക്കാലം സ്വാഹ..ഉം കേറ്” അയാള്‍ അവന്റെ കൈയില്‍ പിടിച്ച് വണ്ടിയിലേക്ക് തള്ളി. “നീ ബൈക്കില്‍ പിന്നാലെ പോര്” പൌലോസ് വാസുവിനോട് പറഞ്ഞു. “ശരി സാര്‍..പക്ഷെ എന്നെ ആശുപത്രിയില്‍ കയറ്റുന്നില്ലേ? എന്റെ കൈ മുറിഞ്ഞു..” അവന്‍ പറഞ്ഞു. “കയറ്റുമെടാ..ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണമല്ലോ..നീ വണ്ടി എട്” “ശരി ശരി..” പോലീസ് വാഹനത്തിനു പിന്നാലെ വാസുവിന്റെ ബൈക്ക് കുതിച്ചു. അംജദും ഫൈസലും അണ്ടി കളഞ്ഞ അണ്ണാന്മാരെപ്പോലെ ആ പോക്ക് നോക്കി നിന്ന ശേഷം വേഗം മൊബൈല്‍ എടുത്തു. ———————– “ബുള്‍ ഷിറ്റ്..” സ്റ്റാന്‍ലി കോപാക്രാന്തനായി അലറി. അവന്‍ മുറിയില്‍ തലങ്ങും വിലങ്ങും അസ്വസ്ഥനായി വെരുകിനെപ്പോലെ ഉലാത്തുകയായിരുന്നു. സമാന മാനസികാവസ്ഥയില്‍ത്തന്നെ ആയിരുന്നു മറ്റു രണ്ടുപേരും. ഭേരുവിനെയും കബീറിനെയും പൌലോസ് പിടികൂടിയത് അവരെ ശക്തമായി ഉലച്ചിരുന്നു. “അര്‍ജ്ജുന്‍..എന്ത് ചെയ്യും? പൌലോസ് അവനെതിരെ പെറ്റിക്കേസ് ഉണ്ടാക്കി പോക്ക് മുടക്കാനാണ് നോക്കിയത്. പക്ഷെ ആ നായിന്റെ മോന്‍ തോക്ക് കൂടി കൈവശം വച്ചതോടെ കേസ് ആകെ മാറി..ഒപ്പം വാസുവിനെ അവന്‍ കുത്തി എന്നതിന്റെ തെളിവും പൌലോസിനു കിട്ടിക്കഴിഞ്ഞു..എല്ലാം കുളമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ….എന്ത് ചെയ്യണം എന്നൊരു പിടിയുമില്ല..ആ വക്കീലിനെയും കാണുന്നില്ലല്ലോ..” സ്റ്റാന്‍ലി തല കുമ്പിട്ടിരിക്കുന്ന അര്‍ജ്ജുനെ നോക്കി പറഞ്ഞു.
“വക്കീല്‍ ഉടന്‍ വരും…നീ ഇങ്ങനെ ആധി പിടിച്ചു മനസ് കലക്കാതെ ഇവിടെ വന്നിരിക്ക്. ശാന്തമായി ചിന്തിച്ചാലെ നമുക്ക് എന്തെങ്കിലും വഴി കിട്ടൂ..” മാലിക്ക് സ്റ്റാന്‍ലിയെ നോക്കി പറഞ്ഞു. “നീ ഒരു ഫുള്‍ ഇങ്ങെടുക്ക്..തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നു” സോഫയിലേക്ക് വീണുകൊണ്ട് സ്റ്റാന്‍ലി പറഞ്ഞു. അര്‍ജ്ജുന്‍ അപ്പോഴും അതെ ഇരിപ്പ് തന്നെ തുടരുകയായിരുന്നു. മാലിക്ക് മദ്യം കൊണ്ടുവന്ന് മൂവര്‍ക്കുമായി ഒഴിച്ചു. സ്റ്റാന്‍ലി ഒരു വലിക്ക് അത് കുടിച് ശേഷം കുറച്ചു പറങ്കിയണ്ടി വാരി വായിലിട്ടു. “മുംതാസ് കേസിലെ എല്ലാ സാക്ഷികളെയും ഒന്നാം പ്രതിയെയും അവര്‍ക്ക് കിട്ടിക്കഴിഞ്ഞു.” ഗ്ലാസ് കൈയില്‍ എടുത്തുകൊണ്ട് അര്‍ജുന്‍ പറഞ്ഞു. അവനെന്തോ പറയാനുള്ള ഭാവമാണ് എന്ന് മനസിലാക്കിയ മറ്റു രണ്ടുപേരും മറുപടി നല്‍കാതെ അവനെ നോക്കി. “കബീറിനെ തടഞ്ഞ രീതിയാണ് ഇതില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒന്ന്. പ്രകോപനം ഉണ്ടാക്കി അവനെക്കൊണ്ട് കുറ്റം ചെയ്യിക്കുക എന്ന തന്ത്രമാണ് പൌലോസ് പ്രയോഗിച്ചത്. അവനതില്‍ വീണു. പക്ഷെ ഇവന്‍ പോകുന്ന വിവരം അയാള്‍ എങ്ങനെ മനസിലാക്കി?” അര്‍ജ്ജുന്‍ സുഹൃത്തുക്കളെ നോക്കി. “അയാള്‍ ചാരന്മാരെ നിയോഗിച്ചിട്ടുണ്ട്..അയാള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി എ സി പി കൂടെ ഉള്ളപ്പോള്‍ മാന്‍ പവര്‍ അയാള്‍ക്ക് ഒരു വിഷയമല്ല” സ്റ്റാന്‍ലി ആണ് അത് പറഞ്ഞത്. “കറക്റ്റ്..അങ്ങനെ തന്നെ ആയിരിക്കണം അയാള്‍ അത് അറിഞ്ഞിട്ടുണ്ടാകുക. കബീറിനെ പൊക്കിയത് അവന്റെ യാത്ര മുടക്കാനും അവനെക്കൊണ്ട് സത്യം പറയിക്കാനും ആണ്. പക്ഷെ അവനെ കൈവശം വച്ചുകൊണ്ടിരിക്കാന്‍ അയാള്‍ക്ക് പറ്റില്ല. ഇന്ന് തന്നെ അവനെ ഇറക്കാനുള്ള പണി റാവുത്തര്‍ ചെയ്യും. എങ്കിലും, അവന്റെ പോക്ക് ഇതോടെ മുടങ്ങി.. ഇനി പോലീസ് ക്ലിയറന്‍സ് ഇല്ലാതെ അവന് എങ്ങോട്ടും പോകാന്‍ പറ്റില്ല. അവന്‍ ഇവിടെ ഉള്ളത് നമുക്ക് വലിയ അപകടവുമാണ്.” അര്‍ജ്ജുന്‍ കൂട്ടുകാരെ നോക്കി. “മേ ഐ കമിന്‍” അഡ്വക്കേറ്റ് ഭദ്രന്റെ ഘനഗാംഭീര്യ സ്വരം അവര്‍ കേട്ടു. “അയാള് വന്നു..വാ വക്കീലെ” സ്റ്റാന്‍ലി കതകിന്റെ ഭാഗത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു. വക്കീല്‍ ഉള്ളിലേക്ക് കയറി ഒരു പുഞ്ചിരിയോടെ മൂവരെയും നോക്കി. മാലിക്ക് വേഗം തന്നെ അയാള്‍ക്കും ഒരു ഗ്ലാസ് എത്തിച്ച് അതില്‍ മദ്യമൊഴിച്ചു.
“യെസ്..എന്താണ് പ്രശ്നം?” മദ്യം അല്പം സിപ് ചെയ്ത ശേഷം ഭദ്രന്‍ ചോദിച്ചു. “മൊത്തം പ്രശ്നങ്ങള്‍ ആണ് വക്കീലെ. കബീറിന്റെ പോക്ക് മുടങ്ങി..അവന്‍ പോലീസ് കസ്റ്റഡിയിലാണ്. കൂടാതെ ഷാജിയെ തീര്‍ക്കാന്‍ കൊണ്ടുവന്ന ഭേരുവിനെയും പൌലോസ് പിടികൂടി..അവനാണ് അസീസിനെ കൊല്ലാനും അന്ന് വന്നത്. ഷാജിക്ക് എന്ത് പറ്റി എന്ന് യാതൊരു വിവരവുമില്ല. അവന്റെ കൂടെ ഉണ്ടായിരുന്ന മകള്‍ വീട്ടിലുണ്ട്..അതിനു കുഴപ്പമൊന്നും പറ്റിയിട്ടില്ല. അവരുടെ ബൈക്ക് പാടെ തകര്‍ന്നു. ഷാജി രക്ഷപെടാന്‍ യാതൊരു സാധ്യതയുമില്ല. പക്ഷെ അവന്‍ മരിച്ചോ ഇല്ലയോ എന്ന് ഞങ്ങള്‍ക്ക് ഇതുവരെ വിവരം കിട്ടിയിട്ടില്ല. സിറ്റിയിലെ എല്ലാ ആശുപത്രികളിലും ഞങ്ങളുടെ ആളുകള്‍ തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞു..” സ്റ്റാന്‍ലി പറഞ്ഞു. അര്‍ജുന്റെ ഫോണില്‍ മെസേജ് അലേര്‍ട്ട് വന്നു. അവന്‍ അതെടുത്ത് നോക്കി. ആ മുഖത്ത് നിരാശ കലര്‍ന്ന ഒരു പുഞ്ചിരി വിടരുന്നത് മറ്റു മൂന്നുപേരും കണ്ടു. “എന്താടാ?” “ഒന്നുമില്ല. ഭേരു സമ്മതിച്ചു..അത്രേ ഉള്ളു” അവന്‍ അവരെ നോക്കാതെ പറഞ്ഞു. “പ്രതീക്ഷിച്ചത് തന്നെ..കബീറിന്റെ കാര്യം എന്തായി എന്നറിഞ്ഞോ?” സ്റ്റാന്‍ലി ചോദിച്ചു. “ഉവ്വ്..കേസ് ചാര്‍ജ്ജ് ചെയ്ത് വിട്ടയച്ചു. അവന്റെ പോക്ക് മുടക്കുക മാത്രമായിരുന്നല്ലോ പൌലോസിന്റെ ലക്‌ഷ്യം. അവനെ മുംതാസ് കേസ് പറഞ്ഞ് അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പറ്റില്ല എന്നറിയാവുന്ന അവന്‍ നല്ല ഭംഗിയായിത്തന്നെ കളിച്ചു..ആ വിഡ്ഢി അതില്‍ വീഴുകയും ചെയ്തു..” അര്‍ജ്ജുന്‍ പല്ല് ഞെരിച്ചു. “വക്കീലെ..ഭേരുവിന്റെ കുറ്റസമ്മതം, അന്ന് ആ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ അയച്ച ഗുണ്ടകളുടെ മൊഴി, നാദിയയുടെ മൊഴി, അസീസിന്റെ മൊഴി, ഷാജി ജീവനോടെ ഉണ്ടെങ്കില്‍ അവന്റെ മൊഴി, കരണ്ടിയുടെ മൊഴി എന്നിവയെല്ലാം ഞങ്ങള്‍ക്ക് എതിരെ പോലീസിന് കിട്ടിക്കഴിഞ്ഞു. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ ഒരു അറസ്റ്റ് ഉണ്ടാകും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?” അര്‍ജ്ജുന്‍ ചോദിച്ചു.
“മോറോവര്‍ ഇപ്പോള്‍ കബീറും പോകാനാകാതെ കുടുങ്ങിക്കഴിഞ്ഞു..” മാലിക്ക് പറഞ്ഞു. വക്കീല്‍ ആലോചിക്കുന്നത് നോക്കിക്കൊണ്ട് മൂവരും മദ്യം നുണഞ്ഞു. “ഈ പറഞ്ഞ മൊഴികളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉണ്ടാകാന്‍ ചാന്‍സില്ല. അഥവാ ഉണ്ടായാലും നിങ്ങളുടെ ഒരു രോമത്തെ പോലും അവര്‍ക്ക് തൊടാനും പറ്റില്ല. അതെനിക്ക് വിട്ടേക്കുക. പക്ഷെ ഇതെല്ലാം വലിയ പ്രശ്നമായി മാറാവുന്ന മറ്റൊന്നുണ്ട്..അതാണ് നമ്മള്‍ ചിന്തിക്കേണ്ടത്” അവസാനം ഭദ്രന്‍ പറഞ്ഞു. ഡെവിള്‍സ് ചോദ്യഭാവത്തില്‍ അയാളെ നോക്കി. “എങ്ങനെയാണ്, അല്ലെങ്കില്‍ എന്താണ് അവരുടെ മുന്‍പോട്ടുള്ള പ്ലാന്‍ എന്ന് നമുക്കൊരു ഊഹവുമില്ല. ഏതെങ്കിലും ക്രിമിനലുകള്‍ നിങ്ങളുടെ പേര് പറഞ്ഞു എന്ന് കരുതി അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് അവര്‍ക്ക് തന്നെ അറിയാം. അതുകൊണ്ട് ഈ മൊഴികളുടെ പേരില്‍ നിങ്ങള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ല എന്നുതന്നെയാണ് എന്‍റെ ഉറച്ച വിശ്വാസം. പക്ഷെ ഇത് മുംതാസ് കേസുമായി കൂട്ടിയിണക്കിയാല്‍, കളി മാറും. അതാണ് എന്നെ ആശങ്കപ്പെടുത്തുന്നതും. എങ്കിലും കേസ് റീ ഓപ്പണ്‍ ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ ഇതിലെ പ്രതികള്‍ എന്ന് കരുതപ്പെടുന്നവരെ അറസ്റ്റ് ചെയ്യാനും നിയമപരമായി ചോദ്യം ചെയ്യാനും കസ്റ്റഡിയില്‍ വയ്ക്കാനും അവര്‍ക്ക് സാധിക്കൂ. കേസ് റീ ഓപ്പണിംഗ് അത് അത്ര നിസ്സാരമായി സാധിക്കാവുന്ന ഒന്നല്ല. കാരണം ഈ കേസ് കോടതി രണ്ടാമതും പരിഗണിക്കാന്‍ വേണ്ട സാഹചര്യം ഇപ്പോള്‍ നിലവിലില്ല. അതുകൊണ്ട് എന്റെ ഊഹം ശരിയാണ് എങ്കില്‍ അവര്‍ക്ക് ഒട്ടുമിക്ക തെളിവുകളും ലഭിച്ച സ്ഥിതിക്ക് ഇനി ഇതിന്റെ സ്ക്രിപ്റ്റ് എഴുതി സാക്ഷി മൊഴികളും തെളിവുകളും അതില്‍ കൂട്ടിയിണക്കുക എന്നതായിരിക്കും അടുത്ത പടി. പിന്നെ ഈ കേസ് കോടതി പരിഗണിക്കത്തക്ക ഒരു സാഹചര്യം സൃഷ്ടിക്കാന്‍ അവര്‍ ശ്രമിക്കും. കേസിലെ ഒന്നാംപ്രതി ആയ കബീറിനെ അവര്‍ മിക്കവാറും കുടുക്കാന്‍ പോകുന്നതും ആ സമയത്തായിരിക്കും. അവനും മുംതാസും തമ്മിലുള്ള ബന്ധം അറിയാവുന്ന പലരെയും അവര്‍ക്ക് കിട്ടും. പൌലോസിനെപ്പോലെ ഒരു ഉദ്യോഗസ്ഥന്റെ മുന്‍പില്‍ അവന് പിടിച്ചു നില്ക്കാന്‍ പറ്റില്ല. കൂടാതെ നിങ്ങളുടെ പല വിവരങ്ങളും അറിയാവുന്ന അസീസ് അവര്‍ക്കൊപ്പം ഉണ്ട്. ഷാജിയെപ്പറ്റി യാതൊരു വിവരവും കിട്ടിയിട്ടുമില്ല. അവന്‍ മരിച്ചോ അതോ ജീവനോടെ ഉണ്ടോ എന്ന് നമുക്ക് അറിയില്ല. അവന്‍ ജീവനോടെ ഉണ്ടെങ്കില്‍, ഭേരുവിന്റെ മൊഴി പൌലോസ് അവനെ അറിയിക്കും. അവന്‍ കൂടി നിങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍…” വക്കീല്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി മൂവരെയും നോക്കി.
“എന്താണ് വക്കീലെ ഈ കേസ് റീ ഓപ്പണ്‍ ആയാലും രക്ഷപെടാനുള്ള വഴി?” അര്‍ജ്ജുന്‍ ചോദിച്ചു. “പോലീസിന് ഒന്നാം പ്രതിയെ കിട്ടരുത്. അതാണ് ഒന്നാമത്തെ മാര്‍ഗ്ഗം. പിന്നെ മൊഴി നല്‍കിയ സാക്ഷികള്‍ ഒന്നുകില്‍ കൂറ് മാറണം..അതല്ലെങ്കില്‍ അവര്‍ ഇല്ലാതാകണം” വക്കീല്‍ പറഞ്ഞു. “പക്ഷെ ഒന്നാം പ്രതിയെ അവര്‍ക്ക് കിട്ടുമല്ലോ..ഇനി പോലീസ് ക്ലിയറന്‍സ് ഇല്ലാതെ സ്ഥലം വിടാന്‍ കബീറിന് പറ്റില്ലല്ലോ..” സ്റ്റാന്‍ലി ചോദിച്ചു. “സംഗതി ശരി തന്നെ. പക്ഷെ അവര്‍ ഇതുവരെ കബീറിനെ മുംതാസ് കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. മറ്റു സാക്ഷിമൊഴികളും തെളിവുകളും കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക്, അധിക താമസമില്ലാതെ അതുണ്ടാകാനാണ് ചാന്‍സ്. മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായി മാറിയാല്‍ പിന്നെ നമ്മള്‍ വിയര്‍ക്കും..നന്നായി വിയര്‍ക്കും. അതിനുള്ള അവസരം നിങ്ങള്‍ നല്‍കരുത്” വക്കീല്‍ മൂവരെയും മാറിമാറി നോക്കി. “വക്കീല്‍ ഉദ്ദേശിക്കുന്നത്?” അര്‍ജ്ജുന്‍ ചോദിച്ചു. “കബീര്‍ പോലീസ് പിടിയിലാകരുത്..അതിന് ഏതറ്റം വരെ പോകണോ..അതിനു നിങ്ങള്‍ തയാറാകണം..അതേപോലെതന്നെ ഷാജി ജീവനോടെ ഇരിക്കാന്‍ പാടില്ല..അവന്‍ മരിച്ചോ ഇല്ലയോ എന്ന് നിങ്ങള്‍ അന്വേഷിക്കണം. മരിച്ചിട്ടില്ല എങ്കില്‍, അവനെ എങ്ങനെയും ഇല്ലാതാക്കണം. അസീസിനെക്കാള്‍ നിങ്ങള്‍ക്ക് ഭീഷണി ഷാജിയാണ്..ഞാന്‍ പോകുന്നു..ഞാന്‍ പറഞ്ഞ കാര്യത്തില്‍ വേഗം തീരുമാനം എടുക്കുക..” അയാള്‍ ഗ്ലാസ് കാലിയാക്കി പോകാന്‍ എഴുന്നേറ്റു. “വക്കീലെ..നിങ്ങള്‍ പറയുന്നത് കബീറിനെ…?” സ്റ്റാന്‍ലി ചോദിച്ചു. “യെസ്..കില്‍ ഹിം..അവന്‍ ജീവനോടെ ഉണ്ടെങ്കില്‍ മാത്രമേ നിങ്ങളെ അവര്‍ക്ക് കുടുക്കാന്‍ പറ്റൂ…” വക്കീല്‍ മൂവരെയും നോക്കിയ ശേഷം വെളിയിലേക്ക് നടന്നു. ഡെവിള്‍സ് സോഫയില്‍ ഇരുന്നു വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ പരസ്പരം നോക്കി. “പാവം..നമ്മളെ അതിയായി വിശ്വസിക്കുന്ന അവനെ കൊല്ലാന്‍..ഛെ” മാലിക്ക് കടുപ്പത്തില്‍ ഒരു പെഗ് ഒഴിച്ചുകൊണ്ടു സ്വയമെന്നപോലെ പറഞ്ഞു.
“അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ട്. കബീര്‍ നാടുവിട്ടിരുന്നു എങ്കില്‍ നമ്മള്‍ സേഫ് ആയിരുന്നു. അവനിപ്പോള്‍ ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ല. പക്ഷെ അവന്‍ വന്നു, അവന്റെ പോക്ക് മുടങ്ങി.അടുത്തത് അവന്റെ അറസ്റ്റ് ആയിരിക്കും. അതോടെ നമ്മളുടെ കട്ടയും പടവും മടങ്ങും. അത് ഒഴിവാക്കാനുള്ള ഏകവഴിയാണ് വക്കീല്‍ പറഞ്ഞത്” സ്റ്റാന്‍ലി പറഞ്ഞു. “വിഷമമുണ്ട്..കബീര്‍ നമുക്ക് വളരെ വേണ്ടപ്പെട്ടവന്‍ ആണ്..പക്ഷെ സ്വന്ത ജീവനേക്കാള്‍ വലുതല്ലല്ലോ ഒരു ബന്ധവും..” അര്‍ജുന്‍ സ്വയം പറയുന്നതുപോലെ പറഞ്ഞു. “അവനെ കൊല്ലുന്നതിനോട് എനിക്ക് യോജിപ്പില്ല” മാലിക്ക് പറഞ്ഞു. “ഞങ്ങള്‍ക്കും ഇല്ല. പക്ഷെ വേറെ എന്താണ് പോംവഴി?” സ്റ്റാന്‍ലി ചോദിച്ചു. അല്‍പനേരം അവര്‍ക്കിടയില്‍ മൌനം തളംകെട്ടി നിന്നു. അവസാനം അര്‍ജ്ജുന്‍ ആണ് മൌനം ഭജ്ഞിച്ചത്. “അതെ..അത് നമ്മള്‍ തീരുമാനിച്ചിരിക്കുന്നു.. കബീര്‍ ഇനി വേണ്ട..” അവന്‍ കനത്ത ശബ്ദത്തില്‍ പറഞ്ഞു. “പക്ഷെ അര്‍ജ്ജുന്‍..അത് അത്ര ഈസി ജോബ് അല്ല” സ്റ്റാന്‍ലി മദ്യം നുണഞ്ഞുകൊണ്ട് അര്‍ജ്ജുനെ നോക്കി. “വൈ?” “കബീറിനെ പൌലോസ് വിട്ടയച്ചു എങ്കിലും, അവന്റെ ജീവന് ആപത്തുണ്ട് എന്നൂഹിക്കാന്‍ വല്യ ബുദ്ധിയുടെ ആവശ്യമൊന്നും ഒരു പോലീസുകാരനും വേണ്ട. കബീറിന്റെ മേല്‍ പൌലോസിന്റെ കണ്ണുകള്‍ സദാ ഉണ്ടാകും. അവന്‍ രഹസ്യ നിരീക്ഷണത്തില്‍ ആയിരിക്കും ഇനിമുതല്‍..” സ്റ്റാന്‍ലി പറഞ്ഞു. മാലിക്ക് അനുകൂലഭാവത്തില്‍ തലയാട്ടി. “അതെ..വളരെ കരുതലോടെ വേണം അവന്റെ കേസില്‍ നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. എടുത്തുചാടി തീരുമാനമെടുക്കേണ്ട കേസല്ല അത്. അവന്‍ നമ്മളെ കാണാന്‍ വരാന്‍ ചാന്‍സുണ്ട്; അത് ഉടന്‍ തന്നെ തടയണം. മാലിക്ക് അവനെ നിന്റെ മറ്റേ ഫോണില്‍ നിന്നും വിളിച്ച് ഇങ്ങോട്ട് വരരുത് എന്നറിയിക്കുക. അവന് നമ്മളെ കാണണം എന്നുണ്ടെങ്കില്‍ വേറെ ഏതെങ്കിലും സ്ഥലത്ത് മീറ്റിംഗ് അറേഞ്ച് ചെയ്യാമെന്ന് പറ..” അര്‍ജ്ജുന്‍ പറഞ്ഞു. “അര്‍ജ്ജുന്‍..കബീറിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനും മുന്‍പ്, മറ്റൊന്ന് നമ്മള്‍ ചെയ്യണം. നമ്മുടെ ശനിദശ തുടങ്ങുന്നത് എന്നുമുതലാണ് എന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ?” സ്റ്റാന്‍ലി മറ്റൊരു പെഗ് ഒഴിക്കുന്നതിനിടെ ചോദിച്ചു. “ഉണ്ട്..നല്ല ഓര്‍മ്മയുണ്ട്..” അര്‍ജ്ജുന്‍ പല്ലുകള്‍ ഞെരിച്ചു. “അതെ..നമുക്കത് മറക്കാന്‍ പറ്റിലല്ലോ..ആ നായിന്റെ മോന്‍ കൊച്ചിയില്‍ കാലുകുത്തിയത് മുതലാണ് നമ്മള്‍ പരാജയം അടിക്കടി രുചിക്കാന്‍ തുടങ്ങിയത്” മാലിക്കാണ് അത് പറഞ്ഞത്.
“അതെ..അര്‍ജ്ജുന്റെ സഹോദരി അഞ്ജനയെ നടുറോഡില്‍ വച്ചു തല്ലിക്കൊണ്ട് അവന്‍ തുടങ്ങിയ പണി, ഇന്ന് നമ്മളെ തുറുങ്കില്‍ അടയ്ക്കാന്‍ പാകത്തില്‍ വളര്‍ന്നു വലുതായിരിക്കുന്നു. കബീര്‍ പിന്നെ..ആദ്യം പോകേണ്ടത് അവനാണ്..വാസു..ഇനി അവന്‍ വേണ്ട….” സ്റ്റാന്‍ലി പക കത്തുന്ന കണ്ണുകളോടെ പറഞ്ഞു. “ഒരു ആക്രമണത്തിലൂടെ അവനെ തോല്‍പ്പിക്കുക പറ്റില്ല..ചതി..നമുക്ക് നേരിട്ട് ഇടപെടാന്‍ പറ്റാത്തത് കൊണ്ട് ചതിയിലൂടെ അവനെ വീഴ്ത്തണം..” സ്റ്റാന്‍ലി ഇരുവരെയും നോക്കി. “അതിനു പറ്റിയ ആള്‍ മാഞ്ചിയം ആണ്..അവനെ വിളിക്കാം..എന്താ?” മാലിക്ക് ചോദിച്ചു. “യെസ്..അവനെ വിളി..” അര്‍ജ്ജുന്‍ പറഞ്ഞു. ———————– “വാസൂ..ഇത് ഡോക്ടര്‍ നാരായണന്റെ വീടിനോട് ചേര്‍ന്നുള്ള ക്ലിനിക് ആണ്. നിന്റെ മുറിവ് വച്ചുകെട്ടാന്‍ മാത്രമല്ല ഇങ്ങോട്ട് കൊണ്ടുവന്നത്. വാ..ഒരാളെ കാണിക്കാം” പൌലോസ് മുറിവ് വച്ചുകെട്ടിയ വാസുവിനെ ഉള്ളിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍ നാരായണന്‍ പൌലോസിന്റെ അടുത്ത സുഹൃത്താണ്. സര്‍ക്കാര്‍ ഡോക്ടര്‍. അദ്ദേഹത്തിന്റെ ഭാര്യ ഒരു ഹോമിയോ ഡോക്ടര്‍ ആണ്. അതിനു വേണ്ടി ഉണ്ടാക്കിയ, വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ ഡോക്ടറും വൈകുന്നേരങ്ങളില്‍ രോഗികളെ കാണാറുണ്ട്. അത്യാവശ്യം കിടത്തി ചികിത്സിക്കാന്‍ നാലഞ്ചു ബെഡ്ഡും അവിടെ ഉണ്ട്. സാധാരണ ആരെയും അങ്ങനെ കിടത്തി ചികിത്സ ഇല്ല. അഥവാ ഉണ്ടെങ്കിലും രാവിലെ മുതല്‍ വൈകിട്ട് വരെ മാത്രമേ അവിടെ കിടത്തൂ. “വാ..” പൌലോസ് ഒരു മുറി തുറന്ന് ഉള്ളിലേക്ക് കയറിക്കൊണ്ട് പറഞ്ഞു. അവിടെ കട്ടിലില്‍ കൈകാലുകളില്‍ മുറിവ് വച്ചുകെട്ടിയ നിലയില്‍ ഷാജി കിടപ്പുണ്ടായിരുന്നു. പൌലൊസിനെയും വാസുവിനെയും കണ്ടപ്പോള്‍ അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
“ഏയ് വേണ്ട..നീ കിടന്നോ..ഇരിക്ക് വാസൂ” പൌലോസ് പറഞ്ഞു. പൌലോസും വാസുവും അവന്റെ അരികിലായി കസേരകളില്‍ ഇരുന്നു. “എന്ത് പറ്റി കൈയ്ക്ക്” ഷാജി വാസുവിനോട് ചോദിച്ചു. “ഒരു ചെറിയ മുറിവ്” വാസു പുഞ്ചിരിച്ചു. “എങ്ങനെയുണ്ട് ഷാജി? വേദനയ്ക്ക് കുറവുണ്ടോ?” പൌലോസ് ചോദിച്ചു. “നടു നിവര്‍ക്കാന്‍ വയ്യ സാറേ..ഞാന്‍ പുറം അടിച്ചല്ലേ വീണത്..ഒരാഴ്ച എങ്കിലും എടുക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്” അവന്‍ പറഞ്ഞു. “ഒരു നാഷണല്‍ പെര്‍മിറ്റ് ട്രക്ക് വന്നിടിച്ചിട്ട് ചാകാത്ത നീ എനിക്കൊരു അത്ഭുതമാണ്..നിന്റെ ഒരെല്ല് പോലും ബാക്കി കിട്ടേണ്ടതല്ല..ആ ബൈക്ക് കണ്ടാല്‍ നീ ഞെട്ടും..തവിടുപൊടിയായി അത്” പൌലോസ് ചെറുചിരിയോടെ പറഞ്ഞു. “എന്താണ് സര്‍..എന്താണ് പ്രശ്നം..” വാസു കാര്യം അതുവരെ അറിഞ്ഞിരുന്നില്ല. “ഡോണയെപ്പോലും ഞാനീ വിവരം അറിയിച്ചിട്ടില്ല. ആദ്യം നീ, പിന്നെ അവള്‍ എന്ന് കരുതി. ഇത്ര നാളും ഡെവിള്‍സിനെ ആത്മാര്‍ഥമായി സേവിച്ചതിന് അവര്‍ ഇവന് നല്‍കിയ പ്രതിഫലമാണ് ഇത്….ഇവനും ഇവന്റെ മകളും ഒരു ട്രക്കിന്റെ ടയറുകളുടെ അടിയില്‍ ചതഞ്ഞരഞ്ഞു ചാകേണ്ടാതയിരുന്നു..പക്ഷെ ഇവര്‍ എങ്ങനെ രക്ഷപെട്ടു എന്നത് എനിക്ക് ഇപ്പോഴും അത്ഭുതമാണ്..” പൌലോസിന്റെ വാക്കുകള്‍ വാസുവിനെ ഞെട്ടിച്ചു. “സര്‍..സഫിയ മോള്‍ക്ക് അപകടം പറ്റി എന്നാണോ അങ്ങ് പറയുന്നത്?” ഞെട്ടലോടെ അവന്‍ ചോദിച്ചു. “അതേടാ..പക്ഷെ ഒരു പോറല്‍ പോലും അവള്‍ക്ക് ഏറ്റില്ല..ദാ ഞാന്‍ കാണുമ്പൊള്‍ ഇവന്‍ ഇങ്ങനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുകയായിരുന്നു അവളെ..” ഷാജിയുടെ കണ്ണുകള്‍ ഈറനാകുന്നത് വാസു കണ്ടു. “ഹോ സാറേ..അവള്‍ക്ക് വല്ലതും പറ്റിയിരുന്നെങ്കില്‍……സത്യമാണല്ലോ സാറെ..അവള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ?” വാസു ഞെട്ടല്‍ മാറാതെ വീണ്ടും ചോദിച്ചു. ഷാജി ഉറക്കെ കരയുന്നത് കേട്ടു രണ്ടുപേരും അവനെ നോക്കി.
“ഏയ് ഷാജി..ഡോണ്ട് ബി ഇമോഷണല്‍….” പൌലോസ് അവന്റെ തോളില്‍ തട്ടി. “അതല്ല സര്‍..എന്റെ മോളെ ഓര്‍ത്തല്ല ഞാന്‍ കരഞ്ഞത്..നിങ്ങളെ ഓര്‍ത്താണ്. നിങ്ങളെപ്പോലെ സന്മനസ് ഉള്ള ആളുകള്‍ക്ക് എതിരെ ആണല്ലോ ഞാന്‍ ജീവിച്ചിരുന്നത് എന്നോര്‍ത്താണ് സര്‍. ഞാനും എന്റെ മോളും രക്ഷപെടാന്‍ കാരണം പോലും നിങ്ങള്‍ രണ്ടാളും ആണ് സര്‍..അറിയുമോ സാറിന്” കരച്ചിലിനിടെ അവന്‍ പറഞ്ഞു. “ഞങ്ങളോ? ഹൌ കം?” “സര്‍..അന്ന് എന്റെ മോള്‍ സിറ്റിയില്‍ പോയപ്പോള്‍ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടാരുന്നു….അവള്‍ക്ക് വാസു മാമനെ കാണണം എന്ന്. ഞാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അവള്‍ അപ്പോള്‍ നിര്‍ബന്ധം പിടിച്ചു കരയാന്‍ തുടങ്ങി. ലോകത്ത് ആരുടെ മനസ് വിഷമിച്ചാലും എനിക്ക് വിഷയമല്ല..പക്ഷെ എന്റെ മകള്‍..അവളുടെ മനസ് അല്‍പ്പം പോലും വിഷമിക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല സാറെ.. അവള്‍ ഇവനെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് അപ്പോഴാണ് ഞാന്‍ അറിയുന്നത്. എന്നില്‍ നിന്നും വിവരങ്ങള്‍ കിട്ടാന്‍ വേണ്ടി അവളെ തട്ടിയെടുത്ത ഇവന്‍, അവളുടെ ഇളം മനസും തട്ടിയെടുത്തിരുന്നു…ആ ലോറി ഇടിക്കാന്‍ വരുന്ന വിവരം എന്റെ മകളാണ് ആദ്യം കണ്ടത്. മുന്‍പില്‍ ഇരുന്നിരുന്ന അവള്‍ എന്നാണ് വാസു മാമനെ കാണാന്‍ പോകുന്നത് എന്ന് ചോദിച്ചുകൊണ്ട് തിരിഞ്ഞപ്പോള്‍ ആണ് അവളത് കണ്ടത്. അവളുടെ നിലവിളി കേട്ടപ്പോള്‍ വണ്ടിയുടെ ഗ്ലാസില്‍ ഞാനും ലോറി കണ്ടു സാറേ…എന്റെ മകളെ ചേര്‍ത്ത് പിടിച്ച് ചാടുകയായിരുന്നു എന്റെ ലക്‌ഷ്യം..പക്ഷേ അപ്പോഴേക്കും ലോറി ഇടിച്ചു കഴിഞ്ഞിരുന്നു..എന്നാല്‍ ആ സമയത്ത് അവന്റെ ശ്രദ്ധ തെറ്റാന്‍ കാരണമായത് സാറാണ്..ആ സമയത്ത് തന്നെ സാറ് പിന്നാലെ വന്നത് അവന് പരിഭ്രമം ഉണ്ടാക്കി എന്ന് ഞാന്‍ ഊഹിക്കുന്നു..അതാല്ലായിരുന്നെങ്കില്‍ അവന് പിഴവ് പറ്റില്ലായിരുന്നു സാറേ….” ഷാജി കണ്ണുകള്‍ തുടച്ചു. വാസു മുഖം കുനിച്ച് കണ്ണീര്‍ ഒഴുക്കുന്നത് പൌലോസ് കണ്ടു. സഫിയയെ അവന്‍ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് അയാള്‍ അറിയുകയായിരുന്നു. “ഭേരു സിറ്റിയില്‍ വന്നിട്ടുണ്ട് എന്നൊരു ഇന്‍ഫര്‍മേഷന്‍ മംഗലാപുരത്ത് നിന്നും എനിക്ക് കിട്ടി. അവനെ തിരക്കാന്‍ രണ്ടുപേരെ രണ്ടു സ്ഥലത്തായി ഞാന്‍ നിയോഗിച്ചിരുന്നു. അവരില്‍ ഒരാളാണ് നിന്നെയും,
നിന്റെ പിന്നാലെ അകലം വിട്ടു വരുന്ന മംഗലാപുരം രജിസ്ട്രേഷന്‍ ഉള്ള ട്രക്കും കണ്ടത്. സ്റ്റേഷന്‍ അടുത്തു തന്നെ ആയതിനാല്‍ ഞാന്‍ വേഗം ഇറങ്ങുകയായിരുന്നു..നിന്നെ വധിക്കാന്‍ ആകാം അവന്റെ ഉന്നം എന്നും എനിക്കൊരു സംശയം തോന്നി..അതുകൊണ്ടാണ് സൈറന്‍ മുഴക്കി അവന്റെ പിന്നാലെ വന്നത്” പൌലോസ് പറഞ്ഞു. വാസു കണ്ണുകള്‍ തുടച്ച് ഷാജിയെ നോക്കി. “മോള്‍ എവിടെയുണ്ട് ഷാജി? എനിക്കവളെ കാണണം” അവന്‍ പറഞ്ഞു. “അവള്‍ വീട്ടിലുണ്ട്..നീ അവളെ കാണണം..അവള്‍ക്ക് നിന്നെ കാണാന്‍ വലിയ ആഗ്രഹമുണ്ട്. ഒരുപക്ഷെ അവളുടെ ആ ആഗ്രഹമാകാം ഞങ്ങള്‍ രക്ഷപെടാന്‍ പോലും കാരണം” ഷാജി പറഞ്ഞു. “നൌ..ലുക്ക് ഷാജി. ഇത് എന്റെ സുഹൃത്ത് ഡോക്ടര്‍ നാരായണന്റെ പ്രൈവറ്റ് ക്ലിനിക്ക് ആണ്. നീ ഇവിടെ സുരക്ഷിതനാണ്. നിന്നെ ഇവിടേക്ക് കൊണ്ടുവന്ന വിവരം എനിക്കും എസിപി ഇന്ദുലേഖ മാഡത്തിനും ഇപ്പോള്‍ വാസുവിനും മാത്രമേ അറിയൂ. നിനക്ക് എന്ത് പറ്റി എന്ന് ഡെവിള്‍സ് അറിഞ്ഞിട്ടില്ല. അവര്‍ നിന്നെ തിരക്കി സിറ്റിയിലെ എല്ലാ ആശുപത്രികളും അരിച്ചു പെറുക്കും. അവിടെയെങ്ങും നീ സുരക്ഷിതനല്ല. അസീസ് ഇപ്പോഴും പോലീസ് കാവലിലാണ്. അവനൊരു ജയില്‍ ശിക്ഷ അനുഭവിക്കുന്ന പുള്ളി ആയതിനാല്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ നല്‍കാന്‍ പറ്റും..നിന്റെ കാര്യത്തില്‍ അത് സാധ്യമല്ല. അതുകൊണ്ട് നിന്റെ സുരക്ഷയെ കരുതിയാണ് ഇവിടേക്ക് കൊണ്ടുവന്നത്. തല്ക്കാലം നീ സുഖമാകുന്നത് വരെ ഇവിടെ കഴിയുക. ഒരു കാരണവശാലും നീ ഇവിടെയുണ്ട് എന്ന് നിന്റെ വീട്ടുകാരോ, സുഹൃത്തുക്കളോ ആരും തന്നെയോ അറിയാന്‍ പാടില്ല. ഞാനോ വാസുവോ നിന്നെ ഇടയ്ക്ക് വന്നു കണ്ടോളാം..കേട്ടല്ലോ” പൌലോസ് ഷാജിയെ നോക്കി പറഞ്ഞു. “ശരി സര്‍..വളരെ നന്ദി ഉണ്ട് സര്‍ എന്റെ ജീവന്‍ രക്ഷിക്കാന്‍ അങ്ങ് കാണിക്കുന്ന ഈ താല്‍പര്യത്തില്‍..” അവന്റെ കണ്ണുകള്‍ വീണ്ടും നനഞ്ഞു. “നീ സുഖമായാല്‍ എനിക്ക് നിന്നെക്കൊണ്ട് ആവശ്യമുണ്ട്..അത് മാത്രം നീ ഓര്‍ത്താല്‍ മതി” “ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാന്‍ തയാറാണ് സര്‍. ഇതെന്റെ രണ്ടാം ജന്മം ആണ്..രണ്ടാം ജന്മം”
“ഓകെ..വാസു കമോണ്‍..നമുക്ക് പോകാം” “ശരി ഷാജി..ഞങ്ങള്‍ പിന്നെ വരാം” വാസു അവന്റെ കൈയില്‍ പിടിച്ചുകൊണ്ടു പറഞ്ഞു. അവന്‍ തലയാട്ടി. വാസു പോകാനായി തിരിഞ്ഞപ്പോള്‍ ഷാജി അവന്റെ കൈയില്‍ പിടിച്ചു. വാസു തിരിഞ്ഞു നോക്കി. “വാസു..നിന്നെ കാണുമ്പൊള്‍ മോള്‍ എന്നെപ്പറ്റി ചോദിക്കും..നീ എന്ത് പറയും അപ്പോള്‍?” ഷാജി ആര്‍ദ്രമായ കണ്ണുകളോടെ ചോദിച്ചു. “എന്തെങ്കിലും പറയാം..” വാസു പുഞ്ചിരിച്ചു. ———————— “നിനക്ക് ഇന്നൊരു പണിയുണ്ട്..” മുന്‍പില്‍ ഹാജരായ മാഞ്ചിയം എന്ന പേരില്‍ അറിയപ്പെടുന്ന ജമാലിനോട് സ്റ്റാന്‍ലി പറഞ്ഞു. മയക്കു മരുന്നിനടിമയായ ജമാല്‍ മുടിയും താടിയും വളര്‍ത്തിയ ഒരു നീണ്ടു മെലിഞ്ഞ യുവാവായിരുന്നു. ഡെവിള്‍സ് ചില പ്രത്യേക കേസുകള്‍ക്ക് മാത്രം നിയോഗിക്കുന്ന വാടകക്കൊലയാളി. “നീ ഇരിക്കാടാ” ഭവ്യതയോടെ നിന്നിരുന്ന അവനോട് അര്‍ജുന്‍ പറഞ്ഞു. “ഞാനിവിടെ നിന്നോളാമേ” “മാലിക്ക് നിന്നെ ഒരു സ്ഥലത്ത് കൊണ്ടുപോകും. ഒരാളെ കാണിച്ചു തരും. അവന്‍ നാളെ പ്രഭാതം കാണാന്‍ പാടില്ല. ഒന്ന് നീ ഓര്‍ക്കണം..നീ കൊല്ലാന്‍ പോകുന്ന ആള്‍ സാധാരണക്കാരനല്ല. അവന്റെ കൈയിലെങ്ങനും നീ പെട്ടാല്‍, പിന്നെ നിന്റെ പൊടിപോലും ബാക്കി കാണില്ല. അതുകൊണ്ട് വളരെ സൂക്ഷിച്ച് ഞങ്ങള്‍ പറയുന്ന രീതിയില്‍ വേണം കാര്യങ്ങള്‍ ചെയ്യാന്‍” സ്റ്റാന്‍ലി പറഞ്ഞു. മാഞ്ചിയം തലയാട്ടി. “നിന്റെ കൂടെ ഒരു കുണ്ടന്‍ ഉണ്ടല്ലോ? മിമിക്രി ഒക്കെ പറയുന്ന ഒരു തൊലിയന്‍..എന്താ അവന്റെ പേര്?” അര്‍ജ്ജുന്‍ ചോദിച്ചു. “അക്കു..” മാഞ്ചിയം നാണത്തോടെ പറഞ്ഞു. “അക്കു..അവന്റെ ഒരു പേര്..ഉം..അവന്‍ പെണ്ണുങ്ങളുടെ സൌണ്ട് എടുക്കാന്‍ മിടുക്കനല്ലേ..?” “ആണേ”
“അവനോട് നമ്മുടെ എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഡോണയുടെ സൌണ്ട് പഠിക്കാന്‍ പറയണം. എന്നിട്ട് ഞങ്ങള്‍ തരുന്ന നമ്പരിലേക്ക് വിളിച്ച് അവളുടെ സ്വരത്തില്‍ അപകടത്തിലാണ്..രക്ഷിക്കാന്‍ വരണം എന്ന് നല്ല പരിഭ്രമത്തോടെ പറയണം. എപ്പോള്‍? രാത്രി പന്ത്രണ്ടു മണിക്ക്..മനസിലായോ?” സ്റ്റാന്‍ലി ചോദിച്ചു. “ആയെ..” “നിങ്ങള്‍ കുറഞ്ഞത് പത്തുപേര്‍ അവന്റെ വീട് വളഞ്ഞു നില്‍ക്കണം. ഒരാള്‍ അവന്റെ ബൈക്കിനു സമീപവും രണ്ടുപേര്‍ മുന്‍വാതിലിന് ഇരുഭാഗത്തുമായും നില്‍ക്കണം. കുണ്ടന്‍ ഫോണ്‍ ചെയ്താലുടന്‍ അവന്‍ തിടുക്കത്തോടെ പുറത്തിറങ്ങും. പുറത്തേക്ക് ഇറങ്ങുന്ന അവന്റെ നെഞ്ചില്‍ നിങ്ങളുടെ കത്തികള്‍ കയറണം..അവന് ചിന്തിക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പ് കത്തി ഊരി തെരുതെരെ കുത്തി അവന്റെ മരണം ഉറപ്പാക്കണം..എന്നിട്ട് സ്ഥലം വിട്ടോണം..കൊച്ചിയിലെന്നല്ല, കേരളത്തില്‍ നിന്നുതന്നെ കടന്നോണം..മനസിലായല്ലോ?” സ്റ്റാന്‍ലി പ്ലാന്‍ വിശദീകരിച്ചിട്ട് അവനെ നോക്കി. “മനസിലായി സാറെ..ആളെയും സ്ഥലവും കാണിച്ചാല്‍ മതി..ബാക്കി ഞാനേറ്റു..” “ഓര്‍മ്മ വേണം. അവന്‍ മഹാ അപകടകാരിയാണ്..അപകടകാരി എന്ന് പറഞ്ഞാല്‍ നിനക്ക് ചിന്തിക്കവുന്നതിനും അപ്പുറം. ഒരു പിഴവ് മതി നിന്റെയൊക്കെ കട്ടയും പടവും മടങ്ങാന്‍. അവന്‍ ഇറങ്ങുന്ന സമയത്ത് തന്നെ കത്തി കയറ്റിയാല്‍ നീ വിജയിച്ചു..അതുപോലെ കുണ്ടനോട് പറയണം ശബ്ദാനുകരണം കൃത്യമായിരിക്കണം എന്ന്” അര്‍ജുന്‍ അവനെ ഓര്‍മ്മപ്പെടുത്തി. മാഞ്ചിയം തലയാട്ടി സമ്മതിച്ചു. “ങാ പിന്നൊരു കാര്യം. ഏതെങ്കിലും കാരണവശാല്‍ നിന്റെ പണി പാളി എന്ന് തോന്നിയാല്‍, പിന്നെ നില്‍ക്കരുത്. വിട്ടോണം..ഒരിക്കലും അവന്റെ കൈയില്‍ പിടി കൊടുക്കരുത്. അല്ലാതെ തന്നെ പണ്ടാരമടങ്ങാന്‍ കുറെ എണ്ണം പണി തന്നു കഴിഞ്ഞു..ഇനി നീ കൂടി ആ ലിസ്റ്റില്‍ വേണ്ട..” സ്റ്റാന്‍ലി വെറുപ്പോടെ പറഞ്ഞു. “എനിക്ക് പിഴയ്ക്കത്തില്ല സാറേ..ഇന്ന് പണി നടന്നിരിക്കും” മാഞ്ചിയം പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പറഞ്ഞു. മാലിക്ക് അഞ്ഞൂറിന്റെ ഒരു കെട്ട് അവന് നല്‍കി. “ബാക്കി..പണിക്ക് ശേഷം…ഉം വാ..സ്ഥലവും ആളിനെയും കാണിക്കാം” അവന്‍ പോകാനായി എഴുന്നേറ്റു. ————————— സന്ധ്യാസമയത്ത് ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോള്‍ സഫിയ വീടിനുള്ളില്‍ നിന്നും വെളിയിലേക്ക് ഓടിയിറങ്ങി. എപ്പോള്‍ അതിലെ ബുള്ളറ്റ് ബൈക്ക് പോയാലും അവള്‍ ഓടി ഇറങ്ങി നോക്കും; അത് വാസുവാണോ എന്ന്. അല്ല എന്ന് മനസിലാകുമ്പോള്‍ ആ കുഞ്ഞുമുഖം വാടും. വിഷമത്തോടെ അവള്‍ വരാന്തയില്‍ കുത്തിയിരിക്കും. പക്ഷെ വീണ്ടും അടുത്ത തവണ ബൈക്കിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അവള്‍ വീണ്ടും ഓടിയിറങ്ങി വന്നു നോക്കും. സഫിയ പുറത്തേക്ക് ഓടി വരുമ്പോള്‍ സക്കീര്‍ വരാന്തയില്‍ പിള്ളേരെ വിട്ടു മേടിപ്പിച്ച ഏതോ വിലകുറഞ്ഞ റമ്മും കുടിച്ചുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. “ജ്ജ് എങ്ങോട്ടാ മോളെ ഓടുന്നത്….അബട നില്‍ക്ക്”
അവള്‍ മുറ്റത്തേക്ക് ഇറങ്ങുന്നത് കണ്ടു സക്കീര്‍ പറഞ്ഞു. അവള്‍ അത് കേട്ടോ എന്ന് തന്നെ സംശയമാണ്. പുറത്തിറങ്ങിയ സഫിയ അല്പം അകലെ നിന്നും വന്നുകൊണ്ടിരുന്ന ബൈക്കിലേക്ക് നോക്കി. എന്നും പ്രതീക്ഷ തെറ്റിയിരുന്ന അവള്‍ക്ക് പക്ഷെ ഇന്ന് അത് തെറ്റിയിരുന്നില്ല. വാസുവിനെ കണ്ട സഫിയ തുള്ളിച്ചാടി. “ഹായ് വാസുമാമന്‍ വന്നെ..” എന്ന് പറഞ്ഞുകൊണ്ട് അവള്‍ ബൈക്കിനു നേരെ ഓടി. അപ്പോഴേക്കും വാസു അടുത്തെത്തിക്കഴിഞ്ഞിരുന്നു. തന്റെ അരികിലേക്ക് ഓടിയണഞ്ഞ സഫിയയെ ബൈക്ക് നിര്‍ത്തി അവന്‍ വാരിയെടുത്ത് ആവേശത്തോടെ ചുംബിച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ടു സഫിയ കൌതുകത്തോടെ അവനെ നോക്കി. “മാമന്‍ എന്തിനാ കരയുന്നത്..ആരേലും വഴക്ക് പറഞ്ഞോ? നമുക്ക് അവനെ ഉപ്പൂപ്പാനെക്കൊണ്ട് നല്ല ഇടി കൊടുപ്പിക്കാം” അവന്റെ കവിളില്‍ തലോടിക്കൊണ്ട് അവള്‍ പറഞ്ഞു. വാസു അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കണ്ണുനീര്‍ ഒഴുക്കി. രംഗം കണ്ടുകൊണ്ടിരുന്ന സക്കീറിന്റെ മനസും ആര്‍ദ്രമായി. സഫിയയുടെ ഉമ്മയും ഷാജിയുടെ ഉമ്മയും വെളിയിലേക്ക് വന്ന് നോക്കി. “എന്റെ പൊന്നുമോളെ..നിനക്ക് ഒന്നും പറ്റിയില്ലല്ലോ അല്ലെ?” വാസു മെല്ലെ കൈ അയച്ച് അവളുടെ കവിളില്‍ ചുംബിച്ചുകൊണ്ട് ചോദിച്ചു. “യ്യോ മാമാ..അറ്യോ..ഒരു മുട്ടന്‍ ലോറി എന്നേം വാപ്പച്ചിയേം വന്നിടിച്ചു. എന്റെ വാപ്പച്ചി എന്തിയെ മാമാ..എനിക്ക് വാപ്പച്ചിയെ കാണണം…” സഫിയ ചിണുങ്ങി. വാസു അവളെ നിലത്ത് നിര്‍ത്തിയ ശേഷം ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് താഴെ ഇറങ്ങി. വീണ്ടും അവനവളെ എടുത്ത് വരാന്തയ്ക്ക് അടുത്തേക്ക് ചെന്നു. കണ്ണുകള്‍ തുടയ്ക്കുന്ന സ്ത്രീകളെ നോക്കിയിട്ട് അവന്‍ അവളെ വരാന്തയില്‍ നിര്‍ത്തി. “പറ മാമാ..എന്റെ വാപ്പച്ചി എന്തിയെ?” സഫിയ അവന്റെ കൈയില്‍ പിടിച്ചുകൊണ്ട് ചോദിച്ചു. “മോള്‍ടെ വാപ്പച്ചി ഒരു ജോലിക്ക് പോയിരിക്കുവാ..വരും..കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ വാപ്പച്ചി വരും” അവന്‍ പറഞ്ഞു.
“മാമാ..ഞങ്ങള് വീണപ്പം ഒരു പോലീസ് മാമനാ ഞങ്ങളെ രക്ഷിച്ചത്..ആ മാമനാ വാപ്പച്ചിയെ കൊണ്ടുപോയത്..” “അറിയാം മോളെ..മോള് വിഷമിക്കണ്ട. മാമന്‍ മോള്‍ടെ വാപ്പച്ചിയെ ഇവിടെ എത്തിക്കും..കേട്ടോ” അവള്‍ തലയാട്ടി. “മോനെ..ജ്ജ് ബാ കേറി ഇരിക്ക്..ഞമ്മളോട് അനക്ക് ഇഷ്ടക്കേട് ആണെന്നറിയാം..ഞമ്മക്ക് അത്രക്ക് വിവരമേ ഉള്ളു..ജ്ജ് അത് കാര്യാക്കണ്ട..ബാ കേറി ഇരിക്കിന്‍..” പഴയ വൈരമൊക്കെ മറന്ന് സക്കീര്‍ പറഞ്ഞു. സഫിയ എന്ന കൊച്ചു മാലാഖയിലൂടെ അവരുടെ ഇടയിലെ ശത്രുത മഞ്ഞുരുകുന്നത് പോലെ ഇല്ലാതാകുകയായിരുന്നു. “കണ്ടോ..അവനാണ് വാസു..ഇനി വാ..അവന്റെ വീട് കാണിക്കാം” അല്‍പ്പം അകലെ മാറി പാര്‍ക്ക് ചെയ്തിരുന്ന പജേറോയില്‍ ഇരുന്നുകൊണ്ട് മാലിക്ക് മാഞ്ചിയത്തോട് പറഞ്ഞു. മാഞ്ചിയം വാസുവിനെ നോക്കിക്കൊണ്ട് തലയാട്ടി. പജേറോ ഒരു മുരളലോടെ മുന്‍പോട്ടു കുതിച്ചു. “ഇന്നാ മോനെ ചായ” ഷാജിയുടെ ഉമ്മ അവന് ചായ നല്‍കിക്കൊണ്ട് പറഞ്ഞു. വാസു വരാന്തയില്‍ സഫിയയെ അടുത്തിരുത്തി ചായ കുടിച്ചു. “ഓ..മാമന്‍ ഒരു കാര്യം മറന്നു..” അവന്‍ ചായ അവിടെ വച്ച ശേഷം ചെന്ന് ബൈക്കിന്റെ ബാഗില്‍ നിന്നും ഒരു ക്യാരി ബാഗ് എടുത്ത് കൊണ്ടുവന്ന് സഫിയയ്ക്ക് നല്‍കി. “ഇന്നാ..ഇത് ഉമ്മയ്ക്കും ഉമ്മൂമ്മയ്ക്കും ഉപ്പൂപ്പയ്ക്കും എല്ലാം കൊടുക്കണം കേട്ടോ” അവന്‍ പറഞ്ഞു. സഫിയ സന്തോഷത്തോടെ അത് വാങ്ങി തലയാട്ടിക്കൊണ്ട് ഉള്ളിലേക്ക് ഓടി. “മോനെ ജ്ജ് ഷാജിയെ കണ്ടോ” സക്കീര്‍ ചോദിച്ചു. “കണ്ടു..അവന്‍ സുഖമായി ഇരിപ്പുണ്ട്. നിങ്ങള്‍ വിഷമിക്കണ്ട. പക്ഷെ തല്‍ക്കാലം അവനെവിടെയുണ്ട് എന്ന് ആരും അറിയണ്ട എന്നാണ് പൌലോസ് സാറ് പറഞ്ഞത്..” “അത് മതി മോനെ..എന്റെ മോന്‍ സുഖമായി ഇരിപ്പുണ്ട് എന്നറിഞ്ഞാ മാത്രം മതി ഞമ്മക്ക്” സക്കീര്‍ കണ്ണുകള്‍ തുടച്ചു.
“മാമാ..ഇന്നാ..” വാസു വാങ്ങിയ ഒരു കേക്കിന്റെ കഷണം പുറത്തേക്ക് ഓടിവന്ന സഫിയ അവന്റെ വായിലേക്ക് വച്ചുകൊണ്ട് പറഞ്ഞു. “മോള് കഴിച്ചില്ലേ?” “ആദ്യം മാമന്‍..” അവള്‍ ചിരിച്ചുകൊണ്ട് അവന്റെ വായിലേക്ക് അത് വച്ചു. പിന്നെ വീണ്ടും ഉള്ളിലേക്ക് ഓടി. “കാക്കാ..ഞാന്‍ മോളെ ഒന്ന് കാണാന്‍ വന്നതാണ്..എന്നാല്‍ പോട്ടെ” വാസു ചായ തീര്‍ത്ത ശേഷം എഴുന്നേറ്റ് പറഞ്ഞു. “പോണ്ട എന്ന് പറയാന്‍ ഞമ്മക്ക് പറ്റൂല്ലാല്ലോ” “ചോറൊക്കെ ഉണ്ടിട്ടു പോയാല്‍ പോരെ” ഷാജിയുടെ ഭാര്യ കതകിന്റെ മറവില്‍ നിന്നു ചോദിച്ചു. “അത് പിന്നെ ഒരിക്കല്‍ ആകാം..ഷാജി കൂടി ഉള്ളപ്പോള്‍..മോളെവിടെ?” വാസു ഉള്ളിലേക്ക് നോക്കി. സഫിയ ഒരു ചോക്കലേറ്റ് കഷണവുമായി വീണ്ടും ഓടിവന്നു. “ഇന്നാ മാമാ..വാ തുറക്ക്” അവള്‍ കൈ നീട്ടി. വാസു വാ തുറന്ന് അതും വാങ്ങിയിട്ട് അവളെ എടുത്തു. “മോളെ..മാമന്‍ പോട്ടെ..ഇനി പിന്നൊരു ദിവസം വരാം” അവന്‍ പറഞ്ഞു. “മാമന്‍ പോണ്ട..ഇന്നിവിടെ നില്‍ക്ക് മാമാ..ഉമ്മാ മാമനോട് പോണ്ടാന്നു പറ..” അവള്‍ ചിണുങ്ങാന്‍ തുടങ്ങി. “മോള് നല്ല കുട്ടിയല്ലേ? മാമന് ജോലിക്ക് പോണം..ഇവിടെ നിന്നാല്‍ ആരാ അത് ചെയ്യുക?” “എന്താ മാമന്റെ ജോലി” “ഒരു ചേച്ചിയെ കുറെ ഗുണ്ടകള്‍ കൊല്ലാന്‍ നടക്കുവാ..ഞാനില്ലെങ്കില്‍ ആ ചേച്ചിയെ അവര് കൊല്ലും..” “യ്യോ ആണോ..” “ഉം” “എന്തിനാ അവര് ചേച്ചിയെ കൊല്ലുന്നത്?” ‘അറിയില്ല മോളെ..മാമന്റെ ജോലി ആ ചേച്ചിയെ ആരും കൊല്ലാതെ നോക്കുക എന്നതാണ്..മാമന്‍ പോട്ടെ” “ഉം..ആ ചേച്ചിക്ക് ഒന്നും പറ്റല്ലേ മാമാ..”
“ഒന്നും പറ്റില്ല..മോള് പ്രാര്‍ഥിക്കണം” “ഞാന്‍ എന്നും മാമന് വേണ്ടി പ്രാര്‍ത്ഥിക്കുവല്ലോ….” വാസുവിന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. അവനവളെ തെരുതെരെ ചുംബിച്ച ശേഷം നിലത്ത് നിര്‍ത്തി. “ശരി മോളെ..ബൈ..” അവന്‍ ബൈക്കിലേക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു. “ബൈ മാമാ..” അവള്‍ കൈവീശി കാണിക്കാന്‍ തുടങ്ങി. വാസു മറ്റു മൂവരെയും വീണ്ടും സഫിയയെയും നോക്കിയ ശേഷം ബൈക്ക് മുന്‍പോട്ടെടുത്തു. സഫിയ അവന്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ കൈ വീശിക്കൊണ്ടേയിരുന്നു. ———————— സഫിയയെ കണ്ടു മടങ്ങിയ വാസു നിറഞ്ഞ മനസോടെ തന്റെ വീട്ടില്‍, ലിവിംഗ് റൂമിലെ സോഫയില്‍ ഇരിക്കുകയായിരുന്നു. സ്നേഹിക്കാന്‍ ആരുമില്ല എന്ന് ഒരിക്കല്‍ പരിതപിച്ചിരുന്ന തനിക്ക് ഇപ്പോള്‍ സ്നേഹം നല്‍കുന്ന എത്രപേരാണ് ഉള്ളത്. സഫിയ..അവളുടെ പ്രായത്തിലുള്ള ഒരു കുട്ടി തന്നെ ഇഷ്ടപ്പെടുന്നത് ഇതാദ്യമായാണ്. ചെറുപ്പം മുതല്‍ വെറുപ്പും ശകാരവും അധിക്ഷേപവും കേട്ടുവളര്‍ന്ന തനിക്ക്, തന്റെ വീട്ടില്‍ നിന്നും ഒരിക്കലും കിട്ടിയിട്ടില്ലാത്ത സ്നേഹമാണ് ആ കൊച്ചു കുഞ്ഞു നല്‍കുന്നത്. അവളെ തട്ടിയെടുത്തതാണ് എന്ന് പോലും ആ പാവത്തിനറിയില്ല. വാസു മദ്യം ഗ്ലാസിലേക്ക് പകര്‍ന്നു കുടിക്കുന്നുണ്ടായിരുന്നു. അവളുടെ നിഷ്കളങ്കമായ സംസാരവും ചിരിയും കളിയും പരിഭവവും എല്ലാം ഒരു ചലച്ചിത്രത്തില്‍ എന്നപോലെ അവന്റെ മനസിലൂടെ പൊയ്ക്കൊണ്ടിരുന്നു. “കുഞ്ഞേ ഞാന്‍ പൊക്കോട്ടോ..എല്ലാം മേശപ്പുറത്ത് വച്ചിട്ടുണ്ട്..വെളമ്പി കഴിച്ചാ മാത്രം മതി” കുശിനിക്കാരന്‍ ഗോപാലന്‍ ചേട്ടന്‍ പണികള്‍ തീര്‍ത്തിട്ട് വന്നു ചോദിച്ചു. “ഇരിക്ക് ചേട്ടാ..ഒരെണ്ണം അടിക്ക്..എന്നിട്ട് പോ..” വാസു പറഞ്ഞു. “യ്യോ കുടിച്ചാല്‍ അവളെന്റെ തല തിന്നും” അയാള്‍ ആര്‍ത്തിയോടെ കുപ്പിയിലേക്ക് നോക്കി പറഞ്ഞു. “ലോകത്തുള്ള എല്ലാ ഭാര്യമാരും അങ്ങനാ എന്റെ ചേട്ടാ..ചേട്ടന്‍ വല്ലപ്പോഴുമല്ലേ ഉള്ളു കുടി..അതും ഒരു പെഗ്..അതൊന്നും വലിയ കാര്യമല്ല..ഇന്നാ..ഇതങ്ങോട്ട് പിടിപ്പിക്ക്”
വാസു ഗ്ലാസില്‍ മദ്യവും ഒപ്പം വെള്ളവും പകര്‍ന്ന് അയാള്‍ക്ക് നല്‍കി. മദ്യത്തിന്റെ കൂടെ കഴിക്കാന്‍ ചെറിയ മത്സ്യം വറുത്തത് ഒരു പ്ലേറ്റില്‍ സലാഡിനൊപ്പം അവിടെ വച്ചിട്ടുണ്ടായിരുന്നു. ഗോപാലന്‍ മദ്യവുമായി നിലത്തിരുന്നു. “ഹ..സോഫയില്‍ ഇരി ചേട്ടാ..ഇതെന്ത് ഏര്‍പ്പാടാ” വാസു അയാളെ നോക്കി പറഞ്ഞു. “യ്യോ വേണ്ട കുഞ്ഞേ..ഞാനിവിടെ ഇരുന്നോളാം” അയാള്‍ മദ്യം നുണഞ്ഞുകൊണ്ട് അല്പം മത്സ്യം എടുത്ത് കഴിച്ചു. “ചേട്ടാ അന്നിവിടെ വന്ന കൊച്ചില്ലേ..സഫിയ..അവളെ ഇന്ന് ഞാന്‍ വീണ്ടും കണ്ടു..മനസ് നിറഞ്ഞു ചേട്ടാ അവളെ കണ്ടപ്പോള്‍..എന്ത് സ്നേഹം ആണെന്നോ ആ കുരുന്നിന് എന്നോട്…അത്ഭുതം തോന്നുന്നു എനിക്ക്” വാസു പറഞ്ഞു. “നല്ല തങ്കം പോലത്തെ കൊച്ച്. അതിന്റെ വീടെവിടാ കുഞ്ഞേ” “മട്ടാഞ്ചേരി ഒരു കോളനിയില്‍ ആണ്..” “എന്നേം വല്യ കാര്യമാരുന്നു..ഓരോന്നും ചോദിച്ചോണ്ട് അടുത്തൂന്നും മാറത്തില്ല..” “നമ്മള് സ്നേഹിക്കുന്ന പലരും നമ്മളെ സ്നേഹിക്കില്ല..പക്ഷെ ദൈവത്തിന്റെ കളി വളരെ വ്യത്യസ്തമാണ്. ഒരിടത്ത് നമ്മള്‍ കൊടുക്കുന്നത് മറ്റൊരിടത്ത് കൂടി അതിയാന്‍ നമുക്ക് തന്നെ തരും..” ദിവ്യയെ മനസ്സില്‍ ഓര്‍ത്തുകൊണ്ടാണ് വാസു അത് പറഞ്ഞത്. “അതെ കുഞ്ഞേ..അങ്ങനാ ജീവിതം” “ആ കൊച്ചിനെ കണ്ടതോടെ ആരൊക്കെയോ സ്വന്തമായി ഉണ്ട് എന്നൊരു തോന്നല്‍. കല്യാണം കഴിഞ്ഞാല്‍ എനിക്കും അതുപോലെ ഒരു മോളെ കിട്ടുമോ ചേട്ടാ?” “ഒറപ്പായും കിട്ടും. ഈശ്വരന്‍ മനുഷ്യന്റെ സന്മനസ് കാണാതെ ഇരിക്കുന്ന ആളല്ല. ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും ആമ്പിള്ളാരെ മതി..പെണ്ണിനെ വേണ്ട. മോന്‍ നേരെ തിരിച്ചാണല്ലോ ചിന്തിക്കുന്നത്..മോനെ പെണ്‍കുട്ടികളെപ്പോലെ ഒരു മോനും അച്ഛനെയോ അമ്മയെയോ സ്നേഹിക്കത്തില്ല..” “ശരിയാകാം ചേട്ടാ..എനിക്കും വേണം അവളെപ്പോലെ ഒരു മോള്..അതെന്റെ ആഗ്രഹമല്ല..അത്യാഗ്രഹമാണ്..” വാസു വീണ്ടും മദ്യം ഒഴിച്ചുകൊണ്ടു പറഞ്ഞു. “മോന് അവളെപ്പോലെ ഒരു മോളെ ഭഗവാന്‍ തരും..”
അവര്‍ കുറേനേരം അതുമിതും സംസാരിച്ചിരുന്നു മദ്യം കഴിച്ചു. ഏതാണ്ട് ഒമ്പതരയോടെ ഗോപാലന്‍ അയാളുടെ വീട്ടിലേക്ക് പോയപ്പോള്‍ വാസു കതകടച്ചു. സഫിയയെ കണ്ടതിന്റെ സന്തോഷം അവനൊരു പുതിയ ഊര്‍ജ്ജം തന്നെ നല്‍കിയിരുന്നു. സന്തോഷം കൂടുമ്പോള്‍ ആണ് അവന്റെ മദ്യസേവ കൂടുന്നത്. സാധാരണ രണ്ടോ മൂന്നോ പെഗ് അടിക്കുന്ന വാസു അന്ന് സംസാരിച്ചിരുന്നു നാലോ അഞ്ചോ പെഗ് അടിച്ചു. പിന്നെ കുപ്പി അടച്ചു അലമാരയില്‍ കൊണ്ടുവച്ച ശേഷം അവന്‍ ചെന്ന് ആഹാരം കഴിച്ചു. മദ്യലഹരി കൂടിയിരുന്നതിനാല്‍ അവന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. പാത്രങ്ങള്‍ ഒക്കെ കഴുകി മേശപ്പുറവും വൃത്തിയാക്കിയ ശേഷം അവന്‍ ലൈറ്റുകള്‍ അണച്ച് കിടക്കാന്‍ കയറി. കിടന്നാപാടെ തന്നെ വാസു ഉറങ്ങിപ്പോയി. പത്തുമണി കഴിഞ്ഞിരുന്നു അവന്‍ കിടക്കുമ്പോള്‍. ഉറക്കത്തിലേക്ക് വഴുതിവീണ വാസു ഫോണടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ലാന്‍ഡ് ഫോണ്‍ നിര്‍ത്താതെ ശബ്ദിക്കുന്നത് കേട്ട് അവന്‍ കൈനീട്ടി അതെടുത്ത് ചെവിയോട് ചേര്‍ത്തു. “ഹലോ..വാസൂ..എടാ ഇത് ഞാനാ ഡോണ..നീ ഒന്ന് വേഗം ഇവിടം വരെ വരണം..ആരൊക്കെയോ വീട് വളഞ്ഞിരിക്കുന്നു..ഞാനും മമ്മീം മാത്രമേ ഉള്ളു ഇവിടെ..” മറുഭാഗത്ത് ഡോണയുടെ പരിഭ്രമം കലര്‍ന്ന ശബ്ദം അവന്‍ കേട്ടു. എന്തോ ചോദിക്കാന്‍ തുടങ്ങിയതും ഫോണ്‍ കട്ടായിക്കഴിഞ്ഞിരുന്നു. മദ്യലഹരി അപ്പോഴും കുറഞ്ഞിട്ടില്ലാതിരുന്ന വാസു ലൈറ്റ് ഓണാക്കി ക്ലോക്കില്‍ നോക്കി. സമയം പന്ത്രണ്ട് പത്ത്. ആരാകും അവരുടെ വീട്ടില്‍ എത്തിയത് എന്നോര്‍ത്തുകൊണ്ട് അവന്‍ വേഗം എഴുന്നേറ്റ് വേഷം മാറി ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചു. മുഖവും വായും ഒന്ന് കഴുകിയ ശേഷം അവന്‍ ചെന്ന് പുന്നൂസ് നല്‍കിയിരുന്ന റിവോള്‍വര്‍ എടുത്ത് ഷര്‍ട്ടിന്റെ പിന്നില്‍ തിരുകി. പിന്നെ സൈക്കിള്‍ ചെയിന്‍ വലതു പോക്കറ്റിലും ഇടതു പോക്കറ്റില്‍ ചെറിയ ഒരു കത്തിയും കരുതി. ബൈക്കിന്റെ താക്കോല്‍ എടുത്ത് നേരെ അവന്‍ മുന്‍വാതില്‍ക്കലേക്ക് നടന്നു. ഒരു പാളിക്ക് അപ്പുറം മരണം കാത്ത് നില്‍ക്കുന്നതറിയാതെ വാസു കതകിന്റെ ഓടാമ്പല്‍ നീക്കി.
“ഉമ്മാ..ഉമ്മാ..വാസുമാമന്‍..വാസുമാമന്‍..” അര്‍ദ്ധരാത്രി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന സഫിയ കരയുന്നത് കണ്ട് അവളുടെ ഉമ്മ ആശങ്കയോടെ എഴുന്നേറ്റ് അവളെ നോക്കി. സഫിയ എഴുന്നേറ്റിരുന്നു കുറെ നേരം വാസുവിന്റെ പേര് പറഞ്ഞു കരഞ്ഞ ശേഷം വീണ്ടും കിടന്നു. അവള്‍ ഏങ്ങലടിക്കുന്നുണ്ടായിരുന്നു. “മോളെ..എന്ത് പറ്റി?” അവളുടെ ശിരസില്‍ തലോടിക്കൊണ്ട് അവര്‍ ചോദിച്ചു. “വാസു മാമനെ ആരോ കൊല്ലുന്നു….” അവള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു. “മോള് സ്വപ്നം കണ്ടതാ..മാമന് ഒന്നും പറ്റിയിട്ടില്ല..മോള് ഉറങ്ങിക്കോ കേട്ടോ” സഫിയ നിറകണ്ണുകളോടെ തലയാട്ടി; പിന്നെ ചെരിഞ്ഞു കിടന്നുറങ്ങി. അവളുടെ ഉമ്മ അവളെ തന്നോട് ചേര്‍ത്തുപിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചു. ഡോണ അപകടത്തിലാണ് എന്ന ചിന്തയില്‍ മറ്റൊന്നും ആലോചിക്കാതെയാണ് വാസു കതക് തുറന്നത്. പുറത്ത് അവനെ കാത്ത് മാഞ്ചിയം നിര്‍ത്തിയിരുന്ന, കൃത്യമായി കത്തി കുത്തി ഇറക്കാന്‍ അറിയാവുന്ന രണ്ട് ഗുണ്ടകള്‍ കതകിന്റെ ഓടാമ്പല്‍ നീങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ കത്തികള്‍ ഓങ്ങി ജാഗരൂകരായി. വാസു ഏതെങ്കിലും കാരണവശാല്‍ അവരില്‍ നിന്നും രക്ഷപെട്ടു പുറത്തേക്ക് വന്നാല്‍ കുത്തി വീഴ്ത്താനായി അവര്‍ക്ക് അല്‍പ്പം പിന്നിലായി മാഞ്ചിയവും നിലയുറപ്പിച്ചിരുന്നു. വീടിനു ചുറ്റുമായി ബാക്കി ആറുപേരും ആയുധങ്ങളുമായി അവന്‍ എങ്ങോട്ട് ഓടിയാലും പിടിക്കത്തക്കവണ്ണം വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. കതക് തുറന്നു പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയ വാസു ജീവിതത്തില്‍ ആദ്യമായി ഒന്ന് ഞെട്ടി. തന്റെ നെഞ്ചിനു നേരെ പാഞ്ഞു വരുന്ന രണ്ടു തിളങ്ങുന്ന കത്തികള്‍ ഒരു നിമിഷാര്‍ദ്ധത്തിനുള്ളില്‍ അവന്‍ കണ്ടു. മരിക്കുകയല്ലാതെ തനിക്ക് ഒന്നും ചെയ്യാനില്ല എന്ന് അവന്‍ വ്യക്തമായി തിരിച്ചറിഞ്ഞ നിമിഷം. മരണത്തെ സ്വീകരിക്കാന്‍ മാത്രമേ സമയമുള്ളൂ എന്ന് സെക്കന്റിന്റെ പത്തില്‍ ഒന്ന് മാത്രം ഉള്ള ആ സമയത്ത് വാസു മനസിലാക്കി. ആലോചിക്കാനോ പ്രതികരിക്കാനോ കണക്ക് കൂട്ടാനോ ഒന്നിനും സമയമില്ലാത്ത മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള കണ്ണിമയ്ക്കുന്ന ആ സമയത്ത് അവന്‍ മനസുകൊണ്ട് മരണത്തെ വരിച്ചു കഴിഞ്ഞിരുന്നു.
Comments:
No comments!
Please sign up or log in to post a comment!