മൃഗം 24
ബഷീറിന്റെ വീട്ടില്‍ നിന്നും നേരെ ഗീവര്‍ഗീസ് അച്ചന്റെ ആശ്രമത്തില്‍ എത്തിയ വാസു ഉച്ചയ്ക്കുള്ള ആഹാരം അവിടെ നിന്നുമാണ് കഴിച്ചത്. അച്ചനുമായി വിശേഷങ്ങള്‍ ഒക്കെ പങ്ക് വച്ച ശേഷം അവന്‍ വീട്ടിലെത്തി. ഇടയ്ക്ക് ഡോണ രണ്ട് തവണ അവനെ വിളിച്ചിരുന്നു.
കൃത്യം നാലര ആയപ്പോള്‍ മുസ്തഫ മൂന്നു ലക്ഷം രൂപയുമായി ശങ്കരന്റെ വീട്ടിലെത്തി. വാസു ഉള്ളില്‍ കിടക്കുന്ന സമയത്താണ് അവനെത്തിയത്.
“ഇതങ്ങോട്ട് വച്ചോ..” വരാന്തയില്‍ ഉണ്ടായിരുന്ന ശങ്കരന്റെ കൈയിലേക്ക് പണം നല്‍കിക്കൊണ്ട് അവന്‍ പറഞ്ഞു.
“എന്താണിത്?” കാര്യമറിയാതെ ശങ്കരന്‍ ചോദിച്ചു.
“കുറച്ച് കാശാ”
“കാശോ? നീ എന്തിനാണ് എനിക്ക് കാശ് തരുന്നത്?”
“അത് വാങ്ങിക്കോ അച്ഛാ..ഇന്നലെ ഇവന്റെ ആളുകള്‍ ഇവിടെക്കയറി വരുത്തി വച്ച നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ആണ്..” ശബ്ദം കേട്ടു വെളിയിലെത്തിയ വാസു പറഞ്ഞു. അതോടെ ശങ്കരന്‍ ആ പൊതി വാങ്ങി.
“കാശ് മൊത്തം ഉണ്ടല്ലോ അല്ലേടാ?” വാസു ചോദിച്ചു.
“ഉണ്ടേ…”
“ഇനി മേലാല്‍ നിന്റെ ഭാഗത്ത് നിന്നും ഈ വീട്ടിലെ ആര്‍ക്കെങ്കിലും പ്രശ്നം ഉണ്ടായാല്‍, പിന്നെ മുസ്തഫെ നീ ജീവിതം വെറുക്കും..ഒന്ന് ചത്തുകിട്ടാന്‍ നീ മോഹിക്കും…നിന്നെ ഞാന്‍ ആ പരുവമാക്കും..പറയുന്നത് വാസു ആണ്..ഓര്‍മ്മ ഉണ്ടാകണം”
“ഇല്ലേ..ഇനി ഒരിക്കലും ഞാനൊരു അബദ്ധവും കാണിക്കത്തില്ലേ…” മുസ്തഫ കൈകള്‍ കൂപ്പി.
“മോനെ..നമുക്കെന്തിനാ ഈ പണം. സംഭവിച്ചത് സംഭവിച്ചു. ഇവനിങ്ങനെയൊക്കെ പറയുമ്പോള്‍…. ഇതങ്ങു തിരിച്ചു കൊടുത്തേക്കട്ടെ..” ശങ്കരന്‍ ചോദിച്ചു.
“അച്ഛന്റെ ഇഷ്ടം..” വാസു മുസ്തഫയെ രൂക്ഷമായി ഒന്ന്‍ നോക്കിയിട്ട് ഉള്ളിലേക്ക് പോയി.
“എടാ ഈ പണം നീ കൊണ്ടുപൊക്കോ..” ശങ്കരന്‍ പൊതി തിരികെ നീട്ടിക്കൊണ്ടു പറഞ്ഞു.
“യ്യോ വേണ്ട..അത് വച്ചോ..എനിക്കത് തിരികെ മേടിക്കാന്‍ പറ്റത്തില്ല…”
മുസ്തഫ വേഗം വണ്ടിയെടുത്ത് സ്ഥലം വിട്ടു. ശങ്കരന്‍ ആ പോക്ക് നോക്കി അത്ഭുതപ്പെട്ട് ഇരുന്നുപോയി. പിന്നെ അയാള്‍ പൊതിയഴിച്ചു പണം എണ്ണി. മൂന്നുലക്ഷം രൂപ കണ്ടപ്പോള്‍ അയാളുടെ കണ്ണ് തള്ളി.
വാസു സന്ധ്യയോടെ അവന്‍ മുന്‍പൊക്കെ സ്ഥിരം പോകുമായിരുന്ന ഷാപ്പില്‍ പോയി വൈറ്റ് റമ്മും തെങ്ങിന്‍ കള്ളും ചേര്‍ത്ത് സാമാന്യം നല്ല രീതിയില്‍ തന്നെ കുടിച്ചു. ഒപ്പം നാടന്‍ പുഴമീനും കപ്പയും നല്ല രുചിയോടെ കഴിച്ചിട്ട് ഏതാണ്ട് എട്ടരയോടെ വീട്ടിലെത്തി. ദിവ്യ മനസിലുണ്ടാക്കിയ ആഘാതം കാരണം അവന്റെ മനസിലെ പകയും ദ്വേഷവും മദ്യം കുടിച്ചതോടെ കൂടിയിരുന്നു. ലോകത്തുള്ള സകലരോടും അവനു പക തോന്നി. തന്നെ തെണ്ടി എന്ന് വിളിച്ച് ആക്ഷേപിച്ച ദിവ്യയോടും അവന്റെ ഉള്ളില്‍ കോപവും പകയും നുരഞ്ഞുപൊന്തി.
“നിന്റെ വീട്! ഇവിടെ ഉണ്ടുറങ്ങി താമസിക്കാന്‍ വന്നതല്ല ഞാന്‍. നീയെന്ന വേശ്യയ്ക്ക് ഒരാപത്തുണ്ടായി എന്ന് എന്റെ ഈ പാവം അമ്മ വിളിച്ചു പറഞ്ഞത്കൊണ്ട്..അതുകൊണ്ട് മാത്രം വന്നതാണ്. പക്ഷെ ഇനി നിന്റെ ആ പുഴുത്ത നാവുകൊണ്ട് ഒരക്ഷരം പറഞ്ഞാല്‍ ആ നിമിഷം ഞാനത് പിഴുതെറിയും.. മനസിലയോടീ പുലയാടി മോളെ…” “വാസൂ..അവള്‍….” ശങ്കരന്‍ എന്തോ പറയാന്‍ വന്നപ്പോള്‍ വാസു അയാളെ കൈകാണിച്ച് നിര്‍ത്തി. ഭയചകിതനായ ശങ്കരന്‍ വേഗം വായടച്ചു. വാസു വീണ്ടും ദിവ്യയുടെ നേരെ തിരിഞ്ഞു. “പക്ഷെ നീ ഒന്നോര്‍ത്തോ..എന്നെ ഇഷ്ടമാണ്..എന്നെ കല്യാണം കഴിക്കണം എന്ന് നീയാണ് എന്നോട് പറഞ്ഞത്. ഞാന്‍ നിന്നോടല്ല… നീയാണ് എന്റെ പിന്നാലെ വന്നത്. അന്ന് നിന്റെ ഈ വൃത്തികെട്ട മനസ് തിരിച്ചറിയാതെ നിന്നെ മാത്രമേ ഞാന്‍ കെട്ടൂ എന്ന് പറഞ്ഞുപോയി.. ആ പറച്ചിലില്‍ ഞാന്‍ കുടുങ്ങിപ്പോയതാണ്.. കാരണം ആരാണ് എന്നറിയത്തില്ലെങ്കിലും ഒരൊറ്റ തന്തയുടെ ഗുണമേ എനിക്കുള്ളൂ..അതുകൊണ്ട് തന്നെ ഞാന്‍ നിന്നെ കെട്ടുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്തിരിക്കും. എന്നെ വെറുക്കുന്ന നിന്നെ അന്ന് ഞാന്‍ കെട്ടാന്‍ തീരുമാനിച്ചത് സദുദ്ദേശത്തോടെതന്നെയായിരുന്നു. ഇന്നെനിക്ക് പക്ഷെ അങ്ങനെയൊരു സദുദ്ദേശം ഇല്ലെടി.
ആ ഇവളെ നല്ല വഴിക്കെത്തിച്ചത് എന്റെ ഇടപെടലാണ്..അറിയാമോ? ഞാനത് ഒന്നും ഉദ്ദേശിച്ചു ചെയ്തതല്ല..എന്റെ ഈ അമ്മയോടുള്ള സ്നേഹം കൊണ്ട് മാത്രം ചെയ്തതാണ്. അങ്ങനെ നേരാം വഴിക്കെത്തിയ ഇവള് നാമജപോം കിണ്ടീം ഒക്കെ നടത്തിക്കൊണ്ടിരുന്നതും നിങ്ങള്‍ക്ക് ഓര്‍മ്മ കാണുമല്ലോ..അല്ലെ? എന്നെ മുറിയിലോട്ടു രാത്രി വിളിച്ചു കേറ്റിയത് ഇവളാണ്..എന്നെ അവള്‍ക്ക് കല്യാണം കഴിക്കണമെന്നും വേറെ ആരെയും അവള്‍ കെട്ടില്ല എന്നും എന്നോട് ഈ കൂത്തിച്ചി പറഞ്ഞപ്പോള്‍ ഞാനത് വിശ്വസിച്ചു. അന്ന് ഞാന്‍ അവള്‍ക്ക് വാക്ക് കൊടുത്തു..നിന്നെ മാത്രമേ കെട്ടൂ എന്ന്..അന്ന്..അന്നുരാത്രി ആണ് നിങ്ങളെന്നെ ഈ വീട്ടില്‍ നിന്നും ഇറക്കിവിട്ടത്…ഇതിന്റെ പടി ഇനി കയറില്ല എന്ന് ഞാന്‍ ആഗ്രഹിച്ചെങ്കിലും എന്റെ ഈ അമ്മയെ എനിക്കൊരിക്കലും മറക്കാനോ കാണാതിരിക്കാനോ പറ്റത്തില്ല.
“നടക്കില്ല രുക്മിണി..ഒരിക്കലും നടക്കില്ല. ഊരും പേരും അറിയാത്ത ഒരു തെണ്ടിക്ക് എന്റെ മോളെ ഞാന്‍ കൊടുക്കില്ല” ശങ്കരന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
“തെണ്ടി….അവനെന്നെ കെട്ടുമത്രേ..പോകുന്ന പോക്കില്‍ വല്ല വണ്ടിയുടെയും അടിയില്‍ കയറി അവന്‍ ചത്തുപോയെങ്കില്‍ എത്ര നന്നായേനെ….എന്നെ ഭാര്യ ആക്കാന്‍ നടക്കുന്ന ഊരും പേരും ഇല്ലാത്ത തെണ്ടി.. കണ്ട അവളുമാരുടെ കൂടെ അഴിഞ്ഞാടുന്ന ആഭാസന്‍..എന്നെ നീ കെട്ടും..നിനക്കതിനും മാത്രം കഴിവുണ്ടെങ്കില്‍ എനിക്കതൊന്നു കാണണം. ത്ഫൂ..” ജനലിന്റെ അരികില്‍ രക്തം തിളച്ചു നിന്നിരുന്ന ദിവ്യ സ്വയം പറഞ്ഞുകൊണ്ട് പുറത്തേക്ക് കാറിത്തുപ്പി. അവളുടെ മനസ്സില്‍ വാസുവിനോടുള്ള പക ഉമിത്തീ പോലെ പുകഞ്ഞു പൊന്തുകയായിരുന്നു. അവളുടെ മുഖവും ശരീരവും വിയര്‍ത്ത് ഒഴുകി. ശക്തമായി മിടിക്കുന്ന മനസും ശരീരവുമായി അവള്‍ ഇരുട്ടിലേക്ക് പകയോടെ നോക്കി.
“പോലീസ് നിനച്ച് ഇറങ്ങിയാല്‍, ഏതു കൊടിയ വക്കീലും മുട്ടുകുത്തും എന്ന് സാറിനിപ്പോള്‍ മനസിലായി കാണുമല്ലോ?” നാദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനു ശേഷം പുറത്തേക്ക് വന്ന എ എസ് പി ഇന്ദുലേഖ അഡ്വക്കേറ്റ് ഭദ്രനോട് ഒരു പുഞ്ചിരിയോടെ ചോദിച്ചു. തോല്‍വി നല്‍കിയ കടുത്ത മാനസിക പിരിമുറുക്കത്തിന്റെ നടുവിലും ഭദ്രന്‍ സമചിത്തത വിടാതെ അവളെ നോക്കി ചിരിച്ചു. “മോള് മിടുക്കിയാണ്..പക്ഷെ ഒരു ജാമ്യാപേക്ഷ കോടതി തള്ളി എന്ന് കരുതി എന്റെ കക്ഷി ശിക്ഷ വാങ്ങും എന്ന് കരുതണ്ട. അടുത്ത ജാമ്യാപേക്ഷ കോടതി അനുവദിക്കുന്നത് മോള്‍ക്ക് നേരില്‍ കാണാം..” അയാള്‍ പറഞ്ഞു. “ഈ മോളെ വിളി എന്റെ പ്രായക്കുറവ് മൂലമാണ് എങ്കില്‍ ഓക്കേ. അതല്ല ഞാന്‍ നിങ്ങള്‍ക്കൊരു ഇരയല്ല എന്നുള്ള ധാര്‍ഷ്ട്യം വച്ചാണെങ്കില്‍ വക്കീലെ നിങ്ങള്‍ കുറിച്ചിട്ടോ..അവളെ നിങ്ങള്‍ തലകുത്തി നിന്നാല്‍ പോലും ജാമ്യത്തില്‍ ഇറക്കാന്‍ പോകുന്നില്ല. അവളിലൂടെ ഞാന്‍ എത്തേണ്ടവരില്‍ എത്തും..” ഇന്ദുലേഖ അയാളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞ ശേഷം വണ്ടിയിലേക്ക് കയറി. “ഓള്‍ ദ ബെസ്റ്റ് ഓഫീസര്‍..ഈ ആത്മവിശ്വാസം എനിക്കിഷ്ടപ്പെട്ടു..” “താങ്ക്സ്..പലതും ഇഷ്ടപ്പെടാന്‍ താങ്കള്‍ ഇനി ശീലിക്കും..” അയാളെ സൂക്ഷിച്ചൊന്നു നോക്കിയിട്ട് അവള്‍ വണ്ടിയിലേക്ക് കയറി. മുഖത്ത് പുഞ്ചിരി വരുത്തി നിന്ന ഭദ്രന്‍, അവളുടെ വാഹനം പോയതോടെ കാല്‍ ശക്തമായി നിലത്ത് ആഞ്ഞു ചവിട്ടി. “കഴുവര്‍ടമോള്‍..നിനക്കുള്ള പണി അടുത്ത അപ്പീലില്‍ ഞാന്‍ തരുമെടി പീറെ..” അയാള്‍ പല്ലുകള്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ വാതില്‍ തുറന്ന് തന്റെ ബെന്‍സിനുള്ളിലേക്ക് കയറി. ——————- പോലീസിനെ കണ്ട കരണ്ടി വര്‍ഗീസ് ജീവനും കൊണ്ട് ഓടി; മിന്നല്‍ വേഗത്തിലായിരുന്നു അവന്റെ ഓട്ടം. അവന്റെ കൂടെ ഉണ്ടായിരുന്ന ഗുണ്ടകളെ പോലീസ് കീഴ്പ്പെടുത്തി പിടികൂടി കൈകള്‍ കൂട്ടിക്കെട്ടി. “നിങ്ങള്‍ ഇവന്മാരെ വണ്ടിയില്‍ ഇരുത്ത്. ഒരെണ്ണം പോലും ചാടിപ്പോകരുത്. അവനെ ഞാന്‍ പിടിച്ചിട്ടു വരാം” തൊപ്പി വണ്ടിയുടെ ഉള്ളിലേക്ക് വച്ചിട്ട് പൌലോസ് പറഞ്ഞു. പിന്നെ കരണ്ടി പോയ വഴിയെ അവന്റെ പിന്നാലെ കുതിച്ചു.
“കരണ്ടിച്ചേട്ടോ ഓടിക്കോ..എസ് ഐ പുറകെ ഉണ്ട്” ആരോ ഉറക്കെ പറയുന്നത് കേട്ടു തിരിഞ്ഞു നോക്കിയ കരണ്ടി തന്റെ പിന്നാലെ പാഞ്ഞടുക്കുന്ന പൌലോസിനെ കണ്ട് ഓട്ടത്തിന്റെ വേഗത കൂട്ടി. അവന്‍ നില്‍ക്കില്ല എന്നും ഓടിച്ചിട്ട് പിടിക്കുക മാത്രമാണ് പോംവഴി എന്നും പൌലോസിന് അറിയാമായിരുന്നു. കരണ്ടിക്ക് പക്ഷെ അധികനേരം പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല. കൃത്യം നാലു മിനിറ്റ് കൊണ്ട് പൌലോസ് അവനെ പിടികൂടി. കിട്ടിയ വഴിക്ക് തന്നെ അവന്റെ ചെകിട് തീര്‍ത്ത് ഒരെണ്ണം കൊടുക്കുകയും ചെയ്തു. അടികൊണ്ട കരണ്ടി നിലത്തേക്ക് വീണുപോയി. “എഴുന്നേല്‍ക്കടാ..ഓടിയതിനുള്ള ബാക്കി പണി അങ്ങ് സ്റ്റേഷനില്‍ ചെന്നിട്ടു തരാം..” കരണ്ടി ഉരുണ്ടുപിരണ്ടെഴുന്നേറ്റു പൌലോസിന്റെ മുന്‍പിലായി ജീപ്പിനരുകിലേക്ക് നടന്നു. പോലീസ് ജീപ്പ് അവരുമായി പൊടി പറത്തി പോകുന്നത് കോളനി വാസികള്‍ നോക്കി നിന്നു. “എന്തായി പൌലോസ്..അവന്‍ പറഞ്ഞോ ആര്‍ക്ക് വേണ്ടിയാണ് നാദിയയെ രക്ഷിക്കാന്‍ ശ്രമിച്ചതെന്ന്?” സ്റ്റേഷനില്‍ എത്തിയ പൌലോസ് ഇന്ദുലേഖയെ വിളിച്ചു കരണ്ടിയെ പിടികൂടിയ വിവരം പറഞ്ഞപ്പോള്‍ അവള്‍ ഫോണിലൂടെ ചോദിക്കുകയായിരുന്നു. “അവന്‍ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. നമ്മുടെ മുറപ്രകാരം ഉള്ള ചോദ്യം ചെയ്യല്‍ മാഡത്തിനോട് പറഞ്ഞ ശേഷമാകാം എന്ന് കരുതി വിളിച്ചതാണ്” “ചോദിക്ക്…അവന്‍ സഹകരിക്കുന്നില്ലെങ്കില്‍ മര്യാദ കാണിക്കേണ്ട കാര്യമില്ല..ഇവനൊക്കെ ഗുണ്ടായിസം ജീവിതമാര്‍ഗ്ഗമാക്കിയവനാണ്..എങ്ങനെയും നമുക്കറിയണം ആരാണ് അവന്റെ പിന്നിലെന്ന്..പിന്നെ പൌലോസ്..നിങ്ങള്‍ എത്രയും വേഗം എന്റെ ഓഫീസില്‍ എത്തണം. ചിലത് സംസാരിക്കാനുണ്ട്..” “ശരി മാഡം..” പൌലോസ് ഫോണ്‍ വച്ച ശേഷം ബെല്ലില്‍ വിരലമര്‍ത്തി. ഒരു സിവില്‍ ഓഫീസര്‍ ഉള്ളിലെത്തി സല്യൂട്ട് നല്‍കി. “അക്ബര്‍ ഡ്യൂട്ടിയില്‍ ഉണ്ടോടോ?” “അവന്റെ ഏതോ കൂട്ടുകാര് വന്നു വിളിച്ചോണ്ട് പോകുന്നത് കണ്ടു..” “അയാളുടെ ഒരു കാര്യം..എവിടായാലും ഉടന്‍ സ്റ്റേഷനില്‍ എത്താന്‍ പറ..” “ശരി സര്‍” അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു ബൈക്ക് വെളിയില്‍ വന്നു നിന്നു. അതില്‍ നിന്നും നല്ല തടിയും തണ്ടുമുള്ള ഒരു മുപ്പത്തിയഞ്ച് വയസ് മതിക്കുന്ന യുവാവ് പൌലോസിന്റെ മുന്‍പിലെത്തി സല്യൂട്ട് നല്‍കി.
“എന്താടോ? യൂണിഫോം ഇടുന്ന പരിപാടി ഇല്ലേ?” “അത് സാറേ എന്റെ ഒരു സുഹൃത്ത് ഗള്‍ഫീന്ന് അവധിക്ക് വന്നിട്ടുണ്ട്. അവന്‍ എന്നെ ഒന്ന് കാണാന്‍ വന്നാരുന്നു…” അയാള്‍ തല ചൊറിഞ്ഞു. “ഒവ്വ..ഏത് ബാറില്‍ ആയിരുന്നു മീറ്റിംഗ്..” “അയ്യോ..സാറെങ്ങനെ അറിഞ്ഞു? നൈറ്റ് ക്ലബ്ബില്‍ ആരുന്നു സാറെ..” “ഉം..ഡ്യൂട്ടി ടൈമില്‍ കള്ളുകുടി..താന്‍ ആയതുകൊണ്ട് ഞാന്‍ ക്ഷമിക്കുന്നു. ങാ പിന്നെ അക്ബറെ തന്നെ ഞാന്‍ വിളിപ്പിച്ചത് ഒരു അത്യാവശ്യ കാര്യത്തിനാണ്.. കരണ്ടിയെ ഞാന്‍ പിടിച്ച് സെല്ലില്‍ ഇട്ടിട്ടുണ്ട്. അവനും കുറെ ഗുണ്ടകളും കൂടെ നാദിയ എന്ന പെണ്ണിനെ രക്ഷിക്കാന്‍ പോലീസ് വേഷത്തില്‍ ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ ചെന്ന സമയത്ത് എന്റെ കൈയില്‍ നിന്നും രക്ഷപെട്ടുകളഞ്ഞിരുന്നു….ഇതെപ്പറ്റി ഞാന്‍ മുന്‍പ് നിങ്ങളോട് പറഞ്ഞിട്ടുണ്ടല്ലോ..ഈ നാദിയയും ഇവനും തമ്മില്‍ യാതൊരു പരിചയവുമില്ല. വേറെ ആര്‍ക്കോ വേണ്ടിയാണ് അവനത് ചെയ്തത് എന്ന് സ്പഷ്ടം. അതാരാണ് എന്നറിയണം. മനസ്സിലായോ? താനാകുമ്പോ അത് അതിന്റെ പരുവത്തില്‍ ചോദിച്ചു മനസിലാക്കും എന്നറിയാം. എനിക്ക് അര്‍ജ്നറ്റ് ആയി ഒരു മീറ്റിംഗ് ഉണ്ട്. ഒരു മണിക്കൂറിനകം ഞാന്‍ എത്തും. അപ്പോഴേക്കും അവന്‍ സംസാരിച്ചിരിക്കണം..” “ഏറ്റു സാറേ..ങാ സാറെ ഞാന്‍ എടയ്ക്ക് വച്ചു സാറ് വിളിച്ചതുകൊണ്ട് ഓടിപ്പിടിച്ച് വന്നതാ. ഓള്‍ഡ് കാസ്കിന്റെ കുപ്പി അങ്ങോട്ട് തുറന്നതെ ഒള്ളാരുന്നു.. ഈ പണി കഴിഞ്ഞാ ഞാനങ്ങോട്ടു പൊക്കോട്ടോ” അക്ബര്‍ വീണ്ടും തല ചൊറിഞ്ഞു. “അവന്‍ സത്യം പറഞ്ഞാല്‍ തനിക്ക് പോകാം……” “ഓ..എന്നാ ഞാനവനെ ഒന്ന് കാണട്ട്” “ങാ പിന്നെ ഏതാടോ തന്റെ ഈ ദരിദ്രവാസി ഗള്‍ഫുകാരന്‍?” പൌലോസ് ചോദിച്ചു. “അയ്യോ എന്ത് പറ്റി സാറേ” “അല്ല ഓള്‍ഡ് കാസ്ക് ആണ് അവന്‍ തനിക്ക് വാങ്ങിച്ചു തന്നതെന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ..” അക്ബര്‍ ഇളിഭ്യനെപ്പോലെ ചിരിച്ചു. “ഉം..ചെല്ല്..പണി നടക്കട്ടെ” പൌലോസ് പറഞ്ഞു. “ഓ ശരി സാറേ..” അക്ബര്‍ ഉള്ളിലേക്ക് പോയപ്പോള്‍ പൌലോസ് തൊപ്പി ധരിച്ചിട്ടു പുറത്തേക്കിറങ്ങി. കരണ്ടി സെല്ലിന്റെ മൂലയ്ക്ക് ചുരുണ്ട്കൂടി ഇരിക്കുകയായിരുന്നു. അക്ബര്‍ ഉള്ളിലേക്ക് ചെന്നു ഷര്‍ട്ട് ഊരി ഒരു ഹുക്കില്‍ ഇട്ടു. “എന്താ അക്ബറെ..പൌലോസ് സാറ് പണി ഏല്‍പ്പിച്ചോ” ഒരു പോലീസുകാരന്‍ ചോദിച്ചു. “റമ്മിന്റെ കുപ്പി അങ്ങോട്ട് തുറന്ന് വച്ചതെ ഉള്ളു..അപ്പഴാ സാറ് വിളിക്കുന്നെന്ന് ദാ ലവന്‍ വിളിച്ചു പറഞ്ഞത്. എന്തോ അത്യാവശ്യ പണി കാണും എന്നെനിക്ക് അന്നേരമേ തോന്നി. എന്തായാലും എന്റെ കള്ളുകുടി മുട്ടിച്ച ആ പരട്ടു റാസ്ക്കലിനെ ഞാനൊരു പണി പണിയും….”
“എടാ കാലമാടാ നീ അയാളെ കൊല്ലല്ലേ..” “എടാ അക്ബറു പണി തുടങ്ങിയിട്ട് കൊല്ലം കൊറേ ആയി. ഒരുത്തനും എന്റെ കൈ കൊണ്ട് ചത്തിട്ടില്ല. പക്ഷെ ഈ കൈകൊണ്ട് വാങ്ങിച്ചിട്ടുള്ളവനൊക്കെ നന്നായിട്ടുണ്ട്. അതല്യോ പൌലോസ് സാറ് എന്നെത്തന്നെ ഈ പണി ഏല്‍പ്പിച്ചത്” “ഓ ശരി ശരി..ആ പാവം പിടിച്ചവന്റെ കഷ്ടകാലം..” അക്ബര്‍ സെല്ല് തുറന്ന് ഉള്ളില്‍ കയറി അത് ഉള്ളില്‍ നിന്നും അടച്ചു. പിന്നെ ഒരു സ്റ്റൂളില്‍ ഇരുന്ന് കരണ്ടിയെ നോക്കി. “ടാ..നൈറ്റ് ക്ലബ്ബ് ബാറില്‍ കള്ളുകുടിക്കാന്‍ ഇരുന്ന എന്നെ സാറിങ്ങോട്ട് വരുത്തിയത് നീ ഒരുത്തന്‍ കാരണമാണ്. അതിന്റെ ഒരു കലിപ്പ് എനിക്ക് നിന്നോടുണ്ട്. എന്നാലും ഞാന്‍ അതങ്ങ് മറന്നേക്കാം. പക്ഷെ എനിക്ക് നിന്റെ വായീന്ന് ഒരു വിവരമറിയണം. അത് നീ പെട്ടെന്ന് പറഞ്ഞാല്‍ എനിക്കും നിനക്കും സന്തോഷം. അതല്ല നീ പറയാന്‍ ഭാവമില്ലെങ്കില്‍ എനിക്ക് ബാറീന്നു വരേണ്ടി വന്നതിന്റെ കലിപ്പ് തീര്‍ക്കേണ്ടി വരും.. ഞാന്‍ പണിയാന്‍ തുടങ്ങിയാല്‍, ജനിച്ച ദിവസത്തെ നീ ശപിക്കും. എന്നാ നേരെ ചൊവ്വേ ഉള്ള കാര്യം മണിമണി പോലെ പറഞ്ഞാലോ, ഞാന്‍ നിന്നെ നുള്ളി നോവിക്കത്തുപോലുമില്ല..കേട്ടല്ലോ..ങാ ഇനി പറ..ആരാ നിന്നെ ആശുപത്രിയിലേക്ക് അയച്ചത്?” അക്ബര്‍ കരണ്ടിയെ നോക്കി ചോദിച്ചു. “എന്നെ ആരും അയച്ചതല്ല സാറേ…ഞാനങ്ങ് പോയതാ..ആ കൊച്ച് എനിക്ക് വേണ്ടപ്പെട്ട ആളാ” കരണ്ടി പറഞ്ഞു. “അതേടാ..നിനക്ക് വേണ്ടപ്പെട്ട കൊച്ചുതന്നെ..നിന്റെ അമ്മേടെ രണ്ടാം കെട്ടില്‍ തൊട്ടടുത്ത അയല്‍ക്കാരനുണ്ടായ മോള് അല്യോടാ? എടാ വിവരമില്ലാത്ത പരട്ടു റാസ്ക്കല്‍.. അവള് കൊലപാതക ശ്രമത്തിനാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. നിനക്ക് അവളുമായി ബന്ധമുണ്ട് എന്നറിഞ്ഞാല്‍ നീയും അതെ കുറ്റത്തിന് അകത്താകും. സത്യം പറഞ്ഞാല്‍ നിനക്ക് രക്ഷപെടാം..അവള് മാത്രമേ കുടുങ്ങൂ..” “ഒന്ന് പോ സാറെ. ഭദ്രന്‍ വക്കീലാണ് അവളുടെ കേസ് വാദിക്കാന്‍ പോകുന്നത്. സാറും കേട്ടിട്ടുണ്ടാകും അങ്ങേരുടെ പേര്..കോലഞ്ചേരി ഭദ്രന്‍ വക്കീല്‍..അവള് പുല്ലുപോലെ ജാമ്യം വാങ്ങി പുറത്ത് വരും. ഒരു കുന്തോം നിങ്ങള് ചെയ്യാന്‍ പോന്നില്ല…പോലീസുകാരെ കരണ്ടി ഇന്നോ ഇന്നലെയോ അല്ല കാണാന്‍ തുടങ്ങിയത്..” അവന്റെ പരിഹാസം കണ്ടപ്പോള്‍ അക്ബര്‍ ചിരിച്ചുകൊണ്ട് പിന്നിലേക്ക് നോക്കി. പോലീസുകാര്‍ സഹതാപത്തോടെ കരണ്ടിയെ നോക്കുന്നുണ്ടായിരുന്നു. “എന്നാപ്പിന്നെ അങ്ങനാട്ട്..നീയാ വലതുകൈ ഇങ്ങോട്ട് തന്നെ..” “എന്തിനാ സാറേ” “നിന്റുമ്മാന്റെ പതിനാറിനാടാ കഴുവര്‍ടമോനെ..” പറഞ്ഞതും അക്ബര്‍ കാലുമടക്കി അവന്റെ കരണത്തടിച്ചതും ഒരുമിച്ചായിരുന്നു. കരണ്ടി ഒരു നിലവിളിയോടെ നിലത്തേക്ക് വീണപ്പോള്‍ അയാളുടെ വലതുകൈ പിടിയിലാക്കി തള്ളവിരലില്‍ അക്ബര്‍ പിടുത്തമിട്ടു. ആ വിരല്‍ അയാള്‍ പിന്നിലേക്ക് മടക്കിയപ്പോള്‍ കരണ്ടി ഉറക്കെ കരഞ്ഞു. “അയ്യോ സാറെ എന്റെ വെരല്‍ ഒടിക്കല്ലേ..” നിലവിളിക്കിടെ കരണ്ടി പറഞ്ഞു. “നിനക്ക് ഈ വെരല്‍ ഇല്ലാതെ ഈ പേന ഒന്ന് പിടിക്കാമോ?” പോക്കറ്റില്‍ നിന്നും പേനയെടുത്ത് നീട്ടി അക്ബര്‍ ചോദിച്ചു. കരണ്ടി പറ്റില്ലെന്ന് തലയാട്ടിയപ്പോള്‍ അയാളത് തിരികെ വച്ചു. “പേന പിടിക്കാന്‍ മാത്രമല്ല..ഈ വെരലില്ലാതെ നിനക്ക് ചോറുണ്ണാന്‍ പറ്റത്തില്ല..കള്ളുഗ്ലാസ് എടുക്കാന്‍ ഒക്കത്തില്ല..
വലതുകൈ കൊണ്ട് ഒരു പുല്ലും ചെയ്യാന്‍ പറ്റത്തില്ല..കാരണം ഇവനുണ്ടെങ്കിലെ ബാക്കി വെരലുകള്‍ക്ക് പണി ചെയ്യാന്‍ ഒക്കൂ. അപ്പൊ കരണ്ടി, ഞാന്‍ മൂന്നു വരെ എണ്ണും. അതിനകം നീ പേര് പറഞ്ഞാല്‍, ഈ തള്ളവിരല്‍ നിനക്കും പറഞ്ഞില്ലെങ്കില്‍ എനിക്കും ഇരിക്കും. എന്നിട്ടും നീ പറഞ്ഞില്ലെങ്കില്‍ അത് കഴിഞ്ഞിട്ട് അടുത്ത പണി തുടങ്ങും….നീ പറയുന്നത് വരെ അത്തരം കലാപരിപാടികള്‍ തുടരും..പറയിപ്പിച്ചിട്ടേ അക്ബറു പോകൂ…അപ്പം ഞാന്‍ എണ്ണാന്‍ പോവ്വാ..” അക്ബര്‍ വികൃതമായ ഒരു ചിരിയോടെ അവനെ നോക്കി. “അയ്യോ സാറേ എനിക്കറിയത്തില്ല..ഞാന്‍ സത്യമാ പറഞ്ഞെ..” “ഒന്ന്..” “സാറെ..എന്നെ ഒന്നും ചെയ്യല്ല്..എന്റെ കൈ വിട് സാറേ…” “രണ്ട്..” “എടൊ വിവരക്കെടെ അറിയാമെങ്കില്‍ പറയടോ..അവന്‍ പറഞ്ഞാ പറഞ്ഞതാ..” വെളിയില്‍ നിന്നിരുന്ന ഒരു പോലീസുകാരന്‍ കരണ്ടിയോടു വിളിച്ചു പറഞ്ഞു. “അയ്യോ സാറെ ചെയ്യല്ലേ..” “മൂന്ന്‍..” മൂന്ന് എന്ന് അക്ബര്‍ എണ്ണിയതും കരണ്ടിയുടെ ഉച്ചത്തിലുള്ള നിലവിളിയും എല്ലൊടിയുന്ന ശബ്ദവും ഒരേ സമയത്ത് അവിടെ മുഴങ്ങി. കരണ്ടി അതിവേദനയില്‍ അലറി വിളിച്ചുപോയി. “അയ്യോ എന്നെ കൊല്ലല്ലേ..ഞാന്‍ പറയാമെ….എന്നെ അര്‍ജ്ജുനന്‍ സാറാണെ അയച്ചത്..എന്റെ വെരല് പോയെ.ഹയ്യോ..അമ്മോ..” “വായടയ്ക്കാടാ നായെ..നിന്റെ കൈയും ഞാന്‍ ഒടിക്കും കിടന്നു കാറിയാല്‍… ഏത് അര്‍ജുനന്‍?” അക്ബര്‍ അവന്റെ ഒടിഞ്ഞ വിരലില്‍ നിന്നും വിട്ടുകൊണ്ട് ചോദിച്ചു. “ഗൌരീകാന്ത് സാറിന്റെ മോന്‍..അറേബ്യന്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനീടെ ഒരു ഒടമസ്ഥന്‍..” കരണ്ടി ഭയന്ന് സത്യം തുറന്ന് പറഞ്ഞു. “സത്യമാണോടാ?” “ആണ് സാറേ…എന്റമ്മയാണെ സത്യമാണെ…അര്‍ജ്ജുനന്‍ സാറാ എന്നെ ഈ പണി ഏല്‍പ്പിച്ചത്” “നിനക്കിത് വിരല്‍ പോകുന്നതിനു മുന്‍പേ പറയാമായിരുന്നു..പക്ഷെ എന്ത് ചെയ്യാനാ..വിധി ഇരന്നു വാങ്ങാനാ നിന്റെയൊക്കെ യോഗം..” അക്ബര്‍ എഴുന്നേറ്റു ലോക്കപ്പ് തുറന്ന് പുറത്തിറങ്ങി. “സാറെ ഞാനിത് പറഞ്ഞെന്ന് അവരോടു പറയല്ലേ..എന്നെ അവര് കൊന്നുകളയും” വേദന സഹിക്കാനാകാതെ കൈകുടഞ്ഞുകൊണ്ട് കരണ്ടി വിളിച്ചു പറഞ്ഞു. “അതൊക്കെ നീ പൌലോസ് സാറിനോട് പറഞ്ഞാ മതി..” അക്ബര്‍ അവനെ നോക്കി പറഞ്ഞ ശേഷം പോലീസുകാരുടെ നേരെ തിരിഞ്ഞു “എടൊ ഇവന്റെ മൊഴി രേഖപ്പെടുത്തിക്കോ. സാറ് വരുമ്പം പറഞ്ഞേക്ക് ഞാന്‍ പോയെന്ന്. ആ കാലന്മാര് മൊത്തോം തീര്‍ത്തോ എന്തോ..” ——— പൌലോസ് ഇന്ദുലേഖയുടെ മുറിയിലേക്ക് കയറി സല്യൂട്ട് നല്‍കി. “ഇരിക്ക് പൌലോസ്..” “മാഡം.. കരണ്ടി അര്‍ജ്ജുന്‍ ആണ് തന്നെ അയച്ചത് എന്ന് മൊഴി നല്‍കി..” പൌലോസ് ഇരിക്കുന്നതിനിടെ സന്തോഷത്തോടെ പറഞ്ഞു. “റിയലി? ഇത്ര വേഗം അവനെങ്ങനെ സമ്മതിച്ചു?” ഇന്ദുലേഖ അത്ഭുതത്തോടെ ചോദിച്ചു.
“സ്റ്റേഷനില്‍ ഒരു അക്ബര്‍ ഉണ്ട്. ഇടിയന്‍ അക്ബര്‍ എന്നാണ് അയാളുടെ വിളിപ്പേര്. ഞാന്‍ ഇങ്ങോട്ട് പോരുന്നതിനാല്‍ ചോദ്യം ചെയ്യല്‍ അയാളെ ഏല്‍പ്പിച്ചു..രണ്ട് മിനിറ്റ് കൊണ്ട് കരണ്ടി സത്യം പറഞ്ഞെന്നാ കൂടെ ഉണ്ടായിരുന്ന പോലീസുകാര് പറഞ്ഞത്..ഞാനിങ്ങോട്ട് വരുന്ന വഴിക്ക് തന്നെ അവര്‍ മൊബൈലില്‍ എന്നെ വിളിച്ചു വിവരം പറഞ്ഞു..” “ങേ..അക്ബര്‍ ആള് കൊള്ളാമല്ലോ..” “തനി ഗുണ്ടയാണ് മാഡം അയാള്‍. പക്ഷെ ഏത് ജോലിക്കും നമ്മുടെ ഒപ്പം നില്‍ക്കും. അയാളുടെ ചങ്കുറപ്പും ബുദ്ധിയുമുള്ള ഒരെണ്ണം പോലും വേറെയില്ല സ്റ്റേഷനില്‍. പക്ഷെ കരണ്ടിയുടെ വലതു കൈയുടെ തള്ളവിരല്‍ അയാള്‍ ഒടിച്ചു..ഞാന്‍ അയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പറഞ്ഞിട്ടുണ്ട്..എന്നാലും ആ വിരല് പോക്കാ” “നിങ്ങള്‍ക്ക് പറ്റിയ കൂട്ടാണല്ലോ പൌലോസേ ഈ അക്ബര്‍..” ഇന്ദുലേഖ ചിരിച്ചുകൊണ്ട് പറഞ്ഞു. പൌലോസും ചിരിച്ചു. “പിന്നെ പൌലോസ്. ഐ ഹാവ് എ വെരി ഹാപ്പി ആന്‍ഡ് സര്‍പ്രൈസിംഗ് ന്യൂസ് ഫോര്‍ യു..” ഇന്ദുലേഖ ആഹ്ലാദത്തോടെ പറഞ്ഞു. “യെസ് മാം..” “നാദിയയ്ക്ക് ജാമ്യം കിട്ടിയില്ല..” “റിയലി? അപ്പോള്‍ അഡ്വക്കേറ്റ് ഭദ്രന്‍ തോറ്റു?” “യെസ്..അയാളുടെ മുഖം ഒന്ന് കാണണമായിരുന്നു. ഭദ്രന്റെ അമിത ആത്മവിശ്വാസത്തിനേറ്റ കടുത്ത പ്രഹരമായി ഇന്നത്തെ വിധി. പഴുതുകള്‍ അടച്ച് നമ്മള്‍ നല്‍കിയ റിപ്പോര്‍ട്ട് ആണ് പ്രോസിക്യൂഷന് സഹായമായത്. അതില്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു..” “താങ്ക്സ് മാം..” “പിന്നെ പൌലോസ്..മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി പറയാനുണ്ട്. ആക്ച്വലി അത് പറയാനാണ് ഞാന്‍ നിങ്ങളെ വിളിപ്പിച്ചതുതന്നെ. ഡോണ എന്റെ ക്ലാസ്മേറ്റ് മാത്രമല്ല, ഏറ്റവും അടുത്ത കൂട്ടുകാരി കൂടിയാണ്. മുംതാസും എന്റെ ക്ലാസ് മേറ്റ് ആയിരുന്നു എങ്കിലും, ഞാനും അവളും തമ്മില്‍ അത്ര അടുപ്പം ഉണ്ടായിരുന്നില്ല. ഡോണ പക്ഷെ എല്ലാവരോടും സൌഹൃദം ഉണ്ടാക്കുന്ന പ്രകൃതമാണ്. മുംതാസ് അവളുടെ ജീവനായിരുന്നു. അവളുടെ മരണ സമയത്ത് ഞാന്‍ ഐ പി എസ് ട്രെയിനിങ്ങില്‍ ആണ്. ഞാന്‍ ഇവിടെ ചാര്‍ജ്ജ് എടുക്കുമ്പോഴേക്കും കേസ് വിധി ആയിക്കഴിഞ്ഞിരുന്നു. പക്ഷെ ആ കേസ് ഡെവിള്‍സ് പറഞ്ഞതനുസരിച്ച് പോലീസ് തീര്‍പ്പാക്കിയതാണ് എന്ന് ഞാന്‍ വൈകിയാണ് മനസിലാക്കിയത്. ഡോണ ഇതില്‍ അവളെ സഹായിക്കാന്‍ എന്നോട് ആവശ്യപ്പെട്ടെങ്കിലും ഇതില്‍ എന്റെയൊപ്പം സഹകരിക്കാന്‍ ഒരു ഉദ്യോഗസ്ഥനും തയാറായിരുന്നില്ല. മാത്രമല്ല, പോലീസ് ക്ലോസ് ചെയ്ത് കോടതി വിധി പ്രഖ്യാപിച്ച കേസായത് കൊണ്ട് ഒരു പുനരന്വേഷണം മതിയായ കാരണമില്ലാതെ സര്‍ക്കാര്‍ അനുവദിക്കുകയുമില്ല. അങ്ങനെ ചെയ്‌താല്‍ ആദ്യത്തെ അന്വേഷണത്തില്‍ പോലീസ് കടുത്ത അനാസ്ഥ കാട്ടി എന്നല്ലേ വരൂ? അതുകൊണ്ട് ഞാന്‍ നിസ്സഹായ ആയിരുന്നു ഇക്കാര്യത്തില്‍. എന്നാല്‍ ഇന്ന് നാദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ എനിക്ക് ഒരു മനംമാറ്റം ഉണ്ടായി. അനൌദ്യോഗികമായി എന്തുകൊണ്ട് ഡോണയെ സഹായിച്ചുകൂടാ എന്നതായിരുന്നു എന്റെ ഈ സമയം വരെയുമുള്ള ചിന്ത. നിങ്ങള്‍ ഇക്കാര്യത്തില്‍ എന്റെ കൂടെ നില്‍ക്കും എന്നെനിക്ക് അറിയാവുന്നതും ഇതിനു മറ്റൊരു കാരണമാണ്..എന്ത് പറയുന്നു പൌലോസ്?” ഇന്ദുലേഖ തന്റെ മനസ് തുറന്ന് സംസാരിക്കുകയായിരുന്നു.
“വളരെ നല്ല തീരുമാനമാണ് മാഡം. സത്യത്തില്‍ അവളെ നിയമപരമായി എങ്ങനെ സഹായിക്കാന്‍ കഴിയും എന്ന് ഞാനും ആലോചിച്ചിട്ടുണ്ട്. നമുക്ക് ധാരാളം പരിമിതകളുണ്ട് ഈ കേസില്‍. പക്ഷെ അതിന്റെ പേരുപറഞ്ഞ് ഒറ്റയാള്‍ പോരാട്ടം നടത്തുന്ന അവളെ ഒഴിവാക്കാനും പറ്റില്ല. യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാകേണ്ടത് അവളെക്കാള്‍ നമ്മള്‍ പോലീസിന്റെ ആവശ്യമാണ്” “അതെ..അനൌദ്യോഗികമായി തുടങ്ങി ഔദ്യോഗികമായി ഈ കേസ് അവസാനിപ്പിക്കണം..അതിനുള്ള വഴികളാണ് നമ്മള്‍ ഇനി തേടേണ്ടത്. ഇങ്ങനെ ഈ കേസില്‍ നമ്മള്‍ ഇടപെട്ടിരിക്കുന്നു എന്ന് ഒരു കാരണവശാലും മറ്റാരും അറിയുകയുമരുത്. പോലീസില്‍ തന്നെ ഡെവിള്‍സിന്റെ ചാരന്മാരുണ്ട്” “ഷുവര്‍ മാഡം..ഇത് നമ്മള്‍ രണ്ടാള്‍ക്കും ഇടയിലുള്ള രഹസ്യമായിത്തന്നെ തുടരും” “അപ്പോള്‍ അസീസ്, കരണ്ടി എന്നിവര്‍ അറേബ്യന്‍ ഡെവിള്‍സിനെതിരെ മൊഴി തന്നു കഴിഞ്ഞു. ഇനി നമുക്ക് നാദിയയെക്കൊണ്ട് സത്യം പറയിക്കണം. സാഹചര്യ തെളിവുകള്‍ മൊത്തം അവള്‍ക്കെതിരാണ്. എന്നാലും അവള്‍ പഠിച്ച കള്ളി ആയതിനാല്‍ അവര്‍ക്കെതിരെ സംസാരിക്കില്ല. ഷാജിയുടെ മൊഴിയും ഇവളുടെ മൊഴിയും കൂടിയായാല്‍, നമുക്ക് ഡോണയെ സഹായിച്ചേക്കാന്‍ പറ്റും. പക്ഷെ എന്നാലും എനിക്ക് വലിയ പ്രതീക്ഷ ഒന്നുമില്ല” ഇന്ദുലേഖ പറഞ്ഞു. “മനസിലായില്ല മാഡം” “പൌലോസ്..പോലീസ് മുംതാസ് കേസ് അന്വേഷിച്ച് ആത്മഹത്യാ പ്രേരണയ്ക്ക് പ്രതിയാക്കി ശിക്ഷ വാങ്ങി നല്‍കിയ ആളാണ് അസീസ്. എന്നാല്‍ ഇപ്പോള്‍ അവനല്ല, ഡെവിള്‍സ് ആണ് അതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ പ്രതികള്‍ എന്ന് കോടതിയെ ബോധ്യപ്പെടുത്തുക നിസ്സാര കാര്യമല്ല. അന്നത്തെ കമ്മീഷണര്‍ പണം വാങ്ങി ചെയ്തിട്ട് പോയ പണി നമുക്കൊരു കെണിയാണ്. കോടതിയുടെ മുന്‍പില്‍ ആരന്വേഷിച്ചു എന്നത് വിഷയമല്ല. അന്ന് പോലീസ് നല്‍കിയ സ്റ്റേറ്റ്മെന്റ് തെറ്റായിരുന്നു എന്ന് നമ്മള്‍ തന്നെ പറഞ്ഞാല്‍, അത് സത്യമാണ് എന്ന് എങ്ങനെ കരുതും എന്ന് ജഡ്ജി ഇങ്ങോട്ട് ചോദിച്ചാല്‍, നമുക്ക് ഉത്തരമില്ല നല്‍കാന്‍. നമ്മള്‍ പുതിയ തെളിവുകളും വാദവുമായി ചെല്ലുമ്പോള്‍ ഭദ്രനെപ്പോലെ ഒരു വക്കീല്‍ വിചാരിച്ചാല്‍ പുല്ലുപോലെ ഈ കേസ് തള്ളിപ്പോകും. കാരണം കോടതി നമ്മെ വിശ്വസിക്കില്ല എന്നത് തന്നെ. അതുകൊണ്ട് ഇത് മറ്റൊരു തരത്തില്‍ കൈകാര്യം ചെയ്താലേ കോടതി ഈ കേസ് റീ ഓപ്പണ്‍ ചെയ്യാന്‍ മനസ് കാണിക്കൂ…” ഇന്ദുലേഖ വിശദീകരിച്ചു. “എന്താണ് മാഡം ഉദ്ദേശിക്കുന്നത്?” “പറയാം. പക്ഷെ അത് നമ്മള്‍ രണ്ടാളും മാത്രം സംസാരിച്ചിട്ടു കാര്യമില്ല. ഇന്ന് വൈകിട്ട് കൃത്യം ഏഴുമണിക്ക് ഡോണ എന്റെ വീട്ടിലെത്തും. നിങ്ങളും ആ സമയത്ത് അവിടെ ഉണ്ടാകണം. ഇതെപ്പറ്റി നമ്മള്‍ മൂവര്‍ക്കും ഒരുമിച്ചു വേണം ആലോചിക്കാന്‍. എന്ത് പറയുന്നു?” “ഷുവര്‍ മാഡം..വൈകുന്നേരം ഏഴുമണിക്ക് ഞാന്‍ വീട്ടില്‍ എത്തിക്കോളാം” “ഓക്കേ. യു മി ഗോ ദെന്‍..” “മംഗലാപുരത്തു നിന്നും വല്ല ഇന്‍ഫര്‍മേഷനും ഉണ്ടോ മാഡം….അസീസിനെയും ഭാര്യയെയും വണ്ടി ഇടിച്ചു വീഴ്ത്തിയ വണ്ടിക്കാരനെന്ന് അവന്‍ സംശയിച്ചിരുന്ന ആളെ അവര്‍ തിരക്കിയോ?”
“അയാള്‍ അവിടില്ല എന്നാണ് അറിഞ്ഞത്. ഞാനൊരു ഫോളോ അപ്പ് മെസേജ് വിടാം.” “ഒകെ മാം” സല്യൂട്ട് നല്‍കിയ ശേഷം പൌലോസ് വെളിയിലേക്ക് ഇറങ്ങി. —————- “വല്യ കഷ്ടമാണല്ലോ വാസൂ ആ പെണ്ണിന്റെ കാര്യം. നിനക്ക് അവളെ അങ്ങ് വേണ്ടെന്ന് വച്ചൂടെ?” ഡോണ ജോലി ചെയ്യുന്ന ചാനലിന്റെ കാന്റീനില്‍ ചായ കുടിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഇരുവരും. “അവള്‍ എന്റെ ഭാര്യ ആകാന്‍ പോകുന്നവള്‍ ആണ്…വേണ്ടെന്ന് വയ്ക്കാനായിരുന്നു എങ്കില്‍ എന്റെ മനസ്സില്‍ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നല്ലോ..” അവളുടെ ചോദ്യത്തിന് മറുപടിയായി വാസു ഒരു മറുചോദ്യം പോലെയാണ് സംസാരിച്ചത്. അവന്റെ കണ്ണുകളിലെ പകയും ദുഖവും ഡോണ കാണുന്നുണ്ടായിരുന്നു. “അവളുടെ മോശം പെരുമാറ്റം നിന്നെ വല്ലാതെ മാറ്റിയിട്ടുണ്ട് വാസൂ..നീ വന്നതില്‍ പിന്നെ ഒന്ന് ചിരിച്ചു കണ്ടില്ല ഞാനിതുവരെ….ഒരു പെണ്ണിന് വേണ്ടി നീ നിന്റെ മനസ് നശിപ്പിക്കരുത്..” “ഡോണ..നീയെന്നെ കാണുന്നതിനു മുന്‍പുണ്ടായിരുന്ന ഒരു ഞാനുണ്ട്..തനി കാടന്‍..നീയുമായി സഹകരിക്കാന്‍ തുടങ്ങിയ ശേഷമാണ് എനിക്ക് അല്‍പം മാറ്റം ഉണ്ടായി തുടങ്ങിയത്..പക്ഷെ ഇന്ന് അന്നത്തെതിനേക്കാള്‍ മോശമാണ് എന്റെ മനസിന്റെ സ്ഥിതി. എല്ലാറ്റിനോടും ഒരുതരം പക തോന്നുകയാണ്..എനിക്ക് തന്നെ എന്നെ നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു സ്ഥിതി..” “വാസൂ..ചില സ്ത്രീകളോട് സഹകരിച്ചാല്‍ പുരുഷന്മാര്‍ക്ക് ഒരിക്കലും സമാധാനം കിട്ടില്ല. അത് തന്നെയാണ് നിനക്കും സംഭവിച്ചിരിക്കുന്നത്. നീ ഒന്നുകില്‍ അവളെ വേണ്ടെന്ന് വയ്ക്കുക. അല്ലെങ്കില്‍ അനാവശ്യാമായി അതെപ്പറ്റി ചിന്തിച്ചു ടെന്‍ഷന്‍ അടിക്കാതിരിക്കുക” “ആത്മാര്‍ഥമായി സ്നേഹിക്കുന്നവര്‍ മനസ് തകര്‍ത്താല്‍ അത് ശരിയാകാന്‍ പാടാണ്..മുന്‍പ് ഞാന്‍ സ്നേഹിച്ചിരുന്ന ആരും എന്നെ വേദനിപ്പിച്ചിട്ടില്ല..പക്ഷെ ആകെ രണ്ട് പേരെ മാത്രമേ ഞാന്‍ അന്ന് സ്നേഹിച്ചിരുന്നുള്ളൂ..ഒന്ന് എന്റെ അമ്മയും..പിന്നെ ഗീവര്‍ഗീസ് അച്ചനും..സത്യത്തില്‍ ഞാന്‍ അവരെയല്ല, അവരെന്നെയാണ് സ്നേഹിച്ചിരുന്നത്.. അവര്‍ രണ്ടുപേരും ഒരിക്കലും എന്റെ മനസ് മുറിപ്പെടുത്തിയിട്ടില്ല..പക്ഷെ ഇവള്‍..ഇവളെന്നെ തകര്‍ത്തു..അവളെ..അവളെ ഞാന്‍ മറ്റാരേക്കാളും കൂടുതലായി സ്നേഹിച്ചുപോയതുകൊണ്ട് ആ മുറിവിന്റെ വേദന സഹിക്കാന്‍ പറ്റുന്നതിനും മീതെയാണ്…എന്റെ മനസ് ആകെ പുകയുകയാണ്.. എനിക്ക് ഇവിടെയുള്ള നിന്റെ ജോലി തീര്‍ത്തിട്ട് വേഗം തിരിച്ചു പോകണം….” “അവള്‍ക്കിഷ്ടമില്ലെങ്കില്‍ നീ എന്തിന് വാശി പിടിക്കണം? അവളെക്കാള്‍ നല്ല പെണ്ണിനെ നിനക്ക് ഉറപ്പായും കിട്ടും..അവളെക്കാള്‍ സുന്ദരിയും സ്വഭാവഗുണവും ഉള്ള പെണ്ണിനെ..”
“പെണ്ണിന്റെ സൗന്ദര്യവും സ്വഭാവവും ഒന്നും എനിക്ക് പ്രശനമല്ല. ഞാന്‍ ഒരു പെണ്ണിനേയും മോഹിച്ചിട്ടുമില്ല. ഇവള്‍ പോലും എന്നെയാണ് മോഹിച്ചത്..അവളുടെ അപ്പോഴത്തെ സ്നേഹത്തിന് മുന്‍പില്‍ വീണുപോയതാണ് എനിക്ക് പറ്റിയ തെറ്റ്. ആ സാഹചര്യത്തില്‍ അവളെ ഞാന്‍ മനസുകൊണ്ട് ഭാര്യയാക്കിപ്പോയി.. ജീവിതത്തില്‍ ഒരു പെണ്ണിനെ മാത്രമേ ഞാന്‍ എന്റെ ഭാര്യയായി കാണൂ..ഒരാളെ മാത്രം….ഇനി അവിടെ വേറെ ഒരു സ്ത്രീയ്ക്ക് കയറി വരാന്‍ പറ്റില്ല.. എനിക്കിനി ദിവ്യ മാത്രമേ ഭാര്യ ആകൂ..അത് ഞാനവള്‍ക്ക് നല്‍കിയ വാക്കുമാണ്…” ഡോണ അത്ഭുതത്തോടെ അവനെ നോക്കി. അവനെ അവള്‍ക്ക് മനസിലാക്കാന്‍ സാധിക്കാന്‍ പറ്റാത്തത് പോലെ. “വാസൂ അവള്‍ക്ക് നിന്നെ ഇഷ്ടമല്ലെങ്കില്‍ പിന്നെ എങ്ങനെ നീ അവളെ വിവാഹം ചെയ്യും? ഒരു പെണ്ണിന്റെ മനസ് നിനക്കറിയില്ല..അവള്‍ക്ക് ഇഷ്ടമില്ല എന്ന് പറഞ്ഞാല്‍ ഇഷ്ടമില്ല എന്നുതന്നെ ആണ് അതിന്റെ അര്‍ഥം..ആ തീരുമാനം മാറണം എങ്കില്‍ അവള്‍ തന്നെ വിചാരിച്ചാലേ പറ്റൂ…പക്ഷെ നീ ഒരു വലിയ ആപത്തില്‍ നിന്നും രക്ഷിച്ചിട്ടു പോലും അവളുടെ വെറുപ്പ് മാറിയില്ല എങ്കില്‍..എനിക്ക് തോന്നുന്നില്ല നിന്റെ തീരുമാനം ശരിയാണ് എന്ന്..” “അവള്‍ക്ക് ഇഷ്ടമില്ലെങ്കിലും ഇഷ്ടമാണെങ്കിലും എനിക്ക് ഒരുപോലെ തന്നെ. എന്റെ തീരുമാനത്തിന് മാറ്റമില്ല..” “നിന്റെ സ്വഭാവം എനിക്കറിയാം. നീ എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നവന്‍ ആണ്..ഒരു പെണ്ണിനെ മനസുകൊണ്ട് ഭാര്യ ആക്കിയതിനാല്‍ അവളെ മാത്രമേ വേള്‍ക്കൂ എന്ന് പറയുന്ന നിന്നെപ്പോലെ ഉള്ള ഒരു യുവാവിനു ചേരേണ്ട പെണ്ണല്ല ദിവ്യ….നിന്റെ ഈ മനസിന്റെ വലിപ്പത്തിന്റെ ഒരംശമെങ്കിലും അവള്‍ അറിഞ്ഞിരുന്നു എങ്കില്‍ വല്ല കല്ലിലും തലയടിച്ച് അവള്‍ സ്വയം മരിച്ചേനെ…അത്രയ്ക്ക് അവള്‍ നിന്നെ ദ്രോഹിച്ചിരിക്കുന്നു…ഇത്ര ശുദ്ധനായ നിന്നെ അവള്‍ അര്‍ഹിക്കുന്നില്ല..പക്ഷെ നിന്റെ തീരുമാനം ഉറച്ചതായതുകൊണ്ട് അവളുടെ മനസ് മാറ്റാന്‍ നിനക്ക് സാധിച്ചാല്‍ മാത്രമേ നിന്റെ ആഗ്രഹം പോലെ നടക്കൂ…അതില്‍ നീ എത്രകണ്ട് വിജയിക്കും എന്ന് കണ്ടുതന്നെ അറിയണം” “ഞാന്‍ അവളുടെ മനസ് മാറ്റാന്‍ ഒരു പുല്ലും ചെയ്യാന്‍ പോകുന്നില്ല. വേണേല്‍ അവള് സ്വയം മാറ്റും..എന്റെ മനസിന് അവള്‍ ഏല്‍പ്പിച്ച മുറിവ് എന്റെ വാശി കൂട്ടിയിട്ടേ ഉള്ളൂ..അവളുടെ യാതൊന്നും കണ്ടു മോഹിച്ചുള്ള തീരുമാനമല്ല ഇത്..എങ്കിലും ചെറിയ ഒരു പക എനിക്കുമുണ്ട്..എന്റെ ചെറുപ്പം മുതല്‍ എന്നോട് അവളും അവളുടെ അച്ഛനും കാണിച്ച നികൃഷ്ടമായ പെരുമാറ്റത്തിന് ഞാന്‍ നല്‍കാന്‍ പോകുന്ന സമ്മാനം കൂടി ആയിരിക്കും ഈ വിവാഹം..അവള്‍ എന്നെ ഇഷ്ടപ്പെടാതെ തന്നെ ഇരിക്കുമ്പോള്‍ ആണ് എനിക്കതില്‍ കൂടുതല്‍ ത്രില്ല് കിട്ടുന്നത്” പകയോടെ വാസു പറഞ്ഞു. അവന്റെ കണ്ണുകളിലെ വന്യത ഡോണ ശ്രദ്ധിച്ചു. “ഞാന്‍ അവളെ കണ്ടൊന്നു സംസാരിക്കുന്നുണ്ട്…ഞാന്‍ കാരണം ആണല്ലോ അവള്‍ നിന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്” “വേണ്ട ഡോണ. അവളെ നിനക്കറിയില്ല. വെറും പിശാച് ആണ് അവള്‍. ആ കാണുന്ന രൂപവും അവളുടെ സ്വഭാവവും തമ്മില്‍ പുലബന്ധം പോലുമില്ല..നിന്റെ മനസെങ്ങാനും അവള്‍ വിഷമിപ്പിച്ചാല്‍ പിന്നെ ഒന്നും ആലോചിക്കാനുണ്ടാകില്ല എനിക്ക്; കൊന്നുകളയും നായിന്റെ മോളെ ഞാന്‍..” വാസു പല്ല് ഞെരിച്ചു. ഡോണ അവന്‍ കാണാതെ നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ തുടച്ചു. എന്ത് സ്നേഹമാണ് അവനു തന്നോട്; കെട്ടാന്‍ പോകുന്ന പെണ്ണിനോട് ഉള്ളതിനേക്കാള്‍ സ്നേഹം! ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. കൈലേസ് എടുത്ത് കണ്ണുകള്‍ തുടച്ചിട്ട് ഡോണ അവനെ നോക്കി.
“നമുക്കിത് പിന്നീട് സംസാരിക്കാം. വാസു..അല്‍പം കഴിഞ്ഞ് എനിക്ക് ഇന്ദുവിനെ കാണാന്‍ പോകണം. എന്തോ എന്നെ സഹായിക്കാന്‍ അവള്‍ക്ക് ഒരു താല്‍പര്യം ഉണ്ടായിരിക്കുന്നു. നാദിയയെ ജാമ്യത്തില്‍ ഇറക്കാനുള്ള ഡെവിള്‍സിന്റെ ശ്രമം വിജയിച്ചില്ല. കരണ്ടി വര്‍ഗീസ് അര്‍ജുന്റെ പേര് പൊലീസിന് നല്‍കിയും കഴിഞ്ഞു. നമുക്ക് പ്രതീക്ഷയ്ക്ക് വകയുള്ള ഒരു ദിവസമായിരുന്നു ഇന്ന്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ദു എന്നെ വിളിച്ചിരിക്കുന്നത്. ഞാന്‍ ഓഫീസില്‍ പറഞ്ഞിട്ട് വേഗം വരാം.” “ശരി” അവള്‍ ഓഫീസിലേക്ക് പോയപ്പോള്‍ വാസു ചായ കുടിച്ചിട്ട് പുറത്തേക്കിറങ്ങി. ഇന്ദുലേഖയുടെ വീട്ടില്‍ ഡോണയും വാസുവും എത്തിയതിന്റെ തൊട്ടുപിന്നാലെ പൌലോസും എത്തി. ഇന്ദുവിന്റെ അച്ഛനും അമ്മയും അവരെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു. ഇന്ദുവിന്റെ അമ്മ തന്നെത്തന്നെ സാകൂതം നോക്കുന്നത് കണ്ട ഡോണ പുഞ്ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു. “മോള് ടിവിയില്‍ വരുന്ന കുട്ടിയല്ലേ….” ഇന്ദുവിന്റെ അമ്മ സംശയത്തോടെ ചോദിച്ചു. “ഉവ്വമ്മേ..അവള് തന്നെ ഇവള്..ഡോണ പുന്നൂസ്..എന്റെ കൂടെ പഠിക്കാനുള്ള ഒരു ഭാഗ്യം ഇവള്‍ക്കുണ്ടായി..അതുകൊണ്ടെന്താ.. സിറ്റിയിലെ ഒരു എ സി പിയെ അവള്‍ക്ക് കൂട്ടുകാരിയായി കിട്ടി..അല്ലേടി….” ഇന്ദു പുറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. “ഉയ്യോ..ഒരു എ സി പി..അമ്മെ ഇവള്‍ എന്നോട് ഇടയ്ക്കിടെ പറയും എന്റെ പേരും നീ ഏതേലും വാര്‍ത്തയില്‍ പറയണേടീ എന്ന്” ഡോണ പറഞ്ഞു. “എന്താടീ പറഞ്ഞാല്‍.. അഡ്വക്കേറ്റ് കോലഞ്ചേരി ഭദ്രന്‍ ഇന്ന് എന്റെ മുന്‍പില്‍ തോറ്റു. നിന്റെ സ്ഥാനത്ത് വേറെ വല്ല നല്ല കൂട്ടുകാരികളും ആയിരുന്നെങ്കില്‍ ഇപ്പോള്‍ അതൊരു ഹോട്ട് ന്യൂസായി ചാനലില്‍ വന്നേനെ..” “ഓ പിന്നെ..ഒരു സാദാ ക്രിമിനലിന് കോടതി ജാമ്യം നിഷേധിച്ചത് ആരാടീ വാര്‍ത്ത ആക്കുന്നത്. നീ ഡെവിള്‍സിനെ കുടുക്കാന്‍ എന്റെ ഒപ്പം നിന്നാല്‍..എ സി പി ഇന്ദുലേഖയെ ഞാനൊരു സൂപ്പര്‍ താരം ആക്കും..നോക്കിക്കോ” “ആണേ..അന്ന് നീ കാലുമാറിയാല്‍ വല്ല കള്ളക്കേസിലും കുടുക്കി ഞാന്‍ നിന്നെ അകത്താക്കും..പറഞ്ഞേക്കാം..” അവരുടെ സൌഹൃദ സംഭാഷണം മറ്റുള്ളവര്‍ ആസ്വദിച്ചു ചിരിക്കുമ്പോള്‍ വാസു ഉള്ളില്‍ കയറാതെ പുറത്ത് വരാന്തയില്‍ ഇരിക്കുകയായിരുന്നു. “സൊ ഡോണ..കമോണ്‍..നമുക്ക് മുകളില്‍ ഇരിക്കാം” ഇന്ദുലേഖ പറഞ്ഞു. “വണ്‍ മിനിറ്റ്..വാസു എവിടെ? അവനെന്താ ഉള്ളില്‍ വരാഞ്ഞത്” ഡോണ സ്വയം പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. വരാന്തയുടെ മൂലയ്ക്ക് ഇരിക്കുന്ന വാസുവിന്റെ അടുത്തേക്ക് അവള്‍ ചെന്നു. അവന്റെ മുഖഭാവം കണ്ടപ്പോള്‍ ഡോണയുടെ മുഖം ആര്‍ദ്രമായി. “വാസു..വാടാ..നീ എന്തിനാ ഇവിടെ ഇരുന്നത്?” അവള്‍ ചോദിച്ചു. “ഇല്ല..നിങ്ങള്‍ സംസാരിക്ക്. എനിക്കതില്‍ എന്ത് ചെയ്യാനാണ്..ഞാനിവിടെ ഇരുന്നോളാം” അവന്‍ പറഞ്ഞു. അവന്റെ മനസ് അസ്വസ്ഥമാണ് എന്നറിയമായിരുന്ന ഡോണ അവന്റെ അരികില്‍ ഇരുന്നു.
“വാസു..നീയാണ് എന്റെ ഊര്‍ജ്ജം. നീ ഇങ്ങനെ വിഷമിച്ചിരുന്നാല്‍ എനിക്ക് ഒന്നും ചെയ്യാനുള്ള ശക്തി ഉണ്ടാകില്ല. പ്ലീസ്..നീ ദിവ്യയുടെ കാര്യം മനസ്സില്‍ നിന്നും കളയൂ. അവള്‍ മോശമായി പെരുമാറിയത് നിന്റെ കുഴപ്പം കൊണ്ടല്ലല്ലോ…എടാ..എന്നെ നോക്ക്..നീ വിഷമിച്ചാല്‍ അത് നിന്നെക്കാള്‍ ഏറെ എന്നെ ആകും വേദനിപ്പിക്കുക..” വാസു മിണ്ടിയില്ല. “എന്താ..എന്ത് പറ്റി വാസൂ?’ പൌലോസും അവിടേക്ക് എത്തി. “ഇച്ചായാ ഇവന്‍ മൂഡ് ഓഫ് ആണ്..ഒന്ന് വിളിച്ചോണ്ട് വാ..” ഡോണ എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നുകൊണ്ട് പറഞ്ഞു. പൌലോസ് വാസുവിന്റെ അരികില്‍ ഇരുന്ന് അവന്റെ കൈയില്‍ പിടിച്ചു. “വാസൂ..നിന്നെപ്പോലെ ഒരാളുടെ മനസ് വിഷമിക്കണം എങ്കില്‍ എന്തോ കാര്യമായ പ്രശ്നമുണ്ട് എന്നെനിക്ക് ഊഹിക്കാന്‍ പറ്റും. ഞാന്‍ എന്താണ് കാര്യമെന്ന് ചോദിക്കുന്നില്ല. പക്ഷെ ആ പോയവള്‍ ഇല്ലേ..അവള്‍ക്ക് എന്നേക്കാള്‍ സ്നേഹം നിന്നോടാണ്..നിന്റെ മനസു വിഷമിച്ചാല്‍, അത് അവള്‍ക്ക് താങ്ങാന്‍ പറ്റില്ല. നീ ഒരു കരുത്തനായ യുവാവാണ്..മനസിനെ വരുതിയില്‍ നിര്‍ത്താന്‍ നീ ശീലിക്കണം..നമ്മള്‍ ജീവനോടെ ഇരിക്കുന്നതിനേക്കാള്‍ വലിയ ഭാഗ്യം വേറെ ഒന്നുമില്ല..ജീവനോടെ, ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ വില അറിയണമെങ്കില്‍ ഇടയ്ക്ക് ഏതെങ്കിലും ആശുപത്രികളില്‍ ഒന്ന് കയറിയാല്‍ മതി. നമ്മള്‍ വലിയ പ്രശ്നങ്ങള്‍ ആയി കരുതുന്ന പലതും ഒരു പുല്ലുമല്ല എന്ന് അപ്പോള്‍ ബോധ്യമാകും. ഞാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഏതെങ്കിലും ഒരു ആശുപത്രിയില്‍ പോകാറുണ്ട്…എന്നെത്തന്നെ എന്റെ സൌഭാഗ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വേണ്ടി. അതുകൊണ്ട് ഇപ്പോള്‍ നീ കരുതുന്നതൊന്നും ഒരു ചുക്കുമല്ല..കമോണ്‍ മാന്‍..” പൌലോസ് അവന്റെ കൈയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു. വാസു ഒന്നും മിണ്ടാതെ അയാളുടെ കൂടെ ഇന്ദുവിന്റെ വീടിന്റെ ഉള്ളിലേക്ക് കയറി. “ഡോണ..എനിക്ക് ഇന്ന് നിന്റെ കേസില്‍ വളരെ അവിചാരിതമായി ഒരു താല്പര്യം ഉണ്ടായി. എന്റെ പ്രൊഫഷണല്‍ എത്തിക്സിനു എതിരായ കാര്യമാണ് എങ്കിലും നമ്മള്‍ നിയമം തോല്‍ക്കാന്‍ ആഗ്രഹിക്കുന്നവരല്ലല്ലോ? നിയമത്തിന്റെ കാവലാളുകള്‍ തന്നെ അതിനെ ദുര്‍ബ്ബലപ്പെടുത്തുമ്പോള്‍, അതിനെതിരെ ഇത്ര കഷ്ടപ്പെടുന്ന നിന്നെ മാതൃക ആക്കാനാണ് എന്റെ തീരുമാനം. ഈ കേസില്‍ ഞാന്‍ ഇടപെടുന്നത് നിന്നോടുള്ള എന്റെ താല്‍പര്യം കൊണ്ട് മാത്രമല്ല..നിന്റെ ആദര്‍ശം എന്റെയും തലയ്ക്ക് കുറെ പിടിച്ചു പോയത് കൊണ്ടുകൂടിയാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിതം ഇല്ലാതാക്കിയ ചിലര്‍ യാതൊരു ശിക്ഷയും കിട്ടാതെ സുഖമായി ജീവിക്കുന്നത് എന്നെപ്പോലെ പോലീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ്. അതുകൊണ്ട് മുംതാസ് കേസ് അനൌദ്യോഗികമായി ഞാന്‍ ഏറ്റെടുക്കുന്നു. ഇതില്‍ നമുക്ക് വേണ്ട തെളിവുകള്‍ എല്ലാം ലഭിച്ചാല്‍, നിയമപരമായിത്തന്നെ നമുക്ക് മുന്‍പോട്ടു പോകാം. എന്നാല്‍ അതിനു മുന്‍പേ അങ്ങനെ നീങ്ങാനുള്ള ഒരു അന്തരീക്ഷം നമ്മള്‍ സൃഷ്ടിച്ചെടുക്കണം” ഇന്ദുലേഖ ആമുഖമായി പറഞ്ഞു.
“യു മീന്‍?’ ഡോണ ചോദ്യഭാവത്തില്‍ അവളെ നോക്കി. “ഈ കേസ് പോലീസ് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കി കോടതി തീര്‍പ്പാക്കി ശിക്ഷ വിധിച്ച ഒന്നാണ്. അന്ന് പ്രതിയായി ജയിലില്‍ പോയ ആള്‍ ഇന്ന് താനല്ല പ്രതി എന്ന് നേരിട്ട് കോടതിയോട് പറഞ്ഞാലും അതിനൊരു വിലയും കാണില്ല. നീ എന്തുകൊണ്ട് അന്നങ്ങനെ പറഞ്ഞു എന്ന് കോടതി ചോദിച്ചാല്‍ അയാള്‍ക്ക് ഉത്തരം മുട്ടും. ഇനി എന്തെങ്കിലും മറുപടി നല്‍കിയാല്‍ പോലും കോടതി അത് മുഖവിലയ്ക്ക് പോലും എടുക്കില്ല..” “യെസ്..അതുകൊണ്ട്?” “അതുകൊണ്ട് നമ്മള്‍ പരമാവധി തെളിവുകള്‍ കളക്റ്റ് ചെയ്യണം. അറേബ്യന്‍ ഡെവിള്‍സിന്റെ ഇടപെടല്‍ സംശയാതീതമായിത്തന്നെ കോടതിക്ക് ബോധ്യപ്പെടാന്‍ കഴിയണം. അസീസ്, കരണ്ടി എന്നീ രണ്ടുപേരുടെയും മരിച്ചുപോയ മീനയുടെയും മൊഴികളാണ് ഇപ്പോള്‍ നമ്മുടെ പക്കല്‍ ഉള്ളത്. ഈ മൂന്നു പേരുടെ മൊഴികളും കോടതി അംഗീകരിക്കാന്‍ സാധ്യത കുറവാണ്. കാരണം ഇവര്‍ മൂവരും വിശ്വാസ്യത ഇല്ലാത്തവരാണ് എന്നത് തന്നെ. അതുകൊണ്ട് വിശ്വാസ്യതയുള്ള ആരുടെയെങ്കിലും മൊഴി നമുക്ക് വേണം. ഒപ്പം അന്ന് മുംതാസിനെ അവരുടെ താവളത്തില്‍ എത്തിച്ചു എന്നതിന്റെ വ്യക്തമായ തെളിവ് നമ്മള്‍ കണ്ടെത്തുകയും വേണം. അസീസിന് നമ്മെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ പറ്റും.” “അന്ന് അവരുടെ വണ്ടി ഒടിച്ച ഷാജിയുടെ മൊഴിയും നിര്‍ണ്ണായകമാണ്. അവന്‍ നമ്മോടു പക്ഷെ സഹകരിക്കുമെന്ന് കരുതാന്‍ പറ്റില്ല” ഡോണ പറഞ്ഞു. “അവന്റെ മൊഴി നമുക്ക് കിട്ടണം. ഇങ്ങനെ തെളിവുകള്‍ മൊത്തം കിട്ടിയാല്‍പ്പോലും നമുക്ക് കോടതിയെ സമീപിക്കാന്‍ പറ്റില്ല. കാരണം പോലീസ് തന്നെ തങ്ങള്‍ യഥാര്‍ത്ഥ പ്രതിയെ അല്ല അന്ന് ഹാജരാക്കിയത് എന്ന് പറഞ്ഞാല്‍, പിന്നെ ഇപ്പോള്‍ നിങ്ങള്‍ പറയുന്നത് എങ്ങനെ വിശ്വസിക്കും എന്നാകും കോടതിയുടെ ചോദ്യം. അതുകൊണ്ട് ഇത് ഒരു ജനകീയ പ്രശ്നമാക്കി മാറ്റി മാധ്യമങ്ങളും ജനങ്ങളും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയാല്‍ മാത്രമേ ഇതിനൊരു സോഷ്യല്‍ ഇമ്പാക്റ്റ് ലഭിക്കൂ. അങ്ങനെ ഒരു സിറ്റുവേഷന്‍ ഉണ്ടായാല്‍, കേസ് പരിഗണിക്കാന്‍ കോടതി നിര്‍ബന്ധിതമാകും. അന്നത്തെ അന്വേഷ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതി നടപടി സ്വീകരിക്കുന്നെങ്കില്‍ സ്വീകരിച്ചോട്ടെ..അത് നമുക്ക് പ്രശ്നമല്ല. പക്ഷെ നീ നിന്റെ മീഡിയ ഇന്‍ഫ്ലുവന്‍സ് ഉപയോഗിച്ച് ഈ വിഷയം വീണ്ടും സജീവമാക്കണം. അതിനു മുന്‍പ് മൊത്തം തെളിവുകളും നമ്മള്‍ ശേഖരിക്കുകയും വേണം.
ഡെവിള്‍സിന് വേണ്ടി ഹാജരാകുക അഡ്വക്കേറ്റ് ഭദ്രന്‍ ആണ് എന്ന ഫാക്റ്ററും നമ്മള്‍ ഗൌരവമായിത്തന്നെ കാണണം. ചെറിയ ഒരു പിഴവ് പോലും നമ്മുടെ ഭാഗത്തുണ്ടാകാന്‍ പാടില്ല.” ഇന്ദുലേഖ പൌലൊസിനെയും ഡോണയെയും നോക്കി. “അതെ മാഡം. നമുക്കിത് വ്യക്തമായ പ്ലാനോട് കൂടി വേണം ചെയ്യാന്‍. ആദ്യം തെളിവുകള്‍..പിന്നെ മീഡിയ ഹൈപ്..പക്ഷെ ഡെവിള്‍സിനെതിരെ ന്യൂസ് നല്കാന്‍ ഇവളുടെ മുതലാളി തയാറാകുമോ?” പൌലോസ് സംശയത്തോടെ ഡോണയെ നോക്കി. “ഒരിക്കലുമില്ല. നമുക്ക് അവരുടെ പേര് പറഞ്ഞുകൊണ്ട് ന്യൂസ് നല്‍കാന്‍ പറ്റില്ല. പകരം ചില പ്രമുഖര്‍ എന്നോ മറ്റോ മാത്രമേ പറയാന്‍ പറ്റൂ. അതുതന്നെ അയാള് സമ്മതിക്കുമോ എന്ന് സംശയമാണ്. എങ്കിലും അത് ഞാന്‍ മാനേജ് ചെയ്തോളാം. നമ്മള്‍ ഈ ചര്‍ച്ച തുടക്കമിട്ടു ജനം ശ്രദ്ധിക്കുന്നു എന്നറിഞ്ഞാല്‍ ബാക്കി എല്ലാവനും തനിയെ പിന്നാലെ കൂടിക്കോളും” ഡോണ പറഞ്ഞു. “വെല്‍..നീ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഇത് നിന്റെ വ്യക്തിപരമായ അന്വേഷണ ഫലമാണ് എന്നെ പറയാവൂ. എന്റെയോ പൌലോസിന്റെയോ ഇടപെടല്‍ ആരും അറിയരുത്. കാരണം ഞങ്ങള്‍ അണ്‍ ഒഫീഷ്യലായാണ് തല്‍ക്കാലം ഇതില്‍ ഇടപെടുന്നത്. അതുകൊണ്ടാണ് ഈ ചര്‍ച്ച ഞാന്‍ വീട്ടിലാക്കിയതും” “ഇല്ല. ഇത് കോടതിയില്‍ എത്തുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ മാത്രമേ നിന്റെയും ഇച്ചായന്റെയും പേരുകള്‍ ഞാന്‍ പുറത്ത് വിടൂ” “ഒകെ..അപ്പോള്‍ അടുത്തത് തെളിവുകളുടെ ലിസ്റ്റ് ആണ്. ഒന്നാമതായി ഷാജി എന്ന ഡ്രൈവറുടെ മൊഴി നമുക്ക് കിട്ടണം..അതേപോലെ നീ പറഞ്ഞ ഏതോ രണ്ടുപെരില്ലേ? മുംതാസിനെ വണ്ടിയില്‍ കയറ്റി കൊണ്ട് പോകുന്നത് കണ്ടു എന്ന് പറഞ്ഞവര്‍? അവരുടെ മൊഴി വളരെ പ്രധാനപ്പെട്ടതാണ്.” ഇന്ദുലേഖ ഡോണയെ നോക്കി. “അതെ..അബുബക്കര്‍ ഇക്കയും ട്രീസ ടീച്ചറും..പക്ഷെ ഡെവിള്‍സിനെതിരെ മൊഴി നല്‍കാന്‍ അവര്‍ക്ക് ധൈര്യമില്ല” ഡോണ ആശങ്കയോടെ പറഞ്ഞു. “കിട്ടിയേ പറ്റൂ. അതിനുള്ള വഴി നമ്മള്‍ കണ്ടെത്തണം” ഇന്ദുലേഖ പറഞ്ഞു. “പിന്നെ അവളെ കൊണ്ടുപോയ വണ്ടി അവരുടേതാണ് എന്ന് തെളിയിക്കാന്‍ പറ്റണം. അതിന്റെ നമ്പര്‍ ട്രീസയ്ക്കും ബക്കറിനും നല്‍കി അവരത് ഓര്‍ത്തിരിക്കാന്‍ കാരണമായി പറയേണ്ടത് പോലീസില്‍ വിളിക്കാന്‍ വേണ്ടി കുറിച്ചെടുത്തു എന്നായിരിക്കണം. പക്ഷെ ഡെവിള്‍സ് ഭീഷണി മുഴക്കിയതിനാല്‍ ഭയം കാരണം ചെയ്തില്ല എന്ന് കോടതിയില്‍ പറയാം..അവര്‍ക്ക് ഭീഷണി കിട്ടിയതിന്റെ തെളിവായി എന്ത് കിട്ടുമെന്ന് ഞാനൊന്നു ശ്രമിച്ചു നോക്കാം..” പൌലോസ് പറഞ്ഞു. “മറ്റൊന്ന്..മുംതാസിനെ പ്രണയിച്ചു ചതിച്ച കബീര്‍ ആണ്. അവനെ കിട്ടിയാല്‍ നമ്മള്‍ പകുതി ഗെയിം ജയിച്ചു. പക്ഷെ അവന്‍ വിദേശത്ത് എവിടെയോ ആണ്. അവനാണ് ഈ കൊട്ടേഷന്‍ ഡെവിള്‍സിന് നല്‍കിയത്..” ഡോണ ഇന്ദുലേഖയെ നോക്കിയാണ് അത് പറഞ്ഞത്. “അവനെക്കുറിച്ച് രഹസ്യമായി നമുക്ക് അന്വേഷിക്കാം..എവിടെ ഉണ്ടെങ്കിലും അവനെ നാട്ടില്‍ എത്തിക്കണം..” ഇന്ദുലേഖ പറഞ്ഞു. “അപ്പോള്‍ ആദ്യം നമുക്ക് ഷാജി..എന്താ മാഡം?” പൌലോസ് ചോദിച്ചു.
“അതെ. അവന്‍ അവര്‍ക്കെതിരെ മൊഴി നല്‍കണം. ഡോണ, ഓരോ വ്യക്തികള്‍ നല്‍കുന്ന മൊഴികളും നീ വീഡിയോ ആയി വേണം സൂക്ഷിക്കാന്‍. അതിന്റെ ഓരോ കോപ്പികള്‍ നീയും ഞാനും പൌലോസും സൂക്ഷിക്കണം. വീഡിയോ മോഴികള്‍ക്ക് ഒപ്പം, അവര്‍ എഴുതി സ്വന്തം വിരലടയാളം പതിച്ച് നല്‍കുന്ന സ്റ്റേറ്റ്മെന്റും നമ്മള്‍ വാങ്ങണം. നാളെ അവര്‍ കാലുമാറിയാലും കോടതിയില്‍ നമ്മുടെ ഭാഗം തോല്‍ക്കാന്‍ പാടില്ല” ഇന്ദുലേഖ പറഞ്ഞു. “എന്റെ പക്കല്‍ വീഡിയോകള്‍ തന്നെയാണ് ഉള്ളത്. എഴുതി വാങ്ങല്‍ ഞാന്‍ വിചാരിച്ചാല്‍ നടക്കില്ല..” “എനിവേ..ആദ്യം നമുക്ക് ഷാജിയുടെ കാര്യം സംസാരിക്കാം. അവന്റെ അനുകൂല മൊഴി കിട്ടാന്‍ എന്താണ് വഴി?” ഇന്ദുലേഖ പൌലൊസിനെയും ഡോണയെയും നോക്കി. “അത് വാസു ഏറ്റിട്ടുണ്ട്..” അവനെ നോക്കി ഡോണ പറഞ്ഞു. “എങ്ങനെയാണ് വാസൂ നീ അത് പ്ലാന്‍ ചെയ്യുന്നത്?” ഇന്ദുലേഖ അവനോടു ചോദിച്ചു. “അത് ഞാന്‍ ചെയ്തോളാം. പക്ഷെ പോലീസില്‍ പരാതി വന്നാല്‍ നിങ്ങള്‍ എനിക്കെതിരെ തിരിയരുത്…” വാസു പറഞ്ഞു. “നീ ആരെയും കൊല്ലുകയൊന്നും ഇല്ലല്ലോ?” ഇന്ദുലേഖ ചെറുചിരിയോടെ ചോദിച്ചു. “ഏയ്..പക്ഷെ പോലീസില്‍ പരാതി വരാനിടയുണ്ട്….” “അക്കാര്യത്തില്‍ നീ പേടിക്കണ്ട. ഞങ്ങളത് വേണ്ടതുപോലെ കൈകാര്യം ചെയ്തോളാം. പക്ഷെ അവന്‍ മൊഴി നല്‍കണം..” “നല്‍കിയിരിക്കും…” “എന്നാല്‍ ശരി. ഷാജിയുടെ മൊഴിക്ക് ശേഷം നമുക്ക് അടുത്ത കാര്യം തീരുമാനിക്കാം. വാസൂ ആള്‍ ദ ബെസ്റ്റ്..സൂക്ഷിക്കണം” ഇന്ദുലേഖ പറഞ്ഞു. വാസു മറുപടി ഒന്നും നല്‍കിയില്ല. ———————— മാത്തന്‍ ജൂനിയറിനു പ്രായം പത്തൊമ്പത്. ഗള്‍ഫില്‍ നിന്നു പണംവാരുന്ന സീനിയര്‍ മാത്തന്‍ പുത്രന് വേണ്ടതെല്ലാം സാധിച്ചു കൊടുക്കാനാണ് താന്‍ മരുഭൂമി സ്വര്‍ഗ്ഗമായി കരുതുന്നത് എന്ന് ചിന്തിക്കുന്ന കൂട്ടത്തിലാണ്. ഏക മകന് വേണ്ടി വലിയ വീടും വന്‍ ബാങ്ക് ബാലന്‍സും സ്വരുക്കൂട്ടിയ അയാള്‍ അവന് മറ്റൊരു വീടുകൂടി പണിതുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് വെറും ആറുമാസം മാത്രം പഴക്കമുള്ള ബൈക്ക് മാറ്റി പുതിയ ഡ്യൂക്ക് വാങ്ങി അയാള്‍ അവനു നല്‍കിയത്. മാര്‍ക്കറ്റില്‍ ഇറങ്ങുന്ന ഏറ്റവും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ ആദ്യമായി സ്വന്തമാക്കുന്നവരില്‍ ഒരാള്‍ ജൂനിയര്‍ മാത്തന്‍ ആയിരിക്കും. മൂന്നോ നാലോ മൊബൈലുകള്‍ ഉള്ള അവന്‍ അതുപയോഗിച്ചു പല പരിപാടികളും ചെയ്യാറുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് അവന്‍ ഗ്ലാമര്‍ ഉള്ള സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും അവരറിയാതെ എടുത്ത് നെറ്റില്‍ ഇടുന്ന ഒരു ഹോബി കുറെക്കാലമായി പിന്തുടരുന്നുണ്ട്.
എന്തായാലും മുഖം കാണിക്കാതെയാണ് അവന്‍ സംഗതി നെറ്റില്‍ ഇടുക. മുഖം അവനു കാണാനും ബാക്കി നാട്ടുകാര്‍ക്ക് കാണാനും എന്നാണ് അവന്റെ പോളിസി. അന്ന് ഉച്ചയ്ക്കും അവന്‍ തന്റെ ഡ്യൂക്ക് ബൈക്കില്‍ ഇരുന്നുകൊണ്ട്, ആരും ശ്രദ്ധിക്കാത്ത തരത്തില്‍ ബസ് സ്റ്റോപ്പിലെ ചില പെണ്‍കുട്ടികളുടെ വീഡിയോ ലോങ്ങ് റേഞ്ചില്‍ എടുക്കുകയായിരുന്നു. മൊബൈല്‍ വീഡിയോ എടുക്കുന്നതായി ഒരാള്‍ക്കും തോന്നാത്ത തരത്തില്‍ ഇയര്‍ ഫോണ്‍ വച്ച് ആരോടോ സംസാരിക്കുന്ന മട്ടിലാണ് മാത്തന്‍ ജൂനിയര്‍ തന്റെ വിദഗ്ധമായ കഴിവ് പ്രയോഗിച്ചുകൊണ്ടിരുന്നത്. പക്ഷെ ഒരാള്‍ വീഡിയോ എടുക്കുന്നത് കണ്ടാല്‍ തല്‍ക്ഷണം അത് മനസിലാക്കാന്‍ കഴിവുള്ള ഡോണ, വാസുവിന്റെയൊപ്പം അതുവഴി തന്നെ അപ്പോള്‍ വന്നത് മാത്തന്‍ ജൂനിയറിന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍. “ടാ വാസു..നീയല്ലേ പറഞ്ഞത് ഷാജിയെ വിളിക്കാന്‍ നിനക്ക് മറ്റാരുടെയെങ്കിലും മൊബൈല്‍ വേണമെന്ന്..സംഗതി ഇവിടെ ഒത്തിട്ടുണ്ട്..നീ വണ്ടി നിര്‍ത്തി പിന്നില്‍ കയറ്..ഞാന്‍ ഓടിക്കാം” ഡോണ വാസുവിനോട് പറഞ്ഞു. “ഇവിടെ എവിടെ?” വാസു ചോദിച്ചു. അവന്‍ ബൈക്ക് നിര്‍ത്തി ഹെല്‍മറ്റ് ഊരി അവള്‍ക്ക് നല്‍കി. “ഒക്കെയുണ്ട്. നീ ദോ അങ്ങോട്ട് നോക്കിക്കേ..കണ്ടോ ഒരു ചുള്ളന്‍ നിന്നുകൊണ്ട് വീഡിയോ എടുക്കുന്നത്..ആ പെണ്ണുങ്ങളെ ആണ് അവന്‍ ഷൂട്ട് ചെയ്യുന്നത്” ഡോണ അല്‍പം അകലെ നില്‍ക്കുന്ന മാത്തന്‍ ജൂനിയറിന്റെ നേരെ കണ്ണ് കാണിച്ചുകൊണ്ട് പറഞ്ഞു. വാസു നോക്കി. “ഏയ്..അവന്‍ ആരോടോ സംസാരിക്കുകയാണ്” “മോന്‍ പിന്നിലോട്ടു കേറ്..ഞാന്‍ ബൈക്ക് അവന്റെ അടുത്തു നിര്‍ത്തുമ്പോള്‍ നീ ഇറങ്ങി അവനൊരു പെട കൊടുക്കണം. മൊബൈല്‍ അവന്റെ കൈയീന്നു താഴെ വീഴണം. ആളുകള്‍ ഓടിക്കൂടുമ്പോള്‍ അത് ഞാന്‍ ഇറങ്ങി എടുത്തോളാം..ആ ഫോണ്‍ നിന്റെ ആവശ്യത്തിനു തല്‍ക്കാലം ഉപയോഗിക്കാം” ഡോണ പറഞ്ഞു. അവള്‍ ബൈക്കില്‍ കയറി അത് സ്റ്റാര്‍ട്ട് ആക്കിയപ്പോള്‍ വാസു കയറിയിരുന്നു. അവള്‍ ബൈക്ക് മിന്നല്‍ പോലെ പായിച്ച് മാത്തന്‍ ജൂനിയറിന്റെ അരികിലെത്തി ശക്തമായി ബ്രേക്കിട്ടു. ദ്രുതഗതിയില്‍ ചാടിയിറങ്ങിയ വാസു അവള്‍ പറഞ്ഞത് ശരിയാണ് എന്ന് അവന്റെ ഫോണില്‍ നോക്കി മനസിലാക്കിയതും അവന്റെ മുഖമടച്ച് അടിച്ചതും ഒരുമിച്ചാണ്. എന്ത് സംഭവിച്ചു എന്ന് മാത്തന്‍ ജൂനിയര്‍ മനസിലാക്കിയപ്പോഴേക്കും ഫോണ്‍ ഡോണയുടെ കൈയിലേക്ക് തന്നെ തെറിച്ചു വീണുകഴിഞ്ഞിരുന്നു. “കൊച്ചു കഴുവേറി..നീ പട്ടാപ്പകല്‍ പെണ്ണുങ്ങളുടെ വീഡിയോ എടുക്കും അല്ലേടാ?’ ബൈക്കുമായി നിലത്തേക്ക് വീണ മാത്തന്‍ ജൂനിയറിന്റെ ഷര്‍ട്ടില്‍ പിടിച്ചു തൂക്കി എടുത്തുകൊണ്ട് വാസു ചോദിച്ചു. “അയ്യോ സാറേ അടിക്കല്ലേ..ഞാന്‍ അറിയാതെ..” “എന്താ എന്താ സാറെ പ്രശ്നം..” സംഗതി കണ്ട ആളുകള്‍ വേഗം അവിടേക്ക് ഓടിക്കൂടി.
“ഇവന്‍ ഇവിടെ ഇരുന്നുകൊണ്ട് ആ പെണ്ണുങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുകയായിരുന്നു..” വാസു പറഞ്ഞു. “ങേ..അത് ശരി..അടിക്കടാ അവനെ..” ആരോ അലറി. ആളുകള്‍ ജൂനിയര്‍ മാത്തനെ പൊക്കി എടുത്ത് പെരുമാറാന്‍ തുടങ്ങിയപ്പോഴേക്കും വാസു ഡോണയുടെ പിന്നില്‍ കയറിക്കഴിഞ്ഞിരുന്നു. ഡോണ ബൈക്ക് മുന്‍പോട്ടെടുത്തു. ———————- “സഫിയ മോളേ..” സ്കൂള്‍ വിട്ടു ബാഗുമായി സ്ഥിരം പോകുന്ന ഓട്ടോയില്‍ കയറാന്‍ റോഡിലേക്ക് പോകുകയായിരുന്ന സഫിയയെ വാസു വിളിച്ചു. അവള്‍ മുന്‍പ് കണ്ടു പരിചയമില്ലാത്ത അവനെ നിഷ്കളങ്കതയോടെ നോക്കി. “മോള്‍ടെ വാപ്പെടെ കൂട്ടുകാരനാ മാമന്‍. മോള് ഇപ്പൊ വീട്ടിലോട്ടു പോണ്ട. അവിടെ പോലീസ് കേറി ഉപ്പൂപ്പാനേം മോള്‍ടെ ഉമ്മേനേം എല്ലാം പിടിച്ചോണ്ട് പോയി. വാപ്പ അയച്ചതാ മാമനെ..വാപ്പേം പോലീസ് തെരക്കുന്നുണ്ട്. മോള് ചെന്നാല്‍ മോളേം പോലീസ് കൊണ്ടുപോകും..വാപ്പ മംഗലാപുരത്ത് നിന്നും വരുന്ന വരെ മോളെ മാമന്റെ വീട്ടില്‍ താമസിപ്പിക്കാന്‍ എന്നെ വിളിച്ചു പറഞ്ഞു..നമുക്ക് പോകാം..” “യ്യോ..എന്തിനാ എന്റെ ഉമ്മേനേം ഉപ്പൂപ്പാനേം പോലീസ് പിടിച്ചത്..” “മാമനറിയില്ല. മോളെ വീട്ടിലാക്കിയിട്ടു മാമന്‍ പോയി തിരക്കാം എന്താ..” “എവിടാ മാമന്റെ വീട്?” “ഇവിടെ അടുത്താ…” വാസു ശങ്കയോടെ നോക്കി. കൊച്ച് വരുമോ എന്നവന് വലിയ നിശ്ചയം ഒന്നും ഉണ്ടായിരുന്നില്ല. വന്നില്ലെങ്കില്‍ രാത്രി തട്ടിയെടുത്ത് പോകാനായിരുന്നു അവന്റെ പ്ലാന്‍. പക്ഷെ സഫിയ അവനെ വിശ്വസിച്ചു. വാസു കുട്ടിയെ ബൈക്കില്‍ ഇരുത്തി നേരെ അവന്റെ വീട്ടിലേക്ക് പോയി. “ഗോപാലന്‍ ചേട്ടാ ഇതെന്റെ കൂട്ടുകാരന്‍ ഷാജിയുടെ മോളാണ്. വീട്ടില്‍ ചില കുഴപ്പങ്ങള്‍ കാരണം കൊച്ചിനെ രണ്ട് ദിവസം ഇവിടെ നിര്‍ത്താന്‍ കൊണ്ടുവന്നതാ..ഇവളെ നല്ലോണം നോക്കിക്കോണേ..ഇത് ഇവള്‍ക്കിടാനുള്ള തുണികള്‍ ആണ്…” വഴിക്ക് ഒരു കടയില്‍ നിന്നും വാങ്ങിയ രണ്ട് ജോഡി ഡ്രസ്സ് നല്‍കിക്കൊണ്ട് വാസു ഗോപാലനോട് പറഞ്ഞു. “അതിനെന്താ കുഞ്ഞേ..മോള് പോയി കുളിച്ചിട്ടു ബാ….” ഗോപാലന്‍ അവളുടെ ബാഗ് വാങ്ങി വച്ചുകൊണ്ട് പറഞ്ഞു. “ഹായ് മാമന്റെ നല്ല വീടാണല്ലോ..എനിക്ക് ടിവി കാണാമോ?” സഫിയ ചുറ്റും നോക്കി ആഹ്ലാദത്തോടെ ചോദിച്ചു. “പിന്നെന്താ..ഈ അപ്പാപ്പനോട് പറഞ്ഞാ മതി..മോള്‍ക്ക് വേണ്ടതെല്ലാം തരും കേട്ടോ..മോള് വാപ്പ വരുന്നത് വരെ ഇവിടെ താമസിച്ചോണം. സ്കൂളിലും പോണ്ട അതുവരെ കേട്ടോ” വാസു പറഞ്ഞു. “വാപ്പ എപ്പോ വരും?” “മാമന്‍ ചോദിച്ചിട്ട് പറയാം. ഗോപാലന്‍ ചേട്ടാ ഞാന്‍ പോയിട്ട് വരാം. കുട്ടിയെ വെളിയിലെങ്ങും വിടരുത്. ഞാന്‍ വന്നിട്ടേ നിങ്ങള് പോകാവൂ..അഥവാ സന്ധ്യ കഴിഞ്ഞും ഞാന്‍ വന്നില്ലെങ്കില്‍ ഇവളെ നിങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പൊക്കോ..അവിടെ പിള്ളേരുടെ കൂടെ കളിച്ചോളും” “ശരി കുഞ്ഞേ..” വാസു പുറത്തിറങ്ങി ബൈക്കില്‍ കയറി.
Comments:
No comments!
Please sign up or log in to post a comment!