ഡിറ്റക്ടീവ് അരുൺ 6
കഥയിലേക്ക് കടക്കും മുമ്പ് രണ്ടു വാക്ക്. ഇതിന്റെ മുൻ ഭാഗത്തേക്കാൾ മികച്ചതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നറിയില്ല. നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെയുള്ള ഓരോ എഴുത്തുകാരന്റെയും പ്രതിഫലം. പ്ലീസ് സപ്പോർട്ട്. എഴുതുന്നതിന്റെയും വായിക്കുന്നതിന്റെയും പത്തിലൊന്ന് സമയം പോലും വേണ്ടല്ലോ ഒരു നിർദ്ദേശം, അല്ലെങ്കിൽ അഭിപ്രായം പറയാൻ പ്രതീക്ഷയോടെ അടുത്തഭാഗം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.

തന്റെ മുന്നിൽ ആയുധങ്ങളുമായി നിൽക്കുന്ന മല്ലന്മാരെ അരുൺ ഒന്ന് നോക്കി. അവരുടെ കയ്യിലുള്ള ഇരുമ്പ് ആയുധങ്ങൾ കൊണ്ട് അടി കിട്ടിയാൽ പിന്നെ അവരോട് പിടിച്ചുനിൽക്കാൻ അസാധ്യമാണ് എന്ന് അവന് മനസ്സിലായി അതുപോലെ തന്നെ മൂന്നുപേരും ഒരുമിച്ചു വന്നാലും പിടിച്ചുനിൽക്കാൻ സാധിക്കില്ല തനിക്കും ആയുധം കിട്ടിയേ തീരൂ.
അരുണിന്റെ മിഴികൾ ചുറ്റും പരതി. കുറച്ചപ്പുറത്തായി ചുമരിൽ ചാരി വച്ചിരിക്കുന്ന ഒരു ഇരുമ്പ് റോട് അവന്റെ ശ്രദ്ധയിൽപ്പെട്ടു. അത് കൈക്കലാക്കാനായി അവന്റെ ഉള്ളം വെമ്പൽ കൊണ്ടു.
“ഉനക്ക് അന്ത ലാറിയെ കാണണമാ.” കൂട്ടത്തിലൊരുത്തൻ അരുണിന്റെ അരികിലേക്ക് നടന്നടുത്തുകൊണ്ട് അരുണിനോട് ചോദിച്ചു. അരുൺ വേണമെന്ന അർത്ഥത്തിൽ പതിയെ തലകുലുക്കി.
“താങ്ക മുടിയാത്.” അയാൾ കൈയിലിരുന്ന ആയുധം അരുണിന് നേരെ ആഞ്ഞുവീശി.
അത് പ്രതീക്ഷിച്ച് കരുതലോടെ തന്നെയായിരുന്നു അരുൺ നിന്നത്. നൊടിയിടയിൽ അരുൺ അതിൽ നിന്നും ഒഴിഞ്ഞു മാറി. താൻ നേരത്തെ കണ്ടു വെച്ച റോടിനരികിലേക്ക് അവൻ കുതിച്ചു.
“പുടിങ്കെടാ അവനെ.”അരുണിന് നേരെ റോട് ആഞ്ഞുവീശിയ ആൾ ഉറക്കെ അലറി. അതുകേട്ട മറ്റു രണ്ടുപേർ കയ്യിലെടുത്ത ആയുധങ്ങളുമായി അരുണിന് നേരെ കുതിച്ചു.
അരുൺ താൻ കണ്ടുവച്ച ഇരുമ്പ് റോട് കയ്യിലെടുത്തപ്പോഴേക്കും മറ്റു രണ്ടുപേർ അവൻ അരികിലേക്ക് എത്തിയിരുന്നു. അവരിലൊരാൾ കയ്യിലിരുന്ന റോട് അരുണിനു നേരെ വീശി.
നൊടിയിടയിൽ ചുമരിൽ ചാരി വെച്ചിരുന്ന ആ ഇരുമ്പ് റോട് കൈക്കലാക്കി തന്റെ നേരെ വന്ന് ആയുധത്തിൽ നിന്നും അരുൺ തെന്നിമാറി. അയാളുടെ അടി ലക്ഷ്യം തെറ്റി ചുമരിലാണ് കൊണ്ടത്. ആ സ്ഥലത്തെ സിമന്റ് ചതഞ്ഞു കുറച്ചു സിമന്റ് പൊടി താഴേക്ക് വീണു.
അരുൺ കരുതലോടെ കയ്യിലുള്ള ആയുധവുമായി മല്ലൻമാർ ഇല്ലാത്ത മറ്റൊരു മൂലയിലേക്ക് കുതിച്ചു. അവന് പിറകെ അവർ മൂന്നു പേരും ഉണ്ടായിരുന്നു. ചുമരിന് സമീപം എത്താറായപ്പോൾ അരുൺ കയ്യിലിരുന്ന ഇരുമ്പ് റോട് പുറകിലേക്ക് തിരിഞ്ഞു തന്റെ പിന്നാലെ വരുന്നവർക്ക് നേരെ ആഞ്ഞുവീശി.
തൊട്ടുപിന്നിൽ അവനെ തല്ലാൻ ആയി വീശിയ ഇരുമ്പ് റോടിലാണത് കൊണ്ടത്. അയാളുടെ കയ്യിൽ നിന്നും പിടി വിട്ട് ആ ഇരുമ്പ് റോട് നിലത്തുവീണു. സമയം കളയാതെ അരുൺ അവിടെ നിന്നും തെന്നിമാറി.
ഇരുമ്പ് റോട് കയ്യിൽ നിന്നു വീണ മല്ലൻ പകച്ചു പോയി. അപ്പോഴേക്കും മറ്റു രണ്ടുപേർ അരുണിനെ പിന്നാലെ നീങ്ങിയിരുന്നു.
അരുൺ തിരിഞ്ഞു നോക്കിയപ്പോൾ രണ്ടുപേർ തനിക്കുനേരെ വരുന്നതാണ് കണ്ടത്. അവരെ തന്റെ അടുത്തേക്ക് കൂടുതൽ അടുപ്പിക്കാതിരിക്കാൻ അവൻ തീരുമാനിച്ചു. തന്റെ കയ്യിലിരുന്ന ഇരുമ്പ് റോട് തൊട്ടുപിന്നിൽ വരുന്ന ആളുടെ കാല് ലക്ഷ്യമാക്കി അവൻ ആഞ്ഞെറിഞ്ഞു.
“അമ്മാ.” കാലിൽ ആ ഇരുമ്പ് റോട് തട്ടിയ ആൾ ഒരാർത്തനാദത്തോടെ നിലത്തുവീണു അപ്പോഴേക്കും ആദ്യത്തെയാൾ തന്റെ കയ്യിൽ നിന്നും വീണ ഇരുമ്പ് റോട് കയ്യിലെടുത്ത് അവർക്കരികിലേക്ക് ഓടാൻ തുടങ്ങി.
അരുൺ രണ്ടുപേർ തന്നെ തനിക്കു നേരെ വരുന്നത് കണ്ടപ്പോൾ അവൻ എന്റെ ഓട്ടത്തിന് സ്പീഡ് വർദ്ധിപ്പിച്ചു. അതിനിടയിലും കയ്യിൽ ഒതുങ്ങുന്ന ഒരു ആയുധത്തിനായി അവന്റെ മിഴികൾ പരതുന്നുണ്ടായിരുന്നു.
വീണു കിടന്ന മല്ലനും എഴുന്നേറ്റു. കാലിൽ ഇരുമ്പ് റോട് കൊണ്ടതിനാൽ അയാൾക്ക് കാലിന് നല്ല വേദന ഉണ്ടായിരുന്നു. തന്റെ തൊട്ടടുത്ത് കിടന്ന് റോടുകളിൽ ഒന്ന് കൈയ്യിലെടുത്തു കൊണ്ട് അയാൾ എഴുന്നേറ്റു നിന്നു. കരുതലോടെ അയാൾ രംഗം വീക്ഷിക്കാൻ തുടങ്ങി.
ഗോഡൗണിന്റെ മറ്റൊരു ചുവരിൽ ചാരി വച്ചിരിക്കുന്ന പല വലിപ്പത്തിലുള്ള ഇരുമ്പ് ലീഫുകൾ അരുണിന്റെ കണ്ണുകളിൽ പതിഞ്ഞു. അവയിലൊന്ന് കൈക്കലാക്കാനായി അരുൺ അതിനടുത്തേക്ക് കുതിച്ചു. അതിന് അടുത്തെത്തിയ അവൻ കൂട്ടത്തിൽ ഏറ്റവും വലുത് തന്നെ കൈക്കലാക്കി. തൊട്ടുപിന്നിൽ എത്തിയ ഒരുവന് നേരെ അവനത് ആഞ്ഞുവീശി.
അരുണിനെ നേരെ കയ്യിലിരുന്ന ഇരുമ്പ് റോട് ആഞ്ഞുവീശിയ കയ്യിലാണ് അരുണിന്റെ ലീഫ് കൊണ്ടുള്ള അടി കൊണ്ടത്. ഒരു കരച്ചിലോടെ അയാളുടെ കയ്യിൽ നിന്നും റോട് നിലത്തുവീണു. അരുൺ പാർട്സുകൾക്കിടയിൽ നിന്നും ഒഴിഞ്ഞ മറ്റൊരിടത്തേക്ക് മാറി നിന്നു.
“വാടാ.” അരുണിന്റെ കയ്യിൽ നിന്നും അടി കിട്ടാത്ത മൂന്നാമൻ മറ്റു രണ്ടു പേരെയും വിളിച്ചുകൊണ്ട് അരുണിന് നേരെ കുതിച്ചു. അരുൺ കയ്യിലിരുന്ന ലീഫ് കൊണ്ട് തനിക്കു നേരെ വരുന്നവനെ എറിഞ്ഞു. അയാളുടെ നെഞ്ചിലാണ് കൊണ്ടത്. അയാളൊരു ആർത്തനാദത്തോടെ നിലം പതിച്ചു.
അരുൺ ഒരു കുതിപ്പിന് അയാളുടെ അടുത്തെത്തി. അയാളുടെ കയ്യിൽ നിന്നും പിടിവിട്ടു വീണ ഇരുമ്പ് റോട് അരുൺ കുനിഞ്ഞ് എടുത്തു.
ഇരുമ്പ് റോട് കൊണ്ട് ആദ്യം ഏറ്റ ക്ഷതത്തിന്റെ വേദനയിൽ നിന്നും അവർ മോചിതരായിരുന്നില്ല. അതവരെ ശാരീരികമായും മാനസികമായും തളർത്തിയിരുന്നു. അവരെ കീഴ്പ്പെടുത്താൻ അരുണിന് രണ്ടു മിനിറ്റ് സമയം തന്നെ ധാരാളമായിരുന്നു.
“എങ്കെടാ ഉങ്ക മുതലാളി.” വീണുകിടക്കുന്ന അവരിലൊരാളായി അരുൺ ചോദിച്ചു.
“മുതലാളി വെളിയെ നിക്കിരാർ അയ്യാ.” വേദനകൊണ്ട് പിടയുന്ന മല്ലന്മാരിലൊരാൾ മറുപടി നൽകി. അതുകേട്ട അരുൺ ഷട്ടറിന് വരെ നടന്നു.
ഷട്ടറിന് അരികിലെത്തിയ ഗോകുൽ കാലുകൊണ്ട് അതിന്റെ ലോക്ക് നീക്കി. ഷട്ടർ മുകളിലേക്കുയർത്തി.
പുറത്ത് ആ ഗോഡൗണിന്റെ മുതലാളി സെൽവരാജനും അയാളുടെ രണ്ട് പണിക്കാരും നിൽക്കുന്നത് അരുൺ കണ്ടു. അവർ ഉള്ളിൽ വീണുകിടക്കുന്ന മല്ലന്മാരുടെ അത്ര ആരോഗ്യ ദൃഢഗാത്രരല്ല എന്നത് അരുണിന്റെ മനസ്സിന് ആശ്വാസം പകരുന്ന കാര്യമായിരുന്നു.
അരുൺ ഷട്ടർ ഉയർത്തി പുറത്തേക്ക് വന്നപ്പോൾ അത് കണ്ടു കൊണ്ട് നിന്ന സെൽവരാജന്റെ നോട്ടം ഗോഡൗണിനുള്ളിലേക്ക് ആയിരുന്നു. അവിടെ അരുണിന്റെ അടിയേറ്റ് അവശതയോടെ കിടക്കുന്ന തന്റെ ജോലിക്കാരെ കണ്ടപ്പോൾ അയാൾ അവിശ്വസനീയതയോടെ അരുണിനെ നോക്കി.
സത്യം പറയടാ ഇവിടെ പൊളിമാർക്കറ്റ് മറവിൽ ഗുണ്ടായിസം ആണോ നടക്കുന്നത് അരുൺ ശബ്ദത്തിന് അല്പം കനം വരുത്തിക്കൊണ്ട്. സെൽവരാജനോട് ചോദിച്ചു. അവന്റെ മിഴികളിൽ കോപം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു.
അത്… വന്ത്… സാർ, ഇങ്കെ വരും പെരുംപാലാന ലാറികൾ തിരുട പെടുകിൻട്രനാ. അത് നാൽ താൻ അയ്യാ വേലൈക്കാകെ ഇങ്കെ കുണ്ടർകളെെ നിരുത്തിനാർ.” അയാൾ വിറച്ചു കൊണ്ട് മറുപടി നൽകി.
ഇന്നലെ ഇവിടെ കൊണ്ടുവന്ന ലോറി എവിടെ. എനിക്ക് വേണ്ടത് അതാണ്. അത് നിങ്ങൾ തന്നെ പറയുന്നോ.? അതോ ഞാൻ നിങ്ങളെ കൊണ്ട് പറയിപ്പിക്കണോ.? അരുൺ തന്റെ ഇരു മുഷ്ടികളും ചുരുട്ടി കൊണ്ട് ചോദിച്ചു.
വാരുങ്കൾ അയ്യാ, അതൈ നാൻ ഉങ്കളുക്ക് കാട്ടുകിരേൻ.” അയാൾ അരുണിനെയും കൂട്ടി വാഹന പ്രേതങ്ങൾക്കിടയിലൂടെ വിശാലമായ ആ സ്ഥലത്തിന്റെ മറ്റൊരു കോണിലേക്ക് നടന്നു. അരുൺ നിശ്ചിത അകലമിട്ട് അയാളുടെ പിന്നാലെ നടന്നു.
ഗോഡൗണിന് പുറത്ത് നിന്നിരുന്ന സെൽവരാജന്റെ ജോലിക്കാർ ഗോഡൗണിന് ഉള്ളിലേക്ക് കയറി. അരുൺ നിൻറെ അടിയേറ്റ് കിടക്കുന്ന ഗുണ്ടകളുടെ അവസ്ഥ കണ്ട ശേഷം സെൽവരാജന്റെ ടേബിളിൽ ഇരുന്നിരുന്ന ലാൻഡ് ഫോണിൽ നിന്നും ഒരു ആംബുലൻസ് നമ്പർ ഡയൽ ചെയ്ത് എത്രയും പെട്ടെന്ന് എത്തിച്ചേരാൻ ആവശ്യപ്പെട്ടു.
അരുണും സെൽവരാജനും നടന്ന് ഒരു ലോറിക്ക് അരികിലെത്തി. “അയ്യാ, നേട്രു കേരളാവിരുന്ത് കൊണ്ടു വന്ത ലാറി ഇതുതാൻ.” അയാൾ ഒരു ലോറിക്ക് നേരെ ചൂണ്ടിക്കൊണ്ട് അരുണിനോട് പറഞ്ഞു.
അരുൺ, ശെൽവരാജൻ ചൂണ്ടിയ ലോറിക്ക് നേരെ തിരിഞ്ഞു. അവൻ അലോറി സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. ലോറിയുടെ മുൻവശത്തിന് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ല. മുൻ വശത്തെ ചില്ല് ചിലന്തി വല പോലെ വിണ്ട് കീറിയിരിക്കുന്നു. എന്നാൽ അടർന്ന് മാറിയിട്ടില്ല.
അരുൺ വേഗം പോക്കറ്റിൽ നിന്നും മൊബൈൽ ഫോണെടുത്തു. രാജന്റെ കടയുടെ മുന്നിൽ നിന്നും എടുത്ത ഫോട്ടോകൾ നോക്കി. ചിത്രങ്ങൾ സൂം ചെയ്ത് നോക്കിയപ്പോൾ വലിയ പഞ്ചസാരത്തരികൾ പോലെ കിടക്കുന്ന ചിതറിക്കിടക്കുന്ന ചില്ല് കഷ്ണങ്ങൾ അവൻ കണ്ടു. അതോടെ താൻ അന്വേഷിച്ചു വന്ന ലോറി ഇതല്ലെന്ന് അവന് ബോധ്യമായി.
“നിങ്ങൾ പറഞ്ഞതിലെ ബാക്കി ലോറികൾ കൂടി കാണിക്കൂ. ഞാൻ അന്വേഷിച്ചു വന്ന ലോറി ഇതല്ല.” അരുൺ സെൽവരാജനോടായി പറഞ്ഞു.
അയാൾ ഞെട്ടലോടെ അരുണിനെ നോക്കി. “അത്… വന്ത്… അയ്യാ… നേട്രു ശട്ട വിരോധമാക വന്ത ഒരേ ലാറി ഇതു താൻ. മീതമുള്ള ഇരണ്ടു ലാറികളുക്ക് ആർ സി ഇരുക്ക്.” അയാൾ വിശാലമായ ആ പറമ്പിൽ മറ്റൊരു മൂലയിലായി കിടക്കുന്ന ലോറിക്കൾക്ക് നേരെ ചൂണ്ടിക്കൊണ്ട് വിശദീകരിച്ചു.
“പിന്നെന്തിനാടോ താൻ എന്നെ തല്ലാൻ തന്റെ ഗുണ്ടകളെ വിട്ടത്.” കോപത്തോടെ പല്ലുകൾ ഞെരിച്ചു കൊണ്ട് അരുൺ അലറി.
അത്.. വന്ത്.. അയ്യാ.. ലാറിയെ കൊണ്ട്രു വന്തവർ ഇത് ഒരു തിരുട്ട് ന്ന് ശൊല്ലപ്പെട്ടിരുന്തത്. അത് മട്രുമല്ല, വരും വളിയിൽ ഒരു വിപത്ത് ഏർപ്പെട്ടത്, എന്നും സൊല്ലപ്പെട്ടിരുന്തത്. അതിനാലെ അയ്യാ നാൻ കുണ്ടർകളെെ അണുപ്പിനേൻ.” ശെൽവരാജൻ ക്ഷമാപണത്തോടെ അരുണിനോട് പറഞ്ഞു. അയാളുടെ മിഴികളിൽ താൻ ചെയ്തത് തെറ്റായിപ്പോയി എന്ന തോന്നലിൽ നിന്ന് ഉടലെടുത്ത കുറ്റബോധം ഉണ്ടായിരുന്നു.
“ഇനി ഇവിടെ അടുത്ത് വേറെ പൊളിമാർക്കറ്റ് വല്ലതുമുണ്ടോ.” നിരാശയോടെ ആയിരുന്നു അരുണിന്റെ ചോദ്യം. ഒരു അടി കഴിഞ്ഞ് അതിന്റെ ക്ഷീണം അവന്റെ വാക്കുകളിലും ഉണ്ടായിരുന്നു.
“ഇങ്കെ നിങ്കൾ തേടും മാതിരി ഒരു ഇടമിരുക്ക്. ഷൺമുഖൻ അയ്യാവുടെ ഗോഡൗൺ. ആനാൽ അന്ത ആള് ഇങ്കെ പെരിയ പുളളി. ഒരു വേള നിങ്കൾ തേടും ലാറി അങ്കെ ഇരിക്കലാം.”
”ഇനി ഇന്ന് ഒരു അടി ഉണ്ടായാൽ അതിൽ ജയിക്കാൻ ഉള്ള ശേഷി എനിക്ക് ഉണ്ടെന്ന് തോന്നുന്നില്ല.” അത്രയും നേരത്തെ സംസാരം കൊണ്ട് അയാളോട് സൗഹൃദ ഭാവത്തിൽ എത്തിയ അരുൺ ചെറിയൊരു നിരാശയോടെ പറഞ്ഞു.
“ശണ്ഡയൊന്നും തേവ ഇല്ലൈ അയ്യാ. അങ്കെ അന്ത ലാറി ഇരുക്കിറതാ എന്ന് തെരിന്തു കൊള്ളാ എങ്ക അള് അങ്കെയിരുക്ക്. അന്ത ആളുടെ കൂടെ ഉന്നെ അണപ്പി വെക്കിറെ.”
അതൊരു ചതിയായിരിക്കുമോ എന്ന് അരുൺ ഒരു വേള സംശയിച്ചു. ഇനി അത് സെൽവരാജന്റെ ചതി ആണെങ്കിലും തൻറെ മുന്നിൽ വേറെ വഴിയൊന്നുമില്ല എന്ന് അരുൺ മനസ്സിലാക്കി. അതു കൊണ്ടു തന്നെ സെൽവരാജൻ ഏർപ്പാടാക്കിയ ആളുടെ കൂടെ അവിടെ വരെ പോകാൻ തീരുമാനം അവൻ എടുത്തു.
ഷണ്മുഖൻ പൊള്ളാച്ചിയിലെ പ്രധാന പണക്കാരനും നാട്ടുപ്രമാണിയും ആണെന്ന് സെൽവരാജനിൽ നിന്ന് അരുൺ മനസ്സിലാക്കി കൃഷി, കച്ചവടം, പണം പലിശയ്ക്ക് കൊടുക്കൽ തുടങ്ങി നിരവധി ജോലികൾ അയാൾക്കുണ്ട്. അതു കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടതും പോലീസ് കേസുകളിലുൾപ്പെട്ടതുമായ വാഹനങ്ങൾ തുച്ഛമായ വിലയ്ക്ക് വാങ്ങി കൊണ്ടുവന്നു മോഡിഫൈ ചെയ്ത് വ്യാജ ആർസി ഉണ്ടാക്കി നല്ല വിലയ്ക്ക് തന്നെ വിൽക്കുകയും ചെയ്യാറുണ്ടായിരുന്നു.
ശെൽവരാജൻ തിരിച്ച് ഗോഡൗണിലേക്ക് നടക്കുന്നതിനിടയിൽ അരുണിന് ശണ്മുഖനെ കുറിച്ച് നൽകിയ വിവരണങ്ങളുടെ ഉള്ളടക്കം ആയിരുന്നു അത്.
ശണ്മുഖന്റെ അടുത്ത് നിങ്ങളുടെ ആരോ ഉണ്ടെന്ന് പറഞ്ഞല്ലോ.? ആരാണത്.? അരുൺ ജിജ്ഞാസയോടെ ശെൽവരാജിനോട് ചോദിച്ചു.
അത്.. വന്ത്… അന്ത പയ്യൻ എന്നുടെ തമ്പി മാതിരി. കമലേഷ് അതു താൻ അവരുടെ പേർ.. ഞാനും ശുണ്മുഖനും ഒന്രാക നിക്ക കാരണം അവർ താൻ. ശെൽവരാജൻ അരുണിനോടായി പറഞ്ഞു.
എങ്കിൽ അവന് ഫോൺ ചെയ്ത ഇവിടേക്ക് വരാൻ പറയൂ. പോയിട്ട് ഒരു പാട് ജോലി ബാക്കിയുണ്ട്. സമയമാണെങ്കിൽ ഒട്ടുമില്ല. അരുൺ ധ്രുതഗതിയിൽ തന്നെ കാര്യങ്ങൾ മുന്നോട്ട് നീക്കാനുറപ്പിച്ച് കൊണ്ട് പറഞ്ഞു.
ശെൽവരാജൻ മേശപ്പുറത്തിരുന്ന ലാന്റ് ഫോണിൽ നിന്ന് കമലേഷിന് വിളിച്ച് എത്രയും പെട്ടന്ന് എത്തിച്ചേരാൻ ആവശ്യപ്പെട്ടു.
പെട്ടെന്നുതന്നെ എത്തിച്ചേരാം എന്ന് പറഞ്ഞെങ്കിലും കമലേഷ് എത്തിയപ്പോൾ അരമണിക്കൂർ കഴിഞ്ഞു. ഏകദേശം മുപ്പത് വയസ്സ് പ്രായമുള്ള ഒരു യുവാവായിരുന്നു അയാൾ. കമലേഷിന്റെ അച്ഛൻ ഷണ്മുഖന്റെ കാര്യസ്ഥൻ ആയിരുന്നു. അച്ഛന്റെ മരണശേഷം കമലേഷ് ജോലിയിൽ പ്രവേശിച്ച് അയാളുടെ കാര്യസ്ഥനായി തുടർന്നുപോരുന്നു.
കമലേഷ് എത്തിയതിനുശേഷം അരുണും കമലേഷ് കൂടി ഷണ്മുഖന്റെ ഗോഡൗണിലേക്ക് യാത്രയായി. യാത്രയിലുടനീളം അരുണിന്റെ മനസ്സിൽ സെൽവരാജും കമലേഷും തന്നെ ചതിക്കുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
ഷണ്മുഖന്റെ ഗോഡൗണിൽ അരുൺ അന്വേഷിച്ചു വന്ന ആ ലോറി ഉണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് ആ ലോറി എത്തിയതെന്ന് കമലേഷ് പറഞ്ഞു. അതിന്റെ മുൻവശത്ത് രക്തം കട്ട പിടിച്ച പാടുകൾ ഉണ്ടായിരുന്നു എന്നും, അത് ഇവിടെ എത്തിയശേഷം, വണ്ടി കൊണ്ടുവന്ന ആൾ തന്നെ കഴുകി വൃത്തിയാക്കുകയായിരുന്നുവെന്നും കമലേഷിൽ നിന്നും അരുൺ അറിഞ്ഞു.
“കമലേഷ്, ഈ ലോറി ഇവിടെ കൊണ്ടുവന്നത് ആരാണെന്ന് നിങ്ങൾക്കറിയാമോ.?” ഗോഡൗണിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പല ഭാഗത്തു നിന്നുള്ള ഫോട്ടോ തന്റെ മൊബൈലിൽ പകർത്തി കൊണ്ട് അരുൺ കമലേഷിനോട് ചോദിച്ചു.
“ഇല്ല സർ. എനക്ക് ഒന്നും തെരിയാത്. അയ്യാവുക്ക് എല്ലാമേ തെരിയും. ആനാൽ ഇന്ത നിലൈമയിൽ ഒന്നുമേ കേക്ക മുടിയാത്. ” കുറച്ച് മലയാളം അറിയുന്ന കമലേഷ് അരുണിന് മനസ്സിലാക്കാൻ വേണ്ടി തനിക്കറിയാവുന്ന അത്ര മലയാളം കൂട്ടി പറഞ്ഞു.
”അതെന്താ കമലേഷ് അങ്ങനെ പറഞ്ഞത്. നിങ്ങളുടെ മുതലാളിക്ക് എന്താണ് പറ്റിയത്.” അരുൺ ആകാംഷയോടെ ചോദിച്ചു.
“അയ്യാവുടെ മകളെെ കാണവില്ലെെ. ഇന്നേക്ക് നാല് ദിനം ആച്ച്. അച്ചാ തമിൾ നാട്ടിൽ നിറയെ തേടിയിരുക്ക്. ആനാൽ കെടക്കവില്ലൈ. അയ്യാ അന്ത ടെൻഷനിൽ താൻ.” വിഷമത്തോടെ ആയിരുന്നു കമലേഷിന്റെ മറുപടി.
അരുൺ കമലേഷ് നിന്നും അറിഞ്ഞ വിവരങ്ങൾ നന്ദൻ മേനോനെ വിളിച്ചു പറഞ്ഞു. തൽക്കാലം ആ ലോറിയെ കുറിച്ചുള്ള അന്വേഷണം നിർത്തി എത്രയും പെട്ടെന്ന് മടങ്ങിവരാൻ ആയിരുന്നു നന്ദൻ മേനോന്റെ നിർദ്ദേശം. അരുൺ കാരണമെന്താണെന്ന് ചോദിച്ചെങ്കിലും നന്ദൻ മേനോനിൽ നിന്നും മറുപടിയൊന്നും ഉണ്ടായില്ല.
കമലേഷുമായി ഒരു നല്ല ബന്ധം സ്ഥാപിച്ച ശേഷം അരുൺ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. താനിവിടെ വന്ന കാര്യം ഷണ്മുഖനെ അറിയിക്കണമെന്നും. പറ്റുമെങ്കിൽ ആ ലോറി കൊണ്ടു വന്ന ആളെ ഷണ്മുഖനിൽ നിന്നും ചോദിച്ചു മനസ്സിലാക്കി ആ വിവരം തനിക്ക് നൽകണമെന്നും അരുൺ കമലേഷിനോട് ചട്ടം കെട്ടി.
വൈകുന്നേരത്തോടെ അരുൺ നന്ദൻ മേനോൻ പറഞ്ഞ രഹസ്യ സങ്കേതത്തിൽ എത്തി അവിടെ നിന്ന് പുറപ്പെടുമ്പോൾ തന്നെ അരുൺ നന്ദൻ മേനോനോട് താൻ വരുന്ന കാര്യം മെസ്സേജ് ചെയ്തിരുന്നു
പക്ഷേ നന്ദൻ മേനോൻ അവിടേക്ക് എത്താൻ പിന്നെയും ഒരുപാട് വൈകി ഏകദേശം എട്ടുമണി ഓളം ആയപ്പോഴാണ് നന്ദൻ മേനോൻ അവിടെ എത്തിയത് അയാൾ അപ്പോഴും യാചക വേഷത്തിൽ തന്നെയായിരുന്നു.
“എന്താ നന്ദേട്ടാ മടങ്ങി വരാൻ പറഞ്ഞത്. ആ ലോറി ഓടിച്ച ആളെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസം വന്ന സമയത്താണ് നന്ദേട്ടൻ എന്നെ വിളിച്ച് അവൻ ആവശ്യപ്പെട്ടത്.” വെറുതെ നന്ദൻ മേനോൻ തന്നെ വിളിക്കില്ലെന്ന് ഉറപ്പു ഉണ്ടായിരുന്ന അരുൺ ചോദിച്ചു.
അപ്പോൾ നീ ഇവിടുത്തെ വിശേഷങ്ങൾ ഒന്നും അറിഞ്ഞില്ലേ. അത്ഭുതത്തോടെ ആയിരുന്നു നന്ദൻ മേനോന്റെ ചോദ്യം.
“ഇല്ല നന്ദേട്ടാ. അറിയുമെങ്കിൽ ഞാൻ ഈ ചോദ്യം ചോദിക്കില്ലായിരുന്നല്ലോ.?”
“ഇന്ന് രാവിലെ രശ്മിയുടെ എന്ന് സംശയിക്കുന്ന ഒരു ഡെഡ്ബോഡി കിട്ടി. മുഖം വ്യക്തമല്ലാത്ത തിനാൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബോഡിയിൽ നിന്ന് കിട്ടിയ ആഭരണങ്ങൾ തിരിച്ചറിയാനായി പ്രേമചന്ദ്രൻ മെഡിക്കൽ കോളേജിലേക്ക് പോയിട്ടുണ്ട്.”
ആ വാക്കുകൾ ഒരു വെള്ളിടി പോലെയാണ് അരുണിന്റെ കാതുകളിൽ മുഴങ്ങിയത്. ഒരു നിമിഷം ഇനി എന്ത് വേണമെന്ന് അറിയാതെ അവൻ സ്തംഭിച്ചു നിന്നു പോയി. ഇങ്ങനെ ഒരു കാര്യത്തിൽ നന്ദൻ മേനോൻ നുണ പറയില്ലെന്ന് അവന് ഉറപ്പായിരുന്നു.
“അല്ല നന്ദേട്ടാ യാചക വേഷത്തിൽ ഒരു സ്ഥലത്ത് കുത്തിയിരിക്കുന്ന നന്ദേട്ടൻ എങ്ങനെയാണ് ഈ കാര്യങ്ങളൊക്കെ അറിഞ്ഞത്.” അരുൺ ജിജ്ഞാസയോടെ ചോദിച്ചു.
“അതിനിന്ന് എന്തെല്ലാം മാർഗ്ഗങ്ങളുണ്ട് അരുൺ. എനിക്ക് വിവരങ്ങൾ ശേഖരിക്കാനായി നീ പോലുമറിയാതെ രണ്ടു മൂന്നു പേരെ ഞാൻ നിർത്തിയിട്ടുണ്ട്. ശമ്പളമൊന്നും കൊടുത്തിട്ടില്ല അവരുടെ സേവനങ്ങൾ മുഴുവനും എനിക്ക് ഫ്രീയാണ്.” നന്ദൻ മേനോൻ അതിനെ നിസ്സാര വൽക്കരിച്ചു കൊണ്ട് പറഞ്ഞു.
”നന്ദേട്ടാ അപ്പോൾ പ്രേമചന്ദ്രൻ അവൻ എപ്പോഴാണ് മെഡിക്കൽ കോളേജിലേക്ക് പോയത് ഈ കാര്യങ്ങളും നന്ദേട്ടൻ നിരീക്ഷിക്കാൻ ആളെ നടത്തിയിട്ടുണ്ടോ.?”
“പ്രേമചന്ദ്രൻ ഇപ്പോൾ ഒരു പക്ഷേ ഹോസ്പിറ്റൽ എത്തിയിട്ടുണ്ടാവും ഞാൻ ഇങ്ങോട്ട് വരാൻ ഒരുങ്ങുമ്പോഴാണ് അയാൾ പോകുന്നത് കണ്ടത് അത് നിരീക്ഷിക്കാൻ ഒന്നും ഞാൻ ആളെ വെച്ചിട്ടില്ല.”
“എങ്കിൽ ചേട്ടാ ഞാനും പോകുന്നുണ്ട്. എനിക്ക് ഒന്നു കാണണമെന്നുണ്ട് രശ്മിയുടെ ബോഡി. പക്ഷേ ഒരു സംശയം കൂടി ഉണ്ട് നന്ദേട്ടാ. പ്രേമചന്ദ്രൻ പോലും ഇപ്പോഴാണ് ബോഡി കാണാൻ പോകുന്നത്. അതിനർത്ഥം അയാൾ ഇതുവരെ ഇക്കാര്യം അറിഞ്ഞിട്ടില്ല. പക്ഷേ നന്ദേട്ടൻ എന്നെ വിളിച്ചു പറയുന്നത് ഒരുപാട് മുമ്പാണ്. ഒരുപക്ഷേ പ്രേമചന്ദ്രൻ പോലും ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവില്ല ആ സമയത്ത്. എങ്ങനെയാണ് ഇക്കാര്യം പ്രേമചന്ദ്രൻ അറിയുന്നതിനു മുമ്പ് നന്ദേട്ടൻ മനസ്സിലാക്കിയത്.”
“അത് വലിയ രഹസ്യമൊന്നുമല്ല അരുൺ. ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ എന്റെ ഒരു സുഹൃത്തുണ്ട്. ഇതേ പറ്റി എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ അക്കാര്യം എന്നെ അറിയിക്കണം എന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു. അത് പ്രകാരം ആണ് അയാൾ എന്നെ വിളിച്ചു വിവരം പറഞ്ഞത്. ഏതായാലും നീ ബോഡി കണ്ടിട്ട് വാ. ഞാൻ നിന്നെ വിളിച്ചു വരുത്തിയത് തന്നെ അതിനാണ് ആണ്.”
“ശരി നന്ദേട്ടാ.” അരുൺ അവിടെനിന്നിറങ്ങി തന്റെ ബൈക്കിൽ കയറി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു. അതൊരിക്കലും രശ്മിയുടെ ബോഡി ആവരുതേ എന്ന പ്രാർത്ഥനയായിരുന്നു അവന്റെ മനസ്സിൽ നിറയെ.
മെഡിക്കൽ കോളജിലെ മോർച്ചറിക്ക് സമീപമാണ് ഗോകുൽ തൻറെ ബൈക്ക് പാർക്ക് ചെയ്തത്. അതിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് തന്നെ അവൻ പരിസരം മുഴുവൻ നിരീക്ഷിച്ചു. കുറച്ചപ്പുറത്തായി പ്രേമചന്ദ്രന്റെ കാർ നിർത്തിയിട്ടത് അരുണിന്റെ ശ്രദ്ധയിൽപ്പെട്ടു. പ്രേമചന്ദ്രൻ അവിടെത്തന്നെ ഉണ്ടെന്ന് മനസ്സിലായി.
അരുൺ മോർച്ചറിയുടെ വരാന്തയിലേക്ക് കയറുമ്പോഴാണ് പ്രേമചന്ദ്രൻ അകത്തു നിന്നും പുറത്തേക്ക് വരുന്നത് കണ്ടത്. അയാളുടെ കൂടെ ഒരു എസ്ഐയും രണ്ട് കോൺസ്റ്റബിൾമാരും ഉണ്ടായിരുന്നു. അയാൾ തന്നെ കണ്ടെങ്കിലും തന്നെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് അരുണിന് മനസ്സിലായി. അവൻ കൂടുതൽ ആത്മവിശ്വാസത്തോടെ അകത്തേക്ക് നടന്നു.
“പ്രേമചന്ദ്രൻ ഈ സമയത്ത് നിങ്ങളോട് ഈ ചോദ്യം ചോദിക്കുന്നത് ശരിയാണോ എന്നറിയില്ല. പക്ഷേ ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്തല്ലേ മതിയാവൂ. അത് നിങ്ങളുടെ മകളാണോ.” മോർച്ചറിയുടെ വരാന്തയിലേക്ക് ഇറങ്ങി കൊണ്ടിരിക്കുമ്പോൾ എസ് ഐ സത്യരാജ് പ്രേമചന്ദ്രനോട് ചോദിച്ചു.
“എനിക്കൊന്നും അറിയില്ല സാർ.. നിങ്ങൾ കാണിച്ചുതന്ന ആഭരണങ്ങൾ എന്റെ മകളുടേത് തന്നെയാണ്. പക്ഷേ ശരീരം മുഴുവനും പൊള്ളിയ ശരീരം എൻറെ മകളുടെതാണോ എന്ന് എനിക്ക് പറയാൻ കഴിയില്ല.” തേങ്ങലോടെ ആയിരുന് പ്രേമചന്ദ്രന്റെ മറുപടി.
“ബോഡിയുടെ ഏകദേശം മുക്കാൽ ഭാഗത്തോളം ആണ് പൊള്ളലേറ്റത്. അതുകൊണ്ടുതന്നെ പൊള്ളലേൽക്കാത്ത എവിടെയെങ്കിലും തിരിച്ചറിയാവുന്ന അടയാളങ്ങൾ ഉണ്ടോ എന്ന് എന്ന് ഡോക്ടർമാർ പരിശോധിച്ചിരുന്നു. അങ്ങനെയാണ് ബോഡിയുടെ പിൻ തുടയിലായി ഒരു മറുക് ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. അങ്ങനെ എന്തെങ്കിലും നിങ്ങളുടെ മകൾക്ക് ഉണ്ടായിരുന്നതായി നിങ്ങൾക്ക് ഓർമ്മയുണ്ടോ.?” വലത് കയ്യിൽ ഇരുന്ന കെയ്ൻ കൊണ്ട് ഇടതു കൈയുടെ പള്ളയിൽ തട്ടിക്കൊണ്ട് എസ്ഐ സത്യരാജ് പ്രേമചന്ദ്രനോട് ചോദിച്ചു.
“ഇല്ല സർ അവളുടെ തുടകൾ ഒന്നും നോക്കിയിട്ടില്ല. അതും പ്രായം തികഞ്ഞ ഒരു പെണ്ണിന്റെ…” തെല്ലൊരു അസഹ്യതയോടെയാണ് പ്രേമചന്ദ്രൻ സത്യരാജിന്റെ വാക്കുകളോട് പ്രതികരിച്ചത്.
“എടോ.. വിവരം കെട്ടവനെ.. മറുക് എന്ന് പറയുന്നത് ചെറുപ്പത്തിലെ ഉണ്ടാവുന്നതാണ്. കുഞ്ഞായിരുന്നപ്പോൾ താനവളെ നഗ്നയായി കണ്ടിട്ടുണ്ടാവുമല്ലോ അപ്പോഴെപ്പോഴെങ്കിലും അവളുടെ പിൻ തുടയിൽ ഒരു മറുക് ഉണ്ടായിരുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ.?” കോപത്തോടെ ആയിരുന്നു സത്യരാജിന്റെ അടുത്ത ചോദ്യം.
“ഇല്ല സർ… അന്ന് അവളുടെ കാര്യങ്ങളെല്ലാം ചെയ്തിരുന്നത് അവളുടെ അമ്മയായിരുന്നു. രശ്മിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ മരണപ്പെട്ടത്. ആ സമയം ആയപ്പോൾ തന്നെ അവൾ തനിച്ച് കുളിക്കാൻ തുടങ്ങിയിരുന്നു. ആയിടക്കൊന്നും അങ്ങനെ ഒരു മറുക് ഉണ്ടായിരുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.” ചെറിയൊരു ആലോചനയോടെയാണ് പ്രേമചന്ദ്രൻ മറുപടി പറഞ്ഞത്.
“അല്ല ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടത് ഇത് തൻറെ മകളുടെ ബോഡി അല്ലെങ്കിൽ അജ്ഞാത ശരീരങ്ങളുടെ കൂട്ടത്തിൽ മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുകൊടുക്കാം അല്ലെങ്കിൽ ഇത് ഏറ്റെടുത്തു തനിക്ക് സംസ്കരിക്കാം എന്താണ് തൻറെ തീരുമാനം.”
“സർ കുറച്ചുദിവസം കൂടി ഇതിവിടെ വെക്കാൻ പറ്റില്ലേ. അഥവാ ഇത് എൻറെ മോൾ അല്ലെങ്കിലോ.? അവൾ തിരിച്ചു വന്നാലോ.? പ്രേമചന്ദ്രനെ വാക്കുകളിൽ പ്രതീക്ഷ മുറ്റി നിന്നിരുന്നു.
മിസ്റ്റർ പ്രേമചന്ദ്രൻ., നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകും. പക്ഷേ ഇത് ഒരു സർക്കാർ മെഡിക്കൽ കോളേജല്ലേ.? അതുകൊണ്ടുതന്നെ കൂടുതൽ കാലം ബോഡി ഇവിടെ സൂക്ഷിക്കാൻ പറ്റില്ല. ഇനി തനിക്ക് അങ്ങനെ സൂക്ഷിക്കണം എന്ന് നിർബന്ധം ആണെങ്കിൽ ഏതെങ്കിലും പ്രൈവറ്റ് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി വരും.” ആലോചനയോടെ എസ് ഐ സത്യരാജ് മറുപടി നൽകി.
“എന്നാൽ അങ്ങനെ ചെയ്യാം സാർ. അതിനുവേണ്ട നടപടികൾ എന്താണെങ്കിലും സാറ് പൂർത്തിയാക്കിക്കോളൂ.”
“ശരി. എങ്കിൽ നിങ്ങൾ പോയിട്ട് നാളെ വരൂ.. നാളെ രാവിലെ പത്ത് മണിക്ക് തന്നെ ബോഡി ഇവിടുന്ന് നിങ്ങൾ പറയുന്ന പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാം.” സത്യരാജ് മറുപടി നൽകി.
പ്രേമചന്ദ്രൻ പിന്നെ കാര്യമായി ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല.അയാൾ തന്റെ കാറിൽ കയറിയിരുന്നു. ഡ്രൈവർ വണ്ടി മുമ്പോട്ടെടുത്തു.വീട്ടിലേക്ക് പോവാനുള്ള നിർദേശം നൽകിയ ശേഷം അയാൾ പിൻസീറ്റിലേക്ക് ചാരി കിടന്നു.
അരുൺ ബോഡി കണ്ടശേഷം വേഗം മോർച്ചറിയിൽ നിന്ന് പുറത്തിറങ്ങി. പുറത്ത് എത്തിയപ്പോഴേക്കും പ്രേമചന്ദ്രൻ പോയി കഴിഞ്ഞെന്ന് അരുണിനെ മനസ്സിലായി. അതുകൊണ്ടുതന്നെ നന്ദൻ മേനോന്റെ അടുത്ത് എത്രയും പെട്ടെന്ന് എത്താനാണ് അവൻ തിടുക്കം കൂട്ടിയത്. അവൻ അവിടെ എത്തുമ്പോൾ നന്ദൻ മേനോൻ അവനെയും കാത്തിരിക്കുകയായിരുന്നു.
“എന്തായി അരുൺ പോയ കാര്യം.” അരുൺ എത്തിയ ഉടനെ അവനെ കാത്തിരിക്കുകയായിരുന്ന നന്ദൻ മേനോൻ ആകാംക്ഷയോടെ ചോദിച്ചു. അയാൾ അരുൺ പോയ കാര്യം എന്തായി എന്നറിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.
“ഇതൊരു കൊലപാതകം തന്നെയാണെന്നാണ് പോലീസിൻറെ ആദ്യ നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷമേ കൂടുതൽ എന്തെങ്കിലും അറിയാൻ കഴിയൂ എന്നാണ് അവർ പറഞ്ഞത്.” അരുൺ മോർച്ചറിയിലെ ഡോക്ടർമാരിൽ നിന്നും പോലീസുകാരിൽ നിന്നും അറിഞ്ഞ വിവരങ്ങൾ നന്ദൻ മേനോനോട് വിവരിച്ചു.
“പിന്നെ എന്തെല്ലാം വിവരങ്ങൾ കിട്ടി അരുൺ.”
“പുഴയുടെ തീരത്ത് നിന്നാണല്ലോ രശ്മിയുടെ എന്ന് സംശയിക്കുന്ന ബോഡി കിട്ടിയത്. പക്ഷേ ശരീരം മുഴുവനും പൊള്ളലേറ്റ നിലയിലായിരുന്നു. വെള്ളത്തിൽ വീണതാണെങ്കിൽ, അല്ലെങ്കിൽ വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്തതാണെങ്കിൽ തീ കൊളുത്തേണ്ട ആവശ്യമില്ല. ഇനി തീ കൊളുത്തി മരിക്കുകയാണെങ്കിൽ പുഴയിൽ ചാടേണ്ട ആവശ്യമില്ലല്ലോ. ആ ഒരു നിഗമനമാണ് ഇത് കൊലപാതകമാണെന്ന് സംശയിക്കാനുള്ള പ്രധാനകാരണം.”
“നീ പറഞ്ഞതിലും കാര്യമില്ലാതില്ല. പക്ഷേ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ആൾ ഒരുപക്ഷേ തീ കത്തി തുടങ്ങിയതിന് ശേഷം രക്ഷപ്പെടാമെന്ന് ആഗ്രഹത്തിൽ വെള്ളത്തിലേക്ക് ചാടിയാതാണെങ്കിലോ. അങ്ങനെയും ഒരു സാധ്യതയുണ്ടല്ലോ.?”
“തീർച്ചയായും നന്ദേട്ടൻ പറഞ്ഞതിലും കാര്യമുണ്ട്. പക്ഷേ ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ പുഴയുടെ തീരമോ പാലമോ തിരിച്ചെടുക്കുമോ.? ഇനി നന്ദൻ പറഞ്ഞപ്രകാരം ചിന്തിക്കുകയാണെങ്കിൽ, തീകൊളുത്തിയത് ശേഷമാണ് ജീവിക്കണമെന്ന ആഗ്രഹം രശ്മിക്ക് ഉണ്ടാവുന്നത്. അതിനു മുമ്പ് തീർച്ചയായും മരിക്കാനാണ് അവൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പുഴയരിക് പോലെയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാനുള്ള സാധ്യത വളരെ കുറവാണ്.”
“നമ്മൾ ഇനിയും ആ ബോഡിയെ കുറിച്ചുള്ള അന്വേഷണം കൂടുതൽ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ടോ അരുൺ. “
“തീർച്ചയായും ഉണ്ട്. നന്ദേട്ടാ കാരണം ആ ബോഡി രശ്മിയുടെ ആണോ എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടറുടെ ഒരു അസിസ്റ്റന്റിനെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ ഒരു കോപ്പി അദ്ദേഹം തരാമെന്ന് സമ്മതിച്ചിട്ടുണ്ട്.”
“അതേതായാലും നന്നായി അരുൺ. കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി ഇനി നമുക്ക് പോലീസിനെ കാണേണ്ട ആവശ്യമില്ലല്ലോ.” ലാഘവത്തോടെ നന്ദൻ മേനോൻ മറുപടി നൽകി.
“അതേ നന്ദേട്ടാ.. ഏതായാലും നനഞ്ഞ് ഇറങ്ങി. ഇനി ഇതിന്റെ അവസാനം എന്തെന്ന് അറിഞ്ഞിട്ടേ ഇതിൽനിന്ന് ഒരു വിശ്രമം ഉള്ളൂ..” അരുൺ തന്റെ വാക്കുകൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് പറഞ്ഞു.
“അതെ അരുൺ. അത് നല്ലൊരു തീരുമാനമാണ്. പിന്നെ രാത്രി ഏറെ വൈകിയത് കൊണ്ട് ഇന്ന് നീ ഒരു മറ്റൊരു സ്ഥലം തിരയേണ്ട. തൽക്കാലം ഇവിടെ കൂടാം. പക്ഷേ നാളെ മുതൽ വേറെ സ്ഥലം നോക്കണം. ഇനി എന്ത് കാര്യം ഉണ്ടെങ്കിലും. നീ എനിക്ക് മെസ്സേജ് അയച്ചാൽ മതി. ഫോണിൽ വിളിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നന്ദൻ മേനോൻ അരുണിനോടായി പറഞ്ഞു.
തുടർന്ന് അവരിരുവരും ഉറങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. യാത്രാക്ഷീണം അലട്ടിയിരുന്നതിനാൽ അരുൺ കിടന്നയുടൻ തന്നെ ഉറക്കമായി.
പതിവിലും വൈകിയാണ് അരുൺ ഉറക്കമുണർന്നത്. അവൻ വേഗം തന്നെ പ്രഭാതകൃത്യങ്ങൾ നടത്തി പോകാൻ റെഡിയായി. നന്ദൻ മേനോനും അവനൊപ്പം തന്നെ പുറത്തേക്കിറങ്ങി. അയാൾ അപ്പോഴും യാചക വേഷത്തിൽ തന്നെയായിരുന്നു.
നന്ദൻ മേനോൻ പോകുന്നത് നോക്കി നിൽക്കുമ്പോഴാണ് അരുണിന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെൽ അടിച്ചത്. അവൻ വേഗം ഫോണെടുത്തു നമ്പർ നോക്കി. പ്രേമചന്ദ്രൻ ആണ്. ഇയാൾക്ക് എന്തായിരിക്കും ഇപ്പോൾ പറയാനുള്ളത് എന്ന ചിന്തയോടെ അരുൺ വേഗം കോൾ അറ്റൻഡ് ചെയ്തു “ഹലോ.”
“ഹലോ ഡിറ്റക്ടീവ് അരുൺ അല്ലേ.” പ്രേമചന്ദ്രൻ പരുഷമായ സ്വരമാണ് അരുണിനെ കാതുകളിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ പ്രേമചന്ദ്രന് പറയാനുള്ള കാര്യവും ഗൗരവമേറിയതാണെന്ന് അരുണിനെ മനസ്സിലായി.
“അതെ ഡിറ്റക്ടീവ് അരുണാണ്. എന്താണ് സർ രാവിലെ തന്നെ.” അരുൺ ഭാവമാറ്റ മേതുമില്ലാതെ ചോദിച്ചു.
“എന്റെ മകൾ രശ്മിയുടെ കാര്യം അറിഞ്ഞു കാണുമല്ലോ അല്ലേ.? എനിക്ക് നിങ്ങളെ ഒന്ന് നേരിൽ കാണണം. ഇങ്ങോട്ട് നിങ്ങൾക്ക് എപ്പോഴാണ് വരാൻ പറ്റുക.?” കർക്കശമായ സ്വരത്തിൽ ആയിരുന്നു പ്രേമചന്ദ്രന്റെ ചോദ്യം.
“ഒരു പത്ത് പത്തര മണിയാവുമ്പോൾ എത്താം സാർ.” അരുൺ കൈയിലെ വാച്ചിലേക്ക് സമയം നോക്കി കൊണ്ടു പറഞ്ഞു.
“ഇപ്പോൾതന്നെ ഒമ്പതര മണിയായി. അപ്പോൾ ഉടൻ തന്നെ പുറപ്പെടും അല്ലേ. ഇനി ഞാൻ വിളിച്ച് ഓർമപ്പെടുത്തേണ്ട കാര്യമില്ലല്ലോ.?” പ്രേമചന്ദ്രൻ വീണ്ടും ചോദിച്ചു.
“ഇല്ല സർ. ഇനി വിളിക്കണ്ട ആവശ്യമില്ല. ഞാനവിടെ എത്തിക്കോളാം.” അരുൺ ആ കാൾ ഡിസ്കണക്റ്റ് ചെയ്തു. എന്തുപറയാനാ ആയിരിക്കും പ്രേമചന്ദ്രൻ വിളിച്ചത് എന്ന് ആലോചിച്ചിട്ട് അരുണിന് ഒരു ഉത്തരം കിട്ടിയില്ല.
പത്ത് മണി ആയപ്പോൾ തന്നെ അരുൺ പ്രേമചന്ദ്രന്റെ വീട്ടിലെത്തി. കോളിംഗ് ബെൽ അടിച്ചപ്പോൾ അയാളുടെ ഭാര്യയാണ് വാതിൽ തുറന്നത്. അവനെ കണ്ടപ്പോൾ അവരുടെ മുഖത്ത് വിടർന്ന പുച്ഛഭാവം അരുൺ കണ്ടില്ലെന്നു നടിച്ചു. പ്രേമചന്ദ്രൻ അകത്തെ കാത്തിരിക്കുകയാണെന്ന് അവരിൽ നിന്നും അരുൺ മനസ്സിലാക്കി.
അവർ തുറന്നുകൊടുത്ത വാതിലിലൂടെ അരുൺ അകത്തേക്ക് ചെന്നു. “സർ നമുക്ക് കുറച്ചപ്പുറത്ത് എവിടേക്കെങ്കിലും മാറി നിന്നാലോ.” പ്രേമചന്ദ്രന്റെ അടുത്തെത്തിയ അരുൺ അയാളോടായി ചോദിച്ചു.
”ഇവിടെനിന്ന് പറയുന്ന കാര്യങ്ങളെ എനിക്കുണ്ടായിരുന്നുള്ളൂ. ഏതായാലും നിന്റെ വാക്ക് കേട്ടില്ലെന്ന് വേണ്ട. നമുക്ക് പുറത്തേക്ക് ഇരിക്കാം.” അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് അരുണിനോട് പറഞ്ഞു. അയാളുടെ വാക്കുകളിൽ അയാൾ ആ നിമിഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക സംഘർഷങ്ങൾ ഘനീഭവിച്ചിരുന്നു.
അരുൺ അയാളെ അനുഗമിച്ചു. അയാൾ പുറത്തുള്ള ഗാർഡനിലെ ഒരു ഇരിപ്പിടത്തിന് അടുത്തേക്കാണ് നടന്നത്. അവിടെയുണ്ടായിരുന്ന സിമൻറ് ബെഞ്ചുകളിൽ ഒന്നിൽ അയാളിരുന്നു. അയാൾക്ക് തൊട്ടടുത്തായി അരുണും ഇരിപ്പുറപ്പിച്ചു.
“സർ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്. എന്തിനാണ് ഇത്ര ധൃതിയിൽ എന്നെ വിളിച്ചു വരുത്തിയത്.” അരുൺ ജിജ്ഞാസയോടെ ചോദിച്ചു.
“ഇന്നലെ എസ്ഐ സത്യരാജ് എന്നെ വിളിച്ചത് പ്രകാരമാണ് ഞാനൊരു ഡെഡ്ബോഡി കാണാനായി മെഡിക്കൽ കോളേജിലേക്ക് പോയത്. ദേഹം മുഴുവൻ പൊള്ളലേറ്റ ഒരു ഡെഡ്ബോഡി ആണ് അവർ എനിക്ക് കാണിച്ചത്. അവർ പറഞ്ഞു അത് എന്റെ മകളുടേതാണെന്ന്.
തെളിവായി ആയി അവർ കുറെ ആഭരണങ്ങളും കാണിച്ചു തന്നു. ആ ബോഡിയിൽ നിന്ന് കിട്ടിയതാണ് എന്നും പറഞ്ഞ്. അതെല്ലാം അവളുടെ ആഭരണങ്ങൾ ആണെന്ന് ഞാനും തിരിച്ചറിഞ്ഞു. ഇനി നിങ്ങൾ പറ. അത് എന്റെ പൊന്നുമോളാണോ.?” സങ്കടം തിങ്ങിനിറഞ്ഞതായിരുന്നു അയാളുടെ ചോദ്യം. അതോടൊപ്പം തന്നെ അയാളുടെ മിഴികളുടെ കോണിൽനിന്നും ഓരോ തുള്ളി കണ്ണുനീർ ഉരുണ്ടു വീണു.
അരുൺ വിഷണ്ണനായി അയാളുടെ മിഴികളിൽ നോക്കി. അയാളുടെ ദുഃഖം അവന് മനസ്സിലാവുന്നുണ്ടായിരുന്നു. പക്ഷേ എന്തു പറഞ്ഞു അയാളെ ആശ്വസിപ്പിക്കണം എന്ന് അവന് അറിയില്ലായിരുന്നു. അല്പസമയം അവൻ മൗനം പാലിച്ചു.
“നിങ്ങളിങ്ങനെ മിണ്ടാതിരിക്കുന്നതിൽ അർത്ഥമില്ല. അതെന്റെ മോൾ ആണോന്ന് പറ.” അല്പം ക്ഷുഭിതനായാണ് പ്രേമചന്ദ്രൻ അത് പറഞ്ഞത്.
“സർ അത് നിങ്ങളുടെ മകൾ അല്ല എന്ന് ഞാൻ എങ്ങനെ പറയും.? നിങ്ങൾ തന്നെയല്ലേ അവളുടെ ആഭരണങ്ങൾ തിരിച്ചറിഞ്ഞത്.” നിസ്സഹായതയോടെ ആയിരുന്നു അരുണിന്റെ ചോദ്യം.
”അപ്പോൾ നിങ്ങളും പറയുന്നു അത് എന്റെ മകൾ തന്നെയാണെന്ന്. ഞാൻ നിങ്ങളെ ഏൽപ്പിച്ചത് എന്റെ കാണാതായ മകളെ കണ്ടെത്തുക എന്ന കേസാണ്. കണ്ടെത്തിയത് നിങ്ങൾ അല്ലെങ്കിൽ പോലും ആ കേസ് ഇതോടെ അവസാനിച്ചിരിക്കുന്നു. നിങ്ങളെ ഈ കേസ് ഏൽപ്പിച്ചതാണ് അവളുടെ മരണത്തിന് കാരണം എന്ന് പോലും ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു.” നിരാശയോടെ ആയിരുന്നു പ്രേമചന്ദ്രന്റെ മറുപടി.
“എന്താണ് സർ നിങ്ങൾ ഈ പറയുന്നത്. ഈ കേസ് ഞങ്ങളെ ഏൽപ്പിച്ചത് എങ്ങനെ അവളുടെ മരണത്തിന് കാരണമാകും. സാറേ വെറുതെ ഞങ്ങളെ തെറ്റിദ്ധരിക്കരുത്.” അരുൺ പ്രേമചന്ദ്രനോട് യാചനാ സ്വരത്തിൽ പറഞ്ഞു.
“എന്റെ മോളെ കൊണ്ടുപോയവർ നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് തന്നിരുന്നു. ആ സമയത്ത് നിങ്ങൾ അത് എന്നെയും അറിയിച്ചിരുന്നു. അന്ന് നിങ്ങൾ അന്വേഷണം അവസാനിപ്പിച്ചിരുന്നു എങ്കിൽ എൻറെ മകൾക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു. നിങ്ങളുടെ അന്വേഷണം തെറ്റായിരുന്നു എന്നല്ല ഞാൻ പറയുന്നത്. അവളെ കൊണ്ടുപോയവർ പിടിക്കപ്പെടുമെന്ന് ഭയം ആവാം എൻറെ മകൾ രശ്മിയുടെ മരണ കാരണം.” നിസ്സംഗതയോടെ പ്രേമചന്ദ്രൻ പറഞ്ഞു.
“അത്… സാർ..” അരുൺ എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല. അവന് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.
“താൻ വല്ലാതെ ഇരുന്നു വിയർകണ്ട. ഇനി നിങ്ങൾക്ക് എന്തു വേണമെന്ന് പറയൂ. ഒന്നുമില്ലെങ്കിലും കുറേദിവസം ഈ കേസിനു പിന്നാലെ നിങ്ങൾ നടന്നതല്ലേ.” തെല്ലൊരു പരിഹാസത്തോടെ ആയിരുന്നു പ്രേമചന്ദ്രന്റെ ചോദ്യം.
“വേണ്ട സർ. ഞങ്ങൾക്ക് ഒന്നും വേണ്ട. ഞങ്ങളുടെ ഇതുവരെയുള്ള അന്വേഷണം പരാജയമായിരുന്നു എന്ന് ഞങ്ങൾക്ക് ഇതുവരെ തോന്നിയിട്ടില്ല. അതു കൊണ്ടു തന്നെ ഈ കേസിന്റെ അന്വേഷണം തുടരാനാണ് ഞാൻ താൽപര്യപ്പെടുന്നത്.
“അങ്ങനെ പറഞ്ഞാൽ പറ്റില്ല. ഇത് പിടിക്കൂ.. ഇതിൽ ഞാൻ എഴുതിയത് ഒരു ലക്ഷം രൂപയാണ്. കൂടുതൽ എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി.” പ്രേമചന്ദ്രൻ പോക്കറ്റിൽ നിന്നും ഒരു ചെക്ക് എടുത്തു അരുണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
അരുണിന് അത് വാങ്ങാതെ നിവൃത്തിയുണ്ടായിരുന്നില്ല. അത് അവൻ മടക്കി തന്റെ പോക്കറ്റിൽ നിക്ഷേപിച്ചു.
“അപ്പോൾ പറഞ്ഞതുപോലെ. നിങ്ങൾ ഇനി ഈ കേസിൽ ഇതിൽ ഇടപെടരുത്” എനിക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. എൻറെ മകളുടെ ഡെഡ്ബോഡി കണ്ടെത്തിയ പോലീസ് തന്നെ അന്വേഷിക്കട്ടെ ഇതിൻറെ ബാക്കി. ഇപ്പോൾ നിന്നെക്കാൾ വിശ്വാസം എനിക്കവരെയാണ്.” പ്രേമചന്ദ്രൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
അരുണിനും മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. കുറെ നേരം അവിടെ നിശ്ചലമായി ഇരുന്ന ശേഷം അവൻ യാന്ത്രികമായി പോർച്ചിൽ നിർത്തിയിരുന്ന തന്റെ ബൈക്ക് എടുത്തു പുറത്തേക്കു പോയി.
വൈകുന്നേരം വരെ പല സ്ഥലങ്ങളിൽ കറങ്ങി നടന്ന ശേഷം രാത്രിയോടെ അവൻ നന്ദൻ മേനോന്റെ താമസ സ്ഥലത്തെത്തി.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
വൈകുന്നേരമാണ് തങ്ങളുടെ ഫ്ലാറ്റിന്റെ കോമ്പൗണ്ടിലേക്ക് ഒരു ചെറുപ്പക്കാരൻ ഫോൺ ചെയ്തു കൊണ്ട് കയറി പോകുന്നത് യാചക വേഷത്തിൽ ഇരിക്കുന്ന നന്ദൻ മേനോന്റെ ശ്രദ്ധയിൽപ്പെട്ടത്. അയാൾ സ്റ്റെപ്പ് കയറി തങ്ങളുടെ ഓഫീസിൻറെ വാതിൽക്കൽ പോയി നോക്കുന്നതും, അതിനുശേഷം സെക്യൂരിറ്റിക്കാരന്റെ അടുത്തു പോയി എന്തോ ചോദിക്കുന്നതും നന്ദൻ മേനോൻ ശ്രദ്ധിച്ചു.
അയാൾ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി വരുന്ന വഴിയിലേക്ക് നന്ദൻ മേനോൻ തൻറെ ചക്രങ്ങളുള്ള വണ്ടി നീക്കിയിരുന്നു.
“സാറെ അവിടെ രണ്ടുമൂന്നു ദിവസമായിട്ട് ആരുമില്ല. സെക്യൂരിറ്റിക്കാരന് അവർ എങ്ങോട്ട് പോയതാണെന്ന് അറിയുകയുമില്ല. ഞാനെന്താ ചെയ്യേണ്ടത്.” അയാൾ തിരിച്ചു വരുമ്പോൾ ഫോണിൽ ആരോടോ സംസാരിക്കുന്നത് നന്ദൻ മേനോൻ കേട്ടു
നന്ദൻ മേനോന് മനസ്സിലായി താൻ തിരയുന്ന ആൾ ഇതുതന്നെയാണെന്ന്. നന്ദൻ മേനോൻ അയാളുടെ മുഖത്തേക്ക് പല തവണ സൂക്ഷിച്ചു നോക്കി. ആ മുഖം നന്നായി മനസ്സിൽ പതിപ്പിച്ചു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
ഏകദേശം എട്ടു മണിയോട് അടുത്തപ്പോഴാണ് നന്ദൻ മേനോൻ അരുണിന്റെ അടുത്തെത്തിയത്. അപ്പോൾ അയാളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.
“അരുൺ നമ്മളെ പിന്തുടർന്ന് ഗ്യാംങിലെ ഒരുത്തനെ കണ്ടെത്താൻ പറ്റി. ഇനി എനിക്ക് ഈ യാചക വേഷം ആവശ്യമില്ല.” വളരെ സന്തോഷത്തോടെ ആയിരുന്നു നന്ദൻ മേനോൻ അത് പറഞ്ഞത്..
“സത്യമാണോ നന്ദേട്ടാ ഈ പറയുന്നത്. ” അത്ഭുതത്തോടെ ആയിരുന്നു അരുണിനെ ചോദ്യം.
“നാളെ മുതൽ ഞാൻ അയാളെ പിന്തുടർന്നു പോവുകയാണ്. അതിൽ നിന്നും നമുക്ക് കൂടുതൽ രഹസ്യങ്ങളുടെ ചുരുളഴിയും എന്നു തോന്നുന്നു.” ആത്മവിശ്വാസത്തോടെ ആയിരുന്നു നന്ദൻ മേനോന്റെ മറുപടി.
“പക്ഷേ നന്ദേട്ടാ ഇനി അതിന്റെ കാര്യം ഉണ്ടെന്നു തോന്നുന്നില്ല. എന്നെ പ്രേമചന്ദ്രൻ വിളിച്ചത് ആ കാര്യം പറയാൻ ആയിരുന്നു. രശ്മിയെ കണ്ടെത്തുക എന്നതായിരുന്നു നമ്മുടെ ഡ്യൂട്ടി. അവളുടെ ബോഡി കണ്ടെത്തിയ സ്ഥിതിക്ക് അ നമ്മുടെ അന്വേഷണം അവസാനിപ്പിക്കാനാണ് പ്രേമചന്ദ്രന് നിർദ്ദേശം.” നിരാശയോടെയാണ് അരുൺ നന്ദൻ മേനോനോട് അത് പറഞ്ഞത്.
നന്ദൻ മേനോൻറെ മുഖത്ത് നിറഞ്ഞുനിന്നിരുന്നു സന്തോഷം എങ്ങോ പോയി മറഞ്ഞു. അതു കണ്ട അരുണിന്റെ മനസ്സിലും ഒരു വിങ്ങൽ ഉണ്ടായിരുന്നു.
“അപ്പോൾ നമ്മുടെ അന്വേഷണം വെറുതെയായി എന്നാണോ നീ പറയുന്നത്.” നന്ദന മേനോന്റെ അടുത്ത ചോദ്യം വന്നു.
“അതെ നന്ദേട്ടാ. ഇനി നമ്മൾ മനസ്സിലാക്കിയ കാര്യങ്ങളും നമ്മൾ ശേഖരിച്ച് തെളിവുകളും പോലീസിന് കൈമാറാം. ഇനി അവനെ പോലീസ് അന്വേഷിക്കട്ടെ.”
“വേണ്ട ആരുൺ. പെട്ടെന്ന് അങ്ങനെ ചെയ്യേണ്ട. ഏതായാലും നമുക്ക് ഒരു രണ്ടു ദിവസം കൂടി കാത്തിരിക്കാം. അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന് എന്റെ മനസ്സ് പറയുന്നു.” നന്ദൻ മേനോൻ അരുണിനെ ശാന്തനാക്കാൻ നോക്കി ക്കൊണ്ട് പറഞ്ഞു
“എനിക്ക് അങ്ങനത്തെ പ്രതീക്ഷ ഒന്നുമില്ല നന്ദേട്ടാ. ആ കേസ് നഷ്ടപ്പെട്ട സ്ഥിതിക്ക് നാളെ മുതൽ നമ്മുടെ ഓഫീസ് തുറക്കുന്നതിനെ കുറിച്ചാണ് ഞാൻ ആലോചിച്ചു കൊണ്ടിരിക്കുന്നത്.”
“അപ്പോൾ നമുക്ക് നമ്മുടെ ഓഫീസ് നാളെ മുതൽ തുറക്കാം അല്ലേ.”
“അതെ ആ കേസ് നമ്മളിൽ നിന്നും പോയിരിക്കുന്ന സ്ഥിതിക്ക് നമ്മളെ പിന്തുടരുന്നവർ നമ്മളെ ഒഴിവാക്കാൻ ആണ് സാധ്യത.” അരുൺ ആലോചനയോടെ പറഞ്ഞു
“അപ്പോൾ അരുൺ. ശരിക്കും നീ ആ കേസ് ഒഴിവാക്കാൻ തീരുമാനിച്ചോ. അതിനു പിന്നിലുള്ള ദുരൂഹതകളെ കുറിച്ച് അറിയാൻ നിനക്കാഗ്രഹമില്ലേ.? രാജന്റെ കൊലപാതകികളെ നിയമത്തിനു മുന്നിലെത്തിക്കാണ്ടെ.?” നന്ദൻ മേനോൻ അരുണിനു നേരെ ചോദ്യ ശരങ്ങളുതിർത്തു.
“താല്പര്യം മാത്രം പോരല്ലോ നന്ദേട്ടാ. കേസും വേണ്ടേ.? തൽക്കാലം ഞാൻ അത് അവസാനിപ്പിക്കുകയാണ് നന്ദേട്ടാ. പ്രേമചന്ദ്രൻ കൂടി കൈയൊഴിഞ്ഞ സ്ഥിതിക്ക് ഇനി അതിന് പിറകെ നടക്കാൻ എനിക്ക് വയ്യ.”
“നിന്റെ ഇപ്പോഴത്തെ തീരുമാനങ്ങളോട് യോജിക്കാൻ എനിക്ക് കഴിയുന്നില്ല അരുൺ. അതുകൊണ്ട് നീ നന്നായി ഒന്നാലോചിക്കുക. അതിനു ശേഷമാവാം ഇത്തരം ബാലിശമായ തീരുമാനങ്ങൾ.
ശരിയാണ് നന്ദേട്ടാ. ഞാൻ ശരിക്കും ഒന്നാലോചിക്കട്ടെ. ഞാനിപ്പോൾ എന്റെ വീട്ടിലേക്ക് തന്നെ പോവുകയാണ്. വെറുതെ ഇനി ഒളിച്ചു കഴിയേണ്ട കാര്യമില്ലല്ലോ.?” നിർവികാരതയോടെ അരുൺ പറഞ്ഞു പ്രേമചന്ദ്രന് വാക്കുകൾ അത്രമേൽ അരുണിന്റെ കാതുകളിൽ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.
“ശരി എല്ലാം നിൻറെ ഇഷ്ടം” ഈ യാചക വേഷം മാറി ഞാനും പോവുകയാണ്, എൻറെ ലോഡ്ജിലേക്ക്.”
“പിന്നീട് അവർ കൂടുതൽ ഒന്നും സംസാരിക്കാൻ നിന്നില്ല. അരുൺ നന്ദൻ മേനോനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
പിറ്റേന്ന് രാവിലെ അരുൺ തങ്ങളുടെ ഓഫീസിലെത്തി. വാതിൽ തുറന്നപ്പോൾ കണ്ടു മടക്കി നിലയിലുള്ള ആ കടലാസ് നിലത്ത് കിടക്കുന്നത്. അവൻ അത് കുനിഞ്ഞു എടുത്തു. ശേഷം അവൻ തന്റെ കസേരയിലിരുന്നു. കത്തിൽ എന്താണുള്ളത് എന്ന് അറിയാനുള്ള ആകാംക്ഷ അവനെ വല്ലാതെ ഭരിച്ചു കൊണ്ടിരുന്നു.
രശ്മിയുടെ മരണം അറിഞ്ഞു കാണുമല്ലോ.? ഇത് നിങ്ങൾക്കുള്ള അവസാനത്തെ വാർണിങ്ങ് ആണ്. ഇനിയും അതിനു പിറകെ വന്നാൽ……….. ബാക്കി ഞാൻ പറയുന്നില്ല. ചെയ്തു കാണിക്കാം…. ആ പേപ്പറിലെ വരികളിലൂടെ അരുണിന്റെ മിഴികൾ പലതവണ അരിച്ചിറങ്ങി.
അവൻ സമയം നോക്കി. പത്തുമണി ആയിരുന്നു. നന്ദൻ മേനോൻ ഇതു വരെ എത്തിയിട്ടില്ല. സാധാരണ നന്ദൻ മേനോൻ എത്തുന്ന സമയമായിട്ടും അദ്ദേഹത്തെ കാണാത്തതിനാൽ അവന്റെ മനസ്സിൽ നേർത്ത ഒരു ആശങ്ക രൂപപ്പെട്ടു.
ഒരു മണിക്കൂർ കൂടി കഴിഞ്ഞു. എന്നിട്ടും നന്ദൻ മേനോൻ എത്തിയില്ല. അരുൺ ഫോണെടുത്ത് അത് നനന്ദൻ മേനോന്റെ നമ്പർ ഡയൽ ചെയ്തു. സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. അരുണിനെ മനസ്സിൽ ഭയത്തിന്റ കാർമേഘങ്ങൾ ഉരുണ്ടുകൂടി. അവൻ ഒരിക്കൽ കൂടി ആ കടലാസ് നിവർത്തി. അതിലെ വരികളിലൂടെ അവന്റെ മിഴികൾ വീണ്ടും അരിച്ചിറങ്ങി.
തുടരും……..
തമിഴ് അറിയാത്ത ഞാൻ രണ്ട് മൂന്ന് പേരോട് ചോദിച്ചാണ് ഇതിൽ തമിഴ് ചേർത്തത്. ആ ഭാഗങ്ങൾ എഴുതാനാണ് കൂടുതൽ സമയവും എടുത്തത്. അതിനെ കുറിച്ചുള്ള അഭിപ്രായങ്ങളും ചേർക്കുമല്ലോ അല്ലേ.
Comments:
No comments!
Please sign up or log in to post a comment!