മൃഗം 23

“നടക്കില്ല മുസ്തഫെ, നടക്കില്ല. ആ പെണ്ണിന്റെ അച്ഛനും അമ്മയും ഇവിടെയുണ്ട്. അവരുള്ളപ്പോള്‍ നിങ്ങളീ പറയുന്നവരുടെ കൂടെ ഞാന്‍ എങ്ങനെ അവളെ വിടും. മാത്രമല്ല, ഞങ്ങള്‍ അവളെ വണ്ടിയില്‍ കയറ്റുന്നത് നാട്ടുകാര് കണ്ടതാണ്. അതില്‍ ഒരുത്തന്‍ പാര്‍ട്ടിയുടെ ഏതോ കുണാണ്ടര്‍ ആണ്. നാളെ ഇങ്ങോട്ട് കൊണ്ടുവന്ന പെണ്ണിനെ കാണാനില്ല എന്ന് വന്നാല്‍, എന്റെ ജോലി പോകുമെന്ന് മാത്രമല്ല, ചിലപ്പോള്‍ എന്നെ അവരെല്ലാം കൂടി പടമാക്കും. തല്‍ക്കാലം അവളെ ഞാന്‍ വിട്ടയയ്ക്കുകയാണ്. അവന്മാര്‍ക്ക് അവളെ വേണമെങ്കില്‍ വേറെ വല്ല വഴിയും നോക്കാന്‍ പറ..” തന്നെ കാണാന്‍ എത്തിയ മുസ്തഫയോട് രഹസ്യമായി സംസാരിക്കുകയായിരുന്നു എസ് ഐ രാമദാസ്. “സാറ് ആ സമയത്ത് അവിടെ എത്തിയില്ലയിരുന്നെകില്‍ അവര്‍ അവളെ അപ്പോഴേ കൊണ്ടുപോയേനെ. സാറൊന്നു ശ്രമിച്ചു നോക്ക്. കാശ് ഇഷ്ടം പോലെയുള്ള ടീമുകള്‍ ആണ്. മാത്രമല്ല, നാളെ സാറിനും എനിക്കും പല ഗുണങ്ങളും അവരെക്കൊണ്ട് ഉണ്ടാകുകയും ചെയ്യും. സാറ് കേട്ടിട്ടില്ലേ അറേബ്യന്‍ ഡെവിള്‍സ് എന്ന ഗാംഗിനെപ്പറ്റി..അവരാണ് കക്ഷികള്‍. ഇതിപ്പോ മൂന്നാം തവണയാ പെണ്ണ് അവരുടെ കൈയില്‍ നിന്നും വഴുതി പോകുന്നത്” മുസ്തഫ പറഞ്ഞു. “ഡെവിള്‍സിനെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ ഈ സംഗതി നടക്കത്തില്ല. വല്ല നിവൃത്തീം ഉണ്ടെങ്കില്‍ ഞാന്‍ ചെയ്യത്തില്ലേ?” “സാറെ ഒരു വക്കീല്‍ കാണാന്‍ വന്നിരിക്കുന്നു” ഒരു പോലീസുകാരന്‍ ഉള്ളിലേക്കെത്തി പറഞ്ഞു. പൌലോസ് പറഞ്ഞയച്ച വക്കീല്‍ മുഹമ്മദ്‌ അമീര്‍ ഉള്ളിലെക്കെത്തി എസ് ഐയ്ക്ക് ഹസ്തദാനം നല്‍കി. മുസ്തഫ മെല്ലെ യാത്ര പറഞ്ഞു പുറത്തേക്ക് പോയി. “ഞാന്‍ മുഹമ്മദ്‌ അമീര്‍. നിങ്ങള്‍ കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടിയെ ജാമ്യത്തില്‍ ഇറക്കാന്‍ വന്നതാണ്‌. എന്റെ വ്യക്തിപരമായ ജാമ്യത്തില്‍ നിങ്ങള്‍ക്ക് അവളെ വിട്ടയയ്ക്കാം” അയാള്‍ പറഞ്ഞു. “കുട്ടി മൈനര്‍ ആയതുകൊണ്ട് ഞാന്‍ കേസൊന്നും ചാര്‍ജ്ജ് ചെയ്തിട്ടില്ല. പക്ഷെ കുത്തുകൊണ്ട ആരെങ്കിലും മരണപ്പെട്ടാല്‍ സംഗതി മാറും. കുത്തുകൊണ്ടവര്‍ പരാതി തന്നാലും ഞങ്ങള്‍ക്ക് നടപടി എടുക്കേണ്ടി വരും. ഞങ്ങള്‍ പെണ്‍കുട്ടിയുടെ സ്റ്റേറ്റ്മെന്റ് വാങ്ങിയിട്ടുണ്ട്. അവളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപെടുന്നതിന്റെ ഭാഗമായി നടന്ന ആക്രമണം ആണ് എന്ന് ഞങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. എപ്പോള്‍ ആവശ്യപ്പെട്ടാലും പക്ഷെ അവളിവിടെ ഹാജരാകണം എന്ന് മാത്രം” രാമദാസ് പറഞ്ഞു.

“താങ്ക് യൂ മിസ്റ്റര്‍ രാമദാസ്” വക്കീല്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ എസ് ഐ ശങ്കരനെയും രുക്മിണിയെയും ഒപ്പം ദിവ്യയെയും ഉള്ളിലേക്ക് വിളിപ്പിച്ചു.

“നിങ്ങള്‍ക്ക് ഇവളെ കൊണ്ടുപോകാം. പക്ഷെ എപ്പോള്‍ വിളിപ്പിച്ചാലും ഇവിടെ ഹാജരാകണം. കേസ് കുത്തുകൊണ്ടവരുടെ പരാതിയിന്‍മേല്‍ മാത്രമേ എടുക്കൂ. പിന്നെ അവരില്‍ ആരെങ്കിലും മരിച്ചുപോയാല്‍ പിന്നെ ഇവള്‍ അകത്തയിരിക്കും. ഓര്‍മ്മ വേണം. മൈനര്‍ പെണ്‍കുട്ടി ആയതുകൊണ്ടാണ്‌ നീ തല്‍ക്കാലം രക്ഷപെട്ടിരിക്കുന്നത്..മനസിലായോടീ?” രാമദാസ് രൂക്ഷമായി ദിവ്യയെ നോക്കി ചോദിച്ചു. അവള്‍ മിണ്ടാതെ തല കുനിച്ചു. “ഉം പൊക്കോ” ശങ്കരന്‍ കൈ കൂപ്പിയ ശേഷം ഭാര്യയും മകളുമൊത്ത് പുറത്തിറങ്ങി. അമീര്‍ അവരെ കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു. “ഞാന്‍ മുഹമ്മദ്‌ അമീര്‍. വക്കീലാണ്. ഇവിടെ മുന്‍പിരുന്ന എസ് ഐ പൌലോസ് വിളിച്ചു പറഞ്ഞത് കൊണ്ടാണ് ഞാന്‍ വന്നത്.” അമീര്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. പൌലോസിന്റെ പേര് കേട്ടപ്പോള്‍ ദിവ്യയുടെ മുഖം കറുത്തു. “നിങ്ങള്‍ക്ക് പോകാം. കേസൊന്നും ചാര്‍ജ്ജ് ചെയ്തിട്ടില്ല. പക്ഷെ എന്റെ അഭിപ്രായം നിങ്ങള്‍ അവര്‍ക്കെതിരെ ഒരു പരാതി നല്‍കണം എന്നാണ്. അതായത് ഈ കുട്ടിയെ ബലമായി വണ്ടിയില്‍ പിടിച്ചു കയറ്റിക്കൊണ്ട് പോയി എന്ന്. വാദികള്‍ ആകാന്‍ ചാന്‍സുള്ളവരെ പ്രതികളാക്കി നമ്മള്‍ നല്‍കുന്ന പരാതി അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിനെ നിര്‍ബന്ധിക്കും..എന്ത് പറയുന്നു?’’ അയാള്‍ അവരെ മൂവരെയും നോക്കി ചോദിച്ചു. “എന്നെ ബലമായി ആരും കേറ്റിയില്ല സര്‍. എനിക്ക് അറിയാവുന്ന ഈ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന രവീന്ദ്രന്‍ അങ്കിളാണ് എന്നെ വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞു വണ്ടിയില്‍ കയറ്റിയത്. വഴിയില്‍ വച്ച് ദിവാകരന്‍ ചിറ്റപ്പനും കയറി. എന്നെ വീടിനടുത്തുള്ള ജംഗ്ഷനില്‍ ഇറക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ വണ്ടി വേറെ ഭാഗത്തേക്ക് ഓടിച്ചു. ഇറക്കാന്‍ ആവശ്യപ്പെട്ട എന്നെ അവര്‍ ബലമായി വണ്ടിയില്‍ പിടിച്ചിരുത്തി..എന്നെ ചിറ്റപ്പന്‍ അടിക്കുകയും ചെയ്തു..ദാ ഈ കവിള് കണ്ടില്ലേ..” തിണിര്‍ത്തുകിടന്ന ഇടതു കവിള്‍ അവള്‍ അയാളെ കാണിച്ചു. “ഓഹോ..അങ്ങനെയാണ് കാര്യം അല്ലെ? കുട്ടി എന്തിനാണ് അവരുടെ വണ്ടിയില്‍ കയറിയത്?” “എന്റെ സൈക്കിള്‍ ആരോ മോഷ്ടിച്ചു. അത് പോയ വിഷമത്തില്‍ നില്‍ക്കുമ്പോള്‍ ആണ് അങ്കിള്‍ അവിടെത്തിയത്” അമീര്‍ ആലോചിച്ചു. അയാള്‍ക്ക് ഏതാണ്ടൊക്കെ മനസിലായിക്കഴിഞ്ഞിരുന്നു. “നിങ്ങളൊരു കാര്യം ചെയ്യ്‌. ഞാന്‍ പറയുന്നത് പോലെ ഒരു പരാതി എഴുതി എസ് ഐക്ക് കൊടുക്ക്. കേസ് അവര്‍ക്കെതിരെ ആണ് എടുക്കേണ്ടത്. അത് എടുത്തിരിക്കണം..” അല്‍പ്പസമയത്തെ ആലോചനയ്ക്ക് ശേഷം അമീര്‍ പറഞ്ഞു. ശങ്കരന്‍ തലയാട്ടി.


അയാള്‍ പറഞ്ഞത് പോലെ പരാതി എഴുതി അവര്‍ എസ് ഐക്ക് നല്‍കി. വായിച്ചു നോക്കിയ രാമദാസ് അല്‍പ്പം നീരസത്തോടെ അമീറിനെ നോക്കി. അമീര്‍ അയാളുടെ മനസു വായിച്ചിട്ടെന്ന പോലെ പുഞ്ചിരിച്ചു. “വളരെ നന്ദി സാറെ…” പുറത്തിറങ്ങിയ ശങ്കരന്‍ സന്തോഷത്തോടെ വക്കീലിനെ നോക്കി കൈകള്‍ കൂപ്പി. “എന്നാല്‍ ശരി. ങാ പിന്നെ നിങ്ങള്‍ സൂക്ഷിക്കണം. അവന്മാരുടെ ബന്ധുക്കളോ മറ്റോ രാത്രി വീട്ടില്‍ വന്നു പ്രശ്നം ഉണ്ടാക്കാന്‍ ഇടയുണ്ട്…എന്റെ കാര്‍ഡ് കൈയില്‍ വച്ചോളൂ. എന്തെങ്കിലും ആവശ്യം നേരിട്ടാല്‍ വിളിക്കാന്‍ മടിക്കണ്ട..” ശങ്കരന്‍ ചെറിയ ഭയത്തോടെ രുക്മിണിയെ നോക്കി. അവള്‍ അയാളെ കണ്ണ് കാണിച്ചു. “സാറേ..സാറിന്റെ ഫീസ്‌..” ശങ്കരന്‍ പോകാനിറങ്ങിയ വക്കീലിന്റെ അരികിലെത്തി ചോദിച്ചു. “ഫീസോ? ഇത് ഞാന്‍ പൌലോസിനു വേണ്ടി മാത്രം ചെയ്തതാണ്. ഫീസ്‌ അവന്റെ കൈയീന്നു ഞാന്‍ വാങ്ങിക്കോളാം” അമീര്‍ ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞ ശേഷം ബൈക്കില്‍ കയറി. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ അവര്‍ പുറത്തേക്ക് ഇറങ്ങി. “നിങ്ങളിവിടെ ഇരിക്ക്. ഞാനൊരു ഓട്ടോ വിളിച്ചോണ്ട് വരാം” അയാള്‍ പുറത്തേക്ക് പോയി. സമയം രാത്രി എട്ടുകഴിഞ്ഞിരുന്നു. ഈ സമയത്ത് ഡെവിള്‍സ് ഹോട്ടല്‍ റോയല്‍ പാലസില്‍ ചര്‍ച്ചയില്‍ ആയിരുന്നു. മുസ്തഫയും അവര്‍ക്കൊപ്പം കൂടിയിട്ടുണ്ടായിരുന്നു. “ഇങ്ങനെ ഒരു തോല്‍വി ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്തൊരു ഭാഗ്യമാണ് ആ പെണ്ണിന്! ഇനിയിപ്പോ എന്ത് ചെയ്യുമെടെ?” അര്‍ജ്ജുന്‍ തങ്ങളുടെ തോല്‍വി സ്വയം അംഗീകരിച്ചുകൊണ്ട് ചോദിച്ചു. അവന്റെ വലതുകൈയില്‍ മദ്യഗ്ലാസ് ഉണ്ടായിരുന്നു. “ഓരോ തവണത്തെ പരാജയവും അവളോടുള്ള മോഹം കൂട്ടുകയാണ്. കിട്ടാത്ത കനിയോടുള്ള ഒരു ആര്‍ത്തിയുണ്ടല്ലോ? അങ്ങനെയാണ് ഇപ്പോള്‍ സംഗതിയുടെ കിടപ്പ്. അവള്‍ നമുക്കിപ്പോള്‍ ഒരു കിട്ടാക്കനി ആണ്. പക്ഷെ തോറ്റുകൊടുക്കാന്‍ നമുക്ക് പറ്റില്ലല്ലോ? അങ്ങനെയൊരു ശീലം നമുക്കില്ല..” സോഫയില്‍ മലര്‍ന്നുകിടന്ന് സ്റ്റാന്‍ലി പറഞ്ഞു. “ഞാന്‍ എസ് ഐ സാറിനോട് ആവതു പറഞ്ഞു നോക്കി. പക്ഷെ ഒരു രക്ഷയുമില്ലെന്ന് പുള്ളി തീര്‍ത്ത് പറഞ്ഞു. നിങ്ങള് വേറെ വഴി നോക്കാനാണ് മൂപ്പര് പറഞ്ഞത്” മുസ്തഫ മൂവരെയും മാറിമാറി നോക്കി പറഞ്ഞു. “ശരിയാണ് ഇക്കാ. അങ്ങേര്‍ക്ക് നമ്മള്‍ പറഞ്ഞത് പോലെ ചെയ്യാന്‍ പറ്റില്ല. നമ്മളൊന്ന് ട്രൈ ചെയ്തു എന്നെ ഉള്ളൂ. അവളെ വീട്ടിലേക്ക് പറഞ്ഞുവിട്ട സ്ഥിതിക്ക്, നമ്മളിനി വേറെ വല്ല വഴിയുമാണ്‌ നോക്കേണ്ടത്. എനിക്ക് ഒരു ഐഡിയ തോന്നുന്നുണ്ട്” മാലിക്ക് പറഞ്ഞു. “പറ.
.ഇവിടെ വന്ന സ്ഥിതിക്ക് അവളെ കിട്ടാന്‍ എന്ത് വഴി ഉണ്ടെങ്കിലും നമ്മള്‍ നോക്കണം” അര്‍ജ്ജുന്‍ പറഞ്ഞു.

“എന്റെ ഐഡിയ ഇതാണ്. ഇന്ന് രാത്രി അവളുടെ വീട്ടില്‍ ഒരു ആക്രമണം നടത്തുക. സംഗതി ഇന്ന് നടന്ന സംഭവത്തിന്റെ പേരില്‍ കുത്തുകൊണ്ടവരുടെ ബന്ധുക്കള്‍ നടത്തുന്ന ആക്രമണം ആയി വരുത്തിയാല്‍ മതി. ദിവാകരന്‍ അയാളുടെ അനുജന്‍ തന്നെ ആയതുകൊണ്ട് അയാളുടെ പേര് ഇതില്‍ വരുത്തണ്ട. നമുക്ക് രവീന്ദ്രന്റെ കുറെ ആളുകളെ സംഘടിപ്പിക്കാനോ അതല്ലെങ്കില്‍ അയാളുടെ ആളുകള്‍ എന്ന് പറഞ്ഞു ചിലരെ പറഞ്ഞു വിടാനോ പറ്റിയാല്‍, ഇന്നുതന്നെ അവളെ പൊക്കാം” മാലിക്ക് തന്റെ ആശയം അവതരിപ്പിച്ചു. “വളരെ നല്ല ഐഡിയ. ഇന്ന് എന്ത് സംഭവിച്ചാലും അത് കുത്തുമായി ബന്ധപ്പെട്ട വിഷയമായി മാത്രമേ ആരും കരുതൂ. നമ്മളാണ് ഇതിന്റെ പിന്നിലെന്ന് ആരും അറിയില്ല. രാമദാസിന് പണം നല്‍കിയാല്‍ പോലീസും ഇടപെടില്ല. ഇക്ക എന്ത് പറയുന്നു?” സ്റ്റാന്‍ലി ചോദിച്ചു. “നിങ്ങള് പറയുന്നത് പോലെ ചെയ്യാം. നമ്മുടെ പിള്ളേര്‍ എന്തിനും റെഡി അല്ലെ. അവന്മാര്‍ക്ക് ശകലം ചില്ലറ കൊടുക്കേണ്ടി വരും…” മുസ്തഫ പറഞ്ഞു. “അവന്മാര്‍ക്ക് എന്തു വേണേലും കൊടുത്തോ. പക്ഷെ കാര്യം ഞങ്ങള് പറയുന്നത് പോലെ നടക്കണം. രാത്രി വീടുകയറി അവന്മാര്‍ ആക്രമിക്കണം. രവീന്ദ്രന്റെ പേര് പറഞ്ഞായിരിക്കണം ആക്രമണം. അവള്‍ പിന്നിലെ വാതില്‍ തുറന്ന് രക്ഷപെടാന്‍ സാധ്യതയുള്ളത് കൊണ്ട് ഞങ്ങളില്‍ രണ്ടുപേര്‍ പിന്നില്‍ ഒളിഞ്ഞു നില്‍ക്കും. അവള്‍ അതിലൂടെ ഇറങ്ങിയാല്‍, പിന്നെ കാര്യം ശുഭം. അതോടെ ഇക്കയുടെ പിള്ളേര്‍ക്ക് തിരികെ പോകാം” അര്‍ജ്ജുന്‍ പറഞ്ഞു. “ശരി. അങ്ങനെ ചെയ്യാം. എന്നാല്‍ ഞാന്‍ അവന്മാരെ ഒന്ന് വിളിക്കട്ടെ. ബോധത്തോടെ ഏവനെങ്കിലും കാണുമോ ആവോ” മൊബൈല്‍ എടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്തുകൊണ്ട് മുസ്തഫ പറഞ്ഞു. ഈ സമയത്ത് ശങ്കരന്‍ ദിവ്യയെയും രുക്മിണിയെയും കൂട്ടി വീട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു. വൈകിട്ട് നടന്ന സംഭവങ്ങള്‍ അവര്‍ രഹസ്യമാക്കി വച്ചിരുന്നതിനാല്‍ നാട്ടുകാര്‍ ആരും അറിഞ്ഞിരുന്നില്ല. വീട്ടില്‍ എത്തിയ ശങ്കരന്‍ തളര്‍ച്ചയോടെ സോഫയിലേക്ക് വീണു. “എന്തൊരു ഗതികേട് ആണ് ഈശ്വരാ ഈ വീടിനും ഞങ്ങള്‍ക്കും. മര്യാദയ്ക്ക് ജീവിച്ചു പോകാന്‍ ഒരുത്തനും സമ്മതിക്കില്ലെന്ന് വച്ചാല്‍ എന്ത് ചെയ്യും?” അയാള്‍ തലയ്ക്ക് കൈയും കൊടുത്ത് വിലപിച്ചു. “എന്നാലും എന്റെ മോളെ നിനക്കെങ്ങനെ ധൈര്യം വന്നെടി ഇത് ചെയ്യാന്‍” മകളുടെ ശിരസില്‍ തലോടിക്കൊണ്ട് രുക്മിണി ചോദിച്ചു. “വെറുപ്പാണ് അമ്മെ എനിക്ക്.
.എല്ലാ ആണുങ്ങളെയും.. കൊല്ലാന്‍ പോലും ഞാന്‍ മടിക്കില്ല അവനെയൊക്കെ..” ദിവ്യയുടെ ശബ്ദത്തിലെ പകയും അവളുടെ മുഖഭാവവും കണ്ടപ്പോള്‍ രുക്മിണി ഞെട്ടി. മകളുടെ പുതിയ മുഖം ശങ്കരനെയും ഭീതിയില്‍ ആഴ്ത്തി. “അങ്ങനെ ഒന്നും പറയാതെ മോളെ. മോള്‍ടെ അച്ഛനും ഒരു പുരുഷന്‍ അല്ലെ. എല്ലാ ആണുങ്ങളും മോശക്കാരല്ല. മോശക്കാരെ മാത്രം മോള്‍ അങ്ങനെ കണ്ടാല്‍ മതി” രുക്മിണി പറഞ്ഞു. ദിവ്യ അതിനു മറുപടി ഒന്നും കൊടുത്തില്ല. “ചെല്ല്..മോള് കുളിച്ചു വേഷം മാറ്. ചേട്ടാ..ചെന്നു കുളിക്ക്. കതകുകളും ജനലുകളും എല്ലാം അടച്ചേക്ക്. ആ വക്കീല് പറഞ്ഞത് കേട്ടപ്പോള്‍ മുതല്‍ മനസില്‍ ഒരു ആധി” രുക്മിണി പറഞ്ഞു. പിന്നെ അവള്‍ അടുക്കളയിലേക്ക് കയറി. ദിവ്യ കുളിക്കാന്‍ പോയപ്പോള്‍ ശങ്കരന്‍ മെല്ലെ എഴുന്നേറ്റ് മുറിയിലേക്ക് കയറി. “എന്നാലും ദിവാകരന്‍. അവന്‍ ഇത്തരക്കാരനായിപ്പോയല്ലോ” ആഹാരം കഴിക്കുന്നതിനിടെ ശങ്കരന്‍ പറഞ്ഞു. “ഞാന്‍ പണ്ട് അവനെക്കുറിച്ചു പറയുമ്പോള്‍ ചേട്ടന്‍ എന്നെ വിശ്വസിച്ചിട്ടുണ്ടോ? എന്നെ കാണുമ്പൊള്‍ ഉള്ള അവന്റെ വൃത്തികെട്ട നോട്ടം. ഈ പെണ്ണിനെ സ്വന്തം മോളെപ്പോലെ കാണേണ്ടതല്ലേ അവന്‍?” “ഓരോരുത്തരുടെയും തനിനിറം ഇങ്ങനെ ഒക്കെയല്ലേ അറിയുക.. എന്റെ മോളെ നീ വളരെ സൂക്ഷിക്കണം. ആ രവീന്ദ്രന്റെ ആളുകള്‍ വളരെ മോശക്കാരാണ്. എനിക്ക് ആകെ ആധിയാകുന്നു..”

“അച്ഛന്‍ പേടിക്കാതെ. എനിക്ക് ആരെയും പേടിയില്ല. ഇന്നത്തോടെ ബാക്കി ഉണ്ടായിരുന്ന പേടിയും ഇല്ലാതായി. എന്നെ തൊടാന്‍ ആരെങ്കിലും തുനിഞ്ഞാല്‍, അവനെ ഞാന്‍ കൊല്ലും..” ദിവ്യ അലസമായി, എന്നാല്‍ ദൃഡമായ സ്വരത്തില്‍ പറഞ്ഞു. “മോളെ എല്ലായ്പ്പോഴും നീ ജയിക്കണം എന്നില്ല. അമിത ആത്മവിശ്വാസവും ആപത്താണ്” രുക്മിണി മകളെ ഉപദേശിച്ചു. പറഞ്ഞറിയിക്കാന്‍ പാടില്ലാത്ത ഒരു പിരിമുറുക്കം ആ വീട്ടില്‍ നിലനിന്നിരുന്നതിനാല്‍ ഊണിനു ശേഷം മൂവരും ഉറങ്ങാന്‍ കയറി. സമയം പത്തുമണി കഴിഞ്ഞിരുന്നു. കട്ടിലില്‍ കയറിക്കിടന്ന ദിവ്യയ്ക്ക് തന്റെ മനസ്സിന്റെ മാറ്റം മനസിലാകുന്നുണ്ടയിരുന്നു. ഭയമെന്ന വികാരം മനസ്സില്‍ നിന്നും പാടെ പോയിരിക്കുന്നു. ഒരുപക്ഷെ തനിക്കെതിരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും താന്‍ സ്നേഹിച്ച എല്ലാ ആണുങ്ങളും തന്നെ ചതിച്ചതിന്റെയും പ്രതിഫലനം ആകാം. എന്തായാലും ഇനി തനിക്ക് ഒരുത്തനെയും പേടിയില്ല. ഒരുത്തന്‍റെയും സഹായവും ആവശ്യമില്ല. താന്‍ തനിച്ചു ജീവിക്കും. ഒരു പുരുഷനും തൊടില്ല തന്റെ ഈ ദേഹത്ത്. ഒരുത്തനും ഒരിക്കലും കയറിക്കൂടില്ല തന്റെ ഈ മനസ്സില്‍. പഠിച്ച് ഒരു ഐ പി എസ്സ് കാരി ആകണം. എന്നിട്ട് സ്ത്രീകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന എല്ലാവനെയും അമര്‍ച്ച ചെയ്യണം. ആണുങ്ങളെ ഇടിച്ച് ഒതുക്കാന്‍ തനിക്ക് അധികാരം ആവശ്യമാണ്. അതെ..ഇനി തന്റെ ലക്‌ഷ്യം അതായിരിക്കും. അങ്ങനെ ചിന്തിച്ചുകൊണ്ട് അവള്‍ കിടന്നു. കിടന്ന പാടെ ഉറങ്ങുകയും ചെയ്തു. ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറത്ത് ആരോ കതകില്‍ ശക്തമായി അടിക്കുന്നത് കേട്ടു ദിവ്യ ഞെട്ടിയുണര്‍ന്നു. “എടാ പട്ടീ ശങ്കരാ..തുറക്കടാ കതക്. എവിടെടാ നിന്റെ മോള്? ഞങ്ങളുടെ അണ്ണനെ ആശൂത്രീല്‍ ആക്കീട്ട് നീ സുഖമായി ഉറങ്ങുവാ അല്ലേടാ നായെ..” ആരൊക്കെയോ ബഹളം ഉണ്ടാക്കിക്കൊണ്ട് കതകില്‍ ശക്തമായി ഇടിക്കുന്നത് കേട്ടു ദിവ്യ വേഗം എഴുന്നേറ്റു. ശങ്കരനും രുക്മിണിയും അവളെക്കാള്‍ മുന്നേ എഴുന്നേറ്റ് കഴിഞ്ഞിരുന്നു. അവര്‍ ഭയചകിതരായി വിറയ്ക്കുന്നത് കണ്ട ദിവ്യ അങ്ങോട്ട്‌ ചെന്നു. പുറത്ത് കുറേപ്പേര്‍ ഉണ്ടെന്ന് അവര്‍ക്ക് മനസിലായി. “കതക് തുറക്കാടാ നായെ..എന്റെ ചേട്ടനെ കൊല്ലാന്‍ ശ്രമിച്ച നിന്റെ മോളുടെ കൊടല് ഞാന്‍ എടുക്കും..തൊറക്കടാ…” “അച്ഛാ അമ്മെ. വാ.നമുക്ക് പിന്നിലെ വാതില്‍ വഴി പുറത്ത് പോകാം..അവര്‍ കുറേപ്പേര്‍ ഉണ്ട്. അവന്മാര്‍ കതക് ചവിട്ടി തുറന്ന് അകത്ത് കേറിയാല്‍ നമ്മള്‍ കുടുങ്ങും” ആത്മസംയമനം കൈവിടാതെ ദിവ്യ പറഞ്ഞു. അവള്‍ പറഞ്ഞതു കേട്ടു ശങ്കരനും രുക്മിണിയും വേഗം പിന്നിലേക്ക് നടന്നു. കതകിനു സമീപം എത്തിയ ദിവ്യ അത് തുറക്കുന്നതിനു മുന്‍പ് ചെവി പുറത്തേക്ക് വട്ടം പിടിച്ചു ശ്രദ്ധിച്ചു. അവളുടെ മുഖത്ത് ചുളിവുകള്‍ വീഴുന്നത് ശങ്കരനും രുക്മിണിയും കണ്ടു. “എന്താ മോളെ?” ശങ്കരന്‍ ചോദിച്ചു. “ശ്…മിണ്ടല്ലെ അച്ഛാ..ഈ കതകിനു വെളിയില്‍ ആരോ ഉണ്ട്. അവര്‍ നമ്മളെ വളഞ്ഞു കഴിഞ്ഞു..രക്ഷപെടാന്‍ വേറെ വല്ല വഴിയും നോക്കിയേ പറ്റൂ….” അല്‍പ്പം മുന്‍പ് ഭയം നഷ്ടപ്പെട്ടു എന്ന് സ്വയം വിശ്വസിച്ച ദിവ്യയുടെ മനസിലേക്ക് ഭയം ഒരു രാക്ഷസനെപ്പോലെ കാലെടുത്തു വച്ചുകഴിഞ്ഞിരുന്നു.

“യ്യോ..ആണോ..ഇനി എന്ത് ചെയ്യും ഭഗവാനെ?” രുക്മിണി നെഞ്ചില്‍ കൈവച്ചുകൊണ്ട് നിലത്തേക്കിരുന്നു. ശങ്കരനും എന്ത് ചെയ്യണം എന്നറിയാതെ ആധിയോടെ മകളെ നോക്കി. ഇത്രയും ആളുകളെ എങ്ങനെ നേരിടും എന്ന് അവള്‍ക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല. മുന്നിലും പിന്നിലും ആപത്താണ്. എങ്ങോട്ട് പോകും? എങ്ങനെ രക്ഷപെടും? “എടാ കള്ളക്കഴുവേറീ..നീ തുറക്കില്ല അല്ലെ..വേണ്ട..ഞങ്ങള്‍ തുറന്നോളാം” പുറത്ത് നിന്നുമുള്ള അലര്‍ച്ച ശങ്കരനും കുടുബവും ഭീതിയോടെ കേട്ടു. തൊട്ടു പിന്നാലെ മുന്നിലെ വാതിലില്‍ ആരോ ആഞ്ഞു ചവിട്ടുന്നതും കതക് കുലുങ്ങുന്നതും അവര്‍ കണ്ടു. “അയ്യോ അച്ഛാ അവര് കതക് ചവിട്ടി പൊളിക്കുന്നു..വാ..കിട്ടുന്ന ആയുധം എടുത്ത് നമുക്ക് നില്‍ക്കാം..വാ..” ദിവ്യ അവരെ പിടിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടി കൈയില്‍ കിട്ടിയ വാക്കത്തിയും കത്തികളും എടുത്ത് കരുതലോടെ മറഞ്ഞു നിന്നു. ഭയം കൊണ്ട് മൂവരും വിറയ്ക്കുന്നുണ്ടായിരുന്നു. കതകില്‍ വീണ്ടും വീണ്ടും ശക്തമായി ആരോ ചവിട്ടുന്നതിന്റെ ഒച്ച അവരുടെ ചെവികളില്‍ പടക്കം പൊട്ടുന്ന ശബ്ദം പോലെ വന്നു പതിഞ്ഞു. “അയ്യോ….” ശങ്കരന്‍ പെട്ടെന്ന് നിലവിളിച്ചു. അവരുടെ മുന്‍വാതില്‍ മലര്‍ക്കെ തുറന്ന് ഒരുകൂട്ടം ആളുകള്‍ ഉള്ളിലേക്ക് ഓടിക്കയറുന്നത് കണ്ടായിരുന്നു ആ നിലവിളി. കൈകളില്‍ വടിവാളുകളും പേറി ഉള്ളിലേക്ക് എത്തിയ അവര്‍ ഭയന്നു വിറച്ചു നില്‍ക്കുന്ന ശങ്കരന്റെയും രുക്മിണിയുടെയും ദിവ്യയുടെയും അടുത്തേക്ക് എത്തി. “ഇവളെ മതി ഞങ്ങള്‍ക്ക്..ഇവളെ മാത്രം” കൈയില്‍ വാക്കത്തിയുമായി നിന്ന ദിവ്യയുടെ കൈയില്‍ ശക്തമായി പിടിച്ചുകൊണ്ട് അവരുടെ നേതാവ് പറഞ്ഞു. അവന്റെ ബലമായ പിടുത്തത്തില്‍ ദിവ്യയുടെ കൈയില്‍ നിന്നും കത്തി താഴെ വീണുപോയി. “വിടടാ എന്റെ മോളെ..എടാ വിടാന്‍..’ ശങ്കരന്‍ കത്തിയുമായി മുന്‍പോട്ടു ചാടി. അടുത്ത നിമിഷം ആരുടെയോ കാല്‍ അയാളുടെ അടിവയറ്റില്‍ പതിച്ചു. ശങ്കരന്‍ പിന്നിലേക്ക് മലര്‍ന്നടിച്ചു വീണു. എല്ലാം കണ്ടു നിന്ന രുക്മിണി ബോധരഹിതയായി നിലം പൊത്തി. “വാടീ കഴുവര്‍ട മോളെ. നിന്റെ കുത്തിക്കഴപ്പ് ഇന്നോടെ തീര്‍ത്ത് തരാം” ദിവ്യയെ പുറത്തേക്ക് വലിച്ചിഴച്ച് അവന്‍ മുരണ്ടു. വീട്ടിനുള്ളില്‍ കണ്ണില്‍ കണ്ട സാധനങ്ങള്‍ ഒക്കെ തല്ലിത്തകര്‍ത്ത ശേഷം അവന്റെ അണികള്‍ പുറത്തേക്ക് ഇറങ്ങി. രക്ഷപെടാന്‍ ദിവ്യ അവളുടെ സകല ശക്തിയും പ്രയോഗിച്ചിട്ടും അനങ്ങാന്‍ കൂടി അവള്‍ക്ക് സാധിച്ചില്ല. “വിടെടാ എന്റെ മോളെ..” ഒരു മരക്കഷണം എടുത്ത് ദിവ്യയെ പിടിച്ചിരുന്നവനെ എറിഞ്ഞുകൊണ്ട് ശങ്കരന്‍ അലറി. “അടിച്ചു കൊല്ലടാ ആ നായെ” ഏറു കൊണ്ടവന്‍ കടുത്ത വേദനയോടെ അട്ടഹസിച്ചു. രണ്ട് മൂന്നുപേര്‍ ചേര്‍ന്നു ശങ്കരനെ ഭീകരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ‘അച്ഛാ..എന്റെ അച്ഛാ..അയ്യോ അച്ഛനെ ഒന്നും ചെയ്യല്ലേ..” ദിവ്യ ഉറക്കെ നിലവിളിച്ചു കരഞ്ഞു. ശങ്കരന്‍ ഒരു പഴന്തുണി പോലെ നിലത്തേക്ക് കുഴഞ്ഞു വീഴുന്നത് നിസ്സഹായയായി നോക്കി നില്‍ക്കാന്‍ മാത്രമേ അവള്‍ക്ക് കഴിഞ്ഞുള്ളു.

“വാടീ..” ദിവ്യയെ പിടിച്ചിരുന്നവന്‍ അവളെ വീടിനു പുറത്തേക്ക്, മുറ്റത്തേക്ക് വലിച്ചിറക്കിക്കൊണ്ട് മുരണ്ടു. രക്ഷപെടാനുള്ള അവളുടെ എല്ലാ ശ്രമവും വിഫലമായിക്കഴിഞ്ഞിരുന്നു. രക്ഷിക്കണേ ഭഗവാനെ എന്ന് കുറെ നാളുകള്‍ക്ക് ശേഷം ദിവ്യ മനമുരുകി പ്രാര്‍ഥിച്ചു. രക്ഷപെടാന്‍ വേറെ ഒരു വഴിയും അവളുടെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. അല്‍പ്പം മുന്‍പ് തന്റെ ധൈര്യത്തില്‍ ഊറ്റം കൊണ്ട താനിപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ കുടുങ്ങിയിരിക്കുന്നു. ദൈവത്തിനു മാത്രമേ തന്നെ ഈ ആപത്തില്‍ നിന്നും രക്ഷിക്കാന്‍ പറ്റൂ. ഇവന്മാര്‍ കൊണ്ടുപോയാല്‍, താന്‍ പിച്ചി ചീന്തപ്പെടും. ഒരു സംശയവുമില്ല. അവള്‍ മനമുരുകി ദൈവത്തോട് മനസ്സില്‍ കരഞ്ഞു നിലവിളിച്ചു. അപ്പോള്‍ ഒരു ബുള്ളറ്റിന്റെ ഹുങ്കാരം അവളുടെ കാതില്‍ വന്നലച്ചു. അത് ശരവേഗത്തില്‍ വരുകയാണ് എന്നവള്‍ക്ക് മനസിലായി. അവളെ പിടിച്ചിരുന്നവരും ബൈക്കിന്റെ ആ ഹുങ്കാരശബ്ദം കേട്ടു. അതിവേഗം പാഞ്ഞടുത്തുകൊണ്ടിരുന്ന ആ ബൈക്ക് ഒരു വെടിയുണ്ട പോലെ ശങ്കരന്റെ വീട്ടുമുറ്റത്ത് എത്തി ഒരു കുലുക്കത്തോടെ നിന്നു. ദിവ്യയെ വലിച്ചിഴച്ചു കൊണ്ട് കുറേപ്പേര്‍ വരുന്നത് ആ ബൈക്കില്‍ ഇരുന്നുകൊണ്ട് വാസു കണ്ടു; ഒപ്പം ബോധമില്ലാതെ കിടക്കുന്ന ശങ്കരനെയും. ബൈക്കില്‍ ഇരുന്ന് അവരെനോക്കിക്കൊണ്ട് വാസു അത് സെന്റര്‍ സ്റ്റാന്റില്‍ ഇട്ടു. ദിവ്യയെ പിടിച്ചുകൊണ്ട് വന്ന ഗുണ്ടാനേതാവ് ഒപ്പമുണ്ടായിരുന്ന അണികളെ നോക്കി. “പണിയാണ് മോനെ….അവന്‍ തുടങ്ങാന്‍ നോക്കി നില്‍ക്കണ്ട. കേറി പണിയടാ..” അവന്‍ അലറി. അണികള്‍ ഊരിപ്പിടിച്ച വാളുകളുമായി വാസുവിന് നേരെ പാഞ്ഞടുത്തു. നേതാവിനെക്കൂടാതെ അവര്‍ ഏതാണ്ട് ഏഴുപേര്‍ ഉണ്ടായിരുന്നു. തന്റെ നേരെ വടിവാളുകളുമായി പാഞ്ഞടുക്കുന്ന ഗുണ്ടകളെയും അവരുടെ പിന്നില്‍ ദിവ്യയുടെ കൈയും പിടിച്ചു നില്‍ക്കുന്ന ഗുണ്ടാനെതവിനെയും വാസു നിമിഷനേരം കൊണ്ട് കണ്ടു; അവരുടെ വേഗതയും സ്ഥാനവും മനസിലാക്കി. അടുത്ത സെക്കന്റില്‍ നിലത്തേക്ക് കാലൂന്നിയ വാസു ബൈക്കിനു മുകളിലേക്ക് ചാടിക്കയറി നിന്നു. തനിക്ക് നേരെ കുതിച്ചടുത്ത ഗുണ്ടകള്‍ തൊട്ടടുത്തെത്തിയപ്പോള്‍ അവരുടെ മീതെകൂടി അപ്പുറത്തേക്ക് അവന്‍ ചാടി. വാസുവിന്റെ വലതുകാല്‍ നേരെ ചെന്നു പതിച്ചത് ദിവ്യയുടെ കൈയില്‍ പിടിച്ചിരുന്നവന്റെ കഴുത്തിലാണ്. ഒരലര്‍ച്ചയോടെ ദിവ്യയുടെ പിടിവിട്ട അവന്‍ വെട്ടിയിട്ട വാഴപോലെ നിലത്തേക്ക് വീണു. വാസു തങ്ങളുടെ പിന്നിലേക്ക് ചാടിയത് കണ്ട ഗുണ്ടകള്‍ വെട്ടിത്തിരിഞ്ഞു. ദിവ്യ രക്ഷപെട്ടു വീടിനുള്ളിലേക്ക് ഓടിക്കയറി. അവള്‍ ആദ്യം ചെയ്തത് ഫോണെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ചു കാര്‍ഡ് നല്‍കിയ മുഹമ്മദ്‌ അമീര്‍ എന്ന വക്കീലിനെയും വിളിച്ച് പോലീസ് സ്റ്റേഷനില്‍ ഒന്ന് പറയണം എന്ന് അപേക്ഷിച്ച ശേഷം ശേഷം അവള്‍ കുറച്ച് വെള്ളമെടുത്ത് ബോധമില്ലാതെ കിടന്ന രുക്മിണിയുടെ മുഖത്ത് തളിച്ചു. ബോധത്തിലേക്ക്‌ തിരികെ എത്തിയ രുക്മിണി വെളിയില്‍ നടക്കുന്ന ബഹളങ്ങള്‍ കേട്ടു പുറത്തേക്ക് ദിവ്യയുടെ ഒപ്പം ഓടിച്ചെന്നു.

ദിവ്യ ഉള്ളിലേക്ക് കയറുന്ന സമയത്താണ് ഗുണ്ടകള്‍ വാസുവിന് നേരെ തിരിഞ്ഞ് പാഞ്ഞടുത്തത്. ഒന്ന് കുനിഞ്ഞ് നിവര്‍ന്ന വാസു താഴെ കിടന്നിരുന്നവനെ കൈകളില്‍ കോരിയെടുത്ത് തന്റെ നേരെ വന്നവരുടെ നേര്‍ക്ക് എറിഞ്ഞു. വാസുവിന് നേരെ ഓങ്ങിയ വാളുകള്‍ അവന്റെ ദേഹത്ത് പലയിടങ്ങളില്‍ കുത്തിക്കയറി അവന്‍ ഉറക്കെ നിലവിളിച്ചു. “അണ്ണാ…അയ്യോ..” തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസിലായ ഗുണ്ടകള്‍ ചോരയില്‍ കിടന്നു പിടയുന്ന തങ്ങളുടെ നേതാവിനെ നോക്കി നിലവിളിച്ചു. ഒരു നിമിഷത്തേക്ക് പതറിപ്പോയ അവര്‍ കൈയില്‍ ഒരു സൈക്കിള്‍ ചെയിനുമായി തങ്ങളെ സമീപിക്കുന്ന വാസുവിനെ കണ്ടു ഞെട്ടി. അടുത്ത നിമിഷം വാസുവിന്റെ കൈയില്‍ ഇരുന്ന സൈക്കിള്‍ ചെയിന്‍ അന്തരീക്ഷത്തില്‍ ഒരു മൂളലോടെ ചുറ്റിത്തിരിഞ്ഞു. ആരുടെയൊക്കെയോ മാംസക്കഷണങ്ങള്‍ അന്തരീക്ഷത്തില്‍ ചിതറി. ഇരുമ്പും ഇരുമ്പും തമ്മില്‍ ഉരസി തീപ്പൊരി ചിതറുന്നത് കണ്ടുകൊണ്ടാണ് രുക്മിണിയും ദിവ്യയും പുറത്തേക്ക് ഓടി എത്തുന്നത്. നിലവിളികളും അലര്‍ച്ചകളും അന്തരീക്ഷത്തില്‍ മുഴങ്ങി. ചെയിന്‍ കറക്കി ഗുണ്ടകളുടെ നേരെ ചാടിവീണ വാസുവിന്റെ ചവിട്ടേറ്റ് ഒരുത്തന്‍ തലയടിച്ചു വീണു. മറ്റൊരുവന്റെ വാള്‍ ദൂരേക്ക് തെറിച്ചു. വേറൊരുവന്‍ വാളെടുത്ത് ആഞ്ഞു വെട്ടി. വാസു ഒഴിയുന്നതിനും മുന്‍പേ അവന്റെ ഇടതുകൈയില്‍ അത് കൊണ്ട് കഴിഞ്ഞിരുന്നു. അടുത്ത നിമിഷം വാസു അവന്റെ കഴുത്തില്‍ സൈക്കിള്‍ ചെയിന്‍ ചുറ്റി. ഒരു സെക്കന്റ് അവന്റെ കണ്ണിലേക്ക് നോക്കിയ വാസു ആ ചെയിന്‍ ശക്തമായി വലിച്ചു. “ആആആആആ……………’ ഒരു ഭീകരമായ അലര്‍ച്ചയോടെ, കഴുത്തില്‍ നിന്നും രക്തം ചീറ്റി അവന്‍ നിലത്തേക്ക് വീണു. ഇതിനിടെ ദിവ്യ ബോധമില്ലാതെ കിടന്ന ശങ്കരനെ വിളിച്ച് എഴുന്നേല്‍പ്പിച്ചു. മുറ്റത്ത് നടക്കുന്ന ഭീകരമായ സംഘട്ടനം കണ്ട ശങ്കരന്‍ ഭയന്നു വിറച്ചുപോയി. ചോരയും മാംസക്കഷണങ്ങളും അയാളെ ഞെട്ടിച്ചു. “ഓടടാ..ഓടി രക്ഷപെടടാ..” ആരോ കരഞ്ഞുകൊണ്ട് വിളിച്ചു കൂവുന്നത് ഇരുട്ടില്‍ പ്രതിധ്വനിച്ചു. ദൂരെ നിന്നും നാട്ടുകാര്‍ ബഹളം കേട്ട് അങ്ങോട്ടേക്ക് പാഞ്ഞു വരുന്നുണ്ടായിരുന്നു. ഓടാന്‍ ശ്രമിച്ച രണ്ടുപേരെ വാസു അടിച്ചു വീഴ്ത്തി. എട്ടുപേരില്‍ നാലുപേര്‍ രക്ഷപെട്ടു. ബാക്കി ഉള്ളവരില്‍ രണ്ടുപേര്‍ ബോധമില്ലാതെയും രണ്ടുപേര്‍ അടികൊണ്ട് അവശാരയും നിലത്ത് കിടപ്പുണ്ടായിരുന്നു. ഈ സമയത്ത് വീടിനു പിന്നില്‍ ദിവ്യയെ കാത്ത് നിന്നിരുന്ന അര്‍ജ്ജുനും മാലിക്കും പുറത്ത് നടന്ന ബഹളം കേട്ടു ഇരുളിലൂടെ മുന്‍പിലേക്ക് എത്തി. വാസുവിന്റെ അടിയേറ്റ് ഗുണ്ടകള്‍ ഓടുന്നതും നാലുപേര്‍ എഴുന്നേല്‍ക്കാന്‍ ആകാതെ കിടക്കുന്നതും കണ്ടപ്പോള്‍ മാലിക്ക് പല്ലുഞെരിച്ചു. “നായിന്റെ മോന്റെ പണി ഇന്നോടെ തീര്‍ക്കണം.” അവന്‍ വാസുവിന്റെ നേരെ കുതിച്ചു. പെട്ടെന്ന് ഒരു ആരവം അവരുടെ കാതുകളിലെത്തി. ബഹളം കേട്ടു നാട്ടുകാര്‍ ഓടി വരുന്നത് അപ്പോഴാണ് അവര്‍ കണ്ടത്.

“മാലിക്ക്..കമോണ്‍..നാട്ടുകാര്‍ ഓടിക്കൂടുന്നു..നിന്നാല്‍ കുഴപ്പമാണ്” അര്‍ജ്ജുന്‍ വിളിച്ചു പറഞ്ഞു. അവരെ രണ്ടുപേരെയും പക്ഷെ വാസു കണ്ടിരുന്നില്ല. ഇരുട്ടിലായിരുന്നു അവര്‍ നിന്നിരുന്നത്. അര്‍ജ്ജുന്റെ മൊബൈലില്‍ സ്റ്റാന്‍ലിയുടെ കോള്‍ എത്തി. “എടാ വേഗം വാ..നാട്ടുകാര്‍ കൂടുന്നുണ്ട്. നമുക്കുടന്‍ സ്ഥലം വിടണം..വേഗം” സ്റ്റാന്‍ലിയുടെ പരിഭ്രമം കലര്‍ന്ന ശബ്ദം അവന്‍ കേട്ടു. അര്‍ജുനും മാലിക്കും ഗത്യന്തരമില്ലാതെ ഇരുട്ടിലൂടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയുടെ അരികിലേക്ക് ഓടി. അപ്പോഴേക്കും നാട്ടുകാര്‍ ഓടി എത്തിക്കഴിഞ്ഞിരുന്നു. “എന്താ…എന്താ പ്രശ്നം? ശങ്കരന്‍ എവിടെ? വാസു ഉണ്ടായിരുന്നോ ഇവിടെ..ഇവരൊക്കെ ആരാ” ഓടിക്കൂടിയ നാട്ടുകാരുടെ ചോദ്യങ്ങള്‍ ഇരുളില്‍ മുഴങ്ങി. പുറത്ത് നിന്നും ഒരു വാഹനം ഇരച്ചുപോകുന്ന ശബ്ദം അവര്‍ കേട്ടു. നിലത്ത് ബോധമില്ലാതെ കിടന്നിരുന്ന, ദേഹത്ത് പലയിടത്തും വാളുകള്‍ കൊണ്ട് മുറിഞ്ഞ ഗുണ്ടാനേതാവിനെ വാസു കാലുമടക്കിയടിച്ചു. അവന്‍ വേദനയോടെ അലറി. അടി കിട്ടിയതോടെ അവന്റെ ബോധം തിരികെ എത്തിക്കഴിഞ്ഞിരുന്നു. വാസു അവനെ തൂക്കിയെടുത്ത് ഒരു മരത്തില്‍ ചാരി നിര്‍ത്തി. “ആരാടാ നീ? എന്താ നിന്റെ പേര്?” കൈയില്‍ നിന്നും ചോര ഒലിപ്പിച്ചുകൊണ്ട് വാസു ചോദിച്ചു. “ബ..ബഷീര്‍..” അവന്‍ കൈകള്‍ കൂപ്പി. “ആരാണ് നിന്നെ ഇങ്ങോട്ടയച്ചത്?” “അയ്യോ മോനെ..മോനെ നിന്റെ കൈയില്‍ നിന്നും ചോര വരുന്നു..” രുക്മിണി അപ്പോഴാണ്‌ വാസുവിന്റെ മുറിവ് കാണുന്നത്. ദിവ്യ അത് കണ്ടിരുന്നു എങ്കിലും അവള്‍ അവനെ നോക്കുന്നതുപോലും ഉണ്ടായിരുന്നില്ല. “മോളെ ഒരു നല്ല തുണി വേഗം ഇങ്ങു കൊണ്ടുവാ..” അവള്‍ ദിവ്യയോട് പറഞ്ഞു. ദിവ്യ പക്ഷെ കേട്ടഭാവം കാണിക്കാതെ നിന്നതേയുള്ളൂ. “എന്താ..എന്താ പ്രശനം..എന്തായിരുന്നു ബഹളം” ഓടിക്കൂടിയ നാട്ടുകാരില്‍ ഒരാള്‍ ചോദിച്ചു. ചോര ഒലിപ്പിച്ചു നില്‍ക്കുന്ന വാസുവിനെയും അടികൊണ്ട് കിടക്കുന്ന ഗുണ്ടകളെയും അവര്‍ നോക്കി. “എന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഞങ്ങളെ ഉപദ്രവിച്ചിട്ടു മോളെ പിടിച്ചുകൊണ്ട് പോകാന്‍ നോക്കുകയായിരുന്നു ഇവനും ഇവന്റെ കൂടെ വന്നവരും ചേര്‍ന്ന്. വാസു എത്തിയത് കൊണ്ടാണ് ഞങ്ങള്‍ രക്ഷപെട്ടത്” ബോധം തിരികെ കിട്ടിയ ശങ്കരന്‍ പുറത്തേക്കിറങ്ങി അവരോടു പറഞ്ഞു. “അത് ശരി..ഇവനൊക്കെ അത്രയ്ക്ക് ആയോ” നാട്ടുകാരില്‍ ചിലര്‍ ആ നാലുപേരെയും തങ്ങള്‍ക്ക് തോന്നിയതുപോലെ പെരുമാറി. അവര്‍ നിലവിളിയോടെ കൈകള്‍ കൂപ്പി ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞു പറഞ്ഞെങ്കിലും അവര്‍ അവരെ നിര്‍ദ്ദയം മര്‍ദ്ദിച്ചു. “പോലീസില്‍ പറഞ്ഞോ” ആരോ ചോദിച്ചു.

“ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്” ദിവ്യ പറഞ്ഞു. “എടീ ഒരു തുണി കൊണ്ടുവരാന്‍..അയ്യോ എന്റെ കുഞ്ഞിന്റെ കൈ..” താന്‍ പറഞ്ഞിട്ടും അനുസരിക്കാതെ നില്‍ക്കുന്ന ദിവ്യയോട് രുക്മിണി കോപത്തോടെ പറഞ്ഞു. ദിവ്യ ദേഷ്യത്തോടെ അവളെ ഒന്ന് നോക്കിയ ശേഷം ഉള്ളിലേക്ക് പോയി. “ഏയ്‌..ഒന്നും വേണ്ടമ്മേ..ഫസ്റ്റ് എയിഡ് എന്റെ വണ്ടിയില്‍ ഉണ്ട്” വാസു ഷര്‍ട്ട് ഊരിയ ശേഷം മുറിവ് നോക്കി. സാമാന്യം നല്ല രീതിയില്‍ തന്നെ മുറിഞ്ഞിട്ടുണ്ട്. അവന്‍ വണ്ടിയുടെ ബാഗില്‍ നിന്നും ഒരു മദ്യക്കുപ്പി എടുത്ത് അത് തുറന്ന് മുറിവില്‍ ഒഴിച്ചു. നല്ല നീറ്റല്‍ അനുഭവപ്പെട്ടെങ്കിലും അവന്‍ അത് സഹിച്ചു. മദ്യം ഒഴിച്ച ശേഷം അവന്‍ അതെ ബാഗില്‍ നിന്നും ഒരു തുണി എടുത്ത് സ്വയം ആ മുറിവ് കെട്ടി. രുക്മിണി ഓടി അടുത്തെത്തി അവനെ സഹായിച്ചു. “ഒരുപാട് മുറിഞ്ഞോ മോനെ?” അവള്‍ കരഞ്ഞുകൊണ്ട്‌ ചോദിച്ചു. “ഇല്ലമ്മേ..ചെറിയ മുറിവെ ഉള്ളൂ” “തക്ക സമയത്ത് വാസു എത്തിയത് നന്നായി. ഹോ..അല്ലായിരുന്നെങ്കില്‍.. ആലോചിക്കാന്‍ കൂടി കഴിയുന്നില്ല” ഒരു നാട്ടുകാരന്‍ പറഞ്ഞു. “അവന്മാര്‍ വീട്ടിനുള്ളിലെ ഒരുപാടു സാധനങ്ങള്‍ തല്ലിത്തകര്‍ത്തു..എന്നെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത പരുവമാക്കി” ശങ്കരന്‍ വിലപിച്ചു. “ഇനി ഇവന്മാര്‍ ഈ പണിക്ക് പോകത്തില്ല. ഇഷ്ടം പോലെ വാങ്ങിച്ചു കൂട്ടിയല്ലോ” കൈയില്‍ കെട്ടുമായി വാസു ഗുണ്ടാ നേതാവിനെ സമീപിച്ചു. “പറയടാ..ആരാണ് നിന്നെ അയച്ചത്?” അവന്‍ ചോദ്യം ആവര്‍ത്തിച്ചു. “മുസ്തഫ…” ഭയന്നു വിറച്ച് അവന്‍ സത്യം പറഞ്ഞു. “ഉം..ഞാന്‍ നോക്കട്ടെ നീയൊക്കെ എത്ര രൂപയുടെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്ന്. പിന്നെ നിന്റെയൊക്കെ വീട്ടിലേക്ക് ഞാനൊന്ന്‍ പോകും..കേട്ടോടാ നായിന്റെ മോനെ..” വാസു അവന്റെ ചെകിടത്ത് ശക്തമായി പ്രഹരിച്ചു. അവന്‍ ബോധരഹിതനായി വീണ്ടും നിലംപൊത്തി. അപ്പോള്‍ ഒരു പോലീസ് വാഹനം ഉള്ളിലെക്കെത്തി ബ്രേക്കിട്ടു. രുക്മിണിയുടെ കണ്ണുകള്‍ പക്ഷെ അപ്പോഴും വാസുവിന്റെ മുറിവ് കെട്ടാന്‍ തുണി എടുത്തു വരാന്‍ പറഞ്ഞ ദിവ്യ എവിടെപ്പോയി എന്ന് തേടുകയായിരുന്നു. അവളുടെ നീചമായ പെരുമാറ്റം ആ അമ്മയുടെ മനസ്സിനെ ഒരു നെരിപ്പോടിനു തുല്യമാക്കി. “മോനെ..നമുക്ക് ഏതേലും ആശുപത്രിയില്‍ പോയി മുറിവിനു മരുന്ന് വച്ചുകെട്ടാം” ഗുണ്ടകളെയും കൊണ്ട് പോലീസ് പോയിക്കഴിഞ്ഞു നാട്ടുകാരും പിരിഞ്ഞു പോയപ്പോള്‍ ശങ്കരന്‍ വരാന്തയില്‍ ഇരുന്നുകൊണ്ട് കൈയിലെ കെട്ടഴിച്ചു അല്‍പം കൂടി മദ്യം ഒഴിച്ചു മറ്റൊരു തുണികൊണ്ട് മുറിവ് കെട്ടിക്കൊണ്ടിരുന്ന വാസുവിനോട് പറഞ്ഞു. “വേണ്ട അച്ഛാ..ഞാന്‍ അല്‍പനേരം ഇവിടെ ഒന്നിരുന്നോട്ടെ..അച്ഛന്‍ ഉള്ളിലോട്ട് പൊയ്ക്കോ..” “ഞാന്‍ പോയി അവന്മാര്‍ എന്തൊക്കെ നശിപ്പിച്ചെന്നു നോക്കട്ടെ..എല്ലാം തല്ലിത്തകര്‍ത്തു കാലമാടന്മാര്‍..” അങ്ങനെ പറഞ്ഞുകൊണ്ട് ശങ്കരന്‍ ഉള്ളിലേക്ക് പോയി.

വാസു മനസ്സ് തകര്‍ന്ന്‍ ഇരിക്കുകയായിരുന്നു. ജീവിതത്തില്‍ മുന്‍പൊരിക്കലും ഇത്ര കടുത്ത ദുഃഖം അവന്റെ മനസിനെ ബാധിച്ചിട്ടുണ്ടയിരുന്നില്ല. അത്രയധികം അവന്റെ മനസ് വേദനിച്ചു. ശരീരവും മനസും ഒരേപോലെ തളര്‍ന്ന അവസ്ഥയിലായിരുന്നു അവന്‍. ശരീരത്തിന് ഏറ്റ മുറിവിനെക്കാള്‍ അവന്റെ മനസ്സിനായിരുന്നു ക്ഷതം സംഭവിച്ചിരുന്നത്. ദിവ്യയുടെ പെരുമാറ്റം ആ ബഹളങ്ങളുടെ ഇടയ്ക്കും അവന്‍ ശ്രദ്ധിച്ചിരുന്നു. തന്റെ മുറിവ് കെട്ടാന്‍ തുണി എടുക്കാന്‍ അമ്മ ആവശ്യപ്പെട്ടിട്ടും അവള്‍ കേള്‍ക്കാത്ത മട്ടില്‍ നിന്നതും, വീണ്ടും പറഞ്ഞപ്പോള്‍ കോപത്തോടെ ഉള്ളിലേക്ക് പോയതും അവന്‍ കണ്ടിരുന്നു. താന്‍ ജീവന്‍ പണയം വച്ച് അവളെ രക്ഷപെടുത്തിയിട്ടും അവളുടെ ആ പെരുമാറ്റം അവന്റെ മനസ് തകര്‍ത്തുകളഞ്ഞു. സാധാരണ ദുഖവും വിഷമവും ഒന്നും ഏശാത്ത അവന്റെ കരുത്തന്‍ മനസ്സ്, താന്‍ വിവാഹം ചെയ്യുമെന്ന് ദൃഡനിശ്ചയം ചെയ്തിരിക്കുന്ന പെണ്‍കുട്ടി കാണിച്ച കടുത്ത അവഗണനയില്‍ ഉലഞ്ഞു തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. കണ്ണുകള്‍ നിറഞ്ഞു വന്നെങ്കിലും അവന്‍ നിയന്ത്രിച്ചു. “മോനെ..ഏതെങ്കിലും ആശുപത്രിയില്‍ പോ..വല്ലാതെ ചോര വരുന്നുണ്ടല്ലോ ഇപ്പോഴും” അവനു കുടിക്കാന്‍ കാപ്പിയുമായി എത്തിയ രുക്മിണി അടുത്തിരുന്നുകൊണ്ട് പറഞ്ഞു. അവള്‍ ദുഖത്തോടെ അവന്റെ മുറിവില്‍ തൊട്ടുനോക്കി. വാസു കാപ്പി വാങ്ങി മെല്ലെ ഊതിക്കുടിച്ചു. തളര്‍ന്നിരിക്കുന്ന അവന്റെ മുഖത്തെ കടുത്ത ദുഃഖം മനസിലാക്കാന്‍ അവനെ വളര്‍ത്തിയ രുക്മിണിക്ക് ഒരു പ്രയാസവും ഉണ്ടായില്ല. “മോനെ..” കണ്ഠം ഇടറി അവള്‍ അവനെ വിളിച്ചു. വാസു ശബ്ദിച്ചില്ല. കാരണം അവന്റെ മനസ്സ് ഒരു കല്ലെടുത്ത് വച്ചാല്‍ ഉണ്ടാകുന്നതിനെക്കാള്‍ പത്തിരട്ടി ഭാരപ്പെട്ടു വീര്‍പ്പുമുട്ടുകയായിരുന്നു. സംസാരിച്ചാല്‍ തന്റെ സ്വരം ഇടറിപ്പോകും എന്നവന്‍ ഭയന്നു. പെട്ടെന്ന് തന്റെ മൊബൈല്‍ ശബ്ദിക്കുന്നത് കണ്ടു വാസു നോക്കി. ഡോണയാണ്. അല്‍പനേരം സമനിലയില്‍ മനസെത്താന്‍ വേണ്ടി ശ്രമിച്ച ശേഷം അവന്‍ ഫോണെടുത്തു. “വാസൂ..നീ അങ്ങെത്തിയോ” ഡോണയുടെ ശബ്ദം അവന്റെ കാതില്‍ എത്തി. “എത്തി..” “കുഴപ്പം ഒന്നുമില്ലല്ലോ..നീ പോയതോടെ എനിക്ക് ആകെ മൂഡ്‌ ഓഫ്. നീ വേഗം വരണേ” “വരാം..” “എന്താടാ എന്ത് പറ്റി? നിനക്കെന്തോ വല്ലായ്മ പോലെ..ങേ?” “ഒന്നുമില്ല….” “അല്ല..എന്തോ ഉണ്ട്. ഞാനറിയുന്ന വാസു ഇതല്ല..പറ മോനെ..എന്തെങ്കിലും കുഴപ്പം?” തന്റെ ചെറിയ ശബ്ദവ്യത്യാസം പോലും മനസിലാക്കുന്ന ഡോണയുടെ മനസ്സ് വാസുവിന്റെ മനസിനെ വല്ലാതെ സ്പര്‍ശിച്ചു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് അവന്‍ രുക്മിണി കാണാതെ തുടച്ചു. സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന രക്തബന്ധമില്ലാത്ത തന്റെ പെങ്ങള്‍! “ഒന്നുമില്ല..ഞാന്‍ നാളെ വിളിക്കാം..ഗുഡ് നൈറ്റ്”

അധികം ഒന്നും പറയാതെ അവന്‍ ഫോണ്‍ വച്ചു. തൊട്ടടുത്ത് മുഖം കൈകളില്‍ പൂഴ്ത്തി ഏങ്ങലടിക്കുന്ന അമ്മയെ കണ്ടപ്പോള്‍ വാസു കണ്ണുകള്‍ തുടച്ച് പുഞ്ചിരിയോടെ അവളെ നോക്കി. “അമ്മെ..അമ്മ എന്തിനാണ് കരയുന്നത്? ഈ കൈ മുറിഞ്ഞതിനാണോ? ഇതൊക്കെ എനിക്ക് നിസ്സാരമല്ലേ..” രുക്മിണി അവന്റെ കണ്ണുകളിലേക്ക് നോക്കി. അവളുടെ കണ്ണുകളില്‍ നിന്നും ദുഃഖം മെല്ലെ മാറുന്നതും അവിടെ പകയും കോപവും ഒരേപോലെ നുരഞ്ഞു പൊന്തുന്നതും വാസു കണ്ടു. “നീ വന്നെ മോനെ..” എന്തോ തീരുമാനം എടുത്ത മട്ടില്‍ രുക്മിണി പറഞ്ഞു. “ഞാന്‍ അല്‍പനേരം ഇവിടെ ഒന്നിരുന്നോട്ടെ അമ്മെ” “അത് പിന്നെ. നീ വാ..” രുക്മിണി ശബ്ദം കടുപ്പിച്ചു. വാസു മെല്ലെ എഴുന്നേറ്റ് അവളുടെ പിന്നാലെ ഉള്ളിലേക്ക് ചെന്നു. ഗുണ്ടകള്‍ തല്ലിത്തകര്‍ത്ത സാധനങ്ങള്‍ പെറുക്കി മുറി വൃത്തിയാക്കുകയായിരുന്നു ശങ്കരന്‍. “അവന്മാര്‍ എല്ലാം നശിപ്പിച്ചു..കണ്ടില്ലേ മോനെ” അയാള്‍ വിലപിച്ചു. “അച്ഛന്‍ വിഷമിക്കാതെ..ഇതിന്റെ പരിഹാരം നമുക്കുണ്ടാക്കാം. നേരമൊന്നു വെളുത്തോട്ടെ” വാസു പറഞ്ഞു. “ഹും..നിങ്ങള്‍ക്ക് ഈ സാധനങ്ങള്‍ പോയ വിഷമമാണ്..ഇവന്‍ ജീവന്‍ പണയപ്പെടുത്തി നിങ്ങളുടെ മോളെ രക്ഷിച്ചത് ഒരു വിഷയമല്ല.. കൈയില്‍ വെട്ടുകൊണ്ടിട്ടും മരുന്ന് പോലും വയ്ക്കാതെ അവന്‍ വേദന സഹിച്ചു നില്‍ക്കുന്നതും പ്രശ്നമല്ല…എവിടെ ആ മൂധേവി..എടീ ദിവ്യെ..വാടീ ഇവിടെ” രുക്മിണി സംഹാരരുദ്രയെപ്പോലെ അലറി. ശങ്കരന്‍ കാര്യം മനസിലാകാതെ അന്ധാളിച്ചു. ദിവ്യയുടെ പെരുമാറ്റം ഒന്നും അയാള്‍ അറിഞ്ഞിരുന്നില്ല. രുക്മിണി വിളിച്ചിട്ടും ദിവ്യ വന്നില്ല. അതോടെ അവളുടെ കോപം ഇരട്ടിച്ചു. “കണ്ടില്ലേ അവളുടെ സ്വഭാവം. എടീ ഇങ്ങോട്ട് വരാന്‍. ഇല്ലെങ്കില്‍ ഞാന്‍ വലിച്ചിഴച്ചു നിന്നെ ഇങ്ങോട്ട് കൊണ്ടുവരും” അവള്‍ കോപാക്രാന്തയായി വിളിച്ചു പറഞ്ഞു. “അമ്മയ്ക്കെന്താ പ്രാന്ത് പിടിച്ചോ” വിളിച്ചത് തീരെ ഇഷ്ടപ്പെടാത്ത മട്ടില്‍ പുറത്തേക്ക് വന്നു ദിവ്യ പറഞ്ഞു. അവള്‍ വാസുവിനെ നോക്കിയതുപോലുമില്ല. “ഇവിടെ വാടീ..” രുക്മിണിയുടെ മുഖഭാവം കണ്ടു ഭയന്ന ദിവ്യ വേഗം അടുത്തേക്ക് ചെന്നു. രുക്മിണി കൈ നിവര്‍ത്തി അവളുടെ മുഖമടച്ച് ഒരടി കൊടുത്തു. “നിന്നെ..നിന്നെ എനിക്ക് എന്റെ വയറ്റില്‍ ചുമക്കേണ്ടി വന്നല്ലോടീ നായെ..ത്ഫൂ….” രുക്മിണി കിതച്ചുകൊണ്ട്, നിയന്ത്രിക്കാനാകാത്ത കോപത്തോടെ പറഞ്ഞു. ദിവ്യ തല്ലു കൊണ്ടിട്ടും യാതൊരു കൂസലുമില്ലാതെ നില്‍ക്കുകയായിരുന്നു. “എന്താ രുക്മിണി.ഇനി എന്താ കുഴപ്പം. ഇത്രേം വല്യ പ്രശ്നം ഉണ്ടായി എല്ലാം ഒന്നൊഴിഞ്ഞു പോയപ്പോള്‍ എന്തിനാ ഇനിയും കലഹം” ശങ്കരന്‍ കാര്യമറിയാതെ ചോദിച്ചു.

“നിങ്ങള് മിണ്ടിപ്പോകരുത്. എന്റെ ഈ കുഞ്ഞ്…എന്റെ ഈ കുഞ്ഞ്…” രുക്മിണി നിയന്ത്രിക്കാനാകാതെ കരഞ്ഞുകൊണ്ട്‌ തുടര്‍ന്നു “..അവന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി അല്ലെ ഈ പട്ടിയെ രക്ഷിച്ചത്..എന്നിട്ട്..എന്നിട്ടവന്റെ മുറിവ് വച്ചുകെട്ടാന്‍ ഒരു തുണി എടുത്ത് തരാന്‍ പറഞ്ഞിട്ട്..ഈ..ഈ..വൃത്തികെട്ടവള്‍… എന്തിനാ ഭഗവാനെ ഇങ്ങനെയൊരു ജന്തുവിനെ നീ എനിക്ക് മോളായി നല്‍കിയത്..ഇതിലും ഭേദം മക്കളില്ലാതെ ജീവിക്കുന്നതയിരുന്നു..” “ഞാനാരോടും പറഞ്ഞില്ലല്ലോ എന്നെ രക്ഷിക്കാന്‍. അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലെങ്കില്‍ ഞാന്‍ എങ്ങോട്ടെങ്കിലും പൊക്കോളാം..അല്ലെങ്കില്‍ എവിടെങ്കിലും പോയി ചാടി ചത്തോളാം…” ദിവ്യ സ്വരം കടുപ്പിച്ചു പറഞ്ഞു. “ഇല്ലെടി..നീ എങ്ങും പോകണ്ട..പക്ഷെ ഒന്ന് നീ ഓര്‍ത്തോ..മുകളില്‍ ദൈവം എന്നൊരാള്‍ ഉണ്ട്..അത് നീ മറക്കരുത്…നിന്റെ ഈ അഹങ്കാരത്തിനുള്ള മറുപടി അവിടുന്ന് കിട്ടിയാലേ നീ പഠിക്കൂ…..” “അമ്മെ..ചുമ്മാ അവളെ പ്രാകാതെ..” വാസു ഇടയില്‍ കയറി പറഞ്ഞു. “എന്റെ അമ്മയ്ക്ക് എന്നെ എന്തും പറയാം തല്ലാം കൊല്ലാം. അതില്‍ വലിഞ്ഞു കയറി വന്ന തെണ്ടികള്‍ അഭിപ്രായം പറയേണ്ട കാര്യമില്ല” ദിവ്യ അവനെ നോക്കാതെയാണ്‌ അത് പറഞ്ഞത്. അവളുടെ ആ വാക്കുകള്‍ ഒരു ശൂലം പോലെ വാസുവിന്റെ ഹൃദയത്തില്‍ തുളഞ്ഞു കയറി. കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ അവനു തോന്നി. പണിപ്പെട്ട് അവന്‍ മനസ്സിനെ വരുതിയിലാക്കി. “എടീ ചൂലേ..നിന്നെ ഞാന്‍..” രുക്മിണി ഭ്രാന്ത് പിടിച്ചതുപോലെ അവളെ തലങ്ങും വിലങ്ങും അടിച്ചു. വാസു വേഗം തന്നെ അവളെ പിടിച്ചു മാറ്റി. “എന്നെ വിട് മോനെ..കൊല്ലും ഈ രാക്ഷസിയെ ഇന്ന് ഞാന്‍..ഇവള്‍ മനുഷ്യത്തി അല്ല..പിശാചാണ്..പിശാച്..” രുക്മിണി അവന്റെ പിടിവിടുവിക്കാനായി ചീറി. ദിവ്യ കൂസലില്ലാതെ നിന്നപടി നില്‍ക്കുകയായിരുന്നു അപ്പോഴും. “അച്ഛാ..അവളോട്‌ പോകാന്‍ പറ” വാസു ശങ്കരനോട് പറഞ്ഞു. “മോളെ നീ അകത്ത് പോ..ഉം” ശങ്കരന്‍ പറഞ്ഞു. ദിവ്യ കേട്ടപാടെ ഉള്ളിലേക്ക് പോയി. അവളുടെ ആ പോക്ക് നോക്കി മനസ്സ് തകര്‍ന്നു വാസു രുക്മിണിയെ സ്വതന്ത്രയാക്കി. ഉറക്കെ കരഞ്ഞുകൊണ്ട് രുക്മിണി ഒരു സോഫയിലേക്ക് വീണു. ——————— രാവിലെ വളരെ വൈകി ഉറക്കം ഉണര്‍ന്ന വാസു മനസും ശരീരവും തളര്‍ന്ന അവസ്ഥയില്‍ കട്ടിലില്‍ത്തന്നെ കിടക്കുകയായിരുന്നു. കൈയ്ക്ക് സംഭവിച്ച മുറിവിനെക്കാള്‍ മനസ്സിനേറ്റ മുറിവയിരുന്നു അവനെ തളര്‍ത്തിക്കളഞ്ഞത്. താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന ദിവ്യ തന്റെ മുഖത്ത് നോക്കി വലിഞ്ഞുകയറിവന്ന തെണ്ടി എന്ന് വിളിച്ചിരിക്കുന്നു. അവള്‍ തന്നെ എത്രമാത്രം വെറുക്കുന്നു എന്നതിന് വേറെ എന്ത് തെളിവിനി വേണം. അവള്‍ അത് പറഞ്ഞ നിമിഷം മുതല്‍ മനസ്സ് പുകയുകയാണ്. ആ പുകച്ചില്‍ അവനെ ശ്വാസം മുട്ടിച്ചു. രാത്രി വളരെ വൈകിയാണ് അവന്‍ ഉറങ്ങിയത്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അവന്‍ നേരം വെളുക്കാറായ സമയത്താണ് എങ്ങനെയോ ഉറക്കത്തിലേക്ക് വീണത്. ഒമ്പതുമണി ആയിട്ടും അവന്‍ ഉറങ്ങുന്നത് കണ്ട രുക്മിണി അവനെ ശല്യപ്പെടുത്താന്‍ പോയില്ല. തലേ ദിവസത്തെ പ്രശ്നങ്ങള്‍ കാരണം സ്കൂളില്‍ പോകേണ്ട എന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ദിവ്യ രാവിലെ തന്നെ സ്കൂളിലേക്ക് പോയിരുന്നു. രുക്മിണി അവളെ തടയാന്‍ ശ്രമിച്ചില്ല. വാസു ഉള്ളത് കൊണ്ടാണ് അവള്‍ പോകുന്നത് എന്ന് അവള്‍ക്കറിയാമായിരുന്നു. കട്ടിലില്‍ കിടന്നുകൊണ്ട് വാസു തകര്‍ന്ന മനസോടെ ദിവ്യയുടെ ക്രൂരമായ പെരുമാറ്റം തന്നെ ആലോചിക്കുകയായിരുന്നു.

തന്നെ മുന്‍പും അവള്‍ ഇതുപോലെയോ ഇതിലധികാമോ വെറുത്തിരുന്നു എങ്കിലും അന്നൊന്നും തന്നെ അത് ലവലേശം ബാധിച്ചിരുന്നില്ല. അന്നവളെ താനും ഇഷ്ടപ്പെട്ടിരുന്നില്ല; വെറുപ്പായിരുന്നു മനസ്സില്‍ അവളോടുണ്ടായിരുന്ന വികാരം. പക്ഷെ തന്നെ അവള്‍ സ്നേഹിക്കുന്നു എന്നും, തന്നെ വിവാഹം ചെയ്യുമെന്നും പറഞ്ഞുകൊണ്ട് തന്റെ മടിയില്‍ ഇരുന്നു തന്നെ ചുംബനങ്ങള്‍ കൊണ്ട് മൂടിയ ആ സമയത്ത് താന്‍ ജീവിതത്തില്‍ ആദ്യമായി മനസും ശരീരവും ഒരു പെണ്ണിന് അടിയറ വയ്ക്കുകയായിരുന്നു. അവളെ വിവാഹം ചെയ്യും എന്ന് അന്ന് താന്‍ മനസിലെടുത്ത ദൃഡനിശ്ചയവും ആ വാക്ക് താനവള്‍ക്ക് നല്‍കിയതുമാണ്. തന്റെ ജീവിതത്തിലെ ഏക പെണ്ണാണ് ദിവ്യ എന്ന് മനസ്സില്‍ അരക്കിട്ടുറപ്പിച്ച സന്ദര്‍ഭം. അത് അന്നുമുതല്‍ അങ്ങനെ തന്നെ ആയിരുന്നുതാനും. അവളെ താന്‍ അങ്ങോട്ട്‌ മോഹിച്ചതല്ല, അവള്‍ ഇങ്ങോട്ടാണ്‌ അത് ചെയ്തത്. ഒരു പെണ്ണിനും അടിയറ വയ്ക്കാത്ത തന്റെ മനസ്‌ താന്‍ അവളുടെ ആ സമര്‍പ്പണത്തിന് മുന്‍പില്‍ അടിയറ വച്ചു. അമ്മയ്ക്കും അതിഷ്ടമാണ് എന്നറിഞ്ഞപ്പോള്‍ താന്‍ എത്രയധികം സന്തോഷിച്ചു. തുടര്‍ന്നുള്ള ജീവിതം തന്നെ അവള്‍ക്ക് വേണ്ടി ആയിരുന്നു. പക്ഷെ എത്ര പെട്ടെന്നാണ് അവള്‍ ചെറിയ ഒരു സംശയത്തിന്റെ പേരില്‍ തന്നില്‍ നിന്നും അകന്നത്. ആ അകല്‍ച്ച താല്‍ക്കാലികം മാത്രമാണ് എന്ന് കരുതിയ തനിക്ക് തെറ്റി എന്ന് ഇന്നലെ രാത്രിയാണ് തിരിച്ചറിഞ്ഞത്. അത്ര വലിയ ഒരു ആപത്തില്‍ നിന്നും അവളെ രക്ഷിച്ചിട്ടുപോലും അവളുടെ മനസ്സ് കൂടുതല്‍ അകലുകയാണ് ഉണ്ടായത്. എന്ത് തെറ്റാണ് താന്‍ അവളോട്‌ ചെയ്തത്? ഡോണയുടെ കൂടെ ഇവിടെ വന്നതോ? താന്‍ സ്വന്തം സഹോദരിയെപ്പോലെ കാണുന്ന ശുദ്ധമനസ്കയായ ആ പാവം പെണ്ണിനെക്കുറിച്ച് ഇവള്‍ക്കെങ്ങനെ ഇതുപോലെയൊക്കെ ചിന്തിക്കാന്‍ കഴിഞ്ഞു? അവളുടെ കാലുകഴുകി കുടിക്കാനുള്ള യോഗ്യത ഇവള്‍ക്കുണ്ടോ? ഓര്‍ക്കുന്തോറും അവന്റെ മനസില്‍ പകയും കോപവും നിറഞ്ഞു. ഒരുത്തിയെയും ഇഷ്ടപ്പെടാതെ നടന്ന കാലത്ത് തന്റെ മനസ്‌ സ്വസ്ഥമായിരുന്നു. പക്ഷെ ഇപ്പോള്‍ ഇവള്‍ മൂലം തന്റെ മനസിന്റെ സമാധാനം പൂര്‍ണ്ണമായി ഇല്ലാതായിരിക്കുന്നു. ഇല്ല..അങ്ങനെ ഒരവള്‍ക്ക് വേണ്ടിയും ഈ മനസ് തകരാന്‍ വിടാന്‍ പാടില്ല. വാസു മനസ്സില്‍ ചിലതൊക്കെ ചിന്തിച്ചുറപ്പിച്ചു. പക്ഷെ ഒരു കാര്യം അവനു ബോധ്യമായി. ദിവ്യ തന്റെ മനസ്സില്‍ ഏല്‍പ്പിച്ച ആഘാതം തന്നെ വല്ലാതെ ഹനിച്ചിരിക്കുന്നു. ഉള്ളില്‍ എവിടെയോ മുറിവേറ്റ ഒരു സിംഹം മുരളുന്നു. അത് പതുങ്ങിക്കിടക്കുകയാണ് എങ്കിലും ചെറിയ ഒരു പ്രകോപനത്തില്‍ അവന്‍ സടകുടഞ്ഞെഴുന്നേല്‍ക്കും എന്നത് ഉറപ്പാണ്. ദിവ്യ..പിശാച്. ഡോണയുടെ സ്നേഹം മൂലം മാറിക്കൊണ്ടിരുന്ന തന്റെ മനസിനെ പഴയതിലും അധികം മൃഗീയമായ അവസ്ഥയിലേക്ക് അവള്‍ തള്ളിവിട്ടിരിക്കുന്നു. ലോകത്തുള്ള സകലതിനോടും അവനു പക തോന്നി. പക്ഷെ അപ്പോഴും അവന്റെ മനസ്സില്‍ സ്നേഹത്തിന്റെ പ്രതിരൂപങ്ങളായി അവന്റെ അമ്മയും ഡോണയും നിറഞ്ഞു നിന്നിരുന്നു. എങ്കിലും അവന്റെ ഉള്ളില്‍ മുറിവേറ്റു മുരണ്ടുകൊണ്ടിരുന്ന കാട്ടുരാജാവിനെ മെരുക്കാന്‍ അതൊന്നും തീരെ പര്യാപ്തമായിരുന്നില്ല. ഉള്ളിലെരിയുന്ന അഗ്നിയുമായി വാസു മെല്ലെ എഴുന്നേറ്റു. കൈയ്ക്ക് നല്ല വേദന ഉണ്ടായിരുന്നെങ്കിലും അവനത് ഗൌനിച്ചില്ല. പെട്ടെന്ന് അവന്റെ മൊബൈല്‍ ശബ്ദിച്ചു. ഡോണയുടെ പേര് കണ്ടപ്പോള്‍ അവന്റെ മനസിലേക്ക് ഒരു തണുത്ത കാറ്റ് അടിക്കുന്നതുപോലെ അവനു തോന്നി. സ്നേഹാര്‍ദ്രമായ അവളുടെ മുഖം മനോമുകുരത്തില്‍ എത്തിയപ്പോള്‍ വാസു തന്റെ വേദനയൊക്കെ തല്‍ക്കാലത്തേക്ക് മറന്ന് ഫോണെടുത്തു. “എന്താടീ പിശാചേ..മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ?” അവന്‍ ചോദിച്ചു. “ഹാവൂ..എന്റെ ദൈവമേ ഇപ്പോഴാണ് എനിക്ക് ആശ്വാസമായത്. ഇതാണെന്റെ വാസൂട്ടന്‍..ഇന്നലെ പൊന്നുമോന് എന്ത് പറ്റിയതായിരുന്നു?” “ഒന്നുമില്ലടി..ഇവിടെ ചെറിയ കശപിശ ഒക്കെ ഉണ്ടായി. കൈയില്‍ ഒരു വെട്ടുകിട്ടി..”

“ങേ..എന്നിട്ട് നീ ഹോസ്പിറ്റലില്‍ പോയോ? മുറിവ് സീരിയസ് ആണോ..” ഡോണയുടെ ശബ്ദത്തിലെ പരിഭ്രമം അവന്‍ കേട്ടു. “ബക്കാഡി റം ഒഴിച്ചു തുണി വച്ചുകെട്ടി. ഇപ്പോള്‍ പകുതി കരിഞ്ഞു. ബാക്കി ശരി ആയിക്കോളും..” “ടാ നീ കളിക്കരുത്. വേഗം ഏതെങ്കിലും ഹോസ്പിറ്റലില്‍ പോ..വല്ല തുരുമ്പും ഉള്ള ആയുധം ആണെങ്കില്‍ സെപ്റ്റിക് ആകും.പ്ലീസ്..ഉടന്‍ തന്നെ പോ…” “വേണ്ടടി..ചെറിയ മുറിവല്ലേ” “വാസൂ ഞാന്‍ പിണങ്ങും..നീ പോ..” അവളുടെ സ്വരം ഇടറുന്നത് അവന്‍ കേട്ടു. “ശരി ശരി പോകാം; കരയല്ലേ.. ഞാന്‍ ഒന്ന് കുളിച്ചു റെഡി ആകട്ടെ..” “നീ ഇന്ന് വരുമോ?” “നോക്കട്ടെ. ഇവിടെ ചില്ലറ പണി ഉണ്ട്. അത് തീര്‍ന്നാല്‍ ഞാനങ്ങ് വരും” “നീ വേഗം വാടാ..നീ ഇല്ലാത്ത കൊച്ചി വെറും ബോറാ….” “പിന്നെ..നിന്റെ പൌലോച്ചന്‍ ഇല്ലേ..പിന്നെന്താ” “അങ്ങേരുള്ളതും ഇല്ലാത്തതും ഒരുപോലാ..മുരടന്‍…” “ശരി..ഞാന്‍ ഹോസ്പിറ്റലില്‍ പോയ ശേഷം നിന്നെ വിളിക്കാം..” “ശരി..” ഫോണ്‍ വച്ചിട്ട് വാസു മച്ചിലേക്ക് നോക്കി കിടന്നു. ഡോണ..തനിക്ക് യാതൊരു മുന്‍പരിചയവും ഇല്ലാത്ത പെണ്ണ്. കോടീശ്വരന്റെ മകളും വിദ്യാഭ്യാസത്തിലും മറ്റു സകലതിലും തന്നെക്കാള്‍ എത്രയോ ഉയരത്തിലുമുള്ള പെണ്ണ്! പക്ഷെ പളുങ്ക് പോലെയാണ് ആ മനസ്. സ്നേഹം മാത്രമേ ഉള്ളു അതില്‍. പൌലോസ് മഹാഭാഗ്യവാനാണ്. അവളെപ്പോലെ ഒരു പെങ്ങളെ കിട്ടിയ താന്‍ അയാളെക്കാള്‍ ഭാഗ്യവാനാണ്. പക്ഷെ താന്‍ ജീവനുതുല്യം സ്നേഹിച്ച തന്റെ പെണ്ണ്…ഓര്‍ത്തപ്പോള്‍ അവന്റെ മനസ്സിലെ മൃഗം പകയോടെ മുരണ്ടു. “മോന്‍ ഉണര്‍ന്നോ..ഇന്നാ ചായ” രുക്മിണി ആവി പറക്കുന്ന ചായയുമായി അവന്റെ അരികിലെത്തിയപ്പോള്‍ അവന്‍ മനസ്സ് വരുതിയിലാക്കി അവളെ നോക്കി പുഞ്ചിരിച്ചു. അവന്‍ ചായ വാങ്ങിയപ്പോള്‍ അവളും അവന്റെയൊപ്പം കട്ടിലില്‍ ഇരുന്നു. “വേദന കുറഞ്ഞോ മോനെ” മുറിവേറ്റ കൈയിലേക്ക് നോക്കി അവള്‍ ചോദിച്ചു. “ഉം..എങ്കിലും ഞാന്‍ ആശുപത്രിയില്‍ പോയി ഒന്ന് ഡ്രസ്സ്‌ ചെയ്യിക്കുന്നുണ്ട്” “എങ്കില്‍ മോന്‍ കുളിച്ചു വേഷം മാറി വാ. ഞാന്‍ കാപ്പി എടുത്ത് വയ്ക്കാം. അച്ഛനും മോന്‍ ഉണരാന്‍ വേണ്ടി കാത്തിരിക്കുകയാണ്” പ്രാതല്‍ കഴിച്ച ശേഷം വാസു ഒരു ക്ലിനിക്കില്‍ എത്തി കൈ ഡ്രസ്സ് ചെയ്യിച്ചു. സെപ്റ്റിക് ആകാതിരിക്കാനുള്ള ഇന്‍ജക്ഷനും എടുത്ത ശേഷം അവന്‍ ഡോണയ്ക്ക് ഫോണ്‍ ചെയ്തു. “ടീ..നീ പറഞ്ഞത് പോലെ കൈ വച്ചുകെട്ടി. ഇന്‍ജക്ഷനും എടുത്തു. ഇനി അടുത്ത ഒരു അടിപിടിക്ക് പോകുകയാണ്..” “ങേ..വയ്യാത്ത കൈയും വച്ചോണ്ടോ? വേണ്ട..ഇന്നിനി നീ എങ്ങും പോകണ്ട പോയി റസ്റ്റ്‌ എടുക്ക്. എന്നിട്ട് വൈകുന്നേരം ഇങ്ങു വാ..” “നോ മാഡം. എനിക്ക് പോയെ പറ്റൂ..അതാത് ദിവസത്തെ പണികള്‍ അതാത് ദിവസം എന്നല്ലേ?” “വാസൂ..നിന്റെ കൈ വയ്യാതെ…” “അതൊന്നും എനിക്കൊരു പ്രശ്നം അല്ലടി പുന്നൂച്ചീ….” “നീയും അങ്ങേരും..രണ്ടും കണക്കാ..തോന്നിവാസികള്‍…പോയി എന്തേലും ചെയ്യ്‌”

അവള്‍ ദേഷ്യത്തോടെ ഫോണ്‍ വച്ചു. വാസു ചിരിച്ചുകൊണ്ട് പുറത്തിറങ്ങി ബൈക്കില്‍ കയറി. ഡോണയോട് സംസാരിക്കുമ്പോള്‍ മാത്രമാണ് അവന്‍ തന്റെ മനസിലെ മുറിവേറ്റു വൃണപ്പെട്ടു കിടക്കുന്ന മൃഗത്തെ അല്‍പ്പമെങ്കിലും മറക്കുന്നത്. ചന്തയില്‍ രാവിലെ നല്ല തിരക്കുണ്ടായിരുന്നു. മുസ്തഫയും മൊയ്തീനും ഇറച്ചി വെട്ടി തകൃതിയായി വില്‍ക്കുകയാണ്. അപ്പോഴാണ് പൊടിപറത്തിക്കൊണ്ട് വാസുവിന്റെ ബൈക്ക് അവിടെത്തി നിന്നത്. അവനെ കണ്ടപ്പോള്‍ മുസ്തഫ അറിയാതെ തന്റെ മുന്‍നിരയില്‍ നഷ്ടപ്പെട്ട പല്ലുകള്‍ നിന്ന ഭാഗം തടവി. “ഇക്കാ..അവന്‍ എത്തി. ഇത് പണിയാണെന്നാ തോന്നുന്നത്. ഇക്കയാണ്‌ ഇന്നലെ അവരെ അങ്ങോട്ടയച്ചത് എന്ന് ആ നാറി ബഷീര്‍ ഇവനോട് പറഞ്ഞിരുന്നു..” മൊയ്തീന്‍ മന്ത്രിച്ചു. “എന്ത് ചെയ്യണം.” “എങ്ങനെയും ഒഴിവാക്കാന്‍ നോക്ക്. തല്ലാനും പിടിക്കാനും നിന്നാല്‍ നഷ്ടം നമുക്ക് തന്നെ ആയിരിക്കും..” വാസു ബൈക്കില്‍ നിന്നും ഇറങ്ങി മുണ്ട് മടക്കിക്കുത്തി കടയുടെ സമീപത്തേക്ക് ചെന്നു. മുസ്തഫ വേഗം കത്തി വച്ചിട്ട് അവന്റെ അടുത്തേക്ക് ചെന്നു. മൊയ്തീനും കച്ചവടം ജോലിക്കാരെ ഏല്‍പ്പിച്ച ശേഷം മുസ്തഫയുടെ പിന്നാലെ ഇറങ്ങി. അവന്‍ കുറെ അകലെ നിന്നിരുന്ന അണികളെ കണ്ണ് കാണിച്ചു. അവന്മാര്‍ പതിയെ വാസു നിന്ന സ്ഥലം ഒരു അകലം വിട്ടു വളഞ്ഞു. “നിനക്ക് മനസിലായി അല്ലെ നിന്നെ കാണാനാണ് ഞാന്‍ വന്നതെന്ന്?” തന്റെ അടുത്തെത്തിയ മുസ്തഫയോടു വാസു ചോദിച്ചു. “ഞാനറിഞ്ഞു..അവന്‍..ആ ബഷീര്‍ കള്ളം പറഞ്ഞതാണ്‌..എനിക്കതില്‍ ഒരു ബന്ധവുമില്ല” മുസ്തഫ പറഞ്ഞു തീര്‍ന്നില്ല, അതിനു മുന്‍പേ വാസുവിന്റെ കൈ അവന്റെ കരണത്ത് പതിഞ്ഞു കഴിഞ്ഞിരുന്നു. ഒരു വശത്തേക്ക് വേച്ചുപോയ മുസ്തഫ വീഴാതെ അടുത്തിരുന്ന ഒരു ബൈക്കില്‍ പിടിച്ചു നിന്നു. “എടാ പുല്ലേ പോക്രിത്തരം കാണിക്കുന്നോ” ചേട്ടനെ അടിക്കുന്നത് കണ്ട മൊയ്തീന്‍ വാസുവിന് നേരെ കുതിച്ചു. ഒന്നുയര്‍ന്നു ചാടിയ വാസു അവനെ ശക്തമായി തൊഴിച്ചു. കടയില്‍ ഇറച്ചി വാങ്ങാന്‍ വന്നു നിന്നവരുടെ ഇടയിലേക്ക്, മേശപ്പുറത്തേക്ക് മൊയ്തീന്‍ തെറിച്ചു വീണു. “ഡാ…കാളയോ പശുവോ ആണെന്ന് പറഞ്ഞു നീ അവനെ വെട്ടല്ലേ” അവിടെ ഇറച്ചി അരിഞ്ഞുകൊണ്ട് നിന്ന പയ്യനോട് വാസു വിളിച്ചു പറഞ്ഞു. മുസ്തഫയുടെ ജൂബ്ബാ കൂട്ടിപ്പിടിച്ച് വാസു ബുള്ളറ്റിനു സമീപത്തേക്ക് നടന്നു ചെന്ന് അതിലിരുന്നു. അവനെ ആക്രമിക്കാനായി വളഞ്ഞു നിന്നിരുന്ന ഗുണ്ടകള്‍ മൊയ്തീന്‍ തെറിച്ചു പോയ പോക്ക് കണ്ടു ഭയന്ന് അങ്ങോട്ട്‌ അടുക്കാന്‍ മടിച്ചു. പലരും സംഭവം കണ്ട് അവിടേക്ക് അടുത്തു കൂടാന്‍ തുടങ്ങിയിരുന്നു. ബൈക്കില്‍ ഇരുന്ന വാസു മുസ്തഫയുടെ ജൂബ്ബയില്‍ നിന്നും പിടി വിട്ട ശേഷം പോക്കറ്റില്‍ നിന്നും ഒരു പേപ്പര്‍ എടുത്തു നിവര്‍ത്തി.

“ഡാ..ശരിക്ക് കേട്ടോണം. എല്‍ ജി 21 ഇഞ്ച്‌ കളര്‍ ടിവി ഒന്ന്; ഫ്ലവര്‍വേസ് നാല്. പൂച്ചട്ടി ഏഴ്. ഷോകേസിന്റെ ഗ്ലാസ് രണ്ട്. ടീപോയിയുടെ ഗ്ലാസ് ഒന്ന്. ചെറിയ സോഫ ഒന്ന്. ക്ലോക്ക് ഒന്ന്. പിന്നെ അല്ലറ ചില്ലറ അലിക്കുലുത്തു സാധനങ്ങള്‍ എല്ലാം കൂടി കുറെ ഉണ്ട്. എന്റെ ഒരു ചെറിയ കണക്കനുസരിച്ച് ഒരു രണ്ടുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. മാനഹാനി, മറ്റു പ്രശ്നങ്ങള്‍ എന്നിവയും കൂടി കൂട്ടി മൂന്നു ലക്ഷം രൂപ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പ് എനിക്ക് എന്റെ വീട്ടില്‍ കിട്ടിയിരിക്കണം. ഇല്ലെങ്കില്‍, നീയും നിന്റെ അനുജനും ഉള്ള കാശ് മുടക്കി രണ്ട് വീല്‍ചെയര്‍ ഇന്ന് തന്നെ വാങ്ങി വച്ചേക്കുക. പണം വാങ്ങാനായി എന്നെ ഇങ്ങോട്ട് വരുത്തരുത്. മനസിലായോടാ..” വാസു പേപ്പര്‍ മടക്കി പോക്കറ്റില്‍ വച്ച ശേഷം മുസ്തഫയെ നോക്കി ചോദിച്ചു. “യ്യോ മൂന്നു ലക്ഷം എന്നൊക്കെ പറഞ്ഞാല്‍….” “നായിന്റെ മോനെ..എന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനു നിനക്കുള്ള പണി പിന്നാലെ ഉണ്ട്. അതുകൊണ്ടാണ് മൂന്നുലക്ഷത്തില്‍ ഞാന്‍ നിര്‍ത്തിയത്. ഇന്ന് വൈകിട്ട് പണം എത്തിച്ചില്ലെങ്കില്‍…..” വാസു പകയോടെ അവനെ നോക്കി. “എത്തിക്കാം” “ഉം..ഇനി..ഈ ബഷീര്‍ എന്നവന്റെ വീട് എവിടെയാണ്?” “ഞാന്‍ പിള്ളേരെ ഒപ്പം വിടാം. ഇവിടെ അടുത്താ” വാസു ബുള്ളറ്റില്‍ കയറിയപ്പോള്‍ രണ്ട് ചെറുപ്പക്കാര്‍ അവനു വഴി കാണിക്കാനായി ഒപ്പം ചെന്നു. “ചേട്ടാ അവന്റെ അനുജന്മാരുണ്ട്..വെടക്ക് ടീമുകള്‍ ആണ്” വണ്ടി വച്ചിട്ട് ഒരു ഊടുവഴിയിലൂടെ വാസുവിനെ വീട് കാണിക്കാന്‍ കൊണ്ട് പോകുമ്പോള്‍ ഒരാള്‍ പറഞ്ഞു. വാസു മറുപടി ഒന്നും പറഞ്ഞില്ല. “ദാ..ആ കാണുന്ന വീടാ..അവന്മാര്‍ എല്ലാം അവിടെയുണ്ട്” കൂടെ ചെന്നവര്‍ വീട് കാണിച്ച ശേഷം പറഞ്ഞു. അവര്‍ മാറി നിന്ന് എന്താണ് അവന്‍ ചെയ്യാന്‍ പോകുന്നതെന്ന് നോക്കി. “ബഷീറിന്റെ വീടല്ലേ?” മുറ്റത്തേക്ക് കയറിച്ചെന്ന വാസു ചോദിച്ചു. വരാന്തയില്‍ അവന്റെ വാപ്പ ആണെന്ന് തോന്നുന്നു, ആജാനുബാഹുവായ ഒരു മധ്യവയസ്കന്‍ മുറുക്കാനുള്ള വട്ടം കൂട്ടിക്കൊണ്ട് ചാരുകസേരയില്‍ കിടപ്പുണ്ട്. രണ്ട് ചെറിയ കുട്ടികള്‍ മുറ്റത്ത് ഓടിക്കളിക്കുന്നു. ശബ്ദം കേട്ടു രണ്ട് സ്ത്രീകളുടെ മുഖങ്ങള്‍ വാസു വാതിലിനു പിന്നില്‍ കണ്ടു. “അതെ എന്തേ?” പരുക്കന്‍ സ്വരത്തില്‍ അയാള്‍ ചോദിച്ചു. കൂടി നിന്ന ചെറുപ്പക്കാരില്‍ ഒരാളെ വാസു വേഗം തിരിച്ചറിഞ്ഞു. ഇന്നലെ തന്റെ തല്ലുകൊണ്ട് ഓടിയവരില്‍ ഒരുത്തന്‍. അവന്‍ പകയോടെ വാസുവിനെ നോക്കിയ ശേഷം ഒപ്പമുണ്ടായിരുന്നവരോട് രഹസ്യമായി എന്തോ മന്ത്രിച്ചു. അവന്മാരുടെ മുഖത്ത് പക നിറയുന്നതും അവന്‍ ചെന്നു തന്തപ്പടിയുടെ കാതില്‍ രഹസ്യം പറയുന്നതും അവന്‍ കണ്ടു. അയാള്‍ രൂക്ഷമായി അവനെ നോക്കിക്കൊണ്ട് മുറുക്കാന്‍ ഉപേക്ഷിച്ചിട്ട് എഴുന്നേറ്റു. പാക്ക് വെട്ടുന്ന കത്തിയും അയാളുടെ കൈയില്‍ ഉണ്ടായിരുന്നു. വാസു നോക്കി. ചെറുപ്പക്കാര്‍ നാലുപേര്‍ ഉണ്ട്. അതില്‍ രണ്ടുപേര്‍ ബഷീറിന്റെ അനുജന്മാര്‍ ആണ് എന്നവന് മനസിലായി. മറ്റു രണ്ടുപേര്‍ കൂട്ടുകാര്‍ ആയിരിക്കുമെന്നവന്‍ അനുമാനിച്ചു. അവന്മാര്‍ മെല്ലെ അവന്റെ ചുറ്റും നിരന്നു. തന്തപ്പടി കത്തിയുമായി അവന്റെ മുന്‍പിലെത്തി അവന്റെ കണ്ണിലേക്ക് നോക്കി.

“ഞമ്മട ബഷീര്‍ ആശൂത്രീലാണ്. കള്ള ഹിമാറെ ജ്ജാണ് ന്റെ മോനെ കൊല്ലാന്‍ നോക്കിയത് അല്ലെ..അന്നേ ഞമ്മള്‍…” അയാള്‍ അലറിക്കൊണ്ട് വാസുവിന് നേരെ കത്തി ആഞ്ഞ് ഓങ്ങി. തന്റെ നെഞ്ചിന് നേരെ വന്ന കത്തിയില്‍ നിന്നും ചുവടു വച്ചൊഴിഞ്ഞ വാസു ഇടതുകാല്‍ പൊക്കി ഇടതുവശത്ത്‌ നിന്നവനെ ചവിട്ടി തെറിപ്പിച്ച ശേഷം തന്തപ്പടിയുടെ വാരിയെല്ലില്‍ ആഞ്ഞു ചവിട്ടി. ഒരു ചെറിയ മല വീഴുന്നതുപോലെ അയാള്‍ മുറ്റത്തേക്ക് വീണു. ആ കാല്‍ നിലത്തുറപ്പിച്ച വാസു മിന്നല്‍ പോലെ കറങ്ങി ആദ്യം കണ്ടവനെ അടിച്ചു. അവന്‍ കറങ്ങി നിലത്ത് വീണപ്പോള്‍ തലേ രാത്രി അടികൊണ്ട് ഓടിയവന്‍ വീട്ടില്‍ കയറി വാക്കത്തിയുമായി അവന്റെ നേരെ അലറിക്കൊണ്ട് അടുത്തു. വാസു അവന്റെ വലതു വശത്തു നിന്നിരുന്നവന്റെ കൈയില്‍ പിടിച്ചു വലിച്ച് അവന്റെ നേരെ എറിഞ്ഞു. രണ്ടും കൂടി നിലത്തേക്ക് വീണപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച തന്തപ്പടിയുടെ പള്ളയ്ക്ക് പന്തടിക്കുന്നത് പോലെ അവന്‍ കാലുമടക്കിയടിച്ചു. “യ്യോ എന്റെ കെട്ടിയോനേം പിള്ളേരേം തല്ലുന്നെ..നാട്ടുകാരെ ഓടിവായോ” വീട്ടില്‍ നിന്നും ഇറങ്ങിവന്ന ഒരുസ്ത്രീ അലറിവിളിച്ചു. അഞ്ചുപേരും എഴുന്നേല്‍ക്കാന്‍ ആകാതെ കിടക്കുന്നത് കണ്ടുകൊണ്ട് അവര്‍ കൂടുതല്‍ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. വാസു വീടിന്റ വരാന്തയിലേക്ക് കയറി ചാരുകസേര എടുത്ത് ഒരു ചവിട്ടിന് ഒടിച്ച് ഉള്ളില്‍ നിന്ന പെണ്ണിന്റെ ന്റെ നീട്ടി. “ഇന്നാ..തീകത്തിക്കാന്‍ ബെസ്റ്റാ..” അവള്‍ വിറച്ചുകൊണ്ട് തലയാട്ടി അത് വാങ്ങി. “ങാഹാ..ഇത് പുതിയ ടിവി ആണല്ലോ…” മുന്‍പിലെ മുറിയില്‍ ഉണ്ടായിരുന്ന ടിവി എടുത്ത് അവന്‍ വെളിയില്‍ കൊണ്ടുവന്നു. “എടാ കാലമാടാ ഞങ്ങടെ ടിവി അവിടെ വക്കാടാ…” തള്ള അവനെ നോക്കി അലറി. നാട്ടുകാരില്‍ ചിലര്‍ ബഹളം കേട്ട് സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. “എടൊ..എന്തു പോക്രിത്തരമാടോ താനീ കാണിക്കുന്നത്? പട്ടാപ്പകല് വീട്ടില്‍ കേറി ആക്രമിക്കുന്നോ..” കൂട്ടത്തില്‍ തണ്ടും തടിയുമുള്ള ഒരാള്‍ അവന്റെ നേരെ ചെന്നു ചോദിച്ചു. “നീ ടിവി പൊട്ടുന്നത് കണ്ടിട്ടുണ്ടോ? ഇല്ലേല്‍ ദാ കണ്ടോ” വാസു ആ ടിവി എടുത്ത് ശക്തമായി തറയില്‍ അടിച്ചു. അത് ചിന്നിച്ചിതറിയപ്പോള്‍ അവന്റെ നേരെ വന്നവന്‍ ഓടിമാറി. “ഇവരെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും പൂതി തോന്നുന്നുണ്ടെങ്കില്‍ വരാം” ചുറ്റും കൂടി നിന്നവരെ നോക്കി അവന്‍ പറഞ്ഞു. പിന്നെ ഭിത്തിയില്‍ തൂക്കിയിരുന്ന ക്ലോക്ക് എടുത്ത് ഭിത്തിയിലടിച്ചു. “എടാ നായെ നിന്നെ ഞമ്മള്..” തന്തപ്പടി ഉരുണ്ടുപിരണ്ട് എഴുന്നേറ്റ് അവന്റെ നേരെ വീണ്ടും പാഞ്ഞു ചെന്നു. വരാന്തയില്‍ ഉയരത്തില്‍ നിന്ന വാസു ഒരു ചിരിയോടെ കാലുയര്‍ത്തി അയാളുടെ താടിക്ക് തന്നെ അടിച്ചു. പിന്നിലേക്ക് ഒരു അലര്‍ച്ചയോടെ അയാള്‍ മലര്‍ന്നു വീണു. വാസുവിനെ നോക്കി ഭയന്നു വിറച്ച് കുട്ടികളും സ്ത്രീകളും നിന്നു. അവന്‍ താഴെ ഇറങ്ങി തന്തപ്പടിയെ തൂക്കിയെടുത്തു നിര്‍ത്തി. “എടൊ മൂപ്പീന്നെ..മക്കളെ നാട്ടുകാരുടെ മറ്റേടത്തോട്ടു കേറി ഒണ്ടാക്കാനായി വളര്‍ത്തിയാല്‍, ഇതില്‍ക്കൂടുതല്‍ ഇയാള്‍ വാങ്ങിക്കൂട്ടും. തല്‍ക്കാലം ഇത്രയും മതി തനിക്ക്. മോന്‍ ആശുപത്രിയില്‍ നിന്നും വരുമ്പോള്‍ പറഞ്ഞേക്കണം, ഇത് എന്റെ വീട്ടില്‍ കയറി കാണിച്ച പോക്രിത്തരത്തിനുള്ള ചെറിയ ഒരു സമ്മാനമാണ് എന്ന്. ഇനി അവനോ താനോ ഈ കിടക്കുന്ന മാക്രികളില്‍ ആരെങ്കിലുമോ വല്ല അഭ്യാസത്തിനും തുനിഞ്ഞാല്‍, ഒടിച്ചുകൂട്ടി കടലില്‍ തള്ളും ഞാന്‍..മനസ്സിലായോടോ?” അയാള്‍ നിസ്സഹായനായി തലയാട്ടി. “ടാ..നീ ഇങ്ങുവന്നെ..” നാട്ടുകാരുടെ കൂട്ടത്തില്‍ തന്നോട് സംസാരിക്കാന്‍ വന്നവനെ വാസു കൈകാട്ടി വിളിച്ചു.

“അത്..സാറേ ഞാന്‍..അറിയാതെ..” “സാറോ? നിന്നെ ഏത് ക്ലാസിലാടാ ഞാന്‍ പഠിപ്പിച്ചത്..ഇവിടെ വാടാ..” അയാള്‍ ശങ്കയോടെ അവന്റെ മുന്‍പിലെത്തി നിന്നു. “ഈ തന്തപ്പടിയുടെ മക്കള്‍ക്ക് എന്താണ് ജോലി എന്ന് നിനക്ക് അറിയാമോ?” വാസു ചോദിച്ചു. “അവന്മാര് ഗുണ്ടകളാണ്..’ “അപ്പം നിനക്ക് അറിയാം. എന്നിട്ട് നീയോ ഈ നില്‍ക്കുന്നവരില്‍ ആരെങ്കിലുമോ ഇവരോട് പറഞ്ഞിട്ടുണ്ടോ ഈ പണിക്ക് മക്കളെ വിടരുതെന്ന്?” “അത് ഞങ്ങള് പറഞ്ഞാ അവര് കേള്‍ക്കുവോ?” “ഇല്ലെങ്കില്‍ പിന്നെ നീ എന്നാത്തിനാടാ ഇപ്പോള്‍ ഇങ്ങോട്ട് ഒണ്ടാക്കാന്‍ വന്നത്? ഇതുപോലെയുള്ള പണി ചെയ്യുന്നവന്മാരുടെ വീട്ടില്‍ ആരെങ്കിലും കേറി മേയും എന്ന് നിനക്ക് ഊഹിക്കാന്‍ പറ്റിയില്ലേ?” അവന്റെ കഴുത്തിനു പിടിച്ചു പൊക്കിക്കൊണ്ട് വാസു ചോദിച്ചു. കണ്ണുകള്‍ തള്ളിപ്പോയ അവനെ അവന്‍ പിന്നിലേക്ക് ആഞ്ഞു തള്ളി. അവന്‍ മലര്‍ന്നടിച്ചു നിലത്ത് വീണു. ഭയന്നു വിറച്ചു നില്‍ക്കുന്ന ബഷീറിന്റ ഉമ്മയുടെ അടുത്തേക്ക് വാസു ചെന്നു. അവര്‍ കിടുകിടെ വിറയ്ക്കാന്‍ തുടങ്ങി. “തള്ളെ..മക്കള് വല്ലവന്റെയും കൈയും കാലും തല്ലിയൊടിക്കുകയും വെട്ടുകയും വീട് കയറി ആക്രമിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ നിങ്ങളെ ആരും ഒന്നും ചെയ്യത്തില്ലെന്നു കരുതി അല്ലെ? നിങ്ങള്‍ പെണ്ണുങ്ങളെ ഓര്‍ത്ത് ഞാന്‍ ഇത്രയും കൊണ്ട് നിര്‍ത്തിയതാണ്. ഇനി മേലാല്‍ ഇവന്മാര്‍ ഈ പണിക്ക് ഇറങ്ങിയാല്‍..മക്കളെ നിങ്ങളങ്ങ് മറന്നേക്കണം..” രൂക്ഷമായി അവരെ നോക്കിയ ശേഷം അവന്‍ പുറത്തേക്കിറങ്ങി.

Comments:

No comments!

Please sign up or log in to post a comment!