സൂര്യനെ പ്രണയിച്ചവൾ 1

സുഹൃത്തും എഴുത്തുകാരനുമായ ഫഹദ് സലാമിന് സമർപ്പിക്കുന്നു.

പുഴയുടെ അപ്പുറത്ത് നീല നിറത്തിലുള്ള മലനിരകൾ ഉയർന്നുയർന്നു പോകുന്നത് നോക്കി നിൽക്കവേ ക്യാപ്റ്റൻ രാകേഷ് മഹേശ്വർ ഒരു നിമിഷം താനൊരു പട്ടാളക്കാരനാണ് എന്ന് മറന്നുപോയി. ചുറ്റും പച്ചയും നീലയും കലർന്ന വർണ്ണങ്ങൾ മാത്രമേയുള്ളൂ. ഒരു ഫ്രഞ്ച് സർറിയലിസ്റ്റിക് പെയിൻറ്റിങ്ങിന് മുമ്പിലാണ് താനെന്ന് അയാൾക്ക് തോന്നി. അസ്തമയം സിന്ദൂരവർണ്ണമണിഞ്ഞ കാമുകിയുടെ ലയ ലഹരിയോടെ തന്നോട് എന്തെങ്കിലും മന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടോ? ഗഗനമാകെ പ്രേമസാഗരമാണ് എന്നയാൾക്ക് തോന്നി. ആകാശഹൃദയത്തിൻറെ മിടിപ്പുപോലെ ദേശാടനപ്പക്ഷികൾ മേഘങ്ങളിൽ കറുത്ത സുഷിരങ്ങൾ വീഴ്ത്തി പറന്നു നീങ്ങുന്നത് കണ്ടപ്പോൾ അയാളുടെ ഹൃദയം വല്ലാതെ കൊതിച്ചു. ഇപ്പോൾ എൻറെ സമീപം ഒരു സുന്ദരിയുണ്ടായിരുന്നെങ്കിൽ! നിലാവിൻറെ മൃദുലതയോടെ, പൂവനത്തിന് നടുവിൽ, വിവശതയോടെ തൻറെ സാമീപ്യത്തിനു കൊതിച്ച്, തൻറെ സാന്നിധ്യത്തിന് വേണ്ടി ദാഹിച്ച് തനിക്ക് ഈ ജന്മവും വരാനുള്ള എല്ലാ ജന്മങ്ങളിലും കൂട്ടിരിക്കാൻ ആഗ്രഹിക്കുന്ന ഒരു സുന്ദരി! എന്നാണു അവൾ വരുന്നത്? ഏത് വഴിത്താരയിൽ താൻ കണ്ടുമുട്ടും അവളെ?

എത്രയോ പെൺകുട്ടികളെ കണ്ടു! അടുത്തിടപഴകി! എത്രയോ പേർ തന്നെ ആഗഹിച്ചു! താൽക്കാലിക സുഖം മുതൽ ജീവിത സഖിയാകാൻ വരെ!

പക്ഷേ താൻ! എല്ലാവരെയും തിരസ്ക്കരിച്ചു. അവരുടെ പ്രണയം കണ്ടില്ലെന്ന് നടിച്ചു. അല്ലെങ്കിൽ അവഗണിച്ചു. എന്തിന്? മനസ്സ് പറഞ്ഞില്ല, ഇതാ ഇവൾ നിൻറ്റെ പെൺകുട്ടിയാണ് എന്ന്. ഇതാ നിൻറെ ജീവിതത്തിൻറ്റെ പകുതി എന്ന്. ആരിലും പൂർണ്ണത കണ്ടെത്താൻ തനിക്ക് കഴിഞ്ഞില്ല. ആർക്കുവേണ്ടിയും തൻറെ ഹൃദയം തപിച്ചില്ല. തനിക്ക് അവരോടു ആരോടും പ്രണയം തോന്നിയില്ല. ഇപ്പോൾ ഇരുപത്തിയാറ് വയസ്സുള്ള പട്ടാള ഓഫീസറാണ് താൻ. നന്നേ ചെറുപ്പത്തിൽ തന്നെ ഡെറാഡൂണിലെ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം. അക്കാദമിയിലെ ഏറ്റവും മിടുക്കരും സമർത്ഥരുമായ അധ്യാപകരിൽ നിന്നും ട്രെയിനിങ്. എല്ലാ റ്റെസ്റ്റുകളിലും ഏറ്റവും ഉയർന്ന ഗ്രേഡ്. പങ്കെടുക്കുന്ന ഏതിനത്തിലും പുരസ്‌ക്കാരങ്ങൾ. ഗാലൻറ്ററി അവാർഡുകൾ.

ഇപ്പോൾ ഇവിടെ അതിസാഹസികമായ ഒരു ദൗത്യത്തിൻറെ സംഘത്തലവനായി കൊടും കാടിനടുത്തുള്ള കമാൻഡ് പോസ്റ്റിൽ. ഒരേയൊരു ലക്‌ഷ്യം. കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് ജോയൽ ബെന്നറ്റിനെ പിടിക്കുക. ജീവനോടെയോ അല്ലാതെയോ. നാഗാലാൻഡിലെ ഗോരാകുന്നുകളിൽ പതിയിരുന്ന ജോയലിനെ പിടിക്കാൻ ആസാം റൈഫിൾസിനായില്ല. അപകടം മണത്ത് റെജിമെന്റിലെ നാൽപ്പതോളം വരുന്ന ജവാന്മാരെ കൊലപ്പെടുത്തി അവൻ വിദർഭയിലേക്ക് കടന്നു.

അവിടെ സാഹസികമായ ഓപ്പറേഷന് പേരുകേട്ട പഞ്ചാബ് റെജിമെൻറ് അവരുടെ കഴിവിൻറെ പരമാവധി ശ്രമിച്ചെങ്കിലും ജോയൽ ഗുജറാത്തിലെ കച്ച് പ്രദേശത്തെ അപകടം പതിയിരിക്കുന്ന ചതുപ്പ് കാടുകളിലേക്ക് കടന്നു. പ്രത്യേക കമാണ്ടോകളെയാണ് സർക്കാർ ഇത്തവണ ജോയലിനു ചുറ്റും അണിനിരത്തിയത്. പക്ഷെ അയാൾ അവിടെ നിന്ന് പിന്നീട് പോയത് ബസ്തർകാടുകളിലേക്കാണ്. ദണ്ഡകാരണ്യത്തിൽ. ഏകദേശം കേരളത്തിൻറെ മുഴുവൻ വിസ്തീർണ്ണമുണ്ടാകും ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയ്ക്ക്. ഭീകരവിരുദ്ധ ഓപ്പറേഷന് പേരുകേട്ട ഗ്രേ ഹൌണ്ട്സാണ് ബസ്തറിൽ ജോയൽ വേട്ടയ്ക്ക് നിയോഗിക്കപ്പെട്ടത്. പക്ഷെ ദണ്ഡകാരണ്യം മുഴുവൻ അരിച്ചു പെറുക്കിയിട്ടും അയാളുടെ യാതൊരു അടയാളവും ഗ്രേഹൌണ്ട് കമാണ്ടോകൾക്ക് കണ്ടെത്താനായില്ല. എന്ന് മാത്രമല്ല ആ ഓപ്പറേഷനിൽ പതിനാറ് കമാണ്ടോകളാണ് രക്തസാക്ഷികളായത്. മൈൻ സ്‌ഫോടനത്തിൽ. ദണ്ഡകാരണ്യത്തിൽ നിന്ന് സത്യമംഗലം കാടുകൾ. അവിടെനിന്ന് ഇപ്പോൾ അയാൾ ഇവിടെ, ഈ പാലക്കാടൻ മലനിരകളിലെവിടെയോ. മിനിങ്ങാനാണ് ഹെഡ് ക്വർട്ടേഴ്‌സിൽ നിന്ന് അടിയന്തിര ഹോട്ട് മെസേജ് വന്നത്. അതും ഡീ കോഡ് ചെയ്യേണ്ട ഭാഷയിൽ. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് തീരുമാനമുണ്ടായത്രേ, ജോയൽ ബെന്നറ്റിനെ പിടിക്കാൻ ഒരു പ്രത്യേക ഗ്രൂപ്പിനെ സജ്ജമാക്കിയിട്ടുണ്ട്. അതിന്റെ കമാൻഡിങ് ഓഫീസർ പദവി തനിക്ക്. അയാളുടെ ചിന്തകളുടെ ചരടിനെ മുറിച്ചുകൊണ്ട് മൊബൈൽ ഫോൺ ശബ്ദിച്ചു. “ങ്ഹേ! സിഗ്നലോ?” അദ്‌ഭുതത്തോടെ അയാൾ ഫോണെടുത്തു. പരിചിതമല്ലാത്ത നമ്പരാണല്ലോ! “ഹലോ!” ശബ്ദം പക്ഷെ ചിരപരിചിതമായിരുന്നു. “ങ്ഹാ, മമ്മീ,” അവൻ ആഹ്ലാദത്തോടെ പ്രതികരിച്ചു. “മോനെ അവിടെ എങ്ങനെയുണ്ട്?” “കൊള്ളാം! എല്ലാമുണ്ട്…” “പറയൂ മോനേ…” “എല്ലാമുണ്ട് മമ്മി…കാടുണ്ട്, കാട്ടാറുണ്ട്. മലകളുണ്ട്. മയിലുണ്ട്. മാനുണ്ട്…മമ്മീടെ കൈകൊണ്ട് ഉണ്ടാക്കിയതൊന്നും കഴിക്കാനില്ല എന്നതൊഴിച്ചാൽ,”

“അതിന് നീയെപ്പഴാ ലാസ്റ്റ് ആയി ഞാനുണ്ടാക്കിയത് കഴിച്ചിട്ടുള്ളത്?” “മമ്മി എന്തെങ്കിലും സീരിയസ് ആയി പറയാനുണ്ടെങ്കിൽ അത് ആദ്യം പറയു. കാരണം ഏത് നിമിഷവും സിഗ്നൽ പോകാം. ഇതേ മമ്മീടെ മെട്രോപോളിറ്റൻ ബാങ്ക്ലൂരല്ല…കാടാ…കൊടും ഭീകരൻ ജോയൽ ബെന്നറ്റ് അരങ്ങ് തകർക്കുന്ന അസ്സൽ പാലക്കാടൻ ഫോറെസ്റ്റ്…” ഫോണിൻറെ അങ്ങേത്തലക്കൽ ‘അമ്മ ചിരിക്കുന്നതിന്റെ ശബ്ദം അയാൾ കേട്ടു. “പറയാൻ പോകുന്ന കാര്യം നിനക്ക് ഇഷ്ടമില്ലാത്തതാണ് മോനൂ,” “എനിക്കിഷ്ടമില്ലാത്തതോ? അതെന്താ മമ്മി?” “മോനേ…മോൻറെ കമാൻഡിങ് പോസ്റ്റിനടുത്ത് എവിടെയോ ആണ് മുൻ കേന്ദ്രമന്ത്രി പദ്മനാഭൻ തമ്പിയുടെ തറവാട്ട് വീട്.
പപ്പായുടെ ബെസ്റ്റ് ഫ്രണ്ടല്ലേ തമ്പി? നിന്നെ എവിടെയോ വെച്ച് കക്ഷി കണ്ടിട്ടുണ്ട്. നിന്നെ അദ്ദേഹത്തിന് വല്ലാതങ്ങു പിടിച്ചിരിക്കുന്നു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഡിഗ്രി കഴിഞ്ഞ അതി സുന്ദരിയായ ഒരു മോളുണ്ട് പുള്ളിക്ക്….” “അതി സുന്ദരിയായ എന്ന വിശേഷണമൊന്നും വേണ്ട. ജസ്റ്റ് മോളുണ്ട് എന്ന് പറഞ്ഞാ മതി…” “പോടാ ഒന്ന്..!” അമ്മയുടെ ചിരിയലകൾ അവൻ ഫോണിലൂടെ കേട്ടു. “അതി സുന്ദരി എന്ന് തന്നെ പറയും ഞാൻ…” “മമ്മിയെക്കാളും സുന്ദരി?” അവൻ ചോദിച്ചു. “മോനൂ തമാശ വിടെടാ മമ്മിയൊന്ന് പറയട്ടെ…” “ശരി പറയൂ മമ്മി…” അവൻ സ്വരം ഔദ്യോഗികമാക്കി പറഞ്ഞു. “അത്രേം ഗൗരവം ഒന്നും വേണ്ട സ്വരത്തിന്. നിന്നെ കണ്ടപ്പോൾ അദ്ദേഹത്തിന് മോളെ നിന്നെക്കൊണ്ട് കെട്ടിച്ചാലോ എന്നാലോചന. പപ്പാ നിൻറെ ഫോൺ നമ്പർ അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. തമ്പി നിന്നെ വിളിക്കും. വീട് അടുത്താണ് എങ്കിൽ പോവുകയും വേണം…” “നല്ല കാര്യം!” രാകേഷ് പരിഹാസ്യമായ സ്വരത്തിൽ പറഞ്ഞു. “മനുഷ്യനെ പച്ചക്ക് തിന്നുന്ന, പേരിൽ മാത്രം സൗന്ദര്യമുള്ള ആ ജോയൽ ബെന്നറ്റിനെ തപ്പി നടന്ന് അവന്റെ തലമണ്ടയ്ക്കകത്ത് വെടിയുണ്ട കേറ്റുന്നതെങ്ങനെ എന്നോർത്ത് ഒരു അന്തോം കുന്തോം ഇല്ലാതെ നിക്കുമ്പഴാ പെണ്ണുകാണൽ! മമ്മി ഒന്ന് പോയെ,” “ഹ! ഒന്ന് കാണാൻ പോകുന്നത് കൊണ്ട് എന്താ കുഴപ്പം?” സമ്മതിച്ചേക്കാം. അല്ലെങ്കിൽ മമ്മി പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കും. “ശരി ചെയ്യാം,” “ശരി ചെയ്യാം എന്ന് പറഞ്ഞാൽ പോരാ. ചെയ്യണം!” “ആയിക്കോട്ടെ ‘അമ്മ മഹാറാണി!” അവൻ ചിരിച്ചു.

“പിന്നേ…” അയാൾ വീണ്ടും അമ്മയുടെ സ്വരം കേട്ടു. “നീയിപ്പോൾ ഏറ്റിരിക്കുന്ന അസൈൻമെൻറ്റിൻറെ സീരിയസ്നെസ്സ് ഓർത്തിട്ട് ഇരിക്കപ്പൊറുതി കിട്ടാതെ വന്നപ്പോൾ ഞാൻ ആ ജോയലിനെ ഒന്ന് ഗൂഗിളിൽ തപ്പി…പേരിൽ മാത്രം ഒന്നുമല്ല സൗന്ദര്യം. ശരിക്കും ഫിലിം സ്റ്റാറിനെപ്പോലെയുണ്ടല്ലോ ആ പയ്യൻ!” “ഓഹോ! അത് ശരി!” സ്വരം കടുപ്പിച്ചുകൊണ്ട് രാകേഷ് പറഞ്ഞു. ” അവനെ എങ്ങനെയാ എന്റെ തോക്കിൻമുനേടെ മുമ്പിൽ കിട്ടുക എന്നോർത്ത് തല പുകയ്ക്കുവാ ഞാനിവിടെ! അന്നേരം മമ്മി അവൻറെ സൗന്ദര്യം കാണുവാണോ? അത്രയ്ക്ക് ഇഷ്ടവാണേൽ ഒരു കാര്യം ചെയ്യാം. അവനെ പിടിക്കുമ്പം കൊല്ലാതെ മമ്മീടെ അടുത്ത് കൊണ്ടരാം ഞാൻ. മമ്മി അവനെ അങ്ങ് കെട്ടിക്കോ! അല്ല പിന്നെ!” “അയ്യോ അതെങ്ങനെയാ മോനു?” അമ്മയുടെ ചിരിയലകൾ വീണ്ടും അവൻറെ കാതുകളെ തലോടി. “മോൻറെ പപ്പാ സമ്മതിക്കുവോ?” “പപ്പാ അറിയാതെ ഒരു സ്റ്റെപ്പിനിയായി വെച്ചാ മതി!” “മതി മതി! നിൻറെ ഒരു തമാശ! “അതൊക്കെ ഓക്കേ…ഈ നമ്പർ! ഇതാരുടേതാ?” “നിന്നെ വിളിക്കാൻ വേണ്ടി എനിക്കും പാപ്പായ്ക്കും രണ്ട് സിം കാർഡുകൾ കൊറിയർ ആയി വന്നു അരമണിക്കൂർ മുമ്പ്.
നിങ്ങളുടെ റെജിമെൻറ്റിൻറെ ഹെഡ്ക്വർട്ടേഴ്‌സിൽ നിന്ന്,” താൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ പ്രാധാന്യം രാകേഷിനെ ഒരു നിമിഷനേരത്തേക്ക് പരിഭ്രാന്തനാക്കി. “മോനൂ,” ഫോണിലൂടെ വീണ്ടും ആകാംക്ഷ കലർന്ന ശബ്ദം. “മമ്മി…” അവൻ വിളികേട്ടു. “എന്താ പെട്ടെന്ന് ഒരു സൈലൻസ്?” “ഒന്നുമില്ല…പ്രാർത്ഥിക്കണം…” “നിന്നെ ഓർത്ത് പ്രാർത്ഥിക്കാത്ത ഏതെങ്കിലും നിമിഷം മമ്മിയ്ക്കുണ്ടോ മോനൂ?” ആ വാക്കുകൾ അയാളുടെ ഹൃദയത്തിൽ തട്ടി. കണ്ണുകളിൽ പെട്ടെന്ന് നനവ് പടർന്നു. രാകേഷ് നിശ്വസിച്ചു. “മോന് ഭയമുണ്ടോ?” “മമ്മി എനിക്ക് വേണ്ടി അവിടെ ഭഗവാൻറെ മുമ്പിൽ മുട്ടുകൾ മടക്കാനുണ്ടാവുമ്പോൾ എനിക്ക് ഭയമില്ല,” “നീ ധീരനാണ്. ക്ഷത്രിയനാണ്. നീ പപ്പാടെ മോനാണ്. നീ വിജയിക്കും…പക്ഷെ…” “എന്താ മമ്മി?” “അയാളെ ജീവനോടെ പിടിച്ചാൽ മതി. കൊല്ലരുത്!” “അതിന് വേണ്ടിയും പ്രാർത്ഥിക്കൂ…” അമ്മയോട് സംസാരിച്ച് കഴിഞ്ഞ് മൊബൈൽ തിരികെ പോക്കറ്റിലേക്ക് വെച്ചപ്പോഴാണ് അവൻ ആ വിസ്മയം കാണുന്നത്. നിശബ്ദതയുടെ വിശാലതാഴ്‌വാരത്ത് വിരിഞ്ഞ ശബ്ദപുഷ്പ്പം പോലെയൊരു കാഴ്ച്ച. ഇലച്ചാർത്തകളുടെ മരതകപ്പച്ചയുടെ മുമ്പിൽ, അപരാഹ്നവെളിച്ചത്തിൽ, ഗാന്ധർവ്വഭംഗി തുളുമ്പുന്ന ഒരു കാഴ്ച്ച.

മുമ്പിൽ, പാതയോരത്തിന് അൽപ്പം മുകളിൽ കാടിൻറെ ഗഹനതയിലേക്ക് നോക്കി നിൽക്കുന്ന അതീവ സുന്ദരിയായ ഒരു യുവതി. രാകേഷിന്‌ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു പെണ്ണിന് സാധ്യമാണോ ഇത്ര സൗന്ദര്യം? ആരാണിവൾ? അതും ഭയമുണർത്തുന്ന ഈ കാടിന്റെ മുമ്പിൽ! വെളുത്ത ചുരിദാർ ടോപ്പും വെളുത്ത ചുരിദാർ പാൻറ്റ്സും മാറിൽ ചുവപ്പ് ഷാളും അണിഞ്ഞ്. കാറ്റിൽ പടർന്നുലയുന്ന നീണ്ട മുടിയിഴകൾ. നീൾമിഴികൾക്ക് എന്തൊരു കാന്തിക ഭംഗിയാണ്! ഈശ്വരാ, ആ അധരഭംഗി! കാറ്റിന്റെ കുസൃതികൈകളിലിളകുന്ന ചുവന്ന ഷാളിനടിയിൽ ത്രസിക്കുന്ന ഉന്നതമായ മാറിടം. ദേവശില്പിയുടെ കൈകളാൽ നിർമിക്കപ്പെട്ടതുപോലെ ഒതുങ്ങിയ ഭംഗിയുള്ള അരക്കെട്ട്…. കണ്ണുകളിൽ വിഷാദമുണ്ടോ? ആകാശത്തിൻറെ അപാരതയിൽ, ദേശാടനപ്പക്ഷികൾ ഒഴുകി നീങ്ങുന്ന ഈ സായന്തനത്തിൽ ഒരു ശിശിരപുഷ്പ്പത്തിന്റെ ഛായയുണ്ടോ അവൾക്ക്? വസന്തഭംഗി തുളുമ്പുന്ന നിറയൗവ്വനത്തിന് മേലെ പ്രണയാരുണമായ നിറങ്ങളല്ല ഞാൻ ഇപ്പോൾ കാണുന്നത്. ജനിമൃതികൾക്കപ്പുറത്ത് ആരെയോ കാത്തിരിക്കുന്ന ഭാവം. എന്നെയാണോ അവൾ കാത്തിരിക്കുന്നത്? അതെ! എനിക്ക് വേണ്ടി ജനിച്ച പെണ്ണാണിവൾ! രാകേഷിൻറെ ഞരമ്പുകൾ ഉണർന്നുലഞ്ഞു. കണ്ണുകളിൽ ഇതുവരെയറിയാത്ത ഒരു താപമുണർന്നടിഞ്ഞു. കാടുകളുടെ മദം നിറഞ്ഞ ഗന്ധത്തിന് മുമ്പിൽ, സുഗന്ധിയായ കാറ്റിൻറെ തണുത്ത സ്പർശത്തിൽ, വശ്യ നിഗൂഢമായ കാനനത്തിൽ നിന്നുതിരുന്ന ഉഷമലരിപ്പൂവുകളുടെ ചൂരിൽ നീയിങ്ങനെ വന്നു നിൽക്കണമെങ്കിൽ അത് എനിക്ക് വേണ്ടിയാണ്.


അതെ, തീർച്ച! രാകേഷ് അവളുടെ നേർക്ക് മുമ്പോട്ടാഞ്ഞു. വശത്ത് തൂങ്ങിക്കിടന്ന കലാഷ്നിക്കോവ് ഗണ്ണിൽ നിന്ന് അയാൾ പിടിയയച്ചു. പെട്ടെന്ന് അവൾ നിന്നിടത്ത് നിന്ന് പതിയെ താഴേക്ക് നടക്കാൻ തുടങ്ങി. മരങ്ങളുടെ അരിക് പറ്റി അയാൾ അവളെ പിന്തുടർന്നു. മുമ്പോട്ട് നടക്കുന്നതിന്റെ വേളയിൽ ഷാൾ മാറിൽ നിന്ന് താഴെ വീഴുന്നത് അയാൾ കണ്ടു. ഇറക്കി വെട്ടിയ ചുരിദാർ ടോപ്പിന്റെ കഴുത്ത് ഭാഗത്ത് അനുപമഭംഗിയുള്ള മാറിടത്തിന്റെ ദൃശ്യം അയാളുടെ കണ്ണുകൾക്ക് കുളിരായി.

ഈശ്വരാ! എനിക്കിവളെ വേണം!

അയാൾ ആഴമായി ദാഹിച്ചു. മറ്റാരെയും വേണ്ട എനിക്ക് ഒരു ജന്മവും! നിലത്ത് വീണ ഷാൾ എടുക്കുവാൻ കുനിഞ്ഞപ്പോൾ മാറിടത്തിന്റെ ഭംഗി കൂടുതൽ ദൃശ്യമായത് അയാൾ കൺകുളിർക്കെ കണ്ടു. എനിക്ക് സ്വാതന്ത്ര്യത്തോടെ നോക്കാം. എന്തിന് ലജ്ജിക്കണം? എന്റെ പെണ്ണാണ്! ഷാൾ കുനിഞ്ഞെടുത്തതിന് ശേഷം അവൾ വീണ്ടും മുമ്പോട്ട് നടന്നു. അപ്പോഴാണ് പാതയോരത്ത് നിർത്തിയിട്ടിരിക്കുന്ന ഒരു ചുവന്ന കാർ അയാൾ കാണുന്നത്. അവൾ പാതയിലേക്കിറങ്ങി കാറിനെ സമീപിച്ചു. പിന്നെ ഡോർ തുറന്ന് അകത്തേക്ക് കയറി. കാനനമാർഗ്ഗത്തിലൂടെ ആ കാർ അപ്രത്യക്ഷ്യമായി. “ശ്യേ!!” രാകേഷ് നിരാശനായി. ആരാണവൾ? അയാൾ സ്വയം ചോദിച്ചു.

Comments:

No comments!

Please sign up or log in to post a comment!