ഡിറ്റക്ടീവ് അരുൺ 2

അരുണിനെ ഒന്നുകൂടി തറപ്പിച്ചു നോക്കിയശേഷം സൂര്യൻ കോളേജിലെ അവന്റെ ഡിപ്പാർട്ട്മെന്റിനു നേരെ നടന്നു.

“അരുൺ സൂര്യന് രശ്മിയുടെ മിസ്സിംഗ് കേസുമായി എന്തോ ബന്ധമുണ്ടെന്ന് തോന്നുന്നു” ഗോകുൽ തന്റെ ആദ്യ നിഗമനം വ്യക്തമാക്കി.

“അതെങ്ങനെ ശരിയാവും ഗോകുൽ. ഒരാളെ കണ്ടയുടൻ അയാൾക്ക് നമ്മൾ അന്വേഷിക്കുന്ന കേസുമായി ബന്ധമുണ്ടെന്ന് പറയാനാവുമോ?.  ഞാൻ പറഞ്ഞ കള്ളം കേട്ട് അയാൾ ചൂടായത് ഒരുപക്ഷേ സ്വാഭാവികമായിരിക്കില്ലേ.?” അരുൺ ഗോകുലിന്റെ നിഗമനത്തിനെതിരെ തന്റെ സംശയം ഉന്നയിച്ചു.

“നീ പറഞ്ഞതും ശരിയാണ് അരുൺ. ഞാൻ എന്റെ സംശയം ഒന്നു പറഞ്ഞെന്നു മാത്രം. നമുക്ക് പ്രിൻസിപ്പലിന്റെ അടുത്തേക്ക് പോകാം. അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് എന്ന് കൂടി  അറിയാമല്ലോ?. ” ഗോകുൽ പറഞ്ഞു

അവർ പത്ത് മിനിറ്റ് കൂടി കാത്തുനിന്ന് സൂര്യൻ പോയെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് പ്രിൻസിപ്പലിന്റെ  ഓഫീസിലേക്ക് നടന്നത്. ആഗമന ഉദ്ദേശം വെളിപ്പെടുത്താതെ എങ്ങനെ പ്രിൻസിപ്പലിൽ നിന്നും തങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ ശേഖരിക്കാം എന്ന് ചർച്ച ചെയ്തു കൊണ്ടാണ് അവർ ഓഫീസിന് നേർക്ക് നടന്നത്.

“രണ്ടുപേർ പ്രിൻസിപ്പാലിനെ കാണാൻ വന്നിട്ടുണ്ടെന്ന് ഒന്നു പറയാമോ?” പ്രിൻസിപ്പലിനെ ഓഫീസിൽ അരികിലെത്തിയ ഗോകുൽ അവിടെ കണ്ട പ്യൂണിനോട് ചോദിച്ചു

“ശരി” അയാൾഗോകുലിനെയും അരുണിനെയും ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം  ഓഫീസിനകത്തേക്ക് നടക്കുന്നതിനിടയിൽ മറുപടി നൽകി. അല്പസമയം കഴിഞ്ഞ് അയാൾ ഇറങ്ങി വന്നു “ചെന്നോളൂ” അയാൾ മറുപടി നൽകി.

ഗോകുലും അരുണും പ്രിൻസിപ്പലിനെ ഓഫീസിന്റെ ചില്ലു വാതിൽ തുറന്നു ഓഫീസിന് അകത്തേക്ക് കയറി. അവരെയും പ്രതീക്ഷിച്ചെന്നോണം വാതിൽക്കലേക്ക്  ഉറ്റു നോക്കിക്കൊണ്ട് പ്രിൻസിപ്പൽ പ്രകാശൻ ഇരിക്കുന്നുണ്ടായിരുന്നു. കാഴ്ചയിൽ അമ്പതിനടുത്തു പ്രായം തോന്നുന്ന കഷണ്ടി ഉള്ള ഒരാളായിരുന്നു പ്രിൻസിപ്പാൾ.

“ഗുഡ് മോർണിംഗ് സാർ.” പ്രിൻസിപ്പലിനെ അഭിനന്ദനം ചെയ്തുകൊണ്ട് അവർ അകത്തേക്ക് കയറി.

“സർ ഇത് അരുൺ ഞാൻ ഗോകുൽ.” ഗോകുൽ തങ്ങളെ പ്രിൻസിപ്പാളിന് പരിചയപ്പെടുത്തി.

“നിങ്ങൾ വന്ന കാര്യം പറയൂ ഞാൻ അല്പം തിരക്കിലാണ്.” അല്പം പരുഷമായി പ്രിൻസിപ്പൾ പ്രതികരിച്ചു.

“സർ എന്റെ അനിയനു ഒരു കല്യാണ ആലോചന. ഈ കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയാണ് പെണ്ണ്,  രശ്മി. അവളെ കുറിച്ച് കൂടുതൽ  അന്വേഷിക്കാനായി എത്തിയതാണ് ഞാൻ.” ഗോകുൽ മറുപടി നൽകി.

“അതിന് ആ കുട്ടി ഇപ്പോൾ ഇവിടെ അല്ലല്ലോ പഠിക്കുന്നത്.

” അയാൾ അവരുടെ മുഖത്ത് നോക്കാതെ മറുപടി നൽകി.

“എന്ത്..?  ഇവിടെ പഠിക്കുന്നു എന്നാണല്ലോ ഞങ്ങളോട് പറഞ്ഞത്.” കേട്ടത് കള്ളമാണെന്ന് തോന്നിപ്പിക്കാൻ ആയി അല്പം ഉച്ചത്തിലാണ് ഗോകുൽ ചോദിച്ചത്.

“ഇവിടെയായിരുന്നു പഠിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ ആ കുട്ടി കോളേജിൽ വരാറില്ല. എന്താണ് കാരണം എന്ന് ഞങ്ങളെ അറിയിച്ചിട്ടുമില്ല. പിന്നെ ഞങ്ങൾക്ക് എങ്ങനെ അവളെക്കുറിച്ച് പറയാനാകും.” ഒരു പരിഹാസച്ചിരിയോടെ അയാൾ ചോദിച്ചു.

“പക്ഷേ ആ കുട്ടിയെ കാണാനില്ലെന്ന് കോളേജ് ഗേറ്റിൽ വെച്ച് കണ്ട ഒരു സ്റ്റുഡന്റ് പറഞ്ഞല്ലോ.?  അവരൊക്കെ അറിഞ്ഞിട്ടും നിങ്ങൾ എന്തുകൊണ്ട് ഇത് അറിഞ്ഞില്ല.” അയാളുടെ പരിഹാസത്തിന് അർഹിക്കുന്ന പരിഗണന കൊടുക്കാതെ ഗോകുൽ ചോദിച്ചു. ഈ സമയമത്രയും അരുൺ മൗനം പാലിച്ച് ഇരിക്കുകയായിരുന്നു.

“നീയെന്താ പോലീസ് കളിക്കുകയാണോ?.  ഞാൻ വിചാരിച്ചാൽ ഒരു നിമിഷം വേണ്ട നിന്നെ ഒക്കെ തൂക്കി എറിയാൻ.” അഹങ്കാരത്തോടെ അയാൾ മറുപടി നൽകി.

“അതേടോ… പോലീസ് തന്നെയാ.. നീയൊക്കെ നീട്ടുന്ന മുക്കാൽ  ചക്രത്തിന് മുന്നിൽ തലകുത്തി മറിയുന്ന പോലീസ് അല്ല. പണം കൊണ്ടോ സ്വാധീനം കൊണ്ടോ നിനക്കൊന്നും സ്പർശിക്കാൻ കഴിയാത്ത സി ബി സി ഐ ഡി. ഞാൻ ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് നിന്നോട് ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് എങ്കിൽ നിന്റെ പല്ലു മുപ്പത്തിരണ്ടും എപ്പോഴേ താഴെ കിടന്നേനെ. എന്നെകൊണ്ട് അങ്ങനെ ചെയ്യിക്കരുത്. മര്യാദയ്ക്ക് സംസാരിച്ചാൽ നിനക്കൊക്കെ നല്ലത്.” അതുവരെ മിണ്ടാതിരുന്ന അരുൺ മീശ മുകളിലേക്ക് പിരിച്ചു കൊണ്ട് പറഞ്ഞു.

“ശരി സാർ… നിങ്ങൾക്ക് എന്താണ് വേണ്ടത്.” മുന്നിലിരിക്കുന്നത് ഒരു പോലീസുകാരൻ ആണെന്ന് തോന്നിയപ്പോൾ അയാൾ ഒന്ന് അയഞ്ഞുകൊണ്ട് ചോദിച്ചു.

“ഞങ്ങൾക്ക് രശ്മിയുടെ കൂട്ടുകാരിൽ നിന്നും അവളെ കുറിച്ച് കൂടുതൽ അറിയണം. അതിന് കുറച്ചു സമയം അവരെ ഞങ്ങളോടൊപ്പം അയക്കണം.” ഗോകുൽ തന്റെ ആഗമന ഉദ്ദേശം വെളിപ്പെടുത്തി.

“അതൊന്നും പറ്റില്ല.. ഒരു കല്യാണ അന്വേഷണത്തിന് വേണ്ടി കോളേജിൽ നിന്ന് ഒരു സ്റ്റുഡന്റിനെയും നിങ്ങളുടെ കൂടെ അയയ്ക്കാൻ നിർവാഹമില്ല. നിങ്ങൾക് നിർബന്ധമാണെങ്കിൽ മാനേജ്‍മെന്റിനോട് ചോദിച്ചോളൂ.” ഈ വിഷയത്തിൽ കോളേജ് മാനേജ്മെന്റ് ഒരു സ്റ്റുഡന്റിനെയും  ഇവരുടെ കൂടെ വിടില്ലെന്ന് ഉറപ്പുള്ള പ്രിൻസിപ്പൽ മറുപടി നൽകി.

അത് മനസ്സിലാക്കിയ അരുൺ ഒന്നു ചിരിച്ചതേയുള്ളൂ. അവരിരുവരും പോകാനായി കസേരയിൽ നിന്ന് എഴുന്നേറ്റു. “വരട്ടെ സാറേ.
. വീണ്ടും കാണാം” അരുൺ പോകുന്നതിനു മുമ്പ് പ്രിൻസിപ്പലിന് നേരെ മുഖം താഴ്ത്തി അയാളുടെ ചെവിയിൽ പറഞ്ഞു.

അവന്റെ സ്വരത്തിന് മൂർച്ച കൂടിയിരുന്നു. വല്ലാത്തൊരു ഭാവത്തോടെ അവൻ പുറത്തേക്കിറങ്ങി ബൊലേറോ നിർത്തിയിട്ട സ്ഥലത്തേക്ക് നടന്നു.

“അരുൺ ഇനി എന്ത് ചെയ്യും.?” വൈകുന്നേരം ഓഫീസിൽ ഇരുന്ന് രശ്മിയുടെ കേസിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഗോകുൽ അരുണിനോട് ചോദിച്ചു.

“സംശയത്തിന് മുനയിൽ നിർത്തി അന്വേഷിക്കാൻ നമുക്ക് ഒരു പ്രതി പോലുമില്ലല്ലോ ഗോകുൽ.” അരുൺ തന്റെ നിരാശ പ്രകടമാക്കി.

“ആരു പറഞ്ഞു അരുൺ,  നമുക്ക് സംശയത്തിന് മുനയിൽ നിർത്താൻ ആളില്ലെന്ന്. രശ്മിയെ കാണാതായ വിവരം പറഞ്ഞപ്പോൾ ഞെട്ടിയ സൂര്യൻ. രശ്മിയോട് സ്നേഹമില്ലാത്ത,  അല്ലെങ്കിൽ അവളെ കാണാതായതിൽ വിഷമിക്കാത്ത അവളുടെ രണ്ടാനമ്മ. നമ്മുടെ മുന്നിൽ ഒളിച്ചുകളിക്കുന്ന പ്രിൻസിപ്പൽ. തുടങ്ങി നമുക്ക് സംശയിക്കാൻ ഒരുപാട് പേരുണ്ട്. എന്നാൽ അത് വ്യക്തമാക്കുന്ന ഒരു തെളിവും നമുക്കിതുവരെ  ലഭിച്ചിട്ടില്ല.” ഗോകുൽ അരുണിനോട് വിശദീകരിച്ചു.

“ഞാനും അതുതന്നെയാണ് ഗോകുൽ പറഞ്ഞത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംശയിക്കാൻ നമുക്ക് ഒരാളും ഇല്ല എന്ന്. ഇനി അടുത്ത സ്റ്റെപ്പ് എന്താണ് എന്തെങ്കിലും പ്ലാനുണ്ടോ.?”

“ആലോചിച്ചിട്ട് എനിക്കൊരു പിടിയും  കിട്ടിയിട്ടില്ല അരുൺ.” ഗോകുൽ തന്റെ നിസ്സഹായാവസ്ഥ വിവരിച്ചു.

“അത് ശരി ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ നടത്താനുള്ള ആവേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ അല്ലേ.. എങ്കിൽ നാളെ നമുക്ക് ഒന്നുകൂടി പ്രിൻസിപ്പാളിനെ കാണണം. സൂത്രത്തിൽ നമുക്ക് ചില ഡീറ്റെയിൽസുകൾ അറിയാൻ സാധിച്ചെങ്കിലോ.?” അരുൺ ഒരു ചെറു ചിരിയോടെ തന്റെ ആശയം വിവരിച്ചു

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

പിറ്റേന്ന് ക്ലാസ് ആരംഭിച്ചതിനു ശേഷമാണ് ഗോകുലും അരുണും കോളേജ് ക്യാമ്പസിൽ എത്തിയത്. ഇത്തവണ അരുൺ തനിച്ചാണ് പ്രിൻസിപ്പാളിനെ കാണാൻ പോയത്.

“സർ നമസ്കാരം.” ഓഫീസിലേക്ക് കയറിയ അരുൺ പ്രിൻസിപ്പലിനെ അഭിവന്ദനം ചെയ്തു. ശേഷം പ്രിൻസിപ്പലിനെതിരെ ഉണ്ടായിരുന്ന കസേരയിൽ അവൻ ഇരുന്നു.

“ഓ നിങ്ങൾ ആയിരുന്നോ.? നിങ്ങൾ ഇന്നലെ ചോദിച്ച കാര്യത്തിലാണെങ്കിൽ വെറുതെ സമയം കളയണമെന്നില്ല.. അത് നടക്കില്ല..” ഫോണിൽ  നോക്കിക്കൊണ്ടിരുന്ന അയാൾ മുഖമുയർത്തി അരുണിന്റെ മുഖത്തുനോക്കി മറുപടി നൽകി. ശേഷം അയാളുടെ നോട്ടം വീണ്ടും തന്റെ മൊബൈലിലേക്ക് തന്നെയായി

“അല്ല സർ.. ഇന്ന് ഞാൻ അതിനല്ല വന്നത്.
എനിക്ക് രശ്മിയുടെ അറ്റൻഡൻസ് ഒന്ന് കണ്ടാൽ മതി. കോളേജിലെ അവളുടെ വരവ് പോക്ക് എങ്ങനെയായിരുന്നു എന്ന് ഒന്ന് അറിയാനാണ്.” ഗോകുൽ പറഞ്ഞു

“ശരി ഞാൻ രശ്മിയുടെ പ്രൊഫസറോട് പറയാം. അതിന് പ്രശ്നമൊന്നുമില്ല.” അരുൺ പോലീസുകാരൻ ആണെന്ന് തെറ്റിദ്ധരിച്ചതിനാൽ പ്രിൻസിപ്പാൾ മറുപടി നൽകി.

“എങ്കിൽ ഞാൻ ഇപ്പോൾ തന്നെ രശ്മിയുടെ പ്രൊഫസറെ കണ്ടാലോ.? അരുൺ അത്യുത്സാഹത്തോടെ ചോദിച്ചു.

“വേണ്ട.. ഫസ്റ്റ് പിരീഡ് ഏകദേശം കഴിയാറായി.. അദ്ദേഹം ഉടനെ എത്തും അതിനുശേഷം ചോദിച്ചാൽ പോരേ.” അരുണിനോട് പ്രിൻസിപ്പാൾ മറുചോദ്യം ചോദിച്ചു.

“മതി സർ എനിക്ക് അത്ര വലിയ തിരക്കൊന്നുമില്ല.”

“പിന്നെ കല്യാണപ്പെണ്ണിനെ കുറിച്ചുള്ള അന്വേഷണം സിബിഐ അന്വേഷിക്കുന്നത് പോലെ ആയാൽ ചെക്കന് പെണ്ണ് കിട്ടില്ലട്ടോ.” ചെറു ചിരിയോടെ അയാൾ അരുണിനോട് പറഞ്ഞു.

“ഇങ്ങനെയൊക്കെ അന്വേഷിച്ചു തൃപ്തിപ്പെട്ടത് മതി എന്നാണ് അവരുടെ അഭിപ്രായം. പിന്നെ അതിനെതിരെ ഒന്നും പറയാൻ പറ്റില്ലല്ലോ. ഒരു ക്രിമിനൽ മൈൻഡ് ഉള്ള പെൺകുട്ടി ആവരുത് എന്നേ അവർക്ക് നിർബന്ധമുള്ളൂ. അല്ലാതെ വേറെ ഒന്നും ഇല്ല.” അരുണും ചിരിയോടെ തന്നെ മറുപടി നൽകി.

“ഓക്കേ എങ്കിൽ നിങ്ങൾ വെയിറ്റിംഗ് റൂമിലേക്ക് ഇരുന്നോളൂ. ജയചന്ദ്രൻ എത്തിയാൽ നിങ്ങളെ അറിയിക്കാം. എനിക്ക് ചെറിയ ചില ജോലികൾ കൂടി ബാക്കിയുണ്ട്.” മറുപടി പറഞ്ഞതിനു ശേഷം അയാൾ വീണ്ടും മൊബൈലിലേക്ക് തന്നെ മുഖം താഴ്ത്തി.

“ശരി സാർ” അരുൺ. കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു. അവൻ പിന്നെ വെയിറ്റിംഗ് റൂമിലേക്കാണ് മടങ്ങിയത്. ഓഫീസ് റൂമിലെ വാതിലും ടീച്ചേഴ്സ് റൂമിന്റെ വാതിലും അടങ്ങുന്ന ചെറിയ ഒരു ഹാൾ ആയിരുന്നു വെയ്റ്റിംഗ് റൂം. അവിടെയുണ്ടായിരുന്ന ഒരു കസേരയിൽ അരുൺ ഇരിപ്പുറപ്പിച്ചു.

അല്പസമയം കഴിഞ്ഞപ്പോൾ ബെൽ മുഴങ്ങി. ഓരോ അധ്യാപകരായി ടീച്ചേഴ്സ് റൂമിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടക്കുന്നത് ഗോകുൽ കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ ചിലർ വന്ന് ടീച്ചേഴ്സ് റൂമിലേക്ക് കയറാൻ തുടങ്ങി.

ഒരു പത്ത് മിനിറ്റ് കൂടി വെയിറ്റ് ചെയ്ത ശേഷം അരുൺ വീണ്ടും പ്രിൻസിപ്പാളിനെ കാണാൻ ഓഫീസിൽ കയറി. “ജയചന്ദ്രൻ സാർ വന്നോ.? ” അരുൺ പ്രിൻസിപ്പാളിനോട് ചോദിച്ചു.

“ജയചന്ദ്രന്റെ ഈ പീരീഡ് ഫ്രീയാണ്. അയാൾ ടീച്ചേഴ്സ് റൂമിൽ കാണും അങ്ങോട്ട് ചെന്നോളൂ.” തന്റെ മുന്നിലെ ചുമരിലുള്ള ചാർട്ടിലേക്ക് നോക്കിക്കൊണ്ടാണ് പ്രിൻസിപ്പാൾ മറുപടി നൽകിയത്. അയാൾ വീണ്ടും തലതാഴ്ത്തി മൊബൈലിലേക്ക് നോക്കി.


‘ഇയാൾ എന്താ ആദ്യമായിട്ട് പുതിയ ഫോൺ വാങ്ങിയതാണോ അതിൽ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കാൻ.’ അരുൺ ആത്മഗതം ചെയ്തുകൊണ്ട് ഓഫീസിൽ നിന്നിറങ്ങി. വെയിറ്റിംഗ് റൂമിൽ എത്തി.

“ഈ ജയചന്ദ്രൻ സാർ.” വെയിറ്റിംഗ് റൂമിൽ നിന്നിരുന്ന പ്യൂണിനോടാണ് അരുൺ ചോദിച്ചത്. അയാൾ ടീച്ചേഴ്സ് റൂമിനകത്തേക്ക് വിരൽചൂണ്ടി.

ഗോകുൽ വാതിൽ തുറന്ന് അതിനകത്തേക്ക് കയറി. ഏഴ് അധ്യാപകരായിരുന്നു അവിടെ ഇരിക്കുന്നുണ്ടായിരുന്നത്. അവൻ എല്ലാവരെയും ഒന്ന് നോക്കിയെങ്കിലും താൻ അന്വേഷിക്കുന്നയാളെ കണ്ടെത്താൻ അവന് സാധിച്ചില്ല.

“സർ ഈ ജയചന്ദ്രൻ സാർ.?”  വാതിലിനെ തൊട്ടരികിൽ ഇരുന്ന് പ്രൊഫസറായി അരുൺ ചോദിച്ചു.

“ആ ഇരുന്ന് പുസ്തകം വായിക്കുന്ന നീല ഷർട്ട് ഇട്ട ആൾ.” തല ഉയർത്തി അരുണിന്റെ മുഖത്തേക്കൊന്നു നോക്കിയ ശേഷം റൂമിന്റെ വലതു സൈഡിൽ മൂലയിലേക്ക് ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു.

ഗോകുൽ ഒന്ന് അങ്ങോട്ട് നോക്കി ശേഷം ആ ആളുടെ അടുത്തേക്ക് നടന്നു. അയാളുടെ മേശക്കെതിരെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു കൊണ്ട് ചോദിച്ചു. “പ്രൊഫസർ ജയചന്ദ്രൻ?”

“യെസ്..  ഞാനാണ്.. എന്താ കാര്യം.” അയാൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മുഖം ഉയർത്തി കൊണ്ട് അരുണിനോട് ചോദിച്ചു.

“ഞാൻ അരുൺ.. ക്രൈം ബ്രാഞ്ച് സി ഐ ഡി ആണ് രശ്മിയെക്കുറിച്ച് അറിയാനാണ് ഞാൻ വന്നത്. അരുൺ പ്രിൻസിപ്പാളിനോട് പറഞ്ഞ കള്ളം തന്നെ പ്രൊഫസറോടും ആവർത്തിച്ചു.

“എന്തേലും പ്രശ്നം ഉണ്ടോ സാറേ.” അയാളുടെ വാക്കുകളിൽ ഭയം തങ്ങി നിന്നിരുന്നു

“പേടിക്കേണ്ട പ്രൊഫസർ.. രശ്മിക്ക് ഒരു കല്യാണ ആലോചന. എന്റെ വല്യച്ഛന്റെ മകനാണ് കക്ഷി. അച്ഛൻ പറഞ്ഞു അവളെ കുറിച്ച് നന്നായിട്ട് ഒന്ന് അന്വേഷിക്കാൻ. അതിനു വന്നതാണ്

“ഹോ ഞാൻ വല്ലാണ്ട് പേടിച്ചു പോയി.” നെഞ്ചിൽ ഒന്ന് കൈ അമർത്തി കൊണ്ട് അയാൾ പറഞ്ഞു.

“ഹേയ് പേടിക്കേണ്ട കാര്യമൊന്നുമില്ല.. ഒരാഴ്ചയായി രശ്മിയെ കാണാനില്ലെന്നുമറിഞ്ഞു. അതുകൊണ്ടാണ് അന്വേഷണം ഒന്ന് വ്യാപിപ്പിക്കാൻ ഞങ്ങളും കരുതിയത്. അല്ലാതെ വേറെ ഒന്നും ഇല്ല.” അരുൺ അയാളെ സമാശ്വസിപ്പിച്ചു.

“ശരി സാർ. സാറിന് എന്താ അറിയേണ്ടത് എന്നുവച്ചാൽ ചോദിച്ചോളൂ.. എനിക്കറിയാവുന്ന വിവരങ്ങൾ എല്ലാം ഞാൻ നൽകാം.” പ്രൊഫസർ ജയചന്ദ്രൻ ആത്മാർത്ഥതയോടെ പറഞ്ഞു.

“താങ്ക്യൂ പ്രൊഫസർ. എനിക്കറിയേണ്ടത് രശ്മി എങ്ങനെയുള്ള കുട്ടിയായിരുന്നു എന്നാണ്.”

“സാറേ.. ഇങ്ങനെ ചോദിക്കുമ്പോൾ എനിക്ക് എന്റെ ഒരു അഭിപ്രായത്തിൽ മറുപടിപറയാനേ കഴിയൂ.. അവൾ വളരെ നല്ല കുട്ടി ആയിരുന്നു. പഠിക്കാനും, അച്ചടക്കത്തിലും, എല്ലാംകൊണ്ടും പക്ഷേ ആ കുട്ടിയുടെ വീട്ടിലെ രണ്ടാനമ്മയുടെ ഉപദ്രവം അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിൽ നിന്നും രക്ഷപ്പെടാനായി അവൾ വീട്ടിലിരിക്കുന്ന സമയം മുഴുവനും പഠനത്തിനായാണ് ചിലവഴിച്ചത്. അതുകൊണ്ടായിരിക്കാം അവൾ പഠനത്തിൽ മുന്നേറാൻ കാരണം.” ജയചന്ദ്രൻ പറഞ്ഞു നിർത്തി.

“നിങ്ങൾ ഇപ്പോൾ പോസിറ്റീവ് കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. ആ കുട്ടിക്ക് ചീത്ത സ്വഭാവങ്ങൾ ഒന്നും ഇല്ലേ.”

“അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല സർ.. സൂര്യൻ,  ചന്ദ്രിക എന്നിവരായിരുന്നു അവളുടെ കൂട്ടുകാർ. അധികം സംസാരിക്കാത്ത കൊണ്ടാവാം അവൾക്ക് കൂടുതൽ കൂട്ടുകാർ  ഇല്ലാതെ പോയത്.”

“ഓക്കേ ഇനി എനിക്ക് അറിയേണ്ടത് മറ്റൊരു കാര്യമാണ്. കാണാതായ ദിവസം,  അതായത് കഴിഞ്ഞ ചൊവ്വാഴ്ച… രശ്മി കോളേജിൽ പോവാനായി വീട്ടിൽനിന്നിറങ്ങി. എന്നാൽ അന്ന് അവൾ കോളേജിലേക്ക് എത്തിയിരുന്നോ.? “

“ഇല്ല സർ അന്ന് ചന്ദ്രികയും ലീവ് ആയിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ സംശയമൊന്നും തോന്നിയില്ല. കാരണം അവരിലൊരാൾ ലീവ് ഉണ്ടെങ്കിൽ മിക്കവാറും രണ്ടാമത്തെയാളും ലീവ് ആക്കുകയായിരുന്നു പതിവ്.” അയാൾ സംശയമേതും ഇല്ലാതെ മറുപടി നൽകി.

അരുണിന്റെ മനസ്സിൽ ഒരു മഞ്ഞു മഴ പെയ്ത അനുഭൂതി ഉണ്ടായി. ജയചന്ദ്രൻ നാവിൽ നിന്നും  ചന്ദ്രികയുടെ പേര് കേട്ടപ്പോൾ. “നന്ദിയുണ്ട് സാർ തന്ന വിവരങ്ങൾക്ക്.” അരുൺ കസേരയിൽനിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

“ഇത്രയേ ഉള്ളൊ അറിയാൻ.?  ഞാൻ ആകെ പേടിച്ചു പോയിരുന്നു.” ചെറുചിരിയോടെ ജയചന്ദ്രൻ പറഞ്ഞു.

“ഇത്രയേ ഉള്ളൂ.. ഒരു കല്യാണ കാര്യത്തിൽ ഇത്രയൊക്കെ ചോദിച്ചാൽ പോരെ.” അതേ ചിരിയോടെ അരുൺ മറുപടി നൽകി. അതിനു ശേഷം അവൻ പുറത്തേക്കു നടന്നു.

ബൊലേറോയിൽ ചെന്നുകയറുമ്പോൾ അവനെയും കാത്ത് അക്ഷമനായി ഇരിക്കുകയായിരുന്നു ഗോകുൽ. ഇത്തവണ അവർ ബൊലേറോ കോളേജ് കോമ്പൗണ്ടിൽ അകത്തേക്ക് കയറ്റിയിരുന്നില്ല. അതുകൊണ്ടാണ് ഗോകുൽ ബൊലേറോ യിൽ തന്നെ ഇരുന്നത്.

“എന്തായി അരുൺ കാര്യങ്ങൾ.” ബൊലേറോ യുടെ കോ- ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ അരുണിനോട് ആയി ഗോകുൽ ചോദിച്ചു.

“നീ വണ്ടി ഓഫീസിലേക്ക് വിട്. നമുക്ക് ഡീറ്റെയിൽ ആയി അവിടെ എത്തിയിട്ട് സംസാരിക്കാം.” അരുൺ സീറ്റിലേക്ക് ചാരി കൊണ്ട് മറുപടി നൽകി.

“ശരി.” ഗോകുൽ ഗിയർ ചേഞ്ച് ചെയ്തുകൊണ്ട് വാഹനം മുമ്പോട്ട് എടുത്തു.

“അപ്പോൾ ഇത്രയൊക്കെ ആണ് നിനക്ക് അവിടെ നിന്ന് ലഭിച്ച വിവരങ്ങൾ അല്ലേ.” ഗോകുൽ ചോദിച്ചു.

അരുൺ കോളേജിൽ നിന്നും മടങ്ങിയെത്തിയശേഷം , കോളേജിൽ വെച്ച് പ്രിൻസിപ്പൽ നിന്നും പ്രൊഫസർ ജയചന്ദ്രൻ നിന്നും അറിഞ്ഞ വിവരങ്ങൾ ഗോകുലിനോട് പറഞ്ഞതിന് ശേഷമായിരുന്നു ഗോകുലിന്റെ ചോദ്യം.

“അതെ.. ഇനി നെക്സ്റ്റ് എന്താണ് നിന്റെ പ്ലാൻ.?” അരുൺ ഗോകുൽ ഇനോട് ചോദിച്ചു.

“നാളെ രശ്മി കോളേജിലേക്ക് ഇറങ്ങുന്ന സമയത്ത് അതുവഴി നമുക്കൊരു യാത്ര നടത്തി നോക്കണം. എന്തെങ്കിലും ഒരു തെളിവ് കിട്ടാതിരിക്കില്ല.”

“ആ സംഭവം റീക്രിയേറ്റ് ചെയ്യുകയാണോ നിന്റെ ഉദ്ദേശം.”

“അല്ല. അതിനൊക്കെ കഴിയണമെങ്കിൽ രശ്മിയുടെ അന്നത്തെ സിറ്റുവേഷനിൽ ഇന്ന് നിൽക്കുന്ന മറ്റൊരാൾ നമുക്ക് ആവശ്യമാണ്. ഇതങ്ങനെയല്ല. രശ്മി സ്ഥിരമായി യാത്ര ചെയ്യുന്ന ആ വഴിയിൽ അവളെ സ്ഥിരമായി കാണുന്ന ചിലരെങ്കിലും ഇല്ലാതിരിക്കില്ല. അവരിൽ നിന്ന് എന്തെങ്കിലും ഒരു തെളിവ്. അല്ലെങ്കിൽ എന്തെങ്കിലും ഒരു സൂചന നമുക്ക് ലഭിക്കും എന്നാണ് എന്റെ വിശ്വാസം.”

“നാളെ വെള്ളിയാഴ്ച അല്ലേ.? നമുക്ക് ഇന്ന് എന്തെങ്കിലും ചെയ്യാൻ ഉണ്ടോ.?

“തൽക്കാലം ഒരു കല്യാണ കേസില്ലേ.? നമുക്ക് തൽക്കാലം അതിന്റെ പിന്നാലെ പോകാം. അല്ല.. നീയെന്താ നാളെ വെള്ളിയാഴ്ച അല്ലേ എന്ന് ചോദിച്ചത്.?” സംശയത്തോടെ നെറ്റി ചുളിച്ചു കൊണ്ട് ഗോകുൽ ചോദിച്ചു.

“ഒന്നുമില്ല ഗോകുൽ. നാളത്തേക്ക് രശ്മിയെ കാണാതായിട്ട് പതിനൊന്ന് ദിവസമായി. ഇതുവരെ കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല. നമ്മൾ ഈ കേസ് അന്വേഷിക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസവും ആയിരിക്കുന്നു.” നിരാശയോടെ അരുൺ പറഞ്ഞു.

“നിരാശനാവുകയൊന്നും വേണ്ട അരുൺ. നമ്മൾ ഒരാഴ്ചയ്ക്കു ശേഷമല്ലേ കേസന്വേഷണം ആരംഭിച്ചത്. അതിന്റെതായ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും. അത് സ്വാഭാവികമാണ്.”

“നിരാശയൊന്നുമല്ല ഗോകുൽ. ഒരു വസ്തുത പറഞ്ഞെന്നേയുള്ളൂ. തൽക്കാലം നമുക്ക് ആ കല്യാണ ചെറുക്കനെ കുറിച്ചുള്ള ഡീറ്റൈൽസ് തിരക്കി ഇറങ്ങാം.”

“അല്ല… രശ്മിയുടെ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ഒരു ഫയലിൽ ആകേണ്ടേ.”

“വേണം നാളെ രാവിലെത്തെ അന്വേഷണം കൂടി കഴിയട്ടെ. എന്നാൽ എല്ലാം ഒരു ഓർഡറിൽ ആക്കാൻ കഴിയുമെന്ന് തോന്നുന്നു.”

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

അടുത്ത ദിവസം രാവിലെ തന്നെ അരുൺ ഓഫീസിലെത്തി. ഷട്ടർ ഉയർത്തിയപ്പോൾ ആണ് അവൻ മടക്കിയ നിലയിൽ ഒരു പേപ്പർ വാതിലിനടുത്ത് കണ്ടത്. അവൻ വേഗം കുനിഞ്ഞ് അതെടുത്തു. ശേഷം വാതിൽ തുറന്ന് അവൻ തന്റെ കസേരക്കരികിലേക്ക് നടന്നു.

അവൻ കസേരയിലേക്ക് ഇരുന്നുകൊണ്ട് പേപ്പറിന്റെ മടക്കുകൾ നിവർത്തി. അതിലെ വാചകങ്ങളിലൂടെ അവന്റെ കണ്ണുകൾ അരിച്ചിറങ്ങി. അതിന്റെ സംഗ്രഹം മനസ്സിലാക്കിയ അവൻ ആ കടലാസ് മുഖത്തേക്ക് അമർത്തിവെച്ച് ഇതികർത്തവ്യാമൂഢനായി ഇരുന്നു.

തുടരും……..

Comments:

No comments!

Please sign up or log in to post a comment!