ഡിറ്റക്ടീവ് അരുൺ 1
ഒമ്പത് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പകൽ
ഗോകുൽ അസ്വസ്ഥനായി മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് “ഡിറ്റക്ടീവ് ആണു പോലും ഡിറ്റക്ടീവ്. പണിയോ? കല്യാണപ്പെണ്ണിന്റെയും ചെക്കന്റെയും ഡീറ്റെയ്ൽസ് കണ്ടെത്തൽ” കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് ചെറിയ ശബ്ദത്തിൽ അവൻ പിറുപിറുത്തു.
“ഗോകുൽ നമുക്കായി ഒരു നല്ല കേസ് വരും അത് വരെ കാത്തിരിക്കൂ. പിടിച്ച് നിൽക്കാനല്ലേ നമ്മൾ അങ്ങനെയുള്ള കേസുകൾ അന്വേഷിക്കുന്നത്” ഗോകുലിനെ സമാധാനിപ്പിക്കാനായി അരുൺ പറഞ്ഞു.
അവൻ ഒരു ഈസി ചെയറിൽ ഇരിക്കുകയായിരുന്നു. അവന് മുന്നിലുള്ള മേശയും, എതിരെയുളള മൂന്ന് കസാരയും, പുസ്തകങ്ങൾ അടുക്കി വെച്ച ഷെൽഫും, മറ്റൊരു റൂമിലേക്ക് കയറാനുള്ള വാതിലും മാത്രമായിരുന്നു ആ റൂമിലുണ്ടായിരുന്നത്.
“എത്ര മാസമായി അരുൺ നമ്മളിങ്ങനെ കല്യാണക്കേസുമായി നടക്കുന്നു. കുറ്റകൃത്യങ്ങൾ നടക്കാഞ്ഞിട്ടല്ലല്ലോ? കേസെല്ലാം പോലീസിനല്ലേ അന്വേഷിക്കാൻ കിട്ടുന്നത്. അവരാണെങ്കിൽ കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ പൊക്കുന്ന തരവും. എനിക്കാകെ ദേഷ്യം വരുന്നുണ്ട്” ഗോകുൽ കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് പറഞ്ഞു.
“എല്ലാം ശരിയാവും ഗോകുൽ. വേണമെങ്കിൽ നമുക്കും പോലിസ് അന്വേഷിക്കുന്ന ഒരു കേസ് സമാന്തരമായി അന്വേഷിക്കാം. പക്ഷേ പ്രതിഫലം ഉണ്ടാകില്ല. അത് കൊണ്ടാണ് പെട്ടന്ന് അതിലേക്കെടുത്ത് ചാടാത്തത്. നീ പറയുന്ന വിഷമങ്ങൾ എനിക്കുമുണ്ട്. പക്ഷേ ഇപ്പോൾ നമ്മൾ നിസ്സഹായരാണ് “
‘ടിങ് ടോങ്’ കോളിങ് ബെൽ അടിക്കുന്ന ശബ്ദം ആ റൂമിൽ മുഴങ്ങി. ഗോകുൽ നടത്തം അവസാനിപ്പിച്ച് അരുണിനെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു. “അടുത്ത കല്യാണക്കാർ വരുന്നുണ്ട്”
“വാതിൽ തുറന്ന് കൊടുക്കൂ.. ഗോകുൽ. പണമുണ്ടെങ്കിലേ ഈ സ്ഥാപനം നിലനിൽകൂ. അത് കൊണ്ട് എന്ത് കേസായാലും അന്വേഷിച്ചേ പറ്റൂ”
ഗോകുൽ മനസില്ലാ മനസോടെ വാതിലിനു നേർക്ക് നടന്നു. “എനിക്കു വയ്യ ഇത്തരം കേസിനു പിന്നാലെ നടക്കാൻ നീ തന്നെ അന്വേഷിച്ചാൽ മതി.”ഗോകുൽ വാതിലിനടുത്ത് എത്തുന്നതിന് മുമ്പ് അരുണിനോട് പറഞ്ഞു.
ഗോകുൽ വാതിൽ തുറന്ന് കോപത്തോടെ പുറത്തേക്കിറങ്ങി.
“ഡിറ്റക്ടീവ്” പുറത്ത് നിന്ന മധ്യവയസ്കൻ ചോദ്യഭാവത്തിൽ അവനെ നോക്കിക്കൊണ്ട് പറഞ്ഞു. അവൻ അരുൺ ഇരുന്നിരുന്ന കാസാരക്ക് നേരെ വിരൽ ചൂണ്ടി. വന്നയാൾ അകത്തേക്ക് കയറിയപ്പോൾ അവൻ പുറത്തേക്കിറങ്ങി.
“സാർ ഞാൻ മോഹനൻ. എന്റെ മകളുടെ കല്യാണം ഉറപ്പിച്ചു. ചെക്കനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ആരാണ് നല്ലത് എന്ന് കൂട്ടുകാരോട് ചോദിച്ചപ്പോൾ ഈ അഡ്രസ് ആണ് എന്റെ സുഹൃത്ത് ഹരി തന്നത്”
“ഓക്കെ നിങ്ങളിരിക്കൂ.
അയാൾ കസാരയിലേക്കിരുന്നു. “സാർ എന്തെല്ലാം കാര്യങ്ങളാണ് അതിനു വേണ്ടി നിങ്ങൾക്ക് വേണ്ടത്” അയാൾ വീണ്ടും ചോദിച്ചു.
കാര്യമായ ഒന്നും വേണ്ട. പേരും അഡ്രസും ഒരു ഫോട്ടോയും വേണം. ബാക്കിയുള്ളതെല്ലാം ഞങ്ങൾ അങ്ങോട്ടറിയിക്കാം”
“സാർ എത്ര ദിവസമെടുക്കും ഈ അന്വേഷണ റിപ്പോർട്ട് കിട്ടാൻ “
“ഒരു നാല് ദിവസം. അതിനുള്ളിൽ പയ്യനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കൈമാറാം.” അരുൺ മറുപടി നൽകി.
അയാൾ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് ഒരു കടലാസ് പുറത്തേക്കെടുത്ത് അരുണിനു മുന്നിൽ വെച്ച് കൊണ്ട് പറഞ്ഞു. പേരും അഡ്രസും ഇതിലുണ്ട്. ഫോട്ടോ ഇതാ” ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എടുത്ത് അരുണിനു നേരെ നീട്ടിക്കൊണ്ട് മോഹനൻ പറഞ്ഞു.
അരുൺ ആഫോട്ടോ വാങ്ങി. ആ ഫോട്ടോയിലെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. ശേഷം മേശ വലിപ്പ് തുറന്ന് അതിൽ നിന്നും പശ എടുത്ത് ഫോട്ടോയുടെ പിൻവശത്ത് തേച്ച് പിടിപ്പിച്ചു .ശേഷം അവൻ അത് മോഹനൻ നൽകിയ അഡ്രസ് എഴുതിയ പേപ്പറിൽ പതിപ്പിച്ചു.
അത് കഴിഞ്ഞ് അരുൺ മുഖമുയർത്തി നോക്കുമ്പോൾ മോഹനൻ മേശപ്പുറത്ത് ഒരു ചെക്ക് ബുക്ക് വെച്ച് അതിൽ ഒപ്പിടുന്നതാണ് കണ്ടത്. “സാർ എത്രയാ സാറിന്റെ ഫീസ്” ഒപ്പിട്ടതിനു ശേഷം അയാൾ മുഖമുയർത്തി ചോദിച്ചു.
“സാർ സാധാരണ ഇരുപത്തയ്യായിരം രൂപയാണ് വാങ്ങാറുള്ളത്.”
“ശരി” അയാൾ വീണ്ടും തല കുനിച്ച് ചെക്കിൽ സംഖ്യ എഴുതി. ശേഷം ചെക്ക് ബുക്കിൽ നിന്നും അത് കീറി അരുണിനു നൽകി.
അവൻ ചെക്കിലേക്ക് നോക്കി അമ്പതിനായിരം ആണ് അതിൽ എഴുതിയിരുന്നത്. “സാർ ഇത് കൂടുതൽ ഉണ്ടല്ലോ”
“എത്രയും പെട്ടന്ന് അന്വേഷണം പൂർത്തിയാക്കാനാണത്”
“സോറി സാർ അതിലും വേഗത കൂട്ടിയാൽ ഒരു പക്ഷേ തരുന്ന വിവരങ്ങൾ ശരിയാവണമെന്നില്ല. ഈ നാലു ദിവസങ്ങളിലും ഒരാൾ അദ്ദേഹത്തെ നിരീക്ഷിക്കും. മറ്റൊരാൾ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. വേണമെങ്കിൽ രണ്ട് ദിവസം കൂടെ കൂടുതൽ അന്വേഷിച്ച് കൂടുതൽ വിശദമായ ഒരു റിപ്പോർട്ട് വേണമെങ്കിൽ തയ്യാറാക്കാം.”
“വേണ്ട നാല് ദിവസം അന്വേഷിച്ച് റിപ്പോർട്ട് തരൂ. കൂടുതൽ അന്വേഷണം വേണമെങ്കിൽ അത് നോക്കിയിട്ട് അന്ന് തീരുമാനിക്കാം.
“ശരി സാർ” അരുൺ ചെക്ക് മേശവലിപ്പിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു.
“എങ്കിൽ ശരി, ഞാൻ അഞ്ചാം ദിവസം വരാം.” മോഹനൻ പോവാനായി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
“ശരിസാർ ഞങ്ങൾ കിട്ടാവുന്ന അത്രയും വിവരങ്ങൾ അന്നത്തേക് സംഘടിപ്പിക്കാം” പുറത്തേക്ക് നടക്കുന്ന മോഹനനെ വാതിൽക്കൽ വരെ അനുഗമിച്ചു കൊണ്ട് അരുൺ പറഞ്ഞു. ഒന്ന് മൂളിക്കൊണ്ട് അയാൾ കേണിപ്പടികൾ ഇറങ്ങി.
അരുൺ വീണ്ടും തന്റെ കസാരയിലേക്ക് മടങ്ങി. ഗോകുൽ വരുന്നതും കാത്തിരിക്കുകയായിരുന്നു അവൻ.
ഗോകുൽ വന്നപ്പോഴേക്കും അരമണിക്കൂർ കഴിഞ്ഞു. ഗോകുലിന്റെ മുഖത്ത് വല്ലാത്തൊരു മ്ലാനതയുണ്ടായിരുന്നു. “എന്ത് പറ്റി ഗോകുൽ” അവന്റെ മുഖഭാവം കണ്ട് അരുൺ ചോദിച്ചു.
“ഒന്നുമില്ല നേരരെത്തെ വന്ന ആളും കല്യാണ അന്വേഷണത്തിനായി വന്നതാണല്ലേ”
“അതേ”
“മടുത്തു അരുൺ.. എസ് ഐ ടെസ്റ്റ് എഴുതിയാലോ എന്നാലോചിക്കുകയാണ് ഞാൻ. ദേവേട്ടൻ വല്ലാതെ നിർബന്ധിക്കുന്നുമുണ്ട്. ഇവിടെയാണെങ്കിൽ കല്യാണ കേസുകൾ മാത്രം… മടുപ്പ് തോന്നുകയാ എല്ലാത്തിനോടും” നിരാശയോടെയായിരുന്നു ഗോകുലിന്റെ മറുപടി.
“ഇങ്ങനെ നിരാശനായാലോ ഗോകുൽ എല്ലാം ശരിയാവും.” അരുൺ ഗോകുലിനെ സമാശ്വസിപ്പിച്ചു.
ഒരാഴ്ചക്ക് ശേഷം
ഗോകുൽ പുറത്തെവിടെയോ പോയ സമയത്താണ് കോളിങ് ബെല്ലിന്റെ ശബ്ദം അരുൺ കേട്ടത്. “കയറി വരൂ” വാതിൽ കുറ്റിയിട്ടിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് അരുൺ പറഞ്ഞു. ഗോകുൽ പുറത്ത് പോയതിനു ശേഷം അരുൺ എഴുന്നേറ്റ് വാതിൽ അകത്ത് നിന്നും കുറ്റിയിട്ടിരുന്നില്ല.
വാതിൽ തുറന്ന് അകത്തേക്ക് വന്നത് നാൽപതിനടുത്ത് പ്രായമുള്ള ഒരാളായിരുന്നു. മുഖത്തുള്ള വിഷാദ ഭാവം അയാളനുഭവിക്കുന്ന പ്രയാസങ്ങളെയാണ് കാണിച്ചിരുന്നത്. ഇതൊരു കല്യാണ അന്വേഷണവുമായി ബന്ധപ്പെട്ട് വന്ന വ്യക്തിയല്ല എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അരുണിന് ബോധ്യമായി.
“വരൂ.. ഇരിക്കൂ…” അരുൺ കസാരയിൽ നിന്നെല്ലന്നേറ്റ് തന്റെ മുന്നിലുള്ള കസാര ചൂണ്ടി കൊണ്ട് പറഞ്ഞു.
അയാൾ പതിയെ കസാരയിൽ വന്നിരുന്നു.
അയാൾ ഇരുന്നതിനു ശേഷം തന്റെ കസാരയിലിരുന്ന ഗോകുൽ ഫോണെടുത്ത് ഗോകുലിന്റെ നമ്പറിലേക്ക് പെട്ടന്ന് വരൂ എന്ന് മെസേജ് അയച്ചു. “സാർ താങ്കൾ എന്ത് സേവനമാണ് ഞങ്ങളിൽ നിന്നും ആഗ്രഹിക്കുന്നത്” തന്റെ മുന്നിലിരിക്കുന്ന വ്യക്തി ഒന്നും സംസാരിക്കാത്തത് കൊണ്ട് അയാളോടായി അരുൺ ചോദിച്ചു.
“സാർ എന്റെ പേര് പ്രേമചന്ദ്രൻ. ഞാനിപ്പോൾ വല്ലാത്തൊരു ദുഃഖത്തിലാണ്. ഒരു പക്ഷേ നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയും എന്ന തോന്നലാണ് ഞാനിപ്പോൾ ഇവിടെ ഇരിക്കാൻ കാരണം”
“എങ്ങനെയാണ് ഞാൻ നിങ്ങളെ സഹായിക്കേണ്ടത് എന്ന് പറയൂ”
“സാർ എന്റെ മകൾ രശ്മിചന്ദ്രനെ കാണാതായിട്ട് ഇന്നേത്തേക്ക് ഒരാഴ്ച കഴിഞ്ഞു.
“ഇത് വരെ പോലീസിൽ കേസ് കൊടുത്തില്ലേ”
“കൊടുത്തു പക്ഷേ ഇതുവരെയും അതുകൊണ്ട് ഒരു പ്രയോജനമുണ്ടായിട്ടില്ല. അത് കൊണ്ടാണ് ഈ കേസ് ഒരു ഡിറ്റക്ടീവിനെ ഏൽപിച്ചാലോ എന്ന് ആലോചിച്ചത് ആ അന്വേഷണം എന്നെ ഇവിടെയും എത്തിച്ചു.”
ടിംഗ് ഡോങ്.. കോളിംഗ് ബെൽ ഒന്നുകൂടി അടിച്ചു. പ്രേമചന്ദ്രൻ പരിഭ്രമത്തോടെ വാതിലിനുനേർക്ക് നോക്കി.
പുറത്തുള്ളത് ഗോകുൽ ആയിരിക്കുമെന്ന് അരുണിന് ഊഹം ഉണ്ടായിരുന്നു. “കയറിവരൂ ഗോകുൽ” അരുൺ കുറച്ചു ഉറക്കെ പറഞ്ഞു.
വാതിലിന് ഹാൻഡിൽ തിരിച്ച് ഡോർ തുറന്ന് ഗോകുൽ അകത്തുകയറി. അവൻ പ്രേമചന്ദ്രന് സമീപമുണ്ടായിരുന്ന കസേര വലിച്ചിട്ട് അതിൽ ഇരുന്നു. ഓടി വന്ന ഗോകുൽ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.അവന്റെ ഷർട്ട് വിയർപ്പിൽ കുതിർന്നിരുന്നു.
“സർ ഭയപ്പെടേണ്ട. ഇത് എന്റെ സഹപ്രവർത്തകൻ ഡിറ്റക്ടീവ് ഗോകുൽ” അരുൺ വാതിൽ തുറന്നു വന്നയാളെ പ്രേമചന്ദ്രന് പരിചയപ്പെടുത്തി.
ഗോകുൽ ചോദ്യഭാവത്തിൽ നോക്കി. സമാധാനിക്കൂ എന്ന രീതിയിൽ അരുൺ കണ്ണടച്ചു. “സർ ഇദ്ദേഹത്തിനു വേണ്ടി ഒന്നുകൂടി വിവരിക്കാമോ” അരുൺ പ്രേമചന്ദ്രനോട് റിക്വസ്റ്റ് ചെയ്തു.
”വേണ്ട സർ…. സാറ് ബാക്കി പറഞ്ഞോളൂ… ഞാൻ അരുണിനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിക്കോളാം” ഗോകുൽ പ്രേമചന്ദ്രനോടായി പറഞ്ഞു.
“സാറിന് ആരെയെങ്കിലും സംശയമുണ്ടോ അതായത് ഒരു കിഡ്നാപ്പിംഗ് ആണെന്ന് കരുതുന്നുണ്ടോ”
“ഇല്ല സർ എനിക്ക് അങ്ങനെയൊരു ആളെയും സംശയമില്ല. പക്ഷേ പണത്തിനു വേണ്ടി കിഡ്നാപ് ചെയ്തതാണോ എന്ന് സംശയമുണ്ട്” നിസംശയം പ്രേമചന്ദ്രൻ മറുപടി നൽകി.
“മകളെ കാണാതായ ആയ ഒരു പിതാവിനോട് ചോദിക്കാൻ പറ്റുമോ എന്നെനിക്കറിയില്ല. എങ്കിലും ചോദിക്കാതിരിക്കാൻ വയ്യല്ലോ അവൾക്ക് ഏതെങ്കിലും ലൗ അഫയർ ഉണ്ടോയിരുന്നോ സർ.”
“സർ നിങ്ങളുടെ സംശയങ്ങൾ എല്ലാം നിങ്ങൾ ചോദിക്കണം. കാരണം അതിലൂടെ ആവാം എന്റെ മകളെ ഒരു പക്ഷേ കണ്ടെത്താൻ കഴിയുന്നത്. എൻറെ മകൾക്ക് അങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നെങ്കിൽ എങ്കിൽ ഞാൻ അത് അംഗീകരിച്ചു കൊടുക്കുമെന്ന് അറിയുന്നത് അവൾക്ക് മാത്രമാണ്. അതിൻറെ പേരിൽ ഇൽ അവൾക്ക് വീടുവിട്ടിറങ്ങില്ല. പിന്നെ അവൾക്ക് ഒരാളോട് ചെറിയ ഇഷ്ടം ഉണ്ട്. അവളുടെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന സൂര്യൻ എന്ന ചെറുപ്പക്കാരനോട്. പക്ഷേ അയാൾക്ക് അവളെ ഇഷ്ടമല്ല എന്നാണ് അവൾ പറഞ്ഞിരുന്നത്.”
“സാർ… സാറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്” ചോദ്യം ഗോകുലിന്റെ വകയായിരുന്നു.
“ഞാനും ഭാര്യയും മകൻ രാഹുലും രശ്മിയും അടങ്ങുന്നതാണ് എന്റെ കുടുംബം.
“സർ.. നമുക്ക് വീട്ടിലേക്കൊന്നു പോയാലോ.? അന്വേഷണം അവിടുന്ന് ആരംഭിക്കാം” ഗോകുലിന്റെ വാക്കുകളിൽ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ആരംഭിക്കുന്നതിന്റെ ഉത്സാഹം ഉണ്ടായിരുന്നു.
“സാർ… നിങ്ങളുടെ ഫീസ് എത്രയാണെന്ന് പറഞ്ഞില്ല .”
“സാർ ആദ്യം കേസ് കഴിയട്ടെ. അതുകഴിഞ്ഞ് ഫീസിനെക്കുറിച്ച് സംസാരിക്കാം. നിങ്ങളുടെ കഴിവിനനുസരിച്ച് എന്തെങ്കിലും തന്നാൽ മതി.” അരുൺ എന്തെങ്കിലും പറയുന്നതിനു മുമ്പ് ഗോകുൽ പറഞ്ഞു.
ഗോകുലിന് ആവേശം തിരിച്ചറിഞ്ഞ് അരുൺ പിന്നെ ഒന്നും മിണ്ടിയില്ല. സത്യത്തിൽ അരുണും അത്തരമൊരു കേസ് ആഗ്രഹിക്കുന്നുണ്ടായിരുന്നു.
“നിങ്ങൾ ഇപ്പോൾ തന്നെ വീട്ടിലേക്ക് വരുന്നുണ്ടോ.”
“ഉവ്വ്…അന്വേഷണം ഇപ്പോൾ തന്നെ ആരംഭിക്കാം. ഇനി വൈകിപ്പിക്കുന്നില്ല” ഗോകുൽ വളരെ ഉത്സാഹത്തിലായിരുന്നു.
ഗോകുലിന് അമിത ഉത്സാഹം കണ്ടു അരുണിന് ഭയം കൂടുകയാണ് ചെയ്തത്. പക്ഷേ പ്രതിഫലം കുറഞ്ഞാലും കേസ് ഏറ്റെടുക്കാൻ തന്നെയായിരുന്നു അരുണിന്റെ തീരുമാനം.
“എന്നാൽ വൈകണ്ട പോകാം” പ്രേമചന്ദ്രൻ പറഞ്ഞു കൊണ്ട് എഴുന്നേറ്റു. പുറകെ ആ ഇരുവർ സംഘവും.
ഏതാണ്ട് അരമണിക്കൂറോളം സമയം എടുത്തു, അവർ പ്രേമചന്ദ്രന്റെ വീട്ടിൽ എത്തിച്ചേരാൻ. കാർ ഗേറ്റ് കടന്ന് അകത്തെത്തിയപ്പോൾ തന്നെ ഒരു സ്ത്രീ സിറ്റൗട്ടിൽ എത്തി. അതായിരിക്കാം പ്രേമചന്ദ്രന് ഭാര്യ എന്ന് ഗോകുൽ ഊഹിച്ചു.
മൂവരും കാറിൽനിന്നിറങ്ങി. പ്രേമചന്ദ്രന്റെ കാറിലായിരുന്നു അവർ വന്നത്.
“ഞാൻ അരുൺ. ഇത് എന്റെ കൂട്ടുകാരൻ ഗോകുൽ. ഞങ്ങൾ പ്രേമചന്ദ്രന്റെ പഴയ സുഹൃത്തുക്കളാണ്.” അരുൺ പ്രേമചന്ദ്രന് ഭാര്യ എന്ന് തോന്നിയ സ്ത്രീക്ക് തങ്ങളെ പരിചയപ്പെടുത്തി.
“കയറി വരൂ” അവർ പറഞ്ഞു. ഗോകുൽ അവരെ സൂക്ഷിച്ചു നോക്കി. മകളെ കാണാതായ ഒരു സ്ത്രീയുടെ ദുഃഖം ആ മുഖത്ത് കണ്ടെത്താൻ അവന് സാധിച്ചില്ല. ഒരുപക്ഷേ ഇത് പ്രേമചന്ദ്രനെ ബന്ധുക്കൾ ആരെങ്കിലും ആയിരിക്കുമോ എന്ന് പോലും അവൻ സംശയിച്ചു.
“ഇത് എന്റെ ഭാര്യ ശ്രീദേവി.” ഗോകുലിന്റെ സംശയത്തിനുത്തരമെന്നോണം പ്രേമചന്ദ്രൻ തന്റെ ഭാര്യയെ അവർക്ക് പരിചയപ്പെടുത്തി. ഗോകുൽ സ്ത്രീയെ ഒന്നു ചുഴിഞ്ഞു നോക്കി. മകളെ കാണാതായതിന്റെ കഠിന ദുഃഖം ഒന്നും അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നില്ല.
“കുറച്ചു വെള്ളം കിട്ടിയാൽ നന്നായിരുന്നു.” അരുൺ ശ്രീദേവിയെ ഒഴിവാക്കാനായി പറഞ്ഞു. തങ്ങൾ കുറ്റാന്വേഷകരാണെന്ന് ആ സ്ത്രീ അറിയേണ്ട എന്ന് അവൻ തീരുമാനിച്ചു.
“വത്സലേ കുറച്ച് വെള്ളം കൊണ്ടു വരൂ.” അവന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ശ്രീദേവി അടുക്കളഭാഗത്തെ നേരെ തിരിഞ്ഞു വിളിച്ചുപറഞ്ഞു. ഗോകുൽ ശാസന രൂപത്തിൽ അരുണിനെ നോക്കി. പിന്നെ പ്രേമചന്ദ്രനെയും.
“ദേവി നീ തന്നെ പൊയ്ക്കോളൂ ഞങ്ങൾക്ക് ചില കാര്യങ്ങൾ ചർച്ചചെയ്യാൻ ഉണ്ട്.” ഗോകുലിന്റെ നോട്ടം തിരിച്ചറിഞ്ഞ പ്രേമചന്ദ്രൻ ഭാര്യയായി പറഞ്ഞു.
“കണ്ടവന്മാർക്ക് വെള്ളമെടുക്കാൻ ഞാനെന്താ വേലക്കാരിയോ.” ധാർഷ്ട്യത്തോടെ അങ്ങനെ പറഞ്ഞുകൊണ്ട് നിലത്തു ആഞ്ഞു ചവിട്ടി അവർ തൊട്ടടുത്തുള്ള മുറിയിലേക്ക് കയറി.
“സാർ ഞങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളാണെന്നേ ഇവിടെയുള്ളവർ അറിയാൻ പാടുള്ളൂ. അതൊരുപക്ഷേ അന്വേഷണത്തിന് ഗുണം ചെയ്യുമെന്ന് തോന്നുന്നു.” അരുൺ പ്രേമചന്ദ്രൻ കേൾക്കെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“ശരി”
“ഞങ്ങൾക്ക് രശ്മിയുടെ റൂം ഒന്ന് പരിശോധിക്കണമായിരുന്നു”
“അതിനെന്താ മുകളിലാണ് രശ്മിയുടെ മുറി.” കോണിക്ക് നേരെ നടന്നുകൊണ്ട് പ്രേമചന്ദ്രൻ പറഞ്ഞു.
ഗോകുലും അരുണും പ്രേമചന്ദ്രനെ അനുഗമിച്ചു. കോണി കയറിയ അവർ ഒരു ഹാളിലേക്കാണ് എത്തിയത്. അതിന്റെ വലതു സൈഡിൽ ഉള്ള റൂമിലേക്ക് ആണ് പ്രേമചന്ദ്രൻ അവരെ കൂട്ടിക്കൊണ്ടു പോയി.
“ഇതാണ് രശ്മിയുടെ മുറി” പ്രേമചന്ദ്രൻ പറഞ്ഞു.
ഗോകുലും അരുണും മുറിക്കകത്തേക്ക് കയറി. “ഞാൻ കുടിക്കാനെന്തെങ്കിലും എടുത്തു വരാം. ന്യൂസ് പിടിക്കാൻ വേലക്കാരിയും ഇനി ഇവിടെ വരണ്ട.” എന്ന് പറഞ്ഞുകൊണ്ട് പ്രേമചന്ദ്രൻ താഴേക്കിറങ്ങി.
രശ്മിയുടെ മുറിയിൽ കയറി അല്പസമയം കൊണ്ട് തന്നെ മുല്ലപ്പൂവിന്റെ നേർത്ത ഗന്ധം അവരെ പൊതിഞ്ഞു. രശ്മി റൂം സ്പ്രേ ഉപയോഗിക്കാറുണ്ട് എന്നവർക്ക് മനസ്സിലായി.
ഗോകുൽ മുറിയിൽ ആകമാനം കണ്ണോടിച്ചു. വൃത്തിയായി പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്ന ഷെൽഫ്. ഒരു സ്റ്റഡി ടേബിൾ, കട്ടിൽ, അലമാര എന്നിവയായിരുന്നു ആ മുറിയിലെ ഫർണിച്ചറുകൾ.
സ്റ്റഡി ടേബിളിൽ മാല ചാർത്തി വെച്ച ഒരു സ്ത്രീയുടെ ചിത്രം ഗോകുൽ ശ്രദ്ധിച്ചു. താഴെ കണ്ടത് രശ്മിയുടെ അമ്മയാണെങ്കിൽ, രശ്മിക്ക് ഇത്രയും പ്രിയപ്പെട്ട ഈ വ്യക്തി ആരായിരിക്കും എന്ന് ആലോചിച്ചു.
ആ സമയം അരുൺ പുസ്തക ഷെൽഫിൽ നിന്നും പുസ്തകങ്ങൾ എടുത്ത് പരിശോധിക്കുകയായിരുന്നു. അതിൽനിന്ന് ഒരു ഡയറിയും ഒരു ആൽബവും അരുണിനെ കിട്ടി.
അവൻ ആൽബം കൈയിലെടുത്തപ്പോൾ അതിൽ നിന്നും രണ്ടു മൂന്നു ഫോട്ടോകൾ നിലത്തേക്ക് വീണു. കോളേജിലെ കൂട്ടുകാരുടെ ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു അത്. അവൻ കൈയിലുണ്ടായിരുന്ന ഡയറിയും ആൽബം മേശപ്പുറത്തു വെച്ച് നിലത്തുവീണ് ഫോട്ടോകൾ എടുത്തു അവ വീണ്ടും ആൽബത്തിന്റെ ഇടയിലേക്ക് വെച്ചു.
അവൻ ആ ഡയറി തുറന്നു നോക്കി. അത് ഫോൺ നമ്പറുകൾ എഴുതാനായി ഉപയോഗിച്ച ഡയറി ആണെന്ന് അവന് മനസ്സിലായി.
അവൻ തന്റെ ഫോണിൽ, ഫോൺ നമ്പർ എഴുതിയ പേജിന്റെ ഫോട്ടോയെടുത്തു. പിന്നെ ആൽബം തുറന്ന് കോളേജിലെ ചിത്രങ്ങളെന്നു തോന്നിയ ചില ഫോട്ടോകളും അവൻ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തി.
പുറത്ത് ആരുടെയോ കാൽപ്പെരുമാറ്റം കേട്ടപ്പോൾ അരുൺ വേഗം ഫോൺ പോക്കറ്റിലിട്ടു. തിരിഞ്ഞുനോക്കിയപ്പോൾ പ്രേമചന്ദ്രനെ ആയിരുന്നു കണ്ടത്. ഒരു ട്രെയിൽ മൂന്ന് ഗ്ലാസ് ജ്യൂസും ആയിട്ടാണ് അയാൾ വന്നത്. അരുൺ അതിൽ നിന്നും ഒരു ഗ്ലാസ് എടുത്തു തുടർന്ന് ഗോകുലും.
“സർ ഇതാരാ” സ്റ്റഡി ടേബിളിൽ ഇരിക്കുന്ന സ്ത്രീയുടെ ചിത്രത്തിന് നേരെ ചൂണ്ടിക്കൊണ്ട് ഗോകുൽ പ്രേമചന്ദ്രനോട് ചോദിച്ചു.
“എന്റെ ഭാര്യ വീണ. രശ്മിയുടെ അമ്മ. അവർ രശ്മിക്ക് ഏഴു വയസ്സുള്ളപ്പോൾ മരിച്ചു പോയതാണ്. പിന്നീട് രശ്മിയെ നോക്കാനായാണ് ഞാൻ ശ്രീദേവിയെ വിവാഹം കഴിച്ചത്.” പ്രേമചന്ദ്രൻ വിവരിച്ചു.
“സർ ഇത് രശ്മിയുടെ ക്ലാസ്സ്മേറ്റ്സ് അല്ലേ.” ആൽബത്തിലെ ഒരു ഗ്രൂപ്പ് ഫോട്ടോ കാണിച്ചുകൊണ്ട് അരുൺ പ്രേമചന്ദ്രൻ നോട് ചോദിച്ചു.
“അതെ കഴിഞ്ഞതിനുമുമ്പത്തെ മാസം ഒരു ടൂർ ഉണ്ടായിരുന്നു. അന്ന് എടുത്ത ഫോട്ടോകൾ ആണ് അത്.”
അരുൺ വീണ്ടും ആൽബം മറിച്ചു നോക്കി കുറെ കൂട്ടുകാരോടൊപ്പം രശ്മി നിൽക്കുന്ന ചിത്രങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ഒരു ചെറുപ്പക്കാരനും മറ്റൊരു പെൺകുട്ടിയും കൂടെ നിൽക്കുന്ന ഫോട്ടോകൾ ആയിരുന്നു കൂടുതലും.
“സർ ഇത്…” മൂന്ന് പേരടങ്ങുന്ന ഒരു ഫോട്ടോ കാണിച്ചു കൊണ്ട് അരുൺ സംശയത്തോടെ ചോദിച്ചു.
“ഇത് സൂര്യൻ. പ്രേമചന്ദ്രൻ അതിലെ ആൺ കുട്ടിയുടെ ഫോട്ടോ തൊട്ട് കോണ്ട് പറഞ്ഞു. മോളുടെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. ഇവിടെ അടുത്ത് എവിടെയോ ഒരു വാടക വീട്ടിലാണ് അവനും രണ്ടു കൂട്ടുകാരും താമസം.” പ്രേമചന്ദ്രൻ തുടർന്നു.
ഗോകുൽ അതെല്ലാം ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു. എന്നാൽ അരുണിന്റെ ശ്രദ്ധ മുഴുവൻ രശ്മിയുടെ തൊട്ടടുത്തു നിൽക്കുന്ന പെൺകുട്ടിയായിരുന്നു. അവളുടെ വിടർന്ന കണ്ണുകളിൽ ചുവന്ന ചുണ്ടുകളും ആയിരുന്നു അവന്റെ മിഴികൾ ഉടക്കിയത്.
“ഇത് ചന്ദ്രിക. ഇതും മോളുടെ അടുത്ത കൂട്ടുകാരിയാണ്. ഇവളോടൊപ്പമാണ് രശ്മി കോളേജിൽ പോകാറുള്ളത്.” അരുണിന്റെ ശ്രദ്ധ അപ്പോഴും ചന്ദ്രികയുടെ മുഖത്ത് തന്നെ ആയിരുന്നു. ആ വട്ടം മുഖത്തിനൊത്ത പേര് ചന്ദ്രിക തന്നെയാണെന്ന് അവനു തോന്നി. അവൻ തന്റെ ഫോണെടുത്ത് ഫോട്ടോയും മൊബൈൽ ക്യാമറയിൽ പകർത്തി.
“ഗോകുൽ തൽകാലം മടങ്ങാം. നാളെ നമുക്ക് രശ്മിയുടെ കോളേജിലും പോകാം. ഇപ്പോൾ നാലുമണി കഴിഞ്ഞില്ലേ.” ഡയറിയും ആൽബവും ഷെൽഫിയിലേക്കു വെച്ചുകൊണ്ട് അരുൺ പറഞ്ഞു.
അടുത്ത ദിവസം രാവിലെ പത്തുമണി കഴിഞ്ഞ സമയത്താണ് വിശാലമായ ആ കോളേജ് അങ്കണത്തിൽ അരുൺ തന്റെ ബൊലേറോ നിർത്തിയത്.
മെയിൻ റോഡിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറിയാണ് കോളജ് സ്ഥിതി ചെയ്യുന്നത്. കോളേജിന്റെ കോമ്പൗണ്ടിനുള്ളിൽ നിറയെ മരങ്ങൾ നിരനിരയായി വച്ചുപിടിപ്പിച്ച് ഭംഗിയാക്കിയിരുന്നു.
കെട്ടിടങ്ങളുടെ പുതുമയും വർണ്ണ നിറങ്ങളും ആഡംബരം വിളിച്ചോതുന്നതായിരുന്നു. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന കോളേജ് അല്ല അതെന്ന് അവിടെ എത്തിയപ്പോൾ തന്നെ അവർക്ക് മനസ്സിലായി. ഒരു മാഞ്ചിയത്തിനു ചുവട്ടിൽ അരുൺ ബൊലേറോ നിർത്തി, അതിൽ നിന്നിറങ്ങി.
എവിടെ നിന്ന് തുടങ്ങണം എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അതിന്റെ തൊട്ടടുത്തായി മറ്റൊരു ബുള്ളറ്റ് കൂടി വന്നു നിന്നത്. അതിൽ നിന്നിറങ്ങിയ ചെറുപ്പക്കാരൻ ഹെൽമറ്റ് ഊരി ബൈക്കിനെ മിററിൽ തൂക്കിയിട്ടു.
ഹെൽമറ്റ് ഊരിയപ്പോൾ തന്നെ ഗോകുലിന് ആളെ മനസ്സിലായി. ഇന്നലെ രശ്മിയുടെ ഫോട്ടോയിൽ അവളോടൊപ്പം കണ്ട പയ്യൻ, സൂര്യൻ. അരുണും സൂര്യനെ തിരിച്ചറിഞ്ഞു. അവരിരുവരും സൂര്യനെ അടുത്തേക്ക് നടന്നു
“നിങ്ങൾ സൂര്യനല്ലേ” അരുൺ ചോദിച്ചു.
“hey I am not sun. my name is Suryan. who are you?” (“ഹേയ് ഞാൻ സൂര്യനല്ല. പേരാണ് സൂര്യൻ നിങ്ങളാരാണ്” ഒരു പരിഹാസച്ചിരിയോടെ സൂര്യൻ മറുപടി നൽകി)
“I am Arun. I intend to complete my studies. a colleague of mines suggested this college for me. then I wanted to learn about this college” (ഞാൻ അരുൺ ഞാനെന്റെ പഠനം തുടരാൻ ആഗ്രഹിക്കുന്നു എന്റെ ഒരു സഹപ്രവർത്തകൻ ആണ് എനിക്ക് ഈ കോളേജ് സജസ്റ്റ് ചെയ്തത് അതുകൊണ്ട് ഈ കോളേജിനെ കുറിച്ച് അന്വേഷിക്കാൻ ആണ് ഞാൻ വന്നത്) അരുൺ ഇംഗ്ലീഷിൽ തന്നെ സൂര്യൻ മറുപടി നൽകി.
“oh that’s the new admission right” (ഓ നിങ്ങൾ പുതിയ അഡ്മിഷൻ ആണല്ലേ)
“Yes. but when we come here and searched. we found that there were no seats” (അതെ പക്ഷേ ഞങ്ങൾ ഇവിടെ അന്വേഷിച്ചപ്പോൾ സീറ്റുകൾ ഒന്നുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്)
“no matter try it next year” (സാരമില്ല അടുത്ത വർഷം ശ്രമിക്കൂ)
“Yeah sure let me ask you something”(തീർച്ചയായും ഞാൻ നിങ്ങളോട് ചില കാര്യങ്ങൾ ചോദിക്കട്ടെ)
“yes of course” (തീർച്ചയായും)
“Upon arrival a student studying at this college was reported missing yesterday” (ഞങ്ങൾ വരുന്ന സമയത്ത് ഈ കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയെ ഇന്നലെ കാണാതായി എന്ന് അറിയാൻ കഴിഞ്ഞു) അരുൺ മനപൂർവം കള്ളം പറഞ്ഞു.
സൂര്യന്റെ മിഴികൾ ഒന്ന് ഇടുങ്ങി നെറ്റി ചുളിഞ്ഞു. “who told you that” (ആരാണ് നിങ്ങളോടിതു പറഞ്ഞത്) സൂര്യന്റെ ശബ്ദം ക്രമാതീതമായി ഉയർന്നു.
“One at college gate. I don’t know who it is” (കോളേജ് ഗേറ്റിനരികിൽ നിന്ന ഒരാൾ അത് ആരാണെന്ന് എനിക്കറിയില്ല)
“it’s ok who is this” (ഇറ്റ് ഈസ് ഓക്കേ ഇതാരാണ്) ഗോകുലിന് നേരെ ചൂണ്ടിക്കൊണ്ട് സൂര്യൻ ചോദിച്ചു.
“this is my brother Gokul” (ഇത് എന്റെ സഹോദരൻ ഗോകുൽ) അരുൺ മറുപടി നൽകി. അരുണിന് അങ്ങനെ മറുപടി നൽകാനാണ് തോന്നിയത്.
അരുണിനെ ഒന്നുകൂടി തറപ്പിച്ചു നോക്കിയശേഷം സൂര്യൻ കോളേജിലെ അവന്റെ ഡിപ്പാർട്ട്മെന്റിനു നേരെ നടന്നു.
“അരുൺ സൂര്യന് രശ്മിയുടെ മിസ്സിംഗ് കേസുമായി എന്തോ ബന്ധമുണ്ടെന്ന് തോന്നുന്നു” ഗോകുൽ തന്റെ ആദ്യ നിഗമനം വ്യക്തമാക്കി
തുടരും……..
എനിക്ക് ഇംഗ്ലീഷിൽ അത്ര വലിയ അറിവൊന്നുമില്ല. പിന്നെ കഥാ സന്ദർഭത്തിനനുസരിച്ച് കുറച്ച് ഇംഗ്ലീഷ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെറ്റുകൾ വരാനുള്ള സാധ്യത കൂടുതലാണ്. കാരണം എനിക്ക് ഇംഗ്ലീഷ് അറിയില്ല. അത്തരം തെറ്റുകൾ ചൂണ്ടിക്കാണിക്കുകയാണെങ്കിൽ വളരെ നന്നായിരുന്നു. പിന്നെ എനിക്ക് ഇംഗ്ലീഷ് അറിയില്ല, എന്ന് പറഞ്ഞത് കൊണ്ട് തന്നെ ഇംഗ്ലീഷ് അറിയാത്ത ആളുകളും ഈ കഥ വായിക്കുന്നുണ്ടാവാം. അതുകൊണ്ടുതന്നെ അതിന്റെ മലയാളം അർത്ഥം ബ്രാക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments:
No comments!
Please sign up or log in to post a comment!