Love Or Hate 04

ഒരു പക്ഷെ മുഴുവൻ സ്ത്രീകളോടും ഉള്ള ഷൈനിന്റെ വെറുപ്പിന്റെ കാരണവും അഞ്ജലി തന്നെ ആകും എന്നതിന് മറ്റൊരു തെളിവും ആവശ്യമില്ലല്ലോ..

അരവിന്ദിനെ കണ്ടതും ഷൈനിന്റെ ഉള്ളില്‍ തിളച് പൊന്തിയ ദേഷ്യത്തിന് അതിരില്ലായിരുന്നു.. എല്ലാ കുരിശുകളും ഇങ്ങോട്ടാണല്ലോ കര്‍ത്താവേ കെട്ടി എടുക്കുന്നത് എന്ന് ഷൈന്‍ ഒരു നിമിഷം മനസ്സില്‍ ഓര്‍ത്തു….

അഞ്ജലിയുടെ മുഖം വീണ്ടും വീണ്ടും അവന്റെ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു.. അന്ന് രാത്രി എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ അറിയില്ല എന്നും ഒരു ബന്ധവും ഇല്ല എന്നും പറഞ്ഞ് യാതൊരു ലജ്ജയും സങ്കോചവും ഇല്ലാതെ നിന്ന അവളുടെ മുഖം.. അത് അവനില്‍ വല്ലാത്ത ഒരു അസ്വസ്ഥതയും ഒപ്പം കടുത്ത ദേഷ്യവും തീര്‍ത്തു… സ്വയം നിയന്ത്രിക്കാന്‍ ആവാതെ ഷൈന്‍ മുന്‍പില്‍ ഉണ്ടായിരുന്ന ഡെസ്ക്കില്‍ ആഞ്ഞു അടിച്ചു…

ഒരു നിമിഷം ക്ലാസ്സ്‌ പൂര്‍ണ നിശബ്ദം ആയി.. എല്ലാവരും പുറകിലേക്ക് ആണ് നോക്കുന്നത്.. പെട്ടന്നൂ സ്ഥലകാല ബോധം കൈ വന്നപ്പോള്‍ ആണ് ഷൈന്‍ താന്‍ ചെയ്ത മണ്ടത്തരത്തിന്റെ വില മനസ്സിലാക്കിയത്…

എല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന മിസ്സ്‌ പുറകിലേക്ക് നോക്കി കൊണ്ട് ശൈനിനോട്‌ ചോദിച്ചു…..

“ഷൈന്‍ എന്താ അവിടെ ബഹളം ..??”

ഷൈന്‍ മറുപടി പറയാന്‍ നിന്ന് പരുങ്ങുന്നത് കണ്ടപ്പോള്‍ ആണ്ട്രു ഇടയില്‍ കയറിക്കൊണ്ട് പറഞ്ഞു..

” ഒന്നുല്ല മിസ്സ്‌ അത് ഡസ്ക് ഒന്ന് നീങ്ങിയതാ….”

വേറെ തിരക്കുകളില്‍ ആയിരുന്നത് കൊണ്ട് മിസ്സ്‌ അതിനെ അത്ര സീരിയസ് ആയി കണ്ടില്ല….

“ശരി ശരി….”

മിസ്സ് വീണ്ടും മറ്റു ജോലികളിൽ മുഴുകി.. എന്നാൽ മിസ്സിന്റെ കൂടെ നിന്നിരുന്ന അരവിന്ദ് ഇതിനോടകം ഷൈനിനെ കണ്ടിരുന്നു… ഷൈനിനെ നേരിൽ കണ്ടതും അരവിന്ദും ഒന്ന് ഞെട്ടി…

ഷൈനിന്റെ അസ്വസ്ഥത കണ്ടത് കൊണ്ട് ആൻഡ്രൂ ചോദിച്ചു.. വിഷ്ണുവും കൂടെ ഉണ്ടായിരുന്നു….

ആൻഡ്രൂ: എന്താടാ… ഇത് അവളുടെ അനിയൻ അല്ലേ..??

ഷൈൻ: അതെ… അവൻ തന്നെ…

വിഷ്ണു: ഷൈൻ ബ്രോടെ ജാതകം ഒന്ന് നോക്കുന്നത് നല്ലതാണ് എന്ന് തോന്നുന്നു… നല്ല ബെസ്റ്റ് ടൈം ആകും..

ആൻഡ്രൂ: അത് നേരാ.. നീ ഒരു ശത്രു സംഹാര പൂജ ഇവന്റെ പേരിൽ കഴിപ്പിക്ക്‌…

ഷൈൻ അതൊന്നും ശ്രദ്ധിക്കുന്നേ ഇല്ലായിരുന്നു… അവന്റെ മനസ്സ് മുഴുവൻ ആകെ കലങ്ങി മറഞ്ഞിരുന്നു… ഏത് നേരത്താ കർത്താവേ ഇങ്ങോട്ട് കെട്ടി എടുക്കാൻ തോന്നിയത്…

മറ്റ് നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി മിസ്സ് അരവിന്ദിന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു.

.

മിസ്: അരവിന്ദ്.. ഓകെ.. യു കാൻ ടൈക് യുവർ സീറ്റ് നൗ…

അരവിന്ദ് ഒന്ന് ചുറ്റും നോക്കി… എല്ലാ ബഞ്ചുകളും ഫുൾ ആയിരുന്നു.. എന്നാൽ പുറകിലെ ബെഞ്ചിൽ ഷൈനും ആൻഡ്രുവും വിഷ്ണുവും മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ…

അരവിന്ദിന് ഷൈനിനോട് നേരിൽ ഒന്ന് സംസാരിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു.. എന്നാൽ ഷൈൻ എങ്ങനെ പ്രതികരിക്കും എന്ന ഭയം ആയിരുന്നു അവന്റെ ഉള്ളിൽ..

തന്റെ സഹോദരി അവനോട് ചെയ്തിരിക്കുന്ന തെറ്റിന്റെ വില അരവിന്ദിന് നന്നായി അറിയാമായിരുന്നു.. യഥാർത്ഥത്തിൽ അഞ്ജലിയും ഷൈനും ഒന്നിക്കണം എന്ന് മറ്റാരേക്കാളും ആഗ്രഹിച്ചതും അരവിന്ദ് ആയിരുന്നു.. എന്നാൽ അവസാന നിമിഷം അഞ്ജലി ഇങ്ങനെ ഒരു ചതി കാണിക്കും എന്ന് അവനും സ്വപ്നത്തില് പോലും കരുതിയിരുന്നില്ല….

അങ്ങനെ ആലോചിച്ച് നിന്നപ്പോൾ ആണ് മിസ്സ് അരവിന്ദിനെ നോക്കി പറഞ്ഞത്…

മിസ്സ്: അരവിന്ദ് യു കാൻ സിറ്റ് ഓൺ ദി ബാക്ക് ബഞ്ച് ഫോർ നൗ… ഷൈനും ആൻഡ്രുവും നിന്നെ പോലെ പുതിയ അഡ്മിഷൻ ആണ്.. എല്ലാവരെയും പരിചയപ്പെട്ടോളു…

സത്യത്തിൽ അരവിന്ദ് മനസ്സിൽ ആഗ്രഹിച്ചതും ഷൈനിന്റെ കൂടെ ഇരിക്കാൻ തന്നെ ആയിരുന്നു… അവൻ ബാഗും എടുത്ത് ബാക്ക് ബഞ്ച് ലക്ഷ്യമാക്കി നടന്നു…

ഷൈനിന്റെയും അരവിന്ദിന്റെയും കണ്ണുകൾ തമ്മിൽ ഉടക്കി.. ഇരുവരും കണ്ണിൽ തന്നെ നോക്കുന്നു…

അരവിന്ദിന് എങ്ങനെ എങ്കിലും ഷൈനിനോട് സംസാരിച്ച് പഴയ സൗഹൃദം വീണ്ടെടുക്കാൻ ആയിരുന്നു ആഗ്രഹം.. എന്നാൽ ഷൈനിന് അരവിന്ദിനെ കാണുന്ന ഓരോ നിമിഷവും അഞ്ജലിയുടെ മുഖം ആണ് ഓർമ വന്നത്… അത് അവനിൽ കടുത്ത അമർഷവും അസ്വസ്ഥതയും ആണ് ഉണ്ടാക്കിയത്…

ക്ലാസ്സിൽ വെച്ച് ഒരു സീൻ ഒഴിവാക്കാൻ വേണ്ടി അരവിന്ദ് ഷൈനിന്റെ അടുത്ത് ഇരിക്കുന്നതിന് പകരം വിഷ്ണു ഇരിക്കുന്ന വശത്ത് ആണ് ഇരുന്നത്…

ചെന്നിരുന്നതും അരവിന്ദ് വിഷ്ണുവിനെ നോക്കി ഹായ് പറഞ്ഞു.. ആൻഡ്രുവും ഷൈനും പറഞ്ഞ് ഏറെ കുറെ കാര്യത്തിന്റെ കിടപ്പ് അറിയാവുന്നത് കൊണ്ട് വിഷ്ണു വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു…

തുടർന്ന് അരവിന്ദ് ഷൈനിനെയും ആൻഡ്രുവിനെയും നോക്കി.. ഇരുവരും മൈൻഡ് പോലും ചെയ്യാതെ മുന്നോട്ട് നോക്കി ഇരിക്കുന്നത് കണ്ടു…

ആൻഡ്രൂ പതിയെ ഷൈനിന്റെ അടുത്തേക്ക് ചരിഞ്ഞ് ഇരുന്നുകൊണ്ട് പതിയെ ചോദിച്ചു…

ആൻഡ്രൂ: ഷൈനെ.. എന്താ പ്ലാൻ..??

ഷൈനും പതിയെ ആൻഡ്രുവിനോട് സംസാരിച്ചു..

ഷൈൻ: എന്ത് പ്ലാൻ.. ആദ്യം മറ്റെ *** കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കട്ടെ… എന്നിട്ട് മതി ബാക്കി ഒക്കെ.
. എനിക്കാണേൽ അവന്റെ മുഖം കാണുമ്പോൾ തന്നെ ദേഷ്യം ആണ് വരുന്നത്…

ആൻഡ്രൂ: അപ്പോ തൽക്കാലം അവനെ ഒഴിവാക്കാം അല്ലേ…

ഷൈൻ: ഹാ…

അങ്ങനെ തൽക്കാലത്തേക്ക് അരവിന്ദിന്റെ കാര്യം ഒഴിവാക്കി ഷൈനും ആൻഡ്രുവും ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി, അല്ല ശ്രദ്ധിക്കുന്ന പോലെ അഭിനയിക്കാൻ തുടങ്ങി…

ക്ലാസിന്റെ ഇടയിൽ ഓരോ തവണ മിസ്സ് ബോർഡിൽ എഴുതാൻ വേണ്ടി തിരിയുമ്പോളും മായ ഇടം കണ്ണിട്ടു ഷൈനിനെ നോക്കുന്നുണ്ടായിരുന്നു… എന്നാൽ ഷൈൻ ഇതൊന്നും അറിയുന്നും കാണുന്നും ഉണ്ടായിരുന്നില്ല…

ഇടയ്ക്ക് എപ്പോളോ ഒരു കോട്ടുവാ ഇട്ടു കൊണ്ട് പെൺകുട്ടികളുടെ ഭാഗത്തേക്ക് നോകിയ ആൻഡ്രൂ കാണുന്നത് ഷൈനിനെ കണ്ണെടുക്കാതെ നോക്കുന്ന മായയെ ആണ്… ആൻഡ്രൂ ഇടം കണ്ണിട്ടു അവളെ നിരീക്ഷിക്കാൻ തുടങ്ങി.. അതെ അവന്റെ ഊഹം ശരിയായിരുന്നു.. മായ ഷൈനിനെ തന്നെ ആണ് നോക്കുന്നത്… പെട്ടന്ന് ആൻഡ്രൂ നോക്കുന്നത് കണ്ടതും മായ ഞെട്ടി കൊണ്ട് മുഖം മാറ്റി..

ആൻഡ്രൂ പിന്നെ നോക്കിയപ്പോൾ ഒന്നും മായ ഷൈനിനെ നോക്കുന്നതായി കണ്ടില്ല.. എന്തോ എവിടെയോ ഒരു വശ പിശക് ഉണ്ടല്ലോ എന്ന് ആൻഡ്രൂ മനസ്സിൽ ഓർത്തു….

അങ്ങനെ ഒരു വിധം രണ്ട് അറുബോറൻ പിരിയേടുകൾ അവർ തള്ളി നീക്കി… ഇനി ഇന്റർവെൽ ആണ്.. ഷൈനും ആൻഡ്രുവും വിഷ്ണുവും ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി… പോകുന്ന വഴിയിൽ വീണ്ടും ആൻഡ്രൂ ഇടം കണ്ണിട്ടു മായയെ നോക്കി… അതേ അവൾ ബഞ്ചിൽ ഇരുന്ന് കൊണ്ട് ഷൈൻ പോകുന്നത് തന്നെ ആണ് നോക്കുന്നത്.. പക്ഷേ അവളുടെ കണ്ണിൽ ദിയയുടെ കണ്ണിൽ ഉള്ള പോലുള്ള ഒരു ഭാവം അല്ല.. ആൻഡ്രുവിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു പിടക്കോഴിയുടെ എല്ലാ ഭാവങ്ങളും അവൾക്കുണ്ടായിരുന്നു..

ഇതേ സമയം അവർ മൂന്ന് പേരും ക്ലാസ്സിൽ നിന്നും ഇറങ്ങി പോകുന്നത് നോക്കി നിൽക്കുകയായിരുന്നു അരവിന്ദ്… ഇത് ഷൈനിനോട് സംസാരിക്കാൻ ഒരുപക്ഷേ നല്ലൊരു സമയം ആകും എന്നവന് തോന്നി…

അരവിന്ദ് ക്ലാസ്സിന് പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും പെൺകുട്ടികളുടെ വശത്ത് നിന്നും ഒരു കുട്ടി അവനെ വിളിച്ചു..

കാണാൻ അത്യാവശ്യം സുന്ദരി ആണ്. മെലിഞ്ഞ് വെളുത്തിട്ട്‌ ഒരുപാട് മുടിയും ഒക്കെ ആയി ഒരു മീഡിയം മോഡേൺ പെൺകുട്ടി… അവള് അവന്റെ പേര് വിളിച്ചതും അരവിന്ദ് അവിടെ നിന്നിട്ട് അവളെ നോക്കി.. അവൾ ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു ചെന്നു..

പെൺകുട്ടി: ഹായ് അരവിന്ദ്..

അരവിന്ദ്: ഹായ്…

പെൺകുട്ടി: എന്റെ പേര് കാവ്യ… ചുമ്മാ ഒന്ന് പരിചയപ്പെടാൻ വിളിച്ചതാ…

അരവിന്ദ്: ഓഹ്‌ it’s ok കാവ്യ…

കാവ്യ: അരവിന്ദിന്റെ ഫസ്റ്റ് ഡേ അല്ലേ ഇന്ന്.
. ഇവിടെ ആരെയും പരിചയം ആയില്ല എന്ന് തോന്നുന്നു..

അരവിന്ദ്: വന്നതല്ലേ ഒള്ളു.. എല്ലാവരെയും പരിചയപ്പെടനം..

അതും പറഞ്ഞ് കൊണ്ട് അരവിന്ദ് മുഖം വെട്ടിച്ചതും കണ്ടത് ഒരേ ബഞ്ചിൽ അടുത്തടുത്ത് ഇരിക്കുന്ന മായയെയും ദിയയെയും ആണ്…

അരവിന്ദ്: ഓഹ്‌.. അവർ ട്വിൻസ്‌ ആണല്ലേ..??

കാവ്യ: അതെ ദിയ ആൻഡ് മായ

അരവിന്ദ്: ഓകെ കാവ്യ.. എനിക്ക് ഒന്ന് പുറത്ത് പോണം നമുക്ക് പിന്നെ സംസാരിക്കാം.. ബൈ..

കാവ്യ: ഓകെ അരവിന്ദ്…

കാവ്യയോട് ഒന്ന് ചിരിച്ച് കാണിച്ച് അരവിന്ദ് ഷൈനിനെ കാണാൻ പുറത്തേക്ക് നടന്നു…

ഇതേ സമയം കാവ്യ തിരികെ ബെഞ്ചിലേക്ക് വന്നപ്പോൾ എല്ലാവരും അവളെ പൊതിഞ്ഞു…

ആമി: എന്താ മോളെ ഒരു പരിചയപ്പെടൽ ഒക്കെ..??

കാവ്യ: അതെന്താ ക്ലാസ്സിൽ ഒരു പുതിയ കുട്ടി വന്നാൽ പരിചയപ്പെടാൻ പാടില്ലേ..??

അശ്വതി: എന്നിട്ട് ഇവന്റെ മുന്നേ രണ്ട് പേര് വന്നല്ലോ.. അവരെ പരിചയപ്പെടാൻ എന്തേ പോകാഞ്ഞത്..??

കാവ്യ: ആര് ആ തല്ല് കൊള്ളിയും കൂടെ ഉള്ള കുരങ്ങനുമോ..?? അവനെ ഒക്കെ കണ്ടാൽ തന്നെ അറിയാം ഉടായിപ്പ് ആണെന്ന്…

ആമി: നീ അങ്ങനെ പുചിക്കുക ഒന്നും വേണ്ട.. ഷൈൻ തന്നെ ആണ് ലുക്ക്.. പിന്നെ ഷൈൻ അർജ്ജുനെ വെല്ലുവിളിചിരിക്കുക അല്ലേ.. അത് കഴിഞ്ഞിട്ട് ഒരു തീരുമാനത്തിൽ എത്തിയാൽ മതി…

സംഭാഷണത്തിൽ പങ്കെടുത്തില്ല എങ്കിലും മായയും ദിയയും എല്ലാം കേൾക്കുന്നുണ്ടായിരുന്നു… ഷൈൻ അർജ്ജുനെ വെല്ലുവിളിച്ച കാര്യം ഒക്കെ അപ്പോൾ ആണ് അവർ അറിയുന്നത്.. രണ്ട് പേർക്കും കൂടുതൽ അറിയാൻ ആകാംഷ ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ ദിയ അവരുടെ ഇടയിൽ കയറി ചോദിച്ചു കൂടെ ചെവിയോർത് മായയും..

ദിയ: ആരാ അർജ്ജുനെ വെല്ലുവിളിച്ചത്??

ആമി: ഷൈൻ…

ദിയ: എന്ത് വെല്ലുവിളി..?? എപ്പോൾ ആയിരുന്നു..??

ആമി: ഇന്ന് രാവിലെ കാന്റീനിൽ വച്ച്.. ഷൈൻ അങ്ങോട്ട് കേറി ചെന്നതാ… എല്ലാരും കരുതി ഉഗ്രൻ ഒരു ഫൈറ്റ് കാണാം എന്നാ.. പക്ഷേ അർജുൻ പറഞ്ഞു ഫൗണ്ടേഷൻ ഡേക്ക് ബോക്സിങ് മത്സരത്തിൽ വച്ച് ആകാം എന്ന്… എല്ലാരും ഇപ്പൊ അതിന്റെ ത്രില്ലിൽ ആണ്…

ദിയ മനസ്സിൽ ഓർക്കാൻ തുടങ്ങി.. ഇത്രേം സംഭവങ്ങൾ ഒക്കെ ഇതിന്റെ ഇടക്ക്‌ ന്നടന്നോ… ഇവൻ ആള് എന്തൊരു മണ്ടൻ ആണ്..?? അഹങ്കാരം കേറി ആളുകൾക്ക് ഇങ്ങനെ പ്രാന്താവുമോ..?? ആഹ്.. രണ്ടെണ്ണം കിട്ടുമ്പോ പഠിച്ചോളും..

മനസ്സിൽ ഇത്രേം ആലോചിച്ച് കൊണ്ട് ദിയ തിരിഞ്ഞതും കാണുന്നത്.. ബെഞ്ചിൽ ഇരുന്നു വിരൽ കടിച്ച് കൊണ്ട് എന്തോ നിഘൂഢമായി ആലോചിക്കുന്ന മായയെ ആണ്.
. ദിയ അവളുടെ തോളിൽ തട്ടി വിളിച്ചു…

ദിയ: എന്ത് പറ്റി മോളെ..?? റിലേ പോയി ഇരിക്കുന്നെ..??

മായ: ഞാൻ ആ ബോക്സിങ് മത്സരത്തെ കുറിച്ച് ആലോചിച്ച് ഇരിക്കുക ആയിരുന്നു…

ദിയ: നീ എന്തിനാ അതിനെ കുറിച്ച് ആലോചിക്കുന്നത്??

മായ: ഷൈനിന് അർജ്ജുനെ തോൽപ്പിക്കാൻ ഒക്കുമോ.??

ദിയ: അവനായിട്ട്‌ ചോദിച്ച് വാങ്ങിയതല്ലെ അനുഭവിക്കട്ടെ… അതിനു നീ എന്തിനാ ഇങ്ങനെ വേവലാതി പെടുന്നത്..??

മായ: ഏയ് ഒന്നൂല്ല…

മായ വീണ്ടും ആലോചനയിൽ മുഴുകി… ദിയക്ക്‌ എവിടെയൊക്കെയോ മായയിൽ ചെറിയ ചില മാറ്റങ്ങൾ അനുഭവപ്പെട്ടു എങ്കിലും വ്യക്തമായ കാരണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അവൾ തൽക്കാലം അത് വിട്ടു… 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങിയ അരവിന്ദ് ഷൈനിനെ അന്വേഷിക്കാൻ തുടങ്ങി.. കുറച്ച് മുന്നോട്ട് നടന്നപ്പോൾ ഷൈൻ വിഷ്ണുവിനും ആൻഡ്രുവിനും ഒപ്പം വരാന്തയുടെ ഒരു മൂലയിൽ നിൽക്കുന്നത് കണ്ടു..

ഒട്ടും സമയം പാഴാക്കാതെ അരവിന്ദ് ഷൈനിന്റെ അടുത്തേക്ക് ചെന്നു.. അരവിന്ദിനെ അവർ കണ്ടു എങ്കിലും സംസാരിക്കാൻ താൽപര്യം ഇല്ലാത്തതിനാൽ അവർ കണ്ട ഭാവം നടിച്ചില്ല.. അത് പ്രതീക്ഷിച്ച പോലെ തന്നെ അരവിന്ദ് അവിടെ ചെന്ന് ഷൈനിനെ വിളിച്ചു…

എന്നാൽ ഷൈൻ അത് കേട്ടതായി കൂട്ടാക്കാതെ വിഷ്ണുവിനോടും ആൻഡ്രുവിനോടും സംസാരിക്കുന്നത് തുടർന്നു… അരവിന്ദ് വീണ്ടും ഒരിക്കൽകൂടി ഷൈനിനെ വിളിച്ചു.. അപ്പോളും അതേ പ്രതികരണം തന്നെ ആണ് ഷൈനിൽ നിന്നും ഉണ്ടായത്…

ഇനിയും വെറുതെ വിളിക്കുന്നതിൽ അർത്ഥം ഇല്ല എന്ന് മനസ്സിലാക്കിയ അരവിന്ദ് ഷൈനിന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു..

അരവിന്ദ്: ഷൈൻ പ്ലീസ്.. എനിക്ക് പറ…

ഷൈനിന്റെ ഉള്ളിൽ ഉണ്ടായ ദേഷ്യത്തിന് കണക്കില്ലായിരുന്നു.. അരവിന്ദ് പറഞ്ഞ് മുഴുവിക്കും മുന്നേ ഷൈൻ അവന്റെ കൈ തോളിൽ നിന്നും തട്ടി മാറ്റി… രൗദ്രമയി അവനെ ഒന്ന് നോക്കിയ ശേഷം ഷൈൻ ക്ലാസ്സിലേക്ക് തന്നെ തിരികെ നടന്നു… കൂടെ ആൻഡ്രുവും വിഷ്ണുവും…

യഥാർത്ഥത്തിൽ ഷൈനിൽ നിന്നും ഇതിലും ഭയാനകമായ ഒരു പ്രതികരണം ആയിരുന്നു അരവിന്ദ് പ്രതീക്ഷിച്ചത്.. എങ്ങനെ എങ്കിലും ഷൈനിനെ തന്റെ അവസ്ഥ ബോധ്യപ്പെടുത്താൻ തന്നെ അരവിന്ദ് തീരുമാനിച്ചു… അവനും അവരുടെ കൂടെ നടന്നു…

ഷൈൻ ക്ലാസിലേക്ക് കയറിയതും അരവിന്ദും വന്ന് പുറകെ കയറി..

അരവിന്ദ്: ഷൈൻ എനിക്ക് പറയാൻ ഉള്ളത് നീ ഒന്ന് കേൾക് പ്ലീസ്..

ഷൈൻ: എനിക്കൊന്നും കേൾക്കണ്ട…. നിന്റെ പെങ്ങൾ എന്നോട് ചെയ്ത ചതി ഈ ജന്മം ഞാൻ മറക്കില്ല.. അവളുടെ ആങ്ങള ആണ് നീ എന്ന ഒറ്റ കാരണം കൊണ്ട് എനിക്ക് നിന്നോടും വെറുപ്പാണ്.. അതോണ്ട് മേലാൽ എന്റെ വഴിയിൽ കണ്ട് പോകരുത്…

ഷൈനിന് എപ്പോളും സംഭവിക്കുന്ന പോലെ തന്നെ ഇത്തവണയും ദേഷ്യവും ആവേശവും അധികമായി പോയി.. ഡയലോഗ് കഴിഞ്ഞ് ചുറ്റും നോക്കിയ ഷൈൻ കണ്ടത് എല്ലാം കേട്ട് അന്തം വിട്ട് നിശബ്ദമായി നിൽക്കുന്ന ക്ലാസ്സിലെ കുട്ടികളെ ആയിരുന്നു…

സ്വബോധം വീണ്ടുകിട്ടിയപ്പോൾ ഷൈൻ അവിടെ നിന്നും തന്റെ ബഞ്ച് ലക്ഷ്യമാക്കി നടക്കാൻ ഒരുങ്ങി.. എന്നാൽ അപ്പോളേക്കും അരവിന്ദിന്റെ ക്ഷമ നശിച്ചിരുന്നു.. തിരിഞ്ഞ് നടക്കുന്ന ഷൈൻ കേൾക്കാൻ എന്ന വണ്ണം അരവിന്ദും ഉറക്കെ പറഞ്ഞു…

അരവിന്ദ്: ഷൈൻ.. നീ പറഞ്ഞത് ഒക്കെ ശരിയാണ്… എന്റെ ചേച്ചി നിന്നോട് ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെ ആണ്… പക്ഷേ അതൊന്നും എന്റെ അറിവോടെയല്ല… അന്ന് രാത്രി ആണ് ഞാനും അവളിൽ ആദ്യമായി അങ്ങനെ ഒരു മാറ്റം കണ്ടത്.. നിനക്ക് അറിയുന്നതല്ലെ അവളെക്കാൾ കൂടുതൽ ഞാൻ സ്നേഹിച്ചത് നിന്നെ അല്ലേ.. അങ്ങനെ ഉള്ള നിന്നെ ചതിക്കാൻ ഞാൻ കൂട്ട് നിൽക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ..?? നിനക്ക് അറിയുമോ.. ആ സംഭവത്തിന് ശേഷം ഇന്ന് ഈ നിമിഷം വരെ ഞാൻ അവളോട് മിണ്ടിയിട്ടില്ല…

അരവിന്ദിന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞ് തുടങ്ങിയിരുന്നു.. മുഴുവൻ ക്ലാസ്സും അവരെ തന്നെ ആണ് നോക്കുന്നത്… എന്നാൽ അരവിന്ദ് പറഞ്ഞ കാര്യങ്ങളെല്ലാം ഷൈനിൽ വല്ലാതെ മാറ്റം സൃഷ്ടിച്ചു.. അവന്റെ ദേഷ്യം എല്ലാം പൂർണമായും മാറിയിരിക്കുന്നു.. അതൊന്നും വക വക്കാതെ അരവിന്ദ് വീണ്ടും പറഞ്ഞ് തുടങ്ങി…

അരവിന്ദ്: ഷൈൻ എനിക്കറിയാം നിന്റെ അവസ്ഥ.. പക്ഷേ.. ഇവിടെ വച്ച് നിന്നെ കാണും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.. എന്നെങ്കിലും നേരിൽ കാണുമ്പോൾ പറയണം എന്ന് കരുതിയിരുന്നത് ആണ്… ഇനിയും നിനക്ക് എന്നെ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ… It’s ok ഷൈൻ…

മറ്റെന്തെങ്കിലും അരവിന്ദ് പറയുന്നതിനും മുന്നേ ഷൈൻ അരവിന്ദിനെ കെട്ടിപ്പിടിച്ചു.. സന്തോഷം നിയന്ത്രിക്കാൻ ആവാതെ അരവിന്ദും തിരികെ ഷൈനിനെ കെട്ടിപ്പിടിച്ചു…

ഷൈൻ: സോറി ടാ…

അരവിന്ദ്: ഹേയ്.. അതൊന്നും കുഴപ്പല്ല.. എനിക്കറിയാം നിന്റെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും എന്ന്…

ഇരുവരും ഏറെ നേരം അങ്ങനെ തന്നെ നിന്നു.. അരവിന്ദ് പറഞ്ഞപോലെ അഞ്ജലിയെ ക്കാൾ കൂടുതൽ അരവിന്ദ് സ്നേഹിച്ചത് ഷൈനിനെ ആയിരുന്നു.. സ്വന്തം ചേട്ടന്റെ സ്ഥാനത്ത് ആയിരുന്നു അരവിന്ദിന്റെ മനസ്സിൽ ഷൈനിന്റെ സ്ഥാനം.. ഷൈൻ ആകട്ടെ അവനെ ഒരു അനിയനെ പോലെ തന്നെ ആയിരുന്നു കണ്ടിരുന്നത്.. എന്നാൽ അഞ്ജലിയുടെ പ്രവർത്തി അവർ ഇരുവർക്കിടയിലും ഉള്ള സൗഹൃദത്തെ ഇല്ലാതാക്കിയില്ല എങ്കിലും അതിന് ഒരു മറ തീർത്തിരുന്നു… എന്നാൽ ഇപ്പൊൾ ഇരുവരും തുറന്ന് സംസാരിച്ചതിന്റെ ഫലമായി അവരുടെ സൗഹൃദം വീണ്ടും തിരികെ വന്നിരിക്കുന്നു…

എന്നാൽ ഇതൊന്നും മനസ്സിലാകാതെ അന്തം വിട്ട് നിൽക്കുകയായിരുന്നു മുഴുവൻ ക്ലാസ്സും… മായയും ദിയയും അക്കൂട്ടത്തിൽ പെടും…

ക്ലാസ്സ് തുടങ്ങാൻ ഉള്ള സമയം ആയിരുന്നു.. അത് കൊണ്ട് തന്നെ എല്ലാവരും ബഞ്ചിൽ അവരവരുടെ സ്ഥാനത്ത് പോയി ഇരുന്നു.. അരവിന്ദും വിഷ്ണുവും ആൻഡ്രുവും ഷൈനും യഥാക്രമം ഒരേ ബഞ്ചിൽ ആയിരുന്നു ഇരുന്നത്…

എല്ലാവരും ഇടക്കിടക്ക് അവരെ നോക്കുന്നുണ്ട്… എന്തൊക്കെയോ രഹസ്യങ്ങൾ ഇവർക്കെല്ലാം ഇടയിൽ ഉള്ളതായി എല്ലാവർക്കും സംശയം തുടങ്ങി കഴിഞ്ഞിരുന്നു… എന്നാൽ അത് നേരിട്ട് അവരോട് ചോദിക്കാൻ മാത്രം അടുപ്പം ആർക്കും ഇല്ല താനും… ഇതിനോടകം തന്നെ വിഷ്ണു പൂർണമായും അവരുടെ കൂടെ ആയതിനാൽ അവനോട് ചോദിക്കുന്നതിൽ അർത്ഥം ഇല്ല എന്ന് എല്ലാവർക്കും ബോധ്യമായി….

ദിയ ഇതൊന്നും അത്ര വലിയ കാര്യമായി എടുത്തിരുന്നില്ല… അവള് അവളുടെ കാര്യങ്ങളിൽ മുഴുകി ഇരുന്നു.. എന്നാല് മായയുടെ കാര്യത്തിൽ സ്ഥിതി മറ്റൊന്നായിരുന്നു.. അവൾ അപ്പോഴും കൂലങ്കഷമായി എന്തോ ആലോചിക്കുക ആയിരുന്നു.. മറ്റൊന്നും അല്ല.. ഷൈനും അരവിന്ദും തമ്മിൽ സംസാരിച്ച കാര്യങ്ങൾ തന്നെ ആയിരുന്നു… എന്ത് ചതി ആയിരിക്കും അരവിന്ദിന്റെ ചേച്ചി ഷൈനിനോട് ചെയ്തിട്ടുള്ളത്..?? പ്രണയിച്ച് പറ്റിച്ചത് വല്ലതും ആകുമോ..???

അവൾക്ക് അവളുടെ ആകാംഷയെ നിയന്ത്രിക്കാൻ ആയില്ല അവൾ പതിയെ ദിയയെ തോണ്ടി വിളിച്ചു… എന്താ എന്ന് ചോദിച്ച് കൊണ്ട് ദിയ അവളെ തിരിഞ്ഞ് നോക്കി…

മായ: എന്തായിരിക്കും ഷൈനും അരവിന്ദിന്റെ ചേച്ചിയും തമ്മിൽ പ്രശ്നം..??

ഇത് കേട്ടതും ദിയ മറുപടി ഒന്നും പറയാതെ മായയുടെ മുഖത്തേയ്ക്ക് തന്നെ കുറച്ച് നേരം സൂക്ഷിച്ച് നോക്കി… ഇത് കണ്ടപ്പോൾ എന്തോ പന്തികേട് മണത്ത മായ ചോദിച്ചു..

മായ: എന്താ ഇങ്ങനെ നോക്കുന്നത്..??

ദിയ: അല്ല.. ഞാൻ കുറച്ച് നേരായിട്ട്‌ നോക്കുന്നുണ്ട്.. എന്താ മോളുടെ ഉദ്ദേശം..??

മായ: എന്ത് ഉദ്ദേശം..??

ദിയ: നിനക്കെന്താ ആ ഷൈനിന്റെ കാര്യത്തിൽ ഇത്ര ഉത്ക്കണ്ഠ…?? അവൻ ആരാ നിന്റെ.???

മായ: എനിക്ക് ഉത്ക്കണ്ഠ ഒന്നും ഇല്ല.. വെറുതെ ചോദിച്ചതാ.. നീയും കണ്ടതല്ലേ അവർ സംസാരിച്ചത്..

ദിയ: ഒന്നും ഇല്ലേൽ നിനക്ക് കൊള്ളാം.. ഇല്ലെങ്കിൽ പൊന്ന് മോളെ.. ഇടിച്ച് ഞാൻ മൂന്തേടെ ഷൈപ്പ്‌ മാറ്റും..??

ദിയ അത് തമാശക്ക് പറഞ്ഞത് ആണെങ്കിലും മായ അതിൽ പിടിച്ച് ഒരു മറു ചോദ്യം ചോദിച്ചു…

മായ: അതെന്താ.. നിനക്ക് വല്ലതും ഉണ്ടോ അവനോട്..??

ദിയ: അതിന് ദിയ വേറെ ജനിക്കണം.. പിന്നേ പ്രേമം.. അതും അവനെ പോലെ ഒരു തരികിടയോട്…

ദിയ അത് പറഞ്ഞപ്പോൾ മായക്ക്‌ അൽഭുതം ഒന്നും തോന്നിയില്ല… കാരണം അവളുടെ സ്വഭാവം ഈ ലോകത്ത് വേറെ ആരെക്കാളും മായക്കേ അറിയൂ… എന്നാൽ ഒരിക്കൽ അവൾ ഇത് തിരുത്തി പറയും എന്ന് തന്നെ മായ വിശ്വസിച്ചു….

അപ്പോളേക്കും അധ്യാപകൻ വന്ന് ക്ലാസ്സ് ആരംഭിച്ചു… എല്ലാവരും ക്ലാസ്സിൽ ശ്രദ്ധിക്കാനും ഇടക്കൊക്കെ അഭിനയിക്കാനും തുടങ്ങി… വിശന്ന് ഒരു പരുവം ആയിരുന്നു എല്ലാവരും.. അങ്ങനെ അതികം താമസിയാതെ തന്നെ പകുതി ദിവസം അവസാനിച്ച് ലഞ്ച് ബ്രേക്ക് ആയി….

അരവിന്ദ്: എല്ലാവരോടും കൂടി പറയാണ്‌.. ഇന്ന് എന്റെ ചിലവ്…

ആൻഡ്രൂ: വളരെ സന്തോഷം…

ഷൈൻ: അപ്പോ എവിടെ പോകാം..??

വിഷ്ണു: ഇവിടെ അടുത്ത് ഒരു ചൈനീസ് റെസ്റ്റോറന്റ് ഉണ്ട്. അവിടെ പോയാലോ..??

അരവിന്ദ്: ഓകെ…

അങ്ങനെ പ്ലാൻ ഒക്കെ ഇട്ട് നാല് പേരും പുറത്തേക്ക് നടന്നു… പതിവ് പോലെ മായ ഷൈനിനെ നോക്കുന്നുണ്ടായിരുന്നു… അത് അതിവിദഗ്ധമായി ആൻഡ്രൂ കാണുകയും ചെയ്തു..

ഇതിനെക്കുറിച്ച് ഷൈനിനോട് സംസാരിക്കാൻ തന്നെ ആൻഡ്രൂ തീരുമാനിച്ചു.. പക്ഷേ ഇപ്പൊൾ അല്ല സമയം ആകട്ടെ…

അങ്ങനെ അവർ നാല് പേരും ഒരുമിച്ച് പുറത്തേക്ക് നടന്നു..

വിഷ്ണു: അല്ല… നമ്മൾ നാലാൾ ഇല്ലെ.. എങ്ങനെ ബൈക്കിൽ പോകും??

ആൻഡ്രൂ: അത് നേരാണല്ലോ… ഇവിടെ നിന്ന് ഒത്തിരി ദൂരെ ആണോ..??

വിഷ്ണു: നടന്നാൽ കുറച്ച് നടക്കണം… നല്ല വെയിലാണ്…..

ഷൈൻ: വിഷ്ണു നീ ആരോടെങ്കിലും ബൈക്ക് തരുമോ എന്ന് ചോദിച്ച് നോക്ക്…

വിഷ്ണു: ഇവിടെ ഇപ്പൊ… ആരോട് ചോദിക്കും…….

അവർ ആരെയെങ്കിലും കാണുമോ എന്ന് നോക്കിക്കൊണ്ട് നിന്നപ്പോൾ ആണ് കാവ്യ അങ്ങോട്ട് വരുന്നത് കണ്ടത്… കാവ്യ അവരുടെ അടുത്ത് എത്തിയതും അരവിന്ദിനെ നോക്കി ഒന്ന് ചിരിച്ചു.. എന്നിട്ട് അവളുടെ സ്‌കൂട്ടിയുടെ സീറ്റിന്റെ അടിയിൽ നിന്നും ലഞ്ച് ബോക്സ് എടുത്ത് സീറ്റ് താഴ്ത്തി ലോക് ചെയ്തു…

ഷൈൻ: ടാ വിഷ്ണു.. അവളോട് വണ്ടി തരുമോ എന്ന് ചോദിക്ക്‌…

വിഷ്ണു: അവള് തരുമോ.??

ആൻഡ്രൂ: നീ ചോദിക്ക്…

എല്ലാവരും നിർബന്ധിച്ചപ്പോൾ വിഷ്ണു രണ്ടും കൽപ്പിച്ച് കാവ്യയുടെ അടുത്തേക്ക് ചെന്നു…

വിഷ്ണു: കാവ്യാ…

കാവ്യ: എന്താ വിഷ്ണു..??

വിഷ്ണു: നിന്റെ വണ്ടി ഒന്ന് തരുമോ..?? ഫുഡ് കഴിക്കാൻ പോകാൻ ആണ്…

കാവ്യ: എടാ.. അത്.. വണ്ടി…

വിഷ്ണു: ഞങ്ങൾ നാലാളുണ്ട് അപ്പോ ഷൈനിന്റെ വണ്ടിയിൽ പോകാൻ പറ്റില്ല.. അതോണ്ട് ആണ്…

കാവ്യ: ഓഹ്‌.. അരവിന്ദും വരുന്നുണ്ടോ നിങ്ങളുടെ കൂടെ..??

വിഷ്ണു: ആ വരുന്നുണ്ട്…

കാവ്യ: അല്ല വിഷ്ണു.. ഈ ഷൈനും അരവിന്ദും തമ്മിൽ എങ്ങനെ ബന്ധം..??

വിഷ്ണു: ആ അതൊന്നും എനിക്കറിയില്ല.. ഫാമിലി ഫ്രണ്ട്സ് ആണെന്ന് തോന്നുന്നു… നീ വണ്ടി തരുമോ ഇല്ലയോ പറ..

കാവ്യ: വണ്ടി ഒക്കെ തരാം.. സൂക്ഷിച്ച് കൊണ്ടുപോണം…

വിഷ്ണു: അതൊക്കെ ഞാൻ ഏറ്റു…

കാവ്യ താക്കോൽ വിഷ്ണുവിന്റെ കയ്യിലേക്ക് കൊടുത്തു.. വിഷ്ണു അത് വാങ്ങിച്ച് അവളോട് നന്ദിയും പറഞ്ഞു തിരികെ അവരുടെ അടുത്തേക്ക് നടന്നു..

വിഷ്ണു: കിട്ടി മക്കളെ പോകാം…

ഷൈൻ: ഞാനും ആൻഡ്രുവും ബൈക്കിൽ വരാം.. നീയും അരവിന്ദും സ്‌കൂട്ടിയിൽ വാ…

അരവിന്ദ്: ഓകെ…

അങ്ങനെ അവർ നേരെ ഹോട്ടലിലേക്ക് വണ്ടി ഓടിച്ചു…

🌀🌀🌀🌀🌀🌀🌀🌀🌀ഇതേ സമയം ക്ലാസ്സ് മുറിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ദിയയും മായയും..

മായ: കഴിച്ച് കഴിഞ്ഞ് എനിക്ക് ലൈബ്രറിയിൽ പോണം..

ദിയ: എന്തിന്..?? ബുക്ക് വല്ലതും എടുക്കണോ..??

മായ: നാളെ അല്ലേ മാഗസിൻ റിലീസ്.. അതോണ്ട് ആദ്യത്തെ ഭാഗം ഇന്ന് തന്നെ കൊടുക്കണം..

ദിയ: ശരി.. ശരി… 🌀🌀🌀🌀🌀🌀🌀🌀🌀🌀

ഷൈനും കൂട്ടുകാരും ഇതിനോടകം തന്നെ റെസ്റ്റോറന്റിൽ എത്തിയിരുന്നു… ഒരു അടിപൊളി ഫൈവ് സ്റ്റാർ റസ്റ്റോറന്റ്… അവർ നാല് പേരും ഒരു ടേബിളിൽ ഇരുന്നു.. നാല് പേരും ഫുഡ് ഒക്കെ ഓർഡർ ചെയ്ത് വെയിറ്റ് ചെയ്ത് ഇരിക്കുകയായിരുന്നു…

അരവിന്ദ്: അല്ല ഷൈൻ… നീയും ആൻഡ്രുവും എങ്ങനെ ഇവിടെ എത്തി..??

ആൻഡ്രൂ: ഞങ്ങളെ നന്നാക്കാൻ വേണ്ടി ഞങ്ങളെ വീട്ടുകാർ അയച്ചതാ…

അരവിന്ദ്: എന്നിട്ട് നന്നായോ..??

ആൻഡ്രൂ: പോക്ക് കണ്ടിട്ട് മിക്കവാറും നന്നാകും…

അരവിന്ദ്: അതെന്താ..??

ഷൈൻ: അതൊന്നും ഇല്ല.. അല്ല നീ എങ്ങനെ ഇവിടെ എത്തി… നിങ്ങള് ഒക്കെ അമേരിക്കയിൽ പോയി എന്നാണല്ലോ ഞാൻ കേട്ടത്…

അരവിന്ദ്: ഞങ്ങൾ അല്ല.. അവർ.. ഞാൻ പോയില്ല.. ഞാൻ ഇവിടെ എന്റെ അങ്കിളിന്റെ കൂടെ നിൽക്കാന് ആണ് തീരുമാനിച്ചത്…

ഷൈൻ: ഹോ…

അരവിന്ദ്: ഹാ പിന്നെ.. നമ്മുടെ ക്ലാസ്സിൽ ട്വിൻ സിസ്റ്റേ‍ഴ്‌സ് ഉണ്ടല്ലേ…

ആൻഡ്രൂ: ആ ഉണ്ട്… അതിൽ ഒന്ന് നമ്മുടെ ഷൈനിന്റെ ലൈൻ ആണ്…

അരവിന്ദ്: ഷൈനിന്റെ ലൈനോ…??

ഷൈൻ പെട്ടന്ന് തന്നെ ആൻഡ്രുവിന്റെ തലക്കിട്ട്‌ കൊട്ടികൊണ്ട് പറഞ്ഞു…

ഷൈൻ: പോടാ.. എനിക്ക് അവളുമാരെ രണ്ടിനേം കണ്ണെടുത്താൽ കണ്ടൂട…

അരവിന്ദ്: അതെന്താ.???

ഷൈൻ: എടാ അതിൽ ആ മോഡേൺ ലുക്ക് ഉള്ളവൾ ആണെങ്കിൽ ഒരു തനി ചട്ടമ്പി ആണ്.. മിക്കവാറും അവക്ക് എന്റെ കയ്യിൽ നിന്ന് ഒരു പണി കിട്ടും… പിന്നെ മറ്റവൾ.. അവൾ ആള് പാവം ആണ്.. പക്ഷേ പെണ്ണല്ലേ ഉറപ്പിച്ച് പറയാൻ പറ്റില്ല…

അരവിന്ദ്: ഹാ.. ഇതിൽ എവിടെ നീ അവളെ ഇത്രക്ക് വെറുക്കാൻ ഉള്ള കാരണം…

ആൻഡ്രൂ: നിക്ക്‌..നിക്ക്‌.. ഞാൻ പറയാം……

ആൻഡ്രൂ മായയെ ആദ്യം കണ്ടത് മുതൽക്ക് അർജ്ജുനെ വെല്ലുവിളിച്ചത് മുതൽക്കുള്ള കാര്യങ്ങൾ എല്ലാം അരവിന്ദിന്റെ അടുത്ത് പറഞ്ഞു… എല്ലാം കേട്ടതിനു ശേഷം അരവിന്ദ് ചോദിച്ചു..

അരവിന്ദ്: ഓഹോ.. അപ്പോ മായ ഊമയാണല്ലെ…

വിഷ്ണു: അതെ.. അതുകൊണ്ടാണല്ലോ ഇവർ അവരെ തെറ്റിദ്ധരിച്ചത്…

അരവിന്ദ്: അല്ല അപ്പോ ഷൈൻ ആ അർജ്ജുനെ ചലഞ്ച് ചെയ്തിരിക്കുകയാണ് അല്ലേ..

ആൻഡ്രൂ: പിന്നെ.. എന്ത് കണ്ടിട്ടാണ് ചാടി കയറി ചാലഞ്ച് ചെയ്തത് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല…

അരവിന്ദ്: അല്ല.. അതിന് ഷൈനിന് ബോക്സിങ് അറിയാമോ..???

ഷൈൻ: ബോക്സിങ്… അത്.. ബോക്സിങ് അറിയില്ല… പക്ഷേ അവനെ എങ്ങനെ എങ്കിലും തോൽപ്പിക്കും ഞാൻ..

അരവിന്ദ്: എങ്ങനെ യൂട്യൂബ് നോക്കി ബോക്സിങ് പഠിക്കാൻ ആണോ പ്ലാൻ..

ഷൈൻ: അത്….

അരവിന്ദ്: ഞാൻ ഹെൽപ് ചെയ്യട്ടെ…

ഷൈൻ: എങ്ങനെ..??

അരവിന്ദ്: എനിക്ക് ബോക്സിങ് അറിയാം… ചാമ്പ്യൻ ഒന്നും അല്ല.. പക്ഷേ അത്യാവശ്യം ഒക്കെ അറിയാം…

ഷൈൻ: അത് മതി.. ഒരു ഏകദേശ ഐഡിയ കിട്ടിയാ മതി…

അരവിന്ദ്: അത് ഞാൻ റെഡി ആക്കി തരാം…

ആൻഡ്രൂ: അപ്പോ അത് ഓക്കേ ആയി… ഇനി ഞാൻ വേറെ ഒരു കാര്യം പറയാം.. ആ മായ ഇല്ലെ അവൾക്ക് ഷൈനിനെ ഒരു നോട്ടം ഉണ്ട്.. ഞാൻ കുറച്ചായി നോക്കുന്നുണ്ട്.. ഒളിച്ചും പാത്തും അവള് ഇവനെ തന്നെ ആണ് നോക്കുന്നത്..

ഷൈൻ: ഒന്ന് വെറുതെ ഇരിയെടാ…

ആൻഡ്രൂ: ഇത് തമാശ അല്ല.. ഞാൻ സീരിയസാടാ…

ഷൈൻ: പിന്നെ.. ഒന്ന് പോടാ…

ആൻഡ്രൂ: നിനക്ക് വേണെങ്കിൽ വിശ്വസിക്ക്…

ഷൈൻ: ഇനിയിപ്പോ അവള് നോക്കിയാ തന്നെ എനിക്കെന്താ..??

ആൻഡ്രൂ: ഓഹോ.. അങ്ങനെ ആണോ.. എന്നാ ഓകെ… 🌀🌀🌀🌀🌀🌀🌀🌀🌀

അവർ നാലുപേരും ഒന്നിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ച് തിരികെ കോളജിലേക്ക് തന്നെ മടങ്ങി ചെന്നു.. അർജ്ജുനെ അരവിന്ദിന് കാണിച്ച് കൊടുക്കാൻ അവർ ശ്രമിച്ചെങ്കിലും ഉച്ചക്ക് ശേഷം അവനെ ആരും കോളജിൽ കണ്ടില്ല…

അങ്ങനെ അവസാന പിരിയഡ് നടന്ന്‌ കൊണ്ടിരിക്കുകയായിരുന്നു… ഇതിനിടക്ക് ആൻഡ്രൂ പറഞ്ഞത് ശരിയാണോ എന്നറിയാൻ ഷൈൻ മായയുടെ വശത്തേക്ക് നോക്കിയതും ദിയ ബാക്കിലേക്ക്‌ തിരിഞ്ഞ് നോക്കിയതും ഒരുമിച്ചായിരുന്നു… അവളുടെ കണ്ണുരുട്ടി ഉള്ള നോട്ടം കണ്ടപ്പോൾ തന്നെ ഷൈൻ വേഗം നോട്ടം മാറ്റി…

അങ്ങനെ ലെച്ചർ ഒക്കെ കഴിഞ്ഞ് മിസ്സ് പുസ്തകം ഒക്കെ മടക്കി വച്ചു.. എന്നിട്ട് പറയാൻ ആരംഭിച്ചു…

മിസ്സ്: ഓകെ സ്റ്റുഡന്റ്സ്.. എല്ലാർക്കും അറിയാലോ.. നെക്സ്റ്റ് മന്ത് നമ്മുടെ ഫൗണ്ടേഷൻ ഡേ ആണ് അപ്പോ അതിന്റെ കൊമ്പട്ടീഷൻ ഐറ്റംസ് ഒക്കെ നാളെ നോട്ടീസ് ബോർഡിൽ ഉണ്ടാകും താൽപ്പര്യം ഉള്ളവർ അതത് വിഭാഗത്തിന് പേര് കൊടുക്കുക… പിന്നെ എല്ലാ വർഷത്തെയും പോലെ ഈ വർഷവും ബഡ്ഡി പെയർ സിസ്റ്റം ഉണ്ട്..

മുഴുവൻ കുട്ടികളും നല്ല ആകാംക്ഷയിൽ ആയിരുന്നു.. ആർക്കൊക്കെ ആരെ പെയർ ആയി കിട്ടും എന്നുള്ള ആകാംക്ഷയിൽ.. ഷൈനിനും ആൻഡ്രുവിനും അരവിന്ദിനും ഇതെല്ലാം പുതിയ അനുഭവം ആയിരുന്നെങ്കിലും അവരും തങ്ങളുടെ പെയറിനുള്ള കാത്തിരിപ്പിൽ ആയിരുന്നു….

അങ്ങനെ മിസ്സ് ഓരോരോ നറുക്കുകൾ ആയി എടുത്ത് പേര് വായിക്കാൻ തുടങ്ങി…

ആമി ആൻഡ് അജയ്…

അശ്വതി ആൻഡ് രേണുക…

രാഹുൽ ആൻഡ് ദീപ്തി…

………

………

കാവ്യ ആൻഡ് ജെറി…

ആൻഡ്രൂസ് ആൻഡ് ആയിഷ…

ആൻഡ്രുവിന്റെ പെയർ ആയിഷ ആണ് എന്നറിഞ്ഞപ്പോൾ അവന്റെ മുഖം ഒന്ന് തുടുത്തു.. ആൺ ആയില്ലല്ലോ എന്ന സന്തോഷം ആണ് അവന്.. അവൻ വെറുതെ ആയിഷയെ നോക്കി.. അവളും ഒന്ന് ചിരിച്ച് കാണിച്ചു…

വിഷ്ണു ആൻഡ് സിനി

വിഷ്ണുവിനും ഒരു പെൺകുട്ടിയെ തന്നെ ആണ് കിട്ടിയത്.. അവനും ഹാപ്പി.. പക്ഷേ ഷൈനിന്റെ മനസ്സിൽ ഒരിക്കലും ഒരു പെൺകുട്ടിയെ കിട്ടരുത് എന്നും തന്റെ കൂട്ടുകാരെ ആരെ എങ്കിലും കിട്ടണെ എന്നും ആയിരുന്നു.. പക്ഷേ അവരെല്ലാം വേറെ ആളുകളുടെ കൂടെ പോവുകയാനല്ലോ…

നേഹ ആൻഡ് അരവിന്ദ്..

അങ്ങനെ ഷൈനിന്റെ അവസാന പ്രതീക്ഷയും പോയി.. പക്ഷേ നേഹയുടെ മുഖത്ത് അരവിന്ദിനെ പെയർ ആയി കിട്ടിയതിന്റെ നല്ല തെളിച്ചം ഉണ്ടായിരുന്നു…

മായ ആൻഡ് ശ്രീലക്ഷ്മി…

മായക്ക്‌ ശ്രീലക്ഷ്മിയെ ആണ് കിട്ടിയത്.. മായ വളരെ ഹാപ്പി ആയി ആണ് കാണപ്പെട്ടത്…

ബിനോയ് ആൻഡ് അഖിൽ.. ……… ……….

ദിയ….. ആൻഡ്….. ഷൈൻ…

ഓകെ സ്റ്റുഡന്റ്സ് ഇത്രയും ആണ് നിങ്ങളുടെ പെയർ സെലക്ഷൻ…

അവസാന പേര് കേട്ട ഷൈനും ദിയയും ഉൾപ്പടെ മൊത്തം ക്ലാസും ഞെട്ടി പോയി.. രണ്ട് ശത്രുക്കൾ.. അതും നേരിൽ കണ്ടാൽ കടിച്ച് കീറാൻ നിൽക്കുന്ന രണ്ട് ശത്രുക്കൾ ഒരേ ഗ്രൂപ്പിൽ.. മിക്കവാറും ഫൗണ്ടേഷൻ തീരുന്നതിന് മുന്നേ ഇവർ രണ്ടും തമ്മിൽ തല്ലി ചാകും എന്നാണ് എല്ലാവരും പരസ്പരം പറയുന്നത്…

ഷൈനിന്റെ മുഖത്ത് കടുത്ത അമർഷം ആയിരുന്നു..

ഷൈൻ: ആൻഡ്രൂ.. ഇത് ശരിയാവില്ല.. ഞാൻ മിസ്സിന്റെ അടുത്ത് പോയി പറയാൻ പോവാ.. എനിക്ക് ഇവളുടെ കൂടെ പറ്റില്ല എന്ന്…

വിഷ്ണു: ഒരു കര്യോം ഇല്ല ബ്രോ.. മുന്നേ ഞങ്ങൾ കുറെ പറഞ്ഞിട്ടുള്ളതാണ്.. എന്തായാലും മാറ്റൂല…

ഷൈൻ: ശേ.. പിന്നെ ഞാൻ അവളുടെ കൂടെ ഒരു ഗ്രൂപ്പിലോ.. അതും ഞങ്ങൾ രണ്ടുപേരും മാത്രം.. ഇംപോസിബിൾ…

ആൻഡ്രൂ: നീ ഒന്നടങ്ങ്‌ എന്നിട്ട് ഞാൻ പറയുന്നത് കേൾക്കൂ… നിന്റെ ഈ കാമ്പസിലെ രണ്ടാമത്തെ ശത്രു ആരാ..?? അവള് അല്ലേ..?? അർജ്ജുന്റെ പണി കഴിഞ്ഞാൽ നീ ഇവൾക്കിട്ട്‌ ഒരു പണി കൊടുക്കാൻ നിൽക്ക്വലേ… അതോണ്ട് നീ ഇപ്പൊ ഈ ചാൻസ് വിട്ട് കളയണ്ട… ഇതൊരു നല്ല ഓപ്ഷൻ ആണ്…

അരവിന്ദ്: ടാ.. നീ ഇവൻ പറയുന്നത് ഒന്നും കേൾക്കണ്ട.. പിന്നെ.. പണി കൊടുക്കാൻ നടക്കുന്നു.. നിനക്ക് വേണ്ടെങ്കിൽ നീ മിസ്സിനോട് പറഞ്ഞ് മാറാൻ നോക്ക്..

വിഷ്ണു: എനിക്കും അതാണ് നല്ലത് എന്ന് തോന്നുന്നു ബ്രോ…

ഷൈൻ: അല്ല.. ആൻഡ്രൂ പറഞ്ഞതാണ് ശരി.. അവൾക്കിട്ട്‌ പണിയാൻ.. ഇത് തന്നെ ആണ് ബെസ്റ്റ് ഓപ്ഷൻ…. 🌀🌀🌀🌀🌀🌀🌀🌀🌀🌀

ദിയ: ശേ.. ഞാൻ പേടിച്ച പോലെ തന്നെ സംഭവിച്ചു.. ഒരു ബോയ്.. അതും അവൻ..

ദിയ ദേഷ്യം കൊണ്ട് ഡെസ്കിൽ മുഷ്ടി ചുരുട്ടി ഇടിച്ചു… മായ ദിയയുടെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു..

മായ: പക്ഷേ ഞാൻ ആഗ്രഹിച്ച പോലെ തന്നെ നടന്നു…

ദിയ: എന്ത്…???!!!

മായ: അല്ല.. അത്.. അവന്റെ കൂടെ ആണെന്ന് വച്ച് എന്താ ഇപ്പൊ ഇത്ര കുഴപ്പം

ദിയ: ഞാനും അവനും തമ്മിൽ ഒത്ത് പോകും എന്ന് തോന്നുന്നില്ല…

മായ: പക്ഷേ മിസ്സ് എന്തായാലും സെലക്ഷൻ മാറ്റില്ല…

ദിയ: അതും ശരിയാ.. ഇനി വരുന്നിടത്ത് വച്ച് കാണാം…

മായയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു… ദിയയുടെ ഉള്ളിൽ പക്ഷേ ആകെ ആശയക്കുഴപ്പങ്ങൾ ആയിരുന്നു… അവള് ബാക്കിലേക്ക്‌ തിരിഞ്ഞ് ഷൈനിനെ നോക്കി അവനും അതെ സമയം അവളെ തിരിഞ്ഞ് നോക്കി..

മായ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് മറുപടി പറയാൻ ആരംഭിച്ചു…

മായ: ഇല്ല ഇന്ന് നേരത്തെ കിടക്കണം.. ഇന്നലത്തെ ക്ഷീണം ഉണ്ട്…

ദിയ: ഹോ.. അപ്പോൾ ഇന്ന് എഴുത്തില്ലെ..??

മായ: ഇന്നില്ല.. നാളെ വായിച്ചിട്ട് എല്ലാവരുടെയും അഭിപ്രായം വരട്ടെ എന്നിട്ട് വേണം രണ്ടാം ഭാഗം പ്ലാൻ ചെയ്യാൻ…

ദിയ: ഓകെ.. ഓകെ.. എന്നാ വന്ന് കിടക്കാൻ നോക്ക്…

മായ ബെഡിൽ ദിയക്ക്‌ അരികിൽ ചെന്ന് കിടന്നു…

മായ: നീയും ഷൈനും എന്താ പ്ലാൻ ചെയ്യുന്നത്..??

ദിയ: അറിയില്ല.. അവന് വല്ലതും അറിയുമോ ചോദിക്കണം.. പടം വരക്കാനോ പാടാനോ എന്തേലും ഒക്കെ..

മായ: എനിക്ക് ഉറപ്പുണ്ട് ഈ പ്രോഗ്രാം കഴിയുമ്പോഴേക്കും നിങ്ങളുടെ വഴക്ക് ഒക്കെ മാറും..

ദിയ: ആർക്കറിയാം അവന്റെ സ്വഭാവം മാറിയാൽ ചിലപ്പോൾ ഓകെ ആവുമായിരിക്കും.. മതി.. മതി ഉറങ്ങാൻ നോക്ക്…. 🌀🌀🌀🌀🌀🌀🌀🌀🌀🌀

മറ്റൊരിടത്ത് ഷൈനും ആൻഡ്രുവും നല്ല ഹാർഡ്കോർ ഗെയിമിങിൽ ആയിരുന്നു.. സമയം പോകുന്നതും ഉറങ്ങണം എന്നതും ഇരുവരും പാടെ മറന്നിരുന്നു… ക്ലോക്കിലെ വലിയ സൂചിയും ചെറിയ സൂചിയും ഒക്കെ പലവട്ടം കറങ്ങി വന്നിട്ടും ഇരുവരും അതൊന്നും അറിഞ്ഞത് പോലും ഇല്ല…. 🌀🌀🌀🌀🌀🌀🌀🌀

രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ എല്ലാം തീർത്ത് മായയും ദിയയും പതിവ് പോലെ കോളജിലേക്ക് പുറപ്പെട്ടു.. എന്നാൽ ഇന്ന് മായയുടെ മുഖത്ത് പതിവിൽ നിന്നും വിത്യസ്തമായി ഒരു ടെൻഷൻ ഉള്ളതായി ദിയ കണ്ടു.. ചിലപ്പോൾ നോവൽ ഇറങ്ങാൻ ഉള്ളതിന്റെ ആയിരിക്കും എന്ന് കരുതി അവൾ അത് ചോദിക്കാൻ ഒന്നും പോയില്ല…

അങ്ങനെ പതിവ് സമയത്ത് തന്നെ ഇരുവരും കോളജിൽ എത്തി.. പാർക്കിങ്ങിൽ വണ്ടി നിർത്തി ക്ലാസ്സിലേക്ക് നടക്കുമ്പോൾ എല്ലാവരും തന്നെ തന്നെ നോക്കുന്നതായാണ് ദിയക്ക്‌ തോന്നിയത്… ചിലർ ഒക്കെ ചിരിക്കുന്നും ഉണ്ടോ..??

ദിയ: എന്റെ മുഖത്ത് എന്തേലും ഉണ്ടോ..??

മായ: ഇല്ല.. എന്താ..??

ദിയ: അല്ല.. എല്ലാവരും എന്നെ നോക്കി ചിരിക്കുന്ന പോലെ..

മായ: അത് തോന്നിയതാവും…

അങ്ങനെ അവർ ഇരുവരും ക്ലാസ്സിൽ എത്തി… ബാഗ് ബെഞ്ചിൽ വച്ച് ദിയ പറഞ്ഞു..

ദിയ: വാ ലൈബ്രറിയിൽ പോകാം നോവൽ വായിക്കണ്ടെ മാഗസിൻ ഇറങ്ങിക്കാണും..

മായ: ഞാൻ ഇല്ല.. എനിക്ക് അറിയാവുന്നത് അല്ലേ.. നീ പോയി വായിച്ച് അഭിപ്രായം പറ…

ദിയ : ഓക്കേ…

അങ്ങനെ ദിയ ലൈബ്രറി നോക്കി നടന്നു.. പോകുന്ന വഴിയിലും ജൂനിയർ പിള്ളേർ ഉൾപ്പടെ തന്നെ ഒരുമാതിരി നോട്ടം നോക്കുന്നത് അവൾ ശ്രദ്ധിച്ചു.. അങ്ങനെ അവസാനം അവൾ ലൈബ്രറിയിൽ എത്തി… മാഗസിൻ സെക്ഷനിൽ പോയി ഒരു കോപ്പി എടുത്തു..

കവർ പേജിൽ തന്നെ മായയുടെ നോവലിന്റെ ആഡ് കണ്ടു.. അവൾ മാഗസിൻ തുറന്ന് നോവൽ ഉള്ള പേജ് എടുത്തു… എന്നിട്ട് അവിടെ ഒരു ചെയറിൽ ഇരുന്ന് വായിച്ച് തുടങ്ങി….

പതിവ് പോലെ തന്നെ മായ മനോഹരമായി എഴുതിയിരിക്കുന്നു… എന്നാൽ വായിച്ച് പോകെ പോകെ അവൾക്ക് അവൾ വായിക്കുന്നത് വിശ്വസിക്കാൻ ആയില്ല… ഞൊടിയിടയിൽ അവള് പേജുകൾ മറിച്ച് വായിക്കാൻ തുടങ്ങി… അങ്ങനെ വായന പൂർത്തിയായത് അവൾ മാഗസിനും കൊണ്ട് ക്ലാസ്സിലേക്ക് കുതിച്ചു.. അവൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു…

ക്ലാസ്സിലേക്ക് ഇടിച്ച് കയറി അവൾ മായയുടെ അടുത്തേക്ക് ചെന്നു… എന്നിട്ട് മാഗസിൻ അവളെ കാണിച്ച് കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു…

ദിയ; മായ… എന്താ ഇത്….???

ദിയയുടെ ചോദ്യത്തിന് മറുപടി എന്ത് പറയണം എന്നറിയാതെ മായ നിന്ന് പരുങ്ങി….. 🌀🌀🌀🌀🌀🌀🌀🌀🌀🌀

ഇതേ സമയം മുറിയിൽ യാതൊരു ബോധവും ഇല്ലാതെ കിടക്കുകയായിരുന്നു ആൻഡ്രുവും ഷൈനും… ഇരുവരുടെയും കയ്യിൽ പ്ലേ സ്റ്റേഷൻ കൺട്രോളർ ഉണ്ടായിരുന്നു.. രാത്രി മുഴുവൻ ഗെയിം കളിച്ച് അങ്ങനെ ഉറങ്ങി പോയതാണ്…

പുറത്ത് വാതിലിൽ ശക്തിയായി കൊട്ട്‌ കേൾക്കുന്നുണ്ട്.. ചേച്ചി ആണ്.. അങ്ങനെ അവസാനം ഒരു വിധം ഷൈൻ എഴുന്നേറ്റു…

ഷൈൻ: ആ.. .മതി.. മതി.. എഴുന്നേറ്റു….

ഷൈൻ ആൻഡ്രുവിനെയും ഒരു വിധം പൊക്കി എഴുന്നേൽപ്പിച്ചു… ഇരുവരും അത്ര ലേറ്റ് ഒന്നും അല്ല.. പക്ഷേ ഇനിയും നിന്നാൽ ലേറ്റ് ആകും എന്നുള്ളതിനാൽ വേഗം തന്നെ രണ്ടാളും റെഡിയായി…

ഭക്ഷണം കഴിക്കാൻ ടൈം ഇല്ലാത്തതിനാൽ നല്ല വിശപ്പ് ആയിരുന്നിട്ടും കൂടി അവർ കോളേജിലേക്ക് പുറപ്പെട്ടു…

പാർക്കിങ്ങിൽ എത്തിയപ്പോൾ തന്നെ അവരെ കാത്ത് അവിടെ വിഷ്ണുവും അരവിന്ദും ഉണ്ടായിരുന്നു… വിഷ്ണുവിന്റെ കയ്യിൽ കോളേജ് മാഗ്സിനും ഉണ്ടായിരുന്നു…

ഷൈൻ ബൈക്കിൽ നിന്നും ഇറങ്ങിയതും അവർ അവന്റെ അടുത്തേക്ക് ചെന്നു..

വിഷ്ണു: ഷൈൻ.. ഇത് നോക്ക്…

ഷൈൻ മാഗസിൻ വാങ്ങിക്കൊണ്ട്..

ഷൈൻ: ഇതെന്താ..?? കോളേജ് മാഗസിനോ..?? ഞാൻ ഇതൊന്നും വായിക്കാറില്ല ബ്രോ…

വിഷ്ണു മാഗസിൻ വാങ്ങി അതിൽ മായയുടെ നോവൽ എടുത്ത് അവന്റെ കയ്യിൽ കൊടുത്തു..

ഷൈൻ: ഇതെന്താ… ലൗ ഓർ ഹേറ്റ്.. എ റൊമാന്റിക് ത്രില്ലർ ഫ്രം മായ വിശ്വനാഥൻ… ഓഹോ അപ്പോ അവൾ കഥ ഒക്കെ എഴുതും അല്ലേ.. എനിക്കീ നോവൽ ഒന്നും ഇഷ്ട്ടല്ല ബ്രോ.. പ്രത്യേകിച്ച് റൊമാന്റിക്…

വിഷ്ണു: നീ അത് വായിക്ക്‌ ഷൈൻ…

അരവിന്ദ്: അതെ.. നീ അതൊന്ന് വായിക്ക്‌..

ഷൈൻ അങ്ങനെ നോവൽ വായിച്ച് തുടങ്ങി.. കൊള്ളാം.. ഇവൾ നന്നായിട്ട് എഴുതുന്നൊക്കെ ഉണ്ട്… പക്ഷേ പോക.. പോകെ ഷൈനിന്റെ ഉള്ളിൽ വലിയ ഞെട്ടലുകൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്… അവന്റെ കൂടെ വായിക്കുന്ന ആൻഡ്രുവിനും അത് വലിയ ഒരു ഷോക്ക് ആയിരുന്നു.. എന്നാൽ വിഷ്ണുവും അരവിന്ദും ഇതിനോടകം അത് വായിച്ചിരുന്നു…

ഷൈൻ മുഴുവൻ വായിച്ച് തീർന്നതും അവന്റെ ഉള്ളിലും പുറത്തുംആലോചിക്കാതെ കെട്ടി നിന്നു… മറ്റൊന്നും ആലോചിക്കാതെ അവൻ ക്ലാസ്സ് റൂം ലക്ഷ്യമായി നടന്നു…

പോകുന്ന വഴിയിൽ മുൻപ് ദിയയെ നോക്കിയ അതെ കണ്ണോടെ എല്ലാവരും ഷൈനിനെയും നോക്കുന്നുണ്ടായിരുന്നു…

ഒട്ടും താമസിയാതെ ഷൈൻ ക്ലാസിൽ എത്തി… അവിടെ തലയ്ക്ക് കൈ വച്ച് ഇരിക്കുന്ന ദിയയെയും അടുത്ത് ഇരിക്കുന്ന മായയെയും കണ്ടു.. അവൻ അങ്ങോട്ട് നടന്നു.. ക്ലാസ്സ് മുഴുവൻ അടുതതെന്ത് എന്ന ആകാംക്ഷയിൽ അവരെ ഉറ്റ് നോക്കി…

ഷൈൻ കയ്യിലിരുന്ന മാഗസിൻ മായക്ക്‌ മുന്നിലേക്ക് ഇട്ട് കൊണ്ട് ചോദിച്ചു…

ഷൈൻ: മായ… എന്താ ഇത്..???

മായ ഒരു തവണ ദിയയെ നോക്കി… അവളുടെ മുഖത്തും ദേഷ്യവും നിസ്സഹായതയും ആണ്… എന്നിട്ട് അവൾ ഷൈനിനെ നോക്കി… അവന്റെ മുഖത്തും ഇതേ ഭാഗങ്ങൾ….

മായ രണ്ട് പേരോടും പറഞ്ഞ് തുടങ്ങി…..

(തുടരും….)

Comments:

No comments!

Please sign up or log in to post a comment!