ഡാവിഞ്ചിയുടെ മഹാരഹസ്യം 4
ഡി. സി. പി. ജെയുടെ വാഹനമോടിച്ചയാൾ പറഞ്ഞതെത്ര ശരിയാണ്. ലാങ്‌ഡൻ ഓർത്തു. കലികയറിയ ഒരു കാളയെപ്പോലെയാണ് ക്യാപ്റ്റൻ ബേസു ഫാഷിന്റെ ചലനങ്ങൾ. അയാളുടെ വീതികൂടിയ തോളുകൾ എപ്പോഴും മുമ്പോട്ടും പിമ്പോട്ടും അനങ്ങുകയും കീഴ്ത്താടി നെഞ്ചിലേക്ക് കുനിഞ്ഞ് കുത്തിചേർന്നിരിക്കുകയും ചെയ്യുന്നു.
പ്രസിദ്ധമായ മാർബിൾ സ്റ്റെയർ കേസിലൂടെ സ്ഫടിക പിരമിഡിന്റെ താഴെയുള്ള ലോബിയിലേക്ക് ലാങ്‌ഡൻ അയാളെ പിന്തുടർന്നു. താഴേക്ക് നടക്കുന്നതിനിടെ, യൂണിഫോമിലുള്ള, കൈയ്യിൽ മെഷീൻ തോക്കുകൾ പിടിച്ച, രണ്ട് ജുഡീഷ്യൽ പോലീസ് ഗാർഡുകളെ അവർ കടന്നുപോയി.
അത് നൽകുന്ന സന്ദേശം വ്യക്തമാണ്:
ക്യാപ്റ്റൻ ഫാഷിന്റെ അനുമതിയോടെയല്ലാതെ ആർക്കും അകത്തേക്കോ പുറത്തേക്കോ സഞ്ചരിക്കാൻ കഴിയില്ല.
തന്റെ അസ്വാസ്ഥ്യം വീണ്ടും സാവധാനം വളരുന്നത് ലാങ്‌ഡൻ മനസ്സിലാക്കി. ഫാഷിന്റെ സാന്നിധ്യം ഒരു സുരക്ഷിത ബോധത്തിന് പകരം മറ്റെന്തോ ആണ് നൽകുന്നത്. ശ്മാശാനതുല്യമായ ഒരസഹ്യ ശാന്തതയിലാണ് ലൂവ്ര് ഇപ്പോൾ, രാത്രിയുടെ ഈ സമയം. സ്റ്റെയർകേസിന്റെ ഓരോ പടിയും ഇല്ലൂമിനേറ്റ് ചെയ്തിരിക്കുന്നത് ഒരു പ്രേതസാന്നിദ്ധ്യത്തിന്റെ ഗന്ധം നൽകുന്നു. എത്ര സൂക്ഷിച്ചും സാവധാനം നടന്നിട്ടും തന്റെ കാലടികൾ മുകളിലെ സ്ഫടിക മേൽക്കൂരയിൽ തട്ടി പ്രതിധ്വനിക്കുന്നു. സുതാര്യമായ മേൽക്കൂരയിലേക്ക് നോക്കിയപ്പോൾ, വൈദ്യുത പ്രകാശത്തിൽ കലർന്ന് മൂടൽമഞ്ഞ് പതിയെ നീങ്ങുന്നത് ലാങ്‌ഡൻ കണ്ടു.
“ഇഷ്ടപ്പെട്ടോ?”
ലാങ്‌ഡൻ മുകളിലേക്ക് നോക്കുന്നത് കണ്ട് ഫാഷ് ചോദിച്ചു.
ഇപ്പോൾ ഒരു ഗെയിം കളിക്കാനുള്ള മൂഡിലല്ല താൻ. അതുകൊണ്ട് ലാങ്‌ഡൻ പറഞ്ഞു.
“സംശയമെന്താ? ഒരദ്‌ഭുതം തന്നെയാണ് നിങ്ങളുടെ ഈ പിരമിഡ്,”
“പിന്നേ!”
മുരളുന്ന സ്വരത്തോടെ ഫാഷ് പറഞ്ഞു.
“അദ്‌ഭുതം! കോപ്പാ! പാരീസിന്റെ മുഖത്തെ വൃത്തികെട്ട ചെളി!”
പാഠം ഒന്ന്: ഫാഷ് – പ്രീതിപ്പെടുത്താൻ സാധ്യമല്ലാത്ത ഒരു മനുഷ്യൻ. പരുക്കൻ, മുരടൻ.
പ്രസിഡന്റ്റ് മിത്താറങ് പ്രത്യേകിച്ച് നിഷ്ക്കർഷിച്ചിരുന്നു ഈ പിരമിഡിന്റെ നിർമ്മാണത്തിന് അറുനൂറ്റി അറുപത്തിയാറ് ഗ്ലാസ്സ് പാനലുകൾ ഉപയോഗിക്കണമെന്ന്. അറുനൂറ്റി അറുപത്തിയാറ് സാത്താന്റെ സംഖ്യയാണ് എന്നും അത് അനുവദിക്കാൻ പാടില്ലായെന്നും മതവിശ്വാസികൾ അന്ന് തന്നെ എതിർപ്പറിയിച്ചിരുന്നു.
ഇതൊക്കെ അറിയാവുന്നത് കൊണ്ടാണോ ഫാഷ് ഇതിനെ ‘വൃത്തികെട്ട ചെളി’ എന്ന് വിളിക്കുന്നത്?
ലാങ്‌ഡൻ സംശയിച്ചു.
സംസാരിക്കണോ ഈ വിഷയം ഇപ്പോൾ ഇയാളോട്?
വേണ്ട.
ഭൂഗർഭ ലോബിയിലേക്ക് നേരെ നടക്കവേ നിഴലുകളിൽ നിന്ന് കൂടുതൽ ഭാഗം വെളിപ്പെട്ട് ഫ്ലോർ അതിന്റെ വിശാലതയറിയിച്ചു. ഗ്രൗണ്ട് ലെവലിൽ നിന്നും അൻപത്തി ഏഴ് അടി താഴെയായി പുതുതായി നിർമ്മിച്ച ലൂവ്രിന്റെ ഈ എഴുപതിനായിരം ചതുരശ്ര അടിയുള്ള ലോബി അവസാനമില്ലാത്ത ഒരു ഗുഹ പോലെ ലാങ്‌ഡന് തോന്നി. പിങ്ക് മാർബിളിലും തേൻ നിറത്തിലുള്ള കല്ലിലുമാണ് ഹാളിന്റെ നിർമ്മാണം. അവിടെ എപ്പോഴും സൂര്യപ്രകാശത്തിന്റെയും ടൂറിസ്റ്റുകളുടെയും തിരക്കായിരിക്കും.
ഈ രാത്രി പക്ഷെ ഹാൾ മരുഭൂമിപോലെ ഏകാന്തമായി കിടക്കുന്നു.
ഇരുണ്ട്, തണുത്ത്, ശ്‌മശാനം പോലെ.
“മ്യൂസിയതിന്റെ റെഗുലർ സെക്യൂരിറ്റി സ്റ്റാഫ് ഒക്കെ എവിടെ?”
ലാങ്‌ഡൻ ചോദിച്ചു.
“എൻ ക്വാറൻറ്റയിൻ….”
ഫാഷ് ഫ്രഞ്ചിൽ പറഞ്ഞു. തന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതിനെ താൻ വകവെക്കുന്നില്ല എന്നുള്ള ധ്വനി അയാളുടെ ശബ്ദത്തിലുണ്ടായിരുന്നു.
എൻ ക്വാറൻറ്റയിൻ….ഡ്യൂട്ടി മരവിപ്പിച്ചു….
“ഒരു കില്ലർ പൊറത്തുന്ന് അകത്തേക്ക് കയറി സോണിയറേപ്പോലെ ഒരു ഇമ്പോർട്ടന്റ് വ്യക്തിയെ കൊന്നപ്പോൾ എവിടെയായിരുന്നു ആ ആ റെഗുലർ മ്യൂസിയം സെക്യൂരിറ്റി സ്റ്റാഫ്? എല്ലാത്തിനോടും കയ്യും കെട്ടി മര്യാദയ്ക്ക് നിന്നോളാൻ ഞാൻ പറഞ്ഞു. ഡി സി പി ജെയുടെ ഏജന്റ്റ്സ് അവമ്മാരെ ചുരുട്ടികൂട്ടുവാ ഇപ്പോൾ. ചോദ്യങ്ങൾ കൊണ്ട്!”
ഫാഷിന്റെ ശബ്ദം ഉയർന്നു.
“അത്കൊണ്ട് കേസ് തീരുന്നോടം വരെ ഡി സി പി ജെയുടെ എന്റെ സ്വന്തം ഏജന്റ്റ്സ് മ്യൂസിയത്തിന്റെ സെക്യൂരിറ്റി നോക്കിക്കോളും!”
ലാങ്‌ഡൻ തലകുലുക്കി. ഫാഷിനൊപ്പമെത്താൻ വേഗത്തിൽ ചുവടുകൾ വെച്ചു.
“ജാക്വിസ് സോണിയറുമായി നിങ്ങൾക്ക് നല്ല പരിചയമുണ്ട്; അല്ലേ?”
ക്യാപ്റ്റൻ ചോദിച്ചു.
“ശരിക്ക് പറഞ്ഞാൽ നേരിട്ട് ഒരു പരിചയോം ഇല്ല. ഞങ്ങൾ ഇതുവരേം നേരിട്ട് കണ്ടിട്ടില്ല,”
ക്യാപ്റ്റൻ അദ്‌ഭുതത്തോടെ ലാങ്‌ഡനെ നോക്കി.
“നിങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച്ചയാണോ ഇന്ന് രാത്രിക്കത്തേക്ക് നിശ്ചയിച്ചിരുന്നത്?”
“അതെ,”
ലാങ്‌ഡൻ പറഞ്ഞു.
“അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ എന്റെ സ്പീച്ചിന് ശേഷം അദ്ദേഹം എന്നെ വന്നു കാണുമെന്നു പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം വന്നില്ല,”
ഫാഷ് നോട്ട് ബുക്കിൽ എന്തോ കുത്തിക്കുറിക്കുന്നത് ലാങ്‌ഡൻ കണ്ടു. മുകളിൽ അത്ര പ്രശസ്തമല്ലാത്ത ചെറിയ ഒരു പിരമിഡ് തലകുത്തനെ നിൽക്കുന്നത് അയാൾ കണ്ടു.
“ലാ പിരമിഡ് ഇൻവേഴ്സ്…”
ലാങ്‌ഡൻ സ്വയം പറഞ്ഞു.
സൂര്യപ്രകാശത്തിന്റെ ഒരു വലിയ കിരണം കമിഴ്ത്തിയ മകുടം പോലെയുള്ള അതിനെപിളർന്ന് പുറത്തേക്ക് വന്നുകൊണ്ടിരുന്നു.
“നിങ്ങളുടെ മീറ്റിങ്ങിന് ആരാ മുൻകൈയെടുത്തത്?”
മറ്റൊരു സ്റ്റെയർകേസിലേക്ക് ലാങ്‌ഡനെ നയിക്കുന്നതിനിടയിൽ ഫാഷ് പെട്ടെന്ന് ചോദിച്ചു.
“നിങ്ങളോ അദ്ദേഹമോ?”
ചോദ്യത്തിൽ ഒരു ഭീഷണി ഉൾച്ചേർന്നിരിക്കുന്നത് ലാങ്‌ഡൻ അറിഞ്ഞു.
“മിസ്റ്റർ സോണിയറാണ് ആവശ്യപ്പെട്ടത്,”
പ്രസിദ്ധമായ ഡെനൺ വിങ്ങിലേക്ക് പ്രവേശിക്കുന്നതിനിടയിൽ ലാങ്‌ഡൻ മറുപടി നൽകി. ലൂവ്രിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്ര ശിൽപ്പ ശേഖരങ്ങൾ ആ വിങ്ങിലാണ്.
“ഏതാനും ആഴ്ചകൾക്ക് മുമ്പേ അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ ഇ മെയിലിൽ ബന്ധപ്പെട്ടിരുന്നു. ഈ മാസം പാരീസിൽ, അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ എന്റെ സ്പീച്ച് ഉള്ള കാര്യം അദ്ദേഹം അറിഞ്ഞിരിക്കുന്നു എന്ന് സെക്രട്ടറി പറഞ്ഞു. സ്പീച്ചിന് ശേഷം അവിടെ വെച്ച് എന്നെ കാണാനും സംസാരിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നതായി സെക്രട്ടറി എന്നെ അറിയിച്ചു…”
“എന്ത് സംസാരിക്കാൻ?”
“അറിയില്ല… എനിക്ക് തോന്നുന്നു പെയിന്റ്റിങ്ങുകൾ…ഡിസൈനുകൾ…സിമ്പൽസ്… ഇവയെക്കുറിച്ച് സംസാരിക്കാനായിരിക്കാം. ഞങ്ങൾക്കിടയിൽ പൊതുവായ കാര്യങ്ങൾ അവയൊക്കെയാണ്…”
ഫാഷ് ലാങ്‌ഡന്റെ വാക്കുകൾ അവിശ്വസിക്കുന്നതായി തോന്നി.
“നിങ്ങൾക്ക് ഒരു പിടിയുമില്ലേ, അതിനെക്കുറിച്ച്?”
ലാങ്‌ഡന് അറിയില്ലായിരുന്നു. എന്തിനാണ് തന്നെ കാണുന്നതെന്ന് ചോദിക്കാൻ അയാൾ ആഗ്രഹിച്ചിരുന്നു, അപ്പോൾ. പക്ഷെ ലാങ്‌ഡൻ ആദരണീയനായ സോണിയറുടെ നേച്ചർ അറിഞ്ഞിരുന്നു. സ്വകാര്യത ആവശ്യത്തിലേറെ ഇഷ്ട്ടപ്പെടുന്നയാളാണ് സോണിയർ. തീരെക്കുറച്ച് സന്ദർശകർക്കേ അദ്ദേഹം തന്നെ കാണാൻ അനുമതി കൊടുക്കുമായിരുന്നുള്ളൂ.
അക്കാരണത്താൽ തന്നെ കാണുവാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ലാങ്‌ഡൻ വളരെ ഉത്സാഹത്തിലായിരുന്നു.
“മിസ്റ്റർ ലാങ്‌ഡൻ….”
ബേസു ഫാഷിന്റെ കർക്കശ്യമുള്ള ശബ്ദം ലാങ്‌ഡൻ കേട്ടു.
“കൊലചെയ്യപ്പെട്ട സോണിയർ താങ്കളോട് ചർച്ച ചെയ്യാനാഗ്രഹിച്ചത് എന്തായിരിക്കാമെന്നു താങ്കൾക്കൊന്ന് ഊഹിക്കാമോ? കേസന്വേഷണത്തെ അത് സഹായിക്കും! ഓർമ്മിക്കൂ, നിങ്ങളുമായി കാണാൻ ആഗ്രഹിച്ച അതേ രാത്രിയിലാണ് അദ്ദേഹം കൊല ചെയ്യപ്പെട്ടത്!”
ആ ചോദ്യത്തിന് മുമ്പിൽ ലാങ്‌ഡൻ ശരിക്കും പരിഭ്രമിച്ചു.
“അത് …”
അയാൾ ഉത്തരം പറയാൻ ശ്രമിച്ചു.
“അങ്ങനെ ചോദിച്ചാൽ…ക്യാപ്റ്റൻ ഫാഷ് …ഇല്ല ..എനിക്ക് ഒരൂഹവുമില്ല. ഞാൻ ചോദിച്ചില്ല. സത്യത്തിൽ ഞാനാകെ ത്രില്ലടിച്ചുപോയി അദ്ദേഹത്തെപ്പോലെ പ്രശസ്തനായ ഒരാൾ എന്നെക്കാണാൻ ആഗ്രഹിക്കുന്നു എന്നറിഞ്ഞപ്പോൾ…. അദ്ദേഹത്തിന്റെ ഒരു ഫാനാണ് ഞാൻ. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും ഞാൻ ക്ലാസ്സിൽ റെഫറൻസ് ആയി ഉപയോഗിക്കാറുണ്ട്…”
ക്യാപ്റ്റൻ ഫാഷ് നോട്ടു ബുക്കിൽ വീണ്ടും എന്തൊക്കെയോ കുറിച്ചു.
ഡെനൺ വിങ്ങിന്റെ എൻട്രി ടണലിന്റെ പകുതിയോളം അവർ എത്തിച്ചേർന്നു.
അങ്ങേയറ്റത്ത് അനക്കമറ്റ രണ്ട് എസ്‌കലേറ്ററുകൾ ലാങ്‌ഡൻ കണ്ടു.
“നമുക്ക് ലിഫ്റ്റിലൂടെ പോകാം,”
ഫാഷ് പറഞ്ഞു.
“നടക്കാമെന്ന് വെച്ചാൽ ഗ്യാലറിയിലേക്ക് കുറെ ദൂരം ഉണ്ട്. അല്ല, നിങ്ങൾക്കറിയാമല്ലോ? നിങ്ങൾ എത്രയോ പ്രാവശ്യം ഇവിടെ വന്നിരിക്കുന്നു!”
ഫാഷ് തന്റെ വീതികൂടിയ കൈത്തലം ഉയർത്തി തന്റെ തലമുടി മാടിയൊതുക്കി.
“അതായത്, സോണിയറും നിങ്ങളും ഏതാണ്ട് ഒരേ വിഷയങ്ങളിൽ ആണ് മിടുക്കന്മാർ അല്ലേ?”
ലിഫ്റ്റിന്റെ ഡോർ തുറക്കപ്പെട്ടപ്പോൾ ഫാഷ് തുടർന്നു.
“അതേ…”
ലിഫ്റ്റിലേക്ക് കയറവെ ലാങ്‌ഡൻ പറഞ്ഞു.
“കഴിഞ്ഞ വർഷം മുതൽക്ക് ഞാൻ ഒരു പുസ്തകത്തിന്റെ എഴുത്തിലാണ്. മിസ്റ്റർ സോണിയർക്ക് വളരെ പരിചയവും കഴിവുമുള്ള ഏരിയ ആണത്. അതുകൊണ്ട് തന്നെ കണ്ടുമുട്ടുമ്പോൾ മിസ്റ്റർ സോണിയറുമായി അതേക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ നോക്കിയിരിക്കുകയായിരുന്നു…”
“ഓഹോ! അത് ശരി! എന്താ നിങ്ങൾ എഴുതാൻ തുടങ്ങിയ പുസ്തകത്തിന്റെ വിഷയം?”
ലാങ്‌ഡൻ ഒരു നിമിഷം സംശയിച്ചു. പിന്നെ ആശ്വസിച്ചു, ഫാഷ് ഒരു പ്രസാധകനോ എഡിറ്ററോ അല്ല.
“ശരിക്കും പറഞ്ഞാൽ … ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം സ്ത്രീ ദൈവങ്ങളെ കുറിച്ചാണ്. സ്ത്രീ ദൈവങ്ങളെ ആരാധിക്കുന്ന ആളുകളെക്കുറിച്ച്. …സ്ത്രീകളുടെ വിശുദ്ധ പദവിയെപ്പറ്റി ….അവയുമായി ബന്ധപ്പെട്ട കലാ – പ്രതീക ശാസ്ത്രങ്ങളെപ്പറ്റി…”
“സോണിയർക്ക് അതേപ്പറ്റി അറിവുണ്ടായിരുന്നോ?”
“എന്ത് അറിവുണ്ടായിരുന്നോന്ന്?”
“നിങ്ങൾ എഴുതുന്ന പുസ്തകത്തെപ്പറ്റി. അതിലെ വിഷയങ്ങളെപ്പറ്റി?”
“ഇല്ല ..അതേപ്പറ്റി ആർക്കും അറിയില്ല….എന്റെ പബ്ളിഷിങ് കമ്പനിയല്ലാതെ,”
“അത് ശരി…”
“ഒരുപക്ഷെ മിസ്റ്റർ ലാങ്‌ഡൻ …”
ഫാഷ് തുടർന്നു.
“നിങ്ങളുടെ കയ്യെഴുത്ത് പ്രതിയെപ്പറ്റി ജാക്വിസ് സോണിയർക്ക് അറിവുണ്ടായിരുന്നു എന്ന് വെക്കുക.
ലാങ്ഡൻ നിഷേധാർത്ഥത്തിൽ തലകുലുക്കി.
“അതിന് സാധ്യത കുറവാണ് ക്യാപ്റ്റൻ ഫാഷ്. കാരണമുണ്ട്. ആ കയ്യെഴുത്ത് പ്രതിയെക്കുറിച്ച് ആർക്കും അറിവില്ല. എനിക്ക് ഉറപ്പാണ്. അത് ഫസ്റ്റ് ഡ്രാഫ്റ്റ് ഫോമിലുമാണ്. എന്റെ എഡിറ്റർക്കല്ലാതെ മറ്റാർക്കും തന്നെ ഞാനത് കാണിച്ചിട്ടില്ല,”
“നിങ്ങളും സോണിയറും തമ്മിൽ …”
ലിഫ്റ്റ് ചലിച്ചുകൊണ്ടിരിക്കെ ഫാഷിന്റെ ശബ്ദം വീണ്ടും മുരണ്ടു.
“ഒരിക്കലും മിണ്ടിയിട്ടില്ല? ഒരിക്കലും ഫോൺ വിളിച്ചിട്ടില്ല? കത്തോ മെയിലോ അയച്ചിട്ടില്ല?”
ദാണ്ടെ കിടക്കുന്നു! ഇയാളെന്നാ പൊട്ടനാണോ? ലാങ്‌ഡൻ നീരസത്തോടെ ഓർത്തു. ഒരു കാര്യം എത്രതവണ പറയണം!
“ഇല്ല! ഒരിക്കലുമില്ല!”
ഫാഷ് ശിരസ്സ് ഇരുവശത്തേക്കും ഭീഷണമായി ചലിപ്പിച്ചു. എന്നിട്ട് ലാങ്‌ഡന്റെ കണ്ണുകളിൽക്ക് സൂക്ഷിച്ച് നോക്കി. പിന്നെ ഒന്നും മിണ്ടാതെ മുമ്പിലെ ക്രോം കതകുകളിലേക്ക് കണ്ണുകളയച്ചു. ലിഫ്റ്റിന്റെ തിളങ്ങുന്ന കതകിന്റെ മേൽ ലാങ്‌ഡന്റെ ടൈ ക്ലിപ്പ് ശ്രദ്ധിച്ചു.
പതിമൂന്ന് കറുത്ത കല്ലുകൾ പതിപ്പിച്ച വെള്ളിക്കുരിശ്.
ക്രൂസ് ജെമ്മേറ്റ.
അങ്ങനെയാണ് അത് അറിയപ്പെടുന്നത്.
പതിമൂന്ന് മുത്തുകൾ പതിപ്പിച്ച കുരിശ്.
ക്രിസ്തു ശിഷ്യന്മാരുടെയും അപ്പസ്തോലനാമാരുടെയും അടയാളം.
ഡി സി പി ജെയുടെ നേതൃസ്ഥാനത്തിരിക്കുന്ന ക്യാപ്റ്റൻ ഫാഷിനെപ്പോലെയൊരാൾ തങ്ങളുടെ മതപരമായ കാര്യങ്ങൾ അത്ര പരസ്യമായി പ്രദർശിപ്പിക്കുന്നു എന്ന് വിശ്വസിക്കാൻ ലാങ്‌ഡന് ബുദ്ധിമുട്ട് തോന്നി.
പക്ഷെ ഇത് ഫ്രാൻസാണ്.
ഇവിടെ ക്രൈസ്തവികത ഒരു മതമല്ല.
ജന്മാവകാശമാണ്.
ലിഫ്റ്റ് ഒന്നിളകി നിന്നു.
വാതിലിലെ തിളങ്ങുന്ന പ്രതിഫലനത്തിലേക്ക് നോക്കിയപ്പോൾ ലാങ്‌ഡന് ഒരു കാര്യം മനസ്സിലായി.
ഫാഷെയുടെ കണ്ണുകൾ തന്റെ മേലാണ്.
അയാൾ ലിഫ്റ്റിന് പുറത്ത് കടന്ന്ഹാളിലേക്ക് നടന്നു. പെട്ടെന്ന് തിരിഞ്ഞ് നിന്നു. അയാളുടെ മുഖത്ത് അദ്‌ഭുതം വിടർന്നു.
ഫാഷ് അയാളെ ഒളികണ്ണിട്ടു നോക്കി.
“അർധരാത്രി കഴിഞ്ഞ് ലൂവ്ര് എങ്ങനെയിരിക്കും എന്ന് നിങ്ങൾ കണ്ടിട്ടില്ലല്ലോ, ഉവ്വോ?”
ഇല്ല, ലാങ്‌ഡൻ മനസ്സിൽ പറഞ്ഞു. ഫാഷിന്റെ മനസ്സിലെന്താണ്?
അയാളുടെ ഓരോ ചോദ്യത്തിലും അസ്വസ്ഥത മറഞ്ഞിരിപ്പുണ്ട്.
ലൂവ്രിലെ ഗ്യാലറികളുടെ മേൽക്കൂരകൾ വളരെ ഉയർന്നിട്ടാണ്. സാധാരണ അവയെപ്പോഴും പ്രകാശത്തിൽ കുളിച്ച് നിൽക്കയാവും. പക്ഷെ ഇന്ന് രാത്രി അവിടെ മുഴുവൻ ഇരുണ്ടു കിടന്നു. ഒരു വലിയ ചുവന്ന ബൾബ് കത്തിനിന്നിരുന്നു. അവയിൽ നിന്നുള്ള പ്രകാശം മേൽക്കൂരയിലെ ഫ്ളോറിലും വീണുകൊണ്ടിരുന്നു.
ലാങ്‌ഡൻ ഇരുൾ വീണ ഇടനാഴിയിലേക്ക് നോക്കി.താൻ പ്രതീക്ഷിച്ചതുപോലെ തന്നെ. ചുവന്ന ലൈറ്റുകളാണ് എങ്ങും. സുരക്ഷാകാരണങ്ങളാൽ രാത്രികളിൽ ആ നിറമാണ് ഉപയോഗിക്കുക. ചിത്രങ്ങളിൽ നിന്ന് വളരെ അകാലത്തിലാണവ സ്ഥാപിച്ചിരിക്കുന്നത്. അവയിൽ നിന്നുള്ള പ്രകാശം തുടർച്ചയായി ചിത്രങ്ങളിൽ പതിഞ്ഞാൽ അവയുടെ ശോഭ സാവധാനം നഷ്ട്ടമാകും.
“ഇതിലേ…”
ചിലന്തിവലകൾ പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന ഗ്യാലറികളിലൊന്നിലൂടെ ലാങ്ഡനെ നയിച്ചുകൊണ്ട് ഫാഷ് പറഞ്ഞു.
ലാങ്ഡൻ അയാളെ പിന്തുടർന്നു. ഇരുട്ടിൽ കാഴ്ച്ചയെ ക്രമീകരിക്കാൻ അയാൾ വിഷമിച്ചു. ഫോട്ടോ ഡെവലപ്പ് ചെയ്യുന്ന ഒരു വലിയ ഡാർക്ക് റൂമിൽ എത്തപ്പെട്ട പ്രതീതി. മുറികളിൽ നിന്ന് മുറികളിലേക്ക് കടക്കുന്നതിനിടയിൽ ഇരുട്ടിൽ നിന്ന് ആരൊക്കെയോ തന്നെ രൂക്ഷമായി നോക്കുന്നത് പോലെയും ലാങ്ഡന് തോന്നി. ചുവരുകൾക്ക് മേൽ സ്‌ക്യൂരിറ്റി ക്യാമറകൾ ഭീഷണമായി തന്നെ നോക്കി.
സന്ദർശകർക്ക് നൽകുന്ന മെസ്സേജ് ഇതാണ്: നിങ്ങൾ നിരീക്ഷണത്തിലാണ്. ഒരു വസ്തുവിലും തൊടരുത്.
“ഈ ക്യാമറകളൊക്കെ യഥാർത്ഥമാണോ?”
എണ്ണമറ്റ സെക്യൂരിറ്റി ക്യാമറകളിലേക്ക് നോക്കി ലാങ്ഡൻ ചോദിച്ചു.
ഫാഷ് നിഷേധാർത്ഥത്തിൽ തലകുലുക്കി: “ഒരിക്കലുമല്ല!”
ലാങ്ഡൻ അദ്‌ഭുതപ്പെട്ടില്ല. ഏക്കറുകൾ കണക്കിന് വിസ്തീർണ്ണമുണ്ട് ലൂവ്രിലെ ഗ്യാലറികൾക്കെല്ലാം. സർവെയ്‌ലൻസ് ക്യാമറകൾ നൽകുന്ന വീഡിയോ ഫീഡുകൾ നിരീക്ഷിക്കണമെങ്കിൽ നൂറുകണക്കിന് സ്റ്റാഫ് വേണ്ടിവരും. മിക്കവാറും വലിയ മ്യൂസിയങ്ങളൊക്കെ ഇപ്പോൾ കൺറ്റയിൻമെൻറ്റ് സെക്യൂരിറ്റിയാണ് പ്രയോജനപ്പെടുത്തുന്നത്.
കള്ളന്മാരെ പുറത്താക്കുകയല്ല, അവരെ അകത്താക്കാൻ അനുവദിക്കുക.
മോഷ്ടാവ് ചിത്രം ഇളക്കിയെടുത്ത് കടന്നുകളയാൻ ശ്രമിക്കുന്ന നിമിഷം, ഗ്യാലറിയുടെ വാതിൽ വലിയ ശബ്ദത്തോടെ അടയുന്ന സംവിധാനമാണ് കൺറ്റയിൻമെൻറ്റ് സെക്യൂരിറ്റി. പോലീസ് എത്തിച്ചേരുന്നതിന് മുമ്പ് തന്നെ കള്ളൻ അഴികൾക്കുള്ളിലാവുന്നു.
മാർബിൾ ഫ്ലോറിൽ പാദങ്ങൾ പതിയുമ്പോൾ മേൽക്കൂരയിൽ തട്ടി പ്രതിധ്വനിക്കുന്നത് വളരെ ഉച്ചത്തിലായി ഇപ്പോൾ. മുകളിൽ നിന്ന് ആരൊക്കെയോ തിടുക്കത്തിൽ ഇറങ്ങി വരികയാണ് എന്ന് തോന്നും അപ്പോൾ. മുമ്പിൽ നിന്ന് ശക്തിയായ പ്രകാശ വലയം ഹാളിലേക്കടിക്കുന്നിടത്ത് അവരിരുവരും എത്തിച്ചേർന്നു.
“ക്യൂറേറ്ററുടെ ഓഫീസ്…”
ക്യാപ്റ്റൻ പറഞ്ഞു.
വിശാലമായ ഓഫീസിനടുത്തേക്ക് അയാളും ഫാഷും സമീപിക്കുമ്പോൾ ലാങ്‌ഡന്റെ അങ്ങോട്ട് പാളിനോക്കി. ആഡംബരപൂർണ്ണമായ വലിയ ഓഫീസ്. മനോഹരമായ രീതിയിൽ പുസ്തകങ്ങൾ ക്രമീകരിച്ച ഷെൽഫുകൾ. ചുവരിൽ ഊഷ്മള വർണ്ണങ്ങളിൽ ലോകപ്രശസ്തരായ ചിത്രകാരന്മാരുടെ സൃഷ്ടികൾ. ഓഫീസ് മുറിയിൽ നിലത്ത് കുനിഞ്ഞും സാവധാനം നടന്നും അതി സൂക്ഷമമായി പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ. ലെൻസുകൊണ്ട് പരിശോധിക്കുകയും ഫോണിൽ സംസാരിക്കുകയും നോട്ട് ബുക്കുകളിൽ എഴുതുകയും ചെയ്തുകൊണ്ട് അവർ തങ്ങളുടെ ജോലി അത്യന്തം ഗൗരവമുള്ളതാണ് എന്ന് സൂചന നൽകി. ഒരാൾ സോണിയറുടെ വലിയ ഓഫീസ് ഡെസ്‌ക്കിന് സമീപമിരുന്നു ലാപ് ടോപ്പിൽ എന്തോ ടൈപ്പ് ചെയ്യുന്നു.
ചുരുക്കത്തിൽ സോണിയറുടെ ഓഫീസ് പോലീസിന്റെ കമാൻഡ് പോസ്റ്റ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു.
“മെസ്സ്യൂസ്…”
ഫാഷ് ഉറക്കെ വിളിച്ചു.
ഓഫീസിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥർ ആദരവോടെ തിരിഞ്ഞു നോക്കി.
“നെ നോസ് ഡിറാൻഷെ പാസ് സോസ് ഒക്യൂൻ പ്രീടെക്സ്. എൻറ്റേൻറ്റ്?”
ഒരു കാരണവശാലും ഞങ്ങളെ ശല്യപ്പെടുത്തിയേക്കരുത്. പറഞ്ഞത് കേട്ടോ?
NE PAS DERANGER എന്നെഴുതിയ സൈൻ ബോഡുകൾ പലപ്പോഴും ഹോട്ടൽ മുറികളിലും മറ്റിടങ്ങളിലും കണ്ടിട്ടുണ്ടായിരുന്നതിനാൽ ഫാഷ് പറഞ്ഞതിന്റെയാർത്ഥം ലാങ്‌ഡന് പെട്ടെന്ന് മനസ്സിലായി.
ഫാഷിനെയോ ലാങ്‌ഡനേയോ ഒന്നിനും ഒരു കാരണവശാലും ശല്യം ചെയ്തേക്കരുത്.
അതിനർത്ഥം, അതീവ ഗൗരവമുള്ള ഒരു ജോലിയിലേക്ക് തങ്ങളിരുവരും പ്രവേശിക്കാൻ പോവുകയാണ് എന്നാണ്.
മരിച്ചുകിടക്കുന്ന സോണിയറുടെ അരികിലേക്ക് തങ്ങളിപ്പോൾ പോവുകയാണ്.
യൂണിഫോമിലുള്ള ഉയർന്ന ഉദ്യോഗസ്ഥർ ഫാഷിന്റെ കൽപ്പനയ്ക്ക് മുമ്പിൽ വിധേയത്വത്തോടെ തലകുലുക്കി.
ഓഫീസിനുള്ളിൽ ഉദോഗസ്ഥന്മാരെ വിട്ട് ഫാഷ് ലാങ്‌ഡനെ വീണ്ടും മുമ്പോട്ട് നയിച്ചു.
ഏകദേശം മുപ്പതടി ദൂരെ ലൂവ്രിന്റെ ഏറ്റവും പ്രസിദ്ധ വിഭാഗമായ ഗ്രാൻഡ് ഗ്യാലറി പ്രത്യക്ഷമായി. അനന്തമെന്ന് തോന്നിക്കുന്നത്ര നീളത്തിൽ, ലൂവ്രിലെ ഏറ്റവും പ്രസിദ്ധമായ, ഇറ്റാലിയൻ മാസ്റ്റർ പെയിൻറ്റർമാരുടെ സൃഷ്ടികൾ അലങ്കരിച്ച ചുവരുകളുള്ള ഗ്രാൻഡ് ഗ്യാലറി.
ഇവിടെയാണ് സോണിയറുടെ ദേഹം കിടക്കുന്നത്.
ഫോട്ടോയിൽ കണ്ടത് അങ്ങനെയാണ്.
ഗ്രാൻഡ് ഗ്യാലറിയിൽ പാർക്കേറ്റ് ഫ്ലോർ അതുപോലെതന്നെ താൻ കണ്ട ഫോട്ടോയിലുണ്ട്.
ലെഫ്റ്റനന്റ് ജെറോം കോളറ്റ് തന്നെ കാണിച്ച ഭയപ്പെടുത്തുന്ന ഫോട്ടോയിൽ.
ഫോട്ടോ തന്നെ ഭയപ്പെടുത്തിയെങ്കിൽ യഥാർത്ഥ രംഗം താൻ കാണുമ്പോൾ?
തന്റെ നെഞ്ചിടിപ്പ് വർധിക്കുന്നത് ലാങ്‌ഡൻ അറിഞ്ഞു.
അവർ അവിടേക്ക് സമീപിച്ചപ്പോൾ കവാടം വലിയ ഒരു ഇരുമ്പഴി വാതിൽകൊണ്ട് അടച്ചിരിക്കുന്നത് അയാൾ കണ്ടു. അതിക്രമിച്ചെത്തുന്ന ശത്രുക്കളെ പ്രതിരോധിക്കാൻ മധ്യകാലഘട്ടത്തിൽ കൊട്ടാരങ്ങളിൽ ഉപയോഗിച്ചിരുന്നയിനം ഇരുമ്പഴി വാതിൽ.
“കൺറ്റയിൻമെൻറ്റ് സെക്യൂരിറ്റി…”
അതിലേക്ക് നോക്കി ഫാഷ് പറഞ്ഞു.
“അക്രമി കടന്നുവന്നപ്പോൾ സോണിയർ ഒരു പെയിന്റ്റിങ് ഭിത്തിയിൽ നിന്ന് അടർത്തി മാറ്റി. അപ്പോൾ ഈ ഇരുമ്പഴി വാതിൽ അടഞ്ഞു…”
അയാൾ വിശദീകരിച്ചു.
ഇരുമ്പഴി വാതിലിലൂടെ ലാങ്‌ഡൻ അകത്തേക്ക് ഉറ്റുനോക്കി.
നേരിയ പ്രകാശം അതിനുള്ളിലുണ്ടായിരുന്നു.
“സൂക്ഷിച്ച്…എന്റെ പുറകേ…”
രണ്ടടി മാത്രം ഉയർത്തിയ ഇരുമ്പഴി ബാരിക്കേഡ് ചൂണ്ടി ഫാഷ് അയാളോട് പറഞ്ഞു.
“സൂക്ഷിച്ച് കുനിഞ്ഞ്…”
ഇയാളെന്താ തമാശ പറയുകയാണോ? ലാങ്ഡൻ സംശയിച്ചു. കൂർത്ത മുള്ളുകളാണ് ബാരിക്കേഡിന്റെ അടിഭാഗം. അപ്പുറത്തേക്ക് നുഴഞ്ഞ് കയറുമ്പോൾ അവ പുറത്ത് കുത്തിക്കയറുമെന്നുറപ്പ്.
മദ്ധ്യകാലഘട്ടത്തിലെ ഗില്ലറ്റ് മെഷീൻ പോലെ.
ഫ്രഞ്ചിൽ അസ്പഷ്ടമായി എന്തോ മുരണ്ട്‍ കൊണ്ട് ഫാഷ് വാച്ച് നോക്കി. എന്നിട്ട് തന്റെ ഭീമാകാരമായ ശരീരം ഒരു വിധത്തിൽ അയാൾ ഇരുമ്പഴി കതകിനടിയിലൂടെ അകത്തേക്ക് സാവധാനം കടത്തി. ലാങ്‌ഡൻ എ കാഴ്‌ച്ച അദ്‌ഭുതത്തോടെ നോക്കി നിന്നു.
ഇത്ര വലിയ ദേഹമുള്ള ക്യാപ്റ്റൻ ഇതിനടിയിലൂടെ നുഴഞ്ഞ് അപ്പുറത്ത് കടന്നോ?
ഫാഷ് കവാടത്തിനപ്പുറമെത്തിക്കഴിഞ്ഞ് അഴികളിലൂടെ ലാങ്‌ഡനെ നോക്കി.
ലാങ്‌ഡൻ ഒന്ന് നിശ്വസിച്ചു.
പിന്നെ കൈത്തലങ്ങൾ രണ്ടും മിനുക്കി ഭംഗിയാക്കിയ മാർബിൾ നിലത്തുറപ്പിച്ചു. വയർ നിലത്തമർത്തി പാമ്പിനെപ്പോലെ അയാൾ അപ്പുറത്തേക്ക് സാവധാനം ഇഴയാൻ തുടങ്ങി. തന്റെ ദേഹത്തെ തൊട്ടു തൊട്ടില്ല എന്നരീതിയിൽ കൂർത്ത് മൂർത്ത ഇരുമ്പുകമ്പികളെ അയാൾ അറിഞ്ഞു. തന്റെ കോട്ടിൽ ഇടയ്ക്കൊക്കെ കമ്പികൾ കുരുങ്ങുന്നത് അയാളറിഞ്ഞു.
സാവധാനമിഴഞ്ഞ് അയാൾ അപ്പുറത്തെത്തി. ആശ്വാസത്തോടെ അയാൾ നിവർന്നു നിന്നു.
അപ്പോൾ മുതൽ ലാങ്‌ഡന്റെ മനസ്സിൽ മറ്റൊരു ചിന്ത ശക്തമായി.
ഡി സി പി ജെയെ സഹായിക്കാൻ വേണ്ടി തന്നെയാണോ തന്നെ പാതി രാത്രി കഴിഞ്ഞ നേരം വിളിച്ചു വരുത്തിയത്?
അതോ?
അയാൾക്ക് ഉത്തരം കിട്ടിയില്ല.
[To Be Continued…]
Comments:
No comments!
Please sign up or log in to post a comment!