ഡാവിഞ്ചിയുടെ മഹാരഹസ്യം 3
ഒരു മൈലിനപ്പുറം, ഓപ്പസ് ദേയിയുടെ ആഢംബര വസതിയായ റ്യു ലാ ബ്രൂയർ നിന്നിരുന്നു. അതിന്റെ കവാടത്തിനു നേരെ കറുത്ത പുരോഹിത – ശിരോവസ്ത്രങ്ങൾ ധരിച്ച് ഭീമാകാരനായ സൈലസ് ഏന്തിവലിഞ്ഞ് നടന്നു. തന്റെ വലത് തുടയിൽ ആണികൾ തറച്ച വീതിയുള്ള ഒരു തുകൽ ബെൽറ്റ് അയാൾ ധരിച്ചിരുന്നു. ‘സിലീസ്’ എന്നാണ് ഫ്രഞ്ച് ഭാഷയിൽ അതിനെ വിളിക്കുന്നത്. ഓപ്പസ് ദേയിയിലെ യഥാർത്ഥ ഭക്തർ അത്തരം ഒരു ബെൽറ്റ് ധരിച്ചിരിക്കണമെന്ന് നിർബന്ധമായിരുന്നു. അത് ധരിക്കുമ്പോൾ തുകൽ ചട്ടയിലെ അസംഖ്യം കൂർത്ത ആണികൾ തുടയിലെ മാംസത്തിലേക്ക് ആഴത്തിൽ തറഞ്ഞിരിക്കും. ക്രിസ്തു കുരിശിൽ അനുഭവിച്ച വേദന എല്ലാ ദിവസവും ഒരു യഥാർത്ഥ ക്രിസ്തു വിശ്വാസി അറിഞ്ഞിരിക്കണം എന്നതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. സിലീസ് എപ്പോഴും സൈലസിന്റെ തുടയിൽ അമർന്ന് ചേർന്നിരുന്നു. തുടയിലെ കൊഴുത്ത മാംസത്തിലേക്ക് തറഞ്ഞിരിക്കുന്ന ആണികൾ തരുന്ന അസഹനീയമായ വേദന അയാൾ സംഗീതം പോലെ ആസ്വദിച്ചു. താൻ യേശുവിന് വേണ്ടി ചെയ്യുന്ന സേവനങ്ങളെയോർത്ത് സൈലസിന്റെ ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞു. തന്റെ ആത്മാവ് സംഗീതം പൊഴിക്കുന്നത്പോലെ അയാൾക്ക് തോന്നി. ലോബിയിൽ കയറിക്കഴിഞ്ഞ് അയാൾ നേരെ സ്റ്റെയർ കേസ് കയറാൻ തുടങ്ങി. തിടുക്കമോ വേഗതയോ അയാളുടെ ചലനങ്ങളിലുണ്ടായിരുന്നില്ല. അത്യന്തം ശാന്തനായി…. തന്റെ പാദപതനം പോലും മറ്റുള്ളവർക്ക് ശല്യമുണ്ടാക്കരുതെന്ന് അയാൾ ആഗ്രഹിച്ചു. ഈ മന്ദിരത്തിന്റെ വിവിധ മുറികളിൽ ഉറങ്ങുന്ന, വിശ്രമിക്കുന്ന ആരും തന്റെ കാലടിയൊച്ചകൊണ്ടുപോലും ശല്യമനുഭവിക്കരുത്. അയാളുടെ കിടപ്പ് മുറി തുറന്ന് കിടന്നിരുന്നു. ഓപ്പസ് ദേയിയുടെ മന്ദിരങ്ങളിൽ മുറികൾക്ക് താഴുകളില്ല. മുറികൾ പൂട്ടാൻ ആർക്കും അനുവാദമില്ല. ആർക്കും കതകടച്ച് കുറ്റിയിട്ടുള്ള സ്വകാര്യത പാടില്ല. യഥാർത്ഥ ക്രിസ്തു ശിഷ്യർ രഹസ്യങ്ങൾ സൂക്ഷിക്കേണ്ടവരല്ല. സൈലസ് മുറിക്കകത്ത് കയറി. സാവധാനം കതക് ചാരിയടച്ചു. തീവ്രമായ ലാളിത്യം നിറഞ്ഞ മുറി. കടുപ്പമുള്ള തടികൊണ്ടുണ്ടാക്കിയ ഫ്ലോർ. പൈൻ മരം കൊണ്ടുണ്ടാക്കിയ അലമാര. ക്യാൻവാസ് കൊണ്ടുണ്ടാക്കിയ വിരി. അതിലാണ് ഉറങ്ങേണ്ടത്. ഈ ആഴ്ച്ച സൈലസ് പാരീസിലെ ഈ മന്ദിരത്തിലെ അതിഥിയാണ്. മുൻ വർഷങ്ങളിൽ ഓപ്പസ് ദേയിയുടെ ആസ്ഥാനമായ ന്യൂയോർക്കിലെ ആഢംബര മന്ദിരത്തിൽ സ്ഥിരം അന്തേവാസിയായിരുന്നു സൈലസ്. ദൈവം എനിക്ക് അഭയസ്ഥാനവും ലക്ഷ്യവും തന്നിരിക്കുന്നു…. കൃതജ്ഞതയോടെ സൈലസിന്റെ ഹൃദയം മന്ത്രിച്ചു. അവസാനം, താൻ കടങ്ങൾ എല്ലാം ഈ രാത്രിയോടെ വീട്ടുവാൻ തുടങ്ങിയിരിക്കുന്നു.
അനാഥനും ഭ്രാന്തനും വെറുക്കപ്പെട്ടിരുന്നവനുമായ തനിക്ക് അഭയവും ബഹുമാനവും പരിരക്ഷയും തന്നിരുന്ന ഒരു വലിയ മനുഷ്യനോടുള്ള തന്റെ കടങ്ങൾ. അലമാരയുടെ അടുത്തേക്ക് തിടുക്കത്തിൽ നീങ്ങി, ഏറ്റവും അടിയിലെ ഷെൽഫിൽ, തുണികൾക്കടിയിൽ ഒളിപ്പിച്ച സെൽഫോൺ അയാൾ പുറത്തെടുത്തു. ഒരു നമ്പർ ഡയൽ ചെയ്തു. “യെസ്…” മറുവശത്ത് ഒരു പുരുഷശബ്ദം സൈലസ്സിന്റെ വിളിക്ക് ഉത്തരം കൊടുത്തു. “ടീച്ചർ…ഞാൻ തിരിച്ചു വന്നു…” സൈലസ്സ് മിടിക്കുന്ന ഹൃദയത്തോടെ പറഞ്ഞു. “എന്നിട്ട്?” ആജ്ഞാശബ്ദം സ്ഫുരിക്കുന്ന ആ ശബ്ദം സൈലസ്സ് കേട്ടു. “എന്നിട്ടെന്തുണ്ടായി? പറയൂ…” ആകാംക്ഷയും സന്തോഷവും നിറഞ്ഞ ശബ്ദം സൈലസിന്റെ കാതുകളെ തൊട്ടു. “നാലുപേരെയും…നാലുപേരെയും ഞാൻ തട്ടി…” തുടിയ്ക്കുന്ന ഹൃദയത്തോടെ സൈലസ്സ് വീണ്ടും പറഞ്ഞു. “ഷെനെഷോസ്സിലെ മൂന്ന് പേരെയും ഗ്രാൻഡ് മാസ്റ്ററെയും…” അപ്പുറത്ത് നിന്ന് അൽപ്പ സമയത്തേക്ക് പ്രതികരണമൊന്നുമുണ്ടായില്ല. പക്ഷെ അപ്പുറത്ത് നിന്ന് തന്റെ വാക്കുകൾ കേൾക്കുന്നയാളുടെ ഹൃദയത്തുടിപ്പ് തനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട് എന്ന് സൈലസ്സ് അറിഞ്ഞു. അതിരില്ലാത്ത ആനന്ദത്തിന്റെ ഹൃദയത്തുടിപ്പ്! “ഗ്രാൻഡ് മാസ്റ്ററെയും!” ഒരു പ്രാർത്ഥനാ ഗീതത്തിന്റെ പവിത്രതയോടെ അങ്ങേത്തലയ്ക്കൽ നിന്നുള്ള ശബ്ദം സൈലസ്സ് കേട്ടു. “അതെ ഗ്രാൻഡ് മാസ്റ്ററെയും….ഗ്രാൻഡ് ഗ്യാലറിയ്ക്കകത്ത്…” “അതിനർത്ഥം…. സൈലസ്…നിനക്ക് അവരിൽ നിന്നും നമ്മൾ ആഗ്രഹിച്ച വിവരം ലഭിച്ചു എന്നാണ്; അല്ലേ?” “അതെ, ടീച്ചർ…എനിക്ക് നമ്മൾ ആഗ്രഹിച്ച വിവരം ആ നാലുപേരിൽ നിന്നും കിട്ടി…” അപ്പുറത്ത് തന്റെ വാക്കുകൾ കേൾക്കുന്നയാൾ ആശ്വാസത്തോടെ നിശ്വസിക്കുന്ന ശബ്ദം സൈലസ്സ് കേട്ടു. “മാപ്പ് ഒളിപ്പിക്കപ്പെട്ടിരിക്കുന്ന സ്ഥലം നാലുപേരും പറഞ്ഞു. നാലുപേരും ഒരേ സ്ഥലമാണ് പറഞ്ഞത്…ക്ലെഫ് ഡി വോട്ട്…അതിന്റെ സ്ഥാനം നാലുപേരും പറഞ്ഞത് ഒരേ സ്ഥലം… ടീച്ചർ…” പെട്ടെന്ന് ഫോണിന്റെ അങ്ങേയറ്റത്ത് നിന്ന് ആശ്ചര്യദ്യോതകമായ ശബ്ദം സൈലസ്സ് കേട്ടു. “മാപ്പിരിക്കുന്ന സ്ഥലം..നീയത് ..അത് നീ …അത് നീയറിഞ്ഞോ സൈലസ്സ്…?” ഐതിഹ്യമനുസരിച്ച് രഹസ്യസംഘം ഒരു മാപ്പുണ്ടാക്കിയിരുന്നു. ഫ്രഞ്ചിൽ ക്ലെഫ് ഡി വോട്ട് അല്ലെങ്കിൽ ഇംഗ്ലീഷിൽ കീ സ്റ്റോൺ എന്നാണ് അവർ അതിനെ വിളിച്ചിരുന്നത്. തങ്ങൾ മറവ് ചെയ്തിരിക്കുന്ന രഹസ്യത്തിലേക്കെത്തിച്ചേരാൻ സഹായിക്കുന്ന മാപ്പ്. ആ രഹസ്യം ജീവൻ കൊടുത്തും സംരക്ഷിക്കുകയെന്നതാണ് രഹസ്യസംഘത്തിന്റെ ലക്ഷ്യം. പ്രത്യേകിച്ചും ഷെനെഷോസ് എന്നറിയപ്പെടുന്ന സംഘത്തിലെ ഏറ്റവും പ്രധാനികളായ മൂവരുടെയും അവരുടെ തലവനായ ഗ്രാൻഡ് മാസ്റ്ററുടെയും.
“മാപ്പ് കിട്ടിക്കഴിഞ്ഞാൽ….” ടീച്ചർ മന്ത്രിക്കുന്നത് പോലെ പറയുന്നത് സൈലസ്സ് കേട്ടു. “….മാപ്പ് കിട്ടിക്കഴിഞ്ഞാൽ നമുക്ക് പിന്നെ ബാക്കിയുള്ളത് ഒരു ചുവട് മാത്രമാണ്. ഒരേയൊരു ചുവട്. ലക്ഷ്യത്തിലെത്താൻ…” “അതെ..നമ്മൾ ലക്ഷ്യത്തിന് ഏറ്റവുമടുത്താണ് ടീച്ചർ…” സൈലസ്സ് പറഞ്ഞു. “മാപ്പ് തേടി മറ്റൊരിടത്തേക്കുംപോകേണ്ട. അതിവിടെ തന്നെയുണ്ട്. പാരീസിൽ,” “ങ്ങ്ഹേ? പാരീസിലോ? ശരിക്കും? വിശ്വസിക്കാൻ പറ്റുന്നില്ല! അപ്പോൾ അധികം കഷ്ട്ടപ്പെടാതെ കീ സ്റ്റോൺ കിട്ടുമല്ലോ..” അൽപ്പം മുമ്പ് നടന്ന, ആ രാത്രിയിലെ സംഭവങ്ങൾ സൈലസ് ഒന്നുകൂടി ഓർമ്മിച്ചു. ഷെനോഷോസ്സിലെ മൂവരെയും വേറെ വേറെ താൻ ചെന്ന് കണ്ടത്. അവരോരുത്തരിൽ നിന്നും മാപ്പിരിക്കുന്ന സ്ഥലത്തെപ്പറ്റി അറിഞ്ഞത്. അവരിൽ നിന്നു സ്ഥലത്തെപ്പറ്റി അറിഞ്ഞു കഴിഞ്ഞ് താൻ ഓരോരുത്തരേയും വെടി വെച്ചുകൊന്നത്. അവസാനം ലൂവ്ര് മ്യൂസിയത്തിൽ വെച്ച് ഗ്രാൻഡ് മാസ്റ്ററെക്കണ്ടത്. ഷെൻഷോസ്സിലെ മൂവരും പറഞ്ഞ അതേ സ്ഥലം തന്നെ ഗ്രാൻഡ് മാസ്റ്ററും പറഞ്ഞത്. അവസാനം അയാളെയും വെടിവെച്ച് കൊന്നത്… നാലുപേരും പറഞ്ഞത് ഒരേ സ്ഥലം. പാരീസിലെ ഏറ്റവും പുരാതനമായ പള്ളിയ്ക്കകത്ത്. സെയിൻറ്റ് സൾപ്പീസ് പള്ളിയ്ക്കകത്ത്. “എന്താ?” ടീച്ചറിന്റെ സ്വരത്തിലെ ഞെട്ടൽ സൈലസ് കേട്ടു. “കർത്താവിന്റെ ദേവാലയത്തിലോ? ഇതിൽക്കൂടുതൽ പരിഹാസം വേറെയുണ്ടോ?” “ടീച്ചർ! നൂറ്റാണ്ടുകളായി ഇതുതന്നെയല്ലേ അവർ ചെയ്യുന്നത്?” ടീച്ചർ ഒരു നിമിഷം മൗനത്തിലായത് സൈലസ്സ് അറിഞ്ഞു. “സൈലസ്സ്!” അൽപ്പം കഴിഞ്ഞ് സൈലസ്സ് ടീച്ചറിന്റെ ശബ്ദം കേട്ടു. “നീ ചെയ്തത്…..ദൈവത്തിന് വേണ്ടി നീ ചെയ്തത് ….. എന്ത്മാത്രം മൂല്യമേറിയ സേവനമാണ് എന്ന് നിനക്കറിയാമോ? സൈലസ്സ് ശ്രദ്ധിച്ച് കേൾക്കൂ…ഞാൻ ഇനി പറയാൻ പോകുന്നത് ഏറ്റവും ശ്രദ്ധയോടെ കേൾക്കൂ….” സൈലസ്സിന്റെ കാതുകൾ ജാഗരൂകമായി. “ഇന്ന് രാത്രി തന്നെ സെയിൻറ്റ് സൾപ്പീസ് പള്ളിയിൽ പോവുക. പള്ളിക്കകം അരിച്ചു പെറുക്കുക. എനിക്ക് വേണ്ടി നീയാ മാപ്പ് കണ്ടെത്തുക! ഇന്ന് രാത്രി!” പിന്നെ എന്താണ് ചെയ്യേണ്ടത് എന്ന് ടീച്ചർ സൈലസിനോട് വിശദീകരിച്ചു.
സൈലസ് ഫോൺ പഴയ സ്ഥാനത്ത് വെച്ചു. തന്റെ ദേഹം വിശപ്പോടെ കാത്തിരിക്കുകയാണ്.
ചാട്ടയടിയേൽക്കാൻ. ചെയ്ത പാപങ്ങൾക്കുള്ള പ്രായശ്ചിത്തം. ഇന്നത്തെ പാപങ്ങളിൽ നിന്ന് തനിക്ക് ആത്മാവിനെ മുക്തമാക്കണം. അലമാരയിൽ നിന്ന് ആണികളും ലോഹമുള്ളുകളും തറച്ച നീണ്ട ചാട്ട സൈലസ്സ് കയ്യിലെടുത്തു. കറുത്ത ശിരോവസ്ത്രവും അടിവസ്ത്രങ്ങളും ഊരിമാറ്റി.
ജാക്വിസ് സോണിയർ മരിച്ചിരിക്കുന്നു!
നഷ്ടബോധം മനസ്സിനെ കീഴടക്കുകയാണ്.
എപ്പോഴും ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നെങ്കിലും കലാ ലോകത്തെ കുലപതിയെന്ന നിലയിൽ ലോക പ്രസിദ്ധനായിരുന്നു ജാക്വിസ് സോണിയർ. അക്കാരണത്താൽ റോബർട്ട് ലാങ്ങ്ഡൺ അദ്ദേഹവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് വേണ്ടി തീവ്രമായി ആഗ്രഹിച്ചിരുന്നു. കൃത്യവും കണിശവുമായ കലാ നിരൂപണങ്ങൾ, വിമർശിക്കുമ്പോഴും ഭാഷയിൽ പുലർത്തുന്ന മാന്യത, ലോക ചിത്ര -ശിൽപ്പ സംഗീത വിഭാഗങ്ങളെപ്പറ്റിയുള്ള അഗാധ ജ്ഞാനം…. ഇവയൊക്കെയോ ഇവയെക്കാൾ മേലെയോ ആയിരുന്നു സോണിയർ.
അക്കാരണത്താൽ, ഫ്രഞ്ച് പുരാവസ്തു വകുപ്പിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല ജാക്വിസ് സോണിയറെ ലൂവ്ര് മ്യൂസിയത്തിന്റെ ക്യൂറേറ്റർ ആയി നിയമിക്കുവാൻ.
ലൂവ്ര് മ്യൂസിയത്തിന്റെ ക്യൂറേറ്റർ എന്നാൽ കലാലോകത്തെ ഏറ്റവും വലിയ അധികാരിയെന്നർത്ഥം.
ഒരിക്കൽ നിയമിതനായി കഴിഞ്ഞാൽ പിന്നെ സ്ഥിരമാണ്.
പുറത്ത് നഗരത്തിന്റെ തിരക്ക് ഏതാണ്ട് ഒതുങ്ങിയിരുന്നു. വഴിവാണിഭക്കാർ അവരുടെ വാഹനങ്ങൾ തിരികെയോടിക്കാൻ തുടങ്ങുന്നു. മാലിന്യങ്ങൾ നിറച്ച ബാഗുകളുമായി നഗര സഭയുടെ ജീവനക്കാർ നീങ്ങുന്നത് കണ്ടു. ജമന്തിപ്പൂക്കളുടെ സുഗന്ധം പരക്കുന്ന ഒരിടത്ത് , മേപ്പിൾ മരത്തിന് താഴെ ഒരു സുന്ദരിയും അവളുടെ കാമുകനും ആലിംഗനബദ്ധരായി നിൽക്കുന്നത് ലാങ്ങ്ഡൻ നോക്കിയിരുന്നു. തങ്ങൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന വാഹനം രാജകീയമായ പ്രൗഢിയിൽ, സൈറൺ മുഴക്കി, തെരുവിനെ രണ്ടായി മുറിച്ച് നീങ്ങുന്നത് ലാങ്ങ്ഡൻ കണ്ടു.
“നിങ്ങൾ ഇന്ന് പാരീസിൽ ഉണ്ടെന്നറിഞ്ഞപ്പോൾ ക്യാപ്പ്റ്റന് ഭയങ്കര സന്തോഷമായി,”
പ്രശസ്തമായ ട്യൂലിയേഴ്സ് ഗാർഡന്റെ വടക്കേ കവാടത്തിലൂടെ സെഡാൻ കാർ കുതിച്ച് പായുമ്പോൾ ഏജന്റ്റ് ജെറോം കോളറ്റ് പറഞ്ഞു. ലാങ്ങ്ഡൻ ട്യൂലിയേഴ്സ് ഗാർഡനെ ഒരു പവിത്രഭൂമിയായാണ് കണ്ടിരുന്നത്. ഈ ഗാർഡനിൽ വെച്ചാണ് പ്രശസ്ത ചിത്രകാരൻ ക്ളോഡ് മോണെറ്റ് രൂപത്തെയും നിറത്തെയും പരീക്ഷണവിധേയമാക്കിയത്. അവസാനം ലോകമാകമാനമുള്ള ചിത്രകാരന്മാർക്ക് ഇമ്പ്രഷനിസം എന്ന ഒരു നൂതന സാങ്കേതിക വിദ്യ സമ്മാനിച്ചത്. ലെഫ്റ്റനന്റ് ജെറോം കോളറ്റ് അസഹ്യമായി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന സൈറൺ ഓഫ് ചെയ്തു. അപ്പോൾ ലാങ്ങ്ഡൻ ദീർഘനിശ്വാസം ചെയ്തു. ഹോ! എന്തൊരാശ്വാസം! ഇരച്ചു വന്ന ശാന്തത ശ്വാസകോശങ്ങളിലേക്ക് അയാൾ ആവാഹിച്ചു. വാഹനം ഇപ്പോൾ ഇടത് വശത്തേക്ക് തിരിഞ്ഞു. പാർക്കിന്റെ വടക്കേ കവാടത്തിലൂടെ പോയി വൃത്താകൃതിയിലുള്ള ഒരു തടാകത്തിന്റെ കരയിലൂടെ അത് നീങ്ങി. ഇരുവശത്തും മരങ്ങൾ നിബിഢമായി വളർന്ന് നിന്ന ഒരു തെരുവിലേക്ക് കാർ പ്രവേശിച്ചു. അവിടെനിന്നു ദീർഘ സമചതുരാകൃതിയിലുള്ള പുൽത്തകിടിയിലേക്ക് കാർ കടന്നു. ഇപ്പോൾ മുമ്പോട്ട് നോക്കിയാൽ ട്യൂലിയേഴ്സ് ഗാർഡൻ തീരുന്നിടം കാണാം. മറ്റൊരു ഭീമാകാരൻ കവാടവും. ആർക് ദു കരൗസ്സൽ. കരൗസ്സൽ കവാടം. കലയെയും ശിൽപ്പനിർമ്മാണത്തെയും സംഗീതത്തെയും സ്നേഹിക്കുന്നവർ പവിത്രതയോടെ കാണുന്നയിടമാണ് ഇത് മുഴുവൻ. ഇവിടെ തുടങ്ങുകയാണ് ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയ നാല് മ്യൂസിയങ്ങൾ. വലത് വശത്ത് പഴയ റെയിൽവേ സ്റ്റേഷനാണ്. മനോഹരമായ പ്രകാശത്തിൽ നിറഞ്ഞ് നിൽക്കുകയാണ് ആ ഇടം. ലാങ്ഡൻ അവിടേക്ക് വാഹനത്തിന്റെ ജനാലയിലൂടെ നോക്കി. അതിനടുത്ത് മ്യൂസീ ഡി ഓർസിയ. ഓർസിയ മ്യൂസിയം.
ഇടത് വശത്ത് അൾട്രാ മോഡേൺ പോംപിദോ സെൻട്രൽ. അതിനുള്ളിലാണ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്.പിമ്പിൽ, പടിഞ്ഞാറുഭാഗത്ത്, രാംസെസ് ദേവതയുടെ സ്മാരകം നിൽക്കുന്നതിന്റെ മുമ്പിൽ മ്യൂസി ദു ഴാങ് ഡി പൗമം.
പക്ഷെ തന്റെ നേരെ മുമ്പിൽ കാണുന്നതാണ് ഫ്രാൻസിന്റെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ റിനൈസ്സൻസ് പാലസ്. അതിലാണ് ലോകത്തെ ഏറ്റവും പ്രസിദ്ധമായ കലാകേന്ദ്രം നിലകൊള്ളുന്നത്.
മ്യൂസീ ദു ലൂവ്ര്
ലൂവ്ര് മ്യൂസിയം. നീളം കൊണ്ട് യൂറോപ്പിലെ ഏറ്റവും വലിയ കെട്ടിടമായി പരിഗണിക്കപ്പെടുന്ന ലൂവ്ര് മ്യൂസിയത്തിന് ഒരു വലിയ കുതിര ലാടത്തിന്റെ ആകൃതിയാണ് . മൂന്ന് ഈഫൽ ഗോപുരങ്ങൾ നിലത്ത് കിടത്തിവെച്ചാൽ അതിന്റെ നീളം കിട്ടും. പാരീസിന്റെ ആകാശനീലിമയിലേക്കുയർന്ന് നിൽക്കുന്ന ഒരു മഹാ ദുർഗ്ഗം. മ്യൂസിയത്തിന്റെ പാർശ്വങ്ങൾക്ക് മദ്ധ്യേയുള്ള ഓപ്പൺ പ്ലാസയ്ക്ക് മാത്രം ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്ണമുണ്ട്. ആദ്യമായി ലൂവ്ര് മ്യൂസിയത്തിന് ചുറ്റും താൻ നടന്നത് ലാങ്ഡൻ ഓർമ്മിച്ചു. മൂന്ന് മൈൽ ദീർഘമുള്ള ഒരു യാത്രയായിരുന്നു അത്! മ്യൂസിയത്തിലെ വിശ്വപ്രസിദ്ധിയാർജ്ജിച്ച അറുപത്തി അയ്യായിരത്തി മുന്നൂറ് ചിത്രങ്ങൾ ആസ്വദിച്ച് കാണണമെങ്കിൽ ഏതാണ്ട് അഞ്ച് ആഴ്ച്ചകൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പക്ഷെ മിക്ക സന്ദർശകരും മൂന്ന് കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി സന്ദർശനം പൂർത്തിയാകുന്നവരാണ്. എണ്ണച്ചായാ ചിത്രമായ മൊണാലിസ, വീനസ് ഡി മിലോ ശിൽപ്പങ്ങൾ, വിങ്ഡ് വിക്റ്ററി എന്ന പേരിലറിയപ്പെടുന്ന ഹെലനിസ്റ്റിക് മാർബിൾ ശിൽപ്പ സമാഹാരം. വാഹനത്തിൽ നിന്നു വാക്കി ടോക്കിയുമെടുത്ത് ഡ്രൈവർ ഇറങ്ങി. തിടുക്കത്തിൽ അയാൾ ഫ്രഞ്ചിൽ ആരോടോ സംസാരിച്ചു. “മോൺഷ്യർ ലാങ്ങ്ഡൻ എസ്റ്റ് അറൈവ്. ഡ്യൂ മിനിറ്റ്സ്…” മിസ്റ്റർ ലാങ്ങ്ഡൻ എത്തിച്ചേരും. പത്ത് മിനിറ്റുകൾക്കുള്ളിൽ. എന്നിട്ട് അയാൾ കാറിനകതിരുന്ന ലാങ്ങ്ഡന്റെ നേരെ തിരിഞ്ഞു. “ക്യാപ്റ്റൻ പ്രധാന വാതിലിനടുത്ത് ഇപ്പോൾ എത്തിച്ചേരും,” അത് പറഞ്ഞ് അയാൾ കാറിൽ കയറി. പിന്നെ പുറത്തേക്ക് ഓടിച്ചുപോയി. അൽപ്പം ദൂരെ മനോഹരമായ ഒരു പെയിൻറ്റിങ് പോലെ, പ്രൗഢിയോടെ, ലൂവ്ര് മ്യൂസിയത്തിന്റെ പ്രധാന വാതിൽ കാണപ്പെട്ടു.
ലാ പിരമിഡ്.
മ്യൂസിയം പോലെ തന്നെ പ്രസിദ്ധിയാർജ്ജിച്ചതാണ്, എഴുപത്തിയൊന്ന് അടി ഉയരമുള്ള പ്രധാനവാതിലിനടുത്തുള്ള ഗ്ളാസ്സ് പിരമിഡ്. ചൈനയിൽ ജനിച്ച അമേരിക്കൻ ആർക്കിടെക്റ്റ് ഐ എം പെയി ആണ് ആ സ്ഫടിക വിസ്മയം ഡിസൈൻ ചെയ്തത്. പക്ഷെ അതിന്റെ നിർമ്മാണം അൽപ്പം വിവാദമുണ്ടാക്കിയിരുന്നു. “എങ്ങനെയുണ്ട് ഞങ്ങളുടെ പിരമിഡ്?” ഏജന്റ് ജെറോം കോളറ്റ് ചോദിച്ചു. ആ ചോദ്യത്തിൽ ഒരു പ്രശ്നമുണ്ട്. ലാങ്ഡൻ ഓർത്തു. ചോദ്യത്തിലല്ല. ഉത്തരം പറയുന്നതിൽ. ‘കൊള്ളാം ഉഗ്രൻ’ എന്നൊക്കെ പറഞ്ഞാൽ നമ്മുടെ ആസ്വാദനരീതിക്ക് എന്തോ പ്രശ്നമുണ്ട് എന്ന് കരുതപ്പെടും. ‘ഇഷ്ടപ്പെട്ടില്ല’ എന്ന് പറഞ്ഞാൽ അത് ഫ്രഞ്ച്കാർക്ക് ഒരപമാനവുമാകും. “മിത്തറാങ് ഉശിരുള്ള പ്രസിഡന്റ് ആയിരുന്നു,” ഏജന്റ്റ് പറഞ്ഞു. പ്രസിഡന്റ് മിത്തറാങ് ആയിരുന്നു ഈ സ്ഫടിക പിരമിഡ് കമ്മീഷൻ ചെയ്തത്. ആളുകൾ അദ്ദേഹത്തിന് ഫറവോ കോംപ്ലെക്സിന്റെ അസുഖമുണ്ട് എന്ന് അടക്കം പറഞ്ഞു. ഫറവോമാർ ഈജിപ്തിൽ ചെയ്തതൊക്കെ അദ്ദേഹം പാരീസിന്റെ തെരുവുകളിൽ നിറച്ചു. സ്മാരകങ്ങൾ, കലാനിർമ്മിതികൾ, പിരമിഡുകൾ…. “നിങ്ങളുടെ ക്യാപ്റ്റന്റെ പേരെന്താണ്?” ലാങ്ഡൻ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു.
“ബേസു ഫാഷ്,” ഡ്രൈവർ പറഞ്ഞു. “പക്ഷെ ഞങ്ങൾ പുള്ളിയെ കാള എന്നാ വിളിക്കുന്നെ,” അൽപ്പം പരിഹാസം കലർന്ന രീതിയിൽ അയാൾ ചിരിച്ചു. “കാളയെന്നോ?” ലാങ്ങ്ഡണ് ചോദിക്കാതിരിക്കാനായില്ല. ഡ്രൈവർ ആ ചോദ്യം കേട്ടതായി ഭാവിച്ചില്ല. കാർ പിരമിഡിന്റെ സമീപം രണ്ട് ജലധാരയുടെ ഇടയിൽനിർത്തി. ഏജന്റ്റ് കോളറ്റും ലാങ്ഡനും പുറത്തിറങ്ങി. “താങ്കളെ ഇവിടെ ഇറക്കാനാണ് എനിക്ക് കിട്ടിയിരിക്കുന്ന ഉത്തരവ്,” ഏജന്റ്റ് കോളറ്റ് പറഞ്ഞു. “ഗുഡ് ലക്ക്, മോൺഷ്യർ ലാങ്ങ്ഡൻ…” ഭാഗ്യം നേരുന്നു മിസ്റ്റർ ലാങ്ങ്ഡൻ…
ലാങ്ങ്ഡൻ ആശ്വാസത്തോടെ ദീർഘനിശ്വാസം ചെയ്തു. പിന്നെ കാർ അകന്നകലുന്നത് ഒന്ന് നോക്കിയതിനു ശേഷം പ്രധാന വാതിലിന്റെ വിശാലതയിലേക്ക് നടന്നു. വാതിലിനെ പൊതിഞ്ഞിരുന്ന ഗ്ളാസ്സിൽ മുട്ടുവാൻ വേണ്ടി അയാൾ കയ്യുയർത്തി. പക്ഷെ അതിന് മുമ്പ് സ്റ്റെയർ കേസിറങ്ങി അകത്തെ ഇരുട്ടിൽ നിന്ന് ഒരു രൂപം പുറത്തേക്ക് വരുന്നത് അയാൾ കണ്ടു. ബലവത്തായ ഒരു ഉരുക്ക് കോട്ടപോലെയുള്ള മനുഷ്യൻ. വിശാലമായ തോളുകൾ. കരുത്തൻ. വീതിയുള്ള, തടിച്ച കാലുകൾ വേഗത്തിൽ ചലിക്കുന്നു. ലാങ്ങ്ഡനോട് അയാൾ അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു. “ഞാൻ ബേസു ഫാഷ്,” കതക് പതിയെ തള്ളി അകത്തേക്ക് ലാങ്ങ്ഡൻ കയറി. പരുക്കൻ ശബ്ദത്തിൽ അയാൾ പറഞ്ഞു. “ക്യാപ്റ്റൻ, ഡയറക്ഷൻ സെൻട്രൽ പോലീസ് ജുഡീഷ്യറി. ദ ഡി സി പി ജെ,” അയാളുടെ രൂപത്തിനും ഭാവത്തിനും ചേർന്ന ശബ്ദം. ലാങ്‌ഡൻ ഓർത്തു. മുരൾച്ചയും ഗർജ്ജനവും സമാസമം യോജിച്ച, കൊടുങ്കാറ്റ് രൂപമെടുക്കുന്നത് പോലെയുള്ള ശബ്ദം. ഹസ്തദാനതിന് വേണ്ടി ലാങ്‌ഡൻ അയാൾക്ക് നേരെ നീട്ടി. “റോബർട്ട് ലാങ്‌ഡൻ” ഫാഷിന്റെ വീതിയേറിയ വലിയ കൈ ലാങ്‌ഡന്റെ കൈത്തലത്തെ ശക്തിയായി, ഞെരിക്കുന്നത് പോലെ പൊതിഞ്ഞു. “മിസ്റ്റ്ർ ലാങ്‌ഡൻ…” ക്യാപ്റ്റന്റെ കരിങ്കല്ലിന്റെ നിറമുള്ള കൃഷ്ണമണികൾ ലാങ്‌ഡന്റെ കണ്ണുകളിൽ പതിഞ്ഞു. “…വരൂ…”
[തുടരും]
Comments:
No comments!
Please sign up or log in to post a comment!