മൃഗം 18

“ദാ, ആ കാണുന്ന വീടാണ്” ഡോണ അല്‍പം അകലേക്ക് ചൂണ്ടി പറഞ്ഞു. വാസു ബൈക്ക് അങ്ങോട്ട്‌ വിട്ടു. കോളനിയിലെ നിരവധി വീടുകളുടെ ഇടയിലൂടെ അവര്‍ പോയപ്പോള്‍ പലരും അവരെ നോക്കുന്നുണ്ടായിരുന്നു. “നിര്‍ത്ത്..ഇതാണ് വീട്” വാസു ആ ചെറിയ വീടിന്റെ മുന്‍പില്‍ ബൈക്ക് നിര്‍ത്തി. വൃത്തിഹീനമായ ചുവരുകളും അലങ്കോലപ്പെട്ടു കിടക്കുന്ന പൂമുഖവും ആ വീട്ടിലുള്ളവരുടെ നിലവാരം വ്യക്തമാക്കുന്നവ ആയിരുന്നു. ബൈക്ക് വന്നു നിന്ന ശബ്ദം കേട്ട് ഒരു പെണ്ണ് ഇറങ്ങി വന്നു. ഏറിയാല്‍ ഇരുപതോ അതിനു അല്‍പം മേലെയോ പ്രായം കാണും. കൂസലില്ലാത്ത മുഖഭാവവും അലസമായ വേഷധാരണവും. അവിടവിടെ തുന്നല്‍ വിട്ട ഒരു ചുരിദാര്‍ ആണ് അവള്‍ ധരിച്ചിരുന്നത്. ശരീരഭാഗങ്ങള്‍ പലതും പുറത്ത് കാണാം. മുടി അലക്ഷ്യമായി വാരിക്കെട്ടി വച്ചിരിക്കുന്നു. കണ്മഷി പടര്‍ന്ന കണ്ണുകള്‍. ഏതു പുരുഷനെയും ആകര്‍ഷിക്കത്തക്ക എന്തോ ഒന്ന് പക്ഷെ അവള്‍ക്കുണ്ടായിരുന്നു. “ആരാ.എന്ത് വേണം?” അവരെ കണ്ടപ്പോള്‍ അവള്‍ മയമില്ലാത്ത സ്വരത്തില്‍ ചോദിച്ചു. “അസീസ്‌ ഉണ്ടോ?” ഡോണയാണ് ചോദിച്ചത്. പെണ്ണ് അവളെ ഒന്നിരുത്തി നോക്കി. എന്നിട്ട് മറുപടി നല്‍കാതെ നിതംബങ്ങള്‍ തെന്നിച്ച് ഉള്ളിലേക്ക് പോയി. “മറ്റേ കേസാ..അവന്റെ ഭാര്യ ആണെന്ന് തോന്നുന്നു” ഡോണ വാസുവിന്റെ കാതില്‍ മന്ത്രിച്ചു. “മറ്റേ കേസോ? അത് ഏതു കേസ്?” “എടാ പൊട്ടാ വേശ്യ..ഇങ്ങനൊരു മണ്ടന്‍” “പിന്നെ ഞാന്‍ പണ്ട് ഇവളുമാരുടെ കൂടല്ലാരുന്നോ താമസം” “മിണ്ടാതിരി..അവന്‍ വരുന്നുണ്ട്” മുടിയും താടിയും വളര്‍ത്തിയ, നല്ല ഉയരമുള്ള മെല്ലിച്ച, കരുത്തുറ്റ ശരീരമുള്ള ഒരു യുവാവ് വെളിയിലേക്ക് വന്നു. അവന്‍ ചോദ്യഭാവത്തില്‍ വാസുവിനെയും ഡോണയെയും നോക്കി. “ആരാ?” അവന്‍ ചോദിച്ചു. “അസീസ്‌ എന്നാണ് പരോളില്‍ ഇറങ്ങിയത്?” ഡോണ മുഖത്ത് ഒരു പുഞ്ചിരി വരുത്തി ചോദിച്ചു.

“നിങ്ങള് വന്ന കാര്യം പറ” അവനു ചോദ്യം ഇഷ്ടമായില്ല എന്ന് ഡോണയ്ക്ക് തോന്നി. “ഞാന്‍ എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഡോണ; ഇതെന്റെ ക്യാമറാമാന്‍ വാസു. ഞങ്ങള്‍ നിങ്ങളെ കണ്ടൊന്നു സംസാരിക്കാന്‍ വന്നതാണ്‌” അവള്‍ പറഞ്ഞു. ടിവിക്കാരിയാണ്‌ അവളെന്ന് കേട്ടപ്പോള്‍ അസീസിന്റെ മുഖത്ത് സംശയം നിഴലിച്ചു. അവന്‍ അല്‍പനേരം ആലോചിക്കുന്നത് പോലെ അവരെ നോക്കി നിന്നു. പിന്നെ തലയാട്ടിയ ശേഷം രണ്ട് കസേരകള്‍ ഉള്ളില്‍ നിന്നുമെടുത്ത് വരാന്തയില്‍ ഇട്ടു. “ഇരി” വരാന്തയുടെ അരമതിലില്‍ പൃഷ്ടം വച്ചുകൊണ്ട് അസീസ്‌ പറഞ്ഞു. വൃത്തിഹീനമായ ആ ചുറ്റുപാടില്‍ മനസില്ലാമനസോടെ ഡോണ ഇരുന്നു.

വാസു അവിടെത്തന്നെ നിന്നതേയുള്ളൂ. “അസീസ്‌, വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോട് സംസാരിക്കാനായി ഞാന്‍ ഒരിക്കല്‍ ജയിലില്‍ എത്തിയിരുന്നു. പക്ഷെ എനിക്ക് നിങ്ങളെ കാണാന്‍ സാധിച്ചില്ല. അന്ന് മുതല്‍ നിങ്ങള്‍ പരോളില്‍ ഇറങ്ങുന്നതും കാത്ത് ഞാന്‍ ഇരിക്കുകയായിരുന്നു. ഇപ്പോള്‍ സംസാരിക്കുന്നതില്‍ വിരോധമൊന്നും ഇല്ലല്ലോ” ഡോണ അവന്റെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് തുടങ്ങി. “നിങ്ങള് ചുറ്റി വളയാതെ കാര്യം പറ” അസീസ്‌ വെള്ളം കണ്ടിട്ട് നാളുകളായ അവന്റെ ശിരസ്സില്‍ മാന്തിക്കൊണ്ട് അസ്വസ്ഥതയോടെ പറഞ്ഞു. “പറയാം. പക്ഷെ എനിക്ക് പറയാനുള്ളത് മുഴുവനും അസീസ്‌ കേള്‍ക്കണം. കേട്ട ശേഷം മാത്രമേ ഒരു തീരുമാനം എടുക്കാവൂ..” അവന്‍ മറുപടി പറയാതെ മാന്തല്‍ തുടര്‍ന്നു. “ഞാന്‍ മുംതാസിന്റെ കൂട്ടുകാരിയാണ്‌..കൂട്ടുകാരി എന്നാല്‍ ആത്മാര്‍ത്ഥ സുഹൃത്ത്” ഡോണ കരുതലോടെ പറഞ്ഞു. അസീസിന്റെ മുഖത്ത് ഞെട്ടല്‍ പടരുന്നത് വാസുവും ഡോണയും ശ്രദ്ധിച്ചു. പക്ഷെ വേഗം തന്നെ അവനത് മായ്ച്ചു കളഞ്ഞു. “മുംതാസോ? ഏതു മുംതാസ്?” ഒന്നും അറിയാത്ത മട്ടിലായിരുന്നു അവന്റെ ചോദ്യം. “എനിക്കെല്ലാം അറിയാം അസീസ്‌…എല്ലാം. ഞാന്‍ പറയുന്ന മുംതാസ് ആരാണെന്ന് നിങ്ങള്‍ക്കും നന്നായിത്തന്നെ അറിയാം..ശരിയല്ലേ?” അസീസിന്റെ മുഖത്ത് കോപം നുരഞ്ഞു പൊന്തുന്നത് കണ്ട വാസു കരുതലോടെ നിലയുറപ്പിച്ചു. “നിങ്ങള് വന്ന കാര്യം പറഞ്ഞു തൊലച്ചിട്ട്‌ പോ..ടിവിക്കാരി ആയതുകൊണ്ടാ ഞാന്‍ മര്യാദ കാണിച്ചത്…” അസീസ്‌ മുരണ്ടു. “അസീസ്‌….നിങ്ങള്‍ ശാന്തനായി ഞാന്‍ പറയുന്നത് കേള്‍ക്കണം. ദയവു ചെയ്ത് മനസ് കലുഷിതമാക്കരുത്. നിങ്ങള്‍ക്ക് ഗുണമുള്ള കാര്യമാണ് എനിക്ക് പറയാനുള്ളത്..” ഡോണ അവന്റെ കണ്ണിലേക്ക് തന്നെ നോക്കി പറഞ്ഞു. അവളുടെ പോക്കറ്റില്‍ വച്ചിരുന്ന മൊബൈല്‍ ക്യാമറ അവരുടെ സംഭാഷണവും അസീസിന്റെ ഭാവാഹാദികളും പകര്‍ത്തുന്നുണ്ടായിരുന്നു. “മുംതാസും ഞാനും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. അവളുടെ വാപ്പയ്ക്കും ഉമ്മയ്ക്കും അവള്‍ ഏക മകളായിരുന്നു. തട്ടുകട നടത്തിയാണ് അവളുടെ വാപ്പ അവളെ പഠിപ്പിക്കാന്‍ അയച്ചിരുന്നത്. ആ വാപ്പച്ചി അവളില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തിരുന്നു” “ഇതൊക്കെ എന്തിനാണ് എന്നോട് പറയുന്നത്? ഛെ..ഇതിപ്പോള്‍ കുരിശായല്ലോ..” അസീസ്‌ അക്ഷമയോടെ പറഞ്ഞു.

“നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സമയമുണ്ട് എന്ന് കരുതിയാണ് ഞാന്‍ അല്‍പം വിശദമായി പറയുന്നത്. കാരണം അസീസിന് മുംതാസിന്റെ ചരിത്രം അറിയാന്‍ വഴിയില്ല എന്നെനിക്ക് തോന്നി. നിങ്ങള്‍ അവളുടെ വാപ്പയേയും ഉമ്മയെയും ഒന്ന് കാണണം.
ഒരു വട്ടം ആ പാവങ്ങളുടെ മുഖങ്ങള്‍ നേരില്‍ കണ്ടാല്‍ ഞാനെന്തിനാണ് ഇത്ര പാടുപെട്ട് കാണാന്‍ വന്നതെന്ന് സ്വയം മനസിലാകും. രാപകല്‍ കഠിനമായി അധ്വാനിച്ചാണ് ആ വാപ്പ മകളെ വളര്‍ത്തിയത്. അവള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി സ്വന്തം സുഖങ്ങള്‍ അവര്‍ രണ്ടുപേരും ത്യജിച്ചു. മകള്‍ക്കൊപ്പം താമസിക്കാന്‍ വേണ്ടി പത്തും പതിനഞ്ചും രൂപ വീതം മാറ്റി വച്ച് ഒരു വീടുണ്ടാക്കാനുള്ള സമ്പാദ്യവും ആ വാപ്പ കരുതുന്നുണ്ടായിരുന്നു. ഇതൊക്കെ ചെയ്യാന്‍ അവര്‍ക്ക് സന്തോഷമേ ഉള്ളായിരുന്നു. കാരണം അവര്‍ ഇരുവരുടെയും സന്തോഷമെന്നത് ആ മകള്‍ മാത്രമായിരുന്നു. അവളെയാണ് ആ ചെകുത്താന്മാര്‍ മരണത്തിലേക്ക് തള്ളിവിട്ടത്. എന്നിട്ട് നിരപരാധിയായ നിങ്ങളെ പ്രതിയാക്കി ജയിലിലും അയച്ചു. എന്തിന് വേണ്ടിയാണ് അസീസ്‌ നിങ്ങള്‍ ഇത്തരം ദുഷ്ടന്മാര്‍ക്ക് കൂട്ട് നില്‍ക്കുന്നത്? എന്റെ മുംതാസിനെ ചതിച്ച ആ നീചന്മാരെ എനിക്ക് നിയമത്തിന്റെ കൈകളില്‍ എത്തിക്കണം. അതിനെനിക്ക് അസീസിന്റെ സഹായം വേണം. അതിനു വേണ്ടിയാണ് ഞാന്‍ നിങ്ങളെ കാണാന്‍ വന്നത്” ഡോണ ലേശം വികാരത്തോടെയാണ് സംസാരിച്ചത്. “ഹും..ഇതായിരുന്നോ കാര്യം. എന്റെ മുതലാളിമാര്‍ക്ക് എതിരെ ഞാന്‍ സംസാരിക്കണം അല്ലെ..നിങ്ങള്‍ അതിനു വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്.. എന്നിട്ട് സ്ഥലം വിട്” അസീസ്‌ എഴുന്നേറ്റ് മൂട് തട്ടിക്കൊണ്ടു പറഞ്ഞു. “അസീസ്‌..എന്തിന് വേണ്ടി? എന്തിന് വേണ്ടിയാണ് നിങ്ങള്‍ അവരുടെ തെറ്റിന്റെ ഫലം ചുമക്കുന്നത്? നിങ്ങള്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നതിന് നക്കാപ്പിച്ച അല്ലാതെ എന്തെങ്കിലും കാര്യമായ സഹായം അവര്‍ ചെയ്യുന്നുണ്ടോ? ഇന്നും നിങ്ങള്‍ ജീവിക്കുന്നത് ഇവിടെയല്ലേ? ഈ ചെറിയ കൂരയില്‍? പക്ഷെ അവരോ? ഒന്നുകില്‍ നിങ്ങള്‍ക്ക് നല്ല സാമ്പത്തിക ഗുണം വേണം..അതല്ലെങ്കില്‍ ഒരു നല്ല കാര്യത്തിന് വേണ്ടി ആയിരിക്കണം ഈ ത്യാഗം. ഇത് രണ്ടുമല്ലാതെ എന്തിനിങ്ങനെ ഒരു കഴുതയായി സ്വയം മാറുന്നു?” ഡോണയുടെ സ്വരത്തില്‍ കോപവും നിരാശയും ഉണ്ടായിരുന്നു. ആരോ കൈയടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ മൂവരും ഞെട്ടലോടെ നോക്കി. ഉള്ളില്‍ നിന്നും അസീസിന്റെ ഭാര്യ ആയിരുന്നു കൈയടിച്ചുകൊണ്ട് ഇറങ്ങി വന്നത്. “കൈ കൊട് മോളെ കൈ കൊട്.. ഈ ബോധമില്ലാത്ത മനുഷ്യനോട് ഞാന്‍ ഇന്നും കൂടി ചോദിച്ച ചോദ്യമാണ് നീ ഇപ്പോള്‍ ചോദിച്ചത്. ഇയാളുടെ മുതലാളിമാര്‍..ത്ഫൂ..മാനം മര്യാദയ്ക്ക് ജീവിച്ചിരുന്ന എന്നെ ഒരു…ഒരു നശിച്ചവളാക്കി മാറ്റിയത് അവന്മാരാണ്. ഇയാള്‍ ജയിലില്‍ പോയപ്പോള്‍ തനിച്ചായ എന്നെ അവന്മാര്‍…” ആ സ്ത്രീ പകയോടെ അസീസിനെ നോക്കി.
അവന്റെ മുഖം നിര്‍വികാരമായിരുന്നു. “ഇയാള്‍ക്ക് നക്കാപ്പിച്ച മതി. അതിനു വേണ്ടി അവന്മാരുടെ കാലുവരെ ഇങ്ങേരു നക്കും. നാണമില്ലാത്ത മനുഷ്യന്‍. ആ കൊച്ചു പറഞ്ഞത് പോലെ ചെയ്യ്‌ മനുഷ്യാ..ചത്തു മോളില്‍ ചെല്ലുമ്പോള്‍ പടച്ചോന്റെ കണ്ണില്‍ ഒരു നല്ല കാര്യമെങ്കിലും നിങ്ങളുടെ പേരില്‍ കണ്ടോട്ടെ..എത്ര പെണ്ണുങ്ങളെ അവന്മാര്‍ ഇതുപോലെ നശിപ്പിച്ചിട്ടുണ്ട് എന്ന് അറിയാമോ..അറിയണമെങ്കില്‍ എന്റെ കൂടെ വാ..ഞാന്‍ കാണിച്ചു തരാം” അവര്‍ കിതച്ചുകൊണ്ട് പറഞ്ഞു. വാസുവും ഡോണയും അവരെ അത്ഭുതത്തോടെ നോക്കി. അസീസ്‌ പക്ഷെ നിര്‍വികാരനായി ഇരിക്കുകയായിരുന്നു.

“അസീസ്‌..നിങ്ങളുടെ ഭാര്യ പറഞ്ഞത് കേട്ടില്ലേ? ഇനിയെങ്കിലും ചിന്തിക്കൂ..” ഡോണ അവന്റെ മനസ് മാറ്റാനായി പറഞ്ഞു. “ഇല്ല കൊച്ചെ..ഇങ്ങേരുടെ മനസു മാറത്തില്ല. വല്ലോനും വേണ്ടി എന്നെ ഒറ്റയ്ക്ക് ആക്കിയിട്ടു ജയിലില്‍ പോയി കിടക്കുന്നതാ അങ്ങേര്‍ക്ക് ഇഷ്ടം. നിങ്ങളെപ്പോലെ ഉള്ള മനുഷ്യരുള്ള ഭൂമീലാണ് ജീവിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ മാത്രമേ ഉള്ളു മനസിനൊരു തണുപ്പ്. കെട്ടിയവന്‍ ഇല്ലാത്ത നേരം നോക്കി വന്ന് എന്റെ മാംസത്തിനു വില പറഞ്ഞ് എന്നെ ഒരു വെറും മാംസപിണ്ഡം ആക്കി മാറ്റിയ അവന്മാരെ സഹായിക്കാന്‍ നടക്കുന്ന ഇങ്ങേരോടുള്ള പക കൊണ്ടാണ് ഞാന്‍ ഇന്ന് ആ തൊഴില്‍ സന്തോഷത്തോടെ ചെയ്യുന്നത്. പക്ഷെ എനിക്കെന്ത് വന്നാലും ഞാന്‍ എന്ത് ചെയ്താലും ഇങ്ങേര്‍ക്ക് ഒരു ചുക്കുമില്ല..ഞാന്‍..ഞാന്‍…” ആ സ്ത്രീ കരഞ്ഞു കൊണ്ട് ഉള്ളിലേക്ക് ഓടി. അസീസ്‌ തല കുമ്പിട്ടിരിക്കുകയയിരുന്നു. അല്‍പനേരം ആരും സംസാരിച്ചില്ല. ഡോണയാണ് അവസാനം നിശബ്ദതയ്ക്ക് ഭംഗം വരുത്തിയത്. “അസീസ്‌..നിങ്ങള്‍ ഒരു പുരുഷനല്ലേ? അതിലുപരി ഒരു മനുഷ്യനല്ലേ? ആ പോയത് നിങ്ങളുടെ ഭാര്യയാണ്. അവള്‍ പറഞ്ഞത് നിങ്ങള്‍ കേട്ടോ? സ്വന്തം ഭാര്യയ്ക്ക് പോലും ഗുണമില്ലാത്ത ഈ ജീവിതം എന്തിനാണ്? നിന്നെപ്പോലെ ഉള്ളവരെ ബലിയാടാക്കി അവന്മാര്‍ സുഖിക്കുകയാണ്‌. അത് ചിന്തിക്കാനോ മനസിലാക്കാനോ ഉള്ള കഴിവ് പോലും അന്ധമായി നേതാക്കന്മാരെ പിന്താങ്ങി നടക്കുന്ന ബുദ്ധി ഉപയോഗിക്കാത്ത നിന്നെപ്പോലെ ഉള്ളവര്‍ക്കില്ല. നേതാവ് പറഞ്ഞാല്‍ നീ കുത്തും കൊല്ലും ചാകും ജയിലിലും പോകും. നീ അവിടെക്കിടന്നു നരകിക്കുമ്പോള്‍ അവന്മാര്‍ എസി മുറിയില്‍ ഇരുന്നു സുഖിക്കും. ബോധമുണ്ടെങ്കില്‍ ചിന്തിച്ചു നോക്കടാ..അവരും നീയും മനുഷ്യരാണ്. അവരെപ്പോലെ സ്വാതന്ത്ര്യമായി ജീവിക്കാന്‍ നിനക്കുമുണ്ട് അവകാശം. ആ നീ, ചെയ്യാത്ത തെറ്റിന് അവരെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവിതവും സ്വന്തം ഭാര്യയുടെ ജീവിതവും ഒപ്പം നിരപരാധിയായ ഒരു പാവം പെണ്‍കുട്ടിക്ക് ലഭിക്കേണ്ട നീതിയും ഇല്ലാതാക്കുകയാണ്.
നിന്റെ ജന്മം വെറും പാഴ് ജന്മം ആണ് അസീസ്‌..വെറും പാഴ് ജന്മം. വാസൂ വാ, നമുക്ക് പോകാം” ഡോണ മനസ്സ് മടുത്ത് പൊട്ടിത്തെറിച്ച ശേഷം പോകാനായി എഴുന്നേറ്റു. വാസു അസീസിനെ ഒന്ന് നോക്കിയ ശേഷം ബൈക്കില്‍ കയറി. ഡോണ നിരാശയോടെ ചെന്ന് അവന്റെ പിന്നില്‍ കയറിയിരുന്നു. വാസുവിന്റെ കാല്‍ കിക്കറില്‍ അമര്‍ന്നു. “ഒന്ന് നിന്നെ..” അവര്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അസീസ്‌ വിളിച്ചു. ഡോണയുടെ മുഖം വിടര്‍ന്നു. അവള്‍ മെല്ലെ വണ്ടിയില്‍ നിന്നും ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു. “പറ അസീസ്‌” അവള്‍ വീണ്ടും കസേരയില്‍ ഇരുന്നുകൊണ്ട് പറഞ്ഞു. അവന്റെ ഭാര്യയുടെ മുഖം അവള്‍ വാതിലിനു സമീപം കണ്ടു. “ഞാന്‍..ഞാനെന്ത് ചെയ്യണം?” അസീസ്‌ പതര്‍ച്ചയോടെ ചോദിച്ചു. “പറയാം; അസീസിനെ ഈ കേസില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷിക്കുക മാത്രമല്ല, ഇനിയങ്ങോട്ട് മാന്യമായി ജീവിക്കാനുള്ള ഒരു തൊഴിലും ഞാന്‍ ശരിയാക്കി തരാം. പക്ഷെ എനിക്ക് അറേബ്യന്‍ ഡെവിള്‍സിനെതിരെ അസീസിന്റെ മൊഴി വേണം. ഒപ്പം അവര്‍ മുംതാസിനെതിരെ ചെയ്ത ഹീനതയ്ക്ക് എന്നെ സഹായിക്കാന്‍ പറ്റുന്ന തെളിവുകളും. അസീസ്‌ ഒപ്പം നിന്നാല്‍, അവന്മാരെ എനിക്ക് നിസ്സാരമായി തകര്‍ക്കാന്‍ സാധിക്കും. എനിക്ക് അസീസിന്റെ വായില്‍ നിന്നും അന്ന് നടന്ന കാര്യങ്ങള്‍ കേള്‍ക്കണം. നമുക്ക് ഉള്ളിലേക്ക് ഇരുന്നാലോ?” ഡോണ ചോദിച്ചു. അസീസിന്റെ കണ്ണുകളിലെ ഭയം അവള്‍ ശ്രദ്ധിച്ചു.

“അവരെ നിങ്ങള്‍ക്ക് അറിയില്ല. അവര്‍ക്കെതിരെ ഞാന്‍ സംസാരിച്ചു എന്നവര്‍ അറിഞ്ഞാല്‍…” അവന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. “അറിഞ്ഞാല്‍ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ മനുഷ്യാ. ഇങ്ങനെ ചത്ത് ജീവിക്കുന്നതിലും നല്ലത് ഒരു നല്ല കാര്യം ചെയ്തിട്ട് ചാകുന്നതാണ്..” അവന്റെ ഭാര്യ കോപത്തോടെ പറഞ്ഞു. “ഇത്തയുടെ പേരെന്താ?” ഡോണ ചോദിച്ചു. “മീന…ഞാന്‍ മുസ്ലീം അല്ല കുട്ടീ. ഞാന്‍ ഇങ്ങേരെ പ്രേമിച്ചു കെട്ടിയതാണ്..എന്റെ വീട്ടുകാരെപ്പോലും ഉപേക്ഷിച്ചിട്ട്..” അവള്‍ വിതുമ്പി. വാസുവും ഡോണയും അവളെ അത്ഭുതത്തോടെ നോക്കി. “ഉള്ളിലോട്ട് വാ..” അസീസ്‌ പറഞ്ഞു. ഡോണ എഴുന്നേറ്റ് വാസുവിനെ നോക്കി. അവനും അവളുടെ കൂടെ ആ ചെറിയ വീടിന്റെ ഉള്ളിലേക്ക് കയറി. ഡോണ തന്റെ ബാഗില്‍ നിന്നും ക്യാമറ പുറത്തെടുത്തു. അവര്‍ ഉള്ളിലേക്ക് കയറിക്കഴിഞ്ഞപ്പോള്‍ അല്‍പം അകലെ മാറി നിന്നിരുന്ന, കണ്ടാല്‍ ഭിക്ഷക്കാരനെന്നു തോന്നിക്കുന്ന ഒരുത്തന്‍ സഞ്ചിയില്‍ നിന്നും മൊബൈല്‍ ഫോണെടുത്ത് തിടുക്കത്തില്‍ ഒരു നമ്പര്‍ ഡയല്‍ ചെയ്തു. —————- “ഉം പറ അസീസ്‌..അവര്‍ എന്തിനാണ് അവിടെ വന്നത്? നീ വീട്ടിനുള്ളില്‍ കയറി അവരോടു രഹസ്യമായി സംസാരിച്ചത് എന്താണ്?” അറേബ്യന്‍ ഡെവിള്‍സിന്റെ രഹസ്യ സങ്കേതത്തില്‍ കസേരയില്‍ കാലിന്മേല്‍ കാല്‍ കയറ്റി വച്ച് ഇരുന്നുകൊണ്ട് അര്‍ജ്ജുന്‍ ചോദിച്ചു. സ്റ്റാന്‍ലിയും മാലിക്കും അവന്റെ പിന്നിലായി ഒരു സോഫയില്‍ ഇരിപ്പുണ്ടായിരുന്നു. രഹസ്യ സംഭാഷണങ്ങള്‍ക്കും തങ്ങളുടെ ഇരകളെ കൊണ്ടുവന്നു ചോദ്യം ചെയ്യാനും പീഡിപ്പിക്കാനുമായി ഉണ്ടാക്കിയിട്ടിരുന്ന ഭൂഗര്‍ഭ അറയില്‍ ആയിരുന്നു അവര്‍ അപ്പോള്‍. വാസുവും ഡോണയും അവനെ കാണാന്‍ ചെന്നു എന്നറിഞ്ഞപ്പോള്‍ തന്ത്രപൂര്‍വ്വം അവനെ അവിടേക്ക് അവര്‍ വരുത്തിയതാണ്. അസീസിന്റെ മനസ്സില്‍ പക്ഷെ ഭയം ഇല്ലായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഒരു നല്ല കാര്യം ചെയ്തതിന്റെ ആശ്വാസം അവന്റെ മുഖത്ത് പ്രകടമായിരുന്നു. എങ്കിലും ഈ മനുഷ്യത്വമില്ലാത്തവരുടെ മുന്‍പില്‍ അഭിയനിക്കാനയിരുന്നു അവന്റെ തീരുമാനം. “ജയിലിലെ കാര്യങ്ങള്‍ അറിയാനാണ്. ജയില്‍പുള്ളികളെക്കുറിച്ച് ആ സ്ത്രീ എന്തോ പരിപാടി ചെയ്യുന്നുണ്ട്. അതെപ്പറ്റി എന്നോട് കുറെ ചോദിച്ചു. ഞാന്‍ അറിയാവുന്നതുപോലെ പറഞ്ഞുകൊടുത്തു..” അസീസ്‌ സാധാരണ മട്ടില്‍ പറഞ്ഞു. അര്‍ജുന്‍ തിരിഞ്ഞ് കൂട്ടുകാരെ നോക്കി. അവരുടെ മുഖത്തെ ഗൂഡഭാവം അസീസും ശ്രദ്ധിച്ചു. “എന്തൊക്കെയാണ് അവള്‍ ചോദിച്ചത്?” ചോദ്യം സ്റ്റാന്‍ലിയുടെ വക ആയിരുന്നു. “അവിടുത്തെ താമസം, ഭക്ഷണം, പിന്നെ ആപ്പീസര്‍മാരുടെ പെരുമാറ്റം അങ്ങനെ കുറെ..ജയിലില്‍ ഉള്ളവരുടെ സങ്കടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ള പരിപാടി ആണെന്ന് പറഞ്ഞത് കൊണ്ടാ ഞാന്‍ സംസാരിക്കാന്‍ സമ്മതിച്ചത്. വല്ല കുഴപ്പോം ഒണ്ടോ മൊതലാളി?”

“ഏയ്‌..അവളും അവനും ഈയിടെയായി ഞങ്ങള്‍ക്കെതിരെ പലരില്‍ നിന്നും തെളിവുകള്‍ ഉണ്ടാക്കാന്‍ നടക്കുകയാണ്. നിന്നെ കാണാന്‍ വന്നതും അതിനാണോ എന്നറിയാനാണ് ചോദിച്ചത്” മാലിക്ക് പറഞ്ഞു. “ഞാനും മുതലാളിമാരും തമ്മിലുള്ള ബന്ധം അവള്‍ക്കറിയില്ലല്ലോ.. എന്നോട് നിങ്ങളുടെ കാര്യമൊന്നും അവളോ അവനോ ചോദിച്ചില്ല” അസീസ്‌ തന്ത്രപൂര്‍വ്വം പറഞ്ഞു. “അവള്‍ക്കെല്ലാം അറിയാം അസീസേ..എല്ലാം. ഒന്നുകില്‍ അവള്‍ നിന്നെ മെല്ലെ കൈയിലെടുക്കാന്‍ വേണ്ടി അഭിനയിച്ചതാണ്. അങ്ങനെ ആണെങ്കില്‍ അവള്‍ വീണ്ടും നിന്നെ കാണാന്‍ വരും. നീ അന്ന് കോടതിയില്‍ പറഞ്ഞതിനും അപ്പുറമായി ഒരക്ഷരം പറയരുത്. പറഞ്ഞാല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന കുറ്റത്തിന് നീ ചിലപ്പോള്‍ ആജീവനാന്തം ജയിലില്‍ കിടക്കും. ഇനി ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാല്‍ നിനക്ക് ജയിലില്‍ നിന്നും പോരാം. അതുകൊണ്ട് പൊല്ലാപ്പ് ഒന്നും വലിച്ചു തലയില്‍ വയ്ക്കരുത് മനസ്സിലായോ?” അര്‍ജുന്‍ പറഞ്ഞു. അസീസ്‌ തലയാട്ടി. “എന്നാണ് നിന്റെ പരോള്‍ തീരുന്നത്?” മാലിക്ക് ചോദിച്ചു. “രണ്ടാഴ്ച കൂടിയുണ്ട്” “ഉം ശരി പൊക്കോ. ഇനി അവനോ അവളോ നിന്നെ കാണാന്‍ വന്നാല്‍ ഞങ്ങളെ വിവരം അറിയിക്കണം. പറഞ്ഞതൊക്കെ ഓര്‍മ്മ ഉണ്ടാകണം” സ്റ്റാന്‍ലി പറഞ്ഞു. അസീസ്‌ വീണ്ടും തലയാട്ടി. “ദാ, ഈ പണം വച്ചോ. വല്ല ആവശ്യവും വന്നാല്‍ പറഞ്ഞാല്‍ മതി” ഒരു അഞ്ഞൂറിന്റെ കുറെ നോട്ടുകള്‍ അവന്റെ നേരെ നീട്ടി അര്‍ജുന്‍ പറഞ്ഞു. ഒന്ന് മടിച്ചെങ്കിലും അസീസ്‌ അത് വാങ്ങി. “ശരി പൊക്കോ..ങാ പിന്നെ നിന്റെ ഭാര്യ ഇപ്പോള്‍ പുതിയ ബിസിനസ് തുടങ്ങി. അറിഞ്ഞു കാണുമല്ലോ അല്ലെ?” അവന്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ സ്റ്റാന്‍ലി ചോദിച്ചു. അസീസിന്റെ ഉള്ളില്‍ ഒരു മൃഗം മുരണ്ടു. തന്റെ മീനയെ ചതിച്ചു പിഴപ്പിച്ചിട്ട് നായിന്റെ മോന്‍ പറയുന്നത് കേട്ടില്ലേ. പക്ഷെ അവന്‍ സ്വയം നിയന്ത്രിച്ചു. സംശയം തോന്നിയാല്‍ പിന്നെ താന്‍ പുറം ലോകം കാണില്ലെന്നല്ല, പിന്നെ ഈ ഭൂമുഖത്ത് തന്നെ ഉണ്ടാകില്ല. “അറിയില്ല മുതലാളി” അവന്‍ അവര്‍ക്ക് മുഖം നല്‍കാതെയാണ് അത് പറഞ്ഞത്. “ഉം ചെല്ല്..സന്ധ്യയ്ക്ക് കെ സ് ആര്‍ ടി സി സ്റ്റാന്റിലും റെയില്‍വേ സ്റ്റെഷനിലും ഒക്കെ അവളെ നിനക്ക് കാണാം..ചെല്ല്..” മാലിക്ക് ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് പറഞ്ഞു. അസീസ്‌ ഒന്നും മിണ്ടാതെ സ്ഥലം വിട്ടു. “അവന്‍ എന്തോ ഒളിക്കുന്നുണ്ട്” അവന്‍ പോയപ്പോള്‍ അര്‍ജുന്‍ ആലോചനയോടെ പറഞ്ഞു. “അതെ; അവന്‍ പഴയ അസീസല്ല. നീ പണം നല്‍കിയപ്പോള്‍ അവന്‍ ഒന്നാലോചിച്ചു..അത് ഒരു പുതിയ സംഭവമാണ്..പണം വേണോ എന്ന് ആലോചിക്കുന്ന അസീസ്‌..തീര്‍ത്തും പുതിയ സംഭവം..” മാലിക്കും ആലോചനയോടെ പറഞ്ഞു. “അവളും അവനും കൂടി ഇവനെ ബ്രെയിന്‍ വാഷ് ചെയ്ത് കാണും. അങ്ങനെയാണെങ്കില്‍, സംഗതി അപകടമാണ്” സ്റ്റാന്‍ലി പറഞ്ഞു.

“എനിക്കുമുണ്ട് ആ സംശയം. എന്തായാലും ഇവനെ ഒന്ന് നിരീക്ഷിക്കണം. സേതുവിനെ വിളിച്ച് ഇവന്റെ വീട്ടില്‍ നടക്കുന്ന സംസാരം ശ്രദ്ധിക്കാന്‍ പറയണം. അതേപോലെ ഇവന്റെ മേല്‍ അവന്റെ കണ്ണും വേണം..പരോള്‍ തീരുന്നത് വരെ. നമ്മള്‍ കരുതുന്നത് പോലെ ഇവന്‍ പാലം വലിക്കാനുള്ള ശ്രമമാണ് എങ്കില്‍, പരോള്‍ തീര്‍ന്ന് ജയിലിലേക്ക് അവന്‍ തിരികെ പോകേണ്ട കാര്യമില്ല…” അര്‍ജ്ജുന്‍ കണക്കുകൂട്ടലുകളോടെ പറഞ്ഞു. “അതെ..അവന്‍ നമ്മളെ ചതിക്കാനുള്ള ഭാവമാണ് എങ്കില്‍, ഇനി ഒരു ജയില്‍വാസം അവനാവശ്യമില്ല..നമുക്ക് അവനെ സ്വതന്ത്രനാക്കണം..ഞാന്‍ സേതുവിനെ ഒന്ന് വിളിക്കട്ടെ” മാലിക്ക് മോബൈല്‍ എടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്തുകൊണ്ട് പറഞ്ഞു. ———————— “ഇപ്പോഴാണ്‌ മോളെ മനസ്സിനൊരു ആശ്വാസം കിട്ടിയത്. ഇക്കാലമത്രയും ഞാന്‍ ജീവിക്കുകയല്ലായിരുന്നു എന്ന് ആ പെണ്‍കൊച്ചാണ് എന്നെ മനസിലാക്കിയത്. ജയിലില്‍ നിന്നും തിരികെ വന്നാല്‍ പിന്നെ ഞാനൊരിക്കലും പഴയ ജീവിതം ആവര്‍ത്തിക്കില്ല” നിലത്ത് വിരിച്ച പായയില്‍ മലര്‍ന്നു കിടന്നുകൊണ്ട് അസീസ്‌ മീനയോട് പറയുകയായിരുന്നു. എന്നും സന്ധ്യയ്ക്ക് സ്വന്തം ശരീരം വില്‍ക്കാനായി പോകാറുള്ള മീന അന്ന് പോകാതെ ഭര്‍ത്താവിന്റെ അരികില്‍ തന്നെയായിരുന്നു. വിവാഹശേഷം ആദ്യമായി താന്‍ ഒരു ഭാര്യയാണ് എന്ന തോന്നല്‍ അവള്‍ക്കുണ്ടായത് അസീസിന്റെ മനംമാറ്റത്തോടെയാണ്. “എന്റെ ഇക്കയെ ഞാന്‍ ചതിച്ചു..ഞാന്‍ ഇന്ന് അഴുക്കു പിരണ്ട, എത്ര കഴുകിയാലും കറ പോകാത്ത പഴന്തുണി ആണ്. എന്നോട് ക്ഷമിക്കാന്‍ ഇക്കയ്ക്ക് സാധിക്കുമോ..ഒരു ഭര്‍ത്താവിനും അത് സാധിക്കില്ല” മീന അവന്റെ കാല്‍പ്പാദങ്ങളില്‍ പിടിച്ചു വിലപിച്ചു. “ഞാനും നീയും നല്ലവരായിരുന്നില്ല. നിന്നെക്കാള്‍ മോശക്കാരനാണ് ഞാന്‍. മുംതാസ് എന്ന പെണ്ണിനെ അവര്‍ക്ക് വേണ്ടി ഞാനും പ്രാപിച്ചവനാണ്. ഞാന്‍ അങ്ങനെ ചെയ്യുന്നതിന്റെ വീഡിയോ എടുത്താണ് അവര്‍ എനിക്കെതിരെ തെളിവുണ്ടാക്കിയത്. ഞാനത് മനസോടെ ചെയ്തതായിരുന്നു എങ്കിലും ഇന്ന് എനിക്കതില്‍ കടുത്ത കുറ്റബോധം ഉണ്ട്. ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ഞാനും കാരണക്കാരാണ്‌. അതുപോലെ എത്രയോ വൃത്തികേടുകള്‍ ഞാന്‍ അവന്മാര്‍ക്ക് വേണ്ടി ചെയ്തിരിക്കുന്നു. എന്റെ കുറ്റം കൊണ്ടല്ലേ നീയും ഈ അവസ്ഥയില്‍ എത്തിയത്. അതുകൊണ്ട് നമുക്ക് പഴയതൊക്കെ മറക്കാം. നീയും ഞാനും മനസുകൊണ്ട് ഇനിമേല്‍ ശുദ്ധരാണ്. ഇനി ഒരിക്കലും നമ്മള്‍ നമ്മുടെ പഴയ തൊഴിലിലേക്ക് പോകുന്നില്ല. ഡോണ പറഞ്ഞത് പോലെ നീ അവള്‍ തരാമെന്നു പറഞ്ഞ ജോലിയില്‍ കയറണം. ആ വരുമാനം മതി ഞാന്‍ വരുന്ന നാള്‍ വരെ നിനക്ക് ജീവിക്കാന്‍.” അസീസ്‌ ശാന്തനായി പറഞ്ഞു. മീന സന്തോഷാശ്രുക്കള്‍ പൊഴിക്കുകയായിരുന്നു അവന്റെ സംസാരം കേട്ടപ്പോള്‍.

“അതെ ഇക്ക. ഇക്ക പോയാല്‍ ഞാന്‍ ആ ജോലിക്ക് കയറും. ഇനി ഒരിക്കലും, പട്ടിണി കിടന്നു ചാകേണ്ടി വന്നാലും ഞാന്‍ എന്റെ ശരീരം വില്‍ക്കില്ല. മലിനപ്പെട്ടതാണ് എങ്കിലും, ഇനി ഇത് ഞാനെന്റെ ഇക്കയ്ക്ക് വേണ്ടി പരിശുദ്ധമായി സൂക്ഷിക്കും.” കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു. “ജയിലില്‍ എന്റെ ഒപ്പമുള്ളവര്‍ അവിടെ നിന്നും ഇറങ്ങിയാല്‍ വലിയ ഒരു കൊള്ള നടത്താന്‍ എന്നെയും കൂട്ടിയിരിക്കുകയാണ്. എന്റെ തടവുശിക്ഷ തീരുന്നതിനും അടുത്തടുത്തായി ശിക്ഷ തീരുന്ന മൂന്നാലുപേര്‍ ചേര്‍ന്നാണ് പരിപാടി ഇട്ടിരിക്കുന്നത്. അപ്പോഴത്തെ മനസ് വച്ച് ഞാന്‍ അവരോടു സമ്മതം മൂളിയതുമാണ്. ഒരു ബാങ്ക് കൊള്ള. ഒരു പണി കൊണ്ട് ഒരു ജീവിതകാലം മൊത്തം കഴിയാനുള്ള പണമാണ് അവരുടെ ലക്‌ഷ്യം. അതിനി ഞാന്‍ ചെയ്യില്ലെന്ന് മാത്രമല്ല, അവന്മാര്‍ക്ക് റിലീസ് കിട്ടുമ്പോള്‍ അക്കാര്യം ഞാന്‍ പോലീസില്‍ അറിയിക്കുകയും ചെയ്യും. ഇനിയുള്ള ജീവിതം എനിക്കും നിനക്കും നമുക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിനും വേണ്ടി ഉള്ളതാണ്” അസീസ്‌ ഒരു ദീര്‍ഘനിശ്വാസത്തോടെ അവളെ നോക്കി. “ജനിക്കാന്‍ പോകുന്ന കുഞ്ഞോ? അങ്ങനെ ഒരു ചിന്ത ഇപ്പോഴെങ്കിലും ഇക്കയ്ക്ക് ഉണ്ടായല്ലോ..എത്ര നാളായി ഞാന്‍ കൊതിക്കുന്നതാണ് ഈ വയറ്റില്‍ ഒരു കുഞ്ഞിനെ ചുമക്കാന്‍..ഒരു കുഞ്ഞുണ്ടായിരുന്നു എങ്കില്‍, എന്റെ ഈ ശരീരം ഒരിക്കലും കളങ്കപ്പെടില്ലായിരുന്നു..ഒരിക്കലും” മീന വിതുമ്പി. അസീസ്‌ അവളുടെ കൈയില്‍ പിടിച്ച് തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു. പിന്നെ അവളുടെ അഴുക്കു പിരണ്ട മുഖത്ത് തെരുതെരെ ചുംബിച്ചു. “ഇന്ന്..ഇന്നാണ് അതിനു പറ്റിയ ദിവസം. ജയിലില്‍ ഒരു ഡോക്ടര്‍ ഉണ്ട്. അങ്ങേരു പറയുന്നത് നമ്മുടെ മനസ് നന്നയിരിക്കുന്ന സമയത്ത് മാത്രമേ കുഞ്ഞിനെ ഉണ്ടാക്കാനായി ബന്ധപ്പെടാവൂ എന്നാണ്. ഒരുപക്ഷെ പടച്ചോന്‍ ഇത്ര നാളും എനിക്ക് അങ്ങനെയൊരു താത്പര്യം തരാഞ്ഞത് ഈ ഒരു ദിവസത്തിനു വേണ്ടി ആയിരിക്കും. ഇന്ന് നമ്മള്‍ രണ്ടും മനസുകൊണ്ട് മാറിയ ആളുകളാണ്. ഇന്ന് നമ്മള്‍ ഒന്നാകും..ഒന്നാകണം” അവന്‍ അവളെ ശക്തമായി ആലിംഗനം ചെയ്ത് ആ ചുണ്ടുകള്‍ വായിലാക്കി. മീന വേഗം പിടഞ്ഞു മാറി. “കൊതിയന്‍..എനിക്കൊന്നു കുളിക്കണം..എന്നിട്ട് മതി..” നാണത്തോടെ അവള്‍ പറഞ്ഞു. “അങ്ങനെ നീ തന്നെ കുളിക്കണ്ട; നമ്മള്‍ രണ്ടാളും ഒരുമിച്ചു കുളിക്കും. എന്റെ മുത്തിനെ ഞാന്‍ കുളിപ്പിച്ച് തരും….” അവന്‍ അവളുടെ കവിളില്‍ തലോടിക്കൊണ്ട് പറഞ്ഞു. “പിന്നെ..ഞാനൊരു കാര്യം പറയട്ടെ” ഒരു നവവധുവിനെപ്പോലെ നാണിച്ചു പൂത്തുലഞ്ഞു നഖം കടിച്ചുകൊണ്ട് ചോദിച്ചു. “പറ പെണ്ണെ” “നമുക്ക് ഒരു സിനിമയ്ക്ക് പോകണം..ഇന്നല്ല..നാളെ” “അത്രേ ഉള്ളോ..എന്റെ മുത്തിന് ഏത് സിനിമ കാണണം എന്ന് പറഞ്ഞാല്‍ മതി. നമുക്ക് പോയി കാണാം. നാളെ രാത്രി പുറത്ത് നിന്നും ആഹാരം കഴിച്ച് ഒരു നല്ല സിനിമയും കണ്ടിട്ട് വരാം എന്താ” അവള്‍ തലയാട്ടി. “സിനിമയൊക്കെ നാളെയല്ലേ..എനിക്കിപ്പോള്‍ ഒട്ടും ക്ഷമയില്ല..ഇന്ന് നിന്നെ ഞാന്‍…” അവന്‍ ആര്‍ത്തിയോടെ ചാടി എഴുന്നേറ്റു. മീന ചിരിച്ചുകൊണ്ട് കുളിമുറിയിലേക്ക് ഓടി.

“മതി പെണ്ണെ ഒരുങ്ങിയത്..ഒന്ന് വാ” വരാന്തയിലെ കസേരയില്‍ പുറത്തേക്ക് പോകാന്‍ തയാറായി നിന്ന അസീസ്‌ അക്ഷമയോടെ ഉള്ളിലേക്ക് നോക്കി പറഞ്ഞു. “ദാ എത്തി ഇക്കാ…” ഉള്ളില്‍ നിന്നും മീനയുടെ ശബ്ദം. അല്‍പം കഴിഞ്ഞപ്പോള്‍ അവള്‍ ഇറങ്ങി വന്നു. അസീസ്‌ അവളെ ആദ്യം കാണുന്നത് പോലെ മിഴിച്ചു നോക്കിയിരുന്നു പോയി. തന്റെ ഭാര്യ ഇത്രയ്ക്ക് സുന്ദരിയാണ് എന്നവന്‍ ആദ്യമായി അറിയുന്നത് പോലെ. ഒരു കടും ചുവപ്പ് ചുരിദാര്‍ ധരിച്ചിരുന്ന മീന കണ്ണെഴുതി പൊട്ടു തൊട്ട് ഒരു നവവധുവിനെപ്പോലെ ഒരുങ്ങിയാണ് ഇറങ്ങി വന്നത്. അവളില്‍ നിന്നും പ്രകൃതിദത്തമായ പെണ്ണിന്റെ മദഗന്ധം അസീസിന്റെ മൂക്കിലടിച്ചു കയറി. “എന്താ കണ്ടിട്ടില്ലാത്തത് പോലെ നോക്കുന്നത്?” അവന്റെ നോട്ടം കണ്ടു നാണിച്ച മീന വിരല്‍ കടിച്ചുകൊണ്ട് ചോദിച്ചു. “കണ്ടിട്ടില്ല..അതല്ലേ നോക്കിയത്. എന്റെ മോളെ നീ ഇത്രയ്ക്ക് സുന്ദരി ആയിരുന്നോ? എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല..” “ദേ..പതിയെ പറ. അപ്പുറത്തും ഇപ്പുറത്തും ഒക്കെ ആളുകളുണ്ട്. ഇന്നലെ എന്തൊക്കെയാ ചെയ്തത്. എന്റെ ചുണ്ട് ദാ കടിച്ചു മുറിച്ചില്ലെ..’ അവള്‍ കീഴ്ചുണ്ട് മുറിഞ്ഞ ഭാഗം അവനെ കാണിച്ചുകൊണ്ട് പറഞ്ഞു. അസീസ്‌ ഭ്രാന്തമായ ആവേശത്തില്‍ അവളുടെ കൈയ്ക്ക് പിടിച്ച് ഉള്ളിലേക്ക് വലിച്ച് അവളുടെ മുഖം വലിച്ചടുപ്പിച്ച് ആ ചെഞ്ചുണ്ടുകള്‍ മൃദുവായി ചപ്പി. മീന അവനിലേക്ക് അലിഞ്ഞു ചേര്‍ന്നത്‌ പോലെ നിന്നുപോയി. കുറെ നേരം മതിമറന്നതുപോലെ അസീസ്‌ അവളുടെ അധരപുടങ്ങള്‍ പാനം ചെയ്തു. “നമുക്ക് സിനിമയ്ക്ക് പോകണ്ടാടാ കുട്ടാ..” അസീസ്‌ ചിണുങ്ങി. “ഹോ എന്തൊരു കൊതിയന്‍.. പോയിട്ട് വന്നാല്‍ രാത്രി മൊത്തം നമ്മുടെ മുന്‍പില്‍ ഇല്ലേ.” അവന്റെ കവിളില്‍ ചുംബിച്ചുകൊണ്ട് മീന മന്ത്രിച്ചു. “എനിക്ക് നിന്നെ കണ്ടിട്ട് സഹിക്കാന്‍ വയ്യ മുത്തെ” മീന അവനെ കെട്ടിപ്പുണര്‍ന്ന് ആ നെഞ്ചില്‍ മുഖം പൂഴ്ത്തി. അസീസ്‌ അവളുടെ തുടുത്ത മുഖം മേലേക്ക് പിടിച്ചുയര്‍ത്തിയപ്പോള്‍ ആ മിഴികള്‍ നിറഞ്ഞു തുളുമ്പിയിരിക്കുന്നത് കണ്ടു. അവന്‍ ചുണ്ടുകള്‍ കൊണ്ട് അവളുടെ കണ്ണീര്‍ ഒപ്പിയെടുത്തു. ഇരുവരും കുറെ നേരം അങ്ങനെ തന്നെ നിന്നു. “വാ..എന്റെ മുത്തിന്റെ ആഗ്രഹം സാധിച്ചിട്ടു മതി ബാക്കി എന്തും” അവസാനം അവന്‍ പറഞ്ഞു. മീന കണ്ണുകള്‍ തുടച്ചുകൊണ്ട് അകന്നു മാറി. വീട് പൂട്ടിയ ശേഷം ഇരുവരും പുറത്തിറങ്ങി. അസീസിന്റെ പഴയ യമഹ ബൈക്ക് ഒരു മുരള്‍ച്ചയോടെ സ്റ്റാര്‍ട്ട്‌ ആയി. അത് അവരുടെ വീടിന്റെ മുന്‍പിലെ ഊടുവഴി പിന്നിട്ടു കുറേക്കൂടി വലിയ റോഡിലേക്ക് ഇറങ്ങി. അവരുടെ വീടിന്റെ പിന്നില്‍ പതുങ്ങി നിന്നിരുന്ന സേതു മൊബൈല്‍ എടുത്ത് ഏതോ നമ്പര്‍ ഡയല്‍ ചെയ്തു. നോര്‍ത്ത് ഇന്ത്യന്‍ ഹോട്ടലില്‍ നിന്നും അത്താഴം കഴിച്ച ശേഷമാണ് അസീസും മീനയും സിനിമയ്ക്ക് കയറിയത്. പടം തീര്‍ന്നപ്പോള്‍ സമയം രാത്രി പന്ത്രണ്ടു മണി ആയിരുന്നു. തിയറ്ററില്‍ വലിയ തിരക്കില്ലാതിരുന്നതിനാല്‍ രണ്ടുപേരും കാമുകീ കാമുകന്മാരെപ്പോലെ ആസ്വദിച്ചിരുന്നാണ് സിനിമ കണ്ടത്. പലതവണ അവര്‍ മിനിട്ടുകള്‍ നീണ്ട ചുംബനത്തില്‍ ഏര്‍പ്പെട്ടു. എങ്ങനെയും സിനിമ തീര്‍ന്നു വീട്ടില്‍ എത്തിയാല്‍ മതിയെന്ന ചിന്തയിലായിരുന്നു അസീസ്‌. അത്രയ്ക്ക് മീന അവനെ ഭ്രമിപ്പിക്കുന്നുണ്ടായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ അസീസ്‌ ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി. മീന അവന്റെ പിന്നില്‍ കയറി അവനെ കെട്ടിപ്പിടിച്ച് ചേര്‍ന്നിരുന്നു. ബൈക്ക് ഒരു ഇരമ്പലോടെ നിരത്തിലേക്ക് ഇറങ്ങി. അവരുടെ ബൈക്ക് പോയിക്കഴിഞ്ഞപ്പോള്‍ അല്‍പ്പം മാറി മറ്റൊരു ബൈക്കില്‍ നിന്നിരുന്നവന്‍ മൊബൈല്‍ എടുത്ത് ആരുടെയോ നമ്പര്‍ ഡയല്‍ ചെയ്തു.

പ്രകാശമയമായ റോഡിലൂടെ അസീസിന്റെ ബൈക്ക് കുതിച്ചു പാഞ്ഞു. മീന ഒരു കോളജ് കുമാരിയെപ്പോലെ അവനോടു പറ്റിച്ചേര്‍ന്ന് സ്വയം മറന്നിരിക്കുകയായിരുന്നു. അസീസിന്റെ ബൈക്ക് ഒരു ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു. “ഇക്ക..” മീന അവന്റെ കാതില്‍ മന്ത്രിച്ചു. “പറ കുട്ടാ” അവന്‍ കൈ പിന്നിലെക്കിട്ട് അവളെ തന്നോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. “എന്ത് സുഖം ഇങ്ങനെ യാത്ര ചെയ്യാന്‍. ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍..എനിക്ക് എന്റെ ഇക്കയുടെ ഒപ്പം ഇങ്ങനെ ഇരിക്കണം..എന്റെ ഇക്കാ..” അവനെ കെട്ടിപ്പുണര്‍ന്നു മുഖം അവന്റെ കഴുത്തില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് മീന മന്ത്രിച്ചു. “ഇനി എന്നും നമ്മള്‍ ഒരുമിച്ചുണ്ടാകും മോളെ..എന്നും” അസീസ്‌ പിന്നിലേക്ക് മുഖം തിരിച്ച് അവളുടെ ചൂടന്‍ ചുണ്ടില്‍ ഒരു ചുംബനം അര്‍പ്പിച്ചു. “ഇക്കാ……………………..” മീന ഉച്ചത്തില്‍ അലറി. അസീസ്‌ മുഖം തിരിച്ചപ്പോഴേക്കും വൈകിപ്പോയിരുന്നു. വളരെ വളരെ വൈകിപ്പോയിരുന്നു. അവര്‍ക്കെതിരെ വന്ന ഒരു ലോറിയുടെ ക്രൂരമായ മുഖമാണ് അസീസ്‌ തൊട്ടു മുന്‍പില്‍ കണ്ടത്. ബൈക്കും അവനും മീനയും മുകളിലേക്ക് തെറിച്ചു. താഴേക്ക് വീണ അസീസ്‌ അല്‍പം അകലെ ചോരയില്‍ കിടന്നു പിടയ്ക്കുന്ന തന്റെ പ്രിയതമയെയും പാഞ്ഞുപോയ ലോറിയുടെ പിന്‍ഭാഗവും കണ്ടു. അവന്റെ ബൈക്ക് ഒടിഞ്ഞു തകര്‍ന്ന് മുരണ്ടുകൊണ്ട് അല്‍പ്പം മാറി കിടപ്പുണ്ടായിരുന്നു. അസീസ്‌ എഴുന്നേല്‍ക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ആരൊക്കെയോ ഓടിക്കൂടുന്ന ശബ്ദം അവന്‍ കേട്ടു. രണ്ട് മീറ്റര്‍ മാത്രം അപ്പുറത്ത് കിടക്കുന്ന മീന കൈ ഉയര്‍ത്തി അവനെ അരികിലേക്ക് വിളിച്ചെങ്കിലും അവന് അനങ്ങാന്‍ കഴിഞ്ഞില്ല. “ഓടിവാടാ..ആരെങ്കിലും ഒരു വണ്ടി വിളിക്കോ..” ആരോ നിലവിളിക്കുന്ന ശബ്ദം. അസീസ്‌ എഴുന്നേല്‍ക്കാന്‍ വീണ്ടുമൊരു ശ്രമം നടത്തി. പക്ഷെ വിജയിച്ചില്ല. “ഇക്കാ..ഇക്കാ…” അരയ്ക്ക് താഴെ ലോറിയുടെ ചക്രത്തിനടിയില്‍ ചതഞ്ഞരഞ്ഞ മീന ദുര്‍ബ്ബലമായ ശബ്ദത്തില്‍ ഞരങ്ങി. അവള്‍ വലിയാന്‍ നോക്കിയെങ്കിലും റോഡിനോടു പറ്റിപ്പിടിച്ചു കിടന്ന ശരീരം അതിനനുവദിച്ചില്ല. “നിര്‍ത്തോ..ആരെങ്കിലും ഒന്ന് നിര്‍ത്തോ..ഈ പാവങ്ങളെ ഏതെങ്കിലും ആശുപതിയ്രില്‍ എത്തിക്കോ…” ആരൊക്കെയോ കരയുകയും നിലവിളിക്കുകയും ചെയ്യുന്ന ശബ്ദം. പല വണ്ടികളും പാഞ്ഞു പോകുന്നുണ്ടയിരുന്നെങ്കിലും ഒരെണ്ണം പോലും ആ ഹതഭാഗ്യരെ സഹായിക്കാനായി നിന്നില്ല. “ഇവനൊക്കെ മനുഷ്യനാണോ..പിശാചുക്കള്‍…ദൈവമേ..അയ്യോ ദാ ആ വണ്ടിക്ക് കൈ കാണിക്കോ….” ആള്‍ക്കൂട്ടത്തിന്റെ ബഹളത്തിനിടെ അസീസ്‌ നഷ്ടമായിക്കൊണ്ടിരിക്കുന്ന ബോധത്തോടെ തന്റെ കരളിനെ തിരയുകയായിരുന്നു. “ഇക്ക..ഇക്കാ..എന്റെ പോന്നിക്കാ..എനിക്കെന്ത് പറ്റി ഇക്കാ…” ദുര്‍ബ്ബലമായ ശബ്ദത്തില്‍ മീന കേണു. അവളെ ഭീതിയോടെ നോക്കി നിന്ന ആളുകള്‍ എന്ത് ചെയ്യണം എന്നറിയാതെ പരസ്പരം നോക്കി.

പെട്ടെന്ന് ഒരു ജീപ്പ് അവര്‍ക്ക് സമീപമെത്തി ബ്രേക്കിട്ടു. “ഹോ..ഒരു വണ്ടി നിര്‍ത്തി..വാ..ഇയാളെ പിടിക്ക്..” ആരോ വിളിച്ചു പറഞ്ഞു. മീനയുടെ സമീപം നിന്ന ജീപ്പില്‍ നിന്നും പൌലോസ് പുറത്തിറങ്ങി. അയാള്‍ കൊച്ചിയിലേക്ക് ചാര്‍ജ്ജ് എടുക്കാനായി വരുന്ന വരവിലാണ് അപകടം കണ്ടത്. അയാള്‍ വേഗം മീനയുടെ സമീപമെത്തി അവളുടെ അടുത്തിരുന്ന് മെല്ലെ ആ കൈയില്‍ പിടിച്ചു. “ഇക്ക.എന്റെ ഇക്ക..ഇക്ക..” അവളുടെ സ്വരം ദുര്‍ബ്ബലമായി വരുന്നത് പൌലോസ് കണ്ടു. “കമോണ്‍..ഈ സ്ത്രീയെ എടുത്ത് വണ്ടിയില്‍ കയറ്റ്” അയാള്‍ അലറി. “വെള്ളം..വെള്ളം….” മീന മന്ത്രിക്കുന്നത് അയാള്‍ കേട്ടു. ഒരു കുതിപ്പിന് ജീപ്പിനടുത്ത് എത്തിയ പൌലോസ് വെള്ളക്കുപ്പി എടുത്ത് തുറന്ന് അവളുടെ വായിലേക്ക് ഒഴിച്ചുകൊടുത്തു. ഒരു കവിള്‍ വെള്ളം ഇറക്കിയ മീന കണ്ണ് തുറന്ന് പൌലോസിനെ ഒന്ന് നോക്കി. പിന്നെ ആ ശരീരം നിശ്ചലമായി.

Comments:

No comments!

Please sign up or log in to post a comment!