ഡാവിഞ്ചിയുടെ മഹാരഹസ്യം 2

റോബർട്ട് ലാങ്ഡൺ സാവധാനം ഉറക്കമുണർന്നു.

ഇരുട്ടിൽ ടെലിഫോൺ മണിയൊച്ച കേൾക്കുന്നുണ്ടായിരുന്നു. തീർത്തും അപരിചിതമായ ശബ്ദം. ഇരുട്ടിൽ തപ്പിത്തടഞ്ഞ് അയാൾ ബെഡ് ലാമ്പ് ഓൺ ചെയ്തു. മിഴി ചിമ്മി നോക്കിയപ്പോൾ പതിനെട്ടാം നൂറ്റാണ്ടിലെ വിലപിടിച്ച ഫർണിച്ചറുകൾ കണ്ടു. മാസ്റ്റർ ചിത്രകാരന്മാരുടെ ഫ്രസ്ക്കോയാൽ അലങ്കരിക്കപ്പെട്ട ചുവരുകൾ. വലിയ മഹാഗണിയിൽ പണിത കട്ടിലിൽ താൻ കിടക്കുന്നു. “ഞാൻ എവിടെയാണ്?” അയാളുടെ കണ്ണുകൾ ബെഡ്പോസ്റ്റിൽ തൂങ്ങിക്കിടക്കുന്ന മോണോഗ്രാമിൽ പതിഞ്ഞു. “ഹോട്ടൽ റിറ്റ്സ് പാരിസ്” പതിയെ അവ്യക്തത നീങ്ങി. അയാൾ കിടക്കയിലിരുന്നു. എതിരെയുള്ള വലിയ കണ്ണാടിയിലേക്ക് നോക്കി. തന്റെ പ്രതിബിംബം കണ്ട് അയാൾക്ക് വിശ്വാസം വന്നില്ല. “ഞാൻ തന്നെയാണോ ഇത്?” അല്ല. ഒരപരിചിതൻ. ക്ഷീണിച്ച്, തളർന്ന്, തിളക്കവും മനോഹരവുമായ നീലക്കണ്ണുകൾ നിറയെ വിരസതയും മടുപ്പും. മുഖത്ത് കുറ്റി രോമങ്ങൾ വളരാൻ തുടങ്ങിയിരിക്കുന്നു. തലമുടി എണ്ണമയമില്ലാതെ വരണ്ട്… അയാൾ റിസീവർ എടുത്തു. “മോൺഷ്യർ ലാങ്‌ഡൻ?” ഫോണിന്റെ അപ്പുറത്ത് നിന്ന് ഒരു ശബ്ദം കേട്ടു. “ഞാൻ ശല്യപ്പെടുത്തിയില്ലെന്ന് കരുതുന്നു…” ലാങ്‌ഡന്റെ കണ്ണുകൾ ഭിത്തിയിലേ ക്ളോക്കിലേക്ക് നീണ്ടു. സമയം പന്ത്രണ്ട് മുപ്പത്തിരണ്ട്! അതിനർത്ഥം ഒരു മണിക്കൂറെ താൻ ഉറങ്ങിയിട്ടുള്ളൂ എന്നാണ്. പക്ഷെ എന്തൊരു ക്ഷീണം! മൃതദേഹം പോലെയായിട്ടുണ്ട് താൻ. “ഇത് റിസപ്‌ഷനിൽ നിന്നാണ് സാർ. പാതിരാത്രിയിൽ ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം.താങ്കൾക്ക് ഒരു വിസിറ്ററുണ്ട്. അർജന്റ്റ് ആണ് എന്നിദ്ദേഹം പറയുന്നു,” റോബർട്ട് ലാങ്ങ്ഡൻ ഒന്നും മനസ്സിലാകാതെ വീണ്ടും കണ്ണാടിയിലേക്ക് നോക്കി. വിസിറ്ററോ? ഈ നേരത്തോ? അയാളുടെ കണ്ണുകൾ ബെഡ്ഢിനടുത്തുള്ള മേശപ്പുറത്ത് കിടന്ന നോട്ടീസിലേക്ക് നീണ്ടു. അയാളത് വീണ്ടും വായിച്ചു.

AMERICAN UNIVERSITY OF PARIS proudly presents AN EVENING WITH ROBERT LANGDON, PROFESSOR OF RELIGIOUS SYMBOLOGY HARVARD UNIVERSITY, USA

റോബർട്ട് ലാങ്ങ്ഡൻ അസഹ്യത്യയോടെ മുരണ്ടു. മതങ്ങളെക്കുറിച്ചും അവയിലെ ചിഹ്നങ്ങളെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചുമുള്ള അയാളുടെ പുസ്തകങ്ങൾ ലോക പ്രസിദ്ധങ്ങളാണ്. ഇന്ന് രാത്രി പാരീസ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രഭാഷണം യാഥാസ്ഥികരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ചാർട്ടേഴ്സ് കത്തീഡ്രൽ പള്ളിയിലെ വിശുദ്ധരൂപങ്ങൾ മുഴുവൻ വിജാതീയരിൽ നിന്ന് കടം കൊണ്ടവയാണ് എന്ന് സമർത്ഥിച്ചപ്പോൾ എന്ത് മാത്രം എതിർപ്പുകളാണ് ഉയർന്നത്! എപ്പോഴും ആരെങ്കിലും അക്കാരണത്താൽ വഴക്കിന് വരിക ഇപ്പോൾ ഒരു സംഭവമായി മാറിയിട്ടുണ്ട്.



അത്തരത്തിൽ ഒരാളാണോ ഇപ്പോൾ ഈ പാതിരാത്രിയിൽ തന്നെ കാണാൻ വന്നിരിക്കുന്നത്? “സോറി…” റോബർട്ട് ലാങ്ങ്ഡൻ പറഞ്ഞു. “ഭയങ്കര ക്ഷീണം. ഇപ്പോൾ ആരെയും കാണാനുള്ള ഒരു മൂഡിലല്ല ഞാനി………” “സാർ…” റോബർട്ട് ലാങ്ങ്ഡനെ പറയാൻ സമ്മതിക്കാതെ റിസപ്ഷനിസ്റ്റ് ഇടയിൽ കയറി. “താങ്കളെ കാണാൻ വന്നിരിക്കുന്നത് അത്ര പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്. അദ്ദേഹം താങ്കളുടെ റൂമിന് നേരെ വന്നുകൊണ്ടിരിക്കുകയാണ്,” റോബർട്ട് ലാങ്ങ്ഡൻ പൂർണ്ണമായും ഉണർന്നു. അയാൾ കണ്ണുകൾ മിഴിച്ചു. “എന്താ പറഞ്ഞെ? നിങ്ങൾ അയാളെ എന്റെ റൂമിലേക്ക് പറഞ്ഞുവിട്ടെന്നോ!” “സോറി, സാർ…” റിസപ്‌ഷനിസ്റ്റിന്റെ ക്ഷമാപണം നിറഞ്ഞ വാക്കുകൾ റോബർട്ട് ലാങ്ങ്ഡൻ വീണ്ടും കേട്ടു. “ക്ഷമിക്കണം. അദ്ദേഹത്തെപ്പോലെ ഒരാൾ താങ്കളെ ഇപ്പോൾ തന്നെ കാണണം എന്ന് പറയുമ്പോൾ….അത്ര വലിയ ഒരു അധികാരിയെ തടയുക എന്നത് സാധ്യമല്ല സാർ…” “ആരാ ശരിക്കും അയാൾ?” പക്ഷെ അപ്പോഴേക്കും റിസപ്‌ഷനിസ്റ്റ് ഫോൺ വെച്ചു കഴിഞ്ഞിരുന്നു. ആ നിമിഷം തന്നെ റോബർട്ട് ലാങ്ങ്ഡൻ കതകിൽ ശക്തിയായ മുട്ട് കേട്ടു. എന്താണ് ചെയ്യേണ്ടതെന്ന് അയാൾക്ക് ആദ്യം ഒരു രൂപവും കിട്ടിയില്ല. കിടക്കയിൽ നിന്ന് അയാൾ ഇറങ്ങി. മേശമേൽ കിടന്ന ബാത്തിങ് ടവ്വൽ ദേഹത്തേക്കിട്ട് റോബർട്ട് ലാങ്ങ്ഡൻ കതകിന് നേരെ നടന്നു. “ആരാ?” അയാൾ വിളിച്ചു ചോദിച്ചു. “മിസ്റ്റർ ലാങ്ങ്ഡൻ, എനിക്ക് നിങ്ങളോടു സാംസാരിക്കണം,” വിദേശികൾ ഉച്ചരിക്കുന്നത് പോലെയാണ് ആഗതന്റെ ഇഗ്ലീഷ്. പക്ഷെ അതിൽ അധികാരത്തിന്റെ സ്ഫുരണമുണ്ട്. മൂർച്ചയും. “ഞാൻ ലെഫ്റ്റനന്റ് ജെറോം കോളറ്റ്. ഡയറക്ഷൻ സെൻട്രൽ പോലീസ് ജുഡീഷ്യറി…” റോബർട്ട് ലാങ്ങ്ഡൻ ആശ്വസിച്ചു. ഓ! ജുഡീഷ്യൽ പോലീസാണോ? താൻ കരുതി. ഇന്നത്തെ തന്റെ പ്രസംഗം ഇഷ്ടപ്പെടാതെ ആരെങ്കിലും തെറി പറയാൻ വരികയാണ് എന്ന്! പക്ഷെ… അടുത്ത നിമിഷം അയാളുടെ മനസ്സിൽ ആശങ്ക നിറഞ്ഞു. തന്റെ നാട്ടിലെ എഫ് ബി ഐയ്ക്ക് സമാനമാണ് ഫ്രാൻസിൽ ഡി സി പി ജെ. അതിലെ ലഫ്റ്റനന്റ് പദവിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഈ സമയത്ത് തന്നെ കാണാൻ വരേണ്ട കാര്യമെന്താണ്? സെക്യൂരിറ്റി ചെയിൻ അൽപ്പം അകത്തി റോബർട്ട് ലാങ്ങ്ഡൻ കതക് ഏതാനും ഇഞ്ചുകൾ വിടവിൽ തുറന്നു. അകത്തേക്ക് തന്റെ കണ്ണുകളിലേക്ക് ആഗതൻ സൂക്ഷിച്ച് നോക്കുന്നത് കണ്ടു. ഉരുണ്ട മുഖം. ഗൗരവം.

ഡി സി പി ജെയുടെ ഔദ്യോഗിക നീല യൂണിഫോമിലാണ്. “മേ ഐ കമിൻ?” ഏജന്റ് കോളറ്റ് ചോദിച്ചു. റോബർട്ട് ലാങ്ങ്ഡൻ ഒരു നിമിഷം സംശയിച്ചു. “കാര്യമെന്താണ്?” “ഞങ്ങളുടെ ക്യാപ്റ്റന് താങ്കളെപ്പോലുള്ള ഒരു വ്യക്തിയിൽ നിന്ന് പ്രധാനപ്പെട്ട ഒരു കേസിന് വിദഗ്ധാഭിപ്രായം വേണം,” “ഈ പാതിരാത്രീലോ?” റോബർട്ട് ലാങ്ങ്ഡൻ നീരസത്തോടെ പറഞ്ഞു, “കൊള്ളാം!” “ലൂവ്ര് മ്യൂസിയത്തിലെ ക്യൂറേറ്റർ ജാക്വിസ് സോണിയറെ കാണുവാൻ നിങ്ങൾ തീരുമാനിച്ചില്ലായിരുന്നോ?” റോബർട്ട് ലാങ്ങ്ഡൻ വീണ്ടും അസ്വസ്ഥനായി.
ഇന്നത്തെ പ്രസംഗത്തിന് ശേഷം ബഹുമാന്യനായ ജാക്വിസ് സോണിയറുമായി ഒരു കൂടിക്കാഴ്ച്ച തീരുമാനിച്ചിരുന്നതാണ്. പക്ഷെ സോണിയർ എത്തിച്ചേരുകയുണ്ടായില്ല. “അതെ അങ്ങനെ ഒരു കൂടിക്കാഴ്ച്ച തീരുമാനിച്ചിരുന്നതാണ്. പക്ഷെ നിങ്ങൾക്ക് അത് എങ്ങനെ അതറിയാം?” “സോണിയറുടെ ഡയറിയിൽ നിങ്ങളുടെ പേര് കണ്ടു. കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്ന കാര്യവും,” റോബർട്ട് ലാങ്ങ്ഡൻ സംശയത്തോടെ ഏജന്റ്റിനെ നോക്കി. “എന്തെങ്കിലുംകുഴപ്പം?” ഏജന്റ്റ് ജെറോം കോളറ്റ് കതകിന്റെ വിടവിലൂടെ ഒരു ഫോട്ടോ ഗ്രാഫ് റോബർട്ട് ലാങ്ങ്ഡണെ കാണിച്ചു. തന്റെ രക്തം മരച്ചു കട്ടപിടിക്കുന്ന അനുഭവമുണ്ടായി റോബർട്ട് ലാങ്ങ്ഡണ്‌ അപ്പോൾ. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ഒരു കാഴ്ച. പൂർണ്ണ നഗ്‌നനായി ജാക്വിസ് സോണിയർ മരിച്ചു കിടക്കുന്നു! മൃതദേഹത്തിന് ചുറ്റും അസാധാരണമായ ഡിസൈനുകൾ! “ഒരുമണിക്കൂറായില്ല ഡി സി പി ജെ ഈ ഫോട്ടോയുമെടുത്തിട്ട്. ലൂവ്രിന്റെ ഉള്ളിൽ. ഗ്രാൻഡ് ഗ്യാലറിയിൽ…” ആദ്യത്തെ ഷോക്കും മരവിപ്പും മാറിക്കഴിഞ്ഞപ്പോൾ താൻ കോപം കൊണ്ട് വിറയ്ക്കുന്നത് റോബർട്ട് ലാങ്ങ്ഡൻ അറിഞ്ഞു. “കുറ്റവാളിയെ കണ്ടെത്താൻ താങ്കൾക്ക് ഞങ്ങളെ സഹായിക്കാൻ പറ്റും. താങ്കളേക്കാൾ വലിയ ഒരു സിംബോളജിസ്റ്റ് ലോകത്തില്ല. പിന്നെ താങ്കൾ ഇന്ന് സോണിയറെ കാണാൻ തീരുമാനിച്ചിരുന്നതുമാണ്.” പെട്ടെന്ന് തന്റെ ദേഷ്യം ഭയമായി മാറുന്നത് റോബർട്ട് ലാങ്ങ്ഡൻ അറിഞ്ഞു. “മൃതദേഹത്തിന് ചുറ്റും കുറെ ചിഹ്നങ്ങൾ ഉണ്ട്. റോബർട്ട് ലാങ്ഡൺ സ്വരത്തിലെ ഭയം മറച്ചുവെക്കാൻ ശ്രമിച്ചുകൊണ്ട്, ഫോട്ടോയിൽ നിന്ന് കണ്ണുകൾ മാറ്റാതെ പറഞ്ഞു. “….മാത്രമല്ല ബോഡി കിടക്കുന്ന രീതി…” “അതെ..” ഏജന്റ്റ് കോളറ്റ് ശരിവെച്ചു. “..ബോഡി കിടക്കുന്ന രീതിയാണ് ഏറ്റവും വിചിത്രം…ഇങ്ങനെയൊരു കാഴ്ച്ച ആദ്യമാണ്. സാധാരണക്കാർക്ക് മാത്രമല്ല ഒരുപാട് മൃതദേഹങ്ങൾ കണ്ടിട്ടുള്ള ജുഡീഷ്യൽ പോലീസിനും ,” ഭാഗികമായേ റോബർട്ട് ലാങ്ഡൺ പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകൾ കേട്ടുള്ളൂ. ജാക്വിസ് സോണിയർ കൊല്ലപ്പെട്ടു എന്ന വാർത്ത തന്റെ ജീവിതത്തിലെ ഏറ്റവും അസാധാരണമായ വാർത്തയായി അയാൾക്ക് തോന്നി. കലയെയും സംഗീതത്തെയും സംസ്ക്കാരത്തെയും സ്നേഹിക്കുന്ന, ലോകമാകമാനമുള്ളവർക്ക് ഏറ്റവും സുപരിചിതമായ പേരായിരുന്നു ജാക്വിസ് സോണിയർ. അദ്ദേഹം കൊല്ലപ്പെടുകയെന്നത്, അതും ഏറ്റവും വിചിത്രവും ഭയാനകവുമായ രീതിയിൽ……

റോബർട്ട് ലാങ്ഡണ് ഒന്നും മനസ്സിലായില്ല. “അതേ…” അയാൾ പറഞ്ഞു. “എനിക്ക് സങ്കൽപ്പിക്കാൻ…വിശ്വസിക്കാൻ സാധിക്കുന്നില്ല…ഇങ്ങനെയൊക്കെ ചെയ്യാൻ ആർക്കെങ്കിലും കഴിയുമോ?” ഏജന്റ്റ് പുഞ്ചിരിക്കാൻ ശ്രമിച്ചു.
“മിസ്റ്റർ ലാങ്ഡൺ…” അയാൾ പറഞ്ഞു. “നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുമോ നിങ്ങൾ വിശ്വസിക്കുമോ എനിക്കറിഞ്ഞുകൂടാ. എന്നാലും പറയാം. ഈ ഫോട്ടോയിൽ കാണുന്നത്…അതായത് സോണിയർ മരിച്ചു കിടക്കുന്ന രീതിയും ബോഡിയ്ക്ക് ചുറ്റുമുള്ള ഈ വിചിത്ര ചിഹ്നങ്ങളും അടയാളങ്ങളും എഴുത്തുകളും ഡിസൈനുകളും സോണിയർ സ്വയം ചെയ്തതാണ്…മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ….” റോബർട്ട് ലാങ്ഡൺ ആ വാക്കുകൾക്ക് മുമ്പിൽ നിശ്ചലം നിന്നു. [തുടരും]

Comments:

No comments!

Please sign up or log in to post a comment!