ഡാവിഞ്ചിയുടെ മഹാരഹസ്യം 1

സാഹസികതയോ അഹങ്കാരമോ ആണ്. ലോകം പ്രശംസ കൊണ്ട് പൊതിഞ്ഞ ഒരു മഹാസാഹിത്യസൃഷ്ടിയെ ഭാഷാന്തരപ്പെടുത്താൻ ശ്രമിക്കുന്നത്. അതിനോടുള്ള ആരാധന കൊണ്ടുമാത്രം. എത്ര മാത്രം വിജയിക്കുമെന്ന് അറിയില്ല.

സമർപ്പിക്കുന്നു .

ഡാൻ ബ്രൗണിന്റെ “ഡാവിഞ്ചി കോഡി” ന്റെ വിവർത്തനം.

“ഡാവിഞ്ചിയുടെ മഹാരഹസ്യം” ************************************************************************************************

കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഓർമ്മിക്കാൻ….

ദ പ്രയറി ഓഫ് സീയോൻ.

ആയിരത്തി തൊണ്ണൂറ്റി ഒൻപതിൽ [1099 ] സ്ഥാപിതമായ ഒരു രഹസ്യസംഘടനയാണിത്. ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചിൽ പാരീസിലെ പുരാവസ്തു ഗവേഷണ വിഭാഗമായ “ബിബ്ലിയോത്തെക്ക് നാഷണേൽ” മൃഗത്തോലിൽ രേഖപ്പെടുത്തിയ ചില ഫയലുകൾ കണ്ടെടുക്കുകയുണ്ടായി. ‘ലാ ഡോസിയേഴ്‌സ് സീക്രട്ട്സ്’ എന്നാണു ഇവ ഇപ്പോൾ അറിയപ്പെടുന്നത്. അതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സർ ഐസ്സക് ന്യൂട്ടൻ, ചിത്രകാരനും ശില്പിയുമായിരുന്ന സാൻഡ്രോ ബോട്ടിസെല്ലി, എഴുത്തുകാരനായിരുന്നു വിക്റ്റർ ഹ്യൂഗോ, ചിത്രകാരനും ശാസ്ത്രജ്ഞനുമായിരുന്നു ലിയോണാഡോ ഡാവിഞ്ചി എന്നിവർ ഈ സംഘടനയിലെ അംഗങ്ങളായിരുന്നു.

ഓപ്പസ് ദേയി

പ്രാർത്ഥനയും സ്വയം പീഡനം വഴിയുള്ള പശ്ചാത്താപവും ഭക്തിയുടെ അടയാളമായി സ്വീകരിച്ച കത്തോലിക്കാ വിഭാഗംമാണ് ഓപ്പസ് ദേയി. നാൽപ്പത്തിയേഴ് ദശലക്ഷം ഡോളർ ചെലവിട്ടാണ് ന്യൂയോർക്കിലെ അവരുടെ ആസ്ഥാനമന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. ***************************************************************************************************************

അദ്ധ്യായം ഒന്ന്

പാരീസിലെ ലൂവർ മ്യൂസിയം. സമയം രാത്രി പത്ത് നാല്പത്തിയേഴ്.

മ്യൂസിയതിന്റെ ഗ്രാൻഡ് ഗ്യാലറിയുടെ കമാനാകൃതിയുള്ള ഇടനാഴികയിലൂടെ ജാക്വിസ് സോണിയർ എന്ന പ്രസിദ്ധനായ ക്യൂറേറ്റർ ഇടറുന്ന ചുവടുകളോടെ നീങ്ങി. മെരിസി ഡി കാരവാഗിയോയുടെ ചിത്രത്തിന് സമീപമെത്തിയപ്പോൾ ശ്വാസം കഴിക്കാൻ അദ്ദേഹം നിന്നു. എഴുപത്തിയാറാം വയസ്സിലെത്തിയ വൃദ്ധനാണ് മ്യൂസിയത്തിന്റെ ക്യൂറേറ്ററായ ജാക്വിസ് സോണിയർ. കിതച്ചുകൊണ്ട് അദ്ദേഹം ഭിത്തിയിൽ ചില്ലിട്ട് വച്ചിരുന്ന പതിനേഴാം നൂറ്റാണ്ടിലെ വിഖ്യാതമായ ആ ചിത്രത്തിൽ മുറുകെപ്പിടിച്ചു. ചിത്രം ഭിത്തിയിൽ നിന്ന് അടർന്ന് ഇളകി. ജാക്വിസ് സോണിയർ പിമ്പോട്ടു വേച്ച് ക്യാൻവാസ് കൂമ്പാരത്തിനു മേലേക്ക്‌ വീണു.

പ്രതീക്ഷിച്ചത് പോലെ അൽപ്പം ദൂരെ മുമ്പിൽ ഇരുമ്പു ഗേറ്റി ന്റെ പൂട്ട് വലിയ ശബ്ദത്തോടെ നിലംപൊത്തിയതുപോലെ അദ്ദേഹത്തിന് തോന്നി.

അന്യരുടെ പ്രവേശനം തടയാനുദ്ദേശിച്ച് എപ്പോഴും പൂട്ടിയിടുന്ന കവാടമാണ് അത്. മാർബിൾ ഇഷ്ടികകൾകൊണ്ടുണ്ടാക്കിയ ഗ്രൗണ്ട് വിറകൊള്ളുന്നത് അദ്ദേഹം അറിഞ്ഞു. ദൂരെ, അലാറം ഭീദിതമായി മുഴങ്ങി. ജാക്വിസ് സോണിയർ നിലത്ത് കിടന്ന് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടി. താൻ ജീവനോടെയുണ്ടോ എന്ന് പരിശോധിക്കുന്നത് പോലെ സ്വന്തം ദേഹത്തേക്ക് നോക്കി. “യെസ്…എനിക്ക് ജീവനുണ്ട്…” ക്യാൻവാസ് കൂമ്പാരത്തിൽ നിന്ന് അദ്ദേഹം മുമ്പോട്ടേക്ക് ഇഴഞ്ഞു. പിന്നെ എന്തോ ഒളിപ്പിക്കാനുള്ളത് പോലെ മുമ്പിലെ അതി വിശാലതയിലേക്ക് നോക്കി. “അനങ്ങരുത്!” വിറങ്ങലിച്ച ഒരു സ്വരം തൊട്ടടുത്ത് നിന്നെന്നപോലെ അദ്ദേഹം കേട്ടു. മുട്ടുകാലിൽ നിന്ന്, നിലത്ത് കൈകൾ നിലത്ത് കുത്തി, പാരീസിലെ ഏറ്റവും ബഹുമാന്യരിലൊരാളായ ജാക്വിസ് സോണിയർ ശബ്ദം കേട്ട ദിക്കിലേക്ക് പതിയെ ശിരസ്സ് ചരിച്ചു. പതിനഞ്ചടി മാത്രം ദൂരെ, അടഞ്ഞ ഇരുമ്പ് കവാടത്തിന് പിമ്പിൽ അദ്ദേഹം അയാളെ കണ്ടു. കൊടുമുടി പോലെ ഒരു ദീർഘകായൻ ഇരുമ്പഴികളിലൂടെ തന്നെ തറച്ച് നോക്കുന്നു. വിശാലമായ തോളുകൾ. പ്രേതം പോലെ വെളുത്ത് വിളറിയ ചർമ്മം. നാരുപോലെ പാറിപ്പറക്കുന്ന മുടിയിഴകൾ. പിങ്ക്, ചുവപ്പ് നിറങ്ങളിൽ കൃഷ്ണമണികൾ. കറുത്ത പുരോഹിത വസ്ത്രം.

കറുത്ത ശിരോകവചവും. കറുത്ത വസ്ത്രത്തിനുള്ളിൽ നിന്ന് അയാൾ പിസ്റ്റൾ എടുത്തു. ജാക്വിസ് സോണിയാറുടെ നേരെ അയാൾ പിസ്റ്റൾ ചൂണ്ടി. “ഓടരുത്!” അയാളുടെ ജീവനില്ലാത്ത വിറങ്ങലിച്ച ശബ്ദം വീണ്ടും സോണിയർ കേട്ടു. “ഇനി പറ! എവിടെ അത്?” ഏത് നാട്ടുകാരനാണ് ഇയാൾ? ഉച്ചാരണത്തിൽ നിന്ന് അത് വ്യക്തമല്ല. “ഞാൻ…ഞാൻ…” സോണിയറുടെ വാക്കുകൾ വിറപൂണ്ടു. “ഞാൻ പറഞ്ഞില്ലേ, എനിക്കറിയില്ല…നിങ്ങൾ പറയുന്നത് …അത് …എന്താണെന്ന് എനിക്ക് …അറിയില്ല…” “കള്ളം!” നിശ്ചലം നിന്ന് അയാൾ മുരണ്ടു. ചുവന്ന കൃഷ്ണമണികളല്ലാതെ അയാളുടെ ദേഹത്ത് മറ്റൊന്നും ചലിച്ചില്ല.

“നീയും നിന്റെ കൂട്ടുകാരും സ്വന്തമാക്കി വെച്ചിരിക്കുന്നത് എന്താണ് എന്ന് അറിയാമോ? നിനക്കൊന്നും അർഹതയില്ലാത്ത ഒരു സാധനം! പറ! എവിടെയാ അത് ഒളിപ്പിച്ചു വെച്ചിരിക്കുന്നെ? ജീവൻ വേണേൽ!” സോണിയറുടെ തലക്ക് നേരെ അയാൾ തോക്ക് ക്രമീകരിച്ചു. “ചാകാൻ പോലും ഒരുക്കമാണോ താൻ? ആ രഹസ്യം പുറത്താകാതെയിരിക്കാൻ?” തന്റെ ശ്വാസം നിലച്ച് പോകുന്നത് പോലെ സോണിയർക്ക് തോന്നി. അയാൾ പൈശാചികമായ ഭാവത്തിൽ തോക്ക് പിടിച്ചിരിക്കുന്നതിനനുസരിച്ച് ശിരസ്സ് ചരിച്ചു. സോണിയർ കൈകൾ ഉയർത്തി. “നിലക്ക്!” സോണിയർ സാവധാനം പറഞ്ഞു. “ഞാൻ പറയാം! നീ അറിയാൻ ശ്രമിക്കുന്ന കാര്യം….
ഞാൻ….ഞാൻ പറയാം,” പിന്നെ അദ്ദേഹം അയാളോട് പറഞ്ഞ കാര്യങ്ങൾ വളരെ ശ്രദ്ധിച്ചാണ്. വളരെ ശ്രദ്ധിച്ചാണ് അദ്ദേഹം ആ വാക്കുകൾ ഉരുവിട്ടത്. ആ നുണ എത്ര കാലമായി താൻ റിഹേഴ്‌സൽചെയ്യുന്നതാണ് ! ക്യൂറേറ്റർ ആ രഹസ്യം പറഞ്ഞ് കഴിഞ്ഞപ്പോൾ കറുത്ത വസ്ത്രങ്ങൾ ധരിച്ച ദീർഘകായൻ വിജയിയെപ്പോലെ പുഞ്ചിരിച്ചു. “കറക്റ്റ്! മറ്റു മൂന്നുപേരും ഇത് തന്നെയാണ് പറഞ്ഞത്,” സോണിയർ സ്തംഭിച്ച് തോക്ക് ധാരിയെ നോക്കി. “മറ്റ് മൂന്ന് പേരും?” “അതെ…” പ്രേതം പോലെ വിളറി വെളുത്ത ദീർഘകായന്റെ വിറങ്ങലിച്ച ശബ്ദം സോണിയറുടെ കാതുകളിലേക്ക് വീണു. “അവരെയും കണ്ടിട്ടാ ഞാൻ തന്റെ അടുത്തേക്ക് ഇവിടെ വന്നത്!” താൻ വീണ്ടും ദുർബലനായത് പോലെ സോണിയർക്ക് തോന്നി. “നീ ഇപ്പം പറഞ്ഞ അതേ കാര്യം അവരും പറഞ്ഞു. കൃത്യമായി. അസാധ്യം! സോണിയർ ചിന്തിച്ചു. താനും തനിക്ക് താഴെയുള്ള മൂവരും തലമുറകളായി സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാരഹസ്യമാണ് ഈ തോക്ക്ധാരി അറിയാൻ ശ്രമിക്കുന്നത്. പക്ഷെ ആ രഹസ്യം അവർ വെളിപ്പെടുത്തിയിട്ടില്ല. താൻ പറഞ്ഞ അതേ നുണ അവരും പറഞ്ഞിരിക്കുന്നു! അക്രമി വീണ്ടും തോക്കുയർത്തി.

“താനും കൂടെ അങ്ങ് ചത്തൊടുങ്ങിയാൽ ആ രഹസ്യം അറിയാവുന്ന ഭൂമിയിലെ ഏകവ്യക്തി ഞാൻ മാത്രമായിരിക്കും,” സത്യം! ഒരു നിമിഷം തന്റെ രക്തം മുഴുവനും ഉറഞ്ഞു കാട്ടിയാകുന്നപോലെയുള്ള ഒരു ഭയം അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. ഇയാൾ ഇപ്പോൾ എന്റെ നേരെ വെടിയുതിർക്കും! ഞാൻ മരിക്കും! അപ്പോൾ ആ രഹസ്യം എന്നെന്നേക്കുമായി നഷ്ടപ്പെടും! ഓ! തോക്ക് ശബ്ദിച്ചു. തന്റെ വയറിൽ സൂര്യന്റെ ചൂടുള്ള ഒരു ഗോളം തറഞ്ഞത് സോണിയർ അറിഞ്ഞു. ചോരയും അന്തരാവയവങ്ങളും കത്തിക്കരിയുന്നതും. അദ്ദേഹം മുമ്പോട്ടേയ്ക്ക് വീണു. വേദനയ്‌ക്കെതിരെ പോരാടാൻ ശ്രമിച്ചു. മരണത്തിനെതിരെ അൽപ്പ നേരമെങ്കിലും. വേദനയിൽ നിലത്ത് വീണ് ഉരുളുമ്പോഴും തനിക്ക് മരണവുമായെത്തിയവന്റെ നേരെ അദ്ദേഹം നോക്കാൻ ശ്രമിച്ചു. ഇരുമ്പ് കവാടത്തിനപ്പുറത്ത്. ഇപ്പോൾ അയാൾ തോക്ക് ചൂണ്ടുന്നത് തന്റെ ശിരസ്സിന് നേർക്കാണ് എന്ന് സോണിയർ കണ്ടു. സോണിയർ കണ്ണുകളടച്ചു. ഭയവും ഭീകരതയും തന്നെ ചൂഴുന്നത് അദ്ദേഹം അറിഞ്ഞു. ട്രിഗർ വലിക്കുന്ന ശബ്ദം വീണ്ടും പ്രതിധ്വനിച്ചു. ക്യൂറേറ്ററുടെ കണ്ണുകൾ പുറത്തേക്ക്തള്ളി. കൊലപാതകി തോക്കിലേക്ക് നോക്കുന്നത് അദ്ദേഹം കണ്ടു. വീണ്ടും അയാൾ തോക്ക് ഉയർത്തുന്നു. ചുറ്റുവട്ടത്തേക്ക് ആകാംക്ഷയോടെ നോക്കുന്നു. വീണ്ടും തന്നെ നോക്കുന്നു. എവിടെയാണ് രണ്ടാമത്തെ വെടിയേറ്റത്? ഷർട്ടിനെ നനച്ച് ചുടുചോര വീണ്ടുമൊഴുകാൻ തുടങ്ങിയപ്പോൾ അദ്ദേഹം അറിഞ്ഞു, യെസ്! ആദ്യത്തേതിന്റെ മുകൾ ഭാഗത്താണ്! വയറിൽ! പട്ടാള അനുഭവങ്ങൾ എന്താണ് തന്നെ പഠിപ്പിക്കുന്നത്? വയറിൽ രണ്ട് തവണ വെടിയേറ്റാൽ ജീവിച്ചിരിക്കാൻ സാധ്യതയുള്ളത് പതിനഞ്ച് മിനിറ്റാണ്!

പതിനഞ്ച് മിനിറ്റ്! “എന്നെ ഏൽപ്പിച്ച പണി കഴിഞ്ഞു…” കൊലപാതകിയുടെ വിറങ്ങലിച്ച ശബ്ദം വീണ്ടും അദ്ദേഹം കേട്ടു.
പിന്നെ അയാൾ പോയി. സോണിയർ ഇരുമ്പ് കവാടത്തിലേക്ക് നോക്കി. അടുത്ത ഇരുപത് മിനിറ്റ് നേരത്തേക്ക് ആ കാവാടം തുറക്കപ്പെടുകയില്ല. അതിനുള്ളിൽ കൊലപാതകി പോലീസിന്റെ പിടിയിലാകും. പക്ഷെ… പതിനഞ്ച് മിനിറ്റിനുള്ളിൽ താൻ മരിക്കും. താൻ മരിച്ചാൽ ആ രഹസ്യം മണ്ണടിയും.

പാടില്ല! “ആരെ ഏൽപ്പിക്കും ആ മഹാ രഹസ്യം?” അദ്ദേഹം എഴുന്നേൽക്കാൻ ശ്രമിച്ചു. തനിക്ക് മുമ്പേ, മിനിട്ടുകൾക്ക് മുമ്പ്, കൊലചെയ്യപ്പെട്ട മൂവരെയും അദ്ദേഹം ഓർത്തു. തങ്ങൾക്ക് മുമ്പ് ആ രഹസ്യം സൂക്ഷിച്ച തലമുറകളെയും അദ്ദേഹം ഓർത്തു. തങ്ങളിൽ വിശ്വസ്തതയോടെ ഏൽപ്പിക്കപ്പെട്ട വിശുദ്ധ രഹസ്യം! ആ ദീർഘശ്രുംഖലയിലെ അവസാനത്തെ കണ്ണി താനാണ്. ലോകത്തിലെ ഏറ്റവും ശക്തിമത്തായ രഹസ്യം അവസാനത്തെ കണ്ണിയായ തന്റെ മനസ്സിലാണ് ഉള്ളത്. വിറച്ചുകൊണ്ട്, മഹാ വേദനയിൽ അദ്ദേഹം നിവർന്ന് നിൽക്കാൻ ശ്രമിച്ചു. “എന്താണ് ഒരു വഴി?” ഇപ്പോൾ താൻ പാരീസിൽ, ലൂവർ മ്യൂസിയത്തിലെ ഗ്രാൻഡ് ഗ്യാലറിയിൽ. ആർക്ക് കൈമാറും ആ രഹസ്യം? യെസ്! ഒരാൾ! ഒരാൾ മാത്രം! ആ മഹാരഹസ്യത്തിന്റെ ജ്വലിക്കുന്ന പന്തം കൈമാറേണ്ടത് ഒരാളുടെ കൈകളിലേക്കാണ്! ഗ്രാൻഡ് ഗ്യാലറിയിൽ ലോകപ്രശസ്ത ചിത്രങ്ങളിലെക്ക് അദ്ദേഹം നോക്കി. അവ പഴയ സുഹൃത്തുക്കളെപ്പോലെ തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അദ്ദേഹത്തിന് തോന്നി. ശക്തി മുഴുവൻ സംഭരിക്കണം. വേദന മറക്കണം. ഒരുപാട് ചെയ്യാനുണ്ട്. മരണം തന്നെ തേടിയെത്തുന്ന അടുത്ത പതിനഞ്ച് മിനിറ്റിനുള്ളിൽ.

Comments:

No comments!

Please sign up or log in to post a comment!