മൃഗം 17
“ഷാജി..ഞാനാണ് സ്റ്റാന്‍ലി” മൊബൈല്‍ ചെവിയോടു ചേര്‍ത്തപ്പോള്‍ ഷാജി സ്റ്റാന്‍ലിയുടെ ശബ്ദം കേട്ടു. “സര്‍..” ഷാജി പറഞ്ഞു. “എടാ നിന്റെ പേരില്‍ കമ്മീഷണര്‍ക്ക് ഒരു പരാതി കിട്ടിയിട്ടുണ്ട്. കേസ് മറ്റേതു തന്നെ..പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ്..അവിടുത്തെ ആ കോപ്പന്‍ എസ് ഐ നേരിട്ടാണ് അയച്ചിരിക്കുന്നത്. നിന്റെ പേരും വിവരവും കൂടെ ഉണ്ടായിരുന്ന രണ്ട് പേരുടെ വിവരങ്ങളും കൃത്യമായി പരാതിയിലുണ്ട്. നീ സൂക്ഷിക്കണം..സാക്ഷി എസ് ഐ തന്നെ ആണ്..പിന്നെ ആ പെണ്ണും നിന്നെ തിരിച്ചറിയും..പിടി കൊടുക്കാതെ നോക്കണം. ഞങ്ങള്‍ പരാതിയുടെ പകര്‍പ്പ് എടുത്ത ശേഷം വക്കീലുമായി ഒന്ന് സംസാരിക്കാം..അതുവരെ നീ പിടി കൊടുക്കാന്‍ പാടില്ല” “ശരി സര്‍” സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വീടിന്റെ വശത്തുള്ള ചായ്പ്പില്‍ മദ്യപിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഷാജിക്ക് സ്റ്റാന്‍ലിയുടെ ഫോണ്‍ വന്നത്. വാസുവിന്റെ ചവിട്ട് കിട്ടി പിടലി ഉളുങ്ങിയ സക്കീര്‍ കഴുത്തില്‍ ഒരു കെട്ടും കെട്ടി വരാന്തയില്‍ തന്നെ ഉണ്ടായിരുന്നു. അയാള്‍ തനിച്ചാണ് മദ്യപാനം; പിള്ളേര് സെറ്റിന്റെ കൂടെ ഇരിക്കാറില്ല. വാപ്പയ്ക്ക് ഉള്ളത് ഷാജി വേറെ വാങ്ങി നല്‍കുകയാണ് പതിവ്. സ്റ്റാന്‍ലി ഫോണ്‍ കട്ട് ചെയ്തപ്പോള്‍ ഷാജി സുഹൃത്തുക്കളെ നോക്കി. “എന്താ ഇക്കാ? എന്ത് പറ്റി?” “ആ എസ് ഐ പന്നി ഇവിടേക്ക് പരാതി വിട്ടിരിക്കുന്നു. നമ്മളാ പെണ്ണിനെ പൊക്കാന്‍ പോയില്ലേ? അതാണ് കേസ്. സ്റ്റാന്‍ലി സാറാണ് വിളിച്ചത്. പിടി കൊടുക്കരുതെന്ന് പറയാന്‍” ഷാജി അടുത്ത പെഗ് ഗ്ലാസിലേക്ക് ഒഴിച്ചുകൊണ്ടു പറഞ്ഞു. “ഇക്ക ഇവിടുന്നു തല്‍ക്കാലം എങ്ങോട്ടെങ്കിലും മാറി നില്‍ക്ക്. പരാതി കിട്ടിയതുകൊണ്ട് പോലീസ് എപ്പോള്‍ വേണേലും ഇങ്ങോട്ട് വരും” ഒരുവന്‍ തെല്ലു ഭയത്തോടെ പറഞ്ഞു. “ങാ..പോണം. വല്ല വണ്ടിയുടേം ശബ്ദം കേള്‍ക്കുന്നുണ്ടോന്നു നോക്കിക്കോണേടാ” ഷാജി പറഞ്ഞു. അവന്‍ കാലിയായ ഗ്ലാസിലേക്ക് വീണ്ടും മദ്യം പകര്‍ന്നു. ഒരു റൌണ്ട് വെള്ളമടി കൂടി കഴിഞ്ഞപ്പോള്‍ ഷാജിക്ക് ഒരു ഉണര്‍വ്വ് തോന്നി. രാവിലെ മുതലുള്ള യാത്രയുടെ ക്ഷീണം അവനുണ്ടായിരുന്നു. കൈകള്‍ മുകളിലേക്കുയര്‍ത്തി മൂരിനിവര്‍ന്ന്‍ അവന്‍ കസേരയിലേക്ക് ചാരി. അപ്പോള്‍ അകലെ നിന്നും അടുത്തുകൊണ്ടിരിക്കുന്ന ഒരു ബുള്ളറ്റിന്റെ മുഴക്കം അവരുടെ കാതുകളിലെത്തി. “ഇക്കാ..ആരോ വരുന്നുണ്ട്…പോലീസ് ആയിരിക്കുമോ” ഒരുവന്‍ പിന്നിലേക്ക് നോക്കി ചോദിച്ചു. “അത് ബൈക്കാടാ. ബൈക്കില്‍ എന്നെ പിടിക്കാന്‍ പോലീസ് വരില്ല” ഷാജി അത് കാര്യമാക്കാതെ പറഞ്ഞു.
സക്കീറിന് കോപം നുരച്ചുപൊന്തി എങ്കിലും അയാള്‍ പ്രതികരിച്ചില്ല. പ്രതികരിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല അയാള്‍. നല്ല കടുപ്പത്തില്‍ മൂന്നു പെഗ് ചെലുത്തി കുഴഞ്ഞ പരുവത്തിലായിരുന്നു അയാള്‍. വാസുവുമായി നടത്തിയ സംഘട്ടനം അയാളെ വല്ലാതെ തളര്‍ത്തിയിരുന്നു; മാനസികമായും ശാരീരികമായും. “ഇക്കാ നോക്കിക്കേ ആരാ വന്നേക്കുന്നതെന്ന്. ഇക്ക ഇവിടിരി. ഇവന്റെ കഴപ്പ് ഞങ്ങള് തന്നെ തീര്‍ത്തേക്കാം. വാടാ..” വാസുവിനെ കണ്ടപ്പോള്‍ ഷാജിയുടെ പ്രധാന ശിങ്കിടി പറഞ്ഞു. അവന്‍ ചാടി എഴുന്നേറ്റ് മുന്‍പോട്ടു നടന്നപ്പോള്‍ അവന്റെ കൂടെ ഉണ്ടായിരുന്നവരും നിമിഷനേരം കൊണ്ട് അവന്റെയൊപ്പം ചെന്നു. അവര്‍ വരുന്നത് കണ്ട ഡോണ താഴെയിറങ്ങി. വാസു ബൈക്കില്‍ത്തന്നെ ഇരുന്നതെയുള്ളൂ. ഷാജിയുടെ കിങ്കരന്മാര്‍ അവന്റെ ചുറ്റും നിരന്നു. “എന്താടാ? എന്താ നിനക്കിവിടെ കാര്യം?” കൂട്ടത്തില്‍ നേതാവ് ഷര്‍ട്ടിന്റെ കൈ ചുരുട്ടി മേലേക്ക് കയറ്റിക്കൊണ്ട് ചോദിച്ചു. “ഷാജിയെ ഒന്ന് കാണണം..വിളി” അവന്റെ മുഖത്തേക്ക് നോക്കി വാസു പറഞ്ഞു. “ഒടനെ വിളിക്കാമെടാ കോപ്പ..പക്ഷെ തല്‍ക്കാലം നീ ഇതുപിടി” അവന്റെ മുഷ്ടി വാസുവിന്റെ മുഖം ലാക്കാക്കി പാഞ്ഞുവന്നു. വാസു ഒരു വശത്തേക്ക് മിന്നല്‍ പോലെ മുഖം മാറ്റി അവന്റെ കൈയില്‍ ശക്തമായി പിടിച്ചു. ആ പിടുത്തത്തില്‍ തന്നെ അവന്‍ വേദന കൊണ്ട് പുളഞ്ഞു പോയിരുന്നു. “ഡാ മാക്രീ..എനിക്ക് തല്ലാനും പിടിക്കാനും ഇപ്പോള്‍ ഒരു മൂഡില്ല. നീ ഷാജിയെ വിളിക്ക്..അല്ലേല്‍ വേണ്ട ഞാന്‍ തന്നെ വിളിക്കാം” അങ്ങനെ പറഞ്ഞിട്ട് വാസു പിന്നിലേക്ക് നോക്കി ഉറക്കെ വിളിച്ചു: “ടാ ഷാജിയെ..ടാ..ഒന്നിങ്ങോട്ടു വന്നെ..ദേ ഇവന്മാരെ നീ അങ്ങോട്ട് വിളി..നീ മാത്രം വന്നാ മതി” “എടാ ഷാജി..അടിച്ച് ഒടിക്കടാ ഈ പന്നീടെ മോനെ” ചാരുകസേരയില്‍ കിടന്ന സക്കീര്‍ ക്രോധത്തോടെ അലറി. അതുകേട്ടപ്പോള്‍ ഷാജി ഗ്ലാസ് കാലിയക്കിയിട്ട് എഴുന്നേറ്റ് ചെന്നു. “അവനെ വിട്ടേരടാ..” ഷാജി വാസുവിനോട് പറഞ്ഞു. “ഷാജി മോനെ..ഈ കള്ളപ്പന്നി രണ്ടുകാലില്‍ ഇവിടുന്നു തിരിച്ചു പോകരുത്. വെട്ടി അരിയടാ നായിന്റെ മോനെ” സക്കീര്‍ കോപാക്രാന്തനായി വീണ്ടും അലറി. വാസു അവന്റെ കൈ വിട്ടശേഷം ബൈക്കില്‍ ഇരുന്നുകൊണ്ടുതന്നെ അത് സ്റ്റാന്റില്‍ വച്ചു.
“അടിക്കടാ അവനെ” ഷാജി അണികളോട് അലറി. പക്ഷെ ബോധം കെട്ടുകിടന്നവനെ കണ്ടു ഭയന്ന് പോയിരുന്ന അവന്മാര്‍ മാറി നിന്നതെ ഉള്ളു. “പേടിത്തൊണ്ടന്‍മാര്‍..” അവരെ പുച്ഛത്തോടെ നോക്കി നിലത്തേക്ക് കാറിത്തുപ്പിയ ശേഷം ഷാജി അരയില്‍ നിന്നും കത്തി വലിച്ചൂരി വാസുവിന് നേരെ അടുത്തു. വാസു കൈകാണിച്ച് അവനെ തടഞ്ഞുനിര്‍ത്തി. “ഡാ..നിനക്ക് സൌകര്യം ഉണ്ടെങ്കില്‍ ആദ്യം ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്. നിന്റെ വിവരമില്ലാത്ത തന്തക്കിഴങ്ങന്‍ പറയുന്നത് കേട്ട് അടി ഇരന്നു വാങ്ങാന്‍ വരരുത്. നിനക്ക് ഗുണമുള്ള ഒരു കാര്യം പറയാന്‍ ആണ് ഞാനും ഇവളും കൂടി വന്നത്. അല്ലാതെ നിന്നോട് തല്ലുംപിടിയും കൂടാനല്ല..” വാസു പറഞ്ഞു.. “അവന്റെ പ്രസംഗം കേട്ടു നിക്കാതെ പള്ളയ്ക്ക് കത്തി കേറ്റടാ മോനെ..” സക്കീര്‍ അലറി. അയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അമിതമായി ചെലുത്തിയ മദ്യം അയാളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.. ഷാജി ഇരുമനസോടെ വാസുവിനെ നോക്കി. “നീ ആലോചിക്കണ്ട. നിന്റെ തന്ത പറയുന്നത് വിട്ടുകള. അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് പറയാന്‍ ഉള്ളത് കേട്ട ശേഷം നമുക്ക് അടിക്കാം. ആദ്യം നീ ഞങ്ങള്‍ പറയാന്‍ വന്ന വിവരം ഒന്ന് കേള്‍ക്ക്” “പറ..എന്താണ് വിഷയം?” അവസാനം അവനു പറയാനുള്ളത് അറിഞ്ഞേക്കാം എന്ന് കരുതി ഷാജി ചോദിച്ചു. “ഇവിടെ വേണ്ട..നീ തനിച്ചുമതി. നമുക്ക് അല്‍പ്പം അങ്ങോട്ട് മാറി നിന്നു സംസാരിച്ചാലോ?” “ശരി വാ” ഡോണയും വാസുവും ഷാജിയും കൂടി അല്‍പം ഒഴിഞ്ഞ ഭാഗത്തേക്ക് മാറി. “ഷാജി..നിന്റെ എല്ലൂരി നിന്റെ തന്തപ്പടിക്ക് കൊടുക്കാന്‍ എനിക്ക് ഒരു മിനിറ്റില്‍ താഴെ സമയം മതി. അതിനുള്ള കാരണവും നീ തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട്. നീ തട്ടിക്കൊണ്ടുപോകാന്‍ നോക്കിയില്ലേ? അത് വേറാരുമല്ല; ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണാണവള്‍; അറിയാമോടാ?..അതുകൊണ്ടാണ് നിന്റെ മേല്‍ എനിക്ക് അപ്പോള്‍ കൈ വയ്ക്കേണ്ടി വന്നത്..” വാസു അവന്റെ കണ്ണിലേക്ക് നോക്കി സൌമ്യമായി പറഞ്ഞു. പക്ഷെ അവന്റെ സംസാരം കേട്ടപ്പോള്‍ ഞെട്ടിയത് ഷാജി ആയിരുന്നില്ല, മറിച്ച് ഡോണ ആണ്.
“ഷാജി..നിങ്ങള്‍ ചെയ്ത തെറ്റ് നിങ്ങളോട് ക്ഷമിക്കാന്‍ മാത്രമല്ല, അതുമൂലം ഇപ്പോള്‍ നിങ്ങള്‍ക്കെതിരെ കമ്മീഷണര്‍ എടുക്കാന്‍ പോകുന്ന നടപടിയില്‍ നിന്നുപോലും നിങ്ങളെ രക്ഷിക്കാനും ഞങ്ങള്‍ ഒരുക്കമാണ്. നിനക്കറിയാമല്ലോ..രണ്ട് കേസുകളാണ് നിനക്കെതിരെ ഈ പരാതിയില്‍ എസ് ഐ പൌലോസ് എഴുതിപ്പിച്ചിരിക്കുന്നത്. ഒന്ന് പ്രായപൂര്‍ത്തി ആകാത്ത, സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ നടത്തിയ ശ്രമം. അതില്‍ ഇടപെട്ട പോലീസിനെ മര്‍ദ്ദിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. ഇതിനെല്ലാം സാക്ഷികളും ഉണ്ട്. നിനക്ക് ജാമ്യം പോലും കിട്ടാന്‍ പ്രയാസമാണ്. അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന ക്ലീന്‍ കേസാണ് ഇത്. പക്ഷെ നിനക്കെതിരെ നടപടി ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ വിചാരിച്ചാല്‍ സാധിക്കും..” ഡോണയാണ് അത് പറഞ്ഞത്. “ദാ..നിനക്കെതിരെ ഉള്ള പരാതിയുടെ കോപ്പി ആണ്. വേണേല്‍ വായിച്ചു നോക്കാം” അവള്‍ ആ പേപ്പര്‍ അവനു നേരെ നീട്ടി. “ഓലപ്പാമ്പിനെ കാണിച്ചു പേടിപ്പിച്ചു ഷാജിയെ വിലയ്ക്കെടുക്കാന്‍ ഇറങ്ങിയിരിക്കുകയാണ് രണ്ടുംകൂടി അല്ലെ? നിന്റെ പെണ്ണിനെ വേണ്ടിവന്നാല്‍ ഇനിയും ഞാന്‍ പൊക്കും; പുല്ലുപോലെ. വേണ്ടി വന്നാല്‍ ദാ ഇവളെയും പൊക്കിക്കൊണ്ട് പോയി എന്റെ സാറന്മാര്‍ക്ക് ഇട്ടുകൊടുക്കും..മനസിലായോടാ…” വെല്ലുവിളിയോടെ ഷാജി പറഞ്ഞ വാക്കുകള്‍ തീരാന്‍ അനുവദിക്കാതെ വാസു ഒന്ന് ചലിച്ചു; ഒരു ചീറ്റപ്പുലിയുടെ വേഗത്തില്‍. അവന്റെ വലതുകാല്‍ ഷാജിയുടെ ഇടതു തുടയില്‍ ആഞ്ഞു പതിച്ചുകഴിഞ്ഞിരുന്നു. നിലത്തേക്ക് ചെരിഞ്ഞു വീണുപോയ ഷാജിയുടെ വാരിയെല്ലില്‍ വാസു ആഞ്ഞു ചവിട്ടി. പക്ഷെ അവന്‍ വേഗം ഉരുണ്ടുമാറി. എഴുന്നേല്‍ക്കാന്‍ ശ്രമിച്ച ഷാജിയുടെ താടിയുടെ അടിയില്‍ വാസു പന്ത് തട്ടുന്നതുപോലെ ഷൂസിട്ട കാല്‍കൊണ്ടു തട്ടി.
അവന്‍ ചെന്നു ബൈക്ക് എടുത്ത് സ്റ്റാര്‍ട്ട് ചെയ്തു. സക്കീര്‍ പോലും ഭയന്നു വിറച്ച് ഇരിക്കുകയായിരുന്നു. അയാള്‍ക്ക് അവനെ നോക്കാനുള്ള ധൈര്യം പോലും വന്നില്ല. ഡോണ പിന്നില്‍ കയറിയപ്പോള്‍ വാസു ബൈക്ക് മുന്‍പോട്ടെടുത്തു. ഡോണ സ്വയം മറന്ന അവസ്ഥയിലായിരുന്നു. വാസുവിന്റെ വാക്കുകള്‍ അവളുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നു. തന്നെ ഒരു സഹോദരി ആയാണ് അവന്‍ കാണുന്നത്. താന്‍ ഇരിക്കുന്നത് ശക്തനായ, ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കാത്ത തന്റെ ആങ്ങളയുടെ കൂടെയാണ്. അവള്‍ക്ക് ഓര്‍ത്തപ്പോള്‍ കരച്ചില്‍ വന്നു. “വാസൂ..നീ എന്നെ കരയിപ്പിച്ചു. ഒരിടത്തും പതറാത്ത എന്റെ മനസ് ഇന്നെനിക്ക് കൈമോശം വന്നെടാ പോത്തെ..” അവന്റെ പിന്നില്‍ മുഖം അമര്‍ത്തി കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു. “മിണ്ടാതിരിക്കെടി..ആ വിഷമം മാറാന്‍ പോകുന്ന വഴിക്ക് ഏതെങ്കിലും ബാറില്‍ നിന്നും നീ എനിക്കൊരു ബിയര്‍ വാങ്ങി തന്നേക്ക്…” “പോടാ കാട്ടാളാ….എന്നെ കരയിച്ചിട്ടു ഞാന്‍ തന്നെ നിനക്ക് വാങ്ങിത്തരണം അല്ലെ..” അവള്‍ അവന്റെ പിന്നില്‍ ഇടിച്ചു. —————- ദിവ്യ കട്ടിലില്‍ കിടന്നുകൊണ്ട് പൌലോസിന്റെ വാട്ട്സപ്പ് പ്രൊഫൈല്‍ ഫോട്ടോയില്‍ നാണത്തോടെ നോക്കുകയായിരുന്നു. തനിക്ക് കൊച്ചിയില്‍ പോകാന്‍ താല്‍പര്യമില്ല എന്നറിഞ്ഞുകൊണ്ടല്ലേ സാറ് നേരിട്ട് പരാതി അങ്ങോട്ട് അയച്ചുകൊടുത്തത്? താന്‍ ഇറങ്ങാന്‍ നേരം തന്നെ നോക്കി ചിരിച്ചത് തന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ! അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് മധുരസ്മരണകള്‍ അയവിറക്കിക്കൊണ്ട് ആ ചിത്രം പല ആവര്‍ത്തി നോക്കി. പക്ഷെ സാറ് വേറെ മതക്കാരനാണ്; ദിവ്യ വിഷമത്തോടെ ഓര്‍ത്തു. താന്‍ സാറിനെ സ്നേഹിച്ചാല്‍ അച്ഛനും അമ്മയും ആ കല്യാണത്തിനു സമ്മതിക്കുമോ ആവോ! ഇനി അച്ഛനും അമ്മയും സമ്മതിച്ചാലും സാറിന്റെ അച്ഛനും അമ്മയും സമ്മതിക്കുമോ? ആരെതിര്‍ത്താലും എനിക്ക് സാറിനെ തന്നെ മതി എന്ന് പറഞ്ഞാല്‍ പിന്നെ എന്ത് പേടിക്കാന്‍. പക്ഷെ സാറും അങ്ങനെ തന്നെ പറയണം. സാറിന് ആരെയും പേടി ഒന്നുമുള്ള ആളല്ല. എന്നാലും..പക്ഷെ സാറ് തന്നെ ശരിക്കും ഇഷ്ടപ്പെടുന്നുണ്ടോ? അവള്‍ പൌലോസിന്റെ മനസ് അറിയാന്‍ പലവഴികളും ആലോചിച്ചു. ഒരു മെസേജ് അയച്ചാലോ എന്നവള്‍ക്ക് തോന്നി. പക്ഷെ മുരട്ടു സ്വഭാവമാണ്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്തായിരിക്കും പ്രതികരണം എന്ന് പറയാന്‍ പറ്റില്ല. എന്തായാലും ചോദിക്കാതെ അറിയാന്‍ പറ്റില്ലല്ലോ. തനിക്ക് സാറിന്റെ മനസ് അറിയാതെ ഇനി പറ്റില്ല. അറിഞ്ഞേ പറ്റൂ. ദിവ്യ കട്ടിലില്‍ കമിഴ്ന്നു കിടന്നുകൊണ്ട് പൌലോസിന് ഒരു മെസേജ് ടൈപ് ചെയ്തു. പക്ഷെ അവള്‍ക്കത് ഇഷ്ടപ്പെട്ടില്ല; അതുകൊണ്ട് അവളത് കളഞ്ഞിട്ടു വീണ്ടും ടൈപ് ചെയ്തു. അങ്ങനെ പലതവണ പല രീതിയില്‍ എഴുതിയിട്ടും അവള്‍ക്ക് തൃപ്തി വന്നില്ല.
“ഛെ…ഒന്നും ശരിയാകുന്നില്ല…” വീണ്ടും അവള്‍ സന്ദേശങ്ങള്‍ ടൈപ് ചെയ്തു. ചെയ്യുകയും കളയുകയും ചെയ്ത് അവള്‍ക്ക് മടുത്തു. അവസാനം അവള്‍ രണ്ടും കല്‍പ്പിച്ച് ഒരു ചുംബന സ്മൈലി പൌലോസിനു അയച്ചുകൊടുത്തു. അതോടെ അവളുടെ ചങ്കിടിപ്പ് കൂടാന്‍ തുടങ്ങി. അവള്‍ മേസേജില്‍ത്തന്നെ നോക്കിക്കിടന്നു. അത് അവിടെ കിട്ടി എന്നറിഞ്ഞപ്പോള്‍ അവള്‍ക്ക് ആധികൂടി. അയാള്‍ അത് കണ്ടു എന്ന് മനസിലായപ്പോള്‍ അവളുടെ ദേഹം വിയര്‍ക്കാന്‍ തുടങ്ങി. ദിവ്യ ചങ്കിടിപ്പോടെ കാത്തു. സാറ് എന്ത് മറുപടി ആയിരിക്കും നല്‍കുക? “ദിവ്യെ..കഴിക്കാന്‍ വാ” അമ്മയുടെ അത്താഴം കഴിക്കാന്‍ വിളിക്കുന്നത് അവള്‍ കേട്ടു. “വരുവാ അമ്മെ” അവള്‍ വിളിച്ചു പറഞ്ഞു. എന്നിട്ട് മൊബൈലില്‍ തന്നെ കണ്ണുനട്ട് അവള്‍ കാത്തു. അവളുടെ മുലകള്‍ ശക്തമായി ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു. മുഖത്തുകൂടി ഒഴുകിയിറങ്ങിയ വിയര്‍പ്പ് അവള്‍ തുടച്ചു. ആകാംക്ഷയോടെ പൌലോസിന്റെ മറുപടി വരാനായി കാത്തുകിടന്ന അവളുടെ കാതില്‍ ഒരു ബൈക്കിന്റെ മുഴക്കമെത്തി; ദൂരെ നിന്നും പാഞ്ഞടുക്കുന്ന ഒരു ബുള്ളറ്റിന്റെ ഹുങ്കാരം. വീടിനു മുന്‍പില്‍ ഏതോ ബൈക്ക് വന്നു നിന്ന ശബ്ദം കേട്ട് ശങ്കരന്‍ വേഗം ചെന്നു ജനലിലൂടെ നോക്കി. അറേബ്യന്‍ ഡെവിള്‍സ് വീട്ടില്‍ അതിക്രമിച്ചു കയറിയതിനു ശേഷം സന്ധ്യയ്ക്ക് ശേഷം ആര് വന്നു കതകിനു മുട്ടിയാലും ആളെ അറിഞ്ഞ ശേഷമേ അവര്‍ കതക് തുറക്കൂ. ജനലിലൂടെ ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് ഇറങ്ങുന്ന പൌലോസിനെ കണ്ടപ്പോള്‍ ആശ്വാസം തോന്നിയെങ്കിലും ശങ്കരന്റെ ഉള്ളൊന്നു കാളി. എന്ത് കാരണം ആയാലും പോലീസിനെ കാണുമ്പൊള്‍ ഉണ്ടാകുന്ന ഒരു സാധാരണ മലയാളിയുടെ അന്ധാളിപ്പ് അയാള്‍ക്കും ഉണ്ടായി. “ആരാ ചേട്ടാ” രുക്മിണി അയാളുടെ അരികിലേക്ക് വന്നു ചോദിച്ചു. “എസ് ഐ സാറാ..” അയാള്‍ വേഗം ചെന്നു കതക് തുറന്നു. ഉള്ളില്‍ പൌലോസിന്റെ മെസേജ് പ്രതീക്ഷിച്ചു കാത്തുകിടന്നിരുന്ന ദിവ്യ അയാള്‍ നേരിട്ട് വന്നു എന്നറിഞ്ഞപ്പോള്‍ ഞെട്ടി. എന്ത് ചെയ്യണമെന്നറിയാതെ അവള്‍ വിരണ്ടെഴുന്നേറ്റു. താനയച്ച മെസേജ് കാരണമാണോ സാറ് വന്നത് എന്ന സംശയം അവളെ പരിഭ്രാന്തിയിലാഴ്ത്തി. മെല്ലെ മുറിക്കു പുറത്തിറങ്ങി മുന്‍പിലെ മുറിയിലേക്ക് അവള്‍ പാളി നോക്കി. പൌലോസ് ഉള്ളിലേക്ക് കയറിവരുന്നത് അവള്‍ കണ്ടു. “എന്താ സര്‍..” ശങ്കരന്‍ പൌലോസിന്റെ വരവിന്റെ ഉദ്ദേശമറിയാനായി ചോദിച്ചു. “നിങ്ങളുടെ മോളെവിടെ? അവളെ വിളിക്ക്” പൌലോസിന്റെ ശബ്ദം പരുഷമായിരുന്നു. അതുകൂടി കേട്ടതോടെ ദിവ്യ വിറയ്ക്കാന്‍ തുടങ്ങി. സംഗതി താന്‍ സംശയിച്ചത് തന്നെ. അവളുടെ മനസില്‍ ഭയം ഒരു വടവൃക്ഷത്തെപ്പോലെ പടര്‍ന്നു പന്തലിച്ചു. തന്റെ മോഹങ്ങളും ധാരണകളും പാടെ തെറ്റിയിരിക്കുന്നു. ശ്ശോ..വേണ്ടായിരുന്നു; ആ മെസേജ് അയയ്ക്കെണ്ടായിരുന്നു. പക്ഷെ പോയബുദ്ധി ആനപിടിചാലും കിട്ടില്ലല്ലോ. ഇനി എന്ത് ചെയ്യും? സാറ് എല്ലാം അച്ഛനോടും അമ്മയോടും പറയുമായിരിക്കും. ഭയത്തോടെ അവള്‍ രക്ഷപെടാനുള്ള പഴുതുകള്‍ തകപുകഞ്ഞാലോചിച്ചു. “എന്താ സര്‍..എന്ത് പറ്റി?” രുക്മിണി ശങ്കയോടെ പൌലോസിനോട് ചോദിച്ചു. “നിങ്ങള്‍ പറഞ്ഞത് കേള്‍ക്ക്..വിളിക്കവളെ” പൌലോസിന്റെ സ്വരം ഉയര്‍ന്നു. ദിവ്യയ്ക്ക് മൂത്രശങ്ക ഉണ്ടായി. അവള്‍ പൂക്കുല പോലെ വിറച്ചു.
“ദിവ്യെ..ഇങ്ങോട്ട് വന്നെ” അച്ഛന്‍ വിളിക്കുന്നത് കേട്ടപ്പോള്‍ ഭയം കൊണ്ട് അവളുടെ അടിവസ്ത്രം നനഞ്ഞു. പേടിച്ച് വിറച്ച് അവള്‍ അവരുടെ അടുത്തേക്ക് നടന്നു. “ഇങ്ങോട്ട് മാറി നില്‍ക്കടി” പൌലോസ് ഗര്‍ജ്ജിച്ചു. അയാളുടെ ശബ്ദത്തിന്റെ കാഠിന്യം ശങ്കരനെയും രുക്മിണിയെയും പോലും ഞെട്ടിച്ചു. കാര്യം അറിയാതെ അന്ധാളിച്ചു നില്‍ക്കുകയായിരുന്നു അവര്‍ ഇരുവരും. ദിവ്യ കിടുകിടെ വിറച്ചുകൊണ്ട് അയാളുടെ മുന്‍പില്‍ നിന്നു. ഭയം മൂലം അവള്‍ക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. അവള്‍ വിറയ്ക്കുന്നത് പൌലോസ് ശ്രദ്ധിച്ചു. “എടി..എന്റെ ഈ കൈ കൊണ്ട് ഞാനൊരെണ്ണം തന്നാല്‍ നീ ആ നിമിഷം പിടഞ്ഞു വീണു ചാകും..അതുകൊണ്ട് നിനക്ക് ഞാന്‍ വേറൊരു മരുന്ന് കൊണ്ടുവന്നിട്ടുണ്ട്” അയാള്‍ പോക്കറ്റില്‍ നിന്നും ചുരുട്ടി വച്ചിരുന്ന ഒരു ചൂരല്‍വടി പുറത്തെടുത്തു. “സര്‍.കാര്യം എന്താണ് സര്‍..” ശങ്കരന്‍ ആകാംക്ഷയോടെ ചോദിച്ചു. “വായടയ്ക്കടോ..(ദിവ്യയെ നോക്കി) കൈ നീട്ടടി..” ദിവ്യ ഉറക്കെ കരഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി. “എന്നെ അടിക്കല്ലേ സര്‍..എന്നോട് ക്ഷമിക്കണം..എനിക്ക് ഒരു അബദ്ധം പറ്റിയതാ..മെസേജ് മാറി സെന്റ് ആയിപ്പോയതാ…” അവള്‍ തനിക്ക് രക്ഷയില്ല എന്ന് മനസിലായതോടെ ഉറക്കെ കരഞ്ഞുകൊണ്ട് അയാളോട് അപേക്ഷിച്ചു. “കൈ നീട്ടാന്‍..” പൌലോസ് ഗര്‍ജ്ജിച്ചു. ദിവ്യ കരഞ്ഞ്, കണ്ണുകള്‍ അടച്ചുകൊണ്ട് മെല്ലെ മെല്ലെ കൈനീട്ടി. അവളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ധാരയായി ഒഴുകിയിറങ്ങി. പൌലോസ് കോപത്തോടെ വടി മുകളിലേക്ക് ഉയര്‍ത്തി. “അയ്യോ സാറേ അടിക്കല്ലേ..അവളെന്തു തെറ്റാണ് ചെയ്തത്?” വേഗം അവള്‍ക്കും പൌലോസിനും ഇടയില്‍ കയറി നിന്നുകൊണ്ട് രുക്മിണി കൈകള്‍ കൂപ്പി. “പെണ്‍കുട്ടികളെ വളര്‍ത്താന്‍ അറിയില്ലെങ്കില്‍ അവരെ ഉണ്ടാക്കരുത്..മനസിലായോ? എന്താണ് കാര്യമെന്ന് മോളോട് ചോദിച്ചാല്‍ മതി. പിന്നെ..ഇവളുടെ കൈയിലുള്ള ആ മൊബൈല്‍, ഇനിമേല്‍ അവള്‍ക്ക് നല്‍കിപ്പോകരുത്. സ്കൂളില്‍ പഠിക്കുന്ന കുട്ടിക്ക് മൊബൈല്‍ ഫോണ്‍ ഒരു അത്യാവശ്യ വസ്തുവല്ല. കുട്ടികള്‍ ചോദിക്കുന്നതെന്തും സാധിച്ചു കൊടുക്കലല്ല ഒരു തന്തയുടെയും തള്ളയുടെയും കടമ..” പല്ല് ഞെരിച്ചുകൊണ്ട് അയാള്‍ വടി ദൂരെ എറിഞ്ഞു. “പിള്ളേരെ വളര്‍ത്താന്‍ അറിയാത്ത കുറെ തന്തമാരും തള്ളമാരും” പൌലോസ് നിലം ചവിട്ടി മറിച്ച് പുറത്തേക്കിറങ്ങി ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി ഓടിച്ചുപോയി. ദിവ്യയ്ക്ക് ശ്വാസം നേരെ വീണത് അപ്പോഴാണ്. അയാള്‍ പോയെന്നറിഞ്ഞപ്പോള്‍ അവള്‍ കരഞ്ഞുകൊണ്ട് മുറിയിലേക്കോടി. “എന്താടി? എന്താണ് കാര്യം? ഈ പെണ്ണ് എന്തോ കുഴപ്പം ഉണ്ടാക്കിയതുകൊണ്ടല്ലേ സാറിവിടെ വന്നത്..ഒന്ന് ചെന്നു ചോദിക്കടി എന്താണ് കാര്യമെന്ന്..” ശങ്കരന്‍ കോപത്തോടെ ഭാര്യയോട് പറഞ്ഞു. “ചേട്ടാ..പറയുമ്പോള്‍ ഒന്നും തോന്നരുത്”. ചുണ്ടില്‍ പുച്ഛവും കോപവും ഇടകലര്‍ന്ന ഒരു ചിരിയോടെ രുക്മിണി തുടര്‍ന്നു:
“ഓര്‍മ്മയുണ്ടോ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വരെ അവളെ നിങ്ങള്‍ എങ്ങനെയാണ് വളര്‍ത്തിയിരുന്നതെന്ന്? അന്നേ ഞാന്‍ പറഞ്ഞതാണ് അവളൊരു പെണ്‍കുട്ടിയാണ്..ഇങ്ങനെ താന്തോന്നിയായി വളര്‍ത്താന്‍ പാടില്ല എന്ന്. അന്ന് പക്ഷെ അച്ഛനും മോളും എന്നെ ഇവിടുത്തെ വീട്ടുജോലിക്കാരിയെപ്പോലെയല്ലേ കരുതിയിരുന്നത്? എനിക്കും എന്റെ മോനും നിങ്ങള്‍ രണ്ടാളും എതിരായിരുന്നില്ലേ? നിങ്ങളുടെ വളര്‍ത്തു ദോഷത്തിന്റെ ഫലമാണ് ഇന്നിപ്പോള്‍ കണ്ടത്. നിങ്ങള്‍ക്കിനിയും മനസിലായില്ലെങ്കില്‍ പച്ചയ്ക്ക് പറയാം; നിങ്ങളുടെ പുന്നാര മോള്‍ക്ക് ഇപ്പോള്‍ ആ മനുഷ്യനോടായി പ്രേമം. നിങ്ങള്‍ സ്റ്റേഷനിലേക്ക് പോയപ്പോള്‍ അവള്‍ നിര്‍ബന്ധിച്ചു കൂടെ വന്നത് അയാളെ കാണാന്‍ വേണ്ടിയായിരുന്നു. ഇപ്പോള്‍ അവള്‍ മൊബൈലില്‍ വല്ല മെസേജും അങ്ങേര്‍ക്ക് അയച്ചു കാണും. അങ്ങേരൊരു നല്ല മനുഷ്യനായതുകൊണ്ട് നിങ്ങളുടെ മകളെ വഴിപിഴപ്പിക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ചില്ല. പകരം വന്ന് അവളെ വഴക്ക് പറഞ്ഞിട്ട് പോയി; ഒരു ആങ്ങളയെപ്പോലെ. പക്ഷെ അങ്ങേരുടെ സ്ഥാനത്ത് വേറെ വല്ലോനും ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു? ചെല്ല്..ചെന്നു തന്നെത്താന്‍ മോളെ ഗുണദോഷിക്ക്” രുക്മിണി പൊട്ടിത്തെറിക്കുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അവള്‍ ശങ്കരനോട് അത്ര കടുത്ത ഭാഷയില്‍ സംസാരിച്ചത്. അത്രമേല്‍ അവള്‍ക്ക് നിരാശയും വിഷമവുമുണ്ടായിരുന്നു ദിവ്യയുടെ കാര്യത്തില്‍. അവള്‍ അയാളുടെ മറുപടിക്ക് കാക്കാതെ ഉള്ളിലേക്ക് പോയി. അമ്മ അച്ഛനോട് പൊട്ടിത്തെറിക്കുന്നത് കേട്ടുകൊണ്ട് ദിവ്യ തന്റെ മുറിയില്‍ കിടന്നു കരയുകയായിരുന്നു. ശങ്കരന്‍ വിഷണ്ണനായി കസേരയില്‍ തല കുമ്പിട്ടിരുന്നു. അയാള്‍ക്ക് കോപമല്ല ദുഖമാണ് തോന്നിയത്. രുക്മിണി പറഞ്ഞത് തിരസ്കരിക്കാന്‍ സാധിക്കാത്ത സത്യങ്ങളാണ്. താന്‍ തന്റെ മകളെ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി, അവള്‍ ആവശ്യപ്പെട്ട യാതൊന്നും നിഷേധിക്കതെയാണ് വളര്‍ത്തിയത്. അതിന്റെ കാരണം വാസുവിനോടുള്ള തന്റെ അനിഷ്ടമായിരുന്നു പ്രധാനമായും. അവനെ വിഷമിപ്പിക്കുക എന്നതായിരുന്നു അന്നൊക്കെ തന്റെ ഏക ഉദ്ദേശം. സ്വന്തം മകളോട് താന്‍ കാണിക്കുന്ന അമിതസ്നേഹം കണ്ട് അവന്‍ വിഷമിക്കണം; വിഷമിച്ച് എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകണം എന്ന് താന്‍ ആഗ്രഹിച്ചു. ദിവ്യയോടും അവനെ വകവയ്ക്കാത അധിക്ഷേപിക്കാന്‍ താന്‍ പ്രേരിപ്പിച്ചു. ബാല്യം മുതല്‍ അവള്‍ അവനെ വെറുത്തു തന്നെയാണ് ജീവിച്ചുപോന്നത്. പക്ഷെ ഇടയ്ക്കെപ്പോഴോ അവളവനെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അതിനും വലിയ ആയുസ്സ് ഉണ്ടായില്ല. അവനെ അവള്‍ക്കിഷ്ടമില്ല എന്ന് അവള്‍ തന്നോട് ഇന്നുകൂടി പറഞ്ഞതാണ്. അകാരണമായി വാസുവിനെ ദ്രോഹിച്ചതിന്റെ ഫലമാണ് ഇതൊക്കെ എന്നയാള്‍ക്ക് തോന്നി. അവനു യാതൊന്നും നല്‍കാതെ മകളെ തലയില്‍ കയറ്റി വച്ചു താന്‍ വളര്‍ത്തി. അവനെ സ്കൂളില്‍ വിടാന്‍ തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അവനു വേണ്ടി ചിലവാക്കുന്ന പണത്തിന്റെ കണക്ക് കൂടെക്കൂടെ പറഞ്ഞ് താന്‍ അവന്റെ മനസു മടുപ്പിച്ചു. അവന്‍ അങ്ങനെ സഹികെട്ട് പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി. പക്ഷെ മകള്‍ക്ക് താന്‍ വേണ്ടതിലധികമാണ് എല്ലാം നല്‍കിയത്. പക്ഷെ അതവളെ നശിപ്പിക്കുകയായിരുന്നു എന്ന് താന്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. ഇനിയും പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അവളെ പറഞ്ഞു തിരുത്തണം. ശങ്കരന്‍ മെല്ലെ എഴുന്നേറ്റു. ദിവ്യ ആകെ തകര്‍ന്നുപോയിരുന്നു. പൌലോസിനെ അവള്‍ ആരാധിച്ചു തുടങ്ങിയ സമയത്താണ് മനസ് കൈമോശം വന്നത്. വാസുവിനോടുള്ള പ്രതികാരമായാണ് അവള്‍ അവനെപ്പോലെ കരുത്തനായ പൌലോസിനെ പ്രണയിക്കാന്‍ തീരുമാനിച്ചത്. അവനു ടിവിക്കാരിയെ കിട്ടിയെങ്കില്‍ തനിക്ക് എസ് ഐയെ കാമുകനായി കിട്ടി എന്ന് അവനെ കാണിച്ചുകൊടുക്കാന്‍. പക്ഷെ അങ്ങേരൊരു കാണ്ടാമൃഗം ആണെന്ന് സ്വപ്നേപി
താന്‍ കരുതിയിരുന്നില്ല. അല്‍പം പോലും മനസാക്ഷി ഇല്ലാത്ത ക്രൂരന്‍. അതല്ലെങ്കില്‍ ഒരു ചെറിയ മെസേജ് അയച്ചതിന് ഇത്ര പുകില്‍ ഉണ്ടാക്കുമായിരുന്നോ? എത്ര ആണ്‍ പിള്ളേരാണ് തന്റെ പിന്നാലെ നടക്കുന്നത്. അവരില്‍ ഒരാളോടും ഇഷ്ടം കാണിക്കാതെ താന്‍ സ്വയം ഇഷ്ടപ്പെട്ടിടും ആ ദുഷ്ടന്‍ ചെയ്ത പണി കണ്ടില്ലേ? ഓര്‍ക്കുന്തോറും ദിവ്യയ്ക്ക് കരച്ചിലും വിഷമവും കൂടിക്കൂടി വന്നു. ഛെ.. ഇനി ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? താന്‍ ആശിക്കുന്ന യാതൊന്നും തനിക്ക് ലഭിക്കുന്നില്ല. എല്ലാം കൈവിട്ടു പോകുകയാണ്. അമ്മ പറഞ്ഞതുപോലെ വെറും അലവലാതികള്‍ മാത്രമാണ് തനിക്ക് ബോയ് ഫ്രണ്ട്സ് ആയി കിട്ടുന്നവന്മാര്‍. രതീഷും അനുരാഗും എല്ലാം വെറും അലവലാതികള്‍ മാത്രം. നല്ലൊരു പുരുഷനെയും തനിക്ക് കിട്ടില്ല. കിട്ടില്ലെങ്കില്‍ വേണ്ട. ഇനി ഒരുത്തനും തന്നെ ഇഷ്ടപ്പെടണ്ട. ഒരുത്തനെയും താനും ഇഷ്ടപ്പെടാന്‍ പോകുന്നില്ല. താന്‍ വിവാഹമേ കഴിക്കില്ല. സന്യസിക്കും. പുരുഷന്മാര്‍ ആരും ശരിയല്ല; ഒന്നുകില്‍ അനുരാഗിനെയും രതീഷിനെയും പോലെ അലവലാതികള്‍, അതല്ലെങ്കില്‍ പൌലോസിനെപ്പോലെ ഉള്ള അഹങ്കാരികള്‍, അതുമല്ലെങ്കില്‍ വാസുവിനെപ്പോലെയുള്ള ചതിയന്മാര്‍. വേണ്ട..ഇനി ഒരുത്തനുമായിട്ടും തനിക്ക് അടുപ്പം വേണ്ട. തനിക്ക് താന്‍ മാത്രം മതി. പുരുഷന്റെ കൂട്ടില്ലാതെ ജീവിക്കാന്‍ പറ്റുമെന്ന് താന്‍ തെളിയിച്ചു കാണിക്കും. അവള്‍ ആ തീരുമാനം മനസ്സില്‍ പലവുരു ആവര്‍ത്തിച്ചു. അങ്ങനെ ചിന്തിച്ചപ്പോള്‍ അവള്‍ക്ക് നല്ല ആശ്വാസമുണ്ടായി. അതെ ഇനി താന്‍ ഒരു പുരുഷന്റെയും പിന്നാലെ പോകില്ല; തനിക്കിനി പുരുഷന്‍ വേണ്ട; ഒരിക്കലും. മനസ്സില്‍ ശക്തമായ തീരുമാനം എടുത്തുകൊണ്ട് ദിവ്യ കരച്ചില്‍ നിര്‍ത്തി എഴുന്നേറ്റിരുന്നു. മുഖം കഴുകാനായി അവള്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ആണ് ശങ്കരന്‍ ഉള്ളിലേക്ക് വന്നത്. അച്ഛനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റു നിന്നു. അയാള്‍ മെല്ലെ അവളുടെ അരികിലെത്തി, അവളുടെ കൈയില്‍ പിടിച്ച് തന്റെ അരികില്‍ ഇരുത്തി. ദിവ്യ അയാളെ നോക്കാതെ മുഖം കുനിച്ചു. “മോളെ..അദ്ദേഹം എന്തിനാണ് വന്നത് എന്ന് അച്ഛനറിയണ്ട. പക്ഷെ മോള്‍ അച്ഛനൊരു വാക്ക് തരണം; ഇനി ഇതുപോലെ ഒരു സംഭവം മോള്‍ കാരണം ഒരിക്കലും ഉണ്ടാകില്ലെന്ന്. അത്രയും മതി എനിക്ക്” അയാള്‍ അവളുടെ ശിരസില്‍ തലോടിക്കൊണ്ട് മെല്ലെ പറഞ്ഞു. അച്ഛന്‍ തന്നോട് കോപിക്കും, വഴക്ക് പറയും ചിലപ്പോള്‍ അടിക്കും എന്നുവരെ ഭയന്നിരുന്ന ദിവ്യയ്ക്ക് ശങ്കരന്റെ വാക്കുകള്‍ കേട്ടപ്പോള്‍ നിയന്ത്രണം വിട്ടുപോയി. അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ മടിയിലേക്ക് വീണു. അവളെ കരയാന്‍ വിട്ടുകൊണ്ട് ശങ്കരന്‍ അവളുടെ മുടി മുഖത്ത് നിന്നും മാടിയൊതുക്കി അവളുടെ കവിളില്‍ തലോടി. ദിവ്യ അയാളുടെ മടിയില്‍ കിടന്ന് ഏങ്ങലടിച്ചു കരഞ്ഞു. “ഇല്ല..ഇനി ഒരിക്കലും ഞാന്‍ കാരണം എന്റെ അച്ഛന്റെ മനസു വിഷമിക്കില്ല. എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി അച്ഛാ..എന്നോട് പൊറുക്കണം” മടിയില്‍ നിന്നും നിവര്‍ന്ന ദിവ്യ ശങ്കരന്റെ കൈകളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളില്‍ നിന്നും ഒഴുകിയിറങ്ങിയ മിഴിനീര്‍ അയാള്‍ കൈകള്‍ കൊണ്ട് തുടച്ചു.
“സാരമില്ല മോളെ..സാരമില്ല. തെറ്റുകള്‍ മനുഷ്യസഹജമാണ്; തെറ്റ് സംഭാവിക്കാത്തവരായി ഈ ലോകത്ത് ആരും തന്നെയില്ല. മോളുടെ ഈ പ്രായത്തില്‍ പല തെറ്റുകളും സംഭവിക്കും. പക്ഷെ അതൊക്കെ തിരിച്ചറിഞ്ഞു തിരുത്തുമ്പോള്‍ ആണ് നമ്മള്‍ നല്ല മനുഷ്യരായി മാറുന്നത്. മോള്‍ ഇനി സൂക്ഷിച്ചാല്‍ മതി. പഠനത്തില്‍ മോള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരാനുള്ള ഒരു ഉത്സാഹം ഉണ്ടാക്കിയെടുക്കണം. പിന്നെ മോള്‍ക്ക് ടൈം പാസ് വേണമെങ്കില്‍ വല്ല ഡാന്‍സോ പാട്ടോ പഠിക്കാന്‍ പോ..പക്ഷെ മറ്റുള്ളവര്‍ മോളെ മോശക്കാരി എന്ന് പറയാന്‍ ഒരിക്കലും ഇട ഉണ്ടാക്കരുത്” ദിവ്യ കരഞ്ഞുകൊണ്ട് തലയാട്ടി. ശങ്കരന്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ അവള്‍ തന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് സ്വിച്ചോഫ് ആക്കിയിട്ട് അയാളുടെ നേരെ നീട്ടി. “ഇന്നാ അച്ഛാ..ഇനി എനിക്കിത് വേണ്ട” അവള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു. “സാരമില്ല. മോളത് വച്ചോ. ദുരുപയോഗം ചെയ്യാതിരുന്നാല്‍ മാത്രം മതി” അയാള്‍ പറഞ്ഞു. “അല്ല. എനിക്കിനി ഇത് വേണ്ട. അച്ഛന്‍ വച്ചോ..ഇല്ലെങ്കില്‍ ആര്‍ക്കെങ്കിലും കൊടുത്തോ” അവള്‍ അയാളെ നിര്‍ബന്ധിച്ചു. “ശരി. മോള്‍ക്കിത് തിരികെ വേണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ചോദിച്ചാല്‍ മതി. ഇത് അച്ഛന്‍ സൂക്ഷിച്ചോളാം” അയാള്‍ അത് വാങ്ങി പുറത്തേക്കിറങ്ങി. ശങ്കരന്‍ പോയിക്കഴിഞ്ഞപ്പോള്‍ ദിവ്യ അല്‍പനേരം ചിന്താകുലയായി ഇരുന്നു. അവളുടെ മനസ്സില്‍ പല തീരുമാനങ്ങളും മാറി മറിഞ്ഞു. അവസാനം ശക്തമായ തീരുമാനമെടുത്ത മട്ടില്‍ അവള്‍ എഴുന്നേറ്റ് തന്റെ ഡയറി എടുത്ത് അതിലിങ്ങനെ എഴുതി: “ഈ ദിവസം ഞാനൊരിക്കലും മറക്കില്ല. യഥാര്‍ത്ഥ സ്നേഹത്തിന് ഒരു വിലയുമില്ല എന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി ഇന്ന് തിരിച്ചറിഞ്ഞു. ആത്മാര്‍ഥമായി സ്നേഹിച്ചതിന് ഒരാളെന്നെ ഒരു കൃമിയെപ്പോലെ കരുതി അവഹേളിച്ചു. എന്റെ മനസ് ആഴത്തില്‍ മുറിവേറ്റിരിക്കുന്നു. അത് ഇനി ഒരിക്കലും ഉണങ്ങില്ല. ഇതിനു മുന്‍പ് എന്റെ മനസ്സിനെ ഇതിലേറെ തകര്‍ത്തത് മറ്റൊരുവനാണ്. എന്നേക്കാള്‍ അധികം ഞാന്‍ സ്നേഹിച്ചിരുന്ന അവന്‍ കുറേക്കൂടി സൗന്ദര്യവും പണവും വിദ്യാഭ്യാസവും ഉള്ള ഒരുവളെ കണ്ടപ്പോള്‍ അവളുടെ പിന്നാലെ പോയി. എന്റെ മാംസം മാത്രം മോഹിച്ച് പെണ്‍കുട്ടികളെ വഴിപിഴപ്പിക്കാന്‍ നടക്കുന്ന ചില വൃത്തികെട്ടവന്മാരല്ലാതെ നല്ല ഒരു പുരുഷനും എന്നെ ഇഷ്ടപ്പെട്ടിട്ടില്ല. ഒരാളും, ഒരു പുരുഷനും എന്നിലെ സ്നേഹം ദാഹിക്കുന്ന പെണ്ണിനെ കണ്ടില്ല; ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ഞാനും അവരെ വെറുക്കുന്നു. എനിക്കിനി ഈ ജീവിതത്തില്‍ ഒരു പുരുഷനും ഉണ്ടാകില്ല. ഒരിക്കലും! ഞാന്‍ വിവാഹം കഴിക്കില്ല. ആജീവനാന്തം ഒരു കന്യകയായി ഞാന്‍ ജീവിക്കും. എന്റെ ഈ തീരുമാനം പാറ പോലെ ഉറച്ചതാണ്. ഇത് മാറണമെങ്കില്‍ അതെന്റെ മരണത്തോടെ മാത്രമായിരിക്കും” എഴുതിയത് മൂന്നാലാവര്‍ത്തി വായിച്ച ശേഷം അവള്‍ ഡയറി മടക്കിവച്ചു. അവള്‍ക്ക് വല്ലാത്ത ആശ്വാസമുണ്ടായി. ദിവ്യ എഴുന്നേറ്റ് മുഖം കഴുകിയശേഷം അടുക്കളയിലേക്ക് ചെന്നു. രുക്മിണി താടിക്ക് കൈയും കൊടുത്ത് അവിടെ ഉണ്ടായിരുന്ന ബെഞ്ചില്‍ ദുഖത്തോടെ ഇരുപ്പുണ്ടായിരുന്നു. ദിവ്യ ചെന്ന് അവളുടെ കാല്‍ക്കല്‍ ഇരുന്ന് ആ കാല്‍പ്പാദങ്ങളില്‍ മുഖം അമര്‍ത്തി കരഞ്ഞു. രുക്മിണി താഴേക്ക് അവളുടെ ഇരുപ്പ് നോക്കി. ആ അമ്മയുടെ മനസ് പിടഞ്ഞു. തന്റെ ഉദരത്തില്‍ വളര്‍ന്ന തന്റെ മകളാണ് ഇത്. പാവം; അവളുടെ മനസ് ചഞ്ചലമാണ്. ഒരുപാടു താലോലിച്ചു വളര്‍ത്തിയതിന്റെ കുഴപ്പമാണ്; ഇനിയും പക്വതയായിട്ടില്ല. ഓരോരോ സമയത്ത് തോന്നുന്നതുപോലെ വികാരത്തിനു അടിപ്പെട്ടു ജീവിക്കുന്ന പാവമാണ് തന്റെ മകള്‍. അവളോട് താന്‍ മുഖം കറുപ്പിച്ചാല്‍ അവള്‍ക്ക് സഹിക്കാന്‍ പറ്റില്ല. രുക്മിണിയുടെ കണ്ണുകള്‍ നിറഞ്ഞു.
“മോളെ..എന്തായിത്..എഴുന്നേല്‍ക്ക്” അവള്‍ കുനിഞ്ഞ് മകളുടെ പുറത്തു തലോടിക്കൊണ്ട് പറഞ്ഞു. “എന്നോട് ക്ഷമിക്കമ്മേ..ഇനി ഞാനൊരു തെറ്റും ചെയ്യില്ല..മൊബൈല്‍ ഫോണ്‍ ഞാന്‍ അച്ഛന്റെ കൈയില്‍ കൊടുത്തു..ഞാനിനി ഒരു തെറ്റും ചെയ്യില്ല..അമ്മേടേം അച്ഛന്റേം മനസ് ഞാനിനി വിഷമിപ്പിക്കില്ല..ഒരിക്കലും..” മുഖമുയര്‍ത്താതെ ദിവ്യ കരഞ്ഞുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണീര്‍ വീണ് രുക്മിണിയുടെ കാലുകള്‍ നനഞ്ഞു. “എന്റെ പൊന്നുമോള് കരയാതെ. അമ്മ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാ. എന്റെ മോളെ ആരും വഴക്ക് പറയുന്നതോ പഴിക്കുന്നതോ എനിക്ക് സഹിക്കില്ല..അതോണ്ടാ..വാ എഴുന്നേല്‍ക്ക്” രുക്മിണി അവളുടെ കൈയില്‍ പിടിച്ച് അവളെ എഴുന്നേല്‍പ്പിച്ചു. പിന്നെ അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു ചുംബിച്ചു. ദിവ്യയുടെ മനസ് തണുത്തു തുടങ്ങിയിരുന്നു അമ്മയുടെ സ്നേഹാശ്ലേഷം ലഭിച്ചപ്പോള്‍. ———— “പപ്പാ.. ഇതാരാണ്..അറിയാമോ?” വീട്ടിലെത്തിയ ഡോണ ആനന്ദാശ്രുക്കളോടെ വാസുവിനെ ചൂണ്ടിക്കൊണ്ട് പുന്നൂസിനോട് ചോദിച്ചു. വാസു ഒരു ചെറുചിരിയോടെ അവളുടെ പിന്നിലുണ്ടായിരുന്നു. “അവന്‍ ആരാണെന്ന് നീ മറന്നുപോയോ? എന്ത് പറ്റി പെണ്ണെ നിനക്ക്?” പുന്നൂസ് അത്ഭുതത്തോടെ ചോദിച്ചു. “എന്താ മോളെ? എന്താ നിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്?” റോസ്‌ലിന്‍ മകളുടെ അരികിലെത്തി അവളുടെ കണ്ണീര്‍ തുടച്ചുകൊണ്ട് ചോദിച്ചു. ഡോണ എന്തോ പറയാന്‍ വന്നെങ്കിലും ശബ്ദം അവളുടെ തൊണ്ടയില്‍ കുരുങ്ങി. അവളുടെ കണ്ഠം ഇടറിപ്പോയി. മകളെ മുന്‍പൊരിക്കലും വികാരാധീനയായി കണ്ടിട്ടില്ലാത്ത പുന്നൂസ് ചോദ്യഭാവത്തില്‍ വാസുവിനെ നോക്കി. അവളോട് തന്നെ ചോദിക്ക് എന്നവന്‍ കണ്ണ് കാണിച്ചു. “ഒരു മിനിറ്റ് അമ്മെ” ഡോണ ഡൈനിംഗ് റൂമില്‍ ചെന്ന് കുറച്ചു വെള്ളം കുടിച്ച ശേഷം തിരികെയെത്തി. തുടര്‍ന്ന് അവള്‍ ഷാജിയെ കാണാന്‍ പോയതും പിന്നീട് നടന്ന സംഭവങ്ങളും അവരെ വിവരിച്ചു പറഞ്ഞു കേള്‍പ്പിച്ചു. ഷാജി അവസാനം നടത്തിയ ഭീഷണിയും വാസു അവനു നല്‍കിയ മറുപടിയും അടിയും അവള്‍ സ്വയം പറയാതെ അതിന്റെ വീഡിയോ മൊബൈലില്‍ അവരെ കാണിച്ചു. ““തൊടില്ല നീ..നീയെന്നല്ല ഒരു നായിന്റെ മോനും….അങ്ങനെ ചിന്തിക്കാന്‍ പോലും നീ ധൈര്യപ്പെടില്ല….മനസ്സിലായോടാ കഴുവര്‍ട മോനെ..നിന്റെ നിഴല്‍ വീഴില്ല എന്റെ ഈ പെങ്ങളുടെ ദേഹത്ത്..പട്ടിക്കഴുവേറീ…..” വാസുവിന്റെ ഗര്‍ജ്ജനം കണ്ട് പുന്നൂസും റോസ്‌ലിനും ഞെട്ടി. ഒപ്പം തങ്ങളുടെ മകളെ സ്വന്തം പെങ്ങളെപ്പോലെ കാണുന്ന അവന്റെ മനസിസ്ന്റെ വലിപ്പം അവരുടെ മനസും കണ്ണുകളും ഒരേപോലെ നിറച്ചു. “എനിക്കൊരു സഹോദരനോ സഹോദരിയോ ഇല്ലല്ലോ എന്ന് പറഞ്ഞപ്പോഴെല്ലാം പപ്പയും മമ്മിയും പറഞ്ഞത് അതിനുള്ള വിധി എനിക്കില്ലാതെ പോയെന്നല്ലേ; ഇല്ല..ഒരിക്കലും എന്റെ ഒരു ആഗ്രഹവും ദൈവം സാധിച്ചു തരാതിരുന്നിട്ടില്ല. കണ്ടോ പപ്പാ..കണ്ടോ മമ്മി..ഇതാണെന്റെ സഹോദരന്‍. ഒരുത്തന്‍, നൂറു പേര്‍ക്ക് തുല്യനായ ഒരുത്തന്‍..അതാണെന്റെ ബ്രദര്‍”
ഡോണ വാസുവിന്റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു. “ഇവളെന്നെ സ്നേഹിച്ചു കൊല്ലുമല്ലോ സാറെ” തമാശ പോലെയാണ് പറഞ്ഞതെങ്കിലും അവന്റെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. “മോനെ; നിന്നെ എനിക്ക് നല്‍കിയ ഗീവര്‍ഗീസ് അച്ചനോട് ഞാന്‍ തീര്‍ത്താല്‍ തീരാത്തതുപോലെ കടപ്പെട്ടിരിക്കുന്നു. നീ എനിക്കും റോസ്‌ലിനും ഞങ്ങള്‍ക്ക് ഉണ്ടാകാതെ പോയ ഒരു മകന്‍ തന്നെ ആയിരിക്കും ഇനിമേല്‍. എന്റെ മോളെ പ്രസവിക്കുന്ന സമയത്ത്, റോസ്‌ലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. പ്രസവം അല്‍പം കോമ്പ്ലിക്കെറ്റഡായിരുന്നു. ഇനി ഒരു ഗര്‍ഭധാരണം പാടില്ല എന്ന് ഡോക്ടര്‍മാര്‍ അന്നേ പറഞ്ഞതുകൊണ്ട് മകള്‍ക്ക് ഒപ്പം കളിച്ചു വളരാന്‍ ഒരു സഹോദരനോ സഹോദരിയോ ഇല്ലാതെപോയി. ഞങ്ങള്‍ നിസഹായരയിരുന്നു അക്കാര്യത്തില്‍. പക്ഷെ ദൈവം ഞങ്ങളുടെയും അവളുടെയും ആഗ്രഹം പോലെ ഇന്നവള്‍ക്കൊരു സഹോദരനെ സമ്മാനിച്ചിരിക്കുന്നു.” പുന്നൂസ് അവന്റെ തോളുകളില്‍ കൈകള്‍ വച്ചുകൊണ്ട് പറഞ്ഞു. “വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതുപോലും ക്ഷമിച്ച മോന്‍, ഇവളുടെ കാര്യത്തില്‍ കാണിച്ച ആ വീറുണ്ടല്ലോ…അതിന്റെ ശക്തി സത്യമായിട്ടും എന്നെ ഞെട്ടിച്ചു” റോസ്‌ലിന്‍ ആണ് അത് പറഞ്ഞത്. “അമ്മെ, എന്നെ നിങ്ങള്‍ ഇവളെ ഏല്‍പ്പിച്ച നിമിഷം മുതല്‍, ഇവളെന്റെ പെങ്ങളാണ്. അത് എന്നും അങ്ങനെതന്നെ ആയിരിക്കും. അതുപോട്ടെ, എനിക്ക് വിശക്കുന്നു. ശാപ്പടെവിടെ?” വാസു വയറില്‍ തടവിക്കൊണ്ട് പറഞ്ഞു. “വാ കഴിക്കാം. എല്ലാം റെഡി ആണ്” റോസ്‌ലിന്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു. “വയറന്‍; തീറ്റ തീറ്റ എന്നൊരു ചിന്തയെ ഉള്ളു” ഡോണ അവന്റെ വയറ്റത്ത് ഇടിച്ചുകൊണ്ടാണ് അത് പറഞ്ഞത്. പുന്നൂസ് അതുകണ്ട് ചിരിച്ചു. അവര്‍ നാലുപേരും കൂടി പലതും സംസാരിച്ചുകൊണ്ട് ആഹാരം കഴിച്ചു. വാസു ഒരു പത്തു ചപ്പാത്തിയും രണ്ട് പ്ലേറ്റ് മട്ടനും സുഖമായി അകത്താക്കി. “ടാ പോത്തെ നീ എന്നും വയറു നിറഞ്ഞിട്ടു തന്നാണോ ഉറങ്ങുന്നത്? എന്തൊരാക്രാന്താമാ ദൈവമേ ഇത്” ഡോണ അവന്റെ തീറ്റ കണ്ട് കണ്ണ് തള്ളി പറഞ്ഞു. “അങ്ങനെ പറയാതെ മോളെ; ആണുങ്ങള്‍ നന്നായി കഴിക്കണം. അല്ലാതെ നിന്നെപ്പോലെ കോഴി കൊത്തി തിന്നുന്നത് പോലെയല്ല വേണ്ടത്” റോസ്‌ലിന്‍ അവളെ ശാസിച്ചു. “അങ്ങനെ പറഞ്ഞുകൊടമ്മേ..” കൈകഴുകാന്‍ എഴുന്നേറ്റുകൊണ്ട് വാസു പറഞ്ഞു. “എന്തായാലും നിന്നെ കെട്ടാന്‍ പോകുന്ന ആ പെണ്ണിന് അടുക്കളയില്‍ നിന്നും മാറാന്‍ നേരം കിട്ടുമെന്ന് തോന്നുന്നില്ല..പാവം” ഡോണയും ഭക്ഷണം കഴിച്ചെഴുന്നേറ്റു. “എനിക്ക് വേണ്ടത് ഞാന്‍ തന്നെ വച്ചുകഴിക്കും. അതിനെനിക്ക് ഭാര്യേടെ സഹായമൊന്നും വേണ്ട”. “ഉം ഉം..അതൊക്കെ അപ്പോള്‍ കാണാം”. “എന്നാല്‍ സാറെ ഞാന്‍ പോട്ടെ..നാളെ കാണാം” വാസു പുന്നൂസിനോട് യാത്ര ചോദിച്ചു. “ശരി..ഗുഡ് നൈറ്റ്..സൂക്ഷിച്ചു പോണം. നീ ഇന്ന് തല്ലിവീഴ്ത്തിയത് ഡെവിള്‍സിന്റെ വളരെ വേണ്ടപ്പെട്ട ആളെ ആണ്; അവര്‍ അടങ്ങിയിരിക്കില്ല.” പുന്നൂസ് ഓര്‍മ്മിപ്പിച്ചു.
“അറിയാം സാറേ..അവന്മാര്‍ എനിക്കെതിരെ വരും..വരട്ടെ..അതിനാണ് ഞാന്‍ കാത്തിരിക്കുന്നത്. ഞാന്‍ ഇറങ്ങുന്നു..” അവന്‍ മൂവരെയും നോക്കിയ ശേഷം പുറത്തേക്ക് നടന്നു. “വാസൂ നിന്നേ..എനിക്ക് മറ്റൊരു കാര്യം സംസാരിക്കാനുണ്ട്” ഡോണ അവനെ വിളിച്ചു. വാസു തിരിഞ്ഞു നിന്നു. അവള്‍ അവനെയും കൂട്ടി പുറത്ത് ഉദ്യാനത്തിലേക്ക് ഇറങ്ങി. “ഇരിക്ക്” അവള്‍ പുറത്ത് പൂന്തോട്ടത്തില്‍ ഉണ്ടായിരുന്ന സിമന്റ് ബെഞ്ചില്‍ ഇരുന്നുകൊണ്ട് പറഞ്ഞു. “എടാ പോത്തെ..അറിഞ്ഞോ അറിയാതെയോ ഞാനും നീയും ഒരു തെറ്റ് ചെയ്തു. അത് നീ ഉടന്‍ തന്നെ തിരുത്തണം” അവള്‍ പറഞ്ഞു. “തെറ്റോ? എന്ത് തെറ്റ്?” വാസുവിന് കാര്യം മനസിലായില്ല. “അന്ന് നമ്മള്‍ നിന്റെ വീട്ടില്‍ പോയില്ലേ? നീ എന്നോട് ദിവ്യയെ നീ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നില്ലല്ലോ? പറഞ്ഞിരുന്നെങ്കില്‍ നിന്റെ കൂടെ ഞാന്‍ വരില്ലായിരുന്നു. നമ്മുടെ ഒരുമിച്ചുള്ള ആ പോക്ക് അവളുടെ മനസിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഗ്രാമത്തില്‍ ജീവിക്കുന്ന പക്വതയില്ലാത്ത പെണ്ണാണ് അവള്‍. ആ വിഷമം കൊണ്ടാണ് അന്നവള്‍ക്ക് മോഹാലസ്യം ഉണ്ടായതും പിന്നെ ഒരിക്കലും നിന്നോട് അവള്‍ സംസാരിക്കാഞ്ഞതും” ഡോണ പറഞ്ഞു. “ഏയ്..അങ്ങനെ ആകാന്‍ ചാന്‍സില്ല” വാസു പറഞ്ഞു. “എടാ മണ്ടാ പെണ്ണുങ്ങളുടെ മനസ് നിനക്കറിയില്ല; എനിക്കറിയാം. നീ എത്രയും പെട്ടെന്ന് അവളെ പോയി ഒന്ന് കാണണം. കണ്ട് തെറ്റിദ്ധാരണ വല്ലതുമുണ്ടെങ്കില്‍ അത് മാറ്റണം.” “എന്തിന് പിന്നെ ആക്കുന്നു; ഇപ്പത്തന്നെ അവളെ വിളിക്കാം” വാസു ഫോണെടുത്ത് ദിവ്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അത് സ്വിച്ചോഫ് ആയതിനാല്‍ അവന്‍ ലാന്‍ഡ് ലൈനില്‍ വിളിച്ചു. ശങ്കരനാണ് ഫോണെടുത്തത്. “അച്ഛാ ഞാനാ വാസു; ദിവ്യയെ ഒന്ന് വിളിക്കാമോ” വാസു ചോദിച്ചു. “വിളിക്കാം മോനെ ഒരു മിനിറ്റ്” ശങ്കരന്‍ ഫോണ്‍ വച്ചിട്ടു പോയത് വാസു അറിഞ്ഞു. അവനും ഡോണയും ദിവ്യ ലൈനില്‍ വരാനായി കാത്തു. വാസു ഡോണയ്ക്ക് കേള്‍ക്കാന്‍ വേണ്ടി ഫോണ്‍ സ്പീക്കറില്‍ ഇട്ടു. “ങ്ഹാ മോനെ..അവള് കിടന്നു. നാളെയോ മറ്റോ നിന്നെ അങ്ങോട്ട് വിളിക്കാന്‍ ഞാന്‍ പറയാം” ശങ്കരന്റെ ശബ്ദം സ്പീക്കറിലൂടെ അവര്‍ കേട്ടു. ആ ശബ്ദം ദുര്‍ബ്ബലമായിരുന്നു. “ശരി അച്ഛാ” വാസു ഫോണ്‍ കട്ട് ചെയ്തു. അവന്റെ മുഖത്തെ മ്ലാനത ഡോണ ശ്രദ്ധിച്ചു. “ഞാന്‍ പറഞ്ഞില്ലേ; അവള്‍ പിണക്കത്തിലാണ്. സാരമില്ല; നീ അവിടം വരെ നാളെയോ മറ്റന്നാളോ ഒന്ന് പോയാല്‍ മതി. നീ നേരില്‍ കണ്ടു സംസാരിച്ചാല്‍ അവളുടെ എല്ലാ പിണക്കവും മാറും” ഡോണ അവന്റെ കൈയില്‍ തലോടിക്കൊണ്ട് പറഞ്ഞു. “ശരി..ഞാന്‍ പോകുന്നു; നാളെ കാണാം” “ടാ നാളെ നമുക്ക് നിന്റെ ബൈക്കില്‍ തന്നെ പോകാം. ഒരാളെ കാണാനുണ്ട്” “ആരെ?”
“അത് നാളെ പറയാം. മോന്‍ ഇപ്പം പോ..പപ്പാ പറഞ്ഞതുപോലെ സൂക്ഷിച്ചു പോണം കേട്ടോ” “ഇല്ലടി..സൌകര്യമില്ല സൂക്ഷിച്ചു പോകാന്‍” ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് വാസു പറഞ്ഞു. “പറഞ്ഞാല്‍ കേട്ടില്ലേല്‍ നീ വാങ്ങും.” അവള്‍ കൈ ചുരുട്ടി അവനെ കാണിച്ചു. വാസു ഭയം നടിച്ചു കൈകള്‍ കൂപ്പി. പിന്നെ പുഞ്ചിരിയോടെ ബൈക്ക് തിരിച്ച് മുന്‍പോട്ടെടുത്തു. ഡോണ അവനെ നോക്കി കൈവീശി കാണിച്ചു. അവളുടെ മനസ്സില്‍ സന്തോഷം നുരഞ്ഞു പൊന്തുകയായിരുന്നു. നിറഞ്ഞ മനസോടെ അവള്‍ വീട്ടിലേക്ക് നടന്നു. ————————— “പന്നക്കഴുവേറി..അവന്‍ അത്രയക്കായോ?” പല്ലുകള്‍ ഞെരിച്ചുകൊണ്ട് അര്‍ജുന്‍ ആക്രോശിച്ചു. അറേബ്യന്‍ ഡെവിള്‍സിന്റെ ബംഗ്ലാവില്‍ വാസുവിന്റെ അടിയേറ്റ് പരുക്ക് പറ്റിയ ഷാജി ദയനീയമായ അവസ്ഥയില്‍ തന്റെ നേതാക്കളെ കാണാന്‍ എത്തിയതായിരുന്നു. “ഷാജീ..നീ പോ. നിനക്ക് വയ്യെങ്കില്‍ ഒരാഴ്ച റസ്റ്റ് എടുക്ക്. അവന്റെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം” മാലിക്ക് ഷാജിയെ നോക്കി പറഞ്ഞു. “സാറന്മാരെ നിങ്ങള്‍ക്കെതിരെ ഞാന്‍ മൊഴി നല്‍കണം എന്നതാണ് അവന്റെ ഡിമാന്റ്. അതിനായി ഇനിയും വരുമെന്ന് അവന്‍ ശക്തമായി ഭീഷണിപ്പെടുത്തിയിട്ടാണ് പോയത്. അവന്‍ എന്തിനും പോന്നവനാണ് എന്നുള്ള സത്യം നിങ്ങള്‍ മറക്കരുത്. എനിക്ക് താങ്ങാനാകാത്ത വല്ലതും സംഭവിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ അവനെ അനുസരിച്ച് പോകും..അപ്പോള്‍ എന്നെ ഒന്നും പറയരുത്. അത് നടക്കാതിരിക്കണമെങ്കില്‍ നിങ്ങള്‍ തന്നെ വേണ്ടത് ചെയ്യണം” ഷാജി പറഞ്ഞു. ഡെവിള്‍സ് പരസ്പരം നോക്കി. അവന്‍ പറഞ്ഞത് ഗൌരവമുള്ള കാര്യമാണ് എന്ന് അവര്‍ക്ക് മനസിലായിരുന്നു. “നീ തല്‍ക്കാലം പോ..അവന്‍ ഇനി നിന്നെ കാണാന്‍ വരില്ല” സ്റ്റാന്‍ലി ആണ് അത് പറഞ്ഞത്. ഷാജി മൂവരെയും നോക്കിയ ശേഷം സ്ഥലം വിട്ടു. അവനു നടക്കാന്‍ പ്രയാസമുണ്ടായിരുന്നു. ഡെവിള്‍സ് ആലോചനയോടെ പരസ്പരം നോക്കി. “അവന്‍ നമ്മുടെ ആളെ അവന്റെ വീട്ടില്‍ക്കയറി അടിച്ചിരിക്കുന്നു. എന്റെ പെങ്ങളെ നടുറോഡില്‍ വച്ചു കൈകാര്യം ചെയ്തതിന്റെ പകരം ചോദിക്കാന്‍ വിട്ടവന്മാര്‍ ഇപ്പോഴും ആശുപത്രിയിലാണ്. നമ്മള്‍ ഇനി ഇവന്റെ കാര്യത്തില്‍ അമാന്തം ചെയ്ത് കൂടാ. അവന്റെ ശല്യം തീര്‍ക്കേണ്ട സമയം അതിക്രമിച്ചു..” അര്‍ജ്ജുന്‍ പറഞ്ഞു. “അവനെ നമുക്ക് പെട്ടെന്നങ്ങ് തട്ടിക്കളയാന്‍ പറ്റില്ല. കാരണം അന്ന് ആ നായിന്റെ മോള്‍ ഡോണ നല്‍കിയ ഫീച്ചറില്‍ നിന്റെ വീട്ടുകാര്‍ക്ക് അവനോടു പകയുണ്ട് എന്നൊരു ധ്വനി അവള്‍ വരുത്തിയിരുന്നു. നിന്റെ അച്ഛനും നീയും ക്രിമിനല്‍ ബാക്ക് ഗ്രൌണ്ട് ഉള്ളവരാണ് എന്ന് സകലര്‍ക്കും അറിയുകയും ചെയ്യാം. അതുകൊണ്ട് അവനെ തട്ടിയാല്‍, ആദ്യം സംശയം നീളുന്നത് നിന്റെ നേരെ തന്നെ ആയിരിക്കും. അതുകൊണ്ട് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പോലെ വേണം നമുക്ക് നീങ്ങാന്‍. ഇപ്പോള്‍ അവന്റെ ഉന്നം ഷാജിയെ കൈയിലെടുത്ത് അവനെ ഭയപ്പെടുത്തി നമുക്കെതിരെ മൊഴി എടുക്കുക എന്നതാണ്. അത് സംഭവിക്കാന്‍ പാടില്ല. ഷാജി നന്നായി ഭയന്നിട്ടുണ്ട്. ഒരാള്‍ ഭയന്നാല്‍ പിന്നെ അറിയാമല്ലോ, അവന്റെ മനസിന്റെ ബലം നഷ്ടമാകും. അതുകൊണ്ട് എന്തുവേണം എന്ന് നമുക്ക് ഉടന്‍ ആലോചിച്ചു തീരുമാനിക്കണം” സ്റ്റാന്‍ലി പറഞ്ഞു. “അതെ. ഷാജി ഭയന്ന മട്ടാണ്. അവന്‍ മനസ് മാറാനുള്ള ചാന്‍സ് കൂടുതലാണ്” മാലിക്കും പറഞ്ഞു.
“എനിക്കവനെ വലിയ ഇഷ്ടമാണ്. നമ്മുടെ ഏത് ആവശ്യത്തിനും കൂടെ നിന്നിട്ടുള്ള അവനെ കൊന്നുകളയാന്‍ ഒരു മടി. ഇല്ലെങ്കില്‍ അതായിരുന്നു എളുപ്പം” അര്‍ജ്ജുന്‍ ക്രൂരമായ മുഖഭാവത്തോടെ പറഞ്ഞു. “പിന്നെന്ത് ചെയ്യാനാണ് നിന്റെ പ്ലാന്‍? നമ്മുടെ പക്കല്‍ രണ്ട് ഓപ്ഷന്‍സ് ഉണ്ട്. ഒന്ന് വാസുവിനെ തട്ടുക. അതല്ലെങ്കില്‍ ഷാജിയെ ഇല്ലാതാക്കുക. ഷാജി അവനോ അവള്‍ക്കോ കീഴ്പ്പെട്ടാല്‍ അവന്റെ നാവില്‍ നിന്നും നമുക്കെതിരെ ധാരാളം കാര്യങ്ങള്‍ വരാന്‍ ചാന്‍സുണ്ട്. അതുകൊണ്ട് അവനെ ഇല്ലാതാക്കുന്നതാണ് ഏറ്റവും നല്ലത്. വാസുവിനെ നമുക്ക് ഉടനെ കൊല്ലാന്‍ സാധിക്കാത്തത് കൊണ്ട്, അവനു കൊടുക്കേണ്ട പണി അവന്റെ വീട്ടുകാര്‍ക്കും ഡോണയ്ക്കും കൊടുക്കാം; അതിനു ശേഷം അവനെ നമുക്ക് നേരില്‍ ഒന്ന് കാണാം..എന്താ?” മാലിക്ക് പറഞ്ഞു. “ഷാജിയെ നമുക്ക് വിശ്വസിക്കാം. പക്ഷെ അവന്‍ പറഞ്ഞത് പോലെ ഗതികെട്ടാല്‍ അവന്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി അവരെ അനുസരിച്ചെന്നു വരും. ആ സാഹചര്യം ഒഴിവാക്കുകയാണ് നമ്മള്‍ വേണ്ടത്. അതായത് വാസു ഇനി അവനെ കണ്ടു ഭീഷണിപ്പെടുത്താന്‍ പാടില്ല. ഡോണ കളിക്കുന്നതും അവന്‍ കൂടെയുണ്ട് എന്ന ധൈര്യത്തിലാണ്. അവനില്ലാതായാല്‍, പിന്നെ അവള്‍ അധികം കളിക്കാന്‍ ഇടയില്ല. പക്ഷെ വാസുവിനെ തല്‍ക്കാലം നമുക്ക് കൊല്ലണ്ട. പകരം അവന്‍ ഒന്നിനും കൊള്ളാത്ത പരുവത്തില്‍ ആയാല്‍ പോരെ? ഒരു വാഹനാപകടം..അതുമല്ലെങ്കില്‍ പണി അറിയാവുന്ന ആണ്‍പിള്ളേരെ വച്ച് ഇരുട്ടത്ത് ഒരു പ്രയോഗം. എന്ത് തന്നെ ചെയ്താലും അവന്‍ അതോടെ തീരരുത്, പക്ഷെ വീഴണം. പിന്നെ ഇന്ന് കാണുന്ന രൂപത്തില്‍ ഒരിക്കലും അവന്‍ എഴുന്നേല്‍ക്കാന്‍ പാടില്ല” അര്‍ജ്ജുന്‍ തന്റെ പങ്കാളികളെ നോക്കി പറഞ്ഞു. “അതെ. അതാണ് നല്ലത്. ഷാജി മരിച്ചാലും വാസു എന്ന ഭീഷണി നമ്മുടെ മുന്‍പില്‍ നിലനില്‍ക്കും. അതുകൊണ്ട് അവനെയാണ് നമ്മള്‍ ഒതുക്കേണ്ടത്. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഷാജിയെ ഇവിടെ നിന്നും എങ്ങോട്ടെങ്കിലും മാറ്റണം. നമ്മള്‍ വാസുവിനെ വീല്‍ ചെയറിലോ കട്ടിലിലോ ആക്കുന്നത് വരെ അവന്‍ അവന്റെ കൈയില്‍ പെടാന്‍ പാടില്ല” സ്റ്റാന്‍ലി പറഞ്ഞു. “ഷാജിയെ ഞാന്‍ അച്ഛന്റെ അടുത്തേക്ക് അയച്ചോളാം; മംഗലാപുരത്തേക്ക്. നാളെത്തന്നെ; വാസുവിനെ കിടത്തുന്നത് വരെ അവനവിടെ നില്‍ക്കട്ടെ” അര്‍ജ്ജുന്‍ അവരെ നോക്കി. “അത് മതി. ഇനിയുള്ളത് വാസുവാണ്. ആദ്യം അവന്‍ താമസിക്കുന്ന സ്ഥലം നമുക്ക് കണ്ടെത്തണം. പിന്നെ അവന്റെ ഓരോ ദിവസത്തെയും പരിപാടി മനസിലാക്കണം. അവനെ നിരീക്ഷിക്കാന്‍ പറ്റിയ ആരെ എങ്കിലും ഏര്‍പ്പാട് ചെയ്യണം. അതിനു ശേഷം അവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കാം. എന്റെ അഭിപ്രായത്തില്‍ ഒരു വാഹനാപകടമായിരിക്കും സുരക്ഷിതം. അഥവാ തട്ടിപ്പോയാലും നമ്മളെ സംശയിക്കില്ലല്ലോ? പക്ഷെ ഉപയോഗിക്കുന്ന വണ്ടിയും നമ്മളും തമ്മില്‍ യാതൊരു ബന്ധവും പാടില്ല. അതേപോലെ നമുക്ക് നേരില്‍ പരിചയമില്ലാത്ത ഏതെങ്കിലും പുറം പാര്‍ട്ടിയെ ഈ പണി ഏല്‍പ്പിക്കുന്നതാകും ബുദ്ധി. എന്ത് പറയുന്നു?” മാലിക്ക് ചോദിച്ചു. “അതെ; അതുമതി. അച്ഛന്റെ കെയറോഫില്‍ മംഗലാപുരത്തു നിന്നും ഒരു ടീമിനെ ഞാന്‍ വരുത്താം. അവനും അവളും കൂടി വണ്ടിയില്‍ പോകുന്ന സമയത്ത് ചെറിയ ഒരു അപകടം. കഴിവതും മരണം ഉണ്ടാക്കാതെ നോക്കാന്‍ വരുന്നവന്‍മാരോട് പറയാം; ഇനി അഥവാ തട്ടിപ്പോകുന്നെങ്കില്‍ പോകട്ടെ; നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത വണ്ടിയും ആളും ആയതുകൊണ്ട് പേടിക്കാനില്ലല്ലോ. ഇത്തരം അപകടങ്ങളില്‍ സ്പെഷലൈസ് ചെയ്ത ചില ടീമുകള്‍ അവിടെയുണ്ട് ” അര്‍ജ്ജുന്‍ പറഞ്ഞു.
“ശരി. എങ്കില്‍ അങ്ങനെ തന്നെ ചെയ്യാം. അവനെയും അവളെയും നിരീക്ഷിക്കാന്‍ ഞാന്‍ മധുവിനെ ഏര്‍പ്പാട് ചെയ്യാം. നീ അച്ഛനെ വിളിച്ച് മറ്റു കാര്യങ്ങള്‍ അറേഞ്ച് ചെയ്യുക. മാലിക്ക്, നീ നിന്റെ മുസ്തഫാക്കയെ വിളിച്ച് ആ പെണ്ണിനെ അവിടെനിന്നും കടത്താനുള്ള ഒരു പക്കാ മാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ പറയണം. രണ്ടുതവണ നമ്മള്‍ അവളുടെ മുന്‍പില്‍ തോറ്റു; ഇനി അത് ആവര്‍ത്തിക്കാന്‍ പാടില്ല. അവളെ ഇവിടെ, എന്റെ കട്ടിലില്‍ എനിക്ക് വേണം. വാസുവിനെ വീഴ്ത്തുന്ന സമയത്ത് അവളിവിടെ ഒപ്പമുള്ളത് ഒരു സുഖമായിരിക്കും..അല്ലെ?” സ്റ്റാന്‍ലി ക്രൂരമായ ചിരിയോടെ പറഞ്ഞു. “അതെ; അവളുടെ കാര്യം ഞാന്‍ ഏറ്റു; അതെനിക്ക് വിട്ടേക്ക്; അവള്‍ എനിക്കും ഒരു ലഹരിയാണ്; കണ്ടനാള്‍ മുതല്‍ ഞരമ്പുകളില്‍ പിടിച്ചുപോയ ലഹരി” മാലിക്ക് പറഞ്ഞു. ഗ്ലാസുകളില്‍ ബാക്കിയുണ്ടായിരുന്ന മദ്യം മൂവരും വലിച്ചുകുടിച്ച ശേഷം പോകാനായി എഴുന്നേറ്റു.
Comments:
No comments!
Please sign up or log in to post a comment!