പ്രണയഭദ്രം 2
എന്റെ പരിഭ്രമങ്ങളെയൊക്കെ വളരെ കുറച്ച്
സമയം കൊണ്ട് ഞാൻ മറച്ചു പിടിച്ചു. സ്വതസിദ്ധമായ കള്ളച്ചിരിയും, നുണക്കുഴിയും, മുഴങ്ങുന്ന ശബ്ദവും, ഇമ ചിമ്മിയടയുന്ന കണ്ണുകളും………
ഡ്രൈവിങ്ങിനു ഇടയിലൊക്കെയും ഇടകണ്ണിട്ടു നോക്കികൊണ്ടേയിരുന്നു. അവൻ അലയിലാകാതെ കിടക്കുന്ന ഉൾക്കടൽ പോലെ ശാന്തനായി എന്നെത്തന്നെ കണ്ണെടുക്കാതെ നോക്കിയിരുന്നു. എന്റെ കണ്ണുകൾ ആ നോട്ടത്തെ സ്പർശിച്ചപ്പോഴൊക്കെയും പൊള്ളിയിട്ടെന്നവണ്ണം തെന്നി മാറി. പക്ഷേ വീണ്ടും നോക്കാതിരിക്കാനായില്ല. എന്നെത്തന്നെ നോക്കിയിരിക്കുന്ന എന്റെ ജീവൻ….. എന്റെ അച്ചു. നാണത്തിൽ കുതിർന്ന പുഞ്ചിരി എനിക്ക് ചുണ്ടിൽ നിന്നും മറച്ചുവെക്കാനായതേയില്ല. ആ കണ്ണിലേക്ക് നോക്കി ഒരു നിമിഷം എന്താണെന്ന മട്ടിൽ പുരികം ഉയർത്തി ഞാൻ ചോദിച്ചു. വീണ്ടും അതേ കള്ളച്ചിരി കൂടെ കണ്ണൊന്നു അടച്ചു തുറന്നവൻ. ശ്വാസവും നിശ്വാസവും ഹൃദയമിടിപ്പുകളും മാത്രം സംസാരിച്ച നിമിഷങ്ങൾ. ആ നനഞ്ഞ പ്രഭാതം എനിക്കായി കാത്തുവെച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ, സ്വപ്നതുല്യമായ അനുഭവങ്ങളായിരുന്നു.
എനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ടു പോവാൻ പറഞ്ഞുകൊണ്ട് എന്റെ ഇടതുവശത്തെ സീറ്റിൽ ചാരി കിടന്നുകൊണ്ട് അപ്പോഴും അവൻ എന്നെ നോക്കുകയായിരുന്നു. പ്രണയവും സ്നേഹവും കുസൃതിയും മാറിമാറി ആ നോട്ടത്തിൽ നിഴലിച്ചുകൊണ്ടിരുന്നു. തളം കെട്ടി നിന്ന ആ നിശബ്ദത പ്രണയമെന്ന അനുഭൂതിയുടെ ആഴവും വ്യാപ്തിയും തെളിയിച്ചു തരികയായിരുന്നു.
ലക്ഷ്യം ഒരല്പം ദൂരത്തിലായതുകൊണ്ടും ആ അവസ്ഥയിൽ നിന്നും തല്ക്കാലം ഒന്നു രക്ഷപെടാനുമായി ഡ്രൈവിംഗ് ലേക്ക് ശ്രദ്ധ തിരിച്ചു. ആക്‌സിലേറ്ററിൽ എന്റെ കാലമർന്നു. കാർ ഞങ്ങളെയുംകൊണ്ട് കുതിച്ചു പാഞ്ഞു. ഹൈവേയിൽ നിന്നും സർവീസ് റോഡിലേക്ക് തിരിഞ്ഞു ഞാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട വഴിയിലേക്ക് കയറി. ഹൈവേയ്ക്കു സമാന്തരമായി കിടക്കുന്ന കുത്തനെ കയറ്റവും ഇറക്കവും ഉള്ള ആ റോഡ് ലെ ഡ്രൈവിങ് അത്രമേൽ ത്രസിപ്പിക്കുന്ന ഒരു അനുഭവമാണ് തരാറ്. ശരിക്കും റോളേർകോസ്റ്റർ പോലെ. ഏകദേശം 100 അടിയോളമുള്ള കുത്തനെയുള്ള കയറ്റവും അതേപോലുള്ള ഇറക്കവും. വേഗത അവനും എനിക്കും ഒരുപോലെ ഇഷ്ടമാണ്. ആദ്യത്തെ കയറ്റവും ഇറക്കവും എല്ലാം മറന്നു കൂവി വിളിച്ചു ആസ്വദിച്ചു അവൻ. അവന്റെ ആ സന്തോഷം എന്നിലും ചിരി പടർത്തി.
അടുത്ത കയറ്റം വളരെ വേഗതയിൽ കയറി അതിന്റ ഏറ്റവും ഉയർന്ന നിരപ്പിലെത്തിയതും അവൻ പെട്ടന്നു പറഞ്ഞു
“ഒന്നു നിർത്തിക്കേ, ഈ സൈഡിൽ ”
നിർത്തിയതും അവൻ ഹാൻഡ്‌ബ്രേക് പിടിച്ചുയർത്തി.
എനിക്കെന്തെങ്കിലും ചോദിക്കാനാവും മുന്നേ ആ ആ കൈകൾ എന്റെ കഴുത്തും തലയും ചേർത്തുപിടിച്ചു അവനിലേക്ക് വലിച്ചടുപ്പിച്ചു. നനഞ്ഞ ആ ചുണ്ടിന്റെ ചൂടും നനവും എന്റെ ചുണ്ടിലമർന്നു. ഒന്നു കുതറി പിടഞ്ഞ എന്നെ ആ നെഞ്ചിലേക്ക് ചേർത്തമർത്തി എന്റെ കീഴ്ച്ചുണ്ടിനെ അവൻ അവന്റെ ചുണ്ടുകൾക്കുള്ളിലേക്ക് എടുത്തു സാവധാനം നുകർന്നു തുടങ്ങി. അവന്റെ മേൽചുണ്ടിലെ കട്ടിയുള്ള മുടിയിഴകൾ എന്റെ ചുണ്ടുകളിൽ ഉരഞ്ഞു നീറുന്ന പോലെ. ആ നിശ്വാസം എന്റെ ശ്വാസമായ നിമിഷങ്ങൾ. അവൻ തേൻ കുടിക്കുന്ന ഒരു നറു പുഷ്പമായി ആ കൈക്കുള്ളിൽ സ്വയം മറന്നു ഞാൻ. ആദ്യചുംബനം……ഒരുപാട് സ്വപ്നം കണ്ട ആ നിമിഷങ്ങൾ…. സ്വപ്നത്തിനു പോലും ഇത്രമേൽ ഭംഗിയുണ്ടായിരിന്നില്ലെന്നു തോന്നിപ്പോയി. അവന്റെ ചുണ്ടുകൾ അത്രമാത്രം അഗാധമായി എന്നിൽ നിറഞ്ഞു നിൽക്കുന്ന പ്രണയത്തെയൊക്കെ അവനിലേക്ക് ആവാഹിക്കുന്നപോലെ. എല്ലാം മറന്നു ഞാൻ. എതിർക്കാൻ പോലും മറന്നുപോയ നിമിഷങ്ങൾ. ചുറ്റും ആരെങ്കിലും കാണുന്നുണ്ടോ എന്നുപോലും ചിന്തിച്ചതേയില്ല, സാവധാനം ആ ചുണ്ടുകൾ എന്നിൽനിന്നും വേർപെടും വരെ. വല്ലാത്ത കിതപ്പോടെ ആ മുഖത്തേക്ക് നോക്കാനാവാതെ സ്റ്റിയറിംഗിൽ തല ചേർത്തു മുഖം ഒളിപ്പിച്ചു ആ കിതപ്പിനെ ശാന്തമാക്കാൻ ഒരു പാഴ് ശ്രമം നടത്തി. ആ വിരൽതുമ്പ് എന്റെ ചെവികളിലൂടെ കഴുത്തിൽ പൊടിഞ്ഞു നിന്ന വിയർപ്പുകണങ്ങളിലൂടെ തഴുകി കടന്നു പോവുന്നതറിഞ്ഞു ശരീരത്തിലെ ഓരോ രോമകൂപങ്ങളും ഉണർന്നു. സാവധാനം എന്റെ കവിളിൽ തട്ടി വിളിച്ചു. അങ്ങനെ കിടന്നുകൊണ്ട് തല ചരിച്ചു കൈകൾക്കിടയിലൂടെ ഒളികണ്ണിട്ട് അവനെ നോക്കി. സ്നേഹം കൊണ്ടു ചുവന്നു തുടുത്തിരുന്നു ആ മുഖം.
” ഇനി പോവാം ” നേർത്ത മന്ത്രണം പോലെ ആ സ്വരം ഒരു നിശ്വാസത്തിന്റെ അകമ്പടിയോടെ എന്റെ ചെവിയിൽ മുഴങ്ങി. വീണ്ടും അഗാധമായ ഇറക്കത്തിലേക്ക് അടുത്ത കയറ്റത്തിലേക്ക്….. കയറ്റത്തിലെത്തിയപ്പോൾ കണ്ണുകൾ തമ്മിലൊന്നിടഞ്ഞു…. നിർത്തിയില്ല ഞാൻ. ഡ്രൈവിങ് യാന്ത്രികമായിരുന്നു. ഗിയർ നെ പിടിച്ച എന്റെ ഇടം കൈ അവന്റെ വലം കയ്യാൽ പൊതിഞ്ഞിരുന്നു. aaq മൗനം പോലും എത്ര വാചാലമായിരുന്നെന്നോ. ഒന്നും പറയാതെ അവൻ എന്നോട് ഒരുപാട് കാര്യങ്ങൾ പറയുകയായിരുന്നു. അല്ലെങ്കിലും ചില നിമിഷങ്ങൾ വാക്കുകളുടെ ആത്മാവിൽ നിന്നിറങ്ങി വന്ന മൗനത്തിനായുള്ളതാണ്. കാലപ്രവാഹത്തിൽ മറവിക്ക് ഒരിക്കലും കീഴ്പെടുത്താനാവാത്ത നിമിഷങ്ങളാവും അവ.
കടലിനും കായലിനും ഇടയ്ക്കുള്ള ആ തുരുത്ത് കാഴ്ചയുടെ ഒരു സ്വർഗീയാനുഭവമാണ് നമുക്കുമുന്നിൽ തുറന്നു വെക്കുന്നത്.
ആ കയ്യും പിടിച്ചു കടലിനെയും കായലിനെയും സാക്ഷിയാക്കി തോളോടുതോൾ ചേർന്നു നടന്നപ്പോൾ സ്വപ്നമാണോ സത്യമാണോ അതെന്നു തിരിച്ചറിയാനാവാതെ മനസ്സ് ഉഴറി. അന്നുവരെ സങ്കൽപ്പിച്ച പ്രണയനിമിഷങ്ങളെയൊക്കെ അവൻ അനുനിമിഷം മാറ്റിമറിച്ചുകൊണ്ടിരുന്നു. സംസാരിച്ചു തുടങ്ങുകയായിരുന്നു നമ്മൾ. കണ്ണിൽ കണ്ണിൽ നോക്കി. അവന്റെ നിശ്വാസത്തെ എന്റെ ശ്വാസമായി ഏറ്റുവാങ്ങി ഞാനും എന്റെ നിശ്വാസത്തെ ഏറ്റുവാങ്ങി അവനും….
കടന്നു പോയ ദിനങ്ങൾ, ആദ്യം കഥ വായിച്ച ദിവസം തൊട്ടു അവസാനം സംസാരിച്ച ദിവസത്തെ പറ്റി, അവസാനം അയച്ച മൈലുകളെപ്പറ്റിയുമൊക്കെ വാതോരാതെ ആവേശത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. ആ പാറക്കെട്ടിനു മുകളിൽ അവനോട് ചേർന്നിരുന്ന് ആ ചുമലിൽ തല ചേർത്തു ആ കൈ കോർത്തു പിടിച്ച്…….. വീണ്ടും നിശബ്ദമായ നിമിഷങ്ങൾ….. ആ ഹൃദയമിടിപ്പ് കേട്ടു കണ്ണടച്ചു ചേർന്നിരുന്നു. ” ഭദ്രാ… ” “മം…. “
” എന്തു പുണ്യമാണ് പെണ്ണേ നിന്നെ എനിക്ക് കിട്ടാനുംവേണ്ടി ഞാൻ ചെയ്യ്തത് “
” അതു ഞാനല്ലേ പറയേണ്ടത് അച്ചൂട്ടാ…. എന്നാലും നീ ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ വരുന്നുണ്ടെന്ന് എനിക്ക് വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റിയില്ലായിരുന്നെങ്കിലോ??? അമ്മാവൻ സ്ഥലത്തില്ലാതിരുന്നത് കൊണ്ടു വലിയ ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ എങ്ങനെയൊക്കെയോ ഇറങ്ങി വന്നതാ…. അറിയ്യോ… “
“അങ്ങനെ പറഞ്ഞിരുന്നെങ്കിൽ എന്റെ ഭദ്രക്കുട്ടിടെ ഇത്രയൊക്കെ ഭാവങ്ങൾ നിന്റെ ഈ ഉണ്ടകണ്ണിലെ അതിശയമൊക്കെ ഇത്ര നാച്ചുറൽ ആയി കാണാൻ പറ്റുമായിരുന്നോ..? പിന്നെ അവിടുന്ന് ഇറങ്ങുന്ന കാര്യം…. ഇടക്കൊക്കെ രാവിലെ അമ്പലത്തിൽ പോവാറുള്ളതല്ലേ നീ.. അതും പറഞ്ഞു നീ ഇറങ്ങുമല്ലോ എന്നാ ഞാൻ ഓർത്തെ, അപ്പൊ അതും പ്രശ്നമല്ലല്ലോ… “
” അമ്പലത്തിന്റെ പേരൊക്കെ എപ്പോഴും പറയാൻ പറ്റുവോ… ഭാഗ്യത്തിന് അതു തന്നെ പറയാൻ പറ്റി “
” അതെന്നാടി…. എപ്പോഴും അങ്ങനെ പറയാൻ പറ്റാത്തേ.. “
” അതങ്ങനാ… ” ” എങ്ങനെ? ” ” അച്ചു ചുമ്മാതിരുന്നേ, വേറെ പറ ” ” വേറെ എന്ത്?? ” “വേറെ എന്തെങ്കിലും… “
“അതൊക്കെ പറയാം ബട്ട് ഇതെന്താന്നു പറയെന്നേ… “
” അച്ചു വേണ്ടാട്ടോ…. എനിക്ക് മനസിലാവുന്നുണ്ടേ.. വേണ്ടാതീനം പറയാനാണേൽ ഞാൻ ഇല്ലാട്ടോ.. “
” അതെന്നാ പെണ്ണേ ഈ വേണ്ടാതീനം… “
അവനോടു ചാരിയിരുന്ന ഞാൻ ഒരല്പം അകന്നിരുന്നു.
” ആഹാ കൊള്ളാല്ലോ, നീ എവിടെ പോണു…” അരക്കുചുറ്റിപ്പിടിച്ചു അവൻ എന്നെ വാരി അവനോട് ചേർത്തു. അവന്റെ നെഞ്ചിനെ പതിയെ തള്ളിമാറ്റി ഞാൻ എഴുന്നേറ്റു.
” കുറച്ചു കുറുമ്പ് കൂടുന്നുണ്ടേ അച്ചു നിനക്ക്… ആരെങ്കിലും കാണുമോ എന്നുപോലും ഓർക്കാതെയാ ഇങ്ങനെയൊക്കെ… ആ കാറിൽ…….. (ഒന്നു നിർത്തിയിട്ട് )…ആരെങ്കിലും കണ്ടിരുന്നെങ്കിലോ….??
ആ മുഖം മുഴുവൻ കുസൃതി നിറഞ്ഞു.
” കാറിലോ…. കാറിൽ എന്തു പറ്റിയെന്നാ… “
” വേണ്ടാതീനം കാണിച്ചിട്ട്…. “
” നീ എന്തൊക്കെയാ ഈ പറയുന്നേ ഭദ്രാ… കാറിൽ ആരു എന്തുകാണുമെന്ന്??? “
“അച്ചു വേണ്ടാട്ടോ…. “
നടന്നു തുടങ്ങിയ എന്റെ പുറകിലൂടെ വയറിൽ കൈ ചുറ്റി അവന്റെ നെഞ്ചോട് ചേർത്തു ചെവിയിൽ മന്ത്രിച്ചു… “പറ പെണ്ണേ വേണ്ടാതീനം ആയിരുന്നോ….. “
കുതറി മാറി ” അച്ചു….. കളിക്കേണ്ടട്ടോ…. ഞാൻ ഇല്ല ഈ വർത്തമാനത്തിനു……പോ…. “…
പൊട്ടിവന്നൊരു ചിരി കടിച്ചമർത്തി മുഖത്തു ദേഷ്യം ഭാവിച്ചു ഞാൻ ഇറങ്ങി നടന്നു. തൊട്ടു പുറകെ എന്റെ കുസൃതിക്കുടുക്കയും…. അവൻ പ്രണയം ഒരു ഉത്സവം പോലെ ആഘോഷിച്ചു തിമിർക്കുകയായിരുന്നു..
” ഡീ… ഉണ്ടക്കണ്ണി…, വിശക്കുന്നില്ലേടി… രാത്രി ഫ്ലൈറ്റ് ന്നു കിട്ടിയ ഫുഡ് കഴിച്ചതാ…. നിനക്ക് വിശപ്പൊന്നും ഇല്ലേ പെണ്ണേ… “
സത്യത്തിൽ അവനെ കണ്ടതോടെ വിശപ്പും ദാഹവുമൊക്കെ മറന്നു പോയിരുന്നു ഞാൻ.
” ഈ കൊച്ചു ഇതെന്തു ചിന്തിച്ചു കൂട്ടുവാ… ഞാൻ പറയുന്നത് വല്ലതും തമ്പുരാട്ടി കേൾക്കുന്നുണ്ടോ ആവോ…. ന്റെ പെണ്ണിനിന്നു എന്തു കഴിക്കാൻ വേണം…. നിന്റെ ഫേവറേറ് മസാല ദോശ ആയാലോ… “
എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിക്കാൻ നോക്കിയതും ഞാൻ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറി. പക്ഷേ എത്ര അനായാസമായിട്ടാണെന്നോ എന്റെ കയ്യിലിരുന്ന കാറിന്റെ കീ അവൻ കൈക്കലാക്കിയത്. താക്കോൽ കൈ വിരലിൽഇട്ടു വട്ടം കറക്കി, അവന്റെ ആ നടത്തം ആരാധനയോടെ നോക്കിപ്പോയി. കാറിനടുത്ത് എത്തിയപ്പോൾ അവൻ ഒരു ഡ്രൈവർ ന്റെ ഭാവഹാദികളോടെ എനിക്കിരിക്കാനുള്ള വശത്തെ ഡോർ തുറന്നു പിടിച്ച് ഭവ്യതയോടെ നിന്നു.
” മാഡം…… പ്ലീസ്… “
ഞാനും ഒട്ടും കുറച്ചില്ല. ഒട്ടൊരു ജാടയൊക്കെ മുഖത്തു വരുത്തി സൈഡ് സീറ്റ് ഇൽ കയറിയിരുന്നു. ആ ഡോർ അടച്ചിട്ട് അവൻ ഡ്രൈവിംഗ് സീറ്റ് ഇൽ കയറി.
” അച്ചൂട്ടാ… “
” ഹോ….. ന്റെ ഭദ്രാ നീ ഇങ്ങനെ അലിഞ്ഞു പോണ പോലെ എന്നെ വിളിക്കല്ലേ… ഇപ്പൊത്തന്നെ നിന്നെയും കട്ടെടുത്ത് പറക്കും ഞാൻ.
” അച്ചു….. ” ” മ്മം ന്റെ കുട്ടി പറഞ്ഞോ”
തിരക്കിനിടയിലൂടെ അനായാസം ഡ്രൈവ് ചെയ്യുന്ന അവനെ കണ്ണെടുക്കാതെ വല്ലാത്തൊരു ആരാധനയോടെ നോക്കി ആ സീറ്റ് ലേക്ക് ചാഞ്ഞിരുന്നു… ” അച്ചു എന്താ നിന്റെ പ്ലാൻ?? “
“എന്തു പ്ലാൻ…… എന്റെ പെണ്ണിനേയും സ്വന്തമാക്കി ഞാൻ അങ്ങു പോവും… അല്ലാതെന്തു…. “
” അച്ചു ഞാൻ സീരിയസ് ആയിട്ട് ചോദിക്കുവാ “
” നീ ഒന്നു പിടക്കാതിരിക്ക് കൊച്ചേ… വെറുതേ ഇങ്ങനെ ടെൻഷൻ ആവല്ലേ… നീ പറഞ്ഞതൊക്കെ എനിക്ക് ഓർമയുണ്ട്. എന്തുതന്നെ ആയാലും നമ്മളെ പിരിക്കാൻ ഒന്നിനും ആവില്ലെന്ന് നിനക്ക് അറിയില്ലേ… ഇതിനൊരു പരിഹാരം കണ്ടിട്ടേ ഞാൻ പോവൂ. നോക്ക്…. ഞാൻ 35 ഡേയ്‌സ് ലീവ് എടുത്തിട്ടുണ്ട്. വീട്ടിൽ പോലും പറയാതെ ഉള്ള വരവാ. ഇവിടുത്തെ കാര്യം കഴിഞ്ഞു വേണം അങ്ങു പോവാൻ. “
“എന്തു കാര്യം…. പെട്ടന്നു സോൾവ് ചെയ്യാൻ പറ്റുന്ന ഒന്നാണോ അച്ചു അത്. നീ ഇതു എന്തറിഞ്ഞിട്ടാ…. “
പെട്ടന്നു അവനെന്റെ ചുണ്ടിനു മുകളിൽ വിരൽ ചേർത്തു സംസാരിക്കുന്നത് തടഞ്ഞു….
“ശ്ശ്….. ഒന്നു അടങ്ങു പെണ്ണേ…. നീ ഒന്നും ഓർത്ത് പേടിക്കേണ്ട….. ഇന്നത്തെ ദിവസം തുടങ്ങിയല്ലേ ഉള്ളൂ…. നീ നോക്കിക്കോ…. “
എന്റെ കൈ വിരലിൽ അവന്റെ കൈ കോർത്തു പിടിച്ചു ഗിയർ മാറ്റിക്കൊണ്ട് ഡ്രൈവിംഗ് തുടർന്നു.
മനസ്സിൽ ഒരുപാട് പേടി നിറഞ്ഞു….. എത്ര വലിയ പ്രശ്നങ്ങളാണ് അവൻ നേരിടാൻ പോവുന്നതെന്ന് എനിക്ക് വ്യക്തമായിരുന്നല്ലോ. 35 ദിവസം കൊണ്ടു എന്തു പരിഹാരം ഉണ്ടാക്കാനാണ്. അവൻ എന്തെങ്കിലും കാണാതെ ഒന്നും പറയില്ലല്ലോ എന്നു മനസ്സ് ആശ്വസിപ്പിച്ചു.
” ഭദ്രാ… ” “മം… “
“നീ അടുത്ത ആഴ്ച അല്ലേ കോയമ്പത്തൂർ പോവുന്നത്… “
” അയ്യോ… അതു ഞാൻ മറന്നു… ഇനി അതെന്തു ചെയ്യും അച്ചു.. നീ ഇവിടെ ഉള്ളപ്പോൾ ഞാൻ എങ്ങനാ പോവുന്നേ.. ” അതിനു നീ പോയല്ലേ പറ്റു ഭദ്രാ… “
“എന്താ അച്ചു നീ പറയുന്നേ… “
എന്റെ കണ്ണു നിറഞ്ഞു…
“അച്ചോടാ… എന്റെ ഭദ്രക്കുട്ടി കരയുന്നോ….. ഡീ പൊട്ടി പെണ്ണേ നിന്നെ ഞാൻ ഒറ്റക്ക് വിടുവോ…. നമുക്ക് ഒരുമിച്ച് പോവാംന്നെ… “
“നന്നായി…. അമ്മകൂടി വരുന്നുണ്ട് ന്റെ ഒപ്പം… പിന്നെങ്ങനാ.. “
“അമ്മക്ക് അറിയാത്തതൊന്നും അല്ലല്ലോടാ…. അമ്മയോട് ഞാൻ പറഞ്ഞോളാം… “
” സമ്മതച്ചപോലെ തന്നെ….. പോയി ചോദിക്കേണ്ട താമസമേ ഉള്ളൂ… “
“പിന്നെ എന്റെ ഭാര്യയെ ഒറ്റക്ക് വിടാൻ പറ്റുമോ… “
“ഭാര്യയോ…. മം… വെറുതേ ഇരുന്നു പറഞ്ഞാൽ മതിയല്ലോ…. നിനക്കെല്ലാം തമാശയാണല്ലേ അച്ചു…. “
” ശ്ശോ….. വീണ്ടും കണ്ണു നിറഞ്ഞോ ന്റെ കുട്ടീടെ… ഇങ്ങനെ ഒരു തൊട്ടാവാടി പെണ്ണാണല്ലോ ഇതു… “
കഴിച്ചിറങ്ങിയപ്പോ എന്റെ വലം കൈ വിടാതെ പിടിച്ചിരുന്നവൻ…. ലോകം മുഴുവൻകണ്ടോളു….. ഇവളാനെന്റെ പെണ്ണ് എന്നു പറയും പോലെ….
ഇടക്കൊന്നു തിരിഞ്ഞു “പേടി തോന്നുന്നുണ്ടോ ഭദ്രാ.. “
ഇല്ലെന്നു കണ്ണുചിമ്മികാണിച്ചു ഞാൻ.
കാർ നഗരത്തിനുള്ളിലൂടെ കുറച്ചേറെ ദൂരം ഓടിക്കഴിഞ്ഞു. വഴികളൊക്കെ അവന് ചിരപരിചിതമെന്നപോലെ. എവിടേക്കാണെന്ന് പോലും ചോദിക്കാതെ അവനെയും നോക്കി കണ്ണു ചിമ്മാതെ ഇരുന്നു. ഒരു കൂറ്റൻ വീടിന്റെ ഗേറ്റിലൂടെ കാർ അകത്തേക്ക് കയറിയപ്പോഴാണ് പരിസരബോധം എനിക്കുണ്ടായത്. ഞങ്ങളെ കാത്തെന്നോണം ഏതാനും ചിലർ പൂമുഖത്ത് നിൽപ്പുണ്ടായിരുന്നു. എന്റെ ഉള്ളിൽ പേടിയും പരിഭ്രമവും നിറഞ്ഞു. അവന്റെ കൈകളിൽ ഞാൻ ഇറുക്കെ പിടിച്ചു ഒരു ധൈര്യത്തിനെന്നോണം… അവനെ കണ്ണു മിഴിച്ചു നോക്കി…
എന്നെ നോക്കി മനോഹരമായി ഒന്നു ചിരിച്ചിട്ട്
” പേടിക്കേണ്ട…. വാ… ഇറങ്ങ്…
ഇറങ്ങ് ഭദ്രാ ഞാനല്ലേ പറയുന്നേ… “
ഞാൻ ഇറങ്ങി ഡോർ അടക്കുമ്പോഴേക്കും അവിടെ നിന്നവരിൽ സമപ്രായക്കാരെന്നു തോന്നിച്ച രണ്ടുപേർ അവനെ തോളിൽ തട്ടി അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു..
അവരോടൊപ്പം നിന്ന ഒരു പെൺകുട്ടി ഒക്കത്തു ഒരു കുഞ്ഞുമായി എന്റെ അടുത്തേക്ക് വന്നു.
ഭദ്രാച്ചേച്ചിയെ ഒന്നു കാണാൻ കാത്തിരിക്കുവായിരുന്നു നമ്മൾ എല്ലാരും…. ഒറ്റയാനെ മെരുക്കി തളച്ച ആളല്ലേ…. അച്ചുവേട്ടൻ പറഞ്ഞു പറഞ്ഞു ഞങ്ങൾക്കൊക്കെ കാണാൻ കൊതിയായിരുന്നു… ഇന്നലെ ഒറ്റ ദിവസം കൊണ്ടാണ് എല്ലാം ഒരുക്കിയത് കേട്ടോ…. അയ്യോ വിശേഷം പറഞ്ഞു നിന്നു അകത്തേക്ക് വിളിക്കാൻ മറന്നു…. ചേച്ചി വാ…
അച്ചുവിനൊപ്പം നിന്ന ആൾ ഒക്കത്തിരുന്ന കുഞ്ഞിനെ എടുത്തു.. “ഭദ്രേച്ചി… ഞങ്ങൾ സ്കൂൾ തൊട്ടു ഇവന്റെ കൂടെ ഉള്ളവരാണ് കേട്ടോ…. partners in crime, എന്നു പറയുന്നതാവും കൂടുതൽ ശരി. ഞാൻ രാജേഷ്…. ഇതെന്റെ ഭാര്യ… നിത്യ… പിന്നെ… ഇതു ഞങ്ങളുടെ കുഞ്ഞാറ്റ…. അതാണ് അനൂപ്..
ഞാൻ അവരെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. എന്റെ മുഖത്തു നിഴലിക്കുന്ന പരിഭ്രമം കണ്ടിട്ടാവണം അച്ചു എന്റെ അടുത്തേക്ക് വന്നിട്ട് എന്നെ ചേർത്തു പിടിച്ചു. പറഞ്ഞു..
” വാ “
” എല്ലാം റെഡി ആണ്… നിങ്ങൾ വരാൻ കാത്തിരിക്കുന്നയായിരുന്നു എല്ലാവരും ” അനൂപ് പറഞ്ഞു.
” എന്താ അച്ചു എന്താ ഇവിടെ…. എന്താ ന്നു പറ… “ഒന്നും മനസിലാവാതെ ഞാൻ അവനോട് പതിയെ ചോദിച്ചു… അതിനിടയിൽ രാജേഷിന്റെ അമ്മ എന്നു സ്വയം പരിചയപ്പെടുത്തിയ ഐശ്വര്യമുള്ള ഒരമ്മ വളരെ സ്നേഹത്തോടെ എന്റെ കൈ പിടിച്ചു. ” നല്ല ഐശ്വര്യമുള്ള കുട്ടി…. അച്ചു ഇതാകെ പേടിച്ചിരിക്കുവാനല്ലോടാ… നീ ഒന്നും പറഞ്ഞില്ലേ അതിനോട്?? “
” ഇല്ലമ്മേ…. നേരത്തേ പറഞ്ഞാൽ അവൾ വെറുതേ ഓരോന്നും ആലോചിച്ചു ടെൻഷൻ ആവും. സേഫ് ആയി ഇവിടെ എത്തിയിട്ട് പറയാമെന്നു വിചാരിച്ചു.. “
വീടിനകത്തു കയറി വളരെ വിശാലമായ ഒരു സ്വീകരണമുറിയുടെ ഒരു വശത്തെ സോഫയിൽ എന്നെ പിടിച്ചിരുത്തി അവൻ പറഞ്ഞു.
” ഭദ്രാ ആ നിൽക്കുന്നവരൊക്കെ രാജേഷിന്റെ അച്ഛന്റെ സുഹൃത്തുക്കളാണ്. അങ്കിൾ മജിസ്‌ട്രേറ്റ് ആണ്. നമ്മുടെ കാര്യവും നിന്റെ വീട്ടിലെ പ്രശ്നങ്ങളും ഒക്കെ അങ്കിളിനോട് ഡിസ്‌കസ് ചെയ്തിരുന്നു. അങ്കിൾ ആണ് കോർട്ട് മാര്യേജ് എന്നൊരു ഓപ്ഷൻ തന്നത്. അദ്ദേഹത്തിന്റെ സ്വാധീനം വെച്ചു ഇന്ന് ഇവിടെ വെച്ചു അതിനുള്ള ഒരുക്കങ്ങൾ ഒക്കെ ചെയ്യ്തു.”
അന്തംവിട്ടു കണ്ണു മിഴിച്ചു നിൽക്കാനേ എനിക്കായുള്ളു..
ഓഫീസ് മുറിയെന്നു തോന്നിച്ച ആ മുറിയിലേക്ക് എല്ലാവരും ഞങ്ങളെ ആനയിച്ചു. അങ്കിൾ അവനുനേരെ നീട്ടിയ പേന വാങ്ങി എന്നെ ഒന്നു നോക്കിയ ശേഷം അവിടെ തുറന്നുവെച്ച രെജിസ്റ്ററിൽ അവൻ ഒപ്പു വെച്ചു. എനിക്കു നേരെ ആ പേന അവൻ നീട്ടിയത്…. അതുവാങ്ങി അവർ ചൂണ്ടി കാണിച്ചിടത്തു ഒപ്പു വെച്ചതും ഒക്കെ സ്വപ്നത്തിലെന്ന പോലെ ആയിരുന്നു. 30 ദിവസം കഴിഞ്ഞിട്ടുള്ള ബാക്കി ഫോർമാലിറ്റീസ് ഒക്കെ അവിടുത്തെ ഓഫീസർ അച്ചുവിനോട് പറയുന്നതൊക്കെ കേട്ടിരുന്നു.
” മുഹൂർത്തം തെറ്റെണ്ട, പൂജാമുറിയിൽ എല്ലാം റെഡി ആണ്” രാജേഷിന്റെ അമ്മയുടെ ശബ്ദം ആണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
” വാ ” എന്റെ ചുമലിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്തു പിടിച്ചു പൂജാമുറിക്ക് നേരെ നടന്നു. ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന ആ പൂജാമുറി ദീപാലംകൃതമായിരുന്നു. ചന്ദനത്തിന്റെയും മുല്ലപ്പൂവിന്റെയും ഹൃദ്യമായ സുഗന്ധം…. നിറഞ്ഞു നിൽക്കുന്ന വലിയൊരു കൃഷ്ണവിഗ്രഹം, കണ്ണന്റെ വിഗ്രഹത്തിൽ കാൽക്കൾ ഒരു ഇലച്ചാർത്തിൽ ചന്ദനവും കുങ്കുമവും ഇടകലർന്നു പൂക്കൾക്കിടയിൽ മഞ്ഞ ചരടിൽ കോർത്ത ഒരു കുഞ്ഞു താലി തിളങ്ങി. കാണുന്ന ദിവസം നിന്നെ സ്വന്തമാക്കിയിരിക്കുമെന്ന ആ വാക്കിന് അവൻ കൊടുത്ത വില എത്ര വലുതായിരുന്നെന്നു ഓർത്തു ഞാൻ.ഏതാനും നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു കണ്ണനെ നോക്കി…. എന്റെ കണ്ണു നിറഞ്ഞുവരികയായിരുന്നു…. അതിനിടയിലൂടെ എന്റെ കണ്ണനെ ഞാൻ കണ്ടു ചുണ്ടിൽ മായാത്ത കള്ളച്ചിരിയോടെ…. കൈകളിൽ താലിയുമായി എന്റെ മുന്നിൽ…..
(തുടരും)
Comments:
No comments!
Please sign up or log in to post a comment!