സൂര്യനും മിന്നാമിനുങ്ങും

കമ്പിയല്ല; അതുകൊണ്ട് ആ പ്രതീക്ഷയോടെ വായിക്കരുത് എന്നപേക്ഷ.

നമ്മില്‍ പലര്‍ക്കും അറിയാവുന്നതാണ് സൂര്യന്റെയും മിന്നാമിനുങ്ങിന്റെയും ആ കുഞ്ഞന്‍ കഥ. സംഗതി ഇതാണ്, ഒരിക്കല്‍ സൂര്യന്‍ പറഞ്ഞു ഞാന്‍ നാളെ അവധി എടുക്കുകയാണ്. നോ ഉദയം സോ നോ അസ്തമയം. സൌകര്യമില്ല ഉദിക്കാന്‍. നീയൊക്കെ എന്നാ ചെയ്യുമെന്ന് എനിക്കൊന്നു കാണണം (സൂര്യന്‍ അങ്ങനെയൊന്നും പറഞ്ഞില്ല, പറഞ്ഞത് ഇതാണ്):

“നാളെ ഒരു ദിവസത്തേക്ക് എനിക്ക് പകരക്കാരന്‍ ആകാന്‍ ആര്‍ക്കെങ്കിലും പറ്റുമോ?”

ങേ? ക്യാ ബോല്‍ രഹാ ഹൈ ഭായ് സാബ്? ആപ്കോ ഇസ് ദുനിയാ മെ കോന്‍ ബദല്‍ സക്താ ഹൈ? Who the hell on earth can be your replacement my lord? എന്തരു സൂര്യാ, രാവിലെ കഞ്ചാവുകള് തന്നെ? ഇങ്ങനെയോക്കെപ്പോയി എല്ലാ ജീവികളുടെയും ജീവികള്‍ അല്ലാത്തവരുടെയും പ്രതികരണങ്ങള്‍. കാഞ്ഞിരപ്പള്ളി കറിയാച്ചന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്:

“യ്യോടാ ഇയ്യാളെന്നാ വര്‍ത്തവാനവാ ഈ പറേന്നെ. ഇക്കണ്ട ലോകത്തെ മൊത്തം ലൈറ്റുകളും കത്തിച്ചിട്ടാലും ഇതിയാന്റെ കോടിയില്‍ ഒന്ന് വെട്ടം ഒണ്ടാക്കാന്‍ ഒക്കുവോ? ഒക്കുവോന്ന്?”

“ഒക്കത്തില്ല; പക്ഷെ ഒക്കാതെ ഒക്കത്തില്ലല്ലോ; കറിയാച്ചന്‍ ഒരു പരിഹാരം സൊല്ലുങ്കോ; ഭ, പരിഹാരം പറയടാ പുല്ലേ”

സൂര്യന്‍ കലിപ്പ് കയറി ഉത്തരവിട്ടു. തലകള്‍ പുകഞ്ഞു. എല്ലാവരും തിരിഞ്ഞും മറിഞ്ഞും തലകുത്തി നിന്നും വളിവിട്ടും ചിന്തിച്ചു. ഒരാള്‍ മാത്രം ഈ വിവരങ്ങള്‍ ഒന്നുമറിയാതെ ഉറക്കത്തിലായിരുന്നു. അതിയാന് സ്ഥിരം നൈറ്റ് ഡ്യൂട്ടിയല്ലേ? അതിന്റെ ക്ഷീണത്തില്‍ പകല് മൊത്തം ഉറക്കമായിരിക്കും ആശാന്‍; ആര്? മ്മട മിന്നാമിനുങ്ങേ.

“എന്തോന്നാടാ പകലും ഒറങ്ങാന്‍ സമ്മതിക്കില്ലേ നീയൊക്കെ? ബ്ലഡി കണ്ട്രീസ്?” ഉറക്കമുണര്‍ന്ന മിന്നാമിനുങ്ങ്‌ അലറി. ഭയന്നുപോയ മറ്റുള്ളവര്‍ തിടുക്കത്തോടെ അതിയാനെ വെവരങ്ങള്‍ അറിയിച്ചു.

“ഓ, ഇത്രേ ഉള്ളോ” ഒന്ന് മൂരി നിവര്‍ന്ന മിന്നാമിനുങ്ങ്‌ ഒരു ബീഡി കൊളുത്താനുള്ള സമയമെടുത്തിട്ട് തുടര്‍ന്നു:

“ഞാനേറ്റു; ഇയാള് അവധി എടുത്തോ. ങാ പിന്നൊരു കാര്യം, എന്നെക്കൊണ്ട് ഒക്കുന്ന പോലൊക്കെയേ ഒക്കൂ”

സൂര്യന്‍ പുഞ്ചിരിച്ചു; അതിയാന്‍ സന്തോഷത്തോടെ, പകരക്കാരനെ കിട്ടിയ തൃപ്തിയോടെ യാത്ര തുടര്‍ന്നു.

ഈ കഥയിലെ സൂര്യന്‍ ദൈവത്തിന്റെ സ്ഥാനത്തും, നമ്മളൊക്കെ മിന്നാമിനുങ്ങിന്റെ സ്ഥാനത്തുമാണ്.

പല സമയത്തും ഈ ലോകത്തിലെ വിവിധ പ്രശ്നങ്ങള്‍ നോക്കി നമ്മള്‍ ഞെട്ടുകയും, കരയുകയും, ഭയക്കുകയും, ആധിപ്പെടുകയും, വ്യാകുലചിത്തരാകുകയും, നിരാശരാകുകയും ഇതിനൊക്കെ എങ്ങനെ ഒരു പരിഹാരം ഉണ്ടാക്കാം എന്നാലോചിച്ചു തല പുകയുകയും ഒക്കെ ചെയ്യാറുണ്ട്.

പക്ഷെ അവസാനം ഒരു ചുക്കും നടക്കില്ല എന്ന് മനസിലാക്കി കൂടുതല്‍ നിരാശരാകാനായിരിക്കും നമ്മുടെ വിധി.

സുഹൃത്തുക്കളെ ഈ ലോകത്തെ ഒന്നടങ്കം നന്നാക്കാനുള്ള ചിന്ത ഒരു വലിയ മനോവൈകല്യം ആണ്; ഒരാള്‍ക്കും ഒരിക്കലും സാധിക്കാത്ത ഒന്നാണ് അത്. നമ്മുടെ ചിന്തകള്‍ മിക്കപ്പോഴും ആഫ്രിക്കയിലെ വിശക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചും, ഇറാക്കില്‍ ബോംബ്‌ പൊട്ടി മരിക്കുന്നവരെപ്പറ്റിയും, അതിര്‍ത്തികളില്‍ വെടിവച്ചു ചാകുന്ന പട്ടാളക്കാരെപ്പറ്റിയും. വിവിധ വാഹന ദുരന്തങ്ങളില്‍ മരിക്കുന്നവരെപ്പറ്റിയും, മാരകരോഗങ്ങള്‍ പിടിപെട്ടു എഫ് ബിയില്‍ ചിത്രങ്ങളിടുന്നവരെപ്പറ്റിയും ഒക്കെ ആയിരിക്കും. എന്നിട്ട്, ഒരു കുന്തോം എന്നെക്കൊണ്ട് ചെയ്യാന്‍ ഒക്കില്ലല്ലോ, അവിടെ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു മലതന്നെ മറിച്ചിട്ട്‌ പ്രശ്നം പരിഹരിച്ചേനെ എന്നൊക്കെ നമ്മള്‍ ചിന്തിക്കും. ഇതെല്ലാം വിഡ്ഢിത്തവും, ഒരുതരം ആത്മവഞ്ചനയും ആണ്. പകരം എന്താണോ നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്, എന്താണോ നമ്മള്‍ ചെയ്യേണ്ടത്, അത് നമ്മള്‍ ഒരിക്കലും ചെയ്യാറുമില്ല.

വലിയ വലിയ പ്രശ്നങ്ങളെ മനസ്സില്‍ നിന്നും പിഴുതു ദൂരെ എറിഞ്ഞിട്ട്, ചില കുഞ്ഞുകുഞ്ഞു കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ നമുക്ക് സാധിച്ചാല്‍, അതൊരു കടല്‍പോലെ പരന്നു വ്യാപിച്ചാല്‍ ഈ ലോകത്തിലെ തൊണ്ണൂറ്റി ഒമ്പത് ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും; ആ കുഞ്ഞ് കാര്യങ്ങള്‍ ഇവയാണ്:

1. ഒപ്പമുള്ള മനുഷ്യരെ നമ്മള്‍ വേദനിപ്പിക്കാതെ അവര്‍ സന്തോഷിക്കുന്നുണ്ട്‌ എന്ന് ഉറപ്പ് വരുത്തുക. ഒപ്പം തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താന്‍ വേണ്ടത് ചെയ്യുകയും ചെയ്യുക. 2. നമ്മുടെ അറിവിലും അടുത്തുമുള്ള മനുഷ്യരും സുഖമായി ജീവിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. പണമല്ല, സൗഹൃദം നല്‍കി അവര്‍ക്ക് മനസന്തോഷം പകരുക. സാമ്പത്തിക സഹായം അടുത്തുള്ളവര്‍ക്ക് ചെയ്യരുത്; ചെയ്‌താല്‍ അത് നിങ്ങള്‍ക്കൊരു കെണിയാകും; ചില ഒഴിവാക്കാനാകാത്ത കേസുകള്‍ ഒഴികെ. 3. രോഗമുള്ളവരെ കാണുക, മനോധൈര്യം നല്‍കുക; രോഗികളോട് സഹതപിക്കരുത്; അവര്‍ക്ക് വേണ്ടത് പ്രസന്നമായ മനസ്സാണ്, ചില രോഗങ്ങളില്‍ അത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും. 4. പ്രായമുള്ളവരെ ബഹുമാനിക്കുക, സഹായിക്കുക അവരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കുക. 5. സ്നേഹത്തിന് വേണ്ടി ദാഹിക്കുന്നവര്‍ക്ക് അത് ആവോളം നല്‍കുക. നിങ്ങളുടെ ഒരു പുഞ്ചിരിക്ക് ചില മഹത്തായ ഔഷധങ്ങളെക്കാള്‍ മൂല്യവും ശക്തിയുമുണ്ട് എന്നറിയുക. കളങ്കമില്ലാതെ പുഞ്ചിരിക്കുന്ന വ്യക്തി തന്നെത്തന്നെയും മറ്റുള്ളവരെയും സഹായിക്കുന്നവനോ സഹായിക്കുന്നവളോ ആണ്.
6. നീതികെട്ട പ്രവൃത്തികള്‍ ചെയ്യാതിരിക്കുക. ചെയ്യുന്ന ഒരു പ്രവൃത്തി പോലും മറ്റു മനുഷ്യര്‍ക്ക് ദോഷമായി ഭവിക്കരുത് എന്ന് പ്രതിജ്ഞ എടുക്കുക. 7. സ്വന്തം തൊഴിലില്‍ മായം കലര്‍ത്താതെയിരിക്കുക. 8. മനുഷ്യനെ പണത്തിനും രാഷ്ട്രീയത്തിനും മതത്തിനും താഴെ പ്രതിഷ്ഠിക്കാതെ ഉയരത്തില്‍ പ്രതിഷ്ഠിക്കുക. 9. റോഡിലോ, വീട്ടിലോ, ജോലിസ്ഥലത്തോ എവിടെത്തന്നെ ആയിരുന്നാലും, സ്വന്തം അശ്രദ്ധയും അഹങ്കാരവും അവിവേകവും മറ്റുള്ളവര്‍ക്ക് ഹാനികരമായി മാറരുത് എന്ന് എല്ലാ ദിവസവും രാവിലെ സ്വയം ഓര്‍മ്മപ്പെടുത്തുക; ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുക.

ഇതിന്റെ താഴെ എഴുതിച്ചേര്‍ക്കാന്‍ നിങ്ങള്‍ക്കും സാധിക്കും; എഴുതി ചേര്‍ക്കുക. സര്‍വ്വ ലോകത്തെയും നന്നാക്കാന്‍ ചിന്തിച്ച് പരാജിതരാകാതെ, എന്റെ ഒപ്പവും അടുത്തുമുള്ളവര്‍ സന്തോഷിക്കുന്നുണ്ടോ; അവരെ എനിക്ക് സന്തോഷമുള്ളവരായി കാണാന്‍ സാധിക്കുന്നുണ്ടോ എന്ന് ചിന്തിക്കുക. ആ കൂട്ടത്തിലുമുണ്ട് അകലെത്തന്നെ നിര്‍ത്തേണ്ടി വരുന്ന ചിലര്‍. നമ്മള്‍ എത്ര നന്നായാലും അത് കാണാന്‍ കണ്ണില്ലാത്ത ചിലര്‍; അവരെ ഒഴിവാക്കുക. എന്നാല്‍ നിങ്ങളുടെ ഒരു നല്ലവാക്ക്, ഒരു ചുംബനം, ഒരു പുഞ്ചിരി, ചെറിയൊരു സഹായം, ഒരു സന്ദര്‍ശനം ഇതൊക്കെ മോഹിക്കുന്ന ധാരാളം പേരുണ്ട് എന്ന് മനസിലാക്കി, ചുറ്റിലും അവനവനെക്കൊണ്ട് സാധിക്കുന്ന തരത്തില്‍ പ്രകാശം പരത്തുന്നവര്‍ ആകുക..

മനസ്സുവച്ചാല്‍ ഈ ലോകം മാറ്റിമറിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കും..

Comments:

No comments!

Please sign up or log in to post a comment!